വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ചു’

‘അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ചു’

1-3. യേശു​വി​ന്റെ മരണത്തെ ചരി​ത്ര​ത്തി​ലെ മറ്റ്‌ ഏതു മരണത്തിൽനി​ന്നും വ്യത്യ​സ്‌ത​മാ​ക്കു​ന്ന ചില ഘടകങ്ങ​ളേവ?

 ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ ഒരു വസന്തകാല ദിനത്തിൽ, നിരപ​രാ​ധി​യാ​യ ഒരു മനുഷ്യ​നെ ചെയ്യാത്ത കുറ്റത്തി​നു വിസ്‌ത​രി​ക്കു​ക​യും മരണശി​ക്ഷ​യ്‌ക്കു വിധി​ക്കു​ക​യും ചെയ്‌തു. ചരി​ത്ര​ത്തി​ലെ ക്രൂര​വും അന്യാ​യ​വു​മാ​യ ആദ്യത്തെ വധനിർവ​ഹ​ണം ആയിരു​ന്നി​ല്ല അത്‌; സങ്കടക​ര​മെ​ന്നു പറയട്ടെ, അത്‌ അവസാ​ന​ത്തേ​തു​മാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും, ആ മരണം മറ്റ്‌ ഏതിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രു​ന്നു.

2 കഠോര വേദന അനുഭ​വിച്ച്‌ ആ മനുഷ്യൻ ഇഞ്ചിഞ്ചാ​യി മരിച്ചു​കൊ​ണ്ടി​രി​ക്കെ, സ്വർഗം​ത​ന്നെ ആ സംഭവ​ത്തി​ന്റെ പ്രാധാ​ന്യം പ്രകട​മാ​ക്കി. മധ്യാ​ഹ്ന​മാ​യി​രു​ന്നി​ട്ടും, പെട്ടെന്നു ദേശത്ത്‌ ഇരുട്ടു വ്യാപി​ച്ചു. ഒരു ചരി​ത്ര​കാ​രൻ പ്രസ്‌താ​വി​ച്ച​പ്ര​കാ​രം “സൂര്യൻ ഇരുണ്ടു​പോ​യി.” (ലൂക്കൊസ്‌ 23:44, 45) അനന്തരം, ആ മനുഷ്യൻ അന്ത്യശ്വാ​സം വലിക്കു​ന്ന​തി​നു​മുമ്പ്‌ അവിസ്‌മ​ര​ണീ​യ​മാ​യ ഈ വാക്കുകൾ ഉരുവി​ട്ടു: “എല്ലാം പൂർത്തി​യാ​യി​രി​ക്കു​ന്നു.” തീർച്ച​യാ​യും, തന്റെ ജീവൻ അർപ്പി​ക്കു​ക​വ​ഴി അവൻ മഹത്തായ ഒരു ലക്ഷ്യം പൂർത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ലെ​തന്നെ ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി ആയിരു​ന്നു ആ ബലി.—യോഹ​ന്നാൻ 15:13, 14; 19:30, പി.ഒ.സി. ബൈ.

3 ആ മനുഷ്യൻ യേശു​ക്രി​സ്‌തു ആയിരു​ന്നു. പൊ.യു. 33 നീസാൻ 14 എന്ന ഇരുണ്ട ദിനത്തി​ലെ, അവന്റെ യാതന​യും മരണവും ലോക​മെ​ങ്ങും അറിവു​ള്ള​താണ്‌. എന്നിരു​ന്നാ​ലും, ഒരു പ്രധാന വസ്‌തുത മിക്ക​പ്പോ​ഴും അവഗണി​ക്ക​പ്പെ​ടു​ന്നു. യേശു കൊടിയ യാതന അനുഭ​വി​ച്ചെ​ങ്കി​ലും അതിലു​മ​ധി​കം വേദന സഹിച്ച മറ്റൊരു വ്യക്തി​യു​ണ്ടാ​യി​രു​ന്നു. യഥാർഥ​ത്തിൽ, ഈ വ്യക്തി അതിലും വലിയ ത്യാഗ​മാണ്‌ ചെയ്‌തത്‌—അഖിലാ​ണ്ഡ​ത്തിൽ ആരെങ്കി​ലും ചെയ്‌തി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി. എന്തായി​രു​ന്നു അത്‌? ഉത്തരം യഹോ​വ​യു​ടെ സ്‌നേഹം എന്ന അതി​പ്ര​ധാ​ന വിഷയ​ത്തിന്‌ ആമുഖം ഒരുക്കു​ന്നു.

ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി

4. യേശു സാധാരണ മനുഷ്യ​ന​ല്ലാ​യി​രു​ന്നു എന്ന്‌ ഒരു റോമൻ പടയാളി അറിയാൻ ഇടയാ​യ​തെ​ങ്ങ​നെ, ആ പടയാളി എന്തു നിഗമ​ന​ത്തി​ലെ​ത്തി?

4 യേശു​വി​ന്റെ മരണത്തി​നു മുമ്പ്‌ ദേശത്തു വ്യാപിച്ച ഇരുട്ടും തുടർന്നു​ണ്ടാ​യ ഉഗ്രമായ ഭൂകമ്പ​വും അവന്റെ വധത്തിനു മേൽനോ​ട്ടം വഹിച്ച റോമൻ ശതാധി​പ​നെ സ്‌തബ്ധ​നാ​ക്കി. “സത്യമാ​യും ഇവൻ ദൈവ​പു​ത്ര​നാ​യി​രു​ന്നു,” അദ്ദേഹം പറഞ്ഞു. (മത്തായി 27:54, പി.ഒ.സി. ബൈ.) വ്യക്തമാ​യും, യേശു സാധാരണ മനുഷ്യ​ന​ല്ലാ​യി​രു​ന്നു. അത്യുന്നത ദൈവ​ത്തി​ന്റെ ഏകജാ​ത​പു​ത്ര​നെ വധിക്കാ​നാ​യി​രു​ന്നു ആ പടയാളി സഹായി​ച്ചത്‌! ഈ പുത്രൻ അവന്റെ പിതാ​വിന്‌ എത്ര പ്രിയ​പ്പെ​ട്ട​വ​നാ​യി​രു​ന്നു?

5. യഹോ​വ​യും അവന്റെ പുത്ര​നും സ്വർഗ​ത്തിൽ ഒരുമി​ച്ചു ചെലവ​ഴി​ച്ച സുദീർഘ​കാ​ല​ത്തെ എങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം?

