വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പുസ്‌തക നമ്പർ 12—2 രാജാക്കൻമാർ

ബൈബിൾ പുസ്‌തക നമ്പർ 12—2 രാജാക്കൻമാർ

ബൈബിൾ പുസ്‌തക നമ്പർ 12—2 രാജാ​ക്കൻമാർ

എഴുത്തുകാരൻ: യിരെ​മ്യാവ്‌

എഴുതിയ സ്ഥലം: യെരു​ശ​ലേ​മും ഈജി​പ്‌തും

എഴുത്തു പൂർത്തി​യാ​യത്‌: പൊ.യു.മു. 580

ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 920–580

1. രണ്ടു രാജാ​ക്കൻമാ​രിൽ ഏതു ചരി​ത്ര​ങ്ങ​ളാ​ണു പ്രതി​പാ​ദി​ക്കു​ന്നത്‌, എന്തിന്റെ സംസ്ഥാ​പ​ന​മാ​യി?

 രണ്ടു രാജാ​ക്കൻമാർ എന്ന പുസ്‌തകം ഇസ്രാ​യേൽ, യഹൂദ എന്നീ രാജ്യ​ങ്ങ​ളു​ടെ പ്രക്ഷുബ്ധ ഗതി വരച്ചു​കാ​ട്ടു​ന്ന​തിൽ തുടരു​ന്നു. എലീശാ ഏലിയാ​വി​ന്റെ അങ്കി സ്വീക​രി​ക്കു​ക​യും ഏലിയാ​വി​ന്റെ ആത്മാവി​ന്റെ ഇരട്ടി​കൊണ്ട്‌ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു, ഏലിയാ​വി​ന്റെ 8 അത്ഭുത​ങ്ങ​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ 16 എണ്ണം ചെയ്‌തു​കൊ​ണ്ടു​തന്നെ. അവൻ വിശ്വാ​സ​ത്യാ​ഗി​യായ ഇസ്രാ​യേ​ലി​നു നാശം പ്രവചി​ക്കു​ന്ന​തിൽ തുടർന്നു, അവിടെ യേഹൂ മാത്ര​മാ​ണു യഹോ​വ​യ്‌ക്കു​വേ​ണ്ടി​യു​ളള തീക്ഷ്‌ണ​ത​യു​ടെ ഒരു ഹ്രസ്വ​മായ മിന്നലാ​ട്ടം നടത്തി​യത്‌. ഒടുവിൽ പൊ.യു.മു. 740-ൽ അസീറി​യ​യ്‌ക്കു മുമ്പാകെ വടക്കൻരാ​ജ്യം തകരു​ന്ന​തു​വരെ കൂടുതൽ കൂടു​ത​ലാ​യി ഇസ്രാ​യേ​ലി​ലെ രാജാ​ക്കൻമാർ ദുഷ്ടത​യിൽ മുഴുകി. തെക്കൻ യഹൂദാ​രാ​ജ്യ​ത്തു ഗണനീ​യ​രായ യെഹോ​ശാ​ഫാത്ത്‌, യോവാശ്‌ (യഹോ​വാശ്‌), ഹിസ്‌കി​യാവ്‌, യോശീ​യാവ്‌ എന്നിങ്ങനെ ചുരു​ക്കം​ചില പ്രമുഖ രാജാ​ക്കൻമാർ, കുറേ​ക്കാ​ലം വിശ്വാ​സ​ത്യാ​ഗ​ത്തി​ന്റെ വേലി​യേ​റ​റത്തെ പിന്തി​രി​പ്പി​ച്ചു. എന്നാൽ നെബു​ഖ​ദ്‌നേസർ ഒടുവിൽ യെരു​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും യഹൂദാ​ദേ​ശ​ത്തെ​യും പൊ.യു.മു. 607-ൽ ശൂന്യ​മാ​ക്കി​ക്കൊ​ണ്ടു യഹോ​വ​യു​ടെ ന്യായ​വി​ധി നടപ്പി​ലാ​ക്കി. അങ്ങനെ യഹോ​വ​യു​ടെ പ്രവച​നങ്ങൾ നിവൃ​ത്തി​യേറി, അവന്റെ വചനം സംസ്ഥാ​പി​ക്ക​പ്പെട്ടു!

2. രണ്ടു രാജാ​ക്കൻമാ​രു​ടെ എഴുത്തു​കാ​രൻ ആരെന്ന​തു​സം​ബ​ന്ധി​ച്ചും കാനോ​നി​ക​ത്വ​ത്തെ​ക്കു​റി​ച്ചും എന്തു പറയാ​വു​ന്ന​താണ്‌, അത്‌ ഏതു കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ന്നു?

2 രണ്ടു രാജാ​ക്കൻമാർ ആദ്യം ഒന്നു രാജാ​ക്കൻമാ​രു​ടെ അതേ ചുരു​ളി​ന്റെ ഭാഗമാ​യി​രു​ന്ന​തു​കൊണ്ട്‌ എഴുത്തു​കാ​ര​നെന്ന യിരെ​മ്യാ​വി​ന്റെ പദവി​യെ​ക്കു​റി​ച്ചു പറഞ്ഞു​ക​ഴിഞ്ഞ കാര്യങ്ങൾ ഇവി​ടെ​യും തുല്യ​മാ​യി ബാധക​മാണ്‌, ഈ പുസ്‌ത​ക​ത്തി​ന്റെ കാനോ​നി​ക​ത്വ​ത്തി​ന്റെ​യും വിശ്വാ​സ്യ​ത​യു​ടെ​യും തെളി​വു​ക​ളും അങ്ങനെ​തന്നെ. പുസ്‌തകം പൊ.യു.മു. ഏതാണ്ട്‌ 580-ൽ പൂർത്തീ​ക​രി​ക്ക​പ്പെട്ടു, പൊ.യു.മു. ഏതാണ്ട്‌ 920-ൽ ഇസ്രാ​യേ​ലി​ലെ അഹസ്യാ​വി​ന്റെ വാഴ്‌ച​യു​ടെ ആരംഭ​ത്തിൽ തുടങ്ങി യഹോ​യാ​ഖീ​ന്റെ പ്രവാ​സ​ത്തി​ന്റെ 37-ാം ആണ്ടായ പൊ.യു.മു. 580-ൽ അവസാ​നി​ക്കുന്ന കാലഘ​ട്ടത്തെ ഉൾപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു.—1:1; 25:27.

3. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​പ​ര​മായ ഏതു ശ്രദ്ധേ​യ​മായ കണ്ടുപി​ടി​ത്തങ്ങൾ രണ്ടു രാജാ​ക്കൻമാ​രെ പിന്താ​ങ്ങു​ന്നു?

3 രണ്ടു രാജാ​ക്കൻമാ​രി​ലെ രേഖയെ പിന്താ​ങ്ങുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ കണ്ടുപി​ടി​ത്തങ്ങൾ അതിന്റെ സത്യത​യു​ടെ കൂടു​ത​ലായ തെളിവു നൽകുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, സുപ്ര​സി​ദ്ധ​മായ മോവാ​ബ്യ​ശി​ല​യുണ്ട്‌, അതിലെ ആലേഖനം മോവാ​ബും ഇസ്രാ​യേ​ലും തമ്മിലു​ളള യുദ്ധ​ത്തെ​സം​ബ​ന്ധിച്ച മോവാ​ബ്യ​രാ​ജാ​വായ മേശയു​ടെ ഭാഷ്യം നൽകുന്നു. (3:4, 5) കൂടാതെ ഇസ്രാ​യേൽരാ​ജാ​വായ യേഹൂ​വി​ന്റെ പേർ പറയുന്ന, അസീറി​യ​ക്കാ​ര​നായ ശല്‌മ​നേസ്സർ III-ാമന്റെ കറുത്ത ചുണ്ണാ​മ്പു​ക​ല്ലു​കൊ​ണ്ടു​ളള സ്‌തം​ഭ​മുണ്ട്‌, അതി​പ്പോൾ ലണ്ടനിലെ ബ്രിട്ടീ​ഷ്‌കാ​ഴ്‌ച​ബം​ഗ്ലാ​വിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌. അസീറി​യൻരാ​ജാ​വായ തിഗ്ലത്ത്‌-പിലേസർ III-ാമന്റെ (പൂൽ) ആലേഖ​ന​ങ്ങ​ളുണ്ട്‌, അവ മെനാഹം, ആഹാസ്‌, പേക്കഹ്‌ എന്നിവർ ഉൾപ്പെടെ ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും പല രാജാ​ക്കൻമാ​രു​ടെ പേർ പറയുന്നു.—15:19, 20; 16:5-8. a

4. രണ്ടു രാജാ​ക്കൻമാർ നിശ്വസ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു അവിഭാ​ജ്യ​ഭാ​ഗ​മാ​ണെന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

4 ഈ പുസ്‌ത​ക​ത്തി​ന്റെ വിശ്വാ​സ്യ​ത​യു​ടെ വ്യക്തമായ ഒരു തെളിവ്‌, തന്റെ സ്വന്തം ജനത്തിൻമേ​ലു​ളള യഹോ​വ​യു​ടെ ന്യായ​വി​ധി​നിർവ​ഹ​ണത്തെ വർണി​ക്കു​ന്ന​തി​ലെ നിഷ്‌ക​പ​ട​ത​യിൽ കാണാ​വു​ന്ന​താണ്‌. ആദ്യം ഇസ്രാ​യേൽരാ​ജ്യ​വും പിന്നീടു യഹൂദാ​രാ​ജ്യ​വും നാശത്തി​ലേക്കു തകർന്നു​വീ​ഴു​മ്പോൾ ആവർത്ത​ന​പു​സ്‌തകം 28:15–29:28-ലെ യഹോ​വ​യു​ടെ പ്രാവ​ച​നിക ന്യായ​വി​ധി​യു​ടെ ഗണനീ​യ​മായ ശക്തി നമുക്കു ബോധ്യ​പ്പെ​ടു​ന്നു. ആ രാജ്യ​ങ്ങ​ളു​ടെ നാശത്തിൽ, “ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിൻമേൽ വരുത്തു​വാൻ തക്കവണ്ണം യഹോ​വ​യു​ടെ കോപം അതി​ന്റെ​നേരെ ജ്വലിച്ചു.” (ആവ. 29:26; 2 രാജാ. 17:18; 25:1, 9-11) രണ്ടു രാജാ​ക്കൻമാ​രിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മററു സംഭവങ്ങൾ തിരു​വെ​ഴു​ത്തു​ക​ളിൽ മററു ചിലട​ങ്ങ​ളിൽ വിവരി​ക്കു​ന്നുണ്ട്‌. ലൂക്കൊസ്‌ 4:24-27-ൽ ഏലിയാ​വി​നെ​യും സാരെ​ഫാ​ത്തി​ലെ വിധവ​യെ​യും പരാമർശി​ച്ച​ശേഷം തന്റെ സ്വദേ​ശത്ത്‌ ഒരു പ്രവാ​ച​ക​നെന്ന നിലയിൽ താൻതന്നെ സ്വീക​രി​ക്ക​പ്പെ​ടാ​ഞ്ഞത്‌ എന്തു​കൊ​ണ്ടെന്നു കാണി​ച്ചു​കൊ​ണ്ടു യേശു എലീശാ​യെ​യും നയമാ​നെ​യും കുറിച്ചു പറയുന്നു. അങ്ങനെ, ഒന്നും രണ്ടും രാജാ​ക്കൻമാർ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു അവിഭാ​ജ്യ​ഭാ​ഗ​മാ​ണെന്നു കാണ​പ്പെ​ടു​ന്നു.

രണ്ടു രാജാ​ക്കൻമാ​രു​ടെ ഉളളടക്കം

5. ഏലിയാവ്‌ അഹസ്യാ​വിന്‌ ഏതു ശാസന​യും വിധി​യും ഉച്ചരി​ക്കു​ന്നു, എന്തു​കൊണ്ട്‌?

