വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹായം തേടുക

സഹായം തേടുക

സഹായം തേടുക

“തനിച്ചാ​യി​രി​ക്കുന്ന ഒരാളെ ആരെങ്കി​ലും കീഴ്‌പെ​ടു​ത്തി​യേ​ക്കാം. പക്ഷേ രണ്ടു പേർ ഒരുമി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ എതിർത്തു​നിൽക്കാ​നാ​കും.”—സഭാ​പ്ര​സം​ഗകൻ 4:12.

സഹായി​ക്കാൻ ആരെങ്കി​ലും കൂടെ​യു​ണ്ടെ​ങ്കിൽ നമുക്ക്‌ എതിരെ വരുന്ന ശത്രു എത്ര ശക്തനാ​ണെ​ങ്കി​ലും നമ്മൾ വിജയി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌. പുകവലി എന്ന ദുശ്ശീ​ല​ത്തി​ന്റെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യോ സുഹൃ​ത്തു​ക്ക​ളു​ടെ​യോ നിങ്ങളെ ആത്മാർഥ​മാ​യി സഹായി​ക്കുന്ന ക്ഷമയുള്ള മറ്റ്‌ ആരു​ടെ​യെ​ങ്കി​ലു​മോ സഹായം തേടു​ന്നതു ശരിക്കും പ്രയോ​ജനം ചെയ്‌തേ​ക്കും.

ഇനി, പുകവലി ശീലമു​ണ്ടാ​യി​രു​ന്നിട്ട്‌ അതു നിറു​ത്തി​യ​വ​രു​ടെ സഹായം ചോദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. കാരണം അവർക്കു നിങ്ങ​ളോ​ടു സഹതാപം കാണി​ക്കാൻ മാത്രമല്ല നിങ്ങളെ സഹായി​ക്കാ​നും പറ്റും. ഡെന്മാർക്കി​ലുള്ള ഒരു ക്രിസ്‌ത്യാ​നി​യായ റ്റോർബെൻ പറയുന്നു: “മറ്റുള്ള​വ​രു​ടെ സഹായം എനിക്ക്‌ എത്ര ഗുണം ചെയ്‌തെ​ന്നോ.” ഇന്ത്യയിൽനി​ന്നുള്ള എബ്രാ​ഹാം പറയുന്നു: “കുടും​ബാം​ഗ​ങ്ങ​ളും സഹക്രി​സ്‌ത്യാ​നി​ക​ളും കാണിച്ച ആത്മാർഥ​മായ സ്‌നേ​ഹ​മാണ്‌ ഇതു നിറു​ത്താൻ എന്നെ സഹായി​ച്ചത്‌.” പക്ഷേ ചില​പ്പോൾ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായം മാത്രം മതിയാ​കില്ല.

ഭഗ്‌വാൻ ദാസ്‌ എന്ന ഒരാൾ പറയുന്നു: “27 വർഷ​ത്തോ​ളം ഞാൻ പുകവ​ലി​ച്ചു. പക്ഷേ അശുദ്ധ​മായ ശീലങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കി​യ​പ്പോൾ അതു നിറു​ത്താൻ ഞാൻ തീരു​മാ​നി​ച്ചു. ആദ്യം ഞാൻ എണ്ണം കുറയ്‌ക്കാൻ നോക്കി. വലിക്കു​ന്ന​വ​രു​മാ​യുള്ള എന്റെ കൂട്ടു​കെട്ടു നിറുത്തി, കൗൺസി​ലി​ങ്ങി​നും പോയി. ഒന്നും ശരിയാ​യില്ല. ഒടുവിൽ ഒരു ദിവസം രാത്രി ദൈവ​മായ യഹോ​വ​യോ​ടു ഞാൻ എല്ലാം പറഞ്ഞ്‌ പ്രാർഥി​ച്ചു. ഇതു നിറു​ത്താൻ സഹായി​ക്കണേ എന്നു യാചിച്ചു. അങ്ങനെ ഒടുവിൽ ഞാൻ ആ ശീലം ഉപേക്ഷി​ച്ചു.”

