അധ്യായം 11
“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”
1, 2. (എ) യേശുവിനെ പിടികൂടാൻ പോയവർ ദൗത്യം നിറവേറ്റാതെ തിരികെവന്നത് എന്തുകൊണ്ട്? (ബി) യേശു മികച്ച ഒരു ഉപദേഷ്ടാവായിരുന്നത് എന്തുകൊണ്ടാണ്?
ആലയത്തിൽ കൂടിവന്നിരിക്കുന്നവരെ തന്റെ പിതാവിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് യേശു. അപ്പോൾ ശ്രോതാക്കൾക്കിടയിൽ അവനെച്ചൊല്ലി ഒരു ഭിന്നിപ്പുണ്ടാകുന്നു. കൂടിയിരുന്നവരിൽ പലരും യേശുവിന്റെ ഉപദേശങ്ങൾ കേട്ട് അവനിൽ വിശ്വാസം അർപ്പിക്കുന്നു. എന്നാൽ ചിലർ അവനെ പിടിച്ചുകെട്ടാൻ ആഗ്രഹിക്കുന്നു. കോപം അടക്കാനാവാതെ മതനേതാക്കന്മാർ യേശുവിനെ അറസ്റ്റുചെയ്യാൻ ഭടന്മാരെ അയയ്ക്കുന്നു. എന്നാൽ ദൗത്യം നിറവേറ്റാതെയാണ് ആ ഭടന്മാർ തിരിച്ചുവന്നത്. “നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതെന്ത്?” എന്ന് പരീശന്മാരും മുഖ്യപുരോഹിതന്മാരും അവരോടു ചോദിക്കുന്നു. “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന് ഭടന്മാർ ബോധിപ്പിക്കുന്നു. * യേശുവിന്റെ ഉപദേശങ്ങൾ കേട്ട് അത്യന്തം വിസ്മയിച്ചുപോയ അവർക്ക് അവനെ പിടികൂടാൻ മനസ്സുതോന്നിയില്ല.—യോഹന്നാൻ 7:45, 46.
2 യേശുവിന്റെ ഉപദേശങ്ങൾ കേട്ട് വിസ്മയിച്ചത് ആ ഉദ്യോഗസ്ഥർ മാത്രമായിരുന്നില്ല. പലപ്പോഴും ഒരു വലിയ പുരുഷാരംതന്നെ അവന്റെ ഉപദേശങ്ങൾ കേൾക്കാൻ തടിച്ചുകൂടിയിരുന്നു. (മർക്കോസ് 3:7, 9; 4:1; ലൂക്കോസ് 5:1-3) യേശു ഇത്ര മികച്ച ഒരു ഉപദേഷ്ടാവായിരുന്നത് എന്തുകൊണ്ടാണ്? 8-ാം അധ്യായത്തിൽ നാം കണ്ടതുപോലെ, താൻ പഠിപ്പിച്ച സത്യങ്ങളെയും താൻ പഠിപ്പിച്ച ആളുകളെയും യേശു സ്നേഹിച്ചിരുന്നു. അത്യന്തം ഫലപ്രദമായ അധ്യയനരീതികളാണ് അവൻ ഉപയോഗിച്ചത്. അതിൽ മൂന്നെണ്ണം നമുക്കിപ്പോൾ നോക്കാം. ഇക്കാര്യത്തിൽ അവനെ എങ്ങനെ അനുകരിക്കാമെന്നും നമുക്കു കാണാം.
ലളിതമായ അധ്യയനരീതി
3, 4. (എ) ആളുകളെ പഠിപ്പിക്കാൻ യേശു ലളിതമായ ഭാഷ ഉപയോഗിച്ചത് എന്തുകൊണ്ട്? (ബി) ഗിരിപ്രഭാഷണം യേശുവിന്റെ അധ്യയനരീതിയുടെ ലാളിത്യം എടുത്തുകാട്ടുന്നത് എങ്ങനെ?
3 യേശുവിന് എത്ര വലിയ പദസമ്പത്തുണ്ടായിരുന്നിരിക്കണം! എന്നിരുന്നാലും ആളുകളെ പഠിപ്പിച്ചപ്പോൾ അവർക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള പദങ്ങൾ അവൻ ഒരിക്കലും ഉപയോഗിച്ചില്ല. അവന്റെ ശ്രോതാക്കളിൽ പലരും “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആയിരുന്നു. (പ്രവൃത്തികൾ 4:13) അവരുടെ പരിമിതികൾ അവന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ഉൾക്കൊള്ളാവുന്നതിലും അധികം വിവരങ്ങൾ അവൻ പകർന്നുകൊടുത്തില്ല. (യോഹന്നാൻ 16:12) ഗഹനമായ സത്യങ്ങൾ ലളിതമായ വാക്കുകളിലൂടെ അവൻ അവർക്ക് പറഞ്ഞുകൊടുത്തു.
