അധ്യായം 6
“അവൻ അനുസരണം പഠിച്ചു”
1, 2. (എ) മകൻ തന്നെ അനുസരിക്കുന്നതു കാണുമ്പോൾ സ്നേഹവാനായ ഒരു പിതാവ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? (ബി) നാം അനുസരണം കാണിക്കുമ്പോൾ യഹോവയും സന്തോഷിക്കും എന്നു പറയുന്നത് എന്തുകൊണ്ട്?
മകൻ കൂട്ടുകാരുമൊത്ത് കളിക്കുന്നത് ജനാലയിലൂടെ നോക്കിനിൽക്കുകയാണ് ഒരച്ഛൻ. പെട്ടെന്ന് പന്ത് തെറിച്ച് റോഡിലേക്കു വീഴുന്നു. ഇനി എന്തു ചെയ്യും എന്നാലോചിച്ച് കുട്ടി അങ്ങനെ വിഷമിച്ചുനിൽക്കുമ്പോൾ റോഡിൽ ചെന്ന് പന്ത് എടുത്തുകൊണ്ടുവരാൻ കൂട്ടുകാരിൽ ഒരാൾ അവനെ നിർബന്ധിക്കുന്നു. പക്ഷേ അവൻ അതിന് തയ്യാറാകുന്നില്ല. “ഇല്ല, റോഡിലേക്കു പോകരുതെന്ന് ഡാഡി പറഞ്ഞിട്ടുണ്ട്,” അവൻ പറയുന്നു. അതു കേട്ട് ആ അച്ഛൻ പുഞ്ചിരിക്കുന്നു.
2 ഈ പിതാവിന് സന്തോഷം തോന്നാൻ കാരണമെന്താണ്? തനിയെ റോഡിൽ പോകരുതെന്ന് അദ്ദേഹം മകനോടു പറഞ്ഞിരുന്നു. പിതാവ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം അറിയുന്നില്ലെങ്കിലും അവൻ ആ നിർദേശം പാലിക്കുന്നു. അതുവഴി തന്റെ മകൻ അനുസരണം പഠിക്കുകയാണെന്നും അങ്ങനെ അവൻ സുരക്ഷിതനാണെന്നും പിതാവിന് അറിയാം. നമ്മുടെ സ്വർഗീയ പിതാവായ യഹോവയും നമ്മെക്കുറിച്ച് ഇതുതന്നെയാണു ചിന്തിക്കുന്നത്. വിശ്വസ്തരായിരിക്കാനും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ പ്രാപിക്കാനും നമുക്കു സാധിക്കണമെങ്കിൽ നാം അവനിൽ ആശ്രയിക്കാനും അവനെ അനുസരിക്കാനും പഠിക്കേണ്ടതുണ്ടെന്ന് അവനറിയാം. (സദൃശവാക്യങ്ങൾ 3:5, 6) ഇക്കാര്യത്തിൽ നമ്മെ സഹായിക്കാനായി ഏറ്റവും നല്ല അധ്യാപകനെത്തന്നെ അവൻ നമ്മുടെ പക്കലേക്ക് അയച്ചു.
3, 4. യേശു ‘അനുസരണം പഠിച്ചതും’ ‘തികഞ്ഞവനാക്കപ്പെട്ടതും’ എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
3 ബൈബിൾ യേശുവിനെക്കുറിച്ച് ശ്രദ്ധേയമായ ഒരു വസ്തുത വെളിപ്പെടുത്തുന്നു: “പുത്രനെങ്കിലും താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ അനുസരണം പഠിച്ചു; അങ്ങനെ, അവൻ തികഞ്ഞവനാക്കപ്പെട്ട് തന്നെ അനുസരിക്കുന്ന സകലർക്കും നിത്യരക്ഷയ്ക്കു കാരണഭൂതനായിത്തീർന്നു.” (എബ്രായർ 5:8, 9) ദൈവപുത്രൻ യുഗങ്ങളോളം സ്വർഗത്തിൽ ഉണ്ടായിരുന്നു. സാത്താനും മറ്റു ചില ദൂതന്മാരും ദൈവത്തോടു മത്സരിക്കുന്നത് കണ്ടെങ്കിലും ഈ ആദ്യജാത പുത്രൻ അവരോടൊപ്പം ചേർന്നില്ല. “ഞാനോ മറുത്തുനിന്നില്ല” എന്ന് പ്രവാചകൻ അവനെക്കുറിച്ച് എഴുതിയിരിക്കുന്നു. (യെശയ്യാവു 50:5) അങ്ങനെയെങ്കിൽ, “അനുസരണം പഠിച്ചു” എന്ന വാക്കുകൾ സമ്പൂർണ അനുസരണം പ്രകടമാക്കിയിരുന്ന ദൈവപുത്രന്റെ കാര്യത്തിൽ എങ്ങനെയാണ് സത്യമാകുന്നത്? പൂർണനായിരുന്ന അവൻ എങ്ങനെയാണ് ‘തികഞ്ഞവനാക്കപ്പെട്ടത്?’
