വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കമില റോസം | ജീവി​ത​കഥ

യഹോ​വയെ അനുസ​രി​ക്കുക; അതായി​രു​ന്നു എന്റെ ജീവി​ത​ല​ക്ഷ്യം

യഹോ​വയെ അനുസ​രി​ക്കുക; അതായി​രു​ന്നു എന്റെ ജീവി​ത​ല​ക്ഷ്യം

 1906-ലാണ്‌ എന്റെ അമ്മയുടെ മാതാ​പി​താ​ക്കൾ ദൈവ​രാ​ജ്യ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ കേൾക്കു​ന്നത്‌. അവരുടെ ഒരു മകൻ ഡിഫ്‌തീ​രിയ വന്ന്‌ (ശ്വാസ​ത​ടസ്സം ഉണ്ടാക്കുന്ന ഒരു മാരക​രോ​ഗം) മരിച്ച സമയമാ​യി​രു​ന്നു അത്‌. ആ മകനെ ചികി​ത്സിച്ച ഡോക്ടർ ഒരു ബൈബിൾ വിദ്യാർഥി​യാ​യി​രു​ന്നു. അന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ വിദ്യാർഥി​കൾ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഉൾപ്പെടെ ബൈബി​ളി​ലെ ആശ്വാസം നൽകുന്ന സന്ദേശം ആ ഡോക്ട​റാണ്‌ അവരോ​ടു പറഞ്ഞത്‌. അങ്ങനെ മുത്തച്ഛ​നും മുത്തശ്ശി​യും എന്റെ അമ്മയും അമ്മയുടെ ഒരു ചേച്ചി​യും ബൈബിൾ വിദ്യാർഥി​ക​ളാ​യി​ത്തീർന്നു.

 വർഷങ്ങ​ളോ​ളം എന്റെ ഈ കുടും​ബാം​ഗങ്ങൾ സത്യത്തി​നു​വേണ്ടി തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ച്ചു. ഐക്യ​നാ​ടു​ക​ളി​ലെ ഇലി​നോ​യി​ലുള്ള ചിക്കാ​ഗോ​യിൽ വെച്ച്‌ നടന്ന ‘സൃഷ്ടി​പ്പിൻ ഫോട്ടോ-നാടക​ത്തി​ന്റെ’ സമയത്ത്‌ ഞങ്ങളുടെ കുടും​ബ​ത്തി​ലെ സ്‌ത്രീ​കൾ, വരുന്ന​വർക്ക്‌ ഇരിപ്പി​ടങ്ങൾ കാണി​ച്ചു​കൊ​ടു​ക്കുന്ന സേവനം​പോ​ലും ചെയ്‌തി​രു​ന്നു. എന്നാൽ 1930-ഓടെ കാര്യ​ങ്ങ​ളൊ​ക്കെ മാറി. ഞങ്ങളുടെ കുടും​ബ​ത്തിൽ അമ്മ ഒഴികെ മറ്റെല്ലാ​വ​രും സത്യം വിട്ടു​പോ​യി. പിടി​ച്ചു​നിൽക്കാൻ അമ്മയ്‌ക്ക്‌ ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. കാരണം, അതുവരെ വളരെ സ്‌നേ​ഹ​ത്തി​ലും ഐക്യ​ത്തി​ലും യഹോ​വയെ ആരാധിച്ച ഒരു കുടും​ബ​മാ​യി​രു​ന്നു അത്‌. എന്നാൽ, അപ്പോ​ഴൊ​ക്കെ അമ്മ യഹോ​വ​യോ​ടു കാണിച്ച വിശ്വ​സ്‌ത​ത​യും അനുസ​ര​ണ​വും എന്റെ മനസ്സിൽ പതിഞ്ഞു. അപ്പനെ​ക്കു​റി​ച്ചും പറയാ​തി​രി​ക്കാൻ പറ്റില്ല. കാരണം അദ്ദേഹം വിശ്വ​സ്‌ത​നായ ഒരു ബൈബിൾ വിദ്യാർഥി​യാ​യി​രു​ന്നു.

കുടുംബചിത്രം, 1948

 1927-ൽ ആണ്‌ ഞാൻ ജനിച്ചത്‌. ആറു മക്കളിൽ മൂത്തതാ​യി​രു​ന്നു ഞാൻ. ഞങ്ങൾ എല്ലാവ​രും സത്യത്തിൽ ഉറച്ചു​നി​ന്നു. എന്റെ അപ്പൻ ഒരു മരപ്പണി​ക്കാ​ര​നാ​യി​രു​ന്നു. ചിക്കാ​ഗോ നഗരത്തിൽനിന്ന്‌ അൽപ്പം മാറി അത്യാ​വ​ശ്യം സൗകര്യ​മൊ​ക്കെ​യുള്ള ഒരു വീട്ടി​ലാണ്‌ ഞങ്ങൾ താമസി​ച്ചത്‌. ഞങ്ങൾക്കു വലിയ ഒരു പച്ചക്കറി​ത്തോ​ട്ടം ഉണ്ടായി​രു​ന്നു. അതോ​ടൊ​പ്പം കോഴി​ക​ളെ​യും താറാ​വു​ക​ളെ​യും ഒക്കെ ഞങ്ങൾ വളർത്തി.