5 ബൈബിൾ യേശു​വി​നെ ‘സർവസൃ​ഷ്ടി​ക്കും ആദ്യജാ​തൻ’ എന്നു വിളി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 1:15) ചിന്തി​ക്കു​ക—ഭൗതി​ക​പ്ര​പ​ഞ്ചം സൃഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പേ യഹോ​വ​യു​ടെ പുത്രൻ അസ്‌തി​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ, പിതാ​വും പുത്ര​നും എത്രനാൾ ഒരുമി​ച്ചു​ണ്ടാ​യി​രു​ന്നു? പ്രപഞ്ച​ത്തി​നു 1,300 കോടി വർഷം പഴക്കമു​ണ്ടെ​ന്നു ചില ശാസ്‌ത്ര​ജ്ഞർ കണക്കാ​ക്കു​ന്നു. അത്രയും ദീർഘ​മാ​യ ഒരു കാലഘട്ടം സങ്കൽപ്പി​ച്ചു നോക്കാ​നെ​ങ്കി​ലും നിങ്ങൾക്കു സാധി​ക്കു​മോ? ശാസ്‌ത്ര​ജ്ഞ​ന്മാർ കണക്കു​കൂ​ട്ടു​ന്ന പ്രകാരം പ്രപഞ്ച​ത്തി​ന്റെ പ്രായം ഗ്രഹി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ ഒരു ഗ്രഹനി​രീ​ക്ഷണ നിലയം 110 മീറ്റർ ദൈർഘ്യ​മു​ള്ള ഒരു സമയരേഖ ഉപയോ​ഗി​ക്കു​ന്നു. സന്ദർശകർ ആ സമയ​രേ​ഖ​യി​ലൂ​ടെ നടക്കു​മ്പോൾ, അവർ വെക്കുന്ന ഓരോ ചുവടും പ്രപഞ്ച​ത്തി​ന്റെ ആയുസ്സി​ലെ 7 കോടി 50 ലക്ഷം വർഷത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. സമയ​രേ​ഖ​യു​ടെ അറ്റത്ത്‌ ഒരു തലമു​ടി​യു​ടെ വണ്ണത്തി​ലു​ള്ള ഒരു അടയാളം ഉണ്ട്‌. അത്‌, സകല മനുഷ്യ​ച​രി​ത്ര​ത്തെ​യും പ്രതി​നി​ധാ​നം ചെയ്യുന്നു! ഈ കണക്കു​കൂ​ട്ടൽ രീതി ശരിയാ​ണെ​ങ്കിൽത്ത​ന്നെ, ആ മുഴു സമയ​രേ​ഖ​യ്‌ക്കും യഹോ​വ​യു​ടെ പുത്രന്റെ ആയുർ​ദൈർഘ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യാ​നു​ള്ള നീളമു​ണ്ടാ​കു​ക​യി​ല്ല! ആ യുഗങ്ങ​ളി​ലെ​ല്ലാം അവൻ എന്തു ചെയ്യു​ക​യാ​യി​രു​ന്നു?

6. (എ) യഹോ​വ​യു​ടെ പുത്രൻ തന്റെ മനുഷ്യ-പൂർവ അസ്‌തി​ത്വ​കാ​ലത്ത്‌ എന്തിൽ വ്യാപൃ​ത​നാ​യി​രു​ന്നു? (ബി) യഹോ​വ​യും അവന്റെ പുത്ര​നും തമ്മിൽ ഏതുതരം ബന്ധം നിലനിൽക്കു​ന്നു?

6 പുത്രൻ സന്തോ​ഷ​പൂർവം പിതാ​വി​ന്റെ അടുക്കൽ ‘ശിൽപ്പി​യാ​യി’ സേവിച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 8:30) “ഉളവാ​യ​തു ഒന്നും അവനെ കൂടാതെ ഉളവാ​യ​തല്ല” എന്ന്‌ ബൈബിൾ പറയുന്നു. (യോഹ​ന്നാൻ 1:3) അങ്ങനെ, യഹോ​വ​യും അവന്റെ പുത്ര​നും മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തിൽ ഒരുമി​ച്ചു പ്രവർത്തി​ച്ചു. എത്ര ആനന്ദക​ര​മാ​യ വേളക​ളാ​യി​രി​ക്കാം അവർ ആസ്വദി​ച്ചത്‌! ഒരു പിതാ​വും കുട്ടി​യും തമ്മിലുള്ള സ്‌നേഹം അത്ഭുത​ക​ര​മാം​വി​ധം ശക്തമാ​ണെന്ന്‌ അനേക​രും സമ്മതി​ക്കും. സ്‌നേഹം, “ഐക്യ​ത്തി​ന്റെ ഒരു പൂർണ​ബ​ന്ധം ആണ്‌.” (കൊ​ലൊ​സ്സ്യർ 3:14, NW) അപ്പോൾ യുഗങ്ങ​ളാ​യു​ള്ള ഇത്തര​മൊ​രു സ്‌നേ​ഹ​ബ​ന്ധ​ത്തി​ന്റെ ആഴം അളക്കാൻ നമ്മിൽ ആർക്കാണു കഴിയുക? വ്യക്തമാ​യും, യഹോ​വ​യാം ദൈവ​വും അവന്റെ പുത്ര​നും തമ്മിലുള്ള സ്‌നേ​ഹ​ബ​ന്ധം മറ്റേ​തൊ​രു ബന്ധത്തെ​ക്കാ​ളും ശക്തമാണ്‌.

7. യേശു സ്‌നാ​പ​ന​മേ​റ്റ​പ്പോൾ, തന്റെ പുത്രനെ കുറി​ച്ചു​ള്ള വികാ​ര​ങ്ങൾ യഹോവ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

7 എന്നിരു​ന്നാ​ലും, തന്റെ പുത്രനെ ഭൂമി​യിൽ ഒരു മനുഷ്യ​ശി​ശു​വാ​യി ജനിക്കാൻ പിതാവ്‌ ഇടയാക്കി. അങ്ങനെ ചെയ്‌ത​തി​നാൽ സ്വർഗ​ത്തിൽ തന്റെ പ്രിയ​പു​ത്ര​നു​മാ​യി ആസ്വദി​ച്ചി​രു​ന്ന ഉറ്റ സഹവാസം ഏതാനും ദശാബ്ദ​ങ്ങ​ളി​ലേ​ക്കാ​ണെ​ങ്കിൽ പോലും യഹോ​വ​യ്‌ക്കു നഷ്ടപ്പെ​ടു​ത്തേ​ണ്ടി​വ​ന്നു. യേശു ഒരു പൂർണ മനുഷ്യ​നാ​യി വളർന്നു​വ​ര​വേ പിതാവ്‌ അതീവ താത്‌പ​ര്യ​ത്തോ​ടെ സ്വർഗ​ത്തിൽനി​ന്നു നിരീ​ക്ഷി​ച്ചു. ഏകദേശം 30 വയസ്സാ​യ​പ്പോൾ യേശു സ്‌നാ​പ​ന​മേ​റ്റു. യഹോ​വ​യ്‌ക്ക്‌ അവനെ​ക്കു​റിച്ച്‌ എന്തു തോന്നി​യെ​ന്നു നാം ഊഹി​ക്കേ​ണ്ട​തി​ല്ല. “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു പിതാ​വു​ത​ന്നെ സ്വർഗ​ത്തിൽനി​ന്നു പറയു​ക​യു​ണ്ടാ​യി. (മത്തായി 3:17) യേശു​വി​നെ കുറിച്ചു പ്രവചി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ല്ലാം, താൻ അവനോട്‌ ആവശ്യ​പ്പെ​ട്ട​തെ​ല്ലാം യേശു വിശ്വ​സ്‌ത​മാ​യി നിറ​വേ​റ്റി​യ​തു കണ്ടപ്പോൾ പിതാവ്‌ എത്ര സന്തോ​ഷി​ച്ചി​രി​ക്ക​ണം!—യോഹ​ന്നാൻ 5:36; 17:4.

