വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 10—2 ശമൂവേൽ

ബൈബിൾ പുസ്‌തക നമ്പർ 10—2 ശമൂവേൽ

ബൈബിൾ പുസ്‌തക നമ്പർ 10—2 ശമൂവേൽ

എഴുത്തുകാർ: ഗാദും നാഥാ​നും

എഴുതിയ സ്ഥലം: ഇസ്രാ​യേൽ

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. ഏകദേശം 1040

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1077-1040

1. രണ്ടു ശമൂവേൽ ഏതു പശ്ചാത്ത​ല​ത്തിൽ തുടങ്ങു​ന്നു, അതിലെ വിവരണം എങ്ങനെ വികാ​സം​പ്രാ​പി​ക്കു​ന്നു?

 ഇസ്രാ​യേൽ ജനത ഗിൽബോ​വ​യി​ലെ വിപത്തി​ലും വിജയ​ശ്രീ​ലാ​ളി​ത​രായ ഫെലി​സ്‌ത്യ​രു​ടെ തത്‌ഫ​ല​മാ​യു​ളള നുഴഞ്ഞു​ക​യ​റ​റ​ങ്ങ​ളി​ലും നിരാ​ശി​ത​രാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ന്റെ നേതാ​ക്കൻമാ​രും അതിലെ യുവാ​ക്ക​ളു​ടെ ഏററം നല്ല ഭാഗവും മരിച്ചു​കി​ടന്നു. ഈ പശ്ചാത്ത​ല​ത്തിൽ യുവാ​വായ ‘യഹോ​വ​യു​ടെ അഭിഷി​ക്തൻ,’ യിശ്ശാ​യി​യു​ടെ പുത്ര​നായ ദാവീദ്‌, ദേശീയ രംഗ​ത്തേക്കു പൂർണ​മാ​യും കടന്നു​വന്നു. (2 ശമൂ. 19:21) യഹോ​വ​യു​ടെ​യും ദാവീ​ദി​ന്റെ​യും പുസ്‌തകം എന്ന്‌ ഉചിത​മാ​യി വിളി​ക്കാ​വുന്ന രണ്ടു ശമൂവേൽ എന്ന പുസ്‌തകം അങ്ങനെ തുടങ്ങു​ന്നു. അതിലെ വിവരണം സകലതരം പ്രവർത്ത​ന​ങ്ങ​ളും​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു. നാം പരാജ​യ​ത്തി​ന്റെ ആഴത്തിൽനി​ന്നു വിജയ​ത്തി​ന്റെ കൊടു​മു​ടി​യി​ലേക്ക്‌, കലാപ​ക​ലു​ഷി​ത​മായ ഒരു ജനതയു​ടെ അരിഷ്ട​ത​ക​ളിൽനിന്ന്‌ ഒരു ഏകീകൃത രാജ്യ​ത്തി​ന്റെ അഭിവൃ​ദ്ധി​യി​ലേക്ക്‌, യുവത്വ​ത്തി​ന്റെ ഊർജ​സ്വ​ല​ത​യിൽനി​ന്നു പ്രായ​ത്തി​ന്റെ ജ്ഞാനത്തി​ലേക്ക്‌, കൊണ്ടു​പോ​ക​പ്പെ​ടു​ന്നു. യഹോ​വയെ തന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടെ അനുസ​രി​ക്കാൻ ശ്രമി​ച്ച​പ്പോ​ഴത്തെ ദാവീ​ദി​ന്റെ വ്യക്തി​പ​ര​മായ ജീവിത വിവര​ണ​മാണ്‌ ഇവി​ടെ​യു​ള​ളത്‌. a അതു തന്റെ സ്രഷ്ടാ​വി​നോ​ടു​ളള ബന്ധത്തെ​യും നില​യെ​യും ബലിഷ്‌ഠ​മാ​ക്കേ​ണ്ട​തിന്‌ ഓരോ വായന​ക്കാ​ര​ന്റെ​യും ഭാഗത്തു ഹൃദയ​പ​രി​ശോ​ധ​ന​കൾക്കി​ട​യാ​ക്കുന്ന ഒരു വിവര​ണ​മാണ്‌.

2. (എ) ഈ പുസ്‌തകം രണ്ടു ശമൂവേൽ എന്നു വിളി​ക്ക​പ്പെ​ടാ​നി​ട​യാ​യ​തെ​ങ്ങനെ? (ബി) എഴുത്തു​കാർ ആരായി​രു​ന്നു, അവരുടെ യോഗ്യ​തകൾ എന്തൊ​ക്കെ​യാ​യി​രു​ന്നു, അവർ ഏതു രേഖമാ​ത്രമേ സൂക്ഷി​ക്കാൻ ശ്രമി​ച്ചു​ളളു?

2 യഥാർഥ​ത്തിൽ, രണ്ടു ശമൂ​വേ​ലി​ലെ രേഖയിൽ ശമൂ​വേ​ലി​ന്റെ പേർ പറഞ്ഞി​ട്ടു​പോ​ലു​മില്ല. പ്രത്യ​ക്ഷ​ത്തിൽ അത്‌ ഒന്നു ശമൂ​വേ​ലി​നോ​ടു​കൂ​ടെ ഒരു ചുരു​ളോ വാല്യ​മോ ആയിരു​ന്ന​തു​കൊ​ണ്ടാ​ണു പുസ്‌ത​ക​ത്തിന്‌ ആ പേർ കൊടു​ത്തി​രി​ക്കു​ന്നത്‌. ഒന്നു ശമൂ​വേ​ലി​ന്റെ എഴുത്തു പൂർത്തി​യാ​ക്കിയ പ്രവാ​ച​കൻമാ​രായ നാഥാ​നും ഗാദും രണ്ടു ശമൂവേൽ മുഴുവൻ എഴുതി​ത്തീ​രു​ന്ന​തു​വരെ എഴുത്തു തുടർന്നു. (1 ദിന. 29:29) അവർ ഈ വേലക്കു നല്ല യോഗ്യ​ത​യു​ള​ള​വ​രാ​യി​രു​ന്നു. ദാവീദ്‌ ഇസ്രാ​യേ​ലിൽ ഒരു ഭ്രഷ്ടനാ​യി വേട്ടയാ​ട​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​പ്പോൾ ഗാദ്‌ അവനോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. ദാവീ​ദി​ന്റെ 40-വർഷ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ട​ടു​ത്തും അവൻ സജീവ​മാ​യി രാജാ​വി​നോ​ടു സഹവസി​ച്ചി​രു​ന്നു. ബുദ്ധി​ശൂ​ന്യ​മാ​യി ഇസ്രാ​യേ​ലി​നെ എണ്ണിയ​തി​നു യഹോ​വ​യു​ടെ അപ്രീതി ഉച്ചരി​ക്കു​വാൻ ഉപയോ​ഗി​ക്ക​പ്പെ​ട്ടതു ഗാദാ​യി​രു​ന്നു. (1 ശമൂ. 22:5; 2 ശമൂ. 24:1-25) ദാവീ​ദി​ന്റെ ഒരു അടുത്ത കൂട്ടാ​ളി​യും പ്രവാ​ച​ക​നു​മായ നാഥാന്റെ പ്രവർത്തനം ഗാദിന്റെ ആയുഷ്‌കാ​ല​ത്തേക്കു കയറി​ക്കി​ട​ക്കു​ക​യും അതിന​പ്പു​റ​ത്തേക്കു വ്യാപി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ദാവീ​ദു​മാ​യു​ളള സുപ്ര​ധാന ഉടമ്പടി​യായ ഒരു നിത്യ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ഉടമ്പടി​യെ​ക്കു​റിച്ച്‌ അറിയി​ക്കു​ക​യെ​ന്നതു നാഥാന്റെ പദവി​യാ​യി​രു​ന്നു. ബെത്ത്‌-ശേബ ഉൾപ്പെട്ട ദാവീ​ദി​ന്റെ വലിയ പാപവും അതിനു​ളള ശിക്ഷയും സധൈ​ര്യം നിശ്വ​സ്‌ത​ത​യിൽ ചൂണ്ടി​ക്കാ​ട്ടി​യത്‌ അദ്ദേഹ​മാ​യി​രു​ന്നു. (2 ശമൂ. 7:1-17; 12:1-15) അങ്ങനെ “[ദൈവം] നൽകി​യി​രി​ക്കു​ന്നു” എന്നർഥ​മു​ളള പേരോ​ടു​കൂ​ടിയ നാഥാ​നെ​യും “നല്ല ഭാഗ്യം” എന്നർഥ​മു​ളള പേരോ​ടു​കൂ​ടിയ ഗാദി​നെ​യും രണ്ടു ശമൂ​വേ​ലി​ലെ നിശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മായ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്ന​തി​നു യഹോവ ഉപയോ​ഗി​ച്ചു. ഈ അഹംഭാ​വ​മി​ല്ലാത്ത ചരി​ത്ര​കാ​രൻമാർ തങ്ങളുടെ ഓർമ നിലനിർത്താൻ ശ്രമി​ച്ചില്ല, കാരണം അവരുടെ വംശ​ത്തെ​ക്കു​റി​ച്ചോ വ്യക്തി​പ​ര​മായ ജീവി​ത​ത്തെ​ക്കു​റി​ച്ചോ യാതൊ​ന്നും പറയു​ന്നില്ല. യഹോ​വ​യു​ടെ ഭാവി​യാ​രാ​ധ​ക​രു​ടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ദിവ്യ​നി​ശ്വ​സ്‌ത​മായ രേഖ സൂക്ഷി​ക്കാൻമാ​ത്രമേ അവർ ശ്രമി​ച്ചു​ളളു.

3. രണ്ടു ശമൂവേൽ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു, അതിന്റെ എഴുത്ത്‌ എപ്പോൾ പൂർത്തി​യാ​യി?

3 രണ്ടു ശമൂവേൽ ഇസ്രാ​യേ​ലി​ന്റെ ആദ്യത്തെ രാജാ​വായ ശൗലിന്റെ മരണത്തെ തുടർന്നു​ളള കൃത്യ​മായ ബൈബിൾവി​വ​രണം ഏറെറ​ടു​ക്കു​ന്നു, അതു ദാവീ​ദി​ന്റെ 40-വർഷ വാഴ്‌ച​യു​ടെ അവസാ​ന​ത്തോ​ട​ടു​ക്കു​ന്ന​തു​വരെ തുടരു​ക​യും ചെയ്യുന്നു. അങ്ങനെ, ഉൾപ്പെ​ടു​ത്തി​യി​രി​ക്കുന്ന കാലഘട്ടം പൊ.യു.മു. 1077 മുതൽ പൊ.യു.മു. ഏതാണ്ട്‌ 1040 വരെയു​ള​ള​താണ്‌. പുസ്‌തകം ദാവീ​ദി​ന്റെ മരണത്തെ രേഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നു​ളള വസ്‌തുത അതു പൊ.യു.മു. ഏതാണ്ട്‌ 1040-ൽ അല്ലെങ്കിൽ അവന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌ എഴുതി​യെ​ന്ന​തി​നു​ളള ശക്തമായ തെളി​വാണ്‌.

4. ഏതു കാരണ​ങ്ങ​ളാൽ രണ്ടു ശമൂവേൽ ബൈബിൾകാ​നോ​ന്റെ ഭാഗമാ​യി അംഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താണ്‌?

