സ്ത്രീകളുടെ സുരക്ഷ—ദൈവത്തിന്റെ വീക്ഷണം
ലോകമെങ്ങുമായി ലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ആണ് മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുള്ളത്. നിങ്ങൾ അവരിൽ ഒരാളാണോ? എങ്കിൽ ഓർക്കുക, നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ദൈവത്തിനു വളരെയധികം ചിന്തയുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇക്കാര്യത്തിൽ ദൈവം എന്താണ് ചെയ്യാൻപോകുന്നത്?
“കുട്ടിയായിരുന്നപ്പോൾ എന്റെ സഹോദരൻ എല്ലാ ദിവസവുംതന്നെ എന്നെ ഉപദ്രവിക്കുകയും ഓരോന്ന് പറഞ്ഞ് എന്നെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യുമായിരുന്നു. വിവാഹത്തിനു ശേഷം എന്റെ അമ്മായിയമ്മ ആ ഉപദ്രവം തുടർന്നു. അമ്മായിയമ്മയും അമ്മായിയപ്പനും എന്നെ ഒരു അടിമയെപ്പോലെയാണ് കണ്ടത്. ആത്മഹത്യ ചെയ്താലോ എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്.”—മധു, a ഇന്ത്യ.
“സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇന്ന് ലോകത്ത് തികച്ചും സാധാരണമായിരിക്കുകയാണ്” എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കണക്കനുസരിച്ച് ഏകദേശം മൂന്നിൽ ഒരു സ്ത്രീക്ക് ജീവിതത്തിൽ ഏതെങ്കിലും ഒരു സമയത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം അനുഭവിക്കേണ്ടിവരുന്നു.
നിങ്ങൾക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ എവിടെപ്പോയാലും നിങ്ങളുടെ ഉള്ളിൽ എപ്പോഴും ഒരു ഭയം ഉണ്ടായിരുന്നേക്കാം, ആരെങ്കിലും ഇനിയും നിങ്ങളെ വാക്കുകൾകൊണ്ട് വേദനിപ്പിക്കുമോ അല്ലെങ്കിൽ ശാരീരികമോ ലൈംഗികമോ ആയി ആക്രമിക്കുമോ എന്ന ഭയം. ഒരു സ്ത്രീയാണ് എന്നതിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന അക്രമവും ദുഷ്പെരുമാറ്റവും കാണുമ്പോൾ, സ്ത്രീകളെ ആളുകൾ ഒരു വിലയുമില്ലാത്തവരായാണ് വീക്ഷിക്കുന്നതെന്നു നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ദൈവത്തിന് അങ്ങനെയാണോ?
ദൈവം സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്?
തിരുവെഴുത്ത്: ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.’—ഉൽപത്തി 1:27.
അർഥം: ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് ദൈവമാണ്. ആദരവ് അർഹിക്കുന്നവരായിട്ടാണ് ദൈവം രണ്ടു കൂട്ടരെയും കാണുന്നത്. അതുപോലെ, ഭർത്താവ് “ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. അല്ലാതെ ഉപദ്രവിച്ചുകൊണ്ടോ പരുഷമായ വാക്കുകൾ ഉപയോഗിച്ചുകൊണ്ടോ ഭാര്യയെ തന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയല്ല ചെയ്യേണ്ടത്. (എഫെസ്യർ 5:33; കൊലോസ്യർ 3:19) അതെ, സ്ത്രീകളുടെ സുരക്ഷയ്ക്ക് ദൈവം വളരെയധികം പ്രാധാന്യം കൊടുക്കുന്നു.
“കുട്ടിയായിരുന്നപ്പോൾ എനിക്ക് ബന്ധുക്കളിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നു. 17-ാമത്തെ വയസ്സിൽ എന്റെ തൊഴിലുടമ അയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മുതിർന്നുവന്നപ്പോൾ ഭർത്താവും മാതാപിതാക്കളും അയൽക്കാരും എന്നെ വിലകെട്ടവരായി കണ്ടു. പിന്നീട് ഞാൻ സ്രഷ്ടാവായ യഹോവയെക്കുറിച്ച് b പഠിച്ചു. ദൈവം സ്ത്രീകളെ ബഹുമാനിക്കുന്നെന്നു ഞാൻ മനസ്സിലാക്കി. എന്നെ ദൈവം സ്നേഹിക്കുന്നുണ്ടെന്നും വിലപ്പെട്ടവളായിട്ടാണ് കാണുന്നതെന്നും അങ്ങനെ എനിക്ക് ഉറപ്പായി.”—മരിയ, അർജന്റീന.
