അധ്യായം 2
“വഴിയും സത്യവും ജീവനും”
1, 2. (എ) യഹോവയെ നമുക്ക് സ്വന്തം നിലയിൽ സമീപിക്കാനാകാത്തത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ യേശു നമുക്ക് എന്തു സഹായം നൽകിയിരിക്കുന്നു?
നിങ്ങൾ ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വീട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു വിചാരിക്കുക. വഴി നിങ്ങൾക്ക് ഒട്ടും പരിചയമില്ല. അപ്പോഴതാ, എതിരെ ഒരാൾ വരുന്നു! നിങ്ങൾ അയാളെ സമീപിച്ച് വഴി ചോദിക്കുന്നു. വെറുതെ വഴി പറഞ്ഞുതരുന്നതിനുപകരം, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ അവിടെ എത്തിക്കാം” എന്ന് അയാൾ പറയുന്നെങ്കിലോ? നിങ്ങൾക്ക് എത്ര ആശ്വാസം തോന്നും!
2 ഒരർഥത്തിൽ നമുക്കുവേണ്ടി യേശുക്രിസ്തുവും അതുതന്നെയാണു ചെയ്യുന്നത്. സ്വന്തം നിലയിൽ ദൈവത്തെ സമീപിക്കാൻ നമുക്കു കഴിയില്ല. പാരമ്പര്യമായി ലഭിച്ച പാപവും അപൂർണതയും കാരണം മനുഷ്യവർഗം “ദൈവികജീവനിൽനിന്ന് അകന്നുപോയിരിക്കുന്നു.” (എഫെസ്യർ 4:17, 18) വഴി കാണാതെ അവർ ഉഴലുകയാണ്. ശരിയായ പാത കണ്ടെത്താൻ നമുക്ക് സഹായം കൂടിയേ തീരൂ. നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്തു നമുക്ക് വെറുതെ ഉപദേശങ്ങളും നിർദേശങ്ങളും നൽകുകയല്ല ചെയ്യുന്നത്. ഒന്നാം അധ്യായത്തിൽ നാം കണ്ടതുപോലെ “വന്ന് എന്നെ അനുഗമിക്കുക” എന്ന ക്ഷണം നൽകിയിട്ട് നമുക്കു വഴികാട്ടാനായി അവൻ നമ്മുടെ മുമ്പേ നടക്കുകയാണ്. (മർക്കോസ് 10:21) ഇനി, ആ ക്ഷണം സ്വീകരിക്കാനുള്ള കാരണവുംകൂടെ അവൻ വ്യക്തമാക്കുന്നു. ഒരവസരത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) പുത്രനിലൂടെ മാത്രമേ പിതാവിനെ സമീപിക്കാൻ സാധിക്കൂ എന്നു പറഞ്ഞിരിക്കുന്നതിന്റെ ചില കാരണങ്ങൾ നമുക്കിപ്പോൾ ചിന്തിക്കാം. ആ കാരണങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് നമുക്ക്, യേശു യഥാർഥത്തിൽ “വഴിയും സത്യവും ജീവനും” ആയിരിക്കുന്നത് എങ്ങനെയെന്നും നോക്കാം.
ദൈവോദ്ദേശ്യത്തിലെ യേശുവിന്റെ നിസ്തുല പങ്ക്
3. യേശുവിലൂടെ മാത്രമേ ദൈവത്തെ സമീപിക്കാനാകൂ എന്നു പറയുന്നത് എന്തുകൊണ്ട്?
3 യേശുവിലൂടെ മാത്രമേ ദൈവത്തെ സമീപിക്കാൻ സാധിക്കൂ എന്നു പറയുന്നതിന്റെ മുഖ്യമായ കാരണം, അവനെ അങ്ങനെയൊരു സ്ഥാനത്തേക്ക് അവരോധിച്ചത് യഹോവതന്നെയായതുകൊണ്ടാണ്. * പിതാവായ ദൈവം തന്റെ ഉദ്ദേശ്യനിവൃത്തിയിൽ പുത്രന് കേന്ദ്രസ്ഥാനം നൽകിയിരിക്കുന്നു. (2 കൊരിന്ത്യർ 1:20; കൊലോസ്യർ 1:18-20) അതു മനസ്സിലാക്കാൻ ഏദെൻ തോട്ടത്തിൽ എന്തു സംഭവിച്ചു എന്നു നാം ചിന്തിക്കേണ്ടതുണ്ട്.—ഉല്പത്തി 2:16, 17; 3:1-6.
