വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 5

‘ജ്ഞാനത്തിന്റെ നിക്ഷേപങ്ങൾ’

‘ജ്ഞാനത്തിന്റെ നിക്ഷേപങ്ങൾ’

1-3. (എ) യേശു ഗിരി​പ്ര​ഭാ​ഷണം നടത്തിയ പശ്ചാത്തലം വിവരി​ക്കുക. (ബി) അവന്റെ ഉപദേ​ശങ്ങൾ ശ്രോ​താ​ക്കളെ വിസ്‌മ​യി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

 എ.ഡി. 31-ലെ വസന്തകാ​ലം. ഗലീല തടാക​ത്തി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീരത്താ​യി സ്ഥിതി​ചെ​യ്യുന്ന കഫർന്ന​ഹൂം എന്ന തിര​ക്കേ​റിയ നഗരത്തി​ന​ടു​ത്താണ്‌ യേശു​ക്രി​സ്‌തു ഇപ്പോൾ. കഴിഞ്ഞ രാത്രി മുഴുവൻ അവി​ടെ​യൊ​രു മലമു​ക​ളിൽ യേശു തനിച്ചി​രുന്ന്‌ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. രാവിലെ അവൻ ശിഷ്യ​ന്മാ​രെ അടുക്കൽ വിളിച്ച്‌ അവരിൽനിന്ന്‌ 12 പേരെ തിര​ഞ്ഞെ​ടുത്ത്‌ അവർക്ക്‌ അപ്പൊ​സ്‌ത​ല​ന്മാർ എന്ന്‌ പേരു നൽകുന്നു. ഈ സമയം​കൊണ്ട്‌ വലി​യൊ​രു ജനക്കൂട്ടം മലഞ്ചെ​രു​വിൽ തടിച്ചു​കൂ​ടു​ന്നു. അവരിൽ ചിലർ ദൂരെ​യുള്ള സ്ഥലങ്ങളിൽനി​ന്നു വന്നവരാണ്‌. അവൻ പറയു​ന്ന​തെ​ല്ലാം കേൾക്കാ​നും രോഗ​ങ്ങ​ളിൽനി​ന്നു സുഖം​പ്രാ​പി​ക്കാ​നും അവർ ആകാം​ക്ഷ​യോ​ടെ കാത്തു​നിൽക്കു​ക​യാണ്‌. യേശു അവരെ നിരാ​ശ​പ്പെ​ടു​ത്തു​ന്നില്ല.​—ലൂക്കോസ്‌ 6:12-19.

2 യേശു ജനക്കൂ​ട്ടത്തെ സമീപിച്ച്‌ രോഗി​ക​ളെ​യെ​ല്ലാം സൗഖ്യ​മാ​ക്കു​ന്നു. എല്ലാവ​രെ​യും സുഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞ​പ്പോൾ യേശു അവരെ പഠിപ്പി​ക്കാ​നി​രി​ക്കു​ന്നു. * പ്രശാ​ന്ത​മായ ആ അന്തരീ​ക്ഷ​ത്തിൽ മുഴങ്ങി​ക്കേട്ട അവന്റെ വാക്കുകൾ കേൾവി​ക്കാ​രെ അതിശ​യി​പ്പി​ച്ചി​രി​ക്കണം. അതിനു​മുമ്പ്‌ അങ്ങനെ​യുള്ള ഉപദേ​ശങ്ങൾ ആരിൽനി​ന്നും അവർ കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. താൻ പറയു​ന്ന​തി​നു പിൻബ​ല​മേ​കാൻ, വായ്‌മൊ​ഴി​യാ​യി കൈമാ​റി​വന്ന പാരമ്പ​ര്യ​ങ്ങ​ളോ വിഖ്യാ​ത​രായ യഹൂദ റബ്ബിമാ​രു​ടെ വാക്കു​ക​ളോ ഉദ്ധരി​ച്ചു​കൊ​ണ്ടല്ല യേശു സംസാ​രി​ക്കു​ന്നത്‌. പകരം, എബ്രായ തിരു​വെ​ഴു​ത്തു​ക​ളാണ്‌ അവൻ ഉദ്ധരി​ക്കു​ന്നത്‌. അവന്റെ സന്ദേശം വളച്ചു​കെ​ട്ടി​ല്ലാ​ത്ത​താണ്‌; വാക്കു​ക​ളാ​കട്ടെ ലളിത​വും സുഗ്ര​ഹ​വും. അവൻ പറഞ്ഞു​നി​റു​ത്തു​മ്പോൾ ആളുകൾ വിസ്‌മ​യി​ച്ചു​പോ​കു​ന്നു. അത്‌ സ്വാഭാ​വി​കം മാത്രം. ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ജ്ഞാനി​യായ വ്യക്തി​യാ​ണ​ല്ലോ അവരോ​ടു സംസാ​രി​ച്ചത്‌!​—മത്തായി 7:28, 29.

“ജനക്കൂട്ടം അവന്റെ പഠിപ്പി​ക്ക​ലിൽ വിസ്‌മ​യി​ച്ചു”

3 ഈ പ്രഭാ​ഷ​ണ​ത്തി​നു​പു​റമേ, യേശു പറഞ്ഞതും ചെയ്‌ത​തു​മായ മറ്റനേകം കാര്യ​ങ്ങ​ളും ദൈവ​വ​ച​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. യേശു​വി​നെ​ക്കു​റി​ച്ചുള്ള ഈ നിശ്വസ്‌ത വിവര​ണങ്ങൾ നാം ഗഹനമാ​യി പഠി​ക്കേ​ണ്ട​തുണ്ട്‌. കാരണം, “ജ്ഞാനത്തി​ന്റെ . . . നിക്ഷേ​പ​ങ്ങ​ളൊ​ക്കെ​യും ഗുപ്‌ത​മാ​യി​രി​ക്കു​ന്നത്‌” യേശു​വി​ലാണ്‌. (കൊ​ലോ​സ്യർ 2:3) ഈ ജ്ഞാനം, അതായത്‌ അറിവും ഗ്രാഹ്യ​വും പ്രാ​യോ​ഗി​ക​ത​ല​ത്തിൽ കൊണ്ടു​വ​രാ​നുള്ള കഴിവ്‌, അവന്‌ എവി​ടെ​നി​ന്നാ​ണു ലഭിച്ചത്‌? അവൻ ജ്ഞാനം പ്രതി​ഫ​ലി​പ്പി​ച്ചത്‌ എങ്ങനെ​യാണ്‌? അവന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?

