അധ്യായം 16
“യേശു . . . അവസാനത്തോളം അവരെ സ്നേഹിച്ചു”
1, 2. (എ) അപ്പൊസ്തലന്മാരോടൊത്തുള്ള അവസാന രാത്രി യേശു എങ്ങനെ ചെലവഴിച്ചു? (ബി) ആ നിമിഷങ്ങൾ അവന് വിലപ്പെട്ടതായിരുന്നത് എന്തുകൊണ്ട്?
യേശുവും അപ്പൊസ്തലന്മാരും യെരുശലേമിൽ ഒരു മാളികമുറിയിൽ കൂടിയിരിക്കുകയാണ്. അപ്പൊസ്തലന്മാരുമൊത്തുള്ള അവസാന സായാഹ്നം. യേശുവിന് അതറിയാം. യേശുവിന് പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോകാനുള്ള സമയം അടുത്തിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവൻ അറസ്റ്റുചെയ്യപ്പെടും. വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധന അവൻ അഭിമുഖീകരിക്കാൻ പോകുകയാണ്. എന്നാൽ, മരണം മുന്നിൽക്കണ്ട ആ സമയത്തും അപ്പൊസ്തലന്മാരെക്കുറിച്ചുള്ള ചിന്തയായിരുന്നു യേശുവിന്റെ മനസ്സുനിറയെ.
2 തനിക്ക് അവരെ പിരിയേണ്ടിവരുമെന്ന് യേശു അപ്പൊസ്തലന്മാരോട് നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, ഭാവിയെ നേരിടാൻ അവരെ സഹായിക്കുന്നതിന് യേശുവിന് ഇനിയും പലതും പറയാനുണ്ട്. അതുകൊണ്ട് വിശ്വസ്തത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന പല സുപ്രധാന പാഠങ്ങളും അവരെ പഠിപ്പിക്കാൻ ഈ വിലപ്പെട്ട നിമിഷങ്ങൾ അവൻ ഉപയോഗിക്കുന്നു. വികാരനിർഭരമായിരുന്നു ആ നിമിഷങ്ങൾ. ഇത്ര ആർദ്രതയോടെ അവൻ അവരോട് ഇതിനുമുമ്പ് സംസാരിച്ചിട്ടില്ല. യേശു തന്നെക്കുറിച്ച് വിചാരപ്പെടുന്നതിനു പകരം അപ്പൊസ്തലന്മാരെക്കുറിച്ച് വിചാരപ്പെടുന്നത് എന്തുകൊണ്ടാണ്? അപ്പൊസ്തലന്മാരോടൊത്തുള്ള ഈ അവസാന മണിക്കൂറുകൾ യേശു ഇത്ര വിലപ്പെട്ടതായി കാണുന്നത് എന്തുകൊണ്ടാണ്? അവന് അവരോട് അത്രയ്ക്ക് സ്നേഹമുണ്ടായിരുന്നു!
3. തന്റെ അനുഗാമികളോടു സ്നേഹം കാണിക്കാൻ യേശു അവസാന രാത്രിവരെ കാത്തിരുന്നില്ല എന്ന് നമുക്കെങ്ങനെ അറിയാം?
3 ദശാബ്ദങ്ങൾക്കുശേഷം, ആ രാത്രിയിലെ സംഭവങ്ങൾ വിവരിക്കവെ അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്ന് പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശു അറിഞ്ഞിരുന്നു. ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1) ‘തനിക്കു സ്വന്തമായുള്ളവരോട്’ സ്നേഹം കാണിക്കാൻ യേശു ആ രാത്രിവരെ കാത്തിരുന്നില്ല. ശുശ്രൂഷയിൽ ഉടനീളം ചെറുതും വലുതുമായ അനേകം വിധങ്ങളിൽ തനിക്കു ശിഷ്യന്മാരോടുള്ള സ്നേഹം യേശു പ്രകടിപ്പിച്ചു. അവൻ സ്നേഹം കാണിച്ച ഏതാനും വിധങ്ങൾ നമുക്കു പരിചിന്തിക്കാം. കാരണം, അവന്റെ യഥാർഥ അനുഗാമികളായിരിക്കണമെങ്കിൽ ഇക്കാര്യത്തിൽ നാം അവനെ അനുകരിക്കേണ്ടതുണ്ട്.
ക്ഷമ കാണിക്കുന്നു
4, 5. (എ) ശിഷ്യന്മാരോട് ഇടപെടാൻ യേശുവിന് ക്ഷമ ആവശ്യമായിരുന്നോ? വിശദീകരിക്കുക. (ബി) ഗെത്ത്ശെമന തോട്ടത്തിൽവെച്ച് ഉണർന്നിരിക്കാൻ പരാജയപ്പെട്ട തന്റെ അപ്പൊസ്തലന്മാരോട് യേശു എങ്ങനെ പ്രതികരിച്ചു?