4. (എ) ഏദെനിലെ മത്സരം എന്തു വിവാദമുയർത്തി? (ബി) അതിനു തീർപ്പു കൽപ്പിക്കുന്നതിനായി എന്തു ചെയ്യാനാണ് യഹോവ തീരുമാനിച്ചത്?
4 ആദ്യ മനുഷ്യജോഡി സാത്താനുമായി ചേർന്ന് യഹോവയോടു മത്സരിച്ചത് ഒരു വിവാദമുയർത്തി: യഹോവയാംദൈവം തന്റെ സൃഷ്ടികളെ ഭരിക്കുന്നത് ശരിയായ വിധത്തിലാണോ? സകല സൃഷ്ടികളും ഉൾപ്പെടുന്ന ഈ വിവാദത്തിനു തീർപ്പുകൽപ്പിക്കപ്പെടേണ്ടിയിരുന്നു. അതിനായി ആത്മമണ്ഡലത്തിലുള്ള തന്റെ പുത്രന്മാരിലൊരാളെ ഭൂമിയിലേക്ക് അയയ്ക്കാൻ യഹോവ തീരുമാനിച്ചു. പൂർണനായ ഈ പുത്രനു നിറവേറ്റേണ്ടിയിരുന്നത് അതീവ പ്രാധാന്യമുള്ള ഒരു ദൗത്യമായിരുന്നു. യഹോവയുടെ പരമാധികാരം സംസ്ഥാപിക്കാനും മനുഷ്യവർഗത്തെ രക്ഷിക്കുന്നതിന് ഒരു മറുവിലയായി തീരാനും അവൻ തന്റെ ജീവൻ നൽകേണ്ടിയിരുന്നു. മരണത്തോളം വിശ്വസ്തനായിരുന്നുകൊണ്ട് ഈ പുത്രൻ, സാത്താന്റെ മത്സരംമൂലം ഉണ്ടായ സകല പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒരടിസ്ഥാനം പ്രദാനം ചെയ്യുമായിരുന്നു. (എബ്രായർ 2:14, 15; 1 യോഹന്നാൻ 3:8) ആത്മമണ്ഡലത്തിൽ യഹോവയ്ക്ക് ലക്ഷോപലക്ഷം പുത്രന്മാർ ഉണ്ടായിരുന്നു. (ദാനീയേൽ 7:9, 10) നിർണായകമായ ഈ ദൗത്യം നിറവേറ്റാൻ യഹോവ അവരിൽ ആരെയാണു തിരഞ്ഞെടുത്തത്? തന്റെ ‘ഏകജാതനായ പുത്രനെ’തന്നെ. (യോഹന്നാൻ 3:16) അവനാണ് പിന്നീട് യേശുക്രിസ്തു എന്ന് അറിയപ്പെടാനിടയായത്.
5, 6. (എ) തന്റെ പുത്രനിൽ തനിക്കു വിശ്വാസമുണ്ടെന്ന് യഹോവ വ്യക്തമാക്കിയത് എങ്ങനെ? (ബി) ആ വിശ്വാസത്തിനുള്ള അടിസ്ഥാനം എന്ത്?
5 യഹോവ ഈ പുത്രനെത്തന്നെ തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനുണ്ടോ? തീർച്ചയായുമില്ല! യഹോവയ്ക്ക് തന്റെ പുത്രനിൽ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. കൊടിയ പീഡനങ്ങൾക്കു മധ്യേയും തന്റെ പുത്രൻ തന്നോടു വിശ്വസ്തനായിരിക്കുമെന്ന് അവനെ ഭൂമിയിലേക്ക് അയയ്ക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 53:3-7, 10-12; പ്രവൃത്തികൾ 8:32-35) അതേക്കുറിച്ചു ചിന്തിക്കുക. മറ്റു ദൂതന്മാരെയും മനുഷ്യരെയും പോലെതന്നെ, ഈ പുത്രനും ഇച്ഛാസ്വാതന്ത്ര്യമുണ്ടായിരുന്നു. അതായത്, സ്വന്തം ഗതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. തന്റെ പുത്രൻ ശരിയായ ഗതിയേ തിരഞ്ഞെടുക്കൂ എന്ന് യഹോവയ്ക്ക് പൂർണബോധ്യമുണ്ടായിരുന്നു. തന്റെ പുത്രനിൽ യഹോവയ്ക്ക് അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് അവൻ തന്നോടു വിശ്വസ്തനായിരിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞത്. ഈ വിശ്വാസത്തിനുള്ള അടിസ്ഥാനമെന്തായിരുന്നു? തന്റെ പുത്രനെ യഹോവയ്ക്ക് അത്ര നന്നായി അറിയാമായിരുന്നു. തന്നെ പ്രസാദിപ്പിക്കാൻ അവൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നും യഹോവ മനസ്സിലാക്കിയിരുന്നു. (യോഹന്നാൻ 8:29; 14:31) പുത്രൻ പിതാവിനെയും പിതാവ് പുത്രനെയും സ്നേഹിക്കുന്നു. (യോഹന്നാൻ 3:35) ഈ സ്നേഹം അവർക്കിടയിൽ തകർക്കാനാവാത്ത ഐക്യവും വിശ്വാസവും സൃഷ്ടിച്ചിരിക്കുന്നു.—കൊലോസ്യർ 3:14.