5 അഹസ്യാവ്‌, ഇസ്രാ​യേൽരാ​ജാവ്‌ (1:1-18). തന്റെ ഭവനത്തിൽവെച്ച്‌ ഒന്നു വീണതു​കൊണ്ട്‌ ആഹാബി​ന്റെ ഈ പുത്രൻ രോഗി​യാ​യി​ത്തീ​രു​ന്നു. അവൻ എക്രോ​നി​ലെ ദേവനായ ബാൽസെ​ബൂ​ബി​നോ​ടു താൻ സുഖം​പ്രാ​പി​ക്കു​മോ​യെന്നു ചോദി​ക്കാൻ ആളയയ്‌ക്കു​ന്നു. ഏലിയാവ്‌ സന്ദേശ​വാ​ഹ​കരെ തടയുന്നു, സത്യ​ദൈ​വ​ത്തോട്‌ ആലോചന ചോദി​ക്കാ​ഞ്ഞ​തിന്‌ അവനെ ശാസി​ച്ചു​കൊ​ണ്ടും ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ലേക്കു തിരി​യാ​ഞ്ഞ​തു​കൊണ്ട്‌ അവൻ തീർച്ച​യാ​യും മരിക്കു​മെന്ന്‌ അവനോ​ടു പറഞ്ഞു​കൊ​ണ്ടും അവരെ രാജാ​വി​ന്റെ അടുക്ക​ലേക്കു തിരി​ച്ച​യ​യ്‌ക്കു​ക​യും ചെയ്യുന്നു. രാജാവ്‌ ഏലിയാ​വി​നെ പിടി​ച്ചു​കൊ​ണ്ടു​ചെ​ല്ലാൻ ഒരു പ്രമാ​ണി​യെ 50 ആൾക്കാ​രു​മാ​യി അയയ്‌ക്കു​മ്പോൾ അവരെ ദഹിപ്പി​ക്കു​ന്ന​തിന്‌ ഏലിയാവ്‌ ആകാശ​ത്തു​നി​ന്നു തീയി​റ​ക്കു​ന്നു. 50 ആൾക്കാ​രു​മാ​യി വന്ന രണ്ടാമത്തെ ഒരു പ്രമാ​ണി​ക്കും അതുതന്നെ സംഭവി​ക്കു​ന്നു. മൂന്നാ​മ​തൊ​രു പ്രമാ​ണി​യും 50 ആൾക്കാ​രും അയയ്‌ക്ക​പ്പെ​ടു​ന്നു. ഈ പ്രാവ​ശ്യം പ്രമാ​ണി​യു​ടെ ആദരപൂർവ​ക​മായ അഭ്യർഥന ഹേതു​വാ​യി ഏലിയാവ്‌ അവരുടെ ജീവനെ രക്ഷിക്കു​ന്നു. ഏലിയാവ്‌ അവരോ​ടു​കൂ​ടെ രാജാ​വി​ന്റെ അടുക്ക​ലേക്കു പോയി അഹസ്യാ​വി​ന്റെ​മേൽ വീണ്ടും മരണവി​ധി ഉച്ചരി​ക്കു​ന്നു. ഏലിയാ​വു പറഞ്ഞതു​പോ​ലെ​തന്നെ രാജാവു മരിക്കു​ന്നു. അനന്തരം അഹസ്യാ​വി​ന്റെ സഹോ​ദ​ര​നായ യെഹോ​രാം ഇസ്രാ​യേ​ലിൻമേൽ രാജാ​വാ​യി​ത്തീ​രു​ന്നു, കാരണം അഹസ്യാ​വി​നു തന്റെ സ്ഥാനം കയ്യേൽക്കാൻ പുത്ര​നില്ല.

6. ഏതു സാഹച​ര്യ​ങ്ങ​ളിൽ ഏലിയാവ്‌ എലീശാ​യിൽനി​ന്നു വേർപി​രി​യു​ന്നു, “ഏലിയാ​വി​ന്റെ ആത്മാവ്‌” എലീശാ​യു​ടെ​മേൽ ആവസി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ എങ്ങനെ പെട്ടെന്നു പ്രകട​മാ​ക്ക​പ്പെ​ടു​ന്നു?

6 എലീശാ ഏലിയാ​വി​ന്റെ പിൻഗാ​മി​യാ​കു​ന്നു (2:1-25). ഏലിയാവ്‌ എടുത്തു​മാ​റ​റ​പ്പെ​ടു​ന്ന​തി​നു​ളള സമയം വരുന്നു. ഗിൽഗാ​ലിൽനി​ന്നു ബെഥേ​ലി​ലേ​ക്കും യെരീ​ഹോ​യി​ലേ​ക്കും ഒടുവിൽ യോർദാ​ന്റെ മറുക​ര​യി​ലേ​ക്കു​മു​ളള ഏലിയാ​വി​ന്റെ യാത്ര​യിൽ എലീശാ അവനോ​ടു പററി​നിൽക്കു​ന്നു. ഏലിയാവ്‌ തന്റെ ഔദ്യോ​ഗിക അങ്കി​കൊ​ണ്ടു യോർദാ​നി​ലെ വെളള​ങ്ങളെ അടിച്ചു വേർപി​രി​ക്കു​ന്നു. എലീശാ തനിക്കും ഏലിയാ​വി​നും മധ്യേ അഗ്നിമ​യ​മായ ഒരു യുദ്ധര​ഥ​വും അഗ്നിമ​യ​മായ കുതി​ര​ക​ളും വരുന്ന​തും ഒരു ചുഴലി​ക്കാ​റ​റിൽ ഏലിയാവ്‌ കയറി​പ്പോ​കു​ന്ന​തും കാണു​മ്പോൾ അവനു വാഗ്‌ദത്തം ചെയ്യപ്പെട്ട ഏലിയാ​വി​ന്റെ ആത്മാവിൽ ഇരട്ടി ലഭിക്കു​ന്നു. അവൻ പെട്ടെ​ന്നു​തന്നെ “ഏലിയാ​വി​ന്റെ ആത്മാവു” തന്റെമേൽ ആവസി​ച്ചി​രി​ക്കു​ന്ന​താ​യി പ്രകട​മാ​ക്കു​ന്നു. (2:15) താഴെ വീണ ഏലിയാ​വി​ന്റെ അങ്കി എടുത്തു​കൊ​ണ്ടു വീണ്ടും വെളള​ങ്ങളെ വിഭാ​ഗി​ക്കാൻ അവൻ അതുപ​യോ​ഗി​ക്കു​ന്നു. അനന്തരം അവൻ യെരീ​ഹോ​യി​ലെ മലിന​ജ​ലത്തെ ശുദ്ധമാ​ക്കു​ന്നു. ബെഥേ​ലി​ലേ​ക്കു​ളള മാർഗ​മ​ധ്യേ ബാലൻമാർ “കഷണ്ടി​ത്ത​ലയാ കയറി​പ്പോ​കൂ! കഷണ്ടി​ത്ത​ലയാ കയറി​പ്പോ​കൂ!” എന്നു വിളി​ച്ചു​കൂ​കാൻ തുടങ്ങു​ന്നു. (2:23, NW) എലീശാ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു. കാട്ടിൽനി​ന്നു രണ്ടു പെൺക​ര​ടി​കൾ ഇറങ്ങി​വന്ന്‌ ഈ ബാലജ​ന​ദു​ഷ്‌കർമി​ക​ളിൽ 42 പേരെ കൊല്ലു​ന്നു.

7. എന്തു നിമിത്തം യഹോവ യെഹോ​ശാ​ഫാ​ത്തി​നെ​യും യെഹോ​രാ​മി​നെ​യും വിടു​വി​ക്കു​ന്നു?

7 യെഹോ​രാം, ഇസ്രാ​യേൽ രാജാവ്‌ (3:1-27). ഈ രാജാവ്‌ യൊ​രോ​ബെ​യാ​മി​ന്റെ പാപങ്ങ​ളോ​ടു പററി​നി​ന്നു​കൊ​ണ്ടു യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്‌തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. മോവാ​ബി​ലെ രാജാവ്‌ ഇസ്രാ​യേ​ലി​നു കപ്പം കൊടു​ത്തു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള​ളത്‌, എന്നാൽ ഇപ്പോൾ മത്സരി​ക്കു​ന്നു. മോവാ​ബി​നെ ആക്രമി​ക്കു​ന്ന​തി​നു യെഹോ​രാ​മി​നു യഹൂദ​യി​ലെ യെഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ​യും ഏദോം രാജാ​വി​ന്റെ​യും സഹായം കിട്ടുന്നു. ആക്രമി​ക്കാൻ പോകുന്ന വഴിക്ക്‌ അവരുടെ സൈന്യ​ങ്ങൾ വെളള​മി​ല്ലാത്ത പ്രദേ​ശത്തു വന്നെത്തി ഒടുങ്ങി​പ്പോ​കാ​റാ​കു​ന്നു. എലീശാ​യു​ടെ ദൈവ​മായ യഹോ​വ​യോട്‌ ആലോചന ചോദി​ക്കാൻ മൂന്നു രാജാ​ക്കൻമാ​രും​കൂ​ടെ അദ്ദേഹ​ത്തി​ന്റെ അടുക്കൽ ചെല്ലുന്നു. വിശ്വ​സ്‌ത​നായ യെഹോ​ശാ​ഫാത്ത്‌ നിമിത്തം യഹോവ അവരെ വിടു​വി​ക്കു​ക​യും മോവാ​ബിൻമേൽ വിജയം കൊടു​ക്കു​ക​യും ചെയ്യുന്നു.

8. എലീശാ കൂടു​ത​ലാ​യി ഏത്‌ അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്നു?

8 എലീശാ​യു​ടെ കൂടു​ത​ലായ അത്ഭുതങ്ങൾ (4:1–8:15). പ്രവാ​ച​ക​പു​ത്രൻമാ​രി​ലൊ​രാ​ളു​ടെ വിധവ തന്റെ രണ്ടു പുത്രൻമാ​രെ കടക്കാർ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​കാ​നി​രു​ന്ന​പ്പോൾ എലീശാ​യിൽനി​ന്നു സഹായം തേടുന്നു. അവൻ അവളുടെ വീട്ടിലെ അൽപ്പം എണ്ണ അത്ഭുത​ക​ര​മാ​യി പെരു​ക്കു​ന്നു, തന്നിമി​ത്തം തന്റെ കടങ്ങൾ വീട്ടു​ന്ന​തിന്‌ ആവശ്യ​മാ​യതു വിൽക്കാൻ അവൾക്കു സാധി​ക്കു​ന്നു. ഒരു ശൂനേ​മ്യ​സ്‌ത്രീ എലീശാ​യെ സത്യ​ദൈ​വ​ത്തി​ന്റെ ഒരു പ്രവാ​ച​ക​നാ​യി തിരി​ച്ച​റി​യു​ന്നു, അവളും അവളുടെ ഭർത്താ​വും അവൻ ശൂനേ​മി​ലാ​യി​രി​ക്കു​മ്പോ​ഴത്തെ ഉപയോ​ഗ​ത്തിന്‌ ഒരു മുറി ഒരുക്കു​ന്നു. അവളുടെ ദയ നിമിത്തം യഹോവ ഒരു പുത്രനെ കൊടു​ത്തു​കൊണ്ട്‌ അവളെ അനു​ഗ്ര​ഹി​ക്കു​ന്നു. കുറേ വർഷങ്ങൾ കഴിഞ്ഞു കുട്ടി രോഗം​ബാ​ധി​ച്ചു മരിക്കു​ന്നു. പെട്ടെ​ന്നു​തന്നെ സ്‌ത്രീ എലീശാ​യെ അന്വേ​ഷി​ക്കു​ന്നു. അവൻ അവളോ​ടു​കൂ​ടെ അവളുടെ വീട്ടി​ലേക്കു ചെല്ലുന്നു. യഹോ​വ​യു​ടെ ശക്തിയാൽ അവൻ കുട്ടിയെ ഉയിർപ്പി​ക്കു​ന്നു. ഗിൽഗാ​ലിൽ പ്രവാ​ച​ക​പു​ത്രൻമാ​രു​ടെ അടുക്ക​ലേക്കു മടങ്ങി​ച്ചെ​ന്നു​കൊണ്ട്‌ എലീശാ അത്ഭുത​ക​ര​മാ​യി വിഷച്ചു​ര​യ്‌ക്കാ​യെ ദോഷ​ര​ഹി​ത​മാ​ക്കി​ക്കൊ​ണ്ടു ‘കലത്തിലെ മരണത്തെ’ നീക്കം​ചെ​യ്യു​ന്നു. അനന്തരം അവൻ 20 യവത്തപ്പം​കൊ​ണ്ടു നൂറു​പേരെ പോഷി​പ്പി​ക്കു​ന്നു, എന്നിട്ടും അവർക്കു “ശേഷിപ്പ്‌” ഉണ്ട്‌.—4:40, 44.

9. നയമാ​നോ​ടു​ളള ബന്ധത്തി​ലും കോടാ​ലി​യു​ടെ കാര്യ​ത്തി​ലും ഏത്‌ അത്ഭുതങ്ങൾ ചെയ്യ​പ്പെ​ടു​ന്നു?