‘ഇവന്‌ ഈ ജ്ഞാനം എവി​ടെ​നി​ന്നു കിട്ടി?’

4. യേശു​വി​ന്റെ ശ്രോ​താ​ക്കൾ എന്തു ചോദ്യം ചോദി​ച്ചു, എന്തു​കൊണ്ട്‌?

4 ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നി​ടെ യേശു താൻ വളർന്ന പട്ടണമായ നസറെ​ത്തിൽ എത്തി. അവൻ അവിടത്തെ സിന​ഗോ​ഗിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. അവന്റെ ശ്രോ​താ​ക്ക​ളിൽ ചിലർ, ‘ഇവന്‌ ഈ ജ്ഞാനം എവി​ടെ​നി​ന്നു കിട്ടി?’ എന്നു ആശ്ചര്യ​ത്തോ​ടെ ചോദി​ച്ചു​പോ​യി. അവൻ ഒരു പാവപ്പെട്ട കുടും​ബ​ത്തി​ലെ അംഗമാ​ണെ​ന്നും അവന്റെ മാതാ​പി​താ​ക്ക​ളും സഹോ​ദ​ര​ങ്ങ​ളും ആരാ​ണെ​ന്നും അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (മത്തായി 13:54-56; മർക്കോസ്‌ 6:1-3) തികഞ്ഞ വാഗ്‌​വൈ​ഭ​വ​ത്തോ​ടെ സംസാ​രി​ക്കുന്ന ഈ മരപ്പണി​ക്കാ​രൻ റബ്ബിമാ​രു​ടെ കീർത്തി​കേട്ട പാഠശാ​ല​ക​ളി​ലൊ​ന്നും പഠിച്ചി​ട്ടി​ല്ലെ​ന്നും അവർക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 7:15) അതു​കൊ​ണ്ടു​തന്നെ അവർ അങ്ങനെ ചിന്തി​ച്ചു​പോ​യ​തിൽ തെല്ലും അത്ഭുത​പ്പെ​ടാ​നില്ല.

5. തനിക്കു ജ്ഞാനം ലഭിച്ചത്‌ എവി​ടെ​നി​ന്നാ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌?

5 യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളിൽ പ്രതി​ഫ​ലി​ച്ചു​കണ്ട ആ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​കും? പൂർണ മനുഷ്യ​നെ​ന്ന​നി​ല​യിൽ അവന്‌ വളരെ ജ്ഞാനമു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. എന്നാൽ ഒരു പൂർണ മനുഷ്യന്‌ സ്വന്തം കഴിവു​കൊണ്ട്‌ സമ്പാദി​ക്കാ​വു​ന്ന​തി​നെ​ക്കാൾ ജ്ഞാനം യേശു​വിന്‌ ഉണ്ടായി​രു​ന്നു. ഒരവസ​ര​ത്തിൽ ദൈവാ​ല​യ​ത്തിൽവെച്ച്‌ പരസ്യ​മാ​യി പഠിപ്പി​ക്കവെ, ആ ജ്ഞാനത്തി​ന്റെ ഉറവിടം ഏതാ​ണെന്ന്‌ യേശു വെളി​പ്പെ​ടു​ത്തി. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവ​ന്റേ​ത​ത്രേ” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 7:16) അതെ, യേശു​വിന്‌ ആ ജ്ഞാനം നൽകി​യത്‌ അവനെ അയച്ച പിതാ​വാ​യി​രു​ന്നു. (യോഹ​ന്നാൻ 12:49) എന്നാൽ എങ്ങനെ​യാണ്‌ യേശു​വിന്‌ യഹോ​വ​യിൽനിന്ന്‌ ആ ജ്ഞാനം ലഭിച്ചത്‌?

6, 7. യേശു​വിന്‌ പിതാ​വിൽനിന്ന്‌ ജ്ഞാനം ലഭിച്ചത്‌ ഏതെല്ലാം വിധങ്ങ​ളിൽ?

6 യേശു​വിൽ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ വ്യാപ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വാഗ്‌ദത്ത മിശി​ഹാ​യെ​ക്കു​റിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “അവന്റെ മേൽ യഹോ​വ​യു​ടെ ആത്മാവു ആവസി​ക്കും; ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും ആത്മാവു, ആലോ​ച​ന​യു​ടെ​യും ബലത്തി​ന്റെ​യും ആത്മാവു, പരിജ്ഞാ​ന​ത്തി​ന്റെ​യും യഹോ​വ​ഭ​ക്തി​യു​ടെ​യും ആത്മാവു തന്നേ.” (യെശയ്യാ​വു 11:2) യഹോ​വ​യു​ടെ ആത്മാവ്‌ യേശു​വിൽ വസിക്കു​ക​യും അവന്റെ ചിന്തക​ളെ​യും തീരു​മാ​ന​ങ്ങ​ളെ​യും നയിക്കു​ക​യും ചെയ്‌തി​രു​ന്നു എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​മ്പോൾ, അവന്റെ വാക്കു​ക​ളി​ലും പ്രവൃ​ത്തി​ക​ളി​ലും കിടയറ്റ ജ്ഞാനം പ്രകട​മാ​യി​രു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

