ഡേവിഡ് മാസ | ജീവിതകഥ
തകർന്നുപോയെങ്കിലും വീണ്ടും പിടിച്ചെഴുന്നേറ്റു!
ബൈബിൾ പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തപ്പോൾ എനിക്കു സന്തോഷമുള്ള ഒരു കുടുംബം കിട്ടി. അത് ഒരിക്കലും ഉണ്ടാകില്ലെന്നാണ് ഞാൻ ചിന്തിച്ചത്. ഞാനും ഭാര്യയും മൂന്നു മക്കളും സന്തോഷത്തോടെ യഹോവയെ സേവിക്കുകയായിരുന്നു.
2004 ഏപ്രിൽ 24-ന് വളരെ അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്.
എന്റെ ഭാര്യയുടെ പേര് കെയ്. ഞങ്ങൾക്ക് ആദ്യത്തെ മകൾ ലോറെൻ ഉണ്ടായപ്പോൾ ഒരു നല്ല ഡാഡി ആയിരിക്കാൻ എങ്ങനെ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങൾക്ക് രണ്ടാമത് മൈക്കിൾ ഉണ്ടായി. അപ്പോഴും ഞാൻ അങ്ങനെതന്നെ. നല്ലൊരു പിതാവായിരിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുവേണ്ടി എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം എന്റെ മാതാപിതാക്കൾ എപ്പോഴും തല്ലുകൂടുന്നതേ ഞാൻ കണ്ടിട്ടുള്ളൂ. അവസാനം അവർ വേർപിരിഞ്ഞു.
ഇനി അതു മാത്രമല്ല, എന്റെ കൗമാരനാളുകൾ തൊട്ടേ ഞാൻ മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ അടിമയായിരുന്നു, അതിനൊപ്പം ചൂതാട്ടവും! അങ്ങനെ ഞാൻ തെറ്റായ ഒരുപാട് തീരുമാനങ്ങൾ എടുത്തു. കൈവിട്ടുപോയ ഒരു പട്ടം പോലെയായിരുന്നു എന്റെ ജീവിതം, ഒരു നിയന്ത്രണവുമില്ല! അവസാനം മടുത്തിട്ട് ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ രണ്ടു മക്കളെയും അവൾ കൂടെ കൊണ്ടുപോയി. അത് എനിക്കു സഹിക്കാൻ പറ്റിയില്ല.
നീ തിരിച്ചുവരാൻ ഞാൻ എന്താണു ചെയ്യേണ്ടതെന്നു കെയോട് ചോദിച്ചു. ഒരു കാര്യമേ അവൾ ആവശ്യപ്പെട്ടുള്ളൂ, ബൈബിൾ പഠിക്കാൻ. ഗ്ലോറിയ എന്നു പറയുന്ന ഒരു യഹോവയുടെ സാക്ഷി അവളെ അപ്പോൾത്തന്നെ ബൈബിൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. എനിക്കു ബൈബിൾ പഠിക്കാൻ വലിയ താത്പര്യമൊന്നും ഉണ്ടായിട്ടല്ല, പക്ഷേ അവൾ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് മാത്രം ഗ്ലോറിയയെയും ഭർത്താവായ ബില്ലിനെയും കാണാമെന്ന് ഞാൻ സമ്മതിച്ചു.
വഴിത്തിരിവായ ഒരു കൂടിക്കാഴ്ച
ബില്ലും ഗ്ലോറിയയും വീട്ടിൽ വന്നപ്പോൾ അവർ തമ്മിലുള്ള സ്നേഹവും അടുപ്പവും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനി, എന്റെ പ്രായത്തിലുള്ള അവരുടെ മക്കൾ ജീവിതം നന്നായാണ് ഉപയോഗിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി. ബൈബിൾ ആയിരിക്കണം സന്തോഷത്തിനുള്ള വഴി എന്ന് അങ്ങനെ ഞാൻ ആദ്യമായി ചിന്തിച്ചു.
