വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 8

“അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌”

“അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌”

1-4. (എ) യേശു ഒരു ശമര്യ സ്‌ത്രീ​യെ നൈപു​ണ്യ​ത്തോ​ടെ പഠിപ്പി​ച്ചത്‌ എങ്ങനെ, അതിന്‌ എന്തു ഫലമു​ണ്ടാ​യി? (ബി) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

 യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും നടക്കാൻ തുടങ്ങി​യിട്ട്‌ മണിക്കൂ​റു​ക​ളാ​യി. യെഹൂ​ദ്യ​യിൽനിന്ന്‌ വടക്കോട്ട്‌ ഗലീല​യി​ലേ​ക്കാണ്‌ അവർ പോകു​ന്നത്‌. ശമര്യ​യി​ലൂ​ടെ പോയാൽ വെറും മൂന്നു ദിവസം​കൊണ്ട്‌ അവിടെ എത്താം. ഉച്ചയോ​ട​ടുത്ത്‌ അവർ ശമര്യ​യി​ലെ സുഖാർ എന്ന പട്ടണത്തി​ലെ​ത്തു​ന്നു. ക്ഷീണമ​ക​റ്റാ​നാ​യി അൽപ്പ​നേരം അവർ അവിടെ വിശ്ര​മി​ക്കു​ന്നു.

2 ശിഷ്യ​ന്മാർ ഭക്ഷണ സാധനങ്ങൾ വാങ്ങാ​നാ​യി പോകു​മ്പോൾ യേശു പട്ടണത്തി​നു പുറത്തുള്ള ഒരു കിണറ്റി​ന​രി​കെ​വന്ന്‌ അവിടെ ഇരിക്കു​ന്നു. അപ്പോ​ഴാണ്‌ ഒരു ശമര്യ​സ്‌ത്രീ വെള്ളം കോരാ​നാ​യി അവി​ടേക്കു വരുന്നത്‌. യേശു​വിന്‌ വേണ​മെ​ങ്കിൽ അവളെ അവഗണി​ക്കാം. അവൻ ‘യാത്ര​ചെ​യ്‌തു ക്ഷീണി​ച്ചി​രി​ക്കുക’യാണല്ലോ. (യോഹ​ന്നാൻ 4:6) അതു​കൊണ്ട്‌ ഈ സ്‌ത്രീ വന്നതും പോയ​തു​മൊ​ന്നും അറിഞ്ഞി​ല്ലെന്ന മട്ടിൽ അവൻ കണ്ണടച്ചി​രു​ന്നാ​ലും അതിൽ തെറ്റു പറയാ​നാ​വില്ല. ഇനി ആ സ്‌ത്രീ​യെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഒരു യഹൂദൻ തന്നെ പുച്ഛ​ത്തോ​ടെ വീക്ഷി​ക്കാ​നേ ഇടയു​ള്ളൂ​വെന്ന്‌ അവൾ കരുതി​യി​ട്ടു​ണ്ടാ​കാം. (അതിന്റെ കാരണം നാം 4-ാം അധ്യാ​യ​ത്തിൽ കണ്ടിരു​ന്നു.) എന്നിട്ടും യേശു അവളു​മാ​യി സംസാ​രി​ക്കാൻ തുടങ്ങു​ന്നു.

3 ഒരു ദൃഷ്ടാന്തം പറഞ്ഞു​കൊ​ണ്ടാണ്‌ യേശു സംഭാ​ഷണം തുടങ്ങു​ന്നത്‌. ആ ശമര്യ​സ്‌ത്രീ അവിടെ വന്നത്‌ വെള്ളം കോരാ​നാണ്‌. അതു​കൊണ്ട്‌ അവൾ എന്നും ചെയ്‌തു​പോ​രുന്ന ആ കാര്യം​തന്നെ അവൻ ദൃഷ്ടാ​ന്ത​മാ​യി ഉപയോ​ഗി​ക്കു​ന്നു. അവളുടെ ആത്മീയ ദാഹം ശമിപ്പി​ക്കുന്ന ജീവജ​ല​ത്തെ​ക്കു​റിച്ച്‌ യേശു ആ അവസര​ത്തിൽ സംസാ​രി​ക്കു​ന്നു. തർക്കത്തി​നു വഴി​വെ​ക്കുന്ന ചില വിഷയങ്ങൾ പലതവണ അവൾ എടുത്തി​ട്ടെ​ങ്കി​ലും യേശു നയപൂർവം ഒഴിഞ്ഞു​മാ​റു​ന്നു. * താൻ പറഞ്ഞു​വ​രുന്ന വിഷയ​ത്തിൽനിന്ന്‌ അവൻ വ്യതി​ച​ലി​ക്കു​ന്ന​തേ​യില്ല. ആത്മീയ​വി​ഷ​യ​ങ്ങൾക്ക്‌, അതായത്‌ സത്യാ​രാ​ധ​ന​യെ​യും യഹോ​വ​യാം​ദൈ​വ​ത്തെ​യും കുറി​ച്ചുള്ള കാര്യ​ങ്ങൾക്ക്‌, ഊന്നൽ നൽകി​യാണ്‌ അവൻ സംസാ​രി​ക്കു​ന്നത്‌. അവന്റെ വാക്കുകൾ ആ സ്‌ത്രീ​യു​ടെ ഹൃദയ​ത്തിൽ ആഴത്തിൽ പതിയു​ന്നു. അതു​കൊണ്ട്‌ അവൾ പട്ടണത്തിൽ ചെന്ന്‌ മറ്റുള്ള​വ​രോട്‌ അതേക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു. അവരും യേശു പറയു​ന്നതു കേൾക്കാൻ അവന്റെ അടുക്ക​ലേക്കു വരുന്നു.​—യോഹ​ന്നാൻ 4:3-42.