4 അത് ഇങ്ങനെ ഉദാഹരിക്കാം: ഒരു പടയാളിയുടെ കൈവശം ഇരുമ്പുകൊണ്ടുള്ള ഒരു വാളുണ്ടെന്നു കരുതുക. അതിന്റെ പണി ഒന്നാന്തരമാണെങ്കിലും മുമ്പ് യുദ്ധത്തിൽ അത് ഉപയോഗിച്ചുനോക്കിയിട്ടില്ല. എന്നാൽ കൂടുതൽ ഉറപ്പുള്ള ഒരു ലോഹംകൊണ്ടുണ്ടാക്കിയ, അതായത് ഉരുക്കുകൊണ്ടു നിർമിച്ച, മറ്റൊരു വാളുമായി അയാൾ അത് വെച്ചുമാറുന്നു. ഈ വാളാകട്ടെ, മുമ്പ് പല യുദ്ധങ്ങളിലും ഫലകരമായി ഉപയോഗിച്ചിട്ടുള്ളതുമാണ്. ഇവിടെ, ഏതു വാളിനാണ് കൂടുതൽ മേന്മ? ഉത്തരം വ്യക്തമാണ്. യേശു കാണിച്ച അനുസരണത്തിന്റെ കാര്യവും അങ്ങനെതന്നെ. സ്വർഗത്തിലായിരുന്നപ്പോൾ അവൻ കാണിച്ച അനുസരണം തികവുറ്റതായിരുന്നു. എന്നാൽ ഭൂമിയിലെ ജീവിതത്തിനുശേഷം അവന്റെ അനുസരണത്തിന് പുതിയൊരു മാനം കൈവന്നു: സ്വർഗത്തിൽ ഒരിക്കലും ഉണ്ടാകുകയില്ലാത്ത തരം പരിശോധനകളാൽ ഭൂമിയിൽ അവന്റെ അനുസരണം പരീക്ഷിക്കപ്പെടുകയും അങ്ങനെ അതിന് കൂടുതൽ ദൃഢതയും മേന്മയും കൈവരുകയും ചെയ്തു.
5. (എ) യേശു കാണിച്ച അനുസരണത്തിന്റെ പ്രസക്തി എന്ത്? (ബി) നാം ഈ അധ്യായത്തിൽ എന്തു പരിചിന്തിക്കും?
5 ഭൂമിയിലെ തന്റെ നിയോഗം നിറവേറ്റാൻ യേശുവിന് അനുസരണം അനിവാര്യമായിരുന്നു. ആദ്യമനുഷ്യനായ ആദാം ചെയ്യാൻ പരാജയപ്പെട്ടത് എന്താണോ അതു ചെയ്യാനാണ് “അവസാനത്തെ ആദാം” ആയ യേശു ഭൂമിയിലേക്കു വന്നത്: പരിശോധനകളിന്മധ്യേയും യഹോവയാം ദൈവത്തോട് അനുസരണമുള്ളവനായിരിക്കാൻ. (1 കൊരിന്ത്യർ 15:45) യേശുവിന്റെ അനുസരണം പക്ഷേ യാന്ത്രികമായിരുന്നില്ല. മുഴുമനസ്സോടും മുഴുഹൃദയത്തോടും മുഴുദേഹിയോടും കൂടെ അവൻ ദൈവത്തെ അനുസരിച്ചു. തികഞ്ഞ സന്തോഷത്തോടെയാണ് അവൻ അങ്ങനെ ചെയ്തത്. ആഹാരത്തെക്കാൾ അവന് പ്രധാനമായിരുന്നു പിതാവിന്റെ ഹിതം നിറവേറ്റുന്നത്. (യോഹന്നാൻ 4:34) നമുക്ക് എങ്ങനെ യേശുവിനെപ്പോലെ അനുസരണമുള്ളവരായിരിക്കാനാകും? ആദ്യംതന്നെ, അനുസരണമുള്ളവനായിരിക്കാൻ യേശുവിനെ പ്രേരിപ്പിച്ച സംഗതികൾ എന്താണെന്നു നോക്കാം. അവന്റെ മനോഭാവം നട്ടുവളർത്തുന്നത് പ്രലോഭനങ്ങളെ ചെറുക്കാനും ദൈവേഷ്ടം ചെയ്യാനും നമ്മെ സഹായിക്കും. ക്രിസ്തുവിനെപ്പോലെ അനുസരണമുള്ളവരായിരിക്കുമ്പോൾ ലഭിക്കുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ചും നാം ചിന്തിക്കുന്നതായിരിക്കും.
അനുസരിക്കാൻ യേശുവിനെ പ്രേരിപ്പിച്ച ഘടകങ്ങൾ
6, 7. അനുസരണം കാണിക്കാൻ യേശുവിനെ പ്രേരിപ്പിച്ച ചില ഘടകങ്ങൾ ഏവ?
6 യേശുവിന്റെ ചില നല്ല ഗുണങ്ങളായിരുന്നു അനുസരിക്കാൻ അവനെ പ്രേരിപ്പിച്ചത്. 3-ാം അധ്യായത്തിൽ കണ്ടതുപോലെ അവൻ താഴ്മയുള്ളവനായിരുന്നു. അനുസരണം കാണിക്കുന്നതിന് ഒരു വിലങ്ങുതടിയാണ് അഹങ്കാരം. എന്നാൽ മനസ്സോടെ യഹോവയെ അനുസരിക്കാൻ താഴ്മ നമ്മെ സഹായിക്കും. (പുറപ്പാടു 5:1, 2; 1 പത്രോസ് 5:5, 6) അനുസരണം കാണിക്കാൻ യേശുവിനെ സഹായിച്ച വേറെ രണ്ടുകാര്യങ്ങളാണ് നീതിയോടുള്ള സ്നേഹവും അധർമത്തോടുള്ള വെറുപ്പും.
