അധ്യായം 18
“എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക”
1-3. (എ) യേശു അപ്പൊസ്തലന്മാരെ വിട്ടുപിരിഞ്ഞ രംഗം വിവരിക്കുക. (ബി) അത് ആശയറ്റ ഒരു വിടവാങ്ങൽ അല്ലായിരുന്നത് എന്തുകൊണ്ട്? (സി) സ്വർഗത്തിൽ തിരിച്ചെത്തിയതിനുശേഷമുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
ആ പതിനൊന്നുപേർ ഒരു മലയിൽ നിൽക്കുകയാണ്. പുനരുത്ഥാനം പ്രാപിച്ച യേശുവും അവരോടൊപ്പമുണ്ട്. അവൻ വീണ്ടും യഹോവയുടെ ഏറ്റവും ശക്തനായ ആത്മപുത്രനായിത്തീർന്നിരിക്കുന്നു. അതിയായ സ്നേഹത്തോടും ആദരവോടുംകൂടി അവരെല്ലാവരും അവനെത്തന്നെ നോക്കിനിൽക്കുകയാണ്. അവസാനമായി ഒരിക്കൽക്കൂടി അവൻ തന്റെ അപ്പൊസ്തലന്മാരെ ഒലിവുമലയിൽ കൂട്ടിവരുത്തിയിരിക്കുന്നു.
2 യെരുശലേമിനു കിഴക്ക്, കിദ്രോൻതാഴ്വരയ്ക്ക് അപ്പുറമുള്ള ഈ ഒലിവുമല ഒട്ടേറെ ഓർമകൾ യേശുവിന്റെ മനസ്സിലേക്കു കൊണ്ടുവന്നിട്ടുണ്ടാകാം. ഈ മലയുടെ ചെരിവിലാണ് ബെഥാന്യ എന്ന പട്ടണം. ഇവിടെവെച്ചാണ് യേശു ലാസറിനെ ഉയിർപ്പിച്ചത്. ഏതാനും ആഴ്ചകൾമുമ്പ്, ഇതിനടുത്തുള്ള ബേത്ത്ഫാഗയിൽനിന്നാണ് യേശു രാജപ്രൗഢിയോടെ ആഘോഷപൂർവം യെരുശലേം നഗരത്തിൽ പ്രവേശിച്ചത്. ഈ മലയിൽത്തന്നെ ആയിരുന്നിരിക്കണം ഗെത്ത്ശെമന തോട്ടവും. അറസ്റ്റു ചെയ്യപ്പെടുന്നതിനുമുമ്പുള്ള സമ്മർദപൂരിതമായ ഏതാനും മണിക്കൂർ അവൻ ചെലവഴിച്ചത് അവിടെയാണ്. ഇപ്പോൾ ഇതേ മലയിൽവെച്ച് അവൻ തന്റെ ഉറ്റസ്നേഹിതരും അനുഗാമികളുമായവരോട് വിടചൊല്ലാൻ പോകുകയാണ്. അവസാനമായി, ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ചില വാക്കുകൾ അവൻ അവരോടു പറയുന്നു. പിന്നെ അവൻ മെല്ലെ ആകാശത്തേക്ക് ആരോഹണംചെയ്യാൻ തുടങ്ങി, അപ്പൊസ്തലന്മാർ അത്ഭുതസ്തബ്ധരായി നോക്കിനിന്നു. ഒടുവിൽ ഒരു മേഘം വന്ന് അവനെ മറച്ചു. പിന്നെ അവർക്ക് അവനെ കാണാൻ കഴിഞ്ഞില്ല.—പ്രവൃത്തികൾ 1:6-12.
3 ഇത് സന്തോഷവും സങ്കടവും ഇടകലർന്ന ഒരു വിടവാങ്ങലായി നിങ്ങൾക്ക് തോന്നിയേക്കാം, എന്നാൽ അങ്ങനെയല്ല. അവിടെ പ്രത്യക്ഷരായ രണ്ടുദൂതന്മാർ അപ്പൊസ്തലന്മാരോടു പറഞ്ഞതുപോലെ കാര്യങ്ങൾ ഇതോടെ അവസാനിക്കുകയായിരുന്നില്ല. (പ്രവൃത്തികൾ 1:10, 11) മറിച്ച്, അവന്റെ സ്വർഗാരോഹണം പലവിധങ്ങളിലും ഒരു തുടക്കംമാത്രമായിരുന്നു. സ്വർഗാരോഹണം ചെയ്തതുമുതലുള്ള യേശുവിന്റെ ജീവിതത്തെക്കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നുണ്ട്. നാം അത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എന്തുകൊണ്ട്? “എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക” എന്നാണ് യേശു പത്രോസിനോട് പറഞ്ഞത്. (യോഹന്നാൻ 21:19, 22) ഈ കൽപ്പന നാമും അനുസരിക്കേണ്ടതുണ്ട്. കുറച്ചുനേരത്തേക്കല്ല, പിന്നെയോ നിരന്തരം, ജീവിതത്തിലുടനീളം നാം അങ്ങനെ ചെയ്യേണ്ടതുണ്ട്. അതിന്, നമ്മുടെ നാഥനായ യേശു ഇപ്പോൾ എന്താണു ചെയ്യുന്നത്, സ്വർഗത്തിൽ എന്തെല്ലാം നിയോഗങ്ങളാണ് അവനു ലഭിച്ചിരിക്കുന്നത് എന്നൊക്കെ അറിയുന്നത് നന്നായിരിക്കും.