6 ദൈവോദ്ദേശ്യത്തിൽ പുത്രൻ വഹിക്കുന്ന അതുല്യമായ പങ്ക്, പിതാവിന് അവനിലുള്ള വിശ്വാസം, പിതാവിനും പുത്രനും ഇടയിലുള്ള സ്നേഹബന്ധം—ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ യേശുവിലൂടെ മാത്രമേ ദൈവത്തെ സമീപിക്കാനാകൂ എന്നു പറഞ്ഞിരിക്കുന്നതിൽ അതിശയിക്കാനുണ്ടോ? എന്നിരുന്നാലും പുത്രനു മാത്രമേ നമ്മെ പിതാവിന്റെ പക്കലേക്കു നയിക്കാനാവൂ എന്നു പറയാൻ മറ്റൊരു കാരണംകൂടെയുണ്ട്.
പുത്രൻ മാത്രമേ പിതാവിനെ പൂർണമായി അറിയുന്നുള്ളൂ
7, 8. പുത്രനല്ലാതെ ആരും പിതാവിനെ പൂർണമായി അറിയുന്നില്ല എന്ന് യേശുവിന് ഉറപ്പോടെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്?
7 യഹോവയെ സമീപിക്കണമെങ്കിൽ നാം ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. (സങ്കീർത്തനം 15:1-5) ദൈവത്തിന്റെ നിലവാരങ്ങൾ പാലിക്കുന്നതിലും അവന്റെ അംഗീകാരം നേടുന്നതിലും എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പുത്രനെക്കാൾ മെച്ചമായി ആർക്കാണ് അറിയാവുന്നത്? യേശു ഇപ്രകാരം പറഞ്ഞു: “എന്റെ പിതാവ് സകലവും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ അവനും അല്ലാതെ ആരും പിതാവിനെയും പൂർണമായി അറിയുന്നില്ല.” (മത്തായി 11:27) പുത്രനല്ലാതെ ആരും പിതാവിനെ പൂർണമായി അറിയുന്നില്ല എന്ന് യേശുവിന് ഉറപ്പോടെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് നമുക്കു നോക്കാം.
8 “സകല സൃഷ്ടികൾക്കും ആദ്യജാത”നായ ഈ പുത്രനുമായി യഹോവയ്ക്ക് അനുപമമായ ഒരു ആത്മബന്ധമുണ്ട്. (കൊലോസ്യർ 1:15) യുഗങ്ങളോളം, അതായത് സൃഷ്ടിയുടെ ആരംഭംമുതൽ ആത്മമണ്ഡലത്തിൽ മറ്റ് പുത്രന്മാർ സൃഷ്ടിക്കപ്പെടുന്നതുവരെ, പിതാവും പുത്രനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കാലംകൊണ്ട് അവർക്കിടയിൽ രൂപംകൊണ്ട ഗാഢബന്ധത്തെക്കുറിച്ചു ചിന്തിക്കുക. (യോഹന്നാൻ 1:3; കൊലോസ്യർ 1:16, 17) പിതാവിനോടൊപ്പം ആയിരുന്നുകൊണ്ട് അവന്റെ വീക്ഷണങ്ങളും ഇഷ്ടങ്ങളും നിലവാരങ്ങളും രീതികളും മനസ്സിലാക്കാനുള്ള അസുലഭ അവസരം പുത്രന് ലഭിച്ചു. അതുകൊണ്ട് യേശുവിന് തന്റെ പിതാവിനെ മറ്റാരെക്കാളും മെച്ചമായി അറിയാം എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. പിതാവുമായുള്ള ഈ അടുത്ത ബന്ധം പിതാവിന്റെ വ്യക്തിത്വം മറ്റാരെക്കാളും മെച്ചമായി നമുക്ക് വെളിപ്പെടുത്തിത്തരാൻ യേശുവിനെ പ്രാപ്തനാക്കി.
