ബൈബിൾ പുസ്തക നമ്പർ 13—1 ദിനവൃത്താന്തം
ബൈബിൾ പുസ്തക നമ്പർ 13—1 ദിനവൃത്താന്തം
എഴുത്തുകാരൻ: എസ്രാ
എഴുതിയ സ്ഥലം: യെരുശലേം (?)
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 460
ഉൾപ്പെട്ടിരിക്കുന്ന കാലം: 1 ദിനവൃത്താന്തം 9:44-നുശേഷം: പൊ.യു.മു. 1077–1037
1. ഏതു വിധങ്ങളിലാണ് ഒന്നു ദിനവൃത്താന്തം ദിവ്യരേഖയുടെ അത്യന്താപേക്ഷിതവും പ്രയോജനപ്രദവുമായ ഒരു ഭാഗമായിരിക്കുന്നത്?
ഒന്നു ദിനവൃത്താന്തം വംശാവലികളുടെ ഒരു വിരസമായ പട്ടിക മാത്രമാണോ? അതു കേവലം ശമൂവേൽ, രാജാക്കൻമാർ എന്നീ പുസ്തകങ്ങളുടെ ആവർത്തനമാണോ? അശേഷമല്ല! ദിവ്യരേഖയുടെ പ്രകാശദായകവും അത്യന്താപേക്ഷിതവുമായ ഒരു ഭാഗമാണിവിടെയുളളത്—അതിന്റെ എഴുത്തിന്റെ നാളിൽ ജനതയെയും അതിന്റെ ആരാധനയെയും പുനഃസംഘടിപ്പിക്കുന്നതിന് അത്യന്താപേക്ഷിതം, അതെ, ഇപ്പോഴത്തെ ഈ നാൾ ഉൾപ്പെടെ പിൽക്കാലനാളുകളിലേക്കുളള ആരാധനാമാതൃക കാണിച്ചുതരുന്നതിന് അത്യന്താപേക്ഷിതവും പ്രയോജനപ്രദവുംതന്നെ. ഒന്നു ദിനവൃത്താന്തത്തിൽ എല്ലാ തിരുവെഴുത്തുകളിലും കാണപ്പെടുന്ന യഹോവക്കുളള അത്യന്തം മനോഹരമായ സ്തുതിപ്രകടനങ്ങളിൽ ചിലത് അടങ്ങിയിരിക്കുന്നു. അതു യഹോവയുടെ നീതിയുളള രാജ്യത്തിന്റെ വിശിഷ്ടമായ പൂർവദർശനങ്ങൾ നൽകുന്നു. ആ രാജ്യത്തിൽ പ്രത്യാശ വെക്കുന്ന സകലരും പ്രയോജനകരമായി അതു പഠിക്കേണ്ടതാണ്. ദിനവൃത്താന്തങ്ങളുടെ രണ്ടു പുസ്തകങ്ങളെ യഹൂദൻമാരും ക്രിസ്ത്യാനികളും ഒരുപോലെ യുഗങ്ങളിലുടനീളം വിലമതിച്ചിട്ടുണ്ട്. ബൈബിൾവിവർത്തകനായ ജറോം അവയെ “പഴയനിയമത്തിന്റെ ഒരു സാരസംഗ്രഹം” എന്നു പരിഗണിക്കുകയും “പരിശുദ്ധ എഴുത്തുകൾ പരിചിതമാണെന്നു സങ്കൽപ്പിച്ചിട്ടു ദിനവൃത്താന്തം അറിയാൻപാടില്ലാതിരിക്കുന്നവൻ തന്നേത്തന്നെ ചതിക്കമാത്രം ചെയ്യത്തക്കവണ്ണം അവ സമുന്നത പ്രാധാന്യവും മൂല്യവുമുളളതാണെന്നു” തറപ്പിച്ചുപറയുകയും ചെയ്യത്തക്കവണ്ണം അവയെസംബന്ധിച്ച് അദ്ദേഹത്തിന് ഉയർന്ന അഭിപ്രായമുണ്ടായിരുന്നു. a
2. ദിനവൃത്താന്തം എഴുതിയത് എന്തിനായിരുന്നു?
2 ദിനവൃത്താന്തങ്ങളുടെ രണ്ടു പുസ്തകങ്ങൾ പ്രത്യക്ഷത്തിൽ ആദ്യം ഒരു പുസ്തകമോ ചുരുളോ ആയിരുന്നു. പിന്നീട് അതു സൗകര്യത്തിനുവേണ്ടി വിഭജിക്കപ്പെട്ടു. ദിനവൃത്താന്തം എഴുതിയത് എന്തിനായിരുന്നു? പശ്ചാത്തലം പരിചിന്തിക്കുക. ബാബിലോനിലെ പ്രവാസം ഏതാണ്ട് 77 വർഷം മുമ്പ് അവസാനിച്ചിരുന്നു. യഹൂദൻമാർ തങ്ങളുടെ ദേശത്തു വീണ്ടും പാർപ്പുറപ്പിച്ചു. എന്നിരുന്നാലും, യെരുശലേമിൽ പുനർനിർമിക്കപ്പെട്ട ആലയത്തിലെ യഹോവയുടെ ആരാധനയിൽനിന്ന് അപകടകരമായ ഒരു അകന്നുമാററത്തിന്റെ പ്രവണത ഉണ്ടായിരുന്നു. ന്യായാധിപൻമാരെയും ദൈവനിയമത്തിന്റെ (രാജാവിന്റെ നിയമത്തിന്റെയും) ഉപദേഷ്ടാക്കൻമാരെയും നിയമിക്കുന്നതിനും യഹോവയുടെ ആലയത്തെ മനോഹരമാക്കുന്നതിനും പേർഷ്യയിലെ രാജാവ് എസ്രായെ അധികാരപ്പെടുത്തിയിരുന്നു. അധികാരമുളള ആളുകൾമാത്രം പൗരോഹിത്യത്തിൽ സേവിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുരോഹിതൻമാർക്ക് ഉപജീവനമാർഗം കൊടുത്തിരുന്ന ഗോത്രപരമായ അവകാശങ്ങളെ സ്ഥിരീകരിക്കാനും കൃത്യമായ വംശാവലിപ്പട്ടികകൾ ആവശ്യമായിരുന്നു. രാജ്യത്തെസംബന്ധിച്ച യഹോവയുടെ പ്രവചനങ്ങളുടെ വീക്ഷണത്തിൽ യഹൂദയുടെയും ദാവീദിന്റെയും വംശപരമ്പരയുടെ വ്യക്തവും ആശ്രയയോഗ്യവുമായ ഒരു രേഖ ഉണ്ടായിരിക്കുന്നതും മർമപ്രധാനമായിരുന്നു.
3. (എ) എസ്രാ യഹൂദൻമാരിൽ എന്തു നിവേശിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു? (ബി) അവൻ യഹൂദയുടെ ചരിത്രം പ്രദീപ്തമാക്കിയത് എന്തുകൊണ്ട്, അവൻ നിർമലാരാധനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതെങ്ങനെ?
