പാഠം 5—വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 5—വിശുദ്ധ തിരുവെഴുത്തുകളുടെ എബ്രായ പാഠം
നിശ്വസ്ത ദൈവവചനത്തിന്റെ ഭാഗമെന്ന നിലയിൽ എബ്രായ തിരുവെഴുത്തുകൾ പകർത്തപ്പെടുകയും പാഠശുദ്ധി സംബന്ധിച്ചു സംരക്ഷിക്കപ്പെടുകയും ഇന്നോളം കൈമാറപ്പെടുകയും ചെയ്ത വിധം.
1. (എ) ‘യഹോവയുടെ വചനങ്ങൾ’ കഴിഞ്ഞ കാലത്തെ മററു നിക്ഷേപങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? (ബി) ദൈവവചനത്തിന്റെ സൂക്ഷിപ്പു സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
ലിഖിതരൂപത്തിലാക്കിയ ‘യഹോവയുടെ വചനങ്ങളെ’ നിശ്വസ്ത രേഖകളുടെ ഒരു ശ്രദ്ധേയമായ സംഭരണിയിലാക്കിയ സത്യത്തിന്റെ ജലത്തോട് ഉപമിക്കാവുന്നതാണ്. ഈ സ്വർഗീയ ആശയവിനിമയത്തിന്റെ കാലഘട്ടത്തിലുടനീളം യഹോവ ഈ “വെളളങ്ങൾ” ജീവദായകമായ വിവരങ്ങളുടെ വററാത്ത ഒരു ഉറവായിത്തീരേണ്ടതിനു ശേഖരിക്കപ്പെടാനിടയാക്കിയതിൽ നമുക്ക് എത്ര നന്ദിയുളളവരായിരിക്കാൻ കഴിയും! മനുഷ്യരുടെ രാജകിരീടങ്ങൾ, നിധികൾ, സ്മാരക സൗധങ്ങൾ എന്നിവപോലുളള മററു നിക്ഷേപങ്ങൾ കാലം കടന്നുപോയതോടെ മങ്ങിപ്പോകുകയോ ദ്രവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ട്, എന്നാൽ നമ്മുടെ ദൈവത്തിന്റെ നിക്ഷേപസമാനമായ വചനങ്ങൾ അനിശ്ചിതകാലത്തോളം നിലനിൽക്കും. (യെശ. 40:8) എന്നിരുന്നാലും, ഈ സത്യത്തിന്റെ ജലം സംഭരണിയിലാക്കിയശേഷം മലിനീകരണം ഉണ്ടായിട്ടുണ്ടോയെന്നതുസംബന്ധിച്ചു ചോദ്യങ്ങൾ ഉദിക്കുന്നു. അവ മായം കലരാതെ നിലനിന്നിട്ടുണ്ടോ? ഭൂമിയിലെ എല്ലാ ഭാഷക്കാർക്കും ഇന്നു ലഭ്യമായിരിക്കുന്നതു വിശ്വസനീയമായിരിക്കത്തക്കവണ്ണം അവ മൂലഭാഷാപാഠങ്ങളിൽനിന്നു വിശ്വസനീയമായി കൈമാറിക്കിട്ടിയിട്ടുണ്ടോ? ഈ സംഭരണിയിലെ എബ്രായ പാഠം എന്നറിയപ്പെടുന്ന ഭാഗത്തിന്റെ കൃത്യതയെ സംരക്ഷിക്കാൻ ചെലുത്തിയ ശ്രദ്ധയും, ഒപ്പം അതിന്റെ കൈമാററത്തിനും ഭാഷാന്തരങ്ങളും പുതിയ വിവർത്തനങ്ങളും മുഖേന സകല മനുഷ്യവർഗജനതകൾക്കും അതു ലഭ്യമാക്കുന്നതിനും ചെയ്ത അത്ഭുതകരമായ കരുതലുകളും, കുറിക്കൊളളുന്നതിലൂടെ അതൊന്നു പരിശോധിക്കുന്നതു പുളകപ്രദമായ പഠനമാണെന്നു നാം കണ്ടെത്തും.
2. നിശ്വസ്ത ലിഖിതങ്ങൾ എസ്രായുടെ നാൾവരെ സൂക്ഷിക്കപ്പെട്ടത് എങ്ങനെ?
2 എബ്രായ, അരമായ ഭാഷകളിലുളള മൂല രേഖകൾ നിർമിച്ചതു പൊ.യു.മു. 1513-ൽ മോശ തുടങ്ങി പൊ.യു.മു. 443-നു ശേഷം അൽപ്പകാലം വരെയുളള ദൈവത്തിന്റെ മനുഷ്യ സെക്രട്ടറിമാരാണ്. ഇന്ന് അറിയപ്പെടുന്നിടത്തോളം, ഈ മൂല എഴുത്തുകളൊന്നും ഇപ്പോൾ സ്ഥിതിചെയ്യുന്നില്ല. എന്നിരുന്നാലും, തുടക്കംമുതൽ നിശ്വസ്ത ലിഖിതങ്ങളെ അവയുടെ അധികൃത പകർപ്പുകൾ സഹിതം സംരക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ ചെലുത്തപ്പെട്ടു. പൊ.യു.മു. ഏതാണ്ട് 642-ൽ യോശീയാവു രാജാവിന്റെ കാലത്ത് മോശയുടെ “ന്യായപ്രമാണപുസ്തകം”—നിസ്സംശയമായി മൂല പ്രതി—യഹോവയുടെ ആലയത്തിൽ വെച്ചിരിക്കുന്നതായി കണ്ടെത്തപ്പെട്ടു. ഈ സമയമായപ്പോഴേക്ക് അത് 871 വർഷം വിശ്വസ്തമായി സംരക്ഷിക്കപ്പെട്ടിരുന്നു. ബൈബിളെഴുത്തുകാരനായ യിരെമ്യാവ് 2 രാജാക്കൻമാർ 22:8-10 വരെ ഈ കണ്ടുപിടിത്തത്തെക്കുറിച്ച് ഒരു ലിഖിതരേഖ ഉളവാക്കത്തക്ക അളവോളം അതിൽ വളരെ താത്പര്യം പ്രകടമാക്കി. പൊ.യു.മു. 460-നോട് അടുത്ത് എസ്രാ ഇതേ സംഭവത്തെ വീണ്ടും പരാമർശിച്ചു. (2 ദിന. 34:14-18) അവൻ ഈ കാര്യങ്ങളിൽ തത്പരനായിരുന്നു, എന്തുകൊണ്ടെന്നാൽ അവൻ “യിസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി [“പകർപ്പെഴുത്തുകാരൻ,” NW] ആയിരുന്നു.” (എസ്രാ 7:6) തന്റെ കാലംവരെ തയ്യാറാക്കിയിരുന്ന എബ്രായ തിരുവെഴുത്തുകളുടെ മററു ചുരുളുകൾ എസ്രായ്ക്കു ലഭ്യമായിരുന്നുവെന്നതിനു സംശയമില്ല, ഒരുപക്ഷേ നിശ്വസ്ത മൂല ലിഖിതങ്ങളിൽ ചിലത് ഉൾപ്പെടെ. തീർച്ചയായും, എസ്രാ തന്റെ കാലത്തെ ദിവ്യ ലിഖിതങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നതായി തോന്നുന്നു.—നെഹെ. 8:1, 2.
കൈയെഴുത്തുപ്രതി പകർത്തലിന്റെ യുഗം
3. തിരുവെഴുത്തുകളുടെ കൂടുതലായ പ്രതികൾക്ക് എന്താവശ്യം ഉയർന്നുവന്നു, ഇത് എങ്ങനെ നിറവേററപ്പെട്ടു?
3 എസ്രായുടെ കാലംമുതലിങ്ങോട്ട് എബ്രായ തിരുവെഴുത്തുകളുടെ പകർപ്പുകളുടെ വർധിച്ച ആവശ്യമുണ്ടായിരുന്നു. പൊ.യു.മു. 537-ലെ പുനഃസ്ഥാപനസമയത്തും അതിനുശേഷവും എല്ലാ യഹൂദൻമാരും യെരുശലേമിലേക്കും പാലസ്തീനിലേക്കും മടങ്ങിപ്പോയില്ല. പകരം, ആയിരങ്ങൾ ബാബിലോനിൽ തങ്ങി. അതേ സമയം മററു ചിലർ വ്യാപാരപരവും മററുമായ കാരണങ്ങളാൽ കുടിയേററം നടത്തി, ഫലം പുരാതനലോകത്തിലെ മിക്ക വലിയ വ്യാപാരകേന്ദ്രങ്ങളിലും അവരെ കാണാമെന്നതായിരുന്നു. അനേകം യഹൂദൻമാർ വിവിധ ആലയ പെരുന്നാളുകൾക്കുവേണ്ടി തിരികെ യെരുശലേമിലേക്കു വാർഷിക തീർത്ഥാടനം നടത്തുമായിരുന്നു. അവിടെ അവർ ബൈബിൾപരമായ എബ്രായയിൽ നടത്തിയ ആരാധനയിൽ പങ്കെടുക്കുമായിരുന്നു. എസ്രായുടെ കാലത്ത് ഈ അനേകം വിദൂരദേശങ്ങളിലെ യഹൂദൻമാർ സിനഗോഗുകൾ എന്നറിയപ്പെട്ടിരുന്ന തദ്ദേശ സമ്മേളനസ്ഥലങ്ങൾ ഉപയോഗിച്ചു, അവിടെ എബ്രായ തിരുവെഴുത്തുകളുടെ വായനയും ചർച്ചകളും നടന്നിരുന്നു. a ചിതറിക്കിടന്ന അനേകം ആരാധനാസ്ഥലങ്ങൾ നിമിത്തം പകർപ്പെഴുത്തുകാർ കൈയെഴുത്തുപ്രതികൾ പെരുക്കേണ്ടിവന്നു.
4. (എ) ജനിസാ എന്തായിരുന്നു, അത് എങ്ങനെ ഉപയോഗിക്കപ്പെട്ടു? (ബി) 19-ാം നൂററാണ്ടിൽ ഇവയിൽ ഒന്നിൽ ഏതു വിലപ്പെട്ട കണ്ടുപിടിത്തം നടന്നു?
4 ഈ സിനഗോഗുകൾക്കു സാധാരണമായി ജനിസാ എന്നറിയപ്പെട്ട ഒരു സംഭരണശാല ഉണ്ടായിരുന്നു. കാലക്രമത്തിൽ, കീറിപ്പോയതോ പഴക്കത്താൽ ജീർണിച്ചതോ ആയി ഉപേക്ഷിക്കപ്പെട്ട കൈയെഴുത്തുപ്രതികൾ യഹൂദൻമാർ ജനിസായിൽ വെച്ചു. പകരം സിനഗോഗിലെ ഉപയോഗത്തിനു പുതിയവ വെച്ചു. യഹോവയുടെ വിശുദ്ധനാമം അടങ്ങിയിരിക്കുന്ന പാഠം അശുദ്ധമാക്കപ്പെടാതിരിക്കേണ്ടതിനു കാലാകാലങ്ങളിൽ ജനിസായിലെ വകകൾ ആദരപൂർവം ഭൂമിയിൽ കുഴിച്ചുമൂടുമായിരുന്നു. നൂററാണ്ടുകൾകൊണ്ട്, ആയിരക്കണക്കിനു പഴയ എബ്രായ ബൈബിൾകൈയെഴുത്തുപ്രതികൾ ഈ വിധത്തിൽ ഉപയോഗത്തിൽനിന്ന് അപ്രത്യക്ഷമായി. എന്നുവരികിലും നല്ല ശേഖരമുളള പഴയ കൈറോയിലുളള സിനഗോഗിലെ ജനിസാ ഒരുപക്ഷേ അതിനു മതിൽ കെട്ടിയിരുന്നതുകൊണ്ടും 19-ാം നൂററാണ്ടിന്റെ മധ്യംവരെ വിസ്മരിക്കപ്പെട്ടിരുന്നതുകൊണ്ടും ഈ നടപടിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. 1890-ൽ സിനഗോഗിന്റെ അററകുററപ്പണി നടത്തിക്കൊണ്ടിരുന്നപ്പോൾ ജനിസായിലെ വകകൾ പുനഃപരിശോധിക്കപ്പെട്ടു, അതിലെ നിക്ഷേപങ്ങൾ കാലക്രമത്തിൽ ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ സംഭാവനയായി കൊടുക്കുകയോ ചെയ്തു. ഈ ഉറവിൽനിന്ന് ഏറെക്കുറെ പൂർണമായ കൈയെഴുത്തുപ്രതികളും ആയിരക്കണക്കിനു ശകലങ്ങളും (ചിലത് പൊ.യു. ആറാം നൂററാണ്ടിലേതാണെന്നു പറയപ്പെടുന്നു) കേംബ്രിഡ്ജ് യൂണിവേഴ്സിററി ലൈബ്രറിയിലും യൂറോപ്പിലെയും അമേരിക്കയിലെയും മററു ലൈബ്രറികളിലും ചെന്നുചേർന്നു.