4 ഒന്നു ശമൂ​വേ​ലി​ന്റെ കാര്യ​ത്തിൽ ഉന്നയിച്ച അതേ കാരണ​ങ്ങ​ളാൽ രണ്ടു ശമൂവേൽ ബൈബിൾകാ​നോ​ന്റെ ഭാഗമെന്ന നിലയിൽ സ്വീക​രി​ക്ക​പ്പെ​ടേ​ണ്ട​താണ്‌. അതിന്റെ വിശ്വാ​സ്യത തർക്കമ​റ​റ​താണ്‌. ദാവീ​ദു​രാ​ജാ​വി​ന്റെ പാപങ്ങ​ളും പിഴവു​ക​ളും പോലും അവഗണി​ക്കാത്ത അതിന്റെ നിഷ്‌ക​പടത അതിൽതന്നെ ശക്തമായ ഒരു സാഹച​ര്യ​ത്തെ​ളി​വാണ്‌.

5. രണ്ടു ശമൂവേൽ നിശ്വസ്‌ത തിരു​വെ​ഴു​ത്താ​യി അംഗീ​ക​രി​ക്കു​ന്ന​തി​നു​ളള അതിശ​ക്ത​മായ കാരണ​മെ​ന്താണ്‌?

5 എന്നിരു​ന്നാ​ലും, രണ്ടു ശമൂ​വേ​ലി​ന്റെ വിശ്വാ​സ്യ​ത​യു​ടെ അതി​പ്ര​ബ​ല​മായ തെളിവു നിവൃ​ത്തി​യായ പ്രവച​ന​ങ്ങ​ളിൽ, വിശേ​ഷി​ച്ചു ദാവീ​ദു​മാ​യു​ളള രാജ്യ ഉടമ്പടി​യോ​ടു ബന്ധപ്പെട്ട പ്രവച​ന​നി​വൃ​ത്തി​ക​ളിൽ കാണാം. ദൈവം ദാവീ​ദി​നോട്‌ ഇങ്ങനെ വാഗ്‌ദ​ത്തം​ചെ​യ്‌തു: “നിന്റെ ഗൃഹവും നിന്റെ രാജത്വ​വും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമാ​യി​രി​ക്കും; നിന്റെ സിംഹാ​സ​ന​വും എന്നേക്കും ഉറെച്ചി​രി​ക്കും.” (7:16) യഹൂദാ​രാ​ജ്യ​ത്തി​ന്റെ അവസാ​ന​ഘ​ട്ട​ത്തിൽപ്പോ​ലും യിരെ​മ്യാവ്‌ ദാവീ​ദു​ഗൃ​ഹ​ത്തോ​ടു​ളള ഈ വാഗ്‌ദ​ത്ത​ത്തി​ന്റെ തുടർച്ച​യെ​ക്കു​റി​ച്ചു പറയു​ക​യു​ണ്ടാ​യി, ഈ വാക്കു​ക​ളിൽ: “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു. യിസ്രാ​യേൽ ഗൃഹത്തി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിപ്പാൻ ദാവീ​ദി​ന്നു ഒരു പുരുഷൻ ഇല്ലാതെ വരിക​യില്ല.” (യിരെ. 33:17) ഈ പ്രവചനം നിവൃ​ത്തി​യാ​കാ​തെ പോയി​ട്ടില്ല, എന്തു​കൊ​ണ്ടെ​ന്നാൽ ബൈബിൾ വ്യക്തമാ​യി സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, യഹോവ പിൽക്കാ​ലത്തു യഹൂദ​യിൽനി​ന്നു “ദാവീ​ദി​ന്റെ പുത്ര​നായ യേശു​ക്രി​സ്‌തു”വിനെ ഉളവാക്കി.—മത്താ. 1:1.

രണ്ടു ശമൂ​വേ​ലി​ന്റെ ഉളളടക്കം

6. ശൗലി​ന്റെ​യും യോനാ​ഥാ​ന്റെ​യും മരണവാർത്ത കേട്ട​പ്പോൾ ദാവീദ്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

6 ദാവീ​ദി​ന്റെ വാഴ്‌ച​യി​ലെ പ്രാരം​ഭ​സം​ഭ​വങ്ങൾ (1:1–4:12). ഗിൽബോവ പർവത​ത്തിൽവെ​ച്ചു​ളള ശൗലിന്റെ മരണത്തെ തുടർന്നു യുദ്ധത്തിൽനിന്ന്‌ ഓടി​പ്പോന്ന ഒരു അമാ​ലേ​ക്യൻ ആ വാർത്ത​യു​മാ​യി സിക്ലാ​ഗിൽ ദാവീ​ദി​ന്റെ അടുക്ക​ലേക്കു ധൃതി​യിൽ വരുന്നു. ദാവീ​ദി​ന്റെ പ്രീതി നേടാ​മെന്ന്‌ ആശിച്ചു​കൊ​ണ്ടു ശൗലിനെ കൊന്നതു താൻത​ന്നെ​യാ​ണെ​ന്നു​ളള കഥ അയാൾ കെട്ടി​ച്ച​മ​ക്കു​ന്നു. അഭിന​ന്ദ​ന​ത്തി​നു പകരം, അമാ​ലേ​ക്യ​നു മരണമാ​കുന്ന പ്രതി​ഫലം മാത്രമേ കിട്ടു​ന്നു​ളളു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ “യഹോ​വ​യു​ടെ അഭിഷി​ക്തനെ” കൊന്ന​താ​യി സാക്ഷ്യം പറഞ്ഞു​കൊ​ണ്ടു സ്വയം കുററം​വി​ധി​ച്ചു. (1:16) പുതിയ രാജാ​വായ ദാവീദ്‌ ഇപ്പോൾ “വില്ല്‌” എന്ന ഒരു വിലാ​പ​ഗീ​തം രചിക്കു​ന്നു, അതിൽ അവൻ ശൗലി​ന്റെ​യും യോനാ​ഥാ​ന്റെ​യും മരണ​ത്തെ​ക്കു​റി​ച്ചു വിലപി​ക്കു​ന്നു. ഇതു ദാവീ​ദി​നു യോനാ​ഥാ​നോ​ടു​ളള കവി​ഞ്ഞൊ​ഴു​കുന്ന ഹൃദയ​സ്‌പൃ​ക്കായ സ്‌നേ​ഹ​പ്ര​ക​ട​ന​ത്തിൽ മനോ​ഹ​ര​മായ പാരമ്യ​ത്തി​ലേ​ക്കു​യ​രു​ന്നു: “യോനാ​ഥാ​നേ, എന്റെ സഹോ​ദരാ, നിന്നെ​ച്ചൊ​ല്ലി ഞാൻ ദുഃഖി​ക്കു​ന്നു; നീ എനിക്കു അതിവ​ത്സലൻ ആയിരു​ന്നു. നിൻ​പ്രേമം കളത്ര​പ്രേ​മ​ത്തി​ലും വിസ്‌മ​യ​മേ​റി​യതു. വീരൻമാർ പട്ടു​പോ​യതു എങ്ങനെ; യുദ്ധാ​യു​ധങ്ങൾ നശിച്ചു​പോ​യ​ല്ലോ!”—1:17, 18, 26, 27.

7. വേറെ ഏതു സംഭവങ്ങൾ ദാവീ​ദി​ന്റെ വാഴ്‌ച​യു​ടെ ആദിമ ഭാഗത്തു നടക്കുന്നു?

7 യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​പ്ര​കാ​രം ദാവീ​ദും അവന്റെ ആളുക​ളും തങ്ങളുടെ കുടും​ബ​ങ്ങളെ യഹൂദാ​യു​ടെ പ്രദേ​ശത്തെ ഹെ​ബ്രോ​നി​ലേക്കു മാററു​ന്നു. ഇവിടെ ആ ഗോ​ത്ര​ത്തി​ലെ മൂപ്പൻമാർ പൊ.യു.മു. 1077-ൽ തങ്ങളുടെ രാജാ​വാ​യി ദാവീ​ദി​നെ അഭി​ഷേകം ചെയ്യാൻ വരുന്നു. സൈന്യാ​ധി​പ​നായ യോവാബ്‌ ദാവീ​ദി​ന്റെ പിന്തു​ണ​ക്കാ​രിൽ അതി​പ്ര​മു​ഖ​നാ​യി​ത്തീ​രു​ന്നു. എന്നിരു​ന്നാ​ലും ജനതയു​ടെ​മേ​ലു​ളള രാജത്വ​ത്തി​ന്റെ ഒരു എതിരാ​ളി​യെന്ന നിലയിൽ സൈന്യാ​ധി​പ​നായ അബ്‌നേർ ശൗലിന്റെ ഒരു പുത്ര​നായ ഈശ്‌ബോ​ശെ​ത്തി​നെ അഭി​ഷേകം ചെയ്യുന്നു. രണ്ട്‌ എതിർ​സൈ​ന്യ​ങ്ങൾ തമ്മിൽ കാലി​ക​മായ സംഘട്ട​നങ്ങൾ ഉണ്ട്‌, അബ്‌നേർ യോവാ​ബി​ന്റെ ഒരു സഹോ​ദ​രനെ കൊല്ലു​ന്നു. ഒടുവിൽ, അബ്‌നേർ ദാവീ​ദി​ന്റെ പാളയ​ത്തി​ലേക്കു കാലു​മാ​റു​ന്നു. ദാവീദ്‌ ദീർഘ​നാൾ മുമ്പു വിവാ​ഹ​വില കൊടു​ത്തി​രുന്ന ശൗലിന്റെ മകളായ മീഖളി​നെ അയാൾ ദാവീ​ദി​ന്റെ അടുക്കൽ കൊണ്ടു​ചെ​ല്ലു​ന്നു. എന്നിരു​ന്നാ​ലും, തന്റെ സഹോ​ദ​രനെ കൊന്ന​തി​നു പ്രതി​കാ​ര​മെ​ന്നോ​ണം യോവാബ്‌ അബ്‌നേ​രി​നെ കൊല്ലാൻ ഒരു അവസരം കണ്ടെത്തു​ന്നു. ദാവീദ്‌ ഇതിൽ അതിദുഃ​ഖി​ത​നാ​വു​ക​യും അതിന്റെ ഏതൊരു ഉത്തരവാ​ദി​ത്വ​വും നിഷേ​ധി​ക്കു​ക​യും ചെയ്യുന്നു. അതിനു​ശേഷം ഈശ്‌ബോ​ശെത്ത്‌ “ഉച്ചസമ​യത്തു ആശ്വസി​ച്ചു​കി​ടക്കു”മ്പോൾ കൊല​ചെ​യ്യ​പ്പെ​ടു​ന്നു.—4:5.

8. യഹോവ എല്ലാ ഇസ്രാ​യേ​ലി​ന്റെ​മേ​ലു​മു​ളള ദാവീ​ദി​ന്റെ വാഴ്‌ചയെ എങ്ങനെ അഭിവൃ​ദ്ധി​പ്പെ​ടു​ത്തു​ന്നു?

