പാഠം 8—“പുതിയലോക ഭാഷാന്തര”ത്തിന്റെ പ്രയോജനങ്ങൾ
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 8—“പുതിയലോക ഭാഷാന്തര”ത്തിന്റെ പ്രയോജനങ്ങൾ
അതിലെ ആധുനികഭാഷയുടെയും ഐകരൂപ്യത്തിന്റെയും ശ്രദ്ധാപൂർവകമായ ക്രിയാ പ്രയോഗങ്ങളുടെയും ശക്തിമത്തായ നിശ്വസ്ത ദൈവവചന പ്രകാശനത്തിന്റെയും പരിചിന്തനം.
1. (എ) ഏതു പ്രവണതയെ പുതിയലോക ഭാഷാന്തരം തിരുത്തുന്നു, എങ്ങനെ? (ബി) ഇംഗ്ലീഷിൽ, യാഹ്വേ എന്നോ നാമത്തിന്റെ മറേറതെങ്കിലും രൂപമോ അല്ല, ജെഹോവ എന്ന് ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്?
സമീപവർഷങ്ങളിൽ നിരവധി ആധുനിക ബൈബിൾഭാഷാന്തരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്, അവ മൂല ലിഖിതങ്ങളുടെ അർഥം പെട്ടെന്നു മനസ്സിലാക്കുന്നതിനു ദൈവവചന സ്നേഹികളെ സഹായിക്കാൻ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അനേകം ഭാഷാന്തരങ്ങൾ പാവനരേഖയിൽനിന്നു ദിവ്യനാമത്തിന്റെ ഉപയോഗം നീക്കംചെയ്തിരിക്കുന്നു. മറിച്ച്, പുതിയലോക ഭാഷാന്തരം അത്യുന്നത ദൈവത്തിന്റെ യോഗ്യമായ നാമത്തെ പാഠത്തിലെ അതിന്റെ ഉചിതമായ സ്ഥാനത്തു പുനഃസ്ഥാപിച്ചുകൊണ്ട് അതിനു മഹത്ത്വവും മാനവും കരേററുന്നു. ഇപ്പോൾ ഈ നാമം എബ്രായ തിരുവെഴുത്തുവിഭാഗത്തിൽ 6,973 പ്രാവശ്യവും ഗ്രീക്ക് തിരുവെഴുത്തുവിഭാഗത്തിൽ 237 പ്രാവശ്യവുമായി മൊത്തം 7,210 പ്രാവശ്യം വരുന്നുണ്ട്. യാഹ്വേ എന്ന രൂപമാണു പൊതുവേ എബ്രായ പണ്ഡിതൻമാർ കൂടുതലിഷ്ടപ്പെടുന്നത്, ഉച്ചാരണത്തിന്റെ ഉറപ്പ് ഇപ്പോൾ ലഭ്യമല്ല. തന്നിമിത്തം, ജെഹോവ എന്ന ലാററിൻരൂപം നൂററാണ്ടുകളിൽ ഉപയോഗത്തിലിരുന്നിട്ടുളളതുകൊണ്ടും ചതുരക്ഷരിയുടെ അഥവാ יהדה എന്ന ചതുരക്ഷര എബ്രായ നാമത്തിന്റെ അതിസാധാരണമായി അംഗീകരിക്കപ്പെടുന്ന ഇംഗ്ലീഷ് വിവർത്തനമായിരിക്കുന്നതുകൊണ്ടും അതു തുടർന്ന് ഉപയോഗിക്കുകയാണ്. എബ്രായ പണ്ഡിതനായ ആർ. എച്ച്. ഫീഫർ ഇങ്ങനെ പ്രസ്താവിച്ചു: “അതിന്റെ സംശയാസ്പദമായ പാരമ്പര്യത്തെക്കുറിച്ച് എന്തുതന്നെ പറയാമെങ്കിലും ‘ജെഹോവ’ എന്നത് യാഹ്വേ എന്നതിന്റെ ഉചിതമായ ഇംഗ്ലീഷ് വിവർത്തനമാണ്, അങ്ങനെ നിലനിൽക്കണം.” a
2. (എ) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ദിവ്യനാമം പുനഃസ്ഥിതീകരിക്കുന്നതിനു മുൻവഴക്കങ്ങൾ ഉണ്ടോ? (ബി) അങ്ങനെ ഏതു സംശയം ദൂരീകരിക്കപ്പെടുന്നു?
2 പുതിയലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ദിവ്യനാമം പുനഃസ്ഥാപിച്ചിരിക്കുന്ന ആദ്യ ഭാഷാന്തരമല്ല. കുറഞ്ഞപക്ഷം 14-ാം നൂററാണ്ടുമുതലെങ്കിലും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ വിശേഷാൽ ദിവ്യനാമം അടങ്ങുന്ന എബ്രായ തിരുവെഴുത്തുവാക്യങ്ങൾ ഉദ്ധരിക്കുന്ന സ്ഥലങ്ങളിൽ ദൈവനാമം പാഠത്തിൽ പുനഃസ്ഥാപിക്കാൻ പല വിവർത്തകരും നിർബന്ധിതരായിട്ടുണ്ട്. ഗ്രീക്ക് തിരുവെഴുത്തുകളുടെ ആഫ്രിക്കൻ, ഏഷ്യൻ, അമേരിക്കൻ, പസഫിക്-ദ്വീപ് ഭാഷാന്തരങ്ങൾ ഉൾപ്പെടെയുളള ആധുനികഭാഷാ-മിഷനറി ഭാഷാന്തരങ്ങൾ ചില യൂറോപ്യൻ ഭാഷാവിവർത്തനങ്ങൾ ചെയ്യുന്നതുപോലെ, യഹോവ എന്ന നാമം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ദിവ്യനാമം കൊടുത്തിരിക്കുന്നടത്തെല്ലാം ഏതു “കർത്താ”വിനെയാണ് ഉദ്ദേശിക്കുന്നത് എന്നുളളതിൽ മേലാൽ സംശയമില്ല. ആകാശത്തിന്റെയും ഭൂമിയുടെയും കർത്താവായ യഹോവയെയാണ് ഉദ്ദേശിച്ചിരിക്കുന്നത്, അവന്റെ നാമം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ അനുപമവും വ്യതിരിക്തവുമായി സൂക്ഷിച്ചിരിക്കുന്നതിലൂടെ വിശുദ്ധീകരിക്കപ്പെടുകയാണ്. b
3. ഏതു മുഖാന്തരത്താൽ പുതിയലോക ഭാഷാന്തരം മൂല ലിഖിതങ്ങളുടെ പ്രഭാവവും ഭംഗിയും അർഥവും ധരിപ്പിക്കുന്നതിനു സഹായിക്കുന്നു?
3 പുതിയലോക ഭാഷാന്തരം വായനക്കാരന്റെ മനസ്സിലേക്ക് ഉദ്ദിഷ്ട അർഥം വ്യക്തമായി ആനയിക്കത്തക്കവണ്ണം യഹോവയുടെ നിശ്വസ്ത തിരുവെഴുത്തുകളെ വ്യക്തവും സുഗ്രഹവുമായ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ടും യഹോവയുടെ നാമവിശുദ്ധീകരണത്തിനു മാററുകൂട്ടുന്നു. അതു ലളിതവും ആധുനികവുമായ ഭാഷ ഉപയോഗിക്കുന്നു. അതുപോലെതന്നെ അതിന്റെ വിവർത്തനത്തിൽ അത് ആവുന്നത്ര ഐകരൂപ്യമുളളതാണ്; എബ്രായ, ഗ്രീക്ക്, ഭാഷകളിൽ പ്രകടമാക്കിയിരിക്കുന്ന പ്രവർത്തനത്തെ അഥവാ അവസ്ഥയെ കൃത്യമായി വ്യക്തമാക്കിത്തരുകയും ചെയ്യുന്നു. കൂടാതെ അതു “നിങ്ങൾ” (“you”) എന്ന സർവനാമം ഉപയോഗിക്കുമ്പോഴും സന്ദർഭം സ്പഷ്ടമാക്കാത്തടത്ത് ക്രിയയുടെ ആജ്ഞാരൂപം ഉപയോഗിക്കുമ്പോഴും ബഹുവചനവും ഏകവചനവും തമ്മിൽ തിരിച്ചറിയിക്കുന്നു. ഈ വിധങ്ങളിലും മററു വിധങ്ങളിലും പുതിയലോക ഭാഷാന്തരം മൂലലിഖിതങ്ങളുടെ പ്രഭാവവും ഭംഗിയും അർഥവും ആവുന്നടത്തോളം ആധുനിക ഭാഷയിൽ പ്രകാശിപ്പിക്കുന്നു.