4 സ്നേഹത്തിന് ക്ഷമയുമായി അഭേദ്യമായ ബന്ധമുണ്ട്. “സ്നേഹം ദീർഘക്ഷമ”യുള്ളതാണെന്ന് 1 കൊരിന്ത്യർ 13:4 പറയുന്നു. ദീർഘക്ഷമ കാണിക്കുന്നതിൽ, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നുണ്ട്. ശിഷ്യന്മാരോട് ഇടപെടാൻ യേശുവിന് ക്ഷമ ആവശ്യമായിരുന്നോ? തീർച്ചയായും! മൂന്നാം അധ്യായത്തിൽ നാം കണ്ടതുപോലെ താഴ്മ വളർത്തിയെടുക്കുന്ന കാര്യത്തിൽ അപ്പൊസ്തലന്മാർ പിന്നിലായിരുന്നു. കൂട്ടത്തിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി പലപ്രാവശ്യം അവർ തർക്കിച്ചിട്ടുണ്ട്. അപ്പോഴൊക്കെ യേശു എന്തു ചെയ്തു? അവൻ ദേഷ്യപ്പെട്ടോ? ഇല്ല. അവരോടൊപ്പം ഉണ്ടായിരുന്ന അവസാന രാത്രിയിൽപ്പോലും വലിയൊരു തർക്കം ഉണ്ടായപ്പോൾ യേശു ക്ഷമയോടെ അവരെ തിരുത്തുകയാണു ചെയ്തത്.—ലൂക്കോസ് 22:24-30; മത്തായി 20:20-28; മർക്കോസ് 9:33-37.
5 അതേത്തുടർന്ന്, വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോടൊപ്പം യേശു ഗെത്ത്ശെമന തോട്ടത്തിലേക്കു പോയി. അവിടെവെച്ച് ഒരിക്കൽക്കൂടി യേശുവിന്റെ ക്ഷമ പരീക്ഷിക്കപ്പെട്ടു. അവരിൽ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി യേശു തോട്ടത്തിന് ഉള്ളിലേക്കു പോയി. “എന്റെ ഉള്ളം അതിദുഃഖിതമായിരിക്കുന്നു; അതു മരണവേദനയാൽ ഞരങ്ങുന്നു. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കുവിൻ,” യേശു അവരോടു പറഞ്ഞു. പിന്നെ അവൻ അൽപ്പം മുമ്പോട്ടുപോയി ഉള്ളുരുകി പ്രാർഥിക്കാൻ തുടങ്ങി. ദീർഘനേരത്തെ പ്രാർഥനയ്ക്കുശേഷം അവൻ ആ മൂന്ന് അപ്പൊസ്തലന്മാരുടെ അടുക്കലേക്കു തിരിച്ചുപോയി. അവർ അപ്പോൾ എന്തു ചെയ്യുകയായിരുന്നു? യേശുവിന്റെ ജീവിതത്തിലെ ആ സമ്മർദപൂരിതമായ സമയത്ത് അവർ ഉറങ്ങുകയായിരുന്നു! ഉണർന്നിരിക്കാത്തതിന് അവൻ അവരെ ശകാരിച്ചോ? ഇല്ല. ഉണർന്നിരിക്കാൻ ഒരിക്കൽക്കൂടെ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. “ആത്മാവ് ഒരുക്കമുള്ളത്; ജഡമോ ബലഹീനമത്രേ” എന്ന് അവരോടു പറയുന്നു. അവർ അനുഭവിച്ചിരുന്ന സമ്മർദവും അവരുടെ തളർച്ചയും യേശുവിന് മനസ്സിലായെന്നാണ് ദയാപുരസ്സരമായ ആ വാക്കുകൾ കാണിക്കുന്നത്. * അവർ ഉറങ്ങുന്നതു കണ്ടിട്ടും യേശു അവരോട് ക്ഷമാപൂർവം ഇടപെട്ടു. അതും ഒന്നല്ല, മൂന്നുതവണ!—മത്തായി 26:36-46.