7 മറ്റൊരു വിധത്തി​ലും യേശു പിതാ​വിൽനിന്ന്‌ ജ്ഞാനം സമ്പാദി​ച്ചു. 2-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, മനുഷ്യ​നാ​യി ഭൂമി​യി​ലേക്കു വരുന്ന​തി​നു​മുമ്പ്‌ യേശു യുഗങ്ങ​ളോ​ളം പിതാ​വി​നോ​ടൊ​പ്പം സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ കാലം​കൊണ്ട്‌ യഹോ​വ​യു​ടെ ചിന്തക​ളും വീക്ഷണ​ങ്ങ​ളും തന്റേതാ​ക്കാൻ യേശു​വി​നു കഴിഞ്ഞു. പ്രപഞ്ച​ത്തി​ലെ ചരാച​ര​ങ്ങളെ സൃഷ്ടി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ “ശിൽപ്പി”യായി പ്രവർത്തിച്ച സമയത്ത്‌ തന്റെ പിതാ​വിൽനിന്ന്‌ അവൻ എത്രമാ​ത്രം ജ്ഞാനം നേടി​യി​ട്ടു​ണ്ടാ​കണം! അതു​കൊ​ണ്ടാണ്‌ ദൈവ​പു​ത്രനെ അവൻ മനുഷ്യ​നാ​യി ഭൂമി​യി​ലേക്കു വരുന്ന​തി​നു​മു​മ്പുള്ള അവസ്ഥയിൽ ജ്ഞാനത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വ​മാ​യി വിശേ​ഷി​പ്പി​ച്ചത്‌. (സദൃശ​വാ​ക്യ​ങ്ങൾ 8:22-31; കൊ​ലോ​സ്യർ 1:15, 16) സ്വർഗ​ത്തിൽ പിതാ​വി​ന്റെ അടുക്ക​ലാ​യി​രു​ന്ന​പ്പോൾ സമ്പാദിച്ച ജ്ഞാനം ശുശ്രൂ​ഷ​യി​ലു​ട​നീ​ളം യേശു ഉപയോ​ഗി​ച്ചു. * (യോഹ​ന്നാൻ 8:26, 28, 38) അതു​കൊണ്ട്‌ യേശു​വി​ന്റെ വാക്കു​ക​ളിൽ പ്രതി​ഫ​ലിച്ച അറിവി​ന്റെ വ്യാപ്‌തി​യോ അവന്റെ പ്രവൃ​ത്തി​ക​ളിൽ വിളങ്ങിയ ന്യായ​ബോ​ധ​ത്തി​ന്റെ ശ്രേഷ്‌ഠ​ത​യോ നമ്മെ അതിശ​യി​പ്പി​ക്കേ​ണ്ട​തില്ല.

8. യേശു​വി​ന്റെ അനുകാ​രി​ക​ളായ നമുക്ക്‌ എങ്ങനെ ജ്ഞാനം സമ്പാദി​ക്കാ​നാ​കും?

8 യേശു​വി​ന്റെ അനുകാ​രി​ക​ളായ നാമും ജ്ഞാനത്തി​നാ​യി യഹോ​വയെ ആശ്രയി​ക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 2:6) ഇന്ന്‌ യഹോവ അത്ഭുത​ക​ര​മാ​യി ആർക്കും ജ്ഞാനം നൽകു​ന്നില്ല. എന്നാൽ ജീവി​ത​ത്തി​ലെ വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി നേരി​ടാ​നുള്ള ജ്ഞാനത്തി​നാ​യി നാം യാചി​ക്കു​മ്പോൾ, തീർച്ച​യാ​യും അവൻ അത്‌ നൽകും. (യാക്കോബ്‌ 1:5) ആ ജ്ഞാനം നേടാ​നാ​യി പക്ഷേ നാം വളരെ ശ്രമം ചെയ്യണം. നാം അതിനെ ‘നിക്ഷേ​പ​ങ്ങ​ളെ​പ്പോ​ലെ തിരയേണ്ട’തുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:1-6) അതെ, ദൈവ​ത്തി​ന്റെ ജ്ഞാനം പ്രതി​ഫ​ലി​ക്കുന്ന ദൈവ​വ​ച​ന​മായ ബൈബിൾ നാം ഗഹനമാ​യി പഠിക്കു​ക​യും പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. ജ്ഞാനം നേടുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ പുത്രന്റെ മാതൃക അനുക​രി​ക്കു​ന്നത്‌ വിശേ​ഷാൽ പ്രയോ​ജ​നം​ചെ​യ്യും. അതു​കൊണ്ട്‌ യേശു ജ്ഞാനം പ്രതി​ഫ​ലി​പ്പിച്ച വ്യത്യസ്‌ത മേഖല​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ പരി​ശോ​ധി​ക്കാം. അവനെ ഇക്കാര്യ​ത്തിൽ എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നമുക്കു നോക്കാം.

ജ്ഞാനമൊഴികൾ

ദൈവ​ത്തി​ന്റെ ജ്ഞാനം ബൈബി​ളിൽ വെളിപ്പെടുത്തിയിരിക്കുന്നു

9. യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളിൽ ജ്ഞാനം നിറഞ്ഞു​നി​ന്നത്‌ എന്തു​കൊണ്ട്‌?

