വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

‘. . . എന്ന്‌ എഴുതിയിരിക്കുന്നു’

‘. . . എന്ന്‌ എഴുതിയിരിക്കുന്നു’

“ഈ തിരു​വെ​ഴു​ത്തിന്‌ . . . നിവൃത്തി വന്നിരി​ക്കു​ന്നു”

1-3. (എ) നസറെ​ത്തി​ലെ ആളുകൾ എന്തു മനസ്സി​ലാ​ക്ക​ണ​മെ​ന്നാണ്‌ യേശു ആഗ്രഹി​ക്കു​ന്നത്‌? (ബി) അതിന്‌ അവരെ സഹായി​ക്കാൻ അവൻ എന്തു തെളിവ്‌ നൽകുന്നു?

 യേശു തന്റെ ശുശ്രൂഷ ആരംഭി​ച്ചിട്ട്‌ അധിക​മാ​യി​ട്ടില്ല. അവൻ ഇപ്പോൾ സ്വന്തം പട്ടണമായ നസറെ​ത്തി​ലാണ്‌. യഹൂദ​ന്മാർ കാലങ്ങ​ളാ​യി കാത്തി​രി​ക്കുന്ന മിശിഹാ താനാ​ണെന്ന്‌ അവി​ടെ​യു​ള്ളവർ അറിയാൻ അവൻ ആഗ്രഹി​ക്കു​ന്നു. അതിന്‌ അവൻ എന്തു തെളി​വാണ്‌ നൽകു​ന്നത്‌?

2 അവൻ ഒരു അത്ഭുതം പ്രവർത്തി​ക്കു​മെ​ന്നാണ്‌ പലരു​ടെ​യും പ്രതീക്ഷ. യേശു ചെയ്‌തി​ട്ടുള്ള വീര്യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ അവർ കേട്ടി​ട്ടുണ്ട്‌. എന്നാൽ യേശു അങ്ങനെ​യുള്ള അടയാ​ള​മൊ​ന്നും നൽകു​ന്നില്ല. പകരം അവൻ പതിവു​പോ​ലെ അവി​ടെ​യുള്ള സിന​ഗോ​ഗിൽ ചെല്ലുന്നു. തിരു​വെ​ഴു​ത്തു​കൾ വായി​ക്കാ​നാ​യി അവൻ എഴു​ന്നേ​റ്റു​നിൽക്കു​ന്നു. യെശയ്യാ​വി​ന്റെ ചുരു​ളാണ്‌ അവനു വായി​ക്കാൻ ലഭിക്കു​ന്നത്‌. രണ്ടറ്റത്തും ദണ്ഡുകൾ പിടി​പ്പി​ച്ചി​ട്ടുള്ള നീണ്ട ഒരു ചുരു​ളാണ്‌ അത്‌. ഇരുവ​ശ​ത്തു​നി​ന്നും അത്‌ ചുരു​ട്ടി​യി​ട്ടുണ്ട്‌. യേശു ആ ചുരുൾ രണ്ടുവ​ശ​ത്തു​നി​ന്നും നിവർത്തി തനിക്കു വായി​ക്കാ​നുള്ള ഭാഗം കണ്ടുപി​ടി​ക്കു​ന്നു. അന്ന്‌ അവൻ വായിച്ച ആ തിരു​വെ​ഴു​ത്തു​കൾ ഇന്ന്‌ യെശയ്യാ​വു 61:1-3-ൽ കാണാം.​—ലൂക്കോസ്‌ 4:16-19.

3 സിന​ഗോ​ഗിൽ കൂടി​യി​രി​ക്കു​ന്ന​വർക്ക്‌ ആ ഭാഗം സുപരി​ചി​ത​മാണ്‌. മിശി​ഹാ​യെ​ക്കു​റി​ച്ചുള്ള ഒരു പ്രവച​ന​മാണ്‌ അത്‌. എല്ലാവ​രു​ടെ​യും കണ്ണുകൾ യേശു​വി​ലാണ്‌. സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത. അപ്പോൾ യേശു, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരു​വെ​ഴു​ത്തിന്‌ ഇന്നു നിവൃത്തി വന്നിരി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ ആ തിരു​വെ​ഴു​ത്തു​ഭാ​ഗം വ്യാഖ്യാ​നി​ക്കാൻ തുടങ്ങു​ന്നു. അവന്റെ ലാവണ്യ​വാ​ക്കു​കൾ കേട്ട്‌ ആളുകൾ വിസ്‌മ​യി​ച്ചു. പക്ഷേ അപ്പോ​ഴും ചിലർക്ക്‌ അവൻ എന്തെങ്കി​ലും അത്ഭുതം പ്രവർത്തി​ക്കു​ന്നതു കാണാ​നാ​യി​രു​ന്നു ആഗ്രഹം. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു​തന്നെ ഒരു ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യേശു അവരുടെ വിശ്വാ​സ​മി​ല്ലാ​യ്‌മയെ തുറന്നു​കാ​ണി​ക്കു​ന്നു. അതു കേട്ട്‌ കോപാ​കു​ല​രായ ജനം അവനെ വധിക്കാൻ നോക്കു​ന്നു.​—ലൂക്കോസ്‌ 4:20-30.

4. (എ) ശുശ്രൂ​ഷ​യിൽ യേശു എന്തു മാതൃക വെച്ചു? (ബി) ഈ അധ്യാ​യ​ത്തിൽ നാം എന്തി​നെ​ക്കു​റി​ച്ചാണ്‌ ചർച്ച​ചെ​യ്യാൻ പോകു​ന്നത്‌?

4 യേശു ഇവിടെ നമുക്കാ​യി ഒരു ഉത്തമ മാതൃക വെക്കുന്നു. തന്റെ ശുശ്രൂ​ഷ​യി​ലു​ട​നീ​ളം അവൻ ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​വ​ച​നത്തെ ആധാര​മാ​ക്കി​യാണ്‌ സംസാ​രി​ച്ച​തും പ്രവർത്തി​ച്ച​തും. ദൈവാ​ത്മാവ്‌ അവന്റെ​മേൽ ഉണ്ടായി​രു​ന്നു​വെ​ന്ന​തി​ന്റെ വലിയ തെളി​വാ​യി​രു​ന്നു അവൻ ചെയ്‌ത അത്ഭുതങ്ങൾ എന്നതു ശരിയാണ്‌. പക്ഷേ അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കാൾ യേശു പ്രാധാ​ന്യം നൽകി​യത്‌ വിശുദ്ധ ലിഖി​തങ്ങൾ ഉപയോ​ഗിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു. നമ്മുടെ നായക​നായ യേശു​ക്രി​സ്‌തു തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യും ദൈവ​വ​ചനം വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ ചെറു​ക്കു​ക​യും ദൈവ​വ​ചനം വ്യാഖ്യാ​നി​ക്കു​ക​യും ചെയ്‌തത്‌ എങ്ങനെ​യാ​ണെന്ന്‌ നമുക്കു നോക്കാം.

തിരു​വെ​ഴു​ത്തു​കൾ ഉദ്ധരിക്കുന്നു

5. (എ) തന്റെ ശ്രോ​താ​ക്കൾ ഏതു കാര്യം മനസ്സി​ലാ​ക്ക​ണ​മെന്ന്‌ യേശു ആഗ്രഹി​ച്ചു? (ബി) തന്റെ പ്രസ്‌താ​വ​നകൾ സത്യമാ​ണെന്ന്‌ യേശു തെളി​യി​ച്ച​തെ​ങ്ങനെ?

5 താൻ ഘോഷി​ക്കുന്ന സന്ദേശം ഏത്‌ ഉറവിൽനി​ന്നു​ള്ള​താ​ണെന്ന്‌ ആളുകൾ അറിയാൻ യേശു ആഗ്രഹി​ച്ചി​രു​ന്നു. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവ​ന്റേ​ത​ത്രേ” എന്ന്‌ ഒരിക്കൽ അവൻ പറഞ്ഞു. (യോഹ​ന്നാൻ 7:16) “ഞാൻ സ്വന്തമാ​യി ഒന്നും ചെയ്യാതെ പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നു” എന്ന്‌ മറ്റൊരു സന്ദർഭ​ത്തിൽ അവൻ പറഞ്ഞു. (യോഹ​ന്നാൻ 8:28) “ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയു​ന്നതല്ല. എന്നോട്‌ ഐക്യ​പ്പെ​ട്ടി​രു​ന്നു​കൊണ്ട്‌ പിതാവ്‌ തന്റെ പ്രവൃത്തി ചെയ്യുന്നു” എന്നും അവൻ പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 14:10) കൂടെ​ക്കൂ​ടെ ദൈവ​ത്തി​ന്റെ ലിഖിത വചനം ഉദ്ധരി​ച്ചു​കൊണ്ട്‌ തന്റെ ഈ പ്രസ്‌താ​വ​നകൾ സത്യമാ​ണെന്ന്‌ അവൻ തെളി​യി​ച്ചു.

6, 7. (എ) യേശു എത്ര കൂടെ​ക്കൂ​ടെ എബ്രായ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരിച്ചു സംസാ​രി​ച്ചു? (ബി) അത്‌ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സി) യേശു​വി​ന്റെ ഉപദേ​ശങ്ങൾ ശാസ്‌ത്രി​മാ​രു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

6 സുവി​ശേഷ വിവര​ണങ്ങൾ വിശദ​മാ​യി പരി​ശോ​ധി​ക്കു​ന്നെ​ങ്കിൽ ഒരു കാര്യം വ്യക്തമാ​കും: എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ പകുതി​യി​ല​ധി​കം പുസ്‌ത​ക​ങ്ങ​ളിൽനിന്ന്‌ യേശു നേരിട്ട്‌ ഉദ്ധരി​ക്കു​ക​യോ പരാമർശങ്ങൾ നടത്തു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. അത്‌ അത്ര വലിയ കാര്യ​മാ​ണെന്ന്‌ പ്രഥമ​ദൃ​ഷ്ട്യാ നമുക്കു തോന്നി​ല്ലാ​യി​രി​ക്കാം. മൂന്നര വർഷക്കാ​ലം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്‌തി​ട്ടും ലഭ്യമാ​യി​രുന്ന എല്ലാ നിശ്വസ്‌ത പുസ്‌ത​ക​ങ്ങ​ളിൽനി​ന്നും അവൻ എന്തു​കൊണ്ട്‌ വചനങ്ങൾ ഉദ്ധരി​ച്ചില്ല എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. തീർച്ച​യാ​യും അവൻ അങ്ങനെ ചെയ്‌തി​ട്ടു​ണ്ടാ​കണം. വാസ്‌ത​വ​ത്തിൽ, യേശു പറഞ്ഞതും പ്രവർത്തി​ച്ച​തു​മായ കാര്യ​ങ്ങ​ളു​ടെ ഒരംശം മാത്രമേ സുവി​ശേ​ഷ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. (യോഹ​ന്നാൻ 21:25) സുവി​ശേ​ഷ​ങ്ങ​ളിൽ കാണുന്ന യേശു​വി​ന്റെ വചനങ്ങൾ മുഴുവൻ ഒരുപക്ഷേ നിങ്ങൾക്ക്‌ ഏതാനും മണിക്കൂ​റു​കൾകൊണ്ട്‌ വായി​ച്ചു​തീർക്കാ​നാ​കും. ഈ വേദഭാ​ഗ​ങ്ങ​ളിൽമാ​ത്രം എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ പകുതി​യി​ല​ധി​കം പുസ്‌ത​ക​ങ്ങ​ളിൽനി​ന്നുള്ള ഇത്രയ​ധി​കം ഉദ്ധരണി​ക​ളും പരാമർശ​ങ്ങ​ളു​മു​ണ്ടെ​ങ്കിൽ തന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​ട​നീ​ളം യേശു എത്രയ​ധി​കം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​കണം! അതുമാ​ത്രമല്ല, മിക്ക​പ്പോ​ഴും യേശു തിരു​വെ​ഴു​ത്തു​കൾ ചുരു​ളു​ക​ളിൽനിന്ന്‌ വായി​ക്കു​ക​യ​ല്ലാ​യി​രു​ന്നു, പകരം ഓർമ​യിൽനിന്ന്‌ പറയു​ക​യാ​യി​രു​ന്നു. വിഖ്യാ​ത​മായ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു അപ്രകാ​രം ഒട്ടനവധി എബ്രായ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യും പരാമർശി​ക്കു​ക​യും ചെയ്‌തു!

