വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

‘ഞാൻ താഴ്‌മ ഉള്ളവനാകുന്നു’

‘ഞാൻ താഴ്‌മ ഉള്ളവനാകുന്നു’

“ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു”

1-3. (എ) യേശു ഏതു വിധത്തി​ലാണ്‌ യെരു​ശ​ലേ​മിൽ പ്രവേ​ശി​ച്ചത്‌? (ബി) കാഴ്‌ച​ക്കാ​രിൽ ചിലർ അമ്പരന്നു​പോ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 യെരു​ശ​ലേ​മിൽ ആകെ​യൊ​രു ആഘോ​ഷ​ത്തി​ന്റെ പ്രതീ​തി​യാണ്‌. ഒരു വിശിഷ്ട വ്യക്തി​യാണ്‌ നഗരത്തി​ലേക്ക്‌ എഴുന്ന​ള്ളു​ന്നത്‌. അദ്ദേഹത്തെ വരവേൽക്കാ​നാ​യി നഗരത്തി​നു പുറത്ത്‌, വഴിയ​രി​കിൽ ആളുകൾ തടിച്ചു​കൂ​ടി​യി​ട്ടുണ്ട്‌. അദ്ദേഹം ദാവീദ്‌ രാജാ​വി​ന്റെ പിൻഗാ​മി​യാ​ണെ​ന്നും ഇസ്രാ​യേ​ലി​നെ ഭരിക്കാൻ എന്തു​കൊ​ണ്ടും യോഗ്യ​നാ​ണെ​ന്നും ചിലർ അടക്കം പറയുന്നു. പലരു​ടെ​യും കൈയിൽ കുരു​ത്തോ​ല​ക​ളുണ്ട്‌. ചിലർ വഴിയിൽ മേലങ്കി​കൾ വിരി​ക്കു​ന്നു, മറ്റുചി​ലർ മരച്ചി​ല്ലകൾ നിരത്തു​ന്നു. (മത്തായി 21:7, 8; യോഹ​ന്നാൻ 12:12, 13) അദ്ദേഹ​ത്തി​ന്റെ എഴുന്ന​ള്ളത്ത്‌ വളരെ ഗംഭീ​ര​മാ​യി​രി​ക്കും എന്നാണ്‌ പലരും ചിന്തി​ക്കു​ന്നത്‌.

2 രാജകീയ പ്രൗഢി​യോ​ടെ​യുള്ള ഒരു കാഴ്‌ച​യാ​യി​രി​ക്കാം ചില​രെ​ങ്കി​ലും പ്രതീ​ക്ഷി​ക്കു​ന്നത്‌. അലങ്കാ​ര​ബ​ഹു​ല​മായ എഴുന്ന​ള്ളത്ത്‌ നടത്തി​യി​ട്ടുള്ള പലരെ​യും ആ നഗരവാ​സി​കൾക്ക്‌ അറിയാം. ദാവീ​ദി​ന്റെ മകനായ അബ്‌ശാ​ലോം തന്റെ എഴുന്ന​ള്ള​ത്തി​ന്റെ സമയത്ത്‌ രഥത്തിനു മുമ്പി​ലാ​യി ഓടു​വാൻ 50 പുരു​ഷ​ന്മാ​രെ നിയമി​ച്ചി​രു​ന്നു. (2 ശമൂവേൽ 15:1, 10) അതിലും ഗംഭീ​ര​മാ​യി​രു​ന്നു റോമൻ ചക്രവർത്തി​യായ ജൂലി​യസ്‌ സീസറി​ന്റെ എഴുന്ന​ള്ളത്ത്‌. ഒരിക്കൽ റോമൻ കാപ്പി​റ്റോ​ളി​ലേ​ക്കുള്ള ജയോ​ത്സ​വ​യാ​ത്ര​യിൽ ദീപങ്ങ​ളു​മാ​യി 40 ആനകൾ അദ്ദേഹ​ത്തിന്‌ അകമ്പടി​യാ​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ഇവരെ​ക്കാ​ളൊ​ക്കെ വിശി​ഷ്ട​നായ ഒരാളെ വരവേൽക്കാ​നുള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌ ഇപ്പോൾ യെരു​ശ​ലേം നഗരം. തങ്ങൾ പ്രതീ​ക്ഷി​ക്കുന്ന വ്യക്തി മിശി​ഹാ​യാ​ണെന്ന്‌ ഈ ജനക്കൂട്ടം അറിയു​ന്നു​ണ്ടോ ആവോ? അതെന്താ​യാ​ലും, ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും മഹാനായ മനുഷ്യൻ, യേശു​വാണ്‌ ആഗതനാ​കു​ന്നത്‌. യേശു വരു​മ്പോൾ അവരിൽ ചില​രെ​ങ്കി​ലും അമ്പരന്നു​പോ​കും, തീർച്ച.

3 അതാ യേശു വരുന്നു! പക്ഷേ അകമ്പടി​യാ​യി കുതി​ര​ക​ളോ ആനകളോ രഥങ്ങളോ ഒന്നുമില്ല. ഒരു കഴുത​ക്കു​ട്ടി​യു​ടെ, ഒരു ചുമട്ടു​മൃ​ഗ​ത്തി​ന്റെ, * പുറത്തി​രു​ന്നാണ്‌ അവൻ വരുന്നത്‌. ആ മൃഗത്തി​നോ അതിന്റെ പുറത്തി​രി​ക്കുന്ന ആൾക്കോ ചമയങ്ങ​ളൊ​ന്നു​മില്ല. കഴുത​ക്കു​ട്ടി​യു​ടെ പുറത്തി​ട്ടി​രി​ക്കു​ന്നത്‌ വിലകൂ​ടിയ ജീനിയല്ല; യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ ചിലർ നൽകിയ അങ്കിക​ളാണ്‌. യേശു​വി​നെ​ക്കാൾ താഴ്‌ന്ന​വ​രായ മനുഷ്യർ വലിയ ആഡംബ​ര​ത്തോ​ടും പ്രൗഢി​യോ​ടും​കൂ​ടെ എഴുന്ന​ള്ളത്ത്‌ നടത്തി​യി​ട്ടു​ണ്ടെ​ന്നി​രി​ക്കെ, ഇങ്ങനെ എളി​യൊ​രു വിധത്തിൽ അവൻ യെരു​ശ​ലേ​മി​ലേക്കു പ്രവേ​ശി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

4. മിശി​ഹൈക രാജാവ്‌ യെരു​ശ​ലേ​മി​ലേക്കു പ്രവേ​ശി​ക്കു​ന്നതു സംബന്ധിച്ച്‌ ബൈബിൾ എന്തു മുൻകൂ​ട്ടി​പ്പ​റഞ്ഞു?