അന്ന് അവർ എന്നെ കാണാൻ വന്നപ്പോൾ എന്റെ പ്രശ്നം എന്താണെന്നും പറഞ്ഞുതന്നു. ഗലാത്യർ 6:7 ആണ് അവർ എന്നെ കാണിച്ചത്: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.” അത് എത്ര സത്യമാണെന്ന് ഞാൻ ഓർത്തു: ‘ഇക്കാര്യം ഞാൻ മുമ്പേ ചിന്തിച്ചിരുന്നെങ്കിൽ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു!’
ബൈബിൾ പറയുന്നത് അനുസരിക്കാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ഞാനും കെയും പുകവലി നിറുത്തി. മറ്റു ദുശ്ശീലങ്ങളിൽനിന്നും എനിക്കു പുറത്തുകടക്കാൻ കഴിഞ്ഞു. 1985-ൽ ഞങ്ങൾക്ക് മൂന്നാമതൊരു മകനുണ്ടായി, ഡേവിഡ്. വീട്ടിൽ ഞങ്ങൾ സ്നേഹത്തോടെ ഡേവി എന്നു വിളിക്കും. അവൻ ഉണ്ടായ സമയമായപ്പോഴേക്കും നല്ലൊരു അപ്പനാകാൻ ഞാൻ പഠിച്ചിരുന്നു.
ഒരുമിച്ച് യഹോവയെ സേവിക്കുന്നു
കെയും ഞാനും യഹോവയെ സ്നേഹിക്കാൻ മക്കളെ പഠിപ്പിച്ചപ്പോൾ ഞങ്ങൾക്കുതന്നെ യഹോവയോടു കൂടുതൽ അടുക്കാൻ പറ്റി. മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്നതുപോലുള്ള പ്രസിദ്ധീകരണങ്ങളിൽനിന്ന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതുപോലെ, സഭയിലെ സഹോദരങ്ങൾ ഞങ്ങൾക്കും കുട്ടികൾക്കും നല്ല മാതൃകയായിരുന്നു.
മക്കൾ എല്ലാവരും പതിയെപ്പതിയെ മുൻനിരസേവനത്തിലേക്കു വന്നു. 2004-ന്റെ തുടക്കത്തിൽ, ലോറെൻ ഒരു സ്പാനിഷ് സഭയിൽ സേവിക്കുകയായിരുന്നു. മൈക്കിൾ ബഥേലിൽ ആയിരുന്നു. ഡയാനയെ വിവാഹം കഴിച്ചപ്പോൾ ബഥേലിൽനിന്ന് പോന്നു. ഗ്വാമിൽ സേവിക്കാൻവേണ്ടി മൈക്കിളും ഭാര്യയും ആ സമയത്ത് പോകാൻതുടങ്ങുകയായിരുന്നു. ഇനി 19 വയസ്സുള്ള ഡേവിയാണെങ്കിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സേവിക്കാനും തുടങ്ങി.
മക്കൾ എടുത്ത തീരുമാനങ്ങളിൽ ഞങ്ങൾക്കു വളരെയധികം അഭിമാനം തോന്നി. 3 യോഹന്നാൻ 4-ലെ വാക്കുകളാണ് ഞങ്ങളുടെ മനസ്സിലേക്കു വന്നത്: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” പക്ഷേ ഒരൊറ്റ ഫോൺകോൾ, ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ചു.
ഞങ്ങളെ തകർത്തുകളഞ്ഞ ദുരന്തം
2004 ഏപ്രിൽ 24-ന്, ഞാനും കെയും വേറെ രണ്ടു ദമ്പതികളും കൂടി വൈകിട്ട് ഭക്ഷണം കഴിക്കാൻവേണ്ടി പുറത്തുപോയി. ഞങ്ങൾ പോയ ഹോട്ടലിലേക്ക് 100 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു. ഞങ്ങൾ ആറു പേരുംകൂടെ എന്റെ കാറിനാണ് പോയത്. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് മധുരം കഴിക്കാൻവേണ്ടി വേറൊരു സ്ഥലത്ത് കയറി. അവരെയെല്ലാം അവിടെ ഇറക്കിയിട്ട് ഞാൻ കാർ പാർക്ക് ചെയ്യാൻ പോയ സമയത്ത് എന്റെ ഫോൺ ബെല്ലടിച്ചു. അത് എന്റെ ഒരു കൂട്ടുകാരനായിരുന്നു. അവൻ ആകെ ടെൻഷനടിച്ചാണ് സംസാരിച്ചത്.