4 ശിഷ്യ​ന്മാർ മടങ്ങി​യെ​ത്തി​യ​പ്പോൾ യേശു ഒരു സ്‌ത്രീ​യോ​ടു സംസാ​രി​ക്കു​ന്ന​താ​ണു കണ്ടത്‌. അവർക്ക​പ്പോൾ എന്താണു തോന്നി​യത്‌? അവർക്ക്‌ യാതൊ​രു സന്തോ​ഷ​വും തോന്നി​യില്ല. മറിച്ച്‌ യേശു ആ സ്‌ത്രീ​യോ​ടു സംസാ​രി​ക്കു​ന്ന​തിൽ അവർക്ക്‌ അതിശ​യ​മാ​ണു​ണ്ടാ​യത്‌. അവർ അവളോട്‌ ഒന്നും മിണ്ടി​യില്ല. അവൾ പോയ​ശേഷം തങ്ങൾ കൊണ്ടു​വന്ന ഭക്ഷണം കഴിക്കാൻ അവർ യേശു​വി​നെ നിർബ​ന്ധി​ക്കു​ന്നു. എന്നാൽ യേശു അവരോട്‌, “നിങ്ങൾക്ക്‌ അറിയാത്ത ആഹാരം എനിക്കു ഭക്ഷിക്കാ​നുണ്ട്‌” എന്നു പറയുന്നു. ആരായി​രി​ക്കും അവനു ഭക്ഷണം കൊണ്ടു​വന്നു കൊടു​ത്തത്‌ എന്ന്‌ അവർ ചിന്തി​ച്ചു​നിൽക്കു​മ്പോൾ താൻ പറഞ്ഞതി​ന്റെ പൊരുൾ യേശു വെളി​പ്പെ​ടു​ത്തു​ന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യു​ന്ന​തും അവന്റെ വേല പൂർത്തി​യാ​ക്കു​ന്ന​തു​മ​ത്രേ എന്റെ ആഹാരം.” (യോഹ​ന്നാൻ 4:32, 34) അങ്ങനെ, താൻ നിർവ​ഹി​ക്കേണ്ട വേലയാണ്‌ ആഹാര​ത്തെ​ക്കാൾ തനിക്കു പ്രധാ​ന​മെന്ന്‌ യേശു വ്യക്തമാ​ക്കി. ശിഷ്യ​ന്മാ​രും അങ്ങനെ​തന്നെ ചിന്തി​ക്ക​ണ​മെന്ന്‌ യേശു ആഗ്രഹി​ച്ചു. എന്താണ്‌ ആ വേല?

5. (എ) യേശു ചെയ്യേ​ണ്ടി​യി​രുന്ന വേല എന്താണ്‌? (ബി) ഈ അധ്യാ​യ​ത്തിൽ നാം എന്തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കും?

5 യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു; അതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നത്‌.” (ലൂക്കോസ്‌ 4:43) യേശു ഭൂമി​യി​ലേക്കു വന്നത്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നു​മാ​യി​രു​ന്നു. * യേശു​വി​ന്റെ അനുഗാ​മി​കൾക്കും ഇന്ന്‌ അതേ വേലയാണ്‌ ചെയ്യാ​നു​ള്ളത്‌. അതു​കൊണ്ട്‌ യേശു എന്തു പ്രസം​ഗി​ച്ചു, എന്തിനു പ്രസം​ഗി​ച്ചു എന്നും തന്റെ നിയോ​ഗ​ത്തോ​ടുള്ള അവന്റെ മനോ​ഭാ​വം എന്തായി​രു​ന്നു എന്നും ചിന്തി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌.

യേശു പ്രസം​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

6, 7. സുവി​ശേഷം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കുന്ന ‘ഏതൊരു ഉപദേ​ഷ്ടാ​വി​ന്റെ​യും’ മനോ​ഭാ​വം എങ്ങനെ​യു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌? ഉദാഹ​രി​ക്കുക.

6 താൻ പഠിപ്പിച്ച സത്യങ്ങളെ യേശു എങ്ങനെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌ എന്നും താൻ പഠിപ്പിച്ച ആളുക​ളോ​ടുള്ള അവന്റെ മനോ​ഭാ​വം എന്തായി​രു​ന്നു എന്നും നമുക്കു നോക്കാം. യഹോവ തന്നെ പഠിപ്പിച്ച സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​നെ താൻ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌ എന്ന്‌ യേശു ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വ്യക്തമാ​ക്കി. അവൻ ഇപ്രകാ​രം പറഞ്ഞു: “സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ക്ക​പ്പെട്ട ഏതൊരു ഉപദേ​ഷ്ടാ​വും തന്റെ നിക്ഷേ​പ​ത്തിൽനി​ന്നു പുതി​യ​തും പഴയതും ആയവ പുറ​ത്തെ​ടു​ക്കുന്ന ഒരു വീട്ടു​ട​യ​വ​നോ​ടു സദൃശ​നാ​കു​ന്നു.” (മത്തായി 13:52) ഈ ദൃഷ്ടാ​ന്ത​ത്തി​ലെ വീട്ടു​ട​യവൻ എന്തിനാണ്‌ അങ്ങനെ ചെയ്യു​ന്നത്‌?

7 പണ്ട്‌ ഹിസ്‌കീ​യാവ്‌ ചെയ്‌ത​തു​പോ​ലെ തന്റെ വസ്‌തു​വ​കകൾ പ്രദർശി​പ്പി​ക്കുക എന്നതല്ല അയാളു​ടെ ലക്ഷ്യം. (2 രാജാ​ക്ക​ന്മാർ 20:13-20) അപ്പോൾ, “തന്റെ നിക്ഷേ​പ​ത്തിൽനി​ന്നു പുതി​യ​തും പഴയതും ആയവ പുറ​ത്തെടു”ക്കാൻ ഈ വീട്ടു​ട​യ​വനെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? അത്‌ ഇങ്ങനെ ഉദാഹ​രി​ക്കാം: നിങ്ങളു​ടെ ഒരു അധ്യാ​പ​കനെ കാണാൻ നിങ്ങൾ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ ചെന്നി​രി​ക്കു​ക​യാണ്‌. അദ്ദേഹം ഒരു അലമാ​ര​യു​ടെ വലിപ്പു തുറന്ന്‌ അതിൽനിന്ന്‌ രണ്ടുക​ത്തു​കൾ എടുത്ത്‌ നിങ്ങളെ കാണി​ക്കു​ന്നു. ഒരെണ്ണം വളരെ പഴയതാണ്‌; മറ്റേത്‌ താരത​മ്യേന പുതി​യ​തും. അദ്ദേഹ​ത്തി​ന്റെ പിതാവ്‌ അയച്ച കത്തുക​ളാണ്‌ അവ. ആദ്യ​ത്തേത്‌ വർഷങ്ങൾക്കു​മുമ്പ്‌, അദ്ദേഹം കുട്ടി​യാ​യി​രു​ന്ന​പ്പോൾ ലഭിച്ച​താണ്‌; രണ്ടാമ​ത്തേ​താ​കട്ടെ ആയി​ടെ​യും. തിളങ്ങുന്ന കണ്ണുക​ളോ​ടെ, ആ കത്തുകൾ താൻ എത്ര വിലമ​തി​ക്കു​ന്നെ​ന്നും അതിലെ ഉപദേ​ശങ്ങൾ തന്നെ എത്ര സ്വാധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അദ്ദേഹം വിവരി​ക്കു​ന്നു. നിങ്ങൾക്കും അതിലെ ഗുണ​ദോ​ഷങ്ങൾ പ്രയോ​ജനം ചെയ്യു​മെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. അദ്ദേഹ​ത്തിന്‌ ആ കത്തുകൾ എത്ര വില​പ്പെ​ട്ട​താ​ണെന്ന്‌ അദ്ദേഹ​ത്തി​ന്റെ വാക്കു​ക​ളിൽനി​ന്നു വ്യക്തമാ​കു​ന്നു. (ലൂക്കോസ്‌ 6:45) വീമ്പി​ള​ക്കുക എന്ന ലക്ഷ്യത്തി​ലല്ല അതിലെ വിവരങ്ങൾ അദ്ദേഹം നിങ്ങളു​മാ​യി പങ്കു​വെ​ച്ചത്‌, എന്തെങ്കി​ലും നേട്ടമു​ണ്ടാ​ക്കാ​നു​മല്ല. മറിച്ച്‌, നിങ്ങൾക്കും​കൂ​ടെ അതിൽനി​ന്നു പ്രയോ​ജനം ലഭിക്കാ​നും അവയുടെ മൂല്യം നിങ്ങൾക്കു മനസ്സി​ലാ​ക്കി​ത്ത​രാ​നു​മാണ്‌.

8. ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കു​ന്നത്‌ വിലതീ​രാത്ത സത്യങ്ങ​ളാ​ണെന്നു വിശ്വ​സി​ക്കാൻ നമുക്ക്‌ എന്തു കാരണ​മുണ്ട്‌?

8 ദൈവ​ത്തി​ന്റെ സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിന്‌ മഹാഗു​രു​വായ യേശു​വി​നെ പ്രേരി​പ്പിച്ച ഘടകങ്ങ​ളും അതൊ​ക്കെ​ത്തന്നെ. അവന്‌ ആ സത്യങ്ങൾ ഏറെ വില​പ്പെ​ട്ട​താ​യി​രു​ന്നു. ആ സത്യങ്ങളെ അവൻ സ്‌നേ​ഹി​ച്ചി​രു​ന്നു. അവ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ അവന്‌ വലിയ ഉത്സാഹ​മാ​യി​രു​ന്നു. ‘ഏതൊരു ഉപദേ​ഷ്ടാ​വി​നും,’ അതായത്‌ തന്റെ അനുഗാ​മി​ക​ളിൽ ഓരോ​രു​ത്തർക്കും, ഇതേ മനോ​ഭാ​വം ഉണ്ടായി​രി​ക്കാൻ അവൻ ആഗ്രഹി​ച്ചു. നമുക്ക്‌ അങ്ങനെ​യൊ​രു മനോ​ഭാ​വ​മു​ണ്ടോ? ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുന്ന ഓരോ സത്യ​ത്തെ​യും സ്‌നേ​ഹി​ക്കാൻ നമുക്ക്‌ മതിയായ കാരണ​മുണ്ട്‌. നാളു​ക​ളാ​യി പഠിച്ചു​വന്ന ഉപദേ​ശ​ങ്ങ​ളാ​യാ​ലും അടുത്ത​യി​ടെ ഉപദേ​ശ​ങ്ങ​ളിൽ വന്ന ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളാ​യാ​ലും നമുക്ക്‌ ആ സത്യങ്ങൾ ഏറെ വില​പ്പെ​ട്ട​താണ്‌. യഹോവ നമ്മെ പഠിപ്പി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളോ​ടുള്ള സ്‌നേഹം മനസ്സിൽ കെടാതെ സൂക്ഷി​ക്കു​ക​യും അവയെ​ക്കു​റിച്ച്‌ ഉത്സാഹ​ത്തോ​ടെ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ആ സത്യങ്ങളെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ മറ്റുള്ള​വരെ സഹായി​ക്കാ​നാ​കും.

9. (എ) താൻ പഠിപ്പിച്ച ആളുക​ളോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു? (ബി) യേശു​വി​ന്റെ മനോ​ഭാ​വം നമുക്ക്‌ എങ്ങനെ പകർത്താം?

9 താൻ പഠിപ്പിച്ച ആളുക​ളെ​യും യേശു സ്‌നേ​ഹി​ച്ചി​രു​ന്നു. അതേക്കു​റിച്ച്‌ 3-ാം ഭാഗത്ത്‌ നാം വിശദ​മാ​യി പഠിക്കും. “എളിയ​വ​നെ​യും ദരി​ദ്ര​നെ​യും അവൻ ആദരി​ക്കും” എന്ന്‌ മിശി​ഹാ​യെ​ക്കു​റിച്ച്‌ പ്രാവ​ച​നി​ക​മാ​യി പറയ​പ്പെ​ട്ടി​രു​ന്നു. (സങ്കീർത്തനം 72:13) അതെ, യേശു​വിന്‌ ആളുക​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടാ​യി​രു​ന്നു. അവരുടെ ചിന്തക​ളെ​യും ചോദ​ന​ക​ളെ​യും അവൻ അറിയാൻ ശ്രമി​ച്ചി​രു​ന്നു. അവരെ ഭാര​പ്പെ​ടു​ത്തി​യി​രുന്ന കാര്യ​ങ്ങ​ളും സത്യം മനസ്സി​ലാ​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടയുന്ന സംഗതി​ക​ളും അവൻ മനസ്സി​ലാ​ക്കി​യി​രു​ന്നു. (മത്തായി 11:28; 16:13; 23:13, 15) ഉദാഹ​ര​ണ​മാ​യി ശമര്യ​സ്‌ത്രീ​യു​ടെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. യേശു തന്നോട്‌ കരുണ​യോ​ടെ സംസാ​രി​ച്ചത്‌ അവളെ ഏറെ സ്വാധീ​നി​ച്ചു. അവൾ യാതൊ​ന്നും പറയാ​തെ​തന്നെ യേശു അവളുടെ സാഹച​ര്യം മനസ്സി​ലാ​ക്കി​യത്‌, യേശു​വി​നെ ഒരു പ്രവാ​ച​ക​നാ​യി അംഗീ​ക​രി​ക്കാ​നും അവനെ​പ്പറ്റി മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാ​നും അവളെ പ്രേരി​പ്പി​ച്ചു. (യോഹ​ന്നാൻ 4:16-19, 39) യേശു​വി​ന്റെ അനുഗാ​മി​കൾക്കു പക്ഷേ ആളുക​ളു​ടെ ഹൃദയങ്ങൾ വായി​ക്കാ​നുള്ള കഴിവില്ല. എന്നിരു​ന്നാ​ലും യേശു​വി​നെ​പ്പോ​ലെ ആളുക​ളിൽ താത്‌പ​ര്യ​മെ​ടു​ക്കാൻ അവർക്കു കഴിയും. അതെ, അവരെ​ക്കു​റിച്ച്‌ നമുക്കു ചിന്തയുണ്ട്‌ എന്ന്‌ നമുക്ക്‌ അവരെ അറിയി​ക്കാൻ സാധി​ക്കും. മാത്രമല്ല, അവരുടെ താത്‌പ​ര്യ​ങ്ങൾക്കും പ്രശ്‌ന​ങ്ങൾക്കും ആവശ്യ​ങ്ങൾക്കും അനുസൃ​ത​മാ​യി അവരോ​ടു സംസാ​രി​ക്കാ​നും നമുക്കാ​കും.