4 ഗിരിപ്രഭാഷണത്തിന്റെ കാര്യംതന്നെയെടുക്കുക. (മത്തായി 5:3–7:27) ദിവ്യനിയമങ്ങളുടെ അന്തഃസത്ത എടുത്തുകാട്ടുന്ന വിലപ്പെട്ട ഉപദേശങ്ങളാണ് യേശു ഈ പ്രഭാഷണത്തിലൂടെ നൽകിയത്. കടിച്ചാൽപ്പൊട്ടാത്ത പ്രയോഗങ്ങളോ സങ്കീർണമായ ആശയങ്ങളോ ഒന്നും ഗിരിപ്രഭാഷണത്തിലില്ല. ഒരു കൊച്ചുകുട്ടിക്കുപോലും കേട്ടാൽ എളുപ്പം മനസ്സിലാകുന്ന വാക്കുകളേ അവൻ അതിൽ ഉപയോഗിച്ചുള്ളൂ! യേശു പറഞ്ഞുനിറുത്തിയപ്പോൾ, കർഷകരും ഇടയന്മാരും മീൻപിടിത്തക്കാരുമൊക്കെ ഉൾപ്പെട്ടിരിക്കാവുന്ന ആ വലിയ ജനക്കൂട്ടം “അവന്റെ പഠിപ്പിക്കലിൽ വിസ്മയിച്ചു.”—മത്തായി 7:28.
5. യേശുവിന്റെ ഉപദേശങ്ങൾ ലളിതവും അതേസമയം അർഥസമ്പുഷ്ടമായിരുന്നു. ഉദാഹരിക്കുക.
5 ആളുകളെ പഠിപ്പിക്കവെ, യേശു മിക്കപ്പോഴും ലളിതവും ഹ്രസ്വവും അതേസമയം അർഥസമ്പുഷ്ടവുമായ വാചകശകലങ്ങളാണ് ഉപയോഗിച്ചത്. അച്ചടിയില്ലാതിരുന്ന ആ കാലത്തും തന്റെ സന്ദേശം ആളുകളുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കുന്നതിൽ അവൻ വിജയിച്ചു. ചില ഉദാഹരണങ്ങൾ നോക്കുക: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കാതിരിക്കുക.” “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.” “ആത്മാവ് ഒരുക്കമുള്ളത്; ജഡമോ ബലഹീനമത്രേ.” “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.” “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.” * (മത്തായി 7:1; 9:12; 26:41; മർക്കോസ് 12:17; പ്രവൃത്തികൾ 20:35) 2,000-ത്തോളം വർഷത്തിനുമുമ്പ് യേശു പറഞ്ഞ ആ കാര്യങ്ങൾ ഇന്നും അതേ പുതുമയോടെ ആളുകളുടെ ഓർമയിൽ തങ്ങിനിൽക്കുന്നു.
6, 7. (എ) ആളുകളെ പഠിപ്പിക്കുമ്പോൾ നാം ലളിതമായ ഭാഷ ഉപയോഗിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആവശ്യത്തിലധികം വിവരങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് വിദ്യാർഥിയെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ നമുക്ക് എങ്ങനെ ശ്രദ്ധിക്കാം?
6 യേശുവിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? ഒന്നാമതായി, ആളുകൾക്ക് എളുപ്പം മനസ്സിലാകുന്ന ഭാഷയായിരിക്കണം നാം ഉപയോഗിക്കേണ്ടത്. ദൈവവചനത്തിലെ അടിസ്ഥാന സത്യങ്ങൾ തികച്ചും ലളിതമാണ്. ലോകത്തിലെ ജ്ഞാനികൾക്കല്ല, ആത്മാർഥതയും താഴ്മയുമുള്ള സാധാരണക്കാരായ ആളുകൾക്കാണ് യഹോവ ആ സത്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നത്. (1 കൊരിന്ത്യർ 1:26-28) ലളിതമായ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുമ്പോൾ ദൈവവചനത്തിലെ സത്യങ്ങൾ ഫലപ്രദമായി ആളുകളുടെ ഹൃദയത്തിലെത്തിക്കാൻ നമുക്കു കഴിയും.