5. (എ) ഇപ്പോൾ ഏതു പുരാതന എബ്രായ കൈയെഴുത്തുപ്രതികളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ട്, അവയ്ക്ക് എന്തു പഴക്കമുണ്ട്? (ബി) അവയുടെ ഒരു പഠനം എന്തു വെളിപ്പെടുത്തുന്നു?
5 ഇന്ന്, ലോകത്തിലെ വിവിധ ലൈബ്രറികളിൽ, മുഴു എബ്രായ തിരുവെഴുത്തുകളുടെയോ ഭാഗങ്ങളുടെയോ ഒരുപക്ഷേ 6,000 കൈയെഴുത്തുപ്രതികൾ എണ്ണി പട്ടികപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലം വരെ (ഏതാനും ചില ശകലങ്ങൾ ഒഴികെ) പൊ.യു. പത്താം നൂററാണ്ടിലേതിലും പഴക്കമുളള അത്തരം കൈയെഴുത്തുപ്രതികൾ ഇല്ലായിരുന്നു. അങ്ങനെയിരിക്കെ, 1947-ൽ ചാവുകടൽ പ്രദേശത്തു യെശയ്യാവിന്റെ പുസ്തകത്തിന്റെ ഒരു ചുരുൾ കണ്ടുപിടിക്കപ്പെട്ടു, തുടർന്നുവന്ന വർഷങ്ങളിൽ ചാവുകടൽപ്രദേശത്തെ ഗുഹകൾ 1,900-ത്തോളം വർഷങ്ങളിൽ മറഞ്ഞിരുന്ന കൈയെഴുത്തുപ്രതികളുടെ വിപുലമായ നിക്ഷേപങ്ങൾ വിട്ടുകൊടുത്തപ്പോൾ എബ്രായ തിരുവെഴുത്തുകളുടെ അമൂല്യമായ കൂടുതൽ ചുരുളുകൾ വെളിച്ചംകണ്ടു. ഇവയിൽ ചിലതു പൊതുയുഗത്തിനു മുമ്പ് അവസാനത്തെ ചില നൂററാണ്ടുകളിൽ പകർത്തിയെഴുതിയതാണെന്നു വിദഗ്ധൻമാർ ഇപ്പോൾ കാലനിർണയംചെയ്തിരിക്കുന്നു. എബ്രായ തിരുവെഴുത്തുകളുടെ ഏകദേശം 6,000-ത്തോളം വരുന്ന കൈയെഴുത്തുപ്രതികളുടെ താരതമ്യപഠനം എബ്രായ പാഠത്തെ സ്ഥിരീകരിക്കുന്നതിനുളള അവികലമായ അടിസ്ഥാനം നൽകുകയും പാഠത്തിന്റെ കൈമാറിവരവിന്റെ വിശ്വസനീയതയെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
എബ്രായ ഭാഷ
6. (എ) എബ്രായഭാഷയുടെ ആദിമചരിത്രം എന്തായിരുന്നു? (ബി) മോശ ഉല്പത്തി എഴുതാൻ യോഗ്യനായിരുന്നത് എന്തുകൊണ്ട്?
6 ഇന്നു മനുഷ്യൻ എബ്രായ ഭാഷ എന്നു വിളിക്കുന്നത് അതിന്റെ ആദ്യ രൂപത്തിൽ ഏദെൻതോട്ടത്തിൽ ആദാം സംസാരിച്ച ഭാഷയായിരുന്നു. ഈ കാരണത്താൽ അതിനെ മമനുഷ്യന്റെ ഭാഷ എന്നു പരാമർശിക്കാൻ കഴിയും. നോഹയുടെ നാളിൽ സംസാരിച്ച ഭാഷ അതായിരുന്നു, എങ്കിലും വളർന്നുകൊണ്ടിരുന്ന പദസമ്പത്തോടെയായിരുന്നു. ബാബേൽ ഗോപുരത്തിങ്കൽവച്ചു യഹോവ മനുഷ്യവർഗത്തിന്റെ ഭാഷ കലക്കിയപ്പോൾ, കുറേക്കൂടെ വികസിതമായ രൂപത്തിൽ അതിജീവിച്ച അടിസ്ഥാനഭാഷ അതായിരുന്നു. (ഉല്പ. 11:1, 7-9) എബ്രായ ശേമ്യഭാഷാ സമൂഹത്തിൽ പെടുന്നു, അവയുടെ കുടുംബത്തലവൻ അതാണ്. അതിന് അബ്രഹാമിന്റെ കാലത്തെ കനാൻ ഭാഷയോടു ബന്ധമുളളതായി കാണപ്പെടുന്നു. കനാന്യർ അവയുടെ ഹെബ്രായിക്ശാഖയിൽനിന്നു വിവിധ ഉപഭാഷകൾ രൂപപ്പെടുത്തി. യെശയ്യാവു 19:18-ൽ അത് “കനാൻഭാഷ” എന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു. മോശ തന്റെ കാലത്ത് ഈജിപ്തുകാരുടെ ജ്ഞാനത്തിൽ മാത്രമല്ല, തന്റെ പൂർവപിതാക്കൻമാരുടെ എബ്രായ ഭാഷയിലും പണ്ഡിതനായിരുന്നു. ഈ കാരണത്താൽ അവൻ തന്റെ കൈയിൽ കിട്ടിയ പുരാതന രേഖകൾ വായിക്കാൻ കഴിയുന്ന നിലയിലായിരുന്നു, ഇവ ഉല്പത്തി എന്ന് ഇപ്പോൾ അറിയപ്പെടുന്ന ബൈബിൾ പുസ്തകത്തിൽ അവൻ രേഖപ്പെടുത്തിയ വിവരങ്ങളിൽ ചിലതിന്റെ അടിസ്ഥാനം പ്രദാനം ചെയ്തിരിക്കാം.
7. (എ) എബ്രായയ്ക്ക് ഏതു പിൽക്കാല വികാസമുണ്ടായി? (ബി) എബ്രായഭാഷ എന്തായി ഉതകി?
7 പിൽക്കാലത്ത്, യഹൂദ രാജാക്കൻമാരുടെ നാളുകളിൽ എബ്രായ “യഹൂദാഭാഷ” എന്നറിയപ്പെടാനിടയായി. (2 രാജാ. 18:26, 28) യേശുവിന്റെ കാലത്ത്, യഹൂദൻമാർ എബ്രായയുടെ ഏറെ പുതുതും വികസിതവുമായ ഒരു രൂപം സംസാരിച്ചു. കുറേക്കൂടെ കഴിഞ്ഞ് ഇത് ഒരു റബ്ബിഹെബ്രായ ആയിത്തീർന്നു. എന്നിരുന്നാലും, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അപ്പോഴും ആ ഭാഷ അരമായ എന്നല്ല, “എബ്രായ”ഭാഷ എന്നു പരാമർശിക്കപ്പെടുന്നതായി കുറിക്കൊളേളണ്ടതാണ്. (യോഹ. 5:2; 19:13, 17; പ്രവൃ. 22:2; വെളി. 9:11) അതിപ്രാചീന കാലങ്ങൾമുതൽ ക്രിസ്തുവിനു മുമ്പത്തെ യഹോവയുടെ സാക്ഷികളിൽ മിക്കവർക്കും ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസാക്ഷികൾക്കും മനസ്സിലായിരുന്ന ആശയവിനിമയ ബന്ധഭാഷ ബൈബിൾഎബ്രായ ആയിരുന്നു.
8. തിരുവെഴുത്തുകളുടെ ഉദ്ദേശ്യം മനസ്സിൽപിടിക്കുമ്പോൾ നമുക്ക് എന്തിനുവേണ്ടി സത്യമായി നന്ദിയുളളവരായിരിക്കാൻ കഴിയും?
8 എബ്രായ തിരുവെഴുത്തുകൾ ദിവ്യനിശ്വസ്തതയിൽ അറിയിച്ചുതന്നതും സമാഹരിക്കപ്പെട്ടതുമായി സ്ഫടികംപോലെ തെളിഞ്ഞ സത്യജലത്തിന്റെ ഒരു സംഭരണിയായി ഉതകി. എന്നുവരികിലും, എബ്രായ വായിക്കാൻ കഴിഞ്ഞവർക്കുമാത്രമേ ദിവ്യമായി പ്രദാനംചെയ്യപ്പെട്ട വെളളങ്ങളിൽനിന്നു നേരിട്ടു പ്രയോജനമനുഭവിക്കാൻ കഴിഞ്ഞുളളു. ബഹുഭാഷകൾ സംസാരിക്കുന്ന ജനതകൾക്കും ഈ സത്യജലം ഉൾക്കൊളളുന്നതിന് എങ്ങനെ ഒരു മാർഗം കണ്ടെത്താനും അങ്ങനെ അവരുടെ ദേഹികൾക്കു മാർഗദർശനവും നവോൻമേഷവും നേടാനും കഴിയും? (വെളി. 22:17) ഏകമാർഗം എബ്രായയിൽനിന്നു മററു ഭാഷകളിലേക്കുളള വിവർത്തനമായിരുന്നു, അങ്ങനെ ദിവ്യസത്യത്തിന്റെ നീരൊഴുക്കിനെ മനുഷ്യവർഗത്തിലെ സകല പുരുഷാരങ്ങളിലേക്കും എത്താൻ വിപുലമാക്കുകയായിരുന്നു. പൊ.യു.മു. നാലാം നൂററാണ്ടോ മൂന്നാം നൂററാണ്ടോമുതൽ ഇക്കാലംവരെയും ബൈബിളിന്റെ ഭാഗങ്ങൾ 1,900-ത്തിൽപ്പരം ഭാഷകളിലേക്കു വിവർത്തനംചെയ്തിട്ടുളളതിൽ നമുക്കു യഹോവയാം ദൈവത്തോടു നന്ദിയുളളവരായിരിക്കാൻ കഴിയും. തീർച്ചയായും ഈ വിലയേറിയ ജലത്തിൽ “ഉല്ലാസം” കണ്ടെത്താൻ കഴിഞ്ഞിട്ടുളള, നീതിയോടു ചായ്വുളള സകല ആളുകൾക്കും ഇത് എന്തനുഗ്രഹമാണെന്നു തെളിഞ്ഞിരിക്കുന്നു!—സങ്കീ. 1:2; 37:3, 4.
9. (എ) ബൈബിൾതന്നെ ഭാഷാന്തരീകരണത്തിന് എന്ത് അധികാരം നൽകുന്നു? (ബി) പുരാതനബൈബിൾവിവർത്തനങ്ങൾ കൂടുതലായ ഏതു നല്ല ഉദ്ദേശ്യത്തിന് ഉതകി?
9 ബൈബിൾതന്നെ മററു ഭാഷകളിലേക്ക് അതു വിവർത്തനംചെയ്യുന്നതിന് അധികാരമോ ന്യായീകരണമോ നൽകുന്നുണ്ടോ? തീർച്ചയായും നൽകുന്നുണ്ട്! “ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ,” എന്ന ഇസ്രായേലിനോടുളള ദൈവത്തിന്റെ വചനവും “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന ക്രിസ്ത്യാനികളോടുളള യേശുവിന്റെ പ്രാവചനിക കൽപ്പനയും നിറവേററപ്പെടണം. ഇതു സാധിക്കുന്നതിനു തിരുവെഴുത്തുകളുടെ വിവർത്തനം ആവശ്യമാണ്. ബൈബിൾവിവർത്തനത്തിന്റെ ഏതാണ്ട് 24 നൂററാണ്ടുകളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ യഹോവയുടെ അനുഗ്രഹം ഈ വേലയിൽ ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. മാത്രവുമല്ല, കൈയെഴുത്തുപ്രതിരൂപത്തിൽ നിലനിന്നിട്ടുളള ബൈബിളിന്റെ പുരാതന വിവർത്തനങ്ങൾ സത്യത്തിന്റെ എബ്രായ സംഭരണിയുടെ പാഠസംബന്ധമായ ശുദ്ധിയുടെ ഉയർന്ന അളവിനെ സ്ഥിരീകരിക്കാനും ഉതകിയിട്ടുണ്ട്.—ആവ. 32:43; മത്താ. 24:14.
വിവർത്തനംചെയ്യപ്പെട്ട ഏററവും നേരത്തെയുളള ഭാഷാന്തരങ്ങൾ
10. (എ) ശമര്യ പഞ്ചഗ്രന്ഥങ്ങൾ എന്താണ്, അത് ഇന്ന് നമുക്ക് ഉപയോഗപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പുതിയലോക ഭാഷാന്തരത്തിൽ ശമര്യപഞ്ചഗ്രന്ഥങ്ങളുടെ ഉപയോഗത്തിന്റെ ഒരു ദൃഷ്ടാന്തം നൽകുക.
