വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 9—പുരാവസ്‌തുശാസ്‌ത്രവും നിശ്വസ്‌തരേഖയും

പാഠം 9—പുരാവസ്‌തുശാസ്‌ത്രവും നിശ്വസ്‌തരേഖയും

നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളും അതിന്റെ പശ്ചാത്ത​ല​വും സംബന്ധിച്ച പാഠങ്ങൾ

പാഠം 9—പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും നിശ്വ​സ്‌ത​രേ​ഖ​യും

പുരാവസ്‌തുശാസ്‌ത്രസംബന്ധമായ കണ്ടുപി​ടി​ത്ത​ങ്ങ​ളു​ടെ​യും ബൈബിൾരേ​ഖക്ക്‌ ഉപോൽബ​ല​ക​തെ​ളി​വു നൽകുന്ന പുരാതന ലൗകിക ചരിത്ര രേഖക​ളു​ടെ​യും ഒരു പഠനം.

1. (എ) ബൈബിൾപു​രാ​വ​സ്‌തു​ശാ​സ്‌ത്രം (ബി) കരകൗ​ശ​ല​ശിൽപ്പങ്ങൾ എന്നിവ​യാൽ അർഥമാ​ക്ക​പ്പെ​ടു​ന്നത്‌ എന്ത്‌?

 ബൈബിൾപു​രാ​വ​സ്‌തു​ശാ​സ്‌ത്രം ഭൂമി​യിൽ കാണുന്ന എഴുത്തു​ക​ളും പണിയാ​യു​ധ​ങ്ങ​ളും കെട്ടി​ട​ങ്ങ​ളും മററു ശൂന്യ​ശി​ഷ്ട​ങ്ങ​ളും മുഖേന ബൈബിൾകാ​ല​ങ്ങ​ളി​ലെ ജനങ്ങ​ളെ​യും സംഭവ​ങ്ങ​ളെ​യും കുറിച്ചു നടത്തുന്ന പഠനമാണ്‌. പുരാതന ബൈബിൾകാ​ല​ങ്ങ​ളി​ലെ പുരാതന അവശി​ഷ്ട​ങ്ങൾക്കു​വേണ്ടി അല്ലെങ്കിൽ കരകൗശല ശിൽപ്പ​ങ്ങൾക്കു​വേ​ണ്ടി​യു​ളള അന്വേ​ഷ​ണ​ത്തിൽ വളരെ​യ​ധി​കം പര്യ​വേ​ക്ഷ​ണ​വും ദശലക്ഷ​ക്ക​ണ​ക്കി​നു ടൺ മണ്ണിന്റെ നീക്കവും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. മാനു​ഷ​നിർമി​തി​യെ പ്രകട​മാ​ക്കു​ന്ന​തും മമനു​ഷ്യ​ന്റെ പ്രവർത്ത​ന​ത്തി​ന്റെ​യും ജീവി​ത​ത്തി​ന്റെ​യും തെളിവു നൽകു​ന്ന​തു​മായ ഏതു വസ്‌തു​വും ഒരു കരകൗശല ശിൽപ്പ​മാണ്‌. കരകൗ​ശ​ല​ശിൽപ്പ​ങ്ങ​ളിൽ കളിമൺ പാത്രങ്ങൾ, കെട്ടി​ട​ങ്ങ​ളു​ടെ ശൂന്യ​ശി​ഷ്ടങ്ങൾ, കളിമൺപ​ല​കകൾ, ആലേഖ​നങ്ങൾ, രേഖകൾ, സ്‌മാ​ര​ക​സ്‌തം​ഭങ്ങൾ, കല്ലിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദിനവൃ​ത്താ​ന്തങ്ങൾ എന്നിവ ഉൾപ്പെ​ട്ടേ​ക്കാം.

2. ബൈബിൾപു​രാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തിന്‌ എന്തു മൂല്യ​മുണ്ട്‌?

2 ഇരുപ​താം നൂററാ​ണ്ടി​ന്റെ പ്രാരം​ഭ​മാ​യ​പ്പോ​ഴേക്ക്‌, പുരാ​വ​സ്‌തു​ശാ​സ്‌ത്രം യൂറോ​പ്പി​ലും അമേരി​ക്ക​യി​ലു​മു​ളള മുഖ്യ സർവക​ലാ​ശാ​ല​ക​ളു​ടെ​യും കാഴ്‌ച​ബം​ഗ്ലാ​വു​ക​ളു​ടെ​യും ആഭിമു​ഖ്യ​ത്തിൽ ബൈബിൾനാ​ടു​ക​ളി​ലേക്കു നടത്തിയ പര്യട​നങ്ങൾ സഹിത​മു​ളള അവധാ​ന​പൂർവ​മായ പഠനത്തി​ന്റെ ഒരു മേഖല​യാ​യി വികാ​സം​പ്രാ​പി​ച്ചി​രു​ന്നു. തത്‌ഫ​ല​മാ​യി, ബൈബിൾകാ​ല​ങ്ങ​ളി​ലെ കാര്യ​ങ്ങ​ളു​ടെ രീതി​യി​ലേക്കു വെളിച്ചം വീശുന്ന ധാരാളം വിവരങ്ങൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ വെളി​ച്ചത്തു കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. ചില​പ്പോൾ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്തങ്ങൾ അതിസൂ​ക്ഷ്‌മ​വി​ശ​ദാം​ശം​വരെ ബൈബി​ളി​ന്റെ വിശ്വാ​സ്യ​തയെ പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌.

പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും എബ്രായ തിരു​വെ​ഴു​ത്തു​ക​ളും

3. ഏതു പുരാതന ശൂന്യ​ശി​ഷ്ട​ങ്ങ​ളും രേഖക​ളും പുരാതന ബാബി​ലോ​നിൽ സിഗ്ഗു​റാ​റ​റു​കൾ ഉണ്ടായി​രു​ന്നു​വെന്നു സ്ഥിരീ​ക​രി​ക്കു​ന്നു?

3 ബാബേൽഗോ​പു​രം. ബൈബി​ള​നു​സ​രിച്ച്‌, ബാബേൽഗോ​പു​ര​പണി ഊററ​മായ ഒരു നിർമാ​ണ​വേ​ല​യാ​യി​രു​ന്നു. (ഉല്‌പ. 11:1-9) രസാവ​ഹ​മാ​യി, പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ പുരാ​ത​ന​ബാ​ബി​ലോ​ന്റെ അവശി​ഷ്ട​ങ്ങ​ളി​ലും അവയ്‌ക്കു ചുററും പല സിഗ്ഗു​റാ​റ​റു​ക​ളു​ടെ അഥവാ പീഠങ്ങ​ളോ​ടു​കൂ​ടിയ പിരമി​ഡ്‌സ​മാന ക്ഷേത്ര​ഗോ​പു​ര​ങ്ങ​ളു​ടെ സ്ഥാനങ്ങൾ കുഴി​ച്ചു​ക​ണ്ടു​പി​ടി​ച്ചി​ട്ടുണ്ട്‌, അവയിൽ ബാബി​ലോ​ന്റെ ചുവരു​കൾക്കു​ള​ളി​ലെ എററ​മെ​നാ​ങ്കി ശൂന്യ​ക്ഷേ​ത്രം ഉൾപ്പെ​ടു​ന്നു. അത്തരം ക്ഷേത്ര​ങ്ങളെ സംബന്ധിച്ച പുരാ​ത​ന​രേ​ഖ​ക​ളിൽ മിക്ക​പ്പോ​ഴും “ഇതിന്റെ മുകൾഭാ​ഗം ആകാശ​ങ്ങ​ളി​ലെ​ത്തും” എന്ന വാക്കുകൾ അടങ്ങി​യി​രി​ക്കു​ന്നു. “മുകൾഭാ​ഗം ആകാശ​ങ്ങ​ളോ​ടു കിടമ​ത്സരം നടത്തത്ത​ക്ക​വണ്ണം എററ​മെ​നാ​ങ്കി​യി​ലെ പീഠ​ഗോ​പു​ര​ത്തി​ന്റെ ശൃംഗം ഞാൻ ഉയർത്തി”യെന്നു നെബു​ഖ​ദ്‌നേസ്സർ പറഞ്ഞതാ​യി ശ്രുതി​യുണ്ട്‌. ഒരു ശകലം അത്തര​മൊ​രു സിഗ്ഗു​റാ​റ​റി​ന്റെ പതന​ത്തെ​ക്കു​റിച്ച്‌ ഈ വാക്കു​ക​ളിൽ പ്രതി​പാ​ദി​ക്കു​ന്നു: “ഈ ക്ഷേത്ര​ത്തി​ന്റെ പണി ദൈവ​ങ്ങളെ മുഷി​പ്പി​ച്ചു. പണിതി​രു​ന്നത്‌ അവർ ഒരു രാത്രി​യിൽ നിലം​പ​രി​ചാ​ക്കി. അവർ അവരെ എങ്ങും ചിതറി​ച്ചു​ക​ളഞ്ഞു, അവരുടെ ഭാഷയെ അപരി​ചി​ത​മാ​ക്കി. അവർ പുരോ​ഗ​തി​ക്കു തടസ്സം സൃഷ്ടിച്ചു.” a

4. ഗീഹോ​നിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ ഏതു കണ്ടുപി​ടി​ത്തങ്ങൾ നടന്നു, ഇവയ്‌ക്കു ബൈബിൾരേ​ഖ​യോട്‌ എന്തു ബന്ധമു​ണ്ടാ​യി​രി​ക്കാം?