8, 9. (എ) പൊ.യു. 33 നീസാൻ 14-ൽ യേശു​വിന്‌ എന്തെല്ലാം യാതനകൾ സഹി​ക്കേ​ണ്ടി​വ​ന്നു, അത്‌ അവന്റെ സ്വർഗീയ പിതാ​വിന്‌ എങ്ങനെ അനുഭ​വ​പ്പെ​ട്ടു? (ബി) തന്റെ പുത്രൻ കഷ്ടപ്പെ​ടാ​നും മരിക്കാ​നും യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

8 എന്നാൽ പൊ.യു. 33 നീസാൻ 14-ന്‌ യഹോ​വ​യ്‌ക്ക്‌ ഉണ്ടായ വികാരം എന്തായി​രു​ന്നു? അന്നുരാ​ത്രി യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്ന​തും അറസ്റ്റു​ചെ​യ്യു​ന്ന​തും കണ്ടപ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നി? യേശു സ്‌നേ​ഹി​ത​ന്മാ​രാൽ ഉപേക്ഷി​ക്ക​പ്പെട്ട്‌ നിയമ​വി​രു​ദ്ധ​മാ​യ ഒരു വിചാ​ര​ണ​യ്‌ക്കു വിധേ​യ​നാ​ക്ക​പ്പെ​ട്ട​പ്പോ​ഴോ? മറ്റുള്ളവർ അവനെ പരിഹ​സി​ക്കു​ക​യും തുപ്പു​ക​യും മുഷ്ടി ചുരുട്ടി ഇടിക്കു​ക​യും ചെയ്‌ത​പ്പോ​ഴോ? ചമ്മട്ടി​കൊ​ണ്ടു​ള്ള അടി​യേറ്റ്‌ അവന്റെ മുതു​ക​ത്തെ മാംസം പറിഞ്ഞു​തൂ​ങ്ങി​യ​പ്പോ​ഴോ? അവന്റെ കൈകാ​ലു​കൾ ഒരു മരസ്‌തം​ഭ​ത്തിൽ തറച്ച​പ്പോ​ഴോ? സ്‌തം​ഭ​ത്തിൽ കിടക്കുന്ന അവനെ ആളുകൾ അധി​ക്ഷേ​പി​ച്ച​പ്പോ​ഴോ? വേദന​കൊ​ണ്ടു പുളയുന്ന പ്രിയ​പു​ത്രൻ തന്നോടു നിലവി​ളി​ച്ച​പ്പോൾ ആ പിതാ​വി​ന്റെ വികാരം എന്തായി​രു​ന്നി​രി​ക്ക​ണം? യേശു അന്ത്യശ്വാ​സം വലിക്കു​ക​യും പ്രാരംഭ സൃഷ്ടി​ക്രി​യ നടന്നതി​നു ശേഷം അന്ന്‌ ആദ്യമാ​യി അസ്‌തി​ത്വ​ത്തിൽ ഇല്ലാതാ​കു​ക​യും ചെയ്‌ത​പ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നി?—മത്തായി 26:14-16, 46, 47, 56, 59, 67; 27:38-44, 46; യോഹ​ന്നാൻ 19:1.

‘ദൈവം തന്റെ ഏകജാ​ത​നാ​യ പുത്രനെ നൽകി’

9 നമുക്കു വർണി​ക്കാൻ വാക്കു​ക​ളി​ല്ല. യഹോ​വ​യ്‌ക്കു വികാ​ര​ങ്ങൾ ഉള്ളതി​നാൽ അവന്റെ പുത്രന്റെ മരണത്തി​ങ്കൽ അവൻ അനുഭ​വി​ച്ച വേദന വാക്കു​ക​ളാൽ വിവരി​ക്കാൻ നമുക്കാ​വി​ല്ല. എന്നാൽ അത്‌ അനുവ​ദി​ക്കാൻ യഹോ​വ​യെ പ്രചോ​ദി​പ്പി​ച്ച ഘടകം എന്താ​ണെ​ന്നു പറയാൻ നമുക്കു കഴിയും. തനിക്ക്‌ അത്രയ​ധി​കം വേദന കൈവ​രു​ത്തു​ന്ന ഒരു സംഗതി സംഭവി​ക്കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തിനാണ്‌? യോഹ​ന്നാൻ 3:16-ൽ, മഹത്തായ ഒരു സത്യം യഹോവ നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു. ഈ ബൈബിൾ വാക്യം അത്രയ്‌ക്കു പ്രാധാ​ന്യ​മേ​റി​യ​താ​ക​യാൽ സുവി​ശേ​ഷ​ത്തി​ന്റെ ചെറിയ പതിപ്പ്‌ എന്നു​പോ​ലും അതിനെ വിളി​ച്ചി​രി​ക്കു​ന്നു. “തന്റെ ഏകജാ​ത​നാ​യ പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു” എന്ന്‌ ആ വാക്യം നമ്മോടു പറയുന്നു. അതേ, തന്റെ പുത്രൻ മരിക്കാൻ അനുവ​ദി​ക്കു​ന്ന​തിന്‌ യഹോ​വ​യെ പ്രേരി​പ്പി​ച്ച ഘടകം സ്‌നേഹം ആയിരു​ന്നു. യഹോ​വ​യു​ടെ ആ ദാനം—നമുക്കു​വേ​ണ്ടി കഷ്ടം അനുഭ​വി​ക്കാ​നും മരിക്കാ​നു​മാ​യി തന്റെ പുത്രനെ അയച്ചത്‌—ആയിരു​ന്നു എക്കാല​ത്തെ​യും ഏറ്റവും വലിയ സ്‌നേ​ഹ​പ്ര​വൃ​ത്തി.

ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ നിർവ​ച​നം

10. മനുഷ്യന്‌ എന്ത്‌ ആവശ്യ​മാണ്‌, “സ്‌നേഹം” എന്ന പദത്തിന്റെ അർഥത്തിന്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?