10 ശമര്യ പഞ്ചഗ്രന്ഥങ്ങൾ. ആദിമകാലങ്ങൾമുതൽ ശമര്യ പഞ്ചഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്ന ഭാഷാന്തരമുണ്ട്. ആ പേർ സൂചിപ്പിക്കുന്നതുപോലെ അതിൽ എബ്രായ തിരുവെഴുത്തുകളുടെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മാത്രമേ അടങ്ങിയിട്ടുളളു. അതു യഥാർഥത്തിൽ പുരാതന എബ്രായ ലിപിയിൽനിന്നു വികസിപ്പിച്ച, ശമര്യ ലിപിയിലുളള എബ്രായ പാഠത്തിന്റെ ഒരു ലിപ്യന്തരീകരണമാണ്. അത് അക്കാലത്തെ എബ്രായ പാഠത്തിന്റെ ഒരു പ്രയോജനകരമായ സൂചകം നൽകുന്നു. ഈ ലിപ്യന്തരീകരണം പൊ.യു.മു. 740-ലെ പത്തുഗോത്ര ഇസ്രായേൽരാജ്യത്തിന്റെ പിടിച്ചടക്കലിനെ തുടർന്നു ശമര്യയിൽ അവശേഷിച്ചവരുടെയും അക്കാലത്ത് അസീറിയക്കാർ കൊണ്ടുവന്നവരുടെയും സന്തതികളായ ശമര്യർ നിർമിച്ചതായിരുന്നു. ശമര്യർ ഇസ്രായേലിന്റെ ആരാധനയെ തങ്ങളുടെ സ്വന്തം പുറജാതിദൈവങ്ങളുടെ ആരാധനയോടു കൂട്ടിക്കലർത്തി, അവർ പഞ്ചഗ്രന്ഥങ്ങൾ സ്വീകരിച്ചിരുന്നു. പൊ.യു.മു. നാലാം നൂററാണ്ടിൽ അവർ ഇത് അനുലേഖനംചെയ്തുവെന്നു വിചാരിക്കപ്പെടുന്നു, അത് പൊ.യു.മു. രണ്ടാം നൂററാണ്ടോളം താമസിച്ചായിരിക്കാമെന്നു ചില പണ്ഡിതൻമാർ സൂചിപ്പിക്കുന്നുവെങ്കിലും. അവർ അതിന്റെ പാഠം വായിക്കുമ്പോൾ അവർ യഥാർഥത്തിൽ എബ്രായ ആണ് ഉച്ചരിക്കുന്നത്. ഈ പാഠത്തിൽ എബ്രായപാഠത്തിൽനിന്നുളള 6,000-ത്തോളം വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്നുവെങ്കിലും അവയിൽ അനേകവും നിസ്സാരമായ വിശദാംശങ്ങളാണ്. നിലവിലുളള കൈയെഴുത്തുപ്രതികളിൽ പൊ.യു. 13-ാം നൂററാണ്ടിനെക്കാൾ പഴക്കമുളളത് അധികമൊന്നുമില്ല. പുതിയലോക ഭാഷാന്തരത്തിന്റെ അടിക്കുറിപ്പുകളിൽ ചിലടങ്ങളിൽ ശമര്യ പഞ്ചഗ്രന്ഥങ്ങളെ പരാമർശിക്കുന്നുണ്ട്. b
11. തർഗുമുകൾ എന്താണ്, എബ്രായ തിരുവെഴുത്തുകളുടെ പാഠത്തോടുളള ബന്ധത്തിൽ അവകൊണ്ട് എന്തു പ്രയോജനമുണ്ട്?
11 അരമായ തർഗുമുകൾ. “വ്യാഖ്യാനം” അല്ലെങ്കിൽ “പരാവർത്തനം” എന്നതിനുളള അരമായ പദം തർഗും ആണ്. നെഹെമ്യാവിന്റെ കാലംമുതൽ ഇങ്ങോട്ടു പേർഷ്യയുടെ പ്രദേശത്തു ജീവിച്ച യഹൂദൻമാരിൽ അനേകരുടെ പൊതുഭാഷയായി അരമായ ഉപയോഗിക്കപ്പെടാനിടയായി. അതുകൊണ്ട് എബ്രായ തിരുവെഴുത്തുകൾ വായിക്കുന്നതോടൊപ്പം അരമായ ഭാഷയിലേക്കു പരിഭാഷപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു. അവയുടെ ഇപ്പോഴത്തെ അന്തിമരൂപം പ്രാപിച്ചത് പൊ.യു. ഏതാണ്ട് അഞ്ചാം നൂററാണ്ടിനു മുമ്പായിരിക്കാനിടയില്ല. അവ എബ്രായ പാഠത്തിന്റെ കൃത്യമായ ഒരു വിവർത്തനമായിരിക്കാതെ അവ്യവസ്ഥിതമായ പരാവർത്തനങ്ങൾ മാത്രമാണെങ്കിലും അവ പാഠത്തിന് ഒരു ഈടുററ പശ്ചാത്തലം നൽകുകയും പ്രയാസമുളള ചില ഭാഗങ്ങൾക്കു തീർപ്പുണ്ടാക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു. പുതിയലോക ഭാഷാന്തരത്തിന്റെ അടിക്കുറിപ്പുകളിൽ തർഗുമുകളെ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്. c
12. സെപ്ററുവജിൻറ് എന്താണ്, അതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ഗ്രീക്ക് സെപ്ററുവജിൻറ്. എബ്രായ തിരുവെഴുത്തുകളുടെ ആദിമ ഭാഷാന്തരങ്ങളിൽ അതിപ്രധാനവും എബ്രായയിൽനിന്നുളള ആദ്യത്തെ യഥാർഥ ലിഖിത വിവർത്തനവും ഗ്രീക്ക് സെപ്ററുവജിൻറ് ആണ് (അർഥം “എഴുപത്”). പാരമ്പര്യപ്രകാരം, ഈജിപ്തിലുളള അലക്സാണ്ട്രിയായിലെ 72 യഹൂദപണ്ഡിതൻമാർ പൊ.യു.മു. ഏകദേശം 280-ൽ അതിന്റെ വിവർത്തനം തുടങ്ങി. പിന്നീട്, 70 എന്ന സംഖ്യ എങ്ങനെയോ ഉപയോഗിക്കപ്പെടാനിടയായി, അങ്ങനെ ഈ ഭാഷാന്തരം സെപ്ററുവജിൻറ് എന്നു വിളിക്കപ്പെട്ടു. തെളിവനുസരിച്ച് അതു പൊ.യു.മു. രണ്ടാം നൂററാണ്ടിൽ ഏതോ സമയത്തു പൂർത്തീകരിക്കപ്പെട്ടു. അതു ഗ്രീക്ക് സംസാരിക്കുന്ന യഹൂദൻമാരുടെ തിരുവെഴുത്തായി ഉതകി, യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും കാലംവരെ വിപുലമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ, നേരിട്ടുളള 320 ഉദ്ധരണികളും ഒരുപക്ഷേ സംയുക്തമായി മൊത്തത്തിലുളള 890 ഉദ്ധരണികളും എബ്രായ തിരുവെഴുത്തുകളെയുളള പരാമർശനങ്ങളും സെപ്ററുവജിൻറിൽ അധിഷ്ഠിതമാണ്.
13. സെപ്ററുവജിൻറിന്റെ വിലയേറിയ ഏതു ശകലങ്ങൾ ഇന്നോളം അതിജീവിച്ചിരിക്കുന്നു, അവയ്ക്ക് എന്തു മൂല്യമുണ്ട്?
13 പപ്പൈറസിൽ എഴുതിയ സെപ്ററുവജിൻറിന്റെ ശകലങ്ങളുടെ ഗണ്യമായ എണ്ണം ഇപ്പോഴും പഠനത്തിനു ലഭ്യമാണ്. അവ ആദിമ ക്രിസ്തീയ കാലങ്ങളിലേതായതിനാൽ വിലപ്പെട്ടവയാണ്. മിക്കപ്പോഴും ഏതാനും ചില വാക്യങ്ങളോ അധ്യായങ്ങളോ മാത്രമാണ് ഉളളതെങ്കിലും സെപ്ററുവജിൻറിന്റെ പാഠനിർണയത്തിന് അവ സഹായിക്കുന്നു. ഫൗദ് പപ്പൈറസിന്റെ സമാഹാരം (ഇൻവെന്ററി നമ്പർ 266) ഈജിപ്തിൽ കണ്ടെത്തപ്പെട്ടു, അതു പൊ.യു.മു. ഒന്നാം നൂററാണ്ടിലേതാണെന്നും കണ്ടെത്തപ്പെട്ടിരിക്കുന്നു. അതിൽ ഉല്പത്തി, ആവർത്തനം എന്നീ പുസ്തകങ്ങളുടെ ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഉല്പത്തിയുടെ ശകലങ്ങളിൽ അപൂർണസംരക്ഷണം നിമിത്തം ദിവ്യനാമം കാണുന്നില്ല. എന്നിരുന്നാലും ആവർത്തനപുസ്തകത്തിൽ ഗ്രീക്ക് പാഠത്തിനകത്തു ചതുര എബ്രായ അക്ഷരങ്ങളിൽ അതു വിവിധസ്ഥലങ്ങളിൽ എഴുതിക്കാണുന്നുണ്ട്. d മററു പപ്പൈറസ് കൈയെഴുത്തുപ്രതികൾ പൊ.യു. ഏതാണ്ടു നാലാം നൂററാണ്ടിലേതാണ്, അന്നാണു കൈയെഴുത്തുപ്രതികൾ നിർമിക്കുന്നതിനു സാധാരണമായി പശുക്കിടാവിന്റെയോ ആട്ടിൻകുട്ടിയുടെയോ കോലാടിന്റെയോ തുകൽകൊണ്ടുണ്ടാക്കിയ ഈടുനിൽക്കുന്ന ചർമപത്രമായ നല്ലയിനം ചർമക്കടലാസ് ഉപയോഗിച്ചുതുടങ്ങിയത്.
14. (എ) സെപ്ററുവജിൻറ്സംബന്ധിച്ച് ഓറിജൻ എന്തു സാക്ഷ്യപ്പെടുത്തുന്നു? (ബി) സെപ്ററുവജിൻറിന് എപ്പോൾ, എങ്ങനെ മാററംവരുത്തി? (സി) സെപ്ററുവജിൻറ് ഉപയോഗിച്ച് ആദിമക്രിസ്ത്യാനികൾ എന്തു സാക്ഷ്യം നൽകിയിരിക്കണം?
14 പൊ.യു. ഏതാണ്ട് 245-ൽ പൂർത്തിയാക്കിയ ഓറിജന്റെ ആറു പംക്തിയിലുളള ഹെക്സപ്ലയിലും ചതുരക്ഷരിരൂപത്തിൽ ദിവ്യനാമം കാണപ്പെടുന്നുവെന്നതു കൗതുകമുണർത്തുന്നു. സങ്കീർത്തനം 2:2-നെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ഓറിജൻ സെപ്ററുവജിൻറിനെക്കുറിച്ച് ഇങ്ങനെ എഴുതി: “അത്യന്തം കൃത്യതയുളള കൈയെഴുത്തുപ്രതികളിൽ നാമം എബ്രായ അക്ഷരങ്ങളിൽ കാണപ്പെടുന്നു, എന്നാൽ ഇന്നത്തെ എബ്രായ [അക്ഷരങ്ങളിൽ] അല്ല, പിന്നെയോ ഏററവും പുരാതനമായവയിൽ.” e നേരത്തെയുളള ഒരു തീയതിയിൽതന്നെ സെപ്ററുവജിൻറിൽ മാററംവരുത്തിയതായുളള തെളിവു നിസ്തർക്കമാണെന്നു കാണപ്പെടുന്നു, ചതുരക്ഷരിക്കു പകരം കിരിയോസ് (കർത്താവ്) എന്നും തെയോസ് (ദൈവം) എന്നും വെച്ചു. ആദിമ ക്രിസ്ത്യാനികൾ ദിവ്യനാമം അടങ്ങിയ കൈയെഴുത്തുപ്രതികൾ ഉപയോഗിച്ചതുകൊണ്ട് അവർ തങ്ങളുടെ ശുശ്രൂഷയിൽ “നാമം” ഉച്ചരിക്കാതിരിക്കുന്ന യഹൂദ പാരമ്പര്യം പിന്തുടർന്നതായി സങ്കൽപ്പിക്കുക വയ്യ. ഗ്രീക്ക് സെപ്ററുവജിൻറിൽനിന്നു നേരിട്ടു യഹോവയുടെ നാമത്തിനു സാക്ഷ്യം വഹിക്കാൻ അവർക്കു കഴിഞ്ഞിരിക്കണം.
15. (എ) 314-ാം പേജിലെ ചാർട്ട് ഉപയോഗിച്ചുകൊണ്ട് സെപ്ററുവജിൻറിന്റെ ചർമക്കടലാസിലും തുകലിലുമുളള കൈയെഴുത്തുപ്രതികളെ വർണിക്കുക. (ബി) പുതിയലോക ഭാഷാന്തരം ഇവയുടെ എന്തു പരാമർശനങ്ങൾ നടത്തുന്നു?