7 എല്ലാറ്റിലുമുപരി യേശു തന്റെ സ്വർഗീയ പിതാവായ യഹോവയെ സ്നേഹിച്ചിരുന്നു. അതേക്കുറിച്ച് 13-ാം അധ്യായത്തിൽ നാം വിശദമായി ചർച്ചചെയ്യുന്നതായിരിക്കും. ദൈവഭയം വളർത്തിയെടുക്കാൻ അവനെ പ്രേരിപ്പിച്ചത് ആ സ്നേഹമായിരുന്നു. യഹോവയോട് അത്രമേൽ സ്നേഹവും ഭയഭക്തിയും ഉണ്ടായിരുന്നതിനാൽ ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും അവനാകുമായിരുന്നില്ല. യേശുവിന് ദൈവഭയമുണ്ടായിരുന്നു എന്നതാണ് അവന്റെ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചതിന്റെ ഒരു കാരണം. (എബ്രായർ 5:7) മിശിഹൈക രാജാവെന്ന നിലയിലുള്ള അവന്റെ ഭരണവും ദൈവഭയത്തിൽ അധിഷ്ഠിതമായിരിക്കും.—യെശയ്യാവു 11:3.
8, 9. പ്രവചിക്കപ്പെട്ടതുപോലെ, നീതിയോടും ദുഷ്ടതയോടുമുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു? നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നുവെന്ന് യേശു വ്യക്തമാക്കിയത് എങ്ങനെ?
8 യഹോവയെ സ്നേഹിക്കുന്നതിൽ അവന് അനിഷ്ടമായ കാര്യങ്ങൾ വെറുക്കുന്നതും ഉൾപ്പെടുന്നു. മിശിഹൈക രാജാവിനെക്കുറിച്ചുള്ള പിൻവരുന്ന പ്രവചനം ശ്രദ്ധിക്കുക: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീർത്തനം 45:7) ഇവിടെ, യേശുവിന്റെ ‘കൂട്ടുകാർ’ എന്നു പറഞ്ഞിരിക്കുന്നത് ദാവീദുരാജാവിന്റെ വംശപരമ്പരയിലെ മറ്റു രാജാക്കന്മാരെയാണ്. രാജാവായി അഭിഷേകം ചെയ്യപ്പെടുന്ന സമയത്ത്, അവരിൽ എല്ലാവരെക്കാളും സന്തോഷിക്കാൻ യേശുവിന് കാരണമുണ്ടായിരിക്കുമായിരുന്നു. അവരുടേതിലും വലിയ അനുഗ്രഹമാണ് അവന് ലഭിക്കാനിരുന്നത്; അവന്റെ ഭരണം എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങൾ കൈവരുത്തുമായിരുന്നു. നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ ദ്വേഷിക്കുകയും ചെയ്തത് എല്ലാ കാര്യങ്ങളിലും ദൈവത്തെ അനുസരിക്കാൻ അവനെ പ്രേരിപ്പിച്ചു. അതിനാലാണ് അവൻ ഇവ്വിധം അനുഗ്രഹിക്കപ്പെട്ടത്.
9 നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നുവെന്ന് യേശു വ്യക്തമാക്കിയത് എങ്ങനെയാണ്? ചില ഉദാഹരണങ്ങൾ നോക്കാം. പ്രസംഗവേലയോടു ബന്ധപ്പെട്ട് യേശു നൽകിയ നിർദേശങ്ങൾ ശിഷ്യന്മാർ അനുസരിക്കുകയും നല്ല ഫലം കൊയ്യുകയും ചെയ്തപ്പോൾ അവന്റെ പ്രതികരണം എന്തായിരുന്നു? അവൻ അത്യധികം “ആനന്ദിച്ചു.” (ലൂക്കോസ് 10:1, 17, 21) ഇനി, തങ്ങളെ സഹായിക്കാനുള്ള യേശുവിന്റെ സ്നേഹപൂർവകമായ ശ്രമങ്ങൾ അവഗണിച്ചുകൊണ്ട് യെരൂശലേം നിവാസികൾ വീണ്ടുംവീണ്ടും അനുസരണക്കേട് കാണിച്ചപ്പോൾ അവന് എന്താണ് തോന്നിയത്? അവൻ ആ നഗരത്തെച്ചൊല്ലി “വിലപിച്ചു.” (ലൂക്കോസ് 19:41, 42) അതെ, ആളുകൾ ചെയ്ത നന്മയും തിന്മയും യേശുവിൽ തീവ്രമായ വികാരങ്ങൾ ഉളവാക്കി.
10. (എ) സത്പ്രവൃത്തികളോടും ദുഷ്ചെയ്തികളോടും നമുക്ക് ഏതുതരം മനോഭാവം ഉണ്ടായിരിക്കണം?(ബി) അതു വളർത്തിയെടുക്കാൻ നാം എന്തു ചെയ്യണം?