 ജോലി ചെയ്യു​ന്നത്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാ​യി​രു​ന്നു. വീട്ടിൽ എനിക്കു​ണ്ടാ​യി​രുന്ന ഒരു ജോലി സോക്‌സു​കൾ തുന്നു​ന്ന​താണ്‌. ഇന്ന്‌ അധികം അത്‌ ആരും ചെയ്യാ​റില്ല. അന്നൊക്കെ സോക്‌സിൽ ഒരു തുള വീണാൽ അതു കളയു​ന്ന​തി​നു പകരം മനോ​ഹ​ര​മാ​യൊ​ന്നു തുന്നി​യെ​ടു​ക്കും. ഇതു പഠിച്ചത്‌ എനിക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്‌തു. പിന്നീട്‌ ഞാൻ ഇതു​പോ​ലുള്ള തയ്യൽ ജോലി​കൾ ഒരുപാ​ടു ചെയ്‌തു.

നല്ല മാതൃ​ക​വെച്ച മാതാ​പി​താ​ക്കൾ

 ഞങ്ങളുടെ കുടും​ബ​ത്തി​ലു​ള്ള​വ​രാ​രും ആത്മീയ​കാ​ര്യ​ങ്ങ​ളൊ​ന്നും മുടക്കു​ന്നി​ല്ലെന്നു ഞങ്ങളുടെ അപ്പൻ ഉറപ്പു​വ​രു​ത്തി. ഞങ്ങൾ എല്ലാ മീറ്റി​ങ്ങു​കൾക്കും പോകും, വയൽശു​ശ്രൂ​ഷ​യിൽ ക്രമമാ​യി പങ്കെടു​ക്കും, ദിവസ​വും ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗം ചർച്ച ചെയ്യും. ഇനി ശനിയാഴ്‌ച വൈകു​ന്നേ​ര​മാ​ണെ​ങ്കിൽ ഞങ്ങൾ ഒരുമി​ച്ചി​രുന്ന്‌ വീക്ഷാ​ഗോ​പു​ര​വും പഠിക്കും.

 ഞങ്ങളുടെ അയൽക്കാർക്കു നല്ലൊരു സാക്ഷ്യം കൊടു​ക്കാൻവേണ്ടി അപ്പൻ ഞങ്ങളുടെ സ്വീക​ര​ണ​മു​റി​യു​ടെ ജനലിൽ ഒരു ഇല​ക്ട്രോ​ണിക്‌ സൈൻബോർഡ്‌ വെച്ചു. നമ്മുടെ സഹോ​ദ​രങ്ങൾ ഉണ്ടാക്കിയ ആ സൈൻബോർഡിൽ ഏതെങ്കി​ലു​മൊ​രു പൊതു​പ്ര​സം​ഗ​മോ നമ്മുടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​മോ പരസ്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അതിൽ മിന്നുന്ന ലൈറ്റു​കൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അതിലേ നടന്നു​പോ​കു​ന്നവർ അതു പെട്ടെന്ന്‌ ശ്രദ്ധി​ക്കും. ഞങ്ങളുടെ കാറി​ലും രണ്ട്‌ പരസ്യ​ബോർഡു​കൾ വെച്ചി​രു​ന്നു.

ഗ്രാമ​ഫോ​ണു​മാ​യി സാക്ഷീ​ക​രി​ക്കാൻ അമ്മ ഞങ്ങളെ കൊണ്ടു​പോ​കു​ന്നു

 യഹോ​വയെ അനുസ​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ എന്റെ അപ്പൻ വാക്കി​ലൂ​ടെ​യും സ്വന്തം ജീവി​ത​ത്തി​ലൂ​ടെ​യും ഞങ്ങൾക്കു പഠിപ്പി​ച്ചു​തന്നു. അമ്മയും അപ്പനെ നന്നായി പിന്തു​ണച്ചു. എന്റെ ഏറ്റവും ഇളയ അനിയ​ത്തിക്ക്‌ അഞ്ച്‌ വയസ്സു​ള്ള​പ്പോൾ അമ്മ മുഴു​സ​മ​യ​സേ​വനം ചെയ്യാൻതു​ടങ്ങി. പിന്നീട്‌ ജീവി​താ​വ​സാ​നം​വരെ അമ്മ മുൻനി​ര​സേ​വനം തുടർന്നു. ഇതിലും നല്ലൊരു അപ്പനെ​യും അമ്മയെ​യും എനിക്കു കിട്ടാ​നില്ല.

 ഇന്നത്തെ​പ്പോ​ലെ ആയിരു​ന്നില്ല അന്നത്തെ ജീവിതം. ടിവി ഒന്നുമില്ല. ആകെയു​ള്ളത്‌ റേഡി​യോ ആണ്‌. ഞങ്ങൾ മക്കളെ​ല്ലാ​വ​രും നിലത്ത്‌ ഇരുന്ന്‌ റേഡി​യോ​യിൽ വരുന്ന രസകര​മായ പരിപാ​ടി​ക​ളൊ​ക്കെ കേൾക്കും. എന്നാൽ അതി​നെ​ക്കാ​ളും ഞങ്ങളുടെ കുടും​ബം ആസ്വദി​ച്ചത്‌ റേഡി​യോ​യി​ലൂ​ടെ സംഘടന പ്രക്ഷേ​പണം ചെയ്യുന്ന ആത്മീയ​പ​രി​പാ​ടി​ക​ളാണ്‌.

