ഇങ്ങനെ തോന്നുന്നത് സ്വാഭാവികമാണോ?
പിതാവിന്റെ മരണത്തിൽ ദുഃഖിക്കുന്ന ഒരാൾ എഴുതുന്നു: “ഇംഗ്ലണ്ടിൽ വളർന്ന എന്നെ, വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കരുത് എന്ന് കുട്ടിക്കാലത്തുതന്നെ പഠിപ്പിച്ചിരുന്നു. ഒരു മുൻ സൈനികനായിരുന്ന എന്റെ ഡാഡി, ഞാൻ വിഷമിച്ചിരിക്കുമായിരുന്ന ചില സമയങ്ങളിൽ ‘നീ കരഞ്ഞുപോകരുത്!’ എന്ന് പല്ലിറുമ്മിക്കൊണ്ടു പറയുമായിരുന്നത് ഞാനോർക്കുന്നു. (ഞങ്ങൾ നാലു കുട്ടികളായിരുന്നു) അമ്മ എന്നെങ്കിലും ഞങ്ങളെ ഉമ്മ വയ്ക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്തതായി എനിക്ക് ഓർമയില്ല. എനിക്ക് 56 വയസ്സുള്ളപ്പോഴാണ് ഡാഡി മരിക്കുന്നത്. എനിക്ക് എന്തെന്നില്ലാത്ത നഷ്ടബോധം തോന്നി. എങ്കിലും ആദ്യം എനിക്ക് കരയാനേ കഴിഞ്ഞില്ല.”
ചില സംസ്കാരങ്ങളിലെ ആളുകൾ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരാണ്. അവരുടെ ഉള്ളിൽ സന്തോഷമാണെങ്കിലും, ദുഃഖമാണെങ്കിലും, അതു മറ്റുള്ളവർക്കറിയാം. അതേസമയം, ലോകത്തിന്റെ ചില ഭാഗങ്ങളിൽ, വിശേഷിച്ച് വടക്കൻ യൂറോപ്പ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ ആളുകൾ, പ്രത്യേകിച്ച് പുരുഷന്മാർ, തങ്ങളുടെ വികാരങ്ങൾ അടക്കിവെക്കാനും മറച്ചുപിടിക്കാനും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ നിങ്ങളുടെ ദുഃഖം പുറമെ കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? ബൈബിൾ എന്താണു പറയുന്നത്?
ദുഃഖിച്ചു കരഞ്ഞിട്ടുള്ളവർ—ബൈബിളിൽ
ബൈബിൾ എഴുതിയത് മധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്ത് ജീവിച്ചിരുന്ന എബ്രായരാണ്. അവർ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്ന പ്രകൃതക്കാരായിരുന്നു. ഈ വിധത്തിൽ ദുഃഖം പ്രകടിപ്പിച്ച വ്യക്തികളുടെ നിരവധി ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. കൊലചെയ്യപ്പെട്ട തന്റെ മകൻ അമ്നോനെയോർത്തു ദാവീദ് രാജാവ് വിലാപം കഴിച്ചു. വാസ്തവത്തിൽ അവൻ “വാവിട്ടുകരഞ്ഞു.” (2 ശമൂവേൽ 13:28-39) രാജത്വം അപഹരിച്ചെടുക്കാൻ ശ്രമിച്ച തന്റെ ചതിയനായ പുത്രൻ അബ്ശാലോമിന്റെ മരണത്തിൽപ്പോലും അവൻ ദുഃഖിച്ചു. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “ഉടനെ [ദാവീദ്] രാജാവു നടുങ്ങി പടിപ്പുര മാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.” (2 ശമൂവേൽ 18:33) സാധാരണഗതിയിൽ ഏതൊരു പിതാവും ചെയ്യുന്നതുപോലെ ദാവീദ് വിലപിച്ചു. മക്കൾക്കു പകരം തങ്ങൾ മരിച്ചിരുന്നെങ്കിൽ എന്ന് എത്രയോ തവണ മാതാപിതാക്കൾ ആഗ്രഹിച്ചുപോയിരിക്കുന്നു! മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുന്നത് അങ്ങേയറ്റം അസ്വാഭാവികമായി തോന്നുന്നു.