9 പലപ്പോ​ഴും യേശു​വി​ന്റെ അടുക്കൽ ജനം തടിച്ചു​കൂ​ടു​മാ​യി​രു​ന്നു. (മർക്കോസ്‌ 6:31-34; ലൂക്കോസ്‌ 5:1-3) യേശു​വി​ന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാ​നാ​യി​രു​ന്നു അത്‌. തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച്‌ യേശു​വി​നു​ണ്ടാ​യി​രുന്ന ആഴമായ അറിവ്‌ അവന്റെ ഉപദേ​ശ​ങ്ങ​ളിൽ പ്രകട​മാ​യി​രു​ന്നു. അവന്റെ ഉൾക്കാഴ്‌ച അപാര​മാ​യി​രു​ന്നു. അവന്റെ ഉപദേശം സകല ദേശക്കാ​രെ​യും ആകർഷി​ക്കാൻപോ​ന്ന​താണ്‌. അവ കാലാ​തീ​ത​മാണ്‌. “അത്ഭുത​മ​ന്ത്രി” എന്ന്‌ പ്രാവ​ച​നി​ക​മാ​യി വിശേ​ഷി​പ്പി​ക്ക​പ്പെട്ട യേശു​വി​ന്റെ ജ്ഞാന​മൊ​ഴി​ക​ളിൽ ചിലത്‌ നമുക്കി​പ്പോൾ നോക്കാം.​—യെശയ്യാ​വു 9:6.

10. ഏതു ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ യേശു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, എന്തു​കൊണ്ട്‌?

10 മത്തായി 5:3–7:27 വരെയുള്ള ഭാഗത്ത്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക. യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളു​ടെ ഒരു വൻസമാ​ഹാ​ര​മാണ്‌ ഇത്‌. ഇവിടെ യേശു​വി​ന്റെ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നിട​യ്‌ക്ക്‌ എഴുത്തു​കാ​രന്റെ സ്വന്തം വാക്കു​ക​ളോ മറ്റു വിവര​ണ​ങ്ങ​ളോ ഒന്നും ചേർത്തി​ട്ടില്ല. സംസാ​ര​വും പെരു​മാ​റ്റ​വും എങ്ങനെ​യു​ള്ള​താ​യി​രി​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള കുറേ ഉപദേ​ശങ്ങൾ മാത്രമല്ല ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലു​ള്ളത്‌. അതിലും ഗഹനമായ ചില കാര്യങ്ങൾ അതിൽ അടങ്ങി​യി​ട്ടുണ്ട്‌. ഉള്ളി​ന്റെ​യു​ള്ളി​ലെ ചിന്തക​ളും വികാ​ര​ങ്ങ​ളു​മാണ്‌ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളു​മാ​യി പുറത്തു​വ​രു​ന്നത്‌. അതു​കൊണ്ട്‌ നല്ല ആന്തരിക ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ യേശു ആ പ്രഭാ​ഷ​ണ​ത്തി​ലൂ​ടെ ശ്രോ​താ​ക്കളെ പ്രബോ​ധി​പ്പി​ച്ചു. സൗമ്യ​രും നീതി​ബോ​ധ​മു​ള്ള​വ​രും കരുണ​യു​ള്ള​വ​രും സ്‌നേ​ഹ​മു​ള്ള​വ​രും സമാധാ​ന​പ്രി​യ​രും ആയിരി​ക്കാൻ യേശു ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്തായി 5:5-9, 43-48) അത്തരം ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​മ്പോൾ ഉചിത​മാ​യി സംസാ​രി​ക്കാ​നും പെരു​മാ​റാ​നും നമുക്കു കഴിയും. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​മെ​ന്ന​തി​നു​പു​റമേ മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധം സ്ഥാപി​ക്കാ​നും അതു നമ്മെ സഹായി​ക്കും.​—മത്തായി 5:16.

11. പാപ​പ്ര​വൃ​ത്തി​കൾക്കെ​തി​രെ മുന്നറി​യി​പ്പു നൽകു​മ്പോൾ യേശു അതിന്റെ അടിസ്ഥാന കാരണ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നത്‌ എങ്ങനെ?

11 പാപ​പ്ര​വൃ​ത്തി​ക്കെ​തി​രെ മുന്നറി​യി​പ്പു നൽകു​മ്പോൾ അതിനു പ്രേരി​പ്പി​ക്കുന്ന അടിസ്ഥാന കാരണ​ങ്ങ​ളി​ലേ​ക്കും യേശു വിരൽചൂ​ണ്ടു​ന്നു. കൊല്ലും കൊല​യും അരുത്‌ എന്നുമാ​ത്രമല്ല അവൻ പറയു​ന്നത്‌; പകരം ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​പോ​ലും അപകട​മാ​ണെന്ന്‌ അവൻ ചൂണ്ടി​ക്കാ​ട്ടു​ന്നു. (മത്തായി 5:21, 22; 1 യോഹ​ന്നാൻ 3:15) വ്യഭി​ചാ​രം ചെയ്യരുത്‌ എന്നുമാ​ത്രമല്ല അവൻ പറയു​ന്നത്‌; പകരം ഹൃദയ​ത്തിൽ അങ്കുരി​ക്കുന്ന തെറ്റായ മോഹ​ങ്ങ​ളാണ്‌ അത്തരം പ്രവൃ​ത്തി​ക​ളി​ലേക്കു നയിക്കു​ന്നത്‌ എന്നതി​നാൽ അനുചി​ത​മായ വികാ​ര​ങ്ങ​ളു​ണർത്തുന്ന കാര്യ​ങ്ങ​ളിൽ ദൃഷ്ടി​പ​തി​പ്പി​ക്ക​രു​തെന്ന്‌ അവൻ മുന്നറി​യി​പ്പു നൽകുന്നു. (മത്തായി 5:27-30) അതെ, യേശു ലക്ഷണങ്ങ​ളി​ലേക്കല്ല, കാരണ​ങ്ങ​ളി​ലേ​ക്കാണ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കു​ന്നത്‌. അങ്ങനെ, പാപ​പ്ര​വൃ​ത്തി​ക​ളി​ലേക്കു നയിക്കുന്ന മനോ​ഭാ​വ​ങ്ങ​ളും മോഹ​ങ്ങ​ളും എന്താ​ണെന്ന്‌ അവൻ വ്യക്തമാ​ക്കു​ന്നു.​—സങ്കീർത്തനം 7:14.