യേശു എന്തു പ്രസം​ഗി​ച്ചു?

10, 11. (എ) യേശു എന്താണു പ്രസം​ഗി​ച്ചത്‌? (ബി) ദൈവ​രാ​ജ്യം ആവശ്യ​മാ​യി​വ​ന്നത്‌ എങ്ങനെ?

10 യേശു എന്താണു പ്രസം​ഗി​ച്ചത്‌? യേശു​വിൽ വിശ്വ​സി​ക്കു​ന്ന​താ​യി പറയുന്ന പല സഭകളു​ടെ​യും ഉപദേ​ശങ്ങൾ പരി​ശോ​ധി​ച്ചു​കൊണ്ട്‌ മേൽപ്പറഞ്ഞ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ യേശു ഘോഷി​ച്ചി​രു​ന്നത്‌ സാമൂ​ഹി​ക​പ​രി​ഷ്‌ക​ര​ണ​ത്തെ​യോ ഭരണസം​വി​ധാ​നങ്ങൾ ഉടച്ചു​വാർക്കു​ന്ന​തി​നെ​യോ കുറി​ച്ചുള്ള എന്തോ സന്ദേശ​മാണ്‌ എന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. അതുമ​ല്ലെ​ങ്കിൽ, വ്യക്തി​പ​ര​മായ രക്ഷയാ​യി​രു​ന്നു അവന്റെ പ്രസം​ഗ​വി​ഷയം എന്ന ധാരണ​യാ​യി​രി​ക്കാം ലഭിക്കുക. എന്നാൽ “ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു” എന്നാണ്‌ യേശു പറഞ്ഞത്‌. എന്താണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

11 യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഉചിത​ത്വ​ത്തെ സാത്താൻ ചോദ്യം​ചെ​യ്‌ത​പ്പോൾ യേശു സ്വർഗ​ത്തിൽ ഉണ്ടായി​രു​ന്നു എന്ന്‌ ഓർക്കുക. നീതി​നി​ഷ്‌ഠ​നായ തന്റെ പിതാ​വി​നെ സാത്താൻ ദുഷി​ക്കു​ന്ന​തും സൃഷ്ടി​ക​ളിൽനിന്ന്‌ നന്മ പിടി​ച്ചു​വെ​ക്കുന്ന നീതി​കെട്ട ഒരു ഭരണാ​ധി​പ​നാ​യി അവനെ വരച്ചു​കാ​ണി​ക്കു​ന്ന​തും യേശു​വി​നെ എത്രയ​ധി​കം വേദനി​പ്പി​ച്ചി​രി​ക്കണം! ഭാവി​യിൽ മുഴുവൻ മാനവ​കു​ടും​ബ​ത്തി​ന്റെ​യും മാതാ​പി​താ​ക്ക​ളാ​യി​രി​ക്കേണ്ട ആദാമും ഹവ്വായും സാത്താന്റെ ആ നുണ വിശ്വ​സി​ച്ച​തും അവനെ എത്ര ദുഃഖി​പ്പി​ച്ചി​രി​ക്കണം! ആ മത്സരം​നി​മി​ത്തം മനുഷ്യ​വർഗം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യി​ലാ​കു​ന്നതു കണ്ടതും ദൈവ​പു​ത്രനെ വ്യസനി​പ്പി​ച്ചി​രി​ക്കണം. (റോമർ 5:12) എങ്കിലും ഒരുനാൾ ദൈവ​രാ​ജ്യം മുഖാ​ന്തരം തന്റെ പിതാവ്‌ എല്ലാം ശരിയാ​ക്കു​മെന്ന തിരി​ച്ച​റിവ്‌ അവനെ സന്തോ​ഷി​പ്പി​ച്ചു.

12, 13. (എ) ദൈവ​രാ​ജ്യം ഏതെല്ലാം കാര്യങ്ങൾ പരിഹ​രി​ക്കും? (ബി) ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തി​നാ​യി​രു​ന്നു യേശു മുഖ്യ​സ്ഥാ​നം നൽകി​യത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 എന്നാൽ പരിഹ​രി​ക്ക​പ്പെ​ടേണ്ട ഏറ്റവും വലിയ വിവാദം എന്തായി​രു​ന്നു? സാത്താ​നും അവന്റെ പക്ഷം ചേർന്ന​വ​രും യഹോ​വ​യു​ടെ വിശുദ്ധ നാമത്തി​ന്മേൽ വരുത്തിയ നിന്ദ നീക്കം ചെയ്യ​പ്പെ​ടേ​ണ്ടി​യി​രു​ന്നു. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ ഉചിത​ത്വം, അതായത്‌ അവന്റെ ഭരണമാണ്‌ ഏറ്റവും നല്ലത്‌ എന്ന വസ്‌തുത തെളി​യി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നു. മറ്റേ​തൊ​രു മനുഷ്യ​നെ​ക്കാ​ളും യേശു​വിന്‌ ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രു​ന്നു. തന്റെ അനുഗാ​മി​കളെ പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യിൽ യേശു പ്രാധാ​ന്യം നൽകി​യ​തും ഈ വിഷയ​ങ്ങൾക്കാ​യി​രു​ന്നു: ആദ്യം തന്റെ പിതാ​വി​ന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​നും രണ്ടാമത്‌ തന്റെ പിതാ​വി​ന്റെ രാജ്യം ആഗതമാ​കാ​നും മൂന്നാ​മ​താ​യി ദൈവ​ത്തി​ന്റെ ഹിതം ഭൂമി​യിൽ നടപ്പാ​കാ​നും പ്രാർഥി​ക്കാൻ അവൻ ശിഷ്യ​ന്മാ​രോട്‌ ആവശ്യ​പ്പെട്ടു. (മത്തായി 6:9, 10) ക്രിസ്‌തു​യേശു ഭരണാ​ധി​പ​നായ ദൈവ​രാ​ജ്യം താമസി​യാ​തെ​തന്നെ സാത്താന്റെ ദുഷിച്ച വ്യവസ്ഥി​തി​യെ നശിപ്പിച്ച്‌ യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ ഭരണാ​ധി​പ​ത്യം എന്നന്നേ​ക്കു​മാ​യി സംസ്ഥാ​പി​ക്കും.​—ദാനീ​യേൽ 2:44.

