അധ്യായം 19
“ഒരു പാവനരഹസ്യത്തിലെ ദൈവജ്ഞാനം”
1, 2. ഏതു “പാവനരഹസ്യ”ത്തിൽ നമുക്കു താത്പര്യം ഉണ്ടായിരിക്കണം, എന്തുകൊണ്ട്?
രഹസ്യങ്ങൾ! അവ നമ്മിൽ കൗതുകമുണർത്തുകയും നമ്മെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അവയെ രഹസ്യമായി സൂക്ഷിക്കുക മനുഷ്യർക്കു മിക്കപ്പോഴും പ്രയാസമാണ്. എന്നിരുന്നാലും, “കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:2) അതേ, പരമാധീശ ഭരണാധികാരിയും സ്രഷ്ടാവുമായ യഹോവ ചില കാര്യങ്ങൾ, അവ വെളിപ്പെടുത്താനുള്ള തക്കസമയംവരെ, മനുഷ്യവർഗത്തിനു രഹസ്യമാക്കി വെക്കുന്നു. അത് ഉചിതമാണ്.
2 എന്നിരുന്നാലും, യഹോവ തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന, ആകർഷകവും അമ്പരിപ്പിക്കുന്നതുമായ ഒരു രഹസ്യമുണ്ട്. അത് “[ദൈവത്തിന്റെ] ഹിതത്തിന്റെ പാവനരഹസ്യം” എന്നു വിളിക്കപ്പെടുന്നു. (എഫെസ്യർ 1:9, NW) അതിനെ കുറിച്ചുള്ള പഠനം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുക മാത്രമല്ല, നമ്മെ രക്ഷയിലേക്കു നയിക്കുകയും ചെയ്യുന്നു. കൂടാതെ, യഹോവയുടെ അളവറ്റ ജ്ഞാനത്തിലേക്ക് ഒന്നെത്തിനോക്കാനുള്ള അവസരവും അതു പ്രദാനം ചെയ്യുന്നു.
ക്രമാനുഗതമായി വെളിപ്പെടുത്തുന്നു
3, 4. ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം പ്രത്യാശ നൽകുന്നത് എങ്ങനെ, ഏതു മർമം അഥവാ “പാവനരഹസ്യം” അതിൽ ഉൾപ്പെട്ടിരിക്കുന്നു?
3 ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ, പൂർണതയുള്ള മനുഷ്യർ പാർക്കുന്ന ഒരു ഭൗമിക പറുദീസ സ്ഥാപിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം പാളിപ്പോയതായി കാണപ്പെട്ടിരിക്കാം. എന്നാൽ യഹോവ സത്വരം പ്രശ്നം കൈകാര്യം ചെയ്തു. അവൻ പറഞ്ഞു: “ഞാൻ നിനക്കും [സർപ്പത്തിനും] സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.”—ഉല്പത്തി 3:15.
4 ഇവ അമ്പരപ്പിക്കുന്ന, നിഗൂഢ വചനങ്ങളായിരുന്നു. ഈ സ്ത്രീ ആരായിരുന്നു? സർപ്പം ആരായിരുന്നു? സർപ്പത്തിന്റെ തല ചതയ്ക്കുന്ന “സന്തതി” ആരായിരുന്നു? ആദാമിനും ഹവ്വായ്ക്കും ഒരു ഊഹം നടത്താനേ കഴിയുമായിരുന്നുള്ളൂ. എന്നിരുന്നാലും, ആ അവിശ്വസ്ത ജോടിയുടെ ഓരോ വിശ്വസ്ത സന്തതിക്കും ദൈവത്തിന്റെ ആ വചനങ്ങൾ പ്രത്യാശ നൽകി. നീതി വിജയിക്കുകയും യഹോവയുടെ ഉദ്ദേശ്യം സഫലമാകുകയും ചെയ്യുമായിരുന്നു. എന്നാൽ എങ്ങനെ? അത് ഒരു മർമമായിരുന്നു! ബൈബിൾ അതിനെ “ഒരു പാവനരഹസ്യത്തിലെ ദൈവജ്ഞാനം, മറഞ്ഞിരിക്കുന്ന ജ്ഞാനം” എന്നു വിളിക്കുന്നു.—1 കൊരിന്ത്യർ 2:7, NW.
5. യഹോവ തന്റെ രഹസ്യം പടിപടിയായി വെളിപ്പെടുത്തിയതിന്റെ കാരണം ദൃഷ്ടാന്തം സഹിതം വിശദമാക്കുക.
