ആസ്റ്റർ പാർക്കർ | ജീവിതകഥ
ജീവിതം മുഴുവനായി യഹോവയ്ക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു
പപ്പയും മമ്മിയും എന്നെ ചെറുപ്പത്തിൽത്തന്നെ സത്യം പഠിപ്പിച്ചിരുന്നു. അതിന് എനിക്ക് അവരോട് ഒരുപാടു നന്ദിയുണ്ട്. നഷ്ടപ്പെട്ട പറുദീസയിൽനിന്ന് തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിലെ ചിത്രങ്ങളും കഥകളും ഉപയോഗിച്ച് യഹോവയെ സ്നേഹിക്കാൻ അവർ എന്നെ പഠിപ്പിച്ചു. പഠിച്ച കാര്യങ്ങളെക്കുറിച്ച് അടുത്ത വീട്ടിലെ കുട്ടികളോടും എന്റെ വല്യപ്പച്ചൻ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തോടും പറയാൻ എനിക്ക് വലിയ ആവേശമായിരുന്നു. ഞങ്ങളുടെ വീട്ടിൽ നല്ലൊരു ആത്മീയദിനചര്യ ഉണ്ടായിരുന്നു. അതുകൊണ്ട് എറിട്രിയയിലെ അസ്മാറയിൽനിന്നും ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്കു താമസം മാറിയപ്പോൾ അതിനോടു പൊരുത്തപ്പെടാൻ ഞങ്ങൾക്ക് എളുപ്പമായി.
ചെറുപ്പമായിരുന്നപ്പോൾമുതലേ ഞാൻ സത്യത്തെ സ്നേഹിച്ചു. യഹോവയ്ക്ക് എന്നെത്തന്നെ സമർപ്പിക്കാനും സ്നാനമേൽക്കാനും എനിക്ക് ആഗ്രഹംതോന്നി. അങ്ങനെ 13-ാമത്തെ വയസ്സിൽ ഞാൻ ആ ലക്ഷ്യത്തിലെത്തി. എനിക്ക് 14 വയസ്സായപ്പോൾ ഹെൽയെ ലിങ് a സഹോദരൻ എന്നോട് മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ പപ്പയും മമ്മിയും താത്കാലിക പയനിയർമാരായി സേവിക്കുകയായിരുന്നു (ഇപ്പോഴത്തെ സഹായ മുൻനിരസേവകർ). എങ്കിലും സാധാരണ മുൻനിരസേവനം എന്താണെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. പക്ഷേ ലിങ് സഹോദരൻ ചോദിച്ച ആ ചോദ്യം എന്റെ മനസ്സിൽ മായാതെ കിടന്നു. അപ്പോൾമുതൽ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ആഗ്രഹം എനിക്കു തോന്നിത്തുടങ്ങി.
ഉപദ്രവങ്ങളെ നേരിടാൻ ഒരുങ്ങി
1974-ൽ ഇത്യോപ്യയിൽ ചില രാഷ്ട്രീയപ്രശ്നങ്ങൾ തലപൊക്കി. അത് കലാപത്തിനും അറസ്റ്റുകൾക്കും കൊലപാതകങ്ങൾക്കും കാരണമായി. അങ്ങനെ ഞങ്ങൾക്ക് വീടുതോറും പ്രസംഗിക്കാനും വലിയ കൂട്ടങ്ങളായി ഒരുമിച്ചുകൂടാനും കഴിയാതെവന്നു. എന്റെ പപ്പയും മമ്മിയും, ഞങ്ങൾ കുട്ടികളെ ഭാവിയിൽ കൂടുതലായി വരാൻ സാധ്യതയുള്ള എതിർപ്പുകൾ നേരിടാൻ ഒരുക്കി. ക്രിസ്തീയ നിഷ്പക്ഷതയുടെ അർഥം എന്താണെന്നു മനസ്സിലാക്കാൻ ബൈബിൾതത്ത്വങ്ങൾ ഞങ്ങളെ സഹായിച്ചു. ഞങ്ങളെ ചോദ്യം ചെയ്യുകയാണെങ്കിൽ എന്തു പറയണമെന്ന് അറിയാൻ യഹോവ ഞങ്ങളെ സഹായിക്കുമെന്നും അതുപോലെ ചിലപ്പോഴൊക്കെ മൗനംപാലിക്കേണ്ടി വരുമെന്നും ഞങ്ങൾ പഠിച്ചു.—മത്തായി 10:19; 27:12, 14.