3 പുനഃസ്ഥിതീകരിക്കപ്പെട്ട യഹൂദൻമാരെ അവരുടെ വിരക്തിയിൽനിന്നു തട്ടിയുണർത്തുന്നതിനും അവർ തീർച്ചയായും യഹോവയുടെ ഉടമ്പടിപ്രകാരമുളള സ്നേഹദയയുടെ അവകാശികളാണെന്നുളള തിരിച്ചറിവ് അവരിൽ ഉളവാക്കുന്നതിനും ആത്മാർഥമായ ആഗ്രഹമുളളയാളായിരുന്നു എസ്രാ. തന്നിമിത്തം ദിനവൃത്താന്തങ്ങളിൽ അവൻ ജനതയുടെ ചരിത്രത്തിന്റെയും ഒന്നാം മനുഷ്യനായ ആദാമിനോളം പിമ്പോട്ടു പോകുന്ന മനുഷ്യവർഗത്തിന്റെ ഉത്ഭവത്തിന്റെയും ഒരു പൂർണവിവരണം അവരുടെ മുമ്പാകെ നിരത്തിവെച്ചു. കേന്ദ്ര ആശയം ദാവീദിന്റെ രാജ്യമായിരുന്നതിനാൽ അവൻ പത്തുഗോത്രരാജ്യത്തിന്റെ തികച്ചും ഗുണകരമല്ലാഞ്ഞ രേഖ മിക്കവാറും പൂർണമായി ഒഴിവാക്കിക്കൊണ്ടു യഹൂദയുടെ ചരിത്രത്തെയാണ് ഊന്നിപ്പറഞ്ഞത്. യഹൂദയിലെ ഏററവും മഹാൻമാരായ രാജാക്കൻമാർ ആലയം നിർമിക്കുന്നതിലോ പുനഃസ്ഥാപിക്കുന്നതിലോ ഏർപ്പെട്ടിരിക്കുന്നതായും തീക്ഷ്ണമായി ദൈവാരാധനയിൽ മുന്നിട്ടുനിൽക്കുന്നതായും അവൻ വരച്ചുകാട്ടി. രാജ്യത്തിന്റെ മറിച്ചിടീലിലേക്കു നയിച്ച മതപരമായ പാപങ്ങളെ അവൻ ചൂണ്ടിക്കാണിച്ചു, അതേസമയം ദൈവത്തിന്റെ പുനഃസ്ഥാപനവാഗ്ദത്തങ്ങളെ ദൃഢീകരിക്കുകയും ചെയ്തു. അവൻ ആലയത്തെയും അതിലെ പുരോഹിതൻമാരെയും ലേവ്യരെയും സംഗീതവിദഗ്ധരെയും കുറിച്ചും മററുമുളള അനേകം വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു നിർമലാരാധനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രവാസത്തിൽനിന്നുളള തങ്ങളുടെ മടങ്ങിവരവിന്റെ കാരണത്തിൽ—യെരുശലേമിലെ യഹോവയുടെ ആരാധനയുടെ പുനഃസ്ഥാപനത്തിൽ—കേന്ദ്രീകരിച്ച ഒരു ചരിത്രരേഖ ലഭിച്ചത് ഇസ്രായേല്യർക്കു വളരെ പ്രോത്സാഹകജനകമായിരുന്നിരിക്കണം.
4. ദിനവൃത്താന്തങ്ങളുടെ എഴുത്തുകാരൻ എസ്രാ ആണെന്നുളളതിനെ ഏതു തെളിവ് അനുകൂലിക്കുന്നു?
4 ദിനവൃത്താന്തം എഴുതിയത് എസ്രാ ആണെന്നുളളതിന്റെ തെളിവ് എന്താണ്? രണ്ടു ദിനവൃത്താന്തത്തിന്റെ അവസാനത്തെ രണ്ടു വാക്യങ്ങൾ എസ്രായുടെ തുടക്കത്തിലെ രണ്ടു വാക്യങ്ങൾ തന്നെയാണ്. രണ്ടു ദിനവൃത്താന്തം അവസാനിക്കുന്നത് എസ്രാ 1:3-ൽ പൂർത്തിയാകുന്ന ഒരു വാക്യത്തിന്റെ മധ്യത്തിലാണ്. അതുകൊണ്ടു ദിനവൃത്താന്തങ്ങളുടെ എഴുത്തുകാരൻ എസ്രായുടെ എഴുത്തുകാരൻതന്നെയായിരുന്നിരിക്കണം. ദിനവൃത്താന്തങ്ങളിലെയും എസ്രായിലെയും ശൈലി, ഭാഷ, വാചകഘടന, അക്ഷരവിന്യാസം എന്നിവ ഒന്നുതന്നെയാണെന്നുളള വസ്തുതയാലും ഇതു കൂടുതലായി തെളിയിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളിലെ ചില പ്രയോഗങ്ങൾ മററു ബൈബിൾപുസ്തകങ്ങളിൽ ഒന്നിലും കാണുന്നില്ല. എസ്രാ എന്ന പുസ്തകമെഴുതിയ എസ്രാ ദിനവൃത്താന്തങ്ങളും എഴുതിയിരിക്കണം. യഹൂദപാരമ്പര്യം ഈ നിഗമനത്തെ പിന്താങ്ങുന്നു.
5. എസ്രായുടെ ആത്മീയവും ലൗകികവുമായ യോഗ്യതകൾ ഏവയായിരുന്നു?
5 വിശ്വാസ്യവും കൃത്യവുമായ ഈ ചരിത്രം സമാഹരിക്കാൻ എസ്രായോളം യോഗ്യതയുളള ആരും ഇല്ലായിരുന്നു. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” (എസ്രാ 7:10) യഹോവ പരിശുദ്ധാത്മാവുമുഖാന്തരം അവനെ സഹായിച്ചു. പേർഷ്യൻ ലോകഭരണാധികാരി എസ്രായിലെ ദൈവികജ്ഞാനത്തെ തിരിച്ചറിയുകയും യഹൂദാഭരണപ്രദേശത്തു വിപുലമായ സിവിൽ അധികാരങ്ങളോടെ അവനെ നിയോഗിക്കുകയും ചെയ്തു. (എസ്രാ 7:12-26) അങ്ങനെ ദിവ്യവും സാമ്രാജ്യപരവുമായ അധികാരത്താൽ സജ്ജനായി ലഭ്യമായ ഏററവും നല്ല പ്രമാണങ്ങളിൽനിന്നു തന്റെ വിവരണം സമാഹരിക്കാൻ എസ്രായ്ക്കു കഴിഞ്ഞു.