ആധുനികഭാഷയിൽ വിവർത്തനംചെയ്തിരിക്കുന്നു
4. (എ) ഒരു ആദിമ ബൈബിൾവിവർത്തകൻ ഏതു ശ്രേഷ്ഠമായ ഉദ്ദേശ്യം പ്രകടമാക്കി? (ബി) കാലം കടന്നുപോയതോടെ എന്ത് ആവശ്യമായിത്തീർന്നിരിക്കുന്നു?
4 പഴക്കമുളള ബൈബിൾഭാഷാന്തരങ്ങളിൽ 16-ഉം 17-ഉം നൂററാണ്ടുകളിലെ ലുപ്തപ്രചാരമായ അനേകം വാക്കുകൾ അടങ്ങിയിരിക്കുന്നു. ഇപ്പോൾ മനസ്സിലാകുന്നില്ലെങ്കിലും അന്ന് അവ അനായാസം മനസ്സിലാകുമായിരുന്നു. ദൃഷ്ടാന്തത്തിന്, അവ ഇംഗ്ലീഷ്ബൈബിളിൽ വെച്ചതിനു വളരെയധികം പ്രവർത്തിച്ച ഒരു മനുഷ്യൻ വില്യം ററിൻഡേയ്ൽ ആയിരുന്നു. അദ്ദേഹം മത ശത്രുക്കളിലൊരാളോട് ഇങ്ങനെ പറഞ്ഞതായി അറിയപ്പെടുന്നു: ‘ദൈവം എന്നെ ജീവനോടെ ശേഷിപ്പിക്കുന്നുവെങ്കിൽ ഞാൻ ഏറെ വർഷങ്ങൾ കഴിയുന്നതിനുമുമ്പ് നിങ്ങൾക്കറിയാവുന്നതിനെക്കാൾ കൂടുതൽ തിരുവെഴുത്തുകൾ കലപ്പ പിടിക്കുന്ന ഒരു ബാലൻ അറിയാൻ ഇടയാക്കും.’ ററിൻഡേയ്ലിന്റെ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഭാഷാന്തരം അദ്ദേഹത്തിന്റെ കാലത്ത് ഒരു ഉഴവുബാലന് അറിയാവുന്ന വിധം വളരെ ലളിതമായിരുന്നു. എന്നിരുന്നാലും അദ്ദേഹം ഉപയോഗിച്ച വാക്കുകളിലനേകവും ഇപ്പോൾ പ്രയോഗലുപ്തമായിരിക്കുന്നു, ‘കലപ്പ പിടിക്കുന്ന ഒരു ബാലന്’ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലും പഴക്കമേറിയ മററു ബൈബിൾഭാഷാന്തരങ്ങളിലുമുളള അനേകം വാക്കുകളുടെ അർഥം മേലാൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ല. തന്നിമിത്തം, പ്രാചീന ഭാഷയുടെ മറശ്ശീലകൾ മാററി സാമാന്യമമനുഷ്യന്റെ സാധാരണഭാഷയിൽ ബൈബിൾ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായിത്തീർന്നിരിക്കുന്നു.
5. ബൈബിൾ ഏതു ഭാഷയിൽ പ്രത്യക്ഷപ്പെടണം, എന്തുകൊണ്ട്?
5 നിശ്വസ്ത തിരുവെഴുത്തുകൾ എഴുതുന്നതിന് ഉപയോഗിക്കപ്പെട്ടത് സാധാരണക്കാരന്റെ ഭാഷയായിരുന്നു. അപ്പോസ്തലൻമാരും മററ് ആദിമ ക്രിസ്ത്യാനികളും പ്ലേറേറായെപ്പോലുളള തത്ത്വജ്ഞാനികളുടെ സാഹിത്യഗ്രീക്ക് ഉപയോഗിച്ചില്ല. അവർ ദൈനംദിന ഗ്രീക്ക് അതായത്, കൊയ്നി അഥവാ സാധാരണഗ്രീക്കാണ് ഉപയോഗിച്ചത്. തന്നിമിത്തം ഗ്രീക്ക് തിരുവെഴുത്തുകൾ, അവയ്ക്കു മുമ്പത്തെ എബ്രായ തിരുവെഴുത്തുകളെപ്പോലെ, ജനകീയഭാഷയിലാണ് എഴുതപ്പെട്ടത്. അപ്പോൾ മൂല തിരുവെഴുത്തുകളുടെ വിവർത്തനങ്ങളും അനായാസം മനസ്സിലാക്കാൻ ജനകീയ ഭാഷയിലായിരിക്കുന്നത് അത്യന്തം പ്രധാനമാണ്. ഈ കാരണത്താലാണു പുതിയലോക ഭാഷാന്തരം മൂന്നോ നാലോ നൂററാണ്ടുകൾക്കു മുമ്പത്തെ പ്രാചീനഭാഷയല്ല, പിന്നെയോ വായനക്കാർക്കു ബൈബിൾ പറയുന്നത് എളുപ്പം മനസ്സിലാകത്തക്കവണ്ണം വ്യക്തവും സ്പഷ്ടവുമായ ആധുനികഭാഷ ഉപയോഗിക്കുന്നത്.
6. പ്രചാരലുപ്തമായ വാക്കുകൾക്കു പകരം നിലവിലുളള വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനം വിശദമാക്കുക.
6 പതിനേഴാം നൂററാണ്ടുമുതൽ 20-ാം നൂററാണ്ടുവരെ ഇംഗ്ലീഷ്ഭാഷയ്ക്കുണ്ടായ മാററത്തിന്റെ വ്യാപ്തി സംബന്ധിച്ച് ഒരു ധാരണ കിട്ടുന്നതിനു ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽനിന്നും പുതിയലോക ഭാഷാന്തരത്തിൽനിന്നും ചുവടെ കൊടുത്തിരിക്കുന്ന താരതമ്യങ്ങൾ ശ്രദ്ധിക്കുക. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ “suffered” പുതിയലോക ഭാഷാന്തരത്തിൽ “allowed”-ഉം (ഉല്പ. 31:7), “was boiled,” “had flower buds”-ഉം (പുറ. 9:31), “spoilers,” “pillagers”-ഉം (ന്യായാ. 2:14), “ear his ground,” “do his plowing”-ഉം (1 ശമൂ. 8:12), “when you prayest,” “when you pray”-ഉം (മത്താ. 6:6), “sick of the palsy,” “paralytic-ഉം (മർക്കൊ. 2:3), “quickeneth,” “makes . . . alive”-ഉം (റോമ. 4:17), “shambles,” “meat market”-ഉം (1 കൊരി. 10:25), “letteth,” “acting as a restraint”-ഉം (2 തെസ്സ. 2:7) ആയിത്തീരുന്നു, അങ്ങനെ പലതും. ഇതിൽനിന്നു പ്രചാരലുപ്തമായ വാക്കുകളുടെ സ്ഥാനത്ത് ആധുനികഭാഷ ഉപയോഗിക്കുന്നതിൽ പുതിയലോക ഭാഷാന്തരത്തിന്റെ മൂല്യത്തെ തീർച്ചയായും വിലമതിക്കാവുന്നതാണ്.