5 “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന”വൻ എന്ന നിലയിൽ യഹോവ ഒടുവിൽ ഈ രഹസ്യത്തിന്റെ നിവൃത്തി സംബന്ധിച്ച പ്രസക്ത വിശദാംശങ്ങൾ വെളിപ്പെടുത്തുമായിരുന്നു. (ദാനീയേൽ 2:28) എന്നാൽ ക്രമേണ, പടിപടിയായിട്ടായിരിക്കും അവൻ അതു ചെയ്യുക. ദൃഷ്ടാന്തത്തിന്, ഒരു കൊച്ചുകുട്ടി തന്റെ പിതാവിനോട് “പപ്പാ, ഞാൻ എങ്ങനെയാണ് ഉണ്ടായത്?” എന്നു ചോദിക്കുന്നുവെന്നു കരുതുക. സ്നേഹമുള്ള ഒരു പിതാവ് ഏതു വിധത്തിലായിരിക്കും മറുപടി നൽകുക? ആ കുട്ടിക്ക് ഗ്രഹിക്കാവുന്നിടത്തോളം വിവരങ്ങളേ ജ്ഞാനിയായ ഒരു പിതാവു നൽകുകയുള്ളൂ. അവനു പ്രായമേറി വരുമ്പോൾ പിതാവ് അവനോടു കൂടുതൽ കാര്യങ്ങൾ പറയും. സമാനമായ വിധത്തിൽ, തന്റെ ഹിതത്തെയും ഉദ്ദേശ്യത്തെയും സംബന്ധിച്ച വെളിപ്പെടുത്തലുകൾ സ്വീകരിക്കാൻ തന്റെ ജനം എപ്പോൾ സജ്ജരാകും എന്ന് യഹോവയ്ക്ക് അറിയാം.—സദൃശവാക്യങ്ങൾ 4:18; ദാനീയേൽ 12:4.
6. (എ) ഒരു ഉടമ്പടി അല്ലെങ്കിൽ കരാർ ഏത് ഉദ്ദേശ്യത്തിന് ഉതകുന്നു? (ബി) യഹോവ മനുഷ്യരുമായി ഉടമ്പടികളിൽ ഏർപ്പെടുന്നതു ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
6 യഹോവ അത്തരം വെളിപ്പെടുത്തലുകൾ നടത്തിയത് എങ്ങനെയാണ്? വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് അവൻ ഉടമ്പടികളുടെ അഥവാ കരാറുകളുടെ ഒരു പരമ്പരതന്നെ ഉപയോഗിച്ചു. നിങ്ങൾ എപ്പോഴെങ്കിലും ഒരു കരാറിൽ ഒപ്പിട്ടിരിക്കാൻ സാധ്യതയുണ്ട്—ഒരുപക്ഷേ ഒരു വീടു വാങ്ങുന്നതിനോടോ പണം കടം വാങ്ങുന്നതിനോടോ കടം കൊടുക്കുന്നതിനോടോ ഉള്ള ബന്ധത്തിൽ. അത്തരമൊരു കരാർ, സമ്മതിച്ച വ്യവസ്ഥകൾ പാലിക്കപ്പെടും എന്നതിന് നിയമപരമായ ഒരു ഉറപ്പു നൽകുന്നു. എന്നാൽ യഹോവയ്ക്ക് മനുഷ്യരുമായി ഔപചാരിക ഉടമ്പടികൾ അഥവാ കരാറുകൾ ചെയ്യേണ്ടതിന്റെ ആവശ്യമെന്ത്? തീർച്ചയായും, അവന്റെ വചനം അവന്റെ വാഗ്ദാനങ്ങളുടെ മതിയായ ഉറപ്പാണ്. എന്നിരുന്നാലും, പല സന്ദർഭങ്ങളിലും ദൈവം ദയാപൂർവം നിയമപരമായ കരാറുകൾകൊണ്ട് തന്റെ വചനത്തിനു പിൻബലം കൊടുത്തിരിക്കുന്നു. ഉരുക്കുപോലെ ഉറപ്പേറിയ ഈ ഉടമ്പടികൾ യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നതിന് അപൂർണ മനുഷ്യരായ നമുക്കു കുറേക്കൂടെ ഈടുറ്റ അടിസ്ഥാനം നൽകുന്നു.—എബ്രായർ 6:16-18.
അബ്രാഹാമുമായുള്ള ഉടമ്പടി
7, 8. (എ) യഹോവ അബ്രാഹാമുമായി ഏത് ഉടമ്പടി ചെയ്തു, അത് പാവനരഹസ്യത്തിന്മേൽ എന്തു വെളിച്ചം വീശി? (ബി) വാഗ്ദത്ത സന്തതിയിലേക്കുള്ള വംശാവലി യഹോവ പടിപടിയായി ഒരുക്കിയത് എങ്ങനെ?
