ഇർമ ബെന്റിവോളി | ജീവിതകഥ
“എല്ലാ നല്ല ദാനങ്ങളും” തരുന്നവനെ സേവിക്കുന്നു
ബോംബാക്രമണ മുന്നറിയിപ്പിന്റെ സൈറനുകൾ ഉറക്കെ മുഴങ്ങി. എന്റെ കുഞ്ഞനിയനെയും കൈകളിൽ എടുത്ത്, എന്നെയും കൂട്ടി അമ്മ അടുത്തുള്ള ഒരു തോട്ടത്തിലെ മരത്തിന് അടിയിൽ പോയി ഒളിച്ചു. അന്ന് എനിക്ക് വെറും ആറു വയസ്സ്.
ബോംബാക്രമണം അവസാനിച്ചപ്പോൾ ഞാൻ എന്റെ അമ്മയുടെകൂടെ അമ്മയുടെ ഒരു അടുത്ത സുഹൃത്തിനെ അന്വേഷിച്ച് പോയി. ആ സുഹൃത്ത് ആ ആക്രമണത്തിനിടെ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് അതു വിശ്വസിക്കാനായില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അടുത്ത ബോംബാക്രമണമുണ്ടായി. അത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, പപ്പ എന്നെ സൈക്കിളിന്റെ മുന്നിൽ ഇരുത്തി കഴിയുന്നത്ര വേഗത്തിൽ നഗരത്തിനു വെളിയിലേക്ക് ഓടിച്ചുകൊണ്ടുപോയത്.
രണ്ടാം ലോകമഹായുദ്ധം ഇറ്റലി മുഴുവൻ പൊട്ടിപ്പുറപ്പെട്ടു. ആ നാളുകൾ ഇപ്പോഴും വ്യക്തമായി എന്റെ മനസ്സിലുണ്ട്. എങ്കിലും എന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്, ചെറുപ്പംമുതലേ യഹോവയെ അറിയുകയും സ്നേഹിക്കുകയും ചെയ്തിരുന്നവരുടെ കൂടെയായിരുന്നതാണ്.
സത്യം എന്ന സമ്മാനം
1936-ലെ ശൈത്യകാലത്ത്, ഞാൻ ജനിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ്, എന്റെ പപ്പ റെയിൽവേയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വിൻചെൻസോ ആർട്ടൂസി എന്ന ഒരാളുണ്ടായിരുന്നു. ആ സമയത്ത് സ്നാനമേറ്റിട്ടില്ലായിരുന്നെങ്കിലും അദ്ദേഹം ബൈബിൾസത്യത്തെ വളരെയധികം സ്നേഹിച്ചിരുന്നു. റെയിൽവേ ട്രാക്കിൽനിന്ന് മഞ്ഞു നീക്കംചെയ്യുന്ന സമയങ്ങളിൽ അദ്ദേഹം പഠിക്കുന്ന കാര്യങ്ങളൊക്കെ എന്റെ പപ്പയോട് പറയുമായിരുന്നു.
ഇതാണ് സത്യമെന്ന് എന്റെ പപ്പ പെട്ടെന്നുതന്നെ മനസ്സിലാക്കി. പപ്പയും ഫേൻസ പട്ടണത്തിലെ മറ്റു ചിലരും അതെക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. അന്നൊക്കെ ഫാസിസ്റ്റ് പീഡനം കാരണം സാക്ഷികൾക്ക് പരസ്യമായി യോഗങ്ങൾ നടത്താൻ കഴിയില്ല. അതുപോലെ ബൈബിൾപ്രസിദ്ധീകരണങ്ങൾ കൈയിൽ വെച്ചാൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ചില സാക്ഷികൾ അപ്പോൾ ജയിലിലായിരുന്നു. അതുകൊണ്ട് എന്റെ പപ്പയും കൂട്ടുകാരും ബൈബിൾ വായിക്കാനും അവരുടെ കൈയിലുള്ള പ്രസിദ്ധീകരണങ്ങൾ പഠിക്കാനും ഒക്കെയായി നാട്ടിൻപുറത്തുള്ള ഒറ്റപ്പെട്ട വീടുകളിലാണ് കൂടിവന്നിരുന്നത്. അതുപോലെ കുടുംബം ഒരുമിച്ച് ബൈബിൾ പഠിക്കുന്നതിനായി പപ്പ ആഴ്ചയിൽ ഒരു വൈകുന്നേരം മാറ്റിവെക്കുമായിരുന്നു.
നല്ല മാതൃകകൾ സമ്മാനമായി കിട്ടുന്നു
1943-ൽ മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ തടവിലായിരുന്ന മിക്ക സാക്ഷികളും മോചിതരായി. അവരിൽ ഒരാളായിരുന്നു മരിയ പിറ്റ്സാറ്റൊ എന്ന ഏകാകിയായ ഒരു സഹോദരി. വടക്കൻ ഇറ്റലിയിലെ തന്റെ വീട്ടിലേക്ക് പോകുന്ന വഴി മരിയ ഒരു രാത്രി ഞങ്ങളോടൊപ്പം താമസിച്ചു. സഹോദരങ്ങൾക്ക് പ്രസിദ്ധീകരണങ്ങൾ കൈയിൽ കിട്ടുന്നതിന് സഹോദരി വലിയൊരു സഹായമായിരുന്നു. അതുപോലെ അന്ന് ഇറ്റലിയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന സ്വിറ്റ്സർലൻഡിലെ ബ്രാഞ്ചോഫീസുമായി ബന്ധപ്പെടുന്നതിനും സഹോദരി സഹായിച്ചിരുന്നു. കാഴ്ചയ്ക്കു തോന്നില്ലെങ്കിലും നല്ല മനക്കരുത്തുള്ള, ധീരയായ ഒരു സഹോദരിയായിരുന്നു മരിയ. യുദ്ധത്തിനു ശേഷം സഹോദരി ഇടയ്ക്കിടെ ഫേൻസയിൽ വരുമായിരുന്നു. സഹോദരിയുടെ വരവിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും.
എന്റെ ഓർമയിലുള്ള മറ്റൊരു സഹോദരിയായിരുന്നു ആൽബിന ക്യുമിനേറ്റി. എന്റെ കൗമാരപ്രായത്തിൽ ഞങ്ങൾ മീറ്റിങ്ങുകൾ കൂടിക്കൊണ്ടിരുന്ന കെട്ടിടത്തിലായിരുന്നു പ്രായമുള്ള, വിധവയായ ആ സഹോദരി താമസിച്ചിരുന്നത്. 1920-കളുടെ തുടക്കംമുതൽ ഇറ്റലിയിൽ ഒരു കോൽപോർട്ടറായി (മുഴുസമയസുവിശേഷക) സഹോദരി സേവിക്കുകയായിരുന്നു. അന്നത്തെ കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രസകരമായ പല കഥകളും സഹോദരി എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്!
ആൽബിന സഹോദരിയുടെ കൈയിൽ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള മറ്റു വസ്തുക്കളുടെയും ഒരു ശേഖരംതന്നെയുണ്ടായിരുന്നു. ഒരു ദിവസം ഞാൻ നോക്കിയപ്പോൾ അതിൽ കുരിശും കിരീടവും ഉള്ള ഒരു പിൻ ഇരിക്കുന്നത് കണ്ടു. അത് മുമ്പ് ബൈബിൾവിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) സാധാരണ ധരിച്ചിരുന്ന ഒന്നായിരുന്നു. ഇതിന്റെ ഉത്ഭവം വ്യാജമതത്തിൽനിന്ന് ആണല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് ചിരി വന്നു. അപ്പോൾ സഹോദരി പറഞ്ഞ ഒരു കാര്യം ഞാൻ ഒരിക്കലും മറക്കില്ല. സെഖര്യ 4:10 സ്വന്തം വാക്കുകളിൽ ആക്കിക്കൊണ്ട് സഹോദരി ഇങ്ങനെ പറഞ്ഞു: “ചെറിയ തുടക്കത്തിന്റെ ദിവസത്തെ പരിഹസിക്കരുത്.”