4 ഗീഹോൻ തടാക​ത്തി​ങ്കലെ ജലതു​ര​ങ്കങ്ങൾ. 1867-ൽ യെരു​ശ​ലേം പ്രദേ​ശത്ത്‌, ചാൾസ്‌ വാറൻ ദാവീ​ദി​ന്റെ നഗരത്തി​ലേക്കു മേൽപ്പോ​ട്ടു നയിക്കുന്ന ഒരു തുരങ്ക​പ്പാ​ത​സ​ഹി​തം, ഗീഹോൻത​ടാ​ക​ത്തിൽനി​ന്നു കുന്നി​ലേക്കു തിരി​ച്ചൊ​ഴു​കുന്ന ഒരു നീർച്ചാ​ലു കണ്ടുപി​ടി​ച്ചു. പ്രത്യ​ക്ഷ​ത്തിൽ, ദാവീ​ദി​ന്റെ പടയാ​ളി​കൾ ആദ്യമാ​യി നഗരത്തി​ലേക്കു ഭേദി​ച്ചു​കടന്ന മാർഗം ഇതായി​രു​ന്നു. (2 ശമൂ. 5:6-10) 1909-11-ൽ ആയിരു​ന്നു ഗീഹോൻത​ടാ​കം മുതലു​ളള മുഴു തുരങ്ക​വ്യൂ​ഹ​വും തെളി​ച്ചത്‌. ശരാശരി 1.8 മീററർ ഉയരമു​ളള ഒരു വമ്പിച്ച തുരങ്കം കടുപ്പ​മു​ളള പാറയി​ലൂ​ടെ 533 മീററർ നീളത്തിൽ വെട്ടി​യു​ണ്ടാ​ക്കി​യി​രു​ന്നു. അതു ഗീഹോ​നിൽനി​ന്നു റൈറ​റോ​പ്പോ​യൻ താഴ്‌വ​ര​യി​ലെ (നഗരത്തി​നു​ള​ളിൽ) ശീലോ​ഹാം കുളം​വരെ എത്തുന്നു, പ്രത്യ​ക്ഷ​ത്തിൽ ഹിസ്‌കീ​യാ​വു നിർമി​ച്ച​താ​യി​രു​ന്നു അത്‌. ആദിമ എബ്രായ ലിപി​യി​ലു​ളള ഒരു ആലേഖനം ഇടുങ്ങിയ തുരങ്ക​ത്തി​ന്റെ ചുവരിൽ കണ്ടെത്ത​പ്പെട്ടു. അതു ഭാഗി​ക​മാ​യി ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “അതു വെട്ടിയ വിധം ഇതായി​രു​ന്നു:—[ . . . ] അപ്പോ​ഴും [ . . . ] കോടാ​ലി(കൾ) ഉണ്ടായി​രുന്ന ഓരോ മനുഷ്യ​നും അവന്റെ കൂട്ടു​കാ​രനു നേരെ, പിന്നെ​യും മൂന്നു മുഴം​കൂ​ടെ വെട്ടാ​നു​ണ്ടാ​യി​രു​ന്ന​പ്പോൾ ഒരു മനുഷ്യൻ തന്റെ കൂട്ടു​കാ​രനെ വിളി​ക്കുന്ന ശബ്ദം [കേട്ടു], എന്തു​കൊ​ണ്ടെ​ന്നാൽ പാറയിൽ വലത്തും [ഇടത്തും] ഒരു കവിഞ്ഞു​കി​ട​പ്പു​ണ്ടാ​യി​രു​ന്നു. തുരങ്കം ഉടനീളം തെളി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ കല്ലു​വെ​ട്ടു​കാർ ഓരോ​രു​ത്ത​നും തന്റെ കൂട്ടു​കാ​രനു നേരെ​യാ​യി (പാറ) തുരന്നു, കോടാ​ലി കോടാ​ലി​ക്കു​നേരെ; വെളളം നീരൊ​ഴു​ക്കിൽനി​ന്നു ജലസം​ഭ​ര​ണി​യി​ലേക്ക്‌ 1,200 മുഴം ഒഴുകി. കല്ലു​വെ​ട്ടു​കാ​രു​ടെ തല(കൾ)ക്കുമീതെ പാറയു​ടെ ഉയരം 100 മുഴം ആയിരു​ന്നു.” ആ കാലങ്ങ​ളിൽ ശ്രദ്ധേ​യ​മായ എന്തൊരു എഞ്ചിനി​യ​റിങ്‌ വിദ്യ! b2 രാജാ. 20:20; 2 ദിന. 32:30.

5. ശീശക്കി​ന്റെ ആക്രമ​ണ​വും ബൈബിൾസ്ഥ​ല​നാ​മ​ങ്ങ​ളും സംബന്ധിച്ച്‌ കാർന​ക്കിൽ കണ്ടെത്തിയ ഏതു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ തെളി​വുണ്ട്‌?

5 ശീശക്കി​ന്റെ വിജയ ചുവർകൊ​ത്തു​പണി. ഈജി​പ്‌തി​ലെ രാജാ​വായ ശീശക്കി​നെ​ക്കു​റി​ച്ചു ബൈബി​ളിൽ ഏഴു പ്രാവ​ശ്യം പറയു​ന്നുണ്ട്‌. രെഹബ​യാം രാജാവ്‌ യഹോ​വ​യു​ടെ നിയമം ഉപേക്ഷി​ച്ചു​ക​ള​ഞ്ഞ​തു​കൊ​ണ്ടു പൊ.യു.മു. 993-ൽ യഹൂദയെ ആക്രമി​ക്കാൻ യഹോവ ശീശക്കി​നെ അനുവ​ദി​ച്ചു, എന്നാൽ അതിനെ പൂർണ​മാ​യി നശിപ്പി​ക്കാ​നാ​യി​രു​ന്നില്ല. (1 രാജാ. 14:25-28; 2 ദിന. 12:1-12) ഈ അടുത്ത വർഷങ്ങൾവരെ ഈ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചു ബൈബിൾരേഖ മാത്രമേ ഉളളു​വെന്നു തോന്നി. അങ്ങനെ​യി​രി​ക്കെ, ബൈബിൾ ശീശക്ക്‌ എന്നു വിളി​ക്കുന്ന ഫറവോ​ന്റെ (ശീശോങ്ക്‌ 1) ഒരു വലിയ രേഖ വെളി​ച്ചത്തു വന്നു. ഇതു ചിത്ര​ലി​പി​യിൽ എഴുന്നു​നിൽക്കുന്ന ഒരു ഉഗ്രൻ ചുമർകൊ​ത്തു​പ​ണി​യു​ടെ​യും കർനാ​ക്കി​ലെ (പുരാതന തേബെസ്‌) ഒരു വിപു​ല​മായ ഈജി​പ്‌ഷ്യൻ ക്ഷേത്ര​ത്തി​ന്റെ തെക്കേ മതിലി​ലെ ചിത്ര​ങ്ങ​ളു​ടെ​യും രൂപത്തി​ലാ​യി​രു​ന്നു. ബൃഹത്തായ കൊത്തു​പ​ണി​യിൽ, വല​ങ്കൈ​യിൽ അരിവാൾരൂ​പ​മു​ളള ഒരു വാൾ പിടി​ച്ചി​രി​ക്കുന്ന ആമോൻ എന്ന ഈജി​പ്‌ഷ്യൻ ദൈവത്തെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ക​യാണ്‌. കൈവി​ല​ങ്ങിട്ട 156 പാലസ്‌തീ​നി​യൻ തടവു​കാ​രെ അയാൾ ശീശക്ക്‌ ഫറവോ​ന്റെ അടുക്ക​ലേക്കു കൊണ്ടു​വ​രി​ക​യാണ്‌, അവരെ അയാളു​ടെ ഇട​ങ്കൈ​യിൽ കയറു​കൊ​ണ്ടു കെട്ടി​യി​രി​ക്കു​ന്നു. ഓരോ തടവു​പു​ള​ളി​യും ഒരു നഗരത്തെ അല്ലെങ്കിൽ ഗ്രാമത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. അതിന്റെ പേർ ചിത്ര​ലി​പി​യിൽ കാണി​ച്ചി​ട്ടുണ്ട്‌. ഇപ്പോ​ഴും വായി​ക്കാ​നും തിരി​ച്ച​റി​യാ​നും കഴിയു​ന്ന​വ​യാ​ണു രബീത്ത്‌ (യോശു. 19:20); താനാക്ക്‌, ബേത്‌ശ​യാൻ, മെഗി​ദ്ദോ (യോശു. 17:11); ശൂനേം (യോശു. 19:19) രഹോബ്‌ (യോശു. 19:28); ഹഫരയീം (യോശു. 19:19) ഗിബെ​യോൻ (യോശു. 18:25); ബേത്ത്‌ഹേ​രോൻ (യോശു. 21:22); അയ്യാ​ലോൻ (യോശു. 21:24); സോഖോ (യോശു. 15:35); ആരാദ്‌ (യോശു. 12:14) എന്നിവ. രേഖ “അബ്രാ​മി​ന്റെ വയലിനെ”യും പരാമർശി​ക്കു​ന്നു, ഇത്‌ ഈജി​പ്‌ഷ്യൻ രേഖക​ളിൽ അബ്രഹാ​മി​നെ​ക്കു​റി​ച്ചു​ളള ഏററവും ആദ്യത്തെ പ്രസ്‌താ​വ​ന​യാണ്‌. c

6, 7. മോവാ​ബ്യ​ശി​ല​യു​ടെ ചരിത്രം എന്താണ്‌, ഇസ്രാ​യേ​ലും മോവാ​ബും തമ്മിലു​ളള യുദ്ധം സംബന്ധിച്ച്‌ അത്‌ എന്തു വിവരങ്ങൾ നൽകുന്നു?

