വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 9

“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”

വിളവ്‌ തനിച്ച്‌ കൊയ്‌തെ​ടു​ക്കാ​നാ​കു​ന്ന​തി​ലും അധിക​മാ​ണെ​ങ്കിൽ ഒരു കർഷകൻ എന്തു ചെയ്യും?

“നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ”

1-3. (എ) വിളവ്‌ തനിച്ച്‌ കൊയ്‌തെ​ടു​ക്കാ​വു​ന്ന​തി​ലും അധിക​മാ​ണെ​ങ്കിൽ ഒരു കർഷകൻ എന്തു ചെയ്യും? (ബി) പുനരു​ത്ഥാ​ന​ശേഷം യേശു​വിന്‌ ഏത്‌ സാഹച​ര്യം ഉണ്ടായി? എങ്ങനെ​യാണ്‌ അവനത്‌ കൈകാ​ര്യം ചെയ്‌തത്‌?

 ആ കർഷകൻ ഒരു വിഷമ​സ​ന്ധി​യി​ലാണ്‌. ഏതാനും മാസങ്ങൾക്കു​മുമ്പ്‌ അയാൾ നിലമു​ഴുത്‌ വിത്ത്‌ വിതച്ചി​രു​ന്നു. വിത്തുകൾ മുളച്ചു​പൊ​ങ്ങി​യ​പ്പോൾ അയാൾ അവയെ നന്നായി പരിച​രി​ച്ചു. ധാന്യ​ച്ചെ​ടി​കൾ മൂപ്പെ​ത്തു​ന്നതു കണ്ടപ്പോൾ അയാൾക്ക്‌ എന്തെന്നി​ല്ലാത്ത ആഹ്ലാദം തോന്നി. അയാളു​ടെ കഠിനാ​ധ്വാ​ന​ത്തിന്‌ പ്രതി​ഫലം ലഭിക്കാൻ പോകു​ക​യാണ്‌! താമസി​യാ​തെ​തന്നെ വിള കൊയ്‌തെ​ടു​ക്കാ​നാ​കും. എന്നാൽ ഒരു പ്രശ്‌ന​മുണ്ട്‌: അയാൾക്ക്‌ തനിച്ച്‌ കൊയ്‌തെ​ടു​ക്കാ​നാ​കു​ന്ന​തി​ലും അധിക​മാണ്‌ വിളവ്‌. അയാൾ ഒരു പോം​വഴി കണ്ടെത്തു​ന്നു: കൊയ്‌ത്തു​വേ​ല​യ്‌ക്കാ​യി ചിലരെ കൂലി​ക്കെ​ടു​ക്കുക. അത്‌ തികച്ചും ബുദ്ധി​പൂർവ​ക​മായ ഒരു തീരു​മാ​ന​മാണ്‌. കാരണം, വിളവ്‌ പെട്ടെ​ന്നു​തന്നെ കൊയ്‌തെ​ടു​ക്കണം.

2 എ.ഡി. 33-ൽ, തന്റെ പുനരു​ത്ഥാ​ന​ശേഷം യേശു​വി​നും സമാന​മായ ഒരു സാഹച​ര്യം ഉണ്ടായി. അതിനു​മു​മ്പുള്ള മൂന്നര​വർഷ​ക്കാ​ലം അവൻ സത്യത്തി​ന്റെ വിത്തുകൾ വിതച്ചി​രു​ന്നു. ഇപ്പോൾ കൊയ്‌ത്തി​നുള്ള സമയം ആയിരി​ക്കു​ക​യാണ്‌, വിളവാ​കട്ടെ സമൃദ്ധ​വും. അതെ, സുവാർത്ത സ്വീക​രിച്ച പലരെ​യും തന്റെ ശിഷ്യ​ഗ​ണ​ത്തി​ലേക്കു കൂട്ടി​ച്ചേർക്കേ​ണ്ട​തുണ്ട്‌. (യോഹ​ന്നാൻ 4:35-38) യേശു ഇപ്പോൾ എന്തു ചെയ്യും? കൂടുതൽ വേലക്കാ​രെ കണ്ടെത്താ​നുള്ള ഒരു നിയോ​ഗം അവൻ ശിഷ്യ​ന്മാർക്ക്‌ നൽകുന്നു. സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു​മുമ്പ്‌ ഗലീല​യി​ലെ ഒരു മലയിൽവെച്ച്‌ അവൻ അവരോട്‌ പറയുന്നു: “ആകയാൽ നിങ്ങൾ പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ. . . . അവരെ സ്‌നാനം കഴിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​ക​യും ചെയ്യു​വിൻ.”​—മത്തായി 28:19, 20.

3 ഈ നിയോ​ഗം നിറ​വേ​റ്റുന്ന ഒരാൾക്കു​മാ​ത്രമേ ക്രിസ്‌തു​വി​ന്റെ ഒരു യഥാർഥ അനുഗാ​മി​യാ​യി​രി​ക്കാൻ കഴിയൂ. നമുക്കി​പ്പോൾ മൂന്നു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കാണാൻ ശ്രമി​ക്കാം: കൂടുതൽ വേലക്കാ​രെ കണ്ടെത്താ​നുള്ള നിയോ​ഗം യേശു ശിഷ്യ​ന്മാർക്കു നൽകി​യത്‌ എന്തു​കൊ​ണ്ടാണ്‌? എങ്ങനെ​യാണ്‌ അവൻ അവരെ പരിശീ​ലി​പ്പി​ച്ചത്‌? ഈ നിയോ​ഗം നമുക്കു​കൂ​ടെ​യു​ള്ള​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

കൂടുതൽ വേലക്കാർ വേണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

4, 5. തുടങ്ങി​വെച്ച വേല പൂർത്തീ​ക​രി​ക്കാൻ യേശു​വിന്‌ കഴിയു​ക​യി​ല്ലാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? യേശു സ്വർഗാ​രോ​ഹണം ചെയ്‌ത​ശേഷം ആ വേല ആര്‌ തുടരു​മാ​യി​രു​ന്നു?

