വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം
സാമ്പത്തികപ്രതിസന്ധി കാരണം കുറഞ്ഞ ചെലവിൽ ജീവിക്കേണ്ട ഒരു സാഹചര്യമാണോ നിങ്ങളുടേത്? പകർച്ചവ്യാധികൾ, പ്രകൃതിവിപത്തുകൾ, രാഷ്ട്രീയകലാപങ്ങൾ, യുദ്ധങ്ങൾ എന്നിവയൊക്കെ ചിലപ്പോൾ സമ്പദ് വ്യവസ്ഥയെ പെട്ടെന്ന് താറുമാറാക്കും. ഇങ്ങനെ പെട്ടെന്ന് വരുമാനം കുറയുമ്പോൾ നമ്മൾ ആകെ സമ്മർദത്തിലായേക്കാം. അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ചില നിർദേശങ്ങൾ ബൈബിൾ തരുന്നു.
1. സാഹചര്യം മാറി എന്ന് അംഗീകരിക്കുക.
ബൈബിൾ തത്ത്വം: “ഇല്ലായ്മയിൽ കഴിയാനും സമൃദ്ധിയിൽ കഴിയാനും ഞാൻ പഠിച്ചിരിക്കുന്നു.”—ഫിലിപ്പിയർ 4:12.
മുമ്പത്തെ അത്ര വരുമാനം നിങ്ങൾക്ക് ഇപ്പോൾ ഇല്ലെങ്കിലും ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു കഴിയും. എത്ര പെട്ടെന്ന് ആ മാറിയ സാഹചര്യം മനസ്സിലാക്കി നമ്മൾ പ്രവർത്തിക്കുന്നോ, അത്ര എളുപ്പമായിരിക്കും നിങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങൾ.
ഗവൺമെന്റോ മറ്റു സംഘടനകളോ നൽകുന്ന സഹായങ്ങളെക്കുറിച്ച് അന്വേഷിക്കുക. മിക്കപ്പോഴും അപേക്ഷകൾ സ്വീകരിക്കുന്നതിനു ഒരു പരിമിതമായ കാലയളവേ ഉണ്ടാകൂ. അതുകൊണ്ട് അവ പെട്ടെന്ന് കൊടുക്കുന്നതാണ് നല്ലത്.
2. ഒറ്റക്കെട്ടായി പ്രവർത്തിക്കുക.
ബൈബിൾ തത്ത്വം: “കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു; എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാഷിതങ്ങൾ 15:22.
നിങ്ങളുടെ ഇണയോടും കുട്ടികളോടും കുടുംബത്തിന്റെ സാമ്പത്തികപ്രശ്നത്തെക്കുറിച്ച് സംസാരിക്കുക. ഇങ്ങനെ തുറന്ന് സംസാരിച്ചാലേ കുടുംബത്തിലുള്ളവർക്ക് സാഹചര്യം മനസ്സിലാക്കാനും നിങ്ങളെ പിന്തുണയ്ക്കാനും കഴിയൂ. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ഒറ്റക്കെട്ടായി ശ്രമിക്കുമ്പോൾ ആ പണംകൊണ്ട് പ്രാധാന്യമുള്ള മറ്റു പല കാര്യങ്ങളും നിങ്ങൾക്കു ചെയ്യാനാകും.
3. ഒരു ബഡ്ജറ്റ് ഉണ്ടാക്കുക.
ബൈബിൾ തത്ത്വം: ‘ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കുക.’—ലൂക്കോസ് 14:28.
കുറഞ്ഞ വരുമാനത്തിൽ ജീവിക്കണമെങ്കിൽ കൈയിലുള്ള പണമെല്ലാം ഏതു വഴിക്കാണു പോകുന്നതെന്നു നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം. ബഡ്ജറ്റ് ഉണ്ടാക്കുമ്പോൾ ആദ്യം, വരും മാസങ്ങളിൽ കിട്ടാൻ സാധ്യതയുള്ള വരുമാനം എഴുതിവെക്കുക. ഇനി ഓരോ മാസവും സാധാരണയുള്ള ചെലവുകൾ എഴുതുക. അതിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾക്കോ ശീലങ്ങൾക്കോ വേണ്ടി എത്ര രൂപ ചെലവഴിക്കുന്നെന്നും ഉൾപ്പെടുത്തണം. ഇതിൽ പലതും വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്യുക. അപ്രതീക്ഷിതമായോ അടിയന്തിരമായോ വന്നേക്കാവുന്ന ചെലവുകൾക്കായി മാറ്റിവെക്കാൻ ആഗ്രഹിക്കുന്ന തുകയും എഴുതാം.
