ഉണർന്നിരിക്കുക!
യുക്രെയിനിലെ യുദ്ധം—ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലേക്ക്
2022 മെയ് 19-ന് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയോട് 75-ലധികം ഉന്നത ഉദ്യോഗസ്ഥർ ഇങ്ങനെയൊരു കാര്യം പറഞ്ഞു: “കോവിഡ്-19 മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും കാരണം ഇപ്പോൾത്തന്നെ ആഗോളതലത്തിൽ ഭക്ഷ്യദൗർലഭ്യമുണ്ട്. എന്നാൽ ഇപ്പോൾ യുക്രെയിനിൽ നടക്കുന്ന യുദ്ധം ഈ ലോകത്തെ വലിയൊരു ക്ഷാമത്തിലേക്കുംകൂടെ തള്ളിവിടുകയാണ്.” അതെത്തുടർന്ന് ദി ഇക്കോണമിസ്റ്റ് മാസിക ഇങ്ങനെ പറഞ്ഞു: “ഇപ്പോൾത്തന്നെ പല പ്രശ്നങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഈ ലോകം കൊടുംവിശപ്പുംകൂടെ അനുഭവിക്കേണ്ടിവരും.” ഇക്കാലത്ത് ഇത്തരത്തിൽ ഭക്ഷ്യദൗർലഭ്യം ഉണ്ടാകുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ അവയെ നേരിടാൻ ആവശ്യമായ സഹായവും ബൈബിൾ നൽകുന്നു.
ഭക്ഷ്യക്ഷാമങ്ങൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്
യേശു ഇങ്ങനെ ഒരു പ്രവചനം നടത്തി: ‘ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.’—മത്തായി 24:7.
ബൈബിളിലെ വെളിപാട് പുസ്തകത്തിൽ ആലങ്കാരികമായ നാലു കുതിരസവാരിക്കാരെക്കുറിച്ച് പറയുന്നു. അതിൽ ഒരാൾ യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. അതിനു തൊട്ടുപിന്നാലെ വരുന്ന കുതിരസവാരിക്കാരൻ ക്ഷാമത്തെ ചിത്രീകരിക്കുന്നു. ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുള്ള, അതിന് അന്യായവില കൊടുക്കേണ്ടിവരുന്ന ഒരു കാലത്തെ അത് സൂചിപ്പിച്ചു. “ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു. . . . ഒരു ശബ്ദം ഞാൻ കേട്ടു: ‘ഒരു ദിനാറെക്ക് (അഥവാ, ഒരു ദിവസത്തെ കൂലിക്ക്) ഒരു കിലോ ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ ബാർളി.’”—വെളിപാട് 6:5, 6.
ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള ഈ പ്രവചനങ്ങൾ, ബൈബിൾ ‘അവസാനകാലം’ എന്ന് വിളിച്ചിരിക്കുന്ന നമ്മുടെ ഈ സമയത്ത് നിറവേറുന്നു. (2 തിമൊഥെയൊസ് 3:1) ‘അവസാനകാലത്തെക്കുറിച്ചും’ വെളിപാട് പുസ്തകത്തിലെ നാലു കുതിരസവാരിക്കാരെക്കുറിച്ചും കൂടുതൽ അറിയാൻ ലോകത്തിലെ അവസ്ഥകൾ—1914 മുതൽ എന്ന വീഡിയോ കാണുക, “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനം വായിക്കുക.
ബൈബിൾ സഹായിക്കുന്നത് എങ്ങനെ?
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും അവയുടെ ദൗർലഭ്യവും പോലെ, വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ നമ്മളെ സഹായിക്കുന്ന നിർദേശങ്ങൾ ബൈബിളിലുണ്ട്. ചില നിർദേശങ്ങൾ “വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം” എന്ന ലേഖനത്തിൽ കാണാം.
ഈ അവസ്ഥയൊക്കെ മാറി നല്ലൊരു കാലം വരുമെന്ന പ്രത്യാശ ബൈബിൾ തരുന്നു. ‘ഭൂമിയിൽ ധാന്യം സുലഭമായിരിക്കുന്ന,’ എല്ലാവർക്കും സുഭിക്ഷമായി ആഹാരം കിട്ടുന്ന ഒരു സമയം ഉണ്ടാകുമെന്ന് അത് ഉറപ്പുതരുന്നു. (സങ്കീർത്തനം 72:16) ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ പ്രത്യാശയും അത് നമുക്ക് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ടെന്നും മനസ്സിലാക്കാൻ, “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്ന ലേഖനം വായിക്കുക.