കൺ​വെൻ​ഷ​നു​കൾ, ഗ്രാമ​ഫോ​ണു​കൾ, തൂക്കി​യി​ടുന്ന പ്ലക്കാർഡു​കൾ

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷനു പങ്കെടു​ക്കു​ന്നത്‌ ഞങ്ങൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു. 1935-ൽ നടന്ന കൺ​വെൻ​ഷ​നിൽനിന്ന്‌ വെളി​പാട്‌ 7:9, 14-ൽ പറഞ്ഞി​രി​ക്കുന്ന ‘മഹാക​ഷ്ട​തയെ’ അതിജീ​വി​ക്കുന്ന ‘മഹാപു​രു​ഷാ​ര​ത്തിന്‌’ പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യാ​ണു​ള്ള​തെന്ന്‌ ഞങ്ങൾ മനസ്സി​ലാ​ക്കി. 1935-വരെ എന്റെ മാതാ​പി​താ​ക്കൾ രണ്ടു​പേ​രും അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്ന​വ​രാ​യി​രു​ന്നു. കൺ​വെൻ​ഷനു ശേഷം അമ്മ അങ്ങനെ ചെയ്യു​ന്നത്‌ നിറുത്തി. കാരണം, അമ്മയുടെ പ്രത്യാശ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നല്ല, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാ​ണെന്ന്‌ അമ്മ മനസ്സി​ലാ​ക്കി. എന്നാൽ എന്റെ പിതാവ്‌ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നത്‌ തുടർന്നു.

 1941-ൽ മിസൂ​റി​യി​ലെ സെന്റ്‌ ലൂയി​സിൽ വെച്ച്‌ നടന്ന കൺ​വെൻ​ഷ​നിൽ അന്ന്‌ നേതൃ​ത്വം എടുത്തി​രുന്ന ജോസഫ്‌ റഥർഫോർഡ്‌ സഹോ​ദരൻ, കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാ​ശനം ചെയ്‌തു. അന്ന്‌ എന്തൊരു കൈയ്യടി ആയിരു​ന്നെ​ന്നോ! അന്ന്‌ എനിക്കു 14 വയസ്സ്‌. സ്‌നാ​ന​പ്പെ​ട്ടിട്ട്‌ ഒരു വർഷമേ ആയിട്ടു​ള്ളൂ. ഞാനും മറ്റു കുട്ടി​ക​ളും വരിവ​രി​യാ​യി പോയി സ്റ്റേജിൽനിന്ന്‌ ആ പുസ്‌ത​ക​ത്തി​ന്റെ ഒരു കോപ്പി വാങ്ങി​യ​തൊ​ക്കെ ഇപ്പോ​ഴും ഓർക്കു​ന്നുണ്ട്‌.

ലൊ​റൈ​നൊ​പ്പം, 1944

 ഇന്ന്‌ ശുശ്രൂഷ ചെയ്യു​ന്ന​തു​പോ​ലെയല്ല അന്നൊക്കെ ചെയ്‌തി​രു​ന്നത്‌. 1930-കളി​ലൊ​ക്കെ കൊണ്ടു​ന​ട​ക്കാ​വുന്ന ഗ്രാമ​ഫോ​ണു​കൾ ഉപയോ​ഗിച്ച്‌ ഞങ്ങൾ ആളുകളെ ബൈബിൾപ്ര​സം​ഗങ്ങൾ കേൾപ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഒരു വാതി​ലിൽ മുട്ടു​ന്ന​തി​നു മുമ്പ്‌, വീട്ടു​കാ​രനെ കേൾപ്പി​ക്കാൻ കഴിയുന്ന വിധത്തിൽ അത്‌ റെഡി​യാ​ക്കി​വെ​ക്കും. വീട്ടു​കാ​രൻ പുറ​ത്തേക്കു വന്നുക​ഴി​യു​മ്പോൾ ഞങ്ങൾ ചെറു​താ​യൊ​ന്നു കാര്യം പറഞ്ഞിട്ട്‌, നാലര മിനി​ട്ടുള്ള ഒരു ബൈബിൾപ്ര​സം​ഗം കേൾപ്പി​ക്കും. അതു കഴിഞ്ഞ്‌ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കും. ഞങ്ങളുടെ പ്രദേ​ശ​ത്തുള്ള ആളുകൾക്കൊ​ക്കെ അതു കേൾക്കാൻ ഇഷ്ടമാ​യി​രു​ന്നു. ആരും മോശ​മാ​യി പ്രതി​ക​രി​ച്ചത്‌ ഞാൻ ഓർക്കു​ന്നില്ല. 16 വയസ്സു​ള്ള​പ്പോ​ഴാണ്‌ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി​യത്‌. അപ്പോൾ എന്റെ അപ്പൻ സ്വന്തമാ​യി ഒരു ഗ്രാമ​ഫോൺ എനിക്ക്‌ തന്നു. ഞാൻ വളരെ അഭിമാ​ന​ത്തോ​ടെ​യാണ്‌ അതു ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ച്ചത്‌. എനിക്ക്‌ മുൻനി​ര​സേ​വ​ന​ത്തി​നു കൂട്ടു​ണ്ടാ​യി​രു​ന്നത്‌ ലൊ​റൈൻ എന്നു പറയുന്ന നല്ലൊരു സഹോ​ദ​രി​യാ​യി​രു​ന്നു.