10 യേശുവിന്റെ മനോവികാരങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്, യഹോവയെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്താണെന്ന് പരിശോധിച്ചുനോക്കാൻ നമ്മെ സഹായിക്കും. അപൂർണരാണെങ്കിലും സത്പ്രവൃത്തികളോട് ആത്മാർഥമായ സ്നേഹവും ദുഷ്ചെയ്തികളോടു കടുത്ത വെറുപ്പും വളർത്തിയെടുക്കാൻ നമുക്കാകും. യഹോവയെയും അവന്റെ പുത്രനെയും മാതൃകകളാക്കി, അവരുടേതുപോലുള്ള മനോവികാരങ്ങൾ വളർത്തിയെടുക്കാൻ കഴിയണമെങ്കിൽ, നാം അതിനുവേണ്ടി പ്രാർഥിക്കേണ്ടതുണ്ട്. (സങ്കീർത്തനം 51:10) ഒപ്പം, ഇത്തരം മനോവികാരങ്ങൾ പ്രകടമാക്കുന്നതിന് വിഘാതമായ സ്വാധീനങ്ങൾ നാം ഒഴിവാക്കുകയും വേണം. വിനോദവും സഹവാസവും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. (സദൃശവാക്യങ്ങൾ 13:20; ഫിലിപ്പിയർ 4:8) ക്രിസ്തുവിന്റേതുപോലുള്ള മനോഭാവം വളർത്തിയെടുക്കുന്നെങ്കിൽ നമ്മുടെ അനുസരണം കേവലം ഒരു പുറംപൂച്ചായിരിക്കില്ല. ശരിയായ കാര്യങ്ങളോടുള്ള സ്നേഹം നിമിത്തമായിരിക്കും നാം ശരി ചെയ്യുന്നത്. അതുപോലെ, ദുഷ്ചെയ്തികൾ നാം ഒഴിവാക്കുന്നത് പിടിക്കപ്പെടുമെന്ന ഭയം നിമിത്തമായിരിക്കില്ല പിന്നെയോ അവയോടുള്ള വെറുപ്പ് നിമിത്തമായിരിക്കും.
“അവൻ പാപം ചെയ്തില്ല”
11, 12. (എ) ശുശ്രൂഷയുടെ ആരംഭത്തിൽ യേശുവിന് എന്ത് അനുഭവമുണ്ടായി? (ബി) സാത്താൻ യേശുവിനെ ആദ്യം പരീക്ഷിച്ചത് എങ്ങനെ? (സി) അതിനായി അവൻ ഏതു തന്ത്രങ്ങൾ ഉപയോഗിച്ചു?
11 ശുശ്രൂഷയുടെ ആരംഭത്തിൽത്തന്നെ പാപത്തോടുള്ള യേശുവിന്റെ മനോഭാവം പരീക്ഷിക്കപ്പെട്ടു. സ്നാനത്തിനുശേഷം 40 രാവും പകലും അവൻ ഭക്ഷണമില്ലാതെ മരുഭൂമിയിൽ കഴിഞ്ഞു. അതിനുശേഷം സാത്താൻ അവനെ പരീക്ഷിക്കാൻ എത്തി. സാത്താൻ എത്ര തന്ത്രപൂർവമാണ് പ്രവർത്തിച്ചതെന്നു നോക്കുക.—മത്തായി 4:1-11.
12 സാത്താൻ യേശുവിനോട് ആദ്യം ഇങ്ങനെ പറഞ്ഞു: “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമായിത്തീരാൻ കൽപ്പിക്കുക.” (മത്തായി 4:3) ആ നീണ്ട ഉപവാസത്തിനുശേഷം യേശു ഏത് അവസ്ഥയിലായിരുന്നു? “അവനു വിശന്നു” എന്ന് ബൈബിൾ പറയുന്നു. (മത്തായി 4:2) അതുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള യേശുവിന്റെ സ്വാഭാവികമായ ആഗ്രഹത്തെ സാത്താൻ മുതലെടുക്കാൻ ശ്രമിച്ചു. അതിനായി യേശു ക്ഷീണിതനാകുന്നതുവരെ അവൻ കാത്തിരുന്നു. “നീ ദൈവപുത്രനാണെങ്കിൽ” എന്ന വാക്കുകളിലെ പരിഹാസധ്വനിയും ശ്രദ്ധിക്കുക. യേശു “സകല സൃഷ്ടികൾക്കും ആദ്യജാതൻ” ആണെന്ന് സാത്താന് അറിയാമായിരുന്നു. (കൊലോസ്യർ 1:15) എന്നിട്ടും “നീ ദൈവപുത്രനാണെങ്കിൽ” എന്നു പറഞ്ഞുകൊണ്ട് അവൻ യേശുവിനെ വെല്ലുവിളിച്ചു. എന്നാൽ യേശു പ്രകോപിതനായി അനുസരണക്കേടു കാണിച്ചില്ല. സ്വാർഥതാത്പര്യങ്ങൾക്കായി തന്റെ ശക്തി ഉപയോഗിക്കുന്നത് ദൈവത്തിനു പ്രസാദകരമായിരിക്കില്ലെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് സാത്താൻ പറഞ്ഞതുപോലെ പ്രവർത്തിക്കാൻ യേശു തയ്യാറായില്ല. അങ്ങനെ, യഹോവ തന്നെ പുലർത്തുമെന്ന ഉറപ്പ് തനിക്കുണ്ടെന്ന് അവൻ കാണിച്ചു. മാർഗദർശനത്തിനായി താൻ താഴ്മയോടെ യഹോവയിൽ ആശ്രയിക്കുന്നുവെന്നും അവൻ അതിലൂടെ തെളിയിച്ചു.—മത്തായി 4:4.
13-15. (എ) യേശുവിന് നേരിട്ട രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷകൾ ഏവ? (ബി) അവൻ എങ്ങനെ പ്രതികരിച്ചു? (സി) യേശുവിന് ഒരിക്കലും ജാഗ്രത കൈവെടിയാനാകുമായിരുന്നില്ല എന്നു പറയുന്നത് എന്തുകൊണ്ട്?
