ഉണർന്നിരിക്കുക!
സോഷ്യൽ മീഡിയ ചെറുപ്പക്കാർക്ക് അപകടമെന്ന മുന്നറിയിപ്പ്—ബൈബിളിനു പറയാനുള്ളത്
സോഷ്യൽ മീഡിയ അനേകം ചെറുപ്പക്കാരെയും മോശമായി ബാധിക്കുന്നുണ്ടെന്ന് 2023 മെയ് 23-ന് അമേരിക്കയിലെ ഉന്നത ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി.
“സോഷ്യൽ മീഡിയ ചില കുട്ടികൾക്കും കൗമാരക്കാർക്കും പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും അതു കുട്ടികളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നു പല തെളിവുകളും സൂചിപ്പിക്കുന്നു.”—സോഷ്യൽ മീഡിയയും യുവജനങ്ങളുടെ മാനസികാരോഗ്യവും: യു.എസ്. സർജൻ ജനറലിന്റെ ഔദ്യോഗിക മുന്നറിയിപ്പ്, 2023.”
ഇതിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് ഈ ഔദ്യോഗിക മുന്നറിയിപ്പിലുണ്ടായിരുന്ന പഠനങ്ങൾ കാണിക്കുന്നു.
12 മുതൽ 15 വയസ്സു വരെ പ്രായമുള്ള കൗമാരക്കാർ “ഒരു ദിവസം മൂന്ന് മണിക്കൂറിലേറെ സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങൾക്കുള്ള സാധ്യത ഇരട്ടിയാണ്.”
14 വയസ്സുകാരിൽ, “സോഷ്യൽ മീഡിയ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഉറക്കക്കുറവും സൈബർ ബുള്ളിയിങ്ങും തങ്ങളെ കാണാൻ കൊള്ളില്ലെന്ന ചിന്തയും വിലകെട്ടവരാണെന്ന തോന്നലും വിഷാദത്തിന്റെ വലിയ ലക്ഷണങ്ങളും അനുഭവിക്കേണ്ടിവരുന്നു. ആൺകുട്ടികളെക്കാൾ ഇതു പെൺകുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്.”
ഈ അപകടങ്ങളിൽനിന്ന് മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സംരക്ഷിക്കാം. നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന ചില നിർദേശങ്ങൾ ബൈബിളിലുണ്ട്.
മാതാപിതാക്കൾക്ക് എന്തു ചെയ്യാം?
നിങ്ങളും ഉൾപ്പെടുക. സോഷ്യൽ മീഡിയയുടെ അപകടങ്ങളെക്കുറിച്ച് ചിന്തിച്ചശേഷം, കുട്ടി അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് മാതാപിതാക്കളായ നിങ്ങൾ തീരുമാനിക്കുക.
ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക.”—സുഭാഷിതങ്ങൾ 22:6.
കൂടുതൽ അറിയാൻ, “എന്റെ കുട്ടി സോഷ്യൽ മീഡിയ ഉപയോഗിക്കണോ?” (ഇംഗ്ലീഷ്) എന്ന ലേഖനവും “ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ കുട്ടികൾക്ക്?” എന്ന ലേഖനവും വായിക്കുക.
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിയെ അനുവദിക്കുന്നെങ്കിൽ, അതിന്റെ അപകടങ്ങളിൽ പെടാതിരിക്കാൻ സഹായിക്കുകയും കുട്ടി ഓൺലൈനായി ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങളുടെ ഒരു കണ്ണ് ഉണ്ടായിരിക്കുകയും വേണം. അത് എങ്ങനെ ചെയ്യാം?
മോശമായ കാര്യങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുക. അത്തരം കാര്യങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും കുട്ടിയെ പരിശീലിപ്പിക്കണം.
ബൈബിൾതത്ത്വം: “ലൈംഗിക അധാർമികത, എതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല. . . . നാണംകെട്ട പെരുമാറ്റം, മൗഢ്യസംസാരം, അശ്ലീലഫലിതം ഇങ്ങനെ നിങ്ങൾക്കു ചേരാത്തതൊന്നും പാടില്ല.”—എഫെസ്യർ 5:3, 4.
നിങ്ങളെ സഹായിക്കുന്ന വിവരങ്ങൾ അറിയാൻ “സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക” (ഇംഗ്ലീഷ്) എന്ന ലേഖനം വായിക്കുക.
പരിധികൾ വെക്കുക. ഉദാഹരണത്തിന് എപ്പോൾ, എത്ര നേരം നിങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്ന കാര്യത്തിൽ നിയമങ്ങൾ വെക്കുക.
ബൈബിൾതത്ത്വം: “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; . . . ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:15, 16.
പരിധികൾ വെക്കേണ്ടതിന്റെ പ്രാധാന്യം കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കാൻ സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന ബോർഡിലെ രേഖാചിത്രീകരണം നിങ്ങളെ സഹായിക്കും.