യേശു തന്റെ സ്നേഹിതനായ ലാസറിന്റെ മരണത്തോട് എങ്ങനെയാണ് പ്രതികരിച്ചത്? അവന്റെ കല്ലറയെ സമീപിക്കവേ യേശു കരഞ്ഞു. (യോഹന്നാൻ 11:30-38) പിന്നീട്, മഗ്ദലക്കാരത്തി മറിയ യേശുവിന്റെ കല്ലറയ്ക്കടുത്തുവെച്ച് കരയുകയുണ്ടായി. (യോഹന്നാൻ 20:11-16) ബൈബിൾ നൽകുന്ന പുനരുത്ഥാന പ്രത്യാശയെ കുറിച്ച് അറിയാവുന്ന ഒരു ക്രിസ്ത്യാനി, മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച തങ്ങളുടെ വിശ്വാസങ്ങൾക്ക് വ്യക്തമായ ഒരു ബൈബിൾ അടിസ്ഥാനമില്ലാത്ത ചിലരെപ്പോലെ ആശ്വാസം കൈക്കൊള്ളാനാവാത്തവിധം ദുഃഖിക്കുന്നില്ല എന്നതു ശരിതന്നെ. എന്നാൽ ഒരു സത്യക്രിസ്ത്യാനിക്ക് പുനരുത്ഥാന പ്രത്യാശ ഉണ്ടെങ്കിലും സാധാരണ വികാരങ്ങളുള്ള ഒരു മനുഷ്യനെന്ന നിലയിൽ, പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തെപ്രതി അയാൾ സ്വാഭാവികമായും സങ്കടപ്പെടുകയും വിലപിക്കുകയും ചെയ്യുന്നു.—1 തെസ്സലൊനീക്യർ 4:13, 14.
ദുഃഖിച്ചു കരയണമോ വേണ്ടയോ
ഇന്നു നമ്മുടെ പ്രതികരണങ്ങൾ സംബന്ധിച്ച് എന്ത്? വികാരങ്ങൾ പുറമേ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടോ സങ്കോചമോ അനുഭവപ്പെടുന്നുണ്ടോ? കൗൺസിലിങ് നടത്തുന്നവർ എന്താണ് നിർദേശിക്കുന്നത്? അവരുടെ ആധുനിക വീക്ഷണങ്ങൾ പലപ്പോഴും ബൈബിളിന്റെ പുരാതന നിശ്വസ്ത ജ്ഞാനത്തെ ഏറ്റുപാടുക മാത്രമാണു ചെയ്യുന്നത്. സങ്കടം തുറന്നു പ്രകടിപ്പിക്കണമെന്നും അത് അടക്കിവെക്കരുതെന്നും അവർ പറയുന്നു. ഇത് പൂർവകാല വിശ്വസ്ത പുരുഷന്മാരായ ഇയ്യോബ്, ദാവീദ്, യിരെമ്യാവ് എന്നിവരെ കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നു. അവരുടെ ദുഃഖപ്രകടനങ്ങളെ കുറിച്ച് ബൈബിളിൽ കാണാവുന്നതാണ്. തീർച്ചയായും അവർ തങ്ങളുടെ വികാരങ്ങൾ ഉള്ളിൽ ഒതുക്കിവെച്ചില്ല. അതുകൊണ്ട് നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തുന്നത് ബുദ്ധിയായിരിക്കില്ല. (സദൃശവാക്യങ്ങൾ 18:1) വ്യത്യസ്ത സംസ്കാരങ്ങളിലെ ആളുകൾ വ്യത്യസ്ത വിധങ്ങളിലാണ് ദുഃഖം പ്രകടമാക്കുന്നത്, നിലവിലുള്ള മതവിശ്വാസങ്ങളും അതിനെ സ്വാധീനിക്കുന്നു. *
നിങ്ങൾക്കു കരയണമെന്നു തോന്നുന്നെങ്കിലോ? കരയുന്നത് മനുഷ്യപ്രകൃതമാണ്. ലാസറിന്റെ മരണത്തിങ്കൽ യേശു “ഉള്ളം നൊന്തു കലങ്ങി . . . കണ്ണുനീർ വാർത്തു” എന്നോർക്കുക. (യോഹന്നാൻ 11:33, 35) അങ്ങനെ, കരയുന്നത് പ്രിയപ്പെട്ട ഒരാളുടെ മരണത്തോടുള്ള ഒരു സ്വാഭാവിക പ്രതികരണമാണ് എന്ന് അവൻ പ്രകടമാക്കി.