6 മോവാ​ബ്യ​ശില. 1868-ൽ ജർമൻ മിഷന​റി​യായ എഫ്‌. എ. ക്ലൈൻ ധീബനി​ലെ (ദീബോൻ) ഒരു പുരാതന ആലേഖ​ന​ത്തി​ന്റെ ശ്രദ്ധേ​യ​മായ കണ്ടുപി​ടി​ത്തം നടത്തി. ഇതു മോവാ​ബ്യ​ശില എന്നറി​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ആ എഴുത്തു വാർത്തെ​ടു​ത്തി​ട്ടുണ്ട്‌, എന്നാൽ ശില നീക്കം ചെയ്യാൻ സാധി​ക്കു​ന്ന​തി​നു​മുമ്പ്‌ അറബി​ക്കു​റവർ അതു പൊട്ടി​ച്ചു​ക​ളഞ്ഞു. എന്നിരു​ന്നാ​ലും മിക്ക ശകലങ്ങ​ളും വീണ്ടെ​ടു​ത്തു, ഇപ്പോൾ ശില പാരീ​സി​ലെ ല്യൂറിൽ സൂക്ഷി​ക്കു​ന്നു, ലണ്ടനിലെ ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വിൽ ഒരു പകർപ്പുണ്ട്‌. അത്‌ ആദ്യം മോവാ​ബി​ലെ ദീബോ​നി​ലാ​ണു നാട്ടി​യത്‌, ഇസ്രാ​യേ​ലി​നെ​തി​രായ തന്റെ മത്സരം സംബന്ധിച്ച മേശാ​രാ​ജാ​വി​ന്റെ ഭാഷ്യം നൽകു​ക​യും ചെയ്യുന്നു. (2 രാജാ. 1:1; 3:4, 5) അതു ഭാഗി​ക​മാ​യി ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “ഞാൻ കെമോ​ശി​ന്റെ പുത്ര​നും-[ . . . ] മോവാ​ബി​ലെ രാജാ​വും ദീബോ​ന്യ​നു​മായ മേശാ (ആകുന്നു). . . . ഇസ്രാ​യേൽരാ​ജാ​വായ ഒമ്രി​യെ​സം​ബ​ന്ധി​ച്ച​ട​ത്തോ​ളം അയാൾ മോവാ​ബി​നെ അനേക​വർഷ​ങ്ങ​ളിൽ (അക്ഷരീ​യ​മാ​യി ദിവസ​ങ്ങ​ളിൽ) താഴ്‌ത്തി, തന്നിമി​ത്തം [മോവാ​ബി​ലെ ദൈവ​മായ] കെമോശ്‌ അവൻ മുഖാ​ന്തരം കുപി​ത​നാ​യി​രു​ന്നു. അവന്റെ പുത്രൻ അവനെ പിൻപ​ററി, അവനും ‘ഞാൻ മോവാ​ബി​നെ താഴ്‌ത്തും’ എന്നു പറഞ്ഞു. എന്റെ കാലത്ത്‌, അവൻ (അങ്ങനെ) സംസാ​രി​ച്ചു, എന്നാൽ ഞാൻ അവന്റെ​മേ​ലും അവന്റെ ഭവനത്തിൻമേ​ലും വിജയം​വ​രി​ച്ചി​രി​ക്കു​ന്നു! അപ്പോൾ ഇസ്രാ​യേൽ എന്നേക്കു​മാ​യി നശിച്ചു​പോ​യി. . . . ‘പോയി ഇസ്രാ​യേ​ലിൽനി​ന്നു നെബോ പിടി​ച്ചെ​ടു​ക്കുക’ എന്നു കെമോശ്‌ എന്നോടു പറഞ്ഞു. അതു​കൊ​ണ്ടു ഞാൻ രാത്രി​യിൽ പോയി പ്രഭാതം പൊട്ടി​വി​ടർന്ന​തു​മു​തൽ ഉച്ചവരെ അതി​നെ​തി​രെ പൊരു​തു​ക​യും അതിനെ പിടി​ച്ച​ട​ക്കു​ക​യും എല്ലാവ​രെ​യും നിഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. . . . ഞാൻ അവി​ടെ​നി​ന്നു യാഹ്വേ​യു​ടെ [പാത്രങ്ങൾ] എടുത്തു കെമോ​ശി​ന്റെ മുമ്പി​ലേക്കു വലിച്ചു​കൊ​ണ്ടു​വന്നു.” d ഒടുവി​ലത്തെ വാചക​ത്തിൽ ദിവ്യ​നാ​മം പറഞ്ഞി​രി​ക്കു​ന്നതു കുറി​ക്കൊ​ള​ളുക. മോവാ​ബ്യ​ശി​ല​യു​ടെ ഇതോ​ടൊ​പ്പ​മു​ളള ചിത്ര​ത്തിൽ ഇതു കാണാൻ കഴിയും. അതു ചതുരക്ഷര ദൈവ​നാ​മ​ത്തി​ന്റെ രൂപത്തി​ലാണ്‌, രേഖയു​ടെ വലതു​ഭാ​ഗത്ത്‌ 18-ാം വരിയിൽ.

7 മോവാ​ബ്യ​ശില പിൻവ​രുന്ന ബൈബിൾസ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പറയുന്നു: അതാ​രോത്ത്‌, നെബോ (സംഖ്യാ. 32:34, 38); അർന്നോൻ, അരോ​വേർ, മേദെബാ, ദീബോൻ (യോശു. 13:9); ബാമോത്ത്‌-ബാൽ, ബേത്ത്‌-ബാൽ-മോ​യോൻ, യഹ്‌സ, കിര്യ​ത്ത​യിം (യോശു. 13:17-19); ബേസെർ (യോശു. 20:8), ഹോ​രോ​ന​യിം (യെശ. 15:5); ബേത്ത്‌-ദിബ്ലാ​ത്ത​യിം, കെരീ​യോത്ത്‌ (യിരെ. 48:22, 24). അത്‌ അങ്ങനെ ഈ സ്ഥലങ്ങളു​ടെ ചരി​ത്ര​പ​ര​തയെ പിന്താ​ങ്ങു​ന്നു.

8. സെൻഹെ​രീ​ബി​നെ​സം​ബ​ന്ധി​ച്ചു ബൈബിൾ എന്തു രേഖ​പ്പെ​ടു​ത്തു​ന്നു, അയാളു​ടെ കൊട്ടാ​ര​ത്തിൽ നടത്തിയ ഖനനം എന്തു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

8 സെൻഹെ​രീബ്‌ രാജാ​വി​ന്റെ പ്രിസം. പൊ.യു.മു. 732 എന്ന വർഷത്തിൽ സെൻഹെ​രീബ്‌ രാജാ​വിൻകീ​ഴിൽ അസീറി​യ​ക്കാർ നടത്തിയ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചു ഗണ്യമായ വിശദാം​ശ​ങ്ങ​ളോ​ടെ ബൈബിൾ രേഖ​പ്പെ​ടു​ത്തു​ന്നു. (2 രാജാ. 18:13–19:37; 2 ദിന. 32:1-22; യെശ. 36:1–37:38) 1847-51-ൽ ആയിരു​ന്നു ഇംഗ്ലീഷ്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​നായ എ. എച്ച്‌. ലേയാർഡ്‌ പുരാതന അസീറി​യ​യു​ടെ പ്രദേ​ശത്തെ നീനെ​വേ​യി​ലു​ണ്ടാ​യി​രുന്ന സെൻഹെ​രീ​ബി​ന്റെ വലിയ കൊട്ടാ​ര​ത്തി​ന്റെ ശൂന്യ​ശി​ഷ്ടങ്ങൾ കുഴി​ച്ചു​നോ​ക്കി​യത്‌. കൊട്ടാ​ര​ത്തിന്‌ 70 മുറി​ക​ളും കൊത്തു​പ​ണി​യു​ളള ഫലകങ്ങൾ നിരത്തിയ 3,000-ത്തിൽപ്പരം മീററർ ചുവരു​ക​ളും ഉളളതാ​യി കണ്ടു. സെൻഹെ​രീ​ബി​ന്റെ സംഭവ​ങ്ങ​ളു​ടെ വാർഷി​ക​റി​പ്പോർട്ട്‌ അഥവാ ചരിത്രം കളിമൺസ്‌തം​ഭി​ക​ക​ളിൽ അഥവാ പ്രിസ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ അദ്ദേഹ​ത്തി​ന്റെ മരണത്തിന്‌ അൽപ്പകാ​ലം മുമ്പ്‌ ഉണ്ടാക്കിയ ഈ ചരി​ത്ര​ത്തി​ന്റെ അന്തിമ​പ​തിപ്പ്‌ ടെയ്‌ലർ പ്രിസം എന്നറി​യ​പ്പെ​ടു​ന്ന​തിൽ കാണ​പ്പെ​ടു​ന്നു. അതു ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. എന്നാൽ ചിക്കാ​ഗോ യൂണി​വേ​ഴ്‌സി​റ​റി​യു​ടെ പൗരസ്‌ത്യ​കാ​ര്യ​സ്ഥാ​പ​ന​ത്തിന്‌ അസീറി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ പുരാതന നീനെ​വേ​യു​ടെ സ്ഥാനത്തി​ന​ടു​ത്തു കണ്ടുപി​ടി​ക്ക​പ്പെട്ട ഒരു പ്രിസ​ത്തിൽ അതി​നെ​ക്കാൾ വിശി​ഷ്ട​മായ ഒരു പകർപ്പുണ്ട്‌.

9. ബൈബിൾവി​വ​ര​ണ​ത്തോ​ടു​ളള യോജി​പ്പിൽ സെൻഹെ​രീബ്‌ എന്തു രേഖ​പ്പെ​ടു​ത്തു​ന്നു, എന്നാൽ അയാൾ എന്തു പറയു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു, എന്തു​കൊണ്ട്‌?