“അത് . . . എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഡേവിക്ക് ഒരു അപകടം ഉണ്ടായി.”
അപ്പോൾ ഞാൻ ചോദിച്ചു, “ഡേവിക്ക് എന്തെങ്കിലും പറ്റിയോ?”
ആദ്യം അവൻ പറയാൻ മടിക്കുന്നതുപോലെ എനിക്കു തോന്നി. പിന്നെ അവൻ പറഞ്ഞു, “ഡേവി മരിച്ചുപോയി!”
ഫോൺ വെച്ചുകഴിഞ്ഞ് ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് കാറിൽനിന്ന് ഇറങ്ങി അവരുടെ അടുത്തേക്കു ചെന്നു. ‘എനിക്കു തീരെ സുഖമില്ല, തിരിച്ചുപോകാം’ എന്ന് ഞാൻ അവരോടു പറഞ്ഞു. പക്ഷേ ഡേവിയെക്കുറിച്ച് ഞാൻ കെയോട് ഒന്നും മിണ്ടിയില്ല. ഞങ്ങൾ തനിച്ചാകുമ്പോൾ പറയാമെന്നു വിചാരിച്ചു.
തിരിച്ച് വീട്ടിലെത്താൻ ഒന്നര മണിക്കൂറെടുത്തു. ആ ഓരോ സെക്കന്റും എന്റെ ഉള്ള് നീറുകയായിരുന്നു. ഇതൊന്നും അറിയാതെ കെയ് അവരോടു വാതോരാതെ സംസാരിക്കുകയാണ്; ഡേവിയെക്കുറിച്ചും അവൻ അടുത്തുതന്നെ വരുന്നതിനെക്കുറിച്ചും ഒക്കെ. പക്ഷേ ഡേവി മരിച്ചത് അറിഞ്ഞ് ഒരുപാടു പേർ അപ്പോൾത്തന്നെ എന്റെ ഫോണിലേക്ക് മെസേജുകൾ അയയ്ക്കുന്നുണ്ടായിരുന്നു.
കൂടെയുള്ളവരെയൊക്കെ കൊണ്ടുവിട്ടിട്ട് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. എന്റെ മുഖത്തുനിന്ന് അവൾക്കു മനസ്സിലായി, എന്തോ പ്രശ്നമുണ്ടെന്ന്. അവൾ ചോദിച്ചു, “എന്താ പറ്റിയേ?” എനിക്ക് അറിയാമായിരുന്നു, ഞാൻ ഇനി പറയുന്ന വാക്കുകൾ അവളെ ആകെ തകർത്തുകളയുമെന്ന്. കാരണം രണ്ടു മണിക്കൂർ മുമ്പ് ആ വാർത്ത എന്നെയും തകർത്തുകളഞ്ഞിരുന്നു.
ദുഃഖത്തിൽനിന്ന് കരകയറുന്നു
യഹോവ തന്റെ ആരാധകരെ ആശ്വസിപ്പിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കാരണം മുമ്പ് പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും യഹോവ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. (യശയ്യ 41:10, 13) പക്ഷേ ഡേവിയുടെ മരണം താങ്ങാൻ പറ്റിയില്ല. ഞാൻ ഇങ്ങനെ ചിന്തിച്ചുപോയി: ‘യഹോവയ്ക്കുവേണ്ടി ഇത്രയും ചെയ്ത ഡേവിക്ക് ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ടാ? യഹോവ എന്താ അവനെ സംരക്ഷിക്കാതിരുന്നത്?’
