ഉണർന്നിരിക്കുക!
യുദ്ധവും കാലാവസ്ഥാവ്യതിയാനവും: ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ—ബൈബിളിനു പറയാനുള്ളത്
യുക്രെയിനിലെ യുദ്ധവും കാലാവസ്ഥാവ്യതിയാനവും ആഗോള ഭക്ഷ്യലഭ്യതയെ വളരെ മോശമായി ബാധിച്ചിരിക്കുന്നു. ഇതു പ്രത്യേകിച്ചും ബാധിച്ചിരിക്കുന്നത് വികസ്വരരാജ്യങ്ങളെയാണ്. അവിടെ പലരും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നു.
“യുദ്ധവും കാലാവസ്ഥാവ്യതിയാനവും ഇന്ധനവിലയുടെ വർധനവും മറ്റും കാരണം ഭക്ഷണസാധനങ്ങളുടെ ഉത്പാദനവും ലഭ്യതയും കുറഞ്ഞു.”—അന്റോണിയോ ഗുട്ടെറസ്, യുഎൻ സെക്രട്ടറി ജനറൽ, 2023 ജൂലൈ 17.
“ധാന്യ കയറ്റുമതി കരാറിൽനിന്നുള്ള റഷ്യയുടെ പിൻമാറ്റം ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധി രൂക്ഷമാക്കുകയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ച് വടക്കേ ആഫ്രിക്കയിലും മധ്യപൂർവ ദേശങ്ങളിലും, ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുമെന്ന് വിദഗ്ധർ നിഗമനം ചെയ്യുന്നു.”—Atalayar.com, 2023 ജൂലൈ 23.
ഭക്ഷ്യക്ഷാമത്തെയും ഭാവിയെയും കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് നോക്കാം.
ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു
യേശു പറഞ്ഞു: ‘ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.’—മത്തായി 24:7.
ബൈബിളിലെ വെളിപാട് പുസ്തകത്തിൽ നാല് ആലങ്കാരിക കുതിരസവാരിക്കാരെക്കുറിച്ച് പറയുന്നു. അതിൽ ഒരു കുതിരസവാരിക്കാരൻ യുദ്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ സവാരിക്കാരനെ പിന്തുടർന്നുകൊണ്ട് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്ന മറ്റൊരു കുതിരസവാരിക്കാരനെക്കുറിച്ച് പറയുന്നു. ഭക്ഷണത്തിന്റെ ലഭ്യത കുറയുകയും അതിന്റെ വില ഉയരുകയും ചെയ്യുന്ന സമയത്തെയാണ് അത് കുറിക്കുന്നത്. “ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു. . . . ഒരു ശബ്ദം ഞാൻ കേട്ടു: ‘ഒരു ദിനാറെക്ക് a ഒരു കിലോ ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ ബാർളി.’”—വെളിപാട് 6:5, 6.
‘അവസാനകാലം’ എന്നു ബൈബിൾ വിളിച്ചിരിക്കുന്ന ഈ സമയത്താണ് ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുകളിൽ പറഞ്ഞിരിക്കുന്ന ബൈബിൾപ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നത്. (2 തിമൊഥെയൊസ് 3:1) ‘അവസാനകാലത്തെക്കുറിച്ചും’ വെളിപാട് പുസ്തകത്തിലെ നാലു കുതിരസവാരിക്കാരെക്കുറിച്ചും കൂടുതലായി അറിയാൻ, ലോകത്തിലെ അവസ്ഥകൾ—1914 മുതൽ എന്ന വീഡിയോയും “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനവും കാണുക.
ബൈബിളിന് എങ്ങനെ സഹായിക്കാൻ കഴിയും?
ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യക്ഷാമം എന്നിവ പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ നമ്മളെ സഹായിക്കുന്നതിനുവേണ്ട പ്രായോഗികനിർദേശങ്ങൾ ബൈബിളിലുണ്ട്. അത്തരം ചില നിർദേശങ്ങൾ “വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം” എന്ന ലേഖനത്തിൽ കാണാം.
കാര്യങ്ങളെല്ലാം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനുള്ള കാരണവും ബൈബിൾ പറയുന്നു. ‘ഭൂമിയിൽ ധാന്യം സുലഭമായിരിക്കുകയും’ എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണമുണ്ടായിരിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന് ബൈബിൾ ഉറപ്പുതരുന്നു. (സങ്കീർത്തനം 72:16) ഭാവിയിലേക്കുള്ള ഈ പ്രത്യാശയെക്കുറിച്ച് കൂടുതൽ അറിയാനും അത് നടക്കുമെന്ന് വിശ്വസിക്കാവുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാനും “നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?” എന്ന ലേഖനം കാണുക.
[അടിക്കുറിപ്പ്]
a ഒരു ദിവസത്തെ കൂലിക്കു തുല്യമായ റോമൻ വെള്ളിനാണയമാണ് ഒരു ദിനാറെ.