വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 14

“വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂടി”

“വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂടി”

“ശിശുക്കൾ എന്റെ അടുക്കൽ വന്നു​കൊ​ള്ളട്ടെ”

1-3. (എ) ചില മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​മാ​യി യേശു​വി​നെ കാണാൻവ​ന്ന​പ്പോൾ എന്തു സംഭവി​ച്ചു? (ബി) ഇതിൽനിന്ന്‌ യേശു​വി​നെ​ക്കു​റിച്ച്‌ നാം എന്തു പഠിക്കു​ന്നു?

 ഭൂമി​യി​ലെ തന്റെ ജീവിതം അവസാ​നി​ക്കാ​റാ​യെന്ന്‌ യേശു​വിന്‌ അറിയാം. ശേഷി​ക്കു​ന്നത്‌ ഏതാനും ആഴ്‌ച​കൾമാ​ത്രം. ഒരുപാട്‌ കാര്യങ്ങൾ ചെയ്‌തു​തീർക്കാ​നുണ്ട്‌. ഇപ്പോൾ യേശു അപ്പൊ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യോർദാൻ നദിക്ക്‌ കിഴക്കുള്ള പെരിയ എന്ന പ്രദേ​ശ​ത്താണ്‌. സുവി​ശേഷം പ്രസം​ഗി​ച്ചു​കൊണ്ട്‌ അവർ യെരു​ശ​ലേം ലക്ഷ്യമാ​ക്കി തെക്കോട്ട്‌ യാത്ര​ചെ​യ്യു​ക​യാണ്‌. അവി​ടെ​വെ​ച്ചാണ്‌ യേശു തന്റെ അവസാ​നത്തെ, നിർണാ​യ​ക​മായ പെസഹാ ആഘോ​ഷി​ക്കു​ന്നത്‌.

2 ഇതിനി​ടെ യേശു​വി​നെ കുടു​ക്കാൻ മതനേ​താ​ക്ക​ന്മാർ ശ്രമി​ക്കു​ന്ന​താ​യി വിവരണം പറയുന്നു. അവരു​മാ​യുള്ള സംവാദം കഴിഞ്ഞ​തേ​യു​ള്ളൂ. അപ്പോൾ, കുറെ​പ്പേർ തങ്ങളുടെ കുട്ടി​ക​ളു​മാ​യി യേശു​വി​നെ കാണാൻവ​രു​ന്നു. കുട്ടികൾ പല പ്രായ​ക്കാ​രാ​യി​രു​ന്നി​രി​ക്കണം. കാരണം, മുമ്പ്‌ 12 വയസ്സുള്ള ഒരു കുട്ടിയെ കുറി​ക്കാൻ ഉപയോ​ഗിച്ച അതേ പദമാണ്‌ മർക്കോസ്‌ ഇവി​ടെ​യും ഉപയോ​ഗി​ക്കു​ന്നത്‌. ലൂക്കോ​സാ​കട്ടെ, “ശിശു​ക്കളെ” കുറി​ക്കുന്ന പദമാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. (ലൂക്കോസ്‌ 18:15; മർക്കോസ്‌ 5:41, 42; 10:13) കുട്ടികൾ കൂടു​ന്നി​ടത്ത്‌ അൽപ്പസ്വൽപ്പം കലപി​ല​ക​ളും ബഹളങ്ങ​ളു​മൊ​ക്കെ സാധാ​ര​ണ​മാ​ണ​ല്ലോ. എന്തായാ​ലും, കുട്ടി​കളെ ശ്രദ്ധി​ക്കാൻ തങ്ങളുടെ ഗുരു​വിന്‌ സമയമി​ല്ലെന്നു കരുതി​യി​ട്ടാ​കണം ശിഷ്യ​ന്മാർ ആ മാതാ​പി​താ​ക്കളെ ശകാരി​ക്കു​ന്നു. പക്ഷേ യേശു എന്തു ചെയ്‌തു?

3 സംഭവി​ക്കു​ന്ന​തെ​ല്ലാം യേശു കാണു​ന്നു​ണ്ടാ​യി​രു​ന്നു. അവന്‌ വല്ലാത്ത അമർഷം തോന്നി. കുട്ടി​ക​ളോ​ടോ അവരുടെ മാതാ​പി​താ​ക്ക​ളോ​ടോ അല്ല. തന്റെ ശിഷ്യ​ന്മാ​രോട്‌! അവൻ പറയുന്നു: “ശിശുക്കൾ എന്റെ അടുക്കൽ വന്നു​കൊ​ള്ളട്ടെ; അവരെ തടയരുത്‌. ദൈവ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രു​ടേ​ത​ത്രേ. ശിശു​വി​നെ​പ്പോ​ലെ ദൈവ​രാ​ജ്യ​ത്തെ കൈ​ക്കൊ​ള്ളാത്ത ആരും ഒരു​പ്ര​കാ​ര​ത്തി​ലും അതിൽ കടക്കു​ക​യില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.” പിന്നെ അവൻ കുട്ടി​കളെ “കൈക​ളി​ലെ​ടുത്ത്‌” അനു​ഗ്ര​ഹി​ക്കു​ന്നു. (മർക്കോസ്‌ 10:13-16) യേശു സ്‌നേ​ഹ​പൂർവം കുട്ടി​കളെ ചേർത്തു​പി​ടി​ച്ചെ​ന്നാണ്‌ മർക്കോസ്‌ ഉപയോ​ഗിച്ച വാക്കുകൾ കാണി​ക്കു​ന്നത്‌. ഒരുപക്ഷേ യേശു കുഞ്ഞു​ങ്ങളെ കൈയി​ലെ​ടുത്ത്‌ താലോ​ലി​ച്ചി​രി​ക്കാം എന്ന്‌ ഒരു വിവർത്തകൻ പറയുന്നു. അതെ, യേശു​വിന്‌ കുട്ടി​കളെ വലിയ ഇഷ്ടമാ​യി​രു​ന്നു. ഈ വിവരണം പക്ഷേ യേശു​വി​നെ​ക്കു​റിച്ച്‌ മറ്റൊ​ന്നു​കൂ​ടെ നമ്മെ പഠിപ്പി​ക്കു​ന്നു: ആർക്കും അടുപ്പം​തോ​ന്നുന്ന പ്രകൃ​ത​മാ​യി​രു​ന്നു അവന്റേത്‌.

4, 5. (എ) മറ്റുള്ള​വർക്ക്‌ അടുപ്പം​തോ​ന്നുന്ന പ്രകൃ​ത​മാണ്‌ യേശു​വി​ന്റേ​തെന്ന്‌ എന്തു തെളി​യി​ക്കു​ന്നു? (ബി) ഈ അധ്യാ​യ​ത്തിൽ നാം ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച​ചെ​യ്യും?

