മദ്യം-നിങ്ങളെ നിയന്ത്രിക്കുമോ അതോ നിങ്ങൾ നിയന്ത്രിക്കുമോ?
ചിലയാളുകൾ കൂടുതൽ മദ്യം കഴിക്കുന്നത് അവർക്കു സമ്മർദം നേരിടുമ്പോഴോ ഏകാന്തത തോന്നുമ്പോഴോ ബോറടിക്കുമ്പോഴോ ഒക്കെയാണ്. നിങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ മദ്യം ഇപ്പോൾ കഴിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നില്ലെന്നും എന്തിനും ഏതിനും മദ്യത്തെ ആശ്രയിക്കുന്നില്ലെന്നും എങ്ങനെ ഉറപ്പുവരുത്താം? മദ്യത്തിന്റെ ഉപയോഗം വരുതിയിലാക്കാനുള്ള ചില വഴികൾ നമുക്കു നോക്കാം.
മദ്യത്തിന്റെ മിതമായ ഉപയോഗം
ബൈബിൾ പറയുന്നത്: ‘കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിൽ കൂടരുത്.’—സുഭാഷിതങ്ങൾ 23:20.
ചിന്തിക്കാൻ: മിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നതിനെ ബൈബിൾ വിലക്കുന്നില്ല. (സഭാപ്രസംഗകൻ 9:7) എങ്കിലും അതിന്റെ മിതമായ ഉപയോഗത്തെയും അമിതമായ ഉപയോഗത്തെയും മദ്യത്തിന് അടിമപ്പെടുന്നതിനെയും ബൈബിൾ വേർതിരിച്ചുകാണിച്ചിട്ടുണ്ട്. (ലൂക്കോസ് 21:34; എഫെസ്യർ 5:18; തീത്തോസ് 2:3) മദ്യം കൂടുതൽ കഴിച്ചു എന്നോർത്ത് നമ്മൾ അതിന്റെ അടിമകളാകില്ലായിരിക്കാം. പക്ഷേ തീരുമാനമെടുക്കാനുള്ള നമ്മുടെ പ്രാപ്തിയെയും ആരോഗ്യത്തെയും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെയും ഒക്കെ അതു ബാധിച്ചേക്കാം. —സുഭാഷിതങ്ങൾ 23:29, 30.
പല ആരോഗ്യവിദഗ്ധരും മദ്യത്തിന്റെ മിതമായ ഉപയോഗവും അമിതമായ ഉപയോഗവും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചിട്ടുണ്ട്. ഇതു കണക്കാക്കുന്നത് ഒരു വ്യക്തി ഒരു ദിവസം കഴിക്കുന്ന സ്റ്റാൻഡേർഡ് ഡ്രിങ്കിന്റെ a എണ്ണത്തെയും ആഴ്ചയിൽ എത്ര ദിവസം ആ വ്യക്തി കുടിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ്. എന്നിരുന്നാലും മദ്യം ഓരോരുത്തരെയും ബാധിക്കുന്നതു വ്യത്യസ്തവിധങ്ങളിലാണ്. ചിലപ്പോൾ ഒട്ടും മദ്യം കഴിക്കാതിരിക്കുന്നതാണു നല്ലത്. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്:
“ഒന്നോ രണ്ടോ ഡ്രിങ്ക് പോലും കൂടുതലായേക്കാം—ഉദാഹരണത്തിന്:
വാഹനങ്ങൾ ഓടിക്കുമ്പോഴോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴോ.
ഗർഭിണിയായിരിക്കുമ്പോഴോ മുലയൂട്ടുമ്പോഴോ.
ചില മരുന്നുകൾ കഴിക്കുമ്പോൾ.
ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളപ്പോൾ.
നിങ്ങൾക്കു മദ്യപാനം നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ.”
മദ്യത്തിന്റെ ഉപയോഗം ദുരുപയോഗമായി മാറുന്നത് എപ്പോൾ?
ബൈബിൾ പറയുന്നത്: “നമുക്കു നമ്മുടെ വഴികൾ സൂക്ഷ്മമായി പരിശോധിക്കാം.”—വിലാപങ്ങൾ 3:40.
ചിന്തിക്കുക: മദ്യം ഉപയോഗിക്കുന്ന രീതി ക്രമമായി പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സംരക്ഷിക്കാനാകും. ഒരാൾക്കു നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതിന്റെ ലക്ഷണങ്ങളാണു പിൻവരുന്ന കാര്യങ്ങൾ:
സന്തോഷം കിട്ടാൻ മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നു. മനസ്സിനു സ്വസ്ഥത കിട്ടാനോ കൂട്ടുകാരുമായി ഒന്ന് കൂടാനോ അടിച്ചുപൊളിക്കാനോ ഒക്കെ മദ്യം കൂടിയേ തീരൂ എന്നു നിങ്ങൾക്കു തോന്നുന്നു. പ്രശ്നങ്ങൾ മറക്കാനും നിങ്ങൾക്കു മദ്യം വേണം.