എന്റെ സ്കൂൾപഠനം അവസാനിച്ചശേഷം ഞാൻ ഇത്യോപ്യൻ എയർലൈൻസിൽ ജോലിക്കു കയറി. ഒരു ദിവസം രാവിലെ ജോലിക്കു ചെന്നപ്പോൾ എന്റെ സഹപ്രവർത്തകരെല്ലാം എന്നെ അഭിനന്ദിക്കാൻ തുടങ്ങി. ഗവൺമെന്റിന്റെ വാർഷികാചരണത്തിൽ പരേഡ് നയിക്കാൻ എന്നെയാണ് തിരഞ്ഞെടുത്തിരുന്നത്. പക്ഷേ ഞാൻ പെട്ടെന്നുതന്നെ എന്റെ സൂപ്പർവൈസറെ കണ്ട് സംസാരിച്ചു. എന്റെ ക്രിസ്തീയനിഷ്പക്ഷത കാരണം ഈ ആഘോഷത്തിൽ എനിക്കു പങ്കെടുക്കാനാകില്ല എന്നു പറഞ്ഞു.
അടുത്ത ദിവസം ഞാൻ എയർപോർട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ആയുധധാരികളായ കുറച്ച് ഉദ്യോഗസ്ഥർ ടിക്കറ്റ് എടുക്കുന്ന സ്ഥലത്തേക്കു നടന്നുവരുന്നതു കണ്ടു. ആദ്യം ഞാൻ വിചാരിച്ചു, രാജ്യം വിടാൻ ശ്രമിക്കുന്ന ആരെയെങ്കിലും അറസ്റ്റ് ചെയ്യാനായിരിക്കും അവർ വന്നതെന്ന്. പക്ഷേ പിന്നെ നോക്കിയപ്പോൾ അവർ എന്റെ നേരെ കൈ ചൂണ്ടുന്നത് കണ്ടു! ഞാൻ ഓർത്തു, ‘അവർ എന്തിനാണ് എന്റെ നേരെ കൈ ചൂണ്ടുന്നത്?’ അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ എല്ലാം തലകീഴ്മറിഞ്ഞു.
ജയിലിൽവെച്ച് സഹായം കിട്ടുന്നു
ഉദ്യോഗസ്ഥർ എന്നെ ഒരു ഓഫീസിൽ കൊണ്ടുപോയി മണിക്കൂറുകളോളം ചോദ്യം ചെയ്തു. “യഹോവയുടെ സാക്ഷികൾക്കു പണം കൊടുക്കുന്നത് ആരാണ്, നീ എറിട്രിയൻ വിമോചന മുന്നണിക്കുവേണ്ടി പ്രവർത്തിക്കുന്ന ആളാണോ, നീയോ നിന്റെ പപ്പയോ അമേരിക്കൻ ഗവൺമെന്റിനുവേണ്ടി പ്രവർത്തിക്കുന്നവരാണോ?” എന്നെല്ലാം അവർ ചോദിച്ചു. ഈ സമയത്ത് എനിക്കു നല്ല ടെൻഷൻ തോന്നേണ്ടതായിരുന്നു. പക്ഷേ യഹോവയുടെ സഹായത്തോടെ ശാന്തമായി നിൽക്കാൻ എനിക്കു കഴിഞ്ഞു.—ഫിലിപ്പിയർ 4:6, 7.
ചോദ്യം ചെയ്തുകഴിഞ്ഞ് ഉദ്യോഗസ്ഥർ എന്നെ ജയിലിലേക്കു കൊണ്ടുപോയി. ആ കെട്ടിടം മുമ്പ് ഒരു വീടായിരുന്നു. അവിടെ 300 ചതുരശ്ര അടി മാത്രം വലുപ്പമുള്ള ഒരു മുറിയിലാണ് എന്നെ ഇട്ടത്. ആ മുറിയിൽ ഞാൻ കൂടാതെ വേറെ 15 ചെറുപ്പക്കാരികളും ഉണ്ടായിരുന്നു. അവരെല്ലാം അവരുടെ രാഷ്ട്രീയനിലപാടുകളോ പ്രവർത്തനങ്ങളോ കാരണം തടവിലായതാണ്.