15 ചർമപത്രത്തിലും തുകലിലും ഗ്രീക്ക് സെപ്ററുവജിൻറിന്റെ നൂറുകണക്കിനുളള കൈയെഴുത്തുപ്രതികൾ ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്. പൊ.യു. നാലാം നൂററാണ്ടിനും ഒൻപതാം നൂററാണ്ടിനും ഇടയ്ക്കു നിർമിക്കപ്പെട്ട ഇവയിൽ പലതിലും എബ്രായ തിരുവെഴുത്തുകളുടെ വലിയ ഭാഗങ്ങൾ ഉളളതിനാൽ മൂല്യവത്താണ്. അവ വേറിട്ടുനിൽക്കുന്ന വല്യക്ഷരങ്ങളിൽ എഴുതപ്പെട്ടതുകൊണ്ട് ഉരുണ്ട വടിവിലുളള അക്ഷരങ്ങളെന്ന് അറിയപ്പെടുന്നു. ശേഷിച്ചവ ചെറിയ ഒഴുക്കൻ കൈയക്ഷരങ്ങളുടെ രീതിയിൽ എഴുതുന്നതുകൊണ്ട് ചെറുലിപികൾ എന്നറിയപ്പെടുന്നു. ചെറുലിപികൾ അല്ലെങ്കിൽ ഒഴുക്കൻ കൈയെഴുത്തുപ്രതികൾ ഒൻപതാം നൂററാണ്ടുമുതൽ അച്ചടിയുടെ ആവിർഭാവംവരെ വ്യാപകമായിരുന്നു. നാലും അഞ്ചും നൂററാണ്ടുകളിലെ ഉരുണ്ട വടിവോടുകൂടിയ അക്ഷരങ്ങളുളള മുന്തിയ കൈയെഴുത്തുപ്രതികൾ, അതായതു വത്തിക്കാൻ നമ്പർ 1209-ഉം സൈനാററിക്കും അലക്സാണ്ട്രിയനുമെല്ലാം നിസ്സാരമായ കുറേ വ്യതിയാനങ്ങളോടെ ഗ്രീക്ക് സെപ്ററുവജിൻറ് ഉൾക്കൊളളുന്നു. പുതിയലോക ഭാഷാന്തരത്തിലെ അടിക്കുറിപ്പുകളിലും വ്യാഖ്യാനങ്ങളിലും സെപ്ററുവജിൻറിനെ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്. f
16. (എ) ലാററിൻ വൾഗേററ് എന്താണ്, അതു വളരെ വിലയേറിയത് ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) പുതിയലോക ഭാഷാന്തരം അതിനെ പരാമർശിക്കുന്നതിന്റെ ഒരു ദൃഷ്ടാന്തം നൽകുക.
16 ലാററിൻ വൾഗേററ്. ഈ ഭാഷാന്തരം പശ്ചിമ ക്രൈസ്തവലോകത്തിലെ അനേകം ഭാഷകളിൽ മററു പരിഭാഷകൾ ഉളവാക്കുന്നതിന് ഒട്ടനവധി കത്തോലിക്കാ വിവർത്തകർ ഉപയോഗിച്ച മാതൃ പാഠമായിരുന്നിട്ടുണ്ട്. വൾഗേററ് എങ്ങനെയാണ് ഉത്ഭവിച്ചത്? വൾഗേററസ് എന്ന ലാററിൻപദത്തിന്റെ അർഥം “സാധാരണം, ജനപ്രീതിയുളളത്” എന്നാണ്. വൾഗേററ് ആദ്യം ഉത്പാദിപ്പിക്കപ്പെട്ടപ്പോൾ അത് അന്നത്തെ സാധാരണവും ജനപ്രീതിയുളളതുമായ ലത്തീനിലായിരുന്നതുകൊണ്ടു പശ്ചിമ റോമാസാമ്രാജ്യത്തിലെ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഈ പരിഭാഷ ഉളവാക്കിയ പണ്ഡിതനായ ജെറോം ഗ്രീക്ക് സെപ്ററുവജിൻറിനോടുളള താരതമ്യത്തിൽ പഴയ ലത്തീൻസങ്കീർത്തനങ്ങളുടെ രണ്ടു പരിഷ്കരണങ്ങൾ നടത്തി. എന്നിരുന്നാലും, അദ്ദേഹം വൾഗേററ് ബൈബിളിന്റെ ഈ വിവർത്തനം നടത്തിയത് നേരിട്ട് എബ്രായ, ഗ്രീക്ക് മൂല ഭാഷകളിൽനിന്നായിരുന്നു, അങ്ങനെ അത് ഒരു ഭാഷാന്തരത്തിന്റെ ഭാഷാന്തരമല്ലായിരുന്നു. പൊ.യു. ഏതാണ്ട് 390 മുതൽ 405 വരെയാണു ജെറോം എബ്രായയിൽനിന്നു ലത്തീനിലേക്കുളള തന്റെ വിവർത്തനം നടത്തുന്ന പ്രവർത്തനത്തിലേർപ്പെട്ടത്. പൂർത്തിയായ കൃതിയിൽ ആ സമയമായപ്പോഴേക്കു സെപ്ററുവജിൻറ് പകർപ്പുകളിൽ കടന്നുകൂടിയിരുന്ന അപ്പോക്രിഫാ പുസ്തകങ്ങളും ഉൾപ്പെട്ടുവെന്നിരിക്കെ, ജെറോം കാനോനിക പുസ്തകങ്ങളെയും കാനോനികമല്ലാത്ത പുസ്തകങ്ങളെയും തമ്മിൽ വ്യക്തമായി വേർതിരിച്ചുകാണിച്ചു. പുതിയലോക ഭാഷാന്തരം അതിന്റെ അടിക്കുറിപ്പുകളിൽ ജെറോമിന്റെ വൾഗേററിനെ അനേകം പ്രാവശ്യം പരാമർശിക്കുന്നു. g
എബ്രായ ഭാഷാ പാഠങ്ങൾ
17. ശാസ്ത്രിമാർ അല്ലെങ്കിൽ സോഫറിം ആരായിരുന്നു, യേശു അവരെ എന്തിനു കുററംവിധിച്ചു?
17 സോഫറിം. എസ്രായുടെ നാളുകൾ തുടങ്ങി യേശുവിന്റെ കാലംവരെ എബ്രായ തിരുവെഴുത്തുകൾ പകർത്തിയെഴുതിയ മനുഷ്യർ, ശാസ്ത്രിമാർ അഥവാ സോഫറിം എന്നു വിളിക്കപ്പെട്ടു. കാലക്രമത്തിൽ, അവർ പാഠമാററങ്ങൾ വരുത്തുന്നതിൽ സ്വാതന്ത്ര്യമെടുത്തുതുടങ്ങി. യഥാർഥത്തിൽ, തങ്ങൾക്കില്ലാത്ത അധികാരങ്ങൾ ഏറെറടുത്തതിനു ന്യായപ്രമാണത്തിന്റെ ഈ കപട പരിരക്ഷകരെ യേശു തന്നെ നിശിതമായി കുററംവിധിച്ചു.—മത്താ. 23:2, 13.
18. (എ) മാസറെററുകൾ ആരായിരുന്നു, അവർ എബായ പാഠം സംബന്ധിച്ച് ഏതു വിലപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു? (ബി) പുതിയലോക ഭാഷാന്തരത്തിൽ കുറിക്കൊണ്ടിരിക്കുന്ന പ്രകാരം സോഫറീമിന്റെ തിരുത്തലുകളുടെ ചില ദൃഷ്ടാന്തങ്ങളേവ?
18 മസോറ മാററങ്ങൾ വെളിപ്പെടുത്തുന്നു. ക്രിസ്തുവിനു ശേഷമുളള നൂററാണ്ടുകളിൽ പകർത്തിയെഴുതുന്ന സോഫറിമിന്റെ പിൻഗാമികൾ മാസെറെററുകൾ എന്നറിയപ്പെടാനിടയായി. അവർ മുൻ സോഫറിം വരുത്തിയ മാററങ്ങൾ ശ്രദ്ധിക്കുകയും എബ്രായ പാഠത്തിന്റെ മാർജിനിൽ അല്ലെങ്കിൽ അവസാനത്തിൽ അവ രേഖപ്പെടുത്തുകയും ചെയ്തു. മാർജിനിലെ ഈ കുറിപ്പുകൾ മസോറ എന്നറിയപ്പെടാനിടയായി. മസോറ സോഫറിമിന്റെ അസാധാരണമായ 15 പോയിൻറുകൾ, അതായതു കുത്തുകളാലോ വരകളാലോ അടയാളപ്പെടുത്തിയ എബ്രായ പാഠത്തിലെ 15 വാക്കുകൾ അല്ലെങ്കിൽ പദപ്രയോഗങ്ങൾ പട്ടികപ്പെടുത്തി. ഈ അസാധാരണ പോയിൻറുകളിൽ ചിലത് ഇംഗ്ലീഷ് ഭാഷാന്തരത്തെയോ വ്യാഖ്യാനത്തെയോ ബാധിക്കുന്നില്ല, എന്നാൽ മററു ചിലവ ബാധിക്കുന്നുണ്ട്, പ്രാധാന്യമർഹിക്കുന്നവയുമാണ്. h യഹോവയെന്ന നാമം ഉച്ചരിക്കുന്നതിലെ തങ്ങളുടെ അന്ധവിശ്വാസപരമായ ഭയം, 134 സ്ഥലങ്ങളിൽ അഡോനെയ് (കർത്താവ്) എന്നു വായിക്കപ്പെടാനും മററു ചില സന്ദർഭങ്ങളിൽ എലോഹിം (ദൈവം) എന്നു വായിക്കപ്പെടാനും വേണ്ടി മാററങ്ങൾ വരുത്തത്തക്കവണ്ണം തങ്ങളെ കെണിയിലാക്കാൻ സോഫറിം അനുവദിച്ചു. മസോറ ഈ മാററങ്ങൾ പട്ടികപ്പെടുത്തുന്നു. i മസോറയിലെ ഒരു കുറിപ്പനുസരിച്ച്, സോഫറിം അഥവാ ആദിമ ശാസ്ത്രിമാർ കുറഞ്ഞപക്ഷം 18 ഭേദഗതികളെങ്കിലും (തിരുത്തലുകൾ) കൂടെ വരുത്തിയതായി കുററപ്പെടുത്തുന്നു. എന്നിരുന്നാലും, തെളിവനുസരിച്ച് അതിലും കൂടുതൽ ഉണ്ടായിരുന്നു. j ഈ ഭേദഗതികൾ വരുത്തിയതു സദുദ്ദേശ്യങ്ങളോടെയായിരിക്കാൻ വളരെ സാധ്യതയുണ്ട്, കാരണം മൂല വാക്യം ദൈവത്തോടുളള അനാദരവോ അവന്റെ പ്രതിനിധികളോടുളള ബഹുമാനമില്ലായ്മയോ പ്രകടമാക്കുന്നതായി കാണപ്പെട്ടു.
19. എബ്രായ വ്യഞ്ജനാക്ഷരപാഠം എന്താണ്, അത് നിശ്ചിതരൂപത്തിലായത് എപ്പോൾ?
19 വ്യഞ്ജനാക്ഷര പാഠം. എബ്രായ അക്ഷരമാലയിൽ 22 വ്യഞ്ജനാക്ഷരങ്ങളാണുളളത്, സ്വരാക്ഷരങ്ങളില്ല. ആദ്യകാലത്ത്, വായനക്കാരൻ തന്റെ ഭാഷാപരിജ്ഞാനത്തിൽനിന്നു സ്വരങ്ങൾ പ്രദാനംചെയ്യണമായിരുന്നു. എബ്രായ എഴുത്ത് ഒരു സംക്ഷിപ്ത ലിപി പോലെയായിരുന്നു. ആധുനിക ഇംഗ്ലീഷിൽപോലും ആളുകൾ ഉപയോഗിക്കുന്ന അനേകം പ്രാമാണിക സംക്ഷിപ്ത സംജ്ഞകൾ ഉണ്ട്, അവയിൽ വ്യഞ്ജനങ്ങൾ മാത്രം കാണുന്നു. ദൃഷ്ടാന്തമാണു ക്ലിപ്തം (limited) എന്നതിന്റെ സംക്ഷിപ്ത സംജ്ഞയായ ltd. അതുപോലെതന്നെ, എബ്രായ ഭാഷക്കു വ്യഞ്ജനാക്ഷരങ്ങൾ മാത്രമുളള പദങ്ങളുടെ ഒരു പരമ്പരയാണുണ്ടായിരുന്നത്. അങ്ങനെ, “വ്യഞ്ജനാക്ഷര പാഠം” എന്നതിനാൽ അർഥമാക്കുന്നത് ഏതെങ്കിലും സ്വരചിഹ്നങ്ങൾ കൂടാതെയുളള എബ്രായ പാഠത്തെയാണ്. പൊ.യു. ഒന്നും രണ്ടും നൂററാണ്ടുകൾക്കിടയിൽ എബ്രായ കൈയെഴുത്തുപ്രതികളുടെ വ്യഞ്ജനാക്ഷര പാഠം നിശ്ചിതരൂപത്തിലായി, വ്യത്യസ്ത പാഠങ്ങളുളള കൈയെഴുത്തുപ്രതികൾ കുറേ കാലം തുടർന്നു പ്രചരിച്ചുവെങ്കിലും. സോഫറിമിന്റെ മുൻ കാലഘട്ടത്തിൽനിന്നു വ്യത്യസ്തമായി മേലാൽ മാററങ്ങൾ വരുത്തിയില്ല.