ഭൂമിയിൽനിന്ന് പോയതിനുശേഷമുള്ള യേശുവിന്റെ ജീവിതം
4. യേശു സ്വർഗത്തിൽ തിരികെയെത്തിയശേഷം സംഭവിക്കുന്നതിനെക്കുറിച്ച് ബൈബിൾ മുന്നമേ എന്തു വെളിപ്പെടുത്തി?
4 യേശു സ്വർഗത്തിൽ തിരിച്ചെത്തുമ്പോൾ അവനു ലഭിക്കുന്ന സ്വീകരണം, പിതാവുമായുള്ള സന്തോഷകരമായ പുനഃസമാഗമം എന്നിവയെക്കുറിച്ച് തിരുവെഴുത്തുകൾ ഒന്നുംതന്നെ പറയുന്നില്ല. എന്നാൽ യേശു തിരിച്ചെത്തി താമസിയാതെതന്നെ സ്വർഗത്തിൽ എന്തുസംഭവിക്കുമെന്ന് ബൈബിൾ നേരത്തെതന്നെ പറഞ്ഞിരുന്നു. യഹൂദജനത 15 നൂറ്റാണ്ടുകളിലേറെ ഒരു വിശുദ്ധ കർമത്തിന് സാക്ഷ്യം വഹിച്ചിരുന്നു—ഓരോ വർഷവും പാപപരിഹാര ദിവസം, മഹാപുരോഹിതൻ ആലയത്തിന്റെ അതിവിശുദ്ധത്തിൽ കടന്ന് യാഗരക്തം നിയമപെട്ടകത്തിന്റെ മുമ്പിൽ തളിക്കും. അന്നേദിവസം മഹാപുരോഹിതൻ മുൻനിഴലാക്കിയിരുന്നത് മിശിഹായെയാണ്. മഹാപുരോഹിതൻ ചെയ്തുപോന്ന ആ പ്രാവചനിക കർമത്തിന് യേശു സ്വർഗത്തിൽ തിരിച്ചെത്തിയശേഷം, എന്നെന്നേക്കുമായി നിവൃത്തിവരുത്തി. ഈ പ്രപഞ്ചത്തിലെ ഏറ്റവും പാവനമായ സ്ഥലത്തേക്ക്, യഹോവയുടെ മഹിമയാർന്ന സന്നിധിയിലേക്കുതന്നെ പ്രവേശിച്ച് അവൻ തന്റെ മറുവിലയാഗത്തിന്റെ മൂല്യം പിതാവിന്റെ മുമ്പാകെ അർപ്പിച്ചു. (എബ്രായർ 9:11, 12, 24) യഹോവ അത് സ്വീകരിച്ചോ?
5, 6. (എ) യഹോവ ക്രിസ്തുവിന്റെ മറുവിലയാഗം സ്വീകരിച്ചുവെന്നതിന് എന്തു തെളിവുണ്ട്? (ബി) മറുവിലയിൽനിന്ന് പ്രയോജനം നേടുന്നവർ ആരെല്ലാം, എങ്ങനെ?
5 അതിനുള്ള ഉത്തരം, യേശുവിന്റെ സ്വർഗാരോഹണത്തിന് ഏതാനും ദിവസങ്ങൾക്കുശേഷം നടന്ന ഒരു സംഭവത്തിൽനിന്നു നമുക്കു ലഭിക്കും. യെരുശലേമിലെ ഒരു മാളികമുറിയിൽ ഏകദേശം 120 ക്രിസ്ത്യാനികൾ കൂടിയിരുന്നപ്പോൾ പെട്ടെന്ന് കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം അവിടെയെങ്ങും നിറഞ്ഞു. തീനാളങ്ങൾപോലുള്ള നാവുകൾ അവരുടെ തലമേൽവന്നു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി, പല ഭാഷകൾ സംസാരിച്ചുതുടങ്ങി. (പ്രവൃത്തികൾ 2:) പുതിയ ഒരു ജനതയുടെ, ആത്മീയ ഇസ്രായേലിന്റെ, ജനനമായിരുന്നു ഈ സംഭവത്തോടെ അവിടെ നടന്നത്. ഈ ജനത ഭൂമിയിൽ തന്റെ ഹിതം ചെയ്യാനായി ദൈവം പുതിയതായി ‘തിരഞ്ഞെടുത്ത ഒരു വർഗവും രാജകീയ പുരോഹിതഗണവും’ ആയിത്തീർന്നു. ( 1-41 പത്രോസ് 2:9) ക്രിസ്തുവിന്റെ മറുവിലയാഗത്തെ യഹോവ അംഗീകരിക്കുകയും അതിന്റെ മൂല്യം സ്വീകരിക്കുകയും ചെയ്തുവെന്നതിന്റെ തെളിവായിരുന്നു അത്. ഈ വിധത്തിൽ പരിശുദ്ധാത്മാവിനെ പകർന്നത് മറുവിലയിലൂടെ ലഭിച്ച ആദ്യത്തെ അനുഗ്രഹങ്ങളിൽ ഒന്നായിരുന്നു.