ചെയ്യേണ്ട പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യ​മുണ്ട്‌. നിങ്ങളു​ടെ മുമ്പിൽ വന്നേക്കാ​വുന്ന ചില പ്രതി​ബ​ന്ധ​ങ്ങളെ നേരി​ടാൻ മുൻകൂ​ട്ടി തയ്യാറാ​യി​രി​ക്കുക. ഏതൊ​ക്കെ​യാണ്‌ അവ? അടുത്ത ലേഖനം അതിന്‌ ഉത്തരം തരും.

[ചതുരം]

മരുന്നുകൊണ്ട്‌ നിറുത്താനാകുമോ?

പുകവലി ശീലം നിറു​ത്താൻ ആളുകളെ സഹായി​ക്കുന്ന ചില മരുന്നു​ക​ളുണ്ട്‌. നിക്കോ​ട്ടിൻ അടങ്ങിയ നിക്കോ​ട്ടിൻ പാച്ച്‌ എന്ന സ്റ്റിക്കർ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. ഇത്തരം മരുന്നു​ക​ളു​ടെ ഉത്‌പാ​ദനം ശതകോ​ടി​ക്ക​ണ​ക്കിന്‌ ഡോള​റി​ന്റെ ഒരു വ്യവസാ​യ​മാണ്‌. എന്നാൽ ആ രീതി സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌ ഇക്കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക:

പ്രയോജനങ്ങൾ എന്തെല്ലാം? ചില ചികി​ത്സാ​രീ​തി​കൾക്കു പുകവലി നിറു​ത്തു​മ്പോൾ ഉണ്ടാകുന്ന അസ്വസ്ഥ​തകൾ കുറയ്‌ക്കാ​നാ​കു​മെന്നു കരുത​പ്പെ​ടു​ന്നു. അപ്പോൾ ആ ദുശ്ശീ​ല​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ആളുകൾക്ക്‌ എളുപ്പ​മാ​കു​മെ​ന്നാ​ണു പറയ​പ്പെ​ടു​ന്നത്‌. എങ്കിലും ഇതിന്റെ ഫലപ്രാ​പ്‌തി എത്രനാൾ നീണ്ടു​നിൽക്കു​മെന്ന കാര്യ​ത്തിൽ രണ്ട്‌ അഭി​പ്രാ​യ​മുണ്ട്‌.

അപകടസാധ്യതകൾ എന്തെല്ലാം? ചില മരുന്നു​കൾക്കു മനംപി​രട്ടൽ, വിഷാദം, ആത്മഹത്യാ​പ്ര​വണത തുടങ്ങിയ പാർശ്വ​ഫ​ലങ്ങൾ ഉണ്ടാ​യേ​ക്കാം. പുകവ​ലി​ക്കു​മ്പോൾ ശരീര​ത്തിൽ എത്താറുള്ള നിക്കോ​ട്ടിൻ മറ്റ്‌ രീതി​ക​ളിൽ ശരീര​ത്തിൽ പ്രവേ​ശി​പ്പി​ക്കുന്ന ചികി​ത്സാ​രീ​തി​ക​ളുണ്ട്‌. അപ്പോ​ഴും നിക്കോ​ട്ടിൻ മറ്റൊരു രൂപത്തിൽ ശരീര​ത്തിൽ എത്തുക​ത​ന്നെ​യാ​ണു ചെയ്യു​ന്നത്‌. അതിന്‌ അതി​ന്റേ​തായ അപകട​സാ​ധ്യ​തകൾ അപ്പോ​ഴു​മുണ്ട്‌. മാത്രമല്ല, അത്തരം ചികി​ത്സാ​രീ​തി​കൾ സ്വീക​രി​ക്കു​ന്നവർ ആ സമയത്തും ലഹരി​യിൽനിന്ന്‌ മുക്തി നേടു​ന്നില്ല എന്നതാണു വാസ്‌തവം.

മറ്റു പ്രതി​വി​ധി​ക​ളു​ണ്ടോ? ഒരു സർവേ​യ​നു​സ​രിച്ച്‌ പുകവലി നിറു​ത്തിയ 88 ശതമാനം പേരും മരുന്നു​ക​ളു​ടെ​യൊ​ന്നും സഹായം കൂടാതെ ഒറ്റയടിക്ക്‌ ആ ദുശ്ശീലം നിറു​ത്തു​ക​യാ​യി​രു​ന്നു.