വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ
ബെത്ത് പറയുന്നു: “കൗമാരപ്രായത്തിൽ എനിക്കു വിളർച്ചയായിരുന്നു. എപ്പോഴും ഉറക്കംതൂങ്ങിയ അവസ്ഥ. പെട്ടെന്ന് മടുക്കും, അസ്ഥികൾ വേദനിക്കും. എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ ഡോക്ടർ എന്നോടു പറഞ്ഞു. എന്റെ ഭക്ഷണശീലങ്ങളിലും ഞാൻ മാറ്റം വരുത്തി. അപ്പോൾ എന്റെ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങി.”
ഈ ആരോഗ്യപ്രശ്നം ഇന്നു സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 200 കോടി ആളുകൾക്ക്—ലോകജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർക്ക്—വിളർച്ചയുണ്ട്. വികസ്വരരാജ്യങ്ങളിൽ വിളർച്ചയുള്ളവരിൽ ഏകദേശം 50 ശതമാനം ഗർഭിണികളും 40 ശതമാനം കൊച്ചുകുട്ടികളും ആണ്.
വിളർച്ച വലിയ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാം. ഗുരുതരമായ കേസുകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഹൃദയസ്തംഭനംപോലുമോ ഉണ്ടായേക്കാം. ചില നാടുകളിൽ “20 ശതമാനം അമ്മമാരെയും മരണത്തിലേക്കു തള്ളിവിടുന്നത്”വിളർച്ചയാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന വിളർച്ചയാണ് സാധാരണ കണ്ടുവരുന്നത്. ഇങ്ങനെയുള്ള അമ്മമാർക്കു മാസം തികയാതെ കുട്ടികൾ ഉണ്ടായേക്കാം. അല്ലെങ്കിൽ ആ കുട്ടികൾക്കു തൂക്കം കുറവായിരിക്കാം. വിളർച്ച കുട്ടികളുടെ വളർച്ചയെ ബാധിച്ചേക്കാം. അവർക്ക് അണുബാധയുണ്ടാകാനും സാധ്യത കൂടുതലാണ്. എങ്കിലും ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന വിളർച്ച, ഒഴിവാക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയുന്നതാണ്. a
എന്താണു വിളർച്ച?
ആരോഗ്യക്കുറവിന്റെ ലക്ഷണമാണ് വിളർച്ച. വിളർച്ചയുള്ളവർക്ക് ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ആവശ്യത്തിനു കാണില്ല. ഇതിനു കാരണം പലതാകാം. 400-ലധികം തരം വിളർച്ചയുണ്ടെന്നു ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്! ചിലതു പെട്ടന്നു മാറുന്നതും മറ്റു ചിലതു നീണ്ടുനിൽക്കുന്നതും ആണ്. ചിലതു നിസ്സാരവും മറ്റു ചിലതു ഗുരുതരവും.
വിളർച്ചയ്ക്കുള്ള കാരണങ്ങൾ
വിളർച്ചയ്ക്കു പ്രധാനപ്പെട്ട മൂന്നു കാരണങ്ങളുണ്ട്:
രക്തനഷ്ടംകൊണ്ട് ശരീരത്തിലെ അരുണരക്താണുക്കളുടെ എണ്ണം കുറയുന്നത്.
ശരീരം ആവശ്യത്തിന് ആരോഗ്യമുള്ള അരുണരക്താണുക്കൾ ഉത്പാദിപ്പിക്കാത്തത്.
ശരീരം അരുണരക്താണുക്കളെ നശിപ്പിക്കുന്നത്.
ഇരുമ്പിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന വിളർച്ചയാണ് ലോകത്തിലെ ഏറ്റവും വ്യാപകമായ വിളർച്ചയായി കണക്കാക്കുന്നത്. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പില്ലെങ്കിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകാൻ അരുണരക്താണുക്കളെ സഹായിക്കുന്ന ഹീമോഗ്ലോബിൻ ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ കഴിയില്ല.
ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളർച്ചയുടെ ലക്ഷണങ്ങൾ
തുടക്കത്തിൽ വിളർച്ച വളരെ നിസ്സാരമായിരുന്നേക്കാം. ചിലപ്പോൾ ശ്രദ്ധിയൽപ്പെട്ടന്നുപോലും വരില്ല. ഇരുമ്പിന്റെ കുറവുകൊണ്ടുള്ള വിളർച്ചയുടെ ചില ലക്ഷണങ്ങളാണു പിൻവരുന്നവ. എല്ലാവരിലും ഈ ലക്ഷണങ്ങളെല്ലാം കണ്ടെന്നു വരില്ല.
വല്ലാത്ത ക്ഷീണം
തണുത്ത കൈകളും കാലുകളും
തളർച്ച
വിളറിയ ചർമ്മം
തലവേദനയും തലകറക്കവും
നെഞ്ചുവേദന, നെഞ്ചിടിപ്പ്, ശ്വാസംമുട്ട്
എളുപ്പത്തിൽ പൊട്ടുന്ന നഖം
വിശപ്പില്ലായ്മ, പ്രത്യേകിച്ച് ശിശുക്കളിലും കുട്ടികളിലും
അന്നജം അടങ്ങിയ ഭക്ഷണം, ഐസ്, മണ്ണ് എന്നിവ തിന്നാനുള്ള ആഗ്രഹം
കൂടുതൽ സാധ്യതയുള്ളവർ
സ്ത്രീകൾക്ക് ആർത്തവസമയത്ത് രക്തനഷ്ടം സംഭവിക്കുന്നതുകൊണ്ട് ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന വിളർച്ച വരാൻ സാധ്യത കൂടുതലാണ്. ഭക്ഷണത്തിൽനിന്ന് ഫൊളേറ്റ്, അഥവാ ഫോളിക് ആസിഡ് (ഒരുതരം വിറ്റാമിൻ ബി), ആവശ്യത്തിനു ലഭിച്ചില്ലെങ്കിൽ ഗർഭിണികൾക്കും വിളർച്ച വരാൻ സാധ്യതയുണ്ട്.
മാസം തികയാതെയോ തൂക്കക്കുറവോടെയോ ജനിക്കുന്ന ശിശുക്കൾക്കു മുലപ്പാലിൽനിന്നോ ഭക്ഷണത്തിൽനിന്നോ ആവശ്യത്തിന് ഇരുമ്പ് കിട്ടിയില്ലെങ്കിൽ വിളർച്ച വന്നേക്കാം.
പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കാത്ത കുട്ടികൾക്കു വിളർച്ച വന്നേക്കാം.
സസ്യാഹാരം മാത്രം കഴിക്കുന്നവർക്കു ഭക്ഷണത്തിൽനിന്ന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാതെ വന്നേക്കാം. അതു വിളർച്ചയ്ക്കു കാരണമായേക്കാം.
നീണ്ടുനിൽക്കുന്ന രോഗങ്ങളുള്ളവർക്ക്, അതായത് രക്ത സംബന്ധമായ രോഗങ്ങൾ, ക്യാൻസർ, വൃക്കത്തകരാർ, ചെറിയ രക്തവാർച്ചയുള്ള അൾസ്സറുകൾ, ചില അണുബാധകൾ എന്നിവ ഉള്ളവർക്ക്, വിളർച്ച വന്നേക്കാം.
വിളർച്ച എങ്ങനെ ചികിത്സിക്കണം?
