അധ്യായം1
“ഇതാ, നമ്മുടെ ദൈവം”
1, 2. (എ) നിങ്ങൾ ദൈവത്തോട് ഏതു ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കും? (ബി) മോശെ ദൈവത്തോട് എന്തു ചോദിച്ചു?
ദൈവവുമായി ഒരു സംഭാഷണം നടത്തുന്നതിനെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? ആ ചിന്തതന്നെ ഭയാദരവു ജനിപ്പിക്കുന്നു, അല്ലേ? അഖിലാണ്ഡ പരമാധികാരി നിങ്ങളോടു സംസാരിക്കുന്നു! ആദ്യം നിങ്ങൾ സംസാരിക്കാൻ മടിക്കുന്നു, എന്നാൽ പിന്നീട് നിങ്ങൾ സംസാരിച്ചുതുടങ്ങുന്നു. അവൻ ശ്രദ്ധിക്കുന്നു, അവൻ പ്രതിവചിക്കുന്നു, നിങ്ങൾക്ക് ഏതു ചോദ്യവും ചോദിക്കാനുള്ള സ്വാതന്ത്ര്യം തോന്നുന്നു. ഇപ്പോൾ, നിങ്ങൾ ഏതു ചോദ്യം ചോദിക്കും?
2 പണ്ട്, മോശെ എന്ന വ്യക്തിക്ക് സമാനമായ അനുഭവം ഉണ്ടായി. എന്നാൽ അവൻ ദൈവത്തോടു ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. തന്നെക്കുറിച്ചുതന്നെയോ തന്റെ ഭാവിയെ കുറിച്ചോ എന്തിന്, മനുഷ്യവർഗത്തിന്റെ ദുരവസ്ഥയെ കുറിച്ചോ പോലും അവൻ ചോദിച്ചില്ല. പകരം, ദൈവത്തിന്റെ നാമം എന്തെന്ന് അവൻ ആരാഞ്ഞു. ദൈവത്തിന്റെ വ്യക്തിപരമായ നാമം മോശെയ്ക്ക് അപ്പോൾത്തന്നെ അറിയാമായിരുന്നതുകൊണ്ട്, അങ്ങനെയൊരു ചോദ്യം വിചിത്രമായി നിങ്ങൾക്കു തോന്നിയേക്കാം. ആ സ്ഥിതിക്ക്, അവന്റെ ചോദ്യത്തിന് ആഴമേറിയ അർഥം ഉണ്ടായിരുന്നിരിക്കണം. യഥാർഥത്തിൽ, മോശെയ്ക്കു ചോദിക്കാൻ കഴിയുമായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമായിരുന്നു അത്. അതിനുള്ള ഉത്തരത്തിന് നമ്മെയെല്ലാം സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. ദൈവത്തോട് അടുത്തു ചെല്ലുന്നതിൽ ഒരു മർമപ്രധാന പടി സ്വീകരിക്കാൻ അതിനു നിങ്ങളെ സഹായിക്കാൻ കഴിയും. എങ്ങനെ? ശ്രദ്ധേയമായ ആ സംഭാഷണം നമുക്കൊന്നു വിശകലനം ചെയ്യാം.
3, 4. ദൈവവും മോശെയും തമ്മിലുള്ള സംഭാഷണത്തിലേക്കു നയിച്ച സംഭവങ്ങൾ ഏവ, ആ സംഭാഷണത്തിന്റെ സാരം എന്തായിരുന്നു?
3 മോശെയ്ക്ക് അപ്പോൾ 80 വയസ്സായിരുന്നു. ഈജിപ്തിൽ അടിമകളായി കഴിഞ്ഞിരുന്ന തന്റെ ആളുകളിൽനിന്ന്, ഇസ്രായേല്യരിൽനിന്ന്, അകന്ന് അവൻ ഒരു പ്രവാസിയായി നാലു പതിറ്റാണ്ടുകൾ ചെലവഴിച്ചിരുന്നു. ഒരു ദിവസം തന്റെ അമ്മായിയപ്പന്റെ ആട്ടിൻകൂട്ടത്തെ മേയ്ച്ചുകൊണ്ടിരുന്നപ്പോൾ അവൻ ഒരു വിചിത്ര പ്രതിഭാസം കണ്ടു. ഒരു മുൾപ്പടർപ്പിനു തീ പിടിച്ചിരിക്കുന്നു. എന്നാൽ അതു കത്തിച്ചാമ്പലാകുന്നില്ലായിരുന്നു. പർവതച്ചെരുവിൽ ഒരു ദീപസ്തംഭം പോലെ അത് പ്രകാശിച്ചുകൊണ്ടേയിരുന്നു. കാര്യം എന്താണെന്നറിയാൻ മോശെ അതിന് അടുത്തേക്കുചെന്നു. തീയുടെ നടുവിൽനിന്ന് ഒരു ശബ്ദം മോശെയോടു സംസാരിച്ചപ്പോൾ അവൻ ഞെട്ടിപ്പോയിരിക്കണം! തുടർന്ന്, ഒരു ദൂതവക്താവിലൂടെ ദൈവം മോശെയുമായി ദീർഘനേരം സംഭാഷണം നടത്തി. ഒരുപക്ഷേ നിങ്ങൾക്ക് അറിയാവുന്നതുപോലെ, വിമുഖനായി നിന്ന മോശെയോട് സ്വസ്ഥമായ ജീവിതം വെടിഞ്ഞ് ഈജിപ്തിലേക്കു മടങ്ങിപ്പോയി അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കാൻ ദൈവം അവിടെവെച്ച് ആവശ്യപ്പെട്ടു.—പുറപ്പാടു 3:1-12.
