വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റ്റെറി റെയ്‌നോൾഡ്‌സ്‌ | ജീവി​ത​കഥ

ഏറ്റവും നല്ലതു കൊടു​ക്കാൻ യഹോവ എന്നെ സഹായി​ച്ചു

ഏറ്റവും നല്ലതു കൊടു​ക്കാൻ യഹോവ എന്നെ സഹായി​ച്ചു

 എനിക്ക്‌ 14 വയസ്സു​ള്ള​പ്പോൾ സിസെൽ എന്ന ഒരു സഹോ​ദരൻ എനിക്ക്‌ അദ്ദേഹ​ത്തി​ന്റെ ബൈബിൾ തന്നു. അദ്ദേഹം വ്യക്തി​പ​ര​മായ പഠനത്തി​നു​വേണ്ടി ഉപയോ​ഗി​ക്കുന്ന ബൈബി​ളാ​യി​രു​ന്നു അത്‌. അതിന്റെ മാർജി​നു​ക​ളി​ലെ​ല്ലാം ധാരാളം നോട്ടു​ക​ളും എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു. അതു വലി​യൊ​രു സമ്മാനം​ത​ന്നെ​യാ​യി​രു​ന്നു.

 താഴ്‌മ​യുള്ള ഒരു സഹോ​ദ​ര​നാ​യി​രു​ന്നു സിസെൽ. മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ അദ്ദേഹ​ത്തി​നു വലിയ താത്‌പ​ര്യ​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ​യും എന്റെ അമ്മയു​ടെ​യും സഭയിലെ വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങ​ളു​ടെ​യും മാതൃ​ക​യാണ്‌ യഹോ​വ​യ്‌ക്കു​വേണ്ടി ‘പ്രവർത്തി​ക്കാ​നുള്ള ആഗ്രഹം’ എന്നിൽ വളർത്തി​യത്‌; യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കാൻ എന്നെ സഹായി​ച്ചത്‌. (ഫിലി​പ്പി​യർ 2:13) ഞാൻ എന്റെ കഥ നിങ്ങ​ളോ​ടു പറയാം.

അമ്മയുടെ തീക്ഷ്‌ണത എന്നെ സ്വാധീ​നി​ച്ചു

 1943-ലാണ്‌ ഞാൻ ജനിച്ചത്‌. ഓസ്‌​ട്രേ​ലി​യ​യി​ലെ ക്വീൻസ്‌ലാൻഡി​ലെ കരിമ്പിൻ കൃഷിക്ക്‌ പ്രശസ്‌ത​മായ ബുണ്ടാ​ബർഗി​ന്റെ തീര​പ്ര​ദേ​ശ​ത്തിന്‌ അടുത്തുള്ള ഒരു ഫാമി​ലാണ്‌ എന്റെ മാതാ​പി​താ​ക്കൾ താമസി​ച്ചി​രു​ന്നത്‌. അവിടത്തെ ആളുകൾ ശനിയാഴ്‌ച വൈകു​ന്നേ​ര​ങ്ങ​ളിൽ സംസാ​രി​ച്ചി​രി​ക്കാ​നാ​യി വെറുതെ ടൗണിൽ പോകു​മാ​യി​രു​ന്നു. അങ്ങനെ​യൊ​രു അവസര​ത്തിൽ, 1939-ൽ എന്റെ മാതാ​പി​താ​ക്കൾ രണ്ടു മുൻനി​ര​സേ​വ​കരെ (യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​കരെ) കണ്ടു. അവർ ബൈബി​ളി​ലെ കാര്യങ്ങൾ എന്റെ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ച്ചു. മനസ്സി​ലാ​ക്കിയ കാര്യങ്ങൾ അവർക്ക്‌ ഒരുപാട്‌ ഇഷ്ടപ്പെട്ടു. പിന്നീട്‌ അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി. അങ്ങനെ ഞാനും എന്റെ ചേച്ചി ജീനും ഒരു ക്രിസ്‌തീ​യ​കു​ടും​ബ​ത്തിൽ വളർന്നു​വന്നു. സങ്കടക​ര​മായ കാര്യം, ഒരു ദിവസം എന്റെ പപ്പ വീട്ടിലെ സ്റ്റെപ്പിൽനിന്ന്‌ വീണ്‌ മരിച്ചു. അന്ന്‌ എനിക്ക്‌ വെറും ഏഴു വയസ്സ്‌. പപ്പയുടെ മരണം എന്നെ വല്ലാതെ തളർത്തി. ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നുണ്ട്‌, പപ്പ നല്ല കഠിനാ​ധ്വാ​നി​യാ​യി​രു​ന്നു, നല്ല തമാശ​ക്കാ​ര​നും. പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​മ്പോൾ പപ്പയെ അടുത്ത​റി​യാൻ ഞാൻ കാത്തി​രി​ക്കു​ക​യാണ്‌.—പ്രവൃ​ത്തി​കൾ 24:15.