7 ആവശ്യത്തിലധികം വിവരങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് വിദ്യാർഥിയെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. ബൈബിളധ്യയനമെടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നാം വിശദീകരിച്ചുപറയണമെന്നില്ല. അതേസമയം ഒറ്റയടിക്ക് കുറെ ഖണ്ഡികകൾ പഠിപ്പിച്ചുതീർക്കുകയെന്ന ലക്ഷ്യത്തിൽ അധ്യായങ്ങൾ ഓടിച്ചുതീർക്കാനും നാം ശ്രമിക്കരുത്. വിദ്യാർഥിയുടെ ആവശ്യങ്ങളും പ്രാപ്തിയും കണക്കിലെടുത്തുകൊണ്ടുവേണം എത്രത്തോളം പഠിപ്പിക്കണമെന്നു തീരുമാനിക്കാൻ. നമ്മുടെ വിദ്യാർഥി ക്രിസ്തുവിന്റെ അനുഗാമിയും യഹോവയുടെ ആരാധകനും ആയിത്തീരണം എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ വിദ്യാർഥിക്ക് എത്രമാത്രം സമയം ആവശ്യമാണോ, അത്രയും സമയം അദ്ദേഹത്തിനുവേണ്ടി ചെലവഴിക്കാൻ നാം തയ്യാറാകണം. അങ്ങനെയെങ്കിൽമാത്രമേ ബൈബിൾസത്യങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തിലെത്തുകയും പഠിച്ച കാര്യങ്ങൾ അദ്ദേഹം പ്രാവർത്തികമാക്കുകയും ചെയ്യുകയുള്ളൂ.—റോമർ 12:2.
ഉചിതമായ ചോദ്യങ്ങൾ
8, 9. (എ) എന്തിനുവേണ്ടിയാണ് യേശു ചോദ്യങ്ങൾ ചോദിച്ചത്? (ബി) ആലയനികുതി കൊടുക്കുന്നതു സംബന്ധിച്ച് ശരിയായ ധാരണ ലഭിക്കാൻ പത്രോസിനെ സഹായിക്കുന്നതിന് യേശു എന്തു ചെയ്തു?
8 യേശുവിനു വേണമെങ്കിൽ സമയം കളയാതെ കാര്യങ്ങൾ നേരിട്ട് ശ്രോതാക്കൾക്കു പറഞ്ഞുകൊടുക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നതിനുപകരം അവൻ പലപ്പോഴും ശ്രോതാക്കളോട് ചോദ്യങ്ങൾ ചോദിച്ചു. എന്തുകൊണ്ടായിരുന്നു അത്? എതിരാളികളുടെ ദുഷ്ടലക്ഷ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും അങ്ങനെ അവരെ നിശ്ശബ്ദരാക്കാനും വേണ്ടിയാണ് ചിലപ്പോൾ അവൻ അതു ചെയ്തത്. (മത്തായി 21:23-27; 22:41-46) പലപ്പോഴും പക്ഷേ അവൻ ചോദ്യങ്ങൾ ചോദിച്ചത്, മനസ്സിലുള്ളതു തുറന്നുപറയാൻ ശിഷ്യന്മാരെ പ്രേരിപ്പിക്കാനും അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കാനും ചിന്താഗതികളെ നേരെയാക്കാനുമൊക്കെയായിരുന്നു. അതുകൊണ്ടുതന്നെ, “നിങ്ങൾക്ക് എന്തു തോന്നുന്നു?” “നീ ഇതു വിശ്വസിക്കുന്നുവോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവൻ അവരോടു ചോദിക്കുമായിരുന്നു. (മത്തായി 18:12; യോഹന്നാൻ 11:26) ഇത്തരം ചോദ്യങ്ങളുടെ സഹായത്താൽ ശിഷ്യന്മാരുടെ ഹൃദയത്തെ സ്പർശിക്കാൻ യേശുവിനു കഴിഞ്ഞു. ഒരു ഉദാഹരണം നോക്കാം.
9 ഒരിക്കൽ നികുതിപിരിവുകാർ പത്രോസിനോട്, യേശു ആലയനികുതി കൊടുക്കാറുണ്ടോയെന്ന് ചോദിച്ചു. * “ഉവ്വ്” എന്ന് പത്രോസ് ഉടനെ മറുപടി നൽകി. പിന്നീട് വീട്ടിൽ ചെന്നപ്പോൾ യേശു പത്രോസിനോട്, ചിന്തിപ്പിക്കുന്ന വിധത്തിലുള്ള ചില ചോദ്യങ്ങൾ ചോദിച്ചു: “ശിമോനേ, നിനക്ക് എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ വാങ്ങുന്നത് ആരിൽനിന്നാണ്? മക്കളിൽനിന്നോ അന്യരിൽനിന്നോ?” “അന്യരിൽനിന്ന്” എന്ന് പത്രോസ് മറുപടി നൽകിയപ്പോൾ യേശു അവനോട്, “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ” എന്നു പറഞ്ഞു. (മത്തായി 17:24-27) യേശുവിന്റെ ചോദ്യങ്ങളുടെ അർഥം പത്രോസിന് പെട്ടെന്നുതന്നെ പിടികിട്ടിയിട്ടുണ്ടാകണം. കാരണം, രാജകുടുംബാംഗങ്ങൾ നികുതി കൊടുക്കേണ്ടതില്ലെന്ന കാര്യം എല്ലാവർക്കും അറിവുള്ളതായിരുന്നു. ആലയത്തിൽ ആരാധിക്കപ്പെട്ടിരുന്ന സ്വർഗീയ രാജാവായ യഹോവയുടെ ഏകജാത പുത്രനായിരുന്നു യേശു. അതുകൊണ്ട് വാസ്തവത്തിൽ അവൻ നികുതി കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. നേരിട്ട് ഇക്കാര്യം വെളിപ്പെടുത്തുന്നതിനുപകരം യേശു പത്രോസിനോട് ചിന്തിപ്പിക്കുന്ന വിധത്തിലുള്ള കുറെ ചോദ്യങ്ങൾ ചോദിച്ചു. അങ്ങനെ ശരിയായ ധാരണ ലഭിക്കാനും എപ്പോഴും ചിന്തിച്ച് ഉത്തരം പറയേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും യേശു പത്രോസിനെ സഹായിച്ചു.