ഏതാണ്ട് ഇതുതന്നെയായിരുന്നു ഞങ്ങളുടെ മക്കളുടെ അവസ്ഥയും. ലോറെൻ, ഡേവിക്ക് അമ്മയെപ്പോലെതന്നെയായിരുന്നു. അവന്റെ മരണം അവൾക്ക് ഉൾക്കൊള്ളാനായില്ല. മൈക്കിൾ ആണെങ്കിൽ നാലഞ്ച് വർഷമായിട്ട് ദൂരെയായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ തന്റെ കുഞ്ഞനിയൻ വളർന്ന് പക്വതയുള്ള ഒരു ചെറുപ്പക്കാരനായതിൽ മൈക്കിളിനു വലിയ സന്തോഷമായിരുന്നു. ഡേവിയുടെ മരണം മൈക്കിളിനെയും തകർത്തുകളഞ്ഞു.
എന്നാൽ തുടക്കംമുതലേ സഭയിലുള്ളവർ ഞങ്ങളുടെ ഒപ്പം നിന്നു. ഡേവി മരിച്ചെന്ന കാര്യം ഞാൻ അവളെ അറിയിച്ച്, അവൾ തകർന്നിരിക്കുന്ന ആ സമയത്തുതന്നെ സഹോദരങ്ങൾ ഓടിയെത്തി. അവർ ഞങ്ങളെ ചേർത്തുപിടിച്ചു, ഞങ്ങളുടെ കൂടെനിന്നു. (സുഭാഷിതങ്ങൾ 17:17) അവരുടെ ആ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല!
വളരെയധികം വിഷമം ഉണ്ടായിരുന്നെങ്കിലും ആത്മീയദിനചര്യയൊന്നും ഞങ്ങൾ മുടക്കിയില്ല. ക്രമമായി പ്രാർഥിച്ചു, ബൈബിൾ വായിച്ചു, എല്ലാ മീറ്റിങ്ങുകൾക്കും പോയി. ഇതൊക്കെ ചെയ്തപ്പോൾ ഞങ്ങളുടെ വേദന മുഴുവനായി മാറിയെന്നല്ല, പക്ഷേ യഹോവയിൽനിന്ന് അകന്നുപോകാതിരിക്കാൻ ഞങ്ങൾ അതൊക്കെ ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.—ഫിലിപ്പിയർ 3:16.
ഈ സമയത്ത് മൈക്കിളും ഡയാനയും ഞങ്ങളുടെ വീടിന് അടുത്തേക്ക് മാറി. ലോറെൻ ഞങ്ങളുടെ ഇംഗ്ലീഷ് സഭയിലേക്കു തിരിച്ചുവന്നു. പിന്നീടുള്ള കുറച്ച് വർഷം ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു. അതു ഞങ്ങൾക്ക് പരസ്പരം ഒരു ആശ്വാസമായി. പിന്നീട് ലോറെൻ ജസ്റ്റിനെ വിവാഹം കഴിച്ചു. ഒരു മകനെപ്പോലെ അവനും ഞങ്ങളുടെ ഒപ്പം നിന്നു.
ഹൃദയം നുറുങ്ങുന്ന ഒരു യാത്ര
ഈ ദുഃഖത്തിൽനിന്ന് അൽപ്പം ആശ്വാസം നേടാൻ അധികം വൈകാതെ ഞങ്ങൾ മറ്റൊരു കാര്യംകൂടി ചെയ്തു. അത് ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ അതു ചെയ്തത് എത്ര നന്നായെന്ന് ഞങ്ങൾക്കു പിന്നീട് തോന്നി. അതെക്കുറിച്ച് കെയ് നിങ്ങളോടു പറയും.
“ഡേവി മരിച്ചെന്ന് അദ്ദേഹം എന്നോടു പറഞ്ഞപ്പോൾ എന്റെ ചങ്ക് പൊട്ടിപ്പോയി. ആകെ ഒരു മരവിച്ച അവസ്ഥ. കാര്യങ്ങളൊക്കെ പഴയതുപോലെ ചെയ്യാൻ ഞാൻ ശരിക്കും കഷ്ടപ്പെട്ടു. കരച്ചിൽത്തന്നെയായിരുന്നു എപ്പോഴും. എനിക്ക് യഹോവയോടും ചുറ്റുമുള്ളവരോടും ദേഷ്യമായിരുന്നു. എന്റെ സമനില തെറ്റുന്നതുപോലെ എനിക്കു തോന്നി.