രാത്രിയായപ്പോഴും ഞാൻ എന്റെ ജോലിസ്ഥലത്തെ യൂണിഫോമിൽത്തന്നെ ആയിരുന്നു. തറയിൽ കിടന്ന് ഞാൻ വീട്ടുകാരെക്കുറിച്ച് ചിന്തിച്ചു. പപ്പയും മമ്മിയും സഹോദരങ്ങളും ഒക്കെ എന്നെക്കുറിച്ച് ഓർത്ത് വിഷമിക്കുകയായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത കാര്യം അവർ അറിഞ്ഞിട്ടുണ്ടാകും. പക്ഷേ ഞാൻ ഇപ്പോൾ എവിടെയാണെന്ന് അവർ അറിയാൻ സാധ്യതയില്ല. അതുകൊണ്ട് എന്നെ എവിടെയാണ് ഇട്ടിരിക്കുന്നതെന്ന് അവരെ അറിയിക്കേണമേ എന്നു ഞാൻ പ്രാർഥിച്ചു.
അടുത്ത ദിവസം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ അവിടെ കാവൽ നിൽക്കുന്നത് എനിക്കു പരിചയമുള്ള ഒരാളാണെന്നു മനസ്സിലായി. അദ്ദേഹം എന്നെ കണ്ട് ഞെട്ടിപ്പോയി. എന്നോടു ചോദിച്ചു: “ആസ്റ്റർ നീ എന്താണ് ഇവിടെ?” ഞാൻ എവിടെയാണെന്ന കാര്യം എന്റെ വീട്ടുകാരെ അറിയിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. ആ ദിവസം വൈകിട്ട് എനിക്ക് വീട്ടിൽനിന്ന് ഭക്ഷണവും വസ്ത്രവും കൊണ്ടുവന്നു. ആ കാവൽക്കാരൻ ഞാൻ എവിടെയാണെന്നുള്ള കാര്യം വീട്ടിൽ അറിയിച്ചിരുന്നു. യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരം തന്നു. ആ അനുഭവത്തിൽനിന്ന് ഒരു കാര്യം എനിക്കു മനസ്സിലായി, ഞാൻ തനിച്ചല്ല എന്ന്.
ജയിലിൽ ബൈബിളോ പ്രസിദ്ധീകരണങ്ങളോ ഒന്നും കൈവശം വെക്കാൻ അധികാരികൾ സമ്മതിച്ചിരുന്നില്ല. അതുപോലെ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒന്നും എന്നെ വന്നുകാണാനും അനുവാദമില്ലായിരുന്നു. എങ്കിലും സഹതടവുകാരിലൂടെ യഹോവ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ അവരോട് എല്ലാ ദിവസവും സാക്ഷീകരിക്കും. ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം കേട്ടത് അവർക്കു വലിയ ഇഷ്ടമായി. അവർ എന്നോടു മിക്കപ്പോഴും ഇങ്ങനെ പറയും: “ഞങ്ങൾ ഇവിടെ മനുഷ്യരുടെ ഗവൺമെന്റിനുവേണ്ടിയാണ് പോരാടുന്നത്. പക്ഷേ നീ പോരാടുന്നത് ദൈവത്തിന്റെ ഗവൺമെന്റിനുവേണ്ടിയാണ്. അവർ നിന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാൽപ്പോലും വിട്ടുവീഴ്ച ചെയ്യരുത്.”
ചിലപ്പോഴൊക്കെ കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥർ തടവുകാരെ ചോദ്യം ചെയ്യുകയോ അടിക്കുകയോ ഒക്കെ ചെയ്യും. ഒരു ദിവസം രാത്രി 11 മണിക്ക് അവർ എന്റെ അടുത്ത് വന്നു. എന്നെ ചോദ്യം ചെയ്യാനുള്ള മുറിയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് അവർ എന്റെ മേൽ കുറെ കുറ്റങ്ങൾ ആരോപിച്ചു, ഞാൻ ഗവൺമെന്റിനെ പിന്തുണയ്ക്കുന്നില്ല എന്നൊക്കെ. ഒരു രാഷ്ട്രീയമുദ്രാവാക്യം ആവർത്തിക്കാൻ ഞാൻ വിസമ്മതിച്ചപ്പോൾ രണ്ട് ഉദ്യോഗസ്ഥന്മാർ എന്നെ അടിച്ചു. എന്നെ പല പ്രാവശ്യം ഇങ്ങനെ ചോദ്യം ചെയ്തിട്ടുണ്ട്. ഓരോ തവണയും ഞാൻ യഹോവയോട് മുട്ടിപ്പായി പ്രാർഥിക്കും. അപ്പോഴെല്ലാം യഹോവ എന്നെ പിടിച്ചുനിൽക്കാൻ സഹായിച്ചു.
