ഉണർന്നിരിക്കുക!
യുദ്ധത്തിനായി ലക്ഷം കോടികൾ—എരിഞ്ഞുതീരുന്നത് പണം മാത്രമോ?
യുദ്ധത്തിനായി ഭീമമായ തുകയാണ് ചെലവാക്കുന്നത്.
“കഴിഞ്ഞ വർഷം പല യുദ്ധങ്ങൾക്കായി ഗവൺമെന്റുകൾ ചെലവാക്കിയത് ഏകദേശം 2.2 ട്രില്യൺ ഡോളറുകളാണ്. മുമ്പ് ഒരു വർഷവും യുദ്ധത്തിന് ഇത്രയധികം ചെലവ് വന്നിട്ടില്ല.”—ദ വാഷിങ്ടൺ പോസ്റ്റ്, 2024 ഫെബ്രുവരി 13.
എന്നാൽ പണം മാത്രമല്ല യുദ്ധത്തിൽ എരിഞ്ഞുതീരുന്നത്. ഒരു ഉദാഹരണം നോക്കാം, യുക്രെയിൻ യുദ്ധം.
സൈനികർ. ചില വിദഗ്ധർ പറയുന്നതനുസരിച്ച്, രണ്ടു വർഷം മുമ്പ് ആരംഭിച്ച യുക്രെയിൻ യുദ്ധത്തിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്ത സൈനികരുടെ എണ്ണം ഏകദേശം അഞ്ചു ലക്ഷമാണ്.
പൊതുജനം. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, 28,000-ത്തിലധികം ആളുകൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഉയർന്ന പദവിയിലുള്ള ഒരു യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെയാണ്: “നാശം വിതച്ച യുദ്ധം കാരണം ജീവിതം തകർന്ന ആളുകളുടെ എണ്ണം കണക്കുകൂട്ടിയെടുക്കുക അസാധ്യമാണ്.” a
ലോകമെങ്ങും നടക്കുന്ന യുദ്ധങ്ങളും പ്രക്ഷോപങ്ങളും കാരണം മനുഷ്യർ അനുഭവിക്കുന്ന ദുരന്തങ്ങളുടെ വില വളരെ വലുതാണ്.
11 കോടി 40 ലക്ഷം. 2023 സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ, ലോകമെങ്ങുമായി യുദ്ധമോ അക്രമമോ കാരണം വീടു വിട്ടുപോകേണ്ടിവന്ന ആളുകളുടെ എണ്ണമാണ് ഇത്.
78 കോടി 30 ലക്ഷം. വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുകളുടെ എണ്ണമാണ് ഇത്. “പ്രക്ഷോപങ്ങൾതന്നെയാണ് ഇപ്പോഴും പട്ടിണിയുടെ പ്രധാന കാരണം. ലോകമെങ്ങുമായി പട്ടിണി അനുഭവിക്കുന്ന ആളുകളിൽ 70 ശതമാനവും ഉള്ളത് യുദ്ധവും അക്രമവും നടന്ന സ്ഥലങ്ങളിലാണ്.”—ലോക ഭക്ഷ്യ പരിപാടി.
ഈ യുദ്ധത്തിനൊക്കെ ഒരു അവസാനം വരുമോ? സമാധാനം എന്നെങ്കിലും പ്രതീക്ഷിക്കാനാകുമോ? എല്ലാവരും ഭൂമിയിലെ വിഭവങ്ങൾ ആസ്വദിക്കുകയും പട്ടിണി ഇല്ലാതെ കഴിയുകയും ചെയ്യുന്ന ഒരു കാലം വരുമോ? ബൈബിൾ എന്താണ് പറയുന്നത്?
യുദ്ധങ്ങൾ നിറഞ്ഞ ഒരു കാലം
ഭൂമിയിലെങ്ങും യുദ്ധങ്ങൾ നടക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. കുതിരപ്പുറത്ത് ഇരിക്കുന്ന ഒരാളോടാണ് യുദ്ധങ്ങളെ ആലങ്കാരികമായി താരതമ്യം ചെയ്തിരിക്കുന്നത്.
“അപ്പോൾ തീനിറമുള്ള മറ്റൊരു കുതിര വന്നു. കുതിരപ്പുറത്ത് ഇരിക്കുന്നവന്, മനുഷ്യർ പരസ്പരം കൊന്നൊടുക്കാൻവേണ്ടി ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.”—വെളിപാട് 6:4.
ആ കുതിരസവാരിക്കാരനെ പിന്തുടർന്ന് മറ്റു രണ്ടു കുതിരസവാരിക്കാർ വരുന്നു. അതിലൊരാൾ ദാരിദ്ര്യത്തെയും മറ്റെയാൾ പകർച്ചവ്യാധിയോ മറ്റു കാരണങ്ങളോ കൊണ്ട് ഉണ്ടാകുന്ന മരണത്തെയും ആണ് ചിത്രീകരിക്കുന്നത്. (വെളിപാട് 6:5-8) ഈ ബൈബിൾപ്രവചനത്തെക്കുറിച്ചും നമ്മുടെ കാലത്ത് അത് നിറവേറുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നും അറിയാൻ, “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനം വായിക്കുക.
സമാധാനം നിറഞ്ഞ ഒരു ഭാവി
ഭൂമിയിലെ വിഭവങ്ങൾ യുദ്ധങ്ങൾക്കായി ഉപയോഗിക്കുന്നത് ഉടൻതന്നെ അവസാനിക്കും. എന്നാൽ അത് മനുഷ്യരുടെ പ്രയത്നത്താൽ ആയിരിക്കില്ല. ബൈബിൾ പറയുന്നു:
‘ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും.’—സങ്കീർത്തനം 46:9.
യുദ്ധത്തിന്റെ ദുരന്തഫലങ്ങൾ ദൈവം ഇല്ലാതാക്കും. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട് 21:4.
എല്ലാവർക്കും നിലനിൽക്കുന്ന സമാധാനം ലഭിക്കുന്നുണ്ടെന്ന് ദൈവം ഉറപ്പുവരുത്തും. ബൈബിൾ പറയുന്നു: “എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും, സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.”—യശയ്യ 32:18.
ബൈബിൾപ്രവചനമനുസരിച്ച് സമാധാനത്തിന്റെ കാലം അടുത്തെത്തിയിരിക്കുന്നു എന്നാണ് ഇന്ന് നടക്കുന്ന യുദ്ധങ്ങളും മറ്റു സംഭവങ്ങളും കാണിക്കുന്നത്.
ദൈവം എങ്ങനെയായിരിക്കും സമാധാനപൂർണമായ ആ ഭാവി കൊണ്ടുവരുന്നത്? തന്റെ സ്വർഗീയഗവൺമെന്റിലൂടെ, അതായത് ദൈവത്തിന്റെ രാജ്യത്തിലൂടെ. (മത്തായി 6:10) എന്താണ് ആ രാജ്യം? ആ രാജ്യത്തിലൂടെ എന്താണ് സാധ്യമാകാൻപോകുന്നത്? അതു മനസ്സിലാക്കാൻ എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
a മിറോസ്ലാവ് ജെൻക, യൂറോപ്പിനുവേണ്ടിയുള്ള, ഐക്യരാഷ്ട്ര സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ, 2023 ഡിസംബർ 6.