 വിജ്ഞാ​പ​ന​ജാ​ഥ​ക​ളാ​യി​രു​ന്നു മറ്റൊരു സാക്ഷീ​കരണ രീതി. ഞങ്ങൾ മുന്നി​ലും പിന്നി​ലും പ്ലക്കാർഡു​കൾ ധരിച്ച്‌, തെരു​വി​ലൂ​ടെ നടന്ന്‌ ആളുക​ളോ​ടു സാക്ഷീ​ക​രി​ച്ചു. “മതം ഒരു കെണി​യും വഞ്ചനയു​മാ​കു​ന്നു,” “ദൈവ​ത്തെ​യും രാജാ​വായ ക്രിസ്‌തു​വി​നെ​യും സേവി​ക്കുക” എന്നിങ്ങ​നെ​യുള്ള വാചകങ്ങൾ ഒക്കെ ആ പ്ലക്കാർഡിൽ എഴുതി​യി​രു​ന്നു.

പ്ലക്കാർഡു​മാ​യി സാക്ഷീ​ക​രി​ക്കു​മ്പോ​ഴുള്ള ഒരു ഫോട്ടോ

 എതിർപ്പു​കളെ നേരി​ടാ​നും നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്ന​വർക്കു മറുപടി കൊടു​ക്കാ​നും മീറ്റി​ങ്ങു​കൾ ഞങ്ങളെ ഒരുക്കി. പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​തന്നെ എതിർപ്പു​ക​ളു​ണ്ടാ​യി. ഞങ്ങൾ ആദ്യമാ​യിട്ട്‌ തിരക്കുള്ള ഒരു ഷോപ്പിങ്‌ പ്രദേ​ശത്ത്‌ മാസി​കകൾ കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ പോലീസ്‌ വന്ന്‌ ഞങ്ങളെ പിടിച്ച്‌ വാനിൽ കയറ്റി​ക്കൊ​ണ്ടു​പോ​യി. കുറെ മണിക്കൂ​റു​കൾക്കു ശേഷമാണ്‌ അവർ ഞങ്ങളെ വിട്ടയ​ച്ചത്‌. പക്ഷേ ഞങ്ങൾക്കു സന്തോഷം തോന്നി. യഹോ​വയെ അനുസ​രി​ച്ച​തു​കൊ​ണ്ടാ​ണ​ല്ലോ അങ്ങനെ സംഭവി​ച്ചത്‌.

വിവാഹം, ഗിലെ​യാദ്‌, സൈനി​ക​സേ​വ​ന​ത്തി​നുള്ള ക്ഷണം

യൂജി​നും ഞാനും ഞങ്ങളുടെ വിവാ​ഹ​ദി​വ​സ​ത്തിൽ

 ഒരിക്കൽ ലൊ​റൈൻ, യൂജിൻ റോസം എന്ന സഹോ​ദ​രനെ എനിക്കു പരിച​യ​പ്പെ​ടു​ത്തി. അവൾ അദ്ദേഹത്തെ പരിച​യ​പ്പെ​ട്ടത്‌ മിനി​സോ​ട്ട​യി​ലെ മിനി​യാ​പ്പൊ​ളി​സിൽവെച്ച്‌ നടന്ന ഒരു സമ്മേള​ന​ത്തി​നാണ്‌. യൂജിൻ, ഫ്‌ളോ​റി​ഡ​യി​ലെ കീ വെസ്റ്റിൽനി​ന്നുള്ള ആളാണ്‌. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത്‌, ദേശഭ​ക്തി​പ​ര​മായ ചടങ്ങിൽ പങ്കെടു​ക്കാ​ത്ത​തി​ന്റെ പേരിൽ അദ്ദേഹത്തെ സ്‌കൂ​ളിൽനിന്ന്‌ പുറത്താ​ക്കി. ഉടനെ​തന്നെ അദ്ദേഹം മുൻനി​ര​സേ​വനം ആരംഭി​ച്ചു. പിന്നീ​ടൊ​രു ദിവസം തന്റെ കൂടെ പഠിച്ച ഒരു പെൺകു​ട്ടി​യെ അദ്ദേഹം കാണാ​നി​ട​യാ​യി. യൂജിൻ നന്നായി പഠിക്കുന്ന ഒരാളാ​യി​ട്ടും സ്‌കൂ​ളിൽനിന്ന്‌ പുറത്താ​ക്കി​യത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവൾ ചോദി​ച്ചു. അദ്ദേഹം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ കൊടുത്ത ഉത്തരം അവൾക്ക്‌ ഇഷ്ടമായി. അവൾ ബൈബിൾപ​ഠനം സ്വീക​രി​ച്ചു. പിന്നീട്‌ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കാ​നും തുടങ്ങി.