 നല്ല ദയയോ​ടെ, വിവേ​ക​ത്തോ​ടെ പ്രവർത്തി​ച്ചി​രുന്ന ഒരാളാ​യി​രു​ന്നു എന്റെ അമ്മ. എനിക്കും ചേച്ചി​ക്കും ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ട​ങ്ങ​ളും എല്ലാം അമ്മയോ​ടു തുറന്നു​പ​റ​യാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ ബൈബിൾത​ത്ത്വ​ങ്ങ​ളോ​ടും യഹോ​വയെ ആരാധി​ക്കു​ന്ന​തി​നോ​ടും ബന്ധപ്പെട്ട എന്തെങ്കി​ലും കാര്യങ്ങൾ വന്നാൽ അമ്മ അതിൽ ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്യി​ല്ലാ​യി​രു​ന്നു. ഞങ്ങൾ ക്രമമാ​യി എല്ലാ മീറ്റി​ങ്ങു​കൾക്കും പോകു​മാ​യി​രു​ന്നു. സ്‌കൂൾസ​മ​യ​ത്ത​ല്ലാത്ത മറ്റു സമയങ്ങ​ളിൽ സാക്ഷി​ക​ള​ല്ലാത്ത കുട്ടി​ക​ളോ​ടൊ​പ്പം അധികം സമയം ചെലവ​ഴി​ക്കാൻ അമ്മ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല. (1 കൊരി​ന്ത്യർ 15:33) അതെക്കു​റി​ച്ചൊ​ക്കെ ഇപ്പോൾ ചിന്തി​ക്കു​മ്പോൾ അമ്മ അന്ന്‌ ഒരു ഉറച്ച നിലപാ​ടെ​ടു​ത്ത​തിൽ എനിക്ക്‌ വളരെ​യ​ധി​കം നന്ദിയുണ്ട്‌.

എനിക്ക്‌ ഏകദേശം 14 വയസ്സു​ള്ള​പ്പോൾ

 അമ്മ തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചി​രു​ന്നു. മിക്ക​പ്പോ​ഴും അവധി​ക്കാല മുൻനി​ര​സേ​വനം (ഇപ്പോൾ സഹായ മുൻനി​ര​സേ​വനം എന്ന്‌ അറിയ​പ്പെ​ടു​ന്നു) ചെയ്‌തി​രു​ന്നു. ഞാൻ ഓർക്കു​ന്നുണ്ട്‌, വീക്ഷാ​ഗോ​പു​ര​വും ഉണരുക!-യും മാസി​ക​ക​ളൊ​ക്കെ കൊടു​ക്കാൻവേണ്ടി അമ്മ ക്രമമാ​യി 50-ലധികം വീടു​ക​ളിൽ പോകു​മാ​യി​രു​ന്നു. പ്രായ​മാ​യി, ആരോ​ഗ്യ​മി​ല്ലാ​തി​രുന്ന സമയത്തു​പോ​ലും സത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ക്കുന്ന ആളുകളെ സഹായി​ക്കാൻ അമ്മയ്‌ക്കു വലിയ ആഗ്രഹ​മാ​യി​രു​ന്നു. മറ്റുള്ള​വ​രോ​ടും, ഞങ്ങൾ മക്കളോ​ടും അമ്മയ്‌ക്കു വളരെ​യ​ധി​കം സ്‌നേ​ഹ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾക്കും അമ്മയെ വലിയ ഇഷ്ടമാ​യി​രു​ന്നു. അമ്മയെ​പ്പോ​ലെ​യാ​കാൻ ഞങ്ങൾ ആഗ്രഹി​ച്ചു. അങ്ങനെ 1958-ൽ, എന്റെ 14-ാമത്തെ വയസ്സിൽ എന്റെ ജീവിതം ഞാൻ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേറ്റു.

സഹപ്ര​വർത്ത​ക​രിൽനിന്ന്‌ കിട്ടിയ പ്രോ​ത്സാ​ഹ​നം

 കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ ഞങ്ങളുടെ സഭയിലെ 20-കളിലുള്ള റുഡോൾഫ്‌ എന്ന ഒരു ചെറു​പ്പ​ക്കാ​ര​നും സ്‌നാ​ന​മേറ്റു. അദ്ദേഹം ജർമനി​യിൽനി​ന്നുള്ള ഒരു കുടി​യേ​റ്റ​ക്കാ​ര​നാ​യി​രു​ന്നു. എല്ലാ ശനിയാ​ഴ്‌ച​യും രാവിലെ ഞാനും റുഡോൾഫും കൂടി ശുശ്രൂ​ഷ​യ്‌ക്കു പോകും. കുടും​ബ​ത്തി​ലെ മറ്റുള്ളവർ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറു​മ്പോൾ കാറിൽ കാത്തി​രി​ക്കു​ന്ന​വ​രോ​ടാണ്‌ ഞങ്ങൾ ആ സമയത്ത്‌ സാക്ഷീ​ക​രി​ക്കു​ന്നത്‌.