4 യേശു പിൻവ​രുന്ന പ്രവചനം നിവർത്തി​ക്കു​ക​യാ​ണി​വി​ടെ: “ഉച്ചത്തിൽ ഘോഷി​ച്ചാ​ന​ന്ദിക്ക; യെരൂ​ശ​ലേം​പു​ത്രി​യേ, ആർപ്പി​ടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതി​മാ​നും ജയശാ​ലി​യും താഴ്‌മ​യു​ള്ള​വ​നും ആയി കഴുത​പ്പു​റത്തു . . . കയറി​വ​രു​ന്നു.” (സെഖര്യാ​വു 9:9) ദൈവ​ത്തി​ന്റെ അഭിഷി​ക്ത​നായ മിശിഹാ, ദൈവ​ത്തി​ന്റെ നിയുക്ത രാജാ​വാ​യി ഒരിക്കൽ യെരു​ശ​ലേം നിവാ​സി​കൾക്കു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​മെന്ന്‌ ഈ പ്രവചനം സൂചി​പ്പി​ച്ചു. അവൻ അതു വെളി​പ്പെ​ടു​ത്തുന്ന വിധം​—വിശേ​ഷി​ച്ചും അവൻ ഒരു എളിയ മൃഗത്തി​ന്റെ പുറ​ത്തേ​റി​വ​രു​ന്നത്‌​—അവന്റെ താഴ്‌മ​യെന്ന ഗുണത്തെ എടുത്തു​കാ​ട്ടു​മാ​യി​രു​ന്നു.

5. (എ) യേശു കാണിച്ച താഴ്‌മ​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്തോ​റും അതു നമ്മെ ആഴത്തിൽ സ്വാധീ​നി​ക്കും എന്ന്‌ പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇക്കാര്യ​ത്തിൽ നാം യേശു​വി​നെ അനുക​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 യേശു​വി​ന്റെ ഏറ്റവും ആകർഷ​ക​മായ ഗുണങ്ങ​ളി​ലൊ​ന്നാണ്‌ താഴ്‌മ. അവന്റെ ഈ ഉത്‌കൃഷ്ട ഗുണ​ത്തെ​ക്കു​റിച്ച്‌ നാം ചിന്തി​ക്കു​ന്തോ​റും അതു നമ്മെ ആഴത്തിൽ സ്വാധീ​നി​ക്കും. മുൻ അധ്യാ​യ​ത്തിൽ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ യേശു മാത്ര​മാണ്‌ “വഴിയും സത്യവും ജീവനും.” (യോഹ​ന്നാൻ 14:6) ദൈവ​ത്തി​ന്റെ ഈ പുത്ര​നോ​ളം ഔന്നത്യം ഭൂമി​യിൽ ജീവി​ച്ചി​രു​ന്നി​ട്ടുള്ള വേറെ ഒരാൾക്കും ഉണ്ടായി​രു​ന്നി​ട്ടില്ല. എങ്കിലും അപൂർണ മനുഷ്യ​രിൽ ഒട്ടുമി​ക്ക​വ​രെ​യും പിടി​കൂ​ടി​യി​ട്ടുള്ള അഹങ്കാ​ര​ത്തി​ന്റെ ഒരു കണിക​പോ​ലും യേശു​വി​ലി​ല്ലാ​യി​രു​ന്നു. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​ക​ണ​മെ​ങ്കിൽ അഹങ്കാ​ര​ത്തി​ന്റെ കെണി​യി​ല​ക​പ്പെ​ടാ​തെ നാം സൂക്ഷി​ക്കണം. (യാക്കോബ്‌ 4:6) അഹങ്കാരം യഹോവ വെറു​ക്കു​ന്നു എന്ന കാര്യം ഓർക്കുക. അതിനാൽ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നാം പഠിക്കണം.

താഴ്‌മ​യു​ടെ ഉത്തമ മാതൃക

6. (എ) താഴ്‌മ​യുള്ള ഒരാൾ എങ്ങനെ​യു​ള്ള​വ​നാ​യി​രി​ക്കും? (ബി) മിശിഹാ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നത്‌ എങ്ങനെ?

6 താഴ്‌മ​യുള്ള ഒരാൾക്ക്‌ താൻ എളിയ​വ​നാ​ണെന്ന ചിന്തയു​ണ്ടാ​യി​രി​ക്കും. അയാൾ അഹംഭാ​വി​യോ ദുരഭി​മാ​നി​യോ ആയിരി​ക്കില്ല. താഴ്‌മ ഒരു ആന്തരിക സവി​ശേ​ഷ​ത​യാണ്‌. ഒരു വ്യക്തി​യു​ടെ സംസാ​ര​ത്തി​ലും സ്വഭാ​വ​ത്തി​ലും മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളി​ലു​മെ​ല്ലാം ഈ ഗുണം പ്രകട​മാ​യി​രി​ക്കും. മിശിഹാ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കു​മെന്ന്‌ യഹോവ എങ്ങനെ​യാണ്‌ മനസ്സി​ലാ​ക്കി​യത്‌? താഴ്‌മ​യു​ടെ കാര്യ​ത്തിൽ, തന്റെ പുത്രൻ തന്നെ അതേപടി അനുക​രി​ക്കു​ന്ന​വ​നാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 10:15) തന്റെ പുത്രൻ താഴ്‌മ​യോ​ടെ പ്രവർത്തി​ക്കു​ന്ന​തും അവൻ നിരീ​ക്ഷി​ച്ചി​ട്ടുണ്ട്‌. ഏതുവി​ധ​ത്തിൽ?

7-9. (എ) സാത്താ​നു​മാ​യി വിയോ​ജി​പ്പു​ണ്ടായ സാഹച​ര്യ​ത്തിൽ മീഖാ​യേൽ താഴ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) മീഖാ​യേ​ലി​നെ അനുക​രി​ച്ചു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ താഴ്‌മ കാണി​ക്കാ​നാ​കും?