വിവർത്തനങ്ങളുടെ ഐകരൂപ്യം
7. പുതിയലോക ഭാഷാന്തരം അതിന്റെ വിവർത്തനങ്ങളിൽ പരസ്പരയോജിപ്പുളളതായിരിക്കുന്നത് എങ്ങനെ?
7 പുതിയലോക ഭാഷാന്തരം അതിന്റെ വിവർത്തനങ്ങളിൽ പരസ്പരയോജിപ്പുളളതായിരിക്കാൻ സകല ശ്രമവും ചെയ്യുന്നു. ഒരു നിശ്ചിത എബ്രായ പദത്തിന് അല്ലെങ്കിൽ ഗ്രീക്ക് പദത്തിന് ഒരു ഇംഗ്ലീഷ്പദം വെച്ചിരിക്കുന്നു, പൂർണമായ ഇംഗ്ലീഷ്ഗ്രാഹ്യം നൽകുന്നതിൽ ശൈലിയോ സന്ദർഭമോ അനുവദിക്കുന്നടത്തോളം ഐകരൂപ്യത്തോടെ ഇത് ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നീഫെഷ് എന്ന എബ്രായ പദം തുടർച്ചയായി “സോൾ” (ദേഹി) എന്നു വിവർത്തനം ചെയ്തിരിക്കുന്നു. തത്തുല്യ ഗ്രീക്ക് പദമായ സൈക്കി എല്ലാ സന്ദർഭങ്ങളിലും “സോൾ” (ദേഹി) എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു.
8. (എ) ഭിന്നാർഥസമാനപദങ്ങളുടെ ദൃഷ്ടാന്തം നൽകുക. (ബി) ഭാഷാന്തരത്തിൽ ഇവ കൈകാര്യംചെയ്തിരിക്കുന്നത് എങ്ങനെ?
8 ചില സ്ഥലങ്ങളിൽ ഭിന്നാർഥസമാനപദങ്ങളുടെ ഭാഷാന്തരം സംബന്ധിച്ച് ഒരു പ്രശ്നം ഉയർന്നുവന്നിട്ടുണ്ട്. ഇതു മൂലഭാഷയിൽ ഒരേ അക്ഷരങ്ങൾകൊണ്ട് എഴുതുന്നതെങ്കിലും വിഭിന്ന അടിസ്ഥാനാർഥങ്ങളുളള പദങ്ങളാണ്. അതുകൊണ്ട്, ഭാഷാന്തരം ചെയ്യുമ്പോൾ ശരിയായ അർഥം കാണിക്കുന്ന പദം കൊടുക്കുന്നതാണു വെല്ലുവിളി. ഇംഗ്ലീഷിൽ “പോളീഷും” (Polish) “പോളീഷും” (polish) പോലെയും “ലീഡും” (ആടുകൾ) “ലീഡും” (കുഴൽ) പോലെയുമുളള ഭിന്നാർഥസമാനപദങ്ങളുണ്ട്, അവ ഒരേ രൂപത്തിലാണ് എഴുതുന്നതെങ്കിലും വ്യക്തമായും വ്യത്യസ്തപദങ്ങളാണ്. ഒരു ബൈബിൾദൃഷ്ടാന്തം എബ്രായയിലെ റാവ് ആണ്. അതു വ്യക്തമായി വിഭിന്നമായ മൂലപദങ്ങളെ പ്രതിനിധാനം ചെയ്യുന്നു, തന്നിമിത്തം അവ പുതിയലോക ഭാഷാന്തരത്തിൽ വ്യത്യസ്തമായി വിവർത്തനം ചെയ്തിരിക്കുന്നു. റാവ് എന്നതിനു പുറപ്പാടു 5:5-ലെപ്പോലെ, അത്യന്തസാധാരണമായി “വളരെ” എന്ന അർഥമാണുളളത്. എന്നിരുന്നാലും, 2 രാജാക്കൻമാർ 18:17-ലെ “രബ്ശാക്കേ” പോലെയുളള (എബ്രായ, റാവ്-ശാക്കേ) സ്ഥാനപ്പേരുകളിലുപയോഗിച്ചിരിക്കുന്ന റാവ് എന്ന പദത്തിനു ദാനീയേൽ 1:3-ൽ “ഷണ്ഡൻമാരിൽ പ്രധാനി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന പ്രകാരം “പ്രധാനി” എന്ന അർഥമുണ്ട്. (യിരെമ്യാവു 39:3-ലെ NW അടിക്കുറിപ്പും കാണുക.) രൂപസാദൃശ്യമുളള റാവ് എന്ന പദത്തിനു “വില്ലാളി” എന്നർഥമുണ്ട്, യിരെമ്യാവു 50:29-ലെ വിവർത്തനത്തിനു കാരണമതാണ്. വിവർത്തകൻമാർ, എൽ. കോളറിനെയും ഡബ്ലിയൂ. ബാംഗാർട്നറെയും പോലെയുളള പദവിദഗ്ധരെ, ഒരേ പ്രകാരത്തിൽ എഴുതുന്ന ഈ പദങ്ങളെ തരം തിരിക്കുന്നതിൽ പ്രാമാണികരായി സ്വീകരിച്ചിരിക്കുന്നു.
9. ഒരു എബ്രായ, ഗ്രീക്ക് ഭാഷ്യകാരൻ പുതിയലോക ഭാഷാന്തരത്തെ വിലയിരുത്തിയത് എങ്ങനെ?
9 ഐകരൂപ്യത്തിന്റെ ഈ സവിശേഷതയുടെ സംഗതിയിൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തെ സംബന്ധിച്ച തന്റെ അവലോകനത്തിൽ എബ്രായ, ഗ്രീക്ക്, ഭാഷ്യകാരനായ അലക്സാണ്ടർ തോംസനു പറയാനുണ്ടായിരുന്നതു ശ്രദ്ധിക്കുക: “ഈ ഭാഷാന്തരം പ്രസ്പഷ്ടമായി വിദഗ്ധരും സമർഥരുമായ പണ്ഡിതൻമാരുടെ കൃതിയാണ്, അവർ ഇംഗ്ലീഷ് ഭാഷക്കു സ്പഷ്ടമാക്കാൻ കഴിയുന്നടത്തോളം ഗ്രീക്ക് പാഠത്തിന്റെ യഥാർഥ അർഥം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ ഭാഷാന്തരം ഓരോ മുഖ്യ ഗ്രീക്ക് പദത്തിനും ഒരു ഇംഗ്ലീഷ് അർഥത്തോടു പററിനിൽക്കാനും സാധ്യമാകുന്നടത്തോളം അക്ഷരീയമാക്കാനും ലക്ഷ്യമിടുന്നു. . . . സാധാരണമായി ‘നീതീകരിക്കുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദം പൊതുവേ വളരെ ശരിയായി ‘നീതിമാൻമാരായി പ്രഖ്യാപിക്കുക’ എന്നു വിവർത്തനംചെയ്യുന്നു. . . . കുരിശിനുളള പദം ‘ദണ്ഡനസ്തംഭം’ എന്നു വിവർത്തനം ചെയ്യുന്നു, അതു മറെറാരു മേൻമയാണ്. . . . ലൂക്കൊസ് 23:43 ‘സത്യമായി ഞാൻ ഇന്നു നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും’ എന്നു ഉചിതമായി വിവർത്തനം ചെയ്തിരിക്കുന്നു. ഇതു മിക്ക ഭാഷാന്തരങ്ങളുടെയും വായനയെ അപേക്ഷിച്ചു വലിയ ഒരു മേൻമയാണ്.” എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷ സംബന്ധിച്ച് അതേ നിരൂപകൻ ഈ അഭിപ്രായം പറഞ്ഞു: “പുതിയലോക വിവർത്തനം സമ്പാദിക്കാൻ തക്ക മൂല്യമുളളതാണ്. അതു ജീവത്തും ജീവിതസമാനവുമാണ്. അതു വായനക്കാരൻ വായിക്കാനും പഠിക്കാനുമിടയാക്കുന്നു. അത് അമിതകൃത്തിപ്പുകാരുടെ കൃതിയല്ല, പിന്നെയോ ദൈവത്തെയും അവന്റെ വചനത്തെയും മാനിക്കുന്ന പണ്ഡിതൻമാരുടേതാണ്.”—ദി ഡിഫറൻഷ്യേററർ, 1952 ഏപ്രിൽ, പേജുകൾ 52-7, കൂടാതെ 1954 ജൂൺ, പേജ് 136.