9 ഈ ഒടുവി​ലത്തെ ചരി​ത്ര​ത്തിൽ, സെൻഹെ​രീബ്‌ യഹൂദയെ ആക്രമി​ച്ച​തി​നെ​ക്കു​റി​ച്ചു​ളള അയാളു​ടെ പൊങ്ങച്ചം നിറഞ്ഞ ഭാഷ്യം നൽകുന്നു: “യഹൂദ​നായ ഹിസ്‌കി​യാ​വി​നെ സംബന്ധി​ച്ച​ട​ത്തോ​ളം അയാൾ എന്റെ നുകത്തി​നു കീഴ്‌പ്പെ​ട്ടില്ല. അയാളു​ടെ 46 ബലിഷ്‌ഠ​ന​ഗ​ര​ങ്ങൾക്കും മതിലു​ളള കോട്ട​കൾക്കും അവയുടെ പരിസ​രത്തെ എണ്ണമററ ചെറു​ഗ്രാ​മ​ങ്ങൾക്കു​മെ​തി​രെ ഞാൻ ഉപരോ​ധം ഏർപ്പെ​ടു​ത്തു​ക​യും അവയെ നന്നായി ഉറപ്പിച്ച (ഭൂ)മാർഗ​ങ്ങ​ളി​ലൂ​ടെ​യും (അങ്ങനെ) (മതിലു​ക​ളു​ടെ അടു​ത്തേക്ക്‌) കൊണ്ടു​വന്ന യന്ത്രമു​ട്ടി​ക​ളും ഒപ്പം കാലാൾപ്പ​ട​യു​ടെ ആക്രമ​ണ​വും മുഖേ​ന​യും മൈനു​ക​ളും കൈ​യേ​റ്റ​ങ്ങ​ളും കുഴി​ച്ചു​മ​റി​ക്ക​ലും (ഉപയോ​ഗി​ച്ചും) (അവയെ) ജയിച്ച​ടക്കി. ഞാൻ (അവയിൽനി​ന്നു) ചെറു​പ്പ​ക്കാ​രും പ്രായ​മു​ള​ള​വ​രും ആണുങ്ങ​ളും പെണ്ണു​ങ്ങ​ളു​മാ​യി 2,00,150 പേരെ​യും കുതി​ര​ക​ളെ​യും കോവർക​ഴു​ത​ക​ളെ​യും കഴുത​ക​ളെ​യും ഒട്ടകങ്ങ​ളെ​യും ചെറു​തും വലുതു​മാ​യി എണ്ണമി​ല്ലാത്ത കന്നുകാ​ലി​ക​ളെ​യും തുരത്തു​ക​യും അവയെ (കൊള​ള​യാ​യി) പരിഗ​ണി​ക്കു​ക​യും ചെയ്‌തു. അവനെ​ത്തന്നെ [ഹിസ്‌കി​യാ​വി​നെ] ഞാൻ രാജകീയ വസതി​യായ യെരു​ശ​ലേ​മിൽ കൂട്ടിലെ പക്ഷി​യെ​പ്പോ​ലെ ഒരു തടവു​കാ​ര​നാ​ക്കി. . . . ഞാൻ കൊള​ള​യ​ടിച്ച അവന്റെ പട്ടണങ്ങൾ ഞാൻ അവന്റെ രാജ്യ​ത്തു​നി​ന്നു നീക്കി അസ്‌തോദ്‌ രാജാ​വായ മിററിൻറി​ക്കും എക്രോൻരാ​ജാ​വായ പാദി​ക്കും ഗസ്സാരാ​ജാ​വായ സിലി​ബ​ലി​നും കൊടു​ത്തു. . . . ഹിസ്‌കി​യാ​വു​തന്നെ പിന്നീട്‌ . . . 30 താലന്തു സ്വർണ​വും 800 താലന്തു വെളളി​യും വില​യേ​റിയ കല്ലുക​ളും ആൻറി​മ​ണി​യും വലിയ ചെങ്കൽഖ​ണ്ഡ​ങ്ങ​ളും ദന്തം പൊതിഞ്ഞ കട്ടിലു​ക​ളും ദന്തം പൊതിഞ്ഞ നിമിഡു -കസേര​ക​ളും ആനത്തോ​ലു​ക​ളും എബണി​ത്ത​ടി​യും പെട്ടി​മ​ര​വും വില​യേ​റിയ സകലതരം നിക്ഷേ​പ​ങ്ങ​ളും അവന്റെ (സ്വന്തം) പുത്രി​മാ​രും വെപ്പാ​ട്ടി​ക​ളും പുരു​ഷൻമാ​രും സ്‌ത്രീ​ക​ളു​മായ സംഗീ​ത​ക്കാ​രും സഹിതം എന്റെ ആഡംബര പൂർണ​മായ നീനെ​വേ​ന​ഗ​ര​ത്തി​ലേ​ക്ക​യ​ച്ചു​തന്നു. കപ്പം നൽകു​ന്ന​തി​നും ഒരു അടിമ​യെന്ന നിലയിൽ വണങ്ങു​ന്ന​തി​നും അവൻ തന്റെ (വ്യക്തി​പ​ര​മായ) ദൂതനെ അയച്ചു.” e സെൻഹെ​രീബ്‌ ഹിസ്‌കി​യാ​വി​ന്റെ​മേൽ ചുമത്തിയ ഈ കപ്പത്തെ​സം​ബ​ന്ധി​ച്ച​ട​ത്തോ​ളം 30 താലന്തു സ്വർണം എന്നതിനെ ബൈബിൾ സ്ഥിരീ​ക​രി​ക്കു​ന്നു. എന്നാൽ 300 താലന്തു വെളളി​യെ​ക്കു​റി​ച്ചു മാത്രമേ പറയു​ന്നു​ളളു. തന്നെയു​മല്ല, ഇതു സെൻഹെ​രീബ്‌ യെരു​ശ​ലേ​മി​നെ ഉപരോ​ധി​ക്കു​മെന്നു ഭീഷണി​പ്പെ​ടു​ത്തു​ന്ന​തി​നു മുമ്പ്‌ ആയിരു​ന്നു. അസീറി​യൻ ചരി​ത്ര​ത്തി​നു​വേ​ണ്ടി​യു​ളള സെൻഹെ​രീ​ബി​ന്റെ കോട്ടി​മാ​ട്ടിയ റിപ്പോർട്ടിൽ അടി​യേററ പട്ടി​യെ​പ്പോ​ലെ നീനെ​വേ​യി​ലേക്കു പിന്തി​രി​ഞ്ഞോ​ടാൻ നിർബ​ന്ധി​ത​നാ​ക്കി​ക്കൊ​ണ്ടു യഹോ​വ​യു​ടെ ദൂതൻ അയാളു​ടെ 1,85,000 പടയാ​ളി​കളെ ഒററ രാത്രി​യിൽ നശിപ്പി​ച്ച​പ്പോൾ യഹൂദ​യിൽ അനുഭ​വ​പ്പെട്ട ഞെരി​ക്കുന്ന പരാജ​യ​ത്തെ​ക്കു​റി​ച്ചു​ളള പ്രസ്‌താ​വം അയാൾ ഉദ്ദേശ്യ​പൂർവം ഒഴിവാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, സെൻഹെ​രീ​ബി​ന്റെ പ്രിസ​ത്തി​ലെ ഈ ആത്മപ്ര​ശംസ നിറഞ്ഞ ലിഖി​ത​രേഖ അസീറി​യ​ക്കാർ യെരു​ശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തി​യ​ശേഷം യഹോവ അവരെ പിന്തി​രി​പ്പി​ച്ച​തി​നു​മു​മ്പു യഹൂദ​യു​ടെ​മേൽ നടത്തിയ വമ്പിച്ച ആക്രമ​ണത്തെ സൂചി​പ്പി​ക്കു​ന്നു.—2 രാജാ. 18:14; 19:35, 36.

10, 11. (എ) ലാഖീശ്‌ കത്തുകൾ എന്താണ്‌, അവ എന്തു പ്രതി​ഫ​ലി​പ്പി​ക്കു​ന്നു? (ബി) അവ യിരെ​മ്യാ​വി​ന്റെ എഴുത്തു​കളെ എങ്ങനെ പിന്താ​ങ്ങു​ന്നു?

10 ലാഖീശ്‌ കത്തുകൾ. ലാഖീശ്‌ എന്ന സുപ്ര​സിദ്ധ കോട്ട​ന​ഗ​ര​ത്തെ​ക്കു​റി​ച്ചു ബൈബി​ളിൽ 20-ൽപ്പരം പ്രാവ​ശ്യം പറയുന്നു, അതു യെരു​ശ​ലേ​മി​നു 44 കിലോ​മീ​ററർ പശ്ചിമ-തെക്കു​പ​ടി​ഞ്ഞാ​റു ഭാഗത്തു സ്ഥിതി​ചെ​യ്‌തി​രു​ന്നു. ശൂന്യ​ശി​ഷ്ടങ്ങൾ വിപു​ല​മാ​യി കുഴി​ച്ചു​നോ​ക്കി​യി​ട്ടുണ്ട്‌. 1935-ൽ ഇരട്ട പടിവാ​തിൽശാ​ല​യു​ടെ കാവൽമു​റി​യിൽ 18 ഓസ്‌ട്രക്കാ അഥവാ എഴുത്തു​ളള മൺപാത്ര ശകലങ്ങൾ കണ്ടെത്ത​പ്പെട്ടു (1938-ൽ 3 എണ്ണംകൂ​ടെ കണ്ടെത്തി). അവ പുരാതന എബ്രായ അക്ഷരങ്ങ​ളിൽ എഴുത​പ്പെട്ട ഒട്ടനവധി കത്തുക​ളാ​ണെന്നു തെളിഞ്ഞു. 21 എണ്ണം വരുന്ന ഈ ശേഖരം ഇപ്പോൾ ലാഖീശ്‌ കത്തുകൾ എന്നറി​യ​പ്പെ​ടു​ന്നു. ലാഖീശ്‌ നെബു​ഖ​ദ്‌നേ​സ​രി​നെ​തി​രെ പിടി​ച്ചു​നിന്ന യഹൂദ​യി​ലെ അവസാ​നത്തെ ശക്തിദുർഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. അതു പൊ.യു.മു. 609-607 കാലഘ​ട്ട​ത്തിൽ കത്തിക്ക​രിഞ്ഞ ഒരു ശൂന്യ​ശിഷ്ട കൂമ്പാ​ര​മാ​യി മാററ​പ്പെട്ടു. കത്തുകൾ കാലത്തി​ന്റെ അടിയ​ന്തി​ര​തയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. അവ യഹൂദ്യ​പ​ട​യാ​ളി​ക​ളു​ടെ ശേഷിച്ച പുറം​കാ​വൽകേ​ന്ദ്ര​ങ്ങ​ളിൽനി​ന്നു ലാഖീ​ശി​ലെ ഒരു സൈന്യാ​ധി​പ​നായ യാവോ​ശിന്‌ എഴുത​പ്പെ​ട്ട​താ​ണെന്നു കാണ​പ്പെ​ടു​ന്നു. ഇവയി​ലൊന്ന്‌ (നമ്പർ IV) ഭാഗി​ക​മാ​യി ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “YHWH” [ചതുരക്ഷര ദൈവ​നാ​മം, “യഹോവ”] ഇപ്പോൾതന്നെ എന്റെ യജമാനൻ സദ്വാർത്ത കേൾക്കാ​നി​ട​യാ​ക്കട്ടെ. . . . എന്റെ യജമാനൻ നൽകുന്ന സകല ലക്ഷ്യങ്ങ​ളിൻപ്ര​കാ​ര​വും ലാഖീ​ശി​ലെ അഗ്നിസൂ​ച​ന​കൾക്കാ​യി ഞങ്ങൾ നോക്കു​ക​യാണ്‌, കാരണം അസെക്കാ കാണു​ന്നില്ല.” ഇതു യിരെ​മ്യാ​വു 34:7-ന്റെ ശ്രദ്ധേ​യ​മായ ഒരു സ്ഥിരീ​ക​ര​ണ​മാണ്‌, അതു കോട്ട​കെട്ടി ബലവത്താ​ക്കിയ ശേഷിച്ച അവസാ​നത്തെ രണ്ടു നഗരങ്ങ​ളാ​യി ലാഖീ​ശി​നെ​യും അസെക്കാ​യെ​യും കുറിച്ചു പറയുന്നു. ഈ കത്ത്‌ അസെക്കാ ഇപ്പോൾ പ്രത്യ​ക്ഷ​ത്തിൽ വീണി​രു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്നു. ചതുര​ക്ഷ​ര​രൂ​പ​ത്തി​ലു​ളള ദിവ്യ​നാ​മം കത്തുക​ളിൽ കൂടെ​ക്കൂ​ടെ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു, അക്കാലത്തെ യഹൂദൻമാ​രു​ടെ ഇടയിൽ യഹോവ എന്ന നാമം അനുദി​നം ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി പ്രകട​മാ​ക്കി​ക്കൊ​ണ്ടു​തന്നെ.

11 മറെറാ​രു കത്ത്‌ (നമ്പർ III) പിൻവ​രുന്ന പ്രകാരം തുടങ്ങു​ന്നു: “YHWH [അതായതു യഹോവ] എന്റെ യജമാനൻ സമാധാ​ന​വാർത്തകൾ കേൾക്കാൻ ഇടയാ​ക്കട്ടെ! . . . അങ്ങയുടെ ദാസ​നോട്‌ ഇങ്ങനെ അറിയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, ‘സൈന്യാ​ധി​പ​നായ എൽനാ​ഥാ​ന്റെ പുത്ര​നായ കൊന്യാവ്‌ ഈജി​പ്‌തി​ലേക്കു പോകു​ന്ന​തിന്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു. അഹിയാ​വി​ന്റെ പുത്ര​നായ ഹോദാ​വ്യാ​യു​ടെ​യും അയാളു​ടെ ആൾക്കാ​രു​ടെ​യും അടുക്ക​ലേക്കു [സാധനങ്ങൾ] വാങ്ങാൻ ആളയച്ചി​രി​ക്കു​ന്നു.” യഹോ​വ​യു​ടെ കൽപ്പനയെ ലംഘിച്ചു സ്വവി​നാ​ശ​ത്തി​നാ​യി യഹൂദ സഹായം തേടി ഈജി​പ്‌തി​ലേക്കു പോയി എന്ന്‌ ഈ കത്തു സ്ഥിരീ​ക​രി​ക്കു​ന്ന​താ​യി കാണുന്നു. (യെശ. 31:1; യിരെ. 46:25, 26) ഈ എഴുത്തി​ന്റെ മുഴു പാഠത്തി​ലും കാണുന്ന എൽനാ​ഥാൻ, ഹോശ​യ്യാവ്‌ എന്നീ പേരുകൾ യിരെ​മ്യാ​വു 36:12-ലും യിരെ​മ്യാ​വു 42:1-ലും കാണ​പ്പെ​ടു​ന്നു. കത്തുക​ളിൽ പറഞ്ഞി​രി​ക്കുന്ന മററു മൂന്നു പേരു​ക​ളും യിരെ​മ്യാ​വി​ന്റെ ബൈബിൾ പുസ്‌ത​ക​ത്തിൽ കാണ​പ്പെ​ടു​ന്നില്ല. അവ ഗമര്യാവ്‌, നെരീ​യാവ്‌, യയസന്യാവ്‌ എന്നിവ​യാണ്‌.—യിരെ. 32:12; 35:3; 36:10. f

12, 13. നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കിൾ എന്തു വർണി​ക്കു​ന്നു, അതു പ്രത്യേക മൂല്യ​മു​ള​ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കിൾ. 19-ാം നൂററാ​ണ്ടി​ന്റെ ഒടുവി​ലത്തെ പകുതി​യിൽ ബാഗ്‌ദാ​ദി​നു സമീപം നടത്തിയ ഖനനങ്ങൾ പുരാ​ത​ന​ബാ​ബി​ലോ​ന്റെ ചരി​ത്ര​ത്തിൻമേൽ വളരെ​യ​ധി​കം വെളിച്ചം വീശുന്ന കളിമൺഫ​ല​ക​ങ്ങ​ളു​ടെ​യും സിലി​ണ്ട​റു​ക​ളു​ടെ​യും അനേകം കണ്ടുപി​ടി​ത്തങ്ങൾ ഉളവാക്കി. ഇവയി​ലൊ​ന്നു നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കിൾ എന്നറി​യ​പ്പെ​ടുന്ന വളരെ വിലപ്പെട്ട ഒരു രേഖയാ​യി​രു​ന്നു, അതി​പ്പോൾ ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വി​ലാ​ണി​രി​ക്കു​ന്നത്‌. ബാബി​ലോ​നി​ലെ നബോ​ണീ​ഡസ്‌ രാജാവ്‌ അദ്ദേഹ​ത്തി​ന്റെ കൂട്ടു​ഭ​ര​ണാ​ധി​പ​നാ​യി​രുന്ന ബേൽശ​സ്സ​റി​ന്റെ പിതാ​വാ​യി​രു​ന്നു. അദ്ദേഹം പാർസ്യ​നായ കോ​രേ​ശി​ന്റെ സൈന്യം ബാബി​ലോൻ പിടി​ച്ച​ട​ക്കിയ പൊ.യു.മു. 539 ഒക്‌ടോ​ബർ 5-ലെ രാത്രി​യിൽ അദ്ദേഹ​ത്തി​ന്റെ പുത്രൻ കൊല്ല​പ്പെട്ട ശേഷവും ജീവി​ച്ചി​രു​ന്നു. (ദാനീ. 5:30, 31) ശ്രദ്ധേ​യ​മാം​വി​ധം ശരിയാ​യി തീയതി കുറി​ച്ചി​ട്ടു​ളള ബാബി​ലോ​ന്റെ പതനത്തെ സംബന്ധിച്ച ഒരു രേഖയായ നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കിൾ ഈ സംഭവം നടന്നത്‌ ഏതു ദിവസ​മാ​ണെന്നു സ്ഥിരീ​ക​രി​ക്കാൻ സഹായി​ക്കു​ന്നു. ചുവടെ ചേർക്കു​ന്നതു നബോ​ണീ​ഡസ്‌ ക്രോ​ണി​ക്കി​ളി​ന്റെ ഒരു ചെറിയ ഭാഗത്തി​ന്റെ പരിഭാ​ഷ​യാണ്‌: “താസ്രി​ത്തു മാസത്തിൽ [തിസ്രി സെപ്‌റ​റം​ബർ-ഒക്‌ടോ​ബർ], ടൈ​ഗ്രീസ്‌ തീരത്തെ ഓപ്പി​സി​ലെ അക്കാദി​ന്റെ സൈന്യ​ത്തെ കോ​രേശ്‌ ആക്രമി​ച്ച​പ്പോൾ . . . 14-ാം ദിവസം സിപ്പാർ യുദ്ധം കൂടാതെ പിടി​ച്ച​ട​ക്ക​പ്പെട്ടു. നബോ​ണീ​ഡസ്‌ പലായ​നം​ചെ​യ്‌തു. 16-ാം ദിവസം [പൊ.യു.മു. 539 ഒക്‌ടോ​ബർ 11, ജൂലിയൻ, അല്ലെങ്കിൽ ഒക്‌ടോ​ബർ 5, ഗ്രി​ഗോ​റി​യൻ] ഗുട്യ​ത്തി​ലെ ഗവർണ​റായ ഗോ​ബ്രി​യാ​സും (ഉഗ്‌ബെറാ) കോ​രേ​ശി​ന്റെ സൈന്യ​വും യുദ്ധം കൂടാതെ ബാബി​ലോ​നിൽ പ്രവേ​ശി​ച്ചു. പിന്നീടു നബോ​ണീ​ഡസ്‌ ബാബി​ലോ​നി​ലേക്കു മടങ്ങി​പ്പോ​യ​പ്പോൾ അയാൾ (അവി​ടെ​വച്ച്‌) അറസ്‌ററു ചെയ്യ​പ്പെട്ടു. . . . അരശമ്‌നു മാസത്തിൽ [മാർച്ച​സ്വാൻ (ഒക്‌ടോ​ബർ-നവംബർ)] 3-ാം ദിവസം [ഒക്‌ടോ​ബർ 28, ജൂലിയൻ] കോ​രേശ്‌ ബാബി​ലോ​നിൽ പ്രവേ​ശി​ച്ചു, അദ്ദേഹ​ത്തി​ന്റെ മുമ്പിൽ പച്ചക്കൊ​മ്പു​കൾ വിരിച്ചു—നഗരത്തിൻമേൽ ‘സമാധാ​നാ’വസ്ഥ (സുൽമു) അടി​ച്ചേൽപ്പി​ക്ക​പ്പെട്ടു. കോ​രേശ്‌ സർവ ബാബി​ലോ​നി​ലേ​ക്കും ആശംസകൾ അയച്ചു. അദ്ദേഹ​ത്തി​ന്റെ ഗവർണ​റായ ഗോ​ബ്ര​യാസ്‌ ബാബി​ലോ​നിൽ (ഉപ) നാടു​വാ​ഴി​കളെ അവരോ​ധി​ച്ചു.” g