“എനിക്ക് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് ഒന്നു പോകണമെന്നുണ്ടായിരുന്നു. കാരണം എന്റെ മകൻ അവസാനസമയത്ത് യഹോവയെ സേവിച്ചത് അവിടെയായിരുന്നല്ലോ. പക്ഷേ അങ്ങോട്ടു പോകാനുള്ള ശക്തി എന്റെ മനസ്സിന് ഉണ്ടായിരുന്നില്ല.
“അപ്പോൾ എന്റെ അടുത്ത ഒരു കൂട്ടുകാരി എന്നോട് ഇങ്ങനെ പറഞ്ഞു: “ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഡേവിയുടെ കൂട്ടുകാരും സങ്കടത്തിലാണ്. അവർക്കും നിങ്ങളെയൊക്കെ കാണാൻ ആഗ്രഹമുണ്ട്.” അവളുടെ ആ വാക്കുകൾ ശരിക്കും എനിക്ക് ശക്തി തന്നു. അങ്ങനെ ഞങ്ങൾ യാത്രയ്ക്കുവേണ്ടി വിമാനം കയറി.
“അങ്ങനെയൊരു യാത്ര ഞങ്ങളുടെ കുടുംബത്തിന് ശരിക്കും ആവശ്യമായിരുന്നു. ഡേവിയെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ സഭയിൽ ഒരേയൊരു മൂപ്പനെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞത്, എന്തു നിയമനം കൊടുത്താലും ചെയ്യാൻ മനസ്സുള്ള ഒരാളായിരുന്നു ഡേവി എന്നാണ്.
“ഡേവി ജീവിച്ചിരുന്ന സ്ഥലത്തുകൂടെ നടന്നപ്പോൾ പലരും ഞങ്ങളുടെ അടുത്തുവന്ന്, ഡേവി അവർക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു. എന്റെ മോൻ ദയയുള്ള ഒരാളാണെന്ന് എനിക്ക് അറിയാം. പക്ഷേ ഈ കാര്യങ്ങളൊക്കെ കേട്ടപ്പോൾ അവൻ യേശുവിനെ അനുകരിക്കാൻ എത്രമാത്രം ശ്രമിച്ചെന്ന് എനിക്കു കൂടുതൽ മനസ്സിലായി.
“ഡേവി ബൈബിൾ പഠിപ്പിച്ചിരുന്ന ഒരാളെ കാണാൻ ഞങ്ങൾ പോയി. അദ്ദേഹം കിടപ്പിലായിരുന്നു, തീരെ സൗകര്യങ്ങളില്ലാത്ത ഒരു കൊച്ചു വീട്ടിലായിരുന്നു താമസം. അദ്ദേഹത്തിന്റെ സാഹചര്യം അത്രയും മോശമാണെങ്കിലും ഡേവി അദ്ദേഹത്തോട് വളരെയേറെ ബഹുമാനത്തോടെയും ആദരവോടെയും ആണ് ഇടപെട്ടതെന്ന് സഭയിലെ കൂട്ടുകാർ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോൾ എന്റെ മോനെക്കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നി.
“എന്റെ ജീവിതത്തിൽ ഏറ്റവും വേദന നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. പക്ഷേ ഞങ്ങൾക്കും ഡേവിയെ അറിയുന്നവർക്കും ഈ യാത്രകൊണ്ട് പ്രയോജനമുണ്ടായി. പരസ്പരം സങ്കടങ്ങൾ പറയാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു. ഞങ്ങളുടെ ഉള്ളിലെ ഭാരം അങ്ങനെ അൽപ്പമൊന്ന് കുറഞ്ഞു.