6. മറ്റുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
6 നേരെയാക്കാനാവില്ല എന്നു പറഞ്ഞ് യേശു ഒരിക്കലും അപ്പൊസ്തലന്മാരെ എഴുതിത്തള്ളിയില്ല എന്നത് ആശ്വാസകരമല്ലേ? യേശുവിന്റെ ക്ഷമയ്ക്കു ഫലമുണ്ടായി. അതെ, വിശ്വസ്തരായ ആ മനുഷ്യർ താഴ്മയുള്ളവരായിരിക്കുകയും ഉണർന്നിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പഠിക്കുകതന്നെ ചെയ്തു. (1 പത്രോസ് 3:8; 4:7) മറ്റുള്ളവരോടുള്ള ബന്ധത്തിൽ നമുക്കെങ്ങനെ യേശുവിനെ അനുകരിക്കാനാകും? മൂപ്പന്മാർ വിശേഷാൽ ക്ഷമയുള്ളവരായിരിക്കണം. ഒരു മൂപ്പൻ സ്വന്തം പ്രശ്നങ്ങളാൽ തളർന്നിരിക്കുമ്പോഴായിരിക്കാം സഹവിശ്വാസികൾ അവരുടെ പ്രശ്നങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്നത്. ഇനി, ബുദ്ധിയുപദേശം നൽകുമ്പോൾ ചിലർ അതു സ്വീകരിക്കാൻ മടികാണിച്ചേക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും, ക്ഷമയുള്ള മൂപ്പന്മാർ “ആട്ടിൻകൂട്ടത്തോട് ആർദ്രത” കാണിക്കുകയും അവരെ “സൗമ്യതയോടെ” തിരുത്തുകയും ചെയ്യുന്നു. (2 തിമൊഥെയൊസ് 2:24, 25; പ്രവൃത്തികൾ 20:28, 29) മാതാപിതാക്കളും ക്ഷമയുടെ കാര്യത്തിൽ യേശുവിനെ അനുകരിക്കണം. കാരണം, ചിലപ്പോഴൊക്കെ അവരുടെ ഉപദേശങ്ങളും തിരുത്തലും സ്വീകരിക്കാൻ കുട്ടികൾ മനസ്സുകാണിച്ചെന്നുവരില്ല. കുട്ടികളെ നേർവഴിക്കു നടത്തുന്നതിൽ മടുത്തുപിന്മാറാതിരിക്കാൻ സ്നേഹവും ക്ഷമയും മാതാപിതാക്കളെ സഹായിക്കും. ആ ക്ഷമ വലിയ പ്രയോജനങ്ങൾ കൈവരുത്തും എന്നതിനു സംശയമില്ല.—സങ്കീർത്തനം 127:3.
അവരുടെ ആവശ്യങ്ങൾക്കായി കരുതുന്നു
7. യേശു തന്റെ ശിഷ്യന്മാരുടെ ശാരീരികവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതിയത് എങ്ങനെ?
7 നിസ്സ്വാർഥമായ പ്രവൃത്തികൾ സ്നേഹത്തിന്റെ തെളിവാണ്. (1 യോഹന്നാൻ 3:17, 18) സ്നേഹം “തൻകാര്യം അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5) തന്റെ ശിഷ്യന്മാരുടെ ശാരീരികവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു. പലപ്പോഴും അവർ പറയുന്നതിനുമുമ്പേ യേശു അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ചു. അവർ ക്ഷീണിച്ചിരിക്കുകയാണെന്നു കണ്ടപ്പോൾ തന്നോടൊപ്പം “ഒരു ഏകാന്തസ്ഥലത്തേക്കു വേറിട്ടുവന്ന് അൽപ്പം വിശ്രമിച്ചുകൊള്ളുവിൻ” എന്ന് യേശു അവരോടു പറഞ്ഞു. (മർക്കോസ് 6:31) അവർ വിശന്നിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ അവൻ അവർക്ക് ഭക്ഷണം നൽകി. ഒപ്പം, താൻ പഠിപ്പിക്കുന്നതു കേൾക്കാൻ കൂടിവന്ന ആയിരങ്ങളെയും അവൻ പോഷിപ്പിച്ചു.—മത്തായി 14:19, 20; 15:35-37.
8, 9. (എ) യേശു തന്റെ ശിഷ്യന്മാരുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) തന്റെ അമ്മയുടെ ക്ഷേമത്തിൽ താത്പര്യമുണ്ടെന്ന് സ്തംഭത്തിൽ കിടക്കുമ്പോൾ യേശു തെളിയിച്ചത് എങ്ങനെ?
8 യേശു ശിഷ്യന്മാരുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചു. (മത്തായി 4:4; 5:3) ജനങ്ങളെ പഠിപ്പിക്കുന്നതിനിടയിലും യേശു ശിഷ്യന്മാർക്ക് പ്രത്യേക ശ്രദ്ധനൽകി. പ്രധാനമായും ശിഷ്യന്മാരെ ഉദ്ദേശിച്ചാണ് യേശു ഗിരിപ്രഭാഷണം നടത്തിയത്. (മത്തായി 5:1, 2, 13-16) താൻ ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ, “ശിഷ്യന്മാരോടുകൂടെ തനിച്ചായിരിക്കുമ്പോൾ” യേശു അവർക്ക് “വിശദീകരിച്ചു കൊടുക്കുമായിരുന്നു.” (മർക്കോസ് 4:34) അന്ത്യകാലത്ത് തന്റെ അനുഗാമികൾക്ക് വേണ്ടുവോളം ആത്മീയഭക്ഷണം ലഭ്യമാക്കാനായി താൻ ഒരു “വിശ്വസ്തനും വിവേകിയുമായ അടിമ”യെ നിയമിക്കുമെന്ന് യേശു മുൻകൂട്ടി പറഞ്ഞു. ഭൂമിയിലുള്ള യേശുവിന്റെ അഭിഷിക്ത സഹോദരന്മാരുടെ ഒരു ചെറിയ കൂട്ടമാണ് ഈ വിശ്വസ്ത അടിമ. 1919 മുതൽ ഈ അടിമ മുടങ്ങാതെ “തക്കസമയത്ത്” ആത്മീയ ആഹാരം നൽകിവരുന്നു.—മത്തായി 24:45.