13 രണ്ടാമതായി, സാത്താൻ യേശുവിനെ കൂട്ടിക്കൊണ്ടുപോയി ദൈവാലയമതിലിന്മേൽ നിറുത്തി. അത്രയും ഉയരത്തിൽനിന്നു താഴേക്കു ചാടി അമ്പരപ്പിക്കുന്ന ഒരു പ്രകടനം കാഴ്ചവെക്കാൻ പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രലോഭിപ്പിച്ചു. ദൂതന്മാർ “നിന്നെ കൈകളിൽ താങ്ങും” എന്നു പറഞ്ഞുകൊണ്ട് വളരെ വിദഗ്ധമായി അവൻ ദൈവവചനം വളച്ചൊടിച്ചു. അത്തരമൊരു അത്ഭുതം കണ്ടാൽ, യേശുവാണ് വാഗ്ദത്ത മിശിഹാ എന്ന കാര്യത്തിൽ സംശയമുന്നയിക്കാൻ പിന്നെ ആരെങ്കിലും മുതിരുമായിരുന്നോ? ആ ഗംഭീര പ്രകടനം കണ്ട് ജനം യേശുവിനെ മിശിഹായായി അംഗീകരിക്കുകയാണെങ്കിൽ അവന് വളരെയധികം പ്രശ്നങ്ങളും കഷ്ടങ്ങളും ഒഴിവാക്കാനാകുമായിരുന്നില്ലേ? ഒരുപക്ഷേ കഴിയുമായിരുന്നു. എന്നാൽ, യഹോവയുടെ ഹിതം അതല്ലെന്ന് യേശുവിന് അറിയാമായിരുന്നു. മിശിഹാ എളിയ ഒരു വിധത്തിൽ തന്റെ നിയോഗം നിറവേറ്റണം എന്നതായിരുന്നു ദൈവോദ്ദേശ്യം. (യെശയ്യാവു 42:1, 2) ഇപ്രാവശ്യവും യഹോവയോട് അനുസരണക്കേട് കാണിക്കാൻ യേശു തയ്യാറായില്ല. യേശു ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സാത്താന് അവനെ ആ കെണിയിലും അകപ്പെടുത്താനായില്ല.
14 സാത്താൻ യേശുവിനെ മൂന്നാമതും പ്രലോഭിപ്പിച്ചു. ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തിട്ട് “നീ എന്റെ മുമ്പാകെ വീണ് എന്നെയൊന്നു നമസ്കരിച്ചാൽ ഈ കാണുന്നതൊക്കെയും ഞാൻ നിനക്കു തരാം” എന്ന് സാത്താൻ യേശുവിനോടു പറഞ്ഞു. സാത്താന്റെ വാഗ്ദാനം യേശു പരിഗണിച്ചോ? “സാത്താനേ, ദൂരെപ്പോകൂ!” എന്നായിരുന്നു അവന്റെ മറുപടി. “‘നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്; അവനെ മാത്രമേ നീ സേവിക്കാവൂ’ എന്ന് എഴുതിയിരിക്കുന്നു” എന്നും അവൻ കൂട്ടിച്ചേർത്തു. (മത്തായി 4:9, 10) എന്തു വാഗ്ദാനം ലഭിച്ചാലും, യഹോവയ്ക്ക് അർഹമായ ആരാധന മറ്റാർക്കും യേശു നൽകുകയില്ലായിരുന്നു. അധികാരമോ പ്രശസ്തിയോ വാഗ്ദാനം ചെയ്ത് അനുസരണത്തിന്റെ പാതയിൽനിന്ന് ആർക്കും യേശുവിനെ വ്യതിചലിപ്പിക്കാനാകുമായിരുന്നില്ല.
15 സാത്താൻ തന്റെ ശ്രമം ഉപേക്ഷിച്ചോ? യേശുവിന്റെ ആജ്ഞയനുസരിച്ച് അവൻ അപ്പോൾ പിൻവാങ്ങി. എങ്കിലും “മറ്റൊരവസരം കിട്ടുന്നതുവരെ (പിശാച്) അവനെ വിട്ട് പോയി” എന്നാണ് ലൂക്കോസിന്റെ സുവിശേഷം പറയുന്നത്. (ലൂക്കോസ് 4:13) യേശുവിന്റെ മരണംവരെയും അവനെ പരീക്ഷിക്കാനും പ്രലോഭിപ്പിക്കാനുമുള്ള അവസരങ്ങൾക്കായി സാത്താൻ നോക്കിയിരുന്നു. യേശു ‘എല്ലാവിധത്തിലും പരീക്ഷിക്കപ്പെട്ടു’ എന്ന് ബൈബിൾ നമ്മോടു പറയുന്നു. (എബ്രായർ 4:15) അതുകൊണ്ട് യേശുവിന് ഒരിക്കലും ജാഗ്രത കൈവെടിയാനാകുമായിരുന്നില്ല. നാമും അങ്ങനെതന്നെ ആയിരിക്കേണ്ടതാണ്.