10. പുതിയലോക ഭാഷാന്തരത്തിന്റെ പരസ്പരയോജിപ്പ് ബൈബിൾസത്യത്തെ ഉയർത്തിപ്പിടിക്കുന്നത് എങ്ങനെയെന്നു വിശദമാക്കുക.
10 പുതിയലോക ഭാഷാന്തരത്തിന്റെ പരസ്പരയോജിപ്പ് വയലിൽ അനേകം സാങ്കേതിക ബൈബിൾചർച്ചയിൽ വിജയം വരിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, കുറേ വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്കിലെ സ്വതന്ത്ര ചിന്തകരുടെ ഒരു സമൂഹം ബൈബിൾകാര്യങ്ങൾ സംബന്ധിച്ചു തങ്ങളുടെ കൂട്ടത്തോടു പ്രസംഗിക്കാൻ രണ്ടു പ്രസംഗകരെ അയയ്ക്കാൻ വാച്ച്ടവർ സൊസൈററിയോട് അപേക്ഷിച്ചു, അപേക്ഷ അനുവദിക്കപ്പെട്ടു. പഠിപ്പുളള ഈ മനുഷ്യർ ഒരു ലാററിൻ ആപ്തവാക്യത്തോടു പററിനിന്നു, ഫാൽസം ഇൻ യൂനോ ഫാൽസം ഇൻ റേറാറേറാ, ഒരു പോയിൻറിൽ തെറെറന്നു തെളിയിക്കപ്പെടുന്ന ഒരു വാദം മുഴുവനായി തെററാണ് എന്നാണതിന്റെ അർഥം. ചർച്ചാസമയത്ത് ഒരു മനുഷ്യൻ ബൈബിളിന്റെ വിശ്വാസ്യതസംബന്ധിച്ചു യഹോവയുടെ സാക്ഷികളെ വെല്ലുവിളിച്ചു. ഉല്പത്തി 1:3 സദസ്സിനെ വായിച്ചുകേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പുതിയലോക ഭാഷാന്തരത്തിൽനിന്ന് അതു വായിച്ചുകേൾപ്പിച്ചു: “‘വെളിച്ചം ഉണ്ടാകട്ടെ’ എന്നു ദൈവം പറഞ്ഞുതുടങ്ങി. അപ്പോൾ വെളിച്ചമുണ്ടായി.” ആത്മധൈര്യത്തോടെ അദ്ദേഹം അടുത്തതായി ഉല്പത്തി 1:14 വായിക്കാനാവശ്യപ്പെട്ടു. ഇതും പുതിയലോക ഭാഷാന്തരത്തിൽനിന്നു വായിച്ചു. “‘ആകാശങ്ങളുടെ വിരിവിൽ പ്രകാശഗോളങ്ങൾ ഉണ്ടാകട്ടെ’ എന്നു ദൈവം തുടർന്നുപറഞ്ഞു.” “നിൽക്കൂ,” അദ്ദേഹം പറഞ്ഞു, “നിങ്ങൾ എന്താണു വായിക്കുന്നത്? ദൈവം ഒന്നാം ദിവസവും വീണ്ടും നാലാം ദിവസവും വെളിച്ചം ഉണ്ടാക്കിയെന്നാണ് എന്റെ ബൈബിൾ പറയുന്നത്, അതു പരസ്പരവിരുദ്ധമാണ്.” അദ്ദേഹത്തിന് എബ്രായ അറിയാമെന്ന് അവകാശപ്പെട്ടെങ്കിലും 3-ാം വാക്യത്തിൽ “വെളിച്ചം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന എബ്രായപദം ʼഓർ, ആണെന്നും അതേസമയം 14-ാം വാക്യത്തിലെ പദം മാʼഓർ എന്നായതിനാൽ വ്യത്യസ്തമാണെന്നും അത് ഒരു പ്രകാശഗോളത്തെ അഥവാ പ്രകാശശ്രോതസ്സിനെ പരാമർശിക്കുന്നുവെന്നും അദ്ദേഹത്തെ ചൂണ്ടിക്കാണിക്കേണ്ടിവന്നു. പണ്ഡിതനായ മനുഷ്യൻ പരാജിതനായി ഇരുന്നു. c പുതിയലോക ഭാഷാന്തരത്തിന്റെ വിശ്വസ്തമായ പരസ്പരയോജിപ്പ് ബൈബിളിനെ വിശ്വാസ്യവും പ്രയോജനപ്രദവുമെന്ന നിലയിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു വിജയം നേടുകയുണ്ടായി.
ശ്രദ്ധാപൂർവകമായ ക്രിയാവിവർത്തനങ്ങൾ
11. മൂല തിരുവെഴുത്തുകളുടെ ഏത് ഊർജസ്വലമായ സവിശേഷത പുതിയലോക ഭാഷാന്തരത്തിൽ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു? എങ്ങനെ?
11 പുതിയലോക ഭാഷാന്തരം ഗ്രീക്ക്, എബ്രായ, ക്രിയകളുടെ പ്രവർത്തനത്തിന്റെ അർഥം വ്യക്തമാക്കിത്തരുന്നതിനു പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ പുതിയലോക ഭാഷാന്തരം മൂലഭാഷാലിഖിതങ്ങളുടെ പ്രത്യേകഭംഗിയും ലാളിത്യവും പ്രഭാവപൂർണതയും പ്രകാശനരീതിയും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. അങ്ങനെ പ്രവർത്തനങ്ങളുടെ യഥാർഥ അവസ്ഥകൾ ശ്രദ്ധാപൂർവം വ്യക്തമാക്കുന്നതിന് ഇംഗ്ലീഷിൽ സഹായക്രിയകൾ ഉപയോഗിക്കേണ്ടതാവശ്യമായിരുന്നു. മൂല തിരുവെഴുത്തുകൾ അവയുടെ ക്രിയകളുടെ ശക്തിനിമിത്തം വളരെ ഊർജസ്വലവും പ്രവർത്തനവ്യഞ്ജകവുമാണ്.
12. (എ) പാശ്ചാത്യഭാഷകളിൽനിന്ന് എബ്രായ വ്യത്യസ്തമായിരിക്കുന്ന ഒരു വിധം എന്താണ്? (ബി) എബ്രായ ക്രിയയുടെ രണ്ട് അവസ്ഥകൾ വിശദീകരിക്കുക.
12 പാശ്ചാത്യദേശത്തെ മിക്ക ഭാഷകൾക്കും “കാലം” എന്ന പദം ബാധകമാക്കുന്ന വിധത്തിൽ എബ്രായ ക്രിയയ്ക്കു “കാലങ്ങൾ” ഇല്ല. ഇംഗ്ലീഷ്, മലയാളം മുതലായ ഭാഷകളിൽ ക്രിയകൾ ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ വിശേഷാൽ കാലത്തിന്റെ അഥവാ സമയത്തിന്റെ നിലപാടിലാണു വീക്ഷിക്കപ്പെടുന്നത്. മറിച്ച്, എബ്രായ ക്രിയ അടിസ്ഥാനപരമായി പ്രവർത്തനത്തിന്റെ അവസ്ഥയെ പ്രകടമാക്കുന്നു, അതായത്, പ്രവർത്തനം ഒന്നുകിൽ പൂർത്തിയായതോ (പൂർണാവസ്ഥ) അല്ലെങ്കിൽ പൂർത്തിയാകാത്തതോ (അപൂർണാവസ്ഥ) ആയി വീക്ഷിക്കപ്പെടുന്നു. എബ്രായ ക്രിയകളുടെ ഈ അവസ്ഥകളെ ഭൂതകാലത്തെയോ ഭാവിയിലെയോ പ്രവർത്തനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്, കാലം നിർണയിക്കുന്നതു സന്ദർഭമാണ്. ദൃഷ്ടാന്തത്തിന്, ക്രിയയുടെ പൂർണ അല്ലെങ്കിൽ പൂർത്തിയായ അവസ്ഥ സ്വാഭാവികമായി കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. എന്നാൽ ഒരു ഭാവിസംഭവം അപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞതുപോലെ പറയാനും ഉപയോഗിക്കുന്നു, അതിന്റെ ഭാവി ഉറപ്പ് അല്ലെങ്കിൽ സംഭവിക്കാനുളള കടപ്പാടു പ്രകടമാക്കിക്കൊണ്ടുതന്നെ.