7 ദൈവ​വ​ച​ന​ത്തോ​ടുള്ള യേശു​വി​ന്റെ ആഴമായ ആദരവാണ്‌ ഇവിടെ പ്രതി​ഫ​ലി​ക്കു​ന്നത്‌. “അവന്റെ പഠിപ്പി​ക്ക​ലിൽ (ശ്രോ​താ​ക്കൾ) വിസ്‌മ​യി​ച്ചു; കാരണം, ശാസ്‌ത്രി​മാ​രെ​പ്പോ​ലെയല്ല, അധികാ​ര​മു​ള്ള​വ​നാ​യി​ട്ട​ത്രേ അവൻ പഠിപ്പി​ച്ചത്‌.” (മർക്കോസ്‌ 1:22) വാമൊ​ഴി​യാ​യി കൈമാ​റി​ക്കി​ട്ടിയ ചട്ടങ്ങളും പണ്ഡിത​ന്മാ​രായ റബ്ബിമാ​രു​ടെ മൊഴി​ക​ളു​മൊ​ക്കെ പഠിപ്പി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അന്നത്തെ ശാസ്‌ത്രി​മാർക്കു താത്‌പ​ര്യം. എന്നാൽ യേശു ഒരിക്കൽപ്പോ​ലും അത്തരം കാര്യങ്ങൾ ആളുകളെ പഠിപ്പി​ച്ചില്ല. മറിച്ച്‌, ദൈവ​വ​ച​ന​മാ​യി​രു​ന്നു അവന്റെ ഉപദേ​ശ​ങ്ങൾക്ക്‌ ആധാരം. തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കു​മ്പോ​ഴും അവരുടെ തെറ്റായ ചിന്താ​ഗ​തി​കളെ തിരു​ത്തു​മ്പോ​ഴു​മെ​ല്ലാം ‘. . .എന്ന്‌ എഴുതി​യി​രി​ക്കു​ന്നു’ എന്ന പദപ്ര​യോ​ഗം അവൻ ആവർത്തിച്ച്‌ ഉപയോ​ഗി​ക്കു​ന്ന​താ​യി സുവി​ശേഷ വിവര​ണ​ങ്ങ​ളിൽ നാം കാണുന്നു.

8, 9. (എ) ആലയത്തിൽനിന്ന്‌ വാണി​ഭ​ക്കാ​രെ പുറത്താ​ക്കിയ സന്ദർഭ​ത്തിൽ ആ നടപടിക്ക്‌ ദൈവ​വ​ച​ന​ത്തി​ന്റെ പിൻബ​ല​മു​ണ്ടെന്ന്‌ യേശു വ്യക്തമാ​ക്കി​യത്‌ എങ്ങനെ? (ബി) മതനേ​താ​ക്ക​ന്മാർ ദൈവ​വ​ച​ന​ത്തോട്‌ കടുത്ത അനാദ​രവ്‌ കാണി​ച്ചത്‌ എങ്ങനെ?

8 യെരു​ശ​ലേ​മി​ലെ ആലയത്തിൽനിന്ന്‌ വാണി​ഭ​ക്കാ​രെ പുറത്താ​ക്കവെ യേശു ഇപ്രകാ​രം പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ലയം എന്നു വിളി​ക്ക​പ്പെ​ടും’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കി​ത്തീർക്കു​ന്നു.” (മത്തായി 21:12, 13; യെശയ്യാ​വു 56:7; യിരെ​മ്യാ​വു 7:11) തലേന്ന്‌ അവൻ അവിടെ ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തി​ച്ചി​രു​ന്നു. അതു കണ്ട്‌ അമ്പരന്ന ചില കുട്ടികൾ അവനെ വാഴ്‌ത്തു​ക​യും ചെയ്‌തു. അപ്പോൾ മതനേ​താ​ക്ക​ന്മാർ കോപാ​കു​ല​രാ​യി അവനോട്‌, “ഇവർ പറയു​ന്നതു നീ കേൾക്കു​ന്നു​വോ?” എന്നു ചോദി​ച്ചു. യേശു അവരോട്‌, “ഉവ്വ്‌. ‘ശിശു​ക്ക​ളു​ടെ​യും മുലകു​ടി​ക്കു​ന്ന​വ​രു​ടെ​യും വായിൽനി​ന്നു നീ സ്‌തുതി പൊഴി​ക്കു​ന്നു’ എന്നു നിങ്ങൾ ഒരിക്ക​ലും വായി​ച്ചി​ട്ടി​ല്ല​യോ?” എന്ന്‌ തിരി​ച്ചു​ചോ​ദി​ച്ചു. (മത്തായി 21:16; സങ്കീർത്തനം 8:2) അങ്ങനെ, തന്നിലൂ​ടെ സംഭവി​ക്കുന്ന കാര്യ​ങ്ങൾക്ക്‌ ദൈവ​വ​ച​ന​ത്തി​ന്റെ പിൻബ​ല​മു​ണ്ടെന്ന്‌ യേശു ആ മനുഷ്യർക്ക്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു.

9 പിന്നീട്‌ ഒരു അവസര​ത്തിൽ ആ മതനേ​താ​ക്ക​ന്മാർ സംഘടിച്ച്‌ യേശു​വി​നെ ചോദ്യം​ചെ​യ്‌തു: “നീ എന്ത്‌ അധികാ​ര​ത്താ​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌?” (മത്തായി 21:23) തനിക്ക്‌ അധികാ​രം നൽകി​യത്‌ ദൈവം​ത​ന്നെ​യാ​ണെ​ന്നു​ള്ള​തിന്‌ ധാരാളം തെളി​വു​കൾ യേശു അതി​നോ​ടകം നൽകി​യി​രു​ന്നു. തന്റേതായ ആശയങ്ങ​ളോ ഉപദേ​ശ​ങ്ങ​ളോ ഒന്നും യേശു ആളുകളെ പഠിപ്പി​ച്ചി​രു​ന്നില്ല. തന്റെ പിതാ​വി​ന്റെ നിശ്വസ്‌ത വചനങ്ങൾ മാത്ര​മാണ്‌ അവൻ പഠിപ്പി​ച്ചത്‌. അതു​കൊ​ണ്ടു​തന്നെ യേശു​വി​ന്റെ അധികാ​രത്തെ ചോദ്യം​ചെ​യ്യു​ക​വഴി, ആ പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും യഹോ​വ​യോ​ടും അവന്റെ വചന​ത്തോ​ടും കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യാ​യി​രു​ന്നു. അവരുടെ ദുഷ്ടതയെ തുറന്നു​കാ​ണി​ച്ചു​കൊണ്ട്‌ യേശു ശക്തമായ ഭാഷയിൽ അവരെ കുറ്റം​വി​ധി​ച്ചു.​—മത്തായി 21:23-46.

