നിശ്വസ്ത തിരുവെഴുത്തുകൾ നിത്യപ്രയോജനങ്ങൾ കൈവരുത്തുന്നു
നിശ്വസ്ത തിരുവെഴുത്തുകൾ നിത്യപ്രയോജനങ്ങൾ കൈവരുത്തുന്നു
1. ‘എല്ലാ തിരുവെഴുത്തിന്റെയും’ പുനരവലോകനം നമ്മുടെ കൺമുമ്പിൽ എന്തു മഹത്തായ ദർശനം തുറന്നുതന്നിരിക്കുന്നു?
‘ദൈവനിശ്വസ്തമായ എല്ലാ തിരുവെഴുത്തിന്റെയും’ പുനരവലോകനം നമ്മുടെ കൺമുമ്പിൽ യഹോവയുടെ പരമാധികാരത്തിന്റെയും അവന്റെ രാജ്യോദ്ദേശ്യത്തിന്റെയും ഒരു മഹത്തായ ദർശനം തുറന്നുതന്നിരിക്കുന്നു. യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനവും വാഗ്ദത്തസന്തതിയായ ക്രിസ്തുവിൻകീഴിലെ രാജ്യം മുഖേന സാധിക്കുന്ന ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തിന്റെ ആത്യന്തിക നിവൃത്തിയുമെന്ന മഹത്തായ ഏക പ്രതിപാദ്യവിഷയമുളള ഒരു പുസ്തകമാണു ബൈബിളെന്നു നാം കണ്ടുകഴിഞ്ഞു. ബൈബിളിന്റെ ആദ്യപേജുകളിൽ തുടങ്ങി അതിന്റെ അവസാന അധ്യായങ്ങളിൽ ദൈവത്തിന്റെ രാജ്യം മുഖേനയുളള അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളുടെ മഹത്ത്വമാർന്ന സാക്ഷാത്കാരം വ്യക്തമാക്കുന്നതുവരെ ഈ ബൈബിൾ ഏക പ്രതിപാദ്യവിഷയം വികസിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. ബൈബിൾ എത്ര ശ്രദ്ധാർഹമായ പുസ്തകമാണ്! ഭൗതികാകാശങ്ങളുടെയും സൃഷ്ടിജാലങ്ങൾ സഹിതമുളള ഭൂമിയുടെയും ഭയാദരവുണർത്തുന്ന സൃഷ്ടിപ്പുമുതൽ ബൈബിൾ നമ്മുടെ കാലംവരെയുളള മനുഷ്യവർഗത്തോടുളള ദൈവത്തിന്റെ ഇടപെടലുകളുടെ നിശ്വസ്തവും വിശ്വാസ്യവുമായ വിവരണം നമുക്കു നൽകുകയും യഹോവയാലുളള ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ മഹത്തായ സൃഷ്ടിപ്പിന്റെ മഹത്ത്വമാർന്ന സാക്ഷാത്കാരത്തിലേക്കു നമ്മെ കൊണ്ടുപോകുകയും ചെയ്യുന്നു. (വെളി. 21:1) സന്തതിയുടെ രാജ്യംമുഖേന യഹോവയാം ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യം നിർവഹിക്കപ്പെടുമ്പോൾ അവൻ ഒരു ഏകീകൃത സന്തുഷ്ട മനുഷ്യകുടുംബത്തിന്റെ ദയാലുവായ പിതാവെന്ന ബന്ധത്തിൽ കാണപ്പെടുന്നു. ഈ മനുഷ്യകുടുംബം അവനെ സ്തുതിക്കുന്നതിലും അവന്റെ പരിശുദ്ധനാമത്തെ വിശുദ്ധീകരിക്കുന്നതിലും സകല സ്വർഗീയ സൈന്യത്തോടും ചേരുന്നു.
2, 3. സന്തതി ഉൾപ്പെടുന്ന പ്രതിപാദ്യവിഷയം തിരുവെഴുത്തുകളിലുടനീളം വികസിപ്പിക്കപ്പെടുന്നത് എങ്ങനെ?