 നല്ല തീക്ഷ്‌ണ​ത​യുള്ള ഒരു സഹോ​ദ​ര​നാ​യി​രു​ന്നു റുഡോൾഫ്‌. സ്‌കൂൾ അടയ്‌ക്കുന്ന സമയത്ത്‌ അവധി​ക്കാല മുൻനി​ര​സേ​വനം ചെയ്യാൻ അദ്ദേഹം എന്നോ​ടും പറയു​മാ​യി​രു​ന്നു. അങ്ങനെ​യൊ​രി​ക്കൽ ബുണ്ടാ​ബർഗി​നു വടക്ക്‌ ഏകദേശം 190 കിലോ​മീ​റ്റർ അകലെ​യുള്ള ഗ്ലാഡ്‌സ്റ്റോൺ എന്ന നഗരത്തിൽ ഞങ്ങൾ ആറ്‌ ആഴ്‌ച ഒരുമിച്ച്‌ പ്രവർത്തി​ച്ചു. അദ്ദേഹം എന്നെ ഒരു സ്വന്തം സഹോ​ദ​ര​നെ​പ്പോ​ലെ കണ്ടു. അതു​പോ​ലെ അവധി​ക്കാല മുൻനി​ര​സേ​വനം ചെയ്യു​ന്ന​തി​ന്റെ സന്തോ​ഷ​വും ഞാൻ ആസ്വദി​ച്ചു. ഇതെല്ലാം ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​കാൻ എന്നെ പ്രേരി​പ്പി​ച്ചു. 16-ാമത്തെ വയസ്സിൽ ഞാൻ ആ ലക്ഷ്യത്തിൽ എത്തി​ച്ചേർന്നു. മുഴു​സ​മ​യ​സേ​വനം എന്റെ ജീവി​ത​മാ​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.

 എന്റെ ആദ്യ മുൻനി​ര​സേവന നിയമനം ബുണ്ടാ​ബർഗിന്‌ വടക്കേ തീര​പ്ര​ദേ​ശ​മായ മക്കേയി​ലാ​യി​രു​ന്നു, ഗ്രേറ്റ്‌ ബാരിയർ റീഫിൽനി​ന്നും അധികം ദൂരമി​ല്ലാ​യി​രു​ന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞ്‌, എനിക്ക്‌ 17 വയസ്സു​ള്ള​പ്പോൾ ഓസ്‌​ട്രേ​ലി​യ​യി​ലെ ഉൾനാടൻ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി a നിയമി​ച്ചു. മുൻനി​ര​സേ​വ​ന​ത്തിന്‌ എനിക്കു കൂട്ട്‌ അഭിഷി​ക്ത​സ​ഹോ​ദ​ര​നായ ബെന്നെറ്റ്‌ (ബെൻ) ബ്രിക്കേൽ സഹോ​ദ​ര​നാ​യി​രു​ന്നു. എന്നെക്കാൾ 30 വയസ്സ്‌ മൂത്തതാ​യി​രു​ന്നു അദ്ദേഹം. b അനുഭ​വ​പ​രി​ച​യ​മുള്ള ആ സഹോ​ദ​ര​നോ​ടൊ​പ്പം പ്രവർത്തി​ക്കാ​നാ​യത്‌ വലി​യൊ​രു അനു​ഗ്ര​ഹം​ത​ന്നെ​യാണ്‌. മുൻനി​ര​സേ​വ​കർക്കി​ട​യിൽ വലിയ പേരു​കേട്ട ഒരു വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം.

ഉൾനാടൻ പ്രദേ​ശ​ങ്ങ​ളി​ലുള്ള ഒരു ആദിവാ​സി​സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു, 1963

 വടക്കു​പ​ടി​ഞ്ഞാ​റൻ ക്വീൻസ്‌ലാൻഡിൽ ആയിരു​ന്നു ഞങ്ങളുടെ പ്രദേശം. അത്‌ കാർപെ​ന്റേ​റി​യൻ ഉൾക്കട​ലി​ന്റെ അതിർത്തി​യാ​യി​രു​ന്നു. ആൾത്താ​മസം തീരെ കുറവുള്ള ആ സ്ഥലത്ത്‌ ഞാനും ബെന്നും മാത്ര​മാ​യി​രു​ന്നു സാക്ഷി​ക​ളാ​യിട്ട്‌ അന്നുണ്ടാ​യി​രു​ന്നത്‌. ചില സമയ​ത്തൊ​ക്കെ ഒരു വീട്ടിൽനിന്ന്‌ മറ്റൊരു വീട്ടി​ലേക്കു പോക​ണ​മെ​ങ്കിൽ മണിക്കൂ​റു​ക​ളോ​ളം ഞങ്ങൾ വണ്ടി ഓടി​ക്കു​മാ​യി​രു​ന്നു. പൊടി​പി​ടിച്ച വഴിയി​ലൂ​ടെ​യുള്ള നീണ്ട ആ യാത്ര​യ്‌ക്കി​ട​യിൽ ബെൻ ശുശ്രൂ​ഷ​യിൽ തനിക്കു​ണ്ടായ അനുഭ​വ​ങ്ങ​ളൊ​ക്കെ പങ്കു​വെ​ക്കു​മാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​സ​മ​യത്ത്‌ ഓസ്‌​ട്രേ​ലി​യ​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ച്ച​പ്പോൾ സൗണ്ട്‌ കാർ c ഉപയോ​ഗിച്ച്‌ പ്രസം​ഗ​പ്ര​വർത്തനം നടത്തി​യ​തൊ​ക്കെ അദ്ദേഹം പറഞ്ഞി​ട്ടുണ്ട്‌.