4 എ.ഡി. 29-ൽ ശുശ്രൂഷ ആരംഭി​ച്ച​പ്പോൾ, തനിയെ ചെയ്‌തു​തീർക്കാ​നാ​വാത്ത ഒരു വേലയാണ്‌ താൻ തുടങ്ങി​വെ​ക്കു​ന്ന​തെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അവന്‌ കുറച്ചു സമയമേ ശേഷി​ച്ചി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ എല്ലായി​ട​ത്തും പോയി, എല്ലാവ​രോ​ടും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം അറിയി​ക്കാൻ അവന്‌ സാധി​ക്കി​ല്ലാ​യി​രു​ന്നു. യേശു മുഖ്യ​മാ​യും ‘ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളോട്‌’ അതായത്‌, യഹൂദ​ന്മാ​രോ​ടും യഹൂദ​മതം സ്വീക​രി​ച്ചി​രു​ന്ന​വ​രോ​ടു​മാണ്‌ പ്രസം​ഗി​ച്ചത്‌. (മത്തായി 15:24) എന്നാൽ ഈ ‘കാണാ​തെ​പോയ ആടുകൾ’ത്തന്നെയും ആയിര​ക്ക​ണ​ക്കിന്‌ കിലോ​മീ​റ്റർ വിസ്‌തൃ​തി​യുള്ള ഇസ്രാ​യേൽദേ​ശ​ത്തു​ട​നീ​ളം ചിതറി​പ്പാർക്കു​ക​യാ​യി​രു​ന്നു. മാത്രമല്ല, ലോക​മാ​കുന്ന വയലിന്റെ ഇതരഭാ​ഗ​ങ്ങ​ളി​ലും കാല​ക്ര​മ​ത്തിൽ സുവാർത്ത എത്തി​ക്കേ​ണ്ടി​യി​രു​ന്നു.​—മത്തായി 13:38; 24:14.

5 തന്റെ മരണ​ശേഷം ശിഷ്യ​ന്മാർക്ക്‌ ധാരാളം വേല ചെയ്‌തു​തീർക്കാൻ ഉണ്ടാകു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. വിശ്വ​സ്‌ത​രായ 11 അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ അവൻ പറഞ്ഞു: “സത്യം സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നിൽ വിശ്വ​സി​ക്കു​ന്ന​വ​നും ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. ഞാൻ പിതാ​വി​ന്റെ അടുക്ക​ലേക്കു പോകു​ന്ന​തു​കൊണ്ട്‌ അതിൽ വലിയ​തും അവൻ ചെയ്യും.” (യോഹ​ന്നാൻ 14:12) അതെ, യേശു സ്വർഗ​ത്തി​ലേക്ക്‌ പോകു​മാ​യി​രു​ന്ന​തി​നാൽ പ്രസംഗ, ശിഷ്യ​രാ​ക്കൽ വേല തുട​രേ​ണ്ടി​യി​രു​ന്നത്‌ അവന്റെ അനുഗാ​മി​ക​ളാ​യി​രു​ന്നു. (യോഹ​ന്നാൻ 17:20) താൻ ചെയ്യു​ന്ന​തി​ലും “വലിയ” വേല അവർ​—അപ്പൊ​സ്‌ത​ല​ന്മാർ മാത്രമല്ല, ഭാവി​യിൽ ശിഷ്യ​ന്മാർ ആകുന്ന​വ​രും​—ചെയ്യു​മെന്ന്‌ യേശു താഴ്‌മ​യോ​ടെ സമ്മതി​ച്ചു​പ​റഞ്ഞു. എങ്ങനെ? മൂന്നു​വി​ധ​ങ്ങ​ളിൽ.

6, 7. (എ) യേശു ചെയ്‌ത​തി​ലും “വലിയ” വേല അവന്റെ ശിഷ്യ​ന്മാർ ചെയ്യു​മാ​യി​രു​ന്നത്‌ എങ്ങനെ? (ബി) തന്റെ അനുഗാ​മി​ക​ളിൽ യേശു അർപ്പിച്ച വിശ്വാ​സം അസ്ഥാന​ത്ത​ല്ലെന്ന്‌ നമുക്ക്‌ എങ്ങനെ തെളി​യി​ക്കാ​നാ​കും?

6 ഒന്നാമ​താ​യി, യേശു​വി​ന്റെ ശിഷ്യ​ന്മാർ കൂടുതൽ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ സുവാർത്ത എത്തിക്കു​മാ​യി​രു​ന്നു. യേശു പ്രവർത്തിച്ച പ്രദേ​ശ​ത്തി​ന്റെ അതിർത്തി​ക​ളും കടന്ന്‌ ഇന്ന്‌ ആ സുവി​ശേഷം ഭൂമി​യു​ടെ അറ്റങ്ങ​ളോ​ളം എത്തിയി​രി​ക്കു​ന്നു. രണ്ടാമ​താ​യി, അവർ കൂടുതൽ ആളുക​ളോട്‌ പ്രസം​ഗി​ക്കു​മാ​യി​രു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽത്തന്നെ ക്രിസ്‌തു​ശി​ഷ്യ​ന്മാ​രു​ടെ എണ്ണം പെരുകി ആയിര​ങ്ങ​ളാ​യി. (പ്രവൃ​ത്തി​കൾ 2:41; 4:4) ഇന്നി​പ്പോൾ അവർ ദശലക്ഷ​ങ്ങ​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു; പതിനാ​യി​ര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ഓരോ വർഷവും സ്‌നാ​ന​മേൽക്കു​ന്നത്‌. മൂന്നാ​മ​താ​യി, അവർ കൂടുതൽ കാലം പ്രസം​ഗി​ക്കു​മാ​യി​രു​ന്നു. യേശു​വി​ന്റെ ശുശ്രൂഷ മൂന്നര​വർഷ​ക്കാ​ലം മാത്രമേ നീണ്ടു​നി​ന്നു​ള്ളൂ. എന്നാൽ അവന്റെ ശിഷ്യ​ന്മാർ ആ വേല 2,000-ത്തോളം വർഷത്തി​നു​ശേ​ഷ​വും തുടർന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