2 സന്തതി ഉൾപ്പെടുന്ന ഈ പ്രതിപാദ്യവിഷയം എത്ര വിശിഷ്ടമായിട്ടാണു തിരുവെഴുത്തുകളിലുടനീളം വികസിപ്പിക്കുന്നത്! ആദ്യത്തെ നിശ്വസ്ത പ്രവചനം ഉച്ചരിച്ചുകൊണ്ട്, ‘സ്ത്രീയുടെ സന്തതി’ സർപ്പത്തിന്റെ തല ചതയ്ക്കുമെന്ന വാഗ്ദത്തം ദൈവം നൽകുന്നു. (ഉല്പ. 3:15) 2,000-ത്തിൽപ്പരം വർഷം കടന്നുപോകുന്നു. അപ്പോൾ ദൈവം വിശ്വസ്തനായ അബ്രഹാമിനോടു “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയുന്നു. 800-ൽപ്പരം വർഷം കഴിഞ്ഞ്, സന്തതി ഒരു രാജാവായിരിക്കുമെന്നു പ്രകടമാക്കിക്കൊണ്ടു യഹോവ അബ്രഹാമിന്റെ സന്തതികളിലൊരുവനായ വിശ്വസ്തദാവീദുരാജാവിനു സമാനമായ ഒരു വാഗ്ദത്തം കൊടുക്കുന്നു. കാലം കടന്നുപോകുന്നതോടെ രാജ്യഭരണത്തിന്റെ മഹത്ത്വങ്ങൾ മുൻകൂട്ടിപ്പറയുന്നതിൽ യഹോവയുടെ പ്രവാചകൻമാർ പുളകപ്രദമായി ഒത്തുചേരുന്നു. (ഉല്പ. 22:18; 2 ശമൂ. 7:12, 16; യെശ. 9:6, 7; ദാനീ. 2:44; 7:13, 14) പിന്നീട്, ഏദെനിലെ ആദ്യ വാഗ്ദത്തത്തിനുശേഷം 4,000-ത്തിൽപ്പരം വർഷം കഴിഞ്ഞു സന്തതിതന്നെ പ്രത്യക്ഷപ്പെടുന്നു. ‘അബ്രഹാമിന്റെ സന്തതി’കൂടെയായ ഈ ഒരുവൻ “അത്യുന്നതന്റെ പുത്രൻ” ആയ യേശുക്രിസ്തു ആണ്. അവനു യഹോവ “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം” കൊടുക്കുന്നു.—ഗലാ. 3:16; ലൂക്കൊ. 1:31-33.
3 ദൈവത്തിന്റെ അഭിഷിക്തരാജാവായ ഈ സന്തതി സാത്താന്റെ ഭൗമികസന്തതിയാൽ മരണത്തിൽ ചതയ്ക്കപ്പെടുന്നുവെങ്കിലും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തന്റെ സ്വന്തം വലതുഭാഗത്തേക്ക് ഉയർത്തുകയും ചെയ്യുന്നു. അവിടെ അവൻ ‘സാത്താന്റെ തല തകർക്കാനുളള’ ദൈവത്തിന്റെ തക്ക സമയത്തിനായി കാത്തിരിക്കുന്നു. (ഉല്പ. 3:15; എബ്രാ. 10:13; റോമ. 16:20) അനന്തരം വെളിപ്പാടു മുഴു ദർശനവും മഹത്തായ പാരമ്യത്തിലേക്കു വരുത്തുന്നു. ക്രിസ്തു രാജ്യാധികാരത്തിലേക്കു വരുകയും ‘പിശാചും സാത്താനുമെന്ന പഴയ പാമ്പിനെ’ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിയുകയും ചെയ്യുന്നു. പിശാചു കുറച്ചു കാലത്തേക്കു ഭൂമിയിൽ കഷ്ടം വരുത്തുകയും ‘സ്ത്രീയുടെ സന്തതിയിൽ ശേഷിപ്പുളളവരുമായി’ യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നു. എന്നാൽ “രാജാധിരാജാ”വായ ക്രിസ്തു ജനതകളെ തകർക്കുന്നു. പഴയ പാമ്പായ സാത്താനെ അഗാധത്തിലടയ്ക്കുന്നു. പിന്നീട് അവൻ അന്തിമമായി എന്നേക്കും നശിപ്പിക്കപ്പെടാനിരിക്കയാണ്. ഇതിനിടയിൽ, കുഞ്ഞാടിന്റെ മണവാട്ടിയായ പുതിയ യെരുശലേം മുഖാന്തരം ക്രിസ്തുവിന്റെ ബലിയുടെ പ്രയോജനങ്ങൾ ഭൂമിയിലെ സകല കുടുംബങ്ങളുടെയും അനുഗ്രഹത്തിനായി മനുഷ്യവർഗത്തിനു പ്രയോഗിക്കപ്പെടുന്നു. അങ്ങനെ നിശ്വസ്ത തിരുവെഴുത്തുകളുടെ മഹനീയമായ പ്രതിപാദ്യവിഷയം അതിന്റെ കോൾമയിർകൊളളിക്കുന്ന മുഴുശോഭയോടെയും നമ്മുടെ മുമ്പാകെ ഇതൾവിരിയുന്നു!—വെളി. 11:15; 12:1-12, 17; 19:11-16; 20:1-3, 7-10; 21:1-5, 9; 22:3-5.