ഡേവിയുടെ മാതൃക പ്രോത്സാഹനമായി
2005 ഫെബ്രുവരി 8 ലക്കം ഉണരുക!-യിൽ, ഡേവി ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സേവിച്ചതിനെക്കുറിച്ചും അവന്റെ മരണത്തെക്കുറിച്ചും ഒക്കെ പറഞ്ഞുകൊണ്ടുള്ള ഒരു അനുഭവം വന്നിരുന്നു. അത് മറ്റുള്ളവർക്ക് എത്രത്തോളം പ്രോത്സാഹനം ആകുമെന്നൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ 2019 മെയ്യിൽ നിക്ക് എന്നു പേരുള്ള ഒരു സഹോദരൻ ആ അനുഭവത്തെക്കുറിച്ച് ഞങ്ങളോട് ഇങ്ങനെ പറഞ്ഞു:
“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒരു ആത്മീയ ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഒരു സന്തോഷവും ഇല്ലായിരുന്നു. ഏതാണ്ട് 2004-ന്റെ അവസാനസമയമാണ് അത്. ആ സമയത്ത് എന്റെ ചെറുപ്പകാലം നന്നായി ഉപയോഗിക്കാൻ സഹായിക്കണേ എന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു. അങ്ങനെയിരിക്കെയാണ് ഉണരുക!-യിൽ ഡേവിയുടെ അനുഭവം വരുന്നത്. അത് എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു!
“ഞാൻ കോളേജ് പഠനം നിറുത്തി, മുൻനിരസേവനം തുടങ്ങി. സ്പാനിഷ് പഠിക്കാനും വേറൊരു രാജ്യത്ത് സേവിക്കാനും ഞാൻ ലക്ഷ്യം വെച്ചു. പതിയെ എനിക്ക് നിക്കരാഗ്വയിൽ പോയി സേവിക്കാനും ഭാര്യയോടൊപ്പം രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനും കഴിഞ്ഞു. മുൻനിരസേവനം തുടങ്ങാൻ എന്താണു കാരണം എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാൽ ഞാൻ ഡേവിയുടെ അനുഭവമാണ് അവർക്കു കാണിച്ചുകൊടുക്കുന്നത്.”
2019-ൽ അർജന്റീനയിലെ ബ്യൂണസ് ഐറീസിൽവെച്ച് ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടന്നു. ഞങ്ങൾ അവിടെ പ്രതിനിധികളായി പോയിരുന്നു. അവിടെ ഞങ്ങളെ ഞെട്ടിച്ച മറ്റൊരു അനുഭവം ഉണ്ടായി. ഞങ്ങൾ താമസിച്ച ആ ഹോട്ടലിൽ സഹായത്തിനുവേണ്ടി അബി എന്നൊരു സഹോദരിയെ നിയമിച്ചിട്ടുണ്ടായിരുന്നു. അവളുടെ സ്നേഹവും ദയയും ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടു പേർക്കും ഡേവിയെ ഓർമ വന്നു.
ഞങ്ങൾ തിരിച്ച് റൂമിൽ വന്നപ്പോൾ ഡേവിയുടെ അനുഭവമുള്ള ആ ഉണരുക!-യുടെ ലിങ്ക് അബിയ്ക്ക് അയച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ മറുപടി വന്നു. ഞങ്ങളോട് ഉടനെ സംസാരിക്കണമെന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവളെ കാണാൻവേണ്ടി ഞങ്ങൾ ആ ഹോട്ടലിന്റെ റിസപ്ഷനിലേക്കു പോയി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 2011 സെപ്റ്റംബറിൽ മുൻനിരസേവനം തുടങ്ങാനും പിന്നെ ഒരു ഉൾപ്രദേശത്തുപോയി സേവിക്കാനും കാരണം ഡേവിയുടെ അനുഭവം വായിച്ചതാണെന്ന് അബി പറഞ്ഞു. സേവനത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇപ്പോഴും ഈ അനുഭവമെടുത്ത് വായിക്കാറുണ്ടെന്നും പറഞ്ഞു. അവളുടെ അടുത്ത് അതിന്റെ ഒരു കോപ്പിപോലും ഉണ്ട്!