13 ഈ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു യേശു പ്രധാ​ന​മാ​യും പ്രസം​ഗി​ച്ചത്‌. ദൈവ​രാ​ജ്യം എന്താ​ണെ​ന്നും അത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം നടപ്പി​ലാ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ഓരോ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും അവൻ ആളുകൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പ്രസം​ഗി​ക്കുക എന്ന ദൗത്യ​ത്തിൽനിന്ന്‌ തന്നെ വ്യതി​ച​ലി​പ്പി​ക്കാൻ അവൻ യാതൊ​ന്നി​നെ​യും അനുവ​ദി​ച്ചില്ല. അവന്റെ നാളിൽ അടിയ​ന്തിര ശ്രദ്ധ അർഹി​ക്കുന്ന സാമൂ​ഹിക പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നു; അതു​പോ​ലെ സമൂഹ​ത്തിൽ പലതര​ത്തി​ലുള്ള അന്യാ​യ​ങ്ങ​ളും നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ അവൻ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌ അതി​ലൊ​ന്നു​മാ​യി​രു​ന്നില്ല. മറിച്ച്‌, താൻ ഘോഷി​ക്കേ​ണ്ടി​യി​രുന്ന സന്ദേശ​ത്തി​ലും ചെയ്യേ​ണ്ടി​യി​രുന്ന വേലയി​ലു​മാ​യി​രു​ന്നു അവന്റെ ശ്രദ്ധ മുഴുവൻ. അതിനർഥം അവൻ ഇടുങ്ങിയ ചിന്താ​ഗ​തി​ക്കാ​ര​നും നിസ്സം​ഗ​നും ആയിരു​ന്നെ​ന്നാ​ണോ? വിരസ​ത​യു​ള​വാ​ക്കു​മാറ്‌ ഒരേ കാര്യം​തന്നെ, അവൻ തന്നെയും പിന്നെ​യും പഠിപ്പി​ച്ചു​കൊ​ണ്ടു​ന​ട​ന്നു​വെ​ന്നാ​ണോ? ഒരിക്ക​ലു​മല്ല!

14, 15. (എ) താൻ “ശലോ​മോ​നെ​ക്കാൾ വലിയവൻ” ആണെന്ന്‌ യേശു തെളി​യി​ച്ചത്‌ എങ്ങനെ? (ബി) യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി നമുക്ക്‌ എങ്ങനെ പകർത്താം?

14 ഈ ഭാഗത്തു​ട​നീ​ളം കാണാൻ കഴിയു​ന്ന​തു​പോ​ലെ വൈവി​ധ്യ​ങ്ങ​ളോ​ടെ, വളരെ ആകർഷ​ക​മായ വിധത്തി​ലാ​യി​രു​ന്നു യേശു ആളുകളെ പഠിപ്പി​ച്ചത്‌. ആളുക​ളു​ടെ ഹൃദയ​ങ്ങളെ തൊട്ടു​ണർത്താൻപോ​ന്ന​താ​യി​രു​ന്നു അവന്റെ ഉപദേ​ശങ്ങൾ. യഹോ​വ​യു​ടെ മൊഴി​കൾ രേഖ​പ്പെ​ടു​ത്താൻ ‘ഇമ്പമാ​യുള്ള വാക്കു​ക​ളും സത്യമായ വചനങ്ങ​ളും’ ഉപയോ​ഗിച്ച ജ്ഞാനി​യായ ശലോ​മോൻ രാജാ​വി​നെ​യാണ്‌ യേശു അനുസ്‌മ​രി​പ്പി​ച്ചത്‌. (സഭാ​പ്ര​സം​ഗി 12:10) യഹോവ ശലോ​മോന്‌ “ഹൃദയ​വി​ശാ​ലത” നൽകി​യെന്ന്‌ ബൈബിൾ പറയുന്നു. വൃക്ഷങ്ങൾ, മത്സ്യങ്ങൾ, പക്ഷിമൃ​ഗാ​ദി​കൾ തുടങ്ങി പലപല വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രതി​പാ​ദി​ക്കാൻ ആ അപൂർണ​മ​നു​ഷ്യന്‌ കഴിഞ്ഞു. ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാൻ ദൂര​ദേ​ശ​ത്തു​നി​ന്നു​പോ​ലും ആളുകൾ വരുമാ​യി​രു​ന്നു. (1 രാജാ​ക്ക​ന്മാർ 4:29-34) എന്നാൽ “ശലോ​മോ​നെ​ക്കാൾ വലിയവൻ” ആയിരു​ന്നു യേശു. (മത്തായി 12:42) ശലോ​മോ​നെ​ക്കാൾ ജ്ഞാനവും “ഹൃദയ​വി​ശാ​ല​ത​യും” അവനു​ണ്ടാ​യി​രു​ന്നു. ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള തികഞ്ഞ ഗ്രാഹ്യ​വും പക്ഷിമൃ​ഗാ​ദി​കൾ, മത്സ്യങ്ങൾ, കൃഷി, കാലാവസ്ഥ, സമകാ​ലിക സംഭവങ്ങൾ, ചരിത്രം, സാമൂ​ഹി​കാ​വ​സ്ഥകൾ തുടങ്ങി​യ​വ​യെ​ക്കു​റി​ച്ചുള്ള ആഴമായ അറിവും യേശു​വി​ന്റെ പഠിപ്പി​ക്ക​ലിൽ പ്രതി​ഫ​ലി​ച്ചി​രു​ന്നു. അതേസ​മയം, മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കുക എന്ന ലക്ഷ്യത്തിൽ അവൻ ഒരിക്ക​ലും തന്റെ ജ്ഞാനം പ്രദർശി​പ്പി​ച്ചില്ല. അവന്റെ സന്ദേശം ലളിത​വും സുഗ്ര​ഹ​വും ആയിരു​ന്നു. അവന്റെ മൊഴി​കൾ കേൾക്കാൻ ജനം ഉത്സാഹം കാണി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല!​—മർക്കോസ്‌ 12:37; ലൂക്കോസ്‌ 19:48.