7 അവർ ‘അതിൽ വലിയ​തും ചെയ്യും’ എന്നു പറഞ്ഞ​പ്പോൾ, തന്റെ അനുഗാ​മി​ക​ളിൽ തനിക്ക്‌ എത്രമാ​ത്രം വിശ്വാ​സ​മു​ണ്ടെന്ന്‌ വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു യേശു. താൻ ഏറ്റവും ഉത്‌കൃ​ഷ്ട​മാ​യി കണക്കാ​ക്കി​യി​രുന്ന ഒരു വേലയാണ്‌ അവൻ ശിഷ്യ​ന്മാർക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തത്‌. “ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം” പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുക എന്ന മഹത്തായ നിയോ​ഗം. (ലൂക്കോസ്‌ 4:43) വിശ്വ​സ്‌ത​മാ​യി അവർ ആ നിയമനം നിറ​വേ​റ്റു​മെന്ന്‌ അവന്‌ ഉറപ്പാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലും ഇത്‌ സത്യമാ​ണോ? തീക്ഷ്‌ണ​ത​യോ​ടെ, മുഴു​ഹൃ​ദയാ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ, തന്റെ അനുഗാ​മി​ക​ളിൽ യേശു അർപ്പിച്ച വിശ്വാ​സം അസ്ഥാന​ത്ത​ല്ലെന്ന്‌ തെളി​യി​ക്കു​ക​യാ​ണു നാം. എത്ര വലിയ പദവി!​—ലൂക്കോസ്‌ 13:24.

സാക്ഷ്യം നൽകാ​നുള്ള പരിശീലനം

ആളുകളെ കണ്ടെത്താൻ സാധ്യ​ത​യുള്ള സ്ഥലങ്ങളി​ലെ​ല്ലാം പ്രസം​ഗി​ക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു

8, 9. ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തിൽ യേശു എന്ത്‌ മാതൃക വെച്ചു? ശുശ്രൂ​ഷ​യിൽ നമുക്ക്‌ അവന്റെ മാതൃക എങ്ങനെ പകർത്താം?

8 ശുശ്രൂഷ നിറ​വേ​റ്റാ​നാ​യി ഏറ്റവും മികച്ച പരിശീ​ല​ന​മാണ്‌ യേശു തന്റെ ശിഷ്യ​ന്മാർക്കു നൽകി​യത്‌. അതിനു​പു​റമെ അവൻ അവർക്ക്‌ ഒരു പിഴവറ്റ മാതൃക വെക്കു​ക​യും ചെയ്‌തു. (ലൂക്കോസ്‌ 6:40) കഴിഞ്ഞ അധ്യാ​യ​ത്തിൽ ശുശ്രൂ​ഷ​യോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം നാം കാണു​ക​യു​ണ്ടാ​യി. പ്രസം​ഗ​പ​ര്യ​ട​ന​ത്തിൽ അവനോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. തടാക​ക്ക​ര​യി​ലും മലഞ്ചെ​രി​വു​ക​ളി​ലും പട്ടണങ്ങ​ളി​ലും ചന്തസ്ഥല​ങ്ങ​ളി​ലും വീടു​ക​ളി​ലും എന്നിങ്ങനെ ആളുകളെ കണ്ടെത്താൻ കഴിഞ്ഞ സ്ഥലങ്ങളി​ലെ​ല്ലാം അവൻ പ്രസം​ഗി​ക്കു​ന്നത്‌ അവർക്ക്‌ കാണാ​മാ​യി​രു​ന്നു. (മത്തായി 5:1, 2; ലൂക്കോസ്‌ 5:1-3; 8:1; 19:5, 6) യേശു അതികാ​ലത്ത്‌ എഴു​ന്നേറ്റ്‌ നേരം ഇരുട്ടും​വരെ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തും അവർ നിരീ​ക്ഷി​ച്ചു. അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം ശുശ്രൂഷ ഒരു നേരം​പോ​ക്കാ​യി​രു​ന്നില്ല. (ലൂക്കോസ്‌ 21:37, 38; യോഹ​ന്നാൻ 5:17) ആളുക​ളോ​ടുള്ള അഗാധ​മായ സ്‌നേ​ഹ​മാണ്‌ അവരോ​ടു സുവി​ശേ​ഷി​ക്കാൻ അവനെ പ്രചോ​ദി​പ്പി​ക്കു​ന്ന​തെന്ന്‌ ശിഷ്യ​ന്മാർക്കു വ്യക്തമാ​യി കാണാൻ കഴിഞ്ഞു. ഉള്ളി​ന്റെ​യു​ള്ളിൽ അവന്‌ തോന്നിയ മനസ്സലിവ്‌ അവന്റെ മുഖത്ത്‌ പ്രതി​ഫ​ലി​ക്കു​ന്നത്‌ അവർക്ക്‌ ദർശി​ക്കാ​നാ​യി​ട്ടു​ണ്ടാ​കണം. (മർക്കോസ്‌ 6:34) യേശു​വി​ന്റെ മാതൃക അവന്റെ ശിഷ്യ​ന്മാ​രെ എങ്ങനെ​യാ​യി​രി​ക്കാം സ്വാധീ​നി​ച്ചത്‌? അവരുടെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ അത്‌ നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കു​മാ​യി​രു​ന്നു?

9 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളെ​ന്ന​നി​ല​യിൽ നാം ശുശ്രൂ​ഷ​യിൽ അവന്റെ മാതൃക പകർത്താൻ ശ്രമി​ക്കു​ന്നു. ‘സമഗ്ര​മാ​യി സാക്ഷ്യം’ നൽകുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. അതു​കൊ​ണ്ടു​തന്നെ സുവാർത്ത പ്രസം​ഗി​ക്കാൻ ലഭിക്കുന്ന ഒരവസ​ര​വും നാം പാഴാ​ക്കു​ക​യില്ല. (പ്രവൃ​ത്തി​കൾ 10:42) യേശു ചെയ്‌ത​തു​പോ​ലെ നാം ആളുകളെ വീടു​ക​ളിൽ ചെന്നു​കണ്ട്‌ അവരെ സുവാർത്ത അറിയി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 5:42) ആളുകൾ വീട്ടിൽ കാണാൻ സാധ്യ​ത​യുള്ള സമയത്ത്‌ അവരെ സന്ദർശി​ക്കാൻ നാം പ്രത്യേ​കം ശ്രമി​ക്കു​ന്നു. വേണ്ടി​വ​ന്നാൽ അവരുടെ സൗകര്യാർഥം നാം നമ്മുടെ കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ക​പോ​ലും ചെയ്യുന്നു. തെരു​വു​ക​ളി​ലും പാർക്കു​ക​ളി​ലും കടകളി​ലും ജോലി​സ്ഥ​ല​ത്തു​മെ​ല്ലാം നാം ആളുക​ളോ​ടു വിവേ​ക​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നു. നാം ശുശ്രൂഷ ഗൗരവ​മാ​യി കാണു​ന്ന​തി​നാൽ അതിനാ​യി ‘നാം അധ്വാ​നി​ക്കു​ക​യും ആയുക​യും’ ചെയ്യുന്നു. (1 തിമൊ​ഥെ​യൊസ്‌ 4:10) ആളുകളെ കണ്ടെത്താൻ സാധ്യ​ത​യുള്ള ഏതു സ്ഥലത്തും സമയത്തും പ്രസം​ഗി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ അവരോ​ടുള്ള ആഴമായ സ്‌നേ​ഹ​മാണ്‌.​—1 തെസ്സ​ലോ​നി​ക്യർ 2:8.