ആ വാക്കുകൾ എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. ആദ്യകാലത്തെ ബൈബിൾവിദ്യാർഥികൾക്ക് ബൈബിളിനെക്കുറിച്ച് പൂർണമായ അറിവൊന്നും ഇല്ലായിരുന്നെങ്കിലും അവരെയും ഞാൻ ബഹുമാനിക്കണം. അതുപോലെ, അന്ന് ഇറ്റാലിയൻ ഭാഷയിൽ എല്ലാ പ്രസിദ്ധീകരണങ്ങളും ഇല്ലായിരുന്നു. അതുകൊണ്ട് ഗ്രാഹ്യത്തിൽ വന്ന മാറ്റങ്ങളൊക്കെ മനസ്സിലാക്കിയെടുക്കാൻ ചില സഹോദരങ്ങൾക്ക് സമയം വേണമായിരുന്നു. എങ്കിലും യഹോവ അവരുടെ ശ്രമങ്ങളെ വിലമതിച്ചു, ഞാനും അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നത്.
നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും എനിക്ക് ആൽബിന സഹോദരിയോട് സംസാരിക്കാൻ വളരെ ഇഷ്ടമായിരുന്നു. അവരോടൊപ്പം സഹവസിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹംതന്നെയാണ്.
ബഥേൽസേവനം എന്ന സമ്മാനം
1955-ലെ വേനൽക്കാലത്ത്, “ജയോത്സവ രാജ്യം” എന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാൻ റോമിലേക്ക് പോയി. അവിടെവെച്ച് ആ സമ്മേളനം കൂടാൻ പല രാജ്യങ്ങളിൽനിന്ന് എത്തിയ സഹോദരങ്ങളോടൊപ്പം ഞാൻ ബഥേൽ സന്ദർശിച്ചു. അപ്പോൾ ഞാൻ ചിന്തിച്ചു: ‘ഇവിടെ സേവിക്കുന്നത് എന്തു രസമായിരിക്കും!’
1955 ഡിസംബർ 18-ാം തീയതി ഞാൻ സ്നാനമേറ്റു. ഞാൻ അപ്പോൾ സ്കൂളിൽ പഠിക്കുകയായിരുന്നു. എങ്കിലും മുഴുസമയസേവനം ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. 1956-ൽ ജെനോവയിൽവെച്ച് നടന്ന ഒരു സമ്മേളനത്തിൽ, ബഥേലിൽ സന്നദ്ധസേവകരെ ആവശ്യമുണ്ട് എന്ന ഒരു അറിയിപ്പ് വായിച്ചു. എന്നാൽ സഹോദരിമാരെ ഇപ്പോൾ ആവശ്യമില്ലെന്ന് ബ്രാഞ്ച് പ്രതിനിധി പറഞ്ഞു.
ഞാൻ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങളുടെ സർക്കിട്ട് മേൽവിചാരകനായ പ്യേരോ ഗാറ്റീ a സഹോദരനോട് പറഞ്ഞു. നല്ല ഉത്സാഹമുള്ള, തീക്ഷ്ണതയുള്ള ഒരു സഹോദരനായിരുന്നു പ്യേരോ. അദ്ദേഹം എന്നോട് പറഞ്ഞു: “ഞാൻ പ്രത്യേക മുൻനിരസേവനത്തിനായി സഹോദരിയെ ശുപാർശ ചെയ്യാം.”
കുറച്ച് കഴിഞ്ഞപ്പോൾ ബ്രാഞ്ചിൽനിന്ന് ഒരു കത്ത് വന്നു. അത് മുൻനിരസേവനത്തിനുള്ള നിയമനമാണെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ അങ്ങനെയല്ലായിരുന്നു. അത് ബഥേൽസേവനത്തിന് അപേക്ഷിക്കാൻ വേണ്ടിയുള്ള കത്തായിരുന്നു!