നിശ്വസ്തരേഖയിൽനിന്നു പ്രയോജനമനുഭവിക്കൽ
4. വിശുദ്ധ തിരുവെഴുത്തുകളിൽനിന്നു നമുക്ക് എങ്ങനെ ഏററവുമധികം പ്രയോജനം നേടാൻ കഴിയും, എന്തുകൊണ്ട്?
4 നമുക്കു വിശുദ്ധ തിരുവെഴുത്തുകളിൽനിന്ന് ഏററവുമധികം പ്രയോജനം എങ്ങനെ നേടാൻ കഴിയും? ബൈബിൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകാൻ അനുവദിക്കുന്നതിനാൽ നമുക്കു പ്രയോജനം നേടാൻ കഴിയും. നിശ്വസ്ത തിരുവെഴുത്തുകളുടെ ദൈനംദിന പഠനത്താലും ബാധകമാക്കലിനാലും നമുക്കു ദൈവത്തിൽനിന്നു മാർഗനിർദേശം നേടാൻ കഴിയും. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുളള”താണ്. അതിനു നമ്മുടെ ജീവിതത്തിൽ നീതിക്കുവേണ്ടിയുളള ഒരു അത്ഭുതകരമായ പ്രേരകശക്തിയായിരിക്കാൻ കഴിയും. (എബ്രാ. 4:12) നാം തുടർച്ചയായി ദൈവവചനത്തിന്റെ നടത്തിപ്പുകൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെങ്കിൽ നാം “യഥാർഥ നീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരി”ക്കാൻ ഇടയാകും. നാം നമ്മുടെ മനസ്സിനെ പ്രവർത്തിപ്പിക്കുന്ന ശക്തിയിൽ നവീകരിക്കപ്പെടുകയും പുതുക്കപ്പെടുകയും “നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം” നമുക്ക് ഉറപ്പുവരുത്തുന്നതിനു നമ്മുടെ മനസ്സു പുതുക്കിക്കൊണ്ടു രൂപാന്തരം പ്രാപിക്കുകയും ചെയ്യും.—എഫെ. 4:23, 24, NW; റോമ. 12:2, NW.
5. മോശയുടെ മനോഭാവത്തിൽനിന്നും മാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാൻ കഴിയും?
5 ദൈവവചനം പഠിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും ചെയ്തതിൽനിന്നു മററു വിശ്വസ്തദാസൻമാർക്ക് എങ്ങനെ പ്രയോജനം ലഭിച്ചിരിക്കുന്നുവെന്നു നിരീക്ഷിക്കുന്നതിനാൽ നമുക്കു വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, എല്ലായ്പോഴും ഉപദേശപാത്രതയും പഠിക്കാൻ സന്നദ്ധതയുമുണ്ടായിരുന്ന, ‘സകല മനുഷ്യരിലുംവെച്ചു അതിസൌമ്യനായ’ മോശ ഉണ്ടായിരുന്നു. (സംഖ്യാ. 12:3) നമുക്ക് അവന് ഉണ്ടായിരുന്നതുപോലെ, യഹോവയുടെ പരമാധികാരത്തോടുളള പ്രാർഥനാനിരതമായ വിലമതിപ്പ് എല്ലായ്പോഴും ഉണ്ടായിരിക്കണം. “കർത്താവേ, [“യഹോവേ,” NW] നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിനും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” എന്നു പറഞ്ഞതു മോശ ആയിരുന്നു. മോശക്കു ദൈവജ്ഞാനം സുപരിചിതമായിരുന്നു, എന്തുകൊണ്ടെന്നാൽ ബൈബിളിന്റെ ആദിമപുസ്തകങ്ങൾ എഴുതുന്നതിനു യഹോവ അവനെ ഉപയോഗിച്ചു. അതുകൊണ്ടു യഹോവയിൽനിന്നു അനുദിനം ജ്ഞാനം തേടേണ്ടതിന്റെ പ്രാധാന്യം അവൻ മനസ്സിലാക്കി. അവൻ ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങൾ ജ്ഞാനമുളേളാരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ.” ‘നമ്മുടെ ആയുഷ്കാലം’ ചുരുക്കം, വെറും 70 സംവത്സരം അല്ലെങ്കിൽ “ഏറെ ആയാൽ” 80 സംവത്സരം ആയിരിക്കാമെന്നതുകൊണ്ടു നാം അനുദിനം അവന്റെ വചനം ഭക്ഷിക്കുന്നുവെങ്കിൽ നാം ജ്ഞാനികളായിരിക്കും, എന്തെന്നാൽ അപ്പോൾ ‘നമ്മുടെ ദൈവമായ യഹോവയുടെ പ്രസാദം നമ്മുടെമേൽ’ ഉണ്ടെന്നു തെളിയും, അത് അവന്റെ വിശ്വസ്തദാസനായ മോശയുടെമേൽ ഉണ്ടായിരുന്നതുപോലെതന്നെ.—സങ്കീ. 90:1, 2, 10, 12, 17.