9, 10. (എ) യേശു തന്റെ പിതാവിനെ ഏതെല്ലാം വിധങ്ങളിൽ വെളിപ്പെടുത്തി? (ബി) യഹോവയുടെ അംഗീകാരം നേടാൻ നാം എന്തു ചെയ്യണം?
9 യഹോവയുടെ ചിന്തകളും വികാരങ്ങളും എന്താണെന്നും അവൻ തന്റെ ആരാധകരിൽനിന്നു പ്രതീക്ഷിക്കുന്നത് എന്താണെന്നും യേശുവിന് നന്നായി അറിയാം. ആ അറിവ് പ്രതിഫലിപ്പിക്കുന്നതായിരുന്നു അവന്റെ ഉപദേശങ്ങൾ. * ശ്രദ്ധേയമായ മറ്റൊരു വിധത്തിലും യേശു തന്റെ പിതാവിനെ വെളിപ്പെടുത്തി. “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 14:9) വാക്കിലും പ്രവൃത്തിയിലും അവൻ തന്റെ പിതാവിനെ അതേപടി അനുകരിച്ചു. ആളുകളെ പഠിപ്പിക്കാൻ യേശു ഉപയോഗിച്ച ശക്തവും അതേസമയം ഹൃദ്യവുമായ വാക്കുകൾ, ആളുകളെ സുഖപ്പെടുത്താൻ അവനെ പ്രേരിപ്പിച്ച സഹാനുഭൂതി, അവൻ പൊഴിച്ച കണ്ണീരിനു പിന്നിലെ സമാനുഭാവം—ഇങ്ങനെ ബൈബിളിൽനിന്ന് യേശുവിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോഴൊക്കെയും ഒരർഥത്തിൽ നാം അവിടെ യഹോവയെത്തന്നെയാണ് കാണുന്നത്. (മത്തായി 7:28, 29; മർക്കോസ് 1:40-42; യോഹന്നാൻ 11:32-36) പുത്രന്റെ വാക്കിലും പ്രവൃത്തിയിലും പിതാവിന്റെ ഹിതവും പ്രവർത്തനരീതിയും പൂർണമായി പ്രതിഫലിച്ചുകാണുന്നു. (യോഹന്നാൻ 5:19; 8:28; 12:49, 50) അതുകൊണ്ട് യഹോവയുടെ അംഗീകാരം നേടണമെങ്കിൽ നാം യേശുവിന്റെ ഉപദേശങ്ങൾ അനുസരിക്കുകയും അവന്റെ മാതൃക പകർത്തുകയും വേണം.—യോഹന്നാൻ 14:23.
10 അതെ, യേശു യഹോവയെ അടുത്തറിഞ്ഞിരിക്കുന്നതിനാലും അവനെ അതേപടി അനുകരിക്കുന്നതിനാലും അവനിലൂടെ വേണം ആളുകൾ തന്നെ സമീപിക്കാൻ എന്ന് യഹോവ നിശ്ചയിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. യേശുവിലൂടെ മാത്രമേ യഹോവയെ സമീപിക്കാനാകൂ എന്നു പറഞ്ഞിരിക്കുന്നതിന്റെ കാരണങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക്, “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു” എന്നുള്ള യേശുവിന്റെ പ്രസ്താവനയുടെ അർഥം എന്താണെന്നു നോക്കാം.—യോഹന്നാൻ 14:6.
‘ഞാൻതന്നെയാണ് വഴി’
11. (എ) യേശുവിലൂടെ മാത്രമേ നമുക്ക് ദൈവത്തിന്റെ പ്രീതിയിലേക്കു പ്രവേശിക്കാൻ സാധിക്കൂ എന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? (ബി) യോഹന്നാൻ 14:6-ലെ വാക്കുകൾ യേശുവിന്റെ അതുല്യ പദവിയെ എടുത്തുകാണിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പു കാണുക.)