4 യേശു കർക്കശ​ക്കാ​ര​നോ അഹംഭാ​വി​യോ ആയിരു​ന്നെ​ങ്കിൽ കുട്ടി​കൾക്ക്‌ അവനോട്‌ അടുപ്പം​തോ​ന്നി​ല്ലാ​യി​രു​ന്നു. ആ മാതാ​പി​താ​ക്ക​ളും യേശു​വി​ന്റെ അടുക്കൽ വരില്ലാ​യി​രു​ന്നു. ആ രംഗം ഭാവന​യിൽ കാണാൻ നിങ്ങൾക്കാ​കു​ന്നു​ണ്ടോ? യേശു തങ്ങളുടെ കുഞ്ഞു​ങ്ങളെ ഓമനി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യു​ന്നതു നോക്കി​നിൽക്കുന്ന ആ മാതാ​പി​താ​ക്ക​ളു​ടെ മുഖത്തെ സന്തോഷം നിങ്ങൾ കാണു​ന്നി​ല്ലേ? കുട്ടികൾ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ വില​പ്പെ​ട്ട​വ​രാ​ണെന്ന്‌ യേശു​വി​ന്റെ പെരു​മാ​റ്റ​ത്തിൽനി​ന്നു വ്യക്തമാണ്‌. ഭാരിച്ച ഉത്തരവാ​ദി​ത്വം ചുമലി​ലു​ണ്ടാ​യി​രുന്ന ആ സമയത്തും അവർക്ക്‌ അവനെ സമീപി​ക്കാ​മാ​യി​രു​ന്നു!

5 മറ്റാർക്കൊ​ക്കെ യേശു​വി​നോട്‌ അടുപ്പം​തോ​ന്നി? എന്തായി​രു​ന്നു അതിനു കാരണം? ഇക്കാര്യ​ത്തിൽ യേശു​വി​നെ​പ്പോ​ലെ ആയിരി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ഇനി അതാണ്‌ നാം കാണാൻ പോകു​ന്നത്‌.

ആർക്കും സമീപിക്കാവുന്നവൻ

6-8. (എ) യേശു​വി​നോ​ടൊ​പ്പം മിക്ക​പ്പോ​ഴും ആരുണ്ടാ​യി​രു​ന്നു? (ബി) മതനേ​താ​ക്ക​ന്മാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യേശു അവരെ എങ്ങനെ​യാണ്‌ വീക്ഷി​ച്ചത്‌?

6 വലിയ ജനക്കൂട്ടം യേശു​വി​നെ കാണാൻ വന്നതി​നെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ ഒരുപക്ഷേ നിങ്ങളെ അമ്പരപ്പി​ച്ചേ​ക്കാം. ചില ഉദാഹ​ര​ണങ്ങൾ നോക്കുക. “വലിയ ജനക്കൂട്ടം അവനെ പിന്തു​ടർന്നു.” “വലി​യൊ​രു ജനക്കൂട്ടം അവന്റെ അടുക്കൽ വന്നു.” “വലിയ ജനക്കൂട്ടം അവന്റെ അടുക്കൽ വന്നുകൂ​ടി.” “വലി​യൊ​രു പുരു​ഷാ​രം അവനോ​ടു​കൂ​ടെ സഞ്ചരി​ച്ചി​രു​ന്നു.” (മത്തായി 4:25; 13:2; 15:30; ലൂക്കോസ്‌ 14:25) അതെ, മിക്ക​പ്പോ​ഴും യേശു​വി​നോ​ടൊ​പ്പം വലി​യൊ​രു ജനക്കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു.

7 മതനേ​താ​ക്ക​ന്മാർ, “നിലത്തെ ആളുകൾ” എന്നു വിളിച്ചു പുച്ഛി​ച്ചി​രുന്ന സാധാ​ര​ണ​ക്കാ​രാ​യി​രു​ന്നു അവരിൽ പലരും. “ന്യായ​പ്ര​മാ​ണം അറിയാത്ത ഈ ജനം ശപിക്ക​പ്പെ​ട്ട​വ​രാ​കു​ന്നു” എന്ന്‌ പരസ്യ​മാ​യി പറയാൻ പരീശ​ന്മാർക്കും പുരോ​ഹി​ത​ന്മാർക്കും ഒരു മടിയു​മി​ല്ലാ​യി​രു​ന്നു. (യോഹ​ന്നാൻ 7:49) റബ്ബിമാ​രു​ടെ പിൽക്കാല ലിഖി​ത​ങ്ങ​ളും ഈ വസ്‌തുത ശരി​വെ​ക്കു​ന്നു. വില​കെ​ട്ട​വ​രാ​യാണ്‌ പല മതനേ​താ​ക്ക​ന്മാ​രും അവരെ കണ്ടിരു​ന്നത്‌. അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്ന​തോ അവരിൽനി​ന്നു സാധനങ്ങൾ വാങ്ങു​ന്ന​തോ അവരു​മാ​യി സമ്പർക്കം​പു​ലർത്തു​ന്ന​തോ നിഷി​ദ്ധ​മാ​യി കണക്കാ​ക്കി​യി​രു​ന്നു. എന്തിന്‌, അലിഖിത നിയമങ്ങൾ അറിയാത്ത ഈ സാധാ​ര​ണ​ക്കാർക്ക്‌ പുനരു​ത്ഥാ​നം​പോ​ലും ഇല്ലെന്ന്‌ ചിലർ വിശ്വ​സി​ച്ചു! സഹായ​ത്തി​നോ ഉപദേ​ശ​ങ്ങൾക്കോ ആയി ഇങ്ങനെ​യുള്ള നേതാ​ക്ക​ന്മാ​രെ സമീപി​ക്കു​ന്ന​തി​നു പകരം ആ പാവങ്ങൾ അവരിൽനിന്ന്‌ ഒഴിഞ്ഞു​മാ​റി​യ​തിൽ അതിശ​യി​ക്കാ​നു​ണ്ടോ? ആ നേതാ​ക്ക​ന്മാ​രിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌ത​നാ​യി​രു​ന്നു യേശു!

8 സാധാ​ര​ണ​ക്കാ​രു​മാ​യി ഇടപഴ​കാൻ യേശു​വിന്‌ യാതൊ​രു മടിയു​മി​ല്ലാ​യി​രു​ന്നു. അവൻ അവരോ​ടൊ​പ്പം ഭക്ഷണം കഴിച്ചു, അവരെ സുഖ​പ്പെ​ടു​ത്തി, അവരെ പഠിപ്പി​ച്ചു, അവർക്ക്‌ പ്രത്യാശ പകർന്നു​കൊ​ടു​ത്തു. പക്ഷേ, എല്ലാവ​രു​മൊ​ന്നും യഹോ​വയെ സേവി​ക്കാ​നുള്ള അവസരം സ്വീക​രി​ക്കി​ല്ലെന്ന്‌ യേശു​വിന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. (മത്തായി 7:13, 14) എന്നാൽ അവരിൽ ചില​രെ​ങ്കി​ലും ശരിയായ പാത തിര​ഞ്ഞെ​ടു​ക്കു​മെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ പ്രതീ​ക്ഷ​യോ​ടെ​യാണ്‌ അവൻ ഓരോ​രു​ത്ത​രെ​യും കണ്ടത്‌. ‘കണ്ണിൽച്ചോ​ര​യി​ല്ലാത്ത’ പുരോ​ഹി​ത​ന്മാ​രിൽനി​ന്നും പരീശ​ന്മാ​രിൽനി​ന്നും എത്രയോ വിഭി​ന്ന​നാ​യി​രു​ന്നു യേശു! അത്ഭുത​മെന്നു പറയട്ടെ, ചില പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും പോലും യേശു​വി​നെ തേടി​യെത്തി. അവരിൽ പലരും വിശ്വാ​സം സ്വീക​രിച്ച്‌ യേശു​വി​നെ അനുഗ​മി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 6:7; 15:5) പേരും പെരു​മ​യു​മുള്ള ചിലരും യേശു​വി​നെ തേടി​വന്നു.​—മർക്കോസ്‌ 10:17, 22.