6. യോശുവയെപ്പോലെ നമുക്കു നമ്മുടെ വഴി എങ്ങനെ വിജയപ്രദമാക്കാൻ കഴിയും?
6 ദൈവവചനത്തെക്കുറിച്ച് അനുദിനം ധ്യാനിക്കേണ്ടത് എത്ര ആവശ്യമാണ്! മോശയുടെ പിൻഗാമിയായ യോശുവയോടു പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ടു യഹോവ ഇതു വ്യക്തമാക്കി: “എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുളള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉളളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രമാണപുസ്തകത്തിലുളളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകയുമരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.” യഹോവയുടെ ന്യായപ്രമാണം യോശുവ തുടർച്ചയായി വായിച്ചതുകൊണ്ട് ‘അവന്റെ പ്രവൃത്തി സാധിച്ചോ?’ കനാനിലെ അവന്റെ ധീരമായ ആക്രമണത്തിൻമേലുളള യഹോവയുടെ അനുഗ്രഹം ഉത്തരം നൽകുന്നു.—യോശു. 1:7, 8; 12:7-24.
7. ദാവീദ് ദൈവത്തിൽനിന്നുളള ജ്ഞാനത്തോടു വിലമതിപ്പു പ്രകടമാക്കിയത് എങ്ങനെ, അതേ വിലമതിപ്പു സങ്കീർത്തനം 119-ൽ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
7 യഹോവയിൽനിന്നുളള ജ്ഞാനത്തെ ആഴമായി വിലമതിച്ച മറെറാരാളായ പ്രിയ ദാവീദിനെക്കുറിച്ചും പരിചിന്തിക്കുക. അവൻ യഹോവയുടെ “നിയമം,” “ഓർമിപ്പിക്കൽ,” “ആജ്ഞകൾ,” “കൽപ്പന,” ‘ന്യായത്തീർപ്പുകൾ’ എന്നിവയോട് എന്തു ഹൃദയംഗമമായ വിലമതിപ്പാണു പ്രതിഫലിപ്പിച്ചത്! ദാവീദ് അതു പ്രസ്താവിച്ച പ്രകാരം: “അവ സ്വർണത്തെക്കാളും, വളരെയധികം ശുദ്ധിചെയ്ത സ്വർണത്തെക്കാളും ആഗ്രഹിക്കത്തക്കത് ആകുന്നു; തേനിലും ഒഴുകുന്ന തേങ്കട്ടയിലും മധുരമുളളവ.” (സങ്കീ. 19:7-10, NW) ഈ ആനന്ദദായകമായ പ്രതിപാദ്യവിഷയം മറെറാരു സങ്കീർത്തനക്കാരൻ 119-ാം സങ്കീർത്തനത്തിലുടനീളം ആത്മപ്രചോദകമായ മനോഹാരിതയോടെ വികസിപ്പിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നു. നാം അനുദിനം ദൈവവചനം പഠിക്കുകയും അതിലെ ജ്ഞാനോപദേശം അനുസരിക്കുകയും ചെയ്യവേ, “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു” എന്നു യഹോവയോടു പറയാൻ നാം എക്കാലത്തും പ്രാപ്തരായിരിക്കട്ടെ.—സങ്കീ. 119:105, 129.
8. ശലോമോന്റെ ഏതു മൊഴി നാം സ്വായത്തമാക്കണം?
8 ദാവീദിന്റെ പുത്രനായ ശലോമോനും വിശ്വസ്തതയോടെ നിന്ന കാലത്തു ദൈവവചനമനുസരിച്ചു ജീവിച്ചു. അവന്റെ വചനങ്ങളിലും നാം സ്വായത്തമാക്കുന്നത് ഉചിതമായിരിക്കുന്ന വിലമതിപ്പിന്റെ വികാരനിർഭരമായ മൊഴികൾ കണ്ടെത്താൻ കഴിയും. ബൈബിളിന്റെ അനുദിന വായനയിലൂടെയും ബാധകമാക്കലിലൂടെയും നാം ശലോമോന്റെ ഈ വാക്കുകളുടെ അർഥത്തിൽ അന്തർഭവിച്ചിരിക്കുന്ന ആഴം ഗ്രഹിക്കാനിടയാകും: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുളള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊളളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാൻമാർ.” (സദൃ. 3:13, 16-18) ദൈവവചനത്തിന്റെ അനുദിന പഠനവും അനുസരണവും ഇപ്പോൾ ഏററവും വലിയ സന്തുഷ്ടിയിലേക്കു നയിക്കുന്നു, ഒപ്പം ‘ദീർഘായുസ്സി’ന്റെ—യഹോവയുടെ പുതിയ ലോകത്തിലെ നിത്യജീവന്റെ—ഉറപ്പിലേക്കും.