10 “സ്‌നേഹം” എന്ന വാക്കിന്റെ അർഥ​മെ​ന്താണ്‌? മനുഷ്യ​ന്റെ ഏറ്റവും വലിയ ആവശ്യം സ്‌നേ​ഹ​മാ​ണെ​ന്നു പറയ​പ്പെ​ടു​ന്നു. ജനനം മുതൽ മരണം വരെ മനുഷ്യൻ സ്‌നേ​ഹ​ത്തി​നാ​യി കാംക്ഷി​ക്കു​ന്നു, അതിന്റെ ഊഷ്‌മ​ള​ത​യിൽ ആനന്ദി​ക്കു​ന്നു, അതിന്റെ അഭാവ​ത്തിൽ ക്ഷയിക്കു​ക​യും മരിക്കു​ക​യും ചെയ്യുന്നു. എന്നാൽ, സ്‌നേ​ഹ​ത്തെ നിർവ​ചി​ക്കു​ക പ്രയാ​സ​മാണ്‌. ആളുകൾ സ്‌നേ​ഹ​ത്തെ കുറിച്ചു വാതോ​രാ​തെ സംസാ​രി​ക്കാ​റുണ്ട്‌. അതിനെ ആസ്‌പ​ദ​മാ​ക്കി രചിക്ക​പ്പെട്ട പുസ്‌ത​ക​ങ്ങൾക്കും ഗാനങ്ങൾക്കും കവിത​കൾക്കും കണക്കില്ല. പക്ഷേ അവയൊ​ന്നും എല്ലായ്‌പോ​ഴും സ്‌നേ​ഹ​ത്തി​ന്റെ അർഥം വിശദ​മാ​ക്കു​ന്നി​ല്ല. വാസ്‌ത​വ​ത്തിൽ, ആ പദത്തിന്റെ അമിത ഉപയോ​ഗം നിമിത്തം അതിന്റെ യഥാർഥ അർഥം പിടി​കി​ട്ടാ​ത്ത ഒന്നായി കാണ​പ്പെ​ടു​ന്നു.

11, 12. (എ) സ്‌നേ​ഹ​ത്തെ കുറിച്ച്‌ എവി​ടെ​നി​ന്നു നമുക്ക്‌ ഒട്ടേറെ പഠിക്കാൻ കഴിയും, അങ്ങനെ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പുരാതന ഗ്രീക്കു​ഭാ​ഷ​യിൽ സ്‌നേ​ഹ​ത്തി​ന്റെ ഏതെല്ലാം രൂപങ്ങളെ കുറിച്ചു പ്രത്യേ​കം പരാമർശി​ച്ചി​രി​ക്കു​ന്നു, ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ മിക്ക സന്ദർഭ​ങ്ങ​ളി​ലും “സ്‌നേഹ”ത്തിന്‌ ഏതു പദം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു? (അടിക്കു​റി​പ്പും കാണുക.) (സി) ആഘാപി എന്താണ്‌?

11 എന്നിരു​ന്നാ​ലും, ബൈബിൾ സ്‌നേ​ഹ​ത്തെ കുറിച്ചു വ്യക്തത​യോ​ടെ പഠിപ്പി​ക്കു​ന്നു. വൈനി​ന്റെ പുതി​യ​നി​യമ പദങ്ങളു​ടെ വ്യാഖ്യാ​ന നിഘണ്ടു (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സ്‌നേ​ഹ​ത്തെ അതു പ്രചോ​ദി​പ്പി​ക്കു​ന്ന പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നേ അറിയാൻ കഴിയൂ.” യഹോ​വ​യു​ടെ പ്രവർത്ത​ന​ങ്ങ​ളെ സംബന്ധിച്ച ബൈബിൾരേഖ അവന്റെ സ്‌നേ​ഹ​ത്തെ—തന്റെ സൃഷ്ടി​ക​ളോട്‌ അവനുള്ള ആർദ്ര​പ്രി​യ​ത്തെ—കുറിച്ചു നമ്മെ വളരെ​യ​ധി​കം പഠിപ്പി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, നേരത്തേ വർണിച്ച യഹോ​വ​യു​ടെ ഉത്‌കൃ​ഷ്ട​മാ​യ സ്‌നേ​ഹ​പ്ര​വൃ​ത്തി​യെ​ക്കാൾ മെച്ചമാ​യി ഈ ഗുണത്തെ കുറിച്ചു വെളി​പ്പെ​ടു​ത്താൻ കഴിയു​ന്ന​താ​യി എന്താണു​ള്ളത്‌? തുടർന്നു​വ​രു​ന്ന അധ്യാ​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സ്‌നേഹം പ്രവർത്ത​ന​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ന്റെ മറ്റനേകം ദൃഷ്ടാ​ന്ത​ങ്ങൾ നാം കാണും. അതിനു​പു​റ​മേ, ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന “സ്‌നേഹം” എന്നതിന്റെ മൂലപ​ദ​ങ്ങ​ളിൽനി​ന്നു കുറെ ഉൾക്കാ​ഴ്‌ച നേടാ​നും നമുക്കു കഴിയും. * പുരാതന ഗ്രീക്ക്‌ ഭാഷയിൽ “സ്‌നേഹം” എന്നതിന്‌ നാലു പദങ്ങൾ ഉണ്ടായി​രു​ന്നു. ഇവയിൽ, ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ മിക്ക സന്ദർഭ​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന പദം ആഘാപി ആണ്‌. “സ്‌നേ​ഹ​ത്തെ കുറി​ക്കാൻ ഉപയോ​ഗി​ക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും ശക്തമായ പദം” എന്നാണ്‌ ഒരു ബൈബിൾ നിഘണ്ടു ഇതിനെ വിളി​ക്കു​ന്നത്‌. എന്തു​കൊണ്ട്‌?

