അധ്യായം 1
“എന്നെ അനുഗമിക്കുക”—ആ വാക്കുകളുടെ അർഥമെന്ത്?
1, 2. (എ) മനുഷ്യരായ നമുക്ക് ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ക്ഷണം ഏതാണ്? (ബി) ഏതു ചോദ്യം നാം സ്വയം ചോദിക്കണം?
നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അവിസ്മരണീയമായ ക്ഷണം ഏതാണ്? പ്രിയപ്പെട്ട ആരുടെയെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണമായിരുന്നോ? അതുമല്ലെങ്കിൽ, പ്രധാനപ്പെട്ട ഒരു ചുമതല ഏറ്റെടുക്കാനുള്ള ക്ഷണമായിരുന്നോ? എന്തായാലും, അതു നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. നിങ്ങൾക്ക് വളരെ അഭിമാനവും തോന്നിയിരിക്കണം. പക്ഷേ അതിലുമൊക്കെ ശ്രേഷ്ഠമായ ഒരു ക്ഷണം നമുക്കോരോരുത്തർക്കും ലഭിച്ചിട്ടുണ്ട് എന്നതാണു വാസ്തവം. അത് നാം സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചേക്കാം. അതെ, ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനമായിരിക്കും അത്.
2 എന്താണ് ആ ക്ഷണം? സർവശക്തനായ യഹോവയാം ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തു നൽകുന്ന ക്ഷണമാണ് അത്. മർക്കോസ് 10:21-ലാണ് നാം അതു കാണുന്നത്. “വന്ന് എന്നെ അനുഗമിക്കുക” എന്ന് യേശു അവിടെ പറയുന്നു. ഫലത്തിൽ ആ ക്ഷണം നമുക്ക് ഓരോരുത്തർക്കുമുള്ളതാണ്. ‘ആ ക്ഷണം ഞാൻ സ്വീകരിക്കുമോ?’ എന്ന് നാം സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ‘ഇത്രയും മഹത്തായ ഒരു ക്ഷണം ആരു നിരസിക്കാനാണ്’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ മിക്ക ആളുകളും അതു നിരസിക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. എന്തുകൊണ്ട്?
3, 4. (എ) നിത്യജീവൻ നേടാൻ എന്തു ചെയ്യണം എന്ന് യേശുവിനോടു ചോദിച്ച യുവാവിന് എന്തെല്ലാം ഉണ്ടായിരുന്നു? (ബി) ആ ജനപ്രമാണിയുടെ ഏതെല്ലാം നല്ല ഗുണങ്ങൾ യേശു ശ്രദ്ധിച്ചിരിക്കാം?
3 ഏതാണ്ട് 2,000 വർഷംമുമ്പ് യേശുവിൽനിന്ന് നേരിട്ട് ആ ക്ഷണം ലഭിച്ച ഒരു വ്യക്തിയെക്കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാം. വളരെ ആദരണീയനായ ഒരു വ്യക്തിയായിരുന്നു അയാൾ. മറ്റുള്ളവർ അസൂയയോടെ നോക്കിക്കണ്ടിരിക്കാൻ സാധ്യതയുള്ള ചിലതെല്ലാം അയാൾക്കുണ്ടായിരുന്നു: യൗവനം, സമ്പത്ത്, സ്ഥാനമാനങ്ങൾ എന്നിവ. “യുവാവ്,” “പ്രമാണി,” ‘അതിസമ്പന്നൻ’ എന്നൊക്കെ ബൈബിൾ അയാളെ വിശേഷിപ്പിച്ചിരിക്കുന്നു. (മത്തായി 19:20; ലൂക്കോസ് 18:18, 23) എന്നാൽ ഇതൊന്നുമല്ല അയാളെ വ്യത്യസ്തനാക്കിയത്. മഹാഗുരുവായ യേശുവിനെക്കുറിച്ച് അയാൾ കേട്ടിട്ടുണ്ടായിരുന്നു. യേശുവിന്റെ ഉപദേശങ്ങൾ അയാൾക്ക് വളരെ ഇഷ്ടവുമായിരുന്നു.