7 പറുദീസയിൽനിന്ന് മനുഷ്യൻ പുറത്താക്കപ്പെട്ട് രണ്ടായിരത്തിൽപ്പരം വർഷത്തിനു ശേഷം യഹോവ തന്റെ വിശ്വസ്ത ദാസനായ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: ‘ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അത്യന്തം വർദ്ധിപ്പിക്കും; നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.’ (ഉല്പത്തി 22:17, 18) ഇത് ഒരു വാഗ്ദാനത്തിലും കവിഞ്ഞതായിരുന്നു; യഹോവ നിയമപരമായ ഒരു ഉടമ്പടിയെന്ന നിലയിൽ അതിനെ രൂപപ്പെടുത്തുകയും തന്റെ അലംഘനീയമായ ആണയാൽ അതിനു പിൻബലം കൊടുക്കുകയും ചെയ്തു. (ഉല്പത്തി 17:1, 2; എബ്രായർ 6:13-15) പരമാധികാരിയാം കർത്താവ് മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ ഒരു കരാർ ചെയ്തു എന്നത് എത്ര ശ്രദ്ധേയമാണ്!
‘ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അത്യന്തം വർദ്ധിപ്പിക്കും’
8 വാഗ്ദത്ത സന്തതി ഒരു മനുഷ്യനായി വരുമെന്ന് അബ്രാഹാമ്യ ഉടമ്പടി വെളിപ്പെടുത്തി, കാരണം അവൻ അബ്രാഹാമിന്റെ ഒരു സന്തതി ആയിരിക്കുമായിരുന്നു. എന്നാൽ അവൻ ആരായിരിക്കും? അബ്രാഹാമിന്റെ പുത്രനായ യിസ്ഹാക് സന്തതിയുടെ ഒരു പൂർവപിതാവായിരിക്കുമെന്നു യഹോവ കാലക്രമത്തിൽ വെളിപ്പെടുത്തി. യിസ്ഹാക്കിന്റെ രണ്ടു പുത്രന്മാരിൽ യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടു. (ഉല്പത്തി 21:12; 28:13, 14) പിന്നീട്, യാക്കോബ് തന്റെ 12 പുത്രന്മാരിൽ ഒരുവനെ സംബന്ധിച്ച് ഈ പ്രാവചനിക വാക്കുകൾ ഉച്ചരിച്ചു: “അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.” (ഉല്പത്തി 49:10) അങ്ങനെ, സന്തതി യെഹൂദയിൽനിന്ന് ഉത്ഭവിക്കുന്ന ഒരു രാജാവ് ആയിരിക്കുമെന്ന് വെളിപ്പെടുത്തപ്പെട്ടു!
ഇസ്രായേലുമായുള്ള ഉടമ്പടി
9, 10. (എ) യഹോവ ഇസ്രായേൽ ജനതയുമായി ഏത് ഉടമ്പടി ചെയ്തു, ആ ഉടമ്പടി ഏതു സംരക്ഷണം നൽകി? (ബി) മനുഷ്യവർഗത്തിന് ഒരു മറുവില ആവശ്യമാണെന്ന് ന്യായപ്രമാണം പ്രകടമാക്കിയത് എങ്ങനെ?
9 പൊ.യു.മു. 1513-ൽ യഹോവ പാവനരഹസ്യത്തെ സംബന്ധിച്ച കൂടുതലായ വെളിപ്പെടുത്തലുകൾക്കു വഴിയൊരുക്കിയ ഒരു ക്രമീകരണം ചെയ്തു. അബ്രാഹാമിന്റെ സന്തതികളായ, ഇസ്രായേൽ ജനതയുമായി അവൻ ഒരു ഉടമ്പടി ചെയ്തു. ഈ മോശൈക ഉടമ്പടി ഇപ്പോൾ പ്രാബല്യത്തിലില്ലെങ്കിലും അത് വാഗ്ദത്ത സന്തതിയെ ഉളവാക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു. എങ്ങനെ? മൂന്നു വിധങ്ങൾ പരിചിന്തിക്കുക. ഒന്നാമതായി, ന്യായപ്രമാണം ഒരു സംരക്ഷക ചുവർപോലെയായിരുന്നു. (എഫെസ്യർ 2:14) അതിലെ നീതിനിഷ്ഠമായ നിയമങ്ങൾ യഹൂദന്മാർക്കും വിജാതീയർക്കും ഇടയ്ക്ക് ഒരു മതിൽക്കെട്ടു പോലെ വർത്തിച്ചു. അങ്ങനെ ന്യായപ്രമാണം വാഗ്ദത്ത സന്തതിയുടെ വംശാവലിയെ സംരക്ഷിക്കാൻ സഹായകമായി. ഏറെയും അത്തരം സംരക്ഷണത്തിന്റെ ഫലമായി, യഹൂദാഗോത്രത്തിൽ മിശിഹാ ജനിക്കുന്നതിനുള്ള ദൈവത്തിന്റെ തക്കസമയം വന്നെത്തുന്നതുവരെ ആ ജനത സ്ഥിതിചെയ്തു.
10 രണ്ടാമതായി, മനുഷ്യവർഗത്തിന് ഒരു മറുവില ആവശ്യമാണെന്നു ന്യായപ്രമാണം വളരെ വ്യക്തമായി പ്രകടമാക്കി. തികവുറ്റ ആ ന്യായപ്രമാണം, അതിനോടു പൂർണമായി പറ്റിനിൽക്കാൻ പാപികളായ മനുഷ്യവർഗം അപ്രാപ്തരാണെന്നു വ്യക്തമാക്കി. അങ്ങനെ അത് “വാഗ്ദത്തം ലഭിച്ച സന്തതി വന്നെത്തുന്നതുവരെ, ലംഘനങ്ങൾ പ്രകടമാകേണ്ടതിനു” പ്രയോജനപ്പെട്ടു. (ഗലാത്യർ 3:19, NW) ന്യായപ്രമാണം മൃഗബലികൾ മുഖേന പാപങ്ങൾക്കു താത്കാലിക പരിഹാരം നൽകി. എന്നാൽ പൗലൊസ് എഴുതിയതുപോലെ, “കാളകളുടെയും ആട്ടുകൊററന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല” എന്നതിനാൽ ആ യാഗങ്ങൾ ക്രിസ്തുവിന്റെ മറുവിലയാഗത്തെ മുൻനിഴലാക്കുക മാത്രമേ ചെയ്തുള്ളൂ. (എബ്രായർ 10:1-4) അങ്ങനെ വിശ്വസ്തരായ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ആ ഉടമ്പടി ‘ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ ആയിത്തീർന്നു.—ഗലാത്യർ 3:24.
11. ന്യായപ്രമാണ ഉടമ്പടി ഇസ്രായേലിന് ഏതു മഹത്തായ പ്രത്യാശ നൽകി, എന്നാൽ ഒരു ജനതയെന്ന നിലയിൽ അവർ അതു നഷ്ടമാക്കിയത് എങ്ങനെ?
11 മൂന്നാമതായി, ആ ഉടമ്പടി ഇസ്രായേൽ ജനതയ്ക്ക് മഹത്തായ ഒരു പ്രത്യാശ നൽകി. ഉടമ്പടിയോടു വിശ്വസ്തരായിരുന്നാൽ അവർ “ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും” ആയിത്തീരുമെന്നു യഹോവ അവരോടു പറഞ്ഞു. (പുറപ്പാടു 19:5, 6) കാലാന്തരത്തിൽ ജഡിക ഇസ്രായേല്യരിൽനിന്ന് സ്വർഗീയ പുരോഹിത രാജത്വത്തിലെ ആദ്യ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേൽ ഒരു ജനതയെന്ന നിലയിൽ ന്യായപ്രമാണ ഉടമ്പടിയോടു മത്സരിക്കുകയും മിശിഹൈക സന്തതിയെ തള്ളിക്കളയുകയും ആ പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോൾ പുരോഹിത രാജത്വത്തിലെ അംഗസംഖ്യ തികയ്ക്കുന്നത് ആരായിരിക്കും? ആ അനുഗൃഹീത ജനത വാഗ്ദത്ത സന്തതിയോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? പാവനരഹസ്യത്തിന്റെ ആ വശങ്ങൾ ദൈവത്തിന്റെ തക്കസമയത്തു വെളിപ്പെടുമായിരുന്നു.
ദാവീദിക രാജ്യ ഉടമ്പടി
12. യഹോവ ദാവീദുമായി എന്ത് ഉടമ്പടി ചെയ്തു, അത് ദൈവത്തിന്റെ പാവനരഹസ്യത്തിലേക്ക് എന്ത് വെളിച്ചം വീശി?
12 പൊ.യു.മു. 11-ാം നൂറ്റാണ്ടിൽ യഹോവ മറ്റൊരു ഉടമ്പടി ചെയ്തപ്പോൾ, അവൻ പാവനരഹസ്യത്തിന്മേൽ കൂടുതലായ വെളിച്ചം വീശി. വിശ്വസ്തനായ ദാവീദ് രാജാവിനോട് അവൻ ഇങ്ങനെ വാഗ്ദാനം ചെയ്തു: “നിന്റെ . . . സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു . . . നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. . . . ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2 ശമൂവേൽ 7:12, 13; സങ്കീർത്തനം 89:3) അങ്ങനെ, വാഗ്ദത്ത സന്തതിയുടെ വംശാവലി ദാവീദിന്റെ ഗൃഹത്തിലായി ഒതുങ്ങി. എന്നാൽ ഒരു സാധാരണ മനുഷ്യന് “എന്നേക്കും” ഭരിക്കാൻ കഴിയുമോ? (സങ്കീർത്തനം 89:20, 29, 34-36) അങ്ങനെയുള്ള ഒരു മാനുഷ രാജാവിന് മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ കഴിയുമോ?