ഇതെല്ലാം കാണിക്കുന്നത് നമ്മൾ ഒരു ലോകവ്യാപക കുടുംബത്തിന്റെ ഭാഗമാണെന്നാണ്. യഹോവയുടെ ജനംപോലെ ഐക്യമുള്ള മറ്റൊരു ജനത വേറെ എവിടെയുമില്ല!
ഡേവിയുടെ അനുഭവം മറ്റുള്ളവരെ ഇത്രയധികം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടപ്പോൾ ഞങ്ങൾക്കു വളരെയധികം സന്തോഷവും ആശ്വാസവും തോന്നി. യഹോവയുടെ സേവനത്തിൽ കഠിനാധ്വാനം ചെയ്യുന്ന എല്ലാ ചെറുപ്പക്കാരുടെ കാര്യത്തിലും ഇതു സത്യമാണ്. അവർപോലും അറിയാതെ അവരുടെ മാതൃക എത്രയോ ആളുകളെ പ്രചോദിപ്പിക്കുന്നുണ്ടാകും. ആ ചെറുപ്പക്കാരുടെ തീക്ഷ്ണത കാണുമ്പോൾ യഹോവയുടെ സേവനത്തിൽ പരമാവധി ചെയ്യാൻ അതു മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്നു.
“ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്”
ലൂക്കോസ് 20:37-ൽ യഹോവ തന്നെ “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും” എന്നു വിളിച്ചതിനെക്കുറിച്ച് യേശു പറയുന്നുണ്ട്. യഹോവ പറഞ്ഞത് അവർ ജീവിച്ചിരുന്ന സമയത്ത് അവരുടെ ദൈവമായിരുന്നു എന്നല്ല, ഇപ്പോഴും അവരുടെ ദൈവമാണ് എന്നാണ്! അതിന്റെ കാരണം എന്താണെന്ന് 38-ാം വാക്യത്തിൽ യേശു പറഞ്ഞു: “ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.”
മരിച്ചുപോയിട്ടുള്ള എല്ലാ വിശ്വസ്തദാസന്മാരെയും ജീവിച്ചിരിക്കുന്നവരായാണ് യഹോവ കാണുന്നത്. കാരണം അവരെ പുനരുത്ഥാനപ്പെടുത്തുമെന്ന് യഹോവയ്ക്ക് അത്രയ്ക്ക് ഉറപ്പാണ്! (ഇയ്യോബ് 14:15; യോഹന്നാൻ 5:28, 29) യഹോവയുടെ മുമ്പാകെ ഡേവി ഇപ്പോഴും ജീവിച്ചിരിക്കുന്നെന്ന് എനിക്ക് ഉറപ്പുണ്ട്.
ഡേവിയെ വീണ്ടും കാണാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ എന്റെ ഭാര്യ കെയും ഡേവിയും ഒന്നിക്കുന്നതു കാണാനാണ് എനിക്ക് കൂടുതൽ ആഗ്രഹം. കാരണം അവൾ അത്രയധികം വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലൂക്കോസ് 7:15-ൽ കാണുന്നത് അന്ന് ഞങ്ങളുടെ ജീവിതത്തിലും സംഭവിക്കും: “മരിച്ചവൻ അപ്പോൾ എഴുന്നേറ്റ് ഇരുന്ന് സംസാരിക്കാൻതുടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.”
കെയ് മുൻനിരസേവനം ചെയ്യുന്നുണ്ടായിരുന്നു. 2005 സെപ്റ്റംബറിൽ ഞാനും അവളോടൊപ്പം ചേർന്നു. അങ്ങനെ എന്റെ ഭാര്യയോടും മക്കളോടും മരുമക്കളോടും ഒപ്പം മുൻനിരസേവനം ചെയ്തുകൊണ്ട് യഹോവയെ സേവിക്കാനാകുന്നത് വലിയൊരു പദവിയാണ്. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു, പുതിയ ലോകത്തിനായി കാത്തിരിക്കുന്നു. അന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ഡേവി ഞങ്ങളോടൊപ്പം ഉണ്ടായിരിക്കും.