മൂന്നു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾക്കു കാവൽ നിന്നിരുന്ന ഒരു ഉദ്യോഗസ്ഥൻ വന്നിട്ട് എന്നെ വിട്ടയയ്ക്കുകയാണെന്നു പറഞ്ഞു. എനിക്ക് ആദ്യം സന്തോഷവും ആവേശവും ഒക്കെ തോന്നിയെങ്കിലും ചെറിയൊരു വിഷമവും ഉണ്ടായിരുന്നു. കാരണം മറ്റു തടവുകാരോട് ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു.
ജയിലിൽനിന്ന് മോചിതയായി ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് എന്റെ വീട്ടിലെ ചെറുപ്പക്കാരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി ചില ഉദ്യോഗസ്ഥർ വന്നു. അവർ എന്റെ രണ്ടു സഹോദരിമാരെയും ഒരു സഹോദരനെയും അറസ്റ്റ് ചെയ്തു. ആ സമയത്ത് എനിക്കു മനസ്സിലായി, ഞാൻ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന്. കുടുംബത്തെ വീണ്ടും പിരിയുന്നത് എനിക്കു വലിയ സങ്കടമായിരുന്നു. എങ്കിലും ധൈര്യത്തോടെയിരിക്കാനും യഹോവയിൽ ആശ്രയിക്കാനും പറഞ്ഞുകൊണ്ട് മമ്മി എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഒട്ടും താമസിക്കാതെ അവിടെനിന്ന് പോകാൻ ഞാൻ തീരുമാനിച്ചു. ഞാൻ അമേരിക്കയിലേക്കുള്ള ഫ്ലൈറ്റിൽ കയറി. ആ ദിവസം വൈകുന്നേരംതന്നെ എന്നെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി ഉദ്യോഗസ്ഥർ വീണ്ടും വന്നു. എന്നെ വീട്ടിൽ കാണാത്തതുകൊണ്ട് അവർ എയർപോർട്ടിലേക്കു കുതിച്ചു. പക്ഷേ അവർ എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഫ്ലൈറ്റ് പുറപ്പെട്ടുകഴിഞ്ഞിരുന്നു.
ഞാൻ മേരിലാൻഡിൽ എത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ ഹെയ്വുഡ് വാർഡ് സഹോദരനും ജോവാൻ സഹോദരിയും ഉണ്ടായിരുന്നു. എന്റെ പപ്പയെയും മമ്മിയെയും ബൈബിൾ പഠിപ്പിച്ച മിഷനറിമാരായിരുന്നു അവർ. അഞ്ചു മാസം കഴിഞ്ഞപ്പോൾ ഞാൻ മുൻനിരസേവനം എന്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നു. ആ മിഷനറിമാരുടെ മകളായ സിൻഡി ആയിരുന്നു എനിക്കു കൂട്ട്. ശുശ്രൂഷയിൽ നല്ലനല്ല അനുഭവങ്ങൾ ഞങ്ങൾക്കു കിട്ടി.
ബഥേൽസേവനത്തിൽ മുഴുകിയുള്ള ജീവിതം
1979-ലെ വേനൽക്കാലത്ത് ന്യൂയോർക്കിലെ ബഥേൽ സന്ദർശിച്ചപ്പോൾ ഞാൻ വെസ്ലി പാർക്കറെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ നല്ല ഗുണങ്ങളും ആത്മീയലക്ഷ്യങ്ങളും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. 1981-ൽ ഞങ്ങൾ വിവാഹിതരായി. പിന്നീട് ന്യൂയോർക്കിലെ വാൾക്കിലിലുള്ള ബഥേലിൽ വെസ്ലിയോടൊപ്പം സേവിക്കാൻ തുടങ്ങി. ആദ്യം ഹൗസ്കീപ്പിങിലും ഡ്രൈക്ലീനിങ് ഡിപ്പാർട്ടുമെന്റിലും ആയിരുന്നു. പിന്നീട് കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റിലെ മെപ്സ് ടീമിലായി. യഹോവയുടെ സേവനത്തിൽ മുഴുകാനും സഹോദരീസഹോദരന്മാരെ അടുത്തറിയാനും ബഥേൽസേവനം എനിക്ക് അവസരം നൽകി. ആ സഹോദരങ്ങൾ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്.