“ആ എഴുപ​തു​പേർ സന്തോ​ഷ​ത്തോ​ടെ മടങ്ങി​വന്നു”

10-12. പ്രസം​ഗി​ക്കാ​നുള്ള നിയോ​ഗം നൽകി ശിഷ്യ​ന്മാ​രെ അയയ്‌ക്കു​ന്ന​തി​നു​മുമ്പ്‌ യേശു അവരെ ഏത്‌ സുപ്ര​ധാന പാഠങ്ങൾ പഠിപ്പി​ച്ചു?

10 ശുശ്രൂഷ എങ്ങനെ നിർവ​ഹി​ക്കണം എന്നതു സംബന്ധിച്ച്‌ യേശു ശിഷ്യ​ന്മാർക്ക്‌ വിശദ​മായ നിർദേ​ശങ്ങൾ നൽകി. അതും അവൻ നൽകിയ പരിശീ​ല​ന​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. സുവാർത്ത ഘോഷി​ക്കു​ന്ന​തി​നാ​യി ആദ്യം 12 അപ്പൊ​സ്‌ത​ല​ന്മാ​രെ​യും പിന്നീട്‌ 70 ശിഷ്യ​ന്മാ​രെ​യും അയയ്‌ക്കു​ന്ന​തി​നു​മുമ്പ്‌, അവർ എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നെല്ലാം അവൻ അവർക്ക്‌ വ്യക്തമാ​യി പറഞ്ഞു​കൊ​ടു​ത്തു. (മത്തായി 10:1-15; ലൂക്കോസ്‌ 10:1-12) യേശു നൽകിയ പരിശീ​ലനം വളരെ ഗുണം ചെയ്‌തു, കാരണം “ആ എഴുപ​തു​പേർ സന്തോ​ഷ​ത്തോ​ടെ മടങ്ങി​വന്നു” എന്ന്‌ ലൂക്കോസ്‌ 10:17 പറയുന്നു. യേശു പഠിപ്പിച്ച രണ്ട്‌ സുപ്ര​ധാന പാഠങ്ങൾ നമുക്കി​പ്പോൾ നോക്കാം. എന്നാൽ അവൻ പറഞ്ഞ കാര്യങ്ങൾ ബൈബിൾ കാലങ്ങ​ളി​ലെ യഹൂദ സമ്പ്രദാ​യ​ങ്ങ​ളു​ടെ വെളി​ച്ച​ത്തിൽവേണം നാം മനസ്സി​ലാ​ക്കാൻ.

11 യഹോ​വ​യിൽ ആശ്രയി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ചു. അവൻ അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ മടിശീ​ല​യിൽ പൊന്നോ വെള്ളി​യോ ചെമ്പോ കരുത​രുത്‌; യാത്ര​യ്‌ക്കു ഭക്ഷണസ​ഞ്ചി​യോ രണ്ടുവ​സ്‌ത്ര​മോ ചെരി​പ്പോ വടിയോ എടുക്കു​ക​യു​മ​രുത്‌; വേലക്കാ​രൻ തന്റെ ആഹാര​ത്തിന്‌ അർഹനാ​ണ​ല്ലോ.” (മത്തായി 10:9, 10) യാത്ര​പോ​കു​മ്പോൾ, മടിശീ​ല​യും ഭക്ഷണസ​ഞ്ചി​യും വേറൊ​രു ജോഡി ചെരി​പ്പും കൂടെ​ക്ക​രു​തു​ന്നത്‌ അന്നൊക്കെ പതിവാ​യി​രു​ന്നു. എന്നാൽ ഇക്കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആകുല​പ്പെ​ടേ​ണ്ട​തി​ല്ലെന്ന്‌ ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ച​പ്പോൾ ഫലത്തിൽ അവൻ പറഞ്ഞത്‌ ഇതായി​രു​ന്നു: “യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കുക, അവൻ നിങ്ങളു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റി​ത്ത​രും.” അതെ, യഹോവ അവർക്കാ​യി കരുതു​മാ​യി​രു​ന്നു, എങ്ങനെ? ശിഷ്യ​ന്മാ​രോട്‌ ആതിഥ്യ​മ​ര്യാ​ദ കാണി​ക്കാൻ തക്കവിധം, സുവാർത്ത സ്വീക​രി​ച്ച​വ​രു​ടെ മനസ്സു​കളെ അവൻ ഉണർത്തു​മാ​യി​രു​ന്നു. അപരി​ചി​തർക്ക്‌ ആതിഥ്യ​മ​രു​ളു​ന്നത്‌ ഇസ്രാ​യേ​ല്യ​രു​ടെ ഒരു രീതി​യു​മാ​യി​രു​ന്നു.​—ലൂക്കോസ്‌ 22:35.