4 ആ സമയത്ത്, മോശെയ്ക്ക് ദൈവത്തോട് ഏതു ചോദ്യവും ചോദിക്കാമായിരുന്നു. എന്നാൽ അവൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ശ്രദ്ധിക്കുക: ‘ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം?’—പുറപ്പാടു 3:13.
5, 6. (എ) മോശെയുടെ ചോദ്യം ലളിതവും മർമപ്രധാനവുമായ ഏതു സത്യം നമ്മെ പഠിപ്പിക്കുന്നു? (ബി) ദൈവത്തിന്റെ വ്യക്തിപരമായ നാമത്തോടുള്ള ബന്ധത്തിൽ ചിലർ നിന്ദ്യമായ ഏതു പ്രവൃത്തി ചെയ്തിരിക്കുന്നു? (സി) ദൈവം മനുഷ്യവർഗത്തിന് തന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ഒന്നാമതായി, ആ ചോദ്യം ദൈവത്തിന് ഒരു നാമമുണ്ട് എന്നു നമ്മെ പഠിപ്പിക്കുന്നു. ലളിതമായ ഈ സത്യത്തെ നാം നിസ്സാരമായി എടുക്കരുത്. എന്നാൽ അനേകർ അങ്ങനെ ചെയ്യുന്നു. ഒട്ടനവധി ബൈബിൾ ഭാഷാന്തരങ്ങളിലും ദൈവത്തിന്റെ വ്യക്തിപരമായ നാമം മാറ്റി പകരം “കർത്താവ്,” “ദൈവം” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുന്നു. മതത്തിന്റെ പേരിൽ ചെയ്തിരിക്കുന്ന അത്യന്തം ദുഃഖകരവും നിന്ദ്യവുമായ സംഗതികളിൽ ഒന്നാണ് ഇത്. സാധാരണഗതിയിൽ, ആരെയെങ്കിലും പരിചയപ്പെടുമ്പോൾ നിങ്ങൾ ആദ്യം ചെയ്യുന്ന സംഗതി എന്താണ്? അയാളുടെ പേര് ചോദിക്കും, അല്ലേ? ദൈവത്തെ അറിയുന്ന കാര്യത്തിലും അതുതന്നെയാണ് ഉൾപ്പെട്ടിരിക്കുന്നത്. പേരില്ലാത്ത, നമുക്ക് അറിയാനോ അടുക്കാനോ കഴിയാത്ത, ഒരുവനല്ല അവൻ. അദൃശ്യനാണെങ്കിലും അവൻ ഒരു വ്യക്തിയാണ്, അവന് ഒരു നാമമുണ്ട്—യഹോവ.
6 കൂടാതെ, ദൈവം തന്റെ വ്യക്തിപരമായ നാമം വെളിപ്പെടുത്തുമ്പോൾ, ശ്രദ്ധേയവും പുളകപ്രദവുമായ ഒരു വസ്തുത അതുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്നെ അടുത്തറിയാൻ അവൻ നമ്മെ ക്ഷണിക്കുകയാണ്. നമുക്കു ജീവിതത്തിൽ സാധ്യമാകുന്ന ഏറ്റവും നല്ല തിരഞ്ഞെടുപ്പു നടത്താൻ, അതായത് നാം അവനോട് അടുത്തു ചെല്ലാൻ, അവൻ ആഗ്രഹിക്കുന്നു. എന്നാൽ യഹോവ തന്റെ നാമം നമ്മോടു പറയുന്നതിലധികം ചെയ്തിരിക്കുന്നു. അത് പ്രതിനിധീകരിക്കുന്ന വ്യക്തിയെക്കുറിച്ചും അവൻ നമ്മെ പഠിപ്പിച്ചിരിക്കുന്നു.
ദൈവനാമത്തിന്റെ അർഥം
7. (എ) ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്റെ അർഥം എന്താണെന്നാണ് കരുതപ്പെടുന്നത്? (ബി) മോശെ ദൈവത്തോട് അവന്റെ നാമം ചോദിച്ചപ്പോൾ, അവൻ യഥാർഥത്തിൽ എന്ത് അറിയാനാണ് ആഗ്രഹിച്ചത്?