8 ദാവീദ്‌ യെരു​ശ​ലേ​മിൽ രാജാവ്‌ (5:1–6:23). ദാവീദ്‌ അപ്പോ​ഴേ​ക്കും യഹൂദ​യിൽ ഏഴു വർഷവും ആറുമാ​സ​വും രാജാ​വാ​യി ഭരി​ച്ചെ​ങ്കി​ലും അവൻ ഇപ്പോ​ഴാണ്‌ എതിരി​ല്ലാത്ത ഭരണാ​ധി​കാ​രി​യാ​യി​ത്തീ​രു​ന്നത്‌. ഗോ​ത്ര​ങ്ങ​ളു​ടെ പ്രതി​നി​ധി​കൾ അവനെ സർവ ഇസ്രാ​യേ​ലി​ന്റെ​മേ​ലും രാജാ​വാ​യി അഭി​ഷേകം ചെയ്യുന്നു. ഇത്‌ അവന്റെ മൂന്നാ​മത്തെ അഭി​ഷേ​ക​മാണ്‌ (പൊ.യു.മു. 1070). മുഴു രാജ്യ​ത്തി​ന്റെ​യും ഭരണാ​ധി​കാ​രി​യെന്ന നിലയിൽ ദാവീ​ദി​ന്റെ ആദ്യന​ട​പ​ടി​ക​ളി​ലൊ​ന്നു സുരക്ഷി​ത​മാ​യി സ്ഥാനമു​റ​പ്പി​ച്ചി​രുന്ന യെബൂ​സ്യ​രെ ജലതു​ര​ങ്കം​വഴി പെട്ടെന്ന്‌ ആക്രമി​ച്ചു​കൊണ്ട്‌ അവരിൽനി​ന്നു യെരു​ശ​ലേ​മി​ലെ സീയോൻകോട്ട പിടി​ച്ച​ട​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. ദാവീദ്‌ അനന്തരം യെരു​ശ​ലേ​മി​നെ തന്റെ തലസ്ഥാന നഗരി​യാ​ക്കി​ത്തീർക്കു​ന്നു. സൈന്യ​ങ്ങ​ളു​ടെ യഹോവ ദാവീ​ദി​നെ അനു​ഗ്ര​ഹി​ക്കു​ക​യും അവനെ അധിക​മ​ധി​കം വലിയ​വ​നാ​ക്കു​ക​യും ചെയ്യുന്നു. സോരി​ലെ സമ്പന്നരാ​ജാ​വായ ഹീരാം പോലും രാജാ​വി​നു​വേണ്ടി ഒരു ഭവനം പണിയാൻ ദാവീ​ദി​നു വില​യേ​റിയ ദേവദാ​രു കൊടു​ക്കു​ന്നു, ജോലി​ക്കാ​രെ​യും അയയ്‌ക്കു​ന്നു. ദാവീ​ദി​ന്റെ കുടും​ബം വർധി​ക്കു​ന്നു. യഹോവ അവന്റെ ഭരണത്തെ അഭിവൃ​ദ്ധി​പ്പെ​ടു​ത്തു​ന്നു. യുദ്ധ​പ്രി​യ​രായ ഫെലി​സ്‌ത്യ​രു​മാ​യി രണ്ട്‌ ഏററു​മു​ട്ട​ലു​കൾ കൂടെ നടക്കുന്നു. ഇവയിൽ ആദ്യ​ത്തേ​തിൽ, ദാവീ​ദി​നു വിജയം കൊടു​ത്തു​കൊ​ണ്ടു യഹോവ ബാൽ-പെരാ​സീ​മിൽ ശത്രു​വി​നെ ഭേദി​ക്കു​ന്നു. രണ്ടാമ​ത്തേ​തിൽ, ഫെലി​സ്‌ത്യ സൈന്യ​ങ്ങളെ തുരത്തു​ന്ന​തി​നു യഹോവ ഇസ്രാ​യേ​ലി​ന്റെ മുമ്പിൽ പോകു​ന്ന​താ​യി സൂചി​പ്പി​ച്ചു​കൊ​ണ്ടു “ബാഖാ​വൃ​ക്ഷ​ങ്ങ​ളു​ടെ അഗ്രങ്ങ​ളിൽകൂ​ടി അണിന​ട​ക്കുന്ന ഒച്ച” ഉണ്ടാക്കി അവൻ മറെറാ​രു അത്ഭുതം ചെയ്യുന്നു. (5:24) യഹോ​വ​യു​ടെ സൈന്യ​ങ്ങൾക്കു മറെറാ​രു പ്രമുഖ വിജയം!

9. പെട്ടകം യെരു​ശ​ലേ​മി​ലേക്കു കൊണ്ടു​വ​രു​ന്ന​തി​നോ​ടു ബന്ധപ്പെട്ട സംഭവങ്ങൾ വർണി​ക്കുക.

9 ദാവീദ്‌ 30,000 പേരു​മാ​യി ബാലേ-യെഹൂ​ദ​യിൽനി​ന്നു (കിര്യത്ത്‌ യയാരീം) യെരു​ശ​ലേ​മി​ലേക്ക്‌ ഉടമ്പടി​യു​ടെ പെട്ടകം കൊണ്ടു​വ​രു​ന്ന​തി​നു പുറ​പ്പെ​ടു​ന്നു. വലിയ സംഗീ​ത​ത്തോ​ടും സന്തോ​ഷ​ത്തോ​ടും കൂടെ അതു കൊണ്ടു​വ​രു​മ്പോൾ അത്‌ ഇരിക്കുന്ന വണ്ടി ഒന്നു ചെരി​യു​ന്നു, ഒപ്പം നടക്കുന്ന ഉസ്സാ വിശു​ദ്ധ​പെ​ട്ട​കത്തെ നേരെ​യാ​ക്കു​ന്ന​തി​നു കൈനീ​ട്ടു​ന്നു. “അപ്പോൾ യഹോ​വ​യു​ടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവി​വേകം നിമിത്തം ദൈവം അവി​ടെ​വെച്ചു അവനെ സംഹരി​ച്ചു.” (6:7) പെട്ടകം ഓബേദ്‌-എദോ​മി​ന്റെ വീട്ടിൽ ഇരിക്കു​ന്നു, അടുത്ത മൂന്നു മാസക്കാ​ലത്തു യഹോവ ഓബേദ്‌-എദോ​മി​ന്റെ കുടും​ബത്തെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ന്നു. മൂന്നു മാസം കഴിഞ്ഞു ശേഷിച്ച ദൂരം ശരിയായ രീതി​യിൽ പെട്ടകം എടുത്തു​കൊ​ണ്ടു​പോ​കാൻ ദാവീദ്‌ വരുന്നു. സന്തോ​ഷ​ഭ​രി​ത​മാ​യി ആർപ്പോ​ടും സംഗീ​ത​ത്തോ​ടും നൃത്ത​ത്തോ​ടും കൂടെ പെട്ടകം ദാവീ​ദി​ന്റെ തലസ്ഥാ​ന​ത്തേക്കു കൊണ്ടു​വ​രു​ന്നു. യഹോ​വ​യു​ടെ മുമ്പാകെ നൃത്തം​ചെ​യ്‌തു​കൊ​ണ്ടു ദാവീദ്‌ വലിയ സന്തോഷം പ്രകടി​പ്പി​ക്കു​ന്നു, എന്നാൽ അവന്റെ ഭാര്യ മീഖൾ ഇതി​നോ​ടു വിയോ​ജി​ക്കു​ന്നു. “ഞാൻ യഹോ​വ​യു​ടെ മുമ്പാകെ നൃത്തം ചെയ്യും,” ദാവീദു നിർബ​ന്ധം​പി​ടി​ക്കു​ന്നു. (6:21) പരിണ​ത​ഫ​ല​മെ​ന്നോ​ണം മീഖൾ മരണം​വരെ സന്താന​മി​ല്ലാ​തെ കഴിയു​ന്നു. b

10. യഹോ​വ​യു​ടെ വേറെ ഏത്‌ ഉടമ്പടി​യും വാഗ്‌ദ​ത്ത​വും അടുത്ത​താ​യി നമ്മുടെ ശ്രദ്ധയി​ലേക്കു വരുന്നു?

10 ദാവീ​ദു​മാ​യു​ളള ദൈവ​ത്തി​ന്റെ ഉടമ്പടി (7:1-29). നാമി​പ്പോൾ ദാവീ​ദി​ന്റെ ജീവി​ത​ത്തി​ലെ ഏററവും പ്രധാ​ന​പ്പെട്ട സംഭവ​ങ്ങ​ളിൽ ഒന്നി​ലേക്കു വരുന്നു. അതു വാഗ്‌ദത്ത സന്തതി​യു​ടെ കീഴിലെ രാജ്യ​ത്താ​ലു​ളള യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​രണം എന്ന ബൈബി​ളി​ന്റെ കേന്ദ്ര​വി​ഷ​യ​ത്തോ​ടു നേരിട്ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഈ സംഭവം ദൈവ​ത്തി​ന്റെ പെട്ടക​ത്തിന്‌ ഒരു ഭവനം പണിയാ​നു​ളള ദാവീ​ദി​ന്റെ ആഗ്രഹ​ത്തിൽനി​ന്നാണ്‌ ഉയർന്നു​വ​രു​ന്നത്‌. താൻതന്നെ ദേവദാ​രു​കൊ​ണ്ടു​ളള മനോ​ഹ​ര​മായ വീട്ടിൽ ജീവി​ക്കു​മ്പോൾ യഹോ​വ​യു​ടെ ഉടമ്പടി​യു​ടെ പെട്ടക​ത്തി​നു​വേണ്ടി ഒരു ഭവനം പണിയാ​നു​ളള തന്റെ ആഗ്രഹം ദാവീദ്‌ നാഥാ​നോ​ടു സൂചി​പ്പി​ക്കു​ന്നു. നാഥാ​നി​ലൂ​ടെ യഹോവ ഇസ്രാ​യേ​ലി​നോ​ടു​ളള തന്റെ സ്‌നേ​ഹ​ദ​യക്കു വീണ്ടും ഉറപ്പു​കൊ​ടു​ക്കു​ന്നു, അവനു​മാ​യി എല്ലാ കാലത്തും നിലനിൽക്കുന്ന ഒരു ഉടമ്പടി​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ നാമത്തി​നു​വേ​ണ്ടി​യു​ളള ആലയം പണിയു​ന്നതു ദാവീദല്ല, അവന്റെ സന്തതി​യാ​യി​രി​ക്കും. അതുമാ​ത്ര​വു​മല്ല, യഹോവ സ്‌നേ​ഹ​പൂർവ​ക​മായ ഈ വാഗ്‌ദാ​നം​ചെ​യ്യു​ന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വ​വും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമാ​യി​രി​ക്കും; നിന്റെ സിംഹാ​സ​ന​വും എന്നേക്കും ഉറെച്ചി​രി​ക്കും.”—7:16.

11. ദാവീദ്‌ ഏതു പ്രാർഥ​ന​യോ​ടെ നന്ദി പ്രകട​മാ​ക്കു​ന്നു?

11 ഈ രാജ്യ ഉടമ്പടി​യി​ലൂ​ടെ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന യഹോ​വ​യു​ടെ നൻമയാൽ കീഴട​ക്ക​പ്പെ​ട്ടി​ട്ടു ദാവീദ്‌ ദൈവ​ത്തി​ന്റെ സകല സ്‌നേ​ഹ​ദ​യ​ക്കു​മു​ളള തന്റെ നന്ദി പകരുന്നു: “നിനക്കു ജനമായി വീണ്ടെ​ടു​പ്പാ​നും നിനക്കു ഒരു നാമം സമ്പാദി​പ്പാ​നും നീ ചെന്നി​രി​ക്കുന്ന നിന്റെ ജനമായ യിസ്രാ​യേ​ലി​ന്നു തുല്യ​മാ​യി ഭൂമി​യിൽ ഏതൊരു ജാതി​യു​ളളു, . . . യഹോവേ, നീ അവർക്കു ദൈവ​മാ​യ്‌തീർന്നു​മി​രി​ക്കു​ന്നു.” (7:23, 24) യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നു​വേ​ണ്ടി​യും തന്റെ ഗൃഹം അവന്റെ മുമ്പിൽ സ്ഥിരമാ​യി സ്ഥാപി​ത​മാ​കു​ന്ന​തി​നു​വേ​ണ്ടി​യും ദാവീദ്‌ വികാ​ര​തീ​ക്ഷ്‌ണ​മാ​യി പ്രാർഥി​ക്കു​ന്നു.