ഒരു സഹോ​ദ​ര​നും ഞാനും (നടുക്ക്‌) ഒരു ഉൾനാടൻ പ്രദേ​ശത്ത്‌ ബൈബിൾപ​ഠനം നടത്തുന്നു

 ഒരു ദിവസം മുഴുവൻ പ്രവർത്തിച്ച്‌ കഴിയു​മ്പോൾ രാത്രി​സ​മ​യ​ങ്ങ​ളിൽ ഞങ്ങൾ റോഡ​രി​കിൽ എവി​ടെ​യെ​ങ്കി​ലും തങ്ങും. d അത്താഴം ഉണ്ടാക്കു​ന്ന​തി​നു​വേണ്ടി ഞങ്ങൾ വിറകു​ക​ളൊ​ക്കെ ശേഖരിച്ച്‌ തീ കൂട്ടും. വെള്ളം കയറാത്ത രീതി​യി​ലുള്ള ഒരു ഷീറ്റും ഒരു പുതപ്പും ഒരു തലയി​ണ​യും ആണ്‌ ഞാൻ ഉറങ്ങാൻവേണ്ടി ഉപയോ​ഗി​ച്ചത്‌. മറ്റു വെളി​ച്ച​മൊ​ന്നു​മി​ല്ലാത്ത ആ സമയത്ത്‌ ആകാശ​ത്തി​ലെ നക്ഷത്ര​സ​മൂ​ഹ​ങ്ങളെ കാണു​മ്പോൾ എനിക്ക്‌ യഹോ​വ​യോ​ടു കൂടുതൽ ഭയാദ​രവ്‌ തോന്നി. അത്‌ ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു.

 ആ ഉൾനാടൻ പ്രദേ​ശ​ത്തു​വെച്ച്‌ വണ്ടി​യെ​ങ്ങാ​നും കേടാ​യാൽ പെട്ടു​പോ​കും. ഒരു ദിവസം കാറിന്റെ ആക്‌സിൽ പൊട്ടി. നല്ല ചൂടുള്ള ദിവസ​മാ​യി​രു​ന്നു അത്‌. കൈയി​ലാ​ണെ​ങ്കിൽ വെള്ളവും കുറവാ​യി​രു​ന്നു. വേറൊ​രു ആക്‌സിൽ വാങ്ങു​ന്ന​തി​നു​വേണ്ടി ബെൻ അതുവഴി വന്ന മറ്റൊരു വണ്ടിയിൽ കയറി ക്ലോൺഗറി എന്ന നഗരത്തി​ലേക്കു പോയി. ആക്‌സിൽ കിട്ടാൻ മൂന്നു ദിവസ​മെ​ടു​ത്തു. അതുവരെ ഞാൻ കാറി​ന​ടു​ത്തു​തന്നെ നിന്നു. ഓരോ ദിവസ​വും അതുവഴി വേറെ കാറു​ക​ളൊ​ക്കെ കടന്നു​പോ​കും. അതിലെ ഡ്രൈ​വർമാർ എനിക്കു കുറച്ച്‌ വെള്ള​മൊ​ക്കെ തന്നു. ഒരാൾ പഴകിയ ഒരു പുസ്‌തകം തന്നിട്ട്‌ എന്നോടു പറഞ്ഞു: “സുഹൃത്തേ ഇതു വായി​ച്ചോ, നിനക്ക്‌ ഉപകാ​ര​പ്പെ​ടും.” അതിശ​യ​ക​ര​മെന്നു പറയട്ടെ, ആ പുസ്‌തകം നാസി തടങ്കൽപ്പാ​ള​യ​ത്തിൽവെച്ച്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​ണ്ടായ അനുഭ​വങ്ങൾ വിശദീ​ക​രി​ക്കുന്ന ഒന്നായി​രു​ന്നു. അത്‌ നമ്മുടെ സംഘടന പുറത്തി​റ​ക്കിയ ഒരു പുസ്‌ത​കമല്ല.

 ഞാനും ബെന്നും ഒരുമിച്ച്‌ ഏതാണ്ട്‌ ഒരു വർഷ​ത്തോ​ളം മുൻനി​ര​സേ​വനം ചെയ്‌തു. പിരി​യു​ന്ന​തി​നു മുമ്പ്‌ അവസാനം അദ്ദേഹം എന്നോടു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സഹോ​ദരാ, വിശ്വ​സ്‌ത​ത​യോ​ടെ തുടരാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കുക.” ബെൻ കാണിച്ച ദൈവ​ഭ​ക്തി​യും തീക്ഷ്‌ണ​ത​യും ഒക്കെ മുഴു​സ​മ​യ​സേ​വനം തുടരാൻ എനിക്കു കൂടുതൽ പ്രചോ​ദനം നൽകി.

