നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?
ഭാവിയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഇന്നു ലോകത്തിൽ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും ഭാവിയിൽ അതെല്ലാം മാറുമെന്നു പലരും പ്രതീക്ഷിക്കുന്നു. എന്നാൽ ശരിക്കും അതു നടക്കുമോ? ഉറപ്പായും നടക്കും! കാരണം ബൈബിൾ അങ്ങനെ പറയുന്നു.
ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണ്?
ഇന്ന് മനുഷ്യർക്കു വളരെയധികം കഷ്ടപ്പാടുകളുണ്ട് എന്നതിനോട് ബൈബിളും യോജിക്കുന്നു. എന്നാൽ എല്ലാക്കാലത്തും ഇത് ഇങ്ങനെ തുടരുകയില്ല എന്നു ബൈബിൾ ഉറപ്പു തരുന്നു. ചില ഉദാഹരണങ്ങൾ നോക്കാം.
പ്രശ്നം: താമസിക്കാൻ വീടില്ല
ബൈബിൾ പറയുന്നത്: “അവർ വീടുകൾ പണിത് താമസിക്കും.”—യശയ്യ 65:21.
ഭാവിയിൽ വരുന്ന മാറ്റം: എല്ലാവർക്കും സ്വന്തമായി വീടുകളുണ്ടായിരിക്കും.
പ്രശ്നം: തൊഴിലില്ലായ്മയും ദാരിദ്ര്യവും
ബൈബിൾ പറയുന്നത്: “ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.”—യശയ്യ 65:22.
ഭാവിയിൽ വരുന്ന മാറ്റം: എല്ലാവരും സന്തോഷത്തോടെ ജോലി ചെയ്യും, ആ ജോലിയിൽനിന്ന് അവർക്കു പ്രയോജനം കിട്ടുകയും ചെയ്യും.
പ്രശ്നം: അനീതി
ബൈബിൾ പറയുന്നത്: “പ്രഭുക്കന്മാർ ന്യായത്തോടെ വാഴ്ച നടത്തും.”—യശയ്യ 32:1.
ഭാവിയിൽ വരുന്ന മാറ്റം: വംശീയതയുടെയോ സാമൂഹികനിലയുടെയോ സാമ്പത്തികസ്ഥിതിയുടെയോ പേരിൽ ആർക്കും അനീതി അനുഭവിക്കേണ്ടിവരില്ല. എല്ലാവരെയും ഒരുപോലെയായിരിക്കും കാണുന്നത്.
പ്രശ്നം: പട്ടിണിയും വികലപോഷണവും
ബൈബിൾ പറയുന്നത്: “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
ഭാവിയിൽ വരുന്ന മാറ്റം: എല്ലാവർക്കും ഇഷ്ടംപോലെ ആഹാരമുണ്ടായിരിക്കും. ആരും പട്ടിണി കിടക്കുകയോ പോഷണക്കുറവുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുകയോ ഇല്ല.
പ്രശ്നം: അക്രമവും കുറ്റകൃത്യവും
ബൈബിൾ പറയുന്നത്: “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—മീഖ 4:4.
ഭാവിയിൽ വരുന്ന മാറ്റം: അന്നെല്ലാവരും പേടികൂടാതെ സുരക്ഷിതരായി കഴിയും. കാരണം അവിടെ ദുഷ്ടന്മാരുണ്ടായിരിക്കില്ല. “നീതിമാന്മാരായിരിക്കും ഭൂമിയെ കൈവശമാക്കുന്നത്.”—സങ്കീർത്തനം 37:10, 29.
പ്രശ്നം: യുദ്ധം
ബൈബിൾ പറയുന്നത്: “ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—യശയ്യ 2:4.
ഭാവിയിൽ വരുന്ന മാറ്റം: ഭൂമിയിലെങ്ങും സമാധാനമുണ്ടായിരിക്കും. (സങ്കീർത്തനം 72:7) പ്രിയപ്പെട്ടവർ യുദ്ധത്തിൽ മരിച്ചത് ഓർത്ത് ആർക്കും വിഷമിക്കേണ്ടിവരില്ല. യുദ്ധം കാരണം ആർക്കും അഭയാർഥികളായി പോകേണ്ടി വരുകയുമില്ല.
പ്രശ്നം: രോഗം
ബൈബിൾ പറയുന്നത്: “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.
ഭാവിയിൽ വരുന്ന മാറ്റം: രോഗമോ ശാരീരിക പരിമിതികളോ കാരണം ആരും കഷ്ടപ്പെടില്ല. (യശയ്യ 35:5, 6) “മേലാൽ മരണം ഉണ്ടായിരിക്കില്ല” എന്നുപോലും ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—വെളിപാട് 21:4.
പ്രശ്നം: പരിസ്ഥിതിക്കു നാശം വരുത്തുന്നു
ബൈബിൾ പറയുന്നത്: “വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.
ഭാവിയിൽ വരുന്ന മാറ്റം: ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ മനുഷ്യർക്കു ജീവിക്കാൻവേണ്ടി ഭൂമി മുഴുവൻ ഒരു പറുദീസയാക്കും.—ഉൽപത്തി 2:15; യശയ്യ 45:18.
ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പറ്റുമോ?