13, 14. (എ) സങ്കീർത്തനം 110 അനുസരിച്ച് യഹോവ തന്റെ അഭിഷിക്ത രാജാവിനോട് എന്തു വാഗ്ദാനം ചെയ്യുന്നു? (ബി) വരാനിരിക്കുന്ന സന്തതിയെ കുറിച്ചു കൂടുതലായ ഏതു വെളിപ്പെടുത്തലുകൾ യഹോവയുടെ പ്രവാചകന്മാരിലൂടെ നൽകപ്പെട്ടു?
13 നിശ്വസ്തതയിൽ ദാവീദ് എഴുതി: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീർത്തനം 110:1, 4) ദാവീദിന്റെ വാക്കുകൾ വാഗ്ദത്ത സന്തതിയുടെ അഥവാ മിശിഹായുടെ കാര്യത്തിൽ നിവൃത്തിയേറി. (പ്രവൃത്തികൾ 2:34ബി-36) ഈ രാജാവു യെരൂശലേമിൽനിന്നല്ല, പിന്നെയോ സ്വർഗത്തിൽ യഹോവയുടെ “വലത്തുഭാഗത്തു” നിന്നു ഭരിക്കും. അത് അവന് ഇസ്രായേൽ ദേശത്തു മാത്രമല്ല, മുഴുഭൂമിമേലും അധികാരം കൊടുക്കും. (സങ്കീർത്തനം 2:6-8) ഇവിടെ കൂടുതലായി ചിലതു വെളിപ്പെട്ടു. മിശിഹാ “മല്ക്കീസേദെക്കിന്റെ വിധത്തിൽ . . . ഒരു പുരോഹിതൻ” ആയിരിക്കുമെന്ന് യഹോവ ആണയിട്ടിരിക്കുന്നതു ശ്രദ്ധിക്കുക. അബ്രാഹാമിന്റെ നാളിൽ ഒരു രാജ-പുരോഹിതൻ ആയി സേവിച്ച മല്ക്കീസേദെക്കിനെപ്പോലെ വരാനിരിക്കുന്ന സന്തതിക്ക് രാജാവും പുരോഹിതനും ആയിരിക്കാനുള്ള നിയമനം ലഭിക്കുന്നത് ദൈവത്തിൽനിന്നു നേരിട്ടായിരിക്കും!—ഉല്പത്തി 14:17-20.
14 വർഷങ്ങളിലുടനീളം തന്റെ പാവനരഹസ്യത്തെ കുറിച്ചു കൂടുതലായ വെളിപ്പെടുത്തലുകൾ നടത്താൻ യഹോവ തന്റെ പ്രവാചകന്മാരെ ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്, സന്തതി ബലിമരണം വരിക്കുമെന്ന് യെശയ്യാവു വെളിപ്പെടുത്തി. (യെശയ്യാവു 53:3-12) മിശിഹായുടെ ജനനസ്ഥലം മീഖാ മുൻകൂട്ടി പറഞ്ഞു. (മീഖാ 5:2) സന്തതിയുടെ പ്രത്യക്ഷതയുടെയും മരണത്തിന്റെയും കൃത്യസമയംപോലും ദാനീയേൽ പ്രവചിച്ചു.—ദാനീയേൽ 9:24-27.
പാവനരഹസ്യം വെളിപ്പെടുന്നു!
15, 16. (എ) യഹോവയുടെ പുത്രൻ ഒരു “സ്ത്രീയിൽ നിന്നു” ജനിച്ചത് എങ്ങനെ? (ബി) യേശു അവന്റെ മാനുഷ മാതാപിതാക്കളിൽനിന്ന് എന്ത് അവകാശപ്പെടുത്തി, അവൻ വാഗ്ദത്ത സന്തതിയായി വന്നെത്തിയത് എപ്പോൾ?
15 സന്തതി യഥാർഥത്തിൽ പ്രത്യക്ഷപ്പെടുന്നതുവരെ ഈ പ്രവചനങ്ങൾ എങ്ങനെ നിവൃത്തിയേറും എന്നത് ഒരു മർമമായി തുടർന്നു. ഗലാത്യർ 4:4 പറയുന്നു: “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി” അയച്ചു. പൊ.യു.മു. 2-ാം ആണ്ടിൽ മറിയ എന്നു പേരുള്ള ഒരു യഹൂദ കന്യകയോട് ഒരു ദൂതൻ പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. . . . പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.”—ലൂക്കൊസ് 1:31, 32, 35.