6 അന്നുമുതൽ ക്രിസ്തുവിന്റെ മറുവില ലോകമെങ്ങുമുള്ള അവന്റെ അനുഗാമികൾക്ക് പലവിധ പ്രയോജനങ്ങൾ കൈവരുത്തിയിട്ടുണ്ട്. ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ വാഴാനുള്ള ‘ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ’ ആയാലും ഭൂമിയിൽ അവന്റെ രാജ്യത്തിന്റെ പ്രജകളായിരിക്കാൻ പ്രത്യാശിക്കുന്ന ‘വേറെ ആടുകളിൽപ്പെട്ടവർ’ ആയാലും യേശുവിന്റെ ബലിമരണത്തിൽനിന്ന് നാമെല്ലാം പ്രയോജനം നേടുന്നു. (ലൂക്കോസ് 12:32; യോഹന്നാൻ 10:16) നമ്മുടെ പ്രത്യാശയ്ക്കും പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിനുമുള്ള ആധാരം അതാണ്. ദിനന്തോറും യേശുവിനെ അനുഗമിച്ചുകൊണ്ട് ആ മറുവിലയിൽ വിശ്വാസമർപ്പിക്കുന്നിടത്തോളംകാലം ശുദ്ധമായ ഒരു മനസ്സാക്ഷിയും ശോഭനമായൊരു പ്രത്യാശയും നമുക്ക് ഉണ്ടായിരിക്കും.—യോഹന്നാൻ 3:16.
7. (എ) സ്വർഗത്തിൽ തിരിച്ചെത്തിയശേഷം യേശുവിന് എന്ത് അധികാരം ലഭിച്ചു? (ബി) നിങ്ങൾ അവനെ എങ്ങനെ പിന്തുണയ്ക്കും?
7 സ്വർഗത്തിൽ ചെന്നതുമുതൽ യേശു എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവന് വലിയ അധികാരം ലഭിച്ചതായി ബൈബിൾ പറയുന്നു. (മത്താ. 28:18) ക്രിസ്തീയ സഭയെ ഭരിക്കാൻ യഹോവ അവനെ നിയോഗിച്ചിരിക്കുന്നു. സ്നേഹത്തോടും നീതിയോടുംകൂടെയാണ് അവൻ അത് നിർവഹിക്കുന്നത്. (കൊലോസ്യർ 1:13) മുൻകൂട്ടി അറിയിച്ചിരുന്നതുപോലെ, തന്റെ ആട്ടിൻകൂട്ടത്തിനായി കരുതുന്നതിന് അവൻ ചില പുരുഷന്മാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. (എഫെസ്യർ 4:8) ഉദാഹരണത്തിന്, അവൻ പൗലോസിനെ “വിജാതീയരുടെ അപ്പൊസ്തലൻ” ആയി തിരഞ്ഞെടുത്ത് അതിവിദൂരദേശങ്ങളിൽ സുവിശേഷം അറിയിക്കാനായി അയച്ചു. (റോമർ 11:13; 1 തിമൊഥെയൊസ് 2:7) ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും യേശു ഏഷ്യാമൈനറിലെ ഏഴുസഭകൾക്ക് അഭിനന്ദനവും ബുദ്ധിയുപദേശവും തിരുത്തലും അടങ്ങിയ സന്ദേശങ്ങൾ നൽകുകയുണ്ടായി. (വെളിപാട് 2-3 അധ്യായങ്ങൾ) യേശുവിനെ ക്രിസ്തീയ സഭയുടെ ശിരസ്സായി നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? (എഫെസ്യർ 5:23) യേശുവിനെ സദാ അനുഗമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അനുസരിക്കാനും സഹകരിക്കാനും ഉള്ള ഒരു മനോഭാവം സഭയിൽ ഉന്നമിപ്പിക്കാൻ നിങ്ങൾ ശ്രമിക്കും.
8, 9. (എ) 1914-ൽ യേശുവിന് ഏത് അധികാരം ലഭിച്ചു? (ബി) ആ യാഥാർഥ്യം നമ്മുടെ ഓരോ തീരുമാനങ്ങളെയും എങ്ങനെ സ്വാധീനിക്കണം?
8 1914-ൽ യേശുവിന് മറ്റു ചില അധികാരങ്ങൾകൂടി ലഭിച്ചു. യഹോവയുടെ മിശിഹൈകരാജ്യത്തിന്റെ രാജാവായി അവൻ അവരോധിതനായത് ആ വർഷമാണ്. യേശുവിന്റെ ഭരണം തുടങ്ങിയപ്പോൾ “സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി.” തുടർന്ന് എന്തു സംഭവിച്ചു? സാത്താനെയും ഭൂതങ്ങളെയും ഭൂമിയിലേക്കു തള്ളിയിട്ടു, അതോടെ ഇവിടെ ദുരിതങ്ങളുടെയും യാതനകളുടെയും ഒരു കാലം തുടങ്ങി. നിലയ്ക്കാത്ത യുദ്ധങ്ങൾ, കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, രോഗങ്ങൾ, ഭൂകമ്പം, ക്ഷാമം ഇങ്ങനെ ഇന്ന് മനുഷ്യരാശിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങൾ യേശു സ്വർഗത്തിൽ വാഴ്ച നടത്തുന്നു എന്നതിന്റെ തെളിവാണ്. “ഈ ലോകത്തിന്റെ അധിപതി” ഇപ്പോഴും സാത്താനാണ്, എന്നാൽ അവന് ‘അൽപ്പകാലമേ’ ഇനി ശേഷിച്ചിട്ടുള്ളൂ. (വെളിപാട് 12:7-12; യോഹന്നാൻ 12:31; മത്തായി 24:3-7; ലൂക്കോസ് 21:11) അതേസമയം തന്റെ ഭരണത്തിനു കീഴടങ്ങാനുള്ള അവസരം ലോകമെങ്ങുമുള്ള ആളുകൾക്ക് യേശു ഇന്ന് വെച്ചുനീട്ടുന്നു.