കീ വെസ്റ്റിൽ, 1951

 1948-ൽ യൂജി​നും ഞാനും കല്യാണം കഴിച്ചു. കീ വെസ്റ്റിൽ മുൻനി​ര​സേ​വനം ചെയ്‌തു​കൊ​ണ്ടാണ്‌ ഞങ്ങൾ ജീവിതം ആരംഭി​ച്ചത്‌. പിന്നീട്‌ ഞങ്ങളെ 18-ാമത്തെ ഗിലെ​യാദ്‌ ക്ലാസി​ലേക്കു ക്ഷണിച്ചു. 1952-ന്റെ തുടക്ക​ത്തിൽ ഞങ്ങൾ ബിരുദം നേടി. ക്ലാസിൽ സ്‌പാ​നിഷ്‌ പഠിപ്പി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, ഏതെങ്കി​ലും സ്‌പാ​നിഷ്‌ ഭാഷ സംസാ​രി​ക്കുന്ന രാജ്യ​ത്തേക്കു ഞങ്ങളെ മിഷന​റി​മാ​രാ​യി വിടു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ച്ചു. പക്ഷേ അതല്ല ഉണ്ടായത്‌. ഞങ്ങളുടെ ക്ലാസിന്റെ സമയത്ത്‌ കൊറി​യൻ യുദ്ധം നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. യൂജി​നോ​ടു സൈന്യ​ത്തിൽ ചേരാൻ ഗവൺമെന്റ്‌ ആവശ്യ​പ്പെട്ടു. ഞങ്ങൾ ഞെട്ടി​പ്പോ​യി. കാരണം, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ ഒരു മതശു​ശ്രൂ​ഷകൻ എന്ന നിലയിൽ യുദ്ധത്തിൽനിന്ന്‌ മാറി നിൽക്കാ​മെ​ന്നുള്ള ഇളവ്‌ യൂജിന്‌ ലഭിച്ചി​രു​ന്ന​താണ്‌. എന്നാൽ വീണ്ടും സൈന്യ​ത്തിൽ ചേരാ​നുള്ള വിളി വന്നിരി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങളോട്‌ അമേരി​ക്ക​യിൽത്തന്നെ തുടരാൻ പറഞ്ഞു. എനിക്ക്‌ ആകെ സങ്കടമാ​യി. രണ്ട്‌ വർഷം കഴിഞ്ഞ​പ്പോ​ഴാണ്‌ യൂജിന്‌ ആ ഇളവ്‌ ലഭിച്ചത്‌. ആ സമയങ്ങ​ളിൽ ഞങ്ങൾക്ക്‌ നിരാശ തോന്നി​യെ​ങ്കി​ലും ഞങ്ങൾ ഒരു കാര്യം പഠിച്ചു. ഒരു വാതിൽ അടഞ്ഞാ​ലും യഹോ​വ​യ്‌ക്ക്‌ മറ്റൊരു വാതിൽ നമുക്കു​വേണ്ടി തുറക്കാൻ പറ്റും; നമ്മൾ ക്ഷമയോ​ടെ​യി​രു​ന്നാൽ മതി. അതുത​ന്നെ​യാണ്‌ യഹോവ ചെയ്‌തു​ത​ന്ന​തും.

ഞങ്ങളുടെ ഗിലെ​യാദ്‌ ക്ലാസ്‌

സഞ്ചാര​വേല! പിന്നെ കാനഡ​യി​ലേക്ക്‌!

 1953 വരെ ആരി​സോ​ണ​യി​ലെ ടൂസോ​ണി​ലുള്ള സ്‌പാ​നിഷ്‌ സഭയിൽ ഞങ്ങൾ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രു​ന്നു. അതിനു ശേഷം സർക്കിട്ട്‌ വേലയി​ലേക്കു നിയമി​ച്ചു. ഞങ്ങൾ ഒഹായോ, കാലി​ഫോർണിയ, ന്യൂ​യോർക്ക്‌ നഗരം എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം സർക്കിട്ട്‌ വേല ചെയ്‌തു. 1958-ൽ കാലി​ഫോർണി​യ​യി​ലും ഒറിഗ​ണി​ലും ഞങ്ങൾ ഡിസ്‌ട്രി​ക്‌റ്റ്‌ വേല a ആരംഭി​ച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളി​ലാ​യി​രു​ന്നു താമസം. 1960-ൽ ഞങ്ങൾ കാനഡ​യി​ലേക്കു പോയി. അവിടെ മേൽവി​ചാ​ര​ക​ന്മാർക്കാ​യുള്ള രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളി​ന്റെ ഒരു അധ്യാ​പ​ക​നാ​യി​രു​ന്നു യൂജിൻ. 1988 വരെ ഞങ്ങൾ കാനഡ​യി​ലു​ണ്ടാ​യി​രു​ന്നു.