16 പിന്നീട്, യഹോവ തന്റെ പുത്രന്റെ ജീവനെ സ്വർഗത്തിൽനിന്നു മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി, തന്നിമിത്തം അവൻ ഒരു സ്ത്രീയിൽ നിന്നു ജനിച്ചു. മറിയ ഒരു അപൂർണ സ്ത്രീ ആയിരുന്നു. എന്നിട്ടും യേശു അവളിൽനിന്ന് അപൂർണത അവകാശപ്പെടുത്തിയില്ല, എന്തുകൊണ്ടെന്നാൽ അവൻ “ദൈവപുത്രൻ” ആയിരുന്നു. എന്നാൽ അതോടൊപ്പം, ദാവീദിന്റെ പിൻഗാമികൾ എന്ന നിലയിൽ യേശുവിന്റെ മാനുഷ മാതാപിതാക്കൾ ദാവീദിന്റെ ഒരു പിന്തുടർച്ചക്കാരന്റെ സ്വാഭാവികവും നിയമപരവുമായ അവകാശങ്ങൾ അവനു കൈമാറി. (പ്രവൃത്തികൾ 13:22, 23) പൊ.യു. 29-ൽ യേശുവിന്റെ സ്നാപന സമയത്ത് യഹോവ അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുകയും “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു പറയുകയും ചെയ്തു. (മത്തായി 3:16, 17) അങ്ങനെ സന്തതി പ്രത്യക്ഷനായി! (ഗലാത്യർ 3:16) പാവനരഹസ്യത്തെ കുറിച്ചു കൂടുതൽ വെളിപ്പെടുത്താനുള്ള സമയമായിരുന്നു അത്.—2 തിമൊഥെയൊസ് 1:10.
17. ഉല്പത്തി 3:15-ന്റെ അർഥത്തിന്മേൽ വെളിച്ചം ചൊരിയപ്പെട്ടത് എങ്ങനെ?
17 യേശു തന്റെ ശുശ്രൂഷക്കാലത്ത് ഉല്പത്തി 3:15-ലെ സർപ്പത്തെ സാത്താനായും സർപ്പത്തിന്റെ സന്തതിയെ സാത്താന്റെ അനുഗാമികളായും തിരിച്ചറിയിച്ചു. (മത്തായി 23:33; യോഹന്നാൻ 8:44) പിന്നീട്, ഇവരെല്ലാം എന്നേക്കുമായി എങ്ങനെ തകർക്കപ്പെടും എന്നു വെളിപ്പെടുത്തപ്പെട്ടു. (വെളിപ്പാടു 20:1-3, 10, 15) സ്ത്രീ യഹോവയുടെ ആത്മസൃഷ്ടികൾ അടങ്ങിയ ഭാര്യാസമാന സ്വർഗീയ സംഘടനയായ “മീതെയുള്ള യെരൂശലേ”മാണെന്നു തിരിച്ചറിയിക്കപ്പെട്ടു. a—ഗലാത്യർ 4:26; വെളിപ്പാടു 12:1-6.
പുതിയ ഉടമ്പടി
18. “പുതിയ ഉടമ്പടി”യുടെ ഉദ്ദേശ്യം എന്ത്?
18 ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയമായ വെളിപ്പെടുത്തൽ ഉണ്ടായത് യേശുവിന്റെ മരണത്തിന്റെ തലേ രാത്രിയിൽ ആയിരുന്നു, തന്റെ വിശ്വസ്ത ശിഷ്യന്മാരോട് “പുതിയ ഉടമ്പടി”യെ കുറിച്ച് അവൻ പറഞ്ഞ സമയത്ത്. (ലൂക്കൊസ് 22:20, NW) അതിന്റെ മുൻനിഴലായ ന്യായപ്രമാണ ഉടമ്പടിയെപ്പോലെ ഈ പുതിയ ഉടമ്പടി ‘ഒരു പുരോഹിതരാജത്വം’ ഉളവാക്കണമായിരുന്നു. (പുറപ്പാടു 19:6; 1 പത്രൊസ് 2:9) എന്നിരുന്നാലും, ഈ ഉടമ്പടി ഒരു ജഡിക ജനതയെ അല്ല, പിന്നെയോ ഒരു ആത്മീയ ജനതയെ ‘ദൈവത്തിന്റെ ഇസ്രായേലിനെ’ സ്ഥാപിക്കുമായിരുന്നു. അത് പൂർണമായും ക്രിസ്തുവിന്റെ വിശ്വസ്ത അഭിഷിക്ത അനുഗാമികൾ ചേർന്നു രൂപംകൊള്ളുന്നത് ആയിരിക്കുമായിരുന്നു. (ഗലാത്യർ 6:16) പുതിയ ഉടമ്പടിയിലെ ഈ കക്ഷികൾ മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിൽ യേശുവിനോടു കൂടെ പ്രവർത്തിക്കും!
19. (എ) ‘ഒരു പുരോഹിതരാജത്വം’ ഉളവാക്കുന്നതിൽ പുതിയ ഉടമ്പടി വിജയിക്കുന്നത് എന്തുകൊണ്ട്? (ബി) അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു “പുതിയ സൃഷ്ടി” എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്, എത്രപേർ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ സേവിക്കും?