ഓർക്കുക: ബഡ്ജറ്റ് തയാറാക്കുമ്പോൾ നമുക്ക് വരുന്ന ചെറിയ ചെലവുകൾപോലും എഴുതാൻ മറക്കരുത്. ഓരോ മാസവും ഈ ചെറിയ കാര്യങ്ങൾക്കുവേണ്ടി ഇത്രയധികം രൂപ ചെലവായെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ ഞെട്ടിപ്പോയേക്കാം. ഉദാഹരണത്തിന്, ഒരാൾ ചെലവുകൾ കണക്കുകൂട്ടി നോക്കിയപ്പോൾ ബബിൾഗം വാങ്ങാൻ മാത്രം ഒരു വർഷം പതിനായിരത്തിലധികം രൂപ ചെലവഴിച്ചതായി മനസ്സിലാക്കി.
4. ഏറ്റവും പ്രാധാന്യം ഏതിനാണെന്നു തീരുമാനിക്കുക.
ബൈബിൾ തത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
നിങ്ങളുടെ വരവും ചെലവും തമ്മിൽ താരതമ്യം ചെയ്ത് അതിൽ ഏതൊക്കെ ചെലവുകൾ ഒഴിവാക്കാമെന്നും ഏതൊക്കെ കുറയ്ക്കാമെന്നും തീരുമാനിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് വരുമാനത്തിൽ ഒതുങ്ങി ജീവിക്കാനാകും. പിൻവരുന്ന ചെലവുകളെക്കുറിച്ച് ഒന്ന് ചിന്തിക്കുക.
വാഹനം. നിങ്ങൾക്ക് ഒന്നിലധികം വണ്ടികൾ ഉണ്ടെങ്കിൽ അതിൽ ഒന്ന് വിൽക്കാൻ പറ്റുമോ? വിലകൂടിയ വണ്ടിയാണ് നിങ്ങൾക്കുള്ളതെങ്കിൽ അതു മാറ്റി ചെലവ് കുറഞ്ഞ ഒരെണ്ണം വാങ്ങാനാകുമോ? ഇനി ആവശ്യമുള്ളിടത്തേക്ക് ഒരു പൊതുവാഹനത്തിലോ സൈക്കിളിലോ പോകാൻ പറ്റുമോ? അതുമല്ലെങ്കിൽ നടന്നുപോകാൻ കഴിയുമോ?
വിനോദം. പണം മുടക്കി സാറ്റലൈറ്റ് വഴിയോ കേബിൾ വഴിയോ ഒക്കെ എന്തെങ്കിലും വിനോദപരിപാടികൾ കാണാറുണ്ടെങ്കിൽ കുറച്ചുകാലത്തേക്കെങ്കിലും നിങ്ങൾക്ക് അവ വേണ്ടെന്നു വെക്കാൻ പറ്റുമോ? അതിനുവേണ്ടി ചെലവ് കുറഞ്ഞ മറ്റ് എന്തെങ്കിലും മാർഗം കണ്ടെത്താനാകുമോ?
അവശ്യസാധനങ്ങൾ. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഇന്ധനത്തിന്റെയും ഒക്കെ ചെലവ് കുറയ്ക്കാൻ എന്തു ചെയ്യാനാകുമെന്ന് കുടുംബമൊന്നിച്ച് ചർച്ച ചെയ്യുക. ആവശ്യമില്ലാത്തപ്പോൾ ലൈറ്റുകൾ ഓഫ് ആക്കുന്നതും അനാവശ്യമായി ദീർഘനേരത്തെ കുളി ഒഴിവാക്കുന്നതും നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ ചെലവ് കുറയ്ക്കും.