7 യഹോവതന്നെയാണ് തന്റെ നാമം തിരഞ്ഞെടുത്തത്. ആ നാമം അർഥസമ്പുഷ്ടമാണ്. “യഹോവ” എന്നതിന്റെ അർഥം, “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണെന്ന് കരുതപ്പെടുന്നു. യഹോവ മുഴുപ്രപഞ്ചത്തിലും അനന്യനാണ്. കാരണം അവനാണ് സകലവും സൃഷ്ടിച്ചത്; അവൻ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറാൻ ഇടയാക്കുകയും ചെയ്യുന്നു. അത് ഭയാദരവുണർത്തുന്ന ഒരു ആശയമാണ്. എന്നാൽ ദൈവനാമത്തിന്റെ അർഥത്തിൽ മറ്റെന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ? മോശെ കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിച്ചു എന്നതു സ്പഷ്ടം. അവന് ദൈവനാമം അറിയാമായിരുന്നു. യഹോവയാണ് സ്രഷ്ടാവെന്നും അവനറിയാമായിരുന്നു. ദിവ്യനാമം പുതിയതായിരുന്നില്ല എന്നതാണു വസ്തുത. നൂറ്റാണ്ടുകളായി ആളുകൾ അത് ഉപയോഗിച്ചുപോന്നിരുന്നു. മോശെ ദൈവത്തിന്റെ നാമം ചോദിച്ചപ്പോൾ യഥാർഥത്തിൽ അവൻ, ആ നാമം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെ കുറിച്ചു ചോദിക്കുകയായിരുന്നു. ഫലത്തിൽ, അവന്റെ ചോദ്യം ഇതായിരുന്നു: ‘നിന്റെ ജനമായ ഇസ്രായേലിനു നിന്നിലുള്ള വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന, നീ അവരെ യഥാർഥത്തിൽ വിടുവിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുന്ന എന്ത് എനിക്ക് അവരോടു പറയാൻ കഴിയും?’
8, 9. (എ) യഹോവ മോശെയുടെ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകി, മിക്ക ഭാഷാന്തരങ്ങളും ആ മറുപടി തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നത് എങ്ങനെ? (ബി) “ഞാൻ എന്താണെന്നു തെളിയിക്കുന്നുവോ ഞാൻ അതാണെന്നു തെളിയും” എന്ന പ്രസ്താവനയുടെ അർഥമെന്ത്?
8 മറുപടിയായി യഹോവ തന്റെ വ്യക്തിത്വത്തിന്റെ പുളകപ്രദമായ ഒരു വശം വെളിപ്പെടുത്തി. അത് അവന്റെ നാമത്തിന്റെ അർഥവുമായി ബന്ധപ്പെട്ടതായിരുന്നു. “ഞാൻ എന്താണെന്നു തെളിയിക്കുന്നുവോ ഞാൻ അതാണെന്നു തെളിയും” എന്ന് അവൻ മോശെയോടു പറഞ്ഞു. (പുറപ്പാടു 3:14, NW) പല ഭാഷാന്തരങ്ങളും “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൃത്യമായ പരിഭാഷകൾ, ദൈവം തന്റെ അസ്തിത്വത്തെ സ്ഥിരീകരിക്കുക മാത്രമായിരുന്നില്ലെന്നു പ്രകടമാക്കുന്നു. പകരം, യഹോവ തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ആവശ്യമായിരിക്കുന്ന എന്തും ‘ആയിത്തീരും’ അല്ലെങ്കിൽ തന്നെത്തന്നെ ആക്കിത്തീർക്കും. ജെ. ബി. റോഥർഹാമിന്റെ ഭാഷാന്തരം “ഞാൻ എന്തെല്ലാം ആയിത്തീരാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ആയിത്തീരും” എന്നു സ്പഷ്ടമായി വിവർത്തനം ചെയ്യുന്നു. ബൈബിൾ എഴുതപ്പെട്ട എബ്രായയിൽ പാണ്ഡിത്യമുള്ള ഒരാൾ ഈ വാക്യം ഇങ്ങനെ വിശദീകരിക്കുന്നു: “സാഹചര്യം അല്ലെങ്കിൽ ആവശ്യം എന്തുതന്നെ ആയാലും . . . ദൈവം അതിനുള്ള പരിഹാരം ‘ആയിത്തീരും.’”
9 ഇസ്രായേല്യർക്ക് അത് എന്ത് അർഥമാക്കി? അവർക്ക് എന്തു പ്രതിബന്ധം നേരിട്ടാലും, അവർ ഏതു ദുർഘടസന്ധിയിൽ അകപ്പെട്ടാലും, അവരെ അടിമത്തത്തിൽനിന്നു വിടുവിച്ച് വാഗ്ദത്ത ദേശത്തേക്കു വരുത്താൻ ആവശ്യമായ എന്തും ആയിത്തീരുമായിരുന്നു യഹോവ. തീർച്ചയായും ആ നാമം ദൈവത്തിൽ വിശ്വാസം ജനിപ്പിച്ചു. ഇന്നു നമ്മുടെ കാര്യത്തിലും ദൈവനാമത്തിന് അതുതന്നെ ചെയ്യാൻ കഴിയും. (സങ്കീർത്തനം 9:10) എന്തുകൊണ്ട്?
