ഉണർന്നിരിക്കുക!
സ്കൂളിലെ വെടിവെപ്പുകൾ—ബൈബിൾ എന്താണ് പറയുന്നത്?
2022 മെയ് 24-ന്, ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ദുരന്തം യു.എസ്.എ.-യിലെ ടെക്സസിലുള്ള യൂവാൽഡീ എന്ന ചെറിയ നഗരത്തിൽ സംഭവിച്ചു. ദ ന്യൂയോർക്ക് ടൈംസ് എന്ന പത്രം റിപ്പോർട്ട് ചെയ്തതനുസരിച്ച് ‘റോബ് എലിമെന്ററി സ്കൂളിലെ 19 കുട്ടികളെയും രണ്ട് ടീച്ചർമാരെയും ഒരാൾ വെടിവെച്ച് കൊന്നു.’
നമ്മളെ വേദനിപ്പിക്കുന്ന ഇത്തരം വാർത്തകൾ തുടരെത്തുടരെ കേട്ടുകൊണ്ടിരിക്കുകയാണ്. യുഎസ്എ ടുഡേ എന്ന പത്രത്തിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഐക്യനാടുകളിൽ മാത്രം “249 വെടിവെപ്പുകളാണ് സ്കൂളുകളിൽ നടന്നിട്ടുള്ളത്. കുറഞ്ഞത് 1970 മുതലുള്ള കണക്കുനോക്കിയാൽ ഏറ്റവും കൂടുതൽ വെടിവെപ്പുകൾ നടന്നിട്ടുള്ളത് കഴിഞ്ഞ വർഷമാണ്.”
അങ്ങേയറ്റം ദുഃഖകരമായ ഇത്തരം കാര്യങ്ങൾ നടക്കുന്നത് എന്തുകൊണ്ടാണ്? ഇതൊക്കെ സംഭവിക്കുമ്പോൾ നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാം? ഇത്തരം ക്രൂരതകൾക്ക് എന്നെങ്കിലും ഒരു അവസാനമുണ്ടോ? ബൈബിളിന്റെ ഉത്തരം നോക്കുക.
എന്തുകൊണ്ടാണ് ലോകത്ത് അക്രമം കൂടിക്കൂടി വരുന്നത്?
നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തെ ‘അവസാനകാലം’ എന്നാണ് ബൈബിൾ വിളിക്കുന്നത്. ഈ കാലത്ത് ജീവിക്കുന്ന പല ആളുകളും “സഹജസ്നേഹമില്ലാത്തവരും” “ക്രൂരന്മാരും” ആയിരിക്കും. അവർ വളരെ നിഷ്ഠൂരമായി പ്രവർത്തിക്കും. അവരുടെ സ്വഭാവം “അടിക്കടി അധഃപതിക്കും.” (2 തിമൊഥെയൊസ് 3:1-5, 13) ഇതെക്കുറിച്ച് കൂടുതൽ അറിയാൻ, “ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?” എന്ന ലേഖനം കാണുക.
പല ആളുകളും ചിന്തിക്കുന്നുണ്ടാകും, ‘സ്കൂൾ വെടിവെപ്പുപോലുള്ള ഇത്തരം ദുരന്തങ്ങൾ എന്തുകൊണ്ടാണ് ദൈവം തടയാത്തത്?’ ബൈബിളിന്റെ ഉത്തരം അറിയാൻ “നല്ലവർ ദുരിതം അനുഭവിക്കുന്നു—എന്തുകൊണ്ട്?” എന്ന ലേഖനം വായിക്കുക.
നമ്മളെ പേടിപ്പിക്കുന്ന കാര്യങ്ങൾ നടക്കുമ്പോൾ എങ്ങനെ പിടിച്ചുനിൽക്കാം?
‘മുമ്പ് എഴുതിയിട്ടുള്ളതെല്ലാം നമുക്കുവേണ്ടിയാണ്. അതായത്, നമ്മളെ പഠിപ്പിക്കാനും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താൽ നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.’—റോമർ 15:4.
ക്രൂരത നിറഞ്ഞ ഈ ലോകത്ത് മുന്നോട്ടുപോകാൻ, ബൈബിൾ പറയുന്ന കാര്യങ്ങൾ നമ്മളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് “ക്രൂരത എന്നെങ്കിലും അവസാനിക്കുമോ?” (ഇംഗ്ലീഷ്) എന്ന വിഷയത്തിലുള്ള ഉണരുക! മാസിക കാണുക.
പേടിപ്പെടുത്തുന്ന വാർത്തകൾ മക്കളെ ബാധിക്കാതിരിക്കാൻ മാതാപിതാക്കൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ “വാർത്തകൾ ടെൻഷൻ കൂട്ടുമ്പോൾ; നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാം?” എന്ന ലേഖനത്തിലുണ്ട്.
അക്രമം എന്നെങ്കിലും അവസാനിക്കുമോ?
“അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:14.
“അവർ അവരുടെ വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും. ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.”—മീഖ 4:3.
മനുഷ്യർക്ക് മാറ്റം വരുത്താൻ പറ്റാത്ത കാര്യങ്ങൾ ദൈവം ചെയ്യും. ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റ് എല്ലാ ആയുധങ്ങളും അക്രമങ്ങളും ഇവിടെനിന്ന് നീക്കിക്കളയും. ദൈവത്തിന്റെ ഈ ഗവൺമെന്റ് ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ “ദൈവരാജ്യത്തിൽ ‘സമാധാനസമൃദ്ധിയുണ്ടാകും’” എന്ന ലേഖനം വായിക്കുക.