വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 12

“ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ?”

“ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ?”

1. അനീതി​പ്ര​വൃ​ത്തി​കൾ നമ്മെ എങ്ങനെ ബാധി​ച്ചേ​ക്കാം?

 വൃദ്ധയായ ഒരു വിധവ​യു​ടെ ആയുഷ്‌കാ​ല സമ്പാദ്യം ഒരുവൻ തട്ടി​യെ​ടു​ക്കു​ന്നു. സ്‌നേ​ഹ​ശൂ​ന്യ​യാ​യ ഒരു അമ്മ തന്റെ നിസ്സഹായ ശിശു​വി​നെ ഉപേക്ഷിച്ച്‌ കടന്നു​ക​ള​യു​ന്നു. ചെയ്യാത്ത കുറ്റത്തിന്‌ ഒരു മനുഷ്യൻ തടവി​ലാ​ക്ക​പ്പെ​ടു​ന്നു. ഈ സംഭവ​ങ്ങ​ളോ​ടു നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? ഇവയിൽ ഓരോ​ന്നും നിങ്ങളെ അലോ​സ​ര​പ്പെ​ടു​ത്താ​നി​ട​യുണ്ട്‌. അതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. മനുഷ്യ​രാ​യ നമുക്ക്‌ ശരിയും തെറ്റും സംബന്ധിച്ച്‌ ശക്തമായ ഒരു അവബോ​ധ​മുണ്ട്‌. അനീതി നമ്മെ രോഷാ​കു​ല​രാ​ക്കു​ന്നു. അനീതി​ക്കി​ര​യാ​യ ആൾക്ക്‌ നഷ്ടപരി​ഹാ​രം കിട്ടണ​മെ​ന്നും കുറ്റക്കാ​രൻ ശിക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും നാം ആഗ്രഹി​ക്കു​ന്നു. അതു സംഭവി​ക്കു​ന്നി​ല്ലെ​ങ്കിൽ, ‘ദൈവം ഇതൊ​ന്നും കാണു​ന്നി​ല്ലേ? അവൻ എന്തു​കൊണ്ട്‌ നടപടി സ്വീക​രി​ക്കു​ന്നി​ല്ല?’ എന്നു നാം ചിന്തി​ച്ചേ​ക്കാം.

2. ഹബക്കൂക്‌ അനീതി​യോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു, യഹോവ ഇതിന്‌ അവനെ വിമർശി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

2 ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോ​വ​യു​ടെ വിശ്വ​സ്‌ത ദാസന്മാർ ഇതു​പോ​ലു​ള്ള ചോദ്യ​ങ്ങൾ ചോദി​ച്ചി​ട്ടുണ്ട്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഹബക്കൂക്‌ പ്രവാ​ച​കൻ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഞാൻ അനീതി സഹിക്കു​വാൻ അങ്ങ്‌ അനുവ​ദി​ക്കു​ന്ന​തെന്ത്‌? അവിടുന്ന്‌ അന്യാ​യ​ത്തെ സഹിക്കു​ന്ന​തെന്ത്‌? നാശവും അക്രമ​വും എന്റെ മുമ്പി​ലുണ്ട്‌. കലഹവും ഭിന്നത​യും വർദ്ധി​ക്കു​ന്നു.” (ഹബക്കൂക്‌ 1:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്ത​രം) ഹബക്കൂ​ക്കി​ന്റെ നിഷ്‌ക​പ​ട​മാ​യ അന്വേ​ഷ​ണ​ത്തിന്‌ യഹോവ അവനെ വിമർശി​ച്ചി​ല്ല, കാരണം നീതി എന്ന ആശയം മനുഷ്യ​രിൽ ഉൾനട്ടത്‌ അവനാണ്‌. അതേ, യഹോവ തന്റെ പൂർണ​മാ​യ നീതി​ബോ​ധ​ത്തി​ന്റെ ഒരു ചെറിയ അംശം നൽകി നമ്മെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.

യഹോവ അനീതി വെറു​ക്കു​ന്നു

3. യഹോവ അനീതി സംബന്ധിച്ച്‌ നമ്മെക്കാൾ ബോധ​വാ​നാണ്‌ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

3 അനീതി യഹോ​വ​യു​ടെ ശ്രദ്ധയിൽ പെടാ​തി​രി​ക്കു​ന്നി​ല്ല. എന്താണു നടക്കു​ന്നത്‌ എന്ന്‌ അവന്‌ അറിയാം. നോഹ​യു​ടെ നാളി​നെ​ക്കു​റി​ച്ചു ബൈബിൾ നമ്മോട്‌ ഇങ്ങനെ പറയുന്നു: “ഭൂമി​യിൽ മനുഷ്യ​ന്റെ ദുഷ്ടത വലിയ​തെ​ന്നും അവന്റെ ഹൃദയ​വി​ചാ​ര​ങ്ങ​ളു​ടെ നിരൂ​പ​ണ​മൊ​ക്കെ​യും എല്ലായ്‌പോ​ഴും ദോഷ​മു​ള്ള​ത​ത്രേ എന്നും യഹോവ കണ്ടു.” (ഉല്‌പത്തി 6:5) ആ പ്രസ്‌താ​വ​ന​യു​ടെ പ്രാധാ​ന്യം പരിചി​ന്തി​ക്കു​ക. മിക്ക​പ്പോ​ഴും അനീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം നാം കേട്ടി​ട്ടു​ള്ള​തോ വ്യക്തി​പ​ര​മാ​യി അഭിമു​ഖീ​ക​രി​ച്ചി​ട്ടു​ള്ള​തോ ആയ ഏതാനും സംഭവ​ങ്ങ​ളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. നേരെ​മ​റിച്ച്‌, യഹോവ ആഗോ​ള​മാ​യ അളവി​ലു​ള്ള അനീതി​യെ കുറിച്ചു ബോധ​വാ​നാണ്‌. അവൻ അതെല്ലാം കാണുന്നു! അതിലു​പ​രി​യാ​യി, അവന്‌ ഹൃദയ​ചാ​യ്‌വു​ക​ളെ—അനീതി​പ്ര​വൃ​ത്തി​ക​ളു​ടെ പിന്നിലെ അധഃപ​തി​ച്ച ചിന്തയെ—വിവേ​ചി​ച്ച​റി​യാൻ കഴിയും.—യിരെ​മ്യാ​വു 17:10.