10. (എ) ദൈവ​വ​ചനം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം? (ബി) യേശു​വിന്‌ ഇല്ലാതി​രുന്ന ഏതു സഹായങ്ങൾ നമുക്ക്‌ ഇന്നുണ്ട്‌?

10 യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ഇന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ശുശ്രൂ​ഷ​യിൽ ദൈവ​വ​ചനം ഉപയോ​ഗി​ക്കു​ന്നു. ബൈബി​ളി​ന്റെ സന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ കാണി​ക്കുന്ന ഉത്സാഹം ലോക​മെ​ങ്ങും പ്രസി​ദ്ധ​മാണ്‌. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ബൈബി​ളിൽനി​ന്നുള്ള ധാരാളം ഉദ്ധരണി​ക​ളും പരാമർശ​ങ്ങ​ളും കാണാൻ കഴിയും. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോ​ഴെ​ല്ലാം നാം തിരു​വെ​ഴു​ത്തു​ക​ളി​ലേക്ക്‌ അവരുടെ ശ്രദ്ധ ക്ഷണിക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16) ബൈബിൾവാ​ക്യം വായി​ക്കാ​നും അതേക്കു​റി​ച്ചു സംസാ​രി​ക്കാ​നും ആളുകൾ നമ്മെ അനുവ​ദി​ക്കു​മ്പോൾ നമുക്ക്‌ എത്ര സന്തോഷം തോന്നാ​റുണ്ട്‌! യേശു​വി​നെ​പ്പോ​ലെ പിഴവറ്റ ഓർമ​ശക്തി നമുക്കി​ല്ലെ​ന്നു​ള്ളത്‌ ശരിയാണ്‌. പക്ഷേ യേശു​വിന്‌ ഇല്ലാതി​രുന്ന പല സഹായ​ങ്ങ​ളും നമുക്ക്‌ ഇന്നുണ്ട്‌: ബൈബിൾ മുഴു​വ​നാ​യി ഒട്ടേറെ ഭാഷക​ളിൽ അച്ചടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; ആവശ്യ​മായ ബൈബിൾവാ​ക്യ​ങ്ങൾ കണ്ടെത്താ​നുള്ള ബൈബിൾസ​ഹാ​യി​ക​ളും നമുക്കു ലഭ്യമാണ്‌. അവസരം ലഭിക്കു​മ്പോ​ഴെ​ല്ലാം ബൈബിൾവാ​ക്യ​ങ്ങൾ ഉദ്ധരി​ക്കാ​നും തിരു​വെ​ഴു​ത്തു​ക​ളി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധ ക്ഷണിക്കാ​നും നമുക്ക്‌ തുടർന്നും ശ്രമി​ക്കാം.

ദൈവ​വ​ചനം വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ ചെറുക്കുന്നു

11. ദൈവ​വ​ചനം വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ യേശു​വിന്‌ നിരന്തരം ചെറു​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

11 “നിന്റെ വചനം സത്യം ആകുന്നു” എന്ന്‌ യേശു ഒരിക്കൽ പ്രാർഥ​ന​യിൽ തന്റെ പിതാ​വി​നോ​ടു പറഞ്ഞു. (യോഹ​ന്നാൻ 17:17) എന്നാൽ ദൈവ​ത്തി​ന്റെ വചനം ആളുകൾ വളച്ചൊ​ടി​ക്കാൻ ശ്രമി​ക്കു​ന്നത്‌ പലപ്പോ​ഴും യേശു​വി​ന്റെ ശ്രദ്ധയിൽപ്പെ​ട്ടി​ട്ടുണ്ട്‌. അവനെ അത്‌ ഒട്ടും ആശ്ചര്യ​പ്പെ​ടു​ത്തി​യില്ല. കാരണം, “ഭോഷ്‌കാ​ളി​യും ഭോഷ്‌കി​ന്റെ അപ്പനു”മായ സാത്താ​നാണ്‌ “ഈ ലോക​ത്തി​ന്റെ അധിപതി” എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 8:44; 14:30) യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കാൻ സാത്താൻ ശ്രമിച്ച സന്ദർഭ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. സാത്താന്റെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ക്കാൻ യേശു മൂന്നു​പ്രാ​വ​ശ്യം തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​സം​സാ​രി​ച്ചു. സങ്കീർത്ത​ന​ങ്ങ​ളിൽനിന്ന്‌ ഒരു വാക്യം ഉദ്ധരിച്ച്‌ അതിനെ ദുർവ്യാ​ഖ്യാ​നം ചെയ്യാൻ സാത്താൻ ശ്രമി​ച്ച​പ്പോൾ യേശു ആ ശ്രമം വിഫല​മാ​ക്കി.​—മത്തായി 4:6, 7.

12-14. (എ) മതനേ​താ​ക്ക​ന്മാർ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തോട്‌ കടുത്ത അനാദ​രവ്‌ കാണി​ച്ചത്‌ എങ്ങനെ? (ബി) ദൈവ​വ​ച​ന​ത്തി​നു​വേണ്ടി യേശു പ്രതി​വാ​ദി​ച്ചത്‌ എങ്ങനെ?

12 തിരു​വെ​ഴു​ത്തു​കൾ വളച്ചൊ​ടി​ക്കാ​നും ദുർവ്യാ​ഖ്യാ​നം ചെയ്യാ​നു​മുള്ള ശ്രമങ്ങളെ എല്ലായ്‌പോ​ഴും യേശു എതിർത്തി​ട്ടുണ്ട്‌. അക്കാലത്തെ മതോ​പ​ദേ​ഷ്ടാ​ക്കൾ സമനി​ല​യോ​ടെയല്ല തിരു​വെ​ഴു​ത്തു​കൾ ബാധക​മാ​ക്കി​യി​രു​ന്നത്‌. അവർ മോ​ശൈ​ക​നി​യമം ആവശ്യ​പ്പെട്ട ചെറി​യ​ചെ​റിയ കാര്യ​ങ്ങൾക്ക്‌ വേണ്ടതി​ല​ധി​കം പ്രാധാ​ന്യം നൽകി; അതേസ​മയം ആ നിയമ​ങ്ങൾക്ക്‌ ആധാര​മായ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തിൽ ദയനീ​യ​മാ​യി പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തു. ഭക്തിയു​ടെ പരി​വേ​ഷ​മ​ണി​യു​ന്ന​തിൽമാ​ത്രം തത്‌പ​ര​രാ​യി​രുന്ന അവർ “ന്യായം, കരുണ, വിശ്വ​സ്‌തത എന്നിങ്ങനെ ന്യായ​പ്ര​മാ​ണ​ത്തി​ലെ ഘനമേ​റിയ കാര്യങ്ങൾ” അവഗണി​ച്ചു​ക​ളഞ്ഞു. (മത്തായി 23:23) ദൈവ​നി​യ​മത്തെ വികല​മാ​ക്കാ​നുള്ള ഈ ശ്രമങ്ങളെ യേശു എങ്ങനെ​യാണ്‌ ചെറു​ത്തത്‌?