10, 11. യഹോവയുടെ നാമം അവനെ ഏറ്റവുമധികം ധർമങ്ങൾ നിർവഹിക്കുന്നവനും സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും നല്ല പിതാവുമായി വീക്ഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
10 ദൃഷ്ടാന്തത്തിന്, മക്കളെ പരിപാലിക്കുമ്പോൾ തങ്ങൾക്കു വ്യത്യസ്ത ധർമങ്ങൾ നിർവഹിക്കേണ്ടി വരുമെന്ന് മാതാപിതാക്കൾക്ക് അറിയാം. ഒരു ദിവസംതന്നെ ഒരു മാതാവ് ഒരു നേഴ്സിന്റെയോ പാചകക്കാരിയുടെയോ അധ്യാപികയുടെയോ ശിക്ഷകയുടെയോ ന്യായാധിപയുടെയോ ഒക്കെ ധർമങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരിക്കാം. തങ്ങൾ വഹിക്കേണ്ടതായ ധർമങ്ങളുടെ ബാഹുല്യം പല മാതാപിതാക്കളെയും പരിഭ്രാന്തരാക്കുന്നു. കാരണം, തങ്ങളുടെ കുഞ്ഞുങ്ങൾ തങ്ങളിൽ സമ്പൂർണ വിശ്വാസം അർപ്പിക്കുന്നുണ്ടെന്ന് അവർക്കറിയാം. പരുക്കിന്റെ വേദന ഇല്ലാതാക്കാനും കൊച്ചുകൊച്ചു വഴക്കുകൾക്ക് ഒത്തുതീർപ്പുണ്ടാക്കാനും പൊട്ടിപ്പോയ കളിപ്പാട്ടം നന്നാക്കിത്തരാനും മനസ്സിൽ പൊന്തിവരുന്ന നൂറുനൂറു ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും അച്ഛനും അമ്മയ്ക്കും കഴിയുമെന്ന കാര്യത്തിൽ കുട്ടികൾക്ക് ഒരിക്കലും സംശയം തോന്നാറില്ല. മക്കൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന് തങ്ങൾ അർഹരാണോ എന്ന് ചില മാതാപിതാക്കൾ സംശയിക്കുന്നു, ചിലപ്പോഴൊക്കെ സ്വന്തം പരിമിതികൾ അവരെ നിരാശരാക്കുന്നു. ഈ ധർമങ്ങളിൽ പലതും നിറവേറ്റാൻ തങ്ങൾ തികച്ചും അപ്രാപ്തരാണെന്ന് അവർ വിചാരിക്കുന്നു.
11 യഹോവയും സ്നേഹനിധിയായ ഒരു പിതാവാണ്. എന്നിരുന്നാലും, തന്റെ പൂർണതയുള്ള സ്വന്തം നിലവാരങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ സാധ്യമായ ഏറ്റവും നല്ല രീതിയിൽ തന്റെ ഭൗമിക മക്കളെ പരിപാലിക്കാൻ അവന് എന്തും ആയിത്തീരാൻ കഴിയും. അതുകൊണ്ട് യഹോവ എന്ന അവന്റെ നാമം, സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും നല്ല പിതാവെന്ന നിലയിൽ അവനെ വീക്ഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 1:17) മോശെയും മറ്റെല്ലാ വിശ്വസ്ത ഇസ്രായേല്യരും യഹോവ അവന്റെ നാമത്തിന്റെ അർഥത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതായി പെട്ടെന്നു മനസ്സിലാക്കി. അവൻ തന്നെത്തന്നെ അജയ്യനായ ഒരു സൈന്യാധിപനും പ്രകൃതി മൂലകങ്ങളുടെയെല്ലാം അധികാരിയും ഒരു അതുല്യ നിയമദാതാവും ന്യായാധിപതിയും അതിവിദഗ്ധ നിർമാതാവും ഭക്ഷ്യ-ജല ദാതാവും വസ്ത്രത്തിന്റെയും പാദരക്ഷകളുടെയും സംരക്ഷകനും അതിലധികവും ആക്കിത്തീർത്തപ്പോൾ ഭയാദരവോടെ നോക്കിനിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ.
12. യഹോവയോടുള്ള ഫറവോന്റെ മനോഭാവം മോശെയുടേതിൽനിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ?
12 ഈ വിധത്തിൽ ദൈവം തന്റെ നാമം അറിയിക്കുകയും ആ നാമത്താൽ പ്രതീനിധീകരിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൂടാതെ താൻ തന്നെക്കുറിച്ചു പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് അവൻ കാണിച്ചുതരുകപോലും ചെയ്തിരിക്കുന്നു. നാം ദൈവത്തെ അറിയാൻ അവൻ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. നാം എങ്ങനെ പ്രതികരിക്കുന്നു? മോശെ ദൈവത്തെ അറിയാൻ ആഗ്രഹിച്ചു. ആ തീവ്രമായ ആഗ്രഹം മോശെയുടെ ജീവിതഗതിയെ രൂപപ്പെടുത്തുകയും തന്റെ സ്വർഗീയ പിതാവിനോടു പൂർവാധികം അടുക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്തു. (സംഖ്യാപുസ്തകം 12:6-8; എബ്രായർ 11:27) പരിതാപകരമെന്നു പറയട്ടെ, മോശെയുടെ സമകാലികരിൽ ചിലർക്ക് ആ ആഗ്രഹം ഇല്ലായിരുന്നു. മോശെ ഫറവോനോട് യഹോവ എന്ന നാമം പറഞ്ഞപ്പോൾ ‘യഹോവ ആർ’ എന്ന് ഗർവിഷ്ഠനായ ആ ഈജിപ്ഷ്യൻ ഏകാധിപതി തിരിച്ചു ചോദിച്ചു. (പുറപ്പാടു 5:2) യഹോവയെ കുറിച്ചു കൂടുതൽ അറിയാൻ ഫറവോൻ ആഗ്രഹിച്ചില്ല. പകരം, അവൻ ഇസ്രായേലിന്റെ ദൈവത്തെ അപ്രധാനിയോ അപ്രസക്തനോ എന്ന നിലയിൽ പുച്ഛിച്ചുതള്ളുകയായിരുന്നു. അത്തരം വീക്ഷണം ഇന്നു സർവസാധാരണമാണ്. അത് ഏറ്റവും വലിയ സത്യത്തെ—യഹോവ പരമാധികാരിയാം കർത്താവാണ് എന്ന വസ്തുതയെ—ആളുകളിൽനിന്നു മറയ്ക്കുന്നു.