10. വീടുതോറുമുള്ള ശുശ്രൂഷയിൽ നമുക്ക് എങ്ങനെ ഫലപ്രദമായ വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാം?
10 വീടുതോറുമുള്ള ശുശ്രൂഷയിൽ നമുക്ക് എങ്ങനെ ഫലപ്രദമായ വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാം? കണ്ടുമുട്ടുന്ന ആളുകളോട്, താത്പര്യജനകമായ ചോദ്യങ്ങൾ നമുക്കു ചോദിക്കാനാകും. സുവാർത്ത അവരുമായി പങ്കുവെക്കാനുള്ള അവസരം അത് നമുക്കു നൽകും. ഉദാഹരണത്തിന്, പ്രസംഗവേലയ്ക്കിടയിൽ പ്രായമുള്ള ഒരാളെയാണ് കണ്ടുമുട്ടുന്നതെങ്കിൽ ആദരവോടെ നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “താങ്കളുടെ ചെറുപ്പകാലത്തെ അപേക്ഷിച്ച് ഇന്ന് ലോകത്തിലെ അവസ്ഥകൾ മാറിയിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?” മറുപടി കേട്ടശേഷം നമുക്ക് ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞേക്കും: “ഈ അവസ്ഥകളെല്ലാം മാറി നമുക്കെല്ലാം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ കഴിയണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നത്?” (മത്തായി 6:9, 10) ഇനി, കൊച്ചുകുട്ടികളുള്ള ഒരു വീട്ടമ്മയെയാണ് കാണുന്നതെങ്കിലോ? ഒരുപക്ഷേ ഇങ്ങനെ ചോദിക്കാം: “നിങ്ങളുടെ മക്കൾ വളർന്നുവലുതാകുമ്പോൾ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?” (സങ്കീർത്തനം 37:10, 11) ഒരു വീട്ടിൽ ചെല്ലുമ്പോൾ കാര്യങ്ങൾ നന്നായി നിരീക്ഷിക്കുന്നെങ്കിൽ, താത്പര്യം ഉണർത്തുന്നതരം ചോദ്യങ്ങൾ വീട്ടുകാരനോടു ചോദിക്കാൻ നമുക്കു കഴിയും.
11. ബൈബിളധ്യയനം നടത്തുമ്പോൾ നമുക്ക് എങ്ങനെ ഫലകരമായി ചോദ്യങ്ങൾ ചോദിക്കാം?
11 ബൈബിളധ്യയനം നടത്തുമ്പോൾ നമുക്ക് എങ്ങനെ ഫലകരമായി ചോദ്യങ്ങൾ ചോദിക്കാം? നന്നായി ചിന്തിച്ച് തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിക്കുന്നത് വിദ്യാർഥിയുടെ മനസ്സിലുള്ളത് എന്താണെന്ന് അറിയാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 20:5) ഉദാഹരണത്തിന്, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കൽ” എന്ന അധ്യായമാണ് നാം പഠിപ്പിക്കുന്നതെന്നിരിക്കട്ടെ. * അധാർമികത, മദ്യപാനം, നുണപറച്ചിൽ തുടങ്ങിയ കാര്യങ്ങളെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്ന് ഈ അധ്യായത്തിൽ വിവരിച്ചിരിക്കുന്നു. പുസ്തകത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് വിദ്യാർഥി കൃത്യമായ ഉത്തരങ്ങൾ നൽകിയേക്കാം. എന്നാൽ, ആ ബൈബിളുപദേശങ്ങളോടും തത്ത്വങ്ങളോടും അദ്ദേഹം മനസ്സുകൊണ്ട് യോജിക്കുന്നുണ്ടോയെന്ന് നമുക്ക് എങ്ങനെ അറിയാനാകും? നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “ദൈവത്തിന്റെ ഈ നിയമങ്ങൾ ന്യായമാണെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ?” വേണമെങ്കിൽ ഇങ്ങനെയും ചോദിക്കാം: “ഈ നിർദേശങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്?” എന്നാൽ അതോടൊപ്പം ഒരു കാര്യം മനസ്സിൽപ്പിടിക്കണം: വിദ്യാർഥിക്കു മാന്യത കൽപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്താതെവേണം ചോദ്യങ്ങൾ ചോദിക്കാൻ. വിദ്യാർഥിക്ക് ജാള്യം തോന്നത്തക്കവിധത്തിലുള്ള ചോദ്യങ്ങൾ ഒരിക്കലും ചോദിക്കരുത്.—സദൃശവാക്യങ്ങൾ 12:18.