9 മരണം കണ്മുന്നിൽ കണ്ടപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ ആത്മീയ ക്ഷേമത്തെക്കുറിച്ച് യേശുവിന് ചിന്തയുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണം ആരുടെയും ഹൃദയത്തെ സ്പർശിക്കാൻപോന്നതാണ്. ഒന്നോർത്തുനോക്കൂ, ദണ്ഡനസ്തംഭത്തിൽ കിടന്ന് യേശു വേദനകൊണ്ടു പുളയുകയാണ്. ഒന്നു ശ്വസിക്കണമെങ്കിൽപ്പോലും കാലുകൾ സ്തംഭത്തിൽ ഊന്നി മുകളിലേക്ക് ഉയരണം. അപ്പോൾ, ആണിയടിച്ചിരിക്കുന്ന അവന്റെ പാദങ്ങൾ വലിയും, ചാട്ടയടിയേറ്റു മുറിഞ്ഞിരിക്കുന്ന പുറം സ്തംഭത്തിൽ ഉരയും. ആ വേദന ഊഹിക്കാൻപോലും നമുക്കാവില്ല! അങ്ങനെയൊരു അവസ്ഥയിൽ സംസാരിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അത് എത്ര വേദനാകരമായിരിക്കും! എന്നിട്ടും മരിക്കുന്നതിനു തൊട്ടുമുമ്പ് അവൻ സംസാരിച്ചു, തന്റെ അമ്മയ്ക്കുവേണ്ടി. മറിയയും യോഹന്നാൻ അപ്പൊസ്തലനും അടുത്തുനിൽക്കുന്നതു കണ്ട് യേശു അവർക്കു കേൾക്കാവുന്നത്ര ശബ്ദത്തിൽ തന്റെ അമ്മയോട് ഇങ്ങനെ പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” പിന്നെ യോഹന്നാനോടായി, “ഇതാ, നിന്റെ അമ്മ” എന്നു പറഞ്ഞു. (യോഹന്നാൻ 19:26, 27) വിശ്വസ്തനായ ഈ അപ്പൊസ്തലൻ മറിയയുടെ ശാരീരികവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല ആത്മീയ ആവശ്യങ്ങൾക്കുവേണ്ടിയും കരുതുമെന്ന് യേശുവിന് അറിയാമായിരുന്നു. *
10. കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
10 യേശുവിന്റെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നത് പ്രയോജനകരമാണെന്ന് സ്നേഹനിധികളായ മാതാപിതാക്കൾക്ക് അറിയാം. തന്റെ കുടുംബത്തെ സ്നേഹിക്കുന്ന ഒരു പിതാവ് അവരുടെ ഭൗതിക ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കും. (1 തിമൊഥെയൊസ് 5:8) കുടുംബത്തിന് ഇടയ്ക്കൊക്കെ വിശ്രമവും വിനോദവും ആവശ്യമാണെന്ന് കാര്യങ്ങൾ സമനിലയോടെ വീക്ഷിക്കുന്ന കുടുംബനാഥന്മാർക്ക് നന്നായി അറിയാം. അതിലുപരി, കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ക്രിസ്തീയ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കും. എങ്ങനെ? അവർ കുടുംബമൊന്നിച്ച് ക്രമമായി ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ചെയ്യും. അത് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ രസകരമായി നടത്താൻ അവർ ശ്രമിക്കും. (ആവർത്തനപുസ്തകം 6:6, 7) ശുശ്രൂഷ പ്രധാനമാണെന്നും ക്രിസ്തീയ യോഗങ്ങൾക്കായി തയ്യാറാകുകയും അവയിൽ സംബന്ധിക്കുകയും ചെയ്യുന്നത് ആരാധനയുടെ അവിഭാജ്യ ഘടകമാണെന്നും മാതാപിതാക്കൾ തങ്ങളുടെ വാക്കുകളാലും പ്രവൃത്തികളാലും കുട്ടികളെ പഠിപ്പിക്കും.—എബ്രായർ 10:24, 25.
ക്ഷമിക്കാൻ ഒരുക്കമുള്ളവൻ
11. ക്ഷമയെക്കുറിച്ച് യേശു ശിഷ്യന്മാരെ എന്തു പഠിപ്പിച്ചു?