4 അക്കാലത്തെ മിക്ക പ്രമാണിമാരും യേശുവിന് അവൻ അർഹിച്ച ആദരവ് നൽകിയിരുന്നില്ല. (യോഹന്നാൻ 7:48; 12:42) പക്ഷേ അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു ഈ ജനപ്രമാണി. ബൈബിൾ നമ്മോട് ഇപ്രകാരം പറയുന്നു: “(യേശു) പോകുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്, ‘നല്ല ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?’ എന്നു ചോദിച്ചു.” (മർക്കോസ് 10:17) യേശുവിനോടു സംസാരിക്കാൻ അയാൾക്ക് എത്ര ആകാംക്ഷയുണ്ടായിരുന്നു എന്ന് നോക്കുക. ജനമധ്യത്തിൽ നിൽക്കുകയായിരുന്ന യേശുവിന്റെ അടുക്കലേക്ക് അയാൾ, ഏഴയും ദരിദ്രനുമായ ഒരുവനെപ്പോലെ സർവതും മറന്ന് ഓടിച്ചെന്നു. അതുമാത്രമല്ല, ആദരവോടെ അയാൾ യേശുവിന്റെ മുന്നിൽ മുട്ടുകുത്തുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് അയാൾക്ക് ഒരളവോളം താഴ്മയുണ്ടായിരുന്നു എന്നാണ്. തന്റെ ആത്മീയാവശ്യത്തെക്കുറിച്ച് അയാൾ ബോധവാനുമായിരുന്നു. ഈ നല്ല ഗുണങ്ങളെ യേശു മതിപ്പോടെയാണ് നോക്കിക്കണ്ടത്. (മത്തായി 5:3; 18:4) യേശുവിന് ‘അവനോടു സ്നേഹം തോന്നി’ എന്ന് പറഞ്ഞിരിക്കുന്നത് അതുകൊണ്ടായിരിക്കാം. (മർക്കോസ് 10:21) ആ യുവപ്രമാണിയുടെ ജീവത്പ്രധാനമായ ചോദ്യത്തിന് യേശു എന്ത് ഉത്തരമാണ് നൽകിയത്?
അതുല്യമായ ഒരു ക്ഷണം
5. (എ) ധനികനായ യുവാവിന് യേശു നൽകിയ മറുപടി എന്തായിരുന്നു? (ബി) അവൻ ധനികനായിരുന്നു എന്നതാണോ അവനുണ്ടായിരുന്ന “കുറവ്?” (അടിക്കുറിപ്പും കാണുക.)
5 നിത്യജീവൻ പ്രാപിക്കാൻ ഒരു വ്യക്തി എന്തെല്ലാം ചെയ്യണമെന്ന് നേരത്തേതന്നെ തന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്ന് യേശു വ്യക്തമാക്കി. അവൻ തിരുവെഴുത്തുകളിലേക്ക് അയാളുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ മോശൈക ന്യായപ്രമാണം താൻ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട് എന്ന് ആ യുവപ്രമാണി അറിയിച്ചു. പക്ഷേ അസാധാരണമായ ഉൾക്കാഴ്ചയുണ്ടായിരുന്നതിനാൽ യേശുവിന് ആ വ്യക്തിയുടെ അടിസ്ഥാന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. (യോഹന്നാൻ 2:25) ഗുരുതരമായ ഒരു പ്രശ്നം ഈ വ്യക്തിക്കുണ്ടായിരുന്നു. അതുകൊണ്ട് യേശു അവനോട്, “ഒരു കുറവ് നിനക്കുണ്ട്” എന്ന് പറഞ്ഞു. എന്തായിരുന്നു ആ കുറവ്? യേശു വ്യക്തമാക്കി: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക.” (മർക്കോസ് 10:21) ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ കൈയിൽ ഒരു ചില്ലിക്കാശുപോലും ഉണ്ടാകരുതെന്നാണോ യേശു അർഥമാക്കിയത്? തീർച്ചയായുമല്ല. * വളരെ പ്രധാനപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തുകയായിരുന്നു യേശു ഇവിടെ.
6. (എ) യുവപ്രമാണിക്ക് യേശു എന്തു ക്ഷണം നൽകി? (ബി) അയാളുടെ പ്രതികരണം എന്തു വെളിപ്പെടുത്തി?
