വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 15

അവന്റെ “മനസ്സലിഞ്ഞു”

അവന്റെ “മനസ്സലിഞ്ഞു”

“കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നു​കി​ട്ടേണം”

1-3. (എ) രണ്ട്‌ യാചകർ സഹായ​ത്തി​നാ​യി നിലവി​ളി​ച്ച​പ്പോൾ യേശു എന്തു ചെയ്‌തു? (ബി) “മനസ്സലി​ഞ്ഞു” എന്നതിന്റെ അർഥ​മെന്ത്‌? (അടിക്കു​റിപ്പ്‌ കാണുക.)

 യെരീ​ഹോ​യ്‌ക്ക്‌ അടുത്താ​യി വഴിയ​രി​കിൽ ഇരിക്കു​ക​യാണ്‌ അന്ധന്മാ​രായ രണ്ട്‌ യാചകർ. അവർ ദിവസ​വും ഇവിടെ വരും; അതുവഴി കടന്നു​പോ​കുന്ന ആളുക​ളോട്‌ ഭിക്ഷയാ​ചി​ക്കും. ഇന്നത്തെ ദിവസ​ത്തിന്‌ പക്ഷേ ഒരു പ്രത്യേ​ക​ത​യുണ്ട്‌. അവരുടെ ജീവി​തം​തന്നെ മാറ്റി​മ​റിച്ച ഒരു സംഭവം നടക്കാ​നി​രി​ക്കു​ക​യാണ്‌.

2 പെട്ടെന്ന്‌ അതാ ഒരു ആരവം കേൾക്കു​ന്നു. നടക്കു​ന്നത്‌ എന്താ​ണെന്ന്‌ കാണാൻ മാർഗ​മി​ല്ലാ​ത്ത​തി​നാൽ അന്ധന്മാ​രി​ലൊ​രാൾ കാര്യം തിരക്കു​ന്നു. “നസറാ​യ​നായ യേശു കടന്നു​പോ​കു​ന്നു!” ആരോ മറുപടി പറഞ്ഞു. യെരു​ശ​ലേ​മി​ലേ​ക്കുള്ള യേശു​വി​ന്റെ അവസാന യാത്ര​യാ​ണിത്‌. അവൻ പക്ഷേ തനിച്ചല്ല, വലി​യൊ​രു ജനക്കൂ​ട്ട​മുണ്ട്‌ കൂടെ. കടന്നു​പോ​കു​ന്നത്‌ യേശു​വാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ, “കർത്താവേ, ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കനിവു തോ​ന്നേ​ണമേ” എന്ന്‌ ആ യാചകർ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു. ഇതു​കേട്ട്‌ ആളുകൾക്ക്‌ അരിശം​വന്നു. മിണ്ടാ​തി​രി​ക്കാൻ അവർ യാചക​രോട്‌ ആവശ്യ​പ്പെ​ടു​ന്നു. പക്ഷേ അവരു​ണ്ടോ കേൾക്കു​ന്നു, ശബ്ദം കൂട്ടി​യ​ത​ല്ലാ​തെ മിണ്ടാ​തി​രി​ക്കാൻ അവർ കൂട്ടാ​ക്കു​ന്നില്ല.

3 ജനക്കൂ​ട്ട​ത്തി​ന്റെ ആരവ​ത്തെ​യും കടത്തി​വെ​ട്ടുന്ന ആ ശബ്ദം എന്തായാ​ലും യേശു കേൾക്കു​ക​തന്നെ ചെയ്‌തു. അവൻ എന്തു ചെയ്‌തു? പലവിധ ചിന്തക​ളാൽ കലുഷി​ത​മാ​യി​രു​ന്നു അവന്റെ മനസ്സ്‌. ഭൂമി​യി​ലെ അവന്റെ ജീവിതം അവസാ​നി​ക്കാൻ ഇനി ഏതാണ്ട്‌ ഒരാഴ്‌ച​മാ​ത്രം. യെരു​ശ​ലേ​മിൽവെച്ച്‌ താൻ കഷ്ടം സഹിച്ച്‌ മരി​ക്കേ​ണ്ടി​വ​രു​മെന്ന്‌ യേശു​വിന്‌ അറിയാം. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ആ അന്ധന്മാ​രു​ടെ നിലവി​ളി കേട്ടി​ല്ലെന്നു നടിക്കാൻ യേശു​വി​നാ​യില്ല. അവരെ തന്റെ അടുക്കൽ കൊണ്ടു​വ​രാൻ അവൻ ആവശ്യ​പ്പെ​ടു​ന്നു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നു​കി​ട്ടേണം,” അവർ അപേക്ഷി​ക്കു​ന്നു. “മനസ്സലിഞ്ഞ്‌” യേശു അവരുടെ കണ്ണുക​ളിൽ തൊടു​ന്നു. * ഉടനെ അവർക്കു കാഴ്‌ച​കി​ട്ടി. ഒട്ടും താമസി​യാ​തെ അവരും അവനെ അനുഗ​മി​ക്കു​ന്നു.​—ലൂക്കോസ്‌ 18:35-43; മത്തായി 20:29-34.

4. ‘ദുർബ​ല​നോട്‌ അവൻ കരുണ കാണി​ക്കും’ എന്ന പ്രവചനം യേശു എങ്ങനെ​യാണ്‌ നിറ​വേ​റ്റി​യത്‌?