ഇത്യോപ്യയിലെ എന്റെ കുടുംബം ആ സമയത്തും കടുത്ത ഉപദ്രവങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അത് എന്നെ വളരെയധികം വിഷമിപ്പിച്ചു. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട എന്റെ മൂന്നു സഹോദരങ്ങൾ അപ്പോഴും ജയിലിലായിരുന്നു. b ജയിലിൽ ഭക്ഷണം കിട്ടാത്തതുകൊണ്ട് മമ്മി എന്നും ഭക്ഷണം ഉണ്ടാക്കി അവർക്കു കൊണ്ടുപോയി കൊടുക്കണമായിരുന്നു.
വിഷമിച്ചിരുന്ന ആ അവസരങ്ങളിലെല്ലാം യഹോവ എനിക്ക് അഭയവും ബഥേലിലെ സഹോദരങ്ങൾ എനിക്ക് ഒരു ആശ്വാസവും ആയിരുന്നു. (മർക്കോസ് 10:29, 30) ഒരു ദിവസം ജോൺ ബൂത്ത് സഹോദരൻ എന്നോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇവിടെ ബഥേലിൽ ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് ഒത്തിരി സന്തോഷമാണ്. യഹോവയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് ഇവിടെ സേവിക്കാൻ കഴിയുന്നത്.” c ഇത്യോപ്യ വിടാനുള്ള എന്റെ അന്നത്തെ തീരുമാനത്തിന്മേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു എന്ന് ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഉറപ്പായി. അതുകൊണ്ട് യഹോവ എന്റെ കുടുംബത്തെ ഉറപ്പായും സംരക്ഷിക്കും.
ഒരു കുടുംബമായി യഹോവയെ സേവിക്കുന്നു
1989 ജനുവരിയിൽ ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞു. ആദ്യം ഞങ്ങളൊന്ന് ഞെട്ടി. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ അമ്പരപ്പൊക്കെ മാറി ഞങ്ങൾക്ക് സന്തോഷം തോന്നി. എങ്കിലും ഞങ്ങൾക്ക് ചില ടെൻഷനൊക്കെ ഉണ്ടായിരുന്നു. എങ്ങനെ ഈ കുട്ടിയെ നല്ല രീതിയിൽ വളർത്തും, ബഥേലിൽനിന്ന് പോന്നുകഴിഞ്ഞാൽ എങ്ങനെ ജീവിക്കും, എവിടെ ജീവിക്കും എന്നൊക്കെ.
1989 ഏപ്രിൽ 15-ാം തീയതി ഞങ്ങൾ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് ഒറിഗണിലേക്കു പോയി. അവിടെ മുൻനിരസേവനം ചെയ്തുകൊണ്ട് മുഴുസമയസേവനം തുടരാനായിരുന്നു ഞങ്ങളുടെ പ്ലാൻ. അവിടെ എത്തി അധികം കഴിഞ്ഞില്ല, നല്ല ഉദ്ദേശ്യത്തോടെ ഞങ്ങളുടെ ചില സുഹൃത്തുക്കൾ ഞങ്ങളോട് ഇപ്പോൾ മുൻനിരസേവനം ചെയ്യുന്നത് നല്ല തീരുമാനമല്ല എന്നു പറഞ്ഞു. ഞങ്ങളുടെ കൈയിൽ സാമ്പത്തികമായി അധികമൊന്നും ഇല്ലായിരുന്നു, ഉടനെതന്നെ കുട്ടി ജനിക്കാനും പോകുന്നു. ഞങ്ങൾ ചിന്തിച്ചു, ‘ഇനി എന്തു ചെയ്യും?’ അപ്പോഴാണ് സഞ്ചാര മേൽവിചാരകനായ ഗൈ പിയേഴ്സും ഭാര്യ പെനിയും ഞങ്ങളെ സന്ദർശിച്ചത്. d മുൻനിരസേവനമെന്ന ലക്ഷ്യത്തിൽത്തന്നെ തുടരാൻ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. യഹോവ ഞങ്ങളെ സഹായിക്കുമെന്ന ഉറപ്പോടെ ഞങ്ങൾ മുൻനിരസേവനം ആരംഭിച്ചു. (മലാഖി 3:10) ആദ്യത്തെ മകൻ ലെമുവേലും രണ്ടാമത്തെ മകൻ ജേഡനും ജനിച്ചശേഷവും ഞങ്ങൾ മുൻനിരസേവനത്തിൽത്തന്നെ തുടർന്നു.
