മഹാമാരിയെ പേടിച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?
കോവിഡ്-19-നെ ഭയന്നുള്ള ഈ ജീവിതം നിങ്ങൾക്കു മടുത്തു തുടങ്ങിയോ? എങ്കിൽ, നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നുന്നത്. മാസങ്ങളായി ലോകത്തെല്ലായിടത്തുമുള്ള ആളുകൾ ഈ ജീവിതരീതിയുമായി പൊരുത്തപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിന്റെ റീജണൽ ഡയറക്ടർ ഹാൻസ് ഗ്ലൂഗെ ഇങ്ങനെ പറയുന്നു: “കോവിഡ്-19 പടരുന്നതു തടയാൻ ആളുകൾ അവരുടെ പല കാര്യങ്ങളും വേണ്ടെന്നു വെച്ചിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉന്മേഷക്കുറവും വിരസതയും ഒക്കെ തോന്നുക സ്വാഭാവികമാണ്. അതു പലർക്കും മടുപ്പുണ്ടാക്കുന്നു.”
നിങ്ങൾക്ക് അങ്ങനെയൊരു മടുപ്പു തോന്നുന്നുണ്ടെങ്കിൽ വിഷമിക്കേണ്ട. ഈ സാഹചര്യം നേരിടാൻ ബൈബിൾ പലരെയും സഹായിക്കുന്നുണ്ട്. അതിനു നിങ്ങളെയും സഹായിക്കാനാകും.
മഹാമാരി ആളുകൾക്കു മടുപ്പുണ്ടാക്കുന്നത് എങ്ങനെയാണ്?
മഹാമാരി കൊണ്ടുണ്ടാകുന്ന മടുപ്പ് ഒരു രോഗാവസ്ഥയൊന്നുമല്ല. ഈ മഹാമാരിയും അതിന്റെ പ്രശ്നങ്ങളും എത്രനാൾ ഇങ്ങനെ തുടർന്നുപോകും എന്ന് അറിയാത്തതുകൊണ്ട് ആളുകൾക്ക് ഉണ്ടാകുന്ന സ്വാഭാവികമായ അസ്വസ്ഥതകൾ മാത്രമാണിത്. ആളുകളെ അത് പല തരത്തിലാണു ബാധിക്കുന്നത്. അതിൽ ചില കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം:
ഉത്സാഹക്കുറവ്
താളം തെറ്റിയ ഭക്ഷണക്രമവും ഉറക്കവും
ദേഷ്യം
സാധാരണ എളുപ്പത്തിൽ ചെയ്യാറുള്ള ജോലിപോലും ബുദ്ധിമുട്ടായി തോന്നുക
ഏകാഗ്രത കുറയുക
നിരാശ
ഈ മടുപ്പിനെ ഗൗരവമുള്ളതായി കാണേണ്ടത് എന്തുകൊണ്ട്?
ഈ മഹാമാരി ഉണ്ടാക്കുന്ന മടുപ്പ് നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് ഒരു വലിയ ഭീഷണിയാണ്. അത് എങ്ങനെയാണ്? കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ പതുക്കെപ്പതുക്കെ കോവിഡിന്റെ സുരക്ഷാ മുന്നറിയിപ്പുകൾ നമ്മൾ അവഗണിക്കാൻ തുടങ്ങിയേക്കാം. ക്രമേണ, നമുക്ക് ഈ വൈറസിനെ പേടിയില്ലാതാകും, അതു പടർന്ന് അനേകരുടെയും ജീവനെടുത്തുകൊണ്ടിരിക്കുമ്പോൾ പോലും. കൂട്ടിൽ അടയ്ക്കപ്പെട്ടതുപോലെ ജീവിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം വേണമെന്നു നമുക്കു തോന്നിയേക്കാം എന്നതു ശരിയാണ്. പക്ഷേ, അത്തരം സ്വാതന്ത്ര്യം നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.
പ്രശ്നങ്ങൾ നിറഞ്ഞ ഈ സമയത്ത് ബൈബിളിലെ ഈ വാക്യം സത്യമാണെന്ന് അനേകരും സമ്മതിക്കുന്നു: “കഷ്ടതയുടെ ദിവസം നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട് ഒരു പ്രയോജനവുമില്ല.” (സുഭാഷിതങ്ങൾ 24:10) നമ്മളെ തളർത്തിക്കളയുന്ന സാഹചര്യങ്ങളിൽ സഹായിക്കുന്ന നിരവധി തത്ത്വങ്ങൾ ബൈബിളിൽ ഉണ്ട്. ഈ മഹാമാരിയുടെ കാലത്തും ആ തത്ത്വങ്ങൾ പ്രയോജനം ചെയ്യും.
ഏതൊക്കെ ബൈബിൾതത്ത്വങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും?
അകലം പാലിക്കുക, എങ്കിലും അടുപ്പം നിലനിറുത്തുക
ബൈബിൾ പറയുന്നത്: ‘യഥാർഥസ്നേഹിതൻ കഷ്ടതകളുടെ സമയത്ത് കൂടപ്പിറപ്പായിത്തീരുന്നു.’—സുഭാഷിതങ്ങൾ 17:17.