4 യേശു​വി​ന്റെ അനുകമ്പ വ്യക്തമാ​ക്കുന്ന സംഭവങ്ങൾ വേറെ​യു​മുണ്ട്‌. ‘ദുർബ​ല​നോട്‌ അവൻ കരുണ കാണി​ക്കും’ എന്ന്‌ പ്രവച​ന​മു​ണ്ടാ​യി​രു​ന്നു. (സങ്കീർത്തനം 72:13, പി.ഒ.സി.) ആ വാക്കു​കൾക്കു ചേർച്ച​യി​ലാ​യി​രു​ന്നു യേശു​വി​ന്റെ ജീവിതം. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോട്‌ അവൻ പരിഗണന കാണിച്ചു. ആളുകളെ സഹായി​ക്കാൻ അവൻ മുൻ​കൈ​യെ​ടു​ത്തു. അവന്റെ കരുണ​യാണ്‌ പ്രസം​ഗ​വേ​ല​യിൽ അവനു പ്രചോ​ദ​ന​മാ​യത്‌. യേശു​വി​ന്റെ വാക്കു​ക​ളി​ലെ​യും പ്രവൃ​ത്തി​യി​ലെ​യും ആർദ്രാ​നു​കമ്പ സുവി​ശേ​ഷങ്ങൾ നമുക്കു കാണി​ച്ചു​ത​രു​ന്നു. അതാണ്‌ നാം അടുത്ത​താ​യി കാണാൻപോ​കു​ന്നത്‌. യേശു​വി​ന്റെ അനുകമ്പ നമു​ക്കെ​ങ്ങനെ അനുക​രി​ക്കാ​മെ​ന്നും നാം പഠിക്കും.

മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ കണക്കിലെടുക്കുന്നു

5, 6. യേശു സഹാനു​ഭൂ​തി​യു​ടെ പര്യാ​യ​മാ​യി​രു​ന്നു എന്നു വ്യക്തമാ​ക്കുന്ന ഏതാനും ഉദാഹ​ര​ണങ്ങൾ പറയുക.

5 സഹാനു​ഭൂ​തി​യു​ടെ പര്യാ​യ​മാ​യി​രു​ന്നു യേശു. കഷ്ടപ്പെ​ടു​ന്ന​വ​രു​ടെ വേദന യേശു​വിന്‌ മനസ്സി​ലാ​യി; അവന്‌ അവരോ​ടു സഹാനു​ഭൂ​തി തോന്നി. അവർ അനുഭ​വിച്ച എല്ലാ കഷ്ടങ്ങളും അവൻ അനുഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അവരുടെ വേദനകൾ അവനെ വേദനി​പ്പി​ക്കു​ക​തന്നെ ചെയ്‌തു. (എബ്രായർ 4:15) 12 വർഷമാ​യി രക്തസ്രാ​വ​മു​ണ്ടാ​യി​രുന്ന സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്തിയ സംഭവം​തന്നെ എടുക്കുക. ആ സ്‌ത്രീ​യു​ടെ കഷ്ടപ്പാട്‌ യേശു​വിന്‌ മനസ്സി​ലാ​യി. ‘നിന്നെ വലച്ചി​രുന്ന കഠിന രോഗം’ എന്ന്‌ യേശു അവളോ​ടു പറഞ്ഞ വാക്കുകൾ അതാണ്‌ കാണി​ക്കു​ന്നത്‌. (മർക്കോസ്‌ 5:25-34) ലാസറി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ മറിയ​യും മറ്റുള്ള​വ​രും കരയു​ന്നതു കണ്ടപ്പോൾ യേശു​വിന്‌ ദുഃഖം അടക്കാ​നാ​യില്ല. യേശു ലാസറി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ പോകു​ക​യാ​യി​രു​ന്നെന്ന്‌ ഓർക്കണം. എന്നിട്ടും, അവൻ “കണ്ണുനീർവാർത്തു” എന്ന്‌ വിവരണം പറയുന്നു. അതെ, അവന്‌ അത്രയ്‌ക്ക്‌ വിഷമം​തോ​ന്നി.​—യോഹ​ന്നാൻ 11:33, 35.

6 മറ്റൊരു സന്ദർഭ​ത്തിൽ, കുഷ്‌ഠ​രോ​ഗി​യായ ഒരു മനുഷ്യൻ യേശു​വി​നെ സമീപിച്ച്‌ ഇങ്ങനെ അപേക്ഷി​ച്ചു: “നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധനാ​ക്കാൻ കഴിയും.” രോഗം എന്തെന്ന്‌ അറിഞ്ഞി​ട്ടി​ല്ലാത്ത പൂർണ​മ​നു​ഷ്യ​നാ​യി​രുന്ന യേശു ആ അപേക്ഷ കൈ​ക്കൊ​ണ്ടോ? അവന്‌ ആ മനുഷ്യ​നോട്‌ സഹാനു​ഭൂ​തി തോന്നി. അതെ, ‘അവന്റെ മനസ്സലി​ഞ്ഞു.’ (മർക്കോസ്‌ 1:40-42) തുടർന്ന്‌ യേശു അസാധാ​ര​ണ​മായ ഒരു കാര്യ​മാണ്‌ ചെയ്‌തത്‌. ന്യായ​പ്ര​മാ​ണം കുഷ്‌ഠ​രോ​ഗി​കളെ അശുദ്ധ​രാ​യി കണക്കാ​ക്കി​യി​രു​ന്നെ​ന്നും മറ്റുള്ള​വ​രു​മാ​യി സമ്പർക്കം പുലർത്തു​ന്ന​തിൽനിന്ന്‌ അവരെ വിലക്കി​യി​രു​ന്നെ​ന്നും യേശു​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 13:45, 46) ആ മനുഷ്യ​നെ തൊടാ​തെ​തന്നെ സുഖ​പ്പെ​ടു​ത്താൻ യേശു​വിന്‌ കഴിയു​മാ​യി​രു​ന്നു എന്നതിന്‌ സംശയ​മില്ല. (മത്തായി 8:5-13) എന്നിട്ടും യേശു കൈനീ​ട്ടി അവനെ തൊട്ടു. “എനിക്കു മനസ്സുണ്ട്‌; ശുദ്ധനാ​കുക” എന്നു പറഞ്ഞു. തത്‌ക്ഷണം അവന്റെ കുഷ്‌ഠം മാറി. അതെ, സഹാനു​ഭൂ​തി​യു​ടെ പര്യാ​യ​മാ​യി​രു​ന്നു യേശു!