പരമാധികാരിയാം കർത്താവായ യഹോവ
13, 14. (എ) ബൈബിളിൽ യഹോവയ്ക്ക് അനേകം സ്ഥാനപ്പേരുകൾ കൊടുത്തിരിക്കുന്നത് എന്തുകൊണ്ട്, അവയിൽ ചിലത് ഏവ? (14-ാം പേജിലെ ചതുരം കാണുക.) (ബി) ‘പരമാധികാരിയാം കർത്താവ്’ എന്നു വിളിക്കപ്പെടാൻ യഹോവ തികച്ചും യോഗ്യനായിരിക്കുന്നത് എന്തുകൊണ്ട്?
13 യഹോവ വ്യത്യസ്തങ്ങളായ നിരവധി ധർമങ്ങൾ നിർവഹിക്കുന്നതിനാൽ ഉചിതമായിത്തന്നെ തിരുവെഴുത്തുകളിൽ അവന് അനേകം സ്ഥാനപ്പേരുകൾ ഉണ്ട്. ഈ സ്ഥാനപ്പേരുകൾ അവന്റെ വ്യക്തിപരമായ നാമത്തിനു പകരമാകുന്നില്ല, മറിച്ച് അവ അവന്റെ നാമം പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു നമ്മെ കൂടുതൽ പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, അവൻ “പരമാധികാരിയാം കർത്താവായ യഹോവ” എന്നു വിളിക്കപ്പെടുന്നു. (2 ശമൂവേൽ 7:22, NW) ബൈബിളിൽ നൂറുകണക്കിനു പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന ഉന്നതമായ ആ സ്ഥാനപ്പേര് യഹോവയുടെ സ്ഥാനത്തെ കുറിച്ചു നമ്മോടു പറയുന്നു. മുഴു അഖിലാണ്ഡത്തിന്റെയും ഭരണാധികാരി ആയിരിക്കാനുള്ള അവകാശം അവനു മാത്രമേയുള്ളൂ. എന്തുകൊണ്ടെന്നു പരിചിന്തിക്കുക.
14 സ്രഷ്ടാവെന്ന നിലയിൽ യഹോവ അതുല്യനാണ്. വെളിപ്പാടു 4:11 പറയുന്നു: “കർത്താവേ, [“യഹോവേ,” NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.” മഹനീയമായ ഈ വാക്കുകൾ മറ്റൊരു വ്യക്തിക്കും യോജിക്കുകയില്ല. അഖിലാണ്ഡത്തിലെ സകലവും അവയുടെ അസ്തിത്വത്തിനു യഹോവയോടു കടപ്പെട്ടിരിക്കുന്നു! നിസ്സംശയമായും, പരമാധികാരിയാം കർത്താവും സകലത്തിന്റെയും സ്രഷ്ടാവും എന്ന നിലയിൽ ബഹുമാനവും ശക്തിയും മഹത്ത്വവും കൈക്കൊള്ളാൻ യഹോവ യോഗ്യനാണ്.
15. യഹോവ ‘നിത്യരാജാവ്’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
15 യഹോവയ്ക്കു മാത്രം യോജിക്കുന്ന മറ്റൊരു സ്ഥാനപ്പേരാണ് ‘നിത്യരാജാവ്’ എന്നത്. (1 തിമൊഥെയൊസ് 1:15; വെളിപ്പാടു 15:3, NW) അതിന്റെ അർഥമെന്താണ്? നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതു ഗ്രഹിക്കുക പ്രയാസമാണ്, എന്നാൽ അവൻ നിത്യനാണ്—ആദിയും അന്തവും ഇല്ലാത്തവനാണ്. “നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” എന്ന് സങ്കീർത്തനം 90:2 പറയുന്നു. അതേ, യഹോവയ്ക്ക് ആരംഭം ഇല്ലായിരുന്നു; അവൻ എല്ലായ്പോഴും ഉണ്ടായിരുന്നു. അവൻ ഉചിതമായി “നാളുകളിൽ പുരാതനൻ” എന്നു വിളിക്കപ്പെടുന്നു—അഖിലാണ്ഡത്തിൽ മറ്റാരെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും അസ്തിത്വത്തിലേക്കു വരുന്നതിനു മുമ്പ് അവൻ നിത്യതയിൽ സ്ഥിതിചെയ്തിരുന്നു! (ദാനീയേൽ 7:13, 22, NW) പരമാധികാരിയാം കർത്താവ് എന്ന നിലയിലുള്ള അവന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കാണു കഴിയുക?