9 സിറിയൻ സൈന്യാ​ധി​പ​നായ നയമാൻ ഒരു കുഷ്‌ഠ​രോ​ഗി​യാണ്‌. അവനെ സുഖ​പ്പെ​ടു​ത്താൻ കഴിവു​ളള ഒരു പ്രവാ​ചകൻ ശമര്യ​യി​ലു​ണ്ടെന്നു ബന്ദിയായ ഒരു ഇസ്രാ​യേല്യ ബാലിക നയമാന്റെ ഭാര്യ​യോ​ടു പറയുന്നു. നയമാൻ എലീശാ​യു​ടെ അടുക്ക​ലേക്കു യാത്ര ചെയ്യുന്നു, എന്നാൽ എലീശാ വ്യക്തി​പ​ര​മാ​യി അവനെ ശ്രദ്ധി​ക്കു​ന്ന​തി​നു പകരം പോയി യോർദാൻ നദിയിൽ ഏഴു പ്രാവ​ശ്യം കുളി​ക്കാൻ പറയു​ന്ന​തിന്‌ അവന്റെ അടുക്ക​ലേക്ക്‌ ആളെ പറഞ്ഞയ​യ്‌ക്കു​ക​മാ​ത്രം ചെയ്യുന്നു. പ്രത്യ​ക്ഷ​ത്തി​ലു​ളള ഈ ആദരവി​ല്ലാ​യ്‌മ​യിൽ നയമാൻ കുപി​ത​നാ​കു​ന്നു. ദമാസ്‌ക​സി​ലെ നദികൾ ഇസ്രാ​യേ​ലി​ലെ വെളള​ങ്ങ​ളെ​ക്കാൾ നല്ലതല്ല​യോ? എന്നാൽ എലീശാ​യെ അനുസ​രി​ക്കാൻ അവനെ പറഞ്ഞു​സ​മ്മ​തി​പ്പി​ക്കു​ന്നു, അവൻ സുഖം​പ്രാ​പി​ക്കു​ന്നു. പ്രതി​ഫ​ല​മാ​യി ഒരു സമ്മാനം സ്വീക​രി​ക്കാൻ എലീശാ വിസമ്മ​തി​ക്കു​ന്നു. എന്നാൽ പിന്നീട്‌ അവന്റെ ശുശ്രൂ​ഷ​ക​നായ ഗേഹസി നയമാന്റെ പിന്നാലെ ഓടി​ച്ചെന്ന്‌ എലീശാ​യു​ടെ പേരിൽ ഒരു സമ്മാനം ആവശ്യ​പ്പെ​ടു​ന്നു. ഗേഹസി തിരി​ച്ചു​ചെന്ന്‌ എലീശാ​യെ കബളി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ അയാളെ കുഷ്‌ഠം ബാധി​ക്കു​ന്നു. ഒരു കോടാ​ലി പൊങ്ങി​ക്കി​ട​ക്കാ​നി​ട​യാ​ക്കു​മ്പോൾ എലീശാ മറെറാ​രു അത്ഭുതം ചെയ്യുന്നു.

10. യഹോ​വ​യു​ടെ മികച്ച സൈന്യ​ങ്ങൾ എങ്ങനെ കാണി​ക്ക​പ്പെ​ടു​ന്നു, എലീശാ സിറി​യ​ക്കാ​രെ പിന്തി​രി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

10 ഇസ്രാ​യേൽരാ​ജാ​വി​നെ കൊല്ലാ​നു​ളള സിറി​യാ​ക്കാ​രു​ടെ ഒരു ഗൂഢാ​ലോ​ച​ന​യെ​ക്കു​റിച്ച്‌ എലീശാ അവനു മുന്നറി​യി​പ്പു കൊടു​ക്കു​മ്പോൾ സിറി​യ​യി​ലെ രാജാവ്‌ എലീശാ​യെ പിടി​ക്കാൻ ഒരു സൈന്യ​ത്തെ ദോഥാ​നി​ലേക്ക്‌ അയയ്‌ക്കു​ന്നു. നഗരം സിറിയൻ സൈന്യ​ങ്ങ​ളാൽ വലയം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നതു കണ്ട്‌ എലീശാ​യു​ടെ ശുശ്രൂ​ഷകൻ ഭയാകു​ല​നാ​കു​ന്നു. എലീശാ അവന്‌ ഇങ്ങനെ ഉറപ്പു​കൊ​ടു​ക്കു​ന്നു: “പേടി​ക്കേണ്ട; നമ്മോ​ടു​കൂ​ടെ​യു​ള​ളവർ അവരോ​ടു​കൂ​ടെ​യു​ള​ള​വ​രെ​ക്കാൾ അധികം.” അനന്തരം തന്നോ​ടു​കൂ​ടെ​യു​ളള വലിയ സൈന്യ​ത്തെ കാണാൻ തന്റെ ശുശ്രൂ​ഷ​കനെ അനുവ​ദി​ക്കേ​ണമേ എന്ന്‌ എലീശാ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു. ‘നോക്കൂ! എലീശാ​യ്‌ക്കു ചുററും പർവത​പ്ര​ദേശം അഗ്നിമ​യ​മായ കുതി​ര​ക​ളും രഥങ്ങളും കൊണ്ടു നിറഞ്ഞി​രി​ക്കു​ന്നു.’ (6:16, 17, NW) സിറി​യ​ക്കാർ ആക്രമി​ക്കു​മ്പോൾ പ്രവാ​ചകൻ വീണ്ടും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു, അവരെ മാനസി​ക​മായ അന്ധത ബാധി​ക്കു​ന്നു, അവർ ഇസ്രാ​യേൽരാ​ജാ​വി​ന്റെ അടുക്ക​ലേക്കു നയിക്ക​പ്പെ​ടു​ന്നു. ഏതായാ​ലും, അവരെ വധിക്കു​ന്ന​തി​നു പകരം അവർക്കു ഭക്ഷണം കൊടു​ക്കാ​നും അവരെ വീട്ടി​ലേക്കു പറഞ്ഞയ​യ്‌ക്കാ​നും എലീശാ രാജാ​വി​നോ​ടു പറയുന്നു.

11. സിറി​യ​ക്കാ​രെ​യും ബെൻഹ​ദ​ദി​നെ​യും സംബന്ധിച്ച എലീശാ​യു​ടെ പ്രവച​നങ്ങൾ നിവർത്തി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ?

11 പിന്നീടു സിറി​യ​യി​ലെ ബെൻഹ​ദ​ദ്‌രാ​ജാവ്‌ ശമര്യയെ ഉപരോ​ധി​ക്കു​ന്നു, ഒരു വലിയ ക്ഷാമം ഉണ്ടാകു​ന്നു. ഇസ്രാ​യേൽരാ​ജാവ്‌ അതിന്‌ എലീശാ​യെ പഴിചാ​രു​ന്നു, എന്നാൽ അടുത്ത ദിവസം ധാരാളം ഭക്ഷ്യം ഉണ്ടായി​രി​ക്കു​മെന്നു പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. രാത്രി​യിൽ, സിറി​യാ​ക്കാർ ഒരു വലിയ സൈന്യ​ത്തി​ന്റെ ശബ്ദം കേൾക്കാൻ യഹോവ ഇടയാ​ക്കു​ന്നു, തന്നിമി​ത്തം അവർ തങ്ങളുടെ സകല വിഭവ​ങ്ങ​ളും ഇസ്രാ​യേ​ല്യർക്കാ​യി വിട്ടിട്ട്‌ ഓട്ടമി​ടു​ന്നു. കുറേ​ക്കാ​ലം കഴിഞ്ഞ്‌ ബെൻഹ​ദ​ദ്‌രാ​ജാവ്‌ രോഗി​യാ​യി​ത്തീ​രു​ന്നു. എലീശാ ദമാസ്‌ക​സി​ലേക്കു വന്നിട്ടു​ണ്ടെ​ന്നു​ളള വാർത്ത കേട്ടു​കൊണ്ട്‌, താൻ സുഖം​പ്രാ​പി​ക്കു​മോ​യെന്ന്‌ അന്വേ​ഷി​ക്കു​ന്ന​തിന്‌ അവൻ ഹസാ​യേ​ലി​നെ അയയ്‌ക്കു​ന്നു. രാജാവു മരിക്കു​മെ​ന്നും തൽസ്ഥാ​നത്തു ഹസായേൽ രാജാ​വാ​കു​മെ​ന്നും എലീശാ​യു​ടെ ഉത്തരം സൂചി​പ്പി​ക്കു​ന്നു. അവൻതന്നെ രാജാ​വി​നെ കൊന്നു​കൊ​ണ്ടും രാജത്വം ഏറെറ​ടു​ത്തു​കൊ​ണ്ടും ഹസായേൽ ഇത്‌ ഉറപ്പാ​ക്കു​ന്നു.

12. യെഹോ​ശാ​ഫാ​ത്തി​ന്റെ പുത്ര​നായ യെഹോ​രാം ഏതുതരം രാജാ​വാ​ണെന്നു തെളി​യു​ന്നു?

12 യെഹോ​രാം, യഹൂദാ​രാ​ജാവ്‌ (8:16-29). ഇതിനി​ട​യിൽ യഹൂദ​യിൽ യെഹോ​ശാ​ഫാ​ത്തി​ന്റെ പുത്ര​നായ യെഹോ​രാം ഇപ്പോൾ രാജാ​വാണ്‌. അവൻ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്‌ത​തി​നാൽ ഇസ്രാ​യേ​ലി​ലെ രാജാ​ക്കൻമാ​രെ​ക്കാൾ മെച്ചമാ​ണെന്നു തെളി​യു​ന്നില്ല. അവന്റെ ഭാര്യ ആഹാബി​ന്റെ പുത്രി​യായ അഥല്യാ ആണ്‌, യെഹോ​രാം എന്നുതന്നെ പേരുളള അവളുടെ സഹോ​ദരൻ ഇസ്രാ​യേ​ലിൽ വാഴുന്നു. യഹൂദ​യി​ലെ യെഹോ​രാം മരിക്കു​മ്പോൾ അവന്റെ പുത്ര​നായ അഹസ്യാവ്‌ യെരു​ശ​ലേ​മിൽ രാജാ​വാ​യി​ത്തീ​രു​ന്നു.

13. യേഹൂ തന്റെ അഭി​ഷേ​കത്തെ തുടർന്ന്‌ ഏതു മിന്നലാ​ക്ര​മ​ണങ്ങൾ നടത്തുന്നു?

13 യേഹൂ, ഇസ്രാ​യേൽ രാജാവ്‌ (9:1–10:36). ഇസ്രാ​യേ​ലി​ന്റെ​മേൽ രാജാ​വാ​യി​രി​ക്കു​ന്ന​തി​നു യേഹൂ​വി​നെ അഭി​ഷേകം ചെയ്യാ​നും ആഹാബ്‌ഗൃ​ഹത്തെ മുഴുവൻ നിഗ്ര​ഹി​ക്കു​ന്ന​തിന്‌ അവനെ നിയോ​ഗി​ക്കാ​നും എലീശാ പ്രവാ​ച​ക​പു​ത്രൻമാ​രി​ലൊ​രാ​ളെ അയയ്‌ക്കു​ന്നു. യേഹൂ സമയം നഷ്ടപ്പെ​ടു​ത്തു​ന്നില്ല. അവൻ ഇസ്രാ​യേൽരാ​ജാ​വായ യെഹോ​രാ​മി​ന്റെ നേർക്കു പുറ​പ്പെ​ടു​ന്നു, അവൻ യി​സ്രെ​യേ​ലിൽ യുദ്ധത്തി​ലേററ മുറി​വു​ക​ളിൽനി​ന്നു സൗഖ്യം​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാവൽക്കാ​രൻ തിര​പോ​ലെ ഉയർന്നു​വ​രുന്ന മനുഷ്യ​സ​മൂ​ഹം അടുത്തു​വ​രു​ന്നതു കാണുന്നു. ഒടുവിൽ അവൻ രാജാ​വി​നോട്‌ ഇങ്ങനെ അറിയി​ക്കു​ന്നു: “ആ ഓടി​ക്കു​ന്നതു നിംശി​യു​ടെ മകനായ യേഹൂ ഓടി​ക്കു​ന്ന​തു​പോ​ലെ ഇരിക്കു​ന്നു; ഭ്രാന്ത​നെ​പ്പോ​ലെ​യ​ല്ലോ അവൻ ഓടി​ച്ചു​വ​രു​ന്നതു.” (9:20) ഇസ്രാ​യേ​ലി​ലെ യെഹോ​രാ​മും യഹൂദ​യി​ലെ അഹസ്യാ​വും യേഹൂ​വി​ന്റെ ഉദ്ദേശ്യം സംബന്ധിച്ച്‌ അന്വേ​ഷി​ക്കു​ന്നു. “നിന്റെ അമ്മയായ ഈസേ​ബെ​ലി​ന്റെ പരസം​ഗ​വും ക്ഷുദ്ര​വും ഇത്ര അധിക​മാ​യി​രി​ക്കു​ന്നേ​ട​ത്തോ​ളം എന്തു സമാധാ​നം” എന്നു ചോദി​ച്ചു​കൊ​ണ്ടു യേഹൂ മറുപടി പറയുന്നു. (9:22) ഓടി​പ്പോ​കാൻ യെഹോ​രാം തിരി​യു​മ്പോൾ യേഹൂ അവന്റെ ചങ്കിലൂ​ടെ ഒരു അസ്‌ത്രം പായി​ക്കു​ന്നു. അവന്റെ പിണം ആഹാബ്‌ ചൊരിഞ്ഞ നിർദോ​ഷ​ര​ക്ത​ത്തി​നു​ളള കൂടു​ത​ലായ പ്രതി​കാ​ര​മെ​ന്നോ​ണം നാബോ​ത്തി​ന്റെ വയലി​ലേക്ക്‌ എറിയ​പ്പെ​ടു​ന്നു. പിന്നീടു യേഹൂ​വും അവന്റെ പടയാ​ളി​ക​ളും അഹസ്യാ​വി​നെ പിന്തു​ടർന്നു വെട്ടി​വീ​ഴ്‌ത്തു​ന്നു, തന്നിമി​ത്തം അവൻ മെഗി​ദ്ദോ​യിൽവെച്ചു മരിക്കു​ന്നു. യേഹൂ​വി​ന്റെ ആദ്യത്തെ മിന്നലാ​ക്ര​മ​ണ​ത്തിൽ രണ്ടു രാജാ​ക്കൻമാർ മരിക്കു​ന്നു.