12. യേശു​വി​ന്റെ അനുഗാ​മി​കൾ അവന്റെ ഉപദേ​ശത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു, എന്തു​കൊണ്ട്‌?

12 യേശു​വി​ന്റെ വാക്കു​ക​ളി​ലെ ജ്ഞാനം നിങ്ങൾ ശ്രദ്ധി​ച്ചോ? “ജനക്കൂട്ടം അവന്റെ പഠിപ്പി​ക്ക​ലിൽ വിസ്‌മ​യിച്ച”തിൽ അതിശ​യി​ക്കാ​നില്ല! (മത്തായി 7:28) അവന്റെ അനുഗാ​മി​ക​ളായ നാം അവന്റെ ജ്ഞാനപൂർവ​മായ ഉപദേ​ശ​ങ്ങളെ ഒരു മാർഗ​ദീ​പ​മാ​യി കാണുന്നു. ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന ഒരു ജീവിതം കെട്ടി​പ്പെ​ടു​ക്കാ​നാ​യി കരുണ, സമാധാ​നം, സ്‌നേഹം തുടങ്ങിയ സദ്‌ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ നാം യത്‌നി​ക്കു​ന്നു. വിദ്വേ​ഷം, തെറ്റായ ചിന്താ​ഗ​തി​കൾ, അനുചി​ത​മായ വികാ​രങ്ങൾ തുടങ്ങി​യവ പാപ​പ്ര​വൃ​ത്തി​ക​ളി​ലേക്കു നയിക്കു​മെന്ന്‌ അറിയാ​വു​ന്ന​തി​നാൽ അവ ഹൃദയ​ത്തിൽനിന്ന്‌ പിഴു​തെ​റി​യാൻ നാം ശ്രമി​ക്കു​ന്നു.​—യാക്കോബ്‌ 1:14, 15.

ജ്ഞാനപൂർവ​ക​മായ ഒരു ജീവിതഗതി

13, 14. സ്വന്തം ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ യേശു ഏതു ഗുണം പ്രകടി​പ്പി​ച്ചു? വിശദീ​ക​രി​ക്കുക.

13 യേശു​വി​ന്റെ വാക്കു​ക​ളിൽ മാത്രമല്ല, പ്രവൃ​ത്തി​ക​ളി​ലും ജ്ഞാനം പ്രതി​ഫ​ലി​ച്ചി​രു​ന്നു. അവന്റെ മുഴു​ജീ​വി​ത​ത്തി​ലും, അവന്റെ തീരു​മാ​ന​ങ്ങ​ളി​ലും തന്നെക്കു​റി​ച്ചു​ത​ന്നെ​യുള്ള വീക്ഷണ​ത്തി​ലും മറ്റുള്ള​വ​രോ​ടുള്ള പെരു​മാ​റ്റ​ത്തി​ലു​മെ​ല്ലാം, ജ്ഞാനത്തി​ന്റെ വിവിധ വശങ്ങൾ പ്രകട​മാ​യി​രു​ന്നു. യേശു തന്റെ ജീവി​ത​ത്തിൽ “ജ്ഞാനവും വകതി​രി​വും” പ്രകടി​പ്പിച്ച ചില വിധങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.​—സദൃശ​വാ​ക്യ​ങ്ങൾ 3:21.

14 ജ്ഞാനത്തി​ന്റെ ഒരു ലക്ഷണമാണ്‌ വിവേ​ച​നാ​ശേഷി. തന്റെ ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ക്കവെ യേശു ഈ ഗുണം പ്രകടി​പ്പി​ച്ചു. യേശു​വി​നു വേണ​മെ​ങ്കിൽ വലി​യൊ​രു വീട്‌ പണിയാ​മാ​യി​രു​ന്നു, ലാഭക​ര​മായ ബിസി​ന​സ്സു​കൾ നടത്താ​മാ​യി​രു​ന്നു, സ്ഥാനമാ​നങ്ങൾ കരസ്ഥമാ​ക്കാ​മാ​യി​രു​ന്നു. പക്ഷേ, അങ്ങനെ​യുള്ള കാര്യ​ങ്ങൾക്കു​വേണ്ടി ജീവിതം ഉഴിഞ്ഞു​വെ​ക്കു​ന്നത്‌, “മായയും വൃഥാ​പ്ര​യ​ത്‌ന​വും” ആണെന്ന്‌ യേശു മനസ്സി​ലാ​ക്കി​യി​രു​ന്നു. (സഭാ​പ്ര​സം​ഗി 4:4; 5:10) അതെ, അത്തര​മൊ​രു ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ഭോഷ​ത്ത​മാ​യി​രു​ന്നേനെ. അതു​കൊണ്ട്‌ യേശു ലളിത​മായ ഒരു ജീവി​ത​ഗതി തിര​ഞ്ഞെ​ടു​ത്തു. പണവും വസ്‌തു​വ​ക​ക​ളും സ്വരു​ക്കൂ​ട്ടു​ന്ന​തിൽ അവനു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. (മത്തായി 8:20) താൻ പഠിപ്പി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ ദൈവ​ഹി​തം ചെയ്യു​ക​യെന്ന ഏക ലക്ഷ്യത്തിൽ അവൻ തന്റെ ദൃഷ്ടി കേന്ദ്രീ​ക​രി​ച്ചു​നി​റു​ത്തി. (മത്തായി 6:22) ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്ന​തി​നും പഠിപ്പി​ക്കു​ന്ന​തി​നും വേണ്ടി യേശു ജ്ഞാനപൂർവം തന്റെ സമയവും ഊർജ​വും ചെലവ​ഴി​ച്ചു. ഭൗതിക സ്വത്തു​ക്ക​ളു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കാൾ പ്രധാ​ന​വും പ്രതി​ഫ​ല​ദാ​യ​ക​വു​മാ​യി​രു​ന്നു അത്‌. (മത്തായി 6:19-21) നമുക്കു പകർത്താ​നാ​കുന്ന എത്ര നല്ല മാതൃക!