സിഡ്സ് (അഥവാ തൊട്ടിൽ മരണം) നിമിത്തം റെയ്ച്ചൽ എന്ന തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആനിന്റെ കാര്യം ഇതിനു തെളിവാണ്. അവളുടെ ഭർത്താവ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ശവസംസ്കാര സമയത്ത് മറ്റെല്ലാവരും കരഞ്ഞപ്പോഴും ഞങ്ങൾ രണ്ടുപേരും കരഞ്ഞില്ല എന്നതാണ് അതിശയം.” ഇതിനോടുള്ള ആനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “അത് ശരിയാണ്. പക്ഷേ, പിന്നീട് ഞങ്ങളിരുവർക്കും വേണ്ടി ഞാൻ എത്രയാണെന്നോ കരഞ്ഞത്! ആ ആഘാതത്തിന്റെ തീവ്രത എനിക്ക് പൂർണമായി അനുഭവപ്പെട്ടത് ദുരന്തം നടന്ന് ഏതാനും ആഴ്ചകൾക്കു ശേഷം, ഞാൻ വീട്ടിൽ ഒറ്റയ്ക്കായ ഒരു ദിവസമാണ്. അന്നു മുഴുവൻ ഞാൻ കരഞ്ഞു. എന്നാൽ, അതു ഗുണം ചെയ്തു എന്നു ഞാൻ കരുതുന്നു, എനിക്ക് ആശ്വാസം തോന്നി. എന്റെ കുഞ്ഞിനെ നഷ്ടമായല്ലോ എന്നോർത്തപ്പോൾ എനിക്കു കരയാതിരിക്കാൻ കഴിയുമായിരുന്നില്ല. ദുഃഖിക്കുന്ന ആളുകളെ കരയാൻ അനുവദിക്കണം എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ‘കരയാതെ’ എന്നു പറയാൻ സ്വാഭാവികമായും മറ്റുള്ളവർക്ക് തോന്നിയേക്കാം എങ്കിലും അത് യഥാർഥത്തിൽ ഗുണം ചെയ്യുന്നില്ല.”
ചിലർ പ്രതികരിക്കുന്ന വിധം
പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ തകർന്നുപോയ ചിലർ എങ്ങനെയാണു പ്രതികരിച്ചിരിക്കുന്നത്? ച്വാനീറ്റയുടെ കാര്യംതന്നെ എടുക്കാം. ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നതിന്റെ വേദന എന്താണെന്ന് അവൾക്കറിയാം. അഞ്ചു തവണ അവൾക്ക് ഗർഭം അലസിപ്പോയിരുന്നു. അങ്ങനെയിരിക്കെ അവൾ വീണ്ടും ഗർഭിണിയായി. ഒരു കാറപകടത്തിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ച്വാനീറ്റയ്ക്ക് സ്വാഭാവികമായും ഉത്കണ്ഠയുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം, മാസം തികയുന്നതിനു മുമ്പുതന്നെ, അവൾക്കു പ്രസവവേദന തുടങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ കൊച്ചു വനെസ്സ പിറന്നു—അവളുടെ തൂക്കം വെറും 900 ഗ്രാം ആയിരുന്നു. ച്വാനീറ്റയുടെ മനസ്സിൽ ഓർമകൾ ഓടിയെത്തുന്നു: “അങ്ങനെ ഒടുവിൽ ഞാൻ ഒരു അമ്മയായി! എനിക്ക് സന്തോഷം അടക്കാനായില്ല.”