13 യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷ​ണം​തന്നെ ഉദാഹ​ര​ണ​മാ​യെ​ടു​ക്കാം. ന്യായ​പ്ര​മാ​ണ​ത്തി​ലെ നിയമങ്ങൾ പരാമർശി​ച്ച​ശേഷം, “. . .എന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ” എന്ന്‌ അവൻ പറയു​ക​യു​ണ്ടാ​യി. തുടർന്ന്‌, “ഞാനോ നിങ്ങ​ളോ​ടു പറയുന്നു. . . ” എന്നു പറഞ്ഞു​കൊണ്ട്‌ ആ നിയമ​ങ്ങൾക്ക്‌ ആധാര​മാ​യി​രി​ക്കുന്ന തത്ത്വങ്ങൾ അവൻ ആളുകൾക്ക്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. അതുവഴി അവൻ ന്യായ​പ്ര​മാ​ണത്തെ ഖണ്ഡിക്കു​ക​യാ​യി​രു​ന്നോ? അല്ല, അവൻ അതിനു​വേണ്ടി പ്രതി​വാ​ദി​ക്കു​ക​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “കൊല ചെയ്യരുത്‌” എന്ന കൽപ്പന എല്ലാവർക്കും അറിയാ​മാ​യി​രു​ന്നു. എന്നാൽ മറ്റൊ​രാ​ളോ​ടു ക്രോധം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​പോ​ലും ആ നിയമ​ത്തി​ന്റെ അന്തഃസ​ത്തയെ ഹനിക്കു​മെന്ന്‌ യേശു വ്യക്തമാ​ക്കി. സ്വന്തം ഇണയല്ലാത്ത ഒരാ​ളോട്‌ മനസ്സിൽ അഭിനി​വേശം വളർത്തു​ന്ന​തു​പോ​ലും, ‘വ്യഭി​ചാ​രം ചെയ്യരുത്‌’ എന്ന നിയമ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന തത്ത്വത്തി​ന്റെ ലംഘന​മാ​കു​മെന്ന്‌ അവൻ എടുത്തു​പ​റഞ്ഞു.​—മത്തായി 5:17, 18, 21, 22, 27-39.

14 യേശു തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “‘നീ നിന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കു​ക​യും ശത്രു​വി​നെ വെറു​ക്കു​ക​യും വേണം’ എന്നു പറഞ്ഞി​ട്ടു​ള്ളതു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. ഞാനോ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങളു​ടെ ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​വിൻ; നിങ്ങളെ പീഡി​പ്പി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കു​വിൻ.” (മത്തായി 5:43, 44) ‘നിന്റെ ശത്രു​വി​നെ വെറു​ക്കണം’ എന്നത്‌ ദൈവ​വ​ച​ന​ത്തി​ലുള്ള ഒരു കൽപ്പന​യാ​യി​രു​ന്നോ? അല്ല, അത്‌ മതനേ​താ​ക്ക​ന്മാർ സ്വന്തമാ​യി ഉണ്ടാക്കിയ ഉപദേ​ശ​മാ​യി​രു​ന്നു. പിഴവറ്റ ദൈവ​നി​യ​മ​ത്തിൽ മാനു​ഷിക ചിന്താ​ഗ​തി​കൾ കൂട്ടി​ക്ക​ലർത്തി അവർ അതിനെ ദുഷി​പ്പി​ക്കാൻനോ​ക്കി. മാനു​ഷിക പാരമ്പ​ര്യ​ങ്ങ​ളാൽ ദൈവ​വ​ച​നത്തെ ദുർബ​ല​മാ​ക്കുന്ന അത്തരം പ്രവണ​ത​കളെ യേശു ശക്തമായി എതിർത്തു.​—മർക്കോസ്‌ 7:9-13.

15. നിയമ​ത്തി​ന്റെ അക്ഷരത്തിൽ കടിച്ചു​തൂ​ങ്ങാ​നുള്ള മതനേ​താ​ക്ക​ന്മാ​രു​ടെ ശ്രമങ്ങളെ യേശു എതിർത്തത്‌ എങ്ങനെ?

15 നിയമ​ത്തി​ന്റെ അക്ഷരത്തിൽ കടിച്ചു​തൂ​ങ്ങുന്ന രീതി​യും ആ മതനേ​താ​ക്ക​ന്മാർക്കു​ണ്ടാ​യി​രു​ന്നു. അങ്ങനെ അവർ ന്യായ​പ്ര​മാ​ണം അനുസ​രി​ക്കു​ന്നത്‌ ആളുകൾക്ക്‌ ദുഷ്‌ക​ര​മാ​ക്കി​ത്തീർത്തു. ഒരിക്കൽ വിളഞ്ഞു​കി​ട​ക്കുന്ന ഒരു വയലി​ലൂ​ടെ നടന്നു​പോ​കു​മ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർ കുറെ ധാന്യ​ക്ക​തി​രു​കൾ പറിച്ചു. അതു കണ്ട പരീശ​ന്മാർ, ശിഷ്യ​ന്മാർ ശബത്തു​നി​യമം ലംഘി​ച്ചു​വെന്ന ആരോ​പ​ണ​മു​യർത്തി. വികല​മായ അവരുടെ വീക്ഷണം തിരു​ത്താ​നാ​യി യേശു അപ്പോൾ ഒരു തിരു​വെ​ഴു​ത്തു​ദൃ​ഷ്ടാ​ന്തം ഉപയോ​ഗി​ച്ചു. ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും വിശന്ന​പ്പോൾ അവർ ദൈവാ​ല​യ​ത്തിൽ പ്രവേ​ശിച്ച്‌ കാഴ്‌ച​യപ്പം ഭക്ഷിച്ച​തി​നെ​ക്കു​റി​ച്ചുള്ള വേദഭാ​ഗം (തിരു​നി​വാ​സ​ത്തി​നു പുറത്തു​വെച്ച്‌ കാഴ്‌ച​യപ്പം ഭക്ഷിച്ച​തി​നെ​ക്കു​റി​ച്ചുള്ള ഏക തിരു​വെ​ഴു​ത്തു​പ​രാ​മർശ​മാ​ണിത്‌) യേശു ആ പരീശ​ന്മാ​രു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തി. യഹോ​വ​യു​ടെ കരുണ​യെ​യും അനുക​മ്പ​യെ​യും കുറിച്ചു മനസ്സി​ലാ​ക്കു​ന്ന​തിൽ ആ പരീശ​ന്മാർ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ യേശു അവർക്ക്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു.​—മർക്കോസ്‌ 2:23-27.