 കാനഡ​യിൽ വെച്ചു​ണ്ടായ അനുഭ​വ​ങ്ങ​ളിൽ മറക്കാ​നാ​കാത്ത ഒന്നുണ്ട്‌. ഞാനും ഒരു സഹോ​ദ​രി​യും വീടു​തോ​റും പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ, ഗെയിൽ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ പരിച​യ​പ്പെട്ടു. തനിക്കു മൂന്ന്‌ ആൺമക്ക​ളാ​ണെ​ന്നും അടുത്തി​ടെ അവരുടെ അപ്പൂപ്പൻ മരിച്ചു​പോ​യ​തു​കൊണ്ട്‌ അവർ വളരെ വിഷമ​ത്തി​ലാ​ണെ​ന്നും ആ സ്‌ത്രീ ഞങ്ങളോ​ടു പറഞ്ഞു. “അപ്പൂപ്പൻ മരിച്ചത്‌ എന്താ?,” “അപ്പൂപ്പൻ എങ്ങോട്ടാ പോയത്‌?” എന്നൊക്കെ ആ മക്കൾ ഗെയി​ലി​നോ​ടു ചോദി​ക്കു​മാ​യി​രു​ന്നു. അതി​നൊ​ന്നും ഉത്തരം കൊടു​ക്കാൻ ഗെയി​ലി​നു പറ്റിയില്ല. പക്ഷേ ആശ്വസി​പ്പി​ക്കുന്ന ചില തിരു​വെ​ഴു​ത്തു​കൾ കാണി​ച്ചു​കൊണ്ട്‌ ഗെയി​ലി​ന്റെ സംശയ​ങ്ങൾക്കു ഞങ്ങൾ ബൈബി​ളിൽനിന്ന്‌ ഉത്തരം കൊടു​ത്തു.

 ഞങ്ങൾ സർക്കിട്ട്‌ വേലയിൽ ആയിരു​ന്ന​തു​കൊണ്ട്‌ ഒരാഴ്‌ചയേ അവി​ടെ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ എനിക്ക്‌ ഗെയി​ലി​ന്റെ അടുത്ത്‌ മടങ്ങി​ച്ചെ​ല്ലാൻ പറ്റില്ലാ​യി​രു​ന്നു. പക്ഷേ എന്റെ കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദരി ഗെയി​ലി​നെ കാണാ​നാ​യി വീണ്ടും ചെന്നു. ഫലം എന്തായി​രു​ന്നെ​ന്നോ? ഗെയി​ലും അവരുടെ ഭർത്താ​വായ ബില്ലും മൂന്ന്‌ ആൺമക്ക​ളും സത്യം പഠിച്ചു. മൂത്ത മകനായ ക്രിസ്റ്റഫർ ഇപ്പോൾ കാനഡ​യിൽ ഒരു മൂപ്പനാണ്‌. രണ്ടാമത്തെ മകൻ സ്റ്റീവ്‌, ഫ്‌ളോ​റി​ഡ​യി​ലെ പാം കോസ്റ്റിൽ നമ്മുടെ ബൈബിൾ സ്‌കൂ​ളു​ക​ളു​ടെ ഒരു അധ്യാ​പ​ക​നാ​യി സേവി​ക്കു​ന്നു. ഇളയ മകൻ പാട്രിക്‌, തായ്‌ലൻഡി​ലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാണ്‌. ഞങ്ങൾക്ക്‌ ഇപ്പോ​ഴും ആ കുടും​ബ​വു​മാ​യി അടുത്ത​ബ​ന്ധ​മുണ്ട്‌. യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ ചെറു​താ​യി​ട്ടാ​ണെ​ങ്കി​ലും എനിക്ക്‌ അവരെ സഹായി​ക്കാൻ പറ്റിയ​ല്ലോ, അതിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌.

ആശുപ​ത്രി​സ​ന്ദർശനം തുടങ്ങി ആശുപ​ത്രി ഏകോ​പ​ന​സ​മി​തി വരെ

 കാനഡ​യിൽ ആയിരു​ന്ന​പ്പോൾ യഹോവ യൂജിനു മുന്നിൽ വലി​യൊ​രു വാതിൽ തുറന്നു. ആവേശം പകരുന്ന ഒന്ന്‌! അതെക്കു​റിച്ച്‌ ഞാൻ നിങ്ങ​ളോ​ടു പറയാം.

 രക്തത്തെ​ക്കു​റി​ച്ചു​ള്ള നമ്മുടെ നിലപാട്‌ ആളുകൾക്കി​ട​യിൽ വലിയ തെറ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​ക്കി. അന്ന്‌ കാനഡ​യി​ലെ പത്രങ്ങ​ളി​ലെ​ല്ലാം സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഒരു വാർത്ത വന്നു. രക്തം കയറ്റാൻ സാക്ഷി​ക​ളായ മാതാ​പി​താ​ക്കൾ സമ്മതി​ക്കാ​ത്ത​തു​കൊണ്ട്‌ അവരുടെ കുട്ടികൾ മരിച്ചു​പോ​കു​ക​യാ​ണെന്ന്‌. എന്നാൽ സത്യാവസ്ഥ തുറന്ന്‌ കാണി​ക്കു​ന്ന​തി​നു​വേണ്ടി പ്രവർത്തി​ക്കാൻ എന്റെ ഭർത്താ​വിന്‌ അവസരം ലഭിച്ചു.