16. (എ) സാത്താൻ ഇന്ന് ദൈവദാസരെ പരീക്ഷിക്കുന്നത് എങ്ങനെ? (ബി) അവന്റെ തന്ത്രങ്ങളെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
16 സാത്താൻ ഇന്നും ദൈവദാസരെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. അപൂർണരായതിനാൽ നാം എളുപ്പം അവന്റെ കെണിയിലകപ്പെട്ടേക്കാം. സ്വാർഥത, അഹങ്കാരം, അധികാരമോഹം തുടങ്ങിയ ചായ്വുകളെ മുതലെടുക്കാൻ അവൻ തന്ത്രപൂർവം ശ്രമിക്കുന്നു. ഒരു വ്യക്തിയെ ഭൗതികത്വത്തിന്റെ കെണിയിലകപ്പെടുത്തിക്കൊണ്ട് മേൽപ്പറഞ്ഞ പ്രവണതകളെല്ലാം ഒറ്റയടിക്ക് അയാളിൽ ഊട്ടിവളർത്താനും അവൻ ശ്രമിച്ചേക്കാം. അതിനാൽ, 1 യോഹന്നാൻ 2:15-17-ലെ വാക്കുകളുടെ അടിസ്ഥാനത്തിൽ ഇടയ്ക്കിടെ നാം ഒരു ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. അങ്ങനെ ചെയ്യവെ, ‘ജഡിക മോഹം, വസ്തുവകകൾക്കായുള്ള അത്യാർത്തി, മറ്റുള്ളവരിൽ മതിപ്പുളവാക്കാനുള്ള വാഞ്ഛ തുടങ്ങിയ കാര്യങ്ങൾ സ്വർഗീയ പിതാവായ യഹോവയോടുള്ള എന്റെ സ്നേഹം ചോർത്തിക്കളയാൻ കുറെയെങ്കിലും ഇടയാക്കിയിട്ടുണ്ടോ?’ എന്നു നാം സ്വയം ചോദിക്കണം. ഈ ലോകവും അതിന്റെ ഭരണാധിപനായ സാത്താനും നശിപ്പിക്കപ്പെടും എന്ന് ഓർക്കുക. അതുകൊണ്ട് നമ്മെ പാപത്തിൽ വീഴിക്കാനുള്ള അവന്റെ കുതന്ത്രങ്ങളെ നമുക്കു ചെറുത്തുനിൽക്കാം. ‘പാപം ചെയ്തിട്ടില്ലാത്ത’ നമ്മുടെ നായകനായ യേശുക്രിസ്തുവിന്റെ മാതൃക നമുക്ക് പ്രചോദനമായിരിക്കട്ടെ.—1 പത്രോസ് 2:22.
“ഞാൻ എപ്പോഴും അവനു പ്രസാദകരമായതു ചെയ്യുന്നു”
17. (എ) പിതാവിനോടുള്ള അനുസരണം യേശുവിന് എന്തു കൈവരുത്തി? (ബി) ചിലർ എന്തു ന്യായം പറഞ്ഞേക്കാം?
17 പാപം ചെയ്യാതിരിക്കുന്നതു മാത്രമല്ല അനുസരണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്രിസ്തു തന്റെ പിതാവിന്റെ കൽപ്പനകളെല്ലാം അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തു എന്നോർക്കുക. “ഞാൻ എപ്പോഴും അവനു പ്രസാദകരമായതു ചെയ്യു”ന്നുവെന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 8:29) യേശുവിന്റെ അനുസരണം അവന് എന്തെന്നില്ലാത്ത സന്തോഷം കൈവരുത്തി. അനുസരണം പ്രകടമാക്കുന്നത് യേശുവിന് വലിയ പ്രശ്നമുള്ള കാര്യമല്ലായിരുന്നു എന്ന് ചിലർ പറഞ്ഞേക്കാം. പരിപൂർണനായ യഹോവയെമാത്രം അവൻ അനുസരിച്ചാൽ മതിയായിരുന്നുവെന്നും എന്നാൽ നമുക്ക് മിക്കപ്പോഴും, അധികാരസ്ഥാനത്തുള്ള അപൂർണ മനുഷ്യരെ അനുസരിക്കേണ്ടിവരുന്നെന്നും അവർ ചിന്തിച്ചേക്കാം. എന്നാൽ അധികാരസ്ഥാനത്തുള്ള അപൂർണ മനുഷ്യരോടും യേശു അനുസരണമുള്ളവനായിരുന്നു എന്നതാണ് സത്യം.
18. മാതാപിതാക്കളോടുള്ള അനുസരണത്തിന്റെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു?
18 അപൂർണരായ യോസേഫിന്റെയും മറിയയുടെയും സംരക്ഷണയിലാണ് യേശു വളർന്നുവന്നത്. മറ്റു കുട്ടികളെ അപേക്ഷിച്ച് അവന് തന്റെ മാതാപിതാക്കളുടെ കുറവുകൾ വേഗം തിരിച്ചറിയാനാകുമായിരുന്നു. അമ്മയപ്പന്മാർക്കു കീഴ്പെടുന്നതിനുപകരം, കുടുംബകാര്യങ്ങൾ നോക്കേണ്ടത് എങ്ങനെയെന്ന് അവൻ അവരെ പഠിപ്പിക്കാൻ ശ്രമിച്ചോ? ഇല്ല! 12 വയസ്സുണ്ടായിരുന്ന യേശുവിനെക്കുറിച്ച് ലൂക്കോസ് 2:51 പറയുന്നത്, “അവൻ . . . അവർക്കു (തന്റെ അമ്മയപ്പന്മാർക്ക്) കീഴ്പെട്ടിരുന്നു” എന്നാണ്. അങ്ങനെ, മാതാപിതാക്കളെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവൻ യുവക്രിസ്ത്യാനികൾക്ക് മികച്ച ഒരു മാതൃകവെച്ചു.—എഫെസ്യർ 6:1-3.