6 ആ മനുഷ്യന്റെ കുറവ് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ യേശു എന്തു ചെയ്തു? യേശു അയാൾക്ക് മഹത്തായ ഒരു ക്ഷണം നൽകി: “വന്ന് എന്നെ അനുഗമിക്കുക.” ഒന്നോർത്തു നോക്കൂ: സർവോന്നതനായ ദൈവത്തിന്റെ പുത്രൻ, തന്നെ അനുഗമിക്കാൻ ഒരാളെ നേരിട്ട് ക്ഷണിക്കുകയാണ്! തുടർന്ന്, അയാൾക്ക് സങ്കൽപ്പിക്കാവുന്നതിനും അപ്പുറമുള്ള ഒരു വാഗ്ദാനം യേശു നൽകുന്നു: “സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും.” മഹത്തായ ഈ ക്ഷണം ആ യുവഭരണാധികാരി ഇരുകൈയും നീട്ടി സ്വീകരിച്ചോ? “അവൻ വളരെ സമ്പത്തുള്ളവനായിരുന്നതിനാൽ ഇതുകേട്ട് ദുഃഖിതനായി; അവൻ സങ്കടത്തോടെ അവിടെനിന്നു പോയി” എന്ന് വിവരണം തുടർന്നുപറയുന്നു. (മർക്കോസ് 10:21, 22) അങ്ങനെ യേശു അവിചാരിതമായി നൽകിയ ആ ക്ഷണം അയാളുടെ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞുകിടന്നിരുന്ന പ്രശ്നം വെളിവാക്കി. സമ്പത്തും അതുമൂലം കൈവന്ന സ്ഥാനമാനങ്ങളും ഉപേക്ഷിക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ക്രിസ്തുവിനെക്കാളധികമായി അയാൾ അവയെ സ്നേഹിച്ചു. യേശുവിനെയും യഹോവയെയും അയാൾ പൂർണഹൃദയത്തോടെ സ്നേഹിച്ചിരുന്നില്ല; അവർക്കുവേണ്ടി എന്തും ത്യജിക്കാൻതക്ക സ്നേഹം അയാൾക്ക് അവരോടില്ലായിരുന്നു. അതായിരുന്നു അയാളിലുണ്ടായിരുന്ന കുറവ്. അതുല്യമായ ആ ക്ഷണം അയാൾ നിരസിച്ചതും അതുകൊണ്ടുതന്നെ. ആകട്ടെ, ഈ ക്ഷണത്തിൽ നമുക്ക് താത്പര്യമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
7. യേശുവിന്റെ ക്ഷണം നമുക്കുംകൂടെ ഉള്ളതാണെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 ആ യുവപ്രമാണിക്ക് അല്ലെങ്കിൽ ഏതാനും പേർക്ക് മാത്രമുള്ളതായിരുന്നില്ല ആ ക്ഷണം. “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ . . . തന്റെ ദണ്ഡനസ്തംഭമെടുത്ത് സദാ എന്നെ പിന്തുടരട്ടെ” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 9:23) അതെ, “ആഗ്രഹിക്കുന്ന” ഏതൊരാൾക്കും ക്രിസ്തുവിന്റെ അനുഗാമിയാകാൻ കഴിയുമായിരുന്നു. സന്മനസ്സുള്ള അത്തരം ആളുകളെ ദൈവം തന്റെ പുത്രനിലേക്ക് ആകർഷിക്കുന്നു. (യോഹന്നാൻ 6:44) ദേശ-വർഗഭേദമെന്യേ, സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാവർക്കുമായിട്ടാണ് യേശു ആ ക്ഷണം നൽകിയത്. ഏതു കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും ഈ ക്ഷണം സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട്, “വന്ന് എന്നെ അനുഗമിക്കുക” എന്ന യേശുവിന്റെ വാക്കുകൾ നിങ്ങളോടുംകൂടെയുള്ളതാണ്. നിങ്ങൾ എന്തുകൊണ്ടാണ് യേശുവിനെ അനുഗമിക്കേണ്ടത്? അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
യേശുവിനെ അനുഗമിക്കേണ്ടത് എന്തുകൊണ്ട്?
8. മനുഷ്യർക്കെല്ലാം എന്തിന്റെ ആവശ്യമുണ്ട്, എന്തുകൊണ്ട്?