6. ദിനവൃത്താന്തങ്ങളുടെ കൃത്യതയിൽ നമുക്കു വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 എസ്രാ ഒരു അസാധാരണ ഗവേഷകൻ ആയിരുന്നു. അവൻ ആശ്രയയോഗ്യരായ സമകാലിക പ്രവാചകൻമാർ സമാഹരിച്ചിരുന്നതും പൊതുരേഖകളുടെ ഔദ്യോഗികനിർമാതാക്കളും സൂക്ഷിപ്പുകാരും സമാഹരിച്ചിരുന്നതുമായ പഴക്കമേറിയ യഹൂദചരിത്രത്തിന്റെ രേഖകളിൽ അന്വേഷണം നടത്തി. അവൻ പരിശോധിച്ച എഴുത്തുകളിൽ ചിലത് ഇസ്രായേലിൽനിന്നും യഹൂദയിൽനിന്നുമുളള സംസ്ഥാനരേഖകളും വംശാവലിരേഖകളും പ്രവാചകൻമാർ എഴുതിയ ചരിത്രകൃതികളും ഗോത്രത്തലവൻമാരോ കുടുംബത്തലവൻമാരോ കൈവശംവെച്ചിരുന്ന പ്രമാണങ്ങളും ആയിരുന്നിരിക്കാം. എസ്രാ അത്തരം വിവരങ്ങളുടെ കുറഞ്ഞപക്ഷം 20 ഉറവുകൾ എടുത്തുപറയുന്നു. b ഈ വ്യക്തമായ പരാമർശങ്ങളാൽ, ആഗ്രഹിക്കുന്നപക്ഷം ഈ ആധാരങ്ങളെ പരിശോധിക്കുന്നതിനുളള അവസരം എസ്രാ സത്യസന്ധമായി തന്റെ സമകാലികർക്കു കൊടുത്തു. ഇത് അവന്റെ വാക്കിന്റെ വിശ്വാസ്യതക്കും പ്രാമാണ്യതക്കും അനുകൂലമായ വാദത്തിനു ഗണ്യമായി ശക്തി കൂട്ടുന്നു. ഇന്നു നമുക്ക് എസ്രായുടെ കാലത്തെ യഹൂദൻമാർക്കുണ്ടായിരുന്ന വിശ്വാസത്തിന്റെ അതേ കാരണത്താൽ ദിനവൃത്താന്തപുസ്തകത്തിന്റെ കൃത്യതയിൽ വിശ്വാസമുണ്ടായിരിക്കാൻ കഴിയും.
7. ദിനവൃത്താന്തം എഴുതപ്പെട്ടത് എപ്പോഴായിരുന്നു, അതു വിശ്വാസ്യമാണെന്ന് ആർ പരിഗണിച്ചിരുന്നു, അത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
7 എസ്രാ പേർഷ്യൻരാജാവായ അർഥഹ്ശഷ്ടാവ് ലോംഗിമാനസിന്റെ ഏഴാം സംവത്സരത്തിൽ, അതായത് പൊ.യു.മു. 468-ൽ, “ബാബേലിൽനിന്നു വന്ന”തുകൊണ്ടും പൊ.യു.മു. 455-ലെ നെഹമ്യാവിന്റെ പ്രാധാന്യമർഹിക്കുന്ന ആഗമനത്തെ എസ്രാ രേഖപ്പെടുത്തുന്നില്ലാത്തതുകൊണ്ടും ഈ തീയതികൾക്കിടയ്ക്കായിരിക്കണം ദിനവൃത്താന്തങ്ങൾ എഴുതപ്പെട്ടത്, മിക്കവാറും പൊ.യു.മു. ഏതാണ്ട് 460-ൽ യെരുശലേമിൽവെച്ച്. (എസ്രാ 7:1-7; നെഹെ. 2:1-18) എസ്രായുടെ നാളിലെ യഹൂദൻമാർ ‘ദൈവനിശ്വസ്തവും പ്രയോജനപ്രദവുമായ എല്ലാ തിരുവെഴുത്തിന്റെയും’ യഥാർഥ ഭാഗമായി ദിനവൃത്താന്തത്തെ സ്വീകരിച്ചു. അവർ അതിനെ ദീവ്റേ ഹായാമിം എന്നു വിളിച്ചു, അതിന്റെ അർഥം “ദിവസങ്ങളിലെ കാര്യങ്ങൾ,” അതായതു ദിവസങ്ങളുടെ അഥവാ കാലങ്ങളുടെ ചരിത്രം എന്നാണ്. ഏതാണ്ട് 200 വർഷത്തിനുശേഷം, ഗ്രീക്ക് സെപ്ററുവജിൻറിന്റെ വിവർത്തകൻമാരും ദിനവൃത്താന്തത്തെ കാനോനികമായി ഉൾപ്പെടുത്തി. അവർ പുസ്തകത്തെ രണ്ടു ഭാഗങ്ങളായി തിരിക്കുകയും അതു ശമുവേലിന്റെയും രാജാക്കൻമാരുടെയും അല്ലെങ്കിൽ അന്നത്തെ മുഴുബൈബിളിന്റെയും അനുബന്ധമാണെന്നു സങ്കൽപ്പിച്ചുകൊണ്ട് അതിനെ “വിട്ടുകളഞ്ഞ (പറയാതിരുന്ന; ഒഴിവാക്കിയ) കാര്യങ്ങൾ” എന്നർഥമുളള പാരാലീപോമെനൻ എന്നു വിളിക്കുകയും ചെയ്തു. ഈ പേർ വിശേഷാൽ ഉചിതമല്ലെങ്കിലും അവരുടെ പ്രവർത്തനം അവർ ദിനവൃത്താന്തത്തെ വിശ്വാസ്യവും നിശ്വസ്തവുമായ തിരുവെഴുത്തുകളായി കണക്കാക്കിയെന്നു തെളിയിക്കുന്നു. ലാററിൻ വൾഗേററ് തയ്യാറാക്കിയപ്പോൾ, ജറോം ഇങ്ങനെ നിർദേശിച്ചു: “നമുക്ക് [അവയെ] കൂടുതൽ അർഥവത്തായി മുഴു ദിവ്യചരിത്രത്തിന്റെയും ക്രോണിക്കോൺ എന്നു വിളിക്കാവുന്നതാണ്.” ഇതിൽനിന്നാണു “ക്രോണിക്കിൾസ്” (ദിനവൃത്താന്തങ്ങൾ) എന്ന തലക്കെട്ട് നിഷ്പന്നമായിരിക്കുന്നതെന്നു തോന്നുന്നു. ദിനവൃത്താന്തം സംഭവങ്ങൾ നടന്ന ക്രമത്തിലുളള അവയുടെ ഒരു രേഖയാണ്. വംശാവലികൾ പട്ടികപ്പെടുത്തിയശേഷം ഒന്നു ദിനവൃത്താന്തം മുഖ്യമായി ശ്രദ്ധപതിപ്പിക്കുന്നതു പൊ.യു.മു. 1077 മുതൽ മരണംവരെയുളള ദാവീദുരാജാവിന്റെ കാലത്തിലാണ്.
ഒന്നു ദിനവൃത്താന്തത്തിന്റെ ഉളളടക്കം
8. ഒന്നു ദിനവൃത്താന്തം ഏതു രണ്ടു വിഭാഗങ്ങളായി പിരിയുന്നു?
8 ഒന്നു ദിനവൃത്താന്തം എന്ന ഈ പുസ്തകം സ്വാഭാവികമായി രണ്ടു ഭാഗങ്ങളായി പിരിയുന്നു: മുഖ്യമായി വംശാവലികൾ കൈകാര്യംചെയ്യുന്ന ആദ്യത്തെ 9 അധ്യായങ്ങളും ശൗലിന്റെ മരണംമുതൽ ദാവീദിന്റെ വാഴ്ചയുടെ അവസാനംവരെയുളള 40 വർഷക്കാലത്തെ സംഭവങ്ങൾ പ്രതിപാദിക്കുന്ന ഒടുവിലത്തെ 20 അധ്യായങ്ങളും.