15 യേശു​വി​ന്റെ മാതൃക പകർത്താൻ ക്രിസ്‌ത്യാ​നി​കൾ ശ്രമി​ക്കു​ന്നു. അവന്റെ അത്രയും ജ്ഞാനമോ അറിവോ ഒന്നും നമുക്കില്ല. എങ്കിലും നമുക്കു​ള്ളത്ര അറിവി​ന്റെ​യും അനുഭ​വ​ജ്ഞാ​ന​ത്തി​ന്റെ​യും അടിസ്ഥാ​ന​ത്തിൽ ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ നമുക്കു കഴിയും. ഉദാഹ​ര​ണ​ത്തിന്‌ യഹോ​വ​യ്‌ക്ക്‌ തന്റെ മക്കളോ​ടുള്ള സ്‌നേഹം ദൃഷ്ടാ​ന്തീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോൾ കുട്ടി​ക​ളുള്ള ഒരു വ്യക്തിക്ക്‌ സ്വന്തം മക്കളോ​ടുള്ള തന്റെ വികാ​ര​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി സംസാ​രി​ക്കാ​നാ​കും. തൊഴിൽ, വിദ്യാ​ലയ ജീവിതം, സമകാ​ലിക സംഭവങ്ങൾ, ജനതകൾ, സംസ്‌കാ​രങ്ങൾ എന്നിവയെ ആസ്‌പ​ദ​മാ​ക്കി​യും ഒരാൾക്ക്‌ ദൃഷ്ടാ​ന്തങ്ങൾ രൂപ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നാ​കും. അതേസ​മയം നമ്മുടെ സന്ദേശ​ത്തിൽനിന്ന്‌, അതായത്‌ ദൈവ​രാ​ജ്യ സുവി​ശേ​ഷ​ത്തിൽനിന്ന്‌, ശ്രോ​താ​ക്ക​ളു​ടെ ശ്രദ്ധ വ്യതി​ച​ലി​ക്കാൻ ഇടയാ​ക്കുന്ന കാര്യ​ങ്ങ​ളി​ലേക്കു കടക്കാ​തി​രി​ക്കാ​നും നാം ശ്രദ്ധി​ക്കും.​—1 തിമൊ​ഥെ​യൊസ്‌ 4:16.

ശുശ്രൂ​ഷ​യോ​ടുള്ള യേശു​വി​ന്റെ മനോഭാവം

16, 17. (എ) ശുശ്രൂ​ഷ​യോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു? (ബി) തന്റെ ജീവി​ത​ത്തിൽ ശുശ്രൂ​ഷ​യ്‌ക്കാ​ണു പ്രഥമ​സ്ഥാ​നം എന്ന്‌ യേശു തെളി​യി​ച്ചത്‌ എങ്ങനെ?

16 തന്റെ ശുശ്രൂ​ഷയെ ഒരു നിധി​പോ​ലെ​യാണ്‌ യേശു കണക്കാ​ക്കി​യത്‌. മാനു​ഷിക പാരമ്പ​ര്യ​ങ്ങ​ളു​ടെ​യും ഉപദേ​ശ​ങ്ങ​ളു​ടെ​യും മറനീക്കി തന്റെ സ്വർഗീയ പിതാ​വി​ന്റെ ശരിയായ വ്യക്തി​ത്വം ആളുകൾക്കു കാണി​ച്ചു​കൊ​ടു​ക്കാൻ യേശു സന്തോ​ഷ​ത്തോ​ടെ യത്‌നി​ച്ചു. യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം സ്ഥാപി​ക്കു​ന്ന​തി​നും നിത്യ​ജീ​വന്റെ പ്രത്യാശ നേടി​യെ​ടു​ക്കു​ന്ന​തി​നും അവൻ ആളുകളെ സഹായി​ച്ചു. സുവി​ശേഷം നൽകുന്ന ആശ്വാ​സ​വും സന്തോ​ഷ​വും ആളുകൾക്ക്‌ പകർന്നു​കൊ​ടു​ക്കാൻ അവന്‌ അതീവ ഉത്സാഹ​മാ​യി​രു​ന്നു. നമുക്ക്‌ എങ്ങനെ അത്‌ മനസ്സി​ലാ​ക്കാം? പിൻവ​രുന്ന മൂന്നു കാര്യങ്ങൾ കാണുക.

17 ശുശ്രൂ​ഷ​യ്‌ക്കാ​യി​രു​ന്നു അവന്റെ ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ അവൻ തന്റെ ജീവിതം ഉഴിഞ്ഞു​വെച്ചു. അതു​കൊ​ണ്ടാണ്‌ 5-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ യേശു ലളിത​മായ ഒരു ജീവിതം നയിച്ചത്‌. തന്റെ ഉപദേ​ശ​ത്തി​നൊത്ത്‌ അവൻ ജീവിച്ചു: ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യ​ത്തിൽ അവൻ തന്റെ ദൃഷ്ടി പതിപ്പി​ച്ചു​നി​റു​ത്തി. അവൻ വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടി​യില്ല. അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ അത്‌ സൂക്ഷി​ക്കാ​നും കേടു​പോ​ക്കാ​നു​മൊ​ക്കെ​യാ​യി ധാരാളം സമയവും പണവും അവനു ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നേനെ. അതെ, ശുശ്രൂ​ഷ​യിൽനി​ന്നു ശ്രദ്ധ പതറാ​തി​രി​ക്കേ​ണ്ട​തിന്‌ അവൻ ലളിത​മായ ജീവിതം നയിച്ചു.​—മത്തായി 6:22; 8:20.