13. ഉല്പത്തി 2:2, 3-ന്റെ ശരിയായ ഗ്രാഹ്യത്തിലെത്തുന്നതിൽ എബ്രായ ക്രിയാവസ്ഥയുടെ ഉചിതമായ പരിഗണന പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 എബ്രായ ക്രിയയുടെ അവസ്ഥ ഇംഗ്ലീഷിലേക്കോ മറെറാരു ഭാഷയിലേക്കോ കൃത്യമായി കൈമാറുന്നത് അതിപ്രധാനമാണ്; അല്ലെങ്കിൽ അർഥം വളച്ചൊടിക്കപ്പെടുകയോ തികച്ചും വ്യത്യസ്തമായ ഒരു ആശയം പ്രകടമാക്കുകയോ ചെയ്തേക്കാം. ഇതിന്റെ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ഉല്പത്തി 2:2, 3-ലെ ക്രിയാപരമായ ആശയപ്രകടനങ്ങൾ പരിചിന്തിക്കുക. പല ഭാഷാന്തരങ്ങളിലും ഏഴാം ദിവസം ദൈവം വിശ്രമിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ “അവിടുന്നു വിശ്രമിച്ചു,” “നിവൃത്തനായി,” “അവൻ വിരമിച്ചു,” “വിരമിച്ചിരുന്നു,” ‘അവൻ പ്രവൃത്തിയിൽനിന്നു വിരമിച്ചു’ എന്നിങ്ങനെയുളള പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഈ വിവർത്തനങ്ങളിൽനിന്ന് ഏഴാം ദിവസത്തെ ദൈവത്തിന്റെ വിശ്രമം കഴിഞ്ഞ കാലത്തു പൂർത്തിയായി എന്ന് ഒരുവൻ നിഗമനംചെയ്യും. എന്നാൽ ഉല്പത്തി 2:2, 3-ലെ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ക്രിയകളുടെ അർഥം പുതിയലോക ഭാഷാന്തരം വ്യക്തമാക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക: “ഏഴാം ദിവസമായപ്പോഴേക്കു ദൈവം താൻ ഉണ്ടാക്കിയിരുന്ന തന്റെ സകല പ്രവൃത്തിയുടെയും പൂർത്തീകരണത്തിലേക്കു വന്നു, താൻ ഉണ്ടാക്കിയിരുന്ന തന്റെ സകല പ്രവൃത്തിയിൽനിന്നും അവൻ വിശ്രമിച്ചുതുടങ്ങി. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിക്കാനും അതിനെ പാവനമാക്കാനും പ്രവർത്തിച്ചുതുടങ്ങി, എന്തെന്നാൽ ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തിൽ ദൈവം സൃഷ്ടിച്ചിരുന്ന തന്റെ സകല പ്രവൃത്തിയിൽനിന്നും താൻ അതിൽ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” “അവൻ വിശ്രമിച്ചുതുടങ്ങി” എന്ന 2-ാം വാക്യത്തിലെ പദപ്രയോഗം എബ്രായയിൽ അപൂർണാവസ്ഥയിലുളള ഒരു ക്രിയയാണ്, തന്നിമിത്തം പൂർത്തിയാകാത്തതോ തുടരുന്നതോ ആയ ഒരു പ്രവർത്തനം എന്ന ആശയം നൽകുന്നു. “അവൻ വിശ്രമിച്ചുതുടങ്ങി” എന്ന വിവർത്തനം എബ്രായർ 4:4-7-ൽ പറഞ്ഞിരിക്കുന്ന ആശയത്തോടു ചേർച്ചയിലാണ്. മറിച്ച്, ഉല്പത്തി 2:3-ലെ ക്രിയ പൂർണാവസ്ഥയിലാണ്, എന്നാൽ 2-ാം വാക്യത്തോടും എബ്രായർ 4:4-7-നോടും യോജിക്കാൻവേണ്ടി “അവൻ വിശ്രമിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് അതു വിവർത്തനം ചെയ്യപ്പെടുന്നു.
14. വൗ തുടർച്ച സംബന്ധിച്ച തെററായ വീക്ഷണം ഒഴിവാക്കിക്കൊണ്ടു പുതിയലോക ഭാഷാന്തരം എബ്രായ ക്രിയകൾ സംബന്ധിച്ച് എന്തു ചെയ്യാൻ ശ്രമിക്കുന്നു?
14 എബ്രായ ക്രിയാരൂപങ്ങളെ ഭാഷാന്തരപ്പെടുത്തുന്നതിലെ പിശകുകളുടെ കാരണങ്ങളിലൊന്ന്, വൗ തുടർച്ച എന്ന് ഇന്നു വിളിക്കപ്പെടുന്ന വ്യാകരണസിദ്ധാന്തമാണ്. വൗ (1) അടിസ്ഥാനപരമായി “ഉം” എന്നർഥമുളള എബ്രായ ഘടകമാണ്. അത് ഒരിക്കലും ഒററയ്ക്ക് നിൽക്കില്ല, എന്നാൽ എല്ലായ്പോഴും മറേറതെങ്കിലും പദത്തോട്, പലപ്പോഴും എബ്രായ ക്രിയയോടു ചേർന്ന് ഒരു വാക്കായി രൂപംകൊളളുന്നതിന് അതിനോടു ചേരുന്നു. ഈ ബന്ധത്തിന് ഒരു ക്രിയയെ ഒരവസ്ഥയിൽനിന്ന് മറെറാന്നിലേക്ക്, അതായത് അപൂർണാവസ്ഥയിൽനിന്നു പൂർണാവസ്ഥയിലേക്ക് (ഉല്പത്തി 2:2, 3-ൽ ആധുനികഭാഷാന്തരങ്ങൾ ഉൾപ്പെടെ അനേകം ഭാഷാന്തരങ്ങൾ ചെയ്തിട്ടുളളതുപോലെ) അല്ലെങ്കിൽ പൂർണാവസ്ഥയിൽനിന്ന് അപൂർണാവസ്ഥയിലേക്കു മാററാനുളള ശക്തിയുണ്ടെന്നു ചിലർ അവകാശപ്പെട്ടിട്ടുണ്ട്, ഇപ്പോഴും അവകാശപ്പെടുന്നുമുണ്ട്. ഈ ഫലം “വൗ പരിവർത്തനം” എന്ന പദത്താലും വർണിക്കപ്പെട്ടിരിക്കുന്നു. ക്രിയാരൂപത്തിന്റെ ഈ തെററായ പ്രയോഗം വളരെ കുഴപ്പത്തിലേക്കും എബ്രായ പാഠത്തിന്റെ തെററായ പരിഭാഷയിലേക്കും നയിച്ചിരിക്കുന്നു. വൗ എന്ന അക്ഷരത്തിനു ക്രിയാവസ്ഥയെ മാററാൻ എന്തെങ്കിലും ശക്തിയുണ്ടെന്നു പുതിയലോക ഭാഷാന്തരം അംഗീകരിക്കുന്നില്ല. മറിച്ച്, എബ്രായ ക്രിയയുടെ ഉചിതവും വ്യക്തവുമായ ശക്തി വെളിപ്പെടുത്താനും അങ്ങനെ മൂലത്തിന്റെ അർഥം കൃത്യമായി കാത്തുസൂക്ഷിക്കാനുമുളള ശ്രമം ചെയ്തിരിക്കുകയാണ്. d
15. (എ) എന്തു ശ്രദ്ധയോടെ ഗ്രീക്ക് ക്രിയകൾ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നു? (ബി) തുടരുന്ന ആശയം ശരിയായി അവതരിപ്പിക്കുന്നതിന്റെ പ്രയോജനം വിശദമാക്കുക.