19, 20. (എ) അപൂർണ മനുഷ്യരെ അനുസരിക്കുന്നതിനോടു ബന്ധപ്പെട്ട് യേശു ഏത് വെല്ലുവിളികൾ നേരിട്ടു? (ബി) സത്യക്രിസ്ത്യാനികൾ തങ്ങളെ നയിക്കുന്നവരെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
19 അപൂർണ മനുഷ്യരെ അനുസരിക്കുന്നതിനോടു ബന്ധപ്പെട്ട്, ഇന്നുള്ള സത്യക്രിസ്ത്യാനികൾക്ക് ഒരിക്കലും നേരിടേണ്ടിവരികയില്ലാത്ത ചില വെല്ലുവിളികളും യേശുവിനുണ്ടായി. യേശു ജീവിച്ചിരുന്ന ആ കാലഘട്ടത്തെക്കുറിച്ചൊന്നു ചിന്തിക്കുക. യെരുശലേമിലെ ആലയവും അവിടത്തെ പൗരോഹിത്യവും ഉൾപ്പെടെയുള്ള യെഹൂദ മതവ്യവസ്ഥിതിക്ക് കാലങ്ങളോളം യഹോവയുടെ അംഗീകാരമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് യഹോവ അതിനെ നീക്കംചെയ്തിട്ട് തത്സ്ഥാനത്ത് ക്രിസ്തീയ സഭ സ്ഥാപിക്കുമായിരുന്നു. (മത്തായി 23:33-38) യേശുവിന്റെ കാലത്ത് മതനേതാക്കന്മാരിൽ പലരും ഗ്രീക്ക് തത്ത്വശാസ്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ വ്യാജോപദേശങ്ങളാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ആലയത്തിൽ അന്യായവും അഴിമതിയും വ്യാപകമായിരുന്നതുകൊണ്ട് യേശു അതിനെ “കവർച്ചക്കാരുടെ ഗുഹ” എന്ന് വിളിച്ചു. (മർക്കോസ് 11:17) എന്നുവെച്ച് യേശു ആ ആലയത്തിൽനിന്നും സിനഗോഗുകളിൽനിന്നും വിട്ടുനിന്നോ? ഇല്ല! യഹോവ അപ്പോഴും അവയെ ഉപയോഗിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശു അനുസരണപൂർവം പെരുന്നാളുകളിൽ പങ്കെടുക്കുകയും സിനഗോഗിൽ പോകുകയും ചെയ്തു.—ലൂക്കോസ് 4:16; യോഹന്നാൻ 5:1.
20 അത്തരം സാഹചര്യങ്ങളിൽ യേശു അനുസരണം കാണിച്ചെങ്കിൽ സത്യക്രിസ്ത്യാനികളായ നാം ഇന്ന് എത്രയധികം അനുസരണം ഉള്ളവരായിരിക്കണം! അന്നത്തേതിലും തികച്ചും വ്യത്യസ്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദീർഘകാലംമുമ്പ് പ്രവചിക്കപ്പെട്ടതുപോലെ സത്യാരാധന പുനഃസ്ഥിതീകരിക്കപ്പെട്ടിരിക്കുന്ന കാലമാണിത്. പുനഃസ്ഥിതീകരിക്കപ്പെട്ട തന്റെ ജനത്തെ കളങ്കപ്പെടുത്താൻ സാത്താനെ ഒരിക്കലും അനുവദിക്കില്ലെന്ന് ദൈവം നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു. (യെശയ്യാവു 2:1, 2; 54:17) എങ്കിലും ക്രിസ്തീയ സഭയിലുള്ളവർ അപൂർണരും കുറവുകളുള്ളവരുമാണ്. ആ സ്ഥിതിക്ക് മറ്റുള്ളവരുടെ വീഴ്ചകളെ യഹോവയോട് അനുസരണക്കേടു കാണിക്കാനുള്ള ന്യായീകരണമായി നാം കാണുമോ? നാം ക്രിസ്തീയ യോഗങ്ങൾക്കു പോകാതിരിക്കുകയോ മൂപ്പന്മാരെ വിമർശിക്കുകയോ ചെയ്യുമോ? ഒരിക്കലുമില്ല! പകരം സഭയിൽ നേതൃത്വമെടുക്കുന്നവരെ നാം പൂർണഹൃദയത്തോടെ പിന്തുണയ്ക്കും. അനുസരണത്തോടെ നാം ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുകയും അവിടെനിന്നു ലഭിക്കുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യും.—എബ്രായർ 10:24, 25; 13:17.
21. ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ സമ്മർദമുണ്ടായപ്പോൾ യേശു എങ്ങനെ പ്രതികരിച്ചു, അവൻ നമുക്ക് എന്ത് മാതൃകവെച്ചു?
21 യഹോവയെ അനുസരിക്കുന്നതിൽനിന്ന് തന്നെ തടയാൻ യേശു ആരെയും അനുവദിച്ചില്ല, അഭ്യുദയകാംക്ഷികളായ തന്റെ കൂട്ടുകാരെപ്പോലും. ഉദാഹരണത്തിന് യേശു കഷ്ടപ്പെട്ടു മരിക്കേണ്ട കാര്യമൊന്നുമില്ലെന്ന് അവനെ ധരിപ്പിക്കാൻ പത്രോസ് അപ്പൊസ്തലൻ ഒരിക്കൽ ശ്രമിച്ചു. സദുദ്ദേശ്യത്തോടു കൂടിയതെങ്കിലും തെറ്റായ ആ ഉപദേശം യേശു പാടെ തള്ളിക്കളഞ്ഞു. (മത്തായി 16:21-23) ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ഗുണകാംക്ഷികളായ ചില ബന്ധുക്കൾ ശ്രമിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയത്രേ അധിപതിയായി അനുസരിക്കേണ്ടത്” എന്നു പറഞ്ഞ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ നിലപാടായിരിക്കും നമ്മുടേതും.—പ്രവൃത്തികൾ 5:29.