4, 5. (എ) അന്യാ​യ​മാ​യ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്കു​വേ​ണ്ടി യഹോവ കരുതു​ന്നു​വെന്ന്‌ ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു? (ബി) യഹോ​വ​ത​ന്നെ അനീതി അനുഭ​വി​ച്ചത്‌ ഏതു വിധത്തിൽ?

4 എന്നാൽ യഹോവ കേവലം അനീതി​യെ ഗൗനി​ക്കു​ന്ന​തി​ല​ധി​കം ചെയ്യുന്നു. അതിന്‌ ഇരയാ​യ​വർക്കാ​യി അവൻ കരുതു​ന്നു. ശത്രു​ജ​ന​ത​കൾ അവന്റെ ജനത്തോ​ടു ക്രൂര​മാ​യി പെരു​മാ​റി​യ​പ്പോൾ, അവരെ “ഉപദ്ര​വി​ച്ചു പീഡി​പ്പി​ക്കു​ന്ന​വ​രു​ടെ നിമിത്തം ഉള്ള അവരുടെ നിലവി​ളി​യി​ങ്കൽ യഹോ​വെ​ക്കു മനസ്സലി​വു” തോന്നി. (ന്യായാ​ധി​പ​ന്മാർ 2:18) എത്രയ​ധി​കം അനീതി കാണു​ന്നു​വോ ചില ആളുക​ളു​ടെ മനസ്സ്‌ അത്രയ​ധി​കം തഴമ്പി​ക്കു​ന്ന​താ​യി നിങ്ങൾ കണ്ടിട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ യഹോ​വ​യെ സംബന്ധിച്ച്‌ അങ്ങനെയല്ല! അവൻ ഏതാണ്ട്‌ 6,000 വർഷം അനീതി​യെ അതിന്റെ മുഴു​വ്യാ​പ്‌തി​യോ​ടെ കണ്ടിരി​ക്കു​ന്നു. എങ്കിലും അതി​നോ​ടു​ള്ള അവന്റെ വെറു​പ്പിന്‌ ഒട്ടും കുറവു വന്നിട്ടില്ല. “വ്യാജ​മു​ള്ള നാവും” “കുറ്റമി​ല്ലാ​ത്ത രക്തം ചൊരി​യു​ന്ന കയ്യും” “ഭോഷ്‌കു പറയുന്ന കള്ളസാ​ക്ഷി​യും” എല്ലാം യഹോ​വ​യ്‌ക്കു വെറു​പ്പാ​കു​ന്നു എന്നു ബൈബിൾ നമുക്ക്‌ ഉറപ്പു​നൽകു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 6:16-19.

5 ഇസ്രാ​യേ​ലി​ലെ നീതി​കെട്ട നേതാ​ക്ക​ന്മാ​രെ സംബന്ധിച്ച യഹോ​വ​യു​ടെ ശക്തമായ വിമർശ​ന​വും പരിചി​ന്തി​ക്കു​ക. “ന്യായം അറിയു​ന്ന​തു നിങ്ങൾക്കു വിഹി​ത​മ​ല്ല​യോ?” എന്ന്‌ അവരോ​ടു ചോദി​ക്കാൻ ദൈവം തന്റെ പ്രവാ​ച​ക​നെ നിശ്വ​സ്‌ത​നാ​ക്കി. അവരുടെ അധികാര ദുർവി​നി​യോ​ഗ​ത്തെ വളരെ ശക്തമായി തുറന്നു​കാ​ട്ടി​യ​ശേ​ഷം അഴിമ​തി​ക്കാ​രാ​യ ഈ മനുഷ്യർക്കു നേരി​ടാൻ പോകുന്ന ഭവിഷ്യ​ത്തി​നെ കുറിച്ച്‌ യഹോവ മുൻകൂ​ട്ടി പറഞ്ഞു: “അന്നു അവർ യഹോ​വ​യോ​ടു നിലവി​ളി​ക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളു​ക​യി​ല്ല; അവർ ദുഷ്‌പ്ര​വൃ​ത്തി​ക​ളെ ചെയ്‌ത​തി​നൊ​ത്ത​വ​ണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.” (മീഖാ 3:1-4) അനീതി​യെ യഹോവ എത്രയ​ധി​ക​മാ​ണു വെറു​ക്കു​ന്നത്‌! അവൻതന്നെ അത്‌ നേരിട്ട്‌ അനുഭ​വി​ച്ചി​ട്ടുണ്ട്‌! ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി സാത്താൻ അന്യാ​യ​മാ​യി അവനെ നിന്ദി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 27:11) കൂടാതെ, ‘പാപം ചെയ്യാത്ത’ തന്റെ പുത്രൻ ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ വധിക്ക​പ്പെ​ട്ട​പ്പോൾ ഏറ്റവും കൊടിയ അനീതി യഹോ​വ​യ്‌ക്കു​ത​ന്നെ അനുഭ​വി​ക്കേ​ണ്ടി​വ​ന്നു. (1 പത്രൊസ്‌ 2:22; യെശയ്യാ​വു 53:9) അനീതി അനുഭ​വി​ക്കു​ന്ന​വ​രോട്‌ യഹോവ അവഗണ​ന​യോ ഉദാസീ​ന​ത​യോ കാണി​ക്കു​ന്നി​ല്ല എന്നു വ്യക്തമാണ്‌.