11 യേശുവിലൂടെയല്ലാതെ പിതാവിനെ സമീപിക്കാനാവില്ലെന്ന് നാം കണ്ടുകഴിഞ്ഞു. അതിന്റെ അർഥമെന്താണെന്ന് നമുക്ക് കുറേക്കൂടെ കൃത്യമായി പരിശോധിക്കാം. യേശുവിലൂടെ മാത്രമേ ദൈവത്തിന്റെ പ്രീതിയിലേക്കു നമുക്കു പ്രവേശിക്കാനാകൂ. ‘ഞാൻതന്നെയാണ് വഴി’ എന്ന് യേശു പറഞ്ഞതിന്റെ അർഥം അതാണ്. മരണത്തോളം വിശ്വസ്തനായിരുന്നുകൊണ്ട് യേശു തന്റെ ജീവനെ മറുവിലയാഗമായി നൽകി. (മത്തായി 20:28) മറുവിലയെന്ന ക്രമീകരണമില്ലായിരുന്നെങ്കിൽ നമുക്ക് ദൈവത്തെ സമീപിക്കാൻ സാധിക്കില്ലായിരുന്നു. യഹോവ പരിശുദ്ധനായതുകൊണ്ട് പാപം അംഗീകരിക്കാൻ അവനു കഴിയില്ല. അതുകൊണ്ടുതന്നെ പാപം ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരു മതിൽക്കെട്ടു തീർത്തിരിക്കുന്നുവെന്ന് പറയാവുന്നതാണ്. (യെശയ്യാവു 6:3; 59:2) എന്നാൽ യേശുവിന്റെ മറുവിലയാഗം പാപത്തിനുള്ള പരിഹാരമായിത്തീർന്നു. (എബ്രായർ 10:12; 1 യോഹന്നാൻ 1:7) അങ്ങനെ മറുവില, ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ആ മതിൽക്കെട്ട് ഇടിച്ചുകളഞ്ഞു. ക്രിസ്തുവിലൂടെ യഹോവ ചെയ്തിരിക്കുന്ന ഈ കരുതൽ അംഗീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് യഹോവയുടെ പ്രീതിയിലേക്കു പ്രവേശിക്കാനാകൂ. ‘ദൈവവുമായി അനുരഞ്ജനപ്പെടാനുള്ള’ ഏകവഴി ഇതാണ്. *—റോമർ 5:6-11.
12. യേശു “വഴി” ആയിരിക്കുന്നത് ഏതെല്ലാം അർഥങ്ങളിൽ?
12 പ്രാർഥനയുടെ കാര്യത്തിലും യേശുക്രിസ്തുവാണ് “വഴി.” യേശുവിലൂടെ മാത്രമേ നമുക്ക് യഹോവയെ പ്രാർഥനയിൽ സമീപിക്കാനാകൂ. നമ്മുടെ യാചനകൾ യഹോവ കേൾക്കുമെന്ന പൂർണ ഉറപ്പ് നമുക്ക് ഉണ്ടായിരിക്കാവുന്നതാണ്. (1 യോഹന്നാൻ 5:13, 14) യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ അവൻ അതു നിങ്ങൾക്കു നൽകും. . . . ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും. അങ്ങനെ, നിങ്ങളുടെ സന്തോഷം പൂർണമാകും.” (യോഹന്നാൻ 16:23, 24) അതെ, യേശുവിന്റെ നാമത്തിൽ നമുക്ക് പ്രാർഥനയിലൂടെ യഹോവയെ സമീപിക്കാനും “ഞങ്ങളുടെ പിതാവേ” എന്ന് അവനെ വിളിക്കാനും കഴിയും. (മത്തായി 6:9) മറ്റൊരു വിധത്തിലും താനാണ് “വഴി” എന്ന് യേശു തെളിയിച്ചു. സ്വന്തം മാതൃകയിലൂടെയായിരുന്നു അത്. മുമ്പു പറഞ്ഞതുപോലെ യേശു തന്റെ പിതാവിനെ പൂർണമായി അനുകരിച്ചു. യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ എങ്ങനെ ജീവിക്കാമെന്ന് സ്വന്തം മാതൃകയിലൂടെ അവൻ നമുക്കു കാണിച്ചുതന്നിരിക്കുന്നു. യഹോവയെ സമീപിക്കാൻ യേശുവിന്റെ കാൽച്ചുവടുകൾ നാം അടുത്തു പിന്തുടരണം.—1 പത്രോസ് 2:21.