16. (എ) വിവാ​ഹ​മോ​ചനം സംബന്ധിച്ച മോ​ശൈ​ക​നി​യ​മ​ത്തിൽ മതനേ​താ​ക്ക​ന്മാർ പഴുത്‌ ഉണ്ടാക്കി​യത്‌ എങ്ങനെ? (ബി) യേശു അത്‌ എങ്ങനെ തുറന്നു​കാ​ട്ടി?

16 നിയമ​ങ്ങ​ളിൽ പഴുതു​കൾ ഉണ്ടാക്കി​ക്കൊ​ണ്ടും മതനേ​താ​ക്ക​ന്മാർ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ശക്തി ചോർത്തി​ക്ക​ള​യാൻ ശ്രമിച്ചു. ഒരു പുരുഷൻ തന്റെ ഭാര്യ​യിൽ “ദൂഷ്യ​മായ വല്ലതും” കണ്ടെത്തി​യാൽ, അതായത്‌ കുടും​ബ​ത്തിന്‌ നാണ​ക്കേ​ടു​ണ്ടാ​ക്കുന്ന ഗുരു​ത​ര​മായ എന്തെങ്കി​ലും തെറ്റ്‌ ഭാര്യ ചെയ്‌തെന്ന്‌ അയാൾക്കു മനസ്സി​ലാ​യാൽ, ന്യായ​പ്ര​മാ​ണ​മ​നു​സ​രിച്ച്‌ അയാൾക്ക്‌ അവളെ ഉപേക്ഷി​ക്കാ​മാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 24:1) എന്നാൽ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും, മതനേ​താ​ക്ക​ന്മാർ ഈ നിയമ​ത്തിൽ ഒരു പഴുത്‌ ഉണ്ടാക്കി​യെ​ടു​ത്തി​രു​ന്നു. അതിന്റെ മറപി​ടിച്ച്‌ ഏത്‌ നിസ്സാര കാര്യ​ത്തി​നും ഭാര്യയെ ഉപേക്ഷി​ക്കാൻ അവർ ആളുകൾക്ക്‌ അനുമതി നൽകി. ഭക്ഷണം കരിഞ്ഞു​പോ​യ​തി​ന്റെ പേരിൽപ്പോ​ലും ഒരാൾക്ക്‌ ഭാര്യയെ ഉപേക്ഷി​ക്കാ​മാ​യി​രു​ന്നു!  * മോശ​യി​ലൂ​ടെ ദൈവം നൽകിയ നിയമ​ങ്ങളെ മതനേ​താ​ക്ക​ന്മാർ വികല​മാ​ക്കി​യി​രി​ക്കു​ക​യാ​ണെന്ന സത്യം യേശു തുറന്നു​കാ​ട്ടി. തുടർന്ന്‌, വിവാഹം സംബന്ധിച്ച്‌ ദൈവം തുടക്ക​ത്തിൽ വെച്ച നിലവാ​രം, അതായത്‌ ഒരു പുരു​ഷന്‌ ഒരു ഭാര്യ മാത്രമേ ഉണ്ടായി​രി​ക്കാ​വൂ എന്ന നിയമം, അവൻ അവരെ ഓർമ​പ്പെ​ടു​ത്തി. വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ​യൊ​രു അടിസ്ഥാ​നം ലൈം​ഗിക അധാർമി​കത മാത്ര​മാ​ണെ​ന്നും അവൻ വ്യക്തമാ​ക്കി.​—മത്തായി 19:3-12.

17. തിരു​വെ​ഴു​ത്തു​കൾ വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ ഇന്ന്‌ യേശു​വി​ന്റെ അനുഗാ​മി​കൾ ചെറു​ക്കു​ന്നത്‌ എങ്ങനെ?

17 തിരു​വെ​ഴു​ത്തു​കൾ വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ ഇന്ന്‌ യേശു​വി​ന്റെ അനുഗാ​മി​ക​ളും ചെറു​ക്കു​ന്നു. ദൈവ​വ​ചനം നിഷ്‌കർഷി​ക്കുന്ന ധാർമിക നിലവാ​രങ്ങൾ പഴഞ്ചനാ​ണെന്ന്‌ സമർഥി​ക്കുന്ന മതനേ​താ​ക്ക​ന്മാർ യഥാർഥ​ത്തിൽ ബൈബി​ളി​നെ തുച്ഛീ​ക​രി​ക്കു​ക​യാണ്‌. ബൈബി​ളു​പ​ദേ​ശങ്ങൾ എന്ന പേരിൽ സഭകൾ വ്യാജം പഠിപ്പി​ക്കു​മ്പോ​ഴും ദൈവ​വ​ചനം വളച്ചൊ​ടി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ത്രിത്വ​വി​ശ്വാ​സം പോലുള്ള ഉപദേ​ശങ്ങൾ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാ​ണെന്നു തെളി​യി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ നാം ദൈവ​വ​ച​ന​ത്തി​ന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്നു. വലി​യൊ​രു പദവി​യാ​യി​ട്ടാണ്‌ നാം അതിനെ വീക്ഷി​ക്കു​ന്നത്‌. (ആവർത്ത​ന​പു​സ്‌തകം 4:39) എന്നാൽ നാം എപ്പോ​ഴും സൗമ്യ​ത​യോ​ടും ഭയാദ​ര​വോ​ടും​കൂ​ടെ ആയിരി​ക്കും ദൈവ​വ​ച​ന​ത്തി​നാ​യി പ്രതി​വാ​ദം നടത്തു​ന്നത്‌.​—1 പത്രോസ്‌ 3:15.

ദൈവ​വ​ചനം വ്യാഖ്യാനിക്കുന്നു

18, 19. ദൈവ​വ​ചനം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തിൽ യേശു​വി​നു​ണ്ടാ​യി​രുന്ന പ്രാഗ​ത്ഭ്യം തെളി​യി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ പറയുക.