9. സ്‌ത്രീ​കൾക്ക്‌ യേശു​വി​നെ സമീപി​ക്കാൻ മടി​തോ​ന്നാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 സ്‌ത്രീ​കൾക്കും യേശു​വി​നെ സമീപി​ക്കാൻ മടി​തോ​ന്നി​യില്ല. എന്നാൽ, നിന്ദ​യോ​ടും പുച്ഛ​ത്തോ​ടും​കൂ​ടെ​യാണ്‌ അക്കാലത്തെ മതനേ​താ​ക്ക​ന്മാർ സ്‌ത്രീ​കളെ വീക്ഷി​ച്ചി​രു​ന്നത്‌. സ്‌ത്രീ​കളെ പഠിപ്പി​ക്കുക എന്ന ആശയം​തന്നെ റബ്ബിമാർക്ക്‌ വെറു​പ്പാ​യി​രു​ന്നു. കോട​തി​ക​ളിൽ സാക്ഷി​പ​റ​യാൻ സ്‌ത്രീ​കളെ അനുവ​ദി​ച്ചി​രു​ന്നില്ല; അവരുടെ സാക്ഷ്യം വിശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു പൊതു​വെ​യുള്ള ധാരണ. തങ്ങൾ സ്‌ത്രീ​ക​ളാ​യി ജനിക്കാ​ത്ത​തിന്‌ ദൈവ​ത്തോ​ടു നന്ദിപ​റ​ഞ്ഞു​കൊ​ണ്ടുള്ള ഒരു പ്രാർഥ​ന​പോ​ലും റബ്ബിമാർക്കി​ട​യിൽ ഉണ്ടായി​രു​ന്നു! പക്ഷേ യേശു അങ്ങനെ​യ​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ, യേശു​വിൽനി​ന്നു പഠിക്കാ​നാ​യി പല സ്‌ത്രീ​ക​ളും അവനെ സമീപി​ച്ചു. ലാസറി​ന്റെ സഹോ​ദരി മറിയ യേശു​വി​ന്റെ കാൽക്ക​ലി​രുന്ന്‌ അവന്റെ ഉപദേശം ശ്രദ്ധി​ച്ച​തി​നെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ നാം വായി​ക്കു​ന്നു. ആ സമയത്ത്‌ അവളുടെ സഹോ​ദരി മാർത്ത യേശു​വി​നു​വേണ്ടി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കി​ലാ​യി​രു​ന്നു. എന്നാൽ തന്റെ ഉപദേശം ശ്രദ്ധി​ക്കു​ന്ന​തി​നു പ്രാധാ​ന്യം​കൊ​ടുത്ത മറിയയെ യേശു അനു​മോ​ദി​ക്കു​ന്ന​താ​യി നാം കാണുന്നു.​—ലൂക്കോസ്‌ 10:39-42.

10. രോഗി​ക​ളോട്‌ ഇടപെ​ടുന്ന കാര്യ​ത്തിൽ യേശു മതനേ​താ​ക്ക​ന്മാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി​രു​ന്നത്‌ എങ്ങനെ?

10 രോഗി​കൾക്കും യേശു​വി​നെ സമീപി​ക്കാൻ സ്വാത​ന്ത്ര്യം തോന്നി. മതനേ​താ​ക്ക​ന്മാ​രാ​ണെ​ങ്കിൽ, ഭ്രഷ്ടു​കൽപ്പി​ക്ക​പ്പെ​ട്ട​വ​രെ​പ്പോ​ലെ​യാണ്‌ പലപ്പോ​ഴും രോഗി​കളെ വീക്ഷി​ച്ചി​രു​ന്നത്‌. കുഷ്‌ഠ​രോ​ഗി​കളെ മാറ്റി​പ്പാർപ്പി​ക്ക​ണ​മെന്ന്‌ ന്യായ​പ്ര​മാ​ണം അനുശാ​സി​ച്ചി​രു​ന്നു എന്നതു ശരിയാണ്‌. പക്ഷേ രോഗം പകരാ​തി​രി​ക്കാ​നുള്ള ഒരു മുൻക​രു​ത​ലാ​യി​രു​ന്നു അത്‌; അല്ലാതെ, രോഗി​ക​ളോ​ടു ദയയി​ല്ലാ​തെ പെരു​മാ​റാ​നുള്ള ഒരു അടിസ്ഥാ​ന​മാ​യി​രു​ന്നില്ല. (ലേവ്യ​പു​സ്‌തകം 13-ാം അധ്യായം) പിൽക്കാ​ലത്ത്‌ നിലവിൽവന്ന റബ്ബിമാ​രു​ടെ നിയമ​സം​ഹിത, കുഷ്‌ഠ​രോ​ഗി​കൾ വിസർജ്യം​പോ​ലെ നികൃ​ഷ്ട​രാ​ണെന്ന്‌ പ്രസ്‌താ​വി​ച്ചു. കുഷ്‌ഠ​രോ​ഗി​കൾ അടു​ത്തേക്കു വരാതി​രി​ക്കാൻ ചില മതനേ​താ​ക്ക​ന്മാർ അവർക്കു​നേരെ കല്ലെറി​യു​ക​പോ​ലും ചെയ്‌തു! സമൂഹം ഇത്ര അവജ്ഞ​യോ​ടെ കണ്ടിരുന്ന ഇവർ ഏതെങ്കി​ലു​മൊ​രു ഗുരു​വി​നെ സമീപി​ക്കാൻ ധൈര്യ​പ്പെ​ടു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? പക്ഷേ യേശു​വി​നെ സമീപി​ക്കാൻ ഇവർ മടിച്ചില്ല എന്നതാണു സത്യം. യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കി​ക്കൊണ്ട്‌ ഒരു കുഷ്‌ഠ​രോ​ഗി നടത്തിയ പ്രസ്‌താ​വന നമു​ക്കെ​ല്ലാം അറിവു​ള്ള​താണ്‌: “കർത്താവേ, നിനക്കു മനസ്സു​ണ്ടെ​ങ്കിൽ എന്നെ ശുദ്ധനാ​ക്കാൻ കഴിയും.” (ലൂക്കോസ്‌ 5:12) ഈ അപേക്ഷ​യോട്‌ യേശു എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ച​തെന്ന്‌ അടുത്ത അധ്യാ​യ​ത്തിൽ നാം പഠിക്കും. എന്തായാ​ലും, ആർക്കും യേശു​വി​നെ സമീപി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു എന്നതിന്‌ ഇതിൽപ്പരം മറ്റെന്തു തെളിവു വേണം?