അനുസരണത്തിന്റെ പ്രതിഫലങ്ങൾ
22. ഏതു ചോദ്യത്തിനാണ് യേശു ഉത്തരം നൽകിയത്, എങ്ങനെ?
22 മരണസമയത്ത് യേശുവിന്റെ അനുസരണം ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെട്ടു. നിർണായകമായ ആ സമയത്ത് അവൻ സമ്പൂർണ അർഥത്തിൽ “അനുസരണം പഠിച്ചു.” അപ്പോഴും അവൻ സ്വന്തം ഇഷ്ടമല്ല പിതാവിന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം നൽകിയത്. (ലൂക്കോസ് 22:42) അങ്ങനെ അവൻ നിർമലതയുടെ ഒരു തികഞ്ഞ ദൃഷ്ടാന്തമായിത്തീർന്നു. (1 തിമൊഥെയൊസ് 3:16) പരിശോധനയിന്മധ്യേ ഒരു പൂർണ മനുഷ്യൻ യഹോവയോട് അനുസരണം കാണിക്കുമോ എന്ന ചോദ്യത്തിന് തന്റെ ഭൗമിക ജീവിതത്തിലൂടെയും മരണത്തിലൂടെയും യേശു മറുപടി നൽകി. ആദാമും ഹവ്വായും ഇക്കാര്യത്തിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ വലിയ വില ഒടുക്കേണ്ടിവന്നിട്ടും യഹോവയുടെ സൃഷ്ടികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠനായവൻ അനുസരണത്തിലൂടെ അതിന് ഉത്തരം നൽകി.
23-25. (എ) അനുസരണവും നിർമലതയും തമ്മിലുള്ള ബന്ധമെന്ത്? ദൃഷ്ടാന്തീകരിക്കുക. (ബി) അടുത്ത അധ്യായത്തിൽ നാം എന്തു പഠിക്കും?
23 നിർമലത അല്ലെങ്കിൽ യഹോവയോടുള്ള ഹൃദയംഗമമായ ഭക്തി തെളിയിക്കാനാകുന്നത് അനുസരണത്തിലൂടെയാണ്. എല്ലായ്പോഴും യഹോവയെ അനുസരിച്ചുകൊണ്ട് യേശു തന്റെ നിർമലത കാത്തുസൂക്ഷിച്ചു. അതാകട്ടെ മുഴു മാനവകുടുംബത്തിനും പ്രയോജനം കൈവരുത്തുകയും ചെയ്തു. (റോമർ 5:19) യഹോവ യേശുവിനെ സമൃദ്ധമായി അനുഗ്രഹിച്ചു. നാം നമ്മുടെ നായകനായ യേശുക്രിസ്തുവിനെ അനുസരിക്കുകയാണെങ്കിൽ യഹോവ നമ്മെയും അനുഗ്രഹിക്കും. ക്രിസ്തുവിനോടുള്ള അനുസരണം നമുക്കു “നിത്യരക്ഷ” നേടിത്തരും.—എബ്രായർ 5:9.
24 നിർമലതയെ ഒരു വലിയ കെട്ടിടത്തോട് ഉപമിക്കാനാകുമെങ്കിൽ, അനുസരണത്തിന്റെ ഓരോ പ്രവൃത്തിയും അതിലെ ഓരോ ഇഷ്ടികകളാണ്. ഒരു ഇഷ്ടിക മാത്രമെടുത്താൽ അതിന് വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു തോന്നിയേക്കാം. എന്നാൽ ഓരോ ഇഷ്ടികയ്ക്കും അതിന്റേതായ സ്ഥാനവും മൂല്യവുമുണ്ട് എന്നതാണു വാസ്തവം. അത്തരം പല ഇഷ്ടികകൾ ചേർന്നാണ് മനോഹരമായ ഒരു കെട്ടിടം നിർമിക്കപ്പെടുന്നത്. സമാനമായി ദിവസങ്ങളും വർഷങ്ങളും കടന്നുപോകവെ, അനുസരണത്തിന്റെ ഓരോരോ പ്രവൃത്തികൾ ചേർന്ന് നിർമലതയുടെ മനോഹരമായ ഒരു സൗധംതന്നെ രൂപംകൊള്ളുന്നു. നിർമലത പാലിക്കുന്നത് വലിയ ഒരു അനുഗ്രഹമാണ്. “നേരായി നടക്കുന്നവൻ (അതായത്, നിർമലപാതയിൽ നടക്കുന്നവൻ) നിർഭയമായി നടക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 10:9 പറയുന്നു.
25 അനുസരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്കു സഹിഷ്ണുത കൂടിയേ തീരൂ. സഹിഷ്ണുത കാണിക്കുന്നതിൽ യേശു എങ്ങനെ മാതൃക വെച്ചിരിക്കുന്നു എന്ന് അടുത്ത അധ്യായത്തിൽ കാണാം.