7 അതിന്റെ ശ്രദ്ധേ​യ​മായ ഒരു ഉദാഹ​രണം യൂദാ​യു​ടെ പുസ്‌ത​ക​ത്തിൽ കാണാം. ‘പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ, മോശ​യു​ടെ ശരീരം സംബന്ധിച്ച്‌ പിശാ​ചു​മാ​യി വിയോ​ജി​പ്പു​ണ്ടാ​യിട്ട്‌ അവനോ​ടു വാദി​ക്കു​മ്പോൾ അധി​ക്ഷേ​പ​വാ​ക്കു​ക​ളാൽ അവനെ കുറ്റം​വി​ധി​ക്കാൻ തുനി​യാ​തെ, “യഹോവ നിന്നെ ഭർത്സി​ക്കട്ടെ” എന്നു പറഞ്ഞ​തേ​യു​ള്ളൂ’ എന്ന്‌ യൂദാ 9 പറയുന്നു. പ്രധാ​ന​ദൂ​ത​നെ​ന്ന​നി​ല​യിൽ അഥവാ യഹോ​വ​യു​ടെ സ്വർഗീയ ദൂത​സേ​ന​യു​ടെ അധിപ​നെ​ന്ന​നി​ല​യിൽ മീഖാ​യേൽ എന്ന പേര്‌ യേശു​വി​നു ബാധക​മാ​കു​ന്നു. * (1 തെസ്സ​ലോ​നി​ക്യർ 4:16) ഭൂമി​യി​ലേക്കു വരുന്ന​തി​നു​മു​മ്പും അതിനു​ശേ​ഷ​വും അവനെ ഈ പേരി​നാൽ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നുണ്ട്‌. സാത്താ​നു​മാ​യുള്ള വിയോ​ജിപ്പ്‌ മീഖാ​യേൽ എങ്ങനെ​യാണ്‌ കൈകാ​ര്യം ചെയ്‌തത്‌ എന്നു ശ്രദ്ധി​ക്കുക.

8 മോ​ശെ​യു​ടെ ശരീരം​കൊണ്ട്‌ എന്തു ചെയ്യാ​നാണ്‌ സാത്താൻ ആഗ്രഹി​ച്ചത്‌ എന്ന്‌ യൂദാ​യു​ടെ വിവരണം പറയു​ന്നില്ല. എന്നാൽ പിശാ​ചിന്‌ നീചമായ എന്തോ ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ വ്യക്തം. വിശ്വ​സ്‌ത​നായ ആ മനുഷ്യ​ന്റെ ഭൗതി​കാ​വ​ശി​ഷ്ടങ്ങൾ, വ്യാജാ​രാ​ധന ഊട്ടി​വ​ളർത്തു​ന്ന​തി​നുള്ള ഒരുപാ​ധി​യാ​ക്കാ​മെന്ന്‌ ഒരുപക്ഷേ സാത്താൻ കണക്കു​കൂ​ട്ടി​യി​രി​ക്കാം. സാത്താന്റെ ആ കുടില നീക്കത്തെ മീഖാ​യേൽ എതിർത്തെ​ങ്കി​ലും ആ അവസര​ത്തിൽ അവൻ അസാമാ​ന്യ ആത്മനി​യ​ന്ത്രണം പാലിച്ചു. സാത്താൻ കടുത്ത ശാസന അർഹി​ച്ചെ​ങ്കി​ലും അത്‌ നൽകാൻ മീഖാ​യേൽ അപ്പോൾ തുനി​ഞ്ഞില്ല. കാരണം ന്യായ​വി​ധി​ക്കുള്ള പൂർണ അധികാ​രം അവന്‌ അപ്പോൾ ലഭിച്ചി​ട്ടി​ല്ലാ​യി​രു​ന്നു. സാത്താനെ ഭർത്സി​ക്കാ​നുള്ള അധികാ​രം യഹോ​വ​യ്‌ക്കു മാത്ര​മേ​യു​ള്ളൂ​വെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 5:22) പ്രധാ​ന​ദൂ​ത​നെ​ന്ന​നി​ല​യിൽ മീഖാ​യേ​ലിന്‌ വലിയ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. എന്നിരു​ന്നാ​ലും കൂടു​ത​ലായ അധികാ​രം കയ്യാളാൻ ശ്രമി​ക്കാ​തെ അവൻ താഴ്‌മ​യോ​ടെ യഹോ​വ​യ്‌ക്കു കീഴ്‌പ്പെ​ട്ടി​രു​ന്നു. താഴ്‌മ​യ്‌ക്കു​പു​റമേ അവന്‌ എളിമ​യും ഉണ്ടായി​രു​ന്നു. അതെ, അവൻ തന്റെ പരിമി​തി​ക​ളെ​ക്കു​റി​ച്ചു ബോധ​വാ​നാ​യി​രു​ന്നു.

9 ഈ വിവരണം രേഖ​പ്പെ​ടു​ത്താൻ ദൈവം യൂദായെ നിശ്വ​സ്‌ത​നാ​ക്കി​യത്‌ ഒരു ഉദ്ദേശ്യ​ത്തോ​ടെ​യാ​യി​രു​ന്നു. യൂദാ​യു​ടെ നാളിലെ ചില ക്രിസ്‌ത്യാ​നി​കൾ താഴ്‌മ​യു​ള്ള​വ​രാ​യി​രു​ന്നില്ല. അവർ അഹങ്കാ​ര​ത്തോ​ടെ ‘തങ്ങൾക്കു മനസ്സി​ലാ​കാ​ത്ത​തി​നെ​യെ​ല്ലാം ദുഷിച്ചു’ സംസാ​രി​ച്ചി​രു​ന്നു. (യൂദാ 10) അപൂർണ മനുഷ്യ​രായ നമ്മെ എത്ര എളുപ്പ​ത്തി​ലാണ്‌ അഹങ്കാരം പിടി​കൂ​ടു​ന്നത്‌! ക്രിസ്‌തീയ സഭയിൽ, മൂപ്പന്മാ​രു​ടെ സംഘം എടുക്കുന്ന ഒരു തീരു​മാ​ന​മോ മറ്റോ നമുക്കു മനസ്സി​ലാ​കാ​തെ വന്നാൽ നാം എങ്ങനെ​യാ​യി​രി​ക്കും പ്രതി​ക​രി​ക്കു​ന്നത്‌? അത്തര​മൊ​രു തീരു​മാ​ന​ത്തി​നു പിന്നിലെ എല്ലാ വസ്‌തു​ത​ക​ളും അറിയി​ല്ലെ​ന്നി​രി​ക്കെ, നാം അതിനെ വിമർശി​ച്ചു സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ താഴ്‌മ​യു​ണ്ടെന്നു പറയാ​നാ​കു​മോ? അതു​കൊണ്ട്‌ നമുക്ക്‌ മീഖാ​യേ​ലി​നെ അഥവാ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ദൈവം നമ്മെ അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത കാര്യ​ങ്ങളെ വിധി​ക്കാ​തി​രി​ക്കാം.