9. ദിനവൃത്താന്തത്തിന്റെ എഴുത്തിന് ഒരു പിൽക്കാലതീയതിയെ അനുകൂലിക്കാൻ കാരണമില്ലാത്തത് എന്തുകൊണ്ട്?
9 വംശാവലികൾ (1:1–9:44). ഈ അധ്യായങ്ങൾ ആദാംമുതൽ സെരുബ്ബാബേലിന്റെ പരമ്പരവരെയുളള വംശാവലി പട്ടികപ്പെടുത്തുന്നു. (1:1; 3:19-24) അനേകം വിവർത്തനങ്ങൾ സെരുബ്ബാബേലിന്റെ പരമ്പരയെ പത്താം തലമുറയോളം എത്തിക്കുന്നു. അവൻ പൊ.യു.മു. 537-ൽ യെരുശലേമിലേക്കു മടങ്ങിപ്പോയതിനാൽ തെളിവനുസരിച്ച് എസ്രാ എഴുത്തു പൂർത്തിയാക്കിയ പൊ.യു.മു. 460-ഓടെ ഇത്രയേറെ തലമുറകൾക്കു ജനിക്കാൻ വേണ്ടത്ര സമയം ഉണ്ടായിരിക്കുമായിരുന്നില്ല. എന്നിരുന്നാലും, ഈ ഭാഗത്ത് എബ്രായ പാഠം അപൂർണമാണ്. പട്ടികപ്പെടുത്തിയിരിക്കുന്ന മിക്കവരും സെരുബ്ബാബേലിനോടു ബന്ധപ്പെട്ടിരുന്നത് എങ്ങനെയെന്നു തിട്ടപ്പെടുത്താൻ കഴിയുകയുമില്ല. അതുകൊണ്ട്, ദിനവൃത്താന്തത്തിന്റെ എഴുത്തിന്, ചിലർ ചെയ്യുന്നതുപോലെ ഒരു പിൽക്കാലതീയതിയെ അനുകൂലിക്കാൻ കാരണമില്ല.
10. (എ) ഏതു തലമുറകൾ ആദ്യമായി നൽകിയിരിക്കുന്നു? (ബി) യുക്ത്യാനുസൃതം രണ്ടാം അധ്യായത്തിന്റെ തുടക്കത്തിൽ ഏതു വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു? (സി) മററ് ഏതു പട്ടികകൾ കൊടുത്തിരിക്കുന്നു, എന്തിൽ അവസാനിപ്പിച്ചുകൊണ്ട്?
10 ആദ്യമായി, ആദാംമുതൽ നോഹവരെയുളള പത്തു തലമുറകൾ നൽകപ്പെടുന്നു, പിന്നീട് അബ്രഹാംവരെയുളള പത്തുതലമുറകളും. അബ്രഹാമിന്റെ പുത്രൻമാരും അവരുടെ സന്തതികളും; സേയീർ പർവതപ്രദേശത്തു പാർത്ത ഏശാവിന്റെയും സേയീരിന്റെയും സന്തതിപരമ്പര; ഏദോമിലെ ആദിമരാജാക്കൻമാർ എന്നിവരുടെ പട്ടിക നൽകപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, രണ്ടാം അധ്യായംമുതൽ രേഖ ഇസ്രായേലിന്റെ അഥവാ യാക്കോബിന്റെ സന്തതികളെ സംബന്ധിച്ചുളളതാണ്. അവരിൽനിന്നു വംശാവലി ആദ്യം യഹൂദയിലൂടെയുളളതും അനന്തരം ദാവീദുവരെയുളള പത്തു തലമുറകളുടേതും രേഖപ്പെടുത്തുന്നു. (2:1-14) ലേവിഗോത്രത്തെയും മഹാപുരോഹിതൻമാരെയും കുറിച്ചുളള പ്രത്യേക പ്രസ്താവത്തോടെയും ഒരു ബെന്യാമീന്യനായ ശൗൽരാജാവിന്റെ ഒരു അവതാരികയെന്നോണം ബെന്യാമീൻഗോത്രത്തിന്റെ ഒരു വംശാവലിയിൽ അവസാനിപ്പിച്ചുകൊണ്ടും മററു ഗോത്രങ്ങൾക്കും പട്ടിക കൊടുക്കുന്നു. കൃത്യമായ അർഥത്തിൽ ചരിത്രപരമായ പ്രതിപാദനം തുടങ്ങുന്നതു ശൗൽരാജാവുമുതലാണ്. ചിലപ്പോൾ എസ്രായുടെ വംശാവലികളും മററു ബൈബിൾഭാഗങ്ങളും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും തോന്നിയേക്കാം. എന്നിരുന്നാലും, ചിലയാളുകൾ മററു പേരുകളിലും അറിയപ്പെട്ടിരുന്നുവെന്നും ഭാഷയ്ക്കു മാററമുണ്ടാകുന്നുവെന്നും കാലത്തിന്റെ കടന്നുപോക്കിനു ചില പേരുകളുടെ അക്ഷരവിന്യാസത്തിനു മാററംവരുത്താൻ കഴിയുമെന്നും ഓർത്തിരിക്കേണ്ടതാണ്. ശ്രദ്ധാപൂർവകമായ പഠനം മിക്ക പ്രയാസങ്ങളും നീക്കംചെയ്യുന്നു.
11. വംശാവലിരേഖയിൽ കോർത്തിണക്കിയിരിക്കുന്ന മററു പ്രയോജനപ്രദമായ വിവരങ്ങളുടെ ദൃഷ്ടാന്തങ്ങൾ നൽകുക.
11 എസ്രാ വ്യക്തമാക്കലിനും പ്രധാനപ്പെട്ട ഓർമപ്പെടുത്തലുകൾക്കും ഉതകുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിജ്ഞാനശകലങ്ങൾ അവിടെയും ഇവിടെയും കോർത്തിണക്കുന്നു. ദൃഷ്ടാന്തത്തിന്, രൂബേന്റെ സന്തതികളെ പട്ടികപ്പെടുത്തുമ്പോൾ എസ്രാ ഒരു പ്രധാനപ്പെട്ട വിജ്ഞാനശകലം കൂട്ടിച്ചേർക്കുന്നു: “യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രൻമാർ:—അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രൻമാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുളളതല്ല. യെഹൂദാ തന്റെ സഹോദരൻമാരെക്കാൾ പ്രബലനായ്തീർന്നു. അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിനു ലഭിച്ചു.” (5:1, 2) ഈ ചുരുക്കംചില വാക്കുകളിൽ വളരെയധികം വിശദീകരിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ദിനവൃത്താന്തത്തിൽനിന്നുമാത്രമാണു യോവാബും അമാസയും അബീശായിയുമെല്ലാം ദാവീദിന്റെ സഹോദരീപുത്രൻമാരാണെന്നു നാം മനസ്സിലാക്കുന്നത്, അവരെ ചുററിപ്പററിയുളള വിവിധ സംഭവങ്ങൾ വിലമതിപ്പോടെ മനസ്സിലാക്കുന്നതിന് അതു നമ്മെ സഹായിക്കുന്നു.—2:16, 17.
