വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജെയ്‌ ക്യാം​ബെൽ | ജീവി​ത​കഥ

താഴ്‌ച​യിൽനി​ന്നും ഉയർച്ച​യി​ലേക്ക്‌

താഴ്‌ച​യിൽനി​ന്നും ഉയർച്ച​യി​ലേക്ക്‌

 ചെറുപ്പംതൊട്ടേ ഞാനൊ​രു നാണം കുണു​ങ്ങി​യാ​യി​രു​ന്നു. പുറ​ത്തോട്ട്‌ ഇറങ്ങാ​നൊ​ന്നും എനിക്കു വലിയ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. ആളുക​ളു​ടെ മുന്നിൽ ചെന്നു​പെ​ടാ​തി​രി​ക്കാൻ ഞാൻ ശ്രമി​ക്കും. എന്നെ ഒന്നിനും കൊള്ളി​ല്ലെ​ന്നാ​ണു ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. ഞാൻ പുറത്തുള്ള ആളുക​ളോ​ടു സംസാ​രി​ക്കു​ന്നതു വളരെ അപൂർവ​മാ​യി​രു​ന്നു. ആളുകൾ എന്നോടു നന്നായി പെരു​മാ​റി​യി​ല്ലെ​ങ്കി​ലോ എന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. ഞാൻ എന്റെ കഥ നിങ്ങ​ളോ​ടു പറയാം.

 1967 ആഗസ്റ്റ്‌, എനിക്ക്‌ 18 മാസം പ്രായ​മു​ള്ള​പ്പോൾ ഒരു പനി വന്നു. പിറ്റേന്നു രാവിലെ ഉണർന്ന​പ്പോൾ എന്റെ കാലു​ക​ളു​ടെ ബലം കുറഞ്ഞി​രു​ന്നു. ഞങ്ങൾ താമസി​ച്ചി​രുന്ന സിയറ ലിയോ​ണി​ലെ ഫ്രീ ടൗണി​ലുള്ള ഒരു ഹോസ്‌പി​റ്റ​ലിൽ പോയി ടെസ്റ്റ്‌ ചെയ്‌ത​പ്പോൾ എനിക്കു പോളി​യോ​യാ​ണെന്നു കണ്ടെത്തി. മിക്കവാ​റും അഞ്ചു വയസ്സിൽ താഴെ​യുള്ള കുട്ടി​കൾക്കു വരുന്ന രോഗ​മാ​ണിത്‌. അത്‌ ശരീരത്തെ തളർത്തി​ക്ക​ള​യും. ഫിസി​യോ​തെ​റാ​പ്പി ചെയ്‌തെ​ങ്കി​ലും പ്രത്യേ​കിച്ച്‌ കാര്യ​മൊ​ന്നും ഉണ്ടായില്ല. പയ്യെപ്പയ്യെ എന്റെ കാലു​ക​ളു​ടെ ബലം നഷ്ടപ്പെട്ടു. അങ്ങനെ എനിക്കു നടക്കാ​നും നിൽക്കാ​നും ഒന്നും കഴിയാ​തെ​യാ​യി. ഒരു സ്ഥലത്തു​നി​ന്നും മറ്റൊരു സ്ഥലത്ത്‌ പോകാൻ എനിക്ക്‌ ഇഴഞ്ഞു​പോ​കേ​ണ്ടി​വന്നു. ഈ അസുഖം കാരണം അച്ഛൻ എന്നെ എപ്പോ​ഴും പരിഹ​സി​ക്കും. അങ്ങനെ എന്റെ ആത്മവി​ശ്വാ​സം നഷ്ടപ്പെട്ടു. ഏറ്റവും താഴ്‌ത്ത​ട്ടി​ലുള്ള ഒരാ​ളെ​പ്പോ​ലെ എനിക്ക്‌ എന്നെത്തന്നെ തോന്നി.

