മാതാപിതാക്കളോട്. . .
നിങ്ങളുടെ കുട്ടികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം എന്താണ്? നിങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, മാർഗദർശനം, സംരക്ഷണം എന്നിങ്ങനെ അവർക്ക് ആവശ്യമുള്ള പലതുമുണ്ട്. എങ്കിലും, നിങ്ങൾക്കു നൽകാൻ കഴിയുന്ന അമൂല്യമായ സമ്മാനം യഹോവയെയും അവന്റെ വചനമായ ബൈബിളിലെ സത്യങ്ങളെയും കുറിച്ചുള്ള അറിവാണ്. (യോഹന്നാൻ 17:3) ആ അറിവ് യഹോവയെ സ്നേഹിക്കുന്നവരായി വളർന്നുവരാനും ഇളംപ്രായം മുതൽതന്നെ അവന് സർവാത്മനാ സേവനം ചെയ്യാനും നിങ്ങളുടെ കുട്ടികളെ സഹായിക്കും.—മത്തായി 21:16.
ഹ്രസ്വമായ പാഠങ്ങളും അഭ്യാസങ്ങളും ആണ് കുഞ്ഞുകുട്ടികൾക്കു കൂടുതൽ ഇഷ്ടമെന്ന് മിക്ക മാതാപിതാക്കൾക്കും അറിയാം. അതുകൊണ്ടുതന്നെ, എന്റെ ബൈബിൾ പാഠങ്ങൾ എന്ന ഈ പ്രസിദ്ധീകരണം പുറത്തിറക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. ലളിതമായി പഠിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഓരോ പാഠങ്ങളും ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളും അവയോടൊപ്പമുള്ള വിവരങ്ങളും പ്രധാനമായും മൂന്ന് വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. അഭ്യാസങ്ങൾക്കുള്ള ചില നിർദേശങ്ങളും കൊടുത്തിട്ടുണ്ട്. എന്റെ ബൈബിൾ പാഠങ്ങൾ കുട്ടികൾക്കു കൊടുക്കാനുള്ള ഒരു കളിപ്പാട്ടമല്ലെന്ന് ഓർക്കുക. പകരം, കുട്ടികളോടൊപ്പമിരുന്ന് വായിച്ചുകൊടുത്ത് അവരെ പഠിപ്പിക്കാനായി തയ്യാർചെയ്തിരിക്കുന്നതാണ്. അങ്ങനെ നിങ്ങൾക്കിടയിലെ ആശയവിനിമയം സുഗമമാക്കുക.
നിങ്ങളുടെ പിഞ്ചോമനകളെ “ശൈശവംമുതൽ” ബൈബിൾസത്യം പഠിപ്പിക്കാൻ ഈ പ്രസിദ്ധീകരണം നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.—2 തിമൊഥെയൊസ് 3:14, 15.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം