എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?
രാജ്യവാർത്ത നമ്പർ 35
എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?
അയൽസ്നേഹം തണുത്തുപോയിരിക്കുന്നു
ലക്ഷങ്ങൾ നിസ്സഹായരും ദുഃഖാർത്തരുമാണ്. അവർക്കു സഹായത്തിനായി തിരിയാൻ ഒരിടവുമില്ല. ഒരു ബിസിനസ് കാര്യാലയത്തിൽനിന്നു വിരമിച്ച സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഒരുനാൾ വൈകുന്നേരം തൊട്ടടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന വിധവ എന്റെ കതകിൽ മുട്ടിയിട്ട്, തനിക്ക് ഏകാന്തത അനുഭവപ്പെടുന്നതായി എന്നോടു പറഞ്ഞു. മര്യാദയോടെയാണെങ്കിലും വീണ്ടുവിചാരമില്ലാതെ, എനിക്കൊട്ടും സമയമില്ലെന്നു ഞാൻ അവരോടു പറഞ്ഞു. എന്നെ ശല്യപ്പെടുത്തിയതിൽ ക്ഷമാപണം നടത്തിയിട്ട് അവർ അവിടെനിന്നു പോയി.’
ദുഃഖകരമെന്നുപറയട്ടെ, അന്നു രാത്രി ആ വിധവ ആത്മഹത്യ ചെയ്തു. താൻ അതിൽനിന്ന് “കയ്പേറിയ ഒരു പാഠം” പഠിച്ചതായി ആ സ്ത്രീ പിന്നീടു പറഞ്ഞു.
അയൽസ്നേഹത്തിന്റെ അഭാവം പലപ്പോഴും ദാരുണമായ ഭവിഷ്യത്തുകൾക്കിടയാക്കുന്നു. മുമ്പു യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന ബോസ്നിയയിലും ഹെർസെഗോവിനയിലും പത്തു ലക്ഷത്തിൽപ്പരം ആളുകൾ വീടുംകുടിയും വിട്ടോടാൻ നിർബന്ധിതരായി, പതിനായിരക്കണക്കിനാളുകൾ കൊലചെയ്യപ്പെട്ടു. അതിനു കാരണക്കാരോ? “ഞങ്ങളുടെ അയൽക്കാർ,” സ്വന്തം ഗ്രാമത്തിൽനിന്നു തുരത്തപ്പെട്ട ഒരു പെൺകുട്ടി വിലപിക്കുന്നു. “ഞങ്ങൾ പരിചയക്കാരാണ്.”
റുവാണ്ടയിൽ ലക്ഷക്കണക്കിനാളുകൾ വധിക്കപ്പെട്ടു, കൂടുതലും അയൽക്കാരാൽ. “ഹൂട്ടുവും ടൂട്സിയും [ഒരുമിച്ച്] ഇടപഴകി, മിശ്രവിവാഹം ചെയ്തു കഴിഞ്ഞവരാണ്. ഹൂട്ടു ആരെന്നോ ടൂട്സി ആരെന്നോ ആർക്കും നോട്ടമില്ലായിരുന്നു,” ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. “അങ്ങനെയിരിക്കെ എവിടെയോ താളപ്പിഴ സംഭവിച്ചു, അങ്ങനെ അരുങ്കൊല തുടങ്ങി.”
സമാനമായി, ഇസ്രായേലിൽ യഹൂദരും അറബികളും അടുത്തടുത്താണു താമസിക്കുന്നതെങ്കിലും അവരിൽ പലരും അന്യോന്യം വെറുക്കുന്നു. അയർലൻഡിലെ നിരവധി കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കുമിടയിലും മറ്റു രാജ്യങ്ങളിലെ വർധിച്ചുവരുന്ന ആളുകളിൽ അനേകർക്കുമിടയിലും അതേ സ്ഥിതിവിശേഷം കുടികൊള്ളുന്നു. ചരിത്രത്തിലൊരിക്കലും ലോകം ഇത്രമാത്രം സ്നേഹശൂന്യമായിരുന്നിട്ടില്ല.
അയൽസ്നേഹം തണുത്തുപോയിരിക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ സ്രഷ്ടാവ് ഉത്തരം നൽകുന്നു. അവന്റെ വചനമായ ബൈബിൾ നമ്മുടെ ഈ കാലഘട്ടത്തെ ‘അന്ത്യനാളുകൾ’ എന്നു വിളിക്കുന്നു. ബൈബിൾ പ്രവചനപ്രകാരം, ആളുകൾ “സ്വാഭാവിക പ്രിയമില്ലാത്തവ”രായിരിക്കുന്ന ഒരു കാലഘട്ടമാണത്. തിരുവെഴുത്തുകളിൽ ‘വ്യവസ്ഥിതിയുടെ സമാപനം’ എന്നും വിളിക്കപ്പെടുന്ന ഈ “ദുർഘടസമയങ്ങ”ളെക്കുറിച്ച് യേശുക്രിസ്തു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അനേകരുടെ സ്നേഹം തണുത്തുപോകും.”—2 തിമൊഥെയൊസ് 3:1-5; മത്തായി 24:3, 12; NW.
ഈ ലോകത്തിന്റെ അന്ത്യനാളുകളിലാണു നാം ജീവിക്കുന്നത് എന്നതിനുള്ള തെളിവിന്റെ ഭാഗമാണ് ഇന്നത്തെ സ്നേഹശൂന്യത. സന്തോഷകരമെന്നു പറയട്ടെ, ഭക്തികെട്ട ആളുകളെ തുടച്ചുനീക്കി തത്സ്ഥാനത്തു സ്നേഹത്താൽ ഭരിക്കപ്പെടുന്ന നീതിനിഷ്ഠമായ ഒരു പുതിയ ലോകം സ്ഥാപിതമാകുമെന്നും അത് അർഥമാക്കുന്നു.—മത്തായി 24:3-14; 2 പത്രൊസ് 2:5; 3:7, 13.
എന്നാൽ, അത്തരമൊരു മാറ്റം തീർച്ചയായും സാധ്യമാണെന്ന്, എല്ലാ ആളുകൾക്കും അന്യോന്യം സ്നേഹിക്കാനും സമാധാനത്തിൽ കഴിയാനും പഠിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കാൻ തക്കതായ കാരണം നമുക്കുണ്ടോ?
അയൽസ്നേഹം—ഒരു യാഥാർഥ്യം
“ആരാണ് എന്റെ അയല്ക്കാരൻ?” ഒന്നാം നൂറ്റാണ്ടിലെ ഒരു നിയമജ്ഞൻ യേശുവിനോടു ചോദിച്ചു. ‘നിന്റെ സഹ യഹൂദൻ’ എന്ന് യേശു മറുപടി പറയാൻ അയാൾ പ്രതീക്ഷിച്ചിരുന്നുവെന്നു സ്പഷ്ടം. എന്നാൽ അയൽസ്നേഹിയായ ശമര്യക്കാരനെക്കുറിച്ചുള്ള കഥയിൽ, മറ്റു ദേശക്കാരും നമ്മുടെ അയൽക്കാരാണെന്ന് യേശു വ്യക്തമാക്കി.—ലൂക്കൊസ് 10:29-37; യോഹന്നാൻ 4:7-9.
നമ്മുടെ ജീവിതത്തിൽ ദൈവസ്നേഹം കഴിഞ്ഞാൽ അടുത്ത സ്ഥാനം അയൽസ്നേഹത്തിനായിരിക്കണമെന്ന് യേശു ഊന്നിപ്പറഞ്ഞു. (മത്തായി 22:34-40) എന്നാൽ, ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകൾ തങ്ങളുടെ അയൽക്കാരെ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടോ? ഉവ്വ്, ആദിമക്രിസ്ത്യാനികൾ! മറ്റുള്ളവരോടു സ്നേഹം കാട്ടിയതിൽ അവർ പേരുകേട്ടവരായിരുന്നു.—യോഹന്നാൻ 13:34, 35.
ഇന്നോ? ആരെങ്കിലും ക്രിസ്തുസമാന സ്നേഹം പ്രകടമാക്കുന്നുണ്ടോ? എൻസൈക്ലോപീഡിയ കനേഡിയാന ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ വേല യേശുവും ശിഷ്യന്മാരും . . . ആചരിച്ചിരുന്ന ആദിമ ക്രിസ്ത്യാനിത്വത്തിന്റെ പുനരുജ്ജീവനവും പുനഃസ്ഥാപനവുമാണ്. . . . എല്ലാവരും സഹോദരങ്ങളാണ്.”
അതിന്റെ അർഥമെന്താണ്? തങ്ങളുടെ അയൽക്കാരെ വെറുക്കാൻ യഹോവയുടെ സാക്ഷികൾ വർഗീയതയോ ദേശീയതയോ വംശീയപശ്ചാത്തലമോ പോലുള്ള യാതൊന്നിനെയും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അർഥം. തങ്ങളുടെ അയൽക്കാരെയെന്നല്ല ആരെയും അവർ കൊല്ലുകയില്ല. കാരണം പ്രതീകാത്മകമായി, അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു. (യെശയ്യാവു 2:4) വാസ്തവത്തിൽ, തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിനു മുൻകൈ എടുക്കുന്നതിൽ യഹോവയുടെ സാക്ഷികൾ പേരുകേട്ടവരാണ്.—ഗലാത്യർ 6:10.
കാലിഫോർണിയയിലെ സാക്രമെന്റോ യൂണിയനിലെ മുഖപ്രസംഗം ഇങ്ങനെ പ്രസ്താവിച്ചതിൽ തെല്ലും അതിശയിക്കാനില്ല: “ലോകത്തിലുള്ള എല്ലാവരും യഹോവയുടെ സാക്ഷികളുടെ മതപ്രമാണമനുസരിച്ചു ജീവിക്കുന്നപക്ഷം രക്തച്ചൊരിച്ചിലിനും വിദ്വേഷത്തിനും വിരാമമിട്ടുകൊണ്ട് സ്നേഹം രാജാവായി വാഴുമെന്നു പറഞ്ഞാൽ ഒട്ടും അധികമാകില്ല.” ഹംഗറിയിലെ റിങ് മാസികയിൽ ഒരു ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ നിഗമനത്തിൽ, യഹോവയുടെ സാക്ഷികൾ മാത്രമാണു ലോകത്തിൽ വസിക്കുന്നതെങ്കിൽ യുദ്ധം എന്നേക്കുമായി അവസാനിക്കും. പൊലീസുകാരുടെ ജോലികൾ ഗതാഗതം നിയന്ത്രിക്കലും പാസ്പോർട്ടുകൾ അടിച്ചുകൊടുക്കലും മാത്രമായിരിക്കും.”
എങ്കിലും, എല്ലാ ആളുകളും അന്യോന്യം സ്നേഹിക്കുന്നതിനു ലോകവ്യാപകമായി വലിയൊരു മാറ്റം ആവശ്യമാണെന്നു സമ്മതിക്കുന്നു. ആ മാറ്റം എങ്ങനെ സാധ്യമാകും? (ദയവായി പുറംപേജ് കാണുക.)
എല്ലാവരും അന്യോന്യം സ്നേഹിക്കുമ്പോൾ
വിസ്മയാവഹമായ മാറ്റം ആസന്നമാണെന്ന് യേശുക്രിസ്തു പഠിപ്പിച്ച ഒരു പ്രാർഥന വ്യക്തമാക്കുന്നു. തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
ദൈവരാജ്യം എന്താണ്? അതു സ്വർഗത്തിൽനിന്നു ഭരണം നടത്തുന്ന ഒരു യഥാർഥ ഗവൺമെന്റാണ്. അതുകൊണ്ടാണ് അതിനെ “സ്വർഗ്ഗരാജ്യം” എന്നു വിളിക്കുന്നത്. അതിന്റെ ഭരണാധിപനായിരിക്കാൻ “സമാധാന പ്രഭു”വായ യേശുവിനെ അവന്റെ പിതാവ് നിയോഗിച്ചിരിക്കുന്നു.—മത്തായി 10:7; യെശയ്യാവു 9:6, 7; സങ്കീർത്തനം 72:1-8.
ദൈവരാജ്യം സമാഗതമാകുമ്പോൾ ദ്വേഷഭരിതമായ ഈ ലോകത്തിന് എന്തു ഭവിക്കും? ആ “രാജ്യം” ഈ ലോകത്തിലെ അഴിമതി നിറഞ്ഞ എല്ലാ ഗവൺമെന്റുകളെയും ‘തകർത്തു നശിപ്പിക്കും.’ (ദാനീയേൽ 2:44) ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: ‘ലോകം . . . ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.’—1 യോഹന്നാൻ 2:17.
ദൈവത്തിന്റെ പുതിയ ലോകത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:9-11, 29; സദൃശവാക്യങ്ങൾ 2:21, 22) അത് എത്ര മഹത്തായ സമയമായിരിക്കും! “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (വെളിപ്പാടു 21:5) മരിച്ചവർപോലും വീണ്ടും ജീവിക്കും. മുഴു ഭൂമിയും അക്ഷരാർഥത്തിൽ ഒരു പറുദീസയായി രൂപാന്തരപ്പെടും.—യെശയ്യാവു 11:6-9; 35:1, 2; ലൂക്കൊസ് 23:43; പ്രവൃത്തികൾ 24:15.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതിന്, നാം അന്യോന്യം സ്നേഹിക്കണം. അതുതന്നെയാണു ദൈവം നമ്മെ പഠിപ്പിക്കുന്നതും. (1 തെസ്സലൊനീക്യർ 4:9) പൗരസ്ത്യദേശത്തുള്ള ഒരു ബൈബിൾ വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “ബൈബിൾ വാഗ്ദാനം ചെയ്യുന്നതുപോലെ, എല്ലാ ആളുകളും അന്യോന്യം സ്നേഹിക്കാൻ പഠിച്ചിരിക്കുന്ന കാലത്തിനായി ഞാൻ പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു.” ദൈവം ആ വാഗ്ദത്തങ്ങൾ നിവർത്തിക്കുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും! “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും,” അവൻ പറയുന്നു.—യെശയ്യാവു 46:11.
എന്നാൽ, ദൈവരാജ്യത്തിൻ കീഴിലെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനു നിങ്ങൾ ബൈബിൾ പരിജ്ഞാനം ഉൾക്കൊള്ളേണ്ടതുണ്ട്. ലോകവ്യാപകമായി പരമാർഥ ഹൃദയരായ ദശലക്ഷക്കണക്കിനാളുകൾ അതാണു ചെയ്യുന്നത്. (യോഹന്നാൻ 17:3) ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രിക നിങ്ങളെ അതിനു സഹായിക്കും. അതിന്റെ ഒരു പ്രതി കിട്ടാൻ മൂന്നാംപേജിൽ നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് നിങ്ങളുടെ വീടിനോട് ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ അയയ്ക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sniper and funeral in Bosnia: Reuters/Corbis-Bettmann