1958 ജനുവരിയിൽ ഞാൻ ബഥേലിൽ എത്തി. അന്നൊക്കെ ബഥേലിൽ കൂടിപ്പോയാൽ 12 പേരേ ഉണ്ടായിരുന്നുള്ളൂ. ബ്രാഞ്ചിലുള്ള രണ്ടു പരിഭാഷകരെ സഹായിക്കാനുള്ള നിയമനമായിരുന്നു എനിക്ക് കിട്ടിയത്. ധാരാളം ജോലികൾ ചെയ്യാനുണ്ടായിരുന്നു. എനിക്കാണെങ്കിൽ പരിഭാഷാവേലയിൽ അനുഭവപരിചയവുമില്ല. എന്നാൽ യഹോവയുടെ സഹായംകൊണ്ട് ഞാൻ എന്റെ നിയമനത്തെ സ്നേഹിച്ചുതുടങ്ങി.
രണ്ടു വർഷമായില്ല, പരിഭാഷാവേലയിൽ പല മാറ്റങ്ങളും വന്നു. അതുകൊണ്ട് എന്നെ ഒരു മുൻനിരസേവികയായി നിയമിച്ചു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം ബഥേൽ എനിക്ക് എന്റെ സ്വന്തം കുടുംബംപോലെ ആയിരുന്നു. എങ്കിലും, പയ്യെപ്പയ്യെ എന്റെ പുതിയ നിയമനത്തെ യഹോവയിൽനിന്നുള്ള മറ്റൊരു സമ്മാനമായി എനിക്ക് കാണാൻ കഴിഞ്ഞു.
തീക്ഷ്ണതയുള്ള പ്രസംഗപ്രവർത്തകരെ സമ്മാനമായി കിട്ടി
1959 സെപ്റ്റംബർ 1-ന് ക്രെമോണ എന്ന നഗരത്തിൽ ഞാൻ പ്രത്യേക മുൻനിരസേവനം ആരംഭിച്ചു. ഡെന്മാർക്കിൽനിന്ന് വന്ന ഡോറിസ് മീയർ എന്ന സഹോദരിയായിരുന്നു മുൻനിരസേവനത്തിലെ എന്റെ പങ്കാളി. എന്നെക്കാൾ കുറച്ച് വയസ്സു മാത്രം മൂത്തതായിരുന്നെങ്കിലും നല്ല അനുഭവപരിചയമുള്ള ഒരു മുൻനിരസേവികയായിരുന്നു ഡോറിസ്. സഹോദരി എനിക്ക് നല്ല മാതൃകയായിരുന്നു. ഡോറിസ് നല്ല നിശ്ചയദാർഢ്യമുള്ള, മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന, ധൈര്യമുള്ള ഒരു സഹോദരിയായിരുന്നു. ആ പ്രദേശത്ത് സാക്ഷീകരിക്കുന്നതിന് ആ ഗുണങ്ങളൊക്കെ ഞങ്ങൾക്ക് ആവശ്യമായിരുന്നു. കാരണം ആ നഗരത്തിൽ യഹോവയുടെ സാക്ഷികളായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡോറിസ് ഞാൻ വരുന്നതിനു മുമ്പേ ക്രെമോണയിൽ എത്തിയിരുന്നു. മീറ്റിങ്ങുകളൊക്കെ നടത്താൻ സഹോദരി വാടകയ്ക്ക് ഒരു അപ്പാർട്ടുമെന്റ് കണ്ടെത്തിവെച്ചിരുന്നു. എങ്കിലും അധികം വൈകാതെതന്നെ അവിടത്തെ കത്തോലിക്കാ പുരോഹിതന്മാർ ഞങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അവർക്ക് നല്ല ദേഷ്യം തോന്നി. അവരുടെ പ്രസംഗങ്ങളിലൊക്കെ ഞങ്ങൾക്ക് എതിരെ ആളുകളോട് പറയുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, അധികാരികൾ ഞങ്ങളെ അറസ്റ്റ് ചെയ്തില്ല. എന്നാൽ അവർ ഒരു കാര്യം വ്യക്തമാക്കി, ഡോറിസ് ഒരു വിദേശിയായതുകൊണ്ട് ക്രെമോണ വിട്ടുപോകണം എന്ന്. അങ്ങനെ സഹോദരി ഡെന്മാർക്കിലേക്ക് പോയി. അവിടെ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടർന്നു.