6. അനീതി കാണു​മ്പോൾ നാം എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

6 എന്നാലും, അനീതി കാണു​മ്പോൾ—അല്ലെങ്കിൽ അന്യാ​യ​മാ​യ പെരു​മാ​റ്റ​ത്തിന്‌ ഇരകളാ​യി​ത്തീ​രു​മ്പോൾ—നാം ശക്തമായി പ്രതി​ക​രി​ക്കു​ന്ന​തു സ്വാഭാ​വി​കം മാത്ര​മാണ്‌. നാം ദൈവ​ത്തി​ന്റെ സ്വരൂ​പ​ത്തി​ലാണ്‌ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, മാത്ര​വു​മല്ല, അനീതി യഹോവ പ്രതി​നി​ധാ​നം ചെയ്യുന്ന സകലത്തി​നും കടകവി​രു​ദ്ധ​മാണ്‌. (ഉല്‌പത്തി 1:27) അങ്ങനെ​യെ​ങ്കിൽ യഹോവ അനീതി അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രം സംബന്ധിച്ച വിവാ​ദ​വി​ഷ​യം

7. യഹോ​വ​യു​ടെ പരമാ​ധി​കാ​രം വെല്ലു​വി​ളി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യെ​ന്നു വിശദ​മാ​ക്കു​ക.

7 ഈ ചോദ്യ​ത്തി​ന്റെ ഉത്തരം പരമാ​ധി​കാ​രം സംബന്ധിച്ച വിവാ​ദ​വി​ഷ​യ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ഭൂമി​യെ​യും അതിൽ വസിക്കുന്ന സകല​രെ​യും ഭരിക്കു​ന്ന​തി​നു​ള്ള അവകാശം സ്രഷ്ടാ​വി​നുണ്ട്‌. (സങ്കീർത്ത​നം 24:1; വെളി​പ്പാ​ടു 4:11) എന്നിരു​ന്നാ​ലും, മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ പ്രാരം​ഭ​ത്തിൽ യഹോ​വ​യു​ടെ പരമാ​ധി​കാ​രം വെല്ലു​വി​ളി​ക്ക​പ്പെ​ട്ടു. ഇത്‌ എങ്ങനെ സംഭവി​ച്ചു? ആദ്യമ​നു​ഷ്യ​നാ​യ ആദാമി​നോട്‌ അവന്റെ പറുദീ​സാ​ഭ​വ​ന​മാ​യി​രുന്ന തോട്ട​ത്തി​ലെ ഒരു വൃക്ഷത്തിൽനി​ന്നു ഭക്ഷിക്ക​രു​തെന്ന്‌ യഹോവ കൽപ്പി​ച്ചി​രു​ന്നു. അവൻ അത്‌ അനുസ​രി​ച്ചി​ല്ലെ​ങ്കി​ലോ? “നീ നിശ്ചയ​മാ​യും മരിക്കും” എന്ന്‌ ദൈവം അവനോ​ടു പറഞ്ഞു. (ഉല്‌പത്തി 2:17, NW) ആദാമി​നെ​യും അവന്റെ ഭാര്യ​യാ​യ ഹവ്വാ​യെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, ദൈവ​ത്തി​ന്റെ കൽപ്പന അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള ഒന്നായി​രു​ന്നി​ല്ല. എന്നുവ​രി​കി​ലും ദൈവം അനുചി​ത​മാ​യി നിയ​ന്ത്ര​ണം വെക്കു​ക​യാ​ണെന്ന്‌ സാത്താൻ ഹവ്വായെ ബോധ്യ​പ്പെ​ടു​ത്തി. ആ വൃക്ഷത്തിൽനിന്ന്‌ അവൾ ഭക്ഷിച്ചാൽ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു? സാത്താൻ ഹവ്വാ​യോ​ടു പറഞ്ഞു: “നിങ്ങൾ മരിക്ക​യി​ല്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറക്ക​യും നിങ്ങൾ നന്മതി​ന്മ​ക​ളെ അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകയും ചെയ്യും എന്നു ദൈവം അറിയു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—ഉല്‌പത്തി 3:1-5.

8. (എ) ഹവ്വാ​യോ​ടു​ള്ള തന്റെ പ്രസ്‌താ​വ​ന​ക​ളാൽ സാത്താൻ എന്തു സൂചി​പ്പി​ച്ചു? (ബി) ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രം സംബന്ധിച്ച്‌ സാത്താൻ എന്താണു വെല്ലു​വി​ളി​ച്ചത്‌?

8 പ്രധാ​ന​പ്പെട്ട എന്തോ ഒന്ന്‌ യഹോവ ഹവ്വായിൽനി​ന്നു പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അവൻ അവളോ​ടു ഭോഷ്‌കു പറഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഈ പ്രസ്‌താ​വ​ന​യി​ലൂ​ടെ സാത്താൻ സൂചി​പ്പി​ച്ചു. ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ സത്യതയെ ചോദ്യം ചെയ്യാ​തി​രി​ക്കാൻ സാത്താൻ ശ്രദ്ധിച്ചു. എന്നാൽ അവൻ അതിന്റെ ഔചി​ത്യ​ത്തെ​യും അർഹത​യെ​യും നീതി​യു​ക്ത​ത​യെ​യും ചോദ്യം ചെയ്യു​ക​ത​ന്നെ ചെയ്‌തു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നീതി​നി​ഷ്‌ഠ​മാ​യ ഒരു വിധത്തി​ലോ തന്റെ പ്രജക​ളു​ടെ ഉത്തമ താത്‌പ​ര്യ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യോ അല്ല യഹോവ തന്റെ പരമാ​ധി​കാ​രം പ്രയോ​ഗി​ക്കു​ന്ന​തെന്ന്‌ അവൻ വാദിച്ചു.