18 എബ്രായ തിരു​വെ​ഴു​ത്തു​കൾ എഴുത​പ്പെ​ട്ട​പ്പോൾ യേശു സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഭൂമി​യിൽ വന്ന്‌ ദൈവ​വ​ചനം ആളുകൾക്ക്‌ വ്യാഖ്യാ​നി​ച്ചു​കൊ​ടു​ക്കാൻ അവസരം ലഭിച്ച​പ്പോൾ അവന്‌ എത്രമാ​ത്രം സന്തോഷം തോന്നി​ക്കാ​ണണം! പുനരു​ത്ഥാ​ന​ശേഷം യേശു, എമ്മാവു​സി​ലേക്ക്‌ പോകു​ക​യാ​യി​രുന്ന രണ്ട്‌ ശിഷ്യ​ന്മാ​രെ കണ്ടുമു​ട്ടിയ സന്ദർഭ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ഒപ്പം നടക്കുന്ന വ്യക്തി യേശു​വാ​ണെന്ന്‌ ആദ്യം അവർക്കു മനസ്സി​ലാ​യില്ല. പ്രിയ​പ്പെട്ട ഗുരു​വി​ന്റെ വേർപാ​ടി​നു​ശേഷം തങ്ങൾ വലിയ ദുഃഖ​ത്തി​ലും ചിന്താ​ക്കു​ഴ​പ്പ​ത്തി​ലു​മാ​ണെന്ന്‌ അവർ അവനോ​ടു പറഞ്ഞു. അപ്പോൾ അവൻ എന്താണ്‌ ചെയ്‌തത്‌? “മോശ തുടങ്ങി സകല പ്രവാ​ച​ക​ന്മാ​രും തിരു​വെ​ഴു​ത്തു​ക​ളിൽ തന്നെക്കു​റി​ച്ചു പറഞ്ഞി​രു​ന്ന​തൊ​ക്ക​യും (അവൻ) അവർക്കു വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തു.” ആ വാക്കുകൾ ശിഷ്യ​ന്മാ​രെ വളരെ സ്വാധീ​നി​ച്ചു. “അവൻ വഴിയിൽവെച്ചു നമ്മോടു സംസാ​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ നമുക്കു വിശദീ​ക​രി​ച്ചു​ത​രു​ക​യും ചെയ്‌ത​പ്പോൾ നമ്മുടെ ഹൃദയം ജ്വലി​ച്ചു​കൊ​ണ്ടി​രു​ന്നി​ല്ല​യോ?” എന്ന അവരുടെ ചോദ്യം അതു വ്യക്തമാ​ക്കു​ന്നു.​—ലൂക്കോസ്‌ 24:15-32.

19 അതേ ദിവസം​തന്നെ യേശു മറ്റ്‌ അപ്പൊ​സ്‌ത​ല​ന്മാർക്കും ശിഷ്യ​ന്മാർക്കും പ്രത്യ​ക്ഷ​നാ​യി. ഈ അവസര​ത്തി​ലും അവൻ എന്താണു ചെയ്‌തത്‌? “അവൻ തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കേ​ണ്ട​തിന്‌ അവരുടെ മനസ്സുകൾ തുറന്നു.” (ലൂക്കോസ്‌ 24:45) യേശു അവർക്കും മറ്റുള്ള​വർക്കും തിരു​വെ​ഴു​ത്തു​കൾ വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തി​ട്ടുള്ള ഒട്ടനവധി സന്ദർഭങ്ങൾ അപ്പോൾ അവരുടെ ഓർമ​യി​ലേക്ക്‌ ഓടി​യെ​ത്തി​യി​രി​ക്കണം. പലപ്പോ​ഴും സുപരി​ചി​ത​മായ തിരു​വെ​ഴു​ത്തു​ക​ളാ​യി​രു​ന്നു അവൻ ശ്രോ​താ​ക്കൾക്ക്‌ വ്യാഖ്യാ​നി​ച്ചു​കൊ​ടു​ത്തത്‌. എന്നാൽ ഓരോ പ്രാവ​ശ്യം അവൻ അതു ചെയ്‌ത​പ്പോ​ഴും അവർക്ക്‌ ആ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ പുതി​യ​പു​തിയ അറിവു​കൾ ലഭിച്ചു. തത്‌ഫ​ല​മാ​യി, ദൈവ​വ​ച​ന​ത്തി​ലുള്ള അവരുടെ ഗ്രാഹ്യം വർധി​ക്കു​ക​യും ചെയ്‌തു.

20, 21. മുൾപ്പ​ടർപ്പി​ന​രി​കെ​വെച്ച്‌ യഹോവ മോശ​യോ​ടു സംസാ​രിച്ച വാക്കുകൾ യേശു വിശദീ​ക​രി​ച്ചത്‌ എങ്ങനെ?

20 ഒരിക്കൽ യേശു ഒരുകൂ​ട്ടം സദൂക്യ​രോട്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. യഹൂദ​ന്മാ​രു​ടെ പുരോ​ഹി​ത​ഗ​ണ​വു​മാ​യി അടുത്ത ബന്ധം പുലർത്തി​യി​രുന്ന ഒരു വിഭാ​ഗ​മാ​യി​രു​ന്നു സദൂക്യർ. അവർ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നില്ല. യേശു അവരോ​ടു പറഞ്ഞു: “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചോ, ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആകുന്നു’ എന്ന്‌ ദൈവം നിങ്ങ​ളോട്‌ അരുളി​ച്ചെ​യ്‌തതു നിങ്ങൾ വായി​ച്ചി​ട്ടി​ല്ല​യോ? അവൻ മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാ​കു​ന്നു.” (മത്തായി 22:31, 32) അവർ ഏറ്റവു​മ​ധി​കം ആദരി​ച്ചി​രുന്ന ഒരു വ്യക്തി, അതായത്‌ മോശ, എഴുതിയ വേദഭാ​ഗ​മാ​യി​രു​ന്നു അത്‌. ആ തിരു​വെ​ഴുത്ത്‌ അവർക്ക്‌ സുപരി​ചി​ത​വു​മാ​യി​രു​ന്നു. യേശു ആ തിരു​വെ​ഴു​ത്തു വിശദീ​ക​രിച്ച വിധം നിങ്ങൾ ശ്രദ്ധി​ച്ചോ?