അധികം വൈകാതെ ബ്രൂനിൽഡെ മാർക്കി എന്ന ഏകാകിയായ ഒരു സഹോദരിയെ ക്രെമോണയിലേക്ക് നിയമിച്ചു. നല്ല സൗമ്യതയും പ്രസന്നതയും ഉള്ള ഒരു സഹോദരിയായിരുന്നു ബ്രൂനിൽഡെ. പ്രസംഗപ്രവർത്തനം സഹോദരി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങൾക്ക് ചില ബൈബിൾപഠനങ്ങൾ കിട്ടി. അതിൽ ചിലത് നല്ല പുരോഗതിയും വരുത്തി.
ക്രെമോണയിലെ പ്രസംഗപ്രവർത്തനത്തിന്റെ തുടക്കത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് യഹോവയോട് വളരെയധികം നന്ദിയുണ്ട്. ഇപ്പോൾ ആ നഗരത്തിൽ അഞ്ചു സഭകളാണ് ഉള്ളത്!
പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ്
ക്രെമോണയിൽ എത്തി രണ്ടു വർഷംപോലും ആയില്ല. എനിക്കു ബ്രാഞ്ചിൽനിന്ന് ഒരു ഫോൺ വന്നു. 1961 ജൂലൈയിൽ നടക്കാനിരിക്കുന്ന “ആരാധനയിൽ ഏകീകൃതർ” എന്ന ആറു ദിവസത്തെ സമ്മേളനത്തിനുവേണ്ടി കുറെ പരിഭാഷാജോലികൾ ചെയ്യാനുണ്ടായിരുന്നു. അതിനുവേണ്ടി എന്നെ ബഥേലിലേക്കു ക്ഷണിച്ചു. ഈ വാർത്ത കേട്ടപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. 1961 ഫെബ്രുവരി ഒന്നാം തീയതി ഞാൻ ബഥേലിലേക്കു പോയി.
ഞങ്ങൾ മണിക്കൂറുകളോളം ജോലി ചെയ്തു. ബൈബിൾപ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിൽ ദിവസവും തിരക്കോടെ പ്രവർത്തിക്കാനായത് വലിയൊരു പദവിയായാണ് ഞാൻ കണ്ടത്. ആ മാസങ്ങൾ പെട്ടെന്നങ്ങ് കടന്നുപോയി. അങ്ങനെ സമ്മേളനം വന്നെത്തി.
ആ സമ്മേളനത്തിൽ ഒരു അറിയിപ്പുണ്ടായിരുന്നു. പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ ഇറ്റാലിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നുണ്ടെന്ന്. ഞാൻ ചിന്തിച്ചു: “ഇനിയും ധാരാളം ജോലികൾ ഉണ്ടല്ലോ.” ഞാൻ ഊഹിച്ചത് തെറ്റിയില്ല. അങ്ങനെ എനിക്ക് ബഥേലിൽ വീണ്ടും തുടരാനായി. ശരിക്കും പറഞ്ഞാൽ, 60 വർഷത്തിലേറെയായി ഞാൻ ഇപ്പോഴും ബഥേലിൽത്തന്നെയാണ്.
യഹോവയിൽനിന്നുള്ള മറ്റു സമ്മാനങ്ങൾ
ഈ വർഷങ്ങളിലുടനീളം ഞാൻ ആസ്വദിക്കുന്ന മറ്റൊരു സമ്മാനം എന്റെ ഏകാകിത്വമാണ്. അതിന്റെ അർഥം ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്നല്ല. ഏകാകിയായി തുടർന്നാൽ എന്താകും എന്നൊക്കെ ഉത്കണ്ഠപ്പെട്ട സമയവും ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ യഹോവയിലേക്കു തിരിയും. മറ്റാരെക്കാളും എന്നെ നന്നായി മനസ്സിലാക്കാൻ കഴിയുന്നത് യഹോവയ്ക്കാണെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഏറ്റവും നല്ലത് എന്താണെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു.