12 സമയം പാഴാ​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നും യേശു ശിഷ്യ​ന്മാ​രെ ഉപദേ​ശി​ച്ചു. ‘വഴിയിൽവെച്ച്‌ ആരെ​യെ​ങ്കി​ലും വന്ദനം ചെയ്യാ​നാ​യി സമയം​ക​ള​യ​രുത്‌’ എന്ന്‌ അവൻ പറഞ്ഞു. (ലൂക്കോസ്‌ 10:4) ആളുക​ളോ​ടു സൗഹൃദം കാണി​ക്ക​രുത്‌ എന്നാണോ യേശു ഉദ്ദേശി​ച്ചത്‌? തീർച്ച​യാ​യും അല്ല. ഇന്നത്തെ​പ്പോ​ലെ കേവലം “നമസ്‌കാ​രം” പറയു​ന്ന​താ​യി​രു​ന്നില്ല യേശു​വി​ന്റെ കാലത്തെ അഭിവാ​ദ​ന​രീ​തി. വന്ദനം ചെയ്യു​ന്ന​തിൽ പലവിധ ഉപചാ​ര​ക്ര​മ​ങ്ങ​ളും ദീർഘ​സം​ഭാ​ഷ​ണ​വും ഉൾപ്പെ​ട്ടി​രു​ന്നു. ഒരു ബൈബിൾ പണ്ഡിതൻ അതേക്കു​റി​ച്ചു പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “നമ്മൾ ചെയ്യു​ന്ന​തു​പോ​ലെ തല ചെറു​താ​യി​ട്ടൊന്ന്‌ കുനി​ക്കു​ന്ന​തോ ഹസ്‌ത​ദാ​നം ചെയ്യു​ന്ന​തോ ഒന്നുമാ​യി​രു​ന്നില്ല പൗരസ്‌ത്യ​രു​ടെ അഭിവാ​ദ​ന​രീ​തി. തമ്മിൽ പലവട്ടം ആലിം​ഗനം ചെയ്യുക, കുമ്പി​ടുക, സാഷ്ടാം​ഗം പ്രണമി​ക്കുക തുടങ്ങിയ രീതി​ക​ളാ​യി​രു​ന്നു അവരു​ടേത്‌. ഇതി​നെ​ല്ലാം വളരെ​യേറെ സമയം ആവശ്യ​മാ​യി​രു​ന്നു.” ശിഷ്യ​ന്മാ​രോട്‌, ‘ആരെ​യെ​ങ്കി​ലും വന്ദനം ചെയ്യാ​നാ​യി സമയം​ക​ള​യ​രുത്‌’ എന്നു പറഞ്ഞ​പ്പോൾ ഫലത്തിൽ യേശു പറഞ്ഞത്‌ ഇതായി​രു​ന്നു: “അടിയ​ന്തി​ര​മായ ഒരു സന്ദേശ​മാണ്‌ നിങ്ങൾക്ക്‌ ആളുകളെ അറിയി​ക്കാ​നു​ള്ളത്‌. അതു​കൊണ്ട്‌ ഒരു നിമി​ഷം​പോ​ലും നിങ്ങൾക്കു പാഴാ​ക്കാ​നില്ല.” *

13. ഒന്നാം നൂറ്റാ​ണ്ടിൽ യേശു ശിഷ്യ​ന്മാർക്കു കൊടുത്ത ഉപദേ​ശങ്ങൾ നാം അനുസ​രി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?

13 ഒന്നാം നൂറ്റാ​ണ്ടിൽ യേശു ശിഷ്യ​ന്മാർക്കു കൊടുത്ത ഉപദേ​ശങ്ങൾ ഇന്ന്‌ നാമും അനുസ​രി​ക്കു​ന്നു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ നാം രാജ്യ​സ​ന്ദേശം ഘോഷി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) ‘ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ’ ജീവി​ത​ത്തി​ലെ അടിസ്ഥാന ആവശ്യങ്ങൾ ദൈവം നിറ​വേ​റ്റി​ത്ത​രു​മെന്ന്‌ നമുക്ക്‌ ഉത്തമ​ബോ​ധ്യ​മുണ്ട്‌. (മത്തായി 6:33) പ്രതി​സ​ന്ധി​ഘ​ട്ട​ങ്ങ​ളിൽ യഹോവ തുണയ്‌ക്കെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സഹായി​ക്കാ​നാ​കാ​ത്ത​വി​ധം അവന്റെ കൈ കുറു​കി​പ്പോ​യി​ട്ടി​ല്ലെ​ന്നും ലോക​മെ​മ്പാ​ടു​മുള്ള മുഴു​സമയ ശുശ്രൂ​ഷ​കർക്ക്‌ സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ പറയാ​നാ​കും. (സങ്കീർത്തനം 37:25) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽനിന്ന്‌ ശ്രദ്ധ വ്യതി​ച​ലി​ക്കാൻ ഇടയാ​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്ക​ണ​മെ​ന്നും നമുക്ക​റി​യാം. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ഈ ലോകം നമ്മെ എളുപ്പം വഴി​തെ​റ്റി​ച്ചേ​ക്കാം. (ലൂക്കോസ്‌ 21:34-36) മറ്റു കാര്യ​ങ്ങ​ളു​ടെ പിന്നാലെ പോകാ​നുള്ള സമയമല്ല ഇത്‌. ആളുക​ളു​ടെ ജീവൻ അപകട​ത്തി​ലാ​ണെ​ന്നു​ള്ള​തു​കൊണ്ട്‌ നാം അടിയ​ന്തി​ര​ത​യോ​ടെ രാജ്യ​സ​ന്ദേശം അറിയി​ക്കണം. (റോമർ 10:13-15) അടിയ​ന്തി​ര​ബോ​ധം എപ്പോ​ഴും കാത്തു​സൂ​ക്ഷി​ക്കു​ന്നത്‌, ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കേണ്ട സമയവും ഊർജ​വും ഈ ലോക​ത്തി​ലെ കാര്യ​ങ്ങൾക്കാ​യി ചെലവ​ഴി​ക്കു​ന്ന​തിൽനിന്ന്‌ നമ്മെ തടയും. ഓർക്കുക: സമയം ഇനി അധികം ബാക്കി​യില്ല, കൊയ്‌ത്ത്‌ വളരെ​യു​ണ്ടു​താ​നും.​—മത്തായി 9:37, 38.

