വലിയ ഭൂകമ്പങ്ങളെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?
ഓരോ വർഷവും പതിനായിരക്കണക്കിന് ഭൂകമ്പങ്ങളാണ് ഉണ്ടാകുന്നത്. അതിൽ മിക്കതും തീരെ ചെറുതാണ്. എന്നാൽ മറ്റു ചിലത് വലിയ നാശനഷ്ടവും ദുരിതവും മരണവും ഒക്കെ വിതയ്ക്കാൻമാത്രം ശക്തിയുള്ളതാണ്. ചില ഭൂകമ്പങ്ങൾ സുനാമികൾക്കു കാരണമാകുന്നു. വലിയ ആൾനാശം വരുത്തിവെച്ചുകൊണ്ട് തീരദേശമേഖലയെ മുഴുവൻ അവ വിഴുങ്ങിക്കളയും. ഇത്തരം വലിയ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?
ഈ ലേഖനത്തിൽ
ഭൂകമ്പത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ടോ?
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഒരു പ്രവചനത്തിൽ ഭൂകമ്പങ്ങളെക്കുറിച്ച് പറയുന്നുണ്ട്. യേശുവിന്റെ ആ വാക്കുകൾ താഴെ കൊടുത്തിരിക്കുന്ന മൂന്നു ബൈബിൾപുസ്തകങ്ങളിൽ കാണാം:
“ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.”—മത്തായി 24:7.
“ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും. കൂടാതെ, ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.”—മർക്കോസ് 13:8.
“വലിയ ഭൂകമ്പങ്ങളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും മാരകമായ പകർച്ചവ്യാധികളും ഉണ്ടാകും.”—ലൂക്കോസ് 21:11.
“ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” ‘വലിയ ഭൂകമ്പങ്ങൾ’ ഉണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. അത് ഉണ്ടാകുന്നത് യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും പകർച്ചവ്യാധികളും ഒക്കെ ഉള്ള സമയത്തുതന്നെയാണ്. ഈ സംഭവങ്ങളെല്ലാം ഒരുമിച്ച് നടക്കുന്ന കാലഘട്ടത്തെയാണ് ‘അവസാനകാലം,’ ‘വ്യവസ്ഥിതി അവസാനിക്കാൻപോകുന്ന’ സമയം എന്നൊക്കെ വിളിച്ചിരിക്കുന്നത്. (2 തിമൊഥെയൊസ് 3:1; മത്തായി 24:3) ബൈബിളിലെ കാലക്കണക്കനുസരിച്ച് അവസാനകാലം 1914-ൽ തുടങ്ങി, അതിപ്പോഴും തുടരുന്നു.
ഇന്നു നടക്കുന്ന ഭൂകമ്പങ്ങൾ ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണോ?
അതെ. ഭൂകമ്പങ്ങളെക്കുറിച്ച് യേശു പറഞ്ഞ ബൈബിൾപ്രവചനം ഇന്ന് അങ്ങനെതന്നെ നിറവേറുന്നുണ്ട്. 1914 മുതലുള്ള കണക്കുനോക്കിയാൽ 1,950-ലധികം ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലെല്ലാം കൂടെ 20,00,000-ത്തിലധികം ആളുകൾക്കു ജീവൻ നഷ്ടമായി. a ഈ നൂറ്റാണ്ടിൽ ഉണ്ടായ ചില ഭൂകമ്പങ്ങളെക്കുറിച്ച് നമുക്കു നോക്കാം.
2004—ഇന്ത്യൻ മഹാസമുദ്രം. 9.1 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം കാരണം പത്തിലധികം രാജ്യങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചു. 2,25,000-ത്തോളം ആളുകൾ അതിൽ മരണമടഞ്ഞു.