പക്ഷേ, ആ സന്തോഷം ഏറെ നീണ്ടുനിന്നില്ല. നാലു ദിവസം കഴിഞ്ഞ് വനെസ്സ മരിച്ചു. ച്വാനീറ്റ ഇങ്ങനെ തുടരുന്നു: “എനിക്ക് എന്തെന്നില്ലാത്ത ശൂന്യത തോന്നി. എന്റെ മാതൃത്വം എന്നിൽനിന്ന് കവർന്നെടുക്കപ്പെട്ടു. എന്തൊക്കെയോ കുറവുള്ളതുപോലെ ഒരു തോന്നൽ. വീട്ടിൽ വനെസ്സയ്ക്കുവേണ്ടി ഞങ്ങൾ ഒരുക്കിയിരുന്ന മുറിയിൽ വന്ന്
ഞാനവൾക്കു വാങ്ങിവെച്ച കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ എന്റെ മനസ്സ് വേദനകൊണ്ട് വിങ്ങി. അടുത്ത ഏതാനും മാസത്തേക്ക്, അവൾ പിറന്നുവീണ ദിവസത്തെ കുറിച്ചുള്ള ചിന്തകൾ അയവിറക്കി ഞാൻ കഴിഞ്ഞു. ആരുമായും ഇടപഴകാൻ ഞാൻ ആഗ്രഹിച്ചില്ല.”അതിരുകടന്ന ഒരു പ്രതികരണമാണോ അത്? മറ്റുള്ളവർക്ക് അതു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. പക്ഷേ ച്വാനീറ്റയെപ്പോലെ ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവർ പറയുന്നത്, കുറെക്കാലം ജീവിച്ചിരുന്നിട്ടു മരിച്ചു പോകുന്ന ഒരു വ്യക്തിയെ കുറിച്ചു തോന്നുന്ന അത്രതന്നെ ദുഃഖം മരിച്ചുപോയ തങ്ങളുടെ കുഞ്ഞിനെപ്രതിയും തങ്ങൾക്കു തോന്നി എന്നാണ്. ഒരു കുഞ്ഞ് പിറന്നു വീഴുന്നതിനു വളരെ മുമ്പുതന്നെ മാതാപിതാക്കൾ അതിനെ സ്നേഹിച്ചു തുടങ്ങുന്നു എന്ന് അവർ പറയുന്നു. അമ്മയും കുഞ്ഞും തമ്മിൽ ഒരു പ്രത്യേക ബന്ധം ഉടലെടുക്കുന്നു. ആ കുഞ്ഞു മരിക്കുമ്പോൾ ഒരു യഥാർഥ വ്യക്തിയെ നഷ്ടപ്പെട്ട പ്രതീതിയാണ് മാതാവിന് ഉണ്ടാകുക. മറ്റുള്ളവർ അതു മനസ്സിലാക്കണം.
കോപവും കുറ്റബോധവും നിങ്ങളെ ബാധിക്കുന്ന വിധം
ജന്മനാ ഉണ്ടായിരുന്ന ഒരു ഹൃദയത്തകരാറു നിമിത്തം ആറു വയസ്സുള്ള മകൻ പെട്ടെന്നു മരിച്ചു എന്നറിഞ്ഞപ്പോൾ ഒരമ്മ സമ്മിശ്ര വികാരങ്ങളാണു പ്രകടിപ്പിച്ചത്. അവർ പറയുന്നു: “പലതരത്തിലുള്ള വികാരങ്ങളാണ് എനിക്ക് അനു ഭവപ്പെട്ടത്. എനിക്കതു വിശ്വസിക്കാനേ ആയില്ല. വല്ലാത്തൊരു മരവിപ്പും കുറ്റബോധവും എനിക്കു തോന്നി. ഒപ്പം, അവന്റെ നില എത്ര ഗുരുതരമാണ് എന്നു തിരിച്ചറിയാഞ്ഞതിന് ഭർത്താവിനോടും ഡോക്ടറോടും എന്തെന്നില്ലാത്ത ദേഷ്യവും.”
കോപം, പ്രിയപ്പെട്ട ഒരാളുടെ വേർപാടു മൂലമുണ്ടാകുന്ന ദുഃഖത്തിന്റെ മറ്റൊരു ലക്ഷണമായിരുന്നേക്കാം. അത് ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ളതാകാം. മരിച്ചുപോയ വ്യക്തിയെ അവർ കുറെക്കൂടെ നന്നായി നോക്കേണ്ടതായിരുന്നു എന്ന തോന്നലിൽനിന്നാണ് ഇത് ഉണ്ടാകുന്നത്. അല്ലെങ്കിൽ സ്നേഹിതരും ബന്ധുക്കളും അരുതാത്തത് പറഞ്ഞു അല്ലെങ്കിൽ ചെയ്തു എന്നു കരുതി അവരോടുള്ള കോപമാകാം അത്. സ്വന്തം ആരോഗ്യം വേണ്ട വിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല എന്ന കാരണത്താൽ മരിച്ച ആളോടു ദേഷ്യം തോന്നുന്നവരുമുണ്ട്. സ്റ്റെല്ല ഇങ്ങനെ പറയുന്നു: “എനിക്കെന്റെ ഭർത്താവിനോട് കോപം തോന്നിയത് ഞാൻ ഓർക്കുന്നു. കാരണം അദ്ദേഹത്തിന്റെ കാര്യത്തിൽ അത് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. തീരെ സുഖമില്ലാതിരുന്നിട്ടും അദ്ദേഹം ഡോക്ടറുടെ മുന്നറിയിപ്പുകൾ അവഗണിച്ചു.” ഒരു വ്യക്തിയുടെ മരണം ജീവിച്ചിരിക്കുന്നവരുടെമേൽ ഭാരങ്ങൾ വരുത്തിവെക്കുന്നു എന്ന കാരണത്താലും ചിലപ്പോൾ ആ വ്യക്തിയോട് ദേഷ്യം തോന്നിയേക്കാം.