11. (എ) പാപഭാ​ര​ത്താൽ നിരാ​ശ​രാ​യി കഴിഞ്ഞി​രു​ന്നവർ യേശു​വി​നെ സമീപി​ക്കാൻ മടിച്ചില്ല എന്നതിന്‌ ഒരു ഉദാഹ​രണം പറയുക. (ബി) ഇക്കാര്യ​ത്തിൽ യേശു​വി​നെ അനുക​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 കുറ്റ​ബോ​ധ​ത്താൽ മനസ്സു​നീ​റി​ക്ക​ഴി​ഞ്ഞി​രു​ന്ന​വ​രും ആശ്വാ​സ​ത്തി​നാ​യി യേശു​വി​നെ സമീപി​ച്ചു. യേശു ഒരു പരീശന്റെ വീട്ടിൽ വിരു​ന്നി​നു​പോയ സംഭവം നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും. അവി​ടെ​വെച്ച്‌, പാപി​നി​യാ​യി അറിയ​പ്പെ​ട്ടി​രുന്ന ഒരുവൾ യേശു​വി​ന്റെ അടുക്കൽ വരുന്നു. ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ അവൾക്ക്‌ കരച്ചി​ല​ട​ക്കാ​നാ​യില്ല. അവളുടെ കണ്ണീരിൽ കുതിർന്ന യേശു​വി​ന്റെ പാദങ്ങൾ അവൾ തലമു​ടി​കൊണ്ട്‌ തുടയ്‌ക്കാൻ തുടങ്ങി. പക്ഷേ, യേശു​വി​നെ വിരു​ന്നി​നു ക്ഷണിച്ച പരീശന്‌ ഇത്‌ രസിച്ചില്ല. തന്റെ അടുക്കൽ വരാൻ യേശു പാപി​നി​യായ ഒരുവളെ അനുവ​ദി​ച്ച​തിന്‌ അയാൾക്ക്‌ യേശു​വി​നോട്‌ അമർഷം തോന്നി. എന്നാൽ യേശു​വാ​കട്ടെ, ചെയ്‌തു​പോയ പാപങ്ങ​ളിൽ മനസ്‌ത​പിച്ച ആ സ്‌ത്രീ​യെ അനു​മോ​ദി​ക്കു​ക​യാ​ണു ചെയ്‌തത്‌. യഹോവ അവളുടെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു എന്നു പറഞ്ഞു​കൊണ്ട്‌ യേശു അവളെ ആശ്വസി​പ്പി​ച്ചു. (ലൂക്കോസ്‌ 7:36-50) ഇന്നും, കുറ്റ​ബോ​ധ​ത്തി​ന്റെ ഭാരം​പേറി ജീവി​ക്കു​ന്ന​വർക്ക്‌ സഹായം ആവശ്യ​മാണ്‌, മുമ്പെ​ന്ന​ത്തെ​ക്കാൾ അധികം. അവരെ സഹായി​ക്കേണ്ട സ്ഥാനത്താ​യി​രി​ക്കു​ന്നവർ യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കണം. എങ്കിലേ ഈ പാപി​കൾക്ക്‌ അവരെ സമീപി​ക്കാ​നും ദൈവ​വു​മാ​യി ഒരു അടുത്ത​ബ​ന്ധ​ത്തി​ലേക്കു വരാനും സാധിക്കൂ. ആകട്ടെ, ആർക്കും യേശു​വി​നെ സമീപി​ക്കാൻ മടി​തോ​ന്നാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ആളുകളെ യേശു​വി​ലേക്ക്‌ ആകർഷിച്ചത്‌

12. ആർക്കും യേശു​വി​നെ സമീപി​ക്കാ​മാ​യി​രു​ന്നു എന്നതിൽ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

12 തന്റെ സ്വർഗീയ പിതാ​വി​ന്റെ വ്യക്തി​ത്വം യേശു അതേപടി പ്രതി​ഫ​ലി​പ്പി​ച്ചു. (യോഹ​ന്നാൻ 14:9) യഹോവ “നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്ന്‌ ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:27) യഹോ​വ​യു​ടെ വിശ്വസ്‌ത ദാസന്മാർക്കും അവനെ അറിയാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വർക്കും എപ്പോൾ വേണ​മെ​ങ്കി​ലും, “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” യഹോ​വയെ സമീപി​ക്കാം. (സങ്കീർത്തനം 65:2) ഒന്നോർത്തു​നോ​ക്കൂ, അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി​യാണ്‌ യഹോവ. എങ്കിലും, ആർക്കും ഏതു സമയത്തും അവനെ സമീപി​ക്കാം! യേശു​വി​നും പിതാ​വി​നെ​പ്പോ​ലെ ആളുക​ളോട്‌ സ്‌നേ​ഹ​മുണ്ട്‌. യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ ആഴത്തെ​ക്കു​റിച്ച്‌ തുടർന്നു​വ​രുന്ന അധ്യാ​യ​ങ്ങ​ളിൽ നാം പഠിക്കും. യേശു​വി​ന്റെ സ്‌നേഹം നേരിട്ട്‌ അനുഭ​വി​ക്കാൻ ആളുകൾക്കാ​യി; അതാണ്‌ മുഖ്യ​മാ​യും അവരെ അവനി​ലേക്ക്‌ അടുപ്പി​ച്ചത്‌. യേശു സ്‌നേഹം കാണിച്ച ചില വിധങ്ങ​ളാണ്‌ നാം അടുത്ത​താ​യി കാണാൻപോ​കു​ന്നത്‌.