14. ഇസബേ​ലി​നെ​ക്കു​റി​ച്ചു​ളള ഏലിയാ​വി​ന്റെ പ്രവചനം എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു?

14 ഇനി ഇസബേ​ലി​ന്റെ ഊഴമാണ്‌! യേഹൂ വിജയ​ശ്രീ​ലാ​ളി​ത​നാ​യി യി​സ്രെ​യേ​ലി​ലേക്കു സവാരി ചെയ്യു​മ്പോൾ ഇസബേൽ തന്റെ ഏററവും മോടി​യായ ചമയ​ത്തോ​ടെ ജനാല​യ്‌ക്കൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. യേഹൂ​വി​നു മതിപ്പു തോന്നു​ന്നില്ല. “അവളെ താഴെ തളളി​യി​ടു​വിൻ,” അവൻ കുറെ സേവക​രോ​ടു വിളി​ച്ചു​പ​റ​യു​ന്നു. അവൾ താഴേക്കു പോകു​ന്നു, അവളുടെ രക്തം ചുവരി​ലും അവളെ ചവിട്ടി​മെ​തി​ക്കുന്ന കുതി​ര​ക​ളു​ടെ​മേ​ലും തെറി​ക്കു​ന്നു. അവളെ കുഴി​ച്ചി​ടാൻ അവർ ചെല്ലു​മ്പോൾ അവളുടെ തലയോ​ട്ടി​യും പാദങ്ങ​ളും കൈത്ത​ല​ങ്ങ​ളും മാത്രമേ അവർക്കു കാണാൻ കഴിയു​ന്നു​ളളു. ഇത്‌, ‘നായ്‌ക്കൾ ഈസേ​ബെ​ലി​നെ തിന്നു​ക​ള​യും, അവളുടെ പിണം യി​സ്രെ​യേൽപ്ര​ദേ​ശത്തു വയലിലെ ചാണകം​പോ​ലെ​യാ​കും’ എന്ന ഏലിയാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി​ട്ടാണ്‌.—2 രാജാ. 9:33, 36, 37; 1 രാജാ. 21:23.

15. ശമര്യ​യി​ലേ​ക്കു​ളള മാർഗ​മ​ധ്യേ യേഹൂ​വി​നു വ്യത്യ​സ്‌ത​ത​ര​ങ്ങ​ളി​ലു​ളള ഏത്‌ അഭിമു​ഖീ​ക​ര​ണങ്ങൾ ഉണ്ടാകു​ന്നു?

15 അടുത്ത​താ​യി, യേഹൂ ആഹാബി​ന്റെ 70 പുത്രൻമാ​രു​ടെ സംഹാ​ര​ത്തിന്‌ ആജ്ഞാപി​ക്കു​ന്നു, അവൻ അവരുടെ തലകൾ യി​സ്രെ​യേൽപ​ടി​വാ​തിൽക്കൽ കൂനകൂ​ട്ടി​യി​ടു​ന്നു. യി​സ്രെ​യേ​ലി​ലെ ആഹാബി​ന്റെ ഏറാൻമൂ​ളി​ക​ളെ​ല്ലാം വധിക്ക​പ്പെ​ടു​ന്നു. ഇപ്പോൾ ഇസ്രാ​യേ​ലി​ന്റെ തലസ്ഥാ​ന​മായ ശമര്യ​യി​ലേക്ക്‌! മാർഗ​മ​ധ്യേ അവൻ അഹസ്യാ​വി​ന്റെ 42 സഹോ​ദ​രൻമാ​രെ കണ്ടുമു​ട്ടു​ന്നു, എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ അറിയാ​തെ അവർ യി​സ്രെ​യേ​ലി​ലേക്കു യാത്ര ചെയ്യു​ക​യാണ്‌. അവരെ പിടി​കൂ​ടി കൊല്ലു​ന്നു. എന്നാൽ ഇപ്പോൾ ഒരു വ്യത്യ​സ്‌ത​ത​ര​ത്തി​ലു​ളള അഭിമു​ഖീ​ക​രണം നടക്കുന്നു. രേഖാ​ബി​ന്റെ പുത്ര​നായ യോനാ​ദാബ്‌ യേഹൂ​വി​നെ എതി​രേൽക്കാൻ വരുന്നു. “എന്റെ ഹൃദയം നിന്റെ ഹൃദയ​ത്തോ​ടു ചേർന്നി​രി​ക്കു​ന്ന​തു​പോ​ലെ നിന്റെ ഹൃദയം പരമാർഥ​മാ​യി​രി​ക്കു​ന്നു​വോ” എന്ന യേഹൂ​വി​ന്റെ ചോദ്യ​ത്തിന്‌ “അതേ” എന്നു യോനാ​ദാ​ബു മറുപടി പറയുന്നു. അപ്പോൾ ‘യേഹു​വി​നു യഹോ​വ​യെ​ക്കു​റി​ച്ചു​ളള ശുഷ്‌കാ​ന്തി’ നേരിട്ടു കാണാൻ അവൻ തന്റെ രഥത്തിൽ തന്നോ​ടു​കൂ​ടെ യോനാ​ദാ​ബി​നെ കയററി​ക്കൊ​ണ്ടു​പോ​കു​ന്നു.—2 രാജാ. 10:15, 16.

16. ആഹാബ്‌ഗൃ​ഹ​ത്തി​നും ബാലി​നും എതിരായ യേഹൂ​വി​ന്റെ നടപടി എത്ര സമഗ്ര​മാണ്‌?

16 ശമര്യ​യിൽ വന്നെത്തു​മ്പോൾ ഏലിയാ​വി​നോ​ടു​ളള യഹോ​വ​യു​ടെ വചന​പ്ര​കാ​രം ആഹാബ്‌ഗൃ​ഹ​ത്തിൽ ശേഷി​ച്ച​തി​നെ​ല്ലാം അവൻ നിർമൂ​ല​നാ​ശം വരുത്തു​ന്നു. (1 രാജാ. 21:21, 22) എന്നിരു​ന്നാ​ലും, മ്ലേച്ഛമായ ബാൽമ​തത്തെ സംബന്ധി​ച്ചെന്ത്‌? യേഹൂ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു, “ആഹാബ്‌ ബാലിനെ അല്‌പമേ സേവി​ച്ചു​ളളു; യേഹൂ​വോ അവനെ അധികം സേവി​ക്കും.” (2 രാജാ. 10:18) ഈ ഭൂതാ​രാ​ധ​ക​രെ​യെ​ല്ലാം ബാലിന്റെ ക്ഷേത്ര​ത്തി​ലേക്കു വിളി​ച്ചിട്ട്‌ അവരെ തിരി​ച്ച​റി​യാ​നു​ളള വസ്‌ത്രങ്ങൾ ധരിപ്പി​ക്കു​ക​യും അവരുടെ ഇടയിൽ യഹോ​വ​യു​ടെ യാതൊ​രു ആരാധ​ക​നു​മി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യുന്നു. അനന്തരം അവൻ അവരെ വധിക്കു​ന്ന​തി​നു തന്റെ ആളുകളെ അയയ്‌ക്കു​ന്നു, ഒററ ഒരുവ​നും രക്ഷപ്പെ​ടാൻ അനുവ​ദി​ക്കു​ന്നില്ല. ബാലിന്റെ ക്ഷേത്രം നശിപ്പി​ക്ക​പ്പെ​ടു​ന്നു, ആ സ്ഥലം കക്കൂസു​ക​ളാ​യി മാററ​പ്പെ​ടു​ന്നു, അവ യിരെ​മ്യാ​വി​ന്റെ നാൾ വരെ സ്ഥിതി​ചെ​യ്യു​ന്നു. ‘അങ്ങനെ യേഹൂ ബാലിനെ ഇസ്രാ​യേ​ലിൽനി​ന്നു ഉൻമൂ​ലനം ചെയ്യുന്നു.’—10:28.

17. യേഹൂ ഏതിൽ പരാജ​യ​പ്പെ​ടു​ന്നു, യഹോവ എങ്ങനെ ഇസ്രാ​യേ​ലിൻമേൽ ശിക്ഷ വരുത്തി​ത്തു​ട​ങ്ങു​ന്നു?

17 എന്നിരു​ന്നാ​ലും, തീക്ഷ്‌ണ​ത​യു​ളള യേഹൂ​പോ​ലും പരാജ​യ​പ്പെ​ടു​ന്നു. ഏതിൽ? ബെഥേ​ലി​ലും ദാനി​ലും യൊ​രോ​ബെ​യാം സ്ഥാപിച്ച സ്വർണ​ക്കാ​ള​ക്കു​ട്ടി​കളെ പിൻപ​റ​റു​ന്ന​തിൽ അവൻ തുടരു​ന്നു എന്നതിൽ. അവൻ “യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​പ്ര​കാ​രം പൂർണ്ണ​മ​ന​സ്സോ​ടെ നടക്കു​ന്ന​തി​ന്നു ജാഗ്രത കാണി​ച്ചില്ല.” (10:31) എന്നാൽ ആഹാബ്‌ഗൃ​ഹ​ത്തി​നെ​തി​രായ അവന്റെ നടപടി നിമിത്തം നാലാം തലമു​റ​വരെ അവന്റെ സന്തതികൾ ഇസ്രാ​യേ​ലി​ന്റെ​മേൽ ഭരിക്കു​മെന്നു യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. അവന്റെ നാളു​ക​ളിൽ സിറി​യ​യി​ലെ ഹസാ​യേ​ലി​നെ ഇസ്രാ​യേ​ലി​നെ​തി​രെ വരുത്തി​ക്കൊ​ണ്ടു യഹോവ രാജ്യ​ത്തി​ന്റെ കിഴക്കൻഭാ​ഗത്തെ ഛേദി​ച്ചു​തു​ട​ങ്ങു​ന്നു. 28 വർഷം വാണ​ശേഷം യേഹൂ മരിക്കു​ന്നു, അവന്റെ പുത്ര​നായ യെഹോ​വാ​ഹാസ്‌ പിൻഗാ​മി​യാ​യി വരുന്നു.

18. യഹൂദ​യി​ലെ അഥല്യ​യു​ടെ ഗൂഢാ​ലോ​ചന എങ്ങനെ ധ്വംസി​ക്ക​പ്പെ​ടു​ന്നു, യോവാ​ശി​ന്റെ വാഴ്‌ച​യെ​സം​ബ​ന്ധി​ച്ചു ശ്രദ്ധാർഹ​മാ​യി​രി​ക്കു​ന്നത്‌ എന്ത്‌?

18 യോവാശ്‌, യഹൂദാ​രാ​ജാവ്‌ (11:1–12:21). അമ്മരാ​ജ്ഞി​യായ അഥല്യ ജഡപ്ര​കാ​ര​വും മനോ​ഭാ​വ​ത്തി​ലും ഇസബേ​ലി​ന്റെ പുത്രി​യാണ്‌. തന്റെ പുത്ര​നായ അഹസ്യാ​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചു കേട്ട​പ്പോൾ അവൾ മുഴു രാജകു​ടും​ബ​ത്തി​ന്റെ​യും വധത്തിന്‌ ആജ്ഞകൊ​ടു​ക്കു​ക​യും സിംഹാ​സനം കയ്യേൽക്കു​ക​യും ചെയ്യുന്നു. ഒളിച്ചു​വെ​ക്ക​പ്പെ​ട്ട​തി​നാൽ അഹസ്യാ​വി​ന്റെ ആൺകു​ഞ്ഞായ യോവാശ്‌ മാത്രമേ രക്ഷപ്പെ​ടു​ന്നു​ളളു. അഥല്യാ​യു​ടെ വാഴ്‌ച​യു​ടെ ഏഴാം വർഷം പുരോ​ഹി​ത​നായ യെഹോ​യാ​ദാ യോവാ​ശി​നെ രാജാ​വാ​യി അഭി​ഷേകം ചെയ്യി​ക്കു​ക​യും അഥല്യാ​യെ കൊല്ലി​ക്കു​ക​യും ചെയ്യുന്നു. യെഹോ​യാ​ദാ യഹോ​വ​യു​ടെ ആരാധ​ന​യിൽ ജനത്തെ നയിക്കു​ക​യും ദൈവ​മു​മ്പാ​കെ​യു​ളള തന്റെ കർത്തവ്യ​ങ്ങൾ സംബന്ധി​ച്ചു യോവാ​ശി​നെ പ്രബോ​ധി​പ്പി​ക്കു​ക​യും യഹോ​വ​യു​ടെ ആലയത്തി​ന്റെ അററകു​റ​റ​പ്പ​ണിക്ക്‌ ഏർപ്പാ​ടു​ചെ​യ്യു​ക​യും ചെയ്യുന്നു. സമ്മാനങ്ങൾ കൊടു​ത്തു​കൊ​ണ്ടു യോവാശ്‌ സിറി​യ​യി​ലെ രാജാ​വായ ഹസാ​യേ​ലി​ന്റെ ആക്രമ​ണത്തെ പിന്തി​രി​പ്പി​ക്കു​ന്നു. യോവാശ്‌ യെരു​ശ​ലേ​മിൽ 40 വർഷം ഭരിച്ച​ശേഷം അവന്റെ ദാസൻമാർ അവനെ നിഗ്ര​ഹി​ക്കു​ന്നു, അവന്റെ പുത്ര​നായ അഹസ്യാവ്‌ പകരം ഭരിച്ചു​തു​ട​ങ്ങു​ക​യും ചെയ്യുന്നു.