യുക്തിസഹമായ വാദമുഖങ്ങൾ
12-14. (എ) യേശു ഏതെല്ലാം വിധങ്ങളിൽ യുക്തിവാദം ചെയ്തു? (ബി) സാത്താന്റെ ശക്തിയാലാണ് യേശു ഭൂതങ്ങളെ പുറത്താക്കുന്നത് എന്ന പരീശന്മാരുടെ ആരോപണത്തെ യേശു ഖണ്ഡിച്ചത് എങ്ങനെ?
12 പൂർണനായിരുന്ന യേശുവിന്, ബോധ്യംവരുത്തുന്ന രീതിയിൽ ആളുകളുമായി യുക്തിവാദം ചെയ്യാൻ പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. പലപ്പോഴും എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കാൻ യുക്തിസിദ്ധമായ വാദമുഖങ്ങൾ അവൻ നിരത്തി. മറ്റുചില സാഹചര്യങ്ങളിൽ, തന്റെ അനുഗാമികളെ സുപ്രധാന പാഠങ്ങൾ പഠിപ്പിക്കാനായി അവൻ അവരുമായി യുക്തിവാദം നടത്തി. ചില ഉദാഹരണങ്ങൾ കാണുക.
13 ഒരിക്കൽ, കുരുടനും ഊമനുമായ ഒരു ഭൂതഗ്രസ്തനെ യേശു സുഖപ്പെടുത്തിയതു കണ്ട് പരീശന്മാർ അവനെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചു: “ഇവൻ ഭൂതങ്ങളുടെ അധിപനായ ബെയെത്സെബൂലിനെക്കൊണ്ടത്രേ ഭൂതങ്ങളെ പുറത്താക്കുന്നത്.” ഭൂതങ്ങളെ പുറത്താക്കാൻ അമാനുഷിക ശക്തി ആവശ്യമാണെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ യേശുവിന് ആ ശക്തി ലഭിച്ചത് സാത്താനിൽനിന്നാണെന്ന് അവർ ആരോപിച്ചു. ആ ആരോപണം തെറ്റായിരുന്നെന്നു മാത്രമല്ല, യുക്തിഹീനവുമായിരുന്നു. യേശു നൽകിയ മറുപടി അതു തെളിയിച്ചു: “ഛിദ്രിച്ചിരിക്കുന്ന ഏതൊരു രാജ്യവും നശിച്ചുപോകും. ഛിദ്രിച്ചിരിക്കുന്ന ഒരു പട്ടണമോ ഭവനമോ നിലനിൽക്കുകയില്ല. അങ്ങനെതന്നെ, സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചിരിക്കുന്നുവല്ലോ. അപ്പോൾപ്പിന്നെ അവന്റെ രാജ്യം നിലനിൽക്കുന്നത് എങ്ങനെ?” (മത്തായി 12:22-26) യേശു അർഥമാക്കിയത് ഇതായിരുന്നു: “സാത്താന് വിരുദ്ധമായ ഒരു പ്രവൃത്തിയാണ് ഞാൻ ചെയ്തിരിക്കുന്നത്. ഞാൻ സാത്താന്റെ കൂട്ടാളിയായിരിക്കെയാണ് ഇതു ചെയ്തതെങ്കിൽ സാത്താൻ സാത്താന് എതിരായിത്തന്നെ പ്രവർത്തിക്കുകയാണെന്നുവരും. അവന് നിലനിൽപ്പില്ലാതാകുകയും ചെയ്യും.” യേശുവിന്റെ യുക്തിപൂർവകമായ ഈ വാദത്തെ അവർക്കു ഖണ്ഡിക്കാൻ കഴിയുമായിരുന്നോ?