ഭക്ഷണം. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനു പകരം വീട്ടിൽത്തന്നെ ഉണ്ടാക്കുക. എന്താണ് ഉണ്ടാക്കാൻ പോകുന്നതെന്ന് നേരത്തേ തീരുമാനിക്കാം. ഇനി ഓരോ പ്രാവശ്യവും സാധനങ്ങൾ കുറേശ്ശെ വാങ്ങുന്നതിനു പകരം ചെലവ് കുറയ്ക്കുന്നതിനായി പറ്റുമ്പോഴൊക്കെ കുറച്ചധികം വാങ്ങിവെക്കുക, കുറച്ചുദിവസത്തേക്ക് ഉള്ളതും ഉണ്ടാക്കിവെക്കാം. ഭക്ഷണസാധനങ്ങൾ മിച്ചം വന്നാൽ അത് കളയാതെ ഉപയോഗിക്കുക. വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിവെക്കുകയാണെങ്കിൽ കാണുന്നതെല്ലാം വാങ്ങുന്നത് ഒഴിവാക്കാനാകും. പഴങ്ങളും പച്ചക്കറികളും മറ്റും സീസണനുസരിച്ച് വാങ്ങിയാൽ വില കുറവായിരിക്കും. ജങ്ക് ഫുഡ് വാങ്ങുന്നത് ഒഴിവാക്കുക. ഇനി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആലോചിച്ചുകൂടേ.
വസ്ത്രം. മാറുന്ന ഫാഷനനുസരിച്ച് അനാവശ്യമായി വസ്ത്രം വാങ്ങാതെ ശരിക്കും ആവശ്യമുള്ളപ്പോൾ മാത്രം വാങ്ങുക. വസ്ത്രങ്ങൾ വിലക്കുറവുള്ള കടകളിൽനിന്നോ അല്ലെങ്കിൽ വിലക്കിഴിവ് വരുന്ന സമയങ്ങളിലോ വാങ്ങാൻ കഴിയുമോ? വസ്ത്രങ്ങൾ ഡ്രയറിൽ ഇട്ട് ഉണക്കുന്നതിനു പകരം വെയിലത്തിട്ട് ഉണക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. അതും ചെലവ് കുറയ്ക്കും.
മറ്റു സാധനങ്ങൾ. ഒരു സാധനം വാങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്: എന്റെ കൈയിൽ അതിനുള്ള പണമുണ്ടോ? എനിക്ക് ശരിക്കും അത് ആവശ്യമാണോ? വീട്ടുപകരണങ്ങളോ ഇലക്ട്രോണിക് ഉപകരണങ്ങളോ വാഹനങ്ങളോ ഇപ്പോൾത്തന്നെ മാറ്റി വാങ്ങുകയോ അവ പുതുക്കുകയോ ചെയ്യേണ്ടതുണ്ടോ? ഇനി ഇപ്പോൾ ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ സാധനങ്ങൾ നിങ്ങൾക്ക് വിൽക്കാൻ പോലും കഴിഞ്ഞേക്കും. അപ്പോൾ മൊത്തത്തിലുള്ള ചെലവ് കുറയുമെന്നു മാത്രമല്ല വരുമാനം കൂട്ടാനുമാകും.
ഓർക്കുക: വരുമാനം കുറയുമ്പോൾ, പുകവലിയും മദ്യപാനവും ചൂതാട്ടവും പോലുള്ള ശീലങ്ങൾ നിറുത്തുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുകൂടേ. ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് ചെലവും വളരെ കൂടുതലാണ്. നിറുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഇതാണ് പറ്റിയ സമയം. ഇതിലൂടെ പണം ലാഭിക്കാൻ കഴിയുമെന്നു മാത്രമല്ല, നിങ്ങളുടെ ജീവിതനിലവാരം കൂട്ടാനുമാകും.
5. ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക.
ബൈബിൾ തത്ത്വം: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
ബൈബിൾ നമ്മളോട് ഇങ്ങനെ പറയുന്നു: “പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ ജ്ഞാനവും ഒരു സംരക്ഷണമാണ്. പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.” (സഭാപ്രസംഗകൻ 7:12) ജ്ഞാനത്തോടെ പ്രവർത്തിക്കാൻ ബൈബിൾ സഹായിക്കും. ബൈബിളിലെ ഈ നിർദേശങ്ങൾ അനുസരിച്ചതിലൂടെ ഒരുപാട് പേർക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്.—മത്തായി 6:31, 32.