9. (എ) ആദാമി​നും ഹവ്വായ്‌ക്കും തങ്ങളുടെ അനുസ​ര​ണ​ക്കേ​ടിന്‌ എന്ത്‌ ഫലം ലഭിച്ചു, ഇത്‌ ഏതു മർമ​പ്ര​ധാ​ന ചോദ്യ​ങ്ങൾ ഉയർത്തി? (ബി) യഹോവ മത്സരി​ക​ളെ ഉടനെ നശിപ്പി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 തത്‌ഫ​ല​മാ​യി, വിലക്ക​പ്പെട്ട വൃക്ഷത്തിൽനി​ന്നു ഭക്ഷിച്ചു​കൊണ്ട്‌ ആദാമും ഹവ്വായും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണിച്ചു. അവരുടെ അനുസ​ര​ണ​ക്കേട്‌ ദൈവം കൽപ്പി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ അവരെ മരണത്തിന്‌ അർഹരാ​ക്കി. സാത്താന്റെ ഭോഷ്‌ക്‌ ചില മർമ​പ്ര​ധാ​ന ചോദ്യ​ങ്ങൾ ഉയർത്തി. യഹോ​വ​യ്‌ക്കു വാസ്‌ത​വ​ത്തിൽ മനുഷ്യ​വർഗ​ത്തെ ഭരിക്കാ​നു​ള്ള അവകാ​ശ​മു​ണ്ടോ, അതോ മനുഷ്യൻത​ന്നെ മനുഷ്യ​നെ ഭരിക്ക​ണ​മോ? സാധ്യ​മാ​യ ഏറ്റവും നല്ല വിധത്തി​ലാ​ണോ യഹോവ തന്റെ പരമാ​ധി​കാ​രം പ്രയോ​ഗി​ക്കു​ന്നത്‌? യഹോ​വ​യ്‌ക്കു തന്റെ സർവശക്തി ഉപയോ​ഗിച്ച്‌ മത്സരി​ക​ളെ അപ്പോൾത്ത​ന്നെ നശിപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ ഉന്നയി​ക്ക​പ്പെട്ട പ്രശ്‌ന​ങ്ങൾ ദൈവ​ത്തി​ന്റെ ശക്തിയെ അല്ല ഭരണാ​ധി​പ​ത്യ​ത്തെ സംബന്ധി​ക്കു​ന്ന​താ​യി​രു​ന്നു. അതു​കൊണ്ട്‌ ആദാമി​നെ​യും ഹവ്വാ​യെ​യും സാത്താ​നെ​യും നീക്കം ചെയ്യു​ന്നത്‌ ദൈവ​ത്തി​ന്റെ ഭരണത്തി​ന്റെ നീതി​യു​ക്തത തെളി​യി​ക്കു​ക​യി​ല്ലാ​യി​രു​ന്നു. മറിച്ച്‌, അത്‌ അവന്റെ ഭരണാ​ധി​പ​ത്യ​ത്തി​നെ​തി​രെ കൂടുതൽ ചോദ്യ​ങ്ങൾ ഉയർന്നു​വ​രാൻ ഇടയാ​ക്കു​മാ​യി​രു​ന്നു. മനുഷ്യർക്ക്‌ ദൈവത്തെ ആശ്രയി​ക്കാ​തെ തങ്ങളെ​ത്ത​ന്നെ വിജയ​ക​ര​മാ​യി ഭരിക്കാൻ കഴിയു​മോ എന്നു നിർണ​യി​ക്കാ​നു​ള്ള ഏകമാർഗം അതു തെളി​യി​ക്കാൻ കൂടുതൽ സമയം അനുവ​ദി​ക്കു​ക എന്നതാ​യി​രു​ന്നു.

10. മാനു​ഷ​ഭ​ര​ണം സംബന്ധിച്ച്‌ ചരിത്രം എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

10 കാലം എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു? സഹസ്രാ​ബ്ദ​ങ്ങ​ളിൽ ഉടനീളം ആളുകൾ സ്വേച്ഛാ​ധി​പ​ത്യം, ജനാധി​പ​ത്യം, സോഷ്യ​ലി​സം, കമ്മ്യൂ​ണി​സം എന്നിങ്ങനെ അനേകം ഭരണരൂ​പ​ങ്ങൾ പരീക്ഷി​ച്ചു നോക്കി​യി​രി​ക്കു​ന്നു. അവയുടെ പരിണ​ത​ഫ​ല​ങ്ങ​ളെ ബൈബിൾ ഇപ്രകാ​രം സംഗ്ര​ഹി​ച്ചു​പ​റ​യു​ന്നു: ‘മനുഷ്യൻ അവന്റെ ദോഷ​ത്തി​നാ​യി മനുഷ്യ​ന്റെ​മേൽ അധികാ​രം നടത്തി​യി​രി​ക്കു​ന്നു.’ (സഭാ​പ്ര​സം​ഗി 8:9, NW) പ്രവാ​ച​ക​നാ​യ യിരെ​മ്യാവ്‌ നല്ല കാരണ​ത്തോ​ടെ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “യഹോവേ, മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വ​ന്നു തന്റെ കാലടി​ക​ളെ നേരെ ആക്കുന്ന​തും സ്വാധീ​ന​മല്ല എന്നു ഞാൻ അറിയു​ന്നു.”—യിരെ​മ്യാ​വു 10:23.

11. മനുഷ്യ​വർഗം കഷ്ടപ്പാ​ടി​നു വിധേ​യ​മാ​കാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

11 മനുഷ്യ​വർഗ​ത്തി​ന്റെ സ്വാത​ന്ത്ര്യം അല്ലെങ്കിൽ സ്വയം​ഭ​ര​ണം വളരെ​യ​ധി​കം ദുരി​ത​ങ്ങൾ വരുത്തി​വെ​ക്കു​മെന്ന്‌ ആദ്യം മുതലേ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അപ്പോൾ അനിവാ​ര്യ​മാ​യ ഈ സാഹച​ര്യം തുടരാൻ അനുവ​ദി​ച്ചത്‌ അവനെ സംബന്ധിച്ച്‌ അന്യാ​യ​മാ​യി​രു​ന്നോ? അശേഷമല്ല! ദൃഷ്ടാ​ന്ത​ത്തിന്‌, ജീവനു ഭീഷണി​യാ​യ ഒരു രോഗം സുഖ​പ്പെ​ടു​ത്താൻ നിങ്ങളു​ടെ കുട്ടിക്ക്‌ ഒരു ശസ്‌ത്ര​ക്രി​യ ആവശ്യ​മാ​ണെ​ന്നി​രി​ക്കട്ടെ. ഈ ശസ്‌ത്ര​ക്രി​യ നിങ്ങളു​ടെ കുട്ടിക്ക്‌ ഒരള​വോ​ളം വേദന വരുത്തു​മെ​ന്നു നിങ്ങൾ തിരി​ച്ച​റി​യു​ന്നു, ഇതു നിങ്ങളെ അതിയാ​യി ദുഃഖി​പ്പി​ക്കു​ന്നു. അതേസ​മ​യം, ഈ നടപടി മൂലം പിൽക്കാല ജീവി​ത​ത്തിൽ അവനു മെച്ചപ്പെട്ട ആരോ​ഗ്യം ആസ്വദി​ക്കാൻ കഴിയു​മെന്ന്‌ നിങ്ങൾക്ക്‌ അറിയാം. സമാന​മാ​യി, മാനു​ഷ​ഭ​ര​ണം അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്നത്‌ ഒരളവു​വ​രെ വേദന​യും കഷ്ടപ്പാ​ടും കൈവ​രു​ത്തു​മെ​ന്നു ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു—അവൻ അത്‌ മുൻകൂ​ട്ടി പറയുക പോലും ചെയ്‌തു. (ഉല്‌പത്തി 3:16-19) മത്സരത്തി​ന്റെ ഭവിഷ്യ​ത്തു​കൾ കാണാൻ മുഴു മനുഷ്യ​വർഗ​ത്തെ​യും അനുവ​ദി​ച്ചാൽ മാത്രമേ നിലനിൽക്കു​ന്ന​തും അർഥവ​ത്തു​മാ​യ ആശ്വാസം സാധ്യ​മാ​കു​ക​യു​ള്ളു എന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. ഈ വിധത്തിൽ വിവാ​ദ​വി​ഷ​യം എന്നേക്കു​മാ​യി, സകല നിത്യ​ത​യി​ലേ​ക്കു​മാ​യി, പരിഹ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