നമുക്കു​കൂ​ടെ​യുള്ള ഒരു നിയോഗം

14. മത്തായി 28:18-20-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിയോ​ഗം ക്രിസ്‌തു​വി​ന്റെ എല്ലാ അനുഗാ​മി​കൾക്കും ഉള്ളതാ​ണെന്ന്‌ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (അടിക്കു​റി​പ്പും കാണുക)

14 “പോയി . . . ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ” എന്നു പറഞ്ഞ​പ്പോൾ, ഭാരിച്ച ഒരു ഉത്തരവാ​ദി​ത്വം യേശു തന്റെ ശിഷ്യ​ന്മാ​രെ ഏൽപ്പി​ക്കു​ക​യാ​യി​രു​ന്നു. അന്ന്‌ ഗലീല​യി​ലെ ആ മലയിൽ ഉണ്ടായി​രുന്ന ശിഷ്യ​ന്മാർക്കു മാത്ര​മാ​ണോ അവൻ ആ നിയോ​ഗം നൽകി​യത്‌? * അല്ല, കാരണം “സകല ജനതക​ളി​ലും​പെട്ട ആളുകളെ” സുവാർത്ത അറിയി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു; “യുഗസ​മാ​പ്‌തി​യോ​ളം” തുടരേണ്ട ഒരു വേലയു​മാ​യി​രു​ന്നു അത്‌. നാം ഉൾപ്പെടെ ക്രിസ്‌തു​വി​ന്റെ എല്ലാ അനുഗാ​മി​കൾക്കും ഉള്ളതാണ്‌ ആ നിയോ​ഗം എന്ന്‌ ഇതിൽനി​ന്നു വ്യക്തമല്ലേ? മത്തായി 28:18-20-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ വാക്കുകൾ നമുക്കി​പ്പോൾ വിശദ​മാ​യി പരി​ശോ​ധി​ക്കാം.

15. ശിഷ്യരെ ഉളവാ​ക്കാ​നുള്ള യേശു​വി​ന്റെ കൽപ്പന അനുസ​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ആ നിയോ​ഗം നൽകു​ന്ന​തി​നു​മുമ്പ്‌ യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും എനിക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” (18-ാം വാക്യം) യേശു​വിന്‌ വാസ്‌ത​വ​ത്തിൽ അത്രയ​ധി​കം അധികാ​ര​മു​ണ്ടോ? തീർച്ച​യാ​യും. അവൻ പ്രധാ​ന​ദൂ​ത​നാണ്‌, കോടാ​നു​കോ​ടി ദൂതന്മാ​രു​ടെ​മേൽ അവന്‌ അധികാ​ര​മുണ്ട്‌. (1 തെസ്സ​ലോ​നി​ക്യർ 4:16; വെളി​പാട്‌ 12:7) “സഭയുടെ ശിരസ്സ്‌” എന്നനി​ല​യിൽ ഭൂമി​യി​ലെ തന്റെ അനുഗാ​മി​ക​ളു​ടെ​മേ​ലും അവന്‌ അധികാ​ര​മുണ്ട്‌. (എഫെസ്യർ 5:23) 1914 മുതൽ അവൻ സ്വർഗ​ത്തിൽ മിശി​ഹൈക രാജാ​വാ​യി ഭരണം നടത്തു​ക​യാണ്‌. (വെളി​പാട്‌ 11:15) മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള പ്രാപ്‌തി അവനു​ള്ള​തി​നാൽ പാതാ​ള​ത്തി​ന്മേൽപ്പോ​ലും അവന്‌ അധികാ​ര​മു​ണ്ടെന്നു പറയാ​നാ​കും. (യോഹ​ന്നാൻ 5:26-28) തനിക്ക്‌ വിപു​ല​മായ അധികാ​ര​മു​ണ്ടെന്ന്‌ ആദ്യം പറയു​ക​വഴി, താൻ തുടർന്നു പറയാൻ പോകുന്ന വാക്കുകൾ കേവലം ഒരു നിർദേ​ശമല്ല, ഒരു കൽപ്പന​യാ​ണെന്ന്‌ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു അവൻ. നാം ആ കൽപ്പന അനുസ​രി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. കാരണം, അവന്റെ അധികാ​രം ദൈവ​ദ​ത്ത​മാണ്‌, സ്വകൽപ്പി​തമല്ല.​—1 കൊരി​ന്ത്യർ 15:27.

16. (എ) “നിങ്ങൾ പോയി. . . ” എന്നു പറയു​ക​വഴി നാം എന്തു​ചെ​യ്യാ​നാണ്‌ യേശു ആവശ്യ​പ്പെ​ട്ടത്‌? (ബി) നമുക്ക്‌ അത്‌ എങ്ങനെ അനുസ​രി​ക്കാ​നാ​കും?

16 അടുത്ത​താ​യി യേശു ശിഷ്യ​ന്മാർക്കുള്ള നിയോ​ഗം എന്താ​ണെന്നു വ്യക്തമാ​ക്കു​ന്നു. “നിങ്ങൾ പോയി. . . ” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌ അവൻ തുടങ്ങു​ന്നത്‌. (19-ാം വാക്യം) അതിലൂ​ടെ, ആളുക​ളു​ടെ പക്കൽ രാജ്യ​സ​ന്ദേശം എത്തിക്കു​ന്ന​തിന്‌ മുന്നി​ട്ടി​റ​ങ്ങാൻ യേശു ശിഷ്യ​ന്മാ​രോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പല മാർഗ​ങ്ങ​ളി​ലൂ​ടെ നമുക്കത്‌ ചെയ്യാ​നാ​കും. വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​മാണ്‌ ആളുകളെ നേരിൽ കാണാ​നുള്ള ഏറ്റവും നല്ല മാർഗം. (പ്രവൃ​ത്തി​കൾ 20:20) അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കാ​നുള്ള അവസര​ങ്ങ​ളും നാം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു; അനുദി​ന​ജീ​വി​ത​ത്തിൽ ഉചിത​മായ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ നാം ഉത്സുക​രാണ്‌. പ്രാ​ദേ​ശിക സാഹച​ര്യ​ങ്ങൾക്ക്‌ അനുസൃ​ത​മാ​യി നാം വ്യത്യസ്‌ത സാക്ഷീ​കരണ മാർഗങ്ങൾ സ്വീക​രി​ച്ചേ​ക്കാ​മെ​ന്നതു ശരിയാണ്‌. എന്നാൽ ഒരു കാര്യ​ത്തിന്‌ അന്നുമി​ന്നും മാറ്റമില്ല: നാം “പോയി” അർഹത​യു​ള്ള​വരെ കണ്ടുപി​ടി​ക്കു​ന്നു.​—മത്തായി 10:11.

17. നാം എങ്ങനെ​യാണ്‌ ആളുകളെ ‘ശിഷ്യ​ന്മാ​രാ​ക്കു​ന്നത്‌?’