എല്ലാ തരം വിളർച്ചയും തടയാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയില്ല. എന്നാൽ ഇരുമ്പിന്റെയോ വിറ്റാമിന്റെയോ കുറവുകൊണ്ടു വരുന്ന വിളർച്ച, പിൻവരുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണക്രമത്തിലൂടെ തടയാനോ ഭേദമാക്കാനോ കഴിഞ്ഞേക്കും:
ഇരുമ്പ്. ഇറച്ചി, പയറുവർഗങ്ങൾ, കടുംപച്ച നിറത്തിലുള്ള ഇലക്കറികൾ എന്നിവയിൽ ഇരുമ്പിന്റെ അംശമുണ്ട്. b പാചകത്തിനു ഇരുമ്പുപാത്രങ്ങൾ ഉപയോഗിക്കുന്നതു ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശം കൂട്ടാൻ സഹായിച്ചേക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഫൊളേറ്റ്. പഴങ്ങൾ, കടുംപച്ച നിറത്തിലുള്ള ഇലക്കറികൾ, ഗ്രീൻ പീസ്, വൻപയർ, വെണ്ണ, മുട്ട, മീൻ, ബദാം, നിലകടല എന്നിവയിൽ ഫൊളേറ്റ് കാണാം. വിറ്റാമിൻ ധാരാളമുള്ള ധാന്യവിഭവങ്ങളായ ബ്രെഡ്, പാസ്ത, അരി എന്നിവയിലും ഇതുണ്ട്. ഫൊളേറ്റിന്റെ കൃത്രിമ രൂപമാണ് ഫോളിക് ആസിഡ്.
വിറ്റാമിൻ ബി-12. ഇറച്ചിയിലും പാലുത്പന്നങ്ങളിലും പോഷകസമ്പുഷ്ടമാക്കിയ ചില തരം ധാന്യവിഭവങ്ങളിലും സോയാ ഉത്പന്നങ്ങളിലും ഇതു കാണാം.
വിറ്റാമിൻ സി. പുളിപ്പുള്ള പഴങ്ങളിലും ജ്യൂസുകളിലും കുരുമുളകിലും ബ്രോക്കൊളിയിലും തക്കാളിയിലും തണ്ണിമത്തനിലും സ്ട്രോബറിയിലും എല്ലാം ഇതു കാണാം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യാൻ സഹായിക്കും.
ഓരോ പ്രദേശത്തും ഓരോ ഭക്ഷണമാണ്. അതുകൊണ്ട് വേണ്ടപോഷകങ്ങളുള്ള ഏതൊക്കെ ഭക്ഷണങ്ങളാണു നിങ്ങളുടെ പ്രദേശത്തുള്ളതെന്നു മനസ്സിലാക്കുക. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ഇതു വളരെ പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങൾ ഗർഭിണിയോ അല്ലെങ്കിൽ ഗർഭിണിയാകാൻ തയ്യാറെടുക്കുകയോ ആണെങ്കിൽ. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ കുട്ടിക്കു വിളർച്ച വരാനുള്ള സാധ്യത നിങ്ങൾ കുറയ്ക്കുകയാണ്. c
a ഭക്ഷണക്രമത്തെയും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളെയും കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ പ്രധാനമായും എടുത്തിരിക്കുന്നതു മയോ ക്ലിനിക്കിൽനിന്നും ആതുരസേവനവും അനുബന്ധ ആരോഗ്യ പരിപാലനവും—ഗെയ്ൽ സർവവിജ്ഞാനകോശത്തിൽനിന്നും (ഇംഗ്ലീഷ്) ആണ്. നിങ്ങൾക്കു വിളർച്ചയുണ്ടെന്നു തോന്നുന്നെങ്കിൽ ഒരു ഡോക്ടറെ കാണുക.
b ഡോക്ടറോടു ചോദിക്കാതെ ഇരുമ്പ് വർധകസാധനങ്ങൾ കഴിക്കുകയോ കുട്ടിക്കു കൊടുക്കുകയോ ചെയ്യരുത്. ഇരുമ്പ് അധികമായാൽ അതു കരളിനെ ബാധിക്കാനും മറ്റു പ്രശ്നങ്ങൾക്കു കാരണമാകാനും സാധ്യതയുണ്ട്.
c രക്തപ്പകർച്ചയിലൂടെ വിളർച്ച മാറ്റാൻ ചിലപ്പോൾ ഡോക്ടർമാർ ശ്രമിച്ചേക്കാം. യഹോവയുടെ സാക്ഷികൾ ഈ ചികിത്സാരീതി സ്വീകരിക്കില്ല.—പ്രവൃത്തികൾ 15:28, 29.