മനുഷ്യ​ന്റെ നിർമലത സംബന്ധിച്ച വിവാ​ദ​വി​ഷ​യം

12. ഇയ്യോ​ബി​ന്റെ കാര്യ​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, സാത്താൻ മനുഷ്യർക്കെ​തി​രെ എന്ത്‌ ആരോ​പ​ണം ഉന്നയിച്ചു?

12 ഈ സംഗതി​ക്കു മറ്റൊരു വശമുണ്ട്‌. ദൈവ ഭരണത്തി​ന്റെ ഔചി​ത്യ​ത്തെ​യും നീതി​യു​ക്ത​ത​യെ​യും വെല്ലു​വി​ളി​ക്കു​ക​വ​ഴി സാത്താൻ യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംബന്ധി​ച്ചു മാത്രമല്ല ദൂഷണം പറഞ്ഞത്‌, ദൈവ​ദാ​സ​ന്മാ​രു​ടെ നിർമ​ല​ത​യ്‌ക്കെ​തി​രെ​യും അവൻ ദൂഷണം പറഞ്ഞു. ദൃഷ്ടാ​ന്ത​ത്തിന്‌, നീതി​മാ​നാ​യ ഇയ്യോ​ബി​നെ കുറിച്ച്‌ സാത്താൻ യഹോ​വ​യോ​ടു പറഞ്ഞതു ശ്രദ്ധി​ക്കു​ക: “നീ അവന്നും അവന്റെ വീട്ടി​ന്നും അവന്നുള്ള സകലത്തി​ന്നും ചുററും വേലി​കെ​ട്ടീ​ട്ടി​ല്ല​യോ? നീ അവന്റെ പ്രവൃ​ത്തി​യെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു; അവന്റെ മൃഗസ​മ്പ​ത്തു ദേശത്തു പെരു​കി​യി​രി​ക്കു​ന്നു. തൃക്കൈ നീട്ടി അവന്നു​ള്ള​തൊ​ക്കെ​യും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജി​ച്ചു​പ​റ​യും.”—ഇയ്യോബ്‌ 1:10, 11.

13. ഇയ്യോ​ബി​നെ കുറി​ച്ചു​ള്ള കുറ്റാ​രോ​പ​ണ​ങ്ങ​ളാൽ സാത്താൻ എന്തു സൂചി​പ്പി​ച്ചു, ഇത്‌ എല്ലാ മനുഷ്യ​രെ​യും ബാധി​ക്കു​ന്നത്‌ എങ്ങനെ?

13 യഹോവ തന്റെ സംരക്ഷ​ക​ശ​ക്തി​യെ ഇയ്യോ​ബി​ന്റെ ഭക്തി നേടി​യെ​ടു​ക്കാൻ ഉപയോ​ഗി​ക്കു​ക​യാ​ണെന്നു സാത്താൻ ആരോ​പി​ച്ചു. അങ്ങനെ, ഇയ്യോ​ബി​ന്റെ നിർമലത കേവലം കപടമാ​ണെന്ന്‌, തനിക്കു ലഭിക്കുന്ന പ്രയോ​ജ​ന​ത്തെ​പ്ര​തി മാത്ര​മാണ്‌ ഇയ്യോബ്‌ ദൈവത്തെ ആരാധി​ക്കു​ന്ന​തെന്ന്‌, സാത്താൻ സൂചി​പ്പി​ച്ചു. ദൈവ​ത്തിൽനിന്ന്‌ അനു​ഗ്ര​ഹം ലഭിക്കാ​തെ വന്നാൽ, ഇയ്യോബ്‌ പോലും തന്റെ സ്രഷ്ടാ​വി​നെ ശപിക്കു​മെ​ന്നു സാത്താൻ തറപ്പിച്ചു പറഞ്ഞു. “നിഷ്‌ക​ള​ങ്ക​നും നേരു​ള്ള​വ​നും ദൈവ​ഭ​ക്ത​നും ദോഷം വിട്ടക​ലു​ന്ന​വ​നും” എന്ന നിലയിൽ ഇയ്യോബ്‌ ഒരു ഉത്തമ വ്യക്തി​യാ​ണെന്ന്‌ സാത്താന്‌ അറിയാ​മാ​യി​രു​ന്നു. * അതു​കൊണ്ട്‌ സാത്താന്‌ ഇയ്യോ​ബി​ന്റെ നിർമലത തകർക്കാൻ കഴിഞ്ഞാൽ ശേഷിച്ച മനുഷ്യ​വർഗ​ത്തെ സംബന്ധിച്ച്‌ അത്‌ എന്ത്‌ അർഥമാ​ക്കും? ഈ വിധത്തിൽ സാത്താൻ യഥാർഥ​ത്തിൽ, ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന സകലരു​ടെ​യും വിശ്വ​സ്‌ത​ത​യെ ചോദ്യം ചെയ്യു​ക​യാ​യി​രു​ന്നു. ഈ വിവാ​ദ​ത്തിൽ മറ്റു മനുഷ്യ​രെ കൂടെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ സാത്താൻ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ [ഇയ്യോബ്‌ മാത്രമല്ല] തനിക്കു​ള്ള​തൊ​ക്ക​യും തന്റെ ജീവന്നു പകരം കൊടു​ത്തു​ക​ള​യും.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—ഇയ്യോബ്‌ 1:8; 2:4.