16, 17. (എ) നമുക്ക് യഹോവയെ കാണാൻ സാധിക്കാത്തത് എന്തുകൊണ്ട്, അതിൽ നാം ആശ്ചര്യപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവ നമുക്ക് കാണാനോ സ്പർശിക്കാനോ കഴിയുന്ന എന്തിനെക്കാളും യഥാർഥമായിരിക്കുന്നത് ഏതു വിധത്തിൽ?
16 എന്നാലും, ഫറവോനെപ്പോലെ ചിലർ ആ അധികാരത്തെ ചോദ്യംചെയ്യുന്നു. ഭാഗികമായി ഈ പ്രശ്നത്തിനു കാരണം, അപൂർണ മനുഷ്യർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണാൻ കഴിയുന്നതിൽ കണക്കിലേറെ വിശ്വാസമർപ്പിക്കുന്നു എന്നതാണ്. നമുക്ക് പരമാധികാരിയാം കർത്താവിനെ കാണാൻ സാധിക്കില്ല. അവൻ മാനുഷ നേത്രങ്ങൾക്ക് അദൃശ്യനായ ഒരു ആത്മവ്യക്തിയാണ്. (യോഹന്നാൻ 4:24) മാത്രമല്ല, ജഡരക്തത്തോടു കൂടിയ ഒരു മനുഷ്യന് അക്ഷരാർഥത്തിൽ യഹോവയാം ദൈവത്തിന്റെ സന്നിധിയിൽ നിൽക്കാൻ സാധിക്കില്ല. യഹോവതന്നെ മോശെയോട് ഇങ്ങനെ പറഞ്ഞു: “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.”—പുറപ്പാടു 33:20; യോഹന്നാൻ 1:18.
17 അതിൽ നാം ആശ്ചര്യപ്പെടേണ്ടതില്ല. തെളിവനുസരിച്ച് മോശെ യഹോവയുടെ തേജസ്സിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടത്, അതും ഒരു ദൂതപ്രതിനിധി മുഖേന. ഫലം എന്തായിരുന്നു? പിന്നീടു കുറെ സമയത്തേക്കു മോശെയുടെ മുഖം “പ്രകാശിച്ചു.” അവന്റെ മുഖത്തു നോക്കാൻ പോലും ഇസ്രായേല്യർ ഭയപ്പെട്ടു. (പുറപ്പാടു 33:21-23; 34:5-7, 29, 30) അപ്പോൾ, തീർച്ചയായും നിസ്സാര മനുഷ്യന് പരമാധികാരിയാം കർത്താവിനെ അവന്റെ മുഴു തേജസ്സിലും നോക്കിനിൽക്കാൻ കഴിയില്ല! യഹോവയെ കാണാനും സ്പർശിക്കാനും കഴിയാത്തതുകൊണ്ട് അവൻ ഒരു യഥാർഥ വ്യക്തി അല്ലെന്നാണോ അതിന്റെ അർഥം? തീർച്ചയായും അങ്ങനെയല്ല, നമുക്കു കാണാൻ കഴിയാത്ത പലതിന്റെയും അസ്തിത്വത്തെ നാം അനായാസം അംഗീകരിക്കുന്നു—കാറ്റ്, റേഡിയോ തരംഗങ്ങൾ, ചിന്തകൾ എന്നിവ ഉദാഹരണങ്ങളാണ്. മാത്രവുമല്ല, യഹോവ നിത്യനാണ്, എത്ര യുഗങ്ങൾ പിന്നിട്ടാലും അവനു മാറ്റമുണ്ടാകുന്നില്ല! ആ അർഥത്തിൽ, അവൻ നമുക്കു സ്പർശിക്കാനോ കാണാനോ കഴിയുന്ന എന്തിനെക്കാളും വളരെയേറെ യഥാർഥമാണ്. കാരണം, ഭൗതിക മണ്ഡലം പഴക്കത്തിനും ദ്രവത്വത്തിനും വിധേയമാണ്. (മത്തായി 6:19) എന്നിരുന്നാലും, നാം അവനെ കേവലം അമൂർത്തമായ, വ്യക്തിത്വരഹിത ശക്തിയായോ അവ്യക്തമായ ഒരു ആദികാരണമായോ മാത്രം കരുതണമോ? നമുക്കു നോക്കാം.
വ്യക്തിത്വമുള്ള ഒരു ദൈവം
18. യെഹെസ്കേലിന് ഏതു ദർശനം ലഭിച്ചു, യഹോവയുടെ സമീപത്തുള്ള “ജീവികളുടെ” നാലു മുഖങ്ങൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?