‘ഞാൻതന്നെയാണ് സത്യം’
13, 14. (എ) യേശു സത്യം സംസാരിച്ചത് ഏതുവിധത്തിൽ? (ബി) ‘ഞാൻതന്നെയാണ് സത്യം’ എന്ന പ്രസ്താവന ശരിയാണെന്നു തെളിയാൻ അവൻ എന്തു ചെയ്യേണ്ടിയിരുന്നു, എന്തുകൊണ്ട്?
13 തന്റെ പിതാവിന്റെ വചനം അതേപടി യേശു ആളുകളെ പഠിപ്പിച്ചു. ഒരിക്കലും അവൻ അതിൽ വ്യാജം കലർത്തിയില്ല. (യോഹന്നാൻ 8:40, 45, 46) ‘അവന്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല.’ (1 പത്രോസ് 2:22) അവൻ “ദൈവത്തിന്റെ വഴി ശരിയായി പഠിപ്പിക്കുന്ന”വനാണെന്ന് അവന്റെ എതിരാളികൾപോലും സമ്മതിച്ചിരുന്നു. (മർക്കോസ് 12:13, 14) എന്നാൽ, ‘ഞാൻതന്നെയാണ് സത്യം’ എന്നു പറഞ്ഞപ്പോൾ, പ്രസംഗത്തിലൂടെയും ഉപദേശങ്ങളിലൂടെയും ആളുകളെ സത്യം പഠിപ്പിച്ചിരുന്നതിനെ മാത്രമല്ല യേശു ഉദ്ദേശിച്ചത്. അതിലുപരിയായ കാര്യങ്ങൾ ആ പ്രസ്താവനയിൽ ഉൾപ്പെട്ടിരുന്നു.
14 യഹോവ നിശ്വസ്തരാക്കിയ ബൈബിളെഴുത്തുകാർ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ മിശിഹായെ അഥവാ ക്രിസ്തുവിനെ കുറിച്ച് അനേകം പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ക്രിസ്തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും മരണത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ ഈ പ്രവചനങ്ങളിലുണ്ടായിരുന്നു. കൂടാതെ മോശയിലൂടെ നൽകപ്പെട്ട ന്യായപ്രമാണത്തിലെ പല പ്രാവചനിക മാതൃകകളും മിശിഹായിലേക്കു വിരൽചൂണ്ടി. (എബ്രായർ 10:1) മരണത്തോളം വിശ്വസ്തനായിരുന്നുകൊണ്ട് തന്നെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശു നിവർത്തിക്കുമായിരുന്നോ? എങ്കിൽ മാത്രമേ, കാര്യങ്ങൾ സത്യമായി പ്രവചിക്കുന്ന ദൈവമാണ് യഹോവ എന്ന് തെളിയിക്കപ്പെടുമായിരുന്നുള്ളൂ. ആ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റേണ്ടത് യേശുവായിരുന്നു. യേശു തന്റെ ജീവിതത്തിലൂടെ—താൻ ചെയ്ത ഓരോ പ്രവൃത്തിയിലൂടെയും ഉച്ചരിച്ച ഓരോ വാക്കിലൂടെയും—ആ പ്രാവചനിക മാതൃകകൾ യാഥാർഥ്യമാക്കി മാറ്റി. (2 കൊരിന്ത്യർ 1:20) അങ്ങനെ ‘ഞാൻതന്നെയാണ് സത്യം’ എന്ന വാക്കുകൾ ശരിയാണെന്ന് യേശു തെളിയിച്ചു. ഒരർഥത്തിൽ, യഹോവയുടെ പ്രാവചനിക വചനങ്ങൾ യാഥാർഥ്യമായിത്തീർന്നത് യേശുവിന്റെ വരവോടെയാണ്.—യോഹന്നാൻ 1:17; കൊലോസ്യർ 2:16, 17.
‘ഞാൻതന്നെയാണ് ജീവൻ’
15. (എ) പുത്രനിൽ വിശ്വസിക്കുക എന്നാൽ എന്താണ് അർഥം? (ബി) അങ്ങനെ ചെയ്യുന്നത് എന്തു നേടിത്തരും?