മുമ്പത്തെക്കാളധികം നിങ്ങൾ കുടിക്കുന്നു. നിങ്ങൾ കൂടുതൽ പ്രാവശ്യം കുടിക്കുന്നു, മദ്യത്തിന്റെ അളവും കൂടിയിട്ടുണ്ട്. പഴയ ‘കിക്ക്’ കിട്ടണമെങ്കിൽ ഇപ്പോൾ കൂടുതൽ കുടിക്കണമെന്ന അവസ്ഥയാണ്.
നിങ്ങൾ മദ്യം കഴിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു, വീട്ടിലോ ജോലി സ്ഥലത്തോ. ഒരു സാഹചര്യം ഇതാണ്: നിങ്ങൾക്കു താങ്ങാവുന്നതിലും അധികം പണം മദ്യത്തിനായി ചെലവഴിക്കുന്നു.
നിങ്ങൾ കുടിച്ചുകഴിഞ്ഞാൽ ജീവൻ അപകടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നു. അതായത്, വാഹനമോടിക്കുന്നതോ നീന്തുന്നതോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതോ പോലുള്ള കാര്യങ്ങൾ.
നിങ്ങൾ കുടിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ ആശങ്കപ്പെടുന്നു. അവർ അതു പറയുമ്പോൾ നിങ്ങൾ സ്വയം ന്യായീകരിക്കുന്നു. കുടിക്കുന്നതു മറച്ചുവെക്കുകയും കുടിക്കുന്ന അളവിന്റെ കാര്യത്തിൽ നിങ്ങൾ നുണ പറയുകയും ചെയ്യുന്നു.
അതു നിറുത്താൻ നിങ്ങൾക്കു ബുദ്ധിമുട്ടാണ്. കുടി നിറുത്താനും കുടിക്കുന്നതിന്റെ അളവ് കുറയ്ക്കാനും നിങ്ങൾ ശ്രമിക്കുന്നു, പക്ഷേ പറ്റുന്നില്ല.
മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് നിർദേശങ്ങൾ
1. പ്ലാൻ ചെയ്യുക.
ബൈബിൾ പറയുന്നത്: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.”—സുഭാഷിതങ്ങൾ 21:5.
പരീക്ഷിച്ചുനോക്കൂ: ആഴ്ചയിലെ ഏതെല്ലാം ദിവസമാണു കുടിക്കുന്നതെന്നു മുൻകൂട്ടി തീരുമാനിക്കുക. ആ ദിവസങ്ങളിൽ ഇത്ര ഡ്രിങ്ക് മാത്രമേ കഴിക്കൂ എന്നും തീരുമാനമെടുക്കുക. കുറഞ്ഞപക്ഷം ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മദ്യപിക്കില്ലെന്നു വെക്കുക.
“ക്രമമായ അടിസ്ഥാനത്തിൽ ഇടയ്ക്കിടെ മദ്യം കഴിക്കാതിരിക്കുന്നതു മദ്യാസക്തി ഒഴിവാക്കാൻ ഒരാളെ സഹായിക്കും” എന്ന് മദ്യപാനത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്ന യു. കെ. ആസ്ഥാനമായുള്ള ഒരു സംഘടന പറയുന്നു.
2. നിങ്ങളുടെ പ്ലാൻ നടപ്പിലാക്കുക.
ബൈബിൾ പറയുന്നത്: “നിങ്ങൾ തുടങ്ങിവെച്ച അക്കാര്യം . . . ചെയ്തുതീർക്കുക.”—2 കൊരിന്ത്യർ 8:11.
പരീക്ഷിച്ചുനോക്കൂ: ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് എത്ര അളവാണെന്നു മനസ്സിലാക്കുക. അങ്ങനെയാകുമ്പോൾ നിങ്ങൾ എത്ര ഡ്രിങ്കാണു കഴിച്ചതെന്നു എണ്ണാനാകും. മദ്യം അടങ്ങിയിട്ടില്ലാത്ത നിങ്ങളുടെ ഇഷ്ടപാനീയങ്ങൾ, കൂടെ കരുതുന്നതും നല്ലതാണ്.
“മദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ നിങ്ങൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കുപോലും വലിയ ഫലങ്ങളുണ്ടായിരിക്കും” എന്ന് മദ്യത്തിന്റെ ദുരുപയോഗത്തെയും മദ്യാസക്തിയെയും കുറിച്ചുള്ള അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
3. നിങ്ങളുടെ തീരുമാനങ്ങളോടു പറ്റിനിൽക്കുക.
ബൈബിൾ പറയുന്നത്: “നിങ്ങളുടെ ‘ഉവ്വ്’ എന്നത് ഉവ്വ് എന്നും ‘ഇല്ല’ എന്നത് ഇല്ല എന്നും ആയിരിക്കട്ടെ.”—യാക്കോബ് 5:12.
പരീക്ഷിച്ചുനോക്കൂ: നിങ്ങളുടെ പ്ലാനിന് വിരുദ്ധമായി ആരെങ്കിലും മദ്യം തരുകയാണെങ്കിൽ “വേണ്ട” എന്ന് വിനയത്തോടെയും ബോധ്യപ്പെടുത്തുന്ന വിധത്തിലും പറയാൻ ഒരുങ്ങിയിരിക്കുക.
“നിങ്ങൾക്ക് ആരെങ്കിലും മദ്യം ഓഫർ ചെയ്താൽ എത്ര പെട്ടെന്നു നിങ്ങൾ അത് വേണ്ടെന്നു പറയുന്നോ അത്രത്തോളം അതിൽ വീണുപോകാനുള്ള സാധ്യത കുറവായിരിക്കും” എന്ന് മദ്യത്തിന്റെ ദുരുപയോഗത്തെയും മദ്യാസക്തിയെയും കുറിച്ചുള്ള അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
4. നിങ്ങളുടെ തീരുമാനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക.
ബൈബിൾ പറയുന്നത്: “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്.”—സഭാപ്രസംഗകൻ 7:8.
പരീക്ഷിച്ചുനോക്കൂ: മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് എഴുതിവെക്കുക. ആ കാരണങ്ങളിൽ നിങ്ങളുടെ ഉറക്കം, ആരോഗ്യം, സാമ്പത്തികസ്ഥിതി, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടുത്താം. നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകൾക്കല്ല, പ്രയോജനങ്ങൾക്കാണു ശ്രദ്ധ കൊടുക്കേണ്ടത്.
5. സഹായത്തിനായി ദൈവത്തിലേക്കു നോക്കുക.
ബൈബിൾ പറയുന്നത്: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലിപ്പിയർ 4:13.
പരീക്ഷിച്ചുനോക്കൂ: നിങ്ങളുടെ മദ്യപാനശീലത്തിന്റെ കാര്യത്തിൽ ആകുലതയുണ്ടെങ്കിൽ പ്രാർഥനയിൽ ദൈവത്തോടു സഹായം ചോദിക്കുക. ശക്തിക്കും ആത്മനിയന്ത്രണത്തിനും b ആയി പ്രാർഥിക്കുക. ദൈവവചനമായ ബൈബിൾ നൽകുന്ന പ്രായോഗികജ്ഞാനം മനസ്സിലാക്കാൻ സമയമെടുക്കുക. ദൈവം കൂടെയുണ്ടെങ്കിൽ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിച്ചുനിറുത്താൻ നിങ്ങൾക്കു കഴിയും.
a ഉദാഹരണത്തിന്, അമേരിക്കയിലെ ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അമിതമായ മദ്യപാനത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്, “സ്ത്രീകളാണെങ്കിൽ ഒരു ദിവസം 4-ഓ അതിലധികമോ ഡ്രിങ്ക് കഴിക്കുന്നതോ ആഴ്ചയിൽ 8-ഓ അതിലധികമോ ഡ്രിങ്ക് കഴിക്കുന്നതോ ആണ് അമിതമദ്യപാനം. പുരുഷന്മാരാണങ്കിൽ ഒരു ദിവസം 5-ഓ അതിലധികമോ ഡ്രിങ്ക് കഴിക്കുന്നതോ ആഴ്ചയിൽ 15-ഓ അതിലധികമോ ഡ്രിങ്ക് കഴിക്കുന്നതോ ആണ് അമിതമദ്യപാനം.” സ്റ്റാൻഡേർഡ് ഡ്രിങ്കിന്റെ അളവ് ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് നിങ്ങളുടെ കാര്യത്തിൽ മദ്യത്തിന്റെ മിതമായ അളവ് എന്താണെന്ന് ഉറപ്പുവരുത്താൻ ആരോഗ്യപരിപാലന വിദഗ്ധരോടു ചോദിക്കുക.
b മദ്യപിക്കുന്ന ശീലം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മേഖലയിലെ വിദഗ്ധരുടെ സഹായവും നിങ്ങൾക്കു തേടാനാകും.