12. ദാവീദ്‌ ഏതു യുദ്ധം നടത്തുന്നു, അദ്ദേഹം ശൗലിന്റെ ഗൃഹ​ത്തോട്‌ എന്തു ദയ കാട്ടുന്നു?

12 ദാവീദ്‌ ഇസ്രാ​യേ​ലി​ന്റെ ഭരണ​പ്ര​ദേശം വിശാ​ല​മാ​ക്കു​ന്നു (8:1–10:19) എന്നിരു​ന്നാ​ലും, ദാവീ​ദി​നു സമാധാ​ന​ത്തോ​ടെ ഭരിക്കാൻ കഴിയു​ന്നില്ല. ഇനിയും യുദ്ധങ്ങൾ നടത്തേ​ണ്ട​തുണ്ട്‌. ഇസ്രാ​യേ​ലി​ന്റെ അതിർത്തി ദൈവ​നി​യ​മി​ത​മായ പരിധി​യോ​ളം വികസി​പ്പി​ക്കു​ന്ന​തി​നു ദാവീദ്‌ ഫെലി​സ്‌ത്യ​രെ​യും മോവാ​ബ്യ​രെ​യും സോബാ​ക്കാ​രെ​യും സിറി​യ​ക്കാ​രെ​യും ഏദോ​മ്യ​രെ​യും ആക്രമി​ക്കാൻ പുറ​പ്പെ​ടു​ന്നു. (2 ശമൂ. 8:1-5, 13-15; ആവ. 11:24) അനന്തരം അവൻ യോനാ​ഥാ​നു​വേണ്ടി, ശേഷിച്ച ഏതൊ​രാ​ളോ​ടും സ്‌നേ​ഹദയ പ്രകട​മാ​ക്കേ​ണ്ട​തി​നു ശൗലിന്റെ ഗൃഹത്തി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കു​ന്നു. ശൗലിന്റെ ഒരു ദാസനായ സീബാ യോനാ​ഥാ​ന്റെ ഒരു പുത്ര​നായ മുടന്തു​ളള മെഫീ​ബോ​ശെ​ത്തി​ലേക്ക്‌ അവന്റെ ശ്രദ്ധ ക്ഷണിക്കു​ന്നു. ഉടൻതന്നെ, ശൗലിന്റെ സകല വസ്‌തു​ക്ക​ളും മെഫീ​ബോ​ശെ​ത്തി​നു വിട്ടു​കൊ​ടു​ക്കാ​നും മെഫീ​ബോ​ശെ​ത്തി​ന്റെ ഭവനത്തിന്‌ ആഹാരം കൊടു​ക്കാൻ അവന്റെ ഭൂമി സീബാ​യും അവന്റെ ദാസൻമാ​രും കൃഷി​ചെ​യ്യാ​നും ദാവീദ്‌ ആവശ്യ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും മെഫീ​ബോ​ശെത്ത്‌ ദാവീ​ദി​ന്റെ മേശയ്‌ക്കൽ ഭക്ഷി​ക്കേ​ണ്ട​താണ്‌.

13. താൻ ദാവീ​ദി​നോ​ടു​കൂ​ടെ ഉണ്ടെന്ന്‌ ഏതു കൂടു​ത​ലായ വിജയ​ങ്ങ​ളി​ലൂ​ടെ യഹോവ പ്രകട​മാ​ക്കു​ന്നു?

13 അമ്മോ​നി​ലെ രാജാവു മരിക്കു​മ്പോൾ, സ്‌നേ​ഹ​ദ​യാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ദാവീദ്‌ അവന്റെ പുത്ര​നായ ഹാനൂന്റെ അടുക്ക​ലേക്കു സ്ഥാനപ​തി​മാ​രെ അയയ്‌ക്കു​ന്നു. എന്നിരു​ന്നാ​ലും, ദേശം ഒററു​നോ​ക്കാ​നാ​ണു ദാവീദ്‌ അവരെ അയച്ച​തെന്നു ഹാനൂന്റെ ഉപദേ​ശ​കൻമാർ കുററ​മാ​രോ​പി​ക്കു​ന്നു, തന്നിമി​ത്തം അവരെ അവർ അപമാ​നിച്ച്‌ അർധന​ഗ്ന​രാ​യി തിരി​ച്ച​യ​യ്‌ക്കു​ന്നു. ഈ അപമര്യാ​ദ​യിൽ കുപി​ത​നാ​യി ഈ ദുഷ്‌പ്ര​വൃ​ത്തി​ക്കു പകരം വീട്ടാൻ ദാവീദ്‌ യോവാ​ബി​നെ സൈന്യ​വു​മാ​യി അയയ്‌ക്കു​ന്നു. തന്റെ സേനകളെ വിഭജി​ച്ചു​കൊണ്ട്‌ അവൻ അനായാ​സം അമ്മോ​ന്യ​രെ​യും അവരെ സഹായി​ക്കാൻ വന്ന സിറി​യ​ക്കാ​രെ​യും തുരത്തു​ന്നു. സിറി​യ​ക്കാർ അവരുടെ സൈന്യ​ങ്ങളെ പുനഃ​സം​ഘ​ടി​പ്പി​ച്ചു, ദാവീ​ദി​ന്റെ സൈന്യാ​ധി​പ​ത്യ​ത്തിൽ യഹോ​വ​യു​ടെ സൈന്യ​ങ്ങ​ളാൽ വീണ്ടും തോൽപ്പി​ക്ക​പ്പെ​ടു​ക​യും 700 രഥനാ​യ​കൻമാ​രു​ടെ​യും 40,000 കുതി​ര​ക്കാ​രു​ടെ​യും നഷ്ടം അനുഭ​വി​ക്കു​ക​യും ചെയ്യു​ന്നു​വെ​ന്ന​തു​മാ​ത്ര​മാ​ണു ഫലം. ദാവീ​ദി​ന്റെ​മേ​ലു​ളള യഹോ​വ​യു​ടെ പ്രീതി​യു​ടെ​യും അനു​ഗ്ര​ഹ​ത്തി​ന്റെ​യും കൂടു​ത​ലായ തെളി​വാ​ണി​വി​ടെ​യു​ള​ളത്‌.

14. ദാവീദ്‌ ബത്ത്‌-ശേബയു​ടെ കാര്യ​ത്തിൽ ഏതു പാപങ്ങൾ ചെയ്യുന്നു?

14 ദാവീദ്‌ യഹോ​വ​ക്കെ​തി​രെ പാപം​ചെ​യ്യു​ന്നു (11:1–12:31). അടുത്ത വസന്തത്തിൽ ദാവീദു വീണ്ടും രബ്ബയെ ഉപരോ​ധി​ക്കു​ന്ന​തി​നു യോവാ​ബി​നെ അമ്മോ​നി​ലേക്ക്‌ അയയ്‌ക്കു​ന്നു, അതേസ​മയം ദാവീ​ദാ​കട്ടെ യെരു​ശ​ലേ​മിൽത്തന്നെ കഴിയു​ന്നു. ഒരു ദിവസം സന്ധ്യക്ക്‌ ഊരി​യാ​വി​ന്റെ സുന്ദരി​യായ ഭാര്യ ബത്ത്‌ശേബ കുളി​ക്കു​ന്നത്‌ അവൻ തന്റെ മട്ടുപ്പാ​വിൽനി​ന്നു കാണാ​നി​ട​യാ​കു​ന്നു. അവളെ തന്റെ വീട്ടി​ലേക്കു വരുത്തി അവൻ അവളു​മാ​യി വേഴ്‌ച​ക​ളി​ലേർപ്പെ​ടു​ന്നു, അവൾ ഗർഭി​ണി​യാ​കു​ന്നു. രബ്ബയിലെ യുദ്ധത്തിൽനിന്ന്‌ ഊരി​യാ​വി​നെ തിരി​ച്ചു​വ​രു​ത്തി​ക്കൊ​ണ്ടും ആയാസം​തീർക്കു​ന്ന​തിന്‌ അയാളെ വീട്ടി​ലേക്ക്‌ അയച്ചു​കൊ​ണ്ടും കുററം മറയ്‌ക്കാൻ ദാവീദ്‌ ശ്രമി​ക്കു​ന്നു. എന്നിരു​ന്നാ​ലും, പെട്ടക​വും സൈന്യ​വും “കൂടാ​ര​ങ്ങ​ളിൽ വസിക്കു”മ്പോൾ സ്വയം ഉല്ലസി​ക്കു​ന്ന​തി​നും ഭാര്യ​യു​മാ​യി വേഴ്‌ച​ക​ളി​ലേർപ്പെ​ടു​ന്ന​തി​നും ഊരി​യാ​വു വിസമ്മ​തി​ക്കു​ന്നു. നിരാ​ശ​യിൽ ദാവീദ്‌ “പട കഠിന​മാ​യി​രി​ക്കു​ന്നേ​ടത്തു ഊരി​യാ​വെ മുന്നണി​യിൽ നിർത്തി അവൻ വെട്ടു​കൊ​ണ്ടു മരിക്ക​ത്ത​ക്ക​വണ്ണം അവനെ വിട്ടു പിൻമാ​റു​വിൻ” എന്നെഴു​തിയ ഒരു എഴുത്തു​മാ​യി യോവാ​ബി​ന്റെ അടുക്ക​ലേക്ക്‌ ഊരി​യാ​വി​നെ തിരി​ച്ച​യ​യ്‌ക്കു​ന്നു. (11:11, 15) ഈ വിധത്തിൽ ഊരി​യാ​വു മരിക്കു​ന്നു. ബത്ത്‌ശേ​ബ​യു​ടെ വിലാ​പ​കാ​ലം കഴിഞ്ഞ ശേഷം ദാവീദ്‌ ഉടൻതന്നെ അവളെ വീട്ടിൽ കൊണ്ടു​പോ​കു​ന്നു, അവിടെ അവൾ അവന്റെ ഭാര്യ​യാ​യി​ത്തീ​രു​ന്നു. അവരുടെ കുട്ടി, ഒരു മകൻ, ജനിക്കു​ന്നു.

15. നാഥാൻ എങ്ങനെ ദാവീ​ദി​ന്റെ​മേൽ പ്രാവ​ച​നിക ന്യായ​വി​ധി ഉച്ചരി​ക്കു​ന്നു?