11 ക്ഷമിക്കാനുള്ള മനസ്സൊരുക്കം സ്നേഹത്തിന്റെ ലക്ഷണമാണ്. (കൊലോസ്യർ 3:13, 14) സ്നേഹം “ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല” എന്ന് 1 കൊരിന്ത്യർ 13:5 പറയുന്നു. ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും യേശു ശിഷ്യന്മാരെ പഠിപ്പിക്കുകയുണ്ടായി. “ഏഴല്ല, എഴുപത്തി ഏഴു തവണ” അതായത് കണക്കില്ലാതെ ക്ഷമിക്കാൻ യേശു അവരോടു പറഞ്ഞു. (മത്തായി 18:21, 22) ശാസന കേട്ട് അനുതപിക്കുന്നവരോട് ക്ഷമിക്കണമെന്ന് യേശു അവരെ പഠിപ്പിച്ചു. (ലൂക്കോസ് 17:3, 4) പറയുന്നതുപോലെ പ്രവർത്തിക്കാത്ത കപടഭക്തരായ പരീശന്മാരെപ്പോലെ അല്ലായിരുന്നു യേശു; അവൻ പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു. (മത്തായി 23:2-4) ഒരു ആത്മമിത്രം തള്ളിപ്പറഞ്ഞപ്പോൾപ്പോലും യേശു ക്ഷമിക്കാൻ മനസ്സുകാണിച്ചു. ഇനി ആ സംഭവം നോക്കാം.
12, 13. (എ) യേശുവിനെ അറസ്റ്റുചെയ്ത രാത്രിയിൽ അവനെ വേദനിപ്പിക്കുന്ന എന്താണ് പത്രോസ് ചെയ്തത്? (ബി) യേശു ക്ഷമയെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല ചെയ്തതെന്ന് പുനരുത്ഥാനശേഷമുള്ള അവന്റെ പ്രവൃത്തികൾ തെളിയിക്കുന്നത് എങ്ങനെ?
12 യേശുവിന്റെ ഒരു ഉറ്റസുഹൃത്തായിരുന്നു പത്രോസ് അപ്പൊസ്തലൻ. അൽപ്പം എടുത്തുചാട്ടം ഉണ്ടായിരുന്നെങ്കിലും ആത്മാർഥതയുള്ളവനായിരുന്നു പത്രോസ്. അവന്റെ നല്ല ഗുണങ്ങൾ തിരിച്ചറിഞ്ഞ യേശു മറ്റ് പല അപ്പൊസ്തലന്മാർക്കും ലഭിക്കാത്ത ചില പദവികൾ അവനു നൽകി. ഉദാഹരണത്തിന്, ചില അത്ഭുതങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ യേശു മൂന്ന് അപ്പൊസ്തലന്മാരെ മാത്രം തിരഞ്ഞെടുത്തതായി നാം കാണുന്നു. യാക്കോബിനോടും യോഹന്നാനോടുമൊപ്പം അക്കൂട്ടത്തിൽ പത്രോസും ഉണ്ടായിരുന്നു. (മത്തായി 17:1, 2; ലൂക്കോസ് 8:49-55) മുമ്പ് കണ്ടതുപോലെ, യേശുവിന്റെ അറസ്റ്റുനടന്ന രാത്രിയിൽ അവനോടൊപ്പം ഗെത്ത്ശെമനത്തോട്ടത്തിന് ഉള്ളിലേക്കു പോയ അപ്പൊസ്തലന്മാരിൽ പത്രോസും ഉണ്ടായിരുന്നു. പക്ഷേ യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത ആ രാത്രിയിൽത്തന്നെ പത്രോസും മറ്റ് അപ്പൊസ്തലന്മാരും യേശുവിനെവിട്ട് ഓടിപ്പോയി. എന്നാൽ പിന്നീട് യേശുവിനെ അന്യായമായി വിചാരണചെയ്തുകൊണ്ടിരുന്ന സമയത്ത് മഹാപുരോഹിതന്റെ അരമനവരെ ചെല്ലാൻ പത്രോസ് ധൈര്യംകാണിച്ചു. എന്നിട്ടും മനുഷ്യഭയത്തിനു വശംവദനായി പത്രോസ് ഗുരുതരമായ ഒരു പിഴവുവരുത്തി—യേശുവിനെ അറിയുകപോലുമില്ലെന്ന് മൂന്നു പ്രാവശ്യം അവൻ തള്ളിപ്പറഞ്ഞു! (മത്തായി 26:69-75) യേശു ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചത്? ഒരു ആത്മമിത്രം നിങ്ങളോട് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു?