12. ശൗലിന്റെ മരണത്തിന്റെ സാഹചര്യങ്ങൾ ഏവ?
12 ശൗലിന്റെ അവിശ്വസ്തത അവന്റെ മരണത്തിൽ കലാശിക്കുന്നു (10:1-14). ഗിൽബോവപർവതത്തിൽ ഫെലിസ്ത്യർ ആക്രമണം ശക്തിപ്പെടുത്തുന്നതുമുതൽ വിവരണം തുടങ്ങുന്നു. യോനാഥാൻ ഉൾപ്പെടെ ശൗലിന്റെ മൂന്നു പുത്രൻമാർ കൊല്ലപ്പെടുന്നു. പിന്നീടു ശൗലിനു മുറിവേൽക്കുന്നു. ശത്രുവിനാൽ പിടിക്കപ്പെടാൻ ആഗ്രഹിക്കാതെ അവൻ തന്റെ ആയുധവാഹകനെ ഇങ്ങനെ പ്രേരിപ്പിക്കുന്നു: “ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക.” ആയുധവാഹകൻ വിസമ്മതിക്കുമ്പോൾ ശൗൽ സ്വയം കൊല്ലുന്നു. ഇങ്ങനെ ശൗൽ “യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു. അവൻ യഹോവയോടു അരുളപ്പാടു ചോദി”ച്ചില്ല. (10:4, 13, 14) യഹോവ രാജ്യം ദാവീദിനു കൊടുക്കുന്നു.
13. ദാവീദ് രാജ്യത്തിൽ എങ്ങനെ അഭിവൃദ്ധിപ്രാപിക്കുന്നു?
13 ദാവീദ് രാജത്വത്തിൽ സ്ഥിരപ്പെടുന്നു (11:1–12:40). കാലക്രമത്തിൽ 12 ഗോത്രങ്ങൾ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ സമ്മേളിച്ച് അവനെ സകല ഇസ്രായേലിൻമേലും രാജാവായി അഭിഷേകം ചെയ്യുന്നു. അവൻ സീയോൻ പിടിച്ചടക്കുകയും ‘സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ മേൽക്കുമേൽ പ്രബലനായിത്തീരുകയും ചെയ്യുന്നു.’ (11:9) വീരൻമാർക്കു സൈന്യത്തിന്റെ ചുമതല ഏൽപ്പിച്ചുകൊടുക്കുന്നു, അവർ മുഖേന യഹോവ “വലിയോരു ജയം” നൽകി രക്ഷിക്കുന്നു. (11:14) ദാവീദിനെ രാജാവാക്കുന്നതിനു യുദ്ധവീരൻമാർ ഒരു പൂർണ ഹൃദയത്തോടെ തടിച്ചുകൂടുമ്പോൾ അവനു സംഘടിതമായ പിന്തുണ ലഭിക്കുന്നു. ഇസ്രായേലിൽ ഉത്സവവും ആനന്ദവുമുണ്ട്.
14. ദാവീദ് ഫെലിസ്ത്യരുമായുളള യുദ്ധത്തിൽ എങ്ങനെ വിജയിക്കുന്നു, വിശ്വാസപ്രചോദകമായ ഏത് അവസരം സന്തോഷകരമായ ഗീതം ഉയർത്തുന്നു?
14 ദാവീദും യഹോവയുടെ പെട്ടകവും (13:1–16:36). ദാവീദ് ദേശീയ നേതാക്കൻമാരുമായി ആലോചന കഴിക്കുന്നു, അവർ കിര്യത്ത്യെയാരീമിൽനിന്നു യെരുശലേമിലേക്കു പെട്ടകം കൊണ്ടുവരുന്നതിനു സമ്മതിക്കുന്നു, ഏതാണ്ട് 70 വർഷമായി അത് അവിടെയാണ്. വഴിമധ്യേ ദൈവത്തിന്റെ നിർദേശങ്ങൾ അനാദരവോടെ അവഗണിച്ചതുകൊണ്ട് ഉസ്സാ മരിക്കുന്നു, പെട്ടകം ഓബേദ്-ഏദോമിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക് ഇരിക്കുന്നു. (സംഖ്യ. 4:15) ഫെലിസ്ത്യർ തങ്ങളുടെ ആക്രമണം പുനരാരംഭിക്കുന്നു, എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം ബാൽപെരാസീമിലും ഗിബെയോനിലും അവരെ തകർത്തു തോൽപ്പിക്കുന്നു. ദാവീദിന്റെ നിർദേശപ്രകാരം ലേവ്യർ ഇപ്പോൾ യെരുശലേമിലേക്കു പെട്ടകം സുരക്ഷിതമായി നീക്കുന്നതിനു ദിവ്യാധിപത്യനടപടിക്രമം അനുസരിക്കുന്നു, അവിടെ പെട്ടകം ദാവീദ് അതിനുവേണ്ടി അടിച്ച കൂടാരത്തിൽ നൃത്തത്തോടും സന്തോഷത്തോടുംകൂടെ വെക്കുന്നു. യാഗാർപ്പണവും ഗാനവും നടക്കുന്നു. ദാവീദുതന്നെ ആ അവസരത്തിനുവേണ്ടി ഒരു സ്തുതിഗീതം രചിക്കുന്നു. അതിന്റെ മഹത്തായ പാരമ്യം ഈ പ്രതിപാദ്യവിഷയത്തിൽ എത്തുന്നു: “സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.” (1 ദിന. 16:31) എത്ര ഉത്തേജകവും വിശ്വാസപ്രചോദകവുമായ അവസരം! പിന്നീടു ദാവീദിന്റെ ഈ ഗീതം പുതിയ ഗീതങ്ങളുടെ അടിസ്ഥാനമായി അനുരൂപപ്പെടുത്തുന്നു, അവയിലൊന്നാണു സങ്കീർത്തനം 96. മറെറാന്നു സങ്കീർത്തനം 105-ന്റെ ആദ്യത്തെ 15 വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
15. ഏതു വിശിഷ്ടമായ വാഗ്ദത്തത്തോടെ യഹോവ ഏകീകൃതാരാധനക്കുവേണ്ടി ഒരു ആലയം പണിയാനുളള ദാവീദിന്റെ ആഗ്രഹത്തിന് ഉത്തരം കൊടുക്കുന്നു?