20. എബ്രായ പാഠംസംബന്ധിച്ച് മാസറെററുകൾ എന്തു ചെയ്തു?
20 മാസറെററിക് പാഠം. പൊ.യു. ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിൽ മാസറെററുകൾ (എബ്രായ, “പാരമ്പര്യവിദഗ്ധർ” എന്നർഥമുളള ബാആലെ, ഹാമാസോറാ) സ്വരബിന്ദുക്കളുടെയും സ്വരാഘാത സംജ്ഞകളുടെയും ഒരു വ്യവസ്ഥ സ്ഥാപിച്ചു. ഇവ സ്വരങ്ങളുടെ വായനക്കും ഉച്ചാരണത്തിനും ഒരു ലിഖിത സഹായമായി ഉതകി, അതേസമയം മുമ്പ് ഉച്ചാരണം വാചിക പാരമ്പര്യമായി കൈമാറപ്പെട്ടുപോന്നിരുന്നു. മാസറെററുകൾ കൈമാറിത്തന്ന പാഠങ്ങളിൽ അവർ യാതൊരു മാററവും വരുത്താതെ മസോറയിൽ ഉചിതമെന്നു കണ്ട മാർജിനൽ കുറിപ്പുകൾ രേഖപ്പെടുത്തുകയാണു ചെയ്തത്. പാഠസംബന്ധമായ സ്വാതന്ത്ര്യമെടുക്കാതിരിക്കാൻ അവർ വലിയ ശ്രദ്ധ ചെലുത്തി. കൂടുതലായി, തങ്ങളുടെ മസോറയിൽ അവർ പാഠസംബന്ധമായ പ്രത്യേകതകളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും അവർ ആവശ്യമെന്നു കണ്ട തിരുത്തിയ വായനകൾ നൽകുകയും ചെയ്തു.
21. മാസറെററിക് പാഠം എന്താണ്?
21 ബാബിലോന്യൻ, പാലസ്തീനിയൻ, ടൈബീരിയൻ എന്നിങ്ങനെ മാസറെററുകളുടെ മൂന്നു സംഘങ്ങൾ വ്യഞ്ജനാക്ഷര പാഠത്തിന്റെ സ്വരോച്ചാരണത്തിന്റെയും സ്വരാഘാതചിഹ്നത്തിന്റെയും വികസിപ്പിക്കലിൽ ഏർപ്പെട്ടിരുന്നു. എബ്രായ ബൈബിളിന്റെ അച്ചടിച്ച പതിപ്പുകളിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന എബ്രായ പാഠം മാസറെററിക്ക് പാഠം എന്നറിയപ്പെടുന്നു, അത് ടൈബീരിയൻ സംഘം കണ്ടുപിടിച്ച പദ്ധതിയാണ് ഉപയോഗിക്കുന്നത്. ഈ പദ്ധതി വികസിപ്പിച്ചെടുത്തതു ഗലീലക്കടലിന്റെ പശ്ചിമതീരത്തെ ഒരു നഗരമായ തിബെര്യാസിലെ മാസറെററുകളാണ്. പുതിയലോക ഭാഷാന്തരത്തിലെ അടിക്കുറിപ്പുകൾ അനേകം പ്രാവശ്യം മാസറെററിക് പാഠത്തെയും (M എന്ന സംജ്ഞയിൽ) അതിന്റെ മാർജിൻ കുറിപ്പുകളായ മസോറയെയും (Mmargin എന്ന സംജ്ഞയിൽ) പരാമർശിക്കുന്നുണ്ട്. k
22. ബാബിലോന്യ പാഠധാരയിലുളള ഏതു കൈയെഴുത്തുപ്രതി ലഭ്യമായിത്തീർന്നിരിക്കുന്നു, അതു ടൈബീരിയൻ പാഠത്തോട് എങ്ങനെ ഒത്തുവരുന്നു?
22 പാലസ്തീനിയൻ സംഘം വ്യഞ്ജനാക്ഷരങ്ങൾക്കു മീതെ സ്വര സംജ്ഞകൾ കൊടുത്തു. അത്തരം കൈയെഴുത്തു പ്രതികളുടെ ചെറിയ സംഖ്യ മാത്രമേ നമ്മിലേക്ക് എത്തിയിട്ടുളളു, ഈ ശബ്ദോച്ചാരണ വ്യവസ്ഥ അപൂർണമായിരുന്നുവെന്നു പ്രകടമാക്കിക്കൊണ്ടുതന്നെ. അതുപോലെതന്നെ ബാബിലോന്യ സ്വര സൂചനയുടെ പദ്ധതിയും വരികൾക്കു മുകളിലായിരുന്നു. ബാബിലോനിയൻ സൂചന പ്രദർശിപ്പിക്കുന്ന ഒരു കൈയെഴുത്തുപ്രതി റഷ്യയിലെ സെൻറ്പീറ്റേഴ്സ്ബർഗ് പബ്ലിക്ക് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പൊ.യു. 916-ലെ, പ്രവാചകൻമാരുടെ പീറേറഴ്സ്ബർഗ് കോഡക്സ് ആണ്. ഈ കോഡക്സിൽ യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, “ചെറിയ” പ്രവാചകൻമാർ എന്നിവ അടങ്ങിയിരിക്കുന്നു, അവയുടെ മാർജിനിലെ കുറിപ്പുകൾ (മസോറ) സഹിതം. പണ്ഡിതൻമാർ ആകാംക്ഷാപൂർവം ഈ കൈയെഴുത്തുപ്രതി പരിശോധിക്കുകയും ടൈബീരിയൻ പാഠവുമായി ഒത്തുനോക്കുകയും ചെയ്തു. അതു വരികൾക്കുമീതെ കൊടുക്കുന്ന ശബ്ദോച്ചാരണത്തിന്റെ പദ്ധതി ഉപയോഗിക്കുന്നുവെങ്കിലും അതു യഥാർഥത്തിൽ വ്യഞ്ജനാക്ഷരപാഠവും അതിന്റെ സ്വരങ്ങളും മസോറയും സംബന്ധിച്ച് ടൈബീരിയൻ പാഠത്തെ അനുകരിക്കുന്നു. ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ പഞ്ചഗ്രന്ഥങ്ങളുടെ ബാബിലോനിയൻ പാഠത്തിന്റെ ഒരു പ്രതി ഉണ്ട്, അത് ടൈബീരിയൻ പാഠത്തോടു ഗണ്യമായ യോജിപ്പിലാണ് എന്നു കണ്ടെത്തപ്പെട്ടിരിക്കുന്നു.
23. ചാവുകടലിനുസമീപം എബ്രായ കൈയെഴുത്തുപ്രതിയുടെ ഏതു പരമ്പരയുടെ കണ്ടുപിടിത്തം നടന്നിരിക്കുന്നു?
23 ചാവുകടൽ ചുരുളുകൾ. 1947-ൽ എബ്രായ കൈയെഴുത്തുപ്രതികളുടെ ചരിത്രത്തിൽ ആവേശജനകമായ ഒരു അധ്യായം തുടങ്ങി. ചാവുകടൽ പ്രദേശത്ത് വാഡി ഖുംറാനിലെ (നഹൽ ഖുമറാൻ) ഒരു ഗുഹയിൽ ആദ്യത്തെ യെശയ്യാചുരുൾ ബൈബിൾപരവും ബൈബിളിതരവുമായ മററു ചുരുളുകളോടൊപ്പം കണ്ടുപിടിക്കപ്പെട്ടു. അതിനുശേഷം താമസിയാതെ നന്നായി സംരക്ഷിക്കപ്പെട്ട ഈ യെശയ്യാചുരുളിന്റെ (1QIsa) ഒരു പൂർണ ഫോട്ടോസ്ററാററ് പകർപ്പ് പണ്ഡിതൻമാർക്കു പഠിക്കാൻവേണ്ടി പ്രസിദ്ധീകരിക്കപ്പെട്ടു. അതു പൊ.യു.മു. രണ്ടാം നൂററാണ്ടിന്റെ അവസാനത്തോടടുത്തുളളതാണെന്നു വിശ്വസിക്കപ്പെടുന്നു. തീർച്ചയായും ഇവിടെ അവിശ്വസനീയമായ കണ്ടുപിടിത്തമാണു നടന്നത്—ഏററവും പഴക്കമുളളതായി സ്ഥിതിചെയ്തിരുന്ന യെശയ്യാവിന്റെ അംഗീകൃത മാസറെററിക്ക് പാഠത്തെക്കാൾ ഏതാണ്ട് ഒരായിരം വർഷം പഴക്കമുളള ഒരു എബ്രായ കൈയെഴുത്തുപ്രതി! l ഖുംറാനിലെ മററു ഗുഹകൾ എസ്ഥേർ ഒഴിച്ചുളള എബ്രായ തിരുവെഴുത്തുകളിലെ സകല പുസ്തകങ്ങളുടെയും ഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന 170-ൽപ്പരം ചുരുൾ ശകലങ്ങൾ വിട്ടുകൊടുത്തു. അത്തരം ചുരുളുകളുടെ പഠനങ്ങൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
24. ഈ കൈയെഴുത്തുപ്രതികൾ മാസറെററിക് പാഠത്തോട് എങ്ങനെ ഒത്തുവരുന്നു, പുതിയലോക ഭാഷാന്തരം അവയെ എങ്ങനെ ഉപയോഗിക്കുന്നു?
24 സങ്കീർത്തനങ്ങളുടെ ഒരു പ്രധാനപ്പെട്ട ചാവുകടൽചുരുളിൽ ദീർഘമായ 119-ാം സങ്കീർത്തനത്തെസംബന്ധിച്ചു താൻ നടത്തിയ പരിശോധന 119-ാം സങ്കീർത്തനത്തിന്റെ മാസറെററിക്പാഠവുമായി (11QPsa) വാചികമായി പൂർണ യോജിപ്പിലാണെന്നു പ്രകടമാക്കുന്നതായി ഒരു പണ്ഡിതൻ റിപ്പോർട്ടുചെയ്യുന്നു. സങ്കീർത്തനങ്ങളുടെ ചുരുളിനെസംബന്ധിച്ചു പ്രൊഫസർ ജെ. എ. സാൻഡേർസ് ഇങ്ങനെ കുറിക്കൊണ്ടു: “മിക്ക [വ്യത്യാസങ്ങളും] അക്ഷരവിന്യാസത്തിന്റേതാണ്, പുരാതന എബ്രായയുടെ ഉച്ചാരണത്തിന്റെ സൂചനകളിലും അങ്ങനെയുളള കാര്യങ്ങളിലും തത്പരരായവർക്കുമാത്രം പ്രാധാന്യമുളളതുമാണ്.” a ഈ ശ്രദ്ധേയമായ പുരാതന കൈയെഴുത്തുപ്രതികളുടെ മററു ദൃഷ്ടാന്തങ്ങൾ മിക്ക കേസുകളിലും വലിയ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നില്ല. യെശയ്യാചുരുൾ അക്ഷരവിന്യാസത്തിലും വ്യാകരണഘടനയിലും കുറച്ചു വ്യത്യാസങ്ങൾ പ്രകടമാക്കുന്നുവെങ്കിലും അത് ഉപദേശപരമായ ആശയങ്ങളിൽ ഭിന്നമായിരിക്കുന്നില്ല. പുതിയലോക ഭാഷാന്തരത്തിന്റെ തയ്യാറാക്കലിൽ, പ്രസിദ്ധീകരിക്കപ്പെട്ട ഈ യെശയ്യാചുരുൾ അതിലെ വ്യത്യാസങ്ങൾ സംബന്ധിച്ചു പരിശോധിക്കുകയും അതിലെ പരാമർശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. b
25. ഏത് എബ്രായ പാഠങ്ങളെക്കുറിച്ചു ചർച്ചചെയ്തിരിക്കുന്നു, അവയുടെ പഠനം നമുക്ക് എന്ത് ഉറപ്പു നൽകുന്നു?