15 ഗ്രീക്ക് ക്രിയയുടെ വിവർത്തനത്തിലും സമാനമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഗ്രീക്കിൽ ക്രിയാകാലങ്ങൾ ഒരു പ്രവർത്തനത്തിന്റെ സമയത്തെ അല്ലെങ്കിൽ അവസ്ഥയെ മാത്രമല്ല, പിന്നെയോ പ്രവർത്തനം നൈമിഷികമോ തുടക്കമിടുന്നതോ തുടരുന്നതോ പൂർത്തിയായതോ എന്നിങ്ങനെ അതിന്റെ തരത്തെയും വെളിപ്പെടുത്തുന്നു. ഗ്രീക്ക് ക്രിയാരൂപത്തിലെ അത്തരം അർഥങ്ങളിലുളള ശ്രദ്ധ വർണിക്കപ്പെടുന്ന പ്രവർത്തനത്തിന്റെ പൂർണശക്തിസഹിതമുളള കൃത്യമായ ഒരു വിവർത്തനത്തിലേക്കു നയിക്കുന്നു. ദൃഷ്ടാന്തത്തിന്, ഗ്രീക്ക് ക്രിയയിൽ തുടരുന്നുവെന്ന ആശയമുളളടത്ത് ആ അർഥം കൊടുക്കുന്നത് ഒരു സാഹചര്യത്തിന്റെ യഥാർഥനിറം വെളിപ്പെടുത്തുന്നുവെന്നു മാത്രമല്ല, താക്കീതിനെയും ബുദ്ധ്യുപദേശത്തെയും കൂടുതൽ ശക്തിമത്താക്കിത്തീർക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, പരീശൻമാരുടെയും സദൂക്യരുടെയും തുടർന്നുകൊണ്ടിരുന്ന അവിശ്വാസം “ദുഷ്ടവും വ്യഭിചാരമുളളതുമായ ഒരു തലമുറ ഒരു അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകളാൽ വ്യക്തമാക്കപ്പെടുന്നു. ശരിയായ കാര്യങ്ങളിലെ തുടർച്ചയായ പ്രവർത്തനത്തിന്റെ ആവശ്യം “നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിൽ തുടരുക” എന്ന യേശുവിന്റെ വാക്കുകളാൽ നന്നായി പ്രകടമാക്കപ്പെടുന്നു. “അപ്പോൾ ഒന്നാമതായി രാജ്യം അന്വേഷിച്ചുകൊണ്ടേയിരിക്കുക.” “ചോദിച്ചുകൊണ്ടേയിരിക്കുക, അപ്പോൾ നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടേയിരിക്കുക; അപ്പോൾ നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടേയിരിക്കുക, അപ്പോൾ നിങ്ങൾക്കു തുറക്കപ്പെടും.”—മത്താ. 16:4; 5:44; 6:33; 7:7, NW.
16. ഗ്രീക്ക് വിശേഷഭൂതകാലം കണക്കിലെടുത്തുകൊണ്ടു “പാപ”ത്തെസംബന്ധിച്ച 1 യോഹന്നാൻ 2:1-ലെ യോഹന്നാന്റെ അഭിപ്രായം കൃത്യമായി പ്രകടിപ്പിച്ചിരിക്കുന്നത് എങ്ങനെ?
16 ഗ്രീക്കിനു വിശേഷഭൂതം എന്ന ഒരു അസാധാരണ കാലമുണ്ട്, അതു നൈമിഷികമോ ക്ഷണികമോ ആയ ഒരു പ്രവർത്തനത്തെ പരാമർശിക്കുന്നു. വിശേഷഭൂതത്തിലുളള ക്രിയകളെ അവയുടെ സന്ദർഭം അനുസരിച്ചു വിവിധ വിധങ്ങളിൽ വിവർത്തനംചെയ്യാൻ കഴിയും. അത് ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഒരു വിധം ഏതെങ്കിലും പ്രത്യേക കാലത്തോടു ബന്ധപ്പെട്ടതല്ലെങ്കിലും പ്രത്യേക തരത്തിലുളള ഒരു പ്രവർത്തനത്തെ സൂചിപ്പിക്കാനാണ്. അത്തരമൊരു ദൃഷ്ടാന്തം 1 യോഹന്നാൻ 2:1-ൽ കാണപ്പെടുന്നു. അവിടെ അനേകം ഭാഷാന്തരങ്ങൾ പാപത്തിന്റെ തുടരുന്ന ഗതി എന്നു വരത്തക്കവണ്ണം “പാപംചെയ്യുക” എന്ന ക്രിയ വിവർത്തനം ചെയ്യുന്നു. അതേസമയം പുതിയലോക ഭാഷാന്തരം “ഒരു പാപംചെയ്യുക,” അതായത് ഒരൊററ പാപക്രിയ ചെയ്യുക എന്നു വായിക്കപ്പെടുന്നു. ഇത് ഒരു ക്രിസ്ത്യാനി ഒരു പാപക്രിയ ചെയ്യുന്നുവെങ്കിൽ അയാൾക്കു സ്വർഗീയ പിതാവിന്റെ അടുക്കൽ ഒരു വക്താവ് അല്ലെങ്കിൽ സഹായി ഉണ്ട് എന്ന ശരിയായ അർഥം നൽകുന്നു. അങ്ങനെ, 1 യോഹന്നാൻ 2:1 യാതൊരു വിധത്തിലും പരസ്പരവിരുദ്ധമായിരിക്കാതെ 1 യോഹന്നാൻ 3:6-8-ലും 5:18-ലും കാണപ്പെടുന്ന ‘പതിവായ പാപ’ത്തിന്റെ കുററംവിധിക്കലുമായുളള അന്തരം ചൂണ്ടിക്കാണിക്കുക മാത്രമാണ്. e
17. തുടരുന്ന പ്രവർത്തനം കാണിക്കുന്നതിനു പുറമേ ഗ്രീക്ക് അപൂർണകാലം വേറെ എന്തു വെളിപ്പെടുത്തിയേക്കാം? ഉദാഹരിക്കുക.
17 ഗ്രീക്കിലെ അപൂർണകാലം തുടരുന്ന ഒരു പ്രവർത്തനത്തെ മാത്രമല്ല, ശ്രമിച്ചതെങ്കിലും നിർവഹിക്കപ്പെടാത്ത ഒരു പ്രവർത്തനത്തെയും പ്രകടമാക്കിയേക്കാം. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ എബ്രായർ 11:17 വായിക്കപ്പെടുന്നത് എങ്ങനെയെന്നു കുറിക്കൊളളുക: “വിശ്വാസത്താൽ അബ്രാഹാം, താൻ പരീക്ഷിക്കപ്പെട്ടപ്പോൾ ഇസ്ഹാക്കിനെ ബലിയർപ്പിച്ചു: വാഗ്ദത്തം ലഭിച്ചിരുന്നവൻ തന്റെ ഏകജാത പുത്രനെ ബലിയർപ്പിച്ചു.” ഗ്രീക്കിൽ “ബലിയർപ്പിച്ചു” എന്ന ക്രിയ ഈ രണ്ടു സന്ദർഭങ്ങളിൽ വ്യത്യസ്തരൂപങ്ങളിലാണ്. ആദ്യസന്ദർഭം പൂർണ (പൂർത്തിയായ) കാലത്തിലാണ്, അതേസമയം രണ്ടാമത്തേത് അപൂർണ (ഭൂത തുടർച്ച) രൂപത്തിലാണ്. പുതിയലോക ഭാഷാന്തരം വിവിധ കാലങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ വാക്യം ഇങ്ങനെ വിവർത്തനംചെയ്യുന്നു: “പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രഹാം ഇസ്ഹാക്കിനെ ഫലത്തിൽ ബലിചെയ്തു . . . ആ മനുഷ്യൻ തന്റെ ഏകജാതനായ പുത്രനെ ബലിചെയ്യാൻ തുനിഞ്ഞു.” അങ്ങനെ ആദ്യത്തെ ക്രിയയുടെ പൂർത്തിയായ അർഥം നിലനിർത്തിയിരിക്കുന്നു, അതേസമയം രണ്ടാമത്തെ ക്രിയയുടെ അപൂർണകാലം പ്രവർത്തനം ഉദ്ദേശിച്ചു അല്ലെങ്കിൽ തുനിഞ്ഞു, എന്നാൽ പൂർത്തിയാക്കപ്പെട്ടില്ല എന്നു സൂചിപ്പിക്കുന്നു.—ഉല്പ. 22:9-14.