ഇഴഞ്ഞു​നീ​ങ്ങി​ക്കൊ​ണ്ടുള്ള എന്റെ ചെറു​പ്പ​കാ​ലം

 കുറെ പാവപ്പെട്ട കുടും​ബങ്ങൾ താമസി​ച്ചി​രുന്ന ഒരു സ്ഥലത്താണു ഞാനും എന്റെ അമ്മയും താമസി​ച്ചി​രു​ന്നത്‌. ആളുകൾക്ക്‌ എന്നെ ഇഷ്ടമാ​യി​രു​ന്നെ​ങ്കി​ലും ഒരു പിതാ​വി​ന്റെ സ്‌നേ​ഹ​ത്തി​നാ​യി ഞാൻ കൊതി​ച്ചി​രു​ന്നു. പക്ഷേ എനിക്ക്‌ അതു കിട്ടി​യി​രു​ന്നില്ല. എന്റെ അസുഖ​ത്തെ​ക്കു​റിച്ച്‌ ചിലർ പറഞ്ഞത്‌, ഇതു സാധാരണ ഒരു അസുഖമല്ല, എന്തോ കൂടോ​ത്രം കാരണ​മാണ്‌ ഇങ്ങനെ വന്നത്‌ എന്നാണ്‌. ഇനി ചിലരാ​ണെ​ങ്കിൽ, അമ്മയോട്‌ ഭിന്ന​ശേ​ഷി​ക്കാ​രായ കുട്ടി​കളെ നോക്കുന്ന സ്ഥലത്ത്‌ എന്നെ ഉപേക്ഷി​ച്ചിട്ട്‌ പോയ്‌ക്കോ, അങ്ങനെ​യാ​കു​മ്പോൾ വലി​യൊ​രു ഭാരം ഒഴിഞ്ഞു​പോ​കു​മ​ല്ലോ എന്നു പറഞ്ഞു. പക്ഷേ, അമ്മ അതൊ​ന്നും കേട്ടില്ല. കഷ്ടപ്പെ​ട്ടാ​ണെ​ങ്കി​ലും അമ്മ എന്നെ വളർത്തി.

 ഞാൻ ഇഴഞ്ഞി​ഴ​ഞ്ഞാണ്‌ നീങ്ങി​യി​രു​ന്നത്‌. അങ്ങനെ നിലത്തു​കൂ​ടി ഇഴയു​മ്പോൾ എന്റെ ശരീര​ത്തിൽ മുറി​വു​ക​ളൊ​ക്കെ ഉണ്ടാകു​മാ​യി​രു​ന്നു. മുറി​വു​ക​ളു​ണ്ടാ​കു​ന്നതു കുറയ്‌ക്കാൻ ഞാൻ കട്ടിയുള്ള വസ്‌ത്ര​ങ്ങ​ളാ​ണു ധരിച്ചി​രു​ന്നത്‌. അതു​പോ​ലെ കൈയിൽ ഗ്ലൗസിനു പകരം ചെരി​പ്പു​ക​ളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. പിന്നീട്‌, എനിക്ക്‌ ഒരു പ്രത്യേക ഷേയ്‌പ്പി​ലുള്ള തടിക്ക​ഷ​ണങ്ങൾ കിട്ടി. അത്‌ ഉപയോ​ഗി​ക്കു​മ്പോൾ കൈ ഉരയാ​തെ​യു​മി​രി​ക്കും, മുമ്പ​ത്തെ​ക്കാ​ളും കുറച്ചു​കൂ​ടി എളുപ്പ​വും ആയി. ആദ്യം ഞാൻ തടിക്ക​ഷ​ണങ്ങൾ തറയിൽ വെക്കും. എന്നിട്ട്‌, കൈകൾ അതിന്റെ മുകളിൽ വെക്കും. പിന്നെ എന്റെ ശരീര​ഭാ​രം മുഴു​വ​നെ​ടുത്ത്‌ ഞാൻ മുന്നി​ലേക്ക്‌ ആയും. എന്നിട്ട്‌ ഞാൻ കാലു​ക​ളും മുന്നോ​ട്ടു നീക്കും. അങ്ങനെ ഒരു പടി മുന്നോ​ട്ടു വെക്കും. അതുതന്നെ വീണ്ടും​വീ​ണ്ടും ആവർത്തി​ക്കും. ശരിക്കും ഇങ്ങനെ ചെയ്യാൻ വളരെ ബുദ്ധി​മു​ട്ടാണ്‌. കൈക്കും തോളി​നും എല്ലാം നല്ല വേദന തോന്നും. അതു​കൊണ്ട്‌ ഞാൻ ആ പരിസരം വിട്ട്‌ അധിക​മൊ​ന്നും പുറത്ത്‌ പോകി​ല്ലാ​യി​രു​ന്നു. മറ്റു കുട്ടി​ക​ളെ​പ്പോ​ലെ സ്‌കൂ​ളിൽ പോകാ​നോ അവരു​ടെ​കൂ​ടെ കളിക്കാ​നോ ഒന്നും എനിക്കു കഴിഞ്ഞില്ല. അമ്മ ഇല്ലാ​തെ​യാ​യാൽ ഞാൻ എങ്ങനെ ജീവി​ക്കു​മെ​ന്നു​പോ​ലും ചിന്തി​ച്ചി​ട്ടുണ്ട്‌.