9 നാം മിശിഹൈക രാജാവിന്റെ പക്ഷത്ത് നിലയുറപ്പിക്കേണ്ടത് അതിപ്രധാനമാണ്. ദിവസേന എടുക്കുന്ന ഓരോ തീരുമാനങ്ങളിലും ഈ ദുഷിച്ച ലോകത്തിന്റെയല്ല മറിച്ച് യേശുവിന്റെ അംഗീകാരമാണ് നാം തേടേണ്ടത്. “രാജാധിരാജാവും കർത്താധികർത്താവുമായ” യേശു മനുഷ്യവർഗത്തെ ശോധന ചെയ്യുമ്പോൾ അവന്റെ നീതിയുള്ള ഹൃദയം ഒരേസമയം കോപത്താൽ ജ്വലിക്കുകയും സന്തോഷത്താൽ നിറഞ്ഞുകവിയുകയും ചെയ്യുകയാണ്. (വെളിപാട് 19:16) എന്തുകൊണ്ട്?
മിശിഹൈക രാജാവിന്റെ ക്രോധവും സന്തോഷവും
10. (എ) യേശുവിന്റെ പ്രകൃതം എങ്ങനെയുള്ളതാണ്? (ബി) അവനിൽ കോപം ജനിപ്പിക്കുന്നത് എന്താണ്?
10 പിതാവിനെപ്പോലെതന്നെ സന്തോഷമുള്ള പ്രകൃതമാണ് യേശുവിന്റേതും. (1 തിമൊഥെയൊസ് 1:11) ഒരു മനുഷ്യനായി ഭൂമിയിൽ ജീവിച്ചപ്പോൾ അവൻ കുറ്റം കണ്ടുപിടിക്കുന്നവനോ പ്രീതിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവനോ ആയിരുന്നില്ല. എങ്കിലും ഇന്ന് ഭൂമിയിൽ നടമാടുന്ന അനേകം കാര്യങ്ങൾ അവനിൽ കോപം ജനിപ്പിക്കുന്നു, അത് നീതിയുക്തവുമാണ്. തന്നെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശവാദം മുഴക്കുകമാത്രം ചെയ്യുന്ന സകല മതസംഘടനകൾക്കുമെതിരെ അവന്റെ കോപം ജ്വലിക്കുന്നു. യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. അന്നു പലരും എന്നോട്, ‘കർത്താവേ, കർത്താവേ, ഞങ്ങൾ . . . നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ലയോ?’ എന്നു പറയും. എന്നാൽ ഞാൻ അവരോട്, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട് പോകുവിൻ എന്നു തീർത്തുപറയും.”—മത്തായി 7:21-23.
11-13. (എ) തന്റെ നാമത്തിൽ ‘വളരെ വീര്യപ്രവൃത്തികൾ ചെയ്യുന്നവരോടുള്ള’ യേശുവിന്റെ ശക്തമായ വാക്കുകൾ പലർക്കും ഉൾക്കൊള്ളാനാവാത്തത് എന്തുകൊണ്ട്? (ബി) അവൻ അവരോട് കോപിക്കുന്നത് എന്തുകൊണ്ടെന്ന് ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കുക.
11 ക്രിസ്ത്യാനികളെന്ന് സ്വയം വിളിക്കുന്ന മിക്കവർക്കും യേശു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് പിടികിട്ടുന്നില്ല. തന്റെ നാമത്തിൽ “അനേകം വീര്യപ്രവൃത്തികൾ” ചെയ്യുന്നവരെ അവൻ ഇത്ര ശക്തമായി കുറ്റംവിധിക്കുന്നത് എന്തുകൊണ്ടായിരിക്കും? ക്രൈസ്തവലോകത്തിലെ സഭകൾ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണംമുടക്കുകയും പാവങ്ങളെ സഹായിക്കുകയും ആശുപത്രികളും പള്ളിക്കൂടങ്ങളും പണിയുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ അവർ യേശുവിന്റെ കോപത്തിനു പാത്രമാകുന്നത് എന്തുകൊണ്ടാണ്? അതു മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം.