17 യേശു അടുത്ത​താ​യി ആ നിയോ​ഗ​ത്തി​ന്റെ ഉദ്ദേശ്യം വ്യക്തമാ​ക്കു​ന്നു: ‘സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കുക.’ (19-ാം വാക്യം) നമുക്ക്‌ എങ്ങനെ ‘ശിഷ്യരെ ഉളവാ​ക്കാ​നാ​കും?’ കുറെ അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടുമാ​ത്രം നമുക്ക്‌ ശിഷ്യരെ ഉളവാ​ക്കാ​നാ​വില്ല. ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളാ​യി​ത്തീ​രാൻ ആളുകളെ സഹായി​ക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ നാം അവർക്ക്‌ ബൈബി​ള​ധ്യ​യ​ന​മെ​ടു​ക്കു​ന്നത്‌. സാധ്യ​മാ​കു​മ്പോ​ഴൊ​ക്കെ​യും യേശു​വി​ന്റെ മാതൃ​ക​യി​ലേക്ക്‌ നാം അവരുടെ ശ്രദ്ധ ക്ഷണിക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ യേശു​വി​നെ തങ്ങളുടെ ഗുരു​വും മാതൃ​കാ​പു​രു​ഷ​നു​മാ​യി കാണാൻ അവർ പഠിക്കും. അവന്റെ ജീവി​ത​ശൈലി അവർ പകർത്തും, അവൻ ചെയ്‌ത വേല അവരും ചെയ്യും.​—യോഹ​ന്നാൻ 13:15.

18. സ്‌നാ​ന​മേൽക്കു​ന്നത്‌ ക്രിസ്‌തു​ശി​ഷ്യ​നാ​യി​ത്തീ​രുന്ന ഒരാളു​ടെ ജീവി​ത​ത്തി​ലെ വഴിത്തി​രി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 യേശു നൽകിയ നിയോ​ഗ​ത്തി​ന്റെ ഒരു സുപ്ര​ധാ​ന​വശം അവന്റെ പിൻവ​രുന്ന വാക്കു​ക​ളിൽ കാണാ​നാ​കും: “പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ അവരെ സ്‌നാനം കഴിപ്പി​ക്കുക.” (19-ാം വാക്യം) ശിഷ്യ​നാ​കുന്ന ഒരു വ്യക്തി​യു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു പടിയാണ്‌ സ്‌നാനം. കാരണം ജീവിതം പൂർണ​മാ​യും യഹോ​വ​യ്‌ക്ക്‌ സമർപ്പി​ക്കു​ന്ന​തി​ന്റെ ഒരുത്തമ പ്രതീ​ക​മാണ്‌ അത്‌. അതു​കൊ​ണ്ടു​തന്നെ അത്‌ രക്ഷയ്‌ക്ക്‌ അനിവാ​ര്യ​വു​മാണ്‌. (1 പത്രോസ്‌ 3:21) യഹോ​വ​യു​ടെ സേവന​ത്തിൽ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​തി​ലൂ​ടെ സ്‌നാ​ന​മേറ്റ ഒരു ശിഷ്യന്‌, വരാനി​രി​ക്കുന്ന പുതിയ ലോക​ത്തി​ലെ നിത്യാ​നു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാ​നാ​കും. സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രാൻ നിങ്ങൾ ആരെ​യെ​ങ്കി​ലും സഹായി​ച്ചി​ട്ടു​ണ്ടോ? ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ അതി​നെ​ക്കാൾ വലിയ സന്തോഷം വേറെ​യില്ല.​—3 യോഹ​ന്നാൻ 4.

19. (എ) പുതി​യ​വരെ നാം എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? (ബി) അവർ സ്‌നാ​ന​മേ​റ്റ​ശേ​ഷ​വും നാം അവരെ പഠിപ്പി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

19 നിയോ​ഗ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന അടുത്ത കാര്യം യേശു വിശദീ​ക​രി​ക്കു​ന്നു: ‘ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​വിൻ. (20-ാം വാക്യം) ദൈവത്തെ സ്‌നേ​ഹി​ക്കുക, അയൽക്കാ​രെ സ്‌നേ​ഹി​ക്കുക, ശിഷ്യരെ ഉളവാ​ക്കുക തുടങ്ങിയ യേശു​വി​ന്റെ കൽപ്പനകൾ അനുസ​രി​ക്കാൻ നാം പുതി​യ​വരെ പഠിപ്പി​ക്കു​ന്നു. (മത്തായി 22:37-39) ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നും തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേണ്ടി പ്രതി​വാ​ദി​ക്കാ​നും നാം അവരെ പടിപ​ടി​യാ​യി പരിശീ​ലി​പ്പി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ അവർ യോഗ്യത പ്രാപി​ക്കു​മ്പോൾ, നാം അവരെ നമ്മോ​ടൊ​പ്പം പ്രസം​ഗ​വേ​ല​യ്‌ക്കു കൊണ്ടു​പോ​കു​ന്നു. അങ്ങനെ, അർഥവ​ത്തായ വിധത്തിൽ ശുശ്രൂഷ നിറ​വേ​റ്റാൻ വാക്കാ​ലും മാതൃ​ക​യാ​ലും നാം അവർക്ക്‌ ആവശ്യ​മായ പരിശീ​ലനം നൽകുന്നു. പുതിയ ശിഷ്യ​ന്മാർ സ്‌നാ​ന​മേ​റ്റു​ക​ഴി​ഞ്ഞാ​ലു​ടനെ അവരെ പഠിപ്പി​ക്കു​ന്ന​തും പരിശീ​ലി​പ്പി​ക്കു​ന്ന​തും നിറു​ത്ത​ണ​മെന്ന്‌ അർഥമില്ല. ക്രിസ്‌തു​വി​ന്റെ കാൽച്ചു​വ​ടു​കൾ പിന്തു​ട​രു​മ്പോൾ ഉണ്ടാ​യേ​ക്കാ​വുന്ന വെല്ലു​വി​ളി​കളെ വിജയ​ക​ര​മാ​യി നേരി​ടാൻ ഈ പുതിയ ശിഷ്യർക്ക്‌ തുടർന്നും മാർഗ​നിർദേ​ശങ്ങൾ ആവശ്യ​മാ​യി​വ​ന്നേ​ക്കാം.​—ലൂക്കോസ്‌ 9:23, 24.