13 പത്രോസിനോടു ക്ഷമിക്കാൻ യേശു തയ്യാറായി. പാപഭാരം പത്രോസിനെ വല്ലാതെ തളർത്തിക്കളഞ്ഞെന്ന് യേശുവിന് അറിയാമായിരുന്നു. പശ്ചാത്താപം തോന്നിയ ആ അപ്പൊസ്തലൻ “അതിദുഃഖത്തോടെ . . . പൊട്ടിക്കരഞ്ഞു.” (മർക്കോസ് 14:72) അതുകൊണ്ട് പത്രോസിനെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനുമായിരിക്കണം പുനരുത്ഥാനം പ്രാപിച്ച അന്നുതന്നെ യേശു അവനു പ്രത്യക്ഷനായത്. (ലൂക്കോസ് 24:34; 1 കൊരിന്ത്യർ 15:5) അതിനുശേഷം, രണ്ടുമാസം കഴിയുംമുമ്പേ പെന്തെക്കൊസ്ത് നാളിൽ യെരുശലേമിൽ കൂടിവന്ന ജനക്കൂട്ടത്തിനു മുമ്പാകെ സാക്ഷീകരിക്കുന്നതിൽ നേതൃത്വമെടുക്കാനുള്ള വിശിഷ്ടമായ പദവി യേശു പത്രോസിനു നൽകി. (പ്രവൃത്തികൾ 2:14-40) തന്നെ ഉപേക്ഷിച്ചുപോയതിന്റെ പേരിൽ അപ്പൊസ്തലന്മാരോട് യേശു നീരസം വെച്ചുപുലർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പുനരുത്ഥാനത്തിനുശേഷവും “എന്റെ സഹോദരന്മാർ” എന്നാണ് അവൻ അവരെ വിശേഷിപ്പിച്ചത്. (മത്തായി 28:10) ക്ഷമിക്കണം എന്ന് പ്രസംഗിക്കുക മാത്രമല്ല യേശു ചെയ്തതെന്നല്ലേ ഇതെല്ലാം കാണിക്കുന്നത്?
14. (എ) നാം മറ്റുള്ളവരോട് ക്ഷമിക്കാൻ പഠിക്കേണ്ടത് എന്തുകൊണ്ട്? (ബി) ക്ഷമിക്കാൻ മനസ്സുള്ളവരാണെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
14 ക്രിസ്തുവിന്റെ അനുഗാമികളായ നാം മറ്റുള്ളവരോടു ക്ഷമിക്കാൻ പഠിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, നാം യേശുവിനെപ്പോലെ പൂർണരല്ല; നമ്മളോടു തെറ്റുചെയ്യുന്നവരെപ്പോലെ നമ്മളും അപൂർണരാണ്. വാക്കിലും പ്രവൃത്തിയിലും പലപ്പോഴും നമുക്കു തെറ്റുപറ്റുന്നു. (റോമർ 3:23; യാക്കോബ് 3:2) സാധിക്കുന്നിടത്തോളം നാം മറ്റുള്ളവരോട് ക്ഷമിക്കുന്നെങ്കിൽ ദൈവം നമ്മുടെ തെറ്റുകൾ ക്ഷമിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാനാകും. (മർക്കോസ് 11:25) നമ്മളോടു തെറ്റുചെയ്യുന്നവരോട് ക്ഷമിക്കാൻ മനസ്സുണ്ടെന്ന് നമുക്കെങ്ങനെ കാണിക്കാനാകും? പലപ്പോഴും, സ്നേഹമുണ്ടെങ്കിൽ മറ്റുള്ളവരുടെ നിസ്സാരമായ കുറ്റങ്ങളും കുറവുകളും കാര്യമാക്കാതിരിക്കാൻ നമുക്കു സാധിക്കും. (1 പത്രോസ് 4:8) നമുക്കെതിരെ എന്തെങ്കിലും ചെയ്തവർ പത്രോസിനെപ്പോലെ ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ യേശുവിനെപ്പോലെ നമ്മളും ക്ഷമിക്കാൻ മനസ്സൊരുക്കം കാണിക്കും. നീരസം വെച്ചുകൊണ്ടിരിക്കുന്നതിനു പകരം അതു മറന്നുകളയാൻ നാം തയ്യാറാകും. (എഫെസ്യർ 4:32) അതുവഴി, സഭയിലെ സമാധാനം കാത്തുസൂക്ഷിക്കാനും നമ്മുടെ മനസ്സമാധാനം നിലനിറുത്താനും സാധിക്കും.—1 പത്രോസ് 3:11.
ശിഷ്യന്മാരെ വിശ്വസിക്കുന്നു
15. ശിഷ്യന്മാരുടെ അപൂർണതകൾ ഗണ്യമാക്കാതെ യേശു അവരെ വിശ്വസിച്ചത് എന്തുകൊണ്ട്?