12 ഒരു വീട്ടിലെ അപ്പനും അമ്മയ്ക്കും അത്യാവശ്യമായി ഒരു യാത്രപോകേണ്ടിവരുന്നു. കുട്ടികളെ കൂടെക്കൊണ്ടുപോകാൻ പറ്റിയ സാഹചര്യമല്ല അവരുടേത്. അതുകൊണ്ട് അവർ കുട്ടികളെ നോക്കാൻ ഒരു ആയയെ ഏർപ്പാടുചെയ്യുന്നു. ഒന്നുമാത്രമാണ് അവർ അവളോട് ആവശ്യപ്പെടുന്നത്: “കുഞ്ഞുങ്ങൾക്ക് സമയത്ത് ആഹാരം കൊടുക്കണം, അവരെ വൃത്തിക്കു നടത്തണം, അവർ വീഴാതെ നോക്കണം.” എന്നാൽ മാതാപിതാക്കൾ തിരിച്ചെത്തുമ്പോൾ കാണുന്നത് എന്താണ്? ദേഹത്തെല്ലാം അഴുക്കുപുരണ്ട്, ക്ഷീണിച്ച് അവശരായി വിശന്നുകരയുന്ന കുഞ്ഞുങ്ങളെ! ആയയുടെ ശ്രദ്ധകിട്ടുന്നതിനുവേണ്ടി അവർ കരയുന്നുണ്ട്. പക്ഷേ അവൾ അത് ഗൗനിക്കുന്നില്ല. എന്തു ചെയ്യുകയാണ് അവൾ? ഒരു ഗോവണിയിൽകയറിനിന്ന് ജനാലകൾ കഴുകുകയാണ്! ഇതു കാണുന്ന മാതാപിതാക്കൾക്ക് ദേഷ്യം അടക്കാനാവുന്നില്ല. അവർ അവളോട് കുട്ടികളെ നോക്കാതിരുന്നതിന്റെ കാരണം ചോദിക്കുന്നു. അവളുടെ മറുപടി ഇതാണ്: “ഞാൻ എന്തെല്ലാമാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് നോക്കൂ! ജനാലകളൊക്കെ വെട്ടിത്തിളങ്ങുന്നത് കണ്ടില്ലേ? വീടിന്റെ അറ്റകുറ്റപ്പണികൾ പോലും ഞാൻ ചെയ്തു. എല്ലാം നിങ്ങൾക്കുവേണ്ടി.” ഇതു കേൾക്കുന്ന മാതാപിതാക്കളുടെ ദേഷ്യം അടങ്ങുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഇതൊന്നും ചെയ്യാൻ അവർ ആവശ്യപ്പെട്ടിരുന്നില്ല. കുട്ടികളെ നന്നായി നോക്കുക, അതുമാത്രമാണ് അവർ ആവശ്യപ്പെട്ടത്. പറഞ്ഞത് അനുസരിക്കാഞ്ഞത് അവരെ കോപാകുലരാക്കി.
13 ആ ആയയെപ്പോലെയാണ് ക്രൈസ്തവലോകം പ്രവർത്തിച്ചിരിക്കുന്നത്. ദൈവവചനത്തിലെ സത്യം പഠിപ്പിച്ചുകൊണ്ട് ആളുകളെ ആത്മീയമായി പോഷിപ്പിക്കാനും ആത്മീയ ശുദ്ധിപാലിക്കാൻ അവരെ സഹായിക്കാനും ഭൂമിയിലെ തന്റെ പ്രതിനിധികളോട് യേശു ആവശ്യപ്പെട്ടിരുന്നു. (യോഹന്നാൻ 21:15-17) എന്നാൽ യേശുവിന്റെ നിർദേശം അനുസരിക്കുന്നതിൽ ക്രൈസ്തവലോകം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അവൾ ആളുകളെ ആത്മീയമായി പട്ടിണിക്കിട്ടിരിക്കുന്നു; അവരെ വ്യാജോപദേശങ്ങളാൽ കുഴപ്പിക്കുകയും അടിസ്ഥാന ബൈബിൾസത്യങ്ങൾപോലും പഠിപ്പിക്കാതെ അജ്ഞരാക്കിനിറുത്തുകയും ചെയ്തിരിക്കുന്നു. (യെശയ്യാവു 65:13; ആമോസ് 8:11) ലോകത്തെ നന്നാക്കാനുള്ള അവളുടെ ശ്രമങ്ങളൊന്നും മനഃപൂർവമുള്ള ഈ അനുസരണക്കേടിന് ഒരു ന്യായീകരണമല്ല. വാസ്തവത്തിൽ, ഇടിച്ചുപൊളിച്ചു കളയാനിരിക്കുന്ന ഒരു വീടുപോലെയാണ് ഈ ലോകവ്യവസ്ഥിതി എന്നോർക്കുക! സാത്താന്റെ ഈ ലോകം ഉടൻ നശിപ്പിക്കപ്പെടുമെന്ന് ദൈവവചനം വളരെ വ്യക്തമായി പറയുന്നു.—1 യോഹന്നാൻ 2:15-17.
14. ഏതു പ്രവർത്തനം യേശുവിനെ സന്തോഷിപ്പിക്കുന്നു, എന്തുകൊണ്ട്?
14 എന്നാൽ സ്വർഗത്തിൽനിന്നു നോക്കുമ്പോൾ അവനെ സന്തോഷിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്—സ്വർഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ അനുഗാമികൾക്കു കൊടുത്ത ശിഷ്യരാക്കൽ നിയോഗം ലക്ഷക്കണക്കിന് ആളുകൾ വിശ്വസ്തതയോടെ നിവർത്തിക്കുന്ന കാഴ്ച! (മത്തായി 28:19, 20) മിശിഹൈക രാജാവിനെ സന്തോഷിപ്പിക്കുക എന്നത് എത്ര മഹത്തായ ഒരു പദവിയാണ്! അതുകൊണ്ട്, ‘വിശ്വസ്തനും വിവേകിയുമായ അടിമയെ’ പിന്തുണയ്ക്കാനുള്ള ഒരവസരവും നമുക്കു നഷ്ടപ്പെടുത്താതിരിക്കാം. (മത്തായി 24:45) ക്രൈസ്തവലോകത്തിലെ വൈദികരിൽനിന്നു തികച്ചും വ്യത്യസ്തരായി അഭിഷിക്തസഹോദരന്മാരുടെ ഈ ചെറിയ കൂട്ടം ക്രിസ്തുവിന്റെ വാക്കുകൾ അനുസരിച്ചുകൊണ്ട് പ്രസംഗവേലയ്ക്കു ചുക്കാൻ പിടിക്കുകയും ക്രിസ്തുവിന്റെ ആടുകളെ വിശ്വസ്തതയോടെ പോറ്റുകയും ചെയ്തിരിക്കുന്നു.