കോപത്തെച്ചൊല്ലി ചിലർക്ക് കുറ്റബോധം തോന്നുന്നു—അതായത് തങ്ങൾക്ക് കോപം തോന്നുന്നല്ലോ എന്നോർത്ത് അവർ സ്വയം പഴിക്കുന്നു. മറ്റുചിലർ പ്രിയപ്പെട്ടയാളുടെ മരണത്തിന് തങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു. “ഞാൻ അദ്ദേഹത്തെ കുറെക്കൂടെ നേരത്തെ ഡോക്ടറുടെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ,” “മറ്റൊരു ഡോക്ടറെ കാണിച്ചിരുന്നെങ്കിൽ” അല്ലെങ്കിൽ “അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങളിൽ കുറെക്കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ,” “അദ്ദേഹം മരിക്കയില്ലായിരുന്നു” എന്ന് അവർ ചിന്തിച്ചുവശാകുന്നു.
മറ്റു ചിലരുടെ കുറ്റബോധം അതിനുമപ്പുറം പോകുന്നു,
വിശേഷിച്ചും പ്രിയപ്പെട്ട ആൾ മരിച്ചത് പൊടുന്നനെ, തികച്ചും അപ്രതീക്ഷിതമായിട്ടാണെങ്കിൽ. മരിച്ചുപോയ വ്യക്തിയോട് താൻ മുമ്പു കോപിച്ചതും തർക്കിച്ചതുമെല്ലാം അവർ ഓർക്കാൻ തുടങ്ങുന്നു. അല്ലെങ്കിൽ മരിച്ചുപോയ വ്യക്തിക്കായി തങ്ങൾ ചെയ്യേണ്ടത് എല്ലാമൊന്നും ചെയ്തില്ല എന്ന് അവർക്കു തോന്നിയേക്കാം.പല അമ്മമാരും കുട്ടികളുടെ വേർപാടിൽ എത്രയോ കാലമാണ് ദുഃഖിച്ചു കഴിയുന്നത്. ഒരു കുട്ടിയുടെ മരണം മാതാപിതാക്കളുടെ, വിശേഷിച്ച് മാതാവിന്റെ ജീവിതത്തിൽ, ഒരുകാലത്തും നികത്താനാകാത്ത ഒരു വിടവ് അവശേഷിപ്പിക്കുന്നു എന്നുള്ള വിദഗ്ധരുടെ അഭിപ്രായത്തിന് ഈ വസ്തുത അടിവരയിടുന്നു.
ഇണയെ നഷ്ടപ്പെടുമ്പോൾ
വൈകാരിക ആഘാതമേൽപ്പിക്കുന്ന മറ്റൊരു അനുഭവമാണ് വിവാഹപങ്കാളിയുടെ വേർപാട്, പ്രത്യേകിച്ചും ഇരുവരും ഒരുമിച്ച് വളരെ കർമനിരതമായ ജീവിതം നയിച്ചിരുന്നെങ്കിൽ. ഒന്നിച്ചു നടന്നതും ജോലിചെയ്തതും ഉല്ലസിച്ചതും അന്യോന്യം താങ്ങായിരുന്നതും എല്ലാമെല്ലാം ഓർമകൾ മാത്രമായി മാറുന്നു.
