ആമുഖം
പ്രിയ വായനക്കാരാ,
“വന്ന് എന്നെ അനുഗമിക്കുക.” (മർക്കോസ് 10:21) ഈ വാക്കുകളിലൂടെ, തന്നെ അനുഗമിക്കാൻ യേശു നമ്മെ ക്ഷണിക്കുകയാണ്. ആ ക്ഷണം നിങ്ങൾ സ്വീകരിക്കുമോ? അത് സ്വീകരിക്കുന്നെങ്കിൽ നിങ്ങളുടെ ജീവിതം ധന്യവും സംതൃപ്തവുമാകും. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കഴിയുന്നത്?
തന്റെ ഏകജാതനായ പുത്രനെ യഹോവ ഭൂമിയിലേക്ക് അയച്ചത് നമുക്കുവേണ്ടിയാണ്—അവന്റെ ജീവൻ ഒരു മറുവിലയായി നൽകുന്നതിന്. (യോഹന്നാൻ 3:16) നമുക്കുവേണ്ടി മരണംവരിച്ചതിനുപുറമേ നാം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നുകൂടി അവൻ കാണിച്ചുതന്നു. ചെയ്ത ഓരോ സംഗതിയിലും അവൻ വിശ്വസ്തത പാലിക്കുകയും പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. പിതാവിനെ എങ്ങനെ അനുകരിക്കാമെന്നും യേശു നമുക്കു കാണിച്ചുതന്നു. പിതാവിന്റെ ഹിതവും വഴികളും പൂർണമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പുത്രന്റെ വാക്കും പ്രവൃത്തിയും.—യോഹന്നാൻ 14:9.
‘നാം അടുത്തു പിന്തുടരേണ്ട ഒരു മാതൃകയാണ്’ യേശു എന്ന് ബൈബിൾ പറയുന്നു. (1 പത്രോസ് 2:21) യഹോവയുമായി കൂടുതൽ അടുക്കാനും അർഥപൂർണമായ ഒരു ജീവിതം നയിക്കാനും നിത്യജീവന്റെ പാതയിൽനിന്നു വ്യതിചലിക്കാതെ മുന്നോട്ടു നടക്കാനും ആഗ്രഹിക്കുന്നെങ്കിൽ നാം യേശുവിന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരേണ്ടതുണ്ട്.
എന്നാൽ, ഈ യാത്ര തുടങ്ങുന്നതിന്, ഭൂമിയിലായിരുന്നപ്പോൾ യേശു ജീവിച്ചതെങ്ങനെയാണെന്ന് നാം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. അവന്റെ ജീവിതവും ശുശ്രൂഷയും വരച്ചുകാട്ടുന്ന ബൈബിൾ ഭാഗങ്ങൾ ശ്രദ്ധയോടെ പഠിക്കുന്നത് അതിനു നമ്മെ സഹായിക്കും. യേശു പറഞ്ഞതും ചെയ്തതുമായ കാര്യങ്ങളെക്കുറിച്ചും നമ്മുടെ വാക്കിലും പ്രവൃത്തിയിലും അവനെ പകർത്താൻ കഴിയുന്നത് എങ്ങനെയെന്നും ചിന്തിക്കുന്നത് അവനെ അനുകരിക്കേണ്ട വിധം വ്യക്തമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
യഹോവയോടും യേശുവിനോടുമുള്ള നിങ്ങളുടെ സ്നേഹം ഒന്നിനൊന്നു വർധിച്ചുവരാൻ ഈ പ്രസിദ്ധീകരണം ഇടയാക്കട്ടെ! ആ സ്നേഹം യേശുവിന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരാൻ നിങ്ങൾക്ക് പ്രചോദനമാകും. അങ്ങനെ യഹോവയുടെ ഹൃദയത്തിന് ഇന്നും എന്നേക്കും സന്തോഷം പകരാൻ നിങ്ങൾക്ക് കഴിയുമാറാകട്ടെ!
പ്രസാധകർ