15 ‘ഞാൻതന്നെയാണ് ജീവൻ’ എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? യേശുവിലൂടെ മാത്രമേ നമുക്ക് ജീവൻ—‘യഥാർഥ ജീവൻ’—നേടാനാകൂ. (1 തിമൊഥെയൊസ് 6:19) ബൈബിൾ പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു.” (യോഹന്നാൻ 3:36) ദൈവപുത്രനിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ എന്താണർഥം? അവനെ കൂടാതെ ജീവൻ നേടാനാവില്ല എന്ന ബോധ്യം ഉണ്ടായിരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. അതിലുപരി, നമ്മുടെ വിശ്വാസം പ്രവൃത്തിയിലൂടെ തെളിയിക്കുകയും യേശുവിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും അവന്റെ ഉപദേശങ്ങളും മാതൃകയും പിൻപറ്റാൻ പരമാവധി ശ്രമിക്കുകയും ചെയ്യണമെന്നും അത് അർഥമാക്കുന്നു. (യാക്കോബ് 2:26) ദൈവപുത്രനിൽ വിശ്വസിക്കുന്നത് നമുക്ക് നിത്യജീവൻ നേടിത്തരും; ആത്മാഭിഷിക്ത ക്രിസ്ത്യാനികളടങ്ങുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന് സ്വർഗത്തിലെ അമർത്യമായ ആത്മീയ ജീവനും ‘വേറെ ആടുകളിൽപ്പെട്ട’ “മഹാപുരുഷാര”ത്തിന് പറുദീസാഭൂമിയിലെ പൂർണതയുള്ള മനുഷ്യജീവനും.—ലൂക്കോസ് 12:32; 23:43; വെളിപാട് 7:9-17; യോഹന്നാൻ 10:16.
16, 17. (എ) ‘ഞാൻതന്നെയാണ് ജീവൻ’ എന്ന യേശുവിന്റെ പ്രസ്താവന മരിച്ചവരുടെ കാര്യത്തിൽ ശരിയാണെന്ന് എങ്ങനെ തെളിയും? (ബി) നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
16 മരണമടഞ്ഞവരുടെ കാര്യമോ? അവർക്കും യേശുതന്നെയാണ് ‘ജീവൻ’. സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കുന്നതിനു തൊട്ടുമുമ്പ് യേശു അവന്റെ സഹോദരിയായ മാർത്തയോട് ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും.” (യോഹന്നാൻ 11:25) യഹോവ തന്റെ പുത്രനെ “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ” എൽപ്പിച്ചിരിക്കുന്നു; അതായത്, മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി ദൈവം അവനു നൽകിയിരിക്കുന്നു. (വെളിപാട് 1:17, 18) ഭാവിയിൽ യേശു ആ താക്കോലുകൾ ഉപയോഗിച്ച് പാതാളത്തിന്റെ കവാടങ്ങൾ തുറക്കുകയും അവിടെയുള്ള ഏവരെയും മോചിപ്പിക്കുകയും ചെയ്യും.—യോഹന്നാൻ 5:28, 29.
17 “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു” എന്ന ലളിതമായ പ്രസ്താവനയിലൂടെ ഭൂമിയിലെ തന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും ഉദ്ദേശ്യം എന്താണെന്ന് യേശു വ്യക്തമാക്കി. ഇന്നു ജീവിക്കുന്ന നമ്മെ സംബന്ധിച്ച് ആ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. തുടർന്ന് യേശു പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക: “എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” (യോഹന്നാൻ 14:6) അന്നത്തെപോലെതന്നെ ഈ വാക്കുകൾ ഇന്നും പ്രസക്തമാണ്. നാം യേശുവിനെ പിൻചെല്ലുകയാണെങ്കിൽ നമുക്കൊരിക്കലും വഴിതെറ്റില്ലെന്ന് ഉറപ്പാണ്. പിതാവിന്റെ അടുക്കലേക്കുള്ള വഴി അവൻ നമുക്കു കാണിച്ചുതരും. അവനു മാത്രമേ അതിനു കഴിയുകയുമുള്ളൂ.
നിങ്ങൾ യേശുവിനെ അനുഗമിക്കുമോ?
18. നമുക്ക് എങ്ങനെ യേശുവിന്റെ യഥാർഥ അനുഗാമികളാകാം?
18 ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള നിസ്തുലമായ പങ്കും പിതാവുമായി അവനുള്ള ഉറ്റബന്ധവും നാം മനസ്സിലാക്കിയിരിക്കെ, അവനെ അനുഗമിക്കാൻ നമുക്ക് ശക്തമായ കാരണമുണ്ട്. മുൻ അധ്യായത്തിൽ കണ്ടതുപോലെ യേശുവിന്റെ യഥാർഥ അനുഗാമിയാണെന്ന് പ്രവൃത്തികളിലൂടെ വേണം നാം തെളിയിക്കാൻ. ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ അവന്റെ ഉപദേശങ്ങളും മാതൃകയും പിൻപറ്റുന്നത് ഉൾപ്പെടുന്നു. (യോഹന്നാൻ 13:15) ഈ പുസ്തകം നിങ്ങളെ അതിനു സഹായിക്കും.