15 ദാവീദും യഹോവയുടെ ആലയവും (16:37–17:27). ഇപ്പോൾ ഇസ്രായേലിൽ ഒരു അസാധാരണക്രമീകരണം നിലവിൽവരുന്നു. ഉടമ്പടിയുടെ പെട്ടകം യെരുശലേമിൽ ഒരു കൂടാരത്തിൽ ഇരിക്കുന്നു, അവിടെ ആസാഫും അവന്റെ സഹോദരൻമാരും ശുശ്രൂഷിക്കുന്നു, അതേസമയം യെരുശലേമിന് ഏതാനും കിലോമീററർ വടക്കുപടിഞ്ഞാറു മാറി ഗിബെയോനിൽ മഹാപുരോഹിതനായ സാദോക്കും അവന്റെ സഹോദരൻമാരും സമാഗമനകൂടാരത്തിൽ നിർദിഷ്ടയാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ ആരാധനയെ ഉന്നതമാക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിൽ എല്ലായ്പോഴും തത്പരനായി യഹോവയുടെ ഉടമ്പടിയുടെ പെട്ടകത്തിനുവേണ്ടി ഒരു ആലയം പണിയാനുളള ആഗ്രഹം ദാവീദ് പ്രകടമാക്കുന്നു. എന്നാൽ ദാവീദല്ല, അവന്റെ പുത്രനാണു തനിക്കുവേണ്ടി ഒരു ആലയം പണിയുന്നതെന്നും ഒരു പിതാവ് ഒരു പുത്രനോടെന്നപോലെ സ്നേഹദയ പ്രകടമാക്കിക്കൊണ്ടു താൻ “അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കു”മെന്നും യഹോവ പ്രസ്താവിക്കുന്നു. (17:11-13) യഹോവയാലുളള ഈ അത്ഭുതകരമായ വാഗ്ദത്തം—ഒരു നിത്യരാജ്യത്തിനുവേണ്ടിയുളള ഈ ഉടമ്പടി—ദാവീദിന്റെ ഹൃദയത്തെ തരളിതമാക്കുന്നു. യഹോവയുടെ നാമം “എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടു”ന്നതിനും അവന്റെ അനുഗ്രഹം ദാവീദിന്റെ ഗൃഹത്തിൻമേൽ ഉണ്ടായിരിക്കുന്നതിനും അപേക്ഷിക്കുന്നതിൽ അവന്റെ നന്ദി കവിഞ്ഞൊഴുകുന്നു.—17:24.
16. യഹോവ ദാവീദുമുഖാന്തരം ഏതു വാഗ്ദാനം നിറവേററുന്നു, എന്നാൽ ദാവീദ് എങ്ങനെ പാപംചെയ്യുന്നു?
16 ദാവീദിന്റെ ദിഗ്വിജയങ്ങൾ (18:1–21:17). ദാവീദുമുഖേന യഹോവ ഇപ്പോൾ മുഴു വാഗ്ദത്തദേശവും അബ്രഹാമിന്റെ സന്തതികൾക്കു കൊടുക്കുമെന്നുളള വാഗ്ദത്തം നിറവേററുന്നു. (18:3) ആക്രമണങ്ങളുടെ ഒരു സത്വരപരമ്പരയിൽ, പോകുന്നടത്തൊക്കെയും യഹോവ “ദാവീദിനു രക്ഷ” കൊടുക്കുന്നു. (18:6, NW) തകർപ്പൻ സൈനികവിജയങ്ങളിൽ ദാവീദ് ഫെലിസ്ത്യരെ കീഴടക്കുന്നു, മോവാബ്യരെ സംഹരിക്കുന്നു, സോബാത്യരെ തോൽപ്പിക്കുന്നു, സിറിയക്കാരെ കപ്പം കൊടുക്കാൻ നിർബന്ധിതരാക്കുന്നു, ഏദോമിനെയും അമ്മോനെയും അതുപോലെതന്നെ അമാലേക്കിനെയും ജയിച്ചടക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇസ്രായേലിനെ എണ്ണാനും അങ്ങനെ പാപംചെയ്യാനും സാത്താൻ ദാവീദിനെ പ്രേരിപ്പിക്കുന്നു. യഹോവ ശിക്ഷയായി ഒരു മഹാമാരി അയയ്ക്കുന്നുവെങ്കിലും 70,000 പേർ വധിക്കപ്പെട്ടശേഷം കരുണാപൂർവം ഒർന്നാന്റെ കളത്തിങ്കൽ വിപത്തിന് അറുതിവരുത്തുന്നു.
17. യഹോവയുടെ ആലയം പണിയുന്നതിനു ദാവീദ് എന്ത് ഒരുക്കം നടത്തുന്നു, അവൻ ശലോമോനെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?
17 ആലയത്തിനുവേണ്ടിയുളള ദാവീദിന്റെ ഒരുക്കം (21:18–22:19). ദാവീദിനു ഗാദിലൂടെ “യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം പണി”യാൻ ദൂതനിർദേശം ലഭിക്കുന്നു. (21:18) ഒർന്നാനിൽനിന്നു സ്ഥലം വിലയ്ക്കു വാങ്ങിയശേഷം ദാവീദ് അനുസരണപൂർവം അവിടെ യാഗങ്ങൾ അർപ്പിക്കുകയും യഹോവയെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു, അവൻ “ആകാശത്തിൽനിന്നു ഹോമപീഠത്തിൻമേൽ തീ ഇറക്കി” അദ്ദേഹത്തിന് ഉത്തരം കൊടുക്കുന്നു. (21:26) യഹോവയുടെ ആലയം അവിടെ പണിയാൻ അവൻ ആഗ്രഹിക്കുന്നുവെന്നു ദാവീദ് നിഗമനം ചെയ്യുന്നു. “എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുളളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീർത്തിയും ശോഭയുംകൊണ്ടു സർവ്വദേശങ്ങൾക്കും അതിമഹത്വമുളളതായിരിക്കണം. ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും” എന്നു പറഞ്ഞുകൊണ്ട് അവൻ നിർമാണവസ്തുക്കൾക്കു രൂപം കൊടുക്കാനും അവ കൂട്ടിവരുത്താനും തുടക്കമിടുന്നു. (22:4, 5) താൻ യുദ്ധങ്ങളും രക്തച്ചൊരിച്ചിലും നടത്തിയ ഒരാളായതുകൊണ്ട് ആലയം പണികഴിപ്പിക്കാൻ യഹോവ തന്നെ അനുവദിച്ചിട്ടില്ലെന്ന് അവൻ ശലോമോനോടു വിശദീകരിക്കുന്നു. “ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞുകൊണ്ടു തന്റെ ഉദ്യമത്തിൽ ധൈര്യവും ബലവുമുളളവനായിരിക്കാൻ അവൻ തന്റെ പുത്രനെ ഉദ്ബോധിപ്പിക്കുന്നു.—22:16.
18. എന്തുദ്ദേശ്യത്തിൽ ഒരു ജനസംഖ്യ എടുക്കുന്നു?
18 ദാവീദ് യഹോവയുടെ ആരാധനക്കുവേണ്ടി ക്രമീകരണംചെയ്യുന്നു (23:1–29:30). ഒരു ജനസംഖ്യ എടുക്കുന്നു, ഈ പ്രാവശ്യം പുരോഹിതൻമാരുടെയും ലേവ്യരുടെയും സേവനങ്ങളുടെ പുനഃസംഘടനക്കുവേണ്ടി ദൈവേഷ്ടപ്രകാരംതന്നെ. തിരുവെഴുത്തുകളിൽ മറെറവിടെയും കാണുന്നതിനെക്കാളധികം വിസ്തരിച്ച് ഇവിടെ ലേവ്യസേവനങ്ങൾ വർണിക്കപ്പെട്ടിരിക്കുന്നു. രാജസേവനത്തിന്റെ വിഭാഗങ്ങൾ പിന്നീടു വിവരിക്കപ്പെടുന്നു.