 ഭിക്ഷ​യെ​ടുത്ത്‌ ജീവി​ക്കേണ്ട ഒരു അവസ്ഥ വരരുതേ എന്നു ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. അപ്പോൾ എനിക്കു തോന്നി ഞാൻ ദൈവ​ത്തോട്‌ അടുക്കു​ക​യും ദൈവത്തെ ശരിയായ രീതി​യിൽ ആരാധി​ക്കു​ക​യും ചെയ്‌താൽ ദൈവം എനിക്കു​വേണ്ടി കരുതി​ക്കൊ​ള്ളും എന്ന്‌. അങ്ങനെ 1981-ൽ ഒരു ദിവസം വളരെ വേദന സഹിച്ചാ​ണെ​ങ്കി​ലും ഇഴഞ്ഞി​ഴഞ്ഞ്‌ ഞങ്ങളുടെ അടുത്തുള്ള ഒരു പള്ളിയിൽ ഞാൻ പോയി. പക്ഷേ, അവിടെ വന്ന ആളുകൾ എന്നെ നോക്കുന്ന രീതി കണ്ടപ്പോൾ എനിക്ക്‌ ആകെ അസ്വസ്ഥത തോന്നി. അവിടത്തെ പാസ്റ്ററി​നു ഞാൻ ചെന്നത്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​പോ​ലെ കാശു കൊടുത്ത്‌ ചിലർക്കു​വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഞാൻ ഇരുന്നതു കണ്ടപ്പോൾ അദ്ദേഹം എന്റെ അമ്മയെ വഴക്കു പറയു​ക​യും ചെയ്‌തു. ഇനി അങ്ങോട്ടു പോകി​ല്ലെന്നു ഞാൻ തീരു​മാ​നി​ച്ചു.

എന്റെ സ്വർഗീ​യ​പി​താ​വി​നെ കണ്ടുമു​ട്ടു​ന്നു

 1984-ൽ എനിക്ക്‌ 18 വയസ്സു​ള്ള​പ്പോൾ ഒരു ദിവസം രാവിലെ എന്നത്തേ​തും​പോ​ലെ ഞാൻ മുകളി​ലത്തെ നിലയിൽ ജനാല​യു​ടെ അടുത്ത്‌ പോയി​രു​ന്നു. പുറം​ലോ​കത്തെ കാഴ്‌ച​ക​ളൊ​ക്കെ കാണു​ന്നതു ഞാൻ അവിടെ ഇരുന്നാണ്‌. പിന്നെ ഞാൻ താഴെ മുറ്റത്ത്‌ പോയി ഇരിക്കാ​മെന്ന്‌ ഓർത്തു. സാധാരണ ആരെയും​തന്നെ അവിടെ കാണാ​റി​ല്ലാ​യി​രു​ന്നു. അവിടെ ഇരുന്ന​പ്പോ​ഴാ​ണു രണ്ടു പേർ വീടു​കൾതോ​റും പോയി പ്രസം​ഗി​ക്കു​ന്നതു കണ്ടത്‌. നല്ലൊരു ഭാവി​യെ​ക്കു​റിച്ച്‌ അവർ എന്നോടു പറഞ്ഞു. എന്റെ ഈ അവസ്ഥകൾക്ക്‌ എല്ലാം ഒരു മാറ്റം വരു​മെ​ന്നും. അവർ എന്നെ യശയ്യ 33:24-ഉം വെളി​പാട്‌ 21:3, 4-ഉം വായി​ച്ചു​കേൾപ്പി​ച്ചു. എന്നിട്ട്‌, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന ഒരു ലഘുപ​ത്രി​ക​യും എനിക്കു തന്നു. ഇതെക്കു​റിച്ച്‌ കൂടുതൽ പറഞ്ഞു​ത​രാൻ വേറൊ​രു ദിവസം വരാ​മെ​ന്നും പറഞ്ഞു.