13. മാതാ​പി​താ​ക്കൾക്ക്‌ യേശു​വി​നെ അനുക​രി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

13 യേശു​വിന്‌ തങ്ങളുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കാൻ ആളുകൾക്ക്‌ ഒരു പ്രയാ​സ​വു​മി​ല്ലാ​യി​രു​ന്നു. അവൻ സമ്മർദ​ത്തിൻ കീഴി​ലാ​യി​രു​ന്ന​പ്പോ​ഴും ആ താത്‌പ​ര്യ​ത്തിന്‌ ഒരു കുറവും വന്നില്ല. ചില മാതാ​പി​താ​ക്കൾ കുട്ടി​ക​ളെ​യും​കൊണ്ട്‌ യേശു​വി​നെ കാണാൻവ​ന്നത്‌ ഓർക്കു​ന്നി​ല്ലേ? ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​ന്റെ തിരക്കി​ലാ​യി​രു​ന്നി​ട്ടും യേശു അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ചു. മാതാ​പി​താ​ക്കൾക്ക്‌ അനുക​രി​ക്കാ​നാ​കുന്ന എത്ര നല്ല മാതൃക! ഇന്നത്തെ​ക്കാ​ലത്ത്‌ കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ ഒട്ടും എളുപ്പമല്ല എന്നത്‌ ശരിയാണ്‌. എങ്കിലും, എപ്പോൾവേ​ണ​മെ​ങ്കി​ലും മാതാ​പി​താ​ക്കളെ സമീപി​ക്കാ​മെന്ന്‌ കുട്ടി​കൾക്ക്‌ തോന്നണം; അത്‌ വളരെ പ്രധാ​ന​മാണ്‌. ചില​പ്പോൾ തിരക്കിട്ട്‌ നിങ്ങൾ എന്തെങ്കി​ലും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും നിങ്ങളു​ടെ കുട്ടി ഒരാവ​ശ്യ​വു​മാ​യി വരുന്നത്‌. അവനെ ശ്രദ്ധി​ക്കാൻ അപ്പോൾ നിങ്ങൾക്കു കഴി​ഞ്ഞെ​ന്നു​വ​രില്ല. എന്നാൽ ‘ഇതു തീർത്തിട്ട്‌ ഞാൻ ഉടനെ വരാം’ എന്നു പറഞ്ഞ്‌ അവനെ ആശ്വസി​പ്പി​ക്കാൻ നിങ്ങൾക്കാ​കി​ല്ലേ? പറഞ്ഞവാക്ക്‌ നിങ്ങൾ പാലി​ക്കു​മ്പോൾ, ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തിന്‌ ഗുണമു​ണ്ടെന്ന്‌ അവൻ മനസ്സി​ലാ​ക്കും. എന്തു പ്രശ്‌ന​മു​ണ്ടെ​ങ്കി​ലും അതുമാ​യി എപ്പോൾ വേണ​മെ​ങ്കി​ലും നിങ്ങളു​ടെ അടുത്തു​വ​രാ​മെ​ന്നും അവന്‌ മനസ്സി​ലാ​കും.

14-16. (എ) യേശു ആദ്യത്തെ അത്ഭുതം ചെയ്യാൻ ഇടയായ സാഹച​ര്യ​മെന്ത്‌? (ബി) അത്‌ ഒരു അത്ഭുത​മാ​ണെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (സി) കാനാ​യി​ലെ അത്ഭുതം യേശു​വി​നെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (ഡി) മാതാ​പി​താ​ക്കൾക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാ​നാ​കും?

14 മറ്റുള്ള​വ​രു​ടെ ആകുല​തകൾ താൻ കാര്യ​മാ​യെ​ടു​ക്കു​ന്നു എന്ന്‌ യേശു കാണി​ച്ചു​കൊ​ടു​ത്തു. യേശു​വി​ന്റെ ആദ്യത്തെ അത്ഭുതം​തന്നെ എടുക്കുക. ഗലീല​യി​ലെ ഒരു പട്ടണമായ കാനാ​യിൽ ഒരു വിവാ​ഹ​വി​രു​ന്നിൽ പങ്കെടു​ക്കു​ക​യാ​യി​രു​ന്നു അവൻ. അപ്പോ​ഴാണ്‌ ഒരു പ്രശ്‌നം: വീഞ്ഞ്‌ തീർന്നു​പോ​യി! യേശു​വി​ന്റെ അമ്മയായ മറിയ അവനോട്‌ ഇക്കാര്യം പറയുന്നു. യേശു എന്തു ചെയ്‌തു? ആറു വലിയ കൽഭര​ണി​ക​ളിൽ വെള്ളം നിറയ്‌ക്കാൻ പരിചാ​ര​ക​രോട്‌ ആവശ്യ​പ്പെട്ടു. പിന്നെ, യേശു പറഞ്ഞത​നു​സ​രിച്ച്‌ അവർ അതിൽ കുറ​ച്ചെ​ടുത്ത്‌ വിരു​ന്നു​വാ​ഴിക്ക്‌ കൊണ്ടു​പോ​യി കൊടു​ത്തു. അത്ഭുത​മെന്നു പറയട്ടെ, വെള്ളം വീഞ്ഞായി മാറി​യി​രി​ക്കു​ന്നു! നല്ല ഒന്നാന്തരം വീഞ്ഞ്‌! അത്‌ എങ്ങനെ സംഭവി​ച്ചു? വല്ല ജാലവി​ദ്യ​യു​മാ​യി​രു​ന്നോ? അല്ല. ശരിക്കും, ‘വെള്ളം വീഞ്ഞായി മാറി​യി​രു​ന്നു.’ (യോഹ​ന്നാൻ 2:1-11) ഒരു വസ്‌തു​വി​നെ മറ്റൊ​ന്നാ​ക്കി മാറ്റു​ക​യെ​ന്നത്‌ മനുഷ്യ​ന്റെ എക്കാല​ത്തെ​യും സ്വപ്‌ന​മാ​യി​രു​ന്നു. ഈയത്തെ സ്വർണ​മാ​ക്കി​മാ​റ്റാൻ ആൽക്കെ​മി​സ്റ്റു​കൾ നൂറ്റാ​ണ്ടു​ക​ളോ​ളം ശ്രമി​ച്ചി​ട്ടുണ്ട്‌. ഒരുപാട്‌ സമാന​ത​ക​ളുള്ള ലോഹ​ങ്ങ​ളാണ്‌ ഈയവും സ്വർണ​വും; എന്നിട്ടും അവരുടെ ശ്രമം വിജയം കണ്ടില്ല. * വെള്ളത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും കാര്യ​മോ? രണ്ട്‌ അടിസ്ഥാന മൂലകങ്ങൾ കൂടി​ച്ചേർന്ന ലഘുവായ ഒരു സംയു​ക്ത​മാണ്‌ വെള്ളം. എന്നാൽ വീഞ്ഞാ​കട്ടെ, പല അടിസ്ഥാന മൂലകങ്ങൾ അടങ്ങിയ ആയിര​ത്തോ​ളം പദാർഥങ്ങൾ ചേർന്ന്‌ ഉണ്ടായി​ട്ടു​ള്ള​താണ്‌! ഇത്ര വലി​യൊ​രു അത്ഭുതം പ്രവർത്തി​ക്കാൻ യേശു തയ്യാറാ​യത്‌ എന്തു​കൊ​ണ്ടാണ്‌? അതും, വിരു​ന്നി​നി​ടെ വീഞ്ഞു തീർന്നു​പോ​യി എന്ന ഒരു നിസ്സാര കാര്യ​ത്തിന്‌?