“ഞാനോ . . . എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌”

20, 21. (എ) യേശു നൽകിയ നിയോ​ഗം നിറ​വേ​റ്റവെ നാം ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഇപ്പോൾ നാം ശുശ്രൂ​ഷ​യിൽ മന്ദീഭ​വി​ക്കാൻ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (സി) നമ്മുടെ ദൃഢനി​ശ്ചയം എന്തായി​രി​ക്കണം?

20 “ഞാനോ യുഗസ​മാ​പ്‌തി​യോ​ളം എല്ലാനാ​ളും നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌” എന്ന യേശു​വി​ന്റെ അന്തിമ​വാ​ക്കു​കൾ അങ്ങേയറ്റം പ്രോ​ത്സാ​ഹ​ന​വും ആത്മ​ധൈ​ര്യ​വും പകരു​ന്ന​താണ്‌. (മത്തായി 28:20) താൻ നൽകിയ നിയോ​ഗം ഗൗരവ​മുള്ള ഒന്നാ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ഈ നിയമനം നിർവ​ഹി​ക്കവെ, ചില​പ്പോ​ഴൊ​ക്കെ എതിരാ​ളി​ക​ളിൽനിന്ന്‌ നമുക്ക്‌ ശക്തമായ എതിർപ്പ്‌ ഉണ്ടാ​യേ​ക്കാ​മെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. (ലൂക്കോസ്‌ 21:12) എന്നാൽ ഭയപ്പെ​ടാൻ യാതൊ​രു കാരണ​വു​മില്ല. യാതൊ​രു സഹായ​വു​മി​ല്ലാ​തെ നാം തനിച്ച്‌ ഈ നിയമനം നിർവ​ഹി​ക്ക​ണ​മെന്ന്‌ നമ്മുടെ നായക​നായ യേശു പ്രതീ​ക്ഷി​ക്കു​ന്നില്ല. നാം ഈ നിയമനം നിറ​വേ​റ്റവെ, “സ്വർഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും” ലഭിച്ചി​രി​ക്കു​ന്നവൻ നമ്മോ​ടൊ​പ്പം ഉണ്ടെന്നും നമ്മെ പിന്തു​ണ​യ്‌ക്കു​മെ​ന്നും അറിയു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌!

21 ശുശ്രൂഷ നിർവ​ഹി​ക്കാൻ ആവശ്യ​മായ സഹായം നൽകി​ക്കൊണ്ട്‌ “യുഗസ​മാ​പ്‌തി​യോ​ളം” താൻ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ഉണ്ടായി​രി​ക്കു​മെന്ന്‌ യേശു അവർക്ക്‌ ഉറപ്പു​നൽകി. അന്ത്യം വരുന്ന​തു​വരെ, യേശു നൽകിയ നിയോ​ഗം നാം തുട​രേ​ണ്ടി​യി​രി​ക്കു​ന്നു. ആത്മീയ കൊയ്‌ത്തു​വേല ഊർജി​ത​മാ​യി നടക്കുന്ന ഈ സമയത്ത്‌ നാം ശുശ്രൂ​ഷ​യിൽ മന്ദീഭ​വി​ക്ക​രുത്‌. സുവി​ശേ​ഷ​ത്തിന്‌ ചെവി​കൊ​ടു​ക്കുന്ന അനേകാ​യി​രങ്ങൾ ഇന്ന്‌ കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ക്രിസ്‌തു നമ്മെ ഭരമേൽപ്പി​ച്ചി​രി​ക്കുന്ന നിയോ​ഗം നിറപ​ടി​യാ​യി നിവർത്തി​ക്കാൻ നമുക്ക്‌ ദൃഢനി​ശ്ചയം ചെയ്യാം. “നിങ്ങൾ പോയി . . . ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ” എന്ന യേശു​വി​ന്റെ കൽപ്പന അനുസ​രി​ക്കാൻ നമുക്ക്‌ നമ്മുടെ സമയവും ഊർജ​വും സമ്പത്തും നിർലോ​പം ചെലവ​ഴി​ക്കാം.

^ ഒരിക്കൽ ഏലീശ പ്രവാ​ച​ക​നും തന്റെ ദാസനായ ഗേഹസിക്ക്‌ ഇതു​പോ​ലൊ​രു നിർദേശം നൽകു​ക​യു​ണ്ടാ​യി. ശൂനേം​കാ​രി സ്‌ത്രീ​യു​ടെ മകൻ മരിച്ച​പ്പോൾ പിൻവ​രുന്ന നിർദേശം നൽകി​യാണ്‌ ഏലീശ ഗേഹസി​യെ അവളുടെ അടുക്ക​ലേക്ക്‌ അയച്ചത്‌: “നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്‌.” (2 രാജാ​ക്ക​ന്മാർ 4:29) ഗേഹസി​യെ ഭരമേൽപ്പിച്ച ദൗത്യം അടിയന്തിരപ്രാധാന്യമുള്ളതായിരുന്നതുകൊണ്ട്‌ അവൻ സമയം ഒട്ടും പാഴാ​ക്കാൻ പാടി​ല്ലാ​യി​രു​ന്നു.

^ ആ മലയിൽ അപ്പോൾ എത്ര പേർ ഉണ്ടായി​രു​ന്നി​രി​ക്കണം? പുനരു​ത്ഥാ​നം പ്രാപിച്ച യേശു “അഞ്ഞൂറി​ല​ധി​കം സഹോ​ദ​ര​ന്മാർക്കു” പ്രത്യ​ക്ഷ​നാ​യ​തി​നെ​ക്കു​റിച്ച്‌ 1 കൊരി​ന്ത്യർ 15:6-ൽ പറയുന്നു. യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ മിക്കവ​രും ഗലീല​യി​ലു​ള്ള​വ​രാ​യ​തി​നാൽ മത്തായി 28:16-20-ൽ വിവരി​ച്ചി​രി​ക്കുന്ന സന്ദർഭ​ത്തിൽത്ത​ന്നെ​യാ​യി​രി​ക്കണം ഇത്‌. അതു​കൊണ്ട്‌ ശിഷ്യ​ന്മാ​രെ ഉളവാ​ക്കാ​നുള്ള നിയോ​ഗം യേശു നൽകി​യ​പ്പോൾ അവിടെ നൂറു​ക​ണ​ക്കിന്‌ ആളുകൾ ഉണ്ടായി​രു​ന്നി​രി​ക്കണം.