 അവർ രണ്ടാമതു വന്നപ്പോൾ ഇനിമു​തൽ ബൈബിൾവി​ഷ​യങ്ങൾ സംസാ​രി​ക്കാൻ പുതു​താ​യി വന്ന ഒരു മിഷനറി പോളി​നെ പരിച​യ​പ്പെ​ടു​ത്തി​ത്ത​രാ​മെന്നു പറഞ്ഞു. അങ്ങനെ പോളി​നെ പരിച​യ​പ്പെട്ടു. ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി. ഒരു അമ്മയും മകളും പോലുള്ള ബന്ധമാ​യി​രു​ന്നു ഞങ്ങൾക്കി​ട​യിൽ. എന്റെ സ്വന്തം അമ്മയ്‌ക്കു ഞാൻ ഈ “പുതിയ അമ്മയോ​ടൊ​പ്പം” ബൈബിൾ പഠിക്കു​ന്നത്‌ ഇഷ്ടമാ​യി​രു​ന്നു. അമ്മ അതിനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. പോളി​നെ എനിക്ക്‌ ഒത്തിരി ഇഷ്ടമാ​യി​രു​ന്നു. എന്നോട്‌ സ്‌നേ​ഹ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും ദയയോ​ടെ​യും ഒക്കെയാണ്‌ ഇടപെ​ട്ടി​രു​ന്നത്‌. എന്റെ കാര്യ​ത്തിൽ നല്ല താത്‌പ​ര്യം കാണി​ച്ചി​രു​ന്നു. ഞാൻ സുഖമാ​യി​ട്ടി​രി​ക്കു​ന്നോ എന്ന്‌ ഇടയ്‌ക്കി​ട​യ്‌ക്ക്‌ അന്വേ​ഷി​ക്കു​മാ​യി​രു​ന്നു. എന്നെ വായി​ക്കാൻ പഠിപ്പി​ച്ചത്‌ പോളി​നാണ്‌. എന്റെ ബൈബിൾ കഥാപു​സ്‌തകം ഉപയോ​ഗിച്ച്‌ ഞാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലുള്ള ഒരു പിതാ​വി​നെ പോളിൻ എനിക്കു പരിച​യ​പ്പെ​ടു​ത്തി​ത്തന്നു.

എന്റെകൂടെ ബൈബിൾ പഠിച്ച പോളിൻ എന്ന മിഷനറി

 ബൈബി​ളി​ലെ കാര്യ​ങ്ങ​ളൊ​ക്കെ കേട്ട​പ്പോൾ എനിക്ക്‌ ഒത്തിരി സന്തോഷം തോന്നി. ഒരു ദിവസം ഞാൻ പോളി​നോ​ടു ചോദി​ച്ചു, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാപുസ്‌തകാധ്യയനത്തിനു a ഞാനും കൂടെ വരട്ടെ എന്ന്‌. അതു നടന്നി​രു​ന്നത്‌ എന്റെ വീടിന്‌ അടുത്ത്‌ താമസി​ച്ചി​രുന്ന സാക്ഷി​ക​ളു​ടെ ഒരു വീട്ടി​ലാ​യി​രു​ന്നു. കൊണ്ടു​പോ​കാ​മെന്നു പോളിൻ സമ്മതിച്ചു. പിറ്റെ ചൊവ്വാഴ്‌ച പോളിൻ എന്റെ വീട്ടിൽ വന്നു. ഞാൻ കുളിച്ച്‌ ഒരുങ്ങു​ന്ന​തു​വരെ പോളിൻ എനിക്കു​വേണ്ടി കാത്തു​നി​ന്നു. മീറ്റി​ങ്ങിന്‌ ഒന്നിച്ച്‌ പോകാ​നാ​യി​രു​ന്നു ഞങ്ങളുടെ പ്ലാൻ. വണ്ടി പിടി​ക്കു​ന്ന​തി​ന്റെ കാശ്‌ പോളി​നിൽനിന്ന്‌ വാങ്ങണ​മെന്ന്‌ ആരോ എന്നോട്‌ പറഞ്ഞു. എന്നാൽ ഞാൻ പറഞ്ഞു: “ഞാൻ ഈ തടിക്ക​ഷ​ണം​വെച്ച്‌ നടന്നു​പോ​യ്‌ക്കോ​ളാം.”

 ഞാൻ ഇറങ്ങാൻ തുടങ്ങി​യ​പ്പോൾ അമ്മയും അയൽക്കാ​രും ഒക്കെ നോക്കി​ക്കൊണ്ട്‌ നിന്നു. അവർക്ക്‌ എന്റെ കാര്യ​ത്തിൽ ശരിക്കും ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. ഞാൻ മുറ്റം കടന്ന്‌ അപ്പുറത്ത്‌ എത്തിയ​പ്പോൾ അയൽക്കാ​രിൽ ചിലർ പോളിന്‌ നേരെ ഒച്ചവെച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അവളെ നിർബ​ന്ധിച്ച്‌ കൊണ്ടു​പോ​കു​ക​യാണ്‌!”