“സഹാനു​ഭൂ​തി” ഉള്ളവരായിരിക്കുക

7. (എ) സഹാനു​ഭൂ​തി വളർത്തി​യെ​ടു​ക്കാൻ നമ്മെ എന്തു സഹായി​ക്കും? (ബി) നമു​ക്കെ​ങ്ങനെ സഹാനു​ഭൂ​തി കാണി​ക്കാ​നാ​കും?

7 ക്രിസ്‌ത്യാ​നി​ക​ളായ നാം സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ യേശു​വി​നെ അനുക​രി​ക്കേ​ണ്ട​തുണ്ട്‌. ‘സഹാനു​ഭൂ​തി ഉള്ളവരാ​യി​രി​ക്കു​വിൻ’ എന്ന്‌ ബൈബിൾ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. * (1 പത്രോസ്‌ 3:8) മാരക​രോ​ഗ​ങ്ങ​ളോ വിഷാ​ദ​മോ മറ്റോ അനുഭ​വി​ക്കു​ന്ന​വ​രു​ടെ പ്രയാ​സങ്ങൾ പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ നമുക്കു കഴി​ഞ്ഞെ​ന്നു​വ​രില്ല, പ്രത്യേ​കി​ച്ചും നമുക്ക്‌ അങ്ങനെ​യൊ​രു അനുഭവം ഉണ്ടായി​ട്ടി​ല്ലെ​ങ്കിൽ. പക്ഷേ ഒന്നോർക്കണം, അത്തരം സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യാ​ലേ നമുക്ക്‌ സഹാനു​ഭൂ​തി കാണി​ക്കാൻപറ്റൂ എന്നില്ല. രോഗം എന്തെന്ന്‌ അറിഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും യേശു രോഗി​ക​ളോട്‌ സഹാനു​ഭൂ​തി കാണിച്ചു. അങ്ങനെ​യെ​ങ്കിൽ, ഈ ഗുണം വളർത്തി​യെ​ടു​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? കഷ്ടം അനുഭ​വി​ക്കു​ന്നവർ മനസ്സു​തു​റ​ക്കു​മ്പോൾ, സങ്കടങ്ങൾ പങ്കു​വെ​ക്കു​മ്പോൾ ശ്രദ്ധി​ച്ചു​കേൾക്കു​ന്ന​താണ്‌ ഒരു മാർഗം. ‘അവരുടെ സ്ഥാനത്ത്‌ ഞാനാ​യി​രു​ന്നെ​ങ്കിൽ. . . ’ എന്ന്‌ ഒരുനി​മി​ഷം ചിന്തി​ക്കുക. (1 കൊരി​ന്ത്യർ 12:26) മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ പഠിക്കുക, അതു നമ്മു​ടേ​താ​ക്കുക. ‘വിഷാ​ദ​മ​ഗ്നരെ സാന്ത്വ​ന​പ്പെ​ടു​ത്താൻ’ അതു നമ്മെ ഏറെ സജ്ജരാ​ക്കും. (1 തെസ്സ​ലോ​നി​ക്യർ 5:14) വാക്കു​കൾകൊ​ണ്ടു മാത്രമല്ല സഹാനു​ഭൂ​തി കാണി​ക്കാ​നാ​കുക. ‘കരയു​ന്ന​വ​രോ​ടൊ​പ്പം കരയു​മ്പോൾ’ അവി​ടെ​യും നാം സഹാനു​ഭൂ​തി കാണി​ക്കു​ക​യാണ്‌. അങ്ങനെ ചെയ്യാ​നാണ്‌ റോമർ 12:15 നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നത്‌.

8, 9. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോട്‌ യേശു പരിഗണന കാണി​ച്ചത്‌ എങ്ങനെ?

8 മറ്റുള്ള​വ​രോ​ടു പരിഗ​ണ​ന​യു​ള്ള​വ​നാ​യി​രു​ന്നു യേശു. അവരുടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ത്തു​കൊ​ണ്ടാണ്‌ അവൻ എല്ലായ്‌പോ​ഴും പ്രവർത്തി​ച്ചത്‌. ഒരിക്കൽ കുറെ ആളുകൾ, സംസാ​രി​ക്കാൻ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രുന്ന ഒരു ബധിരനെ യേശു​വി​ന്റെ അടുക്കൽ കൊണ്ടു​വന്നു. അയാളു​ടെ മുഖത്തെ അമ്പരപ്പ്‌ കണ്ടിട്ടാ​കണം, സുഖ​പ്പെ​ടു​ത്തു​മ്പോൾ സാധാരണ ചെയ്യാത്ത ഒരു കാര്യം യേശു ചെയ്യുന്നു: “അവൻ ആ മനുഷ്യ​നെ ജനക്കൂ​ട്ട​ത്തിൽനി​ന്നു മാറ്റി​നി​റു​ത്തി.” അതെ, ജനക്കൂ​ട്ട​ത്തി​ന്റെ ബഹളങ്ങ​ളിൽനി​ന്നൊ​ക്കെ അകന്ന്‌ ആരും കാണാത്ത ഒരിടത്ത്‌ കൊണ്ടു​പോ​യി യേശു അയാളെ സുഖ​പ്പെ​ടു​ത്തി.​—മർക്കോസ്‌ 7:31-35.