14. മനുഷ്യർക്കെ​തി​രാ​യുള്ള സാത്താന്റെ കുറ്റാ​രോ​പ​ണ​ങ്ങൾ സംബന്ധിച്ച്‌ ചരിത്രം എന്തു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു?

14 ഇയ്യോ​ബി​നെ​പ്പോ​ലെ അനേകർ സാത്താന്റെ അവകാ​ശ​വാ​ദ​ത്തി​നു വിരു​ദ്ധ​മാ​യി, പരി​ശോ​ധ​ന​കൾക്കു മധ്യേ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടി​ട്ടുണ്ട്‌ എന്ന്‌ ചരിത്രം തെളി​യി​ച്ചി​രി​ക്കു​ന്നു. തങ്ങളുടെ വിശ്വ​സ്‌ത​ഗ​തി​യാൽ അവർ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ച്ചി​ട്ടുണ്ട്‌. തന്മൂലം, പ്രയാ​സ​ങ്ങൾക്കു വിധേ​യ​രാ​യാൽ മനുഷ്യർ ദൈവത്തെ സേവി​ക്കു​ന്ന​തിൽനി​ന്നു പിന്മാ​റും എന്ന സാത്താന്റെ അഹങ്കാ​ര​പൂർവ​ക​മാ​യ വെല്ലു​വി​ളി​ക്കു മറുപടി കൊടു​ക്കാൻ യഹോ​വ​യ്‌ക്കു സാധി​ച്ചി​രി​ക്കു​ന്നു. (എബ്രായർ 11:4-38) അതേ, ശരിയായ ഹൃദയ​നി​ല​യു​ള്ള​വർ ദൈവത്തെ ത്യജി​ച്ചു​പ​റ​യാൻ വിസമ്മ​തി​ച്ചി​രി​ക്കു​ന്നു. അത്യന്തം പ്രയാ​സ​ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളിൽപ്പെട്ട്‌ ഉഴലു​മ്പോ​ഴും സഹിച്ചു​നിൽക്കാൻ ആവശ്യ​മാ​യ ശക്തിക്കാ​യി അവർ യഹോ​വ​യെ പൂർവാ​ധി​കം ആശ്രയി​ച്ചി​രി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:7-10.

15. കഴിഞ്ഞ​കാ​ല​ത്തെ​യും ഭാവി​യി​ലെ​യും ദൈവിക ന്യായ​വി​ധി​കൾ സംബന്ധിച്ച്‌ ഏതു ചോദ്യം ഉയർന്നു​വ​ന്നേ​ക്കാം?

15 എന്നാൽ യഹോ​വ​യു​ടെ നീതി​യിൽ പരമാ​ധി​കാ​ര​ത്തി​ന്റെ​യും മനുഷ്യ​നിർമ​ല​ത​യു​ടെ​യും വിവാ​ദ​വി​ഷ​യ​ത്തെ​ക്കാൾ കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. വ്യക്തി​ക​ളോ​ടും മുഴു​ജ​ന​ത​ക​ളോ​ടു​പോ​ലു​മുള്ള ബന്ധത്തിൽ യഹോവ നടത്തിയ ന്യായ​ത്തീർപ്പു​ക​ളു​ടെ ഒരു രേഖ ബൈബിൾ നമുക്കു നൽകുന്നു. അവൻ ഭാവി​യിൽ നടത്താ​നി​രി​ക്കു​ന്ന ന്യായ​വി​ധി​ക​ളെ കുറി​ച്ചു​ള്ള പ്രവച​ന​ങ്ങ​ളും അതിൽ അടങ്ങി​യി​രി​ക്കു​ന്നു. തന്റെ ന്യായ​ത്തീർപ്പു​ക​ളിൽ യഹോവ നീതി​മാ​നാ​യി​രു​ന്നു എന്നും ഇനിയും അങ്ങനെ​ത​ന്നെ ആയിരി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവ​ത്തി​ന്റെ നീതി ഉത്‌കൃ​ഷ്ട​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

യഹോവ ‘ദുഷ്ട​നോ​ടു​കൂ​ടെ നീതി​മാ​നെ ഒരുനാ​ളും സംഹരി​ക്കു​ക​യി​ല്ല’

16, 17. യഥാർഥ നീതി​യു​ടെ കാര്യ​ത്തിൽ മനുഷ്യ​രു​ടെ കാഴ്‌ച​പ്പാട്‌ സങ്കുചി​ത​മാ​ണെന്ന്‌ ഏതു ദൃഷ്ടാ​ന്ത​ങ്ങൾ പ്രകട​മാ​ക്കു​ന്നു?