15 പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഗുണങ്ങളാണ് സ്നേഹവും വിശ്വാസവും. സ്നേഹം “എല്ലാം വിശ്വസിക്കുന്നു.” * (1 കൊരിന്ത്യർ 13:7) ശിഷ്യന്മാരുടെ അപൂർണതകൾ ഗണ്യമാക്കാതെ അവരെ വിശ്വസിക്കാൻ യേശു തയ്യാറായി, സ്നേഹമാണ് അവനെ അതിനു പ്രേരിപ്പിച്ചത്. അവർക്ക് ഉള്ളിന്റെ ഉള്ളിൽ യഹോവയോട് സ്നേഹമുണ്ടെന്നും അവന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹമുണ്ടെന്നും യേശുവിന് നല്ല ബോധ്യമുണ്ടായിരുന്നു. അവരുടെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചപ്പോഴും യേശു അവരുടെ ആന്തരത്തെ സംശയിച്ചില്ല. ഉദാഹരണത്തിന്, തന്റെ മക്കളെ ദൈവരാജ്യത്തിൽ ഇടത്തും വലത്തും ഇരുത്താൻ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ യേശുവിനോട് അഭ്യർഥിച്ച സന്ദർഭം എടുക്കുക. അക്കാരണത്താൽ യേശു ആ ശിഷ്യന്മാരുടെ വിശ്വസ്തതയിൽ സംശയിക്കുകയോ അവരെ അപ്പൊസ്തലന്മാരുടെ ഗണത്തിൽനിന്ന് ഒഴിവാക്കുകയോ ചെയ്തോ? തീർച്ചയായുമില്ല.—മത്തായി 20:20-28.
16, 17. യേശു ശിഷ്യന്മാർക്ക് എന്തെല്ലാം ഉത്തരവാദിത്വങ്ങൾ നൽകി?
16 ശിഷ്യന്മാർക്ക് പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചുകൊടുത്തുകൊണ്ട് അവരിൽ തനിക്ക് വിശ്വാസമുണ്ടെന്ന് യേശു കാണിച്ചുകൊടുത്തു. ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിച്ച രണ്ട് അവസരങ്ങളിലും ഭക്ഷണം വിളമ്പിക്കൊടുക്കാനുള്ള ചുമതല അവൻ ശിഷ്യന്മാരെയാണ് ഏൽപ്പിച്ചത്. (മത്തായി 14:19; 15:36) തന്റെ അവസാന പെസഹായ്ക്കുള്ള ഒരുക്കങ്ങൾ നടത്താൻ അവൻ പത്രോസിനെയും യോഹന്നാനെയും ചുമതലപ്പെടുത്തി യെരുശലേമിലേക്ക് അയച്ചു. പെസഹായ്ക്കുള്ള ആട്, വീഞ്ഞ്, പുളിപ്പില്ലാത്ത അപ്പം, കൈപ്പുചീര എന്നിവയെല്ലാം സംഘടിപ്പിച്ചത് അവരാണ്. ഇതൊരു നിസ്സാരകാര്യമല്ലായിരുന്നു. ഉചിതമായ രീതിയിൽ പെസഹാ ആഘോഷിക്കണമെന്നത് മോശൈകന്യായപ്രമാണത്തിലെ ഒരു നിബന്ധനയായിരുന്നു. യേശു അങ്ങനെ ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതു മാത്രമല്ല, അന്നുരാത്രി തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയപ്പോൾ ആ അപ്പവും വീഞ്ഞുമാണ് യേശു ഉപയോഗിച്ചത്.—മത്തായി 26:17-19; ലൂക്കോസ് 22:8, 13.
17 വലിയ ഉത്തരവാദിത്വങ്ങളും യേശു ശിഷ്യന്മാരെ ഏൽപ്പിച്ചു. നാം മുമ്പു കണ്ടതുപോലെ, ആത്മീയ ഭക്ഷണം തയ്യാറാക്കി വിതരണംചെയ്യാനുള്ള ഉത്തരവാദിത്വം അവൻ ഭൂമിയിലുള്ള തന്റെ അഭിഷിക്ത അനുഗാമികളുടെ ഒരു ചെറിയ കൂട്ടത്തെ ഏൽപ്പിച്ചു. (ലൂക്കോസ് 12:42-44) പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വവും യേശു തന്റെ ശിഷ്യന്മാരെയാണ് ഏൽപ്പിച്ചതെന്ന് ഓർക്കണം. (മത്തായി 28:18-20) ഇന്ന് യേശു സ്വർഗത്തിലിരുന്ന് ഭരിക്കുകയാണെങ്കിലും ഭൂമിയിലെ തന്റെ സഭയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവൻ ആത്മീയ യോഗ്യതയുള്ള മൂപ്പന്മാരെ, “മനുഷ്യരാകുന്ന ദാനങ്ങളെ” ഏൽപ്പിച്ചിട്ടുണ്ട്.—എഫെസ്യർ 4:8, 11, 12.
18-20. (എ) സഹാരാധകരിൽ വിശ്വാസമുണ്ടെന്ന് നമുക്ക് എങ്ങനെ കാണിക്കാം? (ബി) ഉത്തരവാദിത്വങ്ങൾ പങ്കുവെക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കം നമുക്ക് എങ്ങനെ അനുകരിക്കാം? (സി) അടുത്ത അധ്യായത്തിൽ നാം എന്തു പഠിക്കും?