19 എന്നാൽ മനുഷ്യവർഗത്തെ അനുഗ്രഹിക്കാൻ ‘ഒരു പുരോഹിതരാജത്വം’ ഉളവാക്കുന്നതിൽ പുതിയ ഉടമ്പടി വിജയിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ ശിഷ്യരെ പാപികളായി കുറ്റംവിധിക്കുന്നതിനു പകരം അത് അവന്റെ ബലി മുഖാന്തരം അവരുടെ പാപങ്ങളുടെ മോചനം സാധ്യമാക്കുന്നു. (യിരെമ്യാവു 31:31-34) യഹോവയുടെ മുമ്പാകെ അവർക്കു ശുദ്ധമായ ഒരു നില ലഭിക്കുമ്പോൾ യഹോവ അവരെ തന്റെ സ്വർഗീയ കുടുംബത്തിലേക്കു ദത്തെടുക്കുകയും പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്യുന്നു. (റോമർ 8:15-17; 2 കൊരിന്ത്യർ 1:21) അങ്ങനെ അവർ ‘ജീവനുള്ള പ്രത്യാശക്കായി, സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്ന അവകാശത്തിനായി വീണ്ടും ജനിപ്പി’ക്കപ്പെടുന്നു. (1 പത്രൊസ് 1:3-5) അത്തരം ഒരു ഉയർന്ന പദവി മനുഷ്യരെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയതാകയാൽ ആത്മജനനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ഒരു “പുതിയ സൃഷ്ടി” എന്നു വിളിക്കപ്പെടുന്നു. (2 കൊരിന്ത്യർ 5:17) കാലാന്തരത്തിൽ, വീണ്ടെടുക്കപ്പെടുന്ന മനുഷ്യവർഗത്തെ സ്വർഗത്തിൽനിന്നു ഭരിക്കുന്നതിൽ 1,44,000 പേർ പങ്കുപറ്റുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—വെളിപ്പാടു 5:9, 10; 14:1-4.
20. (എ) പൊ.യു. 36-ൽ പാവനരഹസ്യം സംബന്ധിച്ച് എന്തു വെളിപ്പെടുത്തൽ ഉണ്ടായി? (ബി) അബ്രാഹാമിനോടു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ ആർ ആസ്വദിക്കും?
20 യേശുവിനോടൊപ്പം ഈ അഭിഷിക്തർ “അബ്രാഹാമിന്റെ സന്തതി” ആയിത്തീരുന്നു. b (ഗലാത്യർ 3:29) ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവർ ജഡിക യഹൂദന്മാർ ആയിരുന്നു. പൊ.യു. 36-ൽ പാവനരഹസ്യത്തിന്റെ മറ്റൊരു വശം വെളിപ്പെടുത്തപ്പെട്ടു: വിജാതീയർ അല്ലെങ്കിൽ യഹൂദേതരർകൂടെ സ്വർഗീയ പ്രത്യാശയിൽ പങ്കുപറ്റും. (റോമർ 9:6-8; 11:25, 26; എഫെസ്യർ 3:5, 6) അഭിഷിക്ത ക്രിസ്ത്യാനികൾ മാത്രമേ അബ്രാഹാമിനോടു വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ ആസ്വദിക്കുകയുള്ളോ? അല്ല, കാരണം യേശുവിന്റെ ബലി മുഴു ലോകത്തിനും പ്രയോജനം ചെയ്യുന്നു. (1 യോഹന്നാൻ 2:2) കാലക്രമത്തിൽ, എണ്ണമില്ലാത്ത ഒരു “മഹാപുരുഷാരം” സാത്താന്റെ വ്യവസ്ഥിതിയെ അതിജീവിക്കും എന്നു യഹോവ വെളിപ്പെടുത്തി. (വെളിപ്പാടു 7:9, 14) പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ അനേകർ പുനരുത്ഥാനം പ്രാപിക്കും.—ലൂക്കൊസ് 23:43, NW; യോഹന്നാൻ 5:28, 29; വെളിപ്പാടു 20:11-15; 21:3-5.
ദൈവത്തിന്റെ ജ്ഞാനവും പാവനരഹസ്യവും
21, 22. യഹോവയുടെ പാവനരഹസ്യം അവന്റെ ജ്ഞാനം പ്രകടമാക്കുന്നത് ഏതു വിധങ്ങളിൽ?
21 പാവനരഹസ്യം “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാന”ത്തിന്റെ ഒരു മുന്തിയ പ്രകടനമാണ്. (എഫെസ്യർ 3:8-10) ഈ രഹസ്യം രൂപപ്പെടുത്തുന്നതിലും അതുപോലെ ക്രമേണ അതു വെളിപ്പെടുത്തുന്നതിലും യഹോവ എത്ര വലിയ ജ്ഞാനമാണു പ്രകടമാക്കിയത്! ജ്ഞാനപൂർവം അവൻ മനുഷ്യരുടെ പരിമിതികൾ കണക്കിലെടുത്തു, തങ്ങളുടെ യഥാർഥ ഹൃദയാവസ്ഥ വെളിപ്പെടുത്താൻ അവൻ അവരെ അനുവദിച്ചു.—സങ്കീർത്തനം 103:14.