18 നമുക്ക് ദൈവത്തെ കാണാൻ സാധിക്കില്ലെങ്കിലും, സ്വർഗീയ ദൃശ്യങ്ങളെ കുറിച്ചുള്ള ചില പുളകപ്രദമായ വിവരണങ്ങൾ ബൈബിളിലുണ്ട്. യെഹെസ്കേൽ ഒന്നാം അധ്യായം ഒരു ഉദാഹരണമാണ്. യെഹെസ്കേലിന് യഹോവയുടെ സ്വർഗീയ സംഘടനയുടെ ഒരു ദർശനം നൽകപ്പെട്ടു. ഒരു ബൃഹത്തായ സ്വർഗീയ രഥമായിട്ടാണ് അവൻ അതിനെ കണ്ടത്. യഹോവയ്ക്കു ചുറ്റും ഉണ്ടായിരുന്ന ശക്തരായ ആത്മജീവികളെ കുറിച്ചുള്ള വർണന വിശേഷാൽ ഗംഭീരമാണ്. (യെഹെസ്കേൽ 1:4-10) ഈ ‘ജീവികൾ’ യഹോവയോട് അടുത്തു സഹവസിക്കുന്നു, അവരുടെ ആകാരം അവർ സേവിക്കുന്ന ദൈവത്തെ സംബന്ധിച്ച ചില പ്രധാന വിവരങ്ങൾ നമ്മെ അറിയിക്കുന്നു. ഓരോന്നിനും നാലു മുഖങ്ങളുണ്ട്—കാളയുടേത്, സിംഹത്തിന്റേത്, കഴുകന്റേത്, മനുഷ്യന്റേത്. ഇവ പ്രത്യക്ഷത്തിൽ യഹോവയുടെ നാലു സുപ്രധാന ഗുണങ്ങളെ പ്രതീകപ്പെടുത്തുന്നു.—വെളിപ്പാടു 4:6-8, 10.
19. (എ) കാളയുടെ മുഖം (ബി) സിംഹത്തിന്റെ മുഖം (സി) കഴുകന്റെ മുഖം (ഡി) മനുഷ്യന്റെ മുഖം എന്നിവ ഏതു ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു?
19 ബൈബിളിൽ, കാള മിക്കപ്പോഴും ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. അത് ഉചിതവുമാണ്, കാരണം അതു വളരെ ശക്തിയുള്ള ഒരു മൃഗമാണ്. സിംഹം മിക്കപ്പോഴും നീതിയെ ചിത്രീകരിക്കുന്നു, എന്തുകൊണ്ടെന്നാൽ യഥാർഥ നീതി നടപ്പാക്കാൻ ധൈര്യം ആവശ്യമാണ്. ആ ഗുണത്തിന് സിംഹങ്ങൾ പ്രസിദ്ധമാണ്. അപാരമായ കാഴ്ചശക്തിക്കു പേരുകേട്ടവയാണ് കഴുകന്മാർ, കിലോമീറ്ററുകൾ ദൂരത്തിലുള്ള ചെറിയ വസ്തുക്കൾപോലും അവയ്ക്കു കാണാൻ കഴിയും. അതുകൊണ്ട് കഴുകന്റെ മുഖം ദൈവത്തിന്റെ ദീർഘദൃഷ്ടിയോടു കൂടിയ ജ്ഞാനത്തെ നന്നായി ചിത്രീകരിക്കും. മനുഷ്യമുഖമോ? ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ മുഖ്യ ഗുണമായ സ്നേഹം പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തിയിൽ അതുല്യനാണ്. (ഉല്പത്തി 1:26) ശക്തി, നീതി, ജ്ഞാനം, സ്നേഹം—യഹോവയുടെ വ്യക്തിത്വത്തിന്റെ ഈ വശങ്ങൾ തിരുവെഴുത്തിൽ കൂടെക്കൂടെ ഊന്നിപ്പറഞ്ഞിരിക്കുന്നതിനാൽ അവയെ ദൈവത്തിന്റെ പ്രമുഖ ഗുണവിശേഷങ്ങളായി പരാമർശിക്കാവുന്നതാണ്.
20. യഹോവയുടെ വ്യക്തിത്വത്തിനു മാറ്റം വന്നിരിക്കാമെന്നു നാം ചിന്തിക്കേണ്ടതുണ്ടോ, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്?