മനസ്സിനേറ്റ മുറിവ് ഉണങ്ങാൻ നിങ്ങളെ എന്തു സഹായിക്കും?
തിരുവെഴുത്ത്: “കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”—സുഭാഷിതങ്ങൾ 18:24.
അർഥം: ഒരു യഥാർഥ സുഹൃത്തിനു നിങ്ങളെ സഹായിക്കാനാകും. ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു വ്യക്തിയോട് നിങ്ങളുടെ മനസ്സിലുള്ളതെല്ലാം തുറന്നുപറയാം.
“ഞാൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുള്ള കാര്യം 20 വർഷത്തോളം ആരോടും പറഞ്ഞില്ല. അതുകൊണ്ട് എപ്പോഴും ഉത്കണ്ഠയും വിഷാദവും ആയിരുന്നു. ഒരു സന്തോഷവുമില്ലാത്ത കാലമായിരുന്നു അത്. എന്നാൽ അവസാനം എന്നെ കേൾക്കാൻ മനസ്സുള്ള ഒരാളോട് എല്ലാം ഞാൻ തുറന്നുപറഞ്ഞു. അപ്പോൾ എനിക്ക് എത്ര ആശ്വാസം കിട്ടിയെന്നോ.”—ഇലിഫ്, തുർക്കിയെ.
തിരുവെഴുത്ത്: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
അർഥം: നിങ്ങൾ പ്രാർഥിക്കുമ്പോൾ ദൈവം ശരിക്കും ശ്രദ്ധിക്കുന്നു. (സങ്കീർത്തനം 55:22; 65:2) ദൈവത്തിന് നിങ്ങളെക്കുറിച്ച് കരുതലുണ്ട്. അതുകൊണ്ട് നിങ്ങൾ എത്ര വിലപ്പെട്ടവരാണെന്ന് മനസ്സിലാക്കാൻ ദൈവത്തിന് നിങ്ങളെ സഹായിക്കാനാകും.
“യഹോവയെക്കുറിച്ച് പഠിച്ചപ്പോൾ എന്റെ മനസ്സിനേറ്റ ആഴമായ മുറിവുകൾ പതിയെപ്പതിയെ ഉണങ്ങാൻതുടങ്ങി. ഇപ്പോൾ എനിക്ക് ദൈവത്തോട് എന്റെ മനസ്സിലുള്ളതെല്ലാം പറഞ്ഞ് പ്രാർഥിക്കാനാകുന്നു. ദൈവം എന്റെ വികാരങ്ങളെല്ലാം മനസ്സിലാക്കുന്ന നല്ലൊരു സുഹൃത്താണ്.”—അന, ബെലീസ്.
സ്ത്രീകൾക്ക് എതിരെയുള്ള ദുഷ്പെരുമാറ്റം ദൈവം എന്നെങ്കിലും അവസാനിപ്പിക്കുമോ?
തിരുവെഴുത്ത്: ‘യഹോവ അനാഥർക്കും തകർന്നിരിക്കുന്നവർക്കും ന്യായം നടത്തിക്കൊടുക്കും. പിന്നെ, ഭൂവാസിയായ മർത്യൻ അവരെ പേടിപ്പിക്കില്ല.’—സങ്കീർത്തനം 10:17, 18.
അർഥം: സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമവും ക്രൂരതയും ഉൾപ്പെടെ എല്ലാ അനീതിയും ദൈവം പെട്ടെന്നുതന്നെ ഇല്ലാതാക്കും.
“സ്ത്രീകൾക്കും കൊച്ചുപെൺകുട്ടികൾക്കും എതിരെയുള്ള ദുഷ്പെരുമാറ്റം ദൈവം പെട്ടെന്നുതന്നെ ഇല്ലാതാക്കും എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഇപ്പോൾ എനിക്ക് നല്ല മനസ്സമാധാനമുണ്ട്.”—റോബർട്ട, മെക്സിക്കോ.
ബൈബിൾ നൽകുന്ന പ്രത്യാശ എന്താണ്? ബൈബിളിലെ വാഗ്ദാനങ്ങൾ വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? ഇന്ന് യഹോവയുടെ സാക്ഷികൾക്ക് ബൈബിൾ ഉപയോഗിച്ച് നിങ്ങളെ എങ്ങനെ സഹായിക്കാനാകും? ഇതെക്കുറിച്ചൊക്കെ അറിയാൻ, ആരെങ്കിലും നിങ്ങളെ സന്ദർശിക്കണമെങ്കിൽ എന്ന ഭാഗം കാണുക. ആ സന്ദർശനം തികച്ചും സൗജന്യമാണ്.
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.