22 യേശുവിനെ രാജാവായി തിരഞ്ഞെടുത്തതിലും യഹോവ കിടയറ്റ ജ്ഞാനം പ്രകടമാക്കി. യഹോവയുടെ പുത്രൻ അഖിലാണ്ഡത്തിലെ മറ്റ് ഏതൊരു സൃഷ്ടിയെക്കാളും വിശ്വാസയോഗ്യനാണ്. ജഡരക്തങ്ങളോടു കൂടിയ ഒരു മനുഷ്യനായി ജീവിച്ചതിനാൽ യേശുവിന് അനേകം യാതനകൾ അനുഭവിക്കേണ്ടിവന്നു. മനുഷ്യരുടെ പ്രശ്നങ്ങൾ അവനു പൂർണമായി ഗ്രഹിക്കാനാകും. (എബ്രായർ 5:7-9) യേശുവിന്റെ സഹഭരണാധികാരികളെ സംബന്ധിച്ചെന്ത്? നൂറ്റാണ്ടുകളിൽ ഉടനീളം എല്ലാ വർഗങ്ങളിലും ഭാഷകളിലും പശ്ചാത്തലങ്ങളിലും നിന്നുള്ള സ്ത്രീപുരുഷന്മാർ അഭിഷിക്തരുടെ നിരയിലേക്കു വന്നിരിക്കുന്നു. അവർ അനുഭവിക്കുകയും തരണം ചെയ്യുകയും ചെയ്യാത്ത പ്രശ്നങ്ങൾ ഇല്ലെന്നുതന്നെ പറയാം. (എഫെസ്യർ 4:22-24) കരുണാസമ്പന്നരായ ഈ രാജ-പുരോഹിതന്മാരുടെ ഭരണത്തിൻകീഴിൽ ജീവിക്കുന്നത് എത്ര ഉല്ലാസകരമായിരിക്കും!
23. യഹോവയുടെ പാവനരഹസ്യത്തോടുള്ള ബന്ധത്തിൽ ക്രിസ്ത്യാനികൾക്ക് എന്തു പദവിയുണ്ട്?
23 അപ്പൊസ്തലനായ പൗലൊസ് എഴുതി: “പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം [“പാവനരഹസ്യം,” NW] എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു.” (കൊലൊസ്സ്യർ 1:26) അതേ, യഹോവയുടെ അഭിഷിക്തർ ഈ പാവനരഹസ്യത്തെ കുറിച്ചു വളരെയധികം മനസ്സിലാക്കിയിരിക്കുന്നു, അങ്ങനെയുള്ള പരിജ്ഞാനം അവർ ദശലക്ഷങ്ങളുമായി പങ്കുവെക്കുകയും ചെയ്തിരിക്കുന്നു. നമുക്കെല്ലാം എത്ര വലിയ പദവിയാണുള്ളത്! യഹോവ “തന്റെ ഹിതത്തിന്റെ മർമ്മം [“പാവനരഹസ്യം,” NW] . . . നമ്മോടു അറിയിച്ചു.” (എഫെസ്യർ 1:9) മഹത്തായ ഈ രഹസ്യം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ട് യഹോവയാം ദൈവത്തിന്റെ അളവറ്റ ജ്ഞാനത്തിലേക്ക് ഉറ്റുനോക്കാൻ നമുക്ക് അവരെ സഹായിക്കാം!
a “ദൈവഭക്തിയുടെ മർമ്മം” യേശുവിലും വെളിപ്പെടുത്തപ്പെട്ടു. (1 തിമൊഥെയൊസ് 3:16) യഹോവയോടു പൂർണ നിർമലത പാലിക്കാൻ കഴിയുമോ എന്നതു വർഷങ്ങളോളം ഒരു മർമം അഥവാ രഹസ്യം ആയിരുന്നു. എന്നാൽ യേശു ആ രഹസ്യത്തിന്റെ മറനീക്കി. സാത്താൻ അവന്റെമേൽ കൊണ്ടുവന്ന സകല പരിശോധനകളിലും അവൻ നിർമലത പാലിച്ചു.—മത്തായി 4:1-11; 27:26-50.
b ഇതേ കൂട്ടത്തോട് യേശു “ഒരു രാജ്യത്തിനുവേണ്ടി ഒരു ഉടമ്പടി” ചെയ്തു. (ലൂക്കൊസ് 22:29, 30, NW) ഫലത്തിൽ, അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമെന്ന നിലയിൽ തന്നോടുകൂടെ സ്വർഗത്തിൽ ഭരിക്കാൻ ഈ “ചെറിയ ആട്ടിൻകൂട്ട”വുമായി യേശു കരാർ ചെയ്തു.—ലൂക്കൊസ് 12:32.