15, 16. (എ) ഭൂമിയിലെങ്ങുമുള്ള സ്നേഹരാഹിത്യം കാണുമ്പോൾ യേശുവിന് എന്തു തോന്നുന്നു, നാം അത് എങ്ങനെ മനസ്സിലാക്കുന്നു? (ബി) ക്രൈസ്തവലോകം യേശുവിന്റെ ക്രോധം വിളിച്ചുവരുത്തിയിരിക്കുന്നത് എങ്ങനെ?
15 ഈ ഭൂമിയിലെങ്ങും കാണുന്ന സ്നേഹരാഹിത്യം രാജാവിനെ കോപിഷ്ഠനാക്കുന്നു എന്നതിന് സംശയമില്ല. ശബത്തുനാളിൽ രോഗികളെ സുഖപ്പെടുത്തിയതിന് പരീശന്മാർ യേശുവിനെ കുറ്റപ്പെടുത്തിയതായി നാം കണ്ടു. ഇടുങ്ങിയ ചിന്താഗതിക്കാരും കഠിനഹൃദയരുമായ ഈ പരീശന്മാർക്ക് പാരമ്പര്യങ്ങൾക്കും ന്യായപ്രമാണത്തിന്റെ സ്വന്തം വ്യാഖ്യാനങ്ങൾക്കും അതീതമായി കാര്യങ്ങളെ വീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ യേശുവിന്റെ അത്ഭുതങ്ങൾ അന്നുണ്ടായിരുന്ന അനേകർക്ക് അളവറ്റ അനുഗ്രഹങ്ങൾ കൈവരുത്തി. അത് അവർക്കു സന്തോഷവും ആശ്വാസവും പകർന്നു, അവരുടെ വിശ്വാസത്തെ ബലപ്പെടുത്തി. എന്നാൽ ആ പരീശന്മാരുടെ കണ്ണിൽ ഇവയ്ക്കൊന്നും യാതൊരു വിലയും ഇല്ലായിരുന്നു. യേശു പക്ഷേ ഈ പരീശന്മാരെ എങ്ങനെയാണു വീക്ഷിച്ചത്? അവന് അവരോടു ‘രോഷം’ തോന്നിയതായും ‘അവരുടെ ഹൃദയകാഠിന്യത്തിൽ’ അവന്റെ ‘മനംനൊന്തതായും’ തിരുവെഴുത്തു പറയുന്നു.—മർക്കോസ് 3:5.
16 അന്നത്തെക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന് യേശുവിന് മനോവ്യസനം ഉണ്ടാക്കുന്നുണ്ട്. തിരുവെഴുത്തിനു വിരുദ്ധമായ ഉപദേശങ്ങളിലും പാരമ്പര്യങ്ങളിലും ആമഗ്നരായി, മറ്റൊന്നും കാണാനാകാതെ അന്ധത ബാധിച്ചിരിക്കുന്നവരാണ് ഇന്നത്തെ ക്രൈസ്തവ മതാധ്യക്ഷന്മാർ. അതുമാത്രമോ? ദൈവരാജ്യ സുവാർത്ത എങ്ങും ഘോഷിക്കപ്പെടുന്നതിൽ അവർ അങ്ങേയറ്റം രോഷംകൊള്ളുകയും ചെയ്യുന്നു. യേശു പ്രസംഗിച്ച സന്ദേശം ആളുകളുടെ പക്കൽ എത്തിക്കാനായി ആത്മാർഥമായി ശ്രമിക്കുന്ന ക്രിസ്ത്യാനികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. പലപ്പോഴും ക്രൈസ്തവ പുരോഹിതവർഗമാണ് ഇതിന്റെ പിന്നിൽ. (യോഹന്നാൻ 16:2; വെളിപാട് 18:4, 24) അതോടൊപ്പം അവർ മറ്റുള്ളവരുടെ ജീവൻ എടുക്കുന്നതിനായി സ്വന്തം അണികളെ ആശീർവദിച്ച് യുദ്ധങ്ങൾക്ക് അയയ്ക്കുകയും ചെയ്യുന്നു. ‘ക്രിസ്തുവിനുവേണ്ടി’ എന്നാണ് അവർ അതിനു ന്യായം പറയുക!
17. യേശുവിന്റെ യഥാർഥ അനുഗാമികൾ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് എങ്ങനെ?
17 ഇതിനു നേർവിപരീതമായി യേശുവിന്റെ യഥാർഥ അനുഗാമികൾ സഹമനുഷ്യരെ സ്നേഹിക്കുന്നു. എതിർപ്പുകൾ ഉണ്ടായിട്ടും അവർ യേശുവിനെപ്പോലെ “സകലതരം” മനുഷ്യരോടും സുവാർത്ത അറിയിക്കുന്നു. (1 തിമൊഥെയൊസ് 2:4) അവർ പരസ്പരം കാണിക്കുന്ന സ്നേഹം നിസ്തുലമാണ്; അവരെ തിരിച്ചറിയിക്കുന്ന മുഖ്യ അടയാളമാണത്. (യോഹന്നാൻ 13:34, 35) സഹവിശ്വാസികളോട് സ്നേഹത്തോടും ബഹുമാനത്തോടും മാന്യതയോടുംകൂടെ പെരുമാറിക്കൊണ്ട് അവർ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളാണെന്നു തെളിയിക്കുന്നു. ഇതെല്ലാം മിശിഹൈക രാജാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്!