18. മററു ഭാഷാഭേദങ്ങളുടെ പ്രവർത്തനത്തിന് അവധാനപൂർവകമായ ശ്രദ്ധ കൊടുത്തതിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു? ഒരു ദൃഷ്ടാന്തം നൽകുക.
18 നാമവിഭക്തികൾ പോലെയുളള മററു ശബ്ദഭേദങ്ങളുടെ പ്രവർത്തനത്തിനു കൊടുത്തിരിക്കുന്ന അവധാനപൂർവമായ ശ്രദ്ധ പ്രത്യക്ഷത്തിലുളള വൈരുദ്ധ്യങ്ങൾ നീക്കംചെയ്യുന്നതിലേക്കു നയിച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, പ്രവൃത്തികൾ 9:7-ൽ ദമാസ്കസിലേക്കുളള വഴിമധ്യേ ശൗലിനുണ്ടായ ശ്രദ്ധേയമായ അനുഭവങ്ങൾ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഞ്ചാരകൂട്ടാളികൾ ‘ശബ്ദം കേട്ടു’വെങ്കിലും ആരെയും കണ്ടില്ലെന്നു പല ഭാഷാന്തരങ്ങൾ പറയുന്നു. പിന്നീട്, ഈ സംഭവം പൗലൊസ് വിവരിക്കുന്ന പ്രവൃത്തികൾ 22:9-ൽ അതേ ഭാഷാന്തരങ്ങൾ അവർ വെളിച്ചം കണ്ടെങ്കിലും ‘അവർ ശബ്ദം കേട്ടില്ല’ എന്നു വായിക്കപ്പെടുന്നു. എന്നിരുന്നാലും ആദ്യപരാമർശത്തിൽ “ശബ്ദം” എന്നതിനുളള ഗ്രീക്ക് പദം സംബന്ധികാവിഭക്തിയിലാണ്, എന്നാൽ രണ്ടാം സന്ദർഭത്തിൽ അത് പ്രതിഗ്രാഹികാവിഭക്തിയിലാണ്, പ്രവൃത്തികൾ 9:4-ലേതുപോലെ. വ്യത്യാസം എന്തുകൊണ്ടാണ്? ഇംഗ്ലീഷിലേക്കുളള മേൽപ്പറഞ്ഞ വിവർത്തനങ്ങളിൽ യാതൊരു വ്യത്യാസവും കാണിക്കുന്നില്ല. എന്നിരുന്നാലും വിഭക്തിമാററത്താൽ ഗ്രീക്ക് വ്യത്യസ്തമായ എന്തോ സൂചിപ്പിക്കുന്നു. അക്ഷരീയമായി ആ മനുഷ്യർ “ശബ്ദത്തിന്റെ” എന്തോ കേട്ടു, എന്നാൽ പൗലൊസ് കേട്ട വിധത്തിൽ കേട്ടില്ല, അതായതു വാക്കുകൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തില്ല. അതുകൊണ്ട്, പുതിയലോക ഭാഷാന്തരം പ്രവൃത്തികൾ 9:7-ലെ സംബന്ധികാവിഭക്തിയുടെ ഉപയോഗം ഗൗനിച്ചുകൊണ്ടു തന്നോടുകൂടെ ഉണ്ടായിരുന്ന ആൾക്കാർ “തീർച്ചയായും ശബ്ദത്തിന്റെ മുഴക്കം കേട്ടുവെങ്കിലും ഒരു മനുഷ്യനെയും കാണുന്നില്ലായിരുന്നു” എന്നു വായിക്കപ്പെടുന്നു.
“നിങ്ങൾ” (YOU) എന്ന ബഹുവചനം സൂചിപ്പിക്കപ്പെടുന്നു
19, 20. (എ) പുതിയലോക ഭാഷാന്തരം ഭയഭക്തിപുരസ്സരമായ സംബോധനാരീതികൾ സംബന്ധിച്ച് എന്തു ചെയ്തിരിക്കുന്നു, എന്തുകൊണ്ട്? (ബി) ഏകവചന “നിങ്ങൾ” (you) ബഹുവചനത്തിൽനിന്നു തിരിച്ചറിയുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
19 ചില ആധുനിക ഭാഷാന്തരങ്ങളിൽ മധ്യമപുരുഷ ഏകവചനമായ “ദീ” (“thee”) “ദൗ” (thou) “ദൈ” (“thy”) എന്നീ പഴയ ഇംഗ്ലീഷ് രൂപങ്ങൾ ദൈവത്തെ സംബോധന ചെയ്യുന്ന സന്ദർഭങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും ബൈബിൾ എഴുതപ്പെട്ട ഭാഷകളിൽ ദൈവത്തെ സംബോധനചെയ്യുമ്പോൾ ഉപയോഗിക്കാൻ വ്യക്തിപരമായ സർവനാമത്തിനു പ്രത്യേകരൂപങ്ങൾ ഇല്ലായിരുന്നു, എന്നാൽ ഒരുവന്റെ സമസൃഷ്ടിയെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അതേ രൂപം ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടു പുതിയലോക ഭാഷാന്തരം ഇപ്പോൾ ഭയഭക്തിദ്യോതകമായ ഈ പ്രയോഗങ്ങൾ ഉപേക്ഷിച്ചിട്ട് എല്ലാ സന്ദർഭത്തിലും സംഭാഷണപരമായ സാധാരണ “യൂ” (“you”) ഉപയോഗിക്കുകയാണു ചെയ്യുന്നത്. മധ്യമപുരുഷ ബഹുവചനമായ “you”-ഉം ഇംഗ്ലീഷിൽ അനായാസം ബഹുവചനം പ്രകടമല്ലാത്ത ക്രിയകളും തിരിച്ചറിയുന്നതിനു വാക്കുകൾ മുഴുവനായി ചെറിയ വല്യക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. ഒരു തിരുവെഴുത്തുവാക്യം ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ പരാമർശിക്കുന്നുവോ അതോ ആളുകളുടെ ഒരു കൂട്ടം എന്ന നിലയിൽ ‘നിങ്ങളെ’ പരാമർശിക്കുന്നുവോ എന്നറിയുന്നതു വായനക്കാരനു മിക്കപ്പോഴും സഹായകമാണ്.
20 ദൃഷ്ടാന്തത്തിന്, റോമർ 11:13-ൽ പൗലൊസ് അനേകരോടു സംസാരിക്കുകയാണ്: “ഇപ്പോൾ ജനതകളിലെ ആളുകളായ നിങ്ങളോടു (YOU) ഞാൻ സംസാരിക്കുന്നു.” എന്നാൽ 17-ാം വാക്യത്തിൽ ഗ്രീക്ക് ഏകവചനമായ ‘നിങ്ങളി’ലേക്കു (“you”) മാറുന്നു. പ്രയുക്തി കർശനമായി വ്യക്തിയിലേക്കു വരുത്തപ്പെടുന്നു: “എന്നിരുന്നാലും, . . . ചില ശാഖകൾ ഒടിച്ചുകളഞ്ഞിട്ടു നിന്നെ (“you”) . . . ഒട്ടിച്ചുചേർത്തുവെങ്കിൽ.”