 അപ്പോൾ പോളിൻ എന്നോടു ചോദി​ച്ചു: “ജെയ്‌, നിനക്കു വരണ​മെ​ന്നു​ണ്ടോ?” യഹോ​വ​യി​ലുള്ള എന്റെ ആശ്രയം തെളി​യി​ക്കാ​നുള്ള ഒരു സമയമാ​യി​രു​ന്നു അത്‌. (സുഭാ​ഷി​തങ്ങൾ 3:5, 6) ഞാൻ പറഞ്ഞു: “എനിക്കു വരണം. ഇത്‌ എന്റെ തീരു​മാ​ന​മാണ്‌.” ഇതു കേട്ട​പ്പോൾ അയൽക്കാ​രെ​ല്ലാം ശാന്തരാ​യി. ഞാൻ ഗേറ്റു​വരെ എത്തിയില്ല. അതിനു മുമ്പു​തന്നെ അവരുടെ മനോ​ഭാ​വം മാറി. അവർ എന്നെ അഭിന​ന്ദി​ച്ചു​കൊണ്ട്‌ സംസാ​രി​ക്കാൻതു​ടങ്ങി.

 എനിക്കു മീറ്റിങ്ങ്‌ ഒത്തിരി ഇഷ്ടപ്പെട്ടു! നല്ലൊരു ഉന്മേഷം തോന്നി! എല്ലാവ​രും എന്നെ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്‌തു. ആരും എന്നെ വിലകു​റച്ച്‌ കണ്ടില്ല. അങ്ങനെ ഞാൻ സ്ഥിരം പോകാൻതു​ടങ്ങി. കുറച്ച്‌ കഴിഞ്ഞ​പ്പോൾ ഞാൻ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ ഒത്തിരി പേർ വരുന്ന മീറ്റി​ങ്ങു​കൾക്കു​കൂ​ടി വരട്ടേ എന്നു ചോദി​ച്ചു. അധികം കാശൊ​ന്നും ഇല്ലായി​രു​ന്ന​തു​കൊണ്ട്‌ എനിക്കു രണ്ടു ജോടി ഡ്രസ്സും ഒരു ജോടി ചെരു​പ്പും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും ദൈവ​ത്തി​ന്റെ ജനം എന്നെ ഒഴിവാ​ക്കി​ല്ലെന്ന്‌ എനിക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അതുത​ന്നെ​യാ​ണു സംഭവി​ച്ച​തും.

 രാജ്യ​ഹാ​ളിൽ പോക​ണ​മെ​ങ്കിൽ ആദ്യം ഞങ്ങളുടെ തെരു​വി​ന്റെ അറ്റംവരെ ഞാൻ ഇഴഞ്ഞ്‌ ചെല്ലണം. അവി​ടെ​നിന്ന്‌ ഒരു ടാക്‌സി പിടി​ക്കും. ആ ടാക്‌സി രാജ്യ​ഹാൾ ഇരിക്കുന്ന കുന്നിന്റെ അടിവാ​രം​വരെ പോകും. അവി​ടെ​നിന്ന്‌ സഹോ​ദ​രങ്ങൾ എന്നെ കൈയി​ലെ​ടുത്ത്‌ രാജ്യ​ഹാ​ളിൽ എത്തിക്കും.

 യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​ഞ്ഞ​പ്പോൾ യഹോ​വ​യിൽ ആശ്രയി​ക്ക​ണ​മെന്ന്‌ എനിക്കു തോന്നി. അതു​കൊണ്ട്‌ ക്രമമാ​യി മീറ്റി​ങ്ങി​നു പോകാൻ ഞാൻ തീരു​മാ​നി​ച്ചു. (സങ്കീർത്തനം 34:8) മഴയുള്ള സമയമാ​ണെ​ങ്കിൽ, ഞാൻ അവിടെ എത്തു​മ്പോ​ഴേ​ക്കും മുഴുവൻ നനഞ്ഞി​ട്ടു​ണ്ടാ​കും. ഡ്രസ്സ്‌ മുഴുവൻ ചെളി​യു​മാ​യി​രി​ക്കും. രാജ്യ​ഹാ​ളിൽ ചെന്നിട്ട്‌ ഞാൻ ഡ്രസ്സ്‌ മാറും. ഇത്ര​യൊ​ക്കെ കഷ്ടപ്പാ​ടു​ണ്ടെ​ങ്കി​ലും അതൊ​ന്നും ഒരു നഷ്ടമല്ലാ​യി​രു​ന്നു!