16 യഹോ​വ​യെ സംബന്ധിച്ച്‌ “അവന്റെ വഴികൾ ഒക്കെയും ന്യായം” എന്നു സത്യമാ​യി പറയാൻ കഴിയും. (ആവർത്ത​ന​പു​സ്‌ത​കം 32:4) നമ്മിൽ ആർക്കും നമ്മെക്കു​റിച്ച്‌ അത്തര​മൊ​രു അവകാ​ശ​വാ​ദം നടത്താൻ കഴിയില്ല. കാരണം മിക്ക​പ്പോ​ഴും നമ്മുടെ സങ്കുചി​ത​മാ​യ കാഴ്‌ച​പ്പാട്‌ നീതി സംബന്ധിച്ച നമ്മുടെ ഗ്രാഹ്യ​ത്തെ മറയ്‌ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, അബ്രാ​ഹാ​മി​ന്റെ കാര്യ​മെ​ടു​ക്കു​ക. സൊ​ദോ​മിൽ ദുഷ്ടത പ്രബല​മാ​യി​രു​ന്നി​ട്ടും അതിനെ നശിപ്പി​ക്കാ​നു​ള്ള തീരു​മാ​നം സംബന്ധിച്ച്‌ അവൻ യഹോ​വ​യോട്‌ ന്യായ​വാ​ദം നടത്തി. “ദുഷ്ട​നോ​ടു​കൂ​ടെ നീതി​മാ​നെ​യും നീ സംഹരി​ക്കു​മോ?” എന്ന്‌ അവൻ യഹോ​വ​യോ​ടു ചോദി​ച്ചു. (ഉല്‌പത്തി 18:23-33) തീർച്ച​യാ​യും, ഇല്ല എന്നതാ​യി​രു​ന്നു ഉത്തരം. നീതി​മാ​നാ​യ ലോത്തും അവന്റെ പുത്രി​മാ​രും സോവർ പട്ടണത്തിൽ സുരക്ഷി​ത​മാ​യി എത്തിയ​ശേ​ഷ​മാണ്‌ യഹോവ സൊ​ദോ​മി​ന്മേൽ ‘ഗന്ധകവും തീയും വർഷി​ച്ചത്‌.’ (ഉല്‌പത്തി 19:22-24) നേരെ​മ​റിച്ച്‌, ദൈവം നീനെ​വേ​യി​ലെ ജനത്തോ​ടു കരുണ കാണി​ച്ച​പ്പോൾ യോനാ​യ്‌ക്കു “കോപം വന്നു.” യോനാ നേരത്തേ അവരുടെ നാശം പ്രഖ്യാ​പി​ച്ചു കഴിഞ്ഞി​രു​ന്നു. അവരുടെ ഹൃദയം​ഗ​മ​മാ​യ അനുതാ​പം ഗണ്യമാ​ക്കാ​തെ അവർക്കു നിർമൂ​ല​നാ​ശം വന്നു കാണാൻ അവൻ ആഗ്രഹി​ച്ചു.—യോനാ 3:10-4:1.

17 ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ന്ന​തു മാത്രമല്ല, നീതി​മാ​ന്മാ​രെ രക്ഷിക്കു​ന്ന​തും തന്റെ നീതി​യിൽ ഉൾപ്പെ​ടു​ന്നു എന്ന്‌ യഹോവ അബ്രാ​ഹാ​മിന്‌ ഉറപ്പു​കൊ​ടു​ത്തു. യോനാ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം, യഹോവ കരുണാ​സ​മ്പ​ന്ന​നാ​ണെന്ന്‌ അവൻ മനസ്സി​ലാ​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ദുഷ്ടന്മാർ അവരുടെ വഴികൾക്കു മാറ്റം വരുത്തു​ന്നെ​ങ്കിൽ അവൻ ‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള​വൻ’ ആണ്‌. (സങ്കീർത്ത​നം 86:5, NW) തങ്ങളുടെ പദവി സംബന്ധിച്ച്‌ അരക്ഷി​ത​ബോ​ധ​ത്തിൽ കഴിയുന്ന ചില മനുഷ്യ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യഹോവ കേവലം തന്റെ അധികാ​രം പ്രദർശി​പ്പി​ക്കാ​നല്ല പ്രതി​കൂ​ല ന്യായ​വി​ധി നടത്തു​ന്നത്‌, താൻ ദുർബ​ല​നാ​യി വീക്ഷി​ക്ക​പ്പെ​ടും എന്ന ഭയത്താൽ അവൻ സഹാനു​ഭൂ​തി പിൻവ​ലി​ക്കു​ന്നു​മി​ല്ല. കരുണ കാണി​ക്കാൻ അടിസ്ഥാ​ന​മു​ള്ള​പ്പോ​ഴെ​ല്ലാം അവൻ അതു കാണി​ക്കു​ന്നു.—യെശയ്യാ​വു 55:7; യെഹെ​സ്‌കേൽ 18:23.

18. യഹോവ കേവലം വികാ​ര​ത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി പ്രവർത്തി​ക്കു​ന്നി​ല്ലെ​ന്നു ബൈബി​ളിൽനി​ന്നു തെളി​യി​ക്കു​ക.

18 എന്നിരു​ന്നാ​ലും, അവൻ കേവലം വികാ​ര​ത്താൽ ഭരിക്ക​പ്പെ​ടു​ന്ന​വ​നല്ല. തന്റെ ജനം വിഗ്ര​ഹാ​രാ​ധ​ന​യിൽ മുഴു​കി​യ​പ്പോൾ യഹോവ കർശന​മാ​യി ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഞാൻ . . . നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നെ ന്യായം​വി​ധി​ച്ചു നിന്റെ സകല​മ്ലേ​ച്ഛ​ത​കൾക്കും നിന്നോ​ടു പകരം​ചെ​യ്യും. എന്റെ കണ്ണു നിന്നെ ആദരി​ക്കാ​തെ​യും ഞാൻ കരുണ കാണി​ക്കാ​തെ​യും നിന്റെ നടപ്പിന്നു തക്കവണ്ണം നിന്നോ​ടു പകരം​ചെ​യ്യും.” (യെഹെ​സ്‌കേൽ 7:3, 4) അതു​കൊണ്ട്‌ മനുഷ്യർ തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്താ​തി​രി​ക്കു​മ്പോൾ യഹോവ അതനു​സ​രി​ച്ചു ന്യായം വിധി​ക്കു​ന്നു. എന്നാൽ അവന്റെ ന്യായ​വി​ധി ഈടുറ്റ തെളി​വിൽ അധിഷ്‌ഠി​ത​മാണ്‌. അങ്ങനെ, സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും കുറി​ച്ചു​ള്ള പരാതി​യു​ടെ “നിലവി​ളി” തന്റെ ചെവി​യി​ലെ​ത്തി​യ​പ്പോൾ യഹോവ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവി​ളി​പോ​ലെ അവർ കേവലം പ്രവൃ​ത്തി​ച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്നു നോക്കി അറിയും.” (ഉല്‌പത്തി 18:20, 21) എല്ലാ വസ്‌തു​ത​ക​ളും കേൾക്കു​ന്ന​തി​നു മുമ്പ്‌ തിടു​ക്ക​ത്തിൽ നിഗമ​ന​ങ്ങ​ളിൽ എത്തുന്ന പല മനുഷ്യ​രെ​യും പോ​ലെ​യല്ല യഹോവ എന്നതിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും! യഹോ​വ​യെ കുറിച്ച്‌ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ പ്രസ്‌താ​വന എത്രയോ ശരിയാണ്‌: “വിശ്വ​സ്‌ത​ത​യു​ള്ള ഒരു ദൈവം, അവനിൽ അനീതി ഇല്ല.”—ആവർത്ത​ന​പു​സ്‌ത​കം 32:4, NW.