ഞങ്ങളുടെ കുട്ടികളോടൊത്ത് മുൻനിരസേവനം ചെയ്ത ആ സമയം ഞങ്ങൾ ശരിക്കും ആസ്വദിച്ച ഒരു കാലമായിരുന്നു. ആ സമയത്ത് മറ്റുള്ളവരോടും ഞങ്ങളുടെ മക്കളോടും ആത്മീയസത്യങ്ങൾ വിശദീകരിക്കാനുള്ള നല്ല കുറെ അവസരങ്ങൾ കിട്ടി. (ആവർത്തനം 11:19) എന്നാൽ ഞങ്ങളുടെ മൂന്നാമത്തെ മകൻ ജാഫെത്ത് ജനിച്ചപ്പോൾ ഞങ്ങൾക്ക് കുറച്ച് നാളത്തേക്ക് മുൻനിരസേവനം നിറുത്തേണ്ടിവന്നു.—മീഖ 6:8.
യഹോവയെ സേവിക്കാൻ ഞങ്ങൾ മക്കളെ പഠിപ്പിച്ചു
മക്കൾക്ക് ഓരോരുത്തർക്കും യഹോവ ഒരു യഥാർഥവ്യക്തിയാകുകയും യഹോവയുമായി നല്ലൊരു ബന്ധം ഉണ്ടാകുകയും വേണം, അതിനുവേണ്ടി അവരെ സഹായിക്കുക എന്നുള്ളതായിരുന്നു മാതാപിതാക്കളായ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. കുടുംബാരാധനയ്ക്കുവേണ്ടി അവർ നോക്കിയിരിക്കണം, അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അതു നടത്തണം. അതിനുവേണ്ടി ഞങ്ങൾ ശ്രമിച്ചു. അവർ തീരെ ചെറുപ്പമായിരുന്നപ്പോൾത്തന്നെ മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, എന്റെ ബൈബിൾ കഥാപുസ്തകം ഇതെല്ലാം ഞങ്ങൾ ഒരുമിച്ചിരുന്ന് വായിക്കുമായിരുന്നു. അതിലെ ചില കഥാപാത്രങ്ങളെയൊക്കെ ഞങ്ങൾ അഭിനയിക്കും. വീട്ടിലെ പെണ്ണായിട്ട് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇസബേലിന്റെ കഥ വന്നപ്പോൾ ഞാനായിരുന്നു ഇസബേൽ. എന്നെ സോഫയിൽനിന്ന് തള്ളി താഴെയിടാനും നായ്ക്കളായി അഭിനയിക്കാനും ഒക്കെ മക്കൾക്ക് ഇഷ്ടമായിരുന്നു. ഇനി കുടുംബാരാധനയ്ക്കു പുറമേ, വെസ്ലി മക്കൾ ഓരോരുത്തരോടുമൊപ്പം ബൈബിൾപഠനം നടത്തുമായിരുന്നു.
ഞങ്ങൾ മക്കളെ സ്നേഹിക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്തു. കുടുംബം ഒറ്റക്കെട്ടായി നിൽക്കാൻവേണ്ടി ഞങ്ങൾ പ്രാർഥിച്ചു. വളർന്നുവരവേ ഞങ്ങൾ അവരെ പല കാര്യങ്ങളും പഠിപ്പിച്ചു. അവർ പാത്രങ്ങളൊക്കെ കഴുകി, മുറിയെല്ലാം വൃത്തിയാക്കി, അവരുടെ തുണികളൊക്കെ അവർ അലക്കി. ഇനി, അവർ പാചകവും പഠിച്ചെടുത്തു.