15. (എ) ഏക ലക്ഷ്യത്തിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ച്ചാണ്‌ ജീവി​ക്കു​ന്ന​തെന്ന്‌ യേശു​വി​ന്റെ അനുഗാ​മി​കൾക്ക്‌ തെളി​യി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ? (ബി) ഇത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ഏക ലക്ഷ്യത്തിൽ ദൃഷ്ടി കേന്ദ്രീ​ക​രി​ക്കു​ന്ന​താണ്‌ ജ്ഞാന​മെന്ന്‌ ഇന്ന്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളും തിരി​ച്ച​റി​യു​ന്നു. അതു​കൊണ്ട്‌ അനാവ​ശ്യ​മാ​യി ശ്രദ്ധയും ഊർജ​വും കവർന്നെ​ടു​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യോ കടബാ​ധ്യ​തകൾ വരുത്തി​വെ​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ അവർ തങ്ങളു​ടെ​മേൽ ഭാരങ്ങൾ ഏറ്റി​വെ​ക്കു​ന്നില്ല. (1 തിമൊ​ഥെ​യൊസ്‌ 6:9, 10) കൂടുതൽ സമയം ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കാൻ, ഒരുപക്ഷേ മുഴു​വൻസമയ ശുശ്രൂ​ഷ​ക​രാ​യി​പോ​ലും പ്രവർത്തി​ക്കാൻ, ചിലർ തങ്ങളുടെ ജീവിതം ലളിത​മാ​ക്കി​യി​രി​ക്കു​ന്നു. രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്ക്‌ അർഹി​ക്കുന്ന സ്ഥാനം നൽകു​ന്നത്‌ വലിയ സന്തോ​ഷ​വും സംതൃ​പ്‌തി​യും നേടി​ത്ത​രും. (മത്തായി 6:33) ഇതി​നെ​ക്കാൾ ജ്ഞാനപൂർവ​ക​മായ ജീവി​ത​ഗതി വേറെ ഏതാണു​ള്ളത്‌?

16, 17. (എ) യേശു എളിമ​യു​ള്ള​വ​നാ​യി​രു​ന്നു എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) എളിമ​യു​ള്ള​വ​രാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

16 ജ്ഞാനത്തി​ന്റെ മറ്റൊരു ലക്ഷണമാണ്‌ എളിമ. “എളിമ”യുള്ള ഒരു വ്യക്തി സ്വന്തം പരിമി​തി​ക​ളെ​ക്കു​റിച്ച്‌ ബോധ​വാ​നാ​യി​രി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 11:2, NW) യേശു എളിമ​യു​ള്ള​വ​നാ​യി​രു​ന്നു. തന്നെക്കു​റി​ച്ചു​തന്നെ അതിരു​കടന്ന പ്രതീ​ക്ഷകൾ അവനു​ണ്ടാ​യി​രു​ന്നില്ല. തന്റെ സന്ദേശം കേൾക്കുന്ന എല്ലാവർക്കും മനപ്പരി​വർത്തനം ഉണ്ടാകു​മെന്ന്‌ അവൻ പ്രതീ​ക്ഷി​ച്ചില്ല. (മത്തായി 10:32-39) എല്ലാവ​രു​ടെ​യും പക്കൽ തനിക്ക്‌ നേരിട്ട്‌ സുവി​ശേഷം എത്തിക്കാൻ സാധി​ക്കി​ല്ലെ​ന്നും അവൻ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. അതു​കൊണ്ട്‌ ശിഷ്യരെ ഉളവാ​ക്കുന്ന വേല അവൻ തന്റെ അനുഗാ​മി​കളെ ഏൽപ്പിച്ചു. (മത്തായി 28:18-20) യേശു​വി​ന്റെ മരണ​ശേഷം പിന്നീ​ടുള്ള കാലങ്ങ​ളി​ലും പ്രസം​ഗ​വേല മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും കൂടുതൽ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ സുവി​ശേഷം വ്യാപി​പ്പി​ക്കാ​നും ഈ ശിഷ്യ​ന്മാർക്കു കഴിയു​മാ​യി​രു​ന്നു. അക്കാര​ണ​ത്താ​ലാണ്‌ തന്റെ ശിഷ്യ​ന്മാർ താൻ ചെയ്‌ത​തി​ലും ‘വലിയ (കാര്യങ്ങൾ) ചെയ്യു’മെന്ന്‌ അവൻ എളിമ​യോ​ടെ പറഞ്ഞത്‌. (യോഹ​ന്നാൻ 14:12) തനിക്ക്‌ മറ്റുള്ള​വ​രിൽനിന്ന്‌ സഹായം ആവശ്യ​മാ​ണെന്ന കാര്യ​വും യേശു തിരി​ച്ച​റി​ഞ്ഞു. മരുഭൂ​മി​യിൽവെച്ച്‌ തന്നെ ശുശ്രൂ​ഷി​ക്കാ​നെ​ത്തിയ ദൈവ​ദൂ​ത​ന്മാ​രു​ടെ​യും ഗെത്ത്‌ശെ​മ​ന​ത്തോ​ട്ട​ത്തിൽ തന്നെ ശക്തി​പ്പെ​ടു​ത്താ​നെ​ത്തിയ ദൂത​ന്റെ​യും സഹായം അവൻ സ്വീക​രി​ച്ചു. ജീവി​ത​ത്തി​ലെ ഏറ്റവും വലിയ പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ ദൈവ​പു​ത്രൻ സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു നിലവി​ളി​ച്ചു.​—മത്തായി 4:11; ലൂക്കോസ്‌ 22:43; എബ്രായർ 5:7.