ഗിലെ​യാദ്‌, പിന്നെ തായ്‌വാൻ

 ഓസ്‌​ട്രേ​ലി​യൻ ഉൾനാ​ടു​ക​ളിൽ വർഷങ്ങ​ളോ​ളം മുൻനി​ര​സേ​വനം ചെയ്‌ത​ശേഷം എന്നെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ച്ചു. സർക്കി​ട്ടി​ലെ ഓരോ സഭയോ​ടൊ​പ്പം അല്ലെങ്കിൽ ഒറ്റപ്പെട്ട ഗ്രൂപ്പി​നോ​ടൊ​പ്പം ഏകദേശം ഒരു ആഴ്‌ച ചെലവ​ഴി​ക്ക​ണ​മാ​യി​രു​ന്നു. ഈ വർഷങ്ങ​ളി​ലു​ട​നീ​ളം നാലു സർക്കി​ട്ടു​ക​ളി​ലാ​യി ഞാൻ സേവിച്ചു. ക്വീൻസ്‌ലാൻഡി​ലെ​യും ന്യൂസൗത്ത്‌ വെയ്‌ൽസി​ലെ​യും സഭകൾ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. 1971-ൽ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത വലി​യൊ​രു അനു​ഗ്രഹം എനിക്കു കിട്ടി. ന്യൂ​യോർക്കിൽവെച്ച്‌ നടത്തുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മിഷനറി സ്‌കൂ​ളി​ന്റെ, അതായത്‌ ഗിലെ​യാ​ദി​ന്റെ 51-ാമത്തെ ക്ലാസ്സിൽ പങ്കെടു​ക്കാ​നുള്ള അവസരം. അഞ്ചു മാസത്തെ ആഴമേ​റിയ ബൈബിൾപ​ഠ​ന​വും മറ്റു വിദ്യാർഥി​ക​ളും അധ്യാ​പ​ക​രും ആയുള്ള സഹവാ​സ​വും എന്നെ അടുത്ത നിയമ​ന​ത്തി​നാ​യി ഒരുക്കി, തായ്‌വാ​നി​ലെ മിഷനറി സേവന​ത്തി​നാ​യി.

എന്റെ ഗിലെ​യാദ്‌ ക്ലാസ്സ്‌

 ഞങ്ങളുടെ ക്ലാസ്സിലെ ഒൻപതു പേരെ തായ്‌വാ​നി​ലേക്കു നിയമി​ച്ചു. അതിൽ ഒരാളാ​യി​രു​ന്നു ന്യൂസി​ലൻഡിൽനി​ന്നുള്ള ഇയാൻ ബ്രൗൺ. ഞങ്ങൾ ഒരുമി​ച്ചാ​യി​രു​ന്നു മിഷന​റി​പ്ര​വർത്തനം ചെയ്‌തത്‌. തായ്‌വാ​നെ​ക്കു​റിച്ച്‌ ഞങ്ങൾക്ക്‌ ഒരു പിടി​യു​മി​ല്ലാ​യി​രു​ന്നു. ഭൂപടം നോക്കി​യ​പ്പോ​ഴാണ്‌ ഇത്‌ എവി​ടെ​യാ​ണെ​ന്നു​പോ​ലും മനസ്സി​ലാ​യത്‌.

 ക്വീൻസ്‌ലാൻഡി​ലെ ഉൾനാടൻ പ്രദേ​ശ​ങ്ങ​ളും തായ്‌വാ​നും തമ്മിൽ വലിയ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ചൈനീസ്‌ ഭാഷ പഠിക്കുക എന്നതാ​യി​രു​ന്നു ആദ്യം നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. കുറച്ച്‌ നാള​ത്തേക്ക്‌ നമ്മുടെ ഏറ്റവും വലിയ ആത്മീയ ഉറവായ മീറ്റി​ങ്ങു​ക​ളിൽപ്പോ​ലും പറയു​ന്നത്‌ മനസ്സി​ലാ​ക്കാൻ പറ്റിയില്ല. സഹോ​ദ​ര​ങ്ങ​ളോ​ടു നന്നായി സംസാ​രി​ക്കാ​നും കഴിഞ്ഞില്ല. ഈ സമയത്താണ്‌ ഗിലെ​യാദ്‌ സ്‌കൂ​ളിൽനിന്ന്‌ കിട്ടിയ പരിശീ​ല​ന​ത്തി​ന്റെ​യും അവി​ടെ​നിന്ന്‌ ലഭിച്ച ആത്മീയ അറിവി​ന്റെ​യും പ്രാധാ​ന്യം ഇയാനും ഞാനും മനസ്സി​ലാ​ക്കി​യത്‌. അതോ​ടൊ​പ്പം ക്രമമാ​യുള്ള ബൈബിൾപ​ഠ​ന​വും മനസ്സു​രു​കി​യുള്ള പ്രാർഥ​ന​യും മുന്നോ​ട്ടു​പോ​കാൻ എന്നെ സഹായി​ച്ചു. സഹോ​ദ​ര​ങ്ങ​ളോ​ടു ശരിക്കും സംസാ​രി​ക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും അവർ യഹോ​വ​യോ​ടും ഞങ്ങളോ​ടും കാണിച്ച സ്‌നേഹം ഞങ്ങളെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ചൈനീസ്‌ പഠിക്കു​ന്നു