13 ഈ ക്രോ​ണി​ക്കി​ളിൽ മേദ്യ​നായ ദാര്യാ​വേ​ശി​നെ​ക്കു​റി​ച്ചു പറഞ്ഞി​ട്ടി​ല്ലെന്നു ശ്രദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇത്ര​ത്തോ​ളം കാലമാ​യി​ട്ടും ഏതെങ്കി​ലും ബൈബി​ളി​തര ആലേഖ​ന​ത്തിൽ ഈ ദാര്യാ​വേ​ശി​നെ​ക്കു​റി​ച്ചു യാതൊ​ന്നും കാണ​പ്പെ​ട്ടി​ട്ടില്ല. ജോസീ​ഫ​സി​ന്റെ (പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ യഹൂദ ചരി​ത്ര​കാ​രൻ) കാലത്തി​നു മുമ്പത്തെ ഏതെങ്കി​ലും ലൗകിക ചരി​ത്ര​രേ​ഖ​യി​ലും അദ്ദേഹ​ത്തെ​ക്കു​റി​ച്ചു പറയു​ന്നില്ല. അതു​കൊണ്ട്‌ അദ്ദേഹം മേൽപ്പറഞ്ഞ വിവര​ണ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഗോ​ബ്ര​യാസ്‌ ആയിരി​ക്കണം എന്നു ചിലർ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. ഗോ​ബ്ര​യാ​സി​നെ​സം​ബ​ന്ധി​ച്ചു ലഭ്യമാ​യി​രി​ക്കുന്ന വിവരങ്ങൾ ദാര്യാ​വേ​ശി​നെ സംബന്ധി​ച്ച​വ​യോ​ടു സമാന്ത​ര​മാ​യി​രി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, അത്തരം തിരി​ച്ച​റി​യൽ തർക്കമ​റ​റ​താ​യി പരിഗ​ണി​ക്കാ​വു​ന്നതല്ല. h എങ്ങനെ​യാ​യാ​ലും ബാബി​ലോ​ന്റെ ജയിച്ച​ട​ക്ക​ലിൽ കോ​രേശ്‌ ഒരു മുഖ്യ​വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്നും അദ്ദേഹം പിന്നീട്‌ അവിടെ രാജാ​വാ​യി ഭരിച്ചു​വെ​ന്നും ലൗകിക ചരിത്രം സുനി​ശ്ചി​ത​മാ​യി സ്ഥാപി​ക്കു​ന്നു.

14. കോ​രേ​ശി​ന്റെ സിലി​ണ്ട​റിൽ എന്തു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

14 കോ​രേശ്‌ സിലിണ്ടർ. പേർഷ്യൻലോ​ക​ശ​ക്തി​യു​ടെ രാജാ​വാ​യി അദ്ദേഹം ഭരിച്ചു​തു​ട​ങ്ങി​യ​തി​നു കുറേ​ക്കാ​ല​ശേഷം കോ​രേ​ശി​നാ​ലു​ളള പൊ.യു.മു. 539-ലെ ബാബി​ലോ​ന്റെ പിടി​ച്ച​ടക്കൽ ഒരു കളിമൺസി​ലി​ണ്ട​റിൽ രേഖ​പ്പെ​ടു​ത്തി. ഈ മുന്തിയ രേഖയും ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. പരിഭാ​ഷ​പ്പെ​ടു​ത്തിയ പാഠത്തി​ന്റെ ഒരു ഭാഗം ഇനി കൊടു​ക്കു​ന്നു: “ഞാൻ ലോക​ത്തി​ന്റെ രാജാവ്‌, മഹാരാ​ജാവ്‌, നിയമാ​നു​സൃ​ത​രാ​ജാവ്‌, ബാബി​ലോൻ രാജാവ്‌, സുമേ​റി​ലെ​യും അക്കാദി​ലെ​യും രാജാവ്‌, (ഭൂമി​യു​ടെ) നാലതി​രു​ക​ളു​ടെ രാജാവ്‌ ആകുന്നു, . . . ഞാൻ ടൈ​ഗ്രീ​സി​ന്റെ മറുക​ര​യി​ലു​ളള [മുമ്പ്‌ പേർപ​റ​ഞ്ഞി​ട്ടു​ളള ചില] വിശു​ദ്ധ​ന​ഗ​ര​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​ന്നു, അവയിലെ വിശു​ദ്ധ​മ​ന്ദി​രങ്ങൾ, അവിടെ സ്ഥിതി​ചെ​യ്‌തു(പോന്ന)തും സ്ഥിരമായ വിശു​ദ്ധ​മ​ന്ദി​രങ്ങൾ സ്ഥാപി​ച്ചി​രു​ന്ന​തു​മായ പ്രതി​മകൾ ദീർഘ​കാ​ല​മാ​യി ശൂന്യ​ശി​ഷ്ട​മാ​യി കിടക്കു​ക​യാ​യി​രു​ന്നു. അവയിലെ (മുൻ)നിവാ​സി​ക​ളെ​യെ​ല്ലാം ഞാൻ കൂട്ടി​ച്ചേർക്കു(കയും) (അവർക്ക്‌) അവരുടെ വസതികൾ തിരികെ കൊടു​ക്കു​ക​യും ചെയ്‌തു.” i

15. കോ​രേശ്‌ സിലിണ്ടർ കോ​രേ​ശി​നെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു, ഇതു ബൈബി​ളി​നോട്‌ എങ്ങനെ യോജി​ക്കു​ന്നു?

15 കോ​രേശ്‌ സിലിണ്ടർ അങ്ങനെ ബന്ദിക​ളായ ആളുകളെ അവരുടെ മുൻസ്ഥ​ല​ങ്ങ​ളിൽ പുനര​ധി​വ​സി​പ്പി​ക്കുന്ന രാജാ​വി​ന്റെ നയത്തെ അറിയി​ക്കു​ന്നു. ഇതിനു ചേർച്ച​യിൽ യഹൂദൻമാർ യെരു​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യി അവിടെ യഹോ​വ​യു​ടെ ആലയം പുനർനിർമി​ക്കാ​നു​ളള തന്റെ കൽപ്പന കോ​രേശ്‌ പുറ​പ്പെ​ടു​വി​ച്ചു. കൗതു​ക​ക​ര​മാ​യി, ബാബി​ലോ​നെ പിടി​ച്ച​ട​ക്കു​ക​യും യഹോ​വ​യു​ടെ ജനത്തിന്റെ പുനഃ​സ്ഥാ​പനം കൈവ​രു​ത്തു​ക​യും ചെയ്യാ​നു​ള​ള​വ​നാ​യി കോ​രേ​ശി​നെ അന്നേക്ക്‌ 200 വർഷം മുമ്പ്‌ യഹോവ പ്രാവ​ച​നി​ക​മാ​യി നിർദേ​ശി​ച്ചി​രു​ന്നു.—യെശ. 44:28; 45:1; 2 ദിന. 36:23.

പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളും

16. പുരാ​വ​സ്‌തു​ശാ​സ്‌ത്രം ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളോ​ടു​ളള ബന്ധത്തിൽ എന്തു വെളി​ച്ചത്തു കൊണ്ടു​വ​ന്നി​രി​ക്കു​ന്നു?

16 എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ കാര്യ​ത്തിൽ ചെയ്‌ത​തു​പോ​ലെ, പുരാ​വ​സ്‌തു​ശാ​സ്‌ത്രം ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളിൽ അടങ്ങി​യി​രി​ക്കുന്ന നിശ്വ​സ്‌ത​രേ​ഖയെ പിന്താ​ങ്ങുന്ന താത്‌പ​ര്യ​ജ​ന​ക​മായ അനേകം കരകൗ​ശ​ല​ശിൽപ്പങ്ങൾ വെളി​ച്ചത്തു വരുത്തി​യി​ട്ടുണ്ട്‌.