19. (എ) ഇസ്രാ​യേ​ലി​ലെ യെഹോ​വാ​ഹാ​സി​ന്റെ​യും യോവാ​ശി​ന്റെ​യും വാഴ്‌ച​ക്കാ​ല​ങ്ങ​ളിൽ ഏതു വ്യാജാ​രാ​ധന തുടരു​ന്നു? (ബി) എലീശാ യഹോ​വ​യു​ടെ പ്രവാ​ച​ക​നെന്ന നിലയി​ലു​ളള അവന്റെ ഗതി എങ്ങനെ അവസാ​നി​പ്പി​ക്കു​ന്നു?

19 യെഹോ​വാ​ഹാ​സും യാവാ​ശും, ഇസ്രാ​യേൽ രാജാ​ക്കൻമാർ (13:1-25). യേഹൂ​വി​ന്റെ പുത്ര​നായ യെഹോ​വാ​ഹാസ്‌ വിഗ്ര​ഹാ​രാ​ധ​ന​യിൽ തുടരു​ന്നു, ഇസ്രാ​യേൽ സിറി​യ​യു​ടെ അധികാ​ര​ത്തിൻകീ​ഴിൽ വരുന്നു, എന്നാലും യെഹോ​വാ​ഹാസ്‌ സിംഹാ​സ​ന​ഭ്ര​ഷ്ട​നാ​കു​ന്നില്ല. കാല​ക്ര​മ​ത്തിൽ യഹോവ ഇസ്രാ​യേ​ലി​നെ വിടു​വി​ക്കു​ന്നു, എന്നാൽ അവർ യൊ​രോ​ബെ​യാ​മി​ന്റെ കാളക്കു​ട്ടി​യാ​രാ​ധ​ന​യിൽ തുടരു​ന്നു. യഹോ​വാ​ഹാ​സി​ന്റെ മരണ​ശേഷം അവന്റെ പുത്ര​നായ യോവാശ്‌ അവനു പകരം ഇസ്രാ​യേ​ലിൽ രാജസ്ഥാ​നം ഏൽക്കുന്നു, മറേറ യോവാശ്‌ യഹൂദ​യിൽ വാണു​കൊ​ണ്ടി​രി​ക്കെ​ത്തന്നെ. ഇസ്രാ​യേ​ലി​ലെ യോവാശ്‌ തന്റെ പിതാ​വി​ന്റെ വിഗ്ര​ഹാ​രാ​ധ​ന​യിൽ തുടരു​ന്നു. അവന്റെ മരണ​ശേഷം അവന്റെ പുത്ര​നായ യെഹോ​രാം രാജാ​വാ​യി​ത്തീ​രു​ന്നു. യോവാ​ശി​ന്റെ വാഴ്‌ച​ക്കാ​ല​ത്താണ്‌ അവൻ സിറി​യയെ മൂന്നു പ്രാവ​ശ്യം തോൽപ്പി​ക്കു​മെ​ന്നു​ളള തന്റെ അന്തിമ​പ്ര​വ​ചനം നടത്തി​യ​ശേഷം എലീശാ രോഗ​ബാ​ധി​ത​നാ​യി മരിക്കു​ന്നത്‌, ആ പ്രവചനം തക്കസമ​യത്തു നിവൃ​ത്തി​യേ​റു​ന്നു. എലീശാ​യു​ടേ​താ​യി പറയ​പ്പെ​ടുന്ന അന്തിമ അത്ഭുതം അവന്റെ ശവക്കു​ഴി​യി​ലേക്ക്‌ ഒരു മരിച്ച മനുഷ്യ​നെ ഇടു​മ്പോൾ അവന്റെ മരണ​ശേഷം നടക്കുന്നു, അയാൾ എലീശാ​യു​ടെ അസ്ഥികളെ തൊടു​ന്ന​യു​ടനെ ജീവി​ച്ചെ​ഴു​ന്നേൽക്കു​ന്നു.

20. യഹൂദ​യി​ലെ അമസ്യാ​വി​ന്റെ വാഴ്‌ചയെ വർണി​ക്കുക.

20 അമസ്യാവ്‌, യഹൂദാ​രാ​ജാവ്‌ (14:1-22). അമസ്യാവ്‌ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നേരാ​യതു ചെയ്യുന്നു, എന്നാൽ ആരാധ​നക്ക്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന ഉന്നതസ്ഥ​ല​ങ്ങളെ നശിപ്പി​ക്കു​ന്ന​തിൽ അവൻ പരാജ​യ​പ്പെ​ടു​ന്നു. അവൻ യുദ്ധത്തിൽ ഇസ്രാ​യേ​ലി​ലെ യോവാ​ശി​നാൽ തോൽപ്പി​ക്ക​പ്പെ​ടു​ന്നു. 29 വർഷത്തെ വാഴ്‌ച​ക്കു​ശേഷം അവൻ ഒരു ഗൂഢാ​ലോ​ച​ന​യിൽ കൊല്ല​പ്പെ​ടു​ന്നു. അവനു പകരം അവന്റെ പുത്ര​നായ അസര്യാവ്‌ രാജാ​വാ​ക്ക​പ്പെ​ടു​ന്നു.

21. ഇസ്രാ​യേ​ലിൽ യൊ​രോ​ബെ​യാം II-ാമന്റെ വാഴ്‌ച​ക്കാ​ലത്ത്‌ എന്തു സംഭവി​ക്കു​ന്നു?

21 യൊ​രോ​ബെ​യാം II-ാമൻ, ഇസ്രാ​യേൽ രാജാവ്‌ (14:23-29) ഇസ്രാ​യേ​ലിൽ രാജാ​വായ യൊ​രോ​ബെ​യാം രണ്ടാമൻ തന്റെ പൂർവ​പി​താ​വി​ന്റെ വ്യാജാ​രാ​ധ​ന​യിൽ തുടരു​ന്നു. അവൻ ശമര്യ​യിൽ 41 വർഷം വാഴു​ക​യും ഇസ്രാ​യേ​ലി​നു നഷ്ടപ്പെട്ട പ്രദേ​ശങ്ങൾ തിരി​ച്ചു​പി​ടി​ക്കു​ന്ന​തിൽ വിജയി​ക്കു​ക​യും ചെയ്യുന്നു. അവന്റെ പുത്ര​നായ സെഖര്യാവ്‌ അവന്റെ പിൻഗാ​മി​യാ​യി സിംഹാ​സ​നാ​രോ​ഹണം ചെയ്യുന്നു.

22. യഹൂദ​യി​ലെ അസര്യാ​വി​ന്റെ വാഴ്‌ച​യെ​സം​ബ​ന്ധിച്ച്‌ എന്തു പ്രതി​പാ​ദി​ച്ചി​രി​ക്കു​ന്നു?

22 അസര്യാവ്‌ (ഉസ്സീയാവ്‌), യഹൂദാ​രാ​ജാവ്‌ (15:1-7) അസര്യാവ്‌ 52 വർഷം ഭരിക്കു​ന്നു. അവൻ യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​നാണ്‌, എന്നാൽ ഉന്നതസ്ഥ​ല​ങ്ങളെ നശിപ്പി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. പിന്നീട്‌, യഹോവ കുഷ്‌ഠ​രോ​ഗ​ത്താൽ അവനെ ബാധി​ക്കു​ന്നു. അവന്റെ പുത്ര​നായ യോഥാം രാജകീയ കർത്തവ്യ​ങ്ങൾ ഏറെറ​ടു​ക്കു​ക​യും അസര്യാ​വി​ന്റെ മരണ​ശേഷം രാജാ​വാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.

23. അസീറി​യൻ ഭീഷണി ഉയരു​മ്പോൾ ഇസ്രാ​യേ​ലി​നെ ഏതു ദോഷങ്ങൾ ബാധി​ക്കു​ന്നു?

23 സെഖര്യാവ്‌, ശല്ലൂം, മെനഹേം, പെക്കഹ്യാവ്‌, പേക്കഹ്‌ എന്നിവർ ഇസ്രാ​യേൽ രാജാ​ക്കൻമാർ (15:8-31). യഹോ​വ​യു​ടെ വാഗ്‌ദ​ത്ത​പ്ര​കാ​രം, ഇസ്രാ​യേ​ലി​ലെ സിംഹാ​സനം യേഹൂ​വി​ന്റെ ഗൃഹത്തിൽ നാലാം തലമു​റ​വരെ, സെഖര്യാ​വു​വരെ, നിലനിൽക്കു​ന്നു. (10:30) അതനു​സ​രിച്ച്‌, അവൻ ശമര്യ​യിൽ രാജാ​വാ​യി​ത്തീ​രു​ന്നു, ആറുമാ​സം കഴിഞ്ഞ്‌ ഒരു ഘാതകൻ അവനെ വെട്ടി​ക്കൊ​ല്ലു​ന്നു. അപഹാ​രി​യായ ശല്ലൂം ഒരു മാസം​മാ​ത്രമേ നീണ്ടു​നിൽക്കു​ന്നു​ളളു. മെനഹേം, പെക്കഹ്യാവ്‌, പേക്കഹ്‌ എന്നീ രാജാ​ക്കൻമാർ തുടർന്നു വാഴ്‌ച​ന​ട​ത്തു​മ്പോൾ വ്യാജാ​രാ​ധ​ന​യും വധവും ഉപജാ​പ​വും ഇസ്രാ​യേ​ലി​നെ ബാധി​ക്കു​ന്ന​തിൽ തുടരു​ന്നു. പേക്കഹി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ അസീറി​യാ കൊല​യ്‌ക്കാ​യി അടുത്തു​കൂ​ടു​ന്നു. ഹോശേയ ഇസ്രാ​യേ​ലി​ലെ അവസാ​നത്തെ രാജാ​വാ​യി​ത്തീ​രു​ന്ന​തി​നു പേക്കഹി​നെ വധിക്കു​ന്നു.

24. യോഥാ​മി​നു ശേഷം, യഹൂദ​യി​ലെ ആഹാസ്‌ ആരാധ​ന​സം​ബ​ന്ധിച്ച്‌ എങ്ങനെ പാപം ചെയ്യുന്നു?

24 യോഥാ​മും ആഹാസും, യഹൂദാ​രാ​ജാ​ക്കൻമാർ (15:32–16:20). യോഥാം നിർമ​ലാ​രാ​ധന ആചരി​ക്കു​ന്നു, എന്നാൽ ഉന്നതസ്ഥ​ലങ്ങൾ തുടരു​ന്നു. അവന്റെ പുത്ര​നായ ആഹാസ്‌ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്‌തു​കൊണ്ട്‌ അയലത്തെ ഇസ്രാ​യേൽ രാജാ​ക്കൻമാ​രെ അനുക​രി​ക്കു​ന്നു. ഇസ്രാ​യേ​ലി​ലെ​യും സിറി​യ​യി​ലെ​യും രാജാ​ക്കൻമാ​രു​ടെ ആക്രമ​ണ​സ​മ​യത്ത്‌ അവൻ അസീറി​യാ​യി​ലെ രാജാ​വി​ന്റെ സഹായം അഭ്യർഥി​ക്കു​ന്നു. അസീറി​യ​ക്കാർ അവന്റെ സഹായ​ത്തിന്‌ എത്തുക​യും ദമാസ്‌കസ്‌ പിടി​ച്ച​ട​ക്കു​ക​യും ചെയ്യുന്നു. അസീറി​യ​യി​ലെ രാജാ​വി​നെ കണ്ടുമു​ട്ടു​ന്ന​തിന്‌ ആഹാസ്‌ അങ്ങോട്ടു പോകു​ന്നു. അവിടെ ആരാധ​നാ​ബ​ലി​പീ​ഠം കാണു​ക​യാൽ ആഹാസ്‌ അതേ മാതൃ​ക​യിൽ യെരു​ശ​ലേ​മിൽ ഒരെണ്ണം പടുത്തു​യർത്തു​ന്നു. അവൻ യഹോ​വ​യു​ടെ ആലയത്തി​ലെ ചെമ്പു​യാ​ഗ​പീ​ഠ​ത്തി​നു പകരം അതിൻമേൽ ബലിയർപ്പി​ച്ചു​തു​ട​ങ്ങു​ന്നു. അവന്റെ പുത്ര​നായ ഹിസ്‌കി​യാവ്‌ പിൻഗാ​മി​യാ​യി യഹൂദ​യി​ലെ രാജാ​വാ​യി​ത്തീ​രു​ന്നു.

25. ഇസ്രാ​യേൽ എങ്ങനെ അടിമ​ത്ത​ത്തി​ലേക്കു പോകു​ന്നു, എന്തു​കൊണ്ട്‌?