14 യേശു ഒരു വാദംകൂടെ നിരത്തി. പരീശന്മാരുടെ ശിഷ്യന്മാരിൽ ചിലർതന്നെ ഭൂതങ്ങളെ പുറത്താക്കിയിട്ടുണ്ടെന്ന് അറിയാവുന്നതുകൊണ്ട് യേശു അവരോട് മറ്റൊരു ചോദ്യം ചോദിച്ചു: “ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബെയെത്സെബൂലിനെക്കൊണ്ടാണെങ്കിൽ നിങ്ങളുടെ പുത്രന്മാർ (അതായത്, ശിഷ്യന്മാർ) ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്?” (മത്തായി 12:27) യേശു പറഞ്ഞതിന്റെ സാരം ഇതായിരുന്നു: “സാത്താന്റെ ശക്തിയാലാണ് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ ശിഷ്യന്മാരും അതേ ശക്തിയാലായിരിക്കണം അങ്ങനെ ചെയ്യുന്നത്.” പരീശന്മാരുടെ വായടയ്ക്കാൻപോന്ന ഒരു യുക്തിവാദമായിരുന്നില്ലേ അത്? തങ്ങളുടെ ശിഷ്യന്മാർ സാത്താന്റെ ശക്തിയാലാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് അവർ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. അങ്ങനെ, അവർ ഉന്നയിച്ച വാദം ഉപയോഗിച്ചുതന്നെ യേശു അവരുടെ ആരോപണങ്ങളെ തകർത്തുകളഞ്ഞു. യേശുവിന്റെ ഈ വാദമുഖങ്ങളെക്കുറിച്ചു വായിക്കുന്നതുപോലും എത്ര രസകരമാണ്! അങ്ങനെയെങ്കിൽ, ആ സന്ദർഭത്തിൽ യേശുവിന്റെ വാക്കുകൾ നേരിട്ടു കേൾക്കാനിടയായവരെ അത് എത്ര കോരിത്തരിപ്പിച്ചിരിക്കണം!
15-17. തന്റെ പിതാവിനെക്കുറിച്ചുള്ള ഹൃദയോഷ്മളമായ സത്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നതിന് യേശു “എത്രയധികം” എന്ന ന്യായവാദരീതി ഉപയോഗിച്ചു. ഉദാഹരിക്കുക.
15 തന്റെ പിതാവിനെക്കുറിച്ചുള്ള ഹൃദയോഷ്മളമായ സത്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നതിനും യേശു യുക്തിവാദങ്ങൾ നടത്തി. ശ്രോതാക്കൾക്ക് അറിയാവുന്ന ഒരു വസ്തുത, അവരിൽ ഒരു ഉറച്ച വിശ്വാസമാക്കി മാറ്റാൻ, “എത്രയധികം” എന്ന പദം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ന്യായവാദരീതി അവൻ അവലംബിച്ചിരുന്നു. വൈരുധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ന്യായവാദരീതി, കാര്യങ്ങൾ ശ്രോതാക്കളുടെ മനസ്സിൽ പതിപ്പിക്കാൻ ഉപകരിക്കുന്ന ഒന്നാണ്. രണ്ട് ഉദാഹരണങ്ങൾ നമുക്കിപ്പോൾ നോക്കാം.
16 ഒരിക്കൽ ശിഷ്യന്മാർ യേശുവിനെ സമീപിച്ച് തങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. അവർക്ക് മാതൃകാപ്രാർഥന പറഞ്ഞുകൊടുത്തശേഷം യേശു, തന്റെ പിതാവിനെക്കുറിച്ചുള്ള സുപ്രധാനമായ ഒരു സത്യം അവരുടെ ഹൃദയങ്ങളിൽ പതിപ്പിക്കാൻ ശ്രമിച്ചു. അപൂർണരായ മനുഷ്യർ തങ്ങളുടെ മക്കൾക്ക് “നല്ല ദാനങ്ങൾ നൽകാൻ” യാതൊരു മടിയും കാണിക്കാറില്ലെന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!” (ലൂക്കോസ് 11:1-13) വൈരുധ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു യുക്തിവാദമാണ് യേശു ഇവിടെ നടത്തിയത്. അപൂർണരും പാപികളുമായ മനുഷ്യർ തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത്രയധികം ശ്രദ്ധിക്കുന്നെങ്കിൽ പരിപൂർണനും നീതിമാനുമായ സ്വർഗസ്ഥപിതാവ് താഴ്മയോടെ തന്നെ സമീപിക്കുന്ന തന്റെ ഭക്തന്മാർക്ക് പരിശുദ്ധാത്മാവിനെ എത്രയധികം നൽകും!