 1985-ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌ത​ക​ത്തിൽ എന്നെക്കു​റിച്ച്‌ പറഞ്ഞി​രു​ന്നു. വാർഷി​ക​പു​സ്‌ത​ക​ത്തി​ലെ എന്റെ ഈ അനുഭവം വായി​ച്ച​പ്പോൾ സ്വിറ്റ്‌സർലൻഡി​ലുള്ള ജോ​സെറ്റ്‌ എന്ന സഹോ​ദരി എനി​ക്കൊ​രു വീൽച്ചെയർ അയച്ചു​തന്നു. മൂന്നു ചക്രമുള്ള ഈ വീൽച്ചെ​യ​റിൽ ചെളി തെറി​ക്കാ​തി​രി​ക്കാ​നുള്ള മഡ്‌ഗാ​ഡു​ക​ളും മറ്റു സൗകര്യ​ങ്ങ​ളും ഒക്കെയു​ണ്ടാ​യി​രു​ന്നു. അതു കിട്ടി​ക്ക​ഴി​ഞ്ഞ​പ്പോൾ പുറത്ത്‌ ഇറങ്ങാൻ എനിക്ക്‌ ആത്മവി​ശ്വാ​സം തോന്നി. ചെറിയ കുട്ടികൾ വന്ന്‌ ഈ വീൽച്ചെയർ കൗതു​ക​ത്തോ​ടെ നോക്കു​മാ​യി​രു​ന്നു. ഞാൻ അതിൽ യാത്ര ചെയ്യു​ന്നതു കാണാൻ അവർക്കു വലിയ ഇഷ്ടമാ​യി​രു​ന്നു. താഴ്‌ത്ത​ട്ടിൽനി​ന്നും ഉയരങ്ങ​ളിൽ എത്തിയ​തു​പോ​ലെ, ആദരി​ക്ക​പ്പെട്ട ഒരു രാജ്ഞി​യെ​പ്പോ​ലെ എനിക്കു തോന്നി.

ഇനിയും ഉയരങ്ങ​ളി​ലേക്ക്‌

 ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ എനിക്ക്‌ എളുപ്പ​മാ​യി​രു​ന്നു. കാരണം എനിക്ക്‌ അപ്പോൾത്തന്നെ വളരെ ലളിത​മായ, നല്ല ധാർമി​ക​ശു​ദ്ധി​യുള്ള ജീവി​ത​മാ​യി​രു​ന്നു. വീൽച്ചെയർ ഉള്ളതു​കൊണ്ട്‌ എനിക്കു ശുശ്രൂ​ഷ​യ്‌ക്കു പോകാ​നും കഴിഞ്ഞു. അങ്ങനെ 1986 ആഗസ്റ്റ്‌ 9-ന്‌ ഞാൻ സ്‌നാ​ന​പ്പെട്ടു. സ്‌നാനം എന്റെ ജീവിതം മാറ്റി​മ​റി​ച്ചു. ഞാൻ മനസ്സിൽപ്പോ​ലും കണ്ടിട്ടി​ല്ലാത്ത ഉയർച്ച​യി​ലേക്ക്‌ എനിക്ക്‌ എത്താൻ പറ്റി. ഇപ്പോൾ എന്നെ സ്‌നേ​ഹി​ക്കാൻ ഒരു പിതാ​വുണ്ട്‌. എന്റെ കാര്യ​ത്തിൽ താത്‌പ​ര്യ​മുള്ള ആളുകൾ എനിക്കു ചുറ്റു​മുണ്ട്‌. അതു​കൊ​ണ്ടു​തന്നെ എനിക്ക്‌ ഇപ്പോൾ ജീവി​ത​ത്തിൽ സന്തോ​ഷ​വും സംതൃ​പ്‌തി​യും ആത്മവി​ശ്വാ​സ​വും ഉണ്ട്‌, വിലയു​ള്ള​വ​ളാ​ണെന്ന തോന്ന​ലും.