17. നികു​തി​പ്ര​ശ്‌നം സംബന്ധിച്ച യേശു​വി​ന്റെ ചർച്ചയെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം എങ്ങനെ പിന്താ​ങ്ങു​ന്നു?

17 തിബെ​ര്യോ​സി​ന്റെ ആലേഖ​ന​ത്തോ​ടു​കൂ​ടിയ ദിനാർനാ​ണയം. യേശു​വി​ന്റെ ശുശ്രൂഷ നടന്നതു തിബെ​ര്യോസ്‌ കൈസ​രി​ന്റെ ഭരണകാ​ല​ത്താ​യി​രു​ന്നു​വെന്നു ബൈബിൾ വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. കൈസർക്കു തലക്കരം കൊടു​ക്കുന്ന കാര്യം​സം​ബ​ന്ധി​ച്ചു ചോദി​ച്ചു​കൊ​ണ്ടു യേശു​വി​ന്റെ എതിരാ​ളി​ക​ളിൽ ചിലർ അവനെ കുരു​ക്കാൻ ശ്രമിച്ചു. രേഖ ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “അവരുടെ കപടഭാ​വം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അവൻ അവരോട്‌: ‘നിങ്ങൾ എന്നെ പരീക്ഷി​ക്കു​ന്നത്‌ എന്തിന്‌? നോക്കാൻ ഒരു ദിനാർ എന്റെ അടുക്കൽ കൊണ്ടു​വ​രിക’ എന്നു പറഞ്ഞു. അവർ ഒന്നു കൊണ്ടു​വന്നു. അവൻ അവരോട്‌: ‘ആരുടെ സ്വരൂ​പ​വും മേലെ​ഴു​ത്തും ആണിത്‌?’ എന്നു പറഞ്ഞു. ‘കൈസ​രു​ടേത്‌’ എന്ന്‌ അവർ അവനോ​ടു പറഞ്ഞു. യേശു അപ്പോൾ: ‘കൈസ​രു​ടെ വസ്‌തു​ക്കൾ കൈസർക്കും എന്നാൽ ദൈവ​ത്തി​ന്റെ വസ്‌തു​ക്കൾ ദൈവ​ത്തി​നും തിരികെ കൊടു​ക്കുക’ എന്നു പറഞ്ഞു. അവർ അവനിൽ ആശ്ചര്യ​പ്പെ​ട്ടു​തു​ടങ്ങി.” (മർക്കൊ. 12:15-17, NW) പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ തിബെ​ര്യോസ്‌ കൈസ​രു​ടെ തലയുളള ഒരു വെളളി ദിനാർനാ​ണയം കണ്ടെത്തി​യി​ട്ടുണ്ട്‌! അതു പൊ.യു. ഏതാണ്ട്‌ 15-ൽ പ്രചാ​ര​ത്തി​ലാ​ക്കി​യ​താ​യി​രു​ന്നു. അതു പൊ.യു. 14-ൽ തുടങ്ങിയ തിബെ​ര്യോ​സി​ന്റെ ചക്രവർത്തി​യാ​യു​ളള ഭരണകാ​ല​ത്തോ​ടു പൊരു​ത്ത​ത്തി​ലാണ്‌. ഇതു തിബെ​ര്യോ​സി​ന്റെ 15-ാം ആണ്ടിൽ അല്ലെങ്കിൽ പൊ.യു. 29-ലെ വസന്തത്തിൽ യോഹ​ന്നാൻ സ്‌നാ​പ​കന്റെ ശുശ്രൂഷ തുടങ്ങി​യെന്നു പ്രസ്‌താ​വി​ക്കുന്ന രേഖക്കു കൂടു​ത​ലായ തെളിവു നൽകുന്നു.—ലൂക്കൊ. 3:1, 2.

18. പൊന്തി​യോസ്‌ പീലാ​ത്തോ​സി​നെ​സം​ബ​ന്ധിച്ച്‌ ഏതു കണ്ടുപി​ടി​ത്തം ഉണ്ടായി​രി​ക്കു​ന്നു?

18 പൊന്തി​യോസ്‌ പീലാ​ത്തോ​സി​ന്റെ ആലേഖനം. പൊന്തി​യോസ്‌ പീലാ​ത്തോ​സി​നെ സംബന്ധിച്ച പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ ആദ്യ കണ്ടുപി​ടി​ത്തം നടത്തി​യത്‌ 1961-ൽ ആയിരു​ന്നു. അതു കൈസ​ര്യ​യിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ഒരു ശിലാ​ഫ​ല​ക​മാ​യി​രു​ന്നു, അതിൽ പൊന്തി​യോസ്‌ പീലാ​ത്തോ​സി​ന്റെ പേർ ഉണ്ടായി​രു​ന്നു, ലത്തീനിൽ.

19. പ്രവൃ​ത്തി​കൾ 17:16-34-ന്റെ പശ്ചാത്ത​ലത്തെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ ഏതെൻസിൽ ഇപ്പോ​ഴും എന്തു സ്ഥിതി​ചെ​യ്യു​ന്നു?

19 അരയോ​പ​ഗസ്‌. പൗലൊസ്‌ പൊ.യു. 50-ൽ ഗ്രീസി​ലെ ഏതെൻസിൽവെച്ചു രേഖയി​ലു​ളള തന്റെ അതി​പ്ര​ശസ്‌ത പ്രസം​ഗ​ങ്ങ​ളി​ലൊ​ന്നു നടത്തി. (പ്രവൃ. 17:16-34) ഇതു ചില ഏതെൻസു​കാർ പൗലൊ​സി​നെ പിടിച്ച്‌ അരയോ​പ​ഗ​സി​ലേക്കു കൊണ്ടു​പോ​യ​പ്പോ​ഴാ​യി​രു​ന്നു. അരയോ​പ​ഗസ്‌ അഥവാ ആരെസ്‌ കുന്ന്‌ (മാർസ്‌ കുന്ന്‌) ഏതെൻസി​ലെ അക്രോ​പ്പോ​ളി​സി​നു തൊട്ടു വടക്കു​പ​ടി​ഞ്ഞാ​റാ​യി കിടക്കുന്ന ഏതാണ്ട്‌ 113 മീററർ ഉയരമു​ളള പാറ നിറഞ്ഞ ഊഷര​മായ ഒരു കുന്നാണ്‌. പാറയിൽ വെട്ടി​യു​ണ്ടാ​ക്കി​യി​രി​ക്കുന്ന പടവുകൾ മുകളി​ലേക്കു നയിക്കു​ന്നു. അവിടെ ഒരു ചതുര​ത്തി​ന്റെ മൂന്നു വശങ്ങളാ​യി പാറയിൽ പരുക്ക​നാ​യി വെട്ടി​യെ​ടുത്ത ബഞ്ചുകൾ ഇപ്പോ​ഴും കാണാം. പൗലൊ​സി​ന്റെ ചരി​ത്ര​പ്ര​സി​ദ്ധ​മായ പ്രസം​ഗ​ത്തി​ന്റെ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ളള പശ്ചാത്ത​ലത്തെ സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ അരയോ​പ​ഗസ്‌ ഇപ്പോ​ഴും സ്ഥിതി​ചെ​യ്യു​ന്നു.

20. തീത്തൊ​സി​ന്റെ കമാനം എന്തിനു സാക്ഷ്യം​വ​ഹി​ക്കു​ന്ന​തിൽ തുടരു​ന്നു, എങ്ങനെ?