 തായ്‌വാ​നിൽ എത്തി​ച്ചേർന്ന​പ്പോൾ എല്ലാ മിഷന​റി​മാ​രും ചൈനീസ്‌ ഭാഷ പഠിക്കു​ന്ന​തി​നാ​യി ഒരു കോഴ്‌സി​നു ചേർന്നു. അതിന്റെ അധ്യാ​പിക 25-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനിന്ന്‌ ബിരുദം നേടിയ ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള കാതലീൻ ലോഗൻ e എന്ന സഹോ​ദ​രി​യാ​യി​രു​ന്നു. പിന്നെ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ, ചൈനീസ്‌ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു. ഞങ്ങളോ​ടു നിർദേ​ശി​ച്ച​തു​പോ​ലെ പഠിച്ച കാര്യങ്ങൾ ഞങ്ങൾ അപ്പോൾത്തന്നെ ഉപയോ​ഗി​ച്ചു​തു​ടങ്ങി. ആദ്യത്തെ ദിവസം ശുശ്രൂ​ഷ​യ്‌ക്കു പോകു​ന്ന​തി​നു മുമ്പായി ഞാനും ഇയാനും ചെറി​യൊ​രു അവതരണം കാണാ​പ്പാ​ഠം പഠിച്ചു. പോകുന്ന വഴിക്ക്‌ ആര്‌ ആദ്യം പറയും എന്നതാ​യി​രു​ന്നു ഞങ്ങൾക്കി​ട​യി​ലെ ചർച്ച. ഞാൻ മൂത്തതാ​യ​തു​കൊണ്ട്‌ ഞാൻ ഇയാ​നോ​ടു പറഞ്ഞു, “നീ ആദ്യം പറഞ്ഞോ.” ആദ്യത്തെ വീട്ടിൽ ചെന്ന​പ്പോൾ മാന്യ​നായ ഒരു ചൈന​ക്കാ​രനെ കണ്ടു. ഇയാന്റെ ഇംഗ്ലീ​ഷും ചൈനീ​സും കൂട്ടി​ക്ക​ലർത്തി​യുള്ള സംസാരം അദ്ദേഹം ക്ഷമയോ​ടെ കേട്ടു. പിന്നെ ഞങ്ങളെ അമ്പരപ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം ഇംഗ്ലീ​ഷിൽ ഞങ്ങളോ​ടു ചോദി​ച്ചു: “നിങ്ങൾക്ക്‌ എന്താ വേണ്ടത്‌?” ഞങ്ങൾ അദ്ദേഹ​വു​മാ​യി കുറച്ച്‌ സമയം സംസാ​രി​ച്ചു. ചൈനീസ്‌ പഠിക്കു​ന്ന​തിൽ തുടരാൻ അദ്ദേഹം ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ ദയയോ​ടെ​യുള്ള വാക്കുകൾ ഞങ്ങൾക്കു കൂടുതൽ ആത്മവി​ശ്വാ​സം നൽകി. ബെൻ പറഞ്ഞതു​പോ​ലെ ‘പോരാ​ടി​ക്കൊ​ണ്ടി​രി​ക്കാൻ’ അതു ഞങ്ങളെ സഹായി​ച്ചു.

 തലസ്ഥാ​ന​ന​ഗ​ര​മാ​യ തായ്‌പെ​യി​യു​ടെ വലി​യൊ​രു ഭാഗമാ​യി​രു​ന്നു ഞങ്ങളുടെ പ്രദേശം. അവി​ടെ​യുള്ള മിക്ക ആളുക​ളും ദൈവ​രാ​ജ്യ​സ​ന്ദേ​ശ​ത്തെ​ക്കു​റിച്ച്‌ കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. കാരണം ആ സമയത്ത്‌ അവിടെ കുറച്ച്‌ സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ അതൊ​ന്നും ഞങ്ങളെ തളർത്തി​ക്ക​ള​ഞ്ഞില്ല. ഞാനും ഇയാനും അവിടെ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കാൻ തുടങ്ങി. അക്കാല​ങ്ങ​ളിൽ മിക്ക മാസങ്ങ​ളി​ലും ഞങ്ങൾ നൂറു​ക​ണ​ക്കി​നു മാസി​കകൾ കൊടു​ക്കു​മാ​യി​രു​ന്നു. ചിലർ മാസി​കകൾ സ്വീക​രി​ച്ചി​രു​ന്നത്‌, ഞങ്ങൾ ആരാ​ണെ​ന്നും ഞങ്ങൾ എന്താണു പറയാൻ ശ്രമി​ക്കു​ന്ന​തെ​ന്നും അറിയാൻവേ​ണ്ടി​യാണ്‌. എങ്കിലും രാജ്യ​സ​ത്യ​ത്തി​ന്റെ വിത്തുകൾ പരമാ​വധി വിതയ്‌ക്കാൻ ഞങ്ങൾ ശ്രമിച്ചു. താത്‌പ​ര്യ​മു​ള്ള​വ​രു​ടെ ഹൃദയ​ത്തിൽ അതു വേരു​പി​ടി​ക്കു​മെന്ന ഉറപ്പു ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു.