18 മറ്റുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ നമുക്കെങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാനാകും? സഹാരാധകരിൽ വിശ്വാസമുണ്ടെന്നു കാണിക്കുന്നത് നമുക്ക് അവരോടുള്ള സ്നേഹത്തിന്റെ തെളിവാണ്. മറ്റുള്ളവരിലെ തിന്മയല്ല നന്മകാണാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് സ്നേഹം. മറ്റുള്ളവരുടെ വാക്കോ പ്രവൃത്തിയോ ഇടയ്ക്കൊക്കെ നമ്മെ വേദനിപ്പിച്ചെന്നുവരാം. അപ്പോഴൊക്കെ, അവരിൽ ദോഷം ആരോപിക്കാതിരിക്കാൻ സ്നേഹം നമ്മെ സഹായിക്കും. (മത്തായി 7:1, 2) സഹവിശ്വാസികളെക്കുറിച്ച് നല്ലൊരു വീക്ഷണമുണ്ടെങ്കിൽ അവരെ തകർത്തുകളയുന്ന വിധത്തിൽ ഒരിക്കലും നാം അവരോട് ഇടപെടില്ല. പകരം അവർക്ക് ആത്മീയ വർധനവരുത്താൻ നാം ശ്രമിക്കും.—1 തെസ്സലോനിക്യർ 5:11.
19 ഇനി, ഉത്തരവാദിത്വങ്ങൾ പങ്കുവെക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കം നമുക്കുണ്ടോ? ചില ഉത്തരവാദിത്വങ്ങൾ യോഗ്യരായവർക്ക് ഏൽപ്പിച്ചുകൊടുത്തുകൊണ്ട് മൂപ്പന്മാർക്കും മറ്റും ഇക്കാര്യത്തിൽ യേശുവിനെ അനുകരിക്കാനാകും. നിയമനം ലഭിക്കുന്നവർ അത് നന്നായി നിർവഹിക്കും എന്ന ഉത്തമവിശ്വാസത്തോടെ ആയിരിക്കണം അതു ചെയ്യേണ്ടത്. അങ്ങനെ, അനുഭവസമ്പന്നരായ മൂപ്പന്മാർക്ക്, സേവനപദവികളിലെത്താൻ “യത്നിക്കുന്ന” യോഗ്യരായ യുവാക്കളെ പരിശീലിപ്പിക്കാനാകും. (1 തിമൊഥെയൊസ് 3:1; 2 തിമൊഥെയൊസ് 2:2) ഇത്തരം പരിശീലനം അത്യന്താപേക്ഷിതമാണ്. യഹോവയുടെ അനുഗ്രഹത്താൽ രാജ്യപ്രസംഗവേല അനുദിനം ഊർജിതമായിക്കൊണ്ടിരിക്കുകയാണ്. ഈ വർധിച്ച വേലയെ പിന്തുണയ്ക്കാൻ യോഗ്യരായ കൂടുതൽ പുരുഷന്മാരെ പരിശീലിപ്പിക്കേണ്ടതുണ്ട്.—യെശയ്യാവു 60:22.
20 മറ്റുള്ളവരോട് സ്നേഹം കാണിക്കുന്ന കാര്യത്തിൽ യേശു ഉത്കൃഷ്ടമായ മാതൃകയാണ് വെച്ചത്. യേശുവിന്റെ സ്നേഹം അനുകരിക്കുന്നതാണ് അവനെ അനുഗമിക്കാനുള്ള പ്രധാന മാർഗം. സ്വന്തം ജീവൻ കൊടുത്തുകൊണ്ടുപോലും യേശു സ്നേഹം കാണിച്ചു. അവന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവാണത്. അതിനെക്കുറിച്ച് നാം അടുത്ത അധ്യായത്തിൽ പഠിക്കും.
^ ക്ഷീണംകൊണ്ടു മാത്രമല്ല അപ്പൊസ്തലന്മാർ ഉറങ്ങിപ്പോയത്. ‘അവർ സങ്കടംകൊണ്ടു തളർന്നുറങ്ങുന്നതാണ്’ യേശു കണ്ടതെന്ന് ലൂക്കോസ് 22:45-ലെ സമാന്തര വിവരണം പറയുന്നു.
^ ഈ സമയമായപ്പോഴേക്കും മറിയ ഒരു വിധവയായിത്തീർന്നിട്ടുണ്ടായിരിക്കും. മാത്രമല്ല, മറിയയുടെ മറ്റു മക്കൾ അപ്പോൾ യേശുവിന്റെ ശിഷ്യന്മാരായിരുന്നുമില്ല.—യോഹന്നാൻ 7:5.
^ സ്നേഹം എല്ലാം കണ്ണുമടച്ച് വിശ്വസിക്കും എന്നല്ല ഇതിനർഥം. സ്നേഹം എല്ലാറ്റിനെയും വിമർശിക്കുകയോ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയോ ചെയ്യില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്നേഹം മറ്റുള്ളവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുകയോ അവരുടെ ആന്തരം ശരിയല്ലെന്ന നിഗമനത്തിലെത്തുകയോ ചെയ്യില്ല.