18. യേശു ആത്മത്യാഗ മനോ​ഭാ​വ​ത്തോ​ടെ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടത്‌ ഏതുവി​ധ​ങ്ങ​ളിൽ?

18 യേശു ആത്മത്യാഗ മനോ​ഭാ​വ​ത്തോ​ടെ ശുശ്രൂ​ഷ​യിൽ ഏർപ്പെട്ടു. പലസ്‌തീൻദേ​ശ​ത്തു​കൂ​ടെ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ കാൽന​ട​യാ​യി സഞ്ചരി​ച്ചാണ്‌ അവൻ ആളുക​ളു​മാ​യി സുവി​ശേഷം പങ്കു​വെ​ച്ചത്‌. വീടു​ക​ളി​ലും ചന്തസ്ഥല​ങ്ങ​ളി​ലും ചത്വര​ങ്ങ​ളി​ലു​മെ​ല്ലാം അവൻ ആളുക​ളോ​ടു സുവാർത്ത ഘോഷി​ച്ചു. പലപ്പോ​ഴും, സാക്ഷീ​ക​ര​ണ​വേ​ല​യിൽ ഏർപ്പെ​ടാ​നാ​യി വിശ്ര​മ​വും ആഹാര​വും ജലപാ​ന​വും അടുത്ത സുഹൃ​ത്തു​ക്ക​ളോ​ടൊ​ത്തുള്ള സ്വകാ​ര്യ​നി​മി​ഷ​ങ്ങ​ളും വേണ്ടെ​ന്നു​വെ​ക്കാൻപോ​ലും യേശു തയ്യാറാ​യി. മരണ​വേ​ള​യിൽപ്പോ​ലും അവൻ മറ്റുള്ള​വ​രോട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം പങ്കു​വെച്ചു.​—ലൂക്കോസ്‌ 23:39-43.

19, 20. സുവി​ശേഷം അടിയ​ന്തി​ര​ത​യോ​ടെ ഘോഷി​ക്കേ​ണ്ട​താ​ണെന്നു വ്യക്തമാ​ക്കാൻ യേശു ഏതു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു?

19 അടിയ​ന്തി​ര​ത​യോ​ടെ അവൻ ശുശ്രൂ​ഷ​യിൽ ഏർപ്പെട്ടു. സുഖാ​റി​ലെ കിണറ്റിൻക​ര​യിൽവെച്ച്‌ യേശു ഒരു ശമര്യ​സ്‌ത്രീ​യു​മാ​യി സംസാ​രിച്ച സന്ദർഭ​ത്തെ​പ്പറ്റി ചിന്തി​ക്കുക. ആ സന്ദർഭ​ത്തിൽ സുവി​ശേഷം അടിയ​ന്തി​ര​ത​യോ​ടെ ഘോഷി​ക്കേണ്ട ഒരാവ​ശ്യ​മു​ള്ള​താ​യി അപ്പൊ​സ്‌ത​ല​ന്മാർക്കു തോന്നി​ക്കാ​ണില്ല. എന്നാൽ അവരുടെ മനോ​ഭാ​വം തിരു​ത്താൻ യേശു അനു​യോ​ജ്യ​മായ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “കൊയ്‌ത്തിന്‌ ഇനിയും നാലു​മാ​സ​മുണ്ട്‌ എന്നു നിങ്ങൾ പറയു​ന്നു​വ​ല്ലോ. എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: കണ്ണുക​ളു​യർത്തി വയലി​ലേക്കു നോക്കു​വിൻ. അവ കൊയ്‌ത്തി​നു പാകമാ​യി​രി​ക്കു​ന്നു.”​—യോഹ​ന്നാൻ 4:35.

20 സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ കിസ്ലേവ്‌ മാസം (നവംബർ/ഡിസംബർ) ആയിരു​ന്നു. എന്നാൽ, നീസാൻ 14-ന്‌ കൊണ്ടാ​ടുന്ന പെസഹാ​യോ​ട​ടു​ത്താണ്‌ ബാർളി​ക്കൊ​യ്‌ത്ത്‌ നടക്കു​ന്നത്‌. അതിന്‌ പിന്നെ​യും നാലു​മാ​സം​കൂ​ടെ ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ കർഷകർക്ക്‌ ആ സമയത്ത്‌ കൊയ്‌ത്തി​നെ​ക്കു​റിച്ച്‌ അത്ര വലിയ ചിന്ത​യൊ​ന്നും ഉണ്ടാകാ​റില്ല. അതിന്‌ ഇനിയും സമയമു​ണ്ട​ല്ലോ എന്നായി​രി​ക്കും അവരുടെ ചിന്ത. എന്നാൽ യേശു പരാമർശിച്ച പ്രതീ​കാർഥ​ത്തി​ലുള്ള കൊയ്‌ത്തി​ന്റെ കാര്യം അങ്ങനെ​യാ​യി​രു​ന്നോ? യേശു​വിൽനി​ന്നു കേട്ടു​പ​ഠി​ക്കാ​നും അവന്റെ ശിഷ്യ​ന്മാ​രാ​യി​ത്തീ​രാ​നും അങ്ങനെ യഹോവ നൽകുന്ന മഹത്തായ പ്രത്യാശ സ്വന്തമാ​ക്കാ​നും അനേകർ സന്നദ്ധരാ​യി മുന്നോ​ട്ടു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ആ ആലങ്കാ​രിക വയലി​ലേക്കു നോക്കു​മ്പോൾ യേശു​വി​നു കാണാൻ കഴിഞ്ഞത്‌ കൊയ്‌ത്തി​നു പാകമാ​യി നിൽക്കുന്ന ധാന്യ​ക്ക​തി​രു​ക​ളാ​യി​രു​ന്നു. അതെ, അടിയ​ന്തി​ര​ത​യോ​ടെ കൊയ്‌ത്തു​വേ​ല​യിൽ ഏർപ്പെ​ടേണ്ട സമയമാ​യി​രു​ന്നു അത്‌. തന്നിമി​ത്തം ഒരവസ​ര​ത്തിൽ ഒരു പട്ടണത്തി​ലെ നിവാ​സി​കൾ തങ്ങളെ​വി​ട്ടു പോകാൻ യേശു​വി​നെ അനുവ​ദി​ക്കാ​തി​രു​ന്ന​പ്പോൾ അവൻ അവരോട്‌ പറഞ്ഞത്‌ ഇതായി​രു​ന്നു: “മറ്റു പട്ടണങ്ങ​ളി​ലും ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു; അതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നത്‌.”​—ലൂക്കോസ്‌ 4:43.