എന്തുകൊണ്ട് പ്രധാനം: യഥാർഥ സുഹൃത്തുക്കൾ നിങ്ങളെ ബലപ്പെടുത്തും. (1 തെസ്സലോനിക്യർ 5:11) എന്നാൽ കുറേനാൾ ഒറ്റപ്പെട്ടു കഴിയുന്നത് നമ്മുടെ ആരോഗ്യത്തെപ്പോലും ബാധിച്ചേക്കാം.—സുഭാഷിതങ്ങൾ 18:1.
ഇങ്ങനെ ചെയ്തു നോക്കാം: വീഡിയോ ചാറ്റ്, ഫോൺകോൾ, ഇ-മെയിൽ, ടെക്സ്റ്റ് മെസേജ് എന്നിവയിലൂടെ സുഹൃത്തുക്കളുമായി എപ്പോഴും ബന്ധം നിലനിറുത്തുക. നിങ്ങൾക്ക് എന്തെങ്കിലും വിഷമമോ ഉത്സാഹക്കുറവോ ഒക്കെ തോന്നുമ്പോൾ സുഹൃത്തുക്കളെ വിളിച്ച് സംസാരിക്കുക. അവരുടെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നുവെന്ന് ഇടയ്ക്കിടയ്ക്ക് അന്വേഷിക്കുകയും വേണം. ഈ മഹാമാരിയുടെ പ്രശ്നങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിച്ച ടിപ്പുകളൊക്കെ അവർക്കും പറഞ്ഞുകൊടുക്കാനാകുമോ? നിങ്ങളുടെ സുഹൃത്തിന് എന്തെങ്കിലുമൊക്കെ ഉപകാരങ്ങൾ ചെയ്തു കൊടുക്കാം. അതു നിങ്ങൾക്കു രണ്ടു പേർക്കും സന്തോഷം തരും.
ഇപ്പോഴത്തെ ഈ സാഹചര്യം പ്രയോജനപ്പെടുത്തുക
ബൈബിൾ പറയുന്നത്: “സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:16.
എന്തുകൊണ്ട് പ്രധാനം: സമയം ഒട്ടും പാഴാക്കി കളയാതെ ഏറ്റവും നന്നായി ഉപയോഗിക്കുന്നത് അനാവശ്യമായ ടെൻഷൻ ഒഴിവാക്കാനും മനസ്സിനു സന്തോഷം കിട്ടാനും സഹായിക്കും.—ലൂക്കോസ് 12:25.
ഇങ്ങനെ ചെയ്തു നോക്കാം: നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതിനു പകരം ഈ സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം എന്നു ചിന്തിക്കാം. ഉദാഹരണത്തിന്, സമയം കിട്ടുമ്പോൾ ചെയ്യണമെന്ന് ആഗ്രഹിച്ച എന്തെങ്കിലും കാര്യം നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുമോ? അല്ലെങ്കിൽ, നിങ്ങളുടെ ഏതെങ്കിലും ഇഷ്ടപ്പെട്ട ഹോബിയിൽ ഏർപ്പെടാൻ ഈ സമയം ഉപയോഗിച്ചുകൂടെ? ഇനി, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഏറ്റവും പറ്റിയ സമയമല്ലേ ഇത്?
ദിനചര്യ നിലനിറുത്തുക
ബൈബിൾ പറയുന്നത്: ‘എല്ലാം ചിട്ടയോടെ നടക്കട്ടെ.’—1 കൊരിന്ത്യർ 14:40.
എന്തുകൊണ്ട് പ്രധാനം: ദിനചര്യ കൃത്യമായി പാലിക്കുന്ന ആളുകൾ നല്ല സന്തോഷവും സംതൃപ്തിയും ആസ്വദിക്കുന്നു.
ഇങ്ങനെ ചെയ്തു നോക്കാം: നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തിന് യോജിച്ച ഒരു ടൈംടേബിൾ തയ്യാറാക്കുക. പഠനത്തിനും ജോലിക്കും വീട്ടുകാര്യങ്ങൾ ചെയ്യാനും പ്രത്യേകം സമയം എഴുതി വെക്കുക. ആത്മീയകാര്യങ്ങൾക്കും സമയം മാറ്റി വെക്കണം. കൂടാതെ, കുടുംബത്തോടൊപ്പം ചെലവഴിക്കാനും പുറത്തിറങ്ങി നടക്കാനും വ്യായാമം ചെയ്യാനും സമയം ഉൾപ്പെടുത്തുന്നതു നല്ലതാണ്. ഇടയ്ക്കൊക്കെ ടൈംടേബിൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുക.
മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുക
ബൈബിൾ പറയുന്നത്: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു;”—സുഭാഷിതങ്ങൾ 22:3.
എന്തുകൊണ്ട് പ്രധാനം: ശുദ്ധവായുവും സൂര്യപ്രകാശവും നമ്മുടെ ശരീരത്തിനും മനസ്സിനും നല്ലതാണ്. പക്ഷേ, നമ്മൾ താമസിക്കുന്ന സ്ഥലവും കാലാവസ്ഥയും അനുസരിച്ച് ചിലപ്പോൾ പുറത്തിറങ്ങാനുള്ള അവസരങ്ങൾ കുറഞ്ഞേക്കാം.