20 ദൈവത്തെ കുറിച്ചുള്ള വർണന ബൈബിളിൽ രേഖപ്പെടുത്തിയിട്ട് ആയിരക്കണക്കിനു വർഷങ്ങൾ പിന്നിട്ടിരിക്കെ, അവനു മാറ്റമുണ്ടായിക്കാണും എന്നു നാം ആകുലപ്പെടണമോ? വേണ്ട, ദൈവത്തിന്റെ വ്യക്തിത്വം മാറുന്നില്ല. അവൻ നമ്മോടു പറയുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) തോന്നുന്നതുപോലെ മനസ്സുമാറ്റുന്നവനല്ല യഹോവ. പകരം, താൻ ഒരു ഉത്തമ പിതാവാണെന്നു തെളിയിക്കുന്ന വിധത്തിലാണ് അവൻ ഓരോ സാഹചര്യത്തോടും പ്രതികരിക്കുന്നത്. ഓരോ സാഹചര്യത്തിലും, തന്റെ ഗുണവിശേഷങ്ങളിൽ ഏറ്റവും ഉചിതമായത് അവൻ പ്രകടിപ്പിക്കുന്നു. നാലു ഗുണങ്ങളിൽ മുന്തിനിൽക്കുന്നതു സ്നേഹമാണ്. ദൈവം ചെയ്യുന്ന സകലത്തിലും അതു പ്രകടമാകുന്നു. തന്റെ ശക്തിയും നീതിയും ജ്ഞാനവും സ്നേഹനിർഭരമായ ഒരു വിധത്തിലാണ് അവൻ പ്രയോഗിക്കുന്നത്. ദൈവത്തെയും ഈ ഗുണത്തെയും അസാധാരണമായ ഒരു വിധത്തിൽ ബൈബിൾ ബന്ധിപ്പിക്കുന്നു. “ദൈവം സ്നേഹം തന്നേ” എന്ന് അത് നമ്മോടു പറയുന്നു. (1 യോഹന്നാൻ 4:8) ദൈവത്തിനു സ്നേഹം ഉണ്ട് എന്നോ ദൈവം സ്നേഹവാനാണ് എന്നോ അല്ല അതു പറയുന്നത് എന്നതു ശ്രദ്ധിക്കുക. പകരം, ദൈവം സ്നേഹം തന്നേ എന്ന് അതു പറയുന്നു. അവന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനംതന്നെ സ്നേഹമാണ്, അവൻ ചെയ്യുന്ന സകലത്തിനും അത് ഒരു പ്രചോദക ഘടകമായി വർത്തിക്കുന്നു.
“ഇതാ, നമ്മുടെ ദൈവം”
21. യഹോവയുടെ ഗുണങ്ങളെ മെച്ചമായി അറിയാൻ ഇടയാകുമ്പോൾ നമുക്ക് എന്തു തോന്നൽ ഉണ്ടാകും?
21 ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെ കൂട്ടുകാർക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് നിഷ്കളങ്കമായ സന്തോഷത്തോടും അഭിമാനത്തോടും കൂടെ “ഇതാണ് എന്റെ പപ്പ” എന്നു പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? യഹോവയുടെ ആരാധകർക്ക് അവനെ സംബന്ധിച്ച് സമാനമായി വിചാരിക്കാൻ സകല കാരണവുമുണ്ട്. വിശ്വസ്തരായ ആളുകൾ “ഇതാ, നമ്മുടെ ദൈവം” എന്ന് ഉദ്ഘോഷിക്കുന്ന ഒരു കാലത്തെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറയുന്നു. (യെശയ്യാവു 25:8, 9) യഹോവയുടെ ഗുണങ്ങൾ സംബന്ധിച്ച് നിങ്ങൾ എത്രയധികം ഉൾക്കാഴ്ച നേടുന്നുവോ, സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും നല്ല പിതാവാണ് നിങ്ങളുടേത് എന്ന് അത്രയധികമായി നിങ്ങൾക്കു തോന്നും.
22, 23. ബൈബിൾ നമ്മുടെ സ്വർഗീയ പിതാവിനെ എങ്ങനെ ചിത്രീകരിക്കുന്നു, നാം അവനോട് അടുത്തു ചെല്ലാൻ അവൻ ആഗ്രഹിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
22 ചില സന്ന്യാസിമാരും തത്ത്വചിന്തകരും പഠിപ്പിക്കുന്നതു പോലെ ഈ പിതാവ് നിർവികാരനോ നമ്മിൽനിന്ന് അകന്നു നിൽക്കുന്നവനോ അല്ല. നിർവികാരനായ ഒരു ദൈവത്തോട് നമുക്ക് ഒരിക്കലും അടുപ്പം തോന്നുകയില്ല. ബൈബിൾ നമ്മുടെ സ്വർഗീയ പിതാവിനെ ആ വിധത്തിൽ വരച്ചുകാട്ടുന്നില്ല. മറിച്ച്, അത് അവനെ “സന്തുഷ്ടനായ ദൈവം” എന്നു വിളിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW) അവന് തീവ്ര വികാരങ്ങളും മൃദുല വികാരങ്ങളുമുണ്ട്. ബുദ്ധിശക്തിയുള്ള സൃഷ്ടികളുടെ ക്ഷേമത്തിനായി താൻ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ അവർ ലംഘിക്കുന്നതു കാണുമ്പോൾ അവന്റെ ‘ഹൃദയം ദുഃഖിക്കുന്നു.’ (ഉല്പത്തി 6:6; സങ്കീർത്തനം 78:41) എന്നാൽ നാം അവന്റെ വചനപ്രകാരം ജ്ഞാനപൂർവം വർത്തിക്കുമ്പോൾ അത് അവന്റെ ‘ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.’—സദൃശവാക്യങ്ങൾ 27:11.
23 നമ്മുടെ പിതാവ് നാം അവനോട് അടുത്തു ചെല്ലാൻ ആഗ്രഹിക്കുന്നു. ‘ദൈവം നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലെങ്കിലും അവനെ തപ്പിനോക്കി കണ്ടെത്താൻ’ അവന്റെ വചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 17:27) എന്നാൽ, വെറും മനുഷ്യർക്ക് അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവിനോട് അടുത്തു ചെല്ലാൻ എങ്ങനെ സാധിക്കും?