ഒരു ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് പെട്ടെന്ന് മരണമടഞ്ഞപ്പോൾ എന്തു തോന്നിയെന്ന് യൂനിസ് വിശദീകരിക്കുന്നു. “ആദ്യത്തെ ഒരാഴ്ചക്കാലം വൈകാരികമായി ആകെ മരവിച്ച ഒരു അവസ്ഥയിലായിരുന്നു ഞാൻ, ഏതാണ്ട് ഒരു ജീവച്ഛവം പോലെ. എനിക്ക് സ്വാദോ മണമോ പോലും അറിയാൻ കഴിയാതായി. എങ്കിലും എന്റെ യുക്തിബോധത്തിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. ഹൃദയശ്വാസകോശ പുനരുജ്ജീവന പ്രക്രിയയിലൂടെയും മരുന്നുകളിലൂടെയും ഡോക്ടർമാർ എന്റെ ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്തുതന്നെ
ഉണ്ടായിരുന്നു. അതുകൊണ്ട് സാധാരണ ഉണ്ടാകാറുള്ള, യാഥാർഥ്യം അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് എനിക്കുണ്ടായില്ല. എങ്കിലും കടുത്ത നിസ്സഹായതയും നിരാശാബോധവും എനിക്ക് അനുഭവപ്പെട്ടു, ചെങ്കുത്തായ ഒരു മലയുടെ വിളുമ്പിൽനിന്ന് ഒരു കാർ കുത്തനെ താഴോട്ടു പതിക്കുന്നത് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വരുന്നതുപോലുള്ള ഒരനുഭവം.”യൂനിസ് കരഞ്ഞോ? “തീർച്ചയായും, വിശേഷിച്ച് എനിക്കു ലഭിച്ച നൂറുകണക്കിന് അനുശോചന സന്ദേശങ്ങൾ വായിച്ചപ്പോൾ. ഓരോന്നും വായിച്ചു ഞാൻ കരഞ്ഞു. അത് അതതു ദിവസത്തിന്റെ ശേഷിച്ച ഭാഗത്തെ നേരിടാൻ എനിക്ക് കരുത്തു പകർന്നു. എങ്കിലും ആളുകൾ കൂടെക്കൂടെ എന്റെ ക്ഷേമം അന്വേഷിക്കുമ്പോൾ എന്റെ നിയന്ത്രണം വിട്ടുപോകുമായിരുന്നു. ഞാനാകെ തകർന്ന നിലയിലായിരുന്നു.”
ദുഃഖം സഹിച്ചു ജീവിക്കാൻ യൂനിസിനെ സഹായിച്ചത് എന്താണ്? അവർ പറയുന്നു: “എന്റെ ജീവിതവുമായി മുന്നോട്ടു പോകാൻ ഞാൻ അറിയാതെ തന്നെ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. എങ്കിലും, ജീവിതത്തെ അത്രമേൽ സ്നേഹിച്ച എന്റെ ഭർത്താവ് അതാസ്വദിക്കാൻ കൂടെയില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോഴും വേദന തോന്നുന്നു.”
“നിങ്ങളുടെ പ്രവർത്തനങ്ങളെയോ വികാരങ്ങളെയോ ഭരിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക”
ലീവ്ടേക്കിങ്—വെൻ ആൻഡ് ഹൗ ടു സേ ഗുഡ്ബൈ എന്ന പ്രസിദ്ധീകരണത്തിന്റെ എഴുത്തുകാർ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങളുടെ പ്രവർത്തനങ്ങളെയോ വികാരങ്ങളെയോ ഭരിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക. ദുഃഖിക്കുന്ന രീതി ഓരോരുത്തരിലും വ്യത്യസ്തമാണ്. നിങ്ങൾ പരിധിവിട്ട് ദുഃഖിക്കുന്നുവെന്നോ വേണ്ടതുപോലെ ദുഃഖിക്കുന്നില്ലെന്നോ മറ്റുള്ളവർ കരുതിയേക്കാം, അവർ അതു നിങ്ങളോടു പറയുകയും ചെയ്തേക്കാം. അവരോടു പൊറുക്കുക, അതു മറന്നുകളഞ്ഞേക്കുക. മറ്റുള്ളവരോ സമൂഹം ഒന്നടങ്കമോ ഒരുക്കുന്ന മൂശയിലേക്ക് നിങ്ങളെത്തന്നെ ഞെക്കിക്കൊള്ളിക്കാൻ ശ്രമിക്കുന്നെങ്കിൽ അതു നിങ്ങളുടെ വൈകാരിക ആരോഗ്യം വീണ്ടെടുക്കുന്നതിനു തടസ്സമാകുകയേ ഉള്ളൂ.”