9. യിരെമ്യാവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പ്രോത്സാഹനം സ്വീകരിക്കാവുന്നതാണ്?
9 നിശ്വസ്ത തിരുവെഴുത്തുകളെ വിലമതിക്കുകയും അനുസരിക്കുകയും ചെയ്തിട്ടുളളവരുടെ കൂട്ടത്തിൽ ദൈവത്തിന്റെ വിശ്വസ്ത പ്രവാചകൻമാരെ അവഗണിക്കേണ്ടതല്ല. ദൃഷ്ടാന്തത്തിന്, യിരെമ്യാവിനു വളരെ പ്രയാസമുളള ഒരു നിയമനമാണുണ്ടായിരുന്നത്. (യിരെ. 6:28) അവൻ പറഞ്ഞപ്രകാരം: “യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.” എന്നാൽ അവൻ ദൈവവചനത്തിന്റെ പഠനത്താൽ നന്നായി ബലിഷ്ഠനാക്കപ്പെട്ടിരുന്നു. യഥാർഥത്തിൽ നിശ്വസ്ത തിരുവെഴുത്തുകളിലെ നാലു പുസ്തകങ്ങൾ—ഒന്നും രണ്ടും രാജാക്കൻമാരും യിരെമ്യാവും വിലാപങ്ങളും—എഴുതാൻ അവൻതന്നെ ഉപയോഗിക്കപ്പെട്ടു. അങ്ങനെ, നിരുത്സാഹം യിരെമ്യാവിനെ വലയം ചെയ്യുന്നതായി തോന്നുകയും “യഹോവയുടെ വചനം” പ്രസംഗിക്കുന്നതിൽനിന്നു വിരമിച്ചാലോ എന്ന് അവൻ ചിന്തിക്കുകയും ചെയ്തപ്പോൾ എന്തു സംഭവിച്ചു? യിരെമ്യാവുതന്നെ ഉത്തരം നൽകട്ടെ: “അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി.” യഹോവയുടെ വചനങ്ങൾ സംസാരിക്കാൻ അവൻ നിർബന്ധിതനായി, അങ്ങനെ ചെയ്യുകയിൽ യഹോവ ഒരു “മഹാവീരനെപ്പോലെ” തന്നോടുകൂടെ ഉണ്ടെന്ന് അവൻ കണ്ടെത്തി. ദൈവവചനം യിരെമ്യാവിന്റെ ഒരു ഭാഗമായിരുന്നതുപോലെ, അതു നമ്മുടെയും ഭാഗമായിരിക്കത്തക്കവണ്ണം നാം അതു പഠിക്കുകയും തുടർന്നു പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെങ്കിൽ യഹോവയുടെ അജയ്യമായ ശക്തി നമ്മോടുകൂടെ ഉണ്ടായിരിക്കും. അപ്പോൾ അവന്റെ മഹത്തായ രാജ്യോദ്ദേശ്യത്തെക്കുറിച്ചു തുടർന്നു സംസാരിക്കുന്നതിലുളള ഏതു പ്രതിബന്ധത്തെയും കീഴടക്കാൻ നമുക്കു കഴിയും.—യിരെ. 20:8, 9, 11.
10. യേശുവിന്റെ ജീവിതത്തിൽ തിരുവെഴുത്തുകൾ എന്തു പങ്കു വഹിച്ചു, അവൻ തന്റെ ശിഷ്യൻമാർക്കുവേണ്ടി പ്രാർഥിച്ചത് എന്ത്?
10 ഇപ്പോൾ നമ്മുടെ ഏററവും വലിയ ദൃഷ്ടാന്തമായി, “നമ്മുടെ വിശ്വാസത്തിന്റെ മുഖ്യകാര്യസ്ഥനും അതിനെ പൂർത്തീകരിക്കുന്നവനുമായ യേശു”വിനെ സംബന്ധിച്ചെന്ത്? എല്ലാ പ്രവാചകൻമാരെയും തനിക്കു മുമ്പത്തെ മററു വിശ്വസ്ത മനുഷ്യരെയും പോലെ, അവനു നിശ്വസ്ത തിരുവെഴുത്തുകൾ പരിചിതമായിരുന്നോ? തീർച്ചയായും ആയിരുന്നു. അവന്റെ അനേകം ഉദ്ധരണികളും തിരുവെഴുത്തുകൾക്കു ചേർച്ചയായ അവന്റെ ജീവിതഗതിയും അതാണല്ലോ വ്യക്തമായി തെളിയിക്കുന്നത്. ഇവിടെ ഈ ഭൂമിയിൽവെച്ചു ദൈവവചനം മനസ്സിൽവെച്ചുകൊണ്ടാണ് അവൻ പിതാവിന്റെ ഇഷ്ടം ചെയ്യാൻ തന്നേത്തന്നെ ഉഴിഞ്ഞുവെച്ചത്: “ഇതാ, ഞാൻ വരുന്നു: പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉളളിൽ ഇരിക്കുന്നു.” (എബ്രാ. 12:2, NW; സങ്കീ. 40:7, 8; എബ്രാ. 10:5-7) അങ്ങനെ യഹോവ യേശുവിനെ വിശുദ്ധീകരിച്ചതിൽ അഥവാ അവന്റെ സേവനത്തിനായി വേർതിരിച്ചതിൽ ദൈവവചനം ഒരു മുഖ്യ പങ്കു വഹിച്ചു. തന്റെ അനുഗാമികളും അതുപോലെ വിശുദ്ധീകരിക്കപ്പെടണമെന്നു യേശു പ്രാർഥിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു. അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.”—യോഹ. 17:17-19.
11. (എ) ദൈവവചനത്തെക്കുറിച്ചു പത്രൊസ് അഭിഷിക്തക്രിസ്ത്യാനികളോട് എന്ത് ഊന്നിപ്പറഞ്ഞു? (ബി) ബൈബിളിന്റെ പഠനം മഹാപുരുഷാരത്തിനും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ആത്മജനനം പ്രാപിച്ചവരും അഭിഷിക്തരുമായ യേശുവിന്റെ പാദാനുഗാമികൾ “സത്യത്താൽ” വിശുദ്ധീകരിക്കപ്പെടുന്നതുകൊണ്ട്, അവർ യഥാർഥത്തിൽ അവന്റെ ശിഷ്യരായിരിക്കേണ്ടതിനു ‘അവന്റെ വചനത്തിൽ നിലനിൽക്കണം.’ (യോഹ. 8:31) അങ്ങനെ, “വിശ്വാസം ലഭിച്ചവർക്കു” എഴുതുമ്പോൾ പത്രൊസ് ദൈവവചനം തുടർന്നു പഠിക്കേണ്ടതിന്റെയും അതിനു ശ്രദ്ധ കൊടുക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞു: “അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചുനിൽക്കുന്നവരും എന്നുവരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.” (2 പത്രൊ. 1:1, 12) ദൈവവചനത്തിന്റെ അനുദിന വായനയിലും പഠനത്തിലും കണ്ടെത്തപ്പെടുന്നതുപോലെയുളള തുടർച്ചയായ ഓർമിപ്പിക്കലുകൾ ആത്മീയ ഇസ്രായേൽ ഗോത്രങ്ങളിൽ മുദ്രയിടപ്പെട്ട 1,44,000 പേരെ വർണിച്ച ശേഷം യോഹന്നാൻ ദർശനത്തിൽ കണ്ട “മഹാപുരുഷാര”ത്തിൽ പെട്ടവരായിത്തീരാൻ ആശിക്കുന്ന എല്ലാവർക്കും പ്രധാനമാണ്. എന്തെന്നാൽ സത്യത്തിന്റെ ജീവജലം സ്വീകരിച്ചുകൊണ്ടിരിക്കാത്തപക്ഷം ഈ മഹാപുരുഷാരത്തിന് എങ്ങനെ ബുദ്ധിപൂർവം “രക്ഷ എന്നുളളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു” “അത്യുച്ചത്തിൽ ആർത്തുകൊണ്ടി”രിക്കാൻ കഴിയും?—വെളി. 7:9, 10; 22:17.
12. നാം ദൈവവചനത്തെക്കുറിച്ചു തുടർച്ചയായി ധ്യാനിക്കേണ്ടത് എന്തുകൊണ്ട്?
12 നമുക്ക് അതിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല! നിശ്വസ്ത തിരുവെഴുത്തുകളിൽനിന്ന് ഏററവുമധികം പ്രയോജനം നേടാനുളള മാർഗം, നിത്യജീവനിലേക്കുളള രക്ഷ കണ്ടെത്താനുളള മാർഗം, നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും ആ തിരുവെഴുത്തുകൾ പഠിക്കുകയും അവയനുസരിച്ചു ജീവിക്കുകയും ചെയ്യുകയാണ്. നാം സങ്കീർത്തനക്കാരൻ പ്രകടമാക്കിയ വിലമതിപ്പിന്റെ അതേ പ്രാർഥനാനിരതമായ മനോഭാവത്തോടെ നിരന്തരം ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കേണ്ടതാണ്: “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും. നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും.” (സങ്കീ. 77:11, 12) യഹോവയുടെ അത്ഭുതങ്ങളെയും പ്രവൃത്തിയെയും കുറിച്ചുളള ധ്യാനം നിത്യജീവൻ മുൻനിർത്തി സത്പ്രവൃത്തികളിൽ കർമനിരതരായിരിക്കാനും നമ്മെ ഉത്തേജിപ്പിക്കും. ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം ദൈവവചനത്തിന്റെ തുടർച്ചയായ പഠനത്തിൽനിന്നും ബാധകമാക്കലിൽനിന്നും സംസിദ്ധമാകുന്ന സംതൃപ്തിദായകമായ നിത്യപ്രയോജനങ്ങളിൽ പങ്കുപററാൻ നീതിയെ സ്നേഹിക്കുന്ന സകലരെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ്.
“ദുർഘടസമയങ്ങ”ളിൽ
13. നാം ഏതു “ദുർഘടസമയങ്ങ”ളിലാണു ജീവിക്കുന്നത്?
13 ഈ ആധുനിക യുഗമാണു മനുഷ്യചരിത്രത്തിലെ ഏററം ദുർഘടമായ കാലം. അതു ഭയജനകമായ സാധ്യതകളാൽ സ്ഫോടനാത്മകമാണ്. തീർച്ചയായും മനുഷ്യവർഗത്തിന്റെ അതിജീവനംതന്നെ അപകടത്തിലാണെന്നു സത്യമായി പറയാൻ കഴിയും. അപ്പോൾ, അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകൾ ഏററവും ഉചിതമാണ്: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക; മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുളളവരെ വിട്ടൊഴിയുക.”—2 തിമൊ. 3:1-5.
14. കാലത്തിന്റെ വീക്ഷണത്തിൽ, നാം പൗലൊസിന്റെ ഏതു ബുദ്ധ്യുപദേശം അനുസരിക്കണം?
14 അങ്ങനെയുളളവരെ വിട്ടൊഴിയേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ ദൈവവിചാരമില്ലാത്ത ഗതി പെട്ടെന്നു നാശത്തിൽ കലാശിക്കാൻ പോകുകയാണ്! പകരം സകല പരമാർഥഹൃദയികളുമൊത്തു നമുക്കു നിശ്വസ്ത തിരുവെഴുത്തുകളുടെ ആരോഗ്യാവഹമായ പഠിപ്പിക്കലിലേക്കു തിരിയാം. ഈ തിരുവെഴുത്തുകളെ നമ്മുടെ അനുദിനജീവിതത്തിന്റെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെ. യുവാവായ തിമൊഥെയൊസിനോടുളള പൗലൊസിന്റെ വാക്കുകൾ നമുക്ക് അനുസരിക്കാം: “നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.” (2 തിമൊ. 3:14) അതേ, അവയിൽ “നിലനില്ക്ക,” പൗലൊസ് പറയുന്നു. അങ്ങനെ ചെയ്യുന്നതിനാൽ നമ്മെ പഠിപ്പിക്കാനും നമ്മെ ശാസിക്കാനും നമുക്കുവേണ്ടി കാര്യങ്ങൾ നേരെയാക്കാനും നമുക്കു നീതിയിൽ ശിക്ഷണം നൽകാനും നാം വിനീതരായി തിരുവെഴുത്തുകളെ അനുവദിക്കണം. നമുക്ക് എന്താവശ്യമാണെന്നു യഹോവയ്ക്കറിയാം, എന്തുകൊണ്ടെന്നാൽ അവന്റെ ചിന്തകൾ നമ്മുടെ ചിന്തകളെക്കാൾ വളരെയധികം ഉയർന്നതാണ്. തന്റെ നാമത്തിനും രാജ്യത്തിനും സാക്ഷ്യം കൊടുക്കുന്ന സത്പ്രവൃത്തിക്കു നാം പൂർണമായി സജ്ജീകൃതരും യോഗ്യരും ആകേണ്ടതിനു നമുക്കു പ്രയോജനപ്രദമായത് എന്തെന്ന് അവൻ തന്റെ നിശ്വസ്ത തിരുവെഴുത്തുകളിലൂടെ നമ്മോടു പറയുന്നു. “അന്ത്യകാലത്തു” വരുന്ന “ദുർഘടസമയങ്ങ”ളെ വർണിക്കുന്ന സന്ദർഭത്തിൽ പൗലൊസ് ഈ മികച്ച ബുദ്ധ്യുപദേശം നൽകുന്നു: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവൃത്തിക്കും പൂർണമായി സജ്ജീകൃതൻ, ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന്, ശാസിക്കുന്നതിന്, കാര്യങ്ങൾ നേരെയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിന്, പ്രയോജനപ്രദവുമാകുന്നു.” ഈ നിശ്വസ്ത ബുദ്ധ്യുപദേശത്തിനു ചെവികൊടുത്തുകൊണ്ടു നാമെല്ലാം ഈ ദുർഘടകാലങ്ങളെ അതിജീവിക്കട്ടെ!—2 തിമൊ. 3:16, 17, NW; യെശ. 55:8-11.