25 ഹോശേയ, അവസാ​നത്തെ ഇസ്രാ​യേൽ രാജാവ്‌ (17:1-41). ഇസ്രാ​യേൽ ഇപ്പോൾ അസീറി​യാ​യു​ടെ അധികാ​ര​ത്തിൻകീ​ഴിൽ വരുന്നു. ഹോശേയ മത്സരി​ക്കു​ക​യും ഈജി​പ്‌തിൽനി​ന്നു സഹായം തേടു​ക​യും ചെയ്യുന്നു. എന്നാൽ അവന്റെ വാഴ്‌ച​യു​ടെ ഒൻപതാം വർഷം അസീറി​യാ ഇസ്രാ​യേ​ലി​നെ പിടി​ച്ച​ട​ക്കു​ക​യും അടിമ​ത്ത​ത്തി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്യുന്നു. അങ്ങനെ ഇസ്രാ​യേ​ലി​ന്റെ പത്തു​ഗോ​ത്ര​രാ​ജ്യം അവസാ​നി​ക്കു​ന്നു. എന്തു​കൊണ്ട്‌? “യിസ്രാ​യേൽമക്കൾ . . . തങ്ങളുടെ ദൈവ​മായ യഹോ​വ​യോ​ടു പാപം​ചെ​യ്‌തു . . . ഈ കാര്യം ചെയ്യരു​തു എന്നു യഹോവ അവരോ​ടു വിലക്കി​യി​രുന്ന വിഗ്ര​ഹ​ങ്ങളെ അവർ ചെന്നു സേവിച്ചു. അതുനി​മി​ത്തം യഹോവ ഇസ്രാ​യേ​ലി​നോ​ടു ഏററവും കോപി​ച്ചു അവരെ തന്റെ സന്നിധി​യിൽനി​ന്നു നീക്കി​ക്ക​ളഞ്ഞു.” (17:7, 12, 18) അസീറി​യ​ക്കാർ ദേശത്തു പാർക്കാൻ കിഴക്കു​നിന്ന്‌ ആളുകളെ കൊണ്ടു​വന്നു, അവർ തങ്ങളുടെ സ്വന്ത ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​തിൽ തുടരു​ന്നു​വെ​ങ്കി​ലും ‘യഹോ​വയെ ഭയപ്പെ​ടു​ന്നവർ’ ആയിത്തീ​രു​ന്നു.—17:33.

26, 27. (എ) യഹൂദ​യി​ലെ ഹിസ്‌കി​യാവ്‌ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശരിയാ​യതു ചെയ്യു​ന്നത്‌ എങ്ങനെ? (ബി) അസീറി​യ​ക്കാ​രെ പിന്തി​രി​പ്പി​ക്കു​ന്ന​തിൽ യഹോവ ഹിസ്‌കി​യാ​വി​ന്റെ പ്രാർഥന എങ്ങനെ കേൾക്കു​ന്നു? (സി) യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​നു കൂടു​ത​ലായ എന്തു നിവൃത്തി ഉണ്ട്‌?

26 ഹിസ്‌കി​യാവ്‌, യഹൂദാ​രാ​ജാവ്‌ (18:1–20:21) ഹിസ്‌കി​യാവ്‌ തന്റെ പൂർവ​പി​താ​വായ ദാവീദ്‌ ചെയ്‌തി​രു​ന്ന​തെ​ല്ലാ​മ​നു​സ​രി​ച്ചു യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ശരിയാ​യതു ചെയ്യുന്നു. അവൻ വ്യാജാ​രാ​ധ​നയെ പിഴു​തു​മാ​റ​റു​ക​യും ഉന്നതസ്ഥ​ല​ങ്ങളെ ഇടിച്ചു​വീ​ഴി​ക്കു​ക​യും ചെയ്യുന്നു, ജനം ഇപ്പോൾ മോശ ഉണ്ടാക്കിയ താമ്ര​സർപ്പത്തെ ആരാധി​ക്കു​ന്ന​തു​കൊണ്ട്‌ അതു​പോ​ലും അവൻ നശിപ്പി​ക്കു​ന്നു. അസീറി​യാ​രാ​ജാ​വായ സെൻഹെ​രീബ്‌ ഇപ്പോൾ യഹൂദയെ ആക്രമി​ക്കു​ക​യും കോട്ട​കെ​ട്ടി​യു​റ​പ്പിച്ച അനേകം നഗരങ്ങളെ പിടി​ച്ച​ട​ക്കു​ക​യും ചെയ്യുന്നു. ഒരു വമ്പിച്ച കപ്പം കൊടു​ത്തു​കൊ​ണ്ടു ഹിസ്‌കി​യാവ്‌ അവനെ വശത്താ​ക്കാൻ ശ്രമി​ക്കു​ന്നു, എന്നാൽ സെൻഹെ​രീബ്‌ തന്റെ സന്ദേശ​വാ​ഹ​ക​നായ റബ്‌-ശാക്കേയെ അയയ്‌ക്കു​ന്നു, അവൻ യെരു​ശ​ലേ​മി​ന്റെ മതിലു​കൾക്ക​ടു​ത്തേക്കു വന്നു കീഴടങ്ങൽ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു സകല ജനവും കേൾക്കെ യഹോ​വയെ നിന്ദി​ക്കു​ന്നു. യെശയ്യാ​പ്ര​വാ​ചകൻ സെൻഹെ​രീ​ബി​നെ​തി​രായ നാശത്തി​ന്റെ ഒരു സന്ദേശ​ത്താൽ വിശ്വ​സ്‌ത​നായ ഹിസ്‌കി​യാ​വിന്‌ ആശ്വാസം പകരുന്നു. “യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: . . . ഭയപ്പെ​ടേണ്ട.” (19:6) സെൻഹെ​രീബ്‌ ഭീഷണി​പ്പെ​ടു​ത്തു​ന്ന​തിൽ തുടരു​മ്പോൾ ഹിസ്‌കി​യാവ്‌ യഹോ​വ​യോ​ടു യാചി​ക്കു​ന്നു: “ഇപ്പോ​ഴോ ഞങ്ങളുടെ ദൈവ​മായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോ​വ​യായ ദൈവം എന്നു ഭൂമി​യി​ലെ സകലരാ​ജ്യ​ങ്ങ​ളും അറി​യേ​ണ്ട​തി​ന്നു ഞങ്ങളെ അവന്റെ കയ്യിൽനി​ന്നു രക്ഷി​ക്കേ​ണമേ.”—19:19.

27 ഈ നിസ്വാർഥ പ്രാർഥ​നക്കു യഹോവ ഉത്തരം കൊടു​ക്കു​ന്നു​വോ? ആദ്യമാ​യി യെശയ്യാ​വു​മു​ഖാ​ന്തരം “യഹോ​വ​യു​ടെ തീക്ഷ്‌ണത”തന്നെ ശത്രു​വി​നെ പിന്തി​രി​പ്പി​ക്കു​മെന്ന്‌ അവൻ സന്ദേശ​മ​യ​യ്‌ക്കു​ന്നു. (19:31) പിന്നീട്‌, അതേ രാത്രി​യിൽ അവൻ അസീറി​യ​ക്കാ​രു​ടെ പാളയ​ത്തിൽ 1,85,000 പേരെ സംഹരി​ക്കു​ന്ന​തി​നു തന്റെ ദൂതനെ അയയ്‌ക്കു​ന്നു. രാവിലെ ‘അവർ എല്ലാവ​രും ശവങ്ങളാ​യി കിടക്കു​ന്നു.’ (19:35) സെൻഹെ​രീബ്‌ പരാജ​യ​പ്പെട്ടു മടങ്ങി​പ്പോ​യി നിനെ​വേ​യിൽ പാർക്കു​ന്നു. അവിടെ അവന്റെ ദൈവ​മായ നി​സ്രോക്ക്‌ ഒരിക്കൽകൂ​ടെ അവനെ നിരാ​ശി​ത​നാ​ക്കു​ന്നു, കാരണം അവൻ ആരാധ​ന​യ്‌ക്കാ​യി കുമ്പി​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണു യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി സ്വന്തം പുത്രൻമാർ അവനെ കൊല്ലു​ന്നത്‌.—19:7, 37.

28. ഹിസ്‌കി​യാവ്‌ എന്തിനു കീർത്തി​പ്പെ​ട്ട​വ​നാണ്‌, അദ്ദേഹം എന്തു സംബന്ധി​ച്ചു പാപം​ചെ​യ്യു​ന്നു?

28 ഹിസ്‌കി​യാവ്‌ മരണക​ര​മാ​യി രോഗ​ബാ​ധി​ത​നാ​യി​ത്തീ​രു​ന്നു, എന്നാൽ യഹോവ വീണ്ടും അവന്റെ പ്രാർഥന കേൾക്കു​ക​യും 15 വർഷം​കൂ​ടെ ആയുസ്സു നീട്ടി​ക്കൊ​ടു​ക്കു​ക​യും ചെയ്യുന്നു. ബാബി​ലോ​നി​ലെ രാജാവ്‌ സമ്മാന​ങ്ങ​ളു​മാ​യി ദൂതൻമാ​രെ അയയ്‌ക്കു​ന്നു. ഹിസ്‌കി​യാവ്‌ തന്റെ സകല നിക്ഷേ​പ​ശാ​ല​യും അവരെ കാണി​ക്കാൻ മുതി​രു​ന്നു. അപ്പോൾ അവന്റെ ഗൃഹത്തി​ലെ സകലവും ഒരിക്കൽ ബാബി​ലോ​നി​ലേക്ക്‌ എടുത്തു​കൊ​ണ്ടു പോക​പ്പെ​ടു​മെന്നു യെശയ്യാ​വു പ്രവചി​ക്കു​ന്നു. പിന്നീടു ഹിസ്‌കി​യാവ്‌ മരിക്കു​ന്നു, തന്റെ ബലത്തി​നും യെരു​ശ​ലേ​മി​ലെ ജലവി​ത​രണം നഗരത്തി​ലേക്കു വരുത്തു​ന്ന​തിന്‌ അവൻ പണിക​ഴി​പ്പിച്ച തുരങ്ക​ത്തി​നും കീർത്തി​പ്പെ​ട്ട​വ​നാ​യി​ത്തന്നെ.

29. മനശ്ശെ ഏതു വിഗ്ര​ഹാ​രാ​ധന ഏർപ്പെ​ടു​ത്തു​ന്നു, യഹോവ ഏത്‌ അനർഥം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു, മനശ്ശെ കൂടു​ത​ലായ എന്തു പാപം ചെയ്യുന്നു?

29 മനശ്ശെ, ആമോൻ, യോശീ​യാവ്‌ എന്നിവർ യഹൂദാ​രാ​ജാ​ക്കൻമാർ (21:1–23:30). മനശ്ശെ അവന്റെ പിതാ​വായ ഹിസ്‌കി​യാ​വി​ന്റെ പിൻഗാ​മി​യാ​യി ഭരണ​മേൽക്കു​ക​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വലിയ തോതിൽ വഷളത്തം ചെയ്‌തു​കൊണ്ട്‌ 55 വർഷം വാഴു​ക​യും ചെയ്യുന്നു. അവൻ വ്യാജാ​രാ​ധ​ന​യു​ടെ ഉന്നതസ്ഥ​ല​ങ്ങളെ പുനഃ​സ്ഥാ​പി​ക്കു​ന്നു, ബാലിനു യാഗപീ​ഠങ്ങൾ സ്ഥാപി​ക്കു​ന്നു, ആഹാബു ചെയ്‌ത​തു​പോ​ലെ, ഒരു വിശു​ദ്ധ​ദണ്ഡ്‌ നിർമി​ക്കു​ക​യും യഹോ​വ​യു​ടെ ആലയത്തെ വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ഒരു സ്ഥലമാ​ക്കി​ത്തീർക്കു​ക​യും ചെയ്യുന്നു. താൻ ശമര്യ​യോ​ടു ചെയ്‌ത​തു​പോ​ലെ യെരു​ശ​ലേ​മി​നെ ‘തുടച്ച​ശേഷം കവിഴ്‌ത്തി​വെ​ച്ചു​കൊണ്ട്‌’ അതിൻമേൽ അനർഥം വരുത്തു​മെന്നു യഹോവ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. മനശ്ശെ “ഏററവും വളരെ” നിർദോ​ഷ​ര​ക്ത​വും ചൊരി​യു​ന്നു. (21:13, 16) അവന്റെ പുത്ര​നായ ആമോൻ അവന്റെ പിൻഗാ​മി​യാ​യി ഭരിക്കു​ന്നു. അവൻ ഘാതക​രാൽ നിഗ്ര​ഹി​ക്ക​പ്പെ​ടു​ന്ന​തു​വരെ രണ്ടുവർഷം വഷളത്തം പ്രവർത്തി​ക്കു​ന്ന​തിൽ തുടരു​ന്നു.

30. യോശീ​യാവ്‌ പൂർണ​ഹൃ​ദ​യ​ത്തോ​ടെ എന്തു​കൊണ്ട്‌, എങ്ങനെ, യഹോ​വ​യി​ലേക്കു മടങ്ങി​വ​രു​ന്നു?