12 ആഘാപി തത്ത്വത്താൽ നയിക്ക​പ്പെ​ടു​ന്ന സ്‌നേ​ഹ​ത്തെ പരാമർശി​ക്കു​ന്നു. അതു​കൊണ്ട്‌ അത്‌ മറ്റൊ​രാ​ളോ​ടു​ള്ള വെറും വൈകാ​രി​ക ബന്ധത്തെ​ക്കാൾ കൂടി​യ​താണ്‌. അതു കൂടുതൽ വിശാ​ല​മാണ്‌. അടിസ്ഥാ​ന​പ​ര​മാ​യി പറഞ്ഞാൽ അത്തരം സ്‌നേഹം ഒരു വ്യക്തി ബോധ​പൂർവം ശ്രമം ചെയ്‌ത്‌ പ്രകടി​പ്പി​ക്കു​ന്ന ഒന്നാണ്‌. എല്ലാറ്റി​നു​മു​പ​രി​യാ​യി ആഘാപി തികച്ചും നിസ്സ്വാർഥ​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, വീണ്ടും യോഹ​ന്നാൻ 3:16 കാണുക. തന്റെ ഏകജാ​ത​നാ​യ പുത്രനെ നൽകാൻ തക്കവണ്ണം ദൈവം സ്‌നേ​ഹി​ച്ച ലോകം ഏതാണ്‌? അത്‌ വീണ്ടെ​ടു​ക്ക​പ്പെ​ടാ​വു​ന്ന മനുഷ്യ​വർഗ​മാണ്‌. അതിൽ പാപപൂർണ​മാ​യ ജീവി​ത​ഗ​തി പിന്തു​ട​രു​ന്ന അനേകർ ഉൾപ്പെ​ടു​ന്നു. യഹോവ വിശ്വ​സ്‌ത​നാ​യ അബ്രാ​ഹാ​മി​നെ സ്‌നേ​ഹി​ച്ച​തു​പോ​ലെ, ഓരോ​രു​ത്ത​രെ​യും തന്റെ വ്യക്തി​പ​ര​മാ​യ ഒരു സുഹൃ​ത്തെന്ന നിലയിൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? (യാക്കോബ്‌ 2:23) ഇല്ല, എങ്കിലും തനിക്കു​ത​ന്നെ വലിയ നഷ്ടം വരുമാ​റു​പോ​ലും യഹോവ സ്‌നേ​ഹ​പൂർവം എല്ലാവർക്കും നന്മ വെച്ചു​നീ​ട്ടു​ന്നു. എല്ലാവ​രും അനുത​പി​ക്കാ​നും തങ്ങളുടെ വഴികൾക്കു മാറ്റം​വ​രു​ത്താ​നും അവൻ ആഗ്രഹി​ക്കു​ന്നു. (2 പത്രൊസ്‌ 3:9) അനേകർ അങ്ങനെ ചെയ്യുന്നു, അവരെ അവൻ സന്തോ​ഷ​പൂർവം തന്റെ സ്‌നേ​ഹി​ത​രാ​യി സ്വീക​രി​ക്കു​ന്നു.

13, 14. ആഘാപി​യിൽ മിക്ക​പ്പോ​ഴും ഊഷ്‌മ​ള​പ്രി​യം ഉൾപ്പെ​ടു​ന്നു എന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

13 എന്നാൽ ആഘാപി​യെ സംബന്ധിച്ച്‌ ചിലർക്കു തെറ്റായ ധാരണ​യാ​ണു​ള്ളത്‌. അത്‌ ഊഷ്‌മ​ള​ത​യി​ല്ലാ​ത്ത, ബൗദ്ധി​ക​ത​ല​ത്തിൽ മാത്രം ഒതുങ്ങി​നിൽക്കു​ന്ന ഒരുതരം സ്‌നേ​ഹ​മാ​ണെന്ന്‌ അവർ വിചാ​രി​ക്കു​ന്നു. എന്നാൽ മിക്ക​പ്പോ​ഴും ആഘാപി​യിൽ വ്യക്തി​പ​ര​മാ​യ ഊഷ്‌മ​ള​പ്രി​യം ഉൾപ്പെ​ടു​ന്നു എന്നതാണു വാസ്‌ത​വം. ദൃഷ്ടാ​ന്ത​ത്തിന്‌, “പിതാവു പുത്രനെ സ്‌നേ​ഹി​ക്കു​ന്നു” എന്ന്‌ യോഹ​ന്നാൻ എഴുതി​യ​പ്പോൾ അവൻ ആഘാപി എന്ന പദമാണ്‌ ഉപയോ​ഗി​ച്ചത്‌. ഊഷ്‌മ​ള​പ്രി​യം ഇല്ലാത്ത സ്‌നേ​ഹ​മാ​ണോ അത്‌? ഫീലി​യോ എന്ന പദത്തിന്റെ ഒരു രൂപം ഉപയോ​ഗി​ച്ചു​കൊണ്ട്‌ “പിതാ​വി​നു പുത്ര​നോട്‌ ആർദ്ര​പ്രി​യം ഉണ്ട്‌” എന്ന്‌ യേശു പറഞ്ഞു എന്നതും ശ്രദ്ധേ​യ​മാണ്‌. (യോഹ​ന്നാൻ 3:35; 5:20, NW) യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിൽ മിക്ക​പ്പോ​ഴും പ്രീതി​വാ​ത്സ​ല്യം ഉൾപ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, അവന്റെ സ്‌നേഹം ഒരിക്ക​ലും കേവലം വികാ​ര​ത്താൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നില്ല. അത്‌ എല്ലായ്‌പോ​ഴും അവന്റെ ജ്ഞാനപൂർവ​ക​വും നീതി​പൂർവ​ക​വു​മാ​യ തത്ത്വങ്ങ​ളാൽ നയിക്ക​പ്പെ​ടു​ന്നു.

14 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ല്ലാം അതിവി​ശി​ഷ്ട​വും സമ്പൂർണ​വും ആകർഷ​ക​വു​മാണ്‌. എന്നാൽ ഏറ്റവും ആകർഷ​ക​മാ​യത്‌ സ്‌നേ​ഹ​മാണ്‌. നമ്മെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കു​ന്ന ഇത്ര ശക്തമായ മറ്റൊരു ഗുണമില്ല. സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, അവന്റെ പ്രമുഖ ഗുണവും സ്‌നേ​ഹ​മാണ്‌. എന്നാൽ നാം അത്‌ എങ്ങനെ അറിയു​ന്നു?

“ദൈവം സ്‌നേഹം ആകുന്നു”

15. യഹോ​വ​യു​ടെ സ്‌നേഹം എന്ന ഗുണത്തെ കുറിച്ച്‌ ബൈബിൾ ഏതു പ്രസ്‌താ​വന നടത്തുന്നു, ഈ പ്രസ്‌താ​വന അനുപ​മ​മാ​യി​രി​ക്കു​ന്നത്‌ ഏതുവി​ധ​ത്തിൽ? (അടിക്കു​റി​പ്പും കാണുക.)

15 യഹോ​വ​യു​ടെ മറ്റു മുഖ്യ​ഗു​ണ​ങ്ങ​ളോ​ടു​ള്ള ബന്ധത്തിൽ ഒരിക്ക​ലും പറയാത്ത ഒരു സംഗതി, ബൈബിൾ സ്‌നേ​ഹ​ത്തെ കുറിച്ചു പറയുന്നു. ദൈവം ശക്തി ആണെന്നോ നീതി ആണെന്നോ ജ്ഞാനം ആണെന്നോ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നി​ല്ല. അവന്‌ ഈ ഗുണങ്ങൾ ഉണ്ട്‌, അവൻ അവയുടെ ആത്യന്തിക ഉറവാണ്‌, ഈ മൂന്ന്‌ ഗുണങ്ങ​ളു​ടെ കാര്യ​ത്തിൽ അവൻ അതുല്യ​നു​മാണ്‌. എന്നാൽ നാലാ​മ​ത്തെ ഗുണത്തെ സംബന്ധിച്ച്‌ ബൈബിൾ കൂടുതൽ ഗഹനമായ ഒരു പ്രസ്‌താ​വന നടത്തുന്നു. “ദൈവം സ്‌നേഹം ആകുന്നു” എന്ന്‌ അതു പറയുന്നു. * (1 യോഹ​ന്നാൻ 4:8, NW) അതിന്റെ അർഥ​മെ​ന്താണ്‌?