ഇങ്ങനെ ചെയ്തു നോക്കാം: തണുപ്പുകാലത്ത് സൂര്യപ്രകാശം കൂടുതൽ കിട്ടുന്ന മുറികൾ ഉപയോഗിക്കാൻ ശ്രമിക്കാം. നല്ല തണുപ്പുള്ളപ്പോഴും പുറത്തുനിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പ്ലാൻ ചെയ്യുക. കഴിയുമെങ്കിൽ തണുപ്പുള്ള കാലാവസ്ഥയിലും പുറത്ത് കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കുന്ന വസ്ത്രങ്ങൾ കരുതി വെക്കുക.
വേനൽക്കാലം അടുക്കുമ്പോൾ ആളുകൾ കൂടുതൽ സമയം പുറത്തായിരിക്കും. അതുകൊണ്ട് സൂക്ഷിക്കണം. പുറത്തു പോകുമ്പോൾ ആളുകൾ അധികം കൂട്ടംകൂടാത്ത സ്ഥലവും സമയവും തിരഞ്ഞെടുക്കുക.
കോവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് ശീലമാക്കുക
ബൈബിൾ പറയുന്നത്: “വിഡ്ഢി അതിരു കവിഞ്ഞ ആത്മവിശ്വാസമുള്ളവനും എടുത്തുചാട്ടക്കാരനും ആണ്.”—സുഭാഷിതങ്ങൾ 14:16.
എന്തുകൊണ്ട് പ്രധാനം: കോവിഡ്-19 മാരകമായ ഒരു രോഗമാണ്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ രോഗം പകരാനുള്ള സാധ്യത കൂടും.
ഇങ്ങനെ ചെയ്തു നോക്കാം: പ്രാദേശിക അധികാരികളിൽനിന്നുള്ള അതാതു സമയത്തെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളെയും കുടുംബത്തെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കും എന്നും ചിന്തിക്കണം.
ദൈവത്തോട് അടുക്കാൻ വേണ്ടത് ചെയ്യുക
ബൈബിൾ പറയുന്നത്: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.”—യാക്കോബ് 4:8.
എന്തുകൊണ്ട് പ്രധാനം: ഏതു പ്രതിസന്ധിയെയും നേരിടാൻ ദൈവത്തിനു നിങ്ങളെ സഹായിക്കാനാകും.—യശയ്യ 41:13.
ഇങ്ങനെ ചെയ്തു നോക്കാം: ദൈവവചനമായ ബൈബിൾ ദിവസവും വായിക്കുക. ഈ ബൈബിൾ വായനയ്ക്കുള്ള പട്ടിക നിങ്ങളെ അതിനു സഹായിക്കും.
കോവിഡ്-19-ന്റെ ഈ കാലത്ത് ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ആണ് തങ്ങളുടെ സഭായോഗങ്ങളും യേശുവിന്റെ മരണത്തിന്റെ സ്മാരകവും വാർഷിക കൺവെൻഷനും എല്ലാം നടത്തുന്നത്. ഈ പരിപാടികളിൽ നിങ്ങൾക്കും എങ്ങനെ പങ്കെടുക്കാമെന്ന് യഹോവയുടെ സാക്ഷികളോടു ചോദിച്ചറിഞ്ഞുകൂടെ?
പ്രയോജനം ചെയ്യുന്ന ചില ബൈബിൾ വാക്യങ്ങൾ
യശയ്യ 30:15: ‘ശാന്തരായിരുന്ന് ദൈവത്തിൽ ആശ്രയിക്കുക; അതാണു നിങ്ങളുടെ ബലം.’
അർഥം: ദൈവത്തിന്റെ ബുദ്ധിയുപദേശത്തിൽ ആശ്രയിക്കുന്നത് പ്രശ്നങ്ങളുടെ സമയത്ത് ശാന്തരായിരിക്കാൻ നമ്മളെ സഹായിക്കും.
സുഭാഷിതങ്ങൾ 15:15: “മനോവിഷമമുള്ളവന്റെ നാളുകളെല്ലാം കഷ്ടത നിറഞ്ഞത്; എന്നാൽ ഹൃദയത്തിൽ സന്തോഷമുള്ളവന് എന്നും വിരുന്ന്.”
അർഥം: ഓരോ ദിവസത്തെയും നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ബുദ്ധിമുട്ടേറിയ ഈ സമയത്തും സന്തോഷത്തോടെയിരിക്കാൻ നമുക്ക് കഴിയും.
സുഭാഷിതങ്ങൾ 14:15: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.”
അർഥം: സുരക്ഷാ മുന്നറിയിപ്പുകൾ അനുസരിക്കുക. ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നതുപോലുള്ള ചിന്തകൾ ഒഴിവാക്കുക.
യശയ്യ 33:24: “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”
അർഥം: എല്ലാ തരം രോഗങ്ങളും ഇല്ലാതാക്കുമെന്ന് ദൈവം ഉറപ്പു തന്നിട്ടുണ്ട്.