15 ഇതു യഹോ​വ​യു​ടെ ദൃഷ്ടി​ക​ളിൽ വഷളത്ത​മാണ്‌. അവൻ ഒരു ന്യായ​വി​ധി​ദൂ​തു​മാ​യി നാഥാൻ പ്രവാ​ച​കനെ ദാവീ​ദി​ന്റെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. നാഥാൻ ഒരു ധനിക​നെ​യും ഒരു ദരി​ദ്ര​നെ​യും കുറിച്ചു ദാവീ​ദി​നോ​ടു പറയുന്നു. ഒരുവന്‌ അനേകം ആട്ടിൻകൂ​ട്ടങ്ങൾ ഉണ്ടായി​രു​ന്നു, മറേറ​യാ​ളിന്‌ ഒരു പെണ്ണാ​ട്ടിൻകു​ട്ടി ഉണ്ടായി​രു​ന്നു. അതു കുടും​ബ​ത്തിൽ ഓമന​യാ​യി​രു​ന്നു, “അവന്നു ഒരു മകളെ​പ്പോ​ലെ​യും ആയിരു​ന്നു.” എന്നിരു​ന്നാ​ലും, ഒരു വിരു​ന്നു​ക​ഴി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ ധനികൻ തന്റെ സ്വന്തം ആട്ടിൻകൂ​ട്ട​ങ്ങ​ളിൽനിന്ന്‌ ഒരു ആടി​നെയല്ല, ദരി​ദ്ര​മ​മ​നു​ഷ്യ​ന്റെ പെണ്ണാ​ട്ടിൻകു​ട്ടി​യെ എടുത്തു. ഇതു കേട്ടു കോപാ​കു​ല​നായ ദാവീദ്‌: “യഹോ​വ​യാണ, ഇതു ചെയ്‌തവൻ മരണ​യോ​ഗ്യൻ” എന്ന്‌ ആക്രോ​ശി​ക്കു​ന്നു. “ആ മനുഷ്യൻ നീ തന്നെ” എന്നു നാഥാൻ മറുപ​ടി​പ​റ​യു​ന്നു. (12:3, 5, 7) അനന്തരം മറെറാ​രു മനുഷ്യൻ ദാവീ​ദി​ന്റെ ഭാര്യ​മാ​രെ പരസ്യ​മാ​യി ബലാൽസം​ഗം ചെയ്യു​മെ​ന്നും അവന്റെ ഭവനം ആഭ്യന്ത​ര​യു​ദ്ധ​ത്താൽ ബാധി​ക്ക​പ്പെ​ടു​മെ​ന്നും ബത്ത്‌ശേ​ബ​യി​ലു​ളള അവന്റെ കുട്ടി മരിക്കു​മെ​ന്നു​മു​ളള പ്രാവ​ച​നിക ന്യായ​വി​ധി നാഥാൻ ഉച്ചരി​ക്കു​ന്നു.

16. (എ) ബത്ത്‌-ശേബയി​ലു​ളള ദാവീ​ദി​ന്റെ രണ്ടാമത്തെ പുത്രന്റെ പേരു​കൾക്ക്‌ ഏത്‌ അർഥങ്ങ​ളുണ്ട്‌? (ബി) രബ്ബയു​ടെ​മേ​ലു​ളള ആക്രമ​ണ​ത്തി​ന്റെ അന്തിമ ഫലമെന്ത്‌?

16 ആത്മാർഥ​മായ ദുഃഖ​ത്തോ​ടെ​യും അനുതാ​പ​ത്തോ​ടെ​യും ദാവീദ്‌, “ഞാൻ യഹോ​വ​യോ​ടു പാപം ചെയ്‌തി​രി​ക്കു​ന്നു” എന്നു തുറന്നു സമ്മതി​ക്കു​ന്നു. (12:13) യഹോ​വ​യു​ടെ വചന​പ്ര​കാ​രം വ്യഭി​ചാ​ര​ബ​ന്ധ​ത്തി​ന്റെ സന്തതി ഏഴു ദിവസത്തെ ദീനത്തി​നു​ശേഷം മരിക്കു​ന്നു. (പിന്നീടു ദാവീ​ദി​നു ബത്ത്‌ശേ​ബ​യിൽ മറെറാ​രു പുത്രൻ ജനിക്കു​ന്നു; ഈ പുത്രനെ അവർ ശലോ​മോൻ എന്നു വിളി​ക്കു​ന്നു, “സമാധാ​നം” എന്നർഥ​മു​ളള ഒരു ധാതു​വിൽനി​ന്നാണ്‌ ആ നാമം ഉത്ഭവി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, “യാഹിന്റെ പ്രിയൻ” എന്നർഥ​മു​ളള യെദീ​ദ്യാവ്‌ എന്നും അവനെ വിളി​ക്കാൻ യഹോവ നാഥാനെ പറഞ്ഞയ​യ്‌ക്കു​ന്നു.) ദാവീ​ദി​ന്റെ കിടി​ലം​കൊ​ള​ളി​ക്കുന്ന അനുഭ​വ​ത്തി​നു​ശേഷം രബ്ബയി​ലേക്കു വരാൻ യോവാബ്‌ ദാവീ​ദി​നെ ക്ഷണിക്കു​ന്നു. അവിടെ അന്തിമാ​ക്ര​മ​ണ​ത്തിന്‌ ഒരുക്കം നടത്തു​ക​യാണ്‌. നഗരത്തി​ലെ ജലവി​തരണ കേന്ദ്രം പിടി​ച്ച​ട​ക്കി​യ​ശേഷം നഗരം പിടി​ച്ച​ട​ക്കു​ന്ന​തി​ന്റെ ബഹുമതി യോവാബ്‌ ആദരപൂർവം രാജാ​വി​നു വിട്ടു​കൊ​ടു​ക്കു​ന്നു.

17. ഏത്‌ ആന്തരി​ക​കു​ഴ​പ്പങ്ങൾ ദാവീ​ദി​ന്റെ കുടും​ബത്തെ ബാധി​ച്ചു​തു​ട​ങ്ങു​ന്നു?

17 ദാവീ​ദി​ന്റെ കുടുംബ കുഴപ്പങ്ങൾ (13:1–18:33). ദാവീ​ദി​ന്റെ പുത്രൻമാ​രി​ലൊ​രാ​ളായ അമ്‌നോൻ അവന്റെ അർധസ​ഹോ​ദ​ര​നായ അബ്‌ശാ​ലോ​മി​ന്റെ സഹോ​ദരി താമാ​റു​മാ​യി വികാ​രാ​വേ​ശ​ത്തോ​ടെ പ്രേമ​ത്തി​ലാ​കു​മ്പോൾ ദാവീ​ദി​ന്റെ കുടും​ബ​ക്കു​ഴ​പ്പ​ങ്ങൾക്കു തുടക്ക​മി​ടു​ന്നു. അമ്‌നോൻ രോഗം നടിക്കു​ക​യും തന്നെ ശുശ്രൂ​ഷി​ക്കാൻ സുന്ദരി​യായ താമാ​റി​നെ വിടണ​മെന്ന്‌ അപേക്ഷി​ക്കു​ക​യും ചെയ്യുന്നു. അവൻ അവളെ ബലാൽസം​ഗം ചെയ്യു​ക​യും പിന്നീട്‌ അവളെ ഉഗ്രമാ​യി ദ്വേഷി​ക്കാ​നി​ട​യാ​കു​ക​യും ചെയ്യുന്നു, തന്നിമി​ത്തം അവൻ അവളെ അപമാ​നിച്ച്‌ അയച്ചു​ക​ള​യു​ന്നു. അബ്‌ശാ​ലോം തക്കം​നോ​ക്കി പ്രതി​കാ​രം​ചെ​യ്യാൻ പദ്ധതി​യി​ടു​ന്നു. ഏതാണ്ടു രണ്ടുവർഷം കഴിഞ്ഞ്‌ അവൻ ഒരു വിരു​ന്നൊ​രു​ക്കി അതി​ലേക്ക്‌ അമ്‌നോ​നെ​യും രാജാ​വി​ന്റെ മറെറല്ലാ പുത്രൻമാ​രെ​യും ക്ഷണിക്കു​ന്നു. അമ്‌നോ​ന്റെ ഹൃദയം വീഞ്ഞു കുടിച്ച്‌ ആനന്ദി​ച്ചി​രി​ക്കു​മ്പോൾ ജാഗ്രത പാലി​ക്കാ​തി​രി​ക്കെ അവനെ പിടി​കൂ​ടി അബ്‌ശാ​ലോ​മി​ന്റെ ആജ്ഞപ്ര​കാ​രം വധിക്കു​ന്നു.

18. ഏതു തന്ത്രത്തി​ലൂ​ടെ അബ്‌ശാ​ലോം പ്രവാ​സ​ത്തിൽനി​ന്നു മടക്കി​വ​രു​ത്ത​പ്പെ​ടു​ന്നു?

18 രാജാ​വി​ന്റെ അപ്രീതി ഭയന്ന്‌ അബ്‌ശാ​ലോം ഗെശൂ​രി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു, അവിടെ മൂന്നു​വർഷം അർധ പ്രവാ​സ​ത്തിൽ ജീവി​ക്കു​ക​യും ചെയ്യുന്നു. ഇതിനി​ട​യിൽ ദാവീ​ദി​ന്റെ സേനാ​പ​തി​യായ യോവാബ്‌ ദാവീ​ദും അബ്‌ശാ​ലോ​മും തമ്മിൽ ഒരു അനുര​ഞ്‌ജനം കൈവ​രു​ത്താൻ ആസൂ​ത്രണം ചെയ്യുന്നു. അവൻ പ്രതി​ക്രി​യ​യും ബഹിഷ്‌ക​ര​ണ​വും ശിക്ഷയും സംബന്ധി​ച്ചു രാജാ​വി​ന്റെ​മു​മ്പാ​കെ ഒരു സാങ്കൽപ്പിക സാഹച​ര്യം അവതരി​പ്പി​ക്കാൻ തെക്കോ​വ​യി​ലെ ബുദ്ധി​ശാ​ലി​യായ ഒരു സ്‌ത്രീ​യെ ഏർപ്പാ​ടു​ചെ​യ്യു​ന്നു. രാജാവ്‌ ന്യായ​വി​ധി ഉച്ചരി​ക്കു​മ്പോൾ രാജാ​വി​ന്റെ സ്വന്തം പുത്ര​നായ അബ്‌ശാ​ലോം ഗെശൂ​രിൽ ബഹിഷ്‌കൃ​ത​നാ​ണെ​ന്നു​ളള, തന്റെ സാന്നി​ധ്യ​ത്തി​ന്റെ യഥാർഥ കാരണം സ്‌ത്രീ വെളി​പ്പെ​ടു​ത്തു​ന്നു. ഇത്‌ ആസൂ​ത്ര​ണം​ചെ​യ്‌തതു യോവാ​ബാ​ണെന്നു ദാവീദു തിരി​ച്ച​റി​യു​ന്നു, എന്നിട്ടും യെരു​ശ​ലേ​മി​ലേക്കു മടങ്ങാൻ തന്റെ പുത്രന്‌ അനുവാ​ദം കൊടു​ക്കു​ന്നു. മറെറാ​രു രണ്ടു വർഷം​കൂ​ടെ കഴിഞ്ഞാ​ണു രാജാവ്‌ അബ്‌ശാ​ലോ​മി​നെ മുഖ​ത്തോ​ടു​മു​ഖം കാണാൻ അനുവ​ദി​ക്കു​ന്നത്‌.

19. ഇപ്പോൾ ഏതു ഗൂഢാ​ലോ​ചന പരസ്യ​മാ​യി​ത്തീ​രു​ന്നു, ദാവീ​ദിന്‌ എന്തു ഫലത്തോ​ടെ?