25 എബ്രായ തിരുവെഴുത്തുകളുടെ മുഖ്യ സംപ്രേഷണ ധാരകൾ ഇപ്പോൾ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. മുഖ്യമായി, അവ ശമര്യ പഞ്ചഗ്രന്ഥങ്ങൾ, അരമായ തർഗുമുകൾ, ഗ്രീക്ക് സെപ്ററുവജിൻറ്, ടൈബീരിയൻ എബ്രായ പാഠം, പാലസ്തീനിയൻ എബ്രായ പാഠം, ബാബിലോനിയൻ എബ്രായ പാഠം, ചാവുകടൽ ചുരുളുകളുടെ എബ്രായ പാഠം എന്നിവയാണ്. ഈ പാഠങ്ങളുടെ പഠനത്തിന്റെയും താരതമ്യപ്പെടുത്തലിന്റെയും ഫലമായി എബ്രായ തിരുവെഴുത്തുകൾ നിശ്വസ്ത ദൈവദാസൻമാർ ആദ്യം അവ രേഖപ്പെടുത്തിയ രൂപത്തിൽത്തന്നെ സാക്ഷാത്തായി നമുക്ക് ഇന്നു കൈവന്നിട്ടുണ്ടെന്ന് ഉറപ്പു ലഭിക്കുന്നു.
പരിഷ്കരിച്ച എബ്രായ പാഠം
26. (എ) എബ്രായ പാഠത്തിന്റെ ഒരു നിരൂപണാത്മകമായ പഠനം എപ്പോൾ പുരോഗമിപ്പിക്കപ്പെട്ടു, അച്ചടിച്ചിട്ടുളള ചില വിദഗ്ധ പാഠങ്ങളേവ? (ബി) ജിൻസ്ബർഗ് പാഠം എങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു?
26 19-ാം നൂററാണ്ടുവരെത്തന്നെ ഉണ്ടായിരുന്ന എബ്രായ ബൈബിളിന്റെ അച്ചടിച്ച പതിപ്പ് 1524-25-ൽ പ്രസിദ്ധീകരിച്ച ജേക്കബ് ബെൻ ചായിമിന്റെ രണ്ടാം റബ്ബിനിക് ബൈബിളായിരുന്നു. 18-ാം നൂററാണ്ടുവരെ പണ്ഡിതൻമാർ എബ്രായ പാഠത്തിന്റെ നിരൂപണാത്മക പഠനം പുരോഗമിപ്പിച്ചുതുടങ്ങിയില്ല. 1776-80-ൽ ഓക്സ്ഫോർഡിൽ ബഞ്ചമിൻ കെന്നിക്കോട്ട് 600-ൽപ്പരം എബ്രായ കൈയെഴുത്തുപ്രതികളിൽനിന്നുളള വിഭിന്ന വായനകൾ പ്രസിദ്ധീകരിച്ചു. പിന്നീട്, 1784-98-ൽ പാമായിൽ ഇററാലിയൻ പണ്ഡിതനായ ജെ. ബി. ഡി റോസ്സി 800-ൽപ്പരം കൈയെഴുത്തുപ്രതികളിൽനിന്നുകൂടെയുളള വിഭിന്നവായനകൾ പ്രസിദ്ധപ്പെടുത്തി. ജർമനിയിലെ എബ്രായ പണ്ഡിതനായ എസ്. ബോവറും ഒരു വിദഗ്ധ പാഠം ഉത്പാദിപ്പിച്ചു. കുറേക്കൂടെ അടുത്ത കാലങ്ങളിൽ, സി. ഡി. ജിൻബർഗ് എബ്രായ ബൈബിളിന്റെ ഒരു വിദഗ്ധ നിരൂപണപാഠം ഉത്പാദിപ്പിക്കുന്നതിന് അനേകം വർഷങ്ങൾ വിനിയോഗിച്ചു. അത് ആദ്യം പ്രത്യക്ഷപ്പെട്ടത് 1894-ൽ ആയിരുന്നു, അന്തിമമായ പരിഷ്കരണം 1926-ലും നടന്നു. c 1902-ൽ ദി എംഫസൈസ്ഡ് ബൈബിൾ എന്ന തന്റെ ഇംഗ്ലീഷ് വിവർത്തനം ഉളവാക്കുന്നതിനു റോതർഹാം ഈ പാഠത്തിന്റെ 1894-ലെ പതിപ്പ് ഉപയോഗിച്ചു. പ്രൊഫസർ മാക്സ് എൽ. മാർഗോളിസും സഹപ്രവർത്തകരും 1917-ൽ തങ്ങളുടെ എബ്രായ തിരുവെഴുത്തുവിവർത്തനം ഉളവാക്കുന്നതിനു ജിൻസ്ബർഗിന്റെയും ബോവറിന്റെയും പാഠങ്ങൾ ഉപയോഗിച്ചു.
27, 28. (എ) ബിബ്ലിയാ ഹെബ്രായിക്കാ എന്താണ്, അത് എങ്ങനെ വികാസംപ്രാപിച്ചിരിക്കുന്നു? (ബി) പുതിയലോക ഭാഷാന്തരം ഈ പാഠം എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
27 1906-ൽ എബ്രായ പണ്ഡിതനായ റുഡോൾഫ് കിററൽ ജർമനിയിൽ ബിബ്ലിയാ ഹെബ്രായിക്കാ അഥവാ “എബ്രായ ബൈബിൾ” എന്ന പേരിൽ തന്റെ പരിഷ്കരിച്ച എബ്രായപാഠത്തിന്റെ ഒന്നാം പതിപ്പ് (പിന്നീട്, രണ്ടാം പതിപ്പും) പ്രകാശനംചെയ്തു. ഈ പുസ്തകത്തിൽ കിററൽ അന്നു ലഭ്യമായിരുന്ന മാസറെററിക് പാഠത്തിന്റെ അനേകം എബ്രായ കൈയെഴുത്തുപ്രതികളെ ഒരുമിച്ചുകൂട്ടുകയോ ഒത്തുനോക്കുകയോ ചെയ്ത വിപുലീകൃതമായ അടിക്കുറിപ്പുകളിലൂടെ പാഠസംബന്ധമായ ഒരു ഉപകരണം നൽകി. അദ്ദേഹം അടിസ്ഥാനപാഠമായി ഉപയോഗിച്ചതു പൊതുവേ അംഗീകരിക്കപ്പെട്ട യാക്കോബ് ബെൻ ചായിമിന്റെ പാഠമായിരുന്നു. പൊ.യു. ഏതാണ്ട് 10-ാം നൂറ്റാണ്ടിൽ പ്രമാണീകരിക്കപ്പെട്ട വളരെക്കൂടുതൽ പഴക്കമുളള മികച്ച ബെൻ ആശേർ മാസറെററിക് പാഠങ്ങൾ ലഭ്യമായപ്പോൾ കിററൽ ബൈബിൾ ഹെബ്രായിക്കായുടെ തികച്ചും വ്യത്യസ്തമായ ഒരു മൂന്നാം പതിപ്പ് ഉളവാക്കാൻ മുതിർന്നു. ഈ കൃതി അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹകാരികൾ പൂർത്തിയാക്കി.
28 കിററലിന്റെ ബൈബിൾ ഹെബ്രായിക്കായുടെ 7-ഉം 8-ഉം 9-ഉം പതിപ്പുകൾ (1951-55) ഇംഗ്ലീഷിലുളള പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ വിഭാഗത്തിനുളള അടിസ്ഥാനപാഠം പ്രദാനംചെയ്തു. 1984-ൽ പ്രസിദ്ധീകരിച്ച പുതിയലോക ഭാഷാന്തരത്തിന്റെ അടിക്കുറിപ്പുകളിൽ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ കാലോചിതമാക്കുന്നതിന് 1977-ലെ ബിബ്ലിയാ ഹെബ്രായിക്കാ സ്ററട്ട്ഗാർട്ടെൻസിയാ എന്ന എബ്രായ പാഠത്തിന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കപ്പെട്ടു.
29. ബിബ്ലിയാ ഹെബ്രായിക്കായുടെ ഏതു സവിശേഷത ദിവ്യനാമം പുനഃസ്ഥാപിക്കുന്നതിൽ പ്രത്യേക മൂല്യമുളളതാണ്?
29 ക്രിസ്തീയ-പൂർവ ശാസ്ത്രിമാരുടെ പാഠസംബന്ധമായ അനേകം മാററങ്ങൾ ഉൾക്കൊളളുന്ന കിററലിന്റെ മാർജിനിലെ മസോറ യഹോവ എന്ന ദിവ്യനാമത്തിന്റെ പുനഃസ്ഥാപനങ്ങൾ ഉൾപ്പെടെയുളള പുതിയലോക ഭാഷാന്തരത്തിന്റെ കൃത്യമായ വിവർത്തനങ്ങൾക്കു വളരെയധികം സഹായമേകിയിട്ടുണ്ട്. സദാ വർധിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ പാണ്ഡിത്യത്തിന്റെ മണ്ഡലം പുതിയലോക ഭാഷാന്തരത്തിലൂടെ ലഭ്യമാക്കുന്നതിൽ തുടരുകയാണ്.
30. (എ) പുതിയലോക ഭാഷാന്തര പാഠത്തിന്റെ എബ്രായ തിരുവെഴുത്തുഭാഗത്തിന്റെ ആധാരങ്ങൾ കാണിക്കുന്ന 308-ാം പേജിലെ ചാർട്ട് ഉപയോഗിച്ച് പുതിയലോക ഭാഷാന്തരത്തിന്റെ മുഖ്യ ആധാരമായ ബിബ്ലിയാ ഹെബ്രായിക്കാവരെയുളള എബ്രായ പാഠത്തിന്റെ ചരിത്രം വിവരിക്കുക. (ബി) പുതിയലോക ഭാഷാന്തരക്കമ്മിററി ഉപയോഗിച്ച മററു ചില ആധാരങ്ങൾ ഏവ?
30 ഈ പാഠത്തോടൊപ്പം പുതിയലോക ഭാഷാന്തരത്തിലെ എബ്രായ തിരുവെഴുത്തുകളുടെ പാഠത്തിന്റെ ആധാരഗ്രന്ഥങ്ങൾ വിവരിക്കുന്ന ഒരു ചാർട്ടുണ്ട്. ഉപയോഗിക്കപ്പെട്ട മുഖ്യ ആധാരമായിരുന്ന കിററലിന്റെ ബിബ്ലിയാ ഹെബ്രായിക്കായിലേക്കു നയിച്ച വികാസത്തെ ഈ ചാർട്ട് ചുരുക്കി കാണിച്ചുതരുന്നു. ഉപയോഗിക്കപ്പട്ട ഉപ ആധാരങ്ങൾ വെളുത്ത കുത്തുകളുടെ വരകളാൽ കാണിക്കപ്പെടുന്നു. ലാററിൻ വൾഗേററും ഗ്രീക്ക് സെപ്ററുവജിൻറും പോലെയുളള ഭാഷാന്തരങ്ങളുടെ കാര്യത്തിൽ മൂല കൃതികൾ ഉപയോഗിച്ചുവെന്നു സൂചിപ്പിക്കാൻ ഉദ്ദേശിച്ചുളളതല്ല ഇത്. നിശ്വസ്ത എബ്രായ ലിഖിതങ്ങളുടെ കാര്യത്തിലെന്നപോലെ, ഈ ഭാഷാന്തരങ്ങളുടെ മൂലങ്ങൾ ഇപ്പോൾ സ്ഥിതിചെയ്യുന്നില്ല. പാഠങ്ങളുടെ വിശ്വസനീയ പതിപ്പുകൾ മുഖാന്തരമോ ആശ്രയിക്കത്തക്ക പുരാതന വിവർത്തനങ്ങളിൽനിന്നും നിരൂപണഭാഷ്യങ്ങളിൽനിന്നുമോ ഈ ആധാരരേഖകൾ പരിശോധിക്കപ്പെട്ടു. ഈ വിവിധ ആധാരരേഖകൾ പരിശോധിച്ചതുവഴി പുതിയലോക ബൈബിൾഭാഷാന്തരക്കമ്മിററിക്കു മൂല നിശ്വസ്ത എബ്രായ തിരുവെഴുത്തുകളുടെ ആധികാരികവും വിശ്വസനീയവുമായ ഒരു വിവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ ആധാരരേഖകളെല്ലാം പുതിയലോക ഭാഷാന്തരത്തിന്റെ അടിക്കുറിപ്പുകളിൽ സൂചിപ്പിക്കപ്പെടുന്നു.
31. (എ) ആകയാൽ പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ തിരുവെഴുത്തുഭാഗം എന്തിന്റെ ഫലമാണ്? (ബി) അങ്ങനെ നമുക്ക് ഏതു നന്ദിയും പ്രത്യാശയും പ്രകടിപ്പിക്കാവുന്നതാണ്?