19, 20. ക്രിസ്തുവിനെ അനുഗമിക്കാൻ ഈ പുസ്തകം നിങ്ങളെ എങ്ങനെ സഹായിക്കും?
19 തുടർന്നുവരുന്ന അധ്യായങ്ങളിൽ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് വിശദമായി നാം പഠിക്കും. ഈ അധ്യായങ്ങൾ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്ത് നാം യേശുവിന്റെ ഗുണങ്ങളെയും പ്രവർത്തനരീതികളെയും കുറിച്ച് മനസ്സിലാക്കും. എത്ര തീക്ഷ്ണതയോടെയാണ് അവൻ പ്രസംഗ, പഠിപ്പിക്കൽ വേല നിർവഹിച്ചത് എന്ന് രണ്ടാമത്തെ ഭാഗത്ത് നാം കാണും. മൂന്നാമത്തെ ഭാഗത്ത് അവൻ സ്നേഹം പ്രകടിപ്പിച്ച വിധങ്ങളെക്കുറിച്ച് നാം പഠിക്കും. മൂന്നുമുതലുള്ള അധ്യായങ്ങളിൽ “യേശുവിന്റെ കാൽച്ചുവടുകൾ നിങ്ങൾക്ക് എങ്ങനെ പിൻപറ്റാം?” എന്ന ശീർഷകത്തോടുകൂടിയ ഒരു ചതുരം കൊടുത്തിട്ടുണ്ട്. അതിലെ തിരുവെഴുത്തുകളും ചോദ്യങ്ങളും, വാക്കിലും പ്രവൃത്തിയിലും യേശുവിനെ എങ്ങനെ അനുകരിക്കാമെന്നു ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
20 പാരമ്പര്യമായി ലഭിച്ച പാപംനിമിത്തം ദൈവവുമായി അടുക്കാനാകാത്ത ഒരു അവസ്ഥയിലാണ് നിങ്ങളെന്ന് കരുതേണ്ടതില്ല. വലിയ ത്യാഗം സഹിച്ചിട്ടാണെങ്കിലും യഹോവയാംദൈവംതന്നെ നിങ്ങൾക്ക് അവനുമായി അനുരഞ്ജനപ്പെടാനുള്ള വഴി ഒരുക്കിത്തന്നിരിക്കുന്നു. അതെ, തന്റെ പുത്രനെ യഹോവ ഭൂമിയിലേക്ക് അയച്ചത് അതിനുവേണ്ടിത്തന്നെയാണ്. (1 യോഹന്നാൻ 4:9, 10) “എന്നെ അനുഗമിക്കുക” എന്ന യേശുവിന്റെ ക്ഷണം സ്വീകരിച്ച് അവനെ പിൻചെന്നുകൊണ്ട് യഹോവ കാണിച്ച ആ വലിയ സ്നേഹത്തോട് കൃതജ്ഞതയുള്ളവരാണെന്ന് നമുക്കു തെളിയിക്കാം.—യോഹന്നാൻ 1:43.
^ ദൈവോദ്ദേശ്യത്തിൽ യേശു വഹിക്കുന്ന പങ്ക് വളരെ നിർണായകമായതുകൊണ്ട് ബൈബിളിൽ അവന് പ്രാവചനികമായ നിരവധി പേരുകളും പദവിനാമങ്ങളും നൽകിയിട്ടുണ്ട്.— 23-ാം പേജിലെ ചതുരം കാണുക.
^ ഉദാഹരണത്തിന്, മത്തായി 10:29-31; 18:12-14, 21-35; 22:36-40 എന്നീ ഭാഗങ്ങൾ കാണുക.
^ ബൈബിളിന്റെ മൂലകൃതിയിൽ യോഹന്നാൻ 14:6-ന്റെ വ്യാകരണ ഘടന, യേശുവിന്റെ പദവി അനന്യമാണെന്നും അവനിലൂടെ മാത്രമേ പിതാവിനെ സമീപിക്കാനാകൂ എന്നും ഉള്ള വസ്തുത എടുത്തുകാണിക്കുന്നു.