കുട്ടികൾ മാത്രമല്ല ഞങ്ങളും പല കാര്യങ്ങളും പഠിച്ചു. ചില സമയത്തൊക്കെ ഞാനും വെസ്ലിയും തമ്മിലോ അല്ലെങ്കിൽ മക്കളോടോ ദേഷ്യപ്പെടുകയും ദയയില്ലാതെ സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ താഴ്മയോടെ ക്ഷമ ചോദിക്കുമായിരുന്നു.
സഭയിലെ സഹോദരങ്ങളെയും അവിടെ വരുന്ന ബഥേലംഗങ്ങളെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്ന സഹോദരങ്ങളെയും ഒക്കെ ഇടയ്ക്കിടെ ഞങ്ങൾ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. (റോമർ 12:13) അവരൊക്കെ വീട്ടിൽ വരുമ്പോൾ ഞങ്ങൾ കുട്ടികളെ വേറെ മുറിയിലേക്ക് കളിക്കാൻവേണ്ടി വിടില്ല. അവർ ഞങ്ങളുടെ കൂടെത്തന്നെ ഇരുന്ന് സഹോദരങ്ങളുടെ അനുഭവങ്ങൾ ഒക്കെ കേൾക്കും. അവർ പറഞ്ഞ കാര്യങ്ങൾ ഞാനും വെസ്ലിയും ഓർത്തിരിക്കുന്നതിനെക്കാൾ കൂടുതൽ ഓർത്തിരിക്കുന്നത് പിള്ളേരായിരിക്കും.
യഹോവയെ സേവിക്കുന്നത് സന്തോഷമുള്ളതാക്കാൻവേണ്ടി ഞങ്ങൾ പല കാര്യങ്ങളും ചെയ്തു. ഉദാഹരണത്തിന്, മറ്റു രാജ്യങ്ങളിലേക്ക് ടൂർ പോകുന്നതിനുവേണ്ടി ഞങ്ങൾ കാര്യങ്ങളെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്യും. അതിനുവേണ്ടി പണവും ലീവും എല്ലാം സൂക്ഷിക്കും. ഓരോ യാത്രയിലും ഞങ്ങൾ അവിടത്തെ ബ്രാഞ്ചോഫീസ് സന്ദർശിക്കും, മീറ്റിങ്ങുകൾക്കു പോകും. ഇനി, ശുശ്രൂഷയിലും പങ്കെടുക്കും. ഇങ്ങനെയെല്ലാം ചെയ്തപ്പോൾ യഹോവയുടെ സംഘടനയോടുള്ള ഞങ്ങളുടെ വിലമതിപ്പു കൂടി. ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ സ്നേഹവും ശക്തമായി.
ദൈവസേവനത്തിൽ മുഴുകിയുള്ള ജീവിതം തുടരുന്നു
ഞങ്ങളുടെ പ്രദേശത്ത് സ്പാനിഷ് സംസാരിക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അവർക്ക് സത്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ അവസരം ലഭിച്ചിരുന്നില്ല. ഞങ്ങളുടെ കുട്ടികൾ അപ്പോഴും ചെറുപ്പമായിരുന്നു. ‘ഞങ്ങൾ കുടുംബത്തോടെ സ്പാനിഷ് സഭയിലേക്കു മാറുന്നതിനെക്കുറിച്ച് പിയേഴ്സ് സഹോദരന്റെ അഭിപ്രായം എന്താണ്?’ എന്ന് ഞങ്ങൾ അദ്ദേഹത്തോടു ചോദിച്ചു. നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരു മീൻപിടുത്തക്കാരനാണെങ്കിൽ മീൻ ഉള്ളിടത്തേക്കു പോകുക.” അങ്ങനെ ഞങ്ങൾ ഒറിഗണിലെ വുഡ്ബേണിലുള്ള സ്പാനിഷ് സഭയിലേക്കു മാറി. അവിടെ ഞങ്ങൾ പുരോഗമിക്കുന്ന പല ബൈബിൾപഠനങ്ങളും നടത്തി, സ്നാനമേൽക്കാൻ ചിലരെ സഹായിച്ചു. അതുപോലെ ചെറിയ ഒരു സ്പാനിഷ് ഗ്രൂപ്പ് സഭയായി വളരുന്നത് കാണുന്നതിന്റെ സന്തോഷവും ഞങ്ങൾ ആസ്വദിച്ചു.
ഒരിക്കൽ വെസ്ലിക്ക് ജോലി നഷ്ടപ്പെട്ടു. പുതിയ ജോലിക്കുവേണ്ടി ഞങ്ങൾക്ക് കാലിഫോർണിയയിലേക്കു മാറേണ്ടിവന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ലെമുവേലും ജേഡനും ഞാനും മുൻനിരസേവനം ആരംഭിച്ചു. 2007-ൽ ഞങ്ങൾ ഒരുമിച്ച് മുൻനിരസേവനസ്കൂളിൽ പങ്കെടുത്തു. മുൻനിരസേവനസ്കൂൾ കഴിഞ്ഞ് അധികംവൈകാതെ അറബി സംസാരിക്കുന്ന ധാരാളം പേർ ഞങ്ങളുടെ പ്രദേശത്ത് ഉണ്ടെന്ന് ഞങ്ങൾക്കു മനസ്സിലായി. അങ്ങനെ, സ്പാനിഷ് ഭാഷയിലുള്ള 13 വർഷത്തെ സേവനത്തിനു ശേഷം അറബി ഭാഷയിലുള്ള സഭയിലേക്കു ഞങ്ങൾ മാറി. അവിടെ വന്നുതാമസിക്കുന്ന അറബിക്കാരോട് ഞങ്ങൾ സാക്ഷീകരിച്ചു. കൂടാതെ, പ്രത്യേക പ്രചാരണപരിപാടിയുടെ സമയത്ത് മറ്റു രാജ്യങ്ങളിൽ പോയി അറബി സംസാരിക്കുന്നവരോടും സാക്ഷീകരിക്കുമായിരുന്നു. ഞങ്ങൾ ഇപ്പോൾ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോയിലെ അറബി ഭാഷാ വയലിൽ മുൻനിരസേവനം ചെയ്യുന്നതിൽ തുടരുന്നു.
വെസ്ലി നല്ലൊരു ഭർത്താവും കുടുംബനാഥനും ആണ്. യഹോവയുടെ സംഘടനയെ അദ്ദേഹം വളരെയധികം വിലമതിക്കുന്നു. ബഥേലിനെക്കുറിച്ചോ സഭയുടെ ക്രമീകരണങ്ങളെക്കുറിച്ചോ അദ്ദേഹം ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. പകരം, നല്ല കാര്യങ്ങളാണ് എപ്പോഴും പറയുന്നത്. അദ്ദേഹം എനിക്കുവേണ്ടിയും എന്നോടൊപ്പവും പ്രാർഥിച്ചു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രാർഥനകൾ എനിക്കൊരു ആശ്വാസമായിരുന്നു, ശാന്തമായി നിൽക്കാൻ അത് എന്നെ സഹായിച്ചു.
പിന്തിരിഞ്ഞുനോക്കുമ്പോൾ മുഴുസമയസേവനവും കുട്ടികളെ വളർത്തുന്നതും ആവശ്യം അധികമുള്ള സഭകളിൽ സേവിക്കുന്നതും എല്ലാം ഞങ്ങൾ ശരിക്കും ആസ്വദിച്ചെന്നു പറയാനാകും. യഹോവയെ ഒന്നാമതു വെക്കുന്നവരെ യഹോവ അനുഗ്രഹിക്കുമെന്നത് ഞങ്ങൾക്കു കാണാനായി. ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടായിട്ടില്ല. (സങ്കീർത്തനം 37:25) ജീവിതം മുഴുവനായി യഹോവയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചതാണ് ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് എനിക്ക് ഇപ്പോൾ ബോധ്യമായി.—സങ്കീർത്തനം 84:10.
a ഇത്യോപ്യയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന കെനിയ ബ്രാഞ്ചോഫീസിൽ ലിങ് സഹോദരൻ സേവിച്ചിരുന്നു.
b നാലു വർഷങ്ങൾക്കു ശേഷം എന്റെ സഹോദരങ്ങൾ ജയിൽ മോചിതരായി.
c 1996-ൽ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കുന്നതുവരെ ബൂത്ത് സഹോദരൻ ഒരു ഭരണസംഘാംഗമായി സേവിച്ചു.
d പിന്നീട്, 2014-ൽ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കുന്നതുവരെ പിയേഴ്സ് സഹോദരൻ ഒരു ഭരണസംഘാംഗമായി സേവിച്ചു.