31 അങ്ങനെ പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ തിരുവെഴുത്തുഭാഗം ദീർഘകാല ബൈബിൾ പാണ്ഡിത്യത്തിന്റെയും ഗവേഷണത്തിന്റെയും ഉത്പന്നമാണ്. അതു വിശ്വസനീയമായ പാഠ കൈമാററത്തിന്റെ അതിവിശിഷ്ട ഫലമെന്നോണം അതീവനിർമലമായ ഒരു പാഠത്തിൽ അധിഷ്ഠിതമാണ്. ശ്രദ്ധയാകർഷിക്കുന്ന ഒരു ഒഴുക്കും ശൈലിയും സഹിതം അതു സഗൗരവമായ പഠനത്തിന് ഒരേ സമയം സത്യസന്ധവും കൃത്യവുമായ ഒരു പരിഭാഷ പ്രദാനംചെയ്യുന്നു. തന്റെ വചനം ജീവനുളളതായി ശക്തി ചെലുത്തുന്നതിനാൽ ആശയവിനിമയംചെയ്യുന്ന ദൈവമായ യഹോവക്കു നന്ദി! (എബ്രാ. 4:12) ദൈവത്തിന്റെ വിലയേറിയ വചനത്തിന്റെ പഠനത്താൽ പരമാർഥഹൃദയികൾ വിശ്വാസം പരിപുഷ്ടിപ്പെടുത്തുന്നതിൽ തുടരുകയും ഈ സുപ്രധാനനാളുകളിൽ യഹോവയുടെ ഇഷ്ടം ചെയ്യാൻ ഉണർത്തപ്പെടുകയും ചെയ്യട്ടെ.—2 പത്രൊ. 1:12, 13.
[അടിക്കുറിപ്പുകൾ]
a സിനഗോഗുകളുടെ ഉപയോഗം എപ്പോൾ തുടങ്ങിയെന്ന് അറിയപ്പെടുന്നില്ല. അത് ആലയം സ്ഥിതിചെയ്യാഞ്ഞ 70 വർഷത്തെ ബാബിലോന്യ പ്രവാസകാലത്തായിരിക്കാം, അല്ലെങ്കിൽ അത് എസ്രായുടെ നാളിൽ പ്രവാസത്തിൽനിന്നുളള മടങ്ങിപ്പോക്കിന് അൽപ്പകാലശേഷമായിരിക്കാം.
b ഉല്പത്തി 4:8; പുറപ്പാടു 6:2; 7:9; 8:15; 12:40 എന്നിവയുടെ [NW] അടിക്കുറിപ്പുകളിൽ “ശമ” കാണുക. ഈ ഒടുവിലത്തെ വിവർത്തനം ഗലാത്യർ 3:17 മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
c സംഖ്യാപുസ്തകം 24:17; ആവർത്തനപുസ്തകം 33:13; സങ്കീർത്തനം 100:3 എന്നിവയുടെ [NW] അടിക്കുറിപ്പുകളിൽ “T” കാണുക.
d റഫറൻസ് ബൈബിൾ, അനുബന്ധം 1C, “പുരാതന ഗ്രീക്ക് പരിഭാഷകളിൽ ദിവ്യനാമം.”
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 9.
f പുതിയലോക ഭാഷാന്തരം സൈനാററിക്കിന് LXXא എന്നും അലക്സാണ്ട്രിയന് LXXΑ എന്നും വത്തിക്കാന് LXXΒ എന്നുമുളള സംജ്ഞകളാൽ ഈ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു. 1 രാജാക്കൻമാർ 14:2-ലെയും 1 ദിനവൃത്താന്തം 7:34; 12:19 എന്നിവിടങ്ങളിലെയും അടിക്കുറിപ്പുകൾ കാണുക.
g പുറപ്പാടു 37:6-ന്റെ [NW] അടിക്കുറിപ്പിൽ “Vg” കാണുക.
h റഫറൻസ് ബൈബിൾ, അനുബന്ധം 2A, “അസാധാരണ പോയിൻറുകൾ”.
i റഫറൻസ് ബൈബിൾ, അനുബന്ധം 1B, “ദിവ്യനാമം ഉൾപ്പെടുന്ന ശാസ്ത്രിമാർ വരുത്തിയ മാററങ്ങൾ”.
j റഫറൻസ് ബൈബിൾ, അനുബന്ധം 2B, “സോഫറിമിന്റെ ഭേദഗതികൾ (തിരുത്തലുകൾ).”
k സങ്കീർത്തനം 60:5; 71:20; 100:3; 119:79 എന്നിവിടങ്ങളിലെ അടിക്കുറിപ്പുകൾ കാണുക.
l തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 322.
a ചാവുകടൽ സങ്കീർത്തന ചുരുൾ, 1967, ജെ. എ. സാൻഡേഴ്സ്, പേജ് 15.
b യെശയ്യാവു 7:1; 14:4 എന്നിവിടങ്ങളിലെ അടിക്കുറിപ്പുകളിൽ “1QIsa” കാണുക.
c ലേവ്യപുസ്തകം 11:42-ലെ [NW] അടിക്കുറിപ്പിൽ “Gins” കാണുക.
[അധ്യയന ചോദ്യങ്ങൾ]
[313-ാം പേജിലെ ചാർട്ട്]
(യഥാർഥരൂപത്തിന് പുസ്തകം കാണുക)
ചില പ്രമുഖ പപ്പൈറസ് കൈയെഴുത്തുപ്രതികൾ
എബ്രായ തിരുവെഴുത്തുകളുടേത്
കൈയെഴുത്തു പ്രതിയുടെ പേര് നാഷ് പപ്പൈറസ്
തീയതി പൊ.യു.മു. രണ്ടാം അല്ലെങ്കിൽ ഒന്നാം നൂററാണ്ട്
ഭാഷ എബ്രായ
ഇരിക്കുന്നടം കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം പത്തു കൽപ്പനകളുടെ 24 വരികളും ആവർത്തനപുസ്തകം അധ്യാ. 5, 6-ലെ ചില വാക്യങ്ങളും
കൈയെഴുത്തു പ്രതിയുടെ പേര് റൈലാൻഡ്സ് 458
സംജ്ഞ 957
തീയതി പൊ.യു.മു. രണ്ടാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം മാഞ്ചെസ്ററർ, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം ആവർത്തനപുസ്തകം അധ്യാ. 23-28-ന്റെ ശകലങ്ങൾ
കൈയെഴുത്തു പ്രതിയുടെ പേര് ഫൗവദ് 266
തീയതി പൊ.യു.മു. ഒന്നാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം കെയ്റോ, ഈജിപ്ത്
ഏകദേശ ഉളളടക്കം ഉല്പത്തിയുടെയും ആവർത്തനപുസ്തകത്തിന്റെയും ഭാഗങ്ങൾ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) ആവ. 18:5; പ്രവൃ. 3:22; അനുബന്ധം 1C
കൈയെഴുത്തു പ്രതിയുടെ പേര് ചാവുകടൽ ലേവ്യചുരുൾ
സംജ്ഞ 4Q LXX ലേവ്യb
തീയതി പൊ.യു.മു. 1-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം യെരുശലേം, ഇസ്രായേൽ
ഏകദേശ ഉളളടക്കം ലേവ്യപുസ്തക ശകലങ്ങൾ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) ലേവ്യ. 3:12; 4:27
കൈയെഴുത്തു പ്രതിയുടെ പേര് ചെസ്ററർ ബീററി 6
സംജ്ഞ 963
തീയതി പൊ.യു. 2-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഡബ്ലിൻ, അയർലണ്ടും ആൻ ആർബർ, മിച്ചി., യു.എസ്.എ.-യും
ഏകദേശ ഉളളടക്കം സംഖ്യാപുസ്തകത്തിന്റെയുംആവർത്തനപുസ്തകത്തിന്റെയും ഭാഗങ്ങൾ
കൈയെഴുത്തു പ്രതിയുടെ പേര് ചെസ്ററർ ബീററി 9, 10
സംജ്ഞ 967⁄968
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഡബ്ലിൻ, അയർലണ്ടും പ്രിൻസ്ററൻ, ന്യൂജേ., യു.എസ്.എ.-യും
ഏകദേശ ഉളളടക്കം യെഹെസ്കേൽ, ദാനീയേൽ, എസ്ഥേർ എന്നിവയുടെ ഭാഗങ്ങൾ
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടേത്
കൈയെഴുത്തു പ്രതിയുടെ പേര് ഓക്സിറിഞ്ചസ് 2
സംജ്ഞ P1
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഫിലദൽഫിയാ, പാ., യു.എസ്.എ.
ഏകദേശ ഉളളടക്കം മത്താ. 1:1-9, 12, 14-20
കൈയെഴുത്തു പ്രതിയുടെ പേര് ഓക്സിറിഞ്ചസ് 1228
സംജ്ഞ P22
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഗ്ലാസ്ഗോ, സ്കോട്ട്ലണ്ട്
ഏകദേശ ഉളളടക്കം യോഹ. 15, 16 അധ്യായങ്ങളുടെ ശകലങ്ങൾ
കൈയെഴുത്തു പ്രതിയുടെ പേര് മിച്ചിഗൻ 1570
സംജ്ഞ P37
തീയതി പൊ.യു. 3-ാം⁄4-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ആൻ ആർബർ, മിച്ചി., യു.എസ്.എ.
ഏകദേശ ഉളളടക്കം മത്താ. 26:19-52
കൈയെഴുത്തു പ്രതിയുടെ പേര് ചെസ്ററർ ബീററി 1
സംജ്ഞ P45
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഡബ്ലിൻ, അയർലണ്ട്; വിയന്നാ, ഓസ്ട്രിയ
ഏകദേശ ഉളളടക്കം മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, പ്രവൃത്തികൾ ഇവയുടെ ശകലങ്ങൾ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) ലൂക്കൊ. 10:42;യോഹ. 10:18
കൈയെഴുത്തു പ്രതിയുടെ പേര് ചെസ്ററർ ബീററി 2
സംജ്ഞ P46
തീയതി പൊ.യു. ഏ. 200
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഡബ്ലിൻ, അയർലണ്ട്; ആൻ ആർബർ, മിച്ചി., യു.എസ്.എ.
ഏകദേശ ഉളളടക്കം പൗലൊസിന്റെ ലേഖനങ്ങളിൽ ഒൻപതെണ്ണം
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) റോമ. 8:23, 28;1 കൊരി. 2:16
കൈയെഴുത്തു പ്രതിയുടെ പേര് ചെസ്ററർ ബീററി 3
സംജ്ഞ P47
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ഡബ്ലിൻ, അയർലണ്ട്
ഏകദേശ ഉളളടക്കം വെളി. 9:10–17:2
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) വെളി. 13:18; 15:3
കൈയെഴുത്തു പ്രതിയുടെ പേര് റൈലാൻഡ്സ് 457
സംജ്ഞ P52
തീയതി പൊ.യു. ഏ.125
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം മാഞ്ചെസ്ററർ, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം യോഹ. 18:31-33, 37, 38
കൈയെഴുത്തു പ്രതിയുടെ പേര് ബോഡ്മെർ 2
സംജ്ഞ P66
തീയതി പൊ.യു. ഏ. 200
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ജനീവ, സ്വിററ്സർലണ്ട്
ഏകദേശ ഉളളടക്കം യോഹന്നാന്റെ അധികഭാഗവും
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) യോഹ. 1:18; 19:39
കൈയെഴുത്തു പ്രതിയുടെ പേര് ബോഡ്മെർ 7, 8
സംജ്ഞ P72
തീയതി പൊ.യു. 3-ാം⁄4-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ജനീവ, സ്വിററ്സർലണ്ടും റോം, ഇററലിയിലെ വത്തിക്കാൻ ലൈബ്രറിയും
ഏകദേശ ഉളളടക്കം യൂദാ, 1 പത്രൊസ്, 2 പത്രൊസ്
കൈയെഴുത്തു പ്രതിയുടെ പേര് ബോഡ്മെർ 14, 15
സംജ്ഞ P75
തീയതി പൊ.യു. 3-ാം നൂററാണ്ട്
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ജനീവ, സ്വിററ്സർലണ്ട്
ഏകദേശ ഉളളടക്കം ലൂക്കൊസിന്റെയും യോഹന്നാന്റെയും അധികഭാഗവും
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) ലൂക്കൊ. 8:26; യോഹ. 1:18
[314-ാം പേജിലെ ചാർട്ട്]
(പൂർണരൂപത്തിന് പുസ്തകം കാണുക)
ചില പ്രമുഖ ചർമപത്ര, തോൽ കൈയെഴുത്തുപ്രതികൾ
എബ്രായ തിരുവെഴുത്തുകളുടേത് (എബ്രായയിൽ)
കൈയെഴുത്തു പ്രതിയുടെ പേര് ആലെപ്പോ കോഡക്സ്
സംജ്ഞ AI
തീയതി പൊ.യു. 930
ഭാഷ എബ്രായ
ഇരിക്കുന്നടം മുമ്പ് ആലെപ്പോ, സിറിയയിൽ. ഇപ്പോൾ ഇസ്രായേലിൽ.