15. (എ) അനുസരണക്കേടിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു? (ബി) ക്രിസ്തുവിന്റെ അനുസരണത്താൽ ഏതു മഹത്തായ അവസരം തുറന്നുകിട്ടിയിരിക്കുന്നു?
15 നിശ്വസ്ത തിരുവെഴുത്തുകളോടുളള അനുസരണമായിരിക്കണം നമ്മുടെ ലക്ഷ്യം. യഹോവയുടെ വചനത്തോടും കൽപ്പനയോടുമുളള അനുസരണക്കേടുമൂലമായിരുന്നു ആദ്യമനുഷ്യൻ പാപത്തിലേക്കും മരണത്തിലേക്കും വീണുപോകയും അങ്ങനെ മരണം ‘സകല മനുഷ്യരിലേക്കും വ്യാപിക്കയും’ ചെയ്തത്. അങ്ങനെ ഏദെനിക പറുദീസയിൽ “ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്നു എന്നേക്കും ജീവിപ്പാൻ” ലഭിക്കുമായിരുന്ന അവസരം മനുഷ്യനു നഷ്ടമായി. (റോമ. 5:12; ഉല്പ. 2:17; 3:6, 22-24) എന്നാൽ ക്രിസ്തുവിന്റെ അനുസരണത്തിലൂടെയും ഈ “ദൈവത്തിന്റെ കുഞ്ഞാടി”ന്റെ ബലിയുടെ അടിസ്ഥാനത്തിലുമാണ് അനുസരണത്തോടെ തങ്ങളെത്തന്നെ തനിക്കു സമർപ്പിക്കുന്ന, മനുഷ്യവർഗത്തിൽപ്പെട്ട സകലരുടെയും പ്രയോജനത്തിനായി യഹോവയാം ദൈവം “പളുങ്കുപോലെ ശുഭ്രമായ ജീവജലനദി” ഒഴുകാൻ ഇടയാക്കുന്നത്. അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടതുപോലെ “നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.”—യോഹ. 1:29; വെളി. 22:1, 2; റോമ. 5:18, 19.
16. നിശ്വസ്ത തിരുവെഴുത്തുകൾ എന്തു നിത്യപ്രയോജനം ഉളളതാണ്?
16 ഒരിക്കൽകൂടെ നിത്യജീവനിലേക്കുളള വഴി മനുഷ്യവർഗത്തിനു തുറന്നു കിടക്കുന്നു. അപ്പോൾ “നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു” എന്ന നിശ്വസ്ത തിരുവെഴുത്ത് അനുസരിക്കുന്നവർ സന്തുഷ്ടരാകുന്നു. (ആവ. 30:19, 20) തന്റെ പുത്രന്റെ ബലി മുഖാന്തരവും അവന്റെ നിത്യരാജ്യം മുഖാന്തരവും ജീവനുവേണ്ടി ഈ മഹത്തായ കരുതൽ ചെയ്യുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഈ വിലയേറിയ സത്യങ്ങൾ വായിക്കാനും വീണ്ടും വായിക്കാനും പഠിക്കാനും വീണ്ടും പഠിക്കാനും അവയെക്കുറിച്ചു ധ്യാനിക്കാനും കഴിയുന്നതിൽ നമുക്കുളള സന്തോഷം എത്ര വലുതാണ്, എന്തുകൊണ്ടെന്നാൽ സത്യമായി ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു,’ സ്വർഗത്തിലെയോ ഒരു പറുദീസാഭൂമിയിലെയോ നിത്യജീവനിലേക്കു നയിക്കുന്നതുതന്നെ. (യോഹ. 17:3; എഫെ. 1:9-11) അന്നു സകലവും ‘യഹോവക്കു വിശുദ്ധം’ ആയിരിക്കും.—സെഖ. 14:20; വെളി. 4:8.
[അധ്യയന ചോദ്യങ്ങൾ]