17 ഉത്കണ്ഠകൾ തരണം ചെയ്യാനാവശ്യമായ ഉപദേശങ്ങൾ നൽകിയപ്പോഴും യേശു ഇതേ ന്യായവാദരീതി ഉപയോഗിച്ചു. അവൻ പറഞ്ഞു: “കാക്കയെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അവയ്ക്കു പത്തായപ്പുരയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയെ പോറ്റുന്നു. പക്ഷികളെക്കാൾ നിങ്ങൾ എത്രയോ വിലപ്പെട്ടവർ! ലില്ലിച്ചെടികൾ എങ്ങനെ വളരുന്നു എന്നു നോക്കുവിൻ. അവ അധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല. . . ; ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയൽച്ചെടികളെ ദൈവം ഇങ്ങനെ ചമയിക്കുന്നെങ്കിൽ അൽപ്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം!” (ലൂക്കോസ് 12:24, 27, 28) പക്ഷികളെയും ചെടികളെയും യഹോവ ഇത്രയധികം പരിപാലിക്കുന്നെങ്കിൽ തന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യരെ എത്രയധികം! ഇത്തരം ന്യായവാദങ്ങളുടെ സഹായത്താൽ ശിഷ്യന്മാരുടെ ഹൃദയത്തെ സ്പർശിക്കാൻ യേശുവിനു കഴിഞ്ഞു.
18, 19. കാണാൻ കഴിയാത്ത ഒരു ദൈവത്തിൽ തനിക്കു വിശ്വാസമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ നമുക്ക് എങ്ങനെ യുക്തിവാദം ചെയ്യാനാകും?
18 ശുശ്രൂഷയ്ക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളുടെ തെറ്റായ വിശ്വാസങ്ങളെ ഖണ്ഡിക്കുന്നതിന് പലപ്പോഴും നമുക്കും യുക്തിസിദ്ധമായ വാദങ്ങൾ അവതരിപ്പിക്കേണ്ടിവരാറുണ്ട്. ബോധ്യപ്പെടുത്തുന്ന രീതിയിൽ യുക്തിവാദം നടത്തിക്കൊണ്ട് യഹോവയെക്കുറിച്ചുള്ള ഹൃദയോഷ്മളമായ സത്യങ്ങൾ ആളുകളെ പഠിപ്പിക്കാനുള്ള അവസരവും നമുക്കുണ്ട്. (പ്രവൃത്തികൾ 19:8; 28:23, 24) എന്നാൽ അതിസങ്കീർണമായ വാദമുഖങ്ങൾ നാം നിരത്തേണ്ടതുണ്ടോ? അതിന്റെ ആവശ്യമില്ല. യുക്തിസഹമായ വാദങ്ങൾ ലളിതമായി അവതരിപ്പിക്കുമ്പോഴാണ് അത് ഏറെ ഫലകരമായിരിക്കുന്നതെന്ന് യേശുവിന്റെ ദൃഷ്ടാന്തം കാണിക്കുന്നു.
19 ദൃഷ്ടാന്തത്തിന്, കാണാൻ കഴിയാത്ത ഒരു ദൈവത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് ആരെങ്കിലും പറയുന്നെങ്കിലോ? പ്രകൃതിയിലെ കാര്യ-കാരണ നിയമം ഉപയോഗിച്ചു നമുക്കു ന്യായവാദം ചെയ്യാൻ സാധിക്കും. ഏതൊരു കാര്യത്തിനും ഒരു കാരണമുണ്ടെന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. നമുക്കിങ്ങനെ പറയാം: വിജനമായ ഒരു പ്രദേശത്ത് നിങ്ങൾ എത്തിയിരിക്കുകയാണെന്ന് കരുതുക. നല്ല ഭംഗിയുള്ള ഒരു വീട് നിങ്ങൾ കാണുന്നു. അവിടെ വളരെയധികം ഭക്ഷണസാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. ആ വീട് പണിതതും അവിടെ ഭക്ഷണം ശേഖരിച്ചുവെച്ചതും ആരോ ഒരാളാണെന്ന് നിങ്ങൾ ന്യായമായും നിഗമനം ചെയ്യും. പ്രകൃതിയിലെ വിസ്മയിപ്പിക്കുന്ന രൂപരചനയും ഭൂമിയുടെ ‘കലവറകളിൽ’ ശേഖരിച്ചുവെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളും കാണുമ്പോൾ അതിന്റെ പിന്നിലും ആരുടെയോ കരങ്ങളുണ്ടെന്ന് ചിന്തിക്കുന്നത് ന്യായയുക്തമല്ലേ? ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.” (എബ്രായർ 3:4) ഒരു കാര്യം പക്ഷേ നാം മനസ്സിൽപ്പിടിക്കണം: എത്ര നല്ല വാദമുഖങ്ങൾ നിരത്തിയാലും ചിലരെ ബോധ്യപ്പെടുത്താനായെന്നുവരില്ല.—2 തെസ്സലോനിക്യർ 3:2.
20, 21. (എ) യഹോവയുടെ വഴികളെയും ഗുണങ്ങളെയും കുറിച്ച് പഠിപ്പിക്കുമ്പോൾ യേശുവിന്റെ ഏത് അധ്യയനരീതി നമുക്ക് പിൻപറ്റാം? (ബി) അടുത്ത അധ്യായത്തിൽ നാം എന്തിനെക്കുറിച്ചു പഠിക്കും?