പുതിയലോക ഭാഷാന്തരം മററു ഭാഷകളിൽ
21. (എ) ഭൂവാസികളിൽ കൂടുതൽ കൂടുതൽ പേർക്കു പുതിയലോക ഭാഷാന്തരത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുക സാധ്യമായിരിക്കുന്നത് എങ്ങനെ? (ബി) 1989 ആയപ്പോഴേക്കു വാച്ച്ടവർ സൊസൈററി അച്ചടിച്ച പുതിയലോക ഭാഷാന്തരത്തിന്റെ മൊത്തം പ്രതികൾ എത്രയാണ്?
21 1961-ൽ വാച്ച്ടവർ സൊസൈററി, പരക്കെ ഉപയോഗിക്കപ്പെടുന്ന ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇററാലിയൻ, പോർച്ചുഗീസ്, സ്പാനീഷ് എന്നിങ്ങനെ ആറു ഭാഷകളിലേക്കുകൂടെ പുതിയലോക ഭാഷാന്തരം വിവർത്തനംചെയ്യാൻ തുടങ്ങുകയാണെന്നു പ്രഖ്യാപിക്കപ്പെട്ടു. ഈ വിവർത്തനവേല വിദഗ്ധരും സമർപ്പിതരുമായ ആളുകളെ ഭരമേൽപ്പിച്ചു, എല്ലാവരും ബ്രുക്ലിൻ, ന്യൂയോർക്കിലെ വാച്ച്ടവർ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഒരുമിച്ചു പ്രവർത്തിക്കുന്നവർതന്നെ. അവർ യോഗ്യതയുളള മാർഗനിർദേശത്തിൻകീഴിൽ പ്രവർത്തിക്കുന്ന ഒരു വലിയ അന്താരാഷ്ട്ര കമ്മിററിയായി സേവിച്ചു. 1963 ജൂലൈയിൽ മിൽവാക്കി, വിസ്ക്കോൺസിൻ, യു.എസ്.എ.-യിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “നിത്യസുവാർത്താ” സമ്മേളനത്തിൽ ആയിരുന്നു ഈ ഭാഷാന്തരവേലയുടെ ആദ്യഫലങ്ങൾ ലഭ്യമായത്, അന്ന് മേൽപ്പറഞ്ഞ ആറു ഭാഷകളിൽ ഒരേ സമയത്തു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യപ്പെട്ടു. ഇപ്പോൾ ഇംഗ്ലീഷല്ലാത്ത ഭാഷകൾ സംസാരിക്കുന്ന ഭൂവാസികൾക്ക് ഈ ആധുനിക ഭാഷാന്തരത്തിന്റെ പ്രയോജനങ്ങൾ ആസ്വദിച്ചുതുടങ്ങാൻ കഴിയുമായിരുന്നു. അതിനുശേഷം ഭാഷാന്തരവേല തുടർന്നിരിക്കുന്നു, തന്നിമിത്തം 1989 ആയപ്പോഴേക്കു വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം 11 ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു, 5,60,00,000-ത്തിൽപ്പരം പ്രതികളാണ് അച്ചടിച്ചിറക്കിയത്. f
ശക്തമായ ഉപകരണത്തിനു നന്ദി
22, 23. ഏതു മുന്തിയ വിധങ്ങളിൽ നിശ്വസ്ത തിരുവെഴുത്തുകളുടെ ഈ ഭാഷാന്തരം ക്രിസ്ത്യാനികൾക്കു പ്രയോജനംചെയ്യുന്നു?
22 പുതിയലോക ഭാഷാന്തരം തീർച്ചയായും ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവു’മാണെന്നു പ്രകടമാക്കുന്നതിനു ശക്തമായ ഒരു ഉപകരണമാണ്. ഈ പാഠത്തിൽ ചർച്ചചെയ്തിരിക്കുന്ന ആശയങ്ങളിൽനിന്ന് അതു കൃത്യവും വിശ്വസനീയവുമാണെന്നും ദൈവം മനുഷ്യരോട് ആധുനികവും ജീവത്തുമായ ഭാഷയിൽ ഉത്തേജകമായി സംസാരിക്കുന്നതു കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു യഥാർഥ ആസ്വാദനം നൽകാൻ കഴിയുമെന്നും നമുക്കു വിലമതിക്കാൻ കഴിയും. പുതിയലോക ഭാഷാന്തരത്തിന്റെ ഭാഷ ആത്മീയമായി ഉണർവുളവാക്കുന്നതാണ്, അതു പെട്ടെന്നുതന്നെ വായനക്കാരനെ നിശ്വസ്ത മൂല തിരുവെഴുത്തുകളിലെ ഊർജസ്വലമായ ആശയപ്രകാശനത്തോടു യോജിപ്പിൽ വരുത്തുന്നു. ദുർഗ്രഹമായ പദപ്രയോഗങ്ങൾ മനസ്സിലാക്കുന്നതിനു മേലാൽ നാം വീണ്ടും വീണ്ടും വാക്യങ്ങൾ വായിക്കേണ്ടതില്ല. അത് ആദ്യവായന മുതൽതന്നെ ശക്തിയോടും വ്യക്തതയോടും കൂടെ തുറന്നു സംസാരിക്കുന്നു.
23 വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം “ആത്മാവിൻ വാൾ” ആയ ദൈവവചനത്തിന്റെ ഒരു വിശ്വസനീയ ഭാഷാന്തരമാണ്. ആ നിലയിൽ അതു തീർച്ചയായും ക്രിസ്ത്യാനിയുടെ ആത്മീയ യുദ്ധത്തിൽ ഫലപ്രദമായ ഒരു ആയുധമാണ്, ‘ദൈവപരിജ്ഞാനത്തിനെതിരെ ഉയർത്തപ്പെടുന്ന ബലവത്തായി ഉറപ്പിച്ചിരിക്കുന്ന വ്യാജോപദേശങ്ങളെയും ന്യായവാദങ്ങളെയും തകിടംമറിക്കുന്നതിൽ’ ഒരു സഹായമാണ്. പ്രയോജനപ്രദവും പരിപുഷ്ടിപ്പെടുത്തുന്നതുമായ കാര്യങ്ങൾ, നീതിയുളള ദൈവരാജ്യത്തോടു ബന്ധപ്പെട്ട മഹത്തായ കാര്യങ്ങൾ—അതേ, “ദൈവത്തിന്റെ വൻകാര്യങ്ങൾ”—മെച്ചമായ ഗ്രാഹ്യത്തോടെ ഘോഷിക്കാൻ അതു നമ്മെ എത്ര നന്നായി പ്രാപ്തരാക്കുന്നു.—എഫെ. 6:17; 2 കൊരി. 10:4, 5; പ്രവൃ. 2:11.
[അടിക്കുറിപ്പുകൾ]
a പഴയ നിയമത്തിന് ആമുഖം, (ഇംഗ്ലീഷ്) റോബർട്ട് എച്ച്. ഫീഫർ, 1952, പേജ് 94.
b രാജ്യ വരിമദ്ധ്യ ഭാഷാന്തരം 1985-ലെ പതിപ്പ്, പേജുകൾ 1133-8.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 528.
d റഫറൻസ് ബൈബിൾ, അനുബന്ധം 3C, “തുടരുന്നതോ അനുക്രമമോ ആയ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന എബ്രായ ക്രിയകൾ.”
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 1008.
f ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇററാലിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, സ്പാനീഷ് എന്നീ ഭാഷകളിൽ പൂർണപതിപ്പുകൾ പ്രസിദ്ധപ്പെടുത്തി, (ഭാഗികമായി ഫിന്നീഷിലും സ്വീഡിഷിലും).
[അധ്യയന ചോദ്യങ്ങൾ]