ഏകദേശ ഉളളടക്കം എബ്രായ തിരുവെഴുത്തുകളുടെ വിപുലമായ ഭാഗം (ബെൻ ആശേർ പാഠം)
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) യോശു. 21:37
കൈയെഴുത്തു പ്രതിയുടെ പേര് ബ്രിട്ടീഷ് മ്യൂസിയം കോഡക്സ് Or4445
തീയതി പൊ.യു. 10-ാം നൂററാണ്ട്
ഭാഷ എബ്രായ
ഇരിക്കുന്നടം ലണ്ടൻ, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം പഞ്ചഗ്രന്ഥങ്ങളുടെ അധികഭാഗവും
കൈയെഴുത്തു പ്രതിയുടെ പേര് കെയ്റോ കാരയ്ററ് കോഡക്സ്
സംജ്ഞ Ca
തീയതി പൊ.യു. 895
ഭാഷ എബ്രായ
ഇരിക്കുന്നടം കെയ്റോ, ഈജിപ്ത്
ഏകദേശ ഉളളടക്കം ആദ്യകാലത്തെയും പിൽക്കാലത്തെയും പ്രവാചകൻമാർ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) യോശു. 21:37; 2 ശമൂ. 8:3
കൈയെഴുത്തു പ്രതിയുടെ പേര് ലെനിൻഗ്രാഡ് കോഡക്സ്
സംജ്ഞ B 19A
തീയതി പൊ.യു. 1008
ഭാഷ എബ്രായ
ഇരിക്കുന്നടം ലെനിൻഗ്രാഡ്,
റഷ്യ
ഏകദേശ ഉളളടക്കം എബ്രായ തിരുവെഴുത്തുകൾ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) യോശു. 21:37; 2ശമൂ. 8:3; അനുബന്ധം1A
കൈയെഴുത്തു പ്രതിയുടെ പേര് പ്രവാചകൻമാരുടെ പീറേറഴ്സ്ബർഗ് കോഡക്സ്
സംജ്ഞ B 3
തീയതി പൊ.യു. 916
ഭാഷ എബ്രായ
ഇരിക്കുന്നടം ലെനിൻഗ്രാഡ്,
റഷ്യ
ഏകദേശ ഉളളടക്കം പിൽക്കാല പ്രവാചകൻമാർ
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) അനുബന്ധം 2B
കൈയെഴുത്തു പ്രതിയുടെ പേര് ചാവുകടൽ ആദ്യ യെശയ്യാ ചുരുൾ
സംജ്ഞ 1QIsa
തീയതി പൊ.യു.മു. 2-ാം നൂററാണ്ടിന്റെ അവസാനം
ഭാഷ എബ്രായ
ഇരിക്കുന്നടം യെരുശലേം, ഇസ്രായേൽ
ഏകദേശ ഉളളടക്കം യെശയ്യാവ്
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) യെശ. 11:1; 18:2; 41:29
കൈയെഴുത്തു പ്രതിയുടെ പേര് ചാവുകടൽ സങ്കീർത്തനചുരുൾ
സംജ്ഞ 11QPsa
തീയതി പൊ.യു. 1-ാം നൂററാ.
ഭാഷ എബ്രായ
ഇരിക്കുന്നടം യെരുശലേം, ഇസ്രായേൽ
ഏകദേശ ഉളളടക്കം സങ്കീർത്തനങ്ങളുടെ അവസാനത്തെ മൂന്നാം ഭാഗത്തിലെ 41 എണ്ണത്തിന്റെ ഭാഗങ്ങൾ
സെപ്ററുവജിൻറിന്റേതും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടേതും
കൈയെഴുത്തു പ്രതിയുടെ പേര് സൈനെയ്ററിക്കസ്
സംജ്ഞ א (01)
തീയതി പൊ.യു. 4-ാം നൂററാ.
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ലണ്ടൻ, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം എബ്രായ തിരുവെഴുത്തുകളുടെ ഭാഗവും മുഴു ഗ്രീക്ക് തിരുവെഴുത്തുകളും ചില അപ്പോക്രിഫാലിഖിതങ്ങളും
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) 1 ദിന. 12:19; യോഹ. 5:2; 2 കൊരി. 12:4
കൈയെഴുത്തു പ്രതിയുടെ പേര് അലക്സാണ്ട്രിനസ്
സംജ്ഞ A (02)
തീയതി പൊ.യു. 5-ാം നൂററാ.
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം ലണ്ടൻ, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം മുഴു എബ്രായ, ഗ്രീക്ക്, തിരുവെഴുത്തുകളും (ചില ചെറിയ ഭാഗങ്ങൾ നഷ്ടപ്പെട്ടു, അല്ലെങ്കിൽ കേടുപററി) ചില അപ്പോക്രിഫാലിഖിതങ്ങളും
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) 1 രാജാ. 14:2; ലൂക്കൊ. 5:39; പ്രവൃ. 13:20; എബ്രാ. 3:6
കൈയെഴുത്തു പ്രതിയുടെ പേര് വത്തിക്കാൻ 1209
സംജ്ഞ B (03)
തീയതി പൊ.യു. 4-ാം നൂററാ.
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം റോമിലെ വത്തിക്കാൻ ലൈബ്രറി, ഇററലി
ഏകദേശ ഉളളടക്കം ആദ്യം മുഴുബൈബിളും. ഇപ്പോൾ: ഉല്പ. 1:1–46:28; സങ്കീ. 106-137; എബ്രായർ 9:14-നുശേഷമുളള ഭാഗം 1 തിമൊഥെയൊസ്; 2 തിമൊഥെയൊസ്; തീത്തൊസ്; ഫിലേമോൻ; വെളിപ്പാടു എന്നിവ നഷ്ടപ്പെട്ടിരിക്കുന്നു
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) മർക്കൊ. 6:14 യോഹ. 1:18; 7:53–യോഹ.8:11
കൈയെഴുത്തു പ്രതിയുടെ പേര് എഫ്രയീമി സിറി റിസ്ക്രിപ്ററസ്
സംജ്ഞ C (04)
തീയതി പൊ.യു. 5-ാം നൂററാ.
ഭാഷ ഗ്രീക്ക്
ഇരിക്കുന്നടം പാരീസ്, ഫ്രാൻസ്
ഏകദേശ ഉളളടക്കം എബ്രായ തിരുവെഴുത്തുകളുടെയും (64 താളുകൾ) ഗ്രീക്ക് തിരുവെഴുത്തുകളുടെയും ഭാഗങ്ങൾ (145 താളുകൾ)
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) പ്രവൃ. 9:12 റോമ. 8:23, 28, 34
കൈയെഴുത്തു പ്രതിയുടെ പേര് കോഡക്സ് ബസേ കാൻറാബ്രിജിയൻസിസ്
സംജ്ഞ Dea (05)
തീയതി പൊ.യു. 5-ാം നൂററാ.
ഭാഷ ഗ്രീക്ക്-ലത്തീൻ
ഇരിക്കുന്നടം കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
ഏകദേശ ഉളളടക്കം നാലു സുവിശേഷങ്ങളുടെ അധികഭാഗവും പ്രവൃത്തികളും 3 യോഹന്നാന്റെ ഏതാനും വാക്യങ്ങളും
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) മത്താ. 24:36; മർക്കൊ. 7:16; ലൂക്കൊ. 15:21(“D” എന്ന സംജ്ഞക്കു മാത്രം സൂചന കാണിച്ചിരിക്കുന്നു)
കൈയെഴുത്തു പ്രതിയുടെ പേര് കോഡക്സ് ക്ലാറോമോണ്ടാനസ്
സംജ്ഞ DP (06)
തീയതി പൊ.യു. 6-ാം നൂററാ.
ഭാഷ ഗ്രീക്ക്-ലത്തീൻ
ഇരിക്കുന്നടം പാരീസ്, ഫ്രാൻസ്
ഏകദേശ ഉളളടക്കം പൗലൊസിന്റെ ലേഖനങ്ങൾ (എബ്രായർ ഉൾപ്പെടെ)
പുതിയലോക ഭാഷാന്തര—പരാമർശങ്ങളോടുകൂടിയതിലെ ഉപയോഗത്തിന്റെ ദൃഷ്ടാന്തങ്ങൾ (സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ അടിക്കുറിപ്പുകൾ കാണുക) ഗലാ. 5:12 (“D” എന്ന സംജ്ഞക്കുമാത്രം സൂചന കാണിച്ചിരിക്കുന്നു)
[308-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിന് പുസ്തകം കാണുക)
പുതിയലോക ഭാഷാന്തരത്തിന്റെ പാഠത്തിനുളള ആധാരങ്ങൾ എബ്രായ തിരുവെഴുത്തുകൾ
മൂല എബ്രായ എഴുത്തുകളും ആദിമ പകർപ്പുകളും
അരമായ തർഗുമുകൾ
ചാവുകടൽ ചുരുളുകൾ
ശമര്യ പഞ്ചഗ്രന്ഥങ്ങൾ
ഗ്രീക്ക് സെപ്ററുവജിൻറ്
പഴയ ലത്തീൻ
കോപ്ററിക്, എത്യോപ്പിക്, അർമീനിയൻ
എബ്രായ വ്യഞ്ജനാക്ഷരപാഠം
ലത്തീൻ വൾഗേററ്
ഗ്രീക്ക് വിവർത്തനങ്ങൾ—അക്വില, തിയോഡോഷൻ, സിമാക്കസ്
സുറിയാനി പെശീത്താ
മാസെറെററിക് പാഠം
കെയ്റോ കോഡക്സ്
പ്രവാചകൻമാരുടെ പീറേറഴ്സ്ബർഗ് കോഡക്സ്
അലെപ്പോ കോഡക്സ്
ഗിൻസ്ബെർഗിന്റെ എബ്രായ പാഠം
കോഡക്സ് ലെനിൻഗ്രാഡ് B 19A
ബിബ്ലിയാ ഹെബ്രായിക്കാ (BHK), ബിബ്ലിയാ ഹെബ്രായിക്കാ സ്ററട്ട്ഗാർട്ടൻസിയാ (BHS)
പുതിയലോക ഭാഷാന്തരം
എബ്രായ തിരുവെഴുത്തുകൾ—ഇംഗ്ലീഷ്; ഇംഗ്ലീഷിൽനിന്ന് മററനേകം ഭാഷകളിലേക്ക്
[309-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിന് പുസ്തകം കാണുക)
പുതിയലോക ഭാഷാന്തരത്തിന്റെ പാഠത്തിനുളള ആധാരങ്ങൾ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ
മൂല ക്രിസ്തീയ എഴുത്തുകളും ആദിമ പകർപ്പുകളും
അർമീനിയൻ ഭാഷാന്തരം
കോപ്ററിക് ഭാഷാന്തരങ്ങൾ
സുറിയാനി ഭാഷാന്തരങ്ങൾ—കുറേറേറാണിയൻ, ഫിലോക്സെനിയൻ, ഹാർക്ലീൻ, പാലസ്തീനിയൻ, സൈനാററിക്, പെശീത്താ
പഴയ ലത്തീൻ
ലത്തീൻ വൾഗേററ്
സിക്സ്റൈറൻ ആൻഡ് ക്ലെമന്റയ്ൻ റിവൈസ്ഡ് ലത്തീൻ പാഠങ്ങൾ
ഗ്രീക്ക് ഒഴുക്കെഴുത്ത് കൈയെഴുത്തുപ്രതി
ഇറാസ്മസ് പാഠം
സ്റെറഫാനസ് പാഠം
ടെക്സ്ററസ് റിസെപ്ററസ്
ഗ്രീസ്ബാക്ക് ഗ്രീക്ക് പാഠം
എംഫാററിക് ഡയഗ്ലട്ട്
പപ്പൈറി—(ഉദാ. ചെസ്ററർ ബീററി P45, P46, P47; ബോഡ്മെർ P66, P74, P75)
ഉരുണ്ട ആദിമഗ്രീക്ക് വട്ടെഴുത്തു കൈയെഴുത്തുപ്രതികൾ—വത്തിക്കാൻ 1209 (B), സൈനാററിക്(א), അലക്സാണ്ട്രിയൻ (A), എഫ്രയീമി സൈറി റെസ്ക്രിപ്ററസ് (C), ബെസേ (D)
വെസ്ററ്കോട്ട് ആൻഡ് ഹോർട്ട് ഗ്രീക്ക് പാഠം
ബോവർ ഗ്രീക്ക് പാഠം
മെർക്ക് ഗ്രീക്ക് പാഠം
നെസിലെ-അലൻഡ് ഗ്രീക്ക് പാഠം
യുണൈററഡ് ബൈബിൾ സൊസൈററികളുടെ ഗ്രീക്ക് പാഠം
ദിവ്യനാമത്തിന് ചതുരക്ഷരി ഉപയോഗിച്ചുകൊണ്ട് ഗ്രീക്കിൽനിന്നോ ലത്തീൻ വൾഗേററിൽനിന്നോ വിവർത്തനംചെയ്ത 23 എബ്രായ ഭാഷാന്തരങ്ങൾ (14 മുതൽ 20 വരെ നൂററാണ്ടുകളിലേത്)
പുതിയലോക ഭാഷാന്തരം
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ—ഇംഗ്ലീഷ്; ഇംഗ്ലീഷിൽനിന്ന് മററനേകം ആധുനിക ഭാഷകളിലേക്ക്