15 മണവാ​ള​നും മണവാ​ട്ടി​ക്കും ഇത്‌ നിസ്സാ​ര​മായ ഒരു കാര്യ​മാ​യി​രു​ന്നില്ല. പുരാതന ഇസ്രാ​യേ​ലിൽ, ക്ഷണിക്ക​പ്പെട്ട അതിഥി​കളെ സത്‌ക​രി​ക്കു​ന്ന​തിന്‌ വലിയ പ്രാധാ​ന്യം​കൽപ്പി​ച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ, വിരു​ന്നി​നി​ടെ വീഞ്ഞ്‌ തീർന്നു​പോ​കുക എന്നത്‌ മണവാ​ള​നും മണവാ​ട്ടി​ക്കും അങ്ങേയറ്റം നാണ​ക്കേ​ടു​ണ്ടാ​ക്കുന്ന ഒരു കാര്യ​മാ​യി​രു​ന്നു. വിവാ​ഹ​നാ​ളിൽ മാത്രമല്ല പിന്നീ​ടുള്ള വർഷങ്ങ​ളി​ലും അതി​നെ​ക്കു​റി​ച്ചുള്ള ഓർമകൾ ഒരു വേദന​യാ​യി അവരുടെ മനസ്സിൽ അവശേ​ഷി​ക്കും. അവർക്ക്‌ ആ പ്രശ്‌നം വലുതാ​യി​രു​ന്നു; യേശു​വും അത്‌ കാര്യ​മാ​യെ​ടു​ത്തു. അതു​കൊ​ണ്ടാണ്‌ അവൻ അവരുടെ സഹായ​ത്തി​നെ​ത്തി​യത്‌. തങ്ങളുടെ പ്രശ്‌ന​ങ്ങ​ളു​മാ​യി ആളുകൾ എന്തു​കൊ​ണ്ടാണ്‌ യേശു​വി​ന്റെ അടുക്കൽ ചെന്ന​തെന്ന്‌ ഇപ്പോൾ നിങ്ങൾക്കു മനസ്സി​ലാ​യി​ക്കാ​ണും.

നിങ്ങൾക്കു മക്കളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​കണം; അങ്ങനെ​യാ​കു​മ്പോൾ നിങ്ങളെ സമീപി​ക്കാൻ അവർക്ക്‌ സ്വാത​ന്ത്ര്യം തോന്നും

16 മാതാ​പി​താ​ക്കൾക്ക്‌ ഇതിൽനിന്ന്‌ ഒരു നല്ല പാഠം പഠിക്കാ​നാ​കും. എന്തെങ്കി​ലും പ്രശ്‌ന​വു​മാ​യി നിങ്ങളു​ടെ കുട്ടി നിങ്ങളെ സമീപി​ക്കു​ന്നു എന്നു കരുതുക. ‘ഇതൊ​ന്നും അത്ര വലിയ കാര്യമല്ല’ എന്നു പറഞ്ഞ്‌ അവനെ തിരി​ച്ച​യ​യ്‌ക്കാ​നാ​യി​രി​ക്കും നിങ്ങൾക്ക്‌ ആദ്യം തോന്നു​ന്നത്‌. നിങ്ങളു​ടെ വലിയ പ്രശ്‌ന​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ കുട്ടി​യു​ടെ പ്രശ്‌നം എത്ര നിസ്സാ​ര​മാ​ണെ​ന്നോർത്ത്‌ ചില​പ്പോൾ നിങ്ങൾക്കു ചിരി​വ​ന്നേ​ക്കാം. പക്ഷേ കുട്ടിക്ക്‌ അത്‌ നിസ്സാ​ര​മ​ല്ലെന്ന്‌ ഓർക്കണം! നിങ്ങളു​ടെ പൊ​ന്നോ​മ​ന​യു​ടെ പ്രശ്‌നം നിങ്ങളു​ടെ​യും പ്രശ്‌ന​മാ​യി​രി​ക്കണം, ശരിയല്ലേ? കുട്ടി​ക​ളു​ടെ പ്രശ്‌നങ്ങൾ നിങ്ങൾ കാര്യ​മാ​യെ​ടു​ക്കു​ന്നു​ണ്ടെന്ന്‌ അവർ മനസ്സി​ലാ​ക്കു​മ്പോൾ എന്തു സങ്കടവു​മാ​യും നിങ്ങളു​ടെ അടുത്ത്‌ ഓടി​യെ​ത്താൻ അവർ മടിക്കില്ല.

17. (എ) സൗമ്യ​ത​യു​ടെ കാര്യ​ത്തിൽ യേശു എന്ത്‌ മാതൃ​ക​വെച്ചു? (ബി) സൗമ്യത കരുത്തി​ന്റെ തെളി​വാ​ണെന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

17 മൂന്നാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, സൗമ്യ​ത​യും താഴ്‌മ​യും ഉള്ളവനാ​യി​രു​ന്നു യേശു. (മത്തായി 11:29) ആകർഷ​ക​മായ ഒരു ഗുണമാണ്‌ സൗമ്യത; ഒരാൾക്ക്‌ ഉള്ളിന്റെ ഉള്ളിൽ എത്ര താഴ്‌മ​യുണ്ട്‌ എന്നതിന്റെ ശക്തമായ തെളിവ്‌. ദൈവിക ജ്ഞാനവു​മാ​യി ബന്ധപ്പെ​ട്ടു​കി​ട​ക്കുന്ന ഈ ഗുണം പരിശു​ദ്ധാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഭാഗമാണ്‌. (ഗലാത്യർ 5:22, 23; യാക്കോബ്‌ 3:13) അങ്ങേയറ്റം പ്രകോ​പ​ന​പ​ര​മായ സാഹച​ര്യ​ങ്ങ​ളി​ലും യേശു സംയമനം പാലിച്ചു. യേശു​വി​ന്റെ സൗമ്യത ഒരു ദൗർബ​ല്യ​മാ​ണെന്ന്‌ ആരും പറയില്ല. “ശാന്തത​യ്‌ക്ക്‌ കാരി​രു​മ്പി​ന്റെ കരുത്തുണ്ട്‌” എന്ന്‌ ഒരു പണ്ഡിതൻ ഒരിക്കൽ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. പലപ്പോ​ഴും, സംയമനം പാലി​ക്കാ​നും മറ്റുള്ള​വ​രോട്‌ സൗമ്യ​ത​യോ​ടെ ഇടപെ​ടാ​നു​മാണ്‌ കരുത്തു​വേ​ണ്ടത്‌. എന്നാൽ, നമ്മുടെ ശ്രമവും യഹോ​വ​യു​ടെ സഹായ​വും കൂടി ആകു​മ്പോൾ നമുക്ക്‌ യേശു​വി​നെ​പ്പോ​ലെ സൗമ്യത കാണി​ക്കാ​നാ​കും. അങ്ങനെ​യാ​കു​മ്പോൾ മറ്റുള്ള​വർക്ക്‌ നമ്മെ സമീപി​ക്കാൻ ഏറെ എളുപ്പ​മാ​യി​രി​ക്കും.