19. ഏതു വാക്കുകളോടെ ദാവീദ് ശലോമോനെ നിയോഗിക്കുന്നു, അവൻ എന്തു പ്ലാനുകൾ കൊടുക്കുന്നു, അവൻ ഏതു മഹനീയമായ മാതൃക വെക്കുന്നു?
19 തന്റെ സംഭവബഹുലമായ വാഴ്ചയുടെ അവസാനത്തോടടുത്തു ദാവീദ് “യഹോവയുടെ സഭ”യായ മുഴുജനതയുടെയും പ്രതിനിധികളെ, കൂട്ടിവരുത്തുന്നു. (28:8) രാജാവ് എഴുന്നേററുനിൽക്കുന്നു. “എന്റെ സഹോദരൻമാരും എന്റെ ജനവുമായുളേളാരേ, എന്റെ വാക്കു കേൾപ്പിൻ.” അനന്തരം അവൻ തന്റെ ഹൃദയാഭിലാഷമായ ‘സത്യദൈവത്തിന്റെ ആലയ’ത്തെക്കുറിച്ച് അവരോടു സംസാരിക്കുന്നു. അവരുടെ സാന്നിധ്യത്തിൽ അവൻ ശലോമോനെ നിയോഗിക്കുന്നു: “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ല മനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ, അവൻ നിന്നെ എന്നേക്കും തളളിക്കളയും. ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായോരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ടു അതു നടത്തിക്കൊൾക.” (28:2, 9, 10, 12) അവൻ യഹോവയിൽനിന്നു നിശ്വസ്തതയാൽ ലഭിച്ച ശിൽപ്പസംബന്ധമായ പ്ലാനുകൾ ഇളംപ്രായക്കാരനായ ശലോമോനെ ഏൽപ്പിക്കുകയും നിർമാണപദ്ധതിക്കു വ്യക്തിപരമായ ഒരു വമ്പിച്ച പണത്തുക സംഭാവന കൊടുക്കുകയും ചെയ്യുന്നു—ഈ ഉദ്ദേശ്യത്തിൽ അവൻ സ്വരൂപിച്ചിരുന്ന 3,000 താലന്തു സ്വർണവും 7,000 താലന്തു വെളളിയും. ഇത്ര വിശിഷ്ടമായ മാതൃക തങ്ങളുടെ മുമ്പാകെ ഉണ്ടായിരുന്നതുകൊണ്ടു പ്രഭുക്കൻമാരും ജനവും 5,000 താലന്തും 10,000 തങ്കക്കാശും വിലയുളള സ്വർണവും 10,000 താലന്തു വിലയുളള വെളളിയും അതുപോലെതന്നെ ധാരാളം ഇരുമ്പും ചെമ്പും സംഭാവനചെയ്തുകൊണ്ടു പ്രതികരിക്കുന്നു. c (29:3-7) ഈ പദവിയിങ്കൽ ജനം സന്തോഷഭരിതരായിത്തീരുന്നു.
20. ദാവീദിന്റെ അന്തിമപ്രാർഥനയിൽ ഏതു ശ്രേഷ്ഠമായ ഉച്ചനിലകളിൽ എത്തുന്നു?
20 ദാവീദു പിന്നീടു യഹോവയെ പ്രാർഥനയിൽ സ്തുതിക്കുകയും ഈ ധാരാളമായ വഴിപാടുകളെല്ലാം യഥാർഥത്തിൽ അവന്റെ കരത്തിൽനിന്നാണു വന്നതെന്നു സമ്മതിച്ചുപറയുകയും ജനത്തിൻമേലും ശലോമോന്റെമേലും അവന്റെ തുടർന്നുളള അനുഗ്രഹത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നു. ദാവീദിന്റെ ഈ അന്തിമപ്രാർഥന യഹോവയുടെ രാജ്യത്തെയും അവന്റെ മഹത്തായ നാമത്തെയും ഉന്നതമാക്കുന്നതിൽ ശ്രേഷ്ഠമായ ഉച്ചനിലകളിലെത്തുന്നു: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുളളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുളളതൊക്കെയും നിനക്കുളളതല്ലോ. യഹോവേ, രാജത്വം നിനക്കുളളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രംചെയ്തു നിന്റെ മഹത്വമുളള നാമത്തെ സ്തുതിക്കുന്നു.—29:10-13.
21. ഒന്നു ദിനവൃത്താന്തം ഏത് ഉന്നതമായ മട്ടിൽ അവസാനിക്കുന്നു?
21 ശലോമോൻ രണ്ടാംപ്രാവശ്യം അഭിഷേകംചെയ്യപ്പെടുകയും വാർധക്യം പ്രാപിച്ചുകൊണ്ടിരുന്ന ദാവീദിനു പകരം ‘യഹോവയുടെ സിംഹാസന’ത്തിൽ ഇരുന്നുതുടങ്ങുകയും ചെയ്യുന്നു. 40 വർഷത്തെ വാഴ്ചക്കുശേഷം ദാവീദ് “നന്നാ വയസ്സുചെന്നവനും ധനവും ജ്ഞാനവും തികഞ്ഞവനുമായി” മരിക്കുന്നു. (29:23, 28) അനന്തരം എസ്രാ ഒരു സമുന്നത മട്ടിൽ ഒന്നു ദിനവൃത്താന്തം ഉപസംഹരിക്കുകയും ജനതകളുടെ സകല രാജ്യങ്ങൾക്കുമുപരിയായി ദാവീദിന്റെ രാജ്യത്തിന്റെ മികവിനെ ഊന്നിപ്പറയുകയും ചെയ്യുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
22. എസ്രായുടെ സഹ ഇസ്രായേല്യർ ഒന്നു ദിനവൃത്താന്തത്താൽ എങ്ങനെ പ്രോത്സാഹിതരായി?
22 എസ്രായുടെ സഹ ഇസ്രായേല്യർ അവന്റെ പുസ്തകത്തിൽനിന്നു വളരെയധികം പ്രയോജനം നേടി. പുതുമയും ശുഭാപ്തിവിശ്വാസവുമുളള വീക്ഷണത്തോടുകൂടിയ ഈ ഹ്രസ്വചരിത്രം ലഭിച്ചതിനാൽ അവർ ദാവീദുരാജാവുമായുളള രാജ്യ ഉടമ്പടിയോടുളള യഹോവയുടെ വിശ്വസ്തതനിമിത്തവും അവന്റെ സ്വന്തനാമത്തിനുവേണ്ടിയും തങ്ങളോടു കാണിക്കുന്ന സ്നേഹനിർഭരമായ കരുണയെ വിലമതിച്ചു. പ്രോത്സാഹിതരായി പുതുക്കപ്പെട്ട തീക്ഷ്ണതയോടെ അവർക്കു യഹോവയുടെ നിർമലാരാധന ഏറെറടുക്കാൻ കഴിഞ്ഞു. പുനർനിർമിക്കപ്പെട്ട ആലയത്തിൽ വംശാവലികൾ കാർമികത്വം വഹിക്കുന്ന പുരോഹിതൻമാരിലുളള അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കി.