10, 11. (എ) ഭൂമി​യി​ലേക്കു വരാൻ ദൈവ​പു​ത്രൻ കാണിച്ച മനസ്സൊ​രു​ക്കം ഏറെ ശ്രദ്ധേ​യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യേശു​വി​ന്റെ താഴ്‌മ നമുക്ക്‌ എങ്ങനെ പകർത്താം?

10 ഭൂമി​യി​ലേക്കു വരാനുള്ള നിയമനം സ്വീക​രി​ച്ചു​കൊ​ണ്ടും ദൈവ​പു​ത്രൻ താഴ്‌മ കാണിച്ചു. അവന്‌ അതിനാ​യി എന്തെല്ലാ​മാണ്‌ ഉപേക്ഷി​ക്കേ​ണ്ടി​വ​ന്ന​തെന്ന്‌ ചിന്തി​ക്കുക. അവൻ പ്രധാ​ന​ദൂ​ത​നാ​യി​രു​ന്നു. “വചനം” അഥവാ യഹോ​വ​യു​ടെ വക്താവ്‌ ആയിരി​ക്കാ​നുള്ള പദവി അവനു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 1:1-3) സ്വർഗ​ത്തിൽ, “വിശു​ദ്ധി​യും മഹത്വ​വു​മുള്ള (യഹോ​വ​യു​ടെ) വാസസ്ഥല”ത്താണ്‌ അവൻ വസിച്ചി​രു​ന്നത്‌. (യെശയ്യാ​വു 63:15) എന്നിരു​ന്നാ​ലും ദൈവ​പു​ത്രൻ “തനിക്കു​ള്ള​തെ​ല്ലാം വിട്ട്‌ ദാസരൂ​പം എടുത്ത്‌ മനുഷ്യ​നാ​യി​ത്തീർന്നു.” (ഫിലി​പ്പി​യർ 2:7) ഇനി, ഭൂമി​യി​ലെ അവന്റെ നിയമ​ന​ത്തിൽ ഉൾപ്പെ​ട്ടി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ദൈവം അവന്റെ ജീവൻ ഒരു യഹൂദ കന്യക​യു​ടെ ഉദരത്തി​ലേക്കു മാറ്റി. മറ്റേ​തൊ​രു കുഞ്ഞി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഒൻപതു​മാ​സം അവൻ തന്റെ അമ്മയുടെ ഉദരത്തിൽ കഴിയ​ണ​മാ​യി​രു​ന്നു. അതിനു​ശേഷം അവൻ നിസ്സഹാ​യ​നായ ഒരു ശിശു​വാ​യി ഭൂമി​യി​ലേക്കു പിറന്നു​വീ​ണു, അതും ഒരു പാവപ്പെട്ട മരപ്പണി​ക്കാ​രന്റെ കുടും​ബ​ത്തിൽ. പിന്നെ അവൻ വളർന്ന്‌ ഒരു ബാലനാ​യി, ഒരു യുവാ​വാ​യി. പൂർണ​നാ​യി​രു​ന്നെ​ങ്കി​ലും യൗവന​കാ​ല​ത്തു​ട​നീ​ളം അവൻ തന്റെ അപൂർണ​രായ മാതാ​പി​താ​ക്കൾക്കു കീഴ്‌പെട്ടു ജീവിച്ചു. (ലൂക്കോസ്‌ 2:40, 51, 52) താഴ്‌മ​യു​ടെ എത്ര മുന്തിയ ദൃഷ്ടാന്തം!

11 എളിയ​തെന്നു തോന്നുന്ന നിയമ​നങ്ങൾ മനസ്സോ​ടെ സ്വീക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ യേശു​വി​നെ അനുക​രി​ക്കാ​നാ​കു​മോ? ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പ്രസം​ഗി​ക്കാ​നുള്ള നിയമനം തികച്ചും എളിയ ഒരു വേലയാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം, വിശേ​ഷി​ച്ചും ആളുകൾ നിസ്സംഗത കാട്ടു​ക​യും പരിഹ​സി​ക്കു​ക​യും എതിർക്കു​ക​യു​മൊ​ക്കെ ചെയ്യു​മ്പോൾ. (മത്തായി 28:19, 20) എന്നാൽ നാം ഈ വേലയിൽ സഹിഷ്‌ണു​ത​യോ​ടെ തുടരു​മ്പോൾ അനേകം ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ നമുക്കാ​കും. ഇനി, നമുക്ക്‌ അതിനാ​യി​ല്ലെ​ങ്കിൽത്തന്നെ താഴ്‌മ എന്താ​ണെന്ന്‌ നന്നായി പഠിക്കാ​നുള്ള അവസര​ങ്ങ​ളാണ്‌ ഈ വേലയി​ലൂ​ടെ നമുക്കു ലഭിക്കു​ന്നത്‌. അങ്ങനെ നമ്മുടെ നായക​നായ യേശു​ക്രി​സ്‌തു​വി​ന്റെ കാൽച്ചു​വ​ടു​കൾ അടുത്തു പിൻപ​റ്റാൻ നമുക്കു കഴിയും.

മനുഷ്യ​രൂ​പ​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴും താഴ്‌മ കാണിച്ചു

12-14. (എ) ആളുകൾ യേശു​വി​നെ പുകഴ്‌ത്തി​യ​പ്പോൾ അവൻ താഴ്‌മ കാണി​ച്ചത്‌ എങ്ങനെ? (ബി) യേശു ആളുക​ളോട്‌ താഴ്‌മ​യോ​ടെ ഇടപെ​ട്ട​തിന്‌ ഉദാഹ​ര​ണങ്ങൾ നൽകുക. (സി) മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കുക എന്ന ലക്ഷ്യത്തി​ലല്ല യേശു താഴ്‌മ പ്രകടി​പ്പി​ച്ചത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 തുടക്കം​മു​തൽ അവസാ​നം​വരെ യേശു​വി​ന്റെ ശുശ്രൂ​ഷ​യിൽ താഴ്‌മ പ്രകട​മാ​യി​രു​ന്നു. അവൻ എല്ലായ്‌പോ​ഴും താഴ്‌മ​യോ​ടെ മഹത്വം തന്റെ പിതാ​വി​ലേക്കു തിരി​ച്ചു​വി​ട്ടു. അവന്റെ വാക്കു​ക​ളിൽ പ്രതി​ഫ​ലിച്ച ജ്ഞാന​ത്തെ​യും അവന്റെ വീര്യ​പ്ര​വൃ​ത്തി​ക​ളെ​യും അവന്റെ സ്വഭാ​വ​വൈ​ശി​ഷ്ട്യ​ത്തെ​യു​മെ​ല്ലാം ആളുകൾ പലപ്പോ​ഴും പുകഴ്‌ത്തി​യി​രു​ന്നു. എന്നാൽ അങ്ങനെ​യുള്ള അവസര​ങ്ങ​ളി​ലെ​ല്ലാം യേശു ആ മഹത്വം യഹോ​വ​യ്‌ക്കു നൽകി.​—മർക്കോസ്‌ 10:17, 18; യോഹ​ന്നാൻ 7:15, 16.