 കാനഡ​യിൽനി​ന്നും ഐക്യ​നാ​ടു​ക​ളിൽനി​ന്നും ഉള്ള 50,000-ത്തോളം യഹോ​വ​യു​ടെ സാക്ഷികൾ പങ്കെടു​ക്കുന്ന ഒരു അന്താരാ​ഷ്‌ട്ര സമ്മേളനം 1969-ൽ ന്യൂ​യോർക്കി​ലെ ബഫലോ​യിൽ വെച്ച്‌ നടക്കാൻപോ​കു​ക​യാ​യി​രു​ന്നു. അതിനു മുമ്പായി യൂജി​നും മറ്റു പല സഹോ​ദ​ര​ങ്ങ​ളും ആ പ്രദേ​ശ​ത്തുള്ള പ്രധാ​ന​പ്പെട്ട പല ആശുപ​ത്രി​ക​ളും സന്ദർശി​ച്ചു. രക്തം സംബന്ധിച്ച നമ്മുടെ നിലപാട്‌ ഡോക്ടർമാർ മുന്നമേ അറിഞ്ഞി​രി​ക്കു​ന്ന​തും അതു ന്യായ​മാ​ണെന്ന്‌ അവർക്കു ബോധ്യ​പ്പെ​ടു​ന്ന​തും നല്ലതാ​യി​രു​ന്നു. കാരണം കൺ​വെൻ​ഷനു വരുന്ന ആർക്കെ​ങ്കി​ലും ഗുരു​ത​ര​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടാ​യാൽ കാര്യങ്ങൾ കുറച്ചു​കൂ​ടി എളുപ്പ​മാ​കും. ഡോക്ടർമാർതന്നെ അംഗീ​ക​രി​ക്കുന്ന പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും രക്തരഹിത ചികി​ത്സ​യോ​ടു ബന്ധപ്പെട്ട്‌ വന്നിരി​ക്കുന്ന ലേഖനങ്ങൾ സഹോ​ദ​രങ്ങൾ കാണി​ച്ചു​കൊ​ടു​ത്തു. ഇതി​നോട്‌ ഡോക്ടർമാർ നന്നായി പ്രതി​ക​രി​ച്ചതു കണ്ടപ്പോൾ അതൊരു പ്രചോ​ദ​ന​മാ​യി. യൂജി​നും മറ്റു സഹോ​ദ​ര​ങ്ങ​ളും കാനഡ​യി​ലെ ആശുപ​ത്രി​ക​ളിൽ ഉടനീളം അത്തരം സന്ദർശനം നടത്താൻതു​ടങ്ങി. കൂടാതെ, ചികി​ത്സ​യോ​ടു ബന്ധപ്പെട്ട്‌ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യം ഉണ്ടാകു​മ്പോൾ അതിനെ നന്നായി കൈകാ​ര്യം ചെയ്യാൻ പ്രാ​ദേ​ശിക മൂപ്പന്മാ​രെ സഹായി​ക്കു​ക​യും ചെയ്‌തു.

 അങ്ങനെ പതി​യെ​പ്പ​തി​യെ ആ ശ്രമങ്ങൾക്കു ഫലം കണ്ടുതു​ടങ്ങി. അതു പിന്നീട്‌ വലി​യൊ​രു കാര്യ​ത്തി​ലേക്കു വഴിതു​റന്നു. അത്‌ എന്താ​ണെ​ന്നോ?

തയ്യൽ മുറി​യി​ലെ ജോലി എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌

 1980-കളുടെ മധ്യത്തിൽ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നി​ലുള്ള നമ്മുടെ ലോകാ​സ്ഥാ​ന​ത്തു​നി​ന്നും മിൽട്ടൻ ഹെൻഷൽ സഹോ​ദരൻ യൂജിനെ വിളിച്ചു. ഐക്യ​നാ​ടു​ക​ളിൽ അപ്പോൾത്തന്നെ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു പരിപാ​ടി വിപു​ലീ​ക​രി​ക്കാ​നും അങ്ങനെ കൂടുതൽ ഡോക്ടർമാ​രി​ലേക്ക്‌ ആ വിവരങ്ങൾ എത്തിക്കാ​നും ഭരണസം​ഘം ആഗ്രഹി​ച്ചു. അതു​കൊണ്ട്‌, യൂജി​നും ഞാനും ബ്രൂക്‌ലി​നി​ലേക്കു മാറി. 1988 ജനുവ​രി​യിൽ ഭരണസം​ഘം, ആശുപ​ത്രി വിവര​ദാ​ന​സേ​വനം എന്നൊരു ഡിപ്പാർട്ടു​മെന്റ്‌ ലോകാ​സ്ഥാ​നത്ത്‌ ആരംഭി​ച്ചു. പിന്നീട്‌ എന്റെ ഭർത്താ​വി​നും മറ്റു രണ്ടു സഹോ​ദ​ര​ന്മാർക്കും, ആദ്യം ഐക്യ​നാ​ടു​ക​ളി​ലും പിന്നെ മറ്റു രാജ്യ​ങ്ങ​ളി​ലും സെമി​നാ​റു​കൾ നടത്താ​നുള്ള നിയമനം കിട്ടി. പെട്ടെ​ന്നു​തന്നെ ബ്രാഞ്ചു​ക​ളിൽ ആശുപ​ത്രി വിവര​ദാന ഡിപ്പാർട്ടു​മെ​ന്റും പല നഗരങ്ങ​ളി​ലും ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​ക​ളും ആരംഭി​ച്ചു. യഹോവ നൽകിയ ആ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ ഒരുപാട്‌ സാക്ഷി​ക​ളും അവരുടെ മക്കളും പ്രയോ​ജനം നേടി. യൂജിൻ സെമി​നാ​റു​കൾ നടത്തു​ക​യും ആശുപ​ത്രി​കൾ സന്ദർശി​ക്കു​ക​യും ചെയ്യുന്ന സമയത്ത്‌ ഞാൻ അവിടത്തെ ബഥേലിൽ സേവി​ക്കും. മിക്ക​പ്പോ​ഴും തയ്‌ക്കു​ന്നി​ട​ത്തോ അടുക്ക​ള​യി​ലോ ആയിരി​ക്കും എന്റെ ജോലി.

ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യു​ടെ ഒരു ക്ലാസ്‌, ജപ്പാൻ

എനിക്കു​ണ്ടായ വലിയ നഷ്ടം

 2006-ൽ ആയിരു​ന്നു അത്‌. എന്റെ പ്രിയ ഭർത്താവ്‌ യൂജിനെ എനിക്ക്‌ മരണത്തിൽ നഷ്ടമായി. ഞാൻ അനുഭ​വിച്ച ഏറ്റവും വലിയ വേദന​യാ​യി​രു​ന്നു അത്‌. യൂജിന്റെ സ്‌നേ​ഹ​വും ഒരുമി​ച്ചുള്ള നല്ല നിമി​ഷ​ങ്ങ​ളും എനിക്കു തീരാ​ന​ഷ്ട​മാണ്‌. ആ സമയത്ത്‌ സഹിച്ചു​നിൽക്കാൻ പല കാര്യങ്ങൾ എന്നെ സഹായി​ച്ചു. പ്രാർഥ​ന​യും പതിവാ​യുള്ള ബൈബിൾവാ​യ​ന​യും എന്നെ യഹോ​വ​യോ​ടു ചേർത്തു​നി​റു​ത്തി. ബഥേൽ കുടും​ബ​ത്തോ​ടൊ​പ്പ​മുള്ള ദിനവാ​ക്യ​ചർച്ച ഞാൻ കേൾക്കും. ദിനവാ​ക്യം എടുത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തി​ന്റെ അധ്യായം മുഴുവൻ ഞാൻ വായി​ക്കും. തയ്യൽജോ​ലി​കൾ ചെയ്യാ​നുള്ള എന്റെ ബഥേൽ നിയമ​ന​ത്തിൽ ഞാൻ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു. ഈ നിയമനം ഞാൻ ഒരു പദവി​യാ​യി കാണുന്നു. ആദ്യ​മൊ​ക്കെ ന്യൂ​യോർക്കി​ലും ന്യൂ ജേഴ്‌സി​യി​ലും ഉള്ള സമ്മേള​ന​ഹാ​ളു​കൾക്ക്‌ നീളമുള്ള കർട്ടനു​കൾ തയ്‌ക്കാ​നുള്ള പദവി​പോ​ലും എനിക്കു ലഭിച്ചു. ഞാൻ ഇപ്പോൾ ഫിഷ്‌കിൽ ബഥേലി​ലാണ്‌. അവിടെ ചെറിയ തയ്യലും മറ്റു ചെറിയ ജോലി​ക​ളും ചെയ്യുന്നു. b

 എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തും യഹോ​വ​യെ​യും സംഘട​ന​യെ​യും അനുസ​രി​ക്കു​ന്ന​തും ആണ്‌. (എബ്രായർ 13:17; 1 യോഹ​ന്നാൻ 5:3) ഞാനും യൂജി​നും ഈ കാര്യ​ങ്ങൾക്ക്‌ ജീവി​ത​ത്തിൽ പ്രാധാ​ന്യം കൊടു​ത്ത​ല്ലോ എന്നോർക്കു​മ്പോൾ എനിക്കു സന്തോ​ഷ​മുണ്ട്‌. അതു​കൊ​ണ്ടു​തന്നെ പറുദീ​സാ​ഭൂ​മി​യിൽ യൂജിനെ വീണ്ടും കാണാ​നും ഞങ്ങൾക്ക്‌ ഒരുമിച്ച്‌ എന്നേക്കും ജീവി​ക്കാ​നും ഉള്ള അവസരം യഹോവ തരും!—യോഹ​ന്നാൻ 5:28, 29.

a സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഓരോ സഭയും സന്ദർശി​ക്കു​ന്നു. എന്നാൽ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ സർക്കി​ട്ടു​കൾ സന്ദർശി​ക്കു​ന്ന​വ​രും സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളിൽ പ്രസം​ഗങ്ങൾ നടത്തു​ന്ന​വ​രും ആയിരു​ന്നു.

b ഈ ലേഖനം തയ്യാറാ​ക്കുന്ന സമയത്ത്‌ കമില റോസം സഹോ​ദരി മരിച്ചു. 2022 മാർച്ചിൽ മരിക്കു​മ്പോൾ സഹോ​ദ​രിക്ക്‌ 94 വയസ്സു​ണ്ടാ​യി​രു​ന്നു.