19 ദാവീ​ദി​ന്റെ സ്‌നേ​ഹദയ ഗണ്യമാ​ക്കാ​തെ അബ്‌ശാ​ലോം പെട്ടെ​ന്നു​തന്നെ തന്റെ പിതാ​വിൽനി​ന്നു സിംഹാ​സനം പിടി​ച്ചെ​ടു​ക്കു​ന്ന​തിന്‌ ഒരു ഗൂഢാ​ലോ​ചന നടത്തുന്നു. അബ്‌ശാ​ലോം ഇസ്രാ​യേ​ലി​ലെ സകല ശൂരൻമാ​രി​ലും​വെച്ച്‌ അത്യന്തം സുമു​ഖ​നാണ്‌. ഇത്‌ അയാളു​ടെ അതി​മോ​ഹ​വും അഹന്തയും വർധി​പ്പി​ക്കു​ന്നു. ഓരോ വർഷവും അവന്റെ ഇടതൂർന്ന മുടി​യു​ടെ അഗ്രം കത്രി​ച്ചാൽ 2.3 കിലോ തൂക്കമു​ണ്ടാ​യി​രി​ക്കും. (2 ശമൂ. 14:26, NW അടിക്കു​റിപ്പ്‌) വിവിധ തന്ത്ര​പ്ര​വർത്ത​ന​ങ്ങ​ളാൽ അബ്‌ശാ​ലോം ഇസ്രാ​യേൽപു​രു​ഷൻമാ​രു​ടെ ഹൃദയം കവർന്നു തുടങ്ങു​ന്നു. ഒടുവിൽ ഗൂഢാ​ലോ​ചന പരസ്യ​മാ​യി​ത്തീ​രു​ന്നു. ഹെ​ബ്രോ​നി​ലേക്കു പോകാൻ പിതാ​വി​ന്റെ അനു​ഗ്രഹം നേടി അവി​ടെ​വച്ച്‌ അബ്‌ശാ​ലോം തന്റെ മത്സരപ​ര​മായ ഉദ്ദേശ്യം അറിയി​ക്കു​ക​യും ദാവീ​ദി​നെ​തി​രായ തന്റെ കലാപ​ത്തി​നു സർവ ഇസ്രാ​യേ​ലി​ന്റെ​യും പിന്തുണ ആവശ്യ​പ്പെ​ടു​ക​യും ചെയ്യുന്നു. തന്റെ വിമത പുത്രന്റെ പക്ഷത്തേക്കു വലിയ കൂട്ടങ്ങൾ കൂടി​വ​രു​മ്പോൾ ചുരു​ക്കം​ചില വിശ്വസ്‌ത പിന്തു​ണ​ക്കാ​രു​മാ​യി ദാവീദ്‌ യെരു​ശ​ലേ​മിൽനിന്ന്‌ ഓടി​പ്പോ​കു​ന്നു. ഗിത്യ​നായ ഇത്ഥായി അവരി​ലൊ​രാ​ളാണ്‌, അയാൾ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “യഹോ​വ​യാണ, യജമാ​ന​നായ രാജാ​വാണ, യജമാ​ന​നായ രാജാവ്‌ എവി​ടെ​യി​രി​ക്കു​ന്നു​വോ അവി​ടെ​ത്തന്നെ മരണമോ ജീവനോ എന്തുവ​ന്നാ​ലും അടിയ​നും ഇരിക്കും.”—15:21.

20, 21. (എ) ദാവീ​ദി​ന്റെ പലായ​ന​സ​മ​യത്ത്‌ ഏതു സംഭവങ്ങൾ നടക്കുന്നു, നാഥാന്റെ പ്രവചനം എങ്ങനെ നിവർത്തി​ക്കു​ന്നു? (ബി) വഞ്ചകനായ അഹീ​ഥോ​ഫെൽ എങ്ങനെ ഒടുങ്ങു​ന്നു?

20 യെരു​ശ​ലേ​മിൽനി​ന്നു പലായ​നം​ചെ​യ്യു​മ്പോൾ താൻ അത്യന്തം വിശ്വ​സി​ച്ചി​രുന്ന ആലോ​ച​ന​ക്കാ​രി​ലൊ​രാ​ളായ അഹീ​ഥോ​ഫെ​ലി​ന്റെ വഞ്ചന​യെ​ക്കു​റി​ച്ചു ദാവീദു മനസ്സി​ലാ​ക്കു​ന്നു. അവൻ “യഹോവേ, അഹീ​ഥോ​ഫെ​ലി​ന്റെ ആലോ​ച​നയെ അബദ്ധമാ​ക്കേ​ണമേ” എന്നു പ്രാർഥി​ക്കു​ന്നു. (15:31) ദാവീ​ദി​നോ​ടു വിശ്വ​സ്‌തത പുലർത്തുന്ന പുരോ​ഹി​തൻമാ​രായ സാദോ​ക്കും അബ്യാ​ഥാ​റും അർഖ്യ​നായ ഹൂശാ​യി​യും അബ്‌ശാ​ലോ​മി​ന്റെ പ്രവർത്ത​നങ്ങൾ നിരീ​ക്ഷി​ച്ചു റിപ്പോർട്ടു​ചെ​യ്യാൻ യെരു​ശ​ലേ​മി​ലേക്കു തിരി​ച്ച​യ​യ്‌ക്ക​പ്പെ​ടു​ന്നു. ഇതിനി​ട​യിൽ ദാവീദ്‌ മെഫീ​ബോ​ശെ​ത്തി​ന്റെ സേവക​നായ സീബായെ കണ്ടുമു​ട്ടു​ന്നു. തന്റെ യജമാനൻ ഇപ്പോൾ രാജ്യം ശൗലിന്റെ ഗൃഹത്തി​ലേക്കു മടങ്ങി​വ​രാൻ പ്രതീ​ക്ഷി​ക്കു​ന്ന​താ​യി അവൻ അറിയി​ക്കു​ന്നു. ദാവീദു കടന്നു​പോ​കു​മ്പോൾ ശൗലിന്റെ ഗൃഹത്തിൽപ്പെട്ട ശിമെയി അവനെ ശപിക്കു​ക​യും അവന്റെ നേരെ കല്ലെറി​യു​ക​യും ചെയ്യുന്നു. എന്നാൽ പ്രതി​കാ​രം ചെയ്യു​ന്ന​തിൽനി​ന്നു ദാവീദ്‌ തന്റെ ആളുകളെ തടയുന്നു.

21 യെരു​ശ​ലേ​മിൽ തിരി​ച്ചു​ചെ​ല്ലു​മ്പോൾ അഹീ​ഥോ​ഫെ​ലി​ന്റെ നിർദേ​ശ​പ്ര​കാ​രം, അപഹാ​രി​യായ അബ്‌ശാ​ലോം “എല്ലാ യിസ്രാ​യേ​ലും കാൺകെ” തന്റെ പിതാ​വി​ന്റെ വെപ്പാ​ട്ടി​ക​ളു​മാ​യി വേഴ്‌ച​ക​ളി​ലേർപ്പെ​ടു​ന്നു. ഇതു നാഥാന്റെ പ്രാവ​ച​നിക ന്യായ​വി​ധി​യു​ടെ നിവൃ​ത്തി​യാ​യി​ട്ടാണ്‌. (16:22; 12:11) മാത്ര​വു​മല്ല, 12,000 പേരട​ങ്ങുന്ന ഒരു സൈന്യ​ത്തെ കൂട്ടി മരുഭൂ​മി​യിൽ ദാവീ​ദി​നെ വേട്ടയാ​ടാൻ അഹീ​ഥോ​ഫെൽ അബ്‌ശാ​ലോ​മി​നെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു. എന്നിരു​ന്നാ​ലും, അബ്‌ശാ​ലോ​മി​ന്റെ വിശ്വാ​സം ആർജിച്ച ഹൂശായി ഒരു വ്യത്യസ്‌ത ഗതി ശുപാർശ ചെയ്യുന്നു. ദാവീദു പ്രാർഥി​ച്ച​തു​പോ​ലെ​തന്നെ അഹീ​ഥോ​ഫെ​ലി​ന്റെ ആലോചന വിഫല​മാ​കു​ന്നു. യൂദാ​യെ​പ്പോ​ലെ, ഭഗ്നാശ​നായ അഹീ​ഥോ​ഫെൽ വീട്ടി​ലേക്കു പോയി ആത്മഹത്യ ചെയ്യുന്നു. ഹൂശായി രഹസ്യ​മാ​യി അബ്‌ശാ​ലോ​മി​ന്റെ പദ്ധതികൾ പുരോ​ഹി​തൻമാ​രായ സാദോ​ക്കി​നെ​യും അബ്യാ​ഥാ​രെ​യും അറിയി​ക്കു​ന്നു. അവർ ക്രമത്തിൽ സന്ദേശം മരുഭൂ​മി​യിൽ ദാവീ​ദി​നെ അറിയി​ക്കു​ന്നു.

22. ദാവീ​ദി​ന്റെ വിജയം ഏതു ദുഃഖ​ത്താൽ കുറഞ്ഞു​പോ​കു​ന്നു?

22 ഇതു യോർദാൻ കടന്നു മഹനയീ​മി​ലെ വനത്തിൽ യുദ്ധരം​ഗം തിര​ഞ്ഞെ​ടു​ക്കാൻ ദാവീ​ദി​നെ പ്രാപ്‌ത​നാ​ക്കു​ന്നു. അവിടെ അവൻ തന്റെ സേനകളെ വിന്യ​സി​ക്കു​ക​യും അബ്‌ശാ​ലോ​മി​നോ​ടു മയത്തിൽ പെരു​മാ​റാൻ കൽപ്പി​ക്കു​ക​യും ചെയ്യുന്നു. വിമതർക്കു ഞെരി​ക്കുന്ന ഒരു പരാജയം അനുഭ​വ​പ്പെ​ടു​ന്നു. അബ്‌ശാ​ലോം വൃക്ഷനി​ബി​ഡ​മായ വനത്തി​ലൂ​ടെ ഒരു കഴുത​പ്പു​റത്ത്‌ ഓടി​പ്പോ​കു​മ്പോൾ അവന്റെ മുടി ഒരു കൂററൻവൃ​ക്ഷ​ത്തി​ന്റെ ശാഖക​ളിൽ ഉടക്കി അവൻ ആകാശ​മ​ധ്യേ തൂങ്ങി​ക്കി​ട​ക്കു​ന്നു. ഈ ദുരവ​സ്ഥ​യിൽ അവനെ കണ്ട യോവാബ്‌ രാജാ​വി​ന്റെ കൽപ്പനയെ പൂർണ​മാ​യി വിഗണി​ച്ചു​കൊണ്ട്‌ അവനെ കൊല്ലു​ന്നു. തന്റെ പുത്രന്റെ മരണ​ത്തെ​ക്കു​റി​ച്ചു കേട്ട​പ്പോ​ഴത്തെ ദാവീ​ദി​ന്റെ അഗാധ​ദുഃ​ഖം ഈ വിലാ​പ​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു: “എന്റെ മകനേ, അബ്‌ശാ​ലോ​മേ, എന്റെ മകനേ, എന്റെ മകനേ, അബ്‌ശാ​ലോ​മേ, ഞാൻ നിനക്കു പകരം മരി​ച്ചെ​ങ്കിൽ കൊള​ളാ​യി​രു​ന്നു; അബ്‌ശാ​ലോ​മേ, എന്റെ മകനേ, എന്റെ മകനേ!”—18:33.

23. ഏതു ക്രമീ​ക​ര​ണങ്ങൾ രാജാ​വാ​യു​ളള ദാവീ​ദി​ന്റെ മടങ്ങി​വ​ര​വി​നെ കുറി​ക്കു​ന്നു?