8 ഒരു നല്ല നേതൃത്വം! മനുഷ്യരായ നമുക്ക് അത് കൂടിയേ തീരൂ. എല്ലാവരും അത് അംഗീകരിച്ചെന്നു വരില്ലെങ്കിലും നിഷേധിക്കാനാകാത്ത ഒരു യാഥാർഥ്യമാണത്. ഈ സത്യം രേഖപ്പെടുത്താൻ യഹോവ യിരെമ്യാ പ്രവാചകനെ നിശ്വസ്തനാക്കി. “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു” എന്ന് അവൻ എഴുതി. (യിരെമ്യാവു 10:23) സ്വയം ഭരിക്കാനുള്ള കഴിവോ അവകാശമോ മനുഷ്യനില്ല. മനുഷ്യന്റെ ദുർഭരണത്തിന്റെ കഥകളാണ് ചരിത്രത്തിന്റെ ഏടുകൾ നിറയെ. (സഭാപ്രസംഗി 8:9) യേശുവിന്റെ കാലത്ത് നേതാക്കന്മാർ ആളുകളെ അടിച്ചമർത്തുകയും ദ്രോഹിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിരുന്നു. ഇതു കണ്ടിട്ടാണ് സാധാരണക്കാരായ ആളുകൾ “ഇടയനില്ലാത്ത ആടുകളെപ്പോലെ”യാണെന്ന് യേശുവിനു തോന്നിയത്. (മർക്കോസ് 6:34) ഇന്നത്തെ ആളുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. സമൂഹമെന്നനിലയിലും വ്യക്തികളെന്നനിലയിലും നമുക്ക് ആശ്രയിക്കാനും ആദരിക്കാനും കഴിയുന്ന ഒരു നേതൃത്വം ആവശ്യമാണ്. അങ്ങനെയൊരു നേതൃത്വം കാഴ്ചവെക്കാൻ യേശുവിനു കഴിയുമോ? തീർച്ചയായും. അതിനുള്ള കാരണങ്ങൾ നമുക്കു നോക്കാം.
9. മറ്റു നേതാക്കന്മാരിൽനിന്ന് യേശുവിനെ വ്യത്യസ്തനാക്കുന്നത് എന്ത്?
9 യേശുവിനെ തിരഞ്ഞെടുത്തിരിക്കുന്നത് യഹോവയാംദൈവമാണ്. അപൂർണരായ മനുഷ്യരാൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് മിക്ക നേതാക്കന്മാരും. അപൂർണ മനുഷ്യർ എളുപ്പം കബളിപ്പിക്കപ്പെടാം എന്നതുകൊണ്ട് അവരുടെ വിലയിരുത്തൽ ഒട്ടുമിക്കപ്പോഴും പാളിപ്പോകുന്നു. എന്നാൽ യേശുവിന്റെ കാര്യം അങ്ങനെയല്ല. അവന്റെ സ്ഥാനപ്പേരിനെക്കുറിച്ചുതന്നെ ചിന്തിക്കുക. “ക്രിസ്തു” അഥവാ “മിശിഹാ” എന്ന സ്ഥാനപ്പേരിന്റെ അർഥം, “അഭിഷിക്തൻ” എന്നാണ്. യേശുവിനെ അഭിഷേകം ചെയ്ത് ഒരു ഉന്നത സ്ഥാനത്തു നിയമിച്ചത് പ്രപഞ്ചത്തിന്റെ പരമാധികാരിയാണ്. യഹോവയാംദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞതു ശ്രദ്ധിക്കുക: “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ. എന്റെ ഉള്ളം പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ! അവന്റെമേൽ ഞാൻ എന്റെ ആത്മാവിനെ വെക്കും.” (മത്തായി 12:18) നമുക്ക് ഏതുതരം നേതാവിനെയാണ് ആവശ്യമെന്ന് മറ്റാരെക്കാളും നന്നായി യഹോവയ്ക്ക് അറിയാം. യഹോവയുടെ ജ്ഞാനം അപരിമേയമാണ്. അതുകൊണ്ടുതന്നെ അവൻ തിരഞ്ഞെടുക്കുന്ന നേതാവിനെ നമുക്ക് പൂർണമായി വിശ്വസിക്കാം.—സദൃശവാക്യങ്ങൾ 3:5, 6.
10. മനുഷ്യർക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക യേശുവിന്റേതാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
10 യേശു പ്രചോദനാത്മകമായ ഒരു ഉത്തമ മാതൃക വെച്ചിരിക്കുന്നു. അണികളുടെ ആദരവു പിടിച്ചുപറ്റുന്നതും അവർക്ക് അനുകരിക്കാൻ കഴിയുന്നതുമായ ഉത്തമ ഗുണങ്ങൾ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ മാതൃക ജീവിതത്തിൽ പരിവർത്തനം വരുത്താൻ അവർക്കു പ്രചോദനം നൽകും. ഒരു നേതാവിന് അവശ്യം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്ന ഗുണങ്ങൾ ഏതൊക്കെയാണ്? ധൈര്യം? ജ്ഞാനം? സഹാനുഭൂതി? സഹിഷ്ണുത? യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ പഠിക്കുമ്പോൾ അവന് ഈ ഗുണങ്ങൾ മാത്രമല്ല, മറ്റനേകം ഗുണങ്ങളും ഉണ്ടായിരുന്നെന്ന് നിങ്ങൾക്കു മനസ്സിലാകും. യഹോവയാംദൈവത്തിന്റെ സകല ഗുണങ്ങളും പൂർണമായ അളവിൽ യേശുവിനുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവൻ തന്റെ സ്വർഗീയ പിതാവിന്റെ ഒരു പ്രതിബിംബമായിരുന്നു. അതെ, യേശു ഒരു ഉത്തമ പുരുഷനായിരുന്നു; അവൻ ചെയ്ത ഓരോ പ്രവൃത്തിയിലും ഉച്ചരിച്ച ഓരോ വാക്കിലും പ്രകടിപ്പിച്ച ഓരോ വികാരത്തിലും അനുകരണയോഗ്യമായ എന്തെങ്കിലും നമുക്ക് കാണാൻ കഴിയും. “(തന്റെ) കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ” അവൻ നമുക്കായി ‘ഒരു മാതൃക വെച്ചിരിക്കുന്നു’ എന്ന് ബൈബിൾ പറയുന്നു.—1 പത്രോസ് 2:21.
11. താൻ ഒരു ‘നല്ല ഇടയനാണെന്ന്’ യേശു തെളിയിച്ചത് എങ്ങനെ?
11 “ഞാൻ നല്ല ഇടയനാകുന്നു” എന്ന തന്റെ വാക്കുകൾ പൊള്ളയല്ലെന്ന് യേശു ജീവിതംകൊണ്ട് തെളിയിച്ചു. (യോഹന്നാൻ 10:14) യേശു ഇവിടെ ഉപയോഗിച്ച അലങ്കാരം മനസ്സിലാക്കാൻ ബൈബിൾകാലങ്ങളിൽ ജീവിച്ചിരുന്നവർക്ക് ബുദ്ധിമുട്ടില്ലായിരുന്നു. തങ്ങളുടെ സംരക്ഷണയിലുള്ള ആടുകളെ പരിപാലിക്കാൻ ഇടയന്മാർ രാപ്പകലില്ലാതെ യത്നിച്ചിരുന്നു. ‘ഒരു നല്ല ഇടയൻ’ തന്റെ സുരക്ഷയെക്കാളും ആട്ടിൻപറ്റത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായിരിക്കും മുൻതൂക്കം നൽകുക. യേശുവിന്റെ പൂർവികനായ ദാവീദ് ചെറുപ്പത്തിൽ ഒരു ഇടയനായിരുന്നു. പല ഘട്ടങ്ങളിലും അവൻ ജീവൻപോലും പണയംവെച്ച് ഹിംസ്രജന്തുക്കളിൽനിന്ന് തന്റെ ആടുകളെ രക്ഷിച്ചിട്ടുണ്ട്. (1 ശമൂവേൽ 17:34-36) യേശുവാകട്ടെ തന്റെ അനുഗാമികൾക്കുവേണ്ടി അതിലുമധികം ചെയ്തു. അവർക്കുവേണ്ടി അവൻ തന്റെ ജീവൻ നൽകി. (യോഹന്നാൻ 10:15) ഇങ്ങനെയൊരു ത്യാഗമനഃസ്ഥിതി ഇന്ന് എത്ര നേതാക്കന്മാർക്കുണ്ട്?
