ഉണർന്നിരിക്കുക!
എങ്ങും നിയമലംഘനം—ബൈബിളിനു പറയാനുള്ളത്
സംഘം ചേർന്നുള്ള ആക്രമണങ്ങൾ ഹെയ്റ്റിയിൽ നാശം വിതയ്ക്കുന്നു. സൗത്ത് ആഫ്രിക്കയിലും മെക്സിക്കോയിലും അതുപോലെ മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വലിയ കുറ്റകൃത്യങ്ങൾ കൂടിക്കൂടിവരുകയാണ്. ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾക്കു കുറവ് വന്നിട്ടുണ്ടെങ്കിലും മോഷണത്തെയും വസ്തുവകകൾ നശിപ്പിക്കുന്നതിനെയും കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ അവിടത്തെ ആളുകൾക്കു പേടിയും ഉത്കണ്ഠയും തോന്നുന്നു.
ലോകമെങ്ങും നടക്കുന്ന നിയമലംഘനത്തെക്കുറിച്ച് ബൈബിളിന് എന്താണു പറയാനുള്ളത്?
നിയമലംഘനത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നത്
ബൈബിൾ മുൻകൂട്ടിപ്പറയുന്നതനുസരിച്ച് “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു” എന്നു തെളിയിക്കുന്ന അടയാളത്തിന്റെ ഒരു ഭാഗമാണ് നിയമലംഘനം. (മത്തായി 24:3) ആ അടയാളത്തിൽ ഉൾപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ യേശു പറഞ്ഞു:
“നിയമലംഘനം വർധിച്ചുവരുന്നതു കണ്ട് മിക്കവരുടെയും സ്നേഹം തണുത്തുപോകും.”—മത്തായി 24:12.
“അവസാനകാലത്ത്” ആളുകൾ “ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും“ ആയിരിക്കുമെന്നും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1-5) സ്വാർഥത നിറഞ്ഞ ഇത്തരം സ്വഭാവവിശേഷതകളാണ് ഇന്നു നമ്മൾ കാണുന്ന നിയമലംഘനങ്ങൾക്കു കാരണമാകുന്നത്.
എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ട്. പെട്ടെന്നുതന്നെ നിയമലംഘനം ഒന്നുമില്ലാത്ത ഒരു കാലം വരുമെന്നു ബൈബിൾ ഉറപ്പുതരുന്നു:
“കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
പ്രത്യാശ നൽകുന്ന ബൈബിൾസന്ദേശത്തെക്കുറിച്ചും, ഇന്ന് നടക്കുന്ന സംഭവങ്ങൾ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയാണെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാം എന്നതിനെക്കുറിച്ചും കൂടുതൽ പഠിക്കുക. താഴെ പറയുന്ന ലേഖനങ്ങൾ നോക്കുക.
“നല്ലൊരു ഭാവി ശരിക്കും പ്രതീക്ഷിക്കാമോ?”
“‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?”
“ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?”