2008—ചൈന. 7.9 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം ഗ്രാമങ്ങളെയും നഗരങ്ങളെയും തകർത്തുകളഞ്ഞു. ലഭ്യമായ കണക്കനുസരിച്ച് അതിൽ 90,000 ആളുകളുടെ ജീവൻ പൊലിഞ്ഞു. ഏതാണ്ട് 3,75,000 ആളുകൾക്ക് പരിക്കേറ്റു. ലക്ഷങ്ങൾ ഭവനരഹിതരായി.
2010—ഹെയ്റ്റി. 7.0 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിലും തുടർന്നുണ്ടായ ചെറിയ ഭൂചലനങ്ങളിലുമായി 3,00,000-ത്തിലധികം ആളുകൾ മരിച്ചു. 10,00,000-ത്തിലേറെ ആളുകൾക്ക് വീടുകൾ നഷ്ടമായി.
2011—ജപ്പാൻ. 9.0 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിലും അതെത്തുടർന്നുണ്ടായ സുനാമികളിലും ഏതാണ്ട് 18,500 പേർ മരിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് വീടുവിട്ട് പോകേണ്ടിവന്നു. ഫുക്കുഷിമ ആണവനിലയത്തിന് തകരാറ് സംഭവിച്ചതോടെ വലിയൊരു ന്യൂക്ലിയർ ദുരന്തവും അവിടെ ഉണ്ടായി. ഇപ്പോൾ പത്തു വർഷം കഴിഞ്ഞിട്ടും ആണവനിലയത്തിന് അടുത്തുള്ള തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരാൻ കഴിയാത്ത 40,000-ത്തോളം ആളുകളുണ്ട്. കാരണം അത്രയ്ക്ക് ഉയർന്ന നിരക്കിലാണ് ഇപ്പോഴും അവിടത്തെ ആണവമലിനീകരണം.
ഭൂകമ്പത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ അറിയുന്നതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം?
ഭൂകമ്പങ്ങളെക്കുറിച്ചുള്ള ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു കാണുമ്പോൾ തൊട്ടടുത്ത ഭാവിയിൽ നടക്കാൻപോകുന്ന മറ്റു ചില കാര്യങ്ങളുംകൂടി നമുക്കു മനസ്സിലാകുന്നു. അതെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്ത് എത്തിയെന്നു മനസ്സിലാക്കിക്കൊള്ളുക.”—ലൂക്കോസ് 21:31.
യേശുക്രിസ്തു രാജാവായി ഭരിക്കുന്ന ഒരു യഥാർഥ ഗവൺമെന്റാണ് ദൈവരാജ്യം എന്നു ബൈബിൾ പഠിപ്പിക്കുന്നു. ഈ സ്വർഗീയരാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു തന്റെ അനുഗാമികളോടു പറഞ്ഞത്.—മത്തായി 6:10.
ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ മനുഷ്യർക്ക് ഇന്ന് ദുരിതം വരുത്തിവെക്കുന്ന ഭൂകമ്പങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രകൃതിദുരന്തങ്ങളും ദൈവം തടയും. (യശയ്യ 32:18) അതോടൊപ്പം ഇത്തരം ഭൂകമ്പങ്ങൾ വരുത്തിവെച്ച എല്ലാ നഷ്ടങ്ങളും മനസ്സിനേൽപ്പിച്ച മുറിവുകളും ദൈവം ഇല്ലാതാക്കും. (യശയ്യ 65:17; വെളിപാട് 21:3, 4) ഇതെക്കുറിച്ച് കൂടുതൽ അറിയാൻ “ദൈവരാജ്യം എന്തെല്ലാം ചെയ്യും?” എന്ന ലേഖനം കാണുക.
a യു.എസ്. ദേശീയ ജിയോഫിസിക്കൽ ഡാറ്റാ സെന്റർ തയ്യാറാക്കുന്ന വലിയ ഭൂകമ്പങ്ങളെക്കുറിച്ചുള്ള ആഗോളവിവരങ്ങളിൽനിന്ന് എടുത്തിരിക്കുന്നതാണ് ഈ കണക്കുകൾ.