20 തീത്തൊ​സി​ന്റെ കമാനം. യെരു​ശ​ലേ​മും അതിലെ ആലയവും തീത്തൊ​സി​ന്റെ കീഴിലെ റോമാ​ക്കാർ പൊ.യു. 70-ൽ നശിപ്പി​ച്ചു. അടുത്ത വർഷം റോമിൽ തീത്തൊസ്‌ അദ്ദേഹ​ത്തി​ന്റെ പിതാ​വായ വെസ്‌പാ​സ്യൻ ചക്രവർത്തി​യോ​ടൊ​പ്പം വിജയാ​ഘോ​ഷം നടത്തി. തിര​ഞ്ഞെ​ടുത്ത എഴുനൂ​റു യഹൂദ തടവു​കാ​രെ​ക്കൊ​ണ്ടു ജയഘോ​ഷ​യാ​ത്ര​യിൽ മാർച്ചു​ചെ​യ്യി​ച്ചു. ആലയനി​ക്ഷേ​പങ്ങൾ ഉൾപ്പെടെ യുദ്ധത്തിൽ ലഭിച്ച കൊള​ള​യും ചുമടു​ക​ണ​ക്കി​നു പ്രദർശി​പ്പി​ച്ചു. തീത്തൊ​സ്‌തന്നെ ചക്രവർത്തി​യാ​കു​ക​യും ആ നിലയിൽ പൊ.യു. 79 മുതൽ 81 വരെ സേവി​ക്കു​ക​യും ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം ഒരു വലിയ സ്‌മാ​ര​ക​സ്‌തം​ഭം, തീത്തൊ​സി​ന്റെ കമാനം, പൂർത്തി​യാ​ക്കി ഡിവോ ടിറേറാ (ദൈവീ​ക​രി​ക്ക​പ്പെട്ട തീത്തൊ​സി​നു) സമർപ്പി​ച്ചു. അദ്ദേഹ​ത്തി​ന്റെ ജയഘോ​ഷ​യാ​ത്ര കമാന​ത്തി​ലൂ​ടെ​യു​ളള മാർഗ​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും എഴുന്നു​നിൽക്കുന്ന കൊത്തു​പ​ണി​യാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒരു വശത്തു റോമൻ പടയാ​ളി​കൾ അഗ്രമി​ല്ലാത്ത കുന്തം പിടി​ച്ചും കിരീ​ടങ്ങൾ ചാർത്തി​യും യെരു​ശ​ലേ​മി​ലെ ആലയത്തിൽനി​ന്നു​ളള വിശു​ദ്ധോ​പ​ക​ര​ണങ്ങൾ വഹിച്ചും​കൊ​ണ്ടു നിൽക്കു​ന്ന​താ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇതിൽ ഏഴു ശിഖര​ങ്ങ​ളു​ളള വിളക്കു​ത​ണ്ടും വിശുദ്ധ കാഹളങ്ങൾ ഇരിക്കു​ന്ന​താ​യി കാണുന്ന കാഴ്‌ച​യ​പ്പ​ത്തി​ന്റെ മേശയും ഉൾപ്പെ​ടു​ന്നു. വഴിയു​ടെ മറുവ​ശത്തെ കൊത്തു​പണി നാലു കുതി​രകൾ വലിക്കുന്ന ഒരു രഥത്തിൽ ജയശാ​ലി​യായ തീത്തൊസ്‌ നിൽക്കു​ന്ന​തും റോമാ​ന​ഗ​രത്തെ പ്രതി​നി​ധാ​നം​ചെ​യ്യുന്ന ഒരു സ്‌ത്രീ​യാൽ നയിക്ക​പ്പെ​ടു​ന്ന​തും കാണി​ച്ചു​ത​രു​ന്നു. j യേശു​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യു​ടെ​യും മത്സരി​യായ യെരു​ശ​ലേ​മി​നെ​തി​രായ യഹോ​വ​യു​ടെ ഭയങ്കര ന്യായ​വി​ധി​നിർവ​ഹ​ണ​ത്തി​ന്റെ​യും മൂകസാ​ക്ഷ്യ​മാ​യി നില​കൊ​ള​ളുന്ന തീത്തൊ​സി​ന്റെ ഈ വിജ​യോ​ത്സ​വ​ക​മാ​നം ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നു കാഴ്‌ച​ക്കാർ വീക്ഷി​ക്കു​ന്നു.—മത്താ. 23:37–24:2; ലൂക്കൊ. 19:43, 44; 21:20-24.

21. (എ) പുരാ​വ​സ്‌തു​ശാ​സ്‌ത്രം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ കണ്ടുപി​ടി​ത്ത​ത്തോ​ടു കൈ​കോർത്തു​നി​ന്നു പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ? (ബി) പുരാ​വ​സ്‌തു​ശാ​സ്‌ത്രത്തെ സംബന്ധിച്ച്‌ ഉണ്ടായി​രി​ക്കേണ്ട ഉചിത​മായ മനോ​ഭാ​വം എന്താണ്‌?

21 പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ കണ്ടുപി​ടി​ത്തം ബൈബി​ളി​ന്റെ ശുദ്ധമായ മൂലപാ​ഠം പുനഃ​സ്ഥാ​പി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ ഒട്ടേറെ കരകൗ​ശ​ല​ശിൽപ്പ​ങ്ങ​ളു​ടെ കണ്ടുപി​ടി​ത്തം ബൈബിൾപാ​ഠ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അതിസൂ​ക്ഷ്‌മ​വി​ശ​ദാം​ശം​വരെ ചരി​ത്ര​പ​ര​മാ​യും കാലഗ​ണ​നാ​പ​ര​മാ​യും ഭൂമി​ശാ​സ്‌ത്ര​പ​ര​മാ​യും വിശ്വ​സ​നീ​യ​മാ​ണെന്നു മിക്ക​പ്പോ​ഴും പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, പുരാ​വ​സ്‌തു​ശാ​സ്‌ത്രം എല്ലാ കാര്യ​ത്തി​ലും ബൈബി​ളി​നോ​ടു യോജി​ക്കു​ന്നു​വെന്നു നിഗമ​നം​ചെ​യ്യു​ന്നതു തെററാ​യി​രി​ക്കും. പുരാ​വ​സ്‌തു​ശാ​സ്‌ത്രം പഠനത്തി​ന്റെ തെററി​ല്ലാത്ത ഒരു മണ്ഡലമ​ല്ലെന്ന്‌ ഓർത്തി​രി​ക്കേ​ണ്ട​താണ്‌. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്തങ്ങൾ മാനു​ഷ​വ്യാ​ഖ്യാ​ന​ങ്ങൾക്കു വിധേ​യ​മാണ്‌. ഈ വ്യാഖ്യാ​ന​ങ്ങ​ളിൽ ചിലതി​നു പലപ്പോ​ഴും മാററ​മു​ണ്ടാ​യി​ട്ടുണ്ട്‌. ചില​പ്പോൾ പുരാ​വ​സ്‌തു​ശാ​സ്‌ത്രം ദൈവ​വ​ച​ന​ത്തി​ന്റെ സത്യതക്ക്‌ ആവശ്യ​പ്പെ​ടാത്ത പിന്തുണ നൽകി​യി​ട്ടുണ്ട്‌. കൂടാതെ, അനേക​വർഷ​ക്കാ​ലം ബ്രിട്ടീഷ്‌ കാഴ്‌ച​ബം​ഗ്ലാ​വി​ന്റെ ഡയറക്ട​റും മുഖ്യ ലൈ​ബ്രേ​റി​യ​നു​മാ​യി​രുന്ന നിര്യാ​ത​നായ സർ ഫ്രെഡ​റിക്‌ കെനിയൻ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, പുരാ​വ​സ്‌തു​ശാ​സ്‌ത്രം ബൈബി​ളി​നെ “അതിന്റെ പശ്ചാത്ത​ല​വും രംഗവി​ധാ​ന​വും സംബന്ധിച്ച തിക​വേ​റിയ അറിവി​ലൂ​ടെ കൂടുതൽ മനസ്സി​ലാ​ക്കാ​വു​ന്ന​താ​ക്കി​യി​ട്ടുണ്ട്‌.” k എന്നാൽ വിശ്വാ​സം പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തി​ലല്ല, ബൈബി​ളിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കണം.—റോമ. 10:9; എബ്രാ. 11:6.

22. അടുത്ത പാഠത്തിൽ ഏതു തെളിവു പരിചി​ന്തി​ക്ക​പ്പെ​ടും?

22 അടുത്ത പാഠത്തിൽ നാം കാണാൻപോ​കു​ന്ന​തു​പോ​ലെ, ബൈബിൾ തീർച്ച​യാ​യും “ജീവനു​ള​ള​വ​നും നിലനിൽക്കു​ന്ന​വ​നു​മായ ദൈവ​ത്തി​ന്റെ വചന”മാണെ​ന്നു​ള​ള​തിന്‌ അതിൽത്തന്നെ അവിതർക്കി​ത​മായ തെളിവ്‌ അടങ്ങി​യി​ട്ടുണ്ട്‌.—1 പത്രൊ. 1:23, NW.

[അടിക്കു​റി​പ്പു​കൾ]

a ബൈബിളും തൂമ്പയും, 1938, (ഇംഗ്ലീഷ്‌), എസ്‌. എൽ. കായ്‌ഗർ, പേജ്‌ 29.

b പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, 1974, ജെ. ബി. പ്രിറ​റ്‌ചാർഡ്‌, പേജ്‌ 321; തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 941-2, 1104.

c പുരാതന ഭൂതകാ​ല​ത്തു​നി​ന്നു​ളള വെളിച്ചം, 1959 (ഇംഗ്ലീഷ്‌), ജെ. ഫിനെ​ഗാൻ, പേജുകൾ 91, 126.

d പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, പേജ്‌ 320.

e പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, പേജ്‌ 288.

f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 151-2; പുരാതന ഭൂതകാ​ല​ത്തു​നി​ന്നു​ളള വെളിച്ചം, പേജുകൾ 192-5.

g പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, പേജ്‌ 306.

h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 581-3.

i പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, പേജ്‌ 316.

j പുരാതന ഭൂതകാ​ല​ത്തു​നി​ന്നു​ളള വെളിച്ചം, പേജ്‌ 329.

k ബൈബിളും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും, 1940, പേജ്‌ 279.

[അധ്യയന ചോദ്യ​ങ്ങൾ]

[333-ാം പേജിലെ ചിത്രം]

മോവാബ്യ ശില

ഒരു പുരാ​ത​ന​ലി​ഖി​ത​ത്തിൽ വലത്തു​നി​ന്നു 18-ാം വരിയിൽ കാണ​പ്പെ​ടുന്ന ചതുരക്ഷര ദൈവ​നാ​മ​ത്തി​ന്റെ ഒരു വിപു​ലീ​ക​ര​ണം

[334-ാം പേജിലെ ചിത്രം]

സെൻഹെരീബ്‌ രാജാ​വി​ന്റെ പ്രിസം

[335-ാം പേജിലെ ചിത്രം]

നബോണീഡസ്‌ ക്രോ​ണി​ക്കിൾ

[336-ാം പേജിലെ ചിത്രം]

തിബെര്യോസിന്റെ ആലേഖനം സഹിത​മു​ളള ദിനാർനാ​ണ​യം

[337-ാം പേജിലെ ചിത്രം]

തീത്തൊസിന്റെ കമാനം

[337-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രബഹുമതികൾ, 9-ാം പാഠത്തി​ലേതു പേജനു​സ​രി​ച്ചു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം:

പേജ്‌ 333, Musée du Louvre, Paris;

പേജ്‌ 334, Courtesy of the Oriental Institute, University of Chicago;

പേജ്‌ 335, Courtesy of the Trustees of The British Museum;

പേജ്‌ 336, Courtesy of the Trustees of The British Museum.