 ഇതി​നെ​ല്ലാം യഹോ​വ​യ്‌ക്കു തിരികെ കൊടു​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. അങ്ങനെ സാധാരണ മുൻനി​ര​സേ​വനം തുടങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തിച്ചു. പക്ഷേ എനിക്ക്‌ അതിനാ​കു​മോ എന്ന്‌ ഉറപ്പി​ല്ലാ​യി​രു​ന്നു. (സങ്കീർത്തനം 116:12) ഞാൻ അതെക്കു​റിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. എന്തായാ​ലും ഒന്നു പരീക്ഷിച്ച്‌ നോക്കാ​മെന്ന്‌ ഓർത്തു. അങ്ങനെ 1988 ജനുവരി 1-ാം തീയതി ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. അത്‌ ഇന്നുവരെ തുടർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌ എനിക്കു ലഭിക്കു​ന്ന​തെന്ന്‌ അറിയാ​മോ! മാസം​തോ​റു​മുള്ള മണിക്കൂ​റിൽ എത്തി​ച്ചേ​രാൻ എന്നെ സ്‌നേ​ഹി​ക്കുന്ന എന്റെ സഹോ​ദ​രങ്ങൾ എന്നെ സഹായി​ക്കും. യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ എന്നെ പിന്തു​ണ​യ്‌ക്കു​ന്നത്‌ എനിക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്നു.—സങ്കീർത്തനം 89:21.

 മുൻനി​ര​സേ​വി​ക​യെ​ന്ന​നി​ല​യിൽ ഞാൻ സജീവ​മാ​യി പ്രവർത്തി​ക്കാൻ തുടങ്ങി. അത്‌ കുറ​ച്ചൊ​ക്കെ എന്റെ കാലു​കൾക്കു പ്രയോ​ജനം ചെയ്യു​ന്ന​തു​പോ​ലെ തോന്നി. കുറച്ചു​നാൾ കഴിഞ്ഞ​പ്പോൾ പുതു​താ​യി തുടങ്ങിയ ഒരു ക്ലീനി​ക്കിൽ ഫിസി​യോ​തെ​റാ​പ്പി​യും മറ്റു വ്യായാ​മ​ങ്ങ​ളും ചെയ്യു​ന്ന​തി​നു​വേണ്ടി ഞാൻ പോയി. എന്നാൽ അവിടെ ചെന്ന​പ്പോൾ അവിടത്തെ ഒരു നഴ്‌സ്‌, ഞാൻ ഇനി അങ്ങോട്ടു ചെല്ലണ​മെ​ന്നി​ല്ലെ​ന്നും എനിക്ക്‌ അധികം ആയുസ്സു​ണ്ടാ​വില്ല എന്നും പറഞ്ഞു. കൂടെ​യു​ണ്ടാ​യി​രുന്ന മറ്റൊരു നഴ്‌സും ഇതേ അഭി​പ്രാ​യം​തന്നെ പറഞ്ഞ​പ്പോൾ എനിക്ക്‌ ആകെ നിരാ​ശ​യാ​യി. ഞാൻ വീട്ടി​ലേക്കു തിരി​ച്ചു​പോ​യി. എന്റെ ഈ നിരു​ത്സാ​ഹത്തെ മറിക​ട​ക്കാ​നും നല്ലൊരു ചികിത്സ ലഭിക്കാ​നും ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.

 എനിക്കു കിട്ടാ​വു​ന്ന​തിൽ ഏറ്റവും നല്ല ചികിത്സ വയൽശു​ശ്രൂഷ ചെയ്‌ത​തി​ലൂ​ടെ കിട്ടി. അതു ശരിക്കും നല്ലൊരു വ്യായാ​മം​ത​ന്നെ​യാ​യി​രു​ന്നു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം ഞാൻ പെട്ടെ​ന്നു​തന്നെ മരിച്ചു​പോ​കു​മെന്നു പറഞ്ഞ നഴ്‌സു​മാ​രിൽ ഒരാൾ രാജ്യ​ഹാ​ളി​നു മുന്നി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ എന്നെ കണ്ടു. ഞാൻ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കു​ന്നു​ണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ ആ നഴ്‌സ്‌ ശരിക്കും അതിശ​യി​ച്ചു​പോ​യി!

 ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ ഉത്സാഹ​ത്തോ​ടെ നിൽക്കാൻ ഞാൻ ശ്രമിച്ചു. എന്റെ തീക്ഷ്‌ണ​ത​യും ഞാൻ മീറ്റി​ങ്ങി​നൊ​ക്കെ നേരത്തേ വരുന്ന​തും ഒക്കെ കണ്ടപ്പോൾ സഹോ​ദ​രങ്ങൾ എന്നെ അഭിന​ന്ദി​ച്ചു. ഞാൻ മീറ്റി​ങ്ങി​നു നേര​ത്തേ​തന്നെ വരും. അങ്ങനെ​യാ​കു​മ്പോൾ എനിക്കു സഹോ​ദ​ര​ങ്ങളെ സ്വാഗതം ചെയ്യാ​നും അവരോ​ടു സംസാ​രി​ക്കാ​നും സമയം കിട്ടും.