9 അന്ധനായ ഒരു മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴും യേശു ഇതു​പോ​ലെ പരിഗണന കാണിച്ചു. യേശു അയാളെ “കൈക്കു​പി​ടി​ച്ചു ഗ്രാമ​ത്തി​നു വെളി​യി​ലേക്കു കൊണ്ടു​പോ​യി” ഘട്ടംഘ​ട്ട​മാ​യി സുഖ​പ്പെ​ടു​ത്തി എന്ന്‌ തിരു​വെ​ഴു​ത്തു​ക​ളിൽ നാം വായി​ക്കു​ന്നു. അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ, സൂര്യ​പ്ര​കാ​ശ​ത്തിൽ കുളി​ച്ചു​നിൽക്കുന്ന പ്രകൃ​തി​യും അതിലെ കണ്ണഞ്ചി​ക്കുന്ന ദൃശ്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അയാളു​ടെ കണ്ണുകൾക്ക്‌ ഏറെ പ്രയാ​സ​പ്പെ​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. (മർക്കോസ്‌ 8:22-26) മറ്റുള്ള​വ​രോ​ടുള്ള പരിഗ​ണ​ന​യു​ടെ എത്ര ഉദാത്ത​മായ മാതൃക!

10. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോട്‌ പരിഗണന കാണി​ക്കാ​നാ​കുന്ന ചില മാർഗ​ങ്ങ​ളേവ?

10 യേശു​വി​ന്റെ അനുഗാ​മി​കൾ മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കണം. ചിന്തി​ക്കാ​തെ പറയുന്ന വാക്കുകൾ മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്തും. അതു​കൊണ്ട്‌ വാക്കുകൾ സൂക്ഷിച്ച്‌ ഉപയോ​ഗി​ക്കാൻ നാം ശ്രദ്ധി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 12:18; 18:21) മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ പരിഗ​ണി​ക്കു​ന്ന​വ​രാ​ണ​ല്ലോ ക്രിസ്‌ത്യാ​നി​കൾ. അതു​കൊ​ണ്ടു​തന്നെ അവർക്കി​ട​യിൽ കുത്തു​വാ​ക്കു​കൾ, ഇടിച്ചു​താ​ഴ്‌ത്തുന്ന സംസാരം, പരിഹാ​സ​ച്ചു​വ​യുള്ള പ്രയോ​ഗങ്ങൾ എന്നിവ​യ്‌ക്കൊ​ന്നും സ്ഥാനമില്ല. (എഫെസ്യർ 4:31) മൂപ്പന്മാ​രേ, മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോട്‌ നിങ്ങൾക്ക്‌ എങ്ങനെ പരിഗണന കാണി​ക്കാം? ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ടി​വ​രു​മ്പോൾ സൗമ്യ​ത​യോ​ടെ ശാന്തമാ​യി സംസാ​രി​ക്കുക; പരിഗ​ണ​ന​യോ​ടു​കൂ​ടിയ വാക്കുകൾ ഉപയോ​ഗി​ക്കുക. തന്റെ അന്തസ്സ്‌ മാനി​ക്ക​പ്പെ​ടു​ന്നു എന്ന്‌ കേൾക്കുന്ന വ്യക്തിക്കു തോന്നണം. (ഗലാത്യർ 6:1) ഇനി, കുട്ടി​ക​ളു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കു​ന്നെന്നു കാണി​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാ​നാ​കും? കുട്ടി​കൾക്കു നാണ​ക്കേട്‌ ഉണ്ടാക്കുന്ന വിധത്തിൽ ശിക്ഷണം കൊടു​ക്കാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക.​—കൊ​ലോ​സ്യർ 3:21.

സഹായി​ക്കാൻ മുൻകൈയെടുക്കുന്നു

11, 12. എല്ലായ്‌പോ​ഴും ആരെങ്കി​ലും ആവശ്യ​പ്പെ​ട്ടി​ട്ടല്ല യേശു അനുകമ്പ കാണി​ച്ച​തെന്നു വ്യക്തമാ​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഏവ?

11 പല സാഹച​ര്യ​ങ്ങ​ളി​ലും, ആരും ആവശ്യ​പ്പെ​ട്ടി​ട്ടല്ല യേശു അനുകമ്പ കാണി​ച്ചത്‌. വാസ്‌ത​വ​ത്തിൽ അനുകമ്പ കേവലം ഒരു വികാ​രമല്ല, പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കുന്ന സജീവ​മായ ഒരു ഗുണമാണ്‌. അതു​കൊ​ണ്ടു​തന്നെ, ആർദ്രാ​നു​കമ്പ തോന്നി മറ്റുള്ള​വരെ സഹായി​ക്കാൻ യേശു മുൻ​കൈ​യെ​ടു​ത്ത​തിൽ അതിശ​യി​ക്കാ​നില്ല. ഒരിക്കൽ, ഭക്ഷണം​പോ​ലും കഴിക്കാ​തെ മൂന്നു ദിവസം തന്റെ ഉപദേശം ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന ഒരു വലിയ ജനക്കൂ​ട്ടത്തെ യേശു പോഷി​പ്പി​ക്കു​ക​യു​ണ്ടാ​യി. അവർക്കു വിശക്കു​ന്നു​ണ്ടാ​കു​മെ​ന്നും അതു​കൊണ്ട്‌ എന്തെങ്കി​ലും ചെയ്യണ​മെ​ന്നും ആരും അവനോട്‌ ആവശ്യ​പ്പെ​ട്ടില്ല. വിവരണം പറയു​ന്നതു ശ്രദ്ധി​ക്കുക: “ഈ ജനക്കൂ​ട്ട​ത്തോട്‌ എനിക്ക്‌ അലിവു തോന്നു​ന്നു; മൂന്നു​ദി​വ​സ​മാ​യി ഇവർ എന്നോ​ടു​കൂ​ടെ​യാ​ണ​ല്ലോ. ഇവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. വിശന്ന​വ​രാ​യി ഇവരെ പറഞ്ഞയ​യ്‌ക്കാൻ എനിക്കു മനസ്സു​വ​രു​ന്നില്ല. ഇവർ വഴിയിൽ തളർന്നു വീണേ​ക്കും.” അതു പറഞ്ഞിട്ട്‌ അത്ഭുത​ക​ര​മാ​യി അവൻ അവരെ പോഷി​പ്പി​ച്ചു; ആരും ആവശ്യ​പ്പെ​ട്ടി​ട്ടല്ല, സ്വമന​സ്സാ​ലെ.​—മത്തായി 15:32-38.