12, 13. (എ) ആട്ടിടയന് തന്റെ ആടുകളെ അറിയാമെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ആടുകൾക്ക് അവയുടെ ഇടയനെ അറിയാമെന്നു പറയുന്നത് എന്തുകൊണ്ട്? (സി) നല്ല ഇടയന്റെ നേതൃത്വം അംഗീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
12 മറ്റൊരു അർഥത്തിലും യേശു ഒരു ‘നല്ല ഇടയനായിരുന്നു.’ “ഞാൻ എന്റെ ആടുകളെ അറിയുന്നു; എന്റെ ആടുകൾ എന്നെയും അറിയുന്നു” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 10:14) ഈ പ്രസ്താവനയെക്കുറിച്ചു ചിന്തിക്കുക. ഒരു ആട്ടിൻകൂട്ടത്തെ കണ്ടാൽ സാധാരണ ഒരാൾക്ക് എന്താണു തോന്നുക? കുറെ നാൽക്കാലികൾ പറ്റം ചേർന്നുപോകുന്നു എന്നല്ലാതെ പ്രത്യേകിച്ചൊന്നും അയാൾക്ക് തോന്നാനിടയില്ല. എന്നാൽ ഒരു ഇടയന്റെ കാര്യം അങ്ങനെയല്ല. ആ പറ്റത്തിലെ ഓരോ ആടിനെയും അയാൾക്ക് പ്രത്യേകംപ്രത്യേകം അറിയാം. ഏത് ആടിനാണ് പ്രസവസമയത്ത് തന്റെ സഹായം ആവശ്യമുള്ളത്, ഏത് ആട്ടിൻകുട്ടിയെയാണ് താൻ എടുത്തുകൊണ്ടു നടക്കേണ്ടത്, ഏത് ആടിനാണ് പരിചരണം ആവശ്യമുള്ളത് ഇങ്ങനെ ഓരോ ആടിന്റെയും ആവശ്യങ്ങൾ അയാൾ മനസ്സിലാക്കുന്നു. ആടുകൾക്കും അവയുടെ ഇടയനെ നന്നായി അറിയാം. അയാളുടെ ശബ്ദം മറ്റിടയന്മാരുടേതിൽനിന്ന് അവയ്ക്കു വേർതിരിച്ചറിയാനാകും. അയാളുടെ വിളിയിൽ എന്തെങ്കിലും അപകടസൂചനയുണ്ടെങ്കിൽ അവ സത്വരം പ്രതികരിക്കും. അയാൾ നടത്തുന്ന വഴിയേ അവ പോകും. തന്റെ ആടുകളെ എങ്ങോട്ടാണ് നയിക്കേണ്ടതെന്ന് ഇടയനും ബോധ്യമുണ്ട്. പച്ചപ്പുല്ല് സമൃദ്ധിയായി വളരുന്നത് എവിടെയാണ്, തെളിനീരുള്ളത് എവിടെയാണ്, സുരക്ഷിതമായ മേച്ചിൽപ്പുറങ്ങൾ എവിടെയാണ് എന്നൊക്കെ അയാൾക്കറിയാം. ഇടയന്റെ കൺവെട്ടത്ത് ആടുകൾക്ക് എന്തെന്നില്ലാത്ത സുരക്ഷിതത്വം തോന്നും.—23-ാം സങ്കീർത്തനം.
13 നിങ്ങളെ നയിക്കാനും ഇതുപോലൊരാൾ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എല്ലാ അർഥത്തിലും താൻ ഒരു നല്ല ഇടയനാണെന്ന് യേശു തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സന്തോഷവും സംതൃപ്തിയും നൽകുന്നതും ഭാവിയിൽ നിത്യമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നതുമായ ഒരു ജീവിതപാതയിലൂടെ നമ്മെ നയിച്ചുകൊണ്ടുപോകുമെന്ന് അവൻ വാഗ്ദാനംചെയ്യുന്നു. (യോഹന്നാൻ 10:10, 11; വെളിപാട് 7:16, 17) അങ്ങനെയെങ്കിൽ യേശുവിനെ അനുഗമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
യേശുവിനെ അനുഗമിക്കുകയെന്നാൽ എന്താണ്?
14, 15. ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെട്ടതുകൊണ്ടോ യേശുവിനോട് വൈകാരികമായ അടുപ്പം തോന്നിയതുകൊണ്ടോ ഒരാൾ യേശുവിന്റെ അനുഗാമിയാകുമോ?
14 ക്രിസ്തുവിന്റെ ഈ ക്ഷണം സ്വീകരിച്ചിട്ടുള്ളതായി അവകാശപ്പെടുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. “ക്രിസ്ത്യാനികൾ” എന്ന് അവർ സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇവരിൽ പലരെയും മാതാപിതാക്കൾ മാമ്മോദീസ മുക്കി പള്ളിയിൽ ചേർത്തതാകാം. അല്ലെങ്കിൽ യേശുവിനോട് വൈകാരികമായ അടുപ്പം തോന്നിയതിന്റെ പേരിൽ അവർ അവനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചതാകാം. എന്നാൽ ഇതെല്ലാമാണോ ഒരാളെ യേശുവിന്റെ അനുഗാമിയാക്കുന്നത്? തന്നെ അനുഗമിക്കാനുള്ള ക്ഷണം നൽകിയപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഇതാണോ? യേശുവിന്റെ അനുഗാമിയാകുന്നതിൽ ഇതിൽക്കൂടുതൽ ഉൾപ്പെടുന്നുണ്ട്.