അങ്ങനെയൊരു സംശയം തോന്നിയേക്കാം. എന്നാൽ, ഭാവിയെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്നു കൂടുതലായി പരിശോധിക്കുന്നത് നല്ലതാണ്. കാരണം, ബൈബിളിന്റെ വാഗ്ദാനങ്ങൾ ആളുകളുടെ വാഗ്ദാനങ്ങളും പ്രവചനങ്ങളും പോലെയല്ല. ബൈബിളിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ ദൈവത്തിൽനിന്നുള്ളതാണ്. അവ എങ്ങനെയാണ് മനുഷ്യരുടെ വാഗ്ദാനങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെന്നു നോക്കാം:
ദൈവം ആശ്രയയോഗ്യനാണ്. ദൈവത്തിനു ‘നുണ പറയാൻ കഴിയില്ലെന്നു’ ബൈബിൾ പറയുന്നു. (തീത്തോസ് 1:2) കൂടാതെ, ഭാവിയിൽ എന്തു നടക്കുമെന്നു മുൻകൂട്ടിപ്പറയാൻ ദൈവത്തിനു മാത്രമേ കഴിയൂ. (യശയ്യ 46:10) ദൈവം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി സംഭവിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. ഇതു നന്നായി മനസ്സിലാക്കാൻ, ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന വീഡിയോ കാണുക.
നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശക്തി ദൈവത്തിനുണ്ട്. ‘തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള’ ശക്തി ദൈവത്തിനുണ്ടെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 135:5, 6) ദൈവം തന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് തടയാൻ യാതൊന്നിനും കഴിയില്ല എന്നാണ് അതിന്റെ അർഥം. കൂടാതെ, നമ്മളോടു സ്നേഹമുള്ളതുകൊണ്ട് ദൈവത്തിനു നമ്മളെ സഹായിക്കാനുള്ള ആഗ്രഹവുമുണ്ട്.—യോഹന്നാൻ 3:16.
അപ്പോൾ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ദൈവത്തിന് നമ്മളെ സഹായിക്കാനുള്ള ആഗ്രഹമുണ്ട്, ശക്തിയുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങൾ?’ ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോയിൽ ഇതിനുള്ള ഉത്തരം കാണാം.
ഭാവിയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ എങ്ങനെയായിരിക്കും നടക്കുക?
ദൈവം തന്റെ രാജ്യത്തിലൂടെയാണ് ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നത്. ദൈവരാജ്യം എന്നത് സ്വർഗത്തിലെ ഒരു ഗവൺമെന്റാണ്. അതിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത് യേശുക്രിസ്തുവിനെയാണ്. ഭൂമിയിലുള്ള മനുഷ്യരെ പരിപാലിക്കാനുള്ള അധികാരവും ദൈവം യേശുവിനു കൊടുത്തിട്ടുണ്ട്. യേശു ഭൂമിയിലായിരുന്നപ്പോൾ രോഗികളെ സുഖപ്പെടുത്തി, വിശന്നിരുന്നവർക്ക് ആഹാരം നൽകി, കാറ്റിനെയും കടലിനെയും ഒക്കെ നിയന്ത്രിച്ചു, മരിച്ചുപോയവരെ ഉയിർപ്പിക്കുകപോലും ചെയ്തു. (മർക്കോസ് 4:39; 6:41-44; ലൂക്കോസ് 4:40; യോഹന്നാൻ 11:43, 44) ദൈവരാജ്യത്തിന്റെ രാജാവാകുമ്പോൾ തനിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് യേശു അങ്ങനെ കാണിച്ചു.
ദൈവരാജ്യത്തിൽ ലഭിക്കാൻ പോകുന്ന പ്രയോജനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
എപ്പോഴായിരിക്കും ഇതെല്ലാം സംഭവിക്കുന്നത്?
വളരെ പെട്ടെന്നുതന്നെ! എന്തുകൊണ്ടാണ് അങ്ങനെ ഉറപ്പിച്ചു പറയാനാകുന്നത്? ദൈവരാജ്യം ഭൂമിയിൽ ഭരണം തുടങ്ങാൻ പോകുകയാണെന്നു സൂചിപ്പിക്കുന്ന ചില സംഭവങ്ങൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (ലൂക്കോസ് 21:10, 11) ആ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ഇതെക്കുറിച്ച് കൂടുതൽ അറിയാനായി, “ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്?” എന്ന ലേഖനം കാണുക.
ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ പ്രത്യാശ നമ്മളെ ഇപ്പോൾ സഹായിക്കുന്നത് എങ്ങനെ?
ബൈബിൾ തരുന്ന പ്രത്യാശയെ ഒരു ‘നങ്കൂരത്തോടാണ്’ ബൈബിൾ എഴുതിയ ഒരാൾ ഉപമിച്ചത്. (എബ്രായർ 6:19) കൊടുങ്കാറ്റുണ്ടാകുമ്പോൾ ഒരു നങ്കൂരം കപ്പലിനെ പിടിച്ചുനിറുത്തുന്നതുപോലെ, ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ ബൈബിൾ തരുന്ന പ്രത്യാശ നമ്മളെ സഹായിക്കും. ആ പ്രത്യാശയുണ്ടെങ്കിൽ സന്തോഷവും ശാന്തതയും കൈവിടാതിരിക്കാനും വ്യക്തതയോടെ ചിന്തിക്കാനും നമുക്കു കഴിയും. നമ്മുടെ ആരോഗ്യത്തിനുപോലും അത് ഗുണം ചെയ്യും.—1 തെസ്സലോനിക്യർ 5:8.