16-18. (എ) “ദൈവം സ്‌നേഹം ആകുന്നു” എന്നു ബൈബിൾ പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഭൂമി​യി​ലെ സകല ജീവി​ക​ളി​ലും​വെച്ച്‌ മനുഷ്യൻ യഹോ​വ​യു​ടെ സ്‌നേ​ഹ​മെന്ന ഗുണത്തി​ന്റെ സമുചിത പ്രതീ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 “ദൈവം സ്‌നേഹം ആകുന്നു” എന്നു പറയു​ന്നത്‌ “ദൈവം സ്‌നേ​ഹ​ത്തി​നു സമമാണ്‌” എന്നു പറയു​ന്ന​തു​പോ​ലെ ഒരു ലളിത​മാ​യ സമവാ​ക്യ​മല്ല. ഈ പ്രസ്‌താ​വ​ന​യെ നേരെ തിരിച്ച്‌ “സ്‌നേഹം ദൈവം ആകുന്നു” എന്ന്‌ നമുക്കു പറയാ​നാ​വി​ല്ല. കാരണം, യഹോവ കേവലം ഒരു അമൂർത്ത ഗുണമല്ല. സ്‌നേ​ഹ​ത്തി​നു പുറമേ വ്യത്യ​സ്‌ത​ങ്ങ​ളാ​യ നിരവധി വികാ​ര​ങ്ങ​ളും സ്വഭാ​വ​വി​ശേ​ഷ​ത​ക​ളു​മുള്ള ഒരു വ്യക്തി ആണ്‌ അവൻ. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തിൽ നിറഞ്ഞു​നിൽക്കു​ന്ന​തു സ്‌നേ​ഹ​മാണ്‌. ഒരു പരാമർശ​ഗ്ര​ന്ഥം ഈ വാക്യത്തെ കുറിച്ച്‌ “ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​ത്തി​ന്റെ കാതൽ സ്‌നേ​ഹ​മാണ്‌” എന്നു പറയുന്നു. നമുക്ക്‌ അത്‌ ഇങ്ങനെ വ്യക്തമാ​ക്കാം: യഹോ​വ​യു​ടെ ശക്തി പ്രവർത്തി​ക്കാൻ അവനെ പ്രാപ്‌ത​നാ​ക്കു​ന്നു. അവന്റെ നീതി​യും ജ്ഞാനവും അവന്റെ പ്രവർത്ത​ന​രീ​തി​യെ നയിക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സ്‌നേഹം പ്രവർത്തി​ക്കാൻ അവനെ പ്രേരി​പ്പി​ക്കു​ന്നു. യഹോവ തന്റെ മറ്റു ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന വിധങ്ങ​ളി​ലെ​ല്ലാം അവന്റെ സ്‌നേഹം പ്രകട​മാണ്‌.

17 സ്‌നേ​ഹ​ത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വ​മാണ്‌ യഹോവ എന്നു മിക്ക​പ്പോ​ഴും പറയ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, തത്ത്വാ​ധി​ഷ്‌ഠി​ത സ്‌നേ​ഹ​ത്തെ കുറിച്ചു പഠിക്കാൻ നാം യഹോ​വ​യെ കുറിച്ചു പഠിച്ചേ തീരൂ. തീർച്ച​യാ​യും നാം ഈ മനോഹര ഗുണം മനുഷ്യ​രി​ലും കണ്ടേക്കാം. എന്നാൽ എന്തു​കൊ​ണ്ടാണ്‌ അത്‌? സൃഷ്ടി​പ്പി​ന്റെ സമയത്ത്‌ യഹോവ തെളി​വ​നു​സ​രിച്ച്‌ തന്റെ പുത്ര​നോട്‌ ഈ വാക്കുകൾ പറഞ്ഞു: “നാം നമ്മുടെ സ്വരൂ​പ​ത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യ​നെ ഉണ്ടാക്കുക.” (ഉല്‌പത്തി 1:26) ഈ ഭൂമി​യി​ലെ സകല ജീവി​ക​ളി​ലും​വെച്ച്‌ മനുഷ്യ​നു മാത്രമേ സ്‌നേ​ഹി​ക്കാൻ തീരു​മാ​നി​ക്കാ​നും അങ്ങനെ തങ്ങളുടെ സ്വർഗീയ പിതാ​വി​നെ അനുക​രി​ക്കാ​നും കഴിയൂ. തന്റെ മുഖ്യ​ഗു​ണ​ങ്ങ​ളെ പ്രതീ​ക​പ്പെ​ടു​ത്താൻ യഹോവ വിവിധ ജീവി​ക​ളെ ഉപയോ​ഗി​ച്ചത്‌ ഓർമി​ക്കു​ക. എന്നിരു​ന്നാ​ലും, തന്റെ പ്രമു​ഖ​ഗു​ണ​മാ​യ സ്‌നേ​ഹ​ത്തെ പ്രതീ​ക​പ്പെ​ടു​ത്താൻ തന്റെ ഏറ്റവും ഉയർന്ന ഭൗമിക സൃഷ്ടി​യാ​യ മനുഷ്യ​നെ​യാ​ണു യഹോവ തിര​ഞ്ഞെ​ടു​ത്തത്‌.—യെഹെ​സ്‌കേൽ 1:10.

18 നിസ്സ്വാർഥ​വും തത്ത്വാ​ധി​ഷ്‌ഠി​ത​വു​മായ വിധത്തിൽ സ്‌നേഹം പ്രകട​മാ​ക്കു​മ്പോൾ നാം യഹോ​വ​യു​ടെ മുഖ്യ​ഗു​ണം പ്രതി​ഫ​ലി​പ്പി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. അത്‌ അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാൻ എഴുതി​യ​തു​പോ​ലെ​യാണ്‌: “അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടു നാം സ്‌നേ​ഹി​ക്കു​ന്നു.” (1 യോഹ​ന്നാൻ 4:19) എന്നാൽ ഏതു വിധങ്ങ​ളി​ലാ​ണു യഹോവ നമ്മെ ആദ്യം സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നത്‌?