യഹോ​വ​യു​ടെ നീതി​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക

19. യഹോവ നീതി നടപ്പാ​ക്കു​ന്ന വിധം സംബന്ധിച്ച ചില ചോദ്യ​ങ്ങൾ നമ്മെ കുഴപ്പി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

19 കഴിഞ്ഞ കാലത്തെ യഹോ​വ​യു​ടെ പ്രവർത്ത​ന​ങ്ങൾ സംബന്ധിച്ച എല്ലാ ചോദ്യ​ങ്ങ​ളും ബൈബിൾ കൈകാ​ര്യം ചെയ്യു​ന്നി​ല്ല; ഭാവി​യിൽ യഹോവ വ്യക്തി​ക​ളോ​ടും സമൂഹ​ങ്ങ​ളോ​ടു​മു​ള്ള ബന്ധത്തിൽ എങ്ങനെ ന്യായ​വി​ധി നടപ്പാ​ക്കും എന്നതു സംബന്ധിച്ച വിശദാം​ശ​ങ്ങ​ളും അതു നൽകു​ന്നി​ല്ല. അങ്ങനെ​യു​ള്ള വിശദാം​ശ​ങ്ങൾ ഇല്ലാത്ത വിവര​ണ​ങ്ങ​ളോ പ്രവച​ന​ങ്ങ​ളോ നമ്മെ കുഴപ്പി​ക്കു​ന്നെ​ങ്കിൽ മീഖാ പ്രവാ​ച​ക​ന്റെ അതേ വിശ്വ​സ്‌തത നമുക്കു പ്രകട​മാ​ക്കാൻ കഴിയും. അവൻ ഇങ്ങനെ എഴുതി: “ഞാനോ. . . .എന്റെ രക്ഷയുടെ ദൈവ​ത്തി​ന്നാ​യി കാത്തി​രി​ക്കും.”—മീഖാ 7:7.

20, 21. യഹോവ എല്ലായ്‌പോ​ഴും ശരിയാ​യ​തു ചെയ്യു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഏതു സാഹച​ര്യ​ത്തി​ലും യഹോവ നീതി പ്രവർത്തി​ക്കു​മെ​ന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. മനുഷ്യൻ അനീതി​ക്കു നേരെ കണ്ണടക്കു​ന്ന​താ​യി കാണ​പ്പെ​ടു​മ്പോ​ഴും യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “പ്രതി​കാ​രം എനിക്കു​ള്ള​തു; ഞാൻ പകരം ചെയ്യും.” (റോമർ 12:19) നാം കാത്തി​രി​പ്പിൻ മനോ​ഭാ​വം പ്രകട​മാ​ക്കു​ക​യാ​ണെ​ങ്കിൽ അപ്പൊ​സ്‌ത​ല​നാ​യ പൗലൊ​സി​ന്റെ ഈ ഉറച്ച ബോധ്യം പ്രതി​ധ്വ​നി​പ്പി​ക്കു​ക​യാ​യി​രി​ക്കും നാം ചെയ്യു​ന്നത്‌: “ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാ​ളും ഇല്ല”! —റോമർ 9:14.

21 ഇപ്പോൾ നാം “ദുർഘ​ട​സ​മ​യങ്ങ”ളിലാണു ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) അനീതി​യും “അടിച്ച​മർത്ത​ലി​ന്റേ​താ​യ നടപടിക”ളും അതി​ഘോ​ര​മാ​യ അനേകം സംഭവ​ങ്ങ​ളിൽ കലാശി​ച്ചി​രി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 4:1) എന്നിരു​ന്നാ​ലും, യഹോ​വ​യ്‌ക്കു മാറ്റമു​ണ്ടാ​യി​ട്ടി​ല്ല. അവൻ ഇപ്പോ​ഴും അനീതി വെറു​ക്കു​ന്നു. അതിന്‌ ഇരയാ​കു​ന്ന​വർക്കാ​യി അവൻ വളരെ​യ​ധി​കം കരുതു​ന്നു. നാം യഹോ​വ​യോ​ടും അവന്റെ പരമാ​ധി​കാ​ര​ത്തോ​ടും വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നെ​ങ്കിൽ തന്റെ രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ സകല അനീതി​ക​ളും​ തിരു​ത്താ​നു​ള്ള അവന്റെ നിയമിത സമയം​വ​രെ സഹിച്ചു​നിൽക്കാ​നു​ള്ള ശക്തി അവൻ നമുക്കു നൽകും. —1 പത്രൊസ്‌ 5:6, 7.

^ യഹോവ ഇയ്യോ​ബി​നെ കുറിച്ച്‌ ‘അവനെ​പ്പോ​ലെ ഭൂമി​യിൽ ആരും ഇല്ലല്ലോ’ എന്നു പറഞ്ഞു. (ഇയ്യോബ്‌ 1:8) അപ്പോൾ ഇയ്യോബ്‌ ജീവി​ച്ചി​രു​ന്നത്‌ യോ​സേ​ഫി​ന്റെ മരണ​ശേ​ഷ​വും മോശെ ഇസ്രാ​യേ​ലി​ന്റെ നിയമിത നായക​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പും ആയിരി​ക്കാ​നി​ട​യുണ്ട്‌. അങ്ങനെ, ആ കാലത്ത്‌ ഇയ്യോ​ബി​ന്റേ​തു​പോ​ലുള്ള നിർമലത ആർക്കും ഇല്ലായി​രു​ന്നു എന്നു പറയാൻ കഴിയു​മാ​യി​രു​ന്നു.