12 ഇനി മറ്റൊരു സംഭവം നോക്കാം. എ.ഡി. 31-ലായി​രു​ന്നു അത്‌. യേശു നയിൻ പട്ടണ​ത്തോട്‌ അടുത്ത​പ്പോൾ കരളലി​യി​ക്കുന്ന ഒരു കാഴ്‌ച​കണ്ടു. ഒരു വിലാ​പ​യാ​ത്ര പട്ടണത്തിൽനിന്ന്‌ പുറ​ത്തേക്കു പോകു​ക​യാണ്‌. കുന്നിൻചെ​രി​വി​ലുള്ള കല്ലറയി​ലേ​ക്കാണ്‌ അവർ പോകു​ന്നത്‌. ‘ഒരു വിധവ​യു​ടെ ഏകമക​നാണ്‌’ മരിച്ചി​രി​ക്കു​ന്നത്‌. ആ അമ്മയുടെ വേദന നിങ്ങൾക്ക്‌ ഊഹി​ക്കാ​നാ​കു​ന്നു​ണ്ടോ? അവളുടെ ഒരേ​യൊ​രു മകനെ​യാണ്‌ അവൾക്കു നഷ്ടമാ​യി​രി​ക്കു​ന്നത്‌. ദുഃഖം പങ്കിടാൻ അവളുടെ ഭർത്താവ്‌ ജീവി​ച്ചി​രി​പ്പില്ല. വിലാ​പ​യാ​ത്ര​യിൽ ഒരുപാട്‌ പേരു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യേശു​വി​ന്റെ ശ്രദ്ധപ​തി​ഞ്ഞത്‌ ആ വിധവ​യി​ലാണ്‌. കണ്ട കാര്യങ്ങൾ അവന്റെ ഹൃദയത്തെ സ്‌പർശി​ച്ചു, അവന്റെ “മനസ്സലി​ഞ്ഞു.” എന്തെങ്കി​ലും ചെയ്യണ​മെന്ന്‌ ആരും അവനോട്‌ ആവശ്യ​പ്പെ​ട്ടില്ല. പക്ഷേ അവളെ സഹായി​ക്ക​ണ​മെന്ന്‌ അവനു തോന്നി. അത്രയ്‌ക്ക്‌ അനുക​മ്പ​തോ​ന്നി അവന്‌. യേശു “അടുത്തു ചെന്ന്‌ ശവമഞ്ചം തൊട്ട്‌” ആ അമ്മയുടെ മകനെ ഉയിർപ്പി​ച്ചു. എന്നാൽ തന്നോ​ടൊ​പ്പം പോരാൻ യേശു അവനോട്‌ ആവശ്യ​പ്പെ​ട്ടില്ല എന്ന കാര്യം ശ്രദ്ധേ​യ​മാണ്‌. പകരം, അമ്മയുടെ കാര്യങ്ങൾ നോക്കു​ന്ന​തി​നു​വേണ്ടി യേശു “അവനെ അവന്റെ അമ്മയ്‌ക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”​—ലൂക്കോസ്‌ 7:11-15.

സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കാൻ മുൻകൈയെടുക്കുക

13. സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കാൻ മുൻ​കൈ​യെ​ടു​ക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാ​നാ​കും?

13 നമു​ക്കെ​ങ്ങനെ യേശു​വി​നെ അനുക​രി​ക്കാം? അത്ഭുത​ക​ര​മാ​യി ഭക്ഷണം നൽകാ​നോ മരിച്ച​വരെ ഉയിർപ്പി​ക്കാ​നോ ഒന്നും നമുക്ക്‌ കഴിയില്ല എന്നതു ശരിതന്നെ. പക്ഷേ സഹായം ആവശ്യ​മു​ള്ള​വരെ സഹായി​ക്കാൻ മുൻ​കൈ​യെ​ടു​ത്തു​കൊണ്ട്‌ നമുക്ക്‌ യേശു​വി​നെ അനുക​രി​ക്കാ​നാ​കും. കനത്ത സാമ്പത്തിക തിരി​ച്ചടി നേരിട്ട, അല്ലെങ്കിൽ ജോലി നഷ്ടപ്പെട്ട ഒരു സഹവി​ശ്വാ​സി​യെ സഹായി​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. (1 യോഹ​ന്നാൻ 3:17) ഒരുപക്ഷേ, വിധവ​യായ ഒരു സഹോ​ദ​രി​യു​ടെ വീടിന്‌ അറ്റകു​റ്റ​പ്പ​ണി​കൾ ആവശ്യ​മാ​യി​വ​ന്നേ​ക്കാം. (യാക്കോബ്‌ 1:27) പ്രിയ​പ്പെട്ട ഒരാളു​ടെ വേർപാ​ടി​നെ​ച്ചൊ​ല്ലി ദുഃഖി​ക്കുന്ന ഒരു കുടും​ബ​ത്തിന്‌ സാന്ത്വ​ന​വും സഹായ​വും ആവശ്യ​മാ​യി​രി​ക്കാം. (1 തെസ്സ​ലോ​നി​ക്യർ 5:11) സഹായം ആവശ്യ​മു​ള്ള​വരെ അവർ ആവശ്യ​പ്പെ​ടാ​തെ​തന്നെ സഹായി​ക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 3:27) അനുക​മ്പ​യു​ണ്ടെ​ങ്കിൽ, നമ്മുടെ സാഹച​ര്യം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ മറ്റുള്ള​വരെ സഹായി​ക്കാൻ നാം മുൻ​കൈ​യെ​ടു​ക്കും. ഒരു ചെറിയ ഉപകാരം, സാന്ത്വ​ന​പ്പെ​ടു​ത്തുന്ന ഏതാനും വാക്കുകൾ, എല്ലാം അനുക​മ്പ​യു​ടെ തെളി​വാണ്‌.​—കൊ​ലോ​സ്യർ 3:12.