പലരും പലവിധത്തിലാണ് തങ്ങളുടെ ദുഃഖത്തെ നേരിടുന്നത്. ഓരോരുത്തരുടെയും കാര്യത്തിൽ ഇന്ന വഴിയാണ് മറ്റേതിനെക്കാൾ എന്തുകൊണ്ടും മെച്ചം എന്നു ഞങ്ങൾ പറയുന്നില്ല. എന്നിരുന്നാലും സ്തംഭനാവസ്ഥ, അതായത് ദുഃഖാർത്തനായ വ്യക്തിക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്ന സാഹചര്യം, ഉണ്ടാകുമ്പോൾ അത് അപകടകരമാണ്. അപ്പോൾ സഹാനുഭൂതിയുള്ള സ്നേഹിതരുടെ സഹായം ആവശ്യമായിവന്നേക്കാം. ബൈബിൾ ഇപ്രകാരം പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.” അതുകൊണ്ട് സഹായം തേടാനും സംസാരിക്കാനും കരയാനും മടി വിചാരിക്കരുത്.—സദൃശവാക്യങ്ങൾ 17:17.
മരണത്തോടുള്ള ഒരു സ്വാഭാവിക പ്രതികരണമാണ് ദുഃഖം. നിങ്ങളുടെ ദുഃഖം മറ്റുള്ളവർ കാൺകെ പ്രകടിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഉത്തരം ആവശ്യമായ ചോദ്യങ്ങൾ ഇനിയുമുണ്ട്: ‘എനിക്ക് ഈ ദുഃഖവും പേറി എങ്ങനെ ജീവിക്കാൻ കഴിയും? കുറ്റബോധവും കോപവും തോന്നുന്നത് സ്വാഭാവികമാണോ? ഈ വികാരങ്ങളെ ഞാൻ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? വേർപാടും ദുഃഖവും സഹിക്കാൻ എന്നെ എന്ത് സഹായിക്കും?’ ഇവയ്ക്കും ഇതര ചോദ്യങ്ങൾക്കും അടുത്ത ഭാഗം ഉത്തരം നൽകുന്നതായിരിക്കും.
^ ഖ. 8 ദൃഷ്ടാന്തത്തിന്, നൈജീരിയയിലെ യോരുബാ വർഗക്കാർ പുനർജന്മത്തിൽ പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നവരാണ്. അതുകൊണ്ട് ഒരു അമ്മയ്ക്ക് തന്റെ കുട്ടിയെ നഷ്ടമാകുമ്പോൾ കഠിന ദുഃഖം ഉണ്ടാകുമെങ്കിലും അത് അധികനാൾ നീണ്ടുനിൽക്കില്ല. എന്തുകൊണ്ട്? ഒരു യോരുബാ പല്ലവി ഇങ്ങനെ പറയുന്നു: “തൂകിപ്പോയതു വെള്ളം മാത്രമാണ്. അതിരുന്ന പാത്രം ഉടഞ്ഞുപോയിട്ടില്ല.” യോരുബാ വർഗക്കാർ പറയുന്നതനുസരിച്ച് ജലം വഹിക്കുന്ന പാത്രമായ മാതാവിന് മറ്റൊരു കുട്ടിയെ ഗർഭം ധരിക്കാനാകും. അങ്ങനെ മരിച്ച കുട്ടിതന്നെ ഒരുപക്ഷേ പുനർജനിച്ചേക്കാം എന്ന് അവർ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ യാതൊരു പിൻബലവുമില്ലാത്ത അമർത്ത്യ ആത്മാവിന്റെയും പുനർജന്മത്തിന്റെയും വ്യാജസങ്കൽപ്പങ്ങളിൽനിന്ന് ഉയിർക്കൊണ്ട അന്ധവിശ്വാസങ്ങളെ ആധാരമാക്കിയുള്ള ഏതെങ്കിലും പാരമ്പര്യങ്ങൾ പിൻപറ്റുന്നില്ല.—സഭാപ്രസംഗി 9:5, 10.