യഹോവ മുൻ​കൈ​യെ​ടു​ത്തു

19. യഹോ​വ​യു​ടെ സൃഷ്ടി​ക്രി​യ​യിൽ സ്‌നേഹം ഒരു മുഖ്യ​പ​ങ്കു വഹിച്ചു എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

19 സ്‌നേഹം ഒരു പുതിയ ആശയമല്ല. സൃഷ്ടി​ക്രി​യ തുടങ്ങാൻ യഹോ​വ​യെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? അത്‌, ഒരു കൂട്ട്‌ വേണമെന്ന ആഗ്രഹ​മാ​യി​രു​ന്നി​ല്ല. യഹോവ സമ്പൂർണ​നും എല്ലാം തികഞ്ഞ​വ​നു​മാണ്‌, ആരെങ്കി​ലും എന്തെങ്കി​ലും പ്രദാനം ചെയ്യേണ്ട ആവശ്യം അവനില്ല. എന്നാൽ ഒരു ക്രിയാ​ത്മക ഗുണമായ അവന്റെ സ്‌നേ​ഹ​മാണ്‌ ജീവൻ എന്ന ദാനവും അതിന്റെ സന്തോ​ഷ​ങ്ങ​ളും വിലമ​തി​ക്കാൻ കഴിയുന്ന ബുദ്ധി​ശ​ക്തി​യു​ള്ള സൃഷ്ടി​കൾക്ക്‌ അതു നൽകാൻ അവനെ പ്രേരി​പ്പി​ച്ചത്‌. ‘ദൈവ​സൃ​ഷ്ടി​യു​ടെ ആരംഭം’ അവന്റെ ഏകജാ​ത​നാ​യ പുത്രൻ ആയിരു​ന്നു. (വെളി​പ്പാ​ടു 3:14) തുടർന്ന്‌, ദൂതന്മാർ മുതൽ മറ്റെല്ലാം അസ്‌തി​ത്വ​ത്തി​ലേ​ക്കു വരുത്താൻ യഹോവ ഈ വിദഗ്‌ധ ശിൽപ്പി​യെ ഉപയോ​ഗി​ച്ചു. (ഇയ്യോബ്‌ 38:4, 7; കൊ​ലൊ​സ്സ്യർ 1:16) സ്വാത​ന്ത്ര്യം, ബുദ്ധി​ശ​ക്തി, വികാ​ര​ങ്ങൾ എന്നിവ​യാൽ അനുഗൃ​ഹീ​ത​രാ​യ ഈ ശക്തരായ ആത്മജീ​വി​കൾക്ക്‌ പരസ്‌പ​ര​വും എല്ലാറ്റി​നു​മു​പ​രി യഹോ​വ​യാം ദൈവ​വു​മാ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മാ​യ ബന്ധങ്ങൾ സ്ഥാപി​ക്കാ​നു​ള്ള അവസരം ഉണ്ടായി​രു​ന്നു. (2 കൊരി​ന്ത്യർ 3:17) അങ്ങനെ, തങ്ങൾ ആദ്യം സ്‌നേ​ഹി​ക്ക​പ്പെ​ട്ട​തു​കൊണ്ട്‌ അവർ സ്‌നേ​ഹി​ച്ചു.

20, 21. യഹോവ തങ്ങളെ സ്‌നേ​ഹി​ച്ചു എന്നതിന്‌ ആദാമി​നും ഹവ്വായ്‌ക്കും എന്തു തെളി​വു​ണ്ടാ​യി​രു​ന്നു, എന്നിരു​ന്നാ​ലും അവർ എങ്ങനെ പ്രതി​ക​രി​ച്ചു?

20 മനുഷ്യ​വർഗ​ത്തെ സംബന്ധി​ച്ചും അങ്ങനെ​ത​ന്നെ ആയിരു​ന്നു. തുടക്കം മുതലേ, ആദാമി​നെ​യും ഹവ്വാ​യെ​യും ദൈവം സ്‌നേ​ഹം​കൊണ്ട്‌ മൂടു​ക​യാ​യി​രു​ന്നു. ഏദെനി​ലെ അവരുടെ പറുദീ​സാ​ഭ​വ​ന​ത്തിൽ എവിടെ നോക്കി​യാ​ലും അവി​ടെ​യെ​ല്ലാം തങ്ങളോ​ടു​ള്ള പിതാ​വി​ന്റെ സ്‌നേഹം അവർക്കു കാണാൻ കഴിയു​മാ​യി​രു​ന്നു. ബൈബിൾ പറയു​ന്ന​തു ശ്രദ്ധി​ക്കു​ക: “യഹോ​വ​യാ​യ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യ​നെ അവിടെ ആക്കി.” (ഉല്‌പത്തി 2:8) നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അതിമ​നോ​ഹ​ര​മാ​യ ഒരു ഉദ്യാ​ന​ത്തിൽ അല്ലെങ്കിൽ പാർക്കിൽ പോയി​ട്ടു​ണ്ടോ? നിങ്ങളെ ഏറ്റവും സന്തോ​ഷി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? തണൽമ​ര​ങ്ങ​ളു​ടെ ഇലകൾക്കി​ട​യി​ലൂ​ടെ അരിച്ചി​റ​ങ്ങു​ന്ന സൂര്യ​കി​ര​ണ​ങ്ങൾ? പൂക്കളു​ടെ നിറച്ചാർത്ത്‌? അരുവി​യു​ടെ പൊട്ടി​ച്ചി​രി? പക്ഷിക​ളു​ടെ സല്ലാപം? പ്രാണി​ക​ളു​ടെ മൂളി​പ്പാട്ട്‌? വൃക്ഷങ്ങ​ളു​ടെ​യും പഴങ്ങളു​ടെ​യും പൂക്കളു​ടെ​യും നറുമണം? എന്തുത​ന്നെ​യാ​യാ​ലും, ഇന്നത്തെ ഒരു ഉദ്യാ​ന​വും ഏദെനി​ലേ​തി​നോ​ടു സമാന​മാ​യി​രി​ക്ക​യി​ല്ല. എന്തു​കൊണ്ട്‌?

21 ആ തോട്ടം യഹോ​വ​ത​ന്നെ ഒരുക്കി​യ​താ​യി​രു​ന്നു! അത്‌ അവർണ​നീ​യ​മാം​വി​ധം മനോ​ഹ​ര​മാ​യി​രു​ന്നി​രി​ക്കണം. കണ്ണിനു വിരു​ന്നൊ​രു​ക്കു​ന്ന, സ്വാദി​ഷ്‌ഠ ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്ന എല്ലാത്തരം മരങ്ങളും അവിടെ ഉണ്ടായി​രു​ന്നു. തോട്ടം നല്ല നീരൊ​ഴു​ക്കു​ള്ള​തും വിശാ​ല​വും അതു​പോ​ലെ​ത​ന്നെ കൗതുകം ഉണർത്തുന്ന അനേക​ത​രം ജീവജാ​ല​ങ്ങ​ളാൽ സജീവ​വും ആയിരു​ന്നു. തങ്ങളുടെ ജീവി​ത​ത്തെ സന്തുഷ്ട​വും തികവാർന്ന​തു​മാ​ക്കാൻ ആദാമി​നും ഹവ്വായ്‌ക്കും സകലതു​മു​ണ്ടാ​യി​രു​ന്നു, ഒപ്പം പ്രതി​ഫ​ല​ദാ​യ​ക​മാ​യ വേലയും പൂർണ​ത​യു​ള്ള സഖിത്വ​വും. യഹോവ അവരെ ആദ്യം സ്‌നേ​ഹി​ച്ചു, ആ സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്കാൻ അവർക്കു സകല കാരണ​വു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അങ്ങനെ ചെയ്യാൻ അവർ പരാജ​യ​പ്പെ​ട്ടു. തങ്ങളുടെ സ്വർഗീയ പിതാ​വി​നെ സ്‌നേ​ഹ​പൂർവം അനുസ​രി​ക്കു​ന്ന​തി​നു പകരം അവർ സ്വാർഥ​പൂർവം അവനെ​തി​രെ മത്സരിച്ചു.—ഉല്‌പത്തി 2-ാം അധ്യായം.

22. ഏദെനി​ലെ മത്സര​ത്തോ​ടു​ള്ള യഹോ​വ​യു​ടെ പ്രതി​ക​ര​ണം അവന്റെ സ്‌നേഹം വിശ്വ​സ്‌ത​മാണ്‌ എന്നു തെളി​യി​ച്ചത്‌ എങ്ങനെ?

22 യഹോ​വ​യെ അത്‌ എത്ര വേദനി​പ്പി​ച്ചി​രി​ക്ക​ണം! എന്നാൽ ഈ മത്സരം അവന്റെ സ്‌നേ​ഹ​നിർഭ​ര​മാ​യ ഹൃദയത്തെ രോഷാ​കു​ല​മാ​ക്കി​യോ? ഇല്ല! “അവന്റെ ദയ [“സ്‌നേ​ഹ​ദയ,” NW] എന്നേക്കു​മു​ള്ള”താണ്‌. (സങ്കീർത്ത​നം 136:1) അങ്ങനെ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും, ശരിയായ ഹൃദയ​നി​ല​യു​ള്ള ഓരോ സന്തതി​യെ​യും വീണ്ടെ​ടു​ക്കാ​നാ​യി സ്‌നേ​ഹ​നിർഭ​ര​മാ​യ ക്രമീ​ക​ര​ണ​ങ്ങൾ ചെയ്യാൻ അവൻ പെട്ടെ​ന്നു​ത​ന്നെ തീരു​മാ​നി​ച്ചു. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ആ ക്രമീ​ക​ര​ണ​ങ്ങ​ളിൽ അവന്റെ പ്രിയ​പു​ത്ര​ന്റെ മറുവി​ല​യാ​ഗം ഉൾപ്പെ​ട്ടി​രു​ന്നു, അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര വലിയ ത്യാഗ​മാ​യി​രു​ന്നു അത്‌!—1 യോഹ​ന്നാൻ 4:10.

23. യഹോവ “സന്തുഷ്ട​നാ​യ ദൈവം” ആയിരി​ക്കു​ന്ന​തി​ന്റെ ഒരു കാരണം എന്താണ്‌, അടുത്ത അധ്യാ​യ​ത്തിൽ ഏതു സുപ്ര​ധാ​ന ചോദ്യം ചർച്ച​ചെ​യ്യും?

23 അതേ, തുടക്കം മുതൽ യഹോവ മനുഷ്യ​വർഗ​ത്തോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തിൽ മുൻകൈ എടുത്തി​രി​ക്കു​ന്നു. ഒട്ടേറെ വിധങ്ങ​ളിൽ ‘അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ചു.’ സ്‌നേഹം ഐക്യ​ത്തെ​യും സന്തോ​ഷ​ത്തെ​യും ഉന്നമി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യെ “സന്തുഷ്ട​നാ​യ ദൈവം” എന്നു വർണി​ച്ചി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല. (1 തിമൊ​ഥെ​യൊസ്‌ 1:11, NW) എന്നിരു​ന്നാ​ലും, ഒരു പ്രധാ​ന​പ്പെട്ട ചോദ്യം ഉദിക്കു​ന്നു. വ്യക്തി​ക​ളെന്ന നിലയിൽ നമ്മെ യഹോവ വാസ്‌ത​വ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? അടുത്ത അധ്യായം അതു ചർച്ച​ചെ​യ്യും.

^ “പ്രിയ​പ്പെ​ടു​ക, ഇഷ്ടപ്പെ​ടു​ക” (ഒരു അടുത്ത സുഹൃ​ത്തി​നോ​ടോ ഒരു സഹോ​ദ​ര​നോ​ടോ തോന്നുന്ന പ്രകാരം) എന്നർഥ​മു​ള്ള ഫീലി​യോ എന്ന ക്രിയ മിക്ക​പ്പോ​ഴും ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. സ്റ്റോർഘി എന്ന പദത്തിന്റെ ഒരു രൂപം അല്ലെങ്കിൽ അടുത്ത കുടും​ബ​സ്‌നേ​ഹം 2 തിമൊ​ഥെ​യൊസ്‌ 3:3-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം, അന്ത്യനാ​ളു​ക​ളിൽ അത്തരം സ്‌നേഹം തീരെ ഉണ്ടായി​രി​ക്കി​ല്ലെ​ന്നു കാണി​ക്കാ​നാണ്‌ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സ്‌ത്രീ​പു​രു​ഷ​ന്മാർ തമ്മിലുള്ള പ്രേമാ​ത്മക സ്‌നേ​ഹ​ത്തെ കുറി​ക്കു​ന്ന ഈറോസ്‌ എന്ന പദം ക്രിസ്‌തീ​യ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​ട്ടി​ല്ല, ഇത്തരം സ്‌നേ​ഹ​ത്തെ കുറിച്ചു ബൈബിൾ ചർച്ച​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും.—സദൃശ​വാ​ക്യ​ങ്ങൾ 5:15-20.

^ സമാനമായ ഘടനയുള്ള വേറെ ചില തിരു​വെ​ഴു​ത്തു പ്രസ്‌താ​വ​ന​ക​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “ദൈവം വെളിച്ചം ആകുന്നു” എന്നും “ദൈവം ദഹിപ്പി​ക്കു​ന്ന അഗ്നി ആകുന്നു” എന്നും ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 1:5; എബ്രായർ 12:29, NW) എന്നാൽ ഇവ രൂപകാ​ല​ങ്കാ​ര​ങ്ങ​ളാണ്‌ എന്നതു മനസ്സിൽ പിടി​ക്ക​ണം. കാരണം അവ യഹോ​വ​യെ ഭൗതിക സംഗതി​ക​ളോ​ടു സാദൃ​ശ്യ​പ്പെ​ടു​ത്തു​ന്നു. യഹോവ വെളി​ച്ച​ത്തി​നു സദൃശ​നാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ വിശു​ദ്ധ​നും നേരു​ള്ള​വ​നും ആണ്‌. അവനിൽ “അന്ധകാര”മോ അശുദ്ധി​യോ ഇല്ല. അവൻ സംഹാ​ര​ശ​ക്തി ഉപയോ​ഗി​ക്കു​ന്ന​തി​നാൽ അവനെ അഗ്നി​യോ​ടും സാദൃ​ശ്യ​പ്പെ​ടു​ത്താം.