അനുകമ്പ​—പ്രസം​ഗി​ക്കാൻ പ്രചോദനമേകുന്നു

14. സുവാർത്താ​പ്ര​സം​ഗ​ത്തിന്‌ യേശു പ്രഥമ​സ്ഥാ​നം കൊടു​ത്തത്‌ എന്തു​കൊണ്ട്‌?

14 ഈ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം ഭാഗത്തു കണ്ടതു​പോ​ലെ സുവാർത്ത പ്രസം​ഗി​ക്കുന്ന കാര്യ​ത്തിൽ ഉത്‌കൃ​ഷ്ട​മായ ഒരു മാതൃ​ക​യാണ്‌ യേശു​വെ​ച്ചത്‌. “മറ്റു പട്ടണങ്ങ​ളി​ലും ഞാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവി​ശേഷം ഘോഷി​ക്കേ​ണ്ട​താ​കു​ന്നു; അതിനാ​യി​ട്ട​ല്ലോ എന്നെ അയച്ചി​രി​ക്കു​ന്നത്‌” എന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 4:43) യേശു​വി​ന്റെ ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം ഈ വേലയ്‌ക്കാ​യി​രു​ന്നു. എന്തു​കൊണ്ട്‌? മുഖ്യ​മാ​യും ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മാണ്‌ അവനെ അതിനു പ്രേരി​പ്പി​ച്ചത്‌. പക്ഷേ യേശു​വിന്‌ പ്രചോ​ദ​ന​മാ​യി വർത്തിച്ച മറ്റൊ​ന്നു​കൂ​ടി ഉണ്ടായി​രു​ന്നു: ആളുക​ളോ​ടുള്ള അനുകമ്പ. അത്‌ അവരുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ അവനു പ്രചോ​ദ​ന​മാ​യി. യേശു പ്രധാ​ന​മാ​യും അനുകമ്പ കാണി​ച്ചത്‌ ആളുക​ളു​ടെ ആത്മീയ വിശപ്പ്‌ ശമിപ്പി​ച്ചു​കൊ​ണ്ടാണ്‌. തന്റെ പ്രസംഗം കേൾക്കാൻ എത്തിയ​വരെ യേശു എങ്ങനെ​യാണ്‌ വീക്ഷി​ച്ച​തെന്ന്‌ കാണി​ക്കുന്ന രണ്ടു സംഭവങ്ങൾ നമുക്കു നോക്കാം. രാജ്യ​പ്ര​സം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു വിശക​ലനം ചെയ്യാൻ അതു നമ്മെ സഹായി​ക്കും.

15, 16. പ്രസംഗം കേൾക്കാൻ എത്തിയ​വരെ യേശു എങ്ങനെ​യാണ്‌ വീക്ഷി​ച്ച​തെന്നു കാണി​ക്കുന്ന രണ്ട്‌ സംഭവങ്ങൾ വിവരി​ക്കുക.

15 ഏതാണ്ട്‌ രണ്ടു വർഷം ശുശ്രൂ​ഷ​യിൽ കഠിനാ​ധ്വാ​നം ചെയ്‌ത​ശേഷം എ.ഡി. 31-ൽ ഗലീല​യി​ലെ “എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രി​ച്ചു”കൊണ്ട്‌ യേശു തന്റെ ശുശ്രൂഷ വികസി​പ്പി​ച്ചു. അവിടെ കണ്ട കാര്യങ്ങൾ അവനെ വല്ലാതെ സ്‌പർശി​ച്ചു. “ജനക്കൂ​ട്ടത്തെ കണ്ട്‌ അവന്റെ മനസ്സലി​ഞ്ഞു; എന്തെന്നാൽ അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ ദ്രോ​ഹി​ക്ക​പ്പെ​ട്ട​വ​രും ചിതറി​ക്ക​പ്പെ​ട്ട​വ​രും ആയിരു​ന്നു” എന്ന്‌ അപ്പൊ​സ്‌ത​ല​നായ മത്തായി എഴുതി. (മത്തായി 9:35, 36) സാധാ​ര​ണ​ക്കാ​രോട്‌ യേശു​വിന്‌ സഹാനു​ഭൂ​തി തോന്നി. അവരുടെ പരിതാ​പ​ക​ര​മായ ആത്മീയ അവസ്ഥ അവന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. അവരെ കാത്തു​പ​രി​പാ​ലി​ക്കേണ്ട മതനേ​താ​ക്ക​ന്മാർതന്നെ അവരോ​ടു മോശ​മാ​യി പെരു​മാ​റു​ക​യും അവരെ അവഗണി​ക്കു​ക​യും ചെയ്‌തു. അവരോട്‌ സഹാനു​ഭൂ​തി തോന്നിയ യേശു അവർക്ക്‌ പ്രത്യാ​ശ​യു​ടെ സന്ദേശം പകർന്നു​കൊ​ടു​ക്കാൻ അശ്രാന്തം പരി​ശ്ര​മി​ച്ചു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത അവൻ അവരെ അറിയി​ച്ചു. അതായി​രു​ന്നു അവർക്കു വേണ്ടി​യി​രു​ന്ന​തും.

16 ഏതാനും മാസങ്ങൾക്കു​ശേഷം എ.ഡി. 32-ലെ പെസഹാ​യോ​ട​ടു​ത്തും സമാന​മായ ഒരു സംഭവ​മു​ണ്ടാ​യി. വിശ്ര​മി​ക്കാൻ ഒരു ഏകാന്ത​സ്ഥലം അന്വേ​ഷിച്ച്‌ യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും ഗലീല​ക്ക​ട​ലി​ലൂ​ടെ വള്ളത്തിൽ യാത്ര​ചെ​യ്യു​ക​യാണ്‌. പക്ഷേ ഒരുകൂ​ട്ടം ആളുകൾ കരയി​ലൂ​ടെ ഓടി അവർക്കു​മു​മ്പേ അക്കരെ​യെത്തി. അതുക​ണ്ട​പ്പോൾ യേശു എന്തു ചെയ്‌തു? “അവൻ കരയ്‌ക്കി​റ​ങ്ങി​യ​പ്പോൾ വലി​യൊ​രു ജനക്കൂ​ട്ടത്തെ കണ്ടു. അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ ആയിരു​ന്ന​തി​നാൽ അവന്‌ അവരോട്‌ അലിവു തോന്നി; അവൻ പല കാര്യ​ങ്ങ​ളും അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.” (മർക്കോസ്‌ 6:31-34) ആളുക​ളു​ടെ ദയനീ​യ​മായ ആത്മീയ അവസ്ഥ കണ്ട്‌ ഒരിക്കൽക്കൂ​ടെ യേശു​വിന്‌ “അലിവു തോന്നി.” “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ” ആത്മീയ​മാ​യി വിശന്നു​വലഞ്ഞ അവസ്ഥയി​ലാ​യി​രു​ന്നു അവർ. പരിപാ​ലി​ക്കാൻ ആരുമി​ല്ലാത്ത അവസ്ഥ! വെറുതെ കടമ നിറ​വേ​റ്റാ​നല്ല യേശു അവരോട്‌ പ്രസം​ഗി​ച്ചത്‌. അനുക​മ്പ​യാണ്‌ അവനെ അതിനു പ്രചോ​ദി​പ്പി​ച്ചത്‌.

അനുക​മ്പ​യോ​ടെ പ്രസംഗിക്കുക

17, 18. (എ) ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റാൻ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്ത്‌? (ബി) അനുകമ്പ നട്ടുവ​ളർത്താൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

17 ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റാൻ യേശു​വി​ന്റെ അനുഗാ​മി​ക​ളായ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ഈ പുസ്‌ത​ക​ത്തി​ന്റെ ഒൻപതാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, പ്രസം​ഗി​ച്ചു ശിഷ്യ​രാ​ക്കാ​നുള്ള നിയോ​ഗം നമുക്കുണ്ട്‌. അത്‌ നമ്മുടെ ഉത്തരവാ​ദി​ത്വ​മാണ്‌. (മത്തായി 28:19, 20; 1 കൊരി​ന്ത്യർ 9:16) എന്നാൽ ഒരു കടമനിർവ​ഹ​ണം​പോ​ലെ ആയിരി​ക്ക​രുത്‌ നാം അതു ചെയ്യു​ന്നത്‌. പ്രധാ​ന​മാ​യും, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാണ്‌ അവന്റെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കാൻ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌. മറ്റൊരു വിശ്വാ​സം വെച്ചു​പു​ലർത്തു​ന്ന​വ​രോ​ടുള്ള അനുക​മ്പ​യും പ്രസം​ഗി​ക്കാൻ നമുക്കു പ്രചോ​ദ​ന​മാ​കും. (മർക്കോസ്‌ 12:28-31) അങ്ങനെ​യെ​ങ്കിൽ, നമു​ക്കെ​ങ്ങനെ അനുകമ്പ വളർത്തി​യെ​ടു​ക്കാ​നാ​കും?

18 “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ ദ്രോ​ഹി​ക്ക​പ്പെ​ട്ട​വ​രും ചിതറി​ക്ക​പ്പെ​ട്ട​വ​രും” ആയിട്ടാണ്‌ യേശു ആളുകളെ കണ്ടത്‌. നമുക്കും അതേ വീക്ഷണം ഉണ്ടായി​രി​ക്കണം. കൂട്ടം​വി​ട്ടു​പോയ ഒരാടി​നെ നിങ്ങൾ കാണുന്നു എന്നു കരുതുക. മേച്ചിൽപ്പു​റ​ങ്ങ​ളി​ലേ​ക്കോ ജലാശ​യ​ങ്ങ​ളി​ലേ​ക്കോ വഴിന​യി​ക്കാൻ ഒരു ഇടയനി​ല്ലാ​തെ ആ പാവം വിശപ്പും ദാഹവും​കൊണ്ട്‌ അവശനാ​യി​രി​ക്കു​ന്നു. അതി​നോട്‌ നിങ്ങൾക്ക്‌ സഹതാപം തോന്നി​ല്ലേ? അതിന്‌ തീറ്റയും വെള്ളവും കൊടു​ക്കാ​തി​രി​ക്കാൻ നിങ്ങൾക്കു മനസ്സു​വ​രു​മോ? ഇനിയും സുവാർത്ത അറിഞ്ഞി​ട്ടി​ല്ലാത്ത ആളുകൾ ആ ആടി​നെ​പ്പോ​ലെ​യാണ്‌. വ്യാജ ഇടയന്മാ​രാൽ അവഗണി​ക്ക​പ്പെട്ട അവർ ആത്മീയ​മാ​യി വിശന്നു​പൊ​രി​യു​ക​യാണ്‌. ഭാവി​യെ​ക്കു​റിച്ച്‌ ഒരു പ്രത്യാ​ശ​യു​മി​ല്ലാ​തെ ഉഴലു​ക​യാ​ണവർ. അവർക്കു വേണ്ടത്‌ നമ്മുടെ കൈയി​ലുണ്ട്‌: പോഷ​ണ​മേ​കുന്ന ആത്മീയ ഭക്ഷണവും ദൈവ​വ​ച​ന​ത്തി​ലെ സത്യമാ​കുന്ന ശുദ്ധജ​ല​വും. (യെശയ്യാ​വു 55:1, 2) നമുക്കു ചുറ്റു​മു​ള്ള​വ​രു​ടെ ആത്മീയ അവസ്ഥ​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ അവരെ സഹായി​ക്കാൻ നിങ്ങളു​ടെ ഹൃദയം വെമ്പു​ന്നി​ല്ലേ? യേശു​വി​നെ​പ്പോ​ലെ​യാണ്‌ നമ്മളെ​ങ്കിൽ രാജ്യ​പ്ര​ത്യാ​ശ അവരു​മാ​യി പങ്കു​വെ​ക്കാൻ നമ്മാലാ​വു​ന്ന​തെ​ല്ലാം നാം ചെയ്യും.

19. പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻവേണ്ട യോഗ്യ​ത​യി​ലെ​ത്തിയ ഒരു ബൈബിൾ വിദ്യാർഥി​യെ നമുക്ക്‌ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കാം?

19 യേശു​വി​ന്റെ മാതൃക പിൻപ​റ്റാൻ മറ്റുള്ള​വരെ സഹായി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടാൻവേണ്ട യോഗ്യ​ത​യി​ലെ​ത്തിയ ഒരു ബൈബിൾ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കണം എന്നിരി​ക്കട്ടെ. അല്ലെങ്കിൽ ഉത്സാഹം വീണ്ടെ​ടുത്ത്‌ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻ, നിഷ്‌ക്രി​യ​നായ ഒരാളെ സഹായി​ക്കണം എന്നു വിചാ​രി​ക്കുക. നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ഇരുവർക്കും പ്രചോ​ദനം ആവശ്യ​മാണ്‌. ആളുക​ളോട്‌ ‘മനസ്സലി​വു’ തോന്നി​യി​ട്ടാണ്‌ യേശു അവരെ ഉപദേ​ശി​ച്ചത്‌ എന്ന്‌ ഓർക്കണം. (മർക്കോസ്‌ 6:34) അതു​കൊണ്ട്‌, അനുകമ്പ വളർത്തി​യെ​ടു​ക്കാൻ ബൈബിൾ വിദ്യാർഥി​ക​ളെ​യും നിഷ്‌ക്രി​യ​രെ​യും സഹായി​ക്കാ​നാ​യാൽ യേശു​വി​നെ​പ്പോ​ലെ സുവാർത്ത മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ അവർ സ്വയം പ്രചോ​ദി​ത​രാ​കും. നമുക്ക്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കാം: ‘സുവാർത്ത അറിഞ്ഞ​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജ​ന​മാണ്‌ ഉണ്ടായത്‌, അതു നിങ്ങളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്തി​യി​ല്ലേ? ഇന്നോളം സുവാർത്ത കേട്ടി​ട്ടി​ല്ലാത്ത ആളുക​ളു​ടെ കാര്യ​മോ, അവരും അത്‌ അറി​യേ​ണ്ട​തല്ലേ? അവരെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാ​നാ​കും?’ എന്തായാ​ലും, ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും അവനെ സേവി​ക്കാ​നുള്ള ആഗ്രഹ​വു​മാണ്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നുള്ള ഏറ്റവും ശക്തമായ പ്രചോ​ദനം.

20. (എ) യേശു​വി​ന്റെ ഒരു അനുഗാ​മി​യാ​യി​രി​ക്കു​ന്ന​തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം എന്ത്‌ പഠിക്കും?

20 യേശു​വി​ന്റെ വാക്കുകൾ ആവർത്തി​ക്കു​ക​യോ അവന്റെ പ്രവൃ​ത്തി​കൾ അനുക​രി​ക്കു​ക​യോ ചെയ്‌ത​തു​കൊ​ണ്ടു​മാ​ത്രം ഒരുവൻ യേശു​വി​ന്റെ അനുഗാ​മി​യാ​കു​ന്നില്ല. ക്രിസ്‌തു​വി​ന്റെ അതേ “മനോ​ഭാ​വം​തന്നെ” നമ്മളും വളർത്തി​യെ​ടു​ക്കണം. (ഫിലി​പ്പി​യർ 2:5) ആ സ്ഥിതിക്ക്‌, യേശു​വി​ന്റെ വാക്കു​ക​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും പിന്നിലെ വികാ​ര​വി​ചാ​രങ്ങൾ ബൈബിൾ വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്ന​തിൽ നാം നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തല്ലേ? ‘ക്രിസ്‌തു​വി​ന്റെ മനസ്സ്‌’ അടുത്ത​റി​യു​മ്പോൾ സഹാനു​ഭൂ​തി​യും ആർദ്രാ​നു​ക​മ്പ​യും വളർത്തി​യെ​ടു​ക്കാൻ നാം ഏറെ സജ്ജരാ​യി​രി​ക്കും. (1 കൊരി​ന്ത്യർ 2:16) അങ്ങനെ​യാ​കു​മ്പോൾ യേശു​വി​നെ​പ്പോ​ലെ മറ്റുള്ള​വ​രോട്‌ ഇടപെ​ടാൻ നമുക്കാ​കും. യേശു തന്റെ അനുഗാ​മി​ക​ളോട്‌ സ്‌നേഹം കാണിച്ച ചില വിധങ്ങ​ളാണ്‌ അടുത്ത അധ്യാ​യ​ത്തിൽ നാം പഠിക്കു​ന്നത്‌.

^ “മനസ്സലി​ഞ്ഞു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദം അനുക​മ്പയെ കുറി​ക്കുന്ന അങ്ങേയറ്റം ശക്തമായ പദങ്ങളി​ലൊ​ന്നാ​ണെന്ന്‌ പറയ​പ്പെ​ടു​ന്നു. “ആരെങ്കി​ലും കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ഉള്ളിന്റെ ഉള്ളിൽത്തോ​ന്നുന്ന വേദന മാത്രമല്ല, ആ കഷ്ടം നീക്കാ​നുള്ള ശക്തമായ ആഗ്രഹ​വും” ഉൾക്കൊ​ള്ളുന്ന ഒരു വാക്കാണ്‌ ഇതെന്ന്‌ ഒരു പരാമർശ​കൃ​തി പറയുന്നു.

^ “സഹാനു​ഭൂ​തി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദത്തിന്റെ അക്ഷരാർഥം “കൂടെ കഷ്ടംസ​ഹി​ക്കുക” എന്നാണ്‌.