15 ക്രൈസ്തവലോകത്തെക്കുറിച്ചു ചിന്തിക്കുക. ക്രൈസ്തവ രാഷ്ട്രങ്ങളിലെ ഭൂരിഭാഗം ആളുകളും ക്രിസ്തുവിന്റെ അനുഗാമികളാണെന്ന് അവകാശപ്പെടുന്നവരാണ്. പക്ഷേ അവരുടെ പ്രവൃത്തികൾ യേശുക്രിസ്തുവിന്റെ ഉപദേശങ്ങൾക്കു ചേർച്ചയിലുള്ളവയാണോ? ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ഈ ദേശങ്ങളിലും, അടിച്ചമർത്തലും പകയും കുറ്റകൃത്യങ്ങളും അനീതിയും നടമാടുന്നില്ലേ? ഗാന്ധിജി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “യേശുവിനെപ്പോലെ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിച്ച വേറൊരാൾ ഉണ്ടെന്നു തോന്നുന്നില്ല. വാസ്തവത്തിൽ കുഴപ്പം ക്രിസ്തുമതത്തിനല്ല, ക്രിസ്ത്യാനികളായ നിങ്ങൾക്കാണ്. സ്വന്തം ഉപദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കണമെന്ന യാതൊരു ചിന്തയും നിങ്ങൾക്കില്ല.”
16, 17. (എ) ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരിലും എന്തു കുറവാണുള്ളത്? (ബി) യേശുവിന്റെ യഥാർഥ അനുഗാമികളെ വ്യത്യസ്തരാക്കുന്നത് എന്ത്?
16 ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെട്ടതുകൊണ്ടുമാത്രം ഒരാൾ തന്റെ അനുഗാമിയാകില്ലെന്ന് യേശു വ്യക്തമാക്കി; മുഖ്യമായും അയാൾ അതു തെളിയിക്കേണ്ടത് തന്റെ പ്രവൃത്തിയിലൂടെയാണ്. “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 7:21) യേശു തങ്ങളുടെ നാഥനാണെന്ന് അവകാശപ്പെടുന്ന അനേകരും അവന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാത്തത് എന്തുകൊണ്ടാണ്? മുമ്പു പറഞ്ഞ ആ യുവപ്രമാണിയെക്കുറിച്ചു ചിന്തിക്കുക. അയാളെപ്പോലെ ഈ ‘ക്രിസ്ത്യാനികളിൽ’ പലർക്കും ‘ഒരു കുറവുണ്ട്.’ യേശുവിനെയും അവനെ അയച്ചവനെയും അവർ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നില്ല.
17 എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അവനെ സ്നേഹിക്കുന്നതായി അവകാശപ്പെടുന്നില്ലേ? അവർ അങ്ങനെ അവകാശപ്പെടുന്നുവെന്നത് ശരിയാണ്. പക്ഷേ യേശുവിനോടും യഹോവയോടും ഉള്ള സ്നേഹം വാക്കുകളിൽ ഒതുക്കിനിറുത്തേണ്ട ഒന്നല്ല. “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 14:23) തന്നെ ഒരു ഇടയനായി ചിത്രീകരിച്ചുകൊണ്ട് യേശു ഇങ്ങനെയും പറഞ്ഞു: “എന്റെ ആടുകൾ എന്റെ സ്വരം ശ്രദ്ധിക്കുന്നു. ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു.” (യോഹന്നാൻ 10:27) അതെ, യേശുവിനോടുള്ള സ്നേഹം വാക്കുകളിലും വികാരങ്ങളിലും മാത്രം ഒതുങ്ങിനിന്നാൽ പോരാ. നമ്മുടെ പ്രവൃത്തിയിലൂടെ അത് തെളിയിക്കപ്പെടണം. അതാണ് പ്രധാനം.
18, 19. (എ) യേശുവിനെക്കുറിച്ചുള്ള അറിവ് നമ്മെ എങ്ങനെ സ്വാധീനിക്കണം? (ബി) ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം എന്താണ്? (സി) ദീർഘകാലമായി യേശുവിനെ അനുഗമിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ പുസ്തകം എന്തു പ്രയോജനം ചെയ്യും?
18 നമ്മുടെ പ്രവൃത്തികൾ അകമേ നാം എങ്ങനെയുള്ളവരാണെന്നു തെളിയിക്കുന്നു. അപ്പോൾ, നമ്മുടെ ആന്തരിക വ്യക്തിത്വത്തിനാണ് ആദ്യം പരിവർത്തനം വരേണ്ടത്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 17:3) യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനം നേടുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നത് നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും. അവനോടുള്ള നമ്മുടെ സ്നേഹം ഒന്നിനൊന്ന് ശക്തമാകും. അവനെ പിൻചെല്ലാനുള്ള നമ്മുടെ ആഗ്രഹവും വർധിക്കും.