30 ജനം ഇപ്പോൾ ആമോന്റെ പുത്ര​നായ യോശീ​യാ​വി​നെ രാജാ​വാ​ക്കു​ന്നു. തന്റെ 31-വർഷ വാഴ്‌ച​ക്കാ​ലത്ത്‌ അവൻ ‘തന്റെ പിതാ​വായ ദാവീ​ദി​ന്റെ വഴിയി​ലൊ​ക്കെ​യും നടന്നു​കൊണ്ട്‌’ നാശത്തി​ലേ​ക്കു​ളള യഹൂദ​യു​ടെ കൂപ്പു​കു​ത്ത​ലി​നെ കുറേ​ക്കാ​ല​ത്തേക്ക്‌ ഒഴിവാ​ക്കു​ന്നു. (22:2) അവൻ യഹോ​വ​യു​ടെ ആലയത്തി​ന്റെ അററകു​റ​റ​പ്പ​ണി​കൾ തുടങ്ങു​ന്നു, അവിടെ മഹാപു​രോ​ഹി​തൻ ന്യായ​പ്ര​മാ​ണ​പു​സ്‌തകം കണ്ടെത്തു​ന്നു. യഹോ​വ​യോ​ടു​ളള അനുസ​ര​ണ​ക്കേടു നിമിത്തം ജനതക്കു നാശമു​ണ്ടാ​കു​മെന്ന്‌ ഇതു സ്ഥിരീ​ക​രി​ക്കു​ന്നു, എന്നാൽ യോശീ​യാ​വി​ന്റെ വിശ്വ​സ്‌തത നിമിത്തം അവന്റെ നാളിൽ അതു വരിക​യി​ല്ലെന്ന്‌ അവന്‌ ഉറപ്പു ലഭിക്കു​ന്നു. അവൻ യഹോ​വ​യു​ടെ ആലയത്തെ ശുദ്ധീ​ക​രി​ക്കു​ക​യും മുഴു​ദേ​ശ​ത്തെ​യും ഭൂതാ​രാ​ധന നീക്കി ശുദ്ധീ​ക​രി​ക്കു​ക​യും വിഗ്ര​ഹ​ധ്വം​സ​ന​പ്ര​വർത്തനം ബെഥേ​ലി​ലേക്കു വ്യാപി​പ്പി​ക്കു​ക​യും ചെയ്യുന്നു, അവിടെ അവൻ 1 രാജാ​ക്കൻമാർ 13:1, 2-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി യൊ​രോ​ബെ​യാ​മി​ന്റെ യാഗപീ​ഠത്തെ നശിപ്പി​ക്കു​ന്നു. അവൻ യഹോ​വ​യു​ടെ പെസഹ പുനഃ​സ്ഥാ​പി​ക്കു​ന്നു. “അവനെ​പ്പോ​ലെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ മോ​ശെ​യു​ടെ ന്യായ​പ്ര​മാ​ണ​പ്ര​കാ​ര​മൊ​ക്കെ​യും യഹോ​വ​യി​ങ്ക​ലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പു​ണ്ടാ​യി​ട്ടില്ല.” (23:25) എന്നിരു​ന്നാ​ലും, മനശ്ശെ​യു​ടെ കുററങ്ങൾ നിമിത്തം യഹോ​വ​യു​ടെ കോപം ഇപ്പോ​ഴും ജ്വലി​ക്കു​ക​യാണ്‌. യോശീ​യാ​വു മെഗി​ദ്ദോ​യിൽവെച്ച്‌ ഈജി​പ്‌തി​ലെ രാജാ​വു​മാ​യു​ളള ഒരു ഏററു​മു​ട്ട​ലിൽ മൃതി​യ​ട​യു​ന്നു.

31. യോശീ​യാ​വി​ന്റെ മരണത്തെ തുടർന്നു യഹൂദക്ക്‌ ഏതു പരാജ​യങ്ങൾ ഭവിക്കു​ന്നു?

31 യെഹോ​വാ​ഹാസ്‌, യെഹോ​യാ​ക്കീം, യെഹോ​യാ​ഖീൻ എന്നിവർ യഹൂദാ​രാ​ജാ​ക്കൻമാർ (23:31–24:17). മൂന്നു​മാ​സത്തെ വാഴ്‌ച​ക്കു​ശേഷം യോശീ​യാ​വി​ന്റെ പുത്രൻ യെഹോ​വാ​ഹാസ്‌ ഈജി​പ്‌തി​ലെ രാജാ​വി​നാൽ ബന്ദിയാ​ക്ക​പ്പെ​ടു​ന്നു, അവന്റെ സഹോ​ദ​ര​നായ എല്യാ​ക്കീം സിംഹാ​സ​ന​ത്തിൽ അവരോ​ധി​ക്ക​പ്പെ​ടു​ന്നു, അവന്റെ പേർ യെഹോ​യാ​ക്കീം എന്നു മാററി​യി​ട​പ്പെ​ടു​ന്നു. അവൻ തന്റെ പൂർവ​പി​താ​ക്കൻമാ​രു​ടെ തെററായ ഗതി പിന്തു​ട​രു​ക​യും ബാബി​ലോൻരാ​ജാ​വായ നെബു​ഖ​ദ്‌നേ​സ​റി​നു കീഴ്‌പ്പെ​ടു​ക​യും ചെയ്യുന്നു, എന്നാൽ മൂന്നു വർഷത്തി​നു​ശേഷം അവനെ​തി​രെ മത്സരി​ക്കു​ന്നു. യെഹോ​യാ​ക്കീ​മി​ന്റെ മരണ​ശേഷം അവന്റെ പുത്ര​നായ യെഹോ​യാ​ഖീൻ വാഴാൻ തുടങ്ങു​ന്നു. നെബു​ഖ​ദ്‌നേസർ യെരു​ശ​ലേ​മി​നെ നിരോ​ധിച്ച്‌ അതിനെ പിടി​ച്ച​ട​ക്കു​ക​യും യഹോ​വ​യു​ടെ ആലയത്തി​ലെ നിക്ഷേ​പങ്ങൾ ബാബി​ലോ​നി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു, യെശയ്യാ​വു മുഖാ​ന്തരം “യഹോവ അരുളി​ച്ചെ​യ്‌തി​രു​ന്ന​തു​പോ​ലെ”തന്നെ. (24:13; 20:17) യെഹോ​യാ​ഖീ​നും അവന്റെ ആയിര​ക്ക​ണ​ക്കി​നു പ്രജക​ളും ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​ക​പ്പെ​ടു​ന്നു.

32. ഏതു നാടകീയ സംഭവങ്ങൾ യെരു​ശ​ലേ​മി​ന്റെ​യും ദേശത്തി​ന്റെ​യും ശൂന്യ​മാ​ക്ക​ലി​ലേക്കു നയിക്കു​ന്നു?

32 സിദെ​ക്കി​യാവ്‌, അവസാ​നത്തെ യഹൂദാ​രാ​ജാവ്‌ (24:18–25:30). നെബു​ഖ​ദ്‌നേസർ യെഹോ​യാ​ഖീ​ന്റെ പിതൃ​സ​ഹോ​ദ​ര​നായ മത്ഥന്യാ​വി​നെ രാജാ​വാ​ക്കു​ക​യും അവന്റെ പേർ സിദെ​ക്കി​യാവ്‌ എന്നു മാററു​ക​യും ചെയ്യുന്നു. അവൻ യെരു​ശ​ലേ​മിൽ 11 വർഷം വാഴു​ക​യും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വഷളാ​യതു ചെയ്യു​ന്ന​തിൽ തുടരു​ക​യും ചെയ്യുന്നു. അവൻ ബാബി​ലോ​നെ​തി​രെ മത്സരി​ക്കു​ന്നു, തന്നിമി​ത്തം സിദെ​ക്കി​യാ​വി​ന്റെ ഒൻപതാം സംവത്സരം നെബു​ഖ​ദ്‌നേ​സ​റും അവന്റെ മുഴു സൈന്യ​വും വന്നു യെരു​ശ​ലേ​മി​നു ചുററു​മെ​ല്ലാം ഒരു ഉപരോ​ധ​മ​തിൽ നിർമി​ക്കു​ന്നു. 18 മാസത്തി​നു​ശേഷം നഗരം ക്ഷാമത്താൽ കെടു​തി​യ​നു​ഭ​വി​ക്കു​ന്നു. പിന്നീടു മതിൽ ഭേദി​ക്ക​പ്പെ​ടു​ന്നു, ഓടി​പ്പോ​കാൻ ശ്രമി​ക്കവേ സിദെ​ക്കി​യാ​വു പിടി​ക്ക​പ്പെ​ടു​ന്നു. അവന്റെ പുത്രൻമാർ അവന്റെ മുമ്പിൽവെച്ചു വധിക്ക​പ്പെ​ടു​ന്നു. അവനെ അന്ധനാ​ക്കു​ന്നു. അടുത്ത മാസം യഹോ​വ​യു​ടെ ആലയവും രാജ​കൊ​ട്ടാ​ര​വും ഉൾപ്പെടെ നഗരത്തി​ലെ സകല മുഖ്യ​ഭ​വ​ന​ങ്ങ​ളും ചുട്ടെ​രി​ക്ക​പ്പെ​ടു​ക​യും നഗരമ​തി​ലു​കൾ ഇടിച്ചു​നി​ര​ത്ത​പ്പെ​ടു​ക​യും ചെയ്യുന്നു. അതിജീ​വി​ച്ച​വ​രിൽ മിക്കവ​രും ബാബി​ലോ​നി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​ക​പ്പെ​ടു​ന്നു. യഹൂദാ​നാ​ട്ടിൻപു​റത്തു അവശേ​ഷി​ക്കുന്ന എളിയ​വ​രായ ചുരു​ക്കം​ചി​ല​രു​ടെ​മേൽ ഗദല്യാവ്‌ ഗവർണ​റാ​യി നിയമി​ക്ക​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, അവൻ കൊല​ചെ​യ്യ​പ്പെ​ടു​ന്നു. ജനങ്ങൾ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു. അങ്ങനെ, പൊ.യു.മു. 607-ന്റെ ഏഴാം മാസം​മു​തൽ ദേശം തികച്ചും ശൂന്യ​മാ​യി കിടക്കു​ന്നു. രണ്ടു രാജാ​ക്കൻമാ​രി​ലെ അന്തിമ​വാ​ക്കു​കൾ യെഹോ​യാ​ഖീ​ന്റെ അടിമ​ത്ത​ത്തി​ന്റെ 37-ാമാണ്ടിൽ ബാബി​ലോൻ രാജാവ്‌ അവനോ​ടു കാണി​ക്കുന്ന പ്രീതി​യെ​ക്കു​റി​ച്ചു പറയുന്നു.

എന്തു​കൊ​ണ്ടു പ്രയോ​ജ​ന​പ്ര​ദം

33. നമുക്ക്‌ അനുക​രി​ക്കു​ന്ന​തി​നു രണ്ടു രാജാ​ക്കൻമാ​രിൽ ഏതു നല്ല ദൃഷ്ടാ​ന്തങ്ങൾ പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്നു?

33 ഇസ്രാ​യേൽ, യഹൂദാ എന്നീ രാജ്യ​ങ്ങ​ളു​ടെ മാരക​മായ അധഃപ​ത​ന​ത്തെ​ക്കു​റി​ച്ചു രണ്ടു രാജാ​ക്കൻമാർ പറയു​ന്നു​വെ​ങ്കി​ലും അതു യഹോ​വ​യോ​ടും അവന്റെ നീതി​യു​ളള തത്ത്വങ്ങ​ളോ​ടും സ്‌നേഹം പ്രകട​മാ​ക്കിയ വ്യക്തി​ക​ളു​ടെ​മേ​ലു​ളള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ അനേകം ദൃഷ്ടാ​ന്തങ്ങൾ കൊണ്ടു വെട്ടി​ത്തി​ള​ങ്ങു​ന്നു. തനിക്കു മുമ്പു ജീവി​ച്ചി​രുന്ന സാരെ​ഫാ​ത്തി​ലെ വിധവ​യെ​പ്പോ​ലെ ശൂനേ​മ്യ​സ്‌ത്രീ​ക്കു ദൈവ​ത്തി​ന്റെ പ്രവാ​ച​ക​നോ​ടു കാട്ടിയ അതിഥി​പ്രി​യ​ത്തി​നു സമൃദ്ധ​മായ അനു​ഗ്രഹം കിട്ടി. (4:8-17, 32-37) എലീശാ 20 അപ്പം​കൊ​ണ്ടു നൂറു​പേരെ പോഷി​പ്പി​ച്ച​പ്പോൾ, എല്ലായ്‌പോ​ഴും കരുതാ​നു​ളള യഹോ​വ​യു​ടെ പ്രാപ്‌തി പ്രകട​മാ​ക്ക​പ്പെട്ടു, പിൽക്കാ​ലത്തു യേശു സമാന​മായ അത്ഭുതങ്ങൾ ചെയ്യാ​നി​രു​ന്ന​തു​പോ​ലെ​തന്നെ. (2 രാജാ. 4:42-44; മത്താ. 14:16-21; മർക്കൊ. 8:1-9) ബാലാ​രാ​ധ​ക​രു​ടെ നാശം കാണു​ന്ന​തി​നു യേഹൂ​വി​ന്റെ രഥത്തിൽ കയറി​പ്പോ​കാൻ ക്ഷണിക്ക​പ്പെ​ട്ട​തിൽ യോനാ​ദാ​ബിന്‌ ഒരു അനു​ഗ്രഹം കിട്ടി​യ​തെ​ങ്ങ​നെ​യെന്നു ഗൗനി​ക്കുക. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ തീക്ഷ്‌ണ​ത​യു​ളള യേഹൂ​വി​നെ എതി​രേൽക്കാൻ വന്നതിൽ അവൻ ക്രിയാ​ത്മ​ക​മായ നടപടി സ്വീക​രി​ച്ചു. (2 രാജാ. 10:15, 16) ഒടുവിൽ, ഹിസ്‌കി​യാ​വി​ന്റെ​യും യോശീ​യാ​വി​ന്റെ​യും താഴ്‌മ​യും യഹോ​വ​യു​ടെ നാമ​ത്തോ​ടും ന്യായ​പ്ര​മാ​ണ​ത്തോ​ടു​മു​ളള ഉചിത​മായ ആദരവും സംബന്ധിച്ച അവരുടെ വിശി​ഷ്ട​മായ ദൃഷ്ടാ​ന്ത​ങ്ങ​ളും ഉണ്ട്‌. (19:14-19; 22:11-13) ഇവ നാം അനുക​രി​ക്കേണ്ട വിശി​ഷ്ട​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാണ്‌.