18. (എ) ഏതു കാര്യം യേശുവിനെ ദുഃഖിപ്പിക്കും? (ബി) എന്നാൽ നമുക്ക് അവനെ എങ്ങനെ സന്തോഷിപ്പിക്കാനാകും?
18 എന്നാൽ നാം വിസ്മരിക്കരുതാത്ത ഒരു കാര്യവുമുണ്ട്. തന്റെ അനുഗാമികൾ സഹിച്ചുനിൽക്കാതെ യഹോവയോടുള്ള സ്നേഹം തണുത്ത് അവനെ സേവിക്കുന്നതു നിറുത്തിക്കളയുമ്പോൾ യേശുവിന്റെ ഹൃദയം ദുഃഖിക്കും. (വെളിപാട് 2:4, 5) എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവരിൽ യേശു സംപ്രീതനാകും. (മത്തായി 24:13) അതുകൊണ്ട്, “എന്നെ അനുഗമിച്ചുകൊണ്ടിരിക്കുക” എന്ന യേശുവിന്റെ കൽപ്പന നമുക്ക് എല്ലായ്പോഴും അനുസരിക്കാം. (യോഹന്നാൻ 21:19) അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവരുടെമേൽ മിശിഹൈക രാജാവ് വർഷിക്കുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ച് നമുക്കു നോക്കാം.
രാജാവിന്റെ വിശ്വസ്തദാസരുടെമേൽ ചൊരിയപ്പെടുന്ന അനുഗ്രഹങ്ങൾ
19, 20. (എ) യേശുവിനെ അനുഗമിക്കുന്നത് ഇപ്പോൾത്തന്നെ ഏതെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും? (ബി) ക്രിസ്തുവിനെ അനുകരിക്കുന്നതുവഴി നമുക്ക് ഒരു ‘നിത്യപിതാവിനെ’ ലഭിക്കുന്നത് എങ്ങനെ?
19 യേശുവിനെ അനുഗമിക്കുന്നത്, ഇപ്പോൾത്തന്നെ ധന്യമായ ഒരു ജീവിതത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുന്നു. യേശുവിന്റെ നിർദേശങ്ങൾ അനുസരിക്കുകയും അവന്റെ മാതൃകയെ വഴികാട്ടിയായി സ്വീകരിക്കുകയും ചെയ്തുകൊണ്ട് അവനെ നമ്മുടെ നായകനായി അംഗീകരിക്കാം. അപ്പോൾ, ലോകത്തിലെ ആളുകൾ അന്വേഷിച്ചിട്ടും അവർക്ക് കണ്ടെത്താനാകാതെപോകുന്ന വിലയേറിയ നിധികൾ നമുക്ക് കണ്ടെത്താനാകും. ജീവിതത്തിന് ഉദ്ദേശ്യവും അർഥവും പകരുന്ന വേല, കറയറ്റ സ്നേഹത്താൽ ഏകീകൃതരായിരിക്കുന്ന നമ്മുടെ സഹവിശ്വാസികളടങ്ങുന്ന കുടുംബം, ശുദ്ധമായ ഒരു മനസ്സാക്ഷി, മനസ്സമാധാനം ഇവയൊക്കെ ആ നിധികളിൽപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ, ധന്യവും സംതൃപ്തവുമായ ഒരു ജീവിതം കണ്ടെത്താൻ നമുക്കു കഴിയും. ഇനിയുമുണ്ട് അനുഗ്രഹങ്ങൾ!
20 ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർക്ക്, ‘നിത്യപിതാവെന്നനിലയിൽ’ യഹോവ യേശുവിനെ നൽകിയിരിക്കുന്നു. തന്റെ സന്തതികളെയെല്ലാം ദുരിതത്തിലേക്ക് തള്ളിവിട്ട ആദ്യപിതാവായ ആദാമിനു പകരമായിട്ടാണ് യേശു നിത്യപിതാവായിരിക്കുന്നത്. (യെശയ്യാവു 9:6, 7) നമ്മുടെ നിത്യപിതാവായി യേശുവിനെ അംഗീകരിക്കുകയും അവനിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ നിത്യജീവന്റെ പ്രത്യാശ ഉറപ്പുള്ളതായിരിക്കും. അതിലുപരിയായി നമ്മുടെ ദൈവമായ യഹോവയോടു നാം കൂടുതൽ അടുക്കുകയും ചെയ്യും. നാം പഠിച്ചതുപോലെ, “പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ” എന്ന കൽപ്പന അനുസരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ദിനന്തോറും യേശുവിന്റെ മാതൃക അനുകരിക്കുക എന്നതാണ്.—എഫെസ്യർ 5:1.
21. ഇരുൾമൂടിയ ലോകത്ത് ക്രിസ്തുവിന്റെ അനുഗാമികളായ നാം പ്രകാശം പരത്തുന്നത് എങ്ങനെ?