17 നമ്മളും എളിമ​യോ​ടെ നമ്മുടെ പരിമി​തി​കൾ മനസ്സി​ലാ​ക്കണം. നമ്മെക്കു​റി​ച്ചു​തന്നെ നാം അതിരു​കടന്ന പ്രതീ​ക്ഷകൾ പുലർത്തു​ക​യു​മ​രുത്‌. പ്രസംഗ, ശിഷ്യ​രാ​ക്കൽ വേലയിൽ പൂർണ​ഹൃ​ദ​യ​ത്തോ​ടെ ഉൾപ്പെ​ടാൻ നാം ആഗ്രഹി​ക്കു​ന്നു. (ലൂക്കോസ്‌ 13:24; കൊ​ലോ​സ്യർ 3:23) എന്നാൽ യഹോവ നമ്മെ മറ്റാരു​മാ​യും തട്ടിച്ചു​നോ​ക്കു​ന്നി​ല്ലെന്ന്‌ നാം മനസ്സി​ലാ​ക്കണം; നമ്മളും അങ്ങനെ ചെയ്യരുത്‌. (ഗലാത്യർ 6:4) നമ്മുടെ പ്രാപ്‌തി​കൾക്കും സാഹച​ര്യ​ങ്ങൾക്കും അനുസൃ​ത​മായ, ന്യായ​മായ ലക്ഷ്യങ്ങൾ വെക്കാൻ ജ്ഞാനം നമ്മെ സഹായി​ക്കും. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും തങ്ങൾക്കു പരിമി​തി​ക​ളു​ണ്ടെന്നു മനസ്സി​ലാ​ക്കണം. അതു​കൊ​ണ്ടു​തന്നെ തങ്ങൾക്ക്‌ മറ്റുള്ള​വ​രു​ടെ സഹായ​സ​ഹ​ക​ര​ണങ്ങൾ ആവശ്യ​മാ​ണെന്ന കാര്യ​വും അവർ അംഗീ​ക​രി​ക്കണം. നമ്മെ ബലപ്പെ​ടു​ത്താൻ യഹോവ സഹവി​ശ്വാ​സി​കളെ ഉപയോ​ഗി​ച്ചേ​ക്കാ​മെന്ന വസ്‌തുത തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ നന്ദി​യോ​ടെ അവരിൽനിന്ന്‌ സഹായം സ്വീക​രി​ക്കു​മ്പോൾ നാം എളിമ​യു​ള്ള​വ​രാ​ണെന്ന്‌ തെളി​യു​ക​യാണ്‌.​—കൊ​ലോ​സ്യർ 4:11.

18, 19. (എ) ന്യായ​ബോ​ധ​ത്തോ​ടെ​യാണ്‌ യേശു ശിഷ്യ​ന്മാ​രോട്‌ ഇടപെ​ട്ടത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മറ്റുള്ള​വ​രോട്‌ നാം ന്യായ​ബോ​ധ​ത്തോ​ടെ ഇടപെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌? (സി) നമുക്ക്‌ എങ്ങനെ ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം?

18 ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം ന്യായ​ബോ​ധ​മു​ള്ള​താ​കു​ന്നു’ എന്ന്‌ യാക്കോബ്‌ 3:17 പറയുന്നു. ന്യായ​ബോ​ധ​ത്തോ​ടെ​യാണ്‌ യേശു ശിഷ്യ​ന്മാ​രോട്‌ ഇടപെ​ട്ടത്‌. അവരുടെ കുറവു​കൾ അവന്‌ നല്ലവണ്ണം അറിയാ​മാ​യി​രു​ന്നു. എന്നാൽ അവരുടെ നല്ല ഗുണങ്ങ​ളി​ലാണ്‌ അവൻ ശ്രദ്ധ പതിപ്പി​ച്ചത്‌. (യോഹ​ന്നാൻ 1:47) തന്നെ അറസ്റ്റ്‌ ചെയ്യുന്ന രാത്രി​യിൽ അവരെ​ല്ലാ​വ​രും തന്നെ ഉപേക്ഷി​ച്ചു​പോ​കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അവരുടെ വിശ്വ​സ്‌ത​തയെ അവൻ തെല്ലും സംശയി​ച്ചില്ല. (മത്തായി 26:31-35; ലൂക്കോസ്‌ 22:28-30) പത്രോസ്‌ യേശു​വി​നെ മൂന്നു​പ്രാ​വ​ശ്യം തള്ളിപ്പ​റ​യു​ക​പോ​ലും ചെയ്‌തു. എന്നിട്ടും യേശു പത്രോ​സി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും അവനിൽ തനിക്കു വിശ്വാ​സ​മു​ണ്ടെന്ന്‌ വാക്കു​ക​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 22:31-34) തന്റെ അവസാ​ന​രാ​ത്രി​യിൽ പിതാ​വി​നോ​ടു പ്രാർഥി​ക്കവെ, ശിഷ്യ​ന്മാ​രു​ടെ കുറവു​ക​ളെ​ക്കു​റിച്ച്‌ യേശു ഒരു പരാമർശ​വും നടത്തി​യില്ല; മറിച്ച്‌, “അവർ നിന്റെ വചനം പ്രമാ​ണി​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവരുടെ വിശ്വ​സ്‌തത എടുത്തു​പ​റ​യു​ക​യാണ്‌ അവൻ ചെയ്‌തത്‌. (യോഹ​ന്നാൻ 17:6) അവർ അപൂർണ​രാ​യി​രു​ന്നി​ട്ടും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും പഠിപ്പിച്ച്‌ ശിഷ്യ​രാ​ക്കാ​നും ഉള്ള നിയമനം അവൻ അവരുടെ കൈക​ളിൽ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. (മത്തായി 28:19, 20) അവൻ അവരിൽ അർപ്പിച്ച വിശ്വാ​സം, തങ്ങളിൽ നിക്ഷി​പ്‌ത​മാ​യി​രി​ക്കുന്ന ദൗത്യം നിറ​വേ​റ്റാൻ അവരെ ശക്തി​പ്പെ​ടു​ത്തു​ക​തന്നെ ചെയ്‌തു.