21 മുൾപ്പ​ടർപ്പി​ന​രി​കെ​വെച്ച്‌ യഹോവ മോശ​യോ​ടു സംസാ​രി​ക്കു​ന്നത്‌ ബി.സി. 1514-നോട​ടു​ത്താണ്‌. (പുറപ്പാ​ടു 3:2, 6) ആ സമയത്ത്‌ അബ്രാ​ഹാം മരിച്ചിട്ട്‌ 329 വർഷവും യിസ്‌ഹാക്ക്‌ മരിച്ചിട്ട്‌ 224 വർഷവും യാക്കോബ്‌ മരിച്ചിട്ട്‌ 197 വർഷവും കഴിഞ്ഞി​രു​ന്നു. എന്നിട്ടും യഹോവ, “ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആകുന്നു” എന്നു പറഞ്ഞു. ഐതി​ഹ്യ​ങ്ങ​ളി​ലെ​പ്പോ​ലെ മരിച്ച​വ​രു​ടെ ആത്മാക്കളെ കാക്കുന്ന ഒരു മരണ​ദേ​വനല്ല യഹോ​വ​യെന്ന്‌ സദൂക്യർക്ക്‌ അറിയാ​മാ​യി​രു​ന്നു. യേശു ഊന്നി​പ്പ​റ​ഞ്ഞ​പ്ര​കാ​രം യഹോവ ‘ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌.’ ആ പ്രസ്‌താ​വ​ന​യു​ടെ അർഥ​മെ​ന്താ​യി​രു​ന്നു? “അവരെ​ല്ലാ​വ​രും അവനു ജീവി​ച്ചി​രി​ക്കു​ന്ന​വ​ര​ത്രേ” എന്ന്‌ യേശു തുടർന്ന്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. (ലൂക്കോസ്‌ 20:38) മരണത്തിൽ നിദ്ര​കൊ​ള്ളുന്ന വിശ്വ​സ്‌ത​രായ ദാസന്മാ​രെ ദൈവം തന്റെ ഓർമ​യിൽ സൂക്ഷി​ക്കു​ന്നു. അവൻ അവരെ ഒരിക്ക​ലും മറക്കില്ല. മരിച്ച​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള തന്റെ ഉദ്ദേശ്യം ദൈവം തീർച്ച​യാ​യും നിറ​വേ​റ്റും. അതു​കൊ​ണ്ടാണ്‌, “അവരെ​ല്ലാ​വ​രും അവനു ജീവി​ച്ചി​രി​ക്കു​ന്ന​വ​ര​ത്രേ” എന്ന്‌ യേശു പറഞ്ഞത്‌. (റോമർ 4:16, 17) എത്ര പ്രാഗ​ത്ഭ്യ​ത്തോ​ടെ​യാണ്‌ യേശു ദൈവ​വ​ചനം വിശദീ​ക​രി​ച്ചത്‌! “ജനം അവന്റെ പഠിപ്പി​ക്ക​ലിൽ വിസ്‌മയി”ച്ചതിൽ അതിശ​യി​ക്കാ​നില്ല.​—മത്തായി 22:33.

22, 23. (എ) ദൈവ​വ​ചനം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു പഠിക്കും?

22 ദൈവ​വ​ചനം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തിൽ ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ മാതൃക പിൻപ​റ്റു​ന്നു. യേശു​വി​ന്റെ അത്രയും പ്രാഗ​ത്ഭ്യ​ത്തോ​ടെ ആളുകൾക്ക്‌ തിരു​വെ​ഴു​ത്തു​കൾ വ്യാഖ്യാ​നി​ച്ചു​കൊ​ടു​ക്കാൻ നമുക്കാ​വി​ല്ലെ​ന്നു​ള്ളത്‌ ശരിയാണ്‌. പക്ഷേ ആളുകൾക്ക്‌ അറിയാ​വുന്ന തിരു​വെ​ഴു​ത്തു​കൾ അവരെ വായി​ച്ചു​കേൾപ്പി​ക്കാ​നും ആ വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ഒരിക്കൽപ്പോ​ലും ചിന്തി​ച്ചി​ട്ടി​ല്ലാ​ത്ത​ത​ര​ത്തി​ലുള്ള പുതിയ അറിവു​കൾ അവർക്കു പകർന്നു​കൊ​ടു​ക്കാ​നും നമുക്ക്‌ അവസരം ലഭിക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ,” “നിന്റെ രാജ്യം വരേണമേ” എന്ന പ്രാർഥന ക്രൈ​സ്‌ത​വ​രിൽ പലരും ഉരുവി​ടാ​റുണ്ട്‌. എന്നാൽ ദൈവ​ത്തി​ന്റെ നാമം എന്താ​ണെ​ന്നോ അവന്റെ രാജ്യം എന്താ​ണെ​ന്നോ അവർക്ക്‌ അറിയില്ല. (മത്തായി 6:9, 10, സത്യ​വേ​ദ​പു​സ്‌തകം) അത്തരം വേദസ​ത്യ​ങ്ങൾ വ്യക്തവും ലളിത​വു​മായ വിധത്തിൽ ആളുകൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ ലഭിക്കുന്ന അവസര​ങ്ങളെ നാം എത്ര മൂല്യ​വ​ത്താ​യി കണക്കാ​ക്കു​ന്നു!

23 ബൈബി​ളി​ലെ സത്യങ്ങൾ ആളുക​ളു​മാ​യി പങ്കു​വെ​ക്കവെ, തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യും ദൈവ​വ​ചനം വളച്ചൊ​ടി​ക്കാ​നുള്ള ശ്രമങ്ങളെ ചെറു​ക്കു​ക​യും ദൈവ​വ​ചനം വ്യാഖ്യാ​നി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കും യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം. തിരു​വെ​ഴു​ത്തു​സ​ത്യ​ങ്ങൾ ആളുക​ളു​ടെ ഹൃദയ​ത്തി​ലെ​ത്തി​ക്കാൻ യേശു ഉപയോ​ഗിച്ച ഫലകര​മായ ചില രീതികൾ അടുത്ത അധ്യാ​യ​ത്തിൽ കാണാം.

^ ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ വിവാ​ഹ​മോ​ചനം നേടിയ ഒരു പരീശ​നാ​യി​രു​ന്നു. “ഏതു കാരണം പറഞ്ഞും വിവാ​ഹ​മോ​ചനം നേടാം. (പുരു​ഷ​ന്മാർക്കാ​കട്ടെ കാരണ​ങ്ങൾക്ക്‌ പഞ്ഞവു​മില്ല)” എന്ന്‌ അദ്ദേഹം പിന്നീട്‌ എഴുതു​ക​യു​ണ്ടാ​യി.)