മത്തായി 19:11, 12-ഉം 1 കൊരിന്ത്യർ 7:8, 38-ഉം പോലുള്ള വാക്യങ്ങൾ ഞാൻ വളരെയധികം വിലമതിച്ചുതുടങ്ങി. കാര്യങ്ങൾ വ്യക്തമാക്കിയതിനും മനസ്സമാധാനം തന്നതിനും എനിക്ക് യഹോവയോടു വളരെയധികം നന്ദിയുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുത്തതിന് പിന്നീടൊരിക്കലും എനിക്കു ദുഃഖിക്കേണ്ടിവന്നിട്ടില്ല. ഏകാകിയായി നിന്നുകൊണ്ട് യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്.
ഈ വർഷങ്ങളിലുടനീളം യഹോവയുടെ സംഘടന പുതിയ സാങ്കേതികവിദ്യ ഉൾപ്പെടെ “ജനതകളുടെ പാൽ” ഉപയോഗിക്കുന്നതുകൊണ്ട് പരിഭാഷാവിഭാഗത്തിൽ പല മാറ്റങ്ങളും എനിക്കു കാണാനായി. (യശയ്യ 60:16) ഈ മാറ്റങ്ങളെല്ലാം ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ ഐക്യത്തെ ശക്തമാക്കി. ഉദാഹരണത്തിന്, 1985 മുതൽ ഇറ്റാലിയൻ ഭാഷയിലുള്ള വീക്ഷാഗോപുരം ഇംഗ്ലീഷിനോടൊപ്പംതന്നെ ഇറങ്ങാൻതുടങ്ങി. ഇന്ന് jw.org-ൽ ധാരാളം വീഡിയോകളും ലേഖനങ്ങളും ഉണ്ട്. അതിൽ മിക്കതും ഇംഗ്ലീഷിനോടൊപ്പംതന്നെ ഇറങ്ങുന്നു. തന്റെ ജനത്തിന് ഇടയിൽ ഐക്യമുണ്ടെന്നും അവർക്ക് തക്ക സമയത്ത് ആത്മീയാഹാരം ലഭിക്കുന്നുണ്ടെന്നും യഹോവ ഉറപ്പുവരുത്തുന്നതിന്റെ തെളിവാണ് അത്.
യഹോവ എന്നോടു വലിയ ഉദാരതയാണ് കാണിച്ചിരിക്കുന്നത്. ഒരു പ്രത്യേക മുൻനിരസേവികയായി ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ എന്നെ അനുവദിച്ചു, ബഥേലിൽ സേവിക്കുക എന്ന എന്റെ ആഗ്രഹം സാധിച്ചുതന്നു. അവിടെനിന്ന് എനിക്കു പല പ്രായത്തിലും സംസ്കാരത്തിലും ഉള്ള ധാരാളം സുഹൃത്തുക്കളെ കിട്ടി. കൂടാതെ ഒരു പ്രത്യേക അനുഗ്രഹംകൂടെ യഹോവ എനിക്കു നൽകി. 68-ാമത്തെ വയസ്സിൽ എന്റെ അമ്മ സ്നാനമേറ്റ് യഹോവയുടെ ഒരു ദാസിയായിത്തീരുന്നത് കാണാൻ എനിക്കു കഴിഞ്ഞു. സ്മാരകക്കല്ലറകളിലുള്ള എന്റെ അമ്മയും മറ്റു കുടുംബാംഗങ്ങളും പുനരുത്ഥാനപ്പെട്ടുവരുന്നതു കാണാൻ ഞാൻ കാത്തിരിക്കുന്നു.—യോഹന്നാൻ 5:28, 29.
ഭാവിയിൽ യഹോവ ‘എല്ലാം പുതിയതാക്കുമ്പോൾ’ തന്റെ ജനത്തിനുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങൾ കാണാൻ ഞാൻ നോക്കിയിരിക്കുകയാണ്. (വെളിപാട് 21:5) എനിക്ക് ഒരു കാര്യം ഉറപ്പാണ്: “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” ചൊരിയുന്നത് യഹോവ ഒരിക്കലും നിറുത്തില്ല.—യാക്കോബ് 1:17.
a പ്യേരോ ഗാറ്റീയുടെ ജീവിതകഥ 2011 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-23 പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.