19 യേശു​വി​ന്റെ അനുഗാ​മി​കൾ അവന്റെ ഈ മാതൃക പകർത്തേ​ണ്ട​താണ്‌. പൂർണ​ത​യുള്ള ദൈവ​പു​ത്രൻ അപൂർണ​രായ തന്റെ ശിഷ്യ​ന്മാ​രോട്‌ ക്ഷമയോ​ടെ ഇടപെ​ട്ടെ​ങ്കിൽ പാപി​ക​ളായ നാം സഹമനു​ഷ്യ​രോട്‌ ഇടപെ​ടു​മ്പോൾ എത്ര ന്യായ​ബോ​ധം കാണി​ക്കണം! (ഫിലി​പ്പി​യർ 4:5) സഹവി​ശ്വാ​സി​ക​ളു​ടെ തെറ്റു​കു​റ്റ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​പ​കരം നമുക്ക്‌ അവരിലെ നന്മ കാണാൻ ശ്രമി​ക്കാം. യഹോ​വ​യാണ്‌ അവരെ ആകർഷി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ ഓർക്കുക! (യോഹ​ന്നാൻ 6:44) തീർച്ച​യാ​യും അവൻ അവരിൽ എന്തെങ്കി​ലും നന്മ കണ്ടിട്ടു​ണ്ടാ​വണം. ആ നന്മ കാണാൻ നമുക്കും ശ്രമി​ക്ക​രു​തോ? അത്തര​മൊ​രു മനോ​ഭാ​വം നമുക്കു​ണ്ടെ​ങ്കിൽ മറ്റുള്ള​വ​രു​ടെ ‘ലംഘനം അവഗണി​ക്കാൻ’ മാത്രമല്ല, അവരെ അഭിന​ന്ദി​ക്കാ​നുള്ള അവസരങ്ങൾ തേടാ​നും നാം ശ്രമി​ക്കും. (സദൃശ​വാ​ക്യ​ങ്ങൾ 19:11, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ നാം വിശ്വാ​സം പ്രകടി​പ്പി​ക്കു​മ്പോൾ, യഹോ​വയെ ഏറ്റവും നന്നായി സേവി​ക്കാ​നും ആ സേവന​ത്തിൽ സന്തോഷം കണ്ടെത്താ​നും നാം അവരെ സഹായി​ക്കു​ക​യാ​യി​രി​ക്കും.​—1 തെസ്സ​ലോ​നി​ക്യർ 5:11.

20. ജ്ഞാനത്തി​ന്റെ കലവറ​യായ സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ നാം എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്തണം, എന്തു​കൊണ്ട്‌?

20 യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ ജ്ഞാനത്തി​ന്റെ ഒരു കലവറ​ത​ന്നെ​യാണ്‌. നമുക്ക്‌ അത്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം? ഗിരി​പ്ര​ഭാ​ഷണം ഉപസം​ഹ​രി​ക്കവെ, തന്റെ വചനം കേട്ട്‌ പ്രമാ​ണി​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ യേശു ശ്രോ​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്തായി 7:24-27) നമ്മുടെ ചിന്താ​ഗ​തി​ക​ളും ആന്തരങ്ങ​ളും പ്രവൃ​ത്തി​ക​ളും യേശു​വി​ന്റെ വാക്കു​കൾക്കും പ്രവൃ​ത്തി​കൾക്കും ചേർച്ച​യിൽ കൊണ്ടു​വ​രു​ന്നത്‌ വിജയ​ക​ര​മായ ഒരു ജീവിതം നയിക്കു​ന്ന​തി​നും നിത്യ​ജീ​വന്റെ പാതയി​ലാ​യി​രി​ക്കു​ന്ന​തി​നും നമ്മെ സഹായി​ക്കും. (മത്തായി 7:13, 14) അതി​നെ​ക്കാൾ ജ്ഞാനപൂർവ​ക​മായ ഗതി വേറെ​യില്ല!

^ അന്ന്‌ യേശു നടത്തിയ പ്രസംഗം, പിന്നീട്‌ ഗിരി​പ്ര​ഭാ​ഷണം എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി. ഏതാണ്ട്‌ 20 മിനിട്ട്‌ മാത്രം എടുത്തി​രി​ക്കാ​വുന്ന ആ പ്രസംഗം മത്തായി 5:3–7:27-ൽ കാണാ​വു​ന്ന​താണ്‌. അവിടെ, 107 വാക്യ​ങ്ങ​ളി​ലാ​യി​ട്ടാണ്‌ അത്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

^ യേശു സ്‌നാ​ന​മേൽക്കവെ “ആകാശങ്ങൾ തുറന്നു” എന്നു ബൈബിൾ പറയുന്നു. ആ അവസര​ത്തിൽ തന്റെ മനുഷ്യ​പൂർവ അസ്‌തി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ഓർമകൾ യേശു​വിന്‌ ലഭിച്ചി​ട്ടു​ണ്ടാ​യി​രി​ക്കണം.​—മത്തായി 3:13-17.