23 ദാവീ​ദി​ന്റെ വാഴ്‌ച​യി​ലെ അവസാന സംഭവങ്ങൾ (19:1–24:25). ദാവീദ്‌ തുടർന്നു കഠിന​മാ​യി വിലപി​ക്കു​ന്നു, ഒടുവിൽ രാജാ​വെന്ന തന്റെ ഉചിത​മായ സ്ഥാനം പുനരാ​രം​ഭി​ക്കാൻ യോവാബ്‌ അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവൻ ഇപ്പോൾ യോവാ​ബി​നു പകരം അമാസയെ സൈന്യ​ത്തി​ന്റെ മേധാ​വി​യാ​യി നിയമി​ക്കു​ന്നു. അവൻ മടങ്ങി​വ​രു​മ്പോൾ ശിമെയി ഉൾപ്പെടെ, ജനങ്ങൾ അവനെ സ്വാഗ​തം​ചെ​യ്യു​ന്നു. ശിമെ​യി​യെ ദാവീദ്‌ കൊല്ലാ​തി​രി​ക്കു​ന്നു. മെഫീ​ബോ​ശെ​ത്തും തന്റെ ഭാഗം വാദി​ക്കാൻ വരുന്നു. ദാവീദ്‌ അവനു സീബ​യോ​ടു​കൂ​ടെ തുല്യാ​വ​കാ​ശം കൊടു​ക്കു​ന്നു. ഒരിക്കൽകൂ​ടെ സർവ ഇസ്രാ​യേ​ലും യഹൂദ​യും ദാവീ​ദിൻകീ​ഴിൽ ഏകീകൃ​ത​രാ​കു​ന്നു.

24. ബെന്യാ​മീൻഗോ​ത്രം ഉൾപ്പെ​ടുന്ന കൂടു​ത​ലായ ഏതു വികാ​സങ്ങൾ നടക്കുന്നു?

24 എന്നിരു​ന്നാ​ലും, കൂടുതൽ കുഴപ്പങ്ങൾ വരാനി​രി​ക്കു​ക​യാണ്‌. ഒരു ബെന്യാ​മീ​ന്യ​നായ ശേബ സ്വയം രാജാ​വാ​യി പ്രഖ്യാ​പി​ക്കു​ക​യും അനേകരെ ദാവീ​ദിൽനിന്ന്‌ അകററു​ക​യും ചെയ്യുന്നു. മത്സരം അമർച്ച​ചെ​യ്യു​ന്ന​തിന്‌ ആളുകളെ കൂട്ടാൻ ദാവീദ്‌ ആജ്ഞാപിച്ച അമാസയെ യോവാബ്‌ കാണു​ക​യും ചതിയിൽ കൊല​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. അനന്തരം യോവാബ്‌ സൈന്യ​ത്തി​ന്റെ ചുമതല ഏറെറ​ടു​ത്തു​കൊ​ണ്ടു ബേത്ത്‌-മാഖയി​ലെ ആബേൽ നഗരത്തി​ലേക്കു ശേബയെ പിന്തു​ട​രു​ക​യും അതിനെ ഉപരോ​ധി​ക്കു​ക​യും ചെയ്യുന്നു. നഗരത്തി​ലെ ബുദ്ധി​ശാ​ലി​യായ ഒരു സ്‌ത്രീ​യു​ടെ ഉപദേ​ശ​മ​നു​സ​രി​ച്ചു​കൊ​ണ്ടു നിവാ​സി​കൾ ശേബയെ വധിക്കു​ന്നു, യോവാബ്‌ പിൻവാ​ങ്ങു​ന്നു. ശൗൽ ഗിബെ​യോ​ന്യ​രെ കൊല്ലു​ക​യും രക്തപാ​ത​ക​ത്തിന്‌ അന്നോളം പ്രതി​കാ​രം​ചെ​യ്യാ​തി​രി​ക്കു​ക​യും ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ ഇസ്രാ​യേ​ലിൽ മൂന്നു വർഷത്തെ ക്ഷാമം ഉണ്ടാകു​ന്നു. രക്തപാ​തകം നീക്കു​ന്ന​തി​നു ശൗലിന്റെ കുടും​ബ​ത്തി​ലെ ഏഴു പുത്രൻമാർ കൊല്ല​പ്പെ​ടു​ന്നു. പിന്നീട്‌, ഫെലി​സ്‌ത്യ​രു​മാ​യി വീണ്ടും നടന്ന യുദ്ധത്തിൽ ദാവീ​ദി​ന്റെ ജീവനെ അവന്റെ മരുമ​ക​നായ അബീശാ​യി കഷ്ടിച്ചു രക്ഷപ്പെ​ടു​ത്തു​ന്നു. അവൻ, “യിസ്രാ​യേ​ലി​ന്റെ ദീപം കെടു​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു” മേലാൽ തങ്ങളോ​ടൊ​ത്തു യുദ്ധത്തി​നു പോര​രു​തെന്ന്‌ അവന്റെ ആളുകൾ ആണയി​ട്ടു​പ​റ​യു​ന്നു. (21:17) അവന്റെ വീരൻമാ​രിൽ മൂന്നു​പേർ അപ്പോൾ ഫെലി​സ്‌ത്യ​മ​ല്ലൻമാ​രെ നിഗ്ര​ഹി​ക്കു​ന്ന​തിൽ ശ്രദ്ധേ​യ​മാ​യി പ്രവർത്തി​ക്കു​ന്നു.

25. അടുത്ത​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദാവീ​ദി​ന്റെ ഗീതങ്ങ​ളിൽ എന്തു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു?

25 ഈ ഘട്ടത്തിൽ, എഴുത്തു​കാ​രൻ 18-ാം സങ്കീർത്ത​ന​ത്തി​നു സമാന്ത​ര​മാ​യ​തും “സകല ശത്രു​ക്ക​ളു​ടെ കൈയിൽനി​ന്നും ശൌലി​ന്റെ കയ്യിൽനി​ന്നും” നൽകിയ വിടു​ത​ലി​നു നന്ദി പ്രകാ​ശി​പ്പി​ക്കു​ന്ന​തും ആയ യഹോ​വ​ക്കു​ളള ദാവീ​ദി​ന്റെ ഒരു ഗീതം വിവര​ണ​ത്തിൽ തിരു​കി​ക്ക​യ​റ​റു​ന്നു. അവൻ സസന്തോ​ഷം പ്രഖ്യാ​പി​ക്കു​ന്നു: “യഹോവ എന്റെ ശൈല​വും എൻകോ​ട്ട​യും എന്റെ രക്ഷകനും ആകുന്നു. അവൻ തന്റെ രാജാ​വി​ന്നു മഹാരക്ഷ നൽകുന്നു; തന്റെ അഭിഷി​ക്തന്നു ദയ കാണി​ക്കു​ന്നു; ദാവീ​ദി​ന്നും അവന്റെ സന്തതി​ക്കും എന്നെ​ന്നേ​ക്കും തന്നേ.” (22:1, 2, 51) പിന്നാലെ ദാവീ​ദി​ന്റെ അവസാ​നത്തെ ഗീതം വരുന്നു, അതിൽ “യഹോ​വ​യു​ടെ ആത്മാവു എന്നിൽ സംസാ​രി​ക്കു​ന്നു; അവന്റെ വചനം എന്റെ നാവിൻമേൽ ഇരിക്കു​ന്നു” എന്ന്‌ അവൻ സമ്മതി​ച്ചു​പ​റ​യു​ന്നു.—23:2.

26. ദാവീ​ദി​ന്റെ വീരൻമാ​രെ​ക്കു​റിച്ച്‌ എന്തു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു, അവൻ അവരുടെ ജീവര​ക്ത​ത്തോട്‌ ആദരവു കാട്ടു​ന്ന​തെ​ങ്ങനെ?

26 ചരി​ത്ര​രേ​ഖ​യി​ലേക്കു തിരി​കെ​വ​രു​മ്പോൾ നാം ദാവീ​ദി​ന്റെ വീരൻമാ​രു​ടെ പട്ടിക കാണുന്നു, അവരിൽ മൂന്നു​പേർ മുന്തി​നിൽക്കു​ന്നു. ഇവർ ദാവീ​ദി​ന്റെ സ്വന്ത നഗരമായ ബേത്‌ല​ഹേ​മിൽ ഫെലി​സ്‌ത്യർ ഒരു കാവൽപ​ട്ടാ​ള​കേ​ന്ദ്രം സ്ഥാപി​ച്ചി​രു​ന്ന​പ്പോൾ ഉണ്ടായ ഒരു സംഭവ​ത്തിൽ ഉൾപ്പെ​ടു​ന്നു. “ബേത്ത്‌ലേ​ഹെം​പ​ട്ട​ണ​വാ​തി​ല്‌ക്കലെ കിണറ​റിൽനി​ന്നു വെളളം എനിക്കു കുടി​പ്പാൻ ആർ കൊണ്ടു​വന്നു തരും” എന്ന ആഗ്രഹം ദാവീദ്‌ പ്രകടി​പ്പി​ക്കു​ന്നു. (23:15) അതിങ്കൽ, മൂന്നു വീരൻമാ​രും ഫെലി​സ്‌ത്യ​പാ​ള​യ​ത്തി​ലേക്കു ബലമായി കടന്നു​ചെ​ല്ലു​ക​യും കിണറ​റിൽനി​ന്നു വെളളം കോരി ദാവീ​ദി​നു കൊണ്ടു​കൊ​ടു​ക്കു​ക​യും ചെയ്യുന്നു. എന്നാൽ അതു കുടി​ക്കു​ന്ന​തി​നു ദാവീദു വിസമ്മ​തി​ക്കു​ന്നു. പകരം, അവൻ അതു നിലത്ത്‌ ഒഴിച്ചു​ക​ള​യു​ന്നു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷി​ച്ചു​പോയ പുരു​ഷൻമാ​രു​ടെ രക്തം ഞാൻ കുടി​ക്കു​ക​യോ? ഇതു ചെയ്‌വാൻ എനിക്കു സംഗതി​വ​ര​രു​തേ.” (23:17) അവനെ സംബന്ധി​ച്ച​ട​ത്തോ​ളം, ആ വെളളം അവർ അതിനു​വേണ്ടി അപകട​പ്പെ​ടു​ത്തിയ ജീവര​ക്ത​ത്തി​നു തുല്യ​മാണ്‌. അടുത്ത​താ​യി അവന്റെ സൈന്യ​ത്തി​ലെ അതിശ​ക്ത​രായ 30 പേരു​ടെ​യും അവരുടെ വീര്യ​പ്ര​വൃ​ത്തി​ക​ളു​ടെ​യും പട്ടിക കൊടു​ക്കു​ന്നു.

27. ദാവീദ്‌ ഏത്‌ അന്തിമ​പാ​പം ചെയ്യുന്നു? തത്‌ഫ​ല​മാ​യു​ളള ബാധ എങ്ങനെ നിലയ്‌ക്കു​ന്നു?