20 വയൽശുശ്രൂഷയിലും സഭയിലും യഹോവയുടെ വഴികളെയും ഗുണങ്ങളെയും കുറിച്ച് ആളുകളെ പഠിപ്പിക്കുമ്പോൾ യേശുവിനെ അനുകരിച്ചുകൊണ്ട്, 15-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ന്യായവാദരീതി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, അഗ്നിനരകത്തെക്കുറിച്ചുള്ള ഉപദേശം യഹോവയെ എത്രമാത്രം നിന്ദിക്കുന്നതാണെന്ന് കാണിക്കാനായി നമുക്ക് ഇങ്ങനെ പറയാം: “സ്നേഹമുള്ള ഏതെങ്കിലുമൊരു അച്ഛൻ തന്റെ കുട്ടിയെ ശിക്ഷിക്കാനായി അവന്റെ കൈ പൊള്ളിക്കുമോ? അങ്ങനെയെങ്കിൽ സ്നേഹവാനായ നമ്മുടെ സ്വർഗസ്ഥപിതാവ് ആളുകളെ നരകത്തിൽ ദണ്ഡിപ്പിക്കുമെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതാണോ?” (യിരെമ്യാവു 7:31) വിഷാദത്തിനടിമയായ ഒരു സഹവിശ്വാസിയെ ആശ്വസിപ്പിക്കുമ്പോൾ, യഹോവ ആ വ്യക്തിയെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുനൽകാനായി ഇങ്ങനെ പറയാവുന്നതാണ്: “ചെറിയ ഒരു കുരുവിക്കുപോലും യഹോവ ഇത്രയധികം വിലകൽപ്പിക്കുന്നുണ്ടെങ്കിൽ തന്റെ ദാസരിൽ ഓരോരുത്തരെയും യഹോവ എത്രയധികം സ്നേഹിക്കുന്നുണ്ടാകണം! അവർക്കുവേണ്ടി അവൻ എത്രയധികം കരുതുന്നുണ്ടാകണം!” (മത്തായി 10:29-31) ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ ഇത്തരം ന്യായവാദങ്ങൾക്കാകും.
21 ആളുകളെ പഠിപ്പിക്കാൻ യേശു ഉപയോഗിച്ച വെറും മൂന്നുരീതികളാണ് നാം ഇതുവരെ കണ്ടത്. എങ്കിൽപ്പോലും, “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന ആ ഭടൻമാരുടെ പ്രസ്താവനയിൽ ഒട്ടും അതിശയോക്തിയില്ലെന്നു നാം സമ്മതിക്കും. അടുത്ത അധ്യായത്തിൽ യേശുവിന്റെ സുപരിചിതമായ മറ്റൊരു പഠിപ്പിക്കൽരീതി, അതായത് ദൃഷ്ടാന്തങ്ങളുടെ ഉപയോഗം, നാം കാണും.
^ സാധ്യതയനുസരിച്ച് ആ ഉദ്യോഗസ്ഥന്മാർ മുഖ്യപുരോഹിതന്മാരുടെ കീഴിലുള്ളവരും സൻഹെദ്രിമിനുവേണ്ടി പ്രവർത്തിച്ചിരുന്നവരും ആയിരുന്നു.
^ പ്രവൃത്തികൾ 20:35-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകൾ അപ്പൊസ്തലനായ പൗലോസ് മാത്രമാണ് ഉദ്ധരിച്ചിരിക്കുന്നത്. യേശു പറഞ്ഞതു ശ്രവിക്കാനിടയായ ആരിൽനിന്നെങ്കിലുമോ പുനരുത്ഥാനശേഷം യേശുവിൽനിന്നുതന്നെയോ ആയിരിക്കാം അവൻ അതു കേട്ടത്. അല്ലെങ്കിൽ അവന് അത് ദൈവത്തിൽനിന്നുള്ള അരുളപ്പാടിലൂടെ ലഭിച്ചതായിരിക്കാം.
^ യഹൂദന്മാർ ആലയനികുതിയായി വർഷാവർഷം രണ്ടുദ്രഹ്മ കൊടുക്കണമായിരുന്നു. ഏതാണ്ട് രണ്ടുദിവസത്തെ കൂലിക്കു തുല്യമായ തുകയായിരുന്നു അത്. “ദിവസേനയുള്ള ഹോമയാഗങ്ങളുടെയും ജനത്തിനുവേണ്ടി അർപ്പിക്കപ്പെട്ടിരുന്ന മറ്റു യാഗങ്ങളുടെയും ചെലവുവഹിക്കുന്നതിനുവേണ്ടിയാണ് മുഖ്യമായും ഈ നികുതി ഉപയോഗിച്ചിരുന്നത്” എന്ന് ഒരു റഫറൻസ് പുസ്തകം പറയുന്നു.
^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.