19 ഈ പുസ്തകം തീർച്ചയായും അതിനു നിങ്ങളെ സഹായിക്കും. യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് ഈ പുസ്തകത്തിൽ വിസ്തരിച്ചുപറഞ്ഞിട്ടില്ല. * എന്നാൽ യേശുവിനെ അനുഗമിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ഇതിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. തിരുവെഴുത്തുകളാകുന്ന കണ്ണാടിയിൽ നോക്കി, ‘ഞാൻ ശരിക്കും യേശുവിനെ അനുഗമിക്കുന്നുണ്ടോ’ എന്നു ചോദിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. (യാക്കോബ് 1:23-25) “ദീർഘകാലമായി നല്ല ഇടയനെ അനുഗമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു ഞാൻ” എന്ന് നിങ്ങൾ ഒരുപക്ഷേ പറഞ്ഞേക്കാം. എങ്കിൽത്തന്നെയും നമുക്കോരോരുത്തർക്കും അനേകം വശങ്ങളിൽ ഇനിയും മെച്ചപ്പെടാനാകും എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധനചെയ്തുകൊണ്ടിരിക്കുവിൻ” എന്ന് ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (2 കൊരിന്ത്യർ 13:5) നമ്മെ നയിക്കാൻ യഹോവ നിയമിച്ചിരിക്കുന്ന നല്ല ഇടയനായ യേശുക്രിസ്തുവിനെ നാം പിൻചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
20. അടുത്ത അധ്യായത്തിൽ നാം എന്തു പഠിക്കും?
20 യേശുവിനോടും യഹോവയോടുമുള്ള നിങ്ങളുടെ സ്നേഹം വർധിക്കാൻ ഈ പുസ്തകത്തിന്റെ പഠനം ഇടയാക്കട്ടെ. യേശുവിനെ പിൻചെന്ന് ആ സ്നേഹത്തിന്റെ വഴിയേ നടക്കുമ്പോൾ വളരെയധികം സംതൃപ്തിയും സമാധാനവും നിങ്ങൾക്ക് ഇപ്പോൾതന്നെ അനുഭവിക്കാനാകും. കൂടാതെ, നല്ല ഇടയനായ യേശുവിനെ നമുക്കായി നൽകിയ യഹോവയാം ദൈവത്തെ സ്തുതിച്ചുകൊണ്ട് എന്നേക്കും ജീവിക്കാനും നിങ്ങൾക്കു സാധിക്കും. എന്നാൽ യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിൽ യേശു വഹിക്കുന്ന പങ്ക് എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ, അവനെക്കുറിച്ചു നാം നേടുന്ന പരിജ്ഞാനത്തിന് ശരിയായ അടിത്തറയുണ്ടെന്നു പറയാൻ കഴിയൂ. യേശുവിന്റെ ആ റോളിനെക്കുറിച്ച് അടുത്ത അധ്യായത്തിൽ നാം പഠിക്കുന്നതായിരിക്കും.
^ തന്നെ അനുഗമിച്ച എല്ലാവരോടും അവരുടെ സകല വസ്തുവകകളും ഉപേക്ഷിച്ചുകളയാൻ യേശു ആവശ്യപ്പെട്ടില്ല. ധനവാന് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണെന്ന് അവൻ പറഞ്ഞെങ്കിലും, “ദൈവത്തിനു സകലവും സാധ്യം” എന്നുകൂടെ അവൻ കൂട്ടിച്ചേർത്തു. (മർക്കോസ് 10:23, 27) വാസ്തവത്തിൽ യേശുവിന്റെ അനുഗാമികളിൽ ചിലർ സമ്പന്നരായിരുന്നു. ധനത്തോടു ബന്ധപ്പെട്ട് അവർക്ക് ക്രിസ്തീയ സഭയിൽനിന്ന് വ്യക്തമായ ബുദ്ധിയുപദേശം ലഭിച്ചിരുന്നെങ്കിലും അവരുടെ സമ്പത്തെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല.—1 തിമൊഥെയൊസ് 6:17.
^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിൽ യേശുവിന്റെ ജീവിതവും ശുശ്രൂഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കാലാനുക്രമത്തിൽ വിവരിച്ചിട്ടുണ്ട്.