18. (എ) യേശു ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രു​ന്നു എന്നു കാണി​ക്കുന്ന ഒരു ഉദാഹ​രണം പറയുക. (ബി) ന്യായ​ബോ​ധ​മു​ള്ള​യാ​ളെ സമീപി​ക്കാൻ ആളുകൾക്കു മടി​തോ​ന്നില്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

18 യേശു ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രു​ന്നു. അവൻ സോർ എന്ന പട്ടണത്തിൽ ആയിരി​ക്കെ തന്റെ മകൾക്ക്‌ “ഭൂതോ​പ​ദ്രവം കഠിന​മാ​യി​രി​ക്കു​ന്നു” എന്നും അവളെ സുഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പറഞ്ഞു​കൊണ്ട്‌ ഒരു സ്‌ത്രീ അവനെ കാണാൻവന്നു. അവൾ പറയു​ന്ന​തു​പോ​ലെ ചെയ്യാൻ താൻ ഉദ്ദേശി​ക്കു​ന്നി​ല്ലെന്ന്‌ അവളെ ബോധ്യ​പ്പെ​ടു​ത്താൻ യേശു പലരീ​തി​യിൽ ശ്രമി​ച്ചു​നോ​ക്കി. ആദ്യം അവൻ മൗനം​പാ​ലി​ച്ചു. പിന്നെ, അവൾ പറഞ്ഞതു​പോ​ലെ താൻ ചെയ്യാ​ത്ത​തി​ന്റെ കാരണം എന്താ​ണെന്നു പറഞ്ഞു. അതു കുറച്ചു​കൂ​ടെ വ്യക്തമാ​ക്കാൻ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു. യേശു കടും​പി​ടി​ത്ത​ക്കാ​ര​നാ​യി​രു​ന്നു എന്നാണോ ഇതു കാണി​ക്കു​ന്നത്‌? തന്നെ​പ്പോ​ലെ വലി​യൊ​രാ​ളോട്‌ മറുത്തു​പ​റ​യു​ന്നതു സൂക്ഷി​ച്ചു​വേണം എന്നു സൂചി​പ്പി​ക്കുന്ന രീതി​യി​ലാ​യി​രു​ന്നോ അവൻ സംസാ​രി​ച്ചത്‌? അല്ല. യേശു​വി​നോ​ടു സംസാ​രി​ക്കാൻ അവൾക്ക്‌ ഒട്ടും ഭയം തോന്നി​യില്ല. ഒരിക്കൽ സഹായം ചോദി​ച്ചിട്ട്‌ അവൾ ശ്രമം ഉപേക്ഷി​ച്ചോ? ഇല്ല. യേശു​വിന്‌ താത്‌പ​ര്യ​മി​ല്ലെന്നു കണ്ടിട്ടും അവനോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. പിന്മാ​റാൻ കൂട്ടാ​ക്കാ​തി​രുന്ന ആ സ്‌ത്രീ​യു​ടെ വിശ്വാ​സം എത്ര വലുതാ​ണെന്ന്‌ കണ്ട യേശു അവളുടെ മകളെ സുഖ​പ്പെ​ടു​ത്തി. (മത്തായി 15:22-28) അതെ, ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രു​ന്നു യേശു. ആളുകളെ ശ്രദ്ധി​ക്കാൻ അവൻ മനസ്സു​കാ​ണി​ച്ചു. ഉചിത​മായ സാഹച​ര്യ​ങ്ങ​ളിൽ അവൻ വഴങ്ങി​ക്കൊ​ടു​ത്തു. യേശു​വി​നെ സമീപി​ക്കാൻ ആളുകൾ മടിക്കാ​ഞ്ഞ​തിൽ അത്ഭുത​മില്ല!

നിങ്ങൾ യേശു​വി​നെ അനുക​രി​ക്കു​ന്നു​വോ?

19. ആളുകൾക്ക്‌ എളുപ്പം സമീപി​ക്കാ​വു​ന്ന​വ​രാ​ണോ നമ്മളെന്ന്‌ എങ്ങനെ അറിയാ​നാ​കും?

19 ആർക്കും എപ്പോൾവേ​ണ​മെ​ങ്കി​ലും സമീപി​ക്കാ​വു​ന്ന​വ​രാ​യി അറിയ​പ്പെ​ടാ​നാണ്‌ ആളുകൾ ഇഷ്ടപ്പെ​ടു​ന്നത്‌. തന്റെ കീഴിൽ ജോലി​ചെ​യ്യുന്ന ആർക്കും ഏതുസ​മ​യ​ത്തും തന്നെ സമീപി​ക്കാം എന്ന്‌ അധികാ​ര​സ്ഥാ​ന​ത്തുള്ള ചിലർ അഭിമാ​ന​ത്തോ​ടെ പറയാ​റുണ്ട്‌. എന്നാൽ ബൈബിൾ ഈ മുന്നറി​യി​പ്പു തരുന്നു: “തങ്ങൾ വിശ്വ​സ്‌ത​രും സ്‌നേഹം നിറഞ്ഞ​വ​രു​മാ​ണെന്ന്‌ പലരും പറയു​ന്നുണ്ട്‌. എന്നാൽ യഥാർത്ഥ​ത്തിൽ അത്തരത്തി​ലു​ള്ള​വരെ കണ്ടെടു​ക്കുക വിഷമ​കരം തന്നെ.” (സദൃശ​വാ​ക്യ​ങ്ങൾ 20:6, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) ആർക്കും സമീപി​ക്കാ​വു​ന്ന​വ​രാണ്‌ നമ്മളെന്ന്‌ പറയാൻ എളുപ്പ​മാണ്‌. എന്നാൽ വാസ്‌ത​വ​ത്തിൽ നമ്മൾ അങ്ങനെ​യാ​ണോ? ഇക്കാര്യ​ത്തിൽ നാം യേശു​വി​നെ അനുക​രി​ക്കു​ന്നു​ണ്ടോ? ഉണ്ടെന്നു സ്വയം പറഞ്ഞാൽപ്പോ​രാ, മറ്റുള്ള​വർക്ക്‌ അതു മനസ്സി​ലാ​കണം. പൗലോസ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക: “നിങ്ങളു​ടെ ന്യായ​ബോ​ധം സകല മനുഷ്യ​രും അറിയട്ടെ.” (ഫിലി​പ്പി​യർ 4:5) ‘മറ്റുള്ളവർ എന്നെ എങ്ങനെ​യാണ്‌ കാണു​ന്നത്‌? എനിക്ക്‌ എന്തു പേരാ​ണു​ള്ളത്‌?’ എന്ന്‌ നാം ഓരോ​രു​ത്ത​രും ചിന്തി​ക്കണം.