21 യേശുവിനെയും അവന്റെ പിതാവായ യഹോവയെയും അനുകരിക്കുമ്പോൾ ഉജ്ജ്വല പ്രകാശം പരത്താനുള്ള ഒരു മഹനീയ പദവിയാണ് നമുക്കു ലഭിക്കുന്നത്. ഇരുൾമൂടിയ ഒരു ലോകത്തിൽ, ലക്ഷോപലക്ഷങ്ങൾ സാത്താനാൽ വഴിതെറ്റിക്കപ്പെട്ട് അവന്റെ ദുർഗുണങ്ങൾ അനുകരിക്കുമ്പോൾ, ക്രിസ്തുവിനെ അനുകരിക്കുന്നവരായ നാം ഒരു അത്യുജ്ജല പ്രകാശം ലോകമെങ്ങും പ്രസരിപ്പിക്കുന്നു—തിരുവെഴുത്തു സത്യങ്ങളുടെയും ഉത്തമമായ ക്രിസ്തീയ ഗുണങ്ങളുടെയും യഥാർഥ സന്തോഷത്തിന്റെയും ശാന്തിയുടെയും സ്നേഹത്തിന്റെയും പ്രകാശം. അതോടൊപ്പം നാം യഹോവയോട് കൂടുതൽ അടുത്തുചെല്ലുകയുമാണ്. ബുദ്ധിശക്തിയുള്ള ഏതൊരു സൃഷ്ടിയെ സംബന്ധിച്ചിടത്തോളവും അതുതന്നെയാണ് ആത്യന്തിക ലക്ഷ്യം.
22, 23. (എ) വിശ്വസ്തതയോടെ യേശുവിനെ അനുഗമിക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കരുതിവെച്ചിരിക്കുന്നു? (ബി) നമ്മുടെ തീരുമാനം എന്തായിരിക്കണം?
22 മിശിഹൈക രാജാവിലൂടെ ഭാവിയിൽ യഹോവ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്നത് എന്താണ്? പെട്ടെന്നുതന്നെ രാജാവ് സാത്താന്റെ ഈ ദുഷ്ടലോകത്തിനെതിരെ നീതിപൂർവകമായ യുദ്ധം നടത്തും. യേശുവിന്റെ വിജയം സുനിശ്ചിതമാണ്! (വെളിപാട് 19:11-15) അതിനുശേഷം യേശു ഭൂമിമേലുള്ള തന്റെ സഹസ്രാബ്ദവാഴ്ച ആരംഭിക്കും. അവന്റെ സ്വർഗീയ ഗവണ്മെന്റ് മറുവിലയുടെ പ്രയോജനങ്ങൾ വിശ്വസ്തരായ ഓരോ മനുഷ്യരിലേക്കും ചൊരിഞ്ഞുകൊണ്ട് അവരെ പൂർണതയിലേക്കു കൈപിടിച്ച് ഉയർത്തും. ഓജസ്സും ആരോഗ്യവും തുടിക്കുന്ന നിത്യയൗവനത്തിൽ, ഭൂമിയെ ഒരു പറുദീസയാക്കുന്നതിന് ഏകീകൃത മനുഷ്യകുടുംബത്തോടൊപ്പം സന്തോഷത്തോടെ അധ്വാനിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! സഹസ്രാബ്ദത്തിന്റെ അവസാനം യേശു ഭരണാധിപത്യം തിരികെ പിതാവിനെ ഏൽപ്പിക്കും. (1 കൊരിന്ത്യർ 15:24) നിങ്ങൾ യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുന്നെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഒരു അനുഗ്രഹം നിങ്ങളെ കാത്തിരിക്കുന്നു—“ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം!” (റോമർ 8:20) അതെ, ആദാമും ഹവ്വായും ആസ്വദിച്ചിരുന്നതും അവർ നഷ്ടപ്പെടുത്തിക്കളഞ്ഞതുമായ ആ സൗഭാഗ്യങ്ങളെല്ലാം നമുക്ക് തിരിച്ചുകിട്ടും. യഹോവയുടെ ഭൗമിക പുത്രന്മാരും പുത്രിമാരുമായിത്തീരുന്ന നമ്മിൽനിന്ന് ആദാം വീഴ്ത്തിയ പാപക്കറ പൂർണമായി തുടച്ചുനീക്കപ്പെട്ടിരിക്കും. “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല.”—വെളിപാട് 21:4.
23 ഒന്നാം അധ്യായത്തിൽ നാം കണ്ട ധനികനായ യുവഭരണാധിപനെ ഓർമയുണ്ടോ? “വന്ന് എന്നെ അനുഗമിക്കുക” എന്ന യേശുവിന്റെ ക്ഷണം അവൻ നിരസിക്കുകയാണു ചെയ്തത്. (മർക്കോസ് 10:17-22) നമ്മുടെ കാര്യത്തിൽ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ! യേശുവിന്റെ ആ ക്ഷണം നിങ്ങൾ ഉത്സാഹത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുക. സഹിച്ചുനിൽക്കാനും നല്ല ഇടയനായ യേശുവിനെ വർഷാന്തരങ്ങളിലൂടെ അനുദിനം അനുഗമിക്കാനും യഹോവയുടെ ഉദ്ദേശ്യങ്ങളെല്ലാം അവൻ അതിന്റെ മഹനീയ പാരമ്യത്തിലെത്തിക്കുന്നത് കാണാനും നിങ്ങൾക്ക് കഴിയുമാറാകട്ടെ!