34. ഔദ്യോ​ഗിക ദാസൻമാ​രോ​ടു​ളള ആദരവു സംബന്ധി​ച്ചും രക്തപാ​തകം സംബന്ധി​ച്ചും രണ്ടു രാജാ​ക്കൻമാർ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

34 തന്റെ ഔദ്യോ​ഗിക ദാസൻമാ​രോ​ടു​ളള അനാദ​രവു യഹോവ പൊറു​ക്കു​ന്നില്ല. ദുഷ്‌കർമി​കൾ യഹോ​വ​യു​ടെ പ്രവാ​ച​ക​നായ എലീശാ​യെ പരിഹ​സി​ച്ച​പ്പോൾ അവൻ സത്വരം പ്രതി​ഫലം കൊടു​ത്തു. (2:23, 24) മാത്ര​വു​മല്ല, യഹോവ നിരപ​രാ​ധി​ക​ളു​ടെ രക്തത്തെ ആദരി​ക്കു​ന്നു. അവന്റെ ന്യായ​വി​ധി ആഹാബ്‌ഗൃ​ഹ​ത്തിൻമേൽ കഠിന​മാ​യി സ്ഥിതി​ചെ​യ്‌തതു ബാലാ​രാ​ധന നിമിത്തം മാത്രമല്ല, അതോ​ടു​കൂ​ടെ​യു​ണ്ടാ​യി​രുന്ന രക്തച്ചൊ​രി​ച്ചിൽ നിമി​ത്ത​വു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ‘ഈസേ​ബെ​ലി​ന്റെ കൈയാ​ലു​ളള യഹോ​വ​യു​ടെ സകല ദാസൻമാ​രു​ടെ​യും രക്തത്തിനു’ പ്രതി​കാ​രം​ചെ​യ്യാൻ യേഹൂ അഭി​ഷേകം ചെയ്യ​പ്പെട്ടു. യെഹോ​രാ​മി​നെ​തി​രെ ന്യായ​വി​ധി നടത്ത​പ്പെ​ട്ട​പ്പോൾ അതു “നാബോ​ത്തി​ന്റെ രക്തവും അവന്റെ മക്കളുടെ രക്തവും” നിമി​ത്ത​മാ​ണെ​ന്നു​ളള യഹോ​വ​യു​ടെ പ്രഖ്യാ​പനം യേഹൂ ഓർത്തു. (9:7, 26) അതു​പോ​ലെ​തന്നെ, മനശ്ശെ​യു​ടെ രക്തപാ​ത​ക​മാണ്‌ ഒടുവിൽ യഹൂദ​യു​ടെ നാശത്തിന്‌ ഉറപ്പു​വ​രു​ത്തി​യത്‌. വ്യാജാ​രാ​ധ​ന​സം​ബ​ന്ധിച്ച തന്റെ പാപ​ത്തോ​ടു കൂട്ടി​ക്കൊ​ണ്ടു മനശ്ശെ ‘ഒരററം​മു​തൽ മറെറ അററം​വരെ യരൂശ​ലേ​മി​നെ രക്തം​കൊ​ണ്ടു നിറച്ചു.’ മനശ്ശെ പിന്നീടു തന്റെ വഷളായ ഗതിസം​ബ​ന്ധിച്ച്‌ അനുത​പി​ച്ചു​വെ​ങ്കി​ലും രക്തപാ​തകം നിലനി​ന്നു. (2 ദിന. 33:12, 13) യോശീ​യാ​വി​ന്റെ സൽഭര​ണ​ത്തി​നും അവനാ​ലു​ളള സകല വിഗ്ര​ഹാ​രാ​ധ​ന​യു​ടെ​യും നീക്കം​ചെ​യ്യ​ലി​നും പോലും മനശ്ശെ​യു​ടെ വാഴ്‌ച​മു​തൽ നിലനി​ന്നു​പോന്ന സാമു​ദാ​യിക രക്തപാ​ത​കത്തെ തുടച്ചു​നീ​ക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു​ശേഷം യഹോവ തന്റെ വധാധി​കൃ​തരെ യെരു​ശ​ലേ​മി​നെ​തി​രെ വരുത്തി​ത്തു​ട​ങ്ങി​യ​പ്പോൾ അതു മനശ്ശെ ‘യെരൂ​ശ​ലേ​മി​നെ കുററ​മി​ല്ലാത്ത രക്തം​കൊ​ണ്ടു നിറെ​ച്ചതു ക്ഷമിപ്പാൻ യഹോ​വക്കു മനസ്സാ’കാതി​രു​ന്ന​തു​കൊ​ണ്ടാ​ണെന്ന്‌ അവൻ പ്രഖ്യാ​പി​ച്ചു. (2 രാജാ. 21:16; 24:4) അതു​പോ​ലെ​തന്നെ, പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ യെരു​ശ​ലേം, അതിലെ പുരോ​ഹി​തൻമാർ പ്രവാ​ച​കൻമാ​രു​ടെ രക്തം ചൊരി​ഞ്ഞ​വ​രു​ടെ പുത്രൻമാർ ആയിരു​ന്ന​തു​കൊ​ണ്ടു നശി​ക്കേ​ണ്ട​താ​ണെന്നു യേശു പ്രഖ്യാ​പി​ച്ചു, ‘ഭൂമി​യിൽ ചൊരിഞ്ഞ നീതി​യു​ളള രക്തം എല്ലാം അവരു​ടെ​മേൽ വരേണ്ട​തി​നു​തന്നെ.’ (മത്താ. 23:29-36) ചൊരി​യ​പ്പെ​ട്ടി​രി​ക്കുന്ന നിർദോ​ഷ​ര​ക്ത​ത്തി​നെ​ല്ലാം, വിശേ​ഷി​ച്ചു ‘ദൈവ​വ​ചനം നിമിത്തം അറുക്ക​പ്പെ​ട്ട​വ​രു​ടെ’ രക്തത്തിന്‌, താൻ പ്രതി​കാ​രം​ചെ​യ്യു​മെന്നു ദൈവം ലോക​ത്തി​നു മുന്നറി​യി​പ്പു നൽകുന്നു.—വെളി. 6:9, 10.

35. (എ) ഏലിയാ​വും എലീശാ​യും യെശയ്യാ​വും സത്യ​പ്ര​വാ​ച​കൻമാ​രാ​ണെന്നു സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) ഏലിയാ​വി​നോ​ടു​ളള ബന്ധത്തിൽ പത്രൊസ്‌ പ്രവച​ന​ത്തെ​സം​ബ​ന്ധിച്ച്‌ എന്തു പറയുന്നു?

35 യഹോവ തന്റെ പ്രാവ​ച​നിക ന്യായ​വി​ധി​കൾ നിവൃ​ത്തി​യാ​ക്കു​ന്ന​തി​ലെ തെററു​പ​റ​റാത്ത സുനി​ശ്ചി​ത​ത്വ​വും രണ്ടു രാജാ​ക്കൻമാ​രിൽ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഏലിയാവ്‌, എലീശാ, യെശയ്യാവ്‌ എന്നിങ്ങനെ മൂന്നു പ്രമുഖ പ്രവാ​ച​കൻമാർ നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടു​ന്നു. ഓരോ​രു​ത്ത​രു​ടെ​യും പ്രവച​ന​ങ്ങൾക്കു ശ്രദ്ധേ​യ​മായ നിവൃ​ത്തി​കൾ ഉണ്ടായ​താ​യി കാണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (2 രാജാ. 9:36, 37; 10:10, 17; 3:14, 18, 24; 13:18, 19, 25; 19:20, 32-36; 20:16, 17; 24:13) പർവത​ത്തി​ലെ മറുരൂ​പ​സ​മ​യത്തു പ്രവാ​ച​ക​നായ മോശ​യോ​ടും വലിപ്പ​മേ​റിയ പ്രവാ​ച​ക​നായ യേശു​ക്രി​സ്‌തു​വി​നോ​ടും​കൂ​ടെ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നാ​ലും ഏലിയാവ്‌ ഒരു സത്യ​പ്ര​വാ​ച​ക​നാ​ണെന്നു സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു. (മത്താ. 17:1-5) ആ അവസര​ത്തി​ന്റെ മാഹാ​ത്മ്യ​ത്തെ പരാമർശി​ച്ചു​കൊ​ണ്ടു പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “പ്രവാ​ച​ക​വാ​ക്യ​വും അധികം സ്ഥിരമാ​യി​ട്ടു നമുക്കു​ണ്ടു. നേരം വെളു​ക്കു​ക​യും നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ ഉദയന​ക്ഷ​ത്രം ഉദിക്ക​യും ചെയ്‌വോ​ളം ഇരുണ്ട സ്ഥലത്തു പ്രകാ​ശി​ക്കുന്ന വിളക്കു​പോ​ലെ അതിനെ കരുതി​ക്കൊ​ണ്ടാൽ നന്നു.”—2 പത്രൊ. 1:19.

36. യഹോവ തന്റെ ജനത്തോ​ടു കരുണ കാണി​ച്ചത്‌ എന്തു​കൊണ്ട്‌, സന്തതി​യു​ടെ രാജ്യ​ത്തി​ലു​ളള നമ്മുടെ വിശ്വാ​സം ആഴമു​ള​ള​താ​യി​ത്തീ​രു​ന്നത്‌ എങ്ങനെ?

36 രണ്ടു രാജാ​ക്കൻമാ​രിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവങ്ങൾ, വ്യാജ​മതം ആചരി​ക്കുന്ന സകലർക്കും മനഃപൂർവം നിർദോ​ഷ​രക്തം ചൊരി​യുന്ന സകലർക്കും എതിരായ യഹോ​വ​യു​ടെ ന്യായ​വി​ധി നിർമൂ​ല​നാ​ശ​മാ​ണെന്നു വ്യക്തമാ​യി വെളി​പ്പെ​ടു​ത്തു​ന്നു. എന്നിട്ടും, യഹോവ “അബ്രാ​ഹാം, ഇസ്‌ഹാക്ക്‌, യാക്കോബ്‌ എന്നവ​രോ​ടു​ളള തന്റെ നിയമം നിമിത്തം” തന്റെ ജനത്തോ​ടു പ്രീതി​യും കരുണ​യും പ്രകട​മാ​ക്കി. (2 രാജാ. 13:23) അവൻ അവരെ “തന്റെ ദാസനായ ദാവീ​ദി​നെ പ്രതി” സംരക്ഷി​ച്ചു. (8:19, NW) ഇന്നു തന്നി​ലേക്കു തിരി​യു​ന്ന​വ​രോട്‌ അവൻ സമാന​മായ കരുണ പ്രകട​മാ​ക്കും. നാം ബൈബിൾരേ​ഖ​യും വാഗ്‌ദാ​ന​ങ്ങ​ളും പുനര​വ​ലോ​കനം ചെയ്യു​മ്പോൾ, എത്ര അഗാധ​മായ വിശ്വാ​സ​ത്തോ​ടെ​യാ​ണു വാഗ്‌ദ​ത്ത​സ​ന്ത​തി​യായ യേശു​ക്രി​സ്‌തു​വാ​കുന്ന “ദാവീ​ദി​ന്റെ പുത്ര”ന്റെ രാജ്യ​ത്തി​നാ​യി നാം നോക്കി​പ്പാർത്തി​രി​ക്കു​ന്നത്‌! അന്നു മേലാൽ രക്തച്ചൊ​രി​ച്ചി​ലും ദുഷ്ടത​യും ഉണ്ടായി​രി​ക്കു​ക​യില്ല.—മത്താ. 1:1; യെശ. 2:4; സങ്കീ. 145:20.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച, വാല്യം 1, പേജുകൾ 152, 325; വാല്യം 2, പേജുകൾ 908, 1101.

[അധ്യയന ചോദ്യ​ങ്ങൾ]