27 ഒടുവിൽ, ദാവീദ്‌ ജനത്തെ എണ്ണി പാപം ചെയ്യുന്നു. കരുണ​ക്കു​വേണ്ടി ദൈവ​ത്തോട്‌ അഭ്യർഥി​ച്ച​പ്പോൾ മൂന്നു ശിക്ഷക​ളി​ലേ​തെ​ങ്കി​ലും തിര​ഞ്ഞെ​ടു​ക്കാൻ അവനെ അനുവ​ദി​ക്കു​ന്നു: ഏഴുവർഷത്തെ ക്ഷാമമോ, മൂന്നു മാസത്തെ സൈനി​ക​പ​രാ​ജ​യ​ങ്ങ​ളോ, ദേശത്ത്‌ മൂന്നു ദിവസത്തെ മഹാമാ​രി​യോ. ദാവീദ്‌ മറുപടി പറയുന്നു: “നാം യഹോ​വ​യു​ടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയ​ത​ല്ലോ; മമനു​ഷ്യ​ന്റെ കയ്യിൽ ഞാൻ വീഴരു​തേ.” (24:14) ദേശവ്യാ​പ​ക​മായ മഹാമാ​രി 70,000 പേരെ കൊല്ലു​ന്നു, ഗാദ്‌മു​ഖേന യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു പ്രവർത്തി​ച്ചു​കൊ​ണ്ടു ദാവീദ്‌ അരവ്‌ന​യു​ടെ മെതി​ക്കളം വിലയ്‌ക്കു​വാ​ങ്ങി അവിടെ യഹോ​വക്കു ദഹനയാ​ഗ​ങ്ങ​ളും സംസർഗ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കു​മ്പോൾ മാത്രമേ അതു നിലയ്‌ക്കു​ന്നു​ളളു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

28. രണ്ടു ശമൂ​വേ​ലിൽ ഏതു ശ്രദ്ധേ​യ​മായ മുന്നറി​യി​പ്പു​കൾ അടങ്ങി​യി​രി​ക്കു​ന്നു?

28 ആധുനിക വായന​ക്കാ​രനു പ്രയോ​ജ​ന​പ്ര​ദ​മായ വളരെ​യ​ധി​കം കാര്യങ്ങൾ രണ്ടു ശമൂ​വേ​ലിൽ കാണാ​നുണ്ട്‌! മിക്കവാ​റും എല്ലാ മാനു​ഷ​വി​കാ​ര​ങ്ങ​ളും അതിസാ​ന്ദ്ര​മായ കടുത്ത വർണങ്ങ​ളിൽ, യഥാർഥ ജീവി​ത​വർണ​ങ്ങ​ളിൽ, ഇവിടെ വരച്ചു​കാ​ട്ടി​യി​ട്ടുണ്ട്‌. അങ്ങനെ, അതി​മോ​ഹ​ത്തി​ന്റെ​യും പ്രതി​കാ​ര​ത്തി​ന്റെ​യും (3:27-30), മറെറാ​രു​വന്റെ വിവാഹ ഇണക്കാ​യു​ളള തെററായ മോഹ​ത്തി​ന്റെ​യും (11:2-4, 15-17; 12:9, 10), ദ്രോ​ഹ​പ്ര​വൃ​ത്തി​യു​ടെ​യും (15:12, 31; 17:23), വികാ​ര​ത്തിൽ മാത്രം അധിഷ്‌ഠി​ത​മായ സ്‌നേ​ഹ​ത്തി​ന്റെ​യും (13:10-15, 28, 29), ധൃതഗ​തി​യി​ലു​ളള ന്യായ​വി​ധി​യു​ടെ​യും (16:3, 4; 19:25-30), മറെറാ​രാ​ളു​ടെ ഭക്തി​ക്രി​യ​ക​ളോ​ടു​ളള അനാദ​ര​വി​ന്റെ​യും വിപത്‌ക​ര​മായ ഫലങ്ങ​ളെ​ക്കു​റി​ച്ചു നമുക്കു ശ്രദ്ധേ​യ​മായ വാക്കു​ക​ളിൽ മുന്നറി​യി​പ്പു ലഭിക്കു​ന്നു.—6:20-23.

29. രണ്ടു ശമൂ​വേ​ലിൽ ശരിയായ നടത്തയു​ടെ​യും പ്രവർത്ത​ന​ത്തി​ന്റെ​യും ഏതു വിശിഷ്ട ദൃഷ്ടാ​ന്തങ്ങൾ കാണാ​നുണ്ട്‌?

29 എന്നിരു​ന്നാ​ലും, രണ്ടു ശമൂ​വേ​ലിൽ കാണുന്ന ശരിയായ നടത്തയു​ടെ​യും പ്രവർത്ത​ന​ത്തി​ന്റെ​യും അനേകം വിശിഷ്ട ദൃഷ്ടാ​ന്തങ്ങൾ ശ്രദ്ധി​ക്കു​ന്ന​തി​നാൽ ക്രിയാ​ത്മക വശത്ത്‌ ഏററവും വലിയ പ്രയോ​ജനം കണ്ടെത്താ​വു​ന്ന​താണ്‌. ദൈവ​ത്തോ​ടു​ളള സമ്പൂർണ​ഭക്തി (7:22), ദൈവ​മു​മ്പാ​കെ​യു​ളള താഴ്‌മ (7:18), യഹോ​വ​യു​ടെ നാമത്തെ പുകഴ്‌ത്തൽ (7:23, 26), അനർഥ​ത്തെ​ക്കു​റി​ച്ചു​ളള ഉചിത​മായ വീക്ഷണം (15:25), പാപം സംബന്ധിച്ച ആത്മാർഥ​മായ അനുതാ​പം (12:13), തന്റെ വാഗ്‌ദാ​ന​ത്തോ​ടു​ളള വിശ്വ​സ്‌തത (9:1, 7), പീഡാ​നു​ഭ​വ​ത്തി​ലെ സമനില പാലിക്കൽ (16:11, 12), യഹോ​വ​യി​ലു​ളള സ്ഥിരമായ ആശ്രയം (5:12, 20), യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങ​ളോ​ടും നിയമ​ന​ങ്ങ​ളോ​ടു​മു​ളള അഗാധ​മായ ആദരവ്‌ (1:11, 12) എന്നിവ​യിൽ ദാവീദ്‌ ഒരു മാതൃ​ക​യാണ്‌. “[യഹോ​വ​യു​ടെ] ഹൃദയ​ത്തി​നു സമ്മതമു​ളള ഒരു മനുഷ്യൻ” എന്നു ദാവീദു വിളി​ക്ക​പ്പെ​ട്ടത്‌ അതിശ​യമല്ല!—1 ശമൂ. 13:14, NW.

30. രണ്ടു ശമൂ​വേ​ലിൽ ഏതു തത്ത്വങ്ങൾ ബാധക​മാ​ക്ക​പ്പെ​ടു​ക​യും ഉദാഹ​രി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു?

30 അനേകം ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ പ്രയു​ക്തി​യും രണ്ടു ശമൂ​വേ​ലിൽ കാണാ​നുണ്ട്‌. ഇവയിൽ പെട്ടതാ​ണു സാമു​ദാ​യിക ഉത്തരവാ​ദി​ത്വ​ത്തി​ന്റെ തത്ത്വവും (2 ശമൂ. 3:29; 24:11-15), നല്ല ലക്ഷ്യങ്ങൾ ദൈവ​ത്തി​ന്റെ വ്യവസ്ഥ​കൾക്കു മാററം വരുത്തു​ന്നില്ല (6:6, 7), യഹോ​വ​യു​ടെ ദിവ്യാ​ധി​പ​ത്യ​ക്ര​മീ​ക​ര​ണ​ത്തിൽ ശിരഃ​സ്ഥാ​നം ആദരി​ക്ക​പ്പെ​ടണം (12:28), രക്തത്തെ പാവന​മാ​യി കരുതണം (23:17), രക്തപാ​ത​ക​ത്തി​നു പരിഹാ​രം ആവശ്യ​മാണ്‌ (21:1-6, 9, 14), ഒരു ജ്ഞാനിക്ക്‌ അനേക​രു​ടെ വിപത്ത്‌ ഒഴിവാ​ക്കാൻ കഴിയും (2 ശമൂ. 20:21, 22; സഭാ. 9:15), യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടും അതിന്റെ പ്രതി​നി​ധി​ക​ളോ​ടു​മു​ളള വിശ്വ​സ്‌തത “മരണമോ ജീവനോ എന്തു വന്നാലും” പാലി​ക്ക​പ്പെ​ടണം എന്നിങ്ങ​നെ​യു​ളള തത്ത്വങ്ങ​ളും.—2 ശമൂ. 15:18-22.

31. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, രണ്ടു ശമൂവേൽ ദൈവ​രാ​ജ്യ​ത്തി​ന്റെ പൂർവ​വീ​ക്ഷ​ണങ്ങൾ പ്രദാ​നം​ചെ​യ്യു​ന്നത്‌ എങ്ങനെ?

31 എല്ലാറ​റി​ലും​വെച്ച്‌ ഏററം പ്രധാ​ന​മാ​യി, രണ്ടു ശമൂവേൽ മുമ്പോ​ട്ടു ദൈവ​രാ​ജ്യ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ക​യും അതിന്റെ ശോഭ​ന​മായ പൂർവ​വീ​ക്ഷ​ണങ്ങൾ നൽകു​ക​യും ചെയ്യുന്നു. “ദാവീ​ദി​ന്റെ പുത്ര”നായ യേശു​ക്രി​സ്‌തു​വി​ന്റെ കൈക​ളി​ലാ​ണു ദൈവ​രാ​ജ്യം സ്ഥാപി​ക്കുക. (മത്താ. 1:1) ദാവീ​ദി​ന്റെ രാജ്യ​ത്തി​ന്റെ സ്ഥിരത​യെ​സം​ബ​ന്ധി​ച്ചു യഹോവ അവനോ​ടു ചെയ്‌ത പ്രതിജ്ഞ യേശു​വി​നു ബാധക​മാ​കു​ന്ന​താ​യി പ്രവൃ​ത്തി​കൾ 2:29-36-ൽ ഉദ്ധരി​ക്ക​പ്പെ​ടു​ന്നു. “ഞാൻ അവന്നു പിതാ​വും അവൻ എനിക്കു പുത്ര​നും ആയിരി​ക്കും” എന്ന പ്രവചനം (2 ശമൂ. 7:14) യഥാർഥ​ത്തിൽ മുമ്പോ​ട്ടു യേശു​വി​ലേക്കു വിരൽചൂ​ണ്ടി​യെ​ന്നു​ള​ളത്‌ എബ്രായർ 1:5-നാൽ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു. “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ക്കുന്ന യഹോ​വ​യു​ടെ ശബ്ദവും അതിനെ സാക്ഷ്യ​പ്പെ​ടു​ത്തി. (മത്താ. 3:17; 17:5) ഒടുവിൽ, മറിയ​യോ​ടു യേശു​വി​നെ​ക്കു​റി​ച്ചു പറഞ്ഞ വാക്കു​ക​ളിൽ ഗബ്രി​യേ​ലും ദാവീ​ദു​മാ​യു​ളള രാജ്യ ഉടമ്പടി​യെ പരാമർശി​ക്കു​ന്നു: “അവൻ വലിയവൻ ആകും; അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടും; കർത്താ​വായ [“യഹോവ,” NW] ദൈവം അവന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം അവന്നു കൊടു​ക്കും. അവൻ യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു എന്നേക്കും രാജാ​വാ​യി​രി​ക്കും. അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല.” (ലൂക്കൊ. 1:32, 33) രാജ്യ​സ​ന്ത​തി​യെ​ക്കു​റി​ച്ചു​ളള വാഗ്‌ദത്തം, അതിന്റെ വികാ​സ​ത്തി​ലെ ഓരോ പടിയും നമ്മുടെ കൺമു​മ്പിൽ ഇതൾവി​രി​യു​മ്പോൾ എത്ര കോൾമ​യിർകൊ​ള​ളി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു!

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 745-7.

b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 2 പേജുകൾ 373-4.

[അധ്യയന ചോദ്യ​ങ്ങൾ]