 ഞാൻ യഹോ​വ​യു​ടെ നന്മ രുചി​ച്ച​റി​ഞ്ഞു. എന്റെ ജീവി​ത​ത്തിൽ യഹോവ പലവി​ധ​ങ്ങ​ളിൽ അനു​ഗ്ര​ഹി​ക്കു​ന്നത്‌ എനിക്കു കാണാ​നാ​യി. മൂന്നു പേരെ സ്‌നാ​ന​ത്തി​ലേക്കു കൊണ്ടു​വ​രാൻ പറ്റിയ​തി​ന്റെ സന്തോഷം എനിക്കുണ്ട്‌. അതിൽ ഒരാളായ അമീലിയ 137-ാമത്തെ ഗിലെ​യാദ്‌ ക്ലാസിൽ പങ്കെടു​ത്തു. ഒന്നില​ധി​കം പ്രാവ​ശ്യം മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽ പങ്കെടു​ക്കാ​നുള്ള അവസര​വും യഹോവ എനിക്കു നൽകി. യഹോവ എന്നെ ഒരു സന്തോ​ഷ​മുള്ള വ്യക്തി​യാ​ക്കി. എനിക്ക്‌ ഇപ്പോൾ നല്ല ആത്മവി​ശ്വാ​സ​മുണ്ട്‌. ആളുകൾ എന്നെ ബഹുമാ​നി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ എന്നെക്കു​റിച്ച്‌ ഓർത്ത്‌ നാണ​ക്കേടു തോന്നാ​റില്ല. എനിക്ക്‌ സാക്ഷി​ക​ളായ ധാരാളം സുഹൃ​ത്തു​ക്ക​ളുണ്ട്‌. ഞാൻ താമസി​ക്കുന്ന ഫ്രീ ടൗണിൽ മാത്രമല്ല രാജ്യ​മെ​മ്പാ​ടും, ലോക​മെ​മ്പാ​ടും!

 ശാരീ​രി​ക​വൈ​ക​ല്യ​ങ്ങ​ളൊ​ന്നും ഇല്ലാത്ത പുതിയ ലോക​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ഞാൻ അറിഞ്ഞിട്ട്‌ ഇപ്പോൾ ഏകദേശം 40 വർഷം കഴിഞ്ഞു. ആ ഉറപ്പ്‌ എനിക്ക്‌ ഇപ്പോ​ഴും പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു. അതു നടക്കു​ന്നതു കാണാൻ ഞാൻ കാത്തി​രി​ക്കു​ക​യാണ്‌. അതിൽ എനിക്കു മടുപ്പു തോന്നു​ന്നില്ല. കാരണം, ദൈവ​മായ യഹോ​വയെ എനിക്കു നന്നായി അറിയാം. ആ പുതിയ ലോകം കൊണ്ടു​വ​രാൻ യഹോവ വൈകില്ല. (മീഖ 7:7) ഈ കാത്തി​രി​പ്പി​ന്റെ സമയത്ത്‌ പല വിധങ്ങ​ളി​ലും യഹോവ എന്നെ അനു​ഗ്ര​ഹി​ക്കു​ന്നു. പല ബുദ്ധി​മു​ട്ടു​ക​ളും പ്രശ്‌ന​ങ്ങ​ളും നേരി​ടാൻ യഹോവ എന്നെ സഹായി​ച്ചു, അതും കൃത്യ​സ​മ​യ​ത്തു​തന്നെ. ഞാൻ ഇപ്പോൾ വളരെ സന്തോ​ഷ​വ​തി​യാണ്‌. എന്റെ മുഖത്ത്‌ എപ്പോ​ഴും ഒരു പുഞ്ചി​രി​യുണ്ട്‌. കാരണം നിലത്ത്‌ ഇഴഞ്ഞ്‌ നടന്നി​രുന്ന എന്നെ ഉയരങ്ങ​ളി​ലേക്കു കൈ പിടിച്ച്‌ ഉയർത്തി, ഞാൻ ഒരിക്ക​ലും മനസ്സിൽ കണ്ടിട്ടി​ല്ലാത്ത ഉയരങ്ങ​ളി​ലേക്ക്‌!

a ഇപ്പോൾ സഭാ ബൈബിൾപ​ഠനം എന്ന്‌ അറിയ​പ്പെ​ടു​ന്നു.