21. യേശു​വി​നെ നമുക്ക്‌ ഏതുവി​ധ​ത്തിൽ അനുക​രി​ക്കാം?

21 മേൽപ്പറഞ്ഞ മൂന്നു​കാ​ര്യ​ങ്ങ​ളി​ലും നമുക്ക്‌ യേശു​വി​നെ അനുക​രി​ക്കാം. നമ്മുടെ ജീവി​ത​ത്തിൽ ക്രിസ്‌തീയ ശുശ്രൂ​ഷ​യ്‌ക്ക്‌ നാം പ്രഥമ സ്ഥാനം നൽകണം. കുടും​ബ​ത്തോ​ടും ജോലി​യോ​ടും ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റേ​ണ്ട​തു​ണ്ടാ​യി​രി​ക്കാ​മെങ്കി​ലും തീക്ഷ്‌ണ​ത​യോ​ടും ക്രമമാ​യും ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റി​ക്കൊണ്ട്‌ നമ്മുടെ ജീവി​ത​ത്തിൽ ശുശ്രൂ​ഷ​യ്‌ക്കാണ്‌ പ്രഥമ​സ്ഥാ​നം എന്ന്‌ നമുക്കും തെളി​യി​ക്കാം. (മത്തായി 6:33; 1 തിമൊ​ഥെ​യൊസ്‌ 5:8) നമ്മുടെ സമയവും ഊർജ​വും വിഭവ​ങ്ങ​ളു​മെ​ല്ലാം നിർലോ​പം ചെലവ​ഴി​ച്ചു​കൊണ്ട്‌ ശുശ്രൂഷ ഭംഗി​യാ​യി നിറ​വേ​റ്റാൻ നമുക്ക്‌ കഠിന​മാ​യി യത്‌നി​ക്കാം. (ലൂക്കോസ്‌ 13:24) ശുശ്രൂഷ അടിയ​ന്തി​ര​മാ​യി നിറ​വേ​റ്റേണ്ട ഒന്നാണെന്ന വസ്‌തുത നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം. (2 തിമൊ​ഥെ​യൊസ്‌ 4:2) സാക്ഷീ​ക​രി​ക്കാ​നുള്ള ഒരവസ​ര​വും നമുക്ക്‌ പാഴാ​ക്കാ​തി​രി​ക്കാം.

22. അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു കാണും?

22 ശുശ്രൂ​ഷയെ യേശു എത്ര പ്രാധാ​ന്യ​ത്തോ​ടെ​യാ​ണു വീക്ഷി​ച്ചത്‌ എന്ന്‌ അവൻ ചെയ്‌ത മറ്റൊരു കാര്യ​ത്തിൽനി​ന്നും മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. തന്റെ മരണ​ശേഷം ശിഷ്യ​ന്മാർ ഈ പ്രസം​ഗ​വേല തുടർന്നു​കൊ​ണ്ടു​പോ​കേ​ണ്ട​തിന്‌ അവൻ അവർക്ക്‌ പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നു​മുള്ള നിയോ​ഗം നൽകി. ആ നിയോ​ഗ​ത്തെ​ക്കു​റിച്ച്‌ നാം അടുത്ത അധ്യാ​യ​ത്തിൽ കാണും.

^ യേശു ഒരു യഹൂദ​നാ​യി​രി​ക്കെ ശമര്യ​ക്കാ​രി​യായ തന്നോടു സംസാ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു ചോദി​ക്കു​ക​വഴി അവൾ സൂചി​പ്പി​ച്ചത്‌, നൂറ്റാ​ണ്ടു​ക​ളാ​യി രണ്ടുകൂ​ട്ടർക്കു​മി​ട​യിൽ നിലനി​ന്നി​രുന്ന വിദ്വേ​ഷ​ത്തെ​യാ​യി​രു​ന്നു. (യോഹ​ന്നാൻ 4:9) തന്റെ ജനം യാക്കോ​ബി​ന്റെ പിൻഗാ​മി​ക​ളാ​ണെ​ന്നും അവൾ അവകാ​ശ​പ്പെ​ടു​ന്നു. ഇതാകട്ടെ യഹൂദ​ന്മാർ ശക്തമായി എതിർത്തി​രുന്ന ഒരു വാദഗ​തി​യാണ്‌. (യോഹ​ന്നാൻ 4:12) യഹൂദ​ന്മാർ ശമര്യ​ക്കാ​രെ “കട്ടേയർ” എന്നാണു വിളി​ച്ചി​രു​ന്നത്‌. അവർ പേർഷ്യ​യി​ലെ കട്ടാഹ്‌ എന്ന സ്ഥലത്തു​നിന്ന്‌ ഇസ്രാ​യേ​ലിൽ വന്നുപാർക്കാ​നി​ട​യാ​യ​വ​രു​ടെ പിൻമു​റ​ക്കാ​രാ​ണെന്ന്‌ വിളി​ച്ച​റി​യി​ക്കാ​നാ​യി​രു​ന്നു അത്‌.

^ പ്രസംഗിക്കുക എന്നാൽ ഒരു സന്ദേശം പ്രഖ്യാ​പി​ക്കുക, ഘോഷി​ക്കുക എന്നൊ​ക്കെ​യാണ്‌ അർഥം. പഠിപ്പി​ക്കുക എന്നതി​നും ഏറെക്കു​റെ സമാന​മായ അർഥമാണ്‌ ഉള്ളതെ​ങ്കി​ലും, ഘോഷി​ക്കുന്ന സന്ദേശ​ത്തെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ പറഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ അത്‌ ആഴത്തിൽ വിശക​ലനം ചെയ്യാൻ പഠിതാ​വി​നെ സഹായി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. പഠിക്കുന്ന കാര്യ​ങ്ങൾക്ക​നു​സ​രി​ച്ചു പ്രവർത്തി​ക്കാൻ പഠിതാ​ക്കൾ പ്രചോ​ദി​ത​രാ​ക​ത്ത​ക്ക​വി​ധം അവരുടെ ഹൃദയ​ങ്ങളെ ഉണർത്താ​നുള്ള മാർഗങ്ങൾ ഒരു നല്ല അധ്യാ​പകൻ കണ്ടെത്താൻ ശ്രമി​ക്കും.