എല്ലാവർക്കും സമീപി​ക്കാ​വു​ന്ന​വ​രാ​യി​രി​ക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു

20. (എ) മറ്റുള്ള​വർക്കു സമീപി​ക്കാൻ പറ്റുന്ന​വ​രാ​യി​രി​ക്കണം ക്രിസ്‌തീയ മൂപ്പന്മാർ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സഭയിലെ മൂപ്പന്മാ​രിൽനിന്ന്‌ നാം കണക്കി​ലേറെ പ്രതീ​ക്ഷി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

20 യേശു​വി​ന്റെ ഈ ഗുണം അനുക​രി​ക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. യെശയ്യാ​വു 32:1, 2-ലെ വാക്കു​കൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ അവർ: “ഓരോ​രു​ത്തൻ കാറ്റിന്നു ഒരു മറവും പിശറി​ന്നു ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെ​യും ഇരിക്കും.” ആളുകൾക്ക്‌ തങ്ങളെ സമീപി​ക്കാൻ കഴിഞ്ഞാൽ മാത്രമേ സംരക്ഷ​ണ​വും നവോ​ന്മേ​ഷ​വും ആശ്വാ​സ​വും പ്രദാ​നം​ചെ​യ്യാൻ മൂപ്പന്മാർക്കാ​കൂ. ഈ ദുഷ്‌ക​ര​നാ​ളിൽ ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ ചുമലി​ലേ​റ്റു​ന്ന​വ​രാണ്‌ മൂപ്പന്മാർ. അതു​കൊ​ണ്ടു​തന്നെ ഇക്കാര്യ​ത്തിൽ യേശു​വി​നെ അനുക​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എങ്കിലും യഹോ​വ​യു​ടെ ആടുക​ളു​ടെ ആവശ്യങ്ങൾ ശ്രദ്ധി​ക്കാൻ പറ്റാത്തത്ര തിരക്കി​ലാണ്‌ തങ്ങൾ എന്ന പ്രതീ​തി​യു​ള​വാ​ക്കാ​തി​രി​ക്കാൻ അവർ പരമാ​വധി ശ്രമി​ക്കു​ന്നു. (1 പത്രോസ്‌ 5:2) സഭയിലെ മറ്റ്‌ അംഗങ്ങ​ളും ന്യായ​ബോ​ധം പ്രകട​മാ​ക്കു​ന്നു. മൂപ്പന്മാ​രിൽനി​ന്നു കണക്കി​ലേറെ പ്രതീ​ക്ഷി​ക്കാ​തെ അവർ താഴ്‌മ​യും സഹകര​ണ​വും കാണി​ക്കു​ന്നു.​—എബ്രായർ 13:17.

21. (എ) കുട്ടി​കൾക്ക്‌ സമീപി​ക്കാൻ സ്വാത​ന്ത്ര്യം തോന്നു​ന്ന​തിന്‌ മാതാ​പി​താ​ക്കൾ എന്തു ചെയ്യണം? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം എന്തു പഠിക്കും?

21 കുട്ടി​കൾക്ക്‌ ഏതുസ​മ​യ​ത്തും മാതാ​പി​താ​ക്കളെ സമീപി​ക്കാൻ സ്വാത​ന്ത്ര്യം തോന്നണം. അങ്ങനെ​യാ​യി​രി​ക്കാൻ മാതാ​പി​താ​ക്കൾ പരമാ​വധി ശ്രമി​ക്കു​ന്നു. ഇത്‌ ഒരു നിസ്സാ​ര​കാ​ര്യ​മല്ല! എന്തു കാര്യ​വും മാതാ​പി​താ​ക്ക​ളോ​ടു തുറന്നു​പ​റ​യാൻ മടി​ക്കേ​ണ്ട​തില്ല എന്നു കുട്ടി​കൾക്കു മനസ്സി​ലാ​കണം. അതാണ​ല്ലോ മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്ന​തും. അങ്ങനെ​യെ​ങ്കിൽ, കുട്ടിക്ക്‌ ഒരു കാര്യം സംബന്ധിച്ച്‌ തെറ്റായ വീക്ഷണ​മാ​ണു​ള്ള​തെന്നു മനസ്സി​ലാ​ക്കു​ക​യോ അല്ലെങ്കിൽ ചെയ്‌തു​പോയ ഒരു തെറ്റ്‌ അവൻ ഏറ്റുപ​റ​യു​ക​യോ ചെയ്യു​മ്പോൾ മാതാ​പി​താ​ക്കൾ എന്തു​ചെ​യ്യും? പൊട്ടി​ത്തെ​റി​ക്കു​ന്ന​തി​നു പകരം അവർ സംയമനം പാലി​ക്കും, ന്യായ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാൻ ശ്രമി​ക്കും. നേർവ​ഴി​ക്കു നടക്കാൻ ക്ഷമയോ​ടെ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തോ​ടൊ​പ്പം അവർക്കു തങ്ങളോട്‌ മനസ്സു​തു​റ​ക്കാൻ മാതാ​പി​താ​ക്കൾ അവസര​മു​ണ്ടാ​ക്കു​ക​യും ചെയ്യും. എല്ലാവർക്കും യേശു​വി​ന്റെ അടുക്കൽ ചെല്ലാൻ സ്വാത​ന്ത്ര്യം തോന്നി​യെന്ന്‌ നാം പഠിച്ച​ല്ലോ. അതു​പോ​ലെ​യാ​യി​രി​ക്കാ​നാണ്‌ നാമെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. യേശു​വി​ന്റെ അനുക​മ്പ​യെ​ക്കു​റിച്ച്‌ ചർച്ച​ചെ​യ്യു​ന്ന​താണ്‌ അടുത്ത അധ്യായം. ആളുകളെ യേശു​വി​ലേക്ക്‌ ആകർഷിച്ച പല ഗുണങ്ങ​ളിൽ ഒന്നാണ്‌ അത്‌.

^ ആവർത്തനപ്പട്ടികയിൽ ഏതാണ്ട്‌ അടുത്ത​ടു​ത്താ​യി​ട്ടാണ്‌ ഈയത്തി​ന്റെ​യും സ്വർണ​ത്തി​ന്റെ​യും സ്ഥാനം എന്ന്‌ രസതന്ത്രം പഠിച്ചി​ട്ടു​ള്ള​വർക്ക്‌ അറിയാം. ഒരു ഈയം ആറ്റത്തിന്റെ ന്യൂക്ലി​യ​സ്സിൽ സ്വർണ​ത്തെ​ക്കാൾ കേവലം മൂന്ന്‌ പ്രോ​ട്ടോ​ണു​ക​ളാണ്‌ കൂടു​ത​ലു​ള്ളത്‌. അൽപ്പം ഈയം സ്വർണ​മാ​ക്കി​മാ​റ്റാൻ ആധുനിക ശാസ്‌ത്ര​ത്തി​നു കഴിഞ്ഞി​ട്ടുണ്ട്‌. പക്ഷേ ആ പ്രക്രി​യ​യ്‌ക്ക്‌ ധാരാളം ഊർജം ആവശ്യ​മാ​യി വരും എന്നതി​നാൽ അത്‌ വളരെ ചെല​വേ​റി​യ​താണ്‌.