എന്റെ ജീവി​ത​പ​ങ്കാ​ളി​യിൽനി​ന്നുള്ള സഹായം

വെൻക്വ​യും ഞാനും ശുശ്രൂ​ഷ​യിൽ, 1974

 ഈ സമയത്ത്‌ തായ്‌വാ​നിൽത്ത​ന്നെ​യുള്ള വെൻക്വ എന്ന ഒരു സഹോ​ദ​രി​യെ ഞാൻ പരിച​യ​പ്പെട്ടു. ഞങ്ങൾ നല്ല കൂട്ടു​കാ​രാ​യി. ആ സഹോ​ദരി സത്യത്തെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രു​ന്നു. ആ നാട്ടി​ലുള്ള എല്ലാ ആളുക​ളും തന്നെ​പ്പോ​ലെ​തന്നെ ബൈബി​ളി​ന്റെ സന്ദേശ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടണ​മെ​ന്നത്‌ വെൻക്വ​യു​ടെ ആഗ്രഹ​മാ​യി​രു​ന്നു. അതിനു​വേണ്ടി എന്നെയും മറ്റു മിഷന​റി​മാ​രെ​യും, ഭാഷയി​ലുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ വെൻക്വ സഹായി​ച്ചു. വെൻക്വ​യെ ഞാൻ കൂടുതൽ സ്‌നേ​ഹി​ച്ചു​തു​ടങ്ങി. അങ്ങനെ 1974-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി.

 ശുശ്രൂ​ഷ​യിൽ കൂടുതൽ ഫലപ്ര​ദ​രാ​കാൻ വെൻക്വ മിഷന​റി​മാ​രെ സഹായി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, തായ്‌വാ​നി​ലു​ള്ള​വ​രു​ടെ ആചാര​ങ്ങ​ളും കാഴ്‌ച​പ്പാ​ടും എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നും അതിന​നു​സ​രിച്ച്‌ അവരോ​ടു സംസാ​രി​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നും വെൻക്വ ഞങ്ങളെ പഠിപ്പി​ച്ചു. ഞങ്ങളുടെ പ്രദേ​ശത്ത്‌ ബുദ്ധമ​ത​ക്കാ​രും താവോ​മ​ത​ക്കാ​രും ധാരാളം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അതിന​നു​സ​രിച്ച്‌ അവതര​ണ​ത്തിൽ മാറ്റങ്ങൾ വരുത്താൻ വെൻക്വ ഞങ്ങളെ സഹായി​ച്ചു. പൂർവി​കാ​രാ​ധന അവിടെ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. അതു​പോ​ലെ മിക്ക ആളുക​ളും ബൈബിൾ വായി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു, അല്ലെങ്കിൽ കണ്ടിട്ടു​പോ​ലു​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ മിക്ക​പ്പോ​ഴും ഞങ്ങൾ ഒരു സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രു​ന്നത്‌. ആ സ്രഷ്ടാ​വി​ന്റെ പേര്‌ യഹോവ എന്നാ​ണെ​ന്നും അങ്ങനെ​യൊ​രു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും എല്ലാം ഞങ്ങൾ അവരോ​ടു പറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌ ഒരു കൃഷി​ക്കാ​ര​നോ ഒരു മീൻപി​ടു​ത്ത​ക്കാ​ര​നോ “ഞങ്ങൾ ഭക്ഷണത്തി​നാ​യി മുകളി​ലേക്കു നോക്കും” എന്നു പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ ചോദി​ക്കും: “ഈ ഭക്ഷണ​മെ​ല്ലാം തരുന്നത്‌ ആരാണ്‌? സർവശ​ക്ത​നും എല്ലാം സൃഷ്ടി​ച്ച​വ​നും നമ്മുടെ ആരാധ​ന​യ്‌ക്കു യോഗ്യ​നും ആയ ദൈവ​മല്ലേ?”

വെൻക്വ​യോ​ടൊ​പ്പം, 1975

 സമയം കടന്നു​പോ​യ​പ്പോൾ ഞങ്ങളുടെ പ്രയത്നങ്ങൾക്ക്‌ ഫലം കണ്ടു. രാജ്യ​വിത്ത്‌ നല്ല മണ്ണിൽ വിതയ്‌ക്കാ​നും ആത്മാർഥ​ഹൃ​ദ​യ​മു​ള്ള​വരെ കണ്ടെത്താ​നും ഞങ്ങൾക്കു കഴിഞ്ഞു. ചില ബൈബിൾവി​ദ്യാർഥി​കൾ വർഷങ്ങ​ളാ​യി തങ്ങൾ വിശ്വ​സി​ച്ചു​പോ​ന്നി​രുന്ന പഠിപ്പി​ക്ക​ലു​ക​ളും ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത ആചാര​ങ്ങ​ളും ഉപേക്ഷി​ക്കാൻ വളരെ​യ​ധി​കം ശ്രമം ചെയ്‌തു. മിഷന​റി​മാ​രു​ടെ​യും അവി​ടെ​യുള്ള പ്രചാ​ര​ക​രു​ടെ​യും സഹായ​ത്തോ​ടെ അവർക്കു മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. അങ്ങനെ അവരുടെ ജീവിതം മെച്ച​പ്പെട്ടു. (യോഹ​ന്നാൻ 8:32) പിന്നീട്‌ പല സഹോ​ദ​ര​ങ്ങ​ളും സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ എത്തി​ച്ചേർന്നു. ധാരാളം പേർ ബഥേൽസേ​വനം പോലുള്ള മുഴു​സ​മ​യ​സേ​വ​ന​ത്തി​ലേ​ക്കും വന്നു.

 ഒരു മിഷന​റി​യാ​യി പ്രവർത്തി​ക്കു​ന്ന​തോ​ടൊ​പ്പം 1976 മുതൽ തായ്‌വാൻ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കാ​നുള്ള പദവി​യും എനിക്കു ലഭിച്ചു. 1981-ൽ എന്നെയും വെൻക്വ​യെ​യും ബഥേലി​ലേക്കു ക്ഷണിച്ചു. അവിടെ വർഷങ്ങ​ളോ​ളം ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരു അംഗമാ​യി സേവി​ക്കു​ന്ന​തിൽ തുടർന്നു. ഞാൻ മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യിട്ട്‌ ഇപ്പോൾ 60-ലധികം വർഷങ്ങ​ളാ​യി. 50-ലധികം വർഷമാ​യി ഞാൻ തായ്‌വാ​നിൽത്ത​ന്നെ​യാണ്‌. എന്റെ പ്രിയ​പ്പെട്ട ഭാര്യ​യോ​ടൊ​പ്പം ജീവി​ക്കാൻ തുടങ്ങി​യിട്ട്‌ ഏകദേശം 50 വർഷമാ​യി. എന്റെ മുമ്പത്തെ മിഷന​റി​പ​ങ്കാ​ളി​യും സുഹൃ​ത്തും ആയ ഇയാൻ ബ്രൗൺ 2013-ൽ തന്റെ മരണം​വരെ ഇവി​ടെ​ത്തന്നെ മുഴു​സ​മ​യ​സേ​വ​ന​ത്തിൽ തുടർന്നു.

തായ്‌വാനിലെ ഓഫീസിൽ, 1997

 ഞാനും വെൻക്വ​യും ബഥേൽപ്ര​വർത്ത​ന​ങ്ങ​ളി​ലും ചൈനീസ്‌ സഭയി​ലും ശുശ്രൂ​ഷ​യി​ലും തിര​ക്കോ​ടെ ഏർപ്പെ​ടാൻ പരമാ​വധി ശ്രമി​ക്കു​ന്നു. വില​യേ​റിയ ഈ പദവികൾ തന്നതിന്‌ ഞങ്ങൾക്ക്‌ യഹോ​വ​യോ​ടു നന്ദിയുണ്ട്‌. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കാ​നുള്ള ആഗ്രഹ​വും ശക്തിയും യഹോവ എനിക്കു നൽകി. അത്‌ ഇപ്പോ​ഴും എനിക്കും വെൻക്വ​യ്‌ക്കും യഹോവ നൽകി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

a ബൈബിൾ അധ്യാ​പ​ക​രു​ടെ ആവശ്യ​മുള്ള ഒരു സ്ഥലം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ മനസ്സി​ലാ​ക്കു​മ്പോൾ ആ സ്ഥലത്തേക്കു പോകാൻ സ്വമേ​ധയാ തയ്യാറാ​കുന്ന ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​നാണ്‌ ഒരു പ്രത്യേക മുൻനി​ര​സേ​വകൻ.

b ബെന്നെറ്റ്‌ ബ്രിക്കേൽ സഹോ​ദ​രന്റെ ജീവി​തകഥ 1972 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

c രാജ്യസന്ദേശം വളരെ ദൂരേക്കു കേൾക്കാൻ കഴിയും​വി​ധം സൗണ്ട്‌ കാറു​ക​ളിൽ സ്‌പീക്കർ ഘടിപ്പി​ച്ചി​രു​ന്നു.

d ഉൾനാടൻ പ്രദേ​ശ​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കു​ന്നു—ഓസ്‌​ട്രേ​ലിയ എന്ന വീഡി​യോ കാണുക.

e ഹാർവിയുടെയും കാതലീൻ ലോഗ​ന്റെ​യും ജീവി​തകഥ 2021 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു.