ഉണർന്നിരിക്കുക!
ഒരുമിച്ചുനിന്നാൽ രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാദുരന്തം ഒഴിവാക്കാനാകുമോ?—ബൈബിളിനു പറയാനുള്ളത്
2022 നവംബർ 20 ഞായറാഴ്ച, ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടി (സിഒപി 27) സമാപിച്ചു. കാലാവസ്ഥാദുരന്തത്തെ നേരിടുന്നതിനായി ദരിദ്ര രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള സുപ്രധാനമായ കരാറിൽ എത്തിച്ചേർന്നെങ്കിലും കാലാവസ്ഥാവ്യതിയാനങ്ങൾക്ക് അത് ഒരു മാറ്റവും കൊണ്ടുവരില്ലെന്നു പലരും ചിന്തിക്കുന്നു.
“നാശനഷ്ടത്തിനായി ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം വളരെ നല്ലതാണ്. . . . പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല. . . . നമ്മുടെ ഭൂഗ്രഹം ഇപ്പോഴും അത്യാസന്നനിലയിലാണ്.”—ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ്, 2022 നവംബർ 19.
“ഈ ലോകം കാലാവസ്ഥാദുരന്തത്തിന്റെ വക്കിലാണ്.”—മേരി റോബിൻസൺ, അയർലൻഡിന്റെ മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര സംഘടനയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും, 2022 നവംബർ 20.
നമ്മുടെ ഭൂഗ്രഹത്തിന് നാളെ എന്തു സംഭവിക്കുമെന്ന ആശങ്ക പലർക്കും ഉണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. കാലാവസ്ഥാപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ലോകനേതാക്കൾ ഉറപ്പു തരുന്നുണ്ടെങ്കിലും ഒറ്റക്കെട്ടായിനിന്ന് അതു ചെയ്യാൻ അവർക്ക് കഴിയുമോ? ബൈബിൾ എന്താണ് പറയുന്നത്?
രാഷ്ട്രങ്ങൾക്ക് ഒന്നിച്ചുനിൽക്കാനും വിജയിക്കാനും കഴിയുമോ?
കാലാവസ്ഥാപ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റുകൾ എത്രതന്നെ ആത്മാർഥമായി ശ്രമിച്ചാലും അവർക്കു പരിമിതിയുണ്ട്. പൂർണമായ ഒരു പരിഹാരം കൊണ്ടുവരാൻ അവർക്കു കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. അതിന്റെ രണ്ടു കാരണങ്ങൾ നമുക്കു നോക്കാം:
“വളഞ്ഞിരിക്കുന്നതു നേരെയാക്കാൻ സാധിക്കില്ല.”—സഭാപ്രസംഗകൻ 1:15.
അർഥം: മനുഷ്യനു മനുഷ്യനെ ഭരിക്കാനുള്ള പ്രാപ്തിയില്ല. അതുകൊണ്ടുതന്നെ മനുഷ്യഗവൺമെന്റുകൾക്ക് തങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുന്നില്ല. (യിരെമ്യ 10:23) രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്നാലും, അവർ എത്രയൊക്കെ ശ്രമിച്ചാലും ലോകത്തിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുക അവർക്ക് അസാധ്യമാണ്.
“മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും . . . ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ആയിരിക്കും.”—2 തിമൊഥെയൊസ് 3:2, 3.
അർഥം: നമ്മുടെ കാലത്തെ പല ആളുകളും സ്വാർഥരും നല്ല കാര്യങ്ങൾക്കുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ മടി കാണിക്കുന്നവരും ആയിരിക്കുമെന്നു ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.
പ്രതീക്ഷയ്ക്കു വകയുണ്ട്
മനുഷ്യരുടെ വാക്കുകളിലും ഉറപ്പുകളിലും അല്ല നമ്മുടെ ഭൂഗ്രഹത്തിന്റെ ഭാവി. പ്രാപ്തനായ ഒരു ഭരണാധികാരിയെ ദൈവം ലോകത്തിനു നൽകിയിട്ടുണ്ട്. അത് യേശുക്രിസ്തുവാണ്. യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:
“ഗവൺമെന്റ് അവന്റെ തോളിൽ ഇരിക്കും. അതുല്യനായ ഉപദേശകൻ, ശക്തനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.”—യശയ്യ 9:6, അടിക്കുറിപ്പ്.
സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ദൈവരാജ്യമെന്ന ഗവൺമെന്റിന്റെ രാജാവാണ് യേശു. (മത്തായി 6:10) ഭൂമിയെയും ഭൂവാസികളെയും പരിപാലിക്കാനുള്ള ശക്തിയും ജ്ഞാനവും ആഗ്രഹവും യേശുവിനുണ്ട്. (സങ്കീർത്തനം 72:12, 16) യേശുവിന്റെ നേതൃത്വത്തിൻകീഴിൽ ഈ സ്വർഗീയ ഗവൺമെന്റ് “ഭൂമിയെ നശിപ്പിക്കുന്നവരെ” അതിൽനിന്ന് തടയും, ഭൂമിക്കുണ്ടായ എല്ലാ കേടുപാടുകളും നീക്കും.—വെളിപാട് 11:18; യശയ്യ 35:1, 7.
വിനാശകരമായ കാലാവസ്ഥാവ്യതിയാനത്തിനുള്ള ഏറ്റവും നല്ല ഈ പരിഹാരത്തെക്കുറിച്ച് കൂടുതൽ അറിയാൻ “കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭാവിയും—ബൈബിൾ പറയുന്നത്” എന്ന ലേഖനം വായിക്കുക.