വീഗൻ ഡയറ്റ്—ബൈബിളിനു പറയാനുള്ളത്
ലോകമെങ്ങും പല ആളുകളും വീഗൻ ഭക്ഷണരീതി ഇഷ്ടപ്പെടുന്നു.
“ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി മൃഗങ്ങളെ ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യുന്നതും അവയെ ഉപദ്രവിക്കുന്നതും, കഴിയുന്നിടത്തോളം ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതരീതിയും തത്ത്വചിന്തയും ആണ് വീഗൻ ഭക്ഷണരീതി.”—ദി വീഗൻ സൊസൈറ്റി.
മൃഗങ്ങളോടുള്ള പരിഗണനയ്ക്കു പുറമേ, ചിലർ വീഗൻ ജീവിതരീതി തിരഞ്ഞെടുക്കുന്നത് പരിസ്ഥിതിയോടുള്ള സ്നേഹംകൊണ്ടും മതപരമായ കാരണങ്ങൾകൊണ്ടും ആരോഗ്യം കണക്കിലെടുത്തും ആണ്.
“മറ്റു ഭക്ഷണരീതിയിൽനിന്ന് വീഗൻ ഭക്ഷണരീതി വ്യത്യസ്തമാണ്. പലരും ഇത് തിരഞ്ഞെടുക്കുന്നത് വിശ്വാസത്തിന്റെയോ ധാർമികതയുടെയോ പേരിലാണ്. ഇതിലൂടെ ഓരോ വ്യക്തിക്കും ലോകം നന്നാക്കാൻ കഴിയുമെന്നാണ് അവർ ചിന്തിക്കുന്നത്.”—ഒരു സർവവിജ്ഞാനകോശം (Britannica Academic).
വീഗൻ ഭക്ഷണരീതി ഈ ഭൂമിയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണോ? ബൈബിൾ എന്താണ് പറയുന്നത്?
മനുഷ്യരെയും മൃഗങ്ങളെയും കുറിച്ചുള്ള നമ്മുടെ സ്രഷ്ടാവിന്റെ വീക്ഷണം
നമ്മുടെ സ്രഷ്ടാവായ യഹോവ a മനുഷ്യരെ മൃഗങ്ങളെക്കാൾ ഉയർന്നവരായിട്ടാണ് കാണുന്നതെന്നും മനുഷ്യർക്ക് അവയുടെമേൽ അധികാരം നൽകിയിരിക്കുന്നെന്നും ബൈബിൾ പറയുന്നു. (ഉൽപത്തി 1:27, 28) കാലക്രമേണ, മനുഷ്യർക്കു ഭക്ഷണത്തിനായി മൃഗങ്ങളെ ഉപയോഗിക്കാനുള്ള അനുവാദവും ദൈവം നൽകി. (ഉൽപത്തി 9:3) എന്നാൽ മൃഗങ്ങളെ ദ്രോഹിക്കുന്നത് ദൈവം അംഗീകരിക്കുന്നില്ല.—സുഭാഷിതങ്ങൾ 12:10.
ബൈബിൾ പറയുന്നതനുസരിച്ച്, മാംസം കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. b ഇക്കാര്യത്തിൽ നമ്മളെടുക്കുന്ന തീരുമാനം ദൈവം നമ്മളെ കാണുന്ന വിധത്തെ ബാധിക്കുന്നില്ല. (1 കൊരിന്ത്യർ 8:8) എന്തു കഴിക്കണമെന്ന കാര്യത്തിൽ ഒരാളെടുക്കുന്ന തീരുമാനത്തെ മറ്റൊരാൾ ചോദ്യംചെയ്യാൻ പാടില്ല.—റോമർ 14:3.
നല്ലൊരു ഭാവി സാധ്യമാണ്
നമ്മുടെ ജീവിതരീതികൊണ്ട് ലോകത്തിലെ പ്രശ്നങ്ങൾ മാറ്റാൻ കഴിയില്ല എന്ന് ബൈബിളിൽനിന്ന് മനസ്സിലാക്കാനാകും. പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം ലോകത്തിലെ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ കാര്യങ്ങളാണ്. അത് മനുഷ്യരുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന പ്രശ്നങ്ങളല്ല. ബൈബിൾ പറയുന്നു:
“വളഞ്ഞിരിക്കുന്നതു നേരെയാക്കാൻ സാധിക്കില്ല.”—സഭാപ്രസംഗകൻ 1:15.
നമ്മുടെ സ്രഷ്ടാവ് നമ്മൾ ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ദൈവം എന്താണ് ചെയ്യാൻപോകുന്നതെന്ന് ബൈബിളിൽ ആലങ്കാരികഭാഷയിൽ പറഞ്ഞിട്ടുണ്ട്.
“പിന്നെ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു. കടലും ഇല്ലാതായി.”—വെളിപാട് 21:1.
ദൈവം മനുഷ്യഗവൺമെന്റുകളെ അതായത്, ‘പഴയ ആകാശത്തെ’ നീക്കി ‘പുതിയ ആകാശത്തെ’ അതായത്, തന്റെ സ്വർഗീയ ഗവൺമെന്റ് കൊണ്ടുവരും. ഈ ഗവൺമെന്റ് ‘പഴയ ഭൂമിയെ’ അതായത്, ദുഷ്ടന്മാരായ മനുഷ്യരെ ഇല്ലാതാക്കും. എന്നിട്ട് തന്റെ അധികാരത്തിനു മനസ്സോടെ കീഴ്പെടുന്ന ആളുകളെ അതായത്, ‘പുതിയ ഭൂമിയുടെമേൽ’ ഭരിക്കും.
ദൈവരാജ്യത്തിന്റെ ഭരണത്തിലൂടെ മാത്രമേ മനുഷ്യർ പൂർണമായ അർഥത്തിൽ മൃഗങ്ങളോട് സമാധാനത്തിലായിരിക്കാനും പരിസ്ഥിതിയെ സ്നേഹിക്കാനും പഠിക്കുകയുള്ളൂ.—യശയ്യ 11:6-9.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
b ‘രക്തം ഒഴിവാക്കാൻ’ ബൈബിൾ നമ്മളോട് കൽപിക്കുന്നു. (പ്രവൃത്തികൾ 15:28, 29) അതിന്റെ അർഥം നമ്മൾ രക്തം കുടിക്കരുതെന്നും രക്തം വാർന്നുപോകാത്തതോ രക്തം ചേർത്തിട്ടുള്ളതോ ആയ ഭക്ഷണം ഒഴിവാക്കണമെന്നും ആണ്.