23. മത്തായിയും ലൂക്കൊസും സ്തേഫാനോസും ഒന്നു ദിനവൃത്താന്തത്തെ എങ്ങനെ നന്നായി ഉപയോഗിച്ചു?
23 ഒന്നു ദിനവൃത്താന്തം ആദിമ ക്രിസ്തീയസഭക്കും വലിയ പ്രയോജനമുളളതായിരുന്നു. മത്തായിക്കും ലൂക്കൊസിനും യേശുക്രിസ്തു “ദാവീദിന്റെ പുത്രനും” നിയമപരമായ അവകാശമുളള മിശിഹായുമാണെന്നു വ്യക്തമായി സ്ഥാപിക്കുന്നതിന് അതിലെ വംശാവലികളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. (മത്താ. 1:1-16; ലൂക്കൊ. 3:23-38) തന്റെ അന്തിമസാക്ഷ്യത്തെ ഉപസംഹരിച്ചപ്പോൾ സ്തേഫാനോസ് യഹോവക്കുവേണ്ടി ഒരു ആലയം പണിയാനുളള ദാവീദിന്റെ അപേക്ഷയെക്കുറിച്ചും ശലോമോൻ നിർമാണം നടത്തുന്നതിനെക്കുറിച്ചും പ്രസ്താവിച്ചു. അനന്തരം അവൻ “അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ല” എന്നു പ്രകടമാക്കി, ശലോമോന്റെ നാളിലെ ആലയം വളരെ മഹത്തരമായ സ്വർഗീയകാര്യങ്ങളെ ചിത്രീകരിച്ചതായി സൂചിപ്പിച്ചുകൊണ്ടുതന്നെ.—പ്രവൃ. 7:45-50.
24. ദാവീദിന്റെ തിളക്കമുളള മാതൃകയിൽനിന്ന് എന്ത് ഇന്നു നമുക്കു പകർത്താവുന്നതാണ്?
24 ഇന്നു സത്യക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? ഒന്നു ദിനവൃത്താന്തം നമ്മുടെ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യേണ്ടതാണ്. ദാവീദിന്റെ തിളക്കമാർന്ന മാതൃകയിൽ നമുക്കു പകർത്താൻ കഴിയുന്ന വളരെയധികം കാര്യങ്ങളുണ്ട്. യഹോവയോട് എപ്പോഴും ആലോചന കഴിക്കുന്നതിൽ അവിശ്വസ്തനായ ശൗലിൽനിന്ന് അവൻ എത്ര വ്യത്യസ്തനായിരുന്നു! (1 ദിന. 10:13, 14; 14:13, 14; 17:16; 22:17-19) യഹോവയുടെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നതിലും, തന്റെ സ്തുതിഗീതങ്ങളിലും, ലേവ്യരെ സേവനത്തിനായി സംഘടിപ്പിച്ചതിലും, യഹോവക്കുവേണ്ടി മഹത്തായ ഒരു ആലയം പണിയാനുളള തന്റെ അപേക്ഷയിലും യഹോവയും അവന്റെ ആരാധനയുമായിരുന്നു തന്റെ മനസ്സിൽ ഒന്നാമതായി ഉണ്ടായിരുന്നതെന്നു ദാവീദു പ്രകടമാക്കി. (16:23-29) അവൻ പരാതിക്കാരനായിരുന്നില്ല. അവൻ തനിക്കായി പ്രത്യേക പദവികൾ തേടാതെ യഹോവയുടെ ഇഷ്ടം ചെയ്യാൻ മാത്രമാണു ശ്രമിച്ചത്. അങ്ങനെ, യഹോവ ആലയനിർമാണം അവന്റെ പുത്രനെ ഏൽപ്പിച്ചപ്പോൾ അവൻ മുഴുഹൃദയത്തോടെ തന്റെ പുത്രനെ പ്രബോധിപ്പിക്കുകയും തന്റെ മരണശേഷം തുടങ്ങാനിരുന്ന പണിക്കുവേണ്ടി ഒരുങ്ങുന്നതിനു തന്റെ സമയവും ഊർജവും സ്വത്തും കൊടുക്കുകയും ചെയ്തു. (29:3, 9) തീർച്ചയായും ഭക്തിയുടെ ഒരു വിശിഷ്ടമാതൃക!—എബ്രാ. 11:32.
25. യഹോവയുടെ നാമവും രാജ്യവും സംബന്ധിച്ച എന്തു വിലമതിപ്പിന് ഒന്നു ദിനവൃത്താന്തം നമ്മെ ഉത്തേജിപ്പിക്കേണ്ടതാണ്?
25 ഇനി പരകോടീയമായ സമാപന അധ്യായങ്ങളുണ്ട്. യഹോവയെ സ്തുതിക്കുന്നതിനും അവന്റെ “മനോഹരമായ നാമത്തെ” മഹത്ത്വീകരിക്കുന്നതിനും ദാവീദ് ഉപയോഗിച്ച മഹനീയമായ ഭാഷ യഹോവയുടെയും ക്രിസ്തുമൂലമുളള അവന്റെ രാജ്യത്തിന്റെയും മഹത്ത്വങ്ങളെ അറിയിക്കുന്നതിനുളള നമ്മുടെ ആധുനികനാളിലെ പദവിയോടുളള സന്തോഷകരമായ വിലമതിപ്പു നമ്മിൽ ഉത്തേജിപ്പിക്കേണ്ടതാണ്. (1 ദിന. 29:10-13, NW) നാം അവന്റെ സേവനത്തിൽ നമ്മേത്തന്നെ പകരുന്നതിനാൽ യഹോവയുടെ നിത്യരാജ്യത്തിനുവേണ്ടി നാം നന്ദി പ്രകടമാക്കുമ്പോൾ നമ്മുടെ വിശ്വാസവും സന്തോഷവും എക്കാലവും ദാവീദിന്റേതുപോലെയായിരിക്കട്ട. (17:16-27) സത്യമായി, ഒന്നു ദിനവൃത്താന്തം യഹോവയുടെ ഉദ്ദേശ്യങ്ങളുടെ കോരിത്തരിപ്പിക്കുന്ന കൂടുതലായ വെളിപ്പെടുത്തലുകളുടെ പ്രതീക്ഷയോടെ നമ്മെ വിട്ടുകൊണ്ടു സന്തതിമുഖാന്തരമുളള യഹോവയുടെ രാജ്യമെന്ന ബൈബിൾവിഷയം എന്നെത്തേതിലും മനോഹരമായി തിളങ്ങാൻ ഇടയാക്കുന്നു.
[അടിക്കുറിപ്പുകൾ]
a ക്ലാർക്കിന്റെ ഭാഷ്യം (ഇംഗ്ലീഷ്), വാല്യം II, പേജ് 574.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 444-5.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 1076.
[അധ്യയന ചോദ്യങ്ങൾ]