13 അവൻ ആളുക​ളോട്‌ ഇടപെ​ട്ട​തും താഴ്‌മ​യോ​ടെ​യാണ്‌. താൻ ഭൂമി​യി​ലേക്കു വന്നത്‌ ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, മറ്റുള്ള​വരെ ശുശ്രൂ​ഷി​ക്കാ​നാ​ണെന്ന്‌ യേശു വ്യക്തമാ​ക്കി. (മത്തായി 20:28) ആളുക​ളോട്‌ സൗമ്യ​ത​യോ​ടും ന്യായ​ബോ​ധ​ത്തോ​ടും കൂടെ ഇടപെ​ട്ടു​കൊണ്ട്‌ അവൻ താഴ്‌മ കാണിച്ചു. ശിഷ്യ​ന്മാർ അവനെ നിരാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ഴും അവൻ അവരെ ശകാരി​ച്ചില്ല; പകരം ക്ഷമയോ​ടെ കാര്യങ്ങൾ പറഞ്ഞു​മ​ന​സ്സി​ലാ​ക്കാൻ ശ്രമിച്ചു. (മത്തായി 26:39-41) വിശ്ര​മ​വും സ്വകാ​ര്യ​ത​യും അവൻ ആഗ്രഹിച്ച അവസര​ങ്ങ​ളിൽ ആളുകൾ അവനെ തേടി​യെ​ത്തി​യ​പ്പോൾ അവൻ അവരെ മടക്കി അയച്ചില്ല. സ്വന്തം കാര്യം മാറ്റി​വെച്ച്‌ “അവൻ പല കാര്യ​ങ്ങ​ളും അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.” (മർക്കോസ്‌ 6:30-34) മറ്റൊ​ര​വ​സ​ര​ത്തിൽ ഒരു വിജാ​തീയ സ്‌ത്രീ തന്റെ മകളെ സുഖ​പ്പെ​ടു​ത്താൻ യാചി​ച്ചു​കൊണ്ട്‌ അവന്റെ അടുക്കൽ വന്നു. ആദ്യം, താൻ അതു ചെയ്യാൻ ഉദ്ദേശി​ക്കു​ന്നി​ല്ലെന്ന്‌ അവൻ വളരെ ശാന്തമാ​യി സൂചി​പ്പി​ച്ചു. എങ്കിലും ആ സ്‌ത്രീ​യു​ടെ അസാധാ​ര​ണ​മായ വിശ്വാ​സം കണ്ട്‌ അവൻ അവളുടെ ആവശ്യം നിറ​വേ​റ്റി​ക്കൊ​ടു​ത്തു. ഇതേക്കു​റിച്ച്‌ നാം 14-ാം അധ്യാ​യ​ത്തിൽ പഠിക്കു​ന്ന​താ​യി​രി​ക്കും.​—മത്തായി 15:22-28.

14 ‘ഞാൻ സൗമ്യ​ത​യും താഴ്‌മ​യും ഉള്ളവനാണ്‌’ എന്ന്‌ യേശു പറഞ്ഞു. (മത്തായി 11:29) ആ പ്രസ്‌താ​വ​ന​യ്‌ക്കു ചേർച്ച​യി​ലാണ്‌ അവൻ ജീവി​ച്ച​തും. അവന്റെ താഴ്‌മ കേവലം ഒരു ബാഹ്യ​പ്ര​ക​ട​ന​മ​ല്ലാ​യി​രു​ന്നു; ആളുക​ളിൽ മതിപ്പു​ള​വാ​ക്കുക എന്ന ലക്ഷ്യത്തി​ലല്ല അവൻ വിനയ​ത്തോ​ടെ പെരു​മാ​റി​യത്‌. അത്‌ അവന്റെ ഉള്ളി​ന്റെ​യു​ള്ളിൽനി​ന്നു വന്ന ഒരു ഗുണമാ​യി​രു​ന്നു. തന്റെ അനുഗാ​മി​കളെ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ പഠിപ്പി​ക്കു​ന്ന​തിന്‌ അവൻ ഏറെ പ്രാധാ​ന്യം നൽകി​യ​തിൽ അതിശ​യി​ക്കാ​നില്ല.

താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ അനുഗാ​മി​കളെ പഠിപ്പിക്കുന്നു

15, 16. ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി തന്റെ അനുഗാ​മി​കൾക്ക്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

15 താഴ്‌മ എന്ന ഗുണം വളർത്തി​യെ​ടു​ക്കുന്ന കാര്യ​ത്തിൽ യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാർ വളരെ പുറ​കോ​ട്ടാ​യി​രു​ന്നു. താഴ്‌മ​യെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കാൻ യേശു​വിന്‌ പലയാ​വർത്തി ശ്രമി​ക്കേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ യാക്കോ​ബും യോഹ​ന്നാ​നും അവരുടെ അമ്മയി​ലൂ​ടെ യേശു​വി​നോട്‌ ഒരു ആവശ്യം ഉണർത്തി​ച്ചു. ദൈവ​രാ​ജ്യ​ത്തിൽ ഉന്നതസ്ഥാ​നങ്ങൾ നൽകാ​മെന്ന ഉറപ്പാ​യി​രു​ന്നു അവർക്ക്‌ വേണ്ടി​യി​രു​ന്നത്‌. യേശു സവിനയം ഇങ്ങനെ മറുപടി നൽകി: “എന്റെ വലത്തോ ഇടത്തോ ഇരുത്തു​ന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കു​വേണ്ടി ഒരുക്കി​യി​രി​ക്കു​ന്നു​വോ അവർക്കു​ള്ള​താണ്‌.” ഇതു കേട്ടിട്ട്‌ ബാക്കി പത്ത്‌ അപ്പൊ​സ്‌ത​ല​ന്മാർ അവരോട്‌ “നീരസ​പ്പെട്ടു.” (മത്തായി 20:20-24) യേശു ഈ പ്രശ്‌നം എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്‌തത്‌?

16 അവൻ ദയയോ​ടെ അവരെ തിരുത്തി: “ജനതക​ളു​ടെ ഭരണകർത്താ​ക്കൾ അവരു​ടെ​മേൽ ആധിപ​ത്യം നടത്തു​ന്നെ​ന്നും പ്രമാ​ണി​മാർ അവരു​ടെ​മേൽ അധികാ​രം പ്രയോ​ഗി​ക്കു​ന്നെ​ന്നും നിങ്ങൾ അറിയു​ന്നു​വ​ല്ലോ. എന്നാൽ നിങ്ങൾക്കി​ട​യിൽ അങ്ങനെ​യാ​യി​രി​ക്ക​രുത്‌; നിങ്ങളിൽ വലിയ​വ​നാ​കാൻ ആഗ്രഹി​ക്കു​ന്ന​വ​നൊ​ക്കെ​യും നിങ്ങളു​ടെ ശുശ്രൂ​ഷകൻ ആയിരി​ക്കണം. നിങ്ങളിൽ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്ന​വ​നൊ​ക്കെ​യും നിങ്ങളു​ടെ ദാസൻ ആയിരി​ക്കണം.” (മത്തായി 20:25-27) “ജനതക​ളു​ടെ ഭരണകർത്താ​ക്കൾ” എത്ര അഹങ്കാ​രി​ക​ളും സ്ഥാന​മോ​ഹി​ക​ളും സ്വാർഥ​രു​മാ​ണെന്ന്‌ അപ്പൊ​സ്‌ത​ല​ന്മാർ നേരിട്ടു കണ്ടിരി​ക്കാ​നി​ട​യുണ്ട്‌. എന്നാൽ തന്റെ അനുഗാ​മി​കൾ അധികാ​ര​ക്കൊ​തി​യ​ന്മാ​രായ ഈ സ്വേച്ഛാ​ധി​പ​തി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രി​ക്ക​ണ​മെന്ന്‌ യേശു കാണി​ച്ചു​കൊ​ടു​ത്തു. അതെ, അവർ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. അപ്പൊ​സ്‌ത​ല​ന്മാർ അത്‌ ഗ്രഹി​ച്ചു​വോ?

17-19. (എ) തന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ അവിസ്‌മ​ര​ണീ​യ​മായ ഏതുവി​ധ​ത്തി​ലാണ്‌ താഴ്‌മ​യെ​പ്പറ്റി യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചത്‌? (ബി) ഏറ്റവും ശക്തമായ വിധത്തിൽ യേശു താഴ്‌മ​യെ​പ്പറ്റി പഠിപ്പി​ച്ചത്‌ എങ്ങനെ?

17 അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ എളുപ്പ​മാ​യി​രു​ന്നില്ല. ഈ പാഠം ഉൾക്കൊ​ള്ളാൻ യേശു അവരെ സഹായി​ക്കു​ന്നത്‌ ഇത്‌ ആദ്യ​ത്തെ​യോ അവസാ​ന​ത്തെ​യോ തവണയല്ല. തങ്ങളിൽ ആരാണ്‌ വലിയവൻ എന്ന്‌ അവർക്കി​ട​യിൽ ഒരു തർക്കമു​ണ്ടാ​യ​പ്പോൾ യേശു ഒരു കൊച്ചു​കു​ട്ടി​യെ അവരുടെ ഇടയിൽ നിറു​ത്തി​യിട്ട്‌ അവർ കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​ത്തീ​ര​ണ​മെന്ന്‌ ഉപദേ​ശി​ച്ചി​രു​ന്നു. മുതിർന്ന​വർക്കു​ള്ള​തു​പോ​ലുള്ള ദുരഭി​മാ​ന​മോ അധികാ​ര​മോ​ഹ​മോ വലിയ ആളാക​ണ​മെന്ന ചിന്തയോ ഒന്നും കുട്ടി​കൾക്കില്ല. അതു​കൊ​ണ്ടാണ്‌ അവർ മനംതി​രിഞ്ഞ്‌ കുട്ടി​ക​ളെ​പ്പോ​ലെ​യാ​ക​ണ​മെന്ന്‌ അവൻ പറഞ്ഞത്‌. (മത്തായി 18:1-4) എന്നാൽ തന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽപ്പോ​ലും, അഹങ്കാ​ര​ത്തി​ന്റെ പിടി​യിൽനിന്ന്‌ ശിഷ്യ​ന്മാർ മോചി​ത​രാ​യി​ട്ടി​ല്ലെന്ന്‌ യേശു മനസ്സി​ലാ​ക്കി. ആ അവസര​ത്തിൽ യേശു അവിസ്‌മ​ര​ണീ​യ​മായ ഒരു പാഠം അവരെ പഠിപ്പി​ച്ചു. അവൻ ഒരു തോർത്തെ​ടുത്ത്‌ അരയിൽച്ചു​റ്റി തന്റെ ശിഷ്യ​ന്മാ​രു​ടെ കാലുകൾ കഴുകാൻതു​ടങ്ങി, തന്നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന യൂദാ​യു​ടേ​തുൾപ്പെടെ. അന്നത്തെ കാലത്ത്‌ വീട്ടു​വേ​ല​ക്കാർ അതിഥി​കൾക്കാ​യി ചെയ്‌തി​രുന്ന ഒരു സേവന​മാ​യി​രു​ന്നു അത്‌.​—യോഹ​ന്നാൻ 13:1-11.

18 “ഞാൻ നിങ്ങൾക്കു ചെയ്‌ത​തു​പോ​ലെ​തന്നെ നിങ്ങളും ചെയ്യേ​ണ്ട​തിന്‌ ഞാൻ നിങ്ങൾക്കു മാതൃ​ക​വെ​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ യേശു കാര്യം വ്യക്തമാ​ക്കി. (യോഹ​ന്നാൻ 13:15) എന്നാൽ ഈ പാഠം അവരുടെ ഹൃദയ​ത്തി​ലെ​ത്തി​യോ? ഇല്ലെന്നു തോന്നു​ന്നു. ആ രാത്രി​യിൽത്തന്നെ അവർ വീണ്ടും ആരാണ്‌ തങ്ങളിൽ വലിയവൻ എന്ന തർക്കത്തി​ലേർപ്പെട്ടു. (ലൂക്കോസ്‌ 22:24-27) എന്നിട്ടും യേശു ക്ഷമയോ​ടും താഴ്‌മ​യോ​ടും കൂടെ അവരെ വീണ്ടും തിരു​ത്താൻ ശ്രമിച്ചു. തുടർന്ന്‌ അവൻ ഏറ്റവും ശക്തമായ വിധത്തിൽ അവർക്ക്‌ താഴ്‌മ എന്താ​ണെന്നു മനസ്സി​ലാ​ക്കി​ക്കൊ​ടു​ത്തു: “(അവൻ) തന്നെത്തന്നെ താഴ്‌ത്തി മരണ​ത്തോ​ളം, ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണ​ത്തോ​ളം​തന്നെ അനുസ​ര​ണ​മു​ള്ള​വ​നാ​യി.” (ഫിലി​പ്പി​യർ 2:8) കുറ്റവാ​ളി​യും ദൈവ​ദൂ​ഷ​ക​നു​മെന്ന്‌ മുദ്ര​കു​ത്ത​പ്പെട്ട്‌ നിന്ദാ​ക​ര​മായ മരണത്തിന്‌ അവൻ വിധേ​യ​നാ​യി. അങ്ങനെ ദൈവ​പു​ത്ര​നിൽ, യഹോ​വ​യു​ടെ മറ്റൊരു സൃഷ്ടി​യി​ലും കാണ​പ്പെ​ടാ​ത്ത​വി​ധം താഴ്‌മ അതിന്റെ പൂർണ​ത​യിൽ ദൃശ്യ​മാ​യി.

19 ഒരുപക്ഷേ താഴ്‌മ എന്ന ഗുണ​ത്തോ​ടു ബന്ധപ്പെട്ട്‌ യേശു അവസാ​ന​മാ​യി നൽകിയ ഈ പാഠമാ​യി​രി​ക്കാം അവന്റെ വിശ്വസ്‌ത അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഹൃദയ​ങ്ങ​ളിൽ പതിഞ്ഞത്‌. യേശു മരിച്ച്‌ പതിറ്റാ​ണ്ടു​കൾ കഴിഞ്ഞും, താഴ്‌മ​യു​ടെ പ്രാധാ​ന്യം ഈ ശിഷ്യ​ന്മാർ വിസ്‌മ​രി​ച്ചി​ല്ലെന്ന്‌ ബൈബിൾ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ആകട്ടെ, നമ്മുടെ കാര്യ​മോ?

നിങ്ങൾ യേശു​വി​ന്റെ മാതൃക പകർത്തു​മോ?

20. താഴ്‌മ​യുള്ള ഹൃദയം നമുക്കു​ണ്ടോ എന്ന്‌ എങ്ങനെ അറിയാം?

20 “ക്രിസ്‌തു​യേ​ശു​വിന്‌ ഉണ്ടായി​രുന്ന അതേ മനോ​ഭാ​വം​തന്നെ നിങ്ങളി​ലും ഉണ്ടായി​രി​ക്കട്ടെ” എന്ന്‌ പൗലോസ്‌ നമ്മെ ഓരോ​രു​ത്ത​രെ​യും ഉപദേ​ശി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:5) യേശു​വി​നെ​പ്പോ​ലെ താഴ്‌മ​യുള്ള ഒരു ഹൃദയം നമുക്കും ഉണ്ടായി​രി​ക്കണം. അങ്ങനെ​യൊ​രു ഹൃദയം നമുക്കു​ണ്ടോ​യെന്ന്‌ എങ്ങനെ അറിയാം? “ശാഠ്യ​ത്താ​ലോ ദുരഭി​മാ​ന​ത്താ​ലോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതു​വിൻ” എന്ന്‌ പൗലോസ്‌ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:3) അപ്പോൾ, നമുക്ക്‌ താഴ്‌മ​യു​ണ്ടോ എന്ന്‌ അറിയാ​നുള്ള പ്രധാ​ന​പ്പെട്ട വിധം ഇതാണ്‌: നാം മറ്റുള്ള​വരെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്ന്‌ സ്വയം ചോദി​ക്കുക. മറ്റുള്ള​വരെ നാം നമ്മെക്കാൾ ഉയർന്ന​വ​രാ​യി കാണണം. പൗലോ​സി​ന്റെ ആ ഉപദേശം നിങ്ങൾ സ്വീക​രി​ക്കു​മോ?

21, 22. (എ) ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാർ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) നാം താഴ്‌മ ധരിച്ച​വ​രാ​ണെന്ന്‌ എങ്ങനെ കാണി​ക്കാ​നാ​കും?

21 യേശു മരിച്ച്‌ വർഷങ്ങൾ കഴിഞ്ഞും അപ്പൊ​സ്‌ത​ല​നായ പത്രോസ്‌ താഴ്‌മ​യു​ടെ പ്രാധാ​ന്യം വിസ്‌മ​രി​ച്ചില്ല. തങ്ങളുടെ കർത്തവ്യ​ങ്ങൾ താഴ്‌മ​യോ​ടെ നിർവ​ഹി​ക്ക​ണ​മെ​ന്നും യഹോ​വ​യു​ടെ ആട്ടിൻകൂ​ട്ട​ത്തി​ന്മേൽ ആധിപ​ത്യം പുലർത്ത​രു​തെ​ന്നും ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാ​രെ പത്രോസ്‌ ഉപദേ​ശി​ച്ചു. (1 പത്രോസ്‌ 5:2, 3) ഉത്തരവാ​ദി​ത്വ​ങ്ങൾ അഹങ്കരി​ക്കാ​നുള്ള ലൈസൻസല്ല. മറിച്ച്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറു​ന്തോ​റും ഒരു വ്യക്തി കൂടുതൽ താഴ്‌മ​യു​ള്ള​വ​നാ​കേ​ണ്ട​താണ്‌. (ലൂക്കോസ്‌ 12:48) ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാർക്കു മാത്രമല്ല, ഓരോ ക്രിസ്‌ത്യാ​നി​ക്കും ഈ ഗുണം ഉണ്ടായി​രി​ക്കണം.

22 തന്റെ എതിർപ്പു വകവെ​ക്കാ​തെ യേശു തന്റെ കാലുകൾ കഴുകിയ ആ സംഭവം പത്രോ​സിന്‌ ഒരിക്ക​ലും മറക്കാ​നാ​കു​മാ​യി​രു​ന്നില്ല. (യോഹ​ന്നാൻ 13:6-10) പത്രോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇങ്ങനെ എഴുതി: “അന്യോ​ന്യം ഇടപെ​ടു​ന്ന​തിൽ നിങ്ങൾ എല്ലാവ​രും താഴ്‌മ ധരിച്ചു​കൊ​ള്ളു​വിൻ.” (1 പത്രോസ്‌ 5:5) മൂലഭാ​ഷ​യിൽ, “ധരിച്ചു​കൊ​ള്ളു​വിൻ” എന്ന പ്രയോ​ഗം ഒരു ദാസനോ ദാസി​യോ എളിയ ജോലി​കൾ ചെയ്യാ​നാ​യി അരയിൽ ഒരു തുണി ചുറ്റു​ന്ന​തി​നെ സൂചി​പ്പി​ക്കു​ന്നു. ശിഷ്യ​ന്മാ​രു​ടെ കാലുകൾ കഴുകു​ന്ന​തി​നു​മു​മ്പാ​യി യേശു ഒരു തോർത്തെ​ടുത്ത്‌ അരയിൽ ചുറ്റിയ രംഗം നമ്മുടെ മനസ്സി​ലേക്ക്‌ ഇപ്പോൾ ഓടി​യെ​ത്തി​യേ​ക്കാം. നാം യേശു​വി​നെ അനുഗ​മി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ ദൈവ​ത്തിൽനി​ന്നുള്ള ഏതെങ്കി​ലും നിയമനം നമ്മുടെ അന്തസ്സിനു ചേരാ​ത്ത​താ​യി നമുക്കു തോന്നു​മോ? നമ്മുടെ ഹൃദയ​ത്തി​ലെ താഴ്‌മ​യെന്ന ഗുണം ഏവർക്കും ദൃശ്യ​മാ​യി​രി​ക്കണം, ആ ഗുണം നാം ധരിച്ചാ​ലെ​ന്ന​പോ​ലെ.

23, 24. (എ) അഹങ്കരി​ക്കാ​നുള്ള ചായ്‌വി​നെ നാം ചെറു​ത്തു​തോൽപ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) താഴ്‌മ​യെ​ക്കു​റി​ച്ചുള്ള ഏതു തെറ്റി​ദ്ധാ​രണ മാറ്റാൻ പിൻവ​രുന്ന അധ്യായം സഹായി​ക്കും?

23 അഹങ്കാരം വിഷമാണ്‌. അത്‌ നമ്മെ നാശത്തി​ലേക്കേ നയിക്കൂ. ധാരാളം കഴിവു​ക​ളും പ്രാപ്‌തി​ക​ളു​മുള്ള ഒരാളാ​ണെ​ങ്കിൽപ്പോ​ലും അയാൾ അഹങ്കാ​രി​യാ​ണെ​ങ്കിൽ ദൈവ​ദൃ​ഷ്ടി​യിൽ അയാൾ യാതൊ​രു ഉപയോ​ഗ​വു​മി​ല്ലാ​ത്ത​വ​നാ​യി​രി​ക്കും. എന്നാൽ വലിയ കഴിവു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഒരു വ്യക്തി താഴ്‌മ​യു​ള്ള​വ​നാ​ണെ​ങ്കിൽ ദൈവം അയാളെ പലവി​ധ​ങ്ങ​ളിൽ ഉപയോ​ഗി​ക്കും. ക്രിസ്‌തു​വി​ന്റെ കാൽച്ചു​വ​ടു​കളെ പിന്തു​ടർന്ന്‌ നാം താഴ്‌മ​യോ​ടെ നടക്കു​ക​യാ​ണെ​ങ്കിൽ പ്രതി​ഫലം വലുതാ​യി​രി​ക്കും. “ദൈവം തക്കസമ​യത്തു നിങ്ങളെ ഉയർത്തേ​ണ്ട​തിന്‌ അവന്റെ കരുത്തുറ്റ കൈക്കീ​ഴിൽ താഴ്‌മ​യോ​ടി​രി​ക്കു​വിൻ” എന്ന്‌ പത്രോസ്‌ എഴുതി. (1 പത്രോസ്‌ 5:6) തന്നെത്തന്നെ താഴ്‌ത്തിയ യേശു​വി​നെ യഹോവ ഉയർത്തു​ക​തന്നെ ചെയ്‌തു. നാം താഴ്‌മ കാണി​ച്ചാൽ യഹോവ സന്തോ​ഷ​ത്തോ​ടെ നമുക്കും പ്രതി​ഫലം നൽകും.

24 സങ്കടക​ര​മെന്നു പറയട്ടെ, താഴ്‌മയെ ഒരു ബലഹീ​ന​ത​യാ​യി​ട്ടാണ്‌ ചിലർ കരുതു​ന്നത്‌. എന്നാൽ ആ ധാരണ എത്ര തെറ്റാ​ണെന്നു മനസ്സി​ലാ​ക്കാൻ യേശു​വി​ന്റെ ദൃഷ്ടാന്തം നമ്മെ സഹായി​ക്കു​ന്നു. കാരണം ഏറ്റവും താഴ്‌മ​യു​ള്ള​വ​നായ യേശു ഏറ്റവും ധൈര്യ​ശാ​ലി​യു​മാ​യി​രു​ന്നു. അടുത്ത അധ്യാ​യ​ത്തിൽ നാം അതേക്കു​റിച്ച്‌ ചിന്തി​ക്കും.

^ ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കവെ, ഒരു റഫറൻസ്‌ പുസ്‌തകം പറയു​ന്നത്‌ ഇവ “ഒട്ടും തലയെ​ടു​പ്പി​ല്ലാത്ത” മൃഗങ്ങ​ളാ​ണെ​ന്നാണ്‌. “പാവ​പ്പെ​ട്ടവർ പണി​യെ​ടു​ക്കാൻ ഉപയോ​ഗി​ക്കുന്ന ഈ മൃഗങ്ങൾ വേഗത കുറഞ്ഞ, . . . വലിയ അഴകി​ല്ലാത്ത ജന്തുക്ക​ളാണ്‌” എന്നും ഈ പുസ്‌തകം കൂട്ടി​ച്ചേർക്കു​ന്നു.

^ മീഖായേൽ യേശു​ത​ന്നെ​യാണ്‌ എന്നതി​നുള്ള കൂടുതൽ